Monday, December 22, 2008

കഥകളിസംഗീതത്തിന്റെ സമയസന്ധികളും കാലിക പ്രശ്നവിചാരങ്ങളും

ഥകളിയുടെ ഏറ്റവും വിസ്മയകരമായ വ്യതിരിക്തതകളിലൊന്ന്,സംഗീതം തന്നെയാണ്.മറ്റേതെങ്കിലും ഒരു തീയറ്റർ കലാരൂപത്തിന് ഇത്രമാത്രം വിപുലവും ഭാവവൈചിത്ര്യം നിറഞ്ഞതുമായ ഒരു സംഗീതപദ്ധതി രൂപപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.ഒരുപക്ഷേ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ കേരളത്തിനെടുത്തു വെക്കാവുന്ന തനതുസംഗീതജ്ഞന്മാരിൽ ഒരുവലിയപങ്കും കഥകളിസംഗീജ്ഞരായിരിക്കുകയും ചെയ്യും.ഒരു പ്രയുക്തസംഗീതത്തിനു കിട്ടാവുന്നതിലും പലമടങ്ങ് അംഗീകാരം കഥകളിസംഗീതത്തിനു ലഭിച്ചിട്ടുണ്ട്.ഒരു പ്രയുക്തസംഗീതത്തിന്റെ ചട്ടവട്ടങ്ങൾക്കപ്പുറം അതുവളർന്നിട്ടുമുണ്ട്.കഥകളിയിൽ നിന്നകന്നാൽ കഥകളിസംഗീതമുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നെങ്കിലും.
കഥകളിസംഗീതത്തിന്റെ ചരിത്രം,ഏറെ ഭാവനാത്മകമായ പരീക്ഷണങ്ങളുടെ ചരിത്രമാണ്.കഥകളിയുടെ ആദ്യകാലത്ത് ‘പിൻ‌പാട്ട്’എന്ന സമ്പ്രദായമുണ്ടായിരുന്നോ എന്ന വിഷയത്തിൽ ചരിത്രകാരന്മാർ ഭിന്നാഭിപ്രായക്കാരാണ്.ഏതായാലും ആദ്യകഥകളായ രാമനാട്ടകഥകളിൽ തന്നെ,‘സാരിപ്പദം’പോലുള്ള,രംഗത്ത് മുദ്രാഭിനയമില്ലാത്ത സങ്കേതങ്ങളുണ്ടായിരുന്നു എന്ന് സ്പഷ്ടം.(സീതാസ്വയം വരത്തിലെ സീത,വരണമാല്യവുമായി പ്രവേശിക്കുന്നത് ഒരു സാരിപ്പദത്തിന്റെ അകമ്പടിയോടെയാണ്)വാചികം സംഗീതത്തിലേക്കു നിജപ്പെട്ടതോടെയാണ്,കഥകളിയിൽ ആംഗികം കൂടുതൽ നാട്യധർമ്മിയായത്.കഥകളിക്കാവശ്യമായ അലൌകികപശ്ചാത്തലം സൃഷ്ടിക്കാൻ സംഗീതം ഏറെ സഹായിക്കുകയും ചെയ്തു.
കേരളീയർ പൊതുവേ ‘നാദ’ത്തേക്കാൾ ‘ഒച്ച’ക്ക് പ്രാധാ‍ന്യം കൊടുത്തവരാണ്, സ്വാതിയുടെ ഉദയവും,തുടർന്ന് തിരുവനന്തപുരവും സമീപപ്രദേശങ്ങളിൽ നിന്നു വികസിച്ചതുമായ ആ നാദപ്രവാഹത്തെ ഒഴിച്ചാൽ.ശക്തമായ ഒച്ചകളുടെ സാനിധ്യത്തെ സ്നേഹിച്ച ജനത. അനുപമമായ ശംഖമദ്ദളമംഗലധ്വനികളുടെ നിർമ്മിതി അങ്ങനെയാണു സാധ്യമായതും.സോപാനമാർഗത്തിന് വിപുലമായ രാഗവൈവിധ്യം സ്വന്തമല്ല.സ്വാഭാവികമായും സോപാനസംഗീതമാർഗത്തെ പിൻ‌പറ്റിയ കഥകളിസംഗീതം,പരിമിതികളുടെ തടവറയിൽ തന്നെയായിരുന്നു.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെയാണ് കഥകളിയുടെ ഘടകകലകൾ നിർവ്വഹിക്കേണ്ട ധർമ്മങ്ങളെപ്പറ്റി വ്യക്തമായ രൂപമുണ്ടാകുന്നത്.അദ്ദേഹം കളിയരങ്ങിന്റെ ഊടും പാവും മാറ്റിനെയ്തു. അപ്പോഴും കഥകളിസംഗീതത്തിൽ സമൂലമായ പരിണാമങ്ങൾ സംഭവിച്ചിരുന്നില്ല.അതുസംഭവിക്കുന്നത് വെങ്കിടകൃഷ്ണഭാഗവതരുടെ ആഗമനത്തോടെയാണ്.പട്ടിക്കാംതൊടിക്കളരിയുടെ പരീക്ഷണശാലയിൽ ഉണ്ടായിരുന്നവരെല്ലാം അവരവരുടെ മേഖലകളെ പുതുക്കിപ്പണിത പ്രസ്ഥാനങ്ങളായിരുന്നു എന്നതൊരു അത്ഭുതമാണ്.വേഷത്തിൽ പട്ടിക്കാംതൊടി,സംഗീതത്തിൽ വെങ്കിടകൃഷ്ണഭാഗവതർ,ചെണ്ടയിൽ മൂത്തമന,മദ്ദളത്തിൽ വെങ്കിച്ചസ്വാമി.ആ സമഗ്രമായ ഉദ്ഗ്രഥനത്തിന്റെ കളരിയിൽ നിന്നാണ് സോപാനമാർഗത്തിന്റെ തനതുവാർപ്പുകളെ കർണ്ണാടകസംഗീതത്തിന്റെ വിശാലസമുദ്രജലം കൊണ്ട് നവീകരിക്കാനുള്ള ബലം വെങ്കിടകൃഷ്ണഭാഗവതർ ആർജ്ജിക്കുന്നത്.ഓരോ ഭാവവൈചിത്ര്യത്തിനും അനുസാരിയായി അനുരൂപമായ രാഗവൈവിധ്യങ്ങൾ,ആവർത്തിച്ചുപാടേണ്ടിവരുമ്പോൾ വ്യത്യസ്തമായ സംഗതികൾ,ഭൃഗകളും ഗമകങ്ങളുമടങ്ങുന്ന ആലങ്കാരികമായ സംഗീതരീതിശാസ്ത്രം-കഥകളിയുടെ അമൂലാഗ്രം നടന്ന പൊളിച്ചെഴുത്തുകളിലേക്ക് സംഗീതവും ഉൾച്ചേരുകയായിരുന്നു.
വേഷത്തിനനുസരിച്ച പാട്ട്,കൊട്ട്-ഈ അലിഖിതനിയമം പട്ടിക്കാംതൊടിക്കളരിയുടെ മുഖമുദ്രയായതിനാൽ തന്നെ,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതവും ആ വൃത്തനകത്തുനിന്നു.ഭാവസംഗീതമായിരുന്നു അദ്ദേഹത്തിന്റേത് എന്നാണു കേട്ടറിവ്.ഘനശാരീരവും,അനതിസാധാരണമായ രംഗബോധവും സമന്വയിക്കുന്ന വെങ്കിടകൃഷ്ണഭാഗവതരുടെ പ്രവർത്തനമാണ് തുടർന്നുള്ള സംഗീതത്തിന്റെ ദിശാസൂചകമായി വർത്തിച്ചത്.
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ-തലമുറകളുടെ പ്രമാണി
----------------------------------------------------------------
കഥകളിസംഗീതത്തിന്റെ ശ്രവ്യസൌകുമാര്യത്തിലേക്ക് സഹൃദയസമൂഹത്തിന്റെ കണ്ണുമിഴിയുന്നത് നമ്പീശന്റെ സംഗീതജീവിതത്തോടെയാണ്.കേരളമാകെ ആദരിച്ച,ആദരിക്കുന്ന, പിന്നീടുണ്ടായ മിക്ക ഗായകരും നടന്നവഴിത്താരകൾ നമ്പീശന്റെ മാർഗേണയാണ്.മൂത്താൻ ഭാഗവതരുടെ (പുലാപ്പറ്റ കുട്ടൻ ഭാഗവതർ) ശിഷ്യനായി ആരംഭിച്ച ആ സംഗീതജീവിതം അദ്വിതീയമായ ഒരു യുഗത്തിന്റെ ചരിത്രമാണ്.ആലാപനവഴിയിൽ,വെങ്കിടകൃഷ്ണഭാഗവതർ തുടങ്ങിവെച്ച ശാസ്ത്രീയപരിഷ്കരണം നമ്പീശൻ അവിടെനിന്നും മുന്നോട്ടുനയിച്ചു.ആരെയും വ്യാമുഗ്ധരാക്കുന്ന ശ്രവണസുഖദമായ ശാരീരം,അടിയുറച്ച താളം,വിപുലമായ ജ്ഞാനം-നമ്പീശന്റെ സംഗീതത്തിന്റെ സവിശേഷചാരുത വേറിട്ട അദ്ധ്യായമായി.ഒരിക്കലും ജ്ഞാനം കസർത്തുകൾക്കുപയോഗിക്കാതെ,കളിയരങ്ങ് ആവശ്യപ്പെടുന്ന ഭാവതലത്തെ ഉന്മിഷിത്താക്കുന്ന നമ്പീശന്റെ കാൽ‌പ്പാടുകൾ കഥകളിസംഗീതമുള്ള കാലത്തോളം മാഞ്ഞുപോവില്ല.
ഉണ്ണികൃഷ്ണക്കുറുപ്പ്-തീഷ്ണപ്രതിഭയുടെ അവധൂതജന്മം
----------------------------------------------------

കഥകളി സംഗീതത്തിൽ മുൻപോ പിൻപോ കാണാത്ത പ്രതിഭാവിലാസത്തിന്റെ ഹിമാലയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പ്.സമാനതകളില്ലാത്ത അവധൂതജന്മം.ആർക്കുമുമ്പിലും തലകുനിക്കാതെ,ആ ബൊഹീമിയൻ ജീവിതം സംഗീതം കൊണ്ടലഞ്ഞ ഘോരവിപിനങ്ങളിലൂടെ മറ്റാരും എത്തിനോക്കിയിട്ടില്ല.ഏതെല്ലാം സംഗീതത്തിന്റെ സമവായമായിരുന്നു കുറുപ്പിലൂടെ പ്രവഹിച്ചതെന്നു പറയാൻ പ്രയാസം.പാരമ്പര്യമായി കിട്ടിയ കളമെഴുത്തുപാട്ടുമുതൽ,ഹിന്ദുസ്ഥാനിസംഗീതം വരെയുള്ള നാദഗോപുരങ്ങളിലൂടെ കഥകളിസംഗീതം കുറുപ്പിലൂടെ നടന്നു.ഏറെക്കാലം കേരളത്തിനുപുറത്ത്,ബംഗാളിൽ ശാന്തിനികേതനത്തിലെ ജോലിയുമായി കഴിഞ്ഞപ്പോഴും അവധിക്കു വരുമ്പോൾ കുറുപ്പുപാടുന്ന ഏതാനും അരങ്ങുകൾക്കായി ആസ്വാദകലോകം കാതോർത്തുകാത്തിരുന്നു.പിന്നീട് കുറുപ്പു നാട്ടിലെത്തിയതോടെ,ഓരോ അരങ്ങും സംഗീതത്തിന്റെ ഉത്സവങ്ങളായി.കഥ ചിട്ടപ്രധാനമോ,ഭാവപ്രധാനമോ ആകട്ടെ,കുറുപ്പിന് എല്ലാം സമമായിരുന്നു.ഓരോ രാഗങ്ങളും കുറുപ്പിന്റെ കണ്ഠത്തിലൂടെ സവിശേഷമായ വ്യക്തിത്വമാർജ്ജിക്കുന്നതുകണ്ട് കഥകളിലോകം വിസ്മയസ്തബ്ധരായി.എന്നാൽ അവയൊന്നും കഥകളിയുടെ സമഗ്രശിൽ‌പ്പത്തിൽ നിന്നു തെറ്റിപ്പോയതുമില്ല.ഇന്നും കുറുപ്പിനേപ്പോലെ സഹൃദയഹൃദയത്തിൽ ജീവിക്കുന്ന മറ്റൊരു കഥകളിസംഗീതജ്ഞനുണ്ടാകുമെന്നു തോന്നുന്നില്ല.വളരെ ചെറിയ ശിഷ്യസഞ്ചയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പിന്റേതെങ്കിലും,ഇന്നു കഥകളിലോകത്തിന്റെ തുഞ്ചത്തുള്ള ഒരുപിടി പാട്ടുകാർ-കോട്ടക്കൽ നാരായണനും,പാലനാട് ദിവാകരനും,കലാനിലയം ഉണ്ണികൃഷ്ണനും,കോട്ടക്കൽ മധുവുമെല്ലാം-അദ്ദേഹത്തിന്റെ ശിഷ്യരാണെന്നത് കാലം ആ ജീനിയസ്സിനു നൽകിയ സമാദരണമാവാം.
എമ്പ്രാന്തിരി-ഹൈദരാലിമാർ-ജനകീയതയുടെ പൊന്നാനിപ്പാട്ട്
-----------------------------------------------------------------
കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും കലാമണ്ഡലം ഹൈദരാലിയുമാണ് കഥകളിസംഗീതത്തിന്റെ പ്രയുക്താവസ്ഥക്കു മുകളിൽ ജനകീയമായ ഒരു സ്ഥാനം അതിനു നിർമ്മിച്ചത്.താരത‌മ്യേന ലളിതവും,ശ്രവണസുഖദവുമായ എമ്പ്രാന്തിരി സംഗീതത്തിന്,ഒരു വലിയ കൂട്ടം സംഗീതപ്രേമികളെ അരങ്ങിനു മുന്നിലെത്തിക്കാനായി.എമ്പ്രാന്തിരിയുടെ “കിം കിം അഹോ സഖിയും”,“കരുണാവാരിധേ കൃഷ്ണാ”യും കേൾക്കാനായി മാത്രം കഥകളിക്കുവന്നിരുന്ന ആസ്വാദകരെ അന്നു സുലഭമായി കാണാമായിരുന്നു.അതുകഥകളിയുടെ ആകമാനീയതയെ,ഇഴപ്പൊരുത്തത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്.ശിങ്കിടിക്കു ഒറ്റക്കുപാടാനവസരം നൽകാതെ,അനുസ്യൂതം പാടുന്ന ആ ശൈലിയും ഏറെ വിമർശനങ്ങൾ വരുത്തിവെച്ചു.ഭാവതലത്തിൽ എമ്പ്രാന്തിരി സൃഷ്ടിച്ച വ്യതിരിക്തമായ പരിസരം കൊണ്ടു മയങ്ങിയ ഒരു സമൂഹത്തിന്റെ സൃഷ്ടി അദ്ദേഹത്തിന്റെ മാത്രം വിജയമായിരുന്നു,കഥകളിയുടെ വിജയമായിരുന്നില്ല.
ഹൈദരാലിയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ കഥയാണ്.ഫ്യൂഡൽ കാലഘട്ടത്തിന്റെ നിയമാവലികളെ മറികടന്ന്,കറുത്തുമെലിഞ്ഞ ആ മാപ്ലച്ചെക്കൻ സൃഷ്ടിച്ച വിപ്ലവം കേരളകലാചരിത്രത്തിലെ ഒരു വീരചരിതമായിത്തന്നെ അടയാളപ്പെടുത്തപ്പെടണം.‘അഹിന്ദുക്കൾക്ക് പ്രവേശനമില്ലെ’ന്നു തിട്ടൂരമിറക്കിയവർക്കും ആ സംഗീതധാരക്കുമുന്നിൽ കീഴ്‌പ്പെടേണ്ടിവന്നത് ചരിത്രം.ഏതു പദത്തിനും ഹൈദരാലിക്ക് സ്വകീയമായ പ്രകാശനരീതിയുണ്ടായിരുന്നു,മികച്ച രംഗബോധവും.പ്രഗത്ഭരെല്ലാം ഒഴിഞ്ഞപ്പോൾ ‘ഇനി ഹൈദരാലിയുടെ കാലം’എന്നു കരുതിയിരിക്കുമ്പോഴാണ് ഒരു ടിപ്പർലോറിയുടെ രൂപത്തിൽ വന്ന മരണം അദ്ദേഹത്തെ കാലത്തിന്റെ കോപ്പറയിലേക്കു പിൻ‌വിളിച്ചത്.മധുരമായ ശബ്ദവും,അനുപമമായ ഭാവസൌന്ദര്യവും ഒത്തിണങ്ങിയ ആ വിപ്ലവകാരി അകാലത്തിൽ നമ്മോടുവിടവാങ്ങി.
വെണ്മണി ഹരിദാസ് കഥകളിലോകത്തിനു സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്.നല്ലകാലം മുഴുവൻ ശിങ്കിടിയായി പാടിത്തീർത്ത ആ ഗായകന്റെ തൊണ്ടയിലൊളിച്ചിരുന്ന ശാരീരഭൂമികൾ ആർക്കും വേണ്ടപോലെ കേട്ടുകൊതിതീരാനായില്ല.കുറുപ്പിനും എമ്പ്രാന്തിരിക്കും ശിങ്കിടിയായി ഹരിദാസ് പാടിത്തീർത്ത ഗീതധാരകൾക്കിടക്ക് എല്ലാവരും അതുമറന്നും പോയി.കുറുപ്പിനേപ്പോലെ,അപ്രവചനീയമായിരുന്നു ഹരിദാസിന്റേയും സംഗീതം.ചിലപ്പോൾ നന്നായെന്നു വരികയില്ല,ചിലപ്പോഴങ്ങുനന്നാവും,നന്നായാൽ പിന്നെ ആർക്കും ഒപ്പമെത്താനുമാവില്ല.അനായാസതയായിരുന്നു വെണ്മണിസംഗീതത്തിന്റെ മുഖമുദ്ര.ചെറിയ പദങ്ങൾ പലതും അദ്ദേഹത്തിന്റെ ശബ്ദലാളനം കൊണ്ട് അവിസ്മരണീയമായിട്ടുണ്ട്.കുന്തളവരാളിയിൽ അദ്ദേഹം പാടാറുള്ള സന്താനഗോപാലത്തിലെ “കല്യാണാലയേ ചെറ്റും”എത്രകേട്ടാലും മതിവരാത്ത ഒരുദാഹരണം.കുറുപ്പിനേപ്പോലെത്തന്നെ,സ്വയംകൃതാനർത്ഥങ്ങൾ നിശ്ചയിച്ച മരണവുമായി പിൻ‌വാങ്ങിയ ആ പ്രതിഭയേ ഓർക്കുമ്പോഴെല്ലാം നഷ്ടബോധമാണ് മുന്നിൽ നിൽക്കുക.
വേറിട്ട് തങ്ങളുടെയൊച്ച കേൾപ്പിച്ച ഒരുപറ്റം സംഗീതജ്ഞർ ഇക്കാലത്തുതന്നെ കളിയരങ്ങുകണ്ടിട്ടുണ്ട്.രാമുവാരിയരും,വാസുനെടുങ്ങാടിയും, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും,പരമേശ്വരൻ നമ്പൂതിരിയുമടക്കം പലരുടേയും പ്രവത്തനങ്ങൾ ചേർന്നാലാണ് കഥകളിസംഗീതത്തിന്റെ ചിത്രം പൂർത്തിയാകുന്നത്.കലാ.ഗംഗാധരനേപ്പോലെ കർണ്ണാടകസംഗീതത്തിന്റെ ഗമകപ്രധാനങ്ങളായ സഞ്ചാരങ്ങളെ തികച്ചും ക്ലാസിക്കലായിത്തന്നെ കളിയരങ്ങിലെത്തിച്ച ഗായകരുടെ കൂടി കൈയൊപ്പുകൾ ഇന്നത്തെ കഥകളിസംഗീതത്തിലുണ്ട്.
സമഗ്രശിൽ‌പ്പത്തിൽ നിന്നടരുന്ന സംഗീതം
---------------------------------------------
സാർത്ഥകമാകുന്ന അരങ്ങിന്റെ അടിസ്ഥാനഗുണം,അതിന്റെ തൌര്യത്രികചാരുതയാണ്.ഒരു സംഘകലയായ കഥകളിയിൽ വേഷത്തിനിണങ്ങിയ ഗീതവാദ്യങ്ങളുടെ മേളനം അനിവാര്യമാണ്.അവയുടെ പരസ്പരമുള്ള ഇഴപ്പൊരുത്തമാണ് രംഗത്തെ സർഗാത്മകമാക്കുന്നത്.ഘടകകലകളുടെ ഈ സമന്വയത്തിലെ ഏതെങ്കിലുമിഴകൾ വിട്ടുപോകുന്നതോടെ,രംഗശിൽ‌പ്പം ശിഥിലമാകുന്നു.കഥകളിസംഗീതത്തിന്റെ വളർച്ച നൽകുന്ന പ്രതീക്ഷകൾക്കൊപ്പം ഉണരുന്ന ആശങ്കയും അതാണ്.അരങ്ങിന്റെ ആകമാനീയതയിൽ നിന്നടർന്ന് സ്വച്ഛഗതിയായി വിഹരിക്കുന്ന കഥകളിസംഗീതം മറ്റെന്തോ ആയിത്തീരുന്നു,അതു കഥകളിയിൽ നിന്നു വേർപെടുന്നു.എന്നാൽ പ്രയുക്തതയിൽ നിന്നടരുന്ന കഥകളിസംഗീതത്തിന് മുഖം നഷ്ടമാവുകയല്ലാതെ,ഒന്നും ലഭിക്കുന്നുമില്ല.സോപാനസംഗീതത്തിന്റെ ചാരുത മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വം ഗായകരിൽ ശേഷിക്കുന്ന പുരാവസ്തുവായി.
പാട്ടുകേൾക്കാൻ വേണ്ടി കഥകളിക്കുവരുന്നവരുണ്ടായതോടെ,പാടാൻ വകയുള്ള കഥകൾ വെക്കുന്ന പ്രവണത സംഘാടകരിലും പടർന്നു.പിന്നെപ്പിന്നെ,പാട്ടുകാരനു വിസ്തരിക്കാൻ സാധ്യതയുള്ള ഭാഗം വേഷകാരൻ വിസ്തരിച്ച് ചെയ്യലിൽ വരെയെത്തി.ഇങ്ങനെ പരസ്പരമുള്ള ഇഴപ്പൊരുത്തം നഷ്ടപ്പെട്ട്,ആനുപാതികമല്ലാത്ത ഘടകകലകളുടെ അവയവഭാരവും പേറി കഥകളി യാത്രതുടരുന്നു.സമഗ്രതലത്തിലുള്ള ഉദ്ഗ്രഥനസാധ്യതകൾ ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു.
പ്രസ്ഥാനങ്ങൾ അസ്തമിച്ചെന്നേയുള്ളൂ. പുതിയ പാട്ടുകാരിൽ മികച്ച നിരവധി ശബ്ദങ്ങളുണ്ട്.പക്ഷേ,രാഗമാറ്റത്തിന്റെ കസർത്തുകൾക്കും ലളിതസംഗീതത്തിന്റെ ഉപരിതലത്തിനും മുകളിൽ പുതിയ അന്വേഷണവഴികൾ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു.കോട്ടക്കൽ മധുവും,പത്തിയൂർ ശങ്കരൻ കുട്ടിയും,കലാമണ്ഡലം ബാബു നമ്പൂതിരിയും,കലാനിലയം രാജീവും,കലാമണ്ഡലം വിനോദും,ജയപ്രകാശും,ഹരീഷും,നെടുമ്പള്ളി രാം മോഹനും,വേങ്ങേരി നാരായണനുമെല്ലാമടങ്ങുന്ന ആ തലമുറയാണ് ഇനി തങ്ങൾക്കെന്തുചെയ്യാനാവുമെന്ന് തെളിയിക്കേണ്ടത്.

Sunday, December 14, 2008

തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്

വാസ്തവത്തിൽ,എല്ലാ കഥകളിക്കാർക്കും കളിക്കമ്പക്കാർക്കും ഇഷ്ടമുള്ള ഒരു കഥയാണ് ഉള്ളത്; ‘തെക്കുവടക്കുയുദ്ധം’.കഥകളിയുടെ അവതരണ-ആസ്വാദന-സംവാദ സ്ഥലികളിലെല്ലാം പടർന്നുപിടിച്ച കാൻസറാണ് തെക്കുവടക്കു വഴക്കുകൾ.അങ്ങോട്ടുമിങ്ങോട്ടും പുച്ഛിച്ചും,പാരപണിതും,മേനിനടിച്ചും,പരദൂഷണം പറഞ്ഞും ഇവർ നടത്തുന്ന ചക്കളത്തിപ്പോരാട്ടങ്ങൾ ആർക്കാണു ഗുണം ചെയ്യുന്നത്?ലോകം മുഴുവൻ വിസ്മിതനേത്രങ്ങളുമായി നോക്കുന്ന കളിയരങ്ങിന്റെ അകത്ത് ചീഞ്ഞുനാറുന്ന ഈ മാലിന്യങ്ങളെ പുറന്തള്ളിയാലേ ഇനി കഥകളിക്കു മുന്നോട്ടുപോക്കുള്ളൂ.ഉറക്കമില്ലാത്തവർ,ഉറങ്ങുന്നവർ,ഉറക്കം നടിക്കുന്നവർ,കതിന പൊട്ടിയാലും ഉണരാത്തവർ-ഇങ്ങനെ ഭിന്നരുചികളുടെ ആവാസഭൂമിയായ കഥകളിലോകത്ത് ‘ജനാധിപത്യം’എന്നുള്ള വാക്കിന് നേരിയ അംഗീകാരമേ ഉള്ളൂ.ഞാൻ കാണുന്ന രീതി മാത്രമാണ് ആത്യന്തികമായ ശരി,എന്റെ കാഴ്ച്ചവട്ടത്തിൽ ഒതുങ്ങാത്തതും ഇഷ്ടപ്പെടാത്തതും കളിയരങ്ങിലെ ചീത്തത്തങ്ങളാണ്-ഇതാണ് കഥകളി ഫാസിസ്റ്റുകളുടെ ഒരു മട്ട്.ഈ ലോകത്തിലെ ഏറ്റവും ഗംഭീര കലാരൂപം കഥകളിയാണെന്നും,(ലോകത്തിലെ എല്ലാ കലാരൂപങ്ങളും ആരു കണ്ടിരിക്കുന്നു?)കഥകളിയെപ്പറ്റി വിവരമുണ്ടാവലാണ് ഏറ്റവും വലിയ വിവരമെന്നും,ആ വിവരമില്ലാത്തവർ എത്ര മഹാന്മാരാണെങ്കിലും അവജ്ഞാർഹരാണെന്നും ധരിച്ചിരിക്കുന്ന കൂപമണ്ഡൂകങ്ങളും കുറവല്ല.ഈ തെക്കുവടക്കുതൊഴുത്തിൽ‌കുത്തുകൾക്ക് വേണ്ട അടിസ്ഥാനയോഗ്യത,സങ്കുചിതമായ മനസ്സാണ്.കഥകളിയുടെ നാശത്തിനായി പിറന്ന ഈ ദുര്യോഗികളെ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.
തെക്കൻ‌വാ‍ദം-ഉപരിതലസ്പർശിയായ ബോധതലം.
--------------------------------------------------------

തെക്കൻ വാദികളുടെ പൊതുസവിശേഷതകളിലൊന്ന്,കഥകളിയുടെ സങ്കേതഘടനയോടുള്ള ഉപരിതലസ്പർശിയായ ബോധമാണ്.പൂർണ്ണമായും ശാസ്ത്രീയവും,വ്യക്തിത്വമുള്ളതുമായ ചിട്ടപ്രകാരം നിലവിലില്ലാത്തതിനാൽ,സുനിയതമായ ശിൽ‌പ്പഘടന തെക്കൻ‌കളരിക്കു കുറവാണ്.കഥകളി എന്നാൽ കുറേ മനോധർമ്മങ്ങളുടെ സംഘാതമാണെന്നാണ് ധാരണ.“-----ആശാനും-------ആശാനും കൂടി സീതാസ്വയംവരം നാലുമണിക്കൂർ നിന്ന് ആടി.എന്നാ കളിയായിരുന്നു” ഇതാണ് അഭിപ്രായരീതി.ഏതു കഥയാണെങ്കിലും ശൈലീകൃതമായ അഭിനയപ്രകരണത്തിൽ സുനിയതമായ സങ്കേതഘടന അനിവാര്യമാണെന്നും,സ്ഥായീഭാവത്തിലൂന്നിയ നാട്യമാണ് കഥകളിയുടെ ജീവൻ എന്നും,ഒരുപാട് നേരം ഒരുപാട് കഥകൾ ആടലല്ല,ഒരു നിമിഷത്തിലേക്ക് ഭാവകോടികളെ ഒതുക്കുന്ന മിതത്വവും ഔചിത്യവുമാണ് കളിയരങ്ങിന്റെ ജീവനെന്നും ,നാലുമണിക്കൂർ എങ്ങനെ ആടിയാലും രംഗശിൽ‌പ്പം ശിഥിലമാവുകയാണ് ഫലം എന്നും ഇവർക്കു മനസ്സിലാവില്ല,മനസ്സിലായാലും സമ്മതിക്കില്ല.
അത്യന്തം ശാസ്ത്രീയവും,രസാധിഷ്ഠിതവുമായ നൃത്തമാണ് കഥകളിയുടെ ജീവൻ.ആ വസ്തുത തെക്കൻ‌കളരിക്കുതന്നെ ഇന്നന്യമാണ്.ചൊല്ലിയാട്ടത്തിലെ ഓരോ വാക്കിനും ഓരോ ഭാവശരീരം നൽകുകയും,അനുരൂപമായ താള-ഗീതങ്ങളുടെ സമന്വയമായി അതാവിഷ്കരിക്കുകയും ചെയ്യുന്നതിലാണ് കഥകളിയുടെ മർമ്മമിരിക്കുന്നത്.ഇത്തരം കഥകളിയുടെ അന്തര്യാമിയായ തലങ്ങളിലേക്കൊന്നും ഒരു തെക്കൻ ഫാസിസ്റ്റിന് ഒന്നും പറയാനില്ല. ‘ഭാവം’എന്നാൽ ‘മുഖത്തുവിരിയുന്നഭാവം’എന്നാണ് അവരർത്ഥമാക്കുന്നതുതന്നെ.ശരീരത്തിന്റെ സമഗ്രമായ ഭാവാവിഷ്കരണമാണ് കഥകളിയുടെ രീതി എന്ന തിരിച്ചറിവില്ല.
വിശാലമനസ്കതയുടെ മനുഷ്യരൂപങ്ങളാണ് ഞങ്ങൾ തെക്കുള്ളവർ-ഇതാണ് മറ്റൊരു നാട്യം.ഏതു നല്ല കളി കണ്ടാലും സ്വീകരിക്കുമെന്നും.വടക്കുള്ളവർ എത്ര മിടുക്കരാണെങ്കിലും തെക്കു വന്ന് കഴിവുതെളിയിക്കണം,കാരണം “ഞങ്ങളാ”ണല്ലോ കളിക്കാഴ്ച്ചയിലെ വിശാലഹൃദയർ.എന്തു കൊണ്ട് തെക്കൻ‌കളരിയിൽ വടക്കുനിർമ്മിക്കപ്പെട്ട പോലുള്ള വിസ്മയങ്ങൾ ഉരുവം കൊള്ളുന്നില്ല?അതാലോചിക്കുന്നില്ല.ആകെ ഭംഗിയായറിയാവുന്നത്,‘സ്തുതി‘കൾ പാടി നടക്കാനാണ്.ഇന്നും കേൾക്കാം,“കൃഷ്ണൻ നായർ ജയജയ” എന്ന കീർത്തനാലാപനം.ആ മഹാനടൻ എന്തു പാപം ചെയ്തുവോ?ആരും സമ്പൂർണ്ണരല്ല എന്ന ബോധമില്ലായ്മയാണ് ഈ സ്തുതികൾക്കു പിന്നിലുള്ളത്.ഉപാംഗങ്ങളുടെ ഭാവാവിഷ്കാരത്തിലും,രംഗനിറവിലും,നാടകീയരംഗങ്ങളുടെ അവതരണത്തിലും കൃഷ്ണൻ‌നായരെ മറികടക്കുന്ന ഒരാൾ ഇനിയും ജനിച്ചിട്ടില്ല.എന്നാൽ,അദ്ദേഹത്തിന് അതുപോലെത്തന്നെ ദോഷവശങ്ങളും ധാരാളമുണ്ടായിരുന്നു.അമിതമായ ലോകധർമ്മികൾ,കഥകളിയുടെ ഘടനക്ക് ഒട്ടും അനുയോജ്യമല്ലാത്ത,സദസ്സിലെ കഥകളിയെക്കുറിച്ചറിയാതെ വന്നിരിക്കുന്ന ആസ്വാദകരെ കയ്യിലെടുക്കാനുള്ള സ്ഥായീഭാവത്തെ വിട്ടുള്ള അപഥസഞ്ചാരം-ഇങ്ങനെ പലതും.ഈ ദോഷവശങ്ങളെല്ലാം ചേർത്ത് സ്തുതിപാടുന്നവർ,കഥകളിയുടെ വിനാശത്തിനായി വഴിയൊരുക്കുകയാണ്.കഥകളി കാണാൻ ഒരു സങ്കേതവും,കളരിപ്രകാരവും മനസ്സിലാക്കണമെന്നില്ല.പക്ഷേ ഇത്തരം സ്തുതിഗീതങ്ങൾക്കും ആധികാരിക അഭിപ്രായപ്രകടനങ്ങൾക്കും മുമ്പ് എന്താണ് കഥകളിയുടെ ഘടനാശിൽ‌പ്പം എന്ന് തിരിച്ചറിയേണ്ടതുണ്ട്.
വടക്കൻ‌വാദം-സങ്കുചിതമനസ്സിന്റെ ഇത്തിരിവട്ടം
---------------------------------------------------

മൌലികവാദമാണ് വടക്കൻഫാസിസത്തിന്റെ സ്വഭാവം.കല്ലുവഴിക്കളരി പട്ടിക്കാംതൊടിയുടെ പരിഷ്കരണങ്ങളോടെ ആർജ്ജിച്ച അനന്യസാധാരണമായ കളരിയും,അത്യന്തം ശാസ്ത്രീയമായ സങ്കേതശിൽ‌പ്പവും വടക്കൻ‌കളരിക്കു സ്വന്തം.അതാണ് തുടർന്നുള്ള മൂന്നു തലമുറയിലെ കളിയരങ്ങിന്റെ സദ്ഫലങ്ങളെ സൃഷ്ടിച്ചതും. സൂചകങ്ങൾ സൂച്യങ്ങളാകുന്ന അവസ്ഥയാണ് വടക്ക് മൌലികവാദത്തെ നിർമ്മിച്ചത്.ആട്ടക്കഥയുടെ നാട്യവത്തായ ആവിഷ്കാരത്തിനു വേണ്ടി ഉപയോഗിച്ച ആയുധങ്ങളെ മാത്രം പ്രത്യേകമായെടുത്ത് ആ‍സ്വദിച്ച് സംതൃപ്തിയടയുന്ന ഒരുതരം ലാവണ്യവാദം വടക്ക് പടർന്നുപിടിച്ചു.കഥാപാത്രത്തിന്റെ സ്ഥായീഭാവത്തിലൂന്നി പട്ടിക്കാംതൊടി വളർത്തിയെടുത്ത നാട്യപ്രകരണത്തെ വികലമായി വായിച്ചുണ്ടാക്കിയ,കഥയെ കളഞ്ഞ് ആസ്വദിക്കുന്ന ഈ അപായകരമായ വ്യാകരണവാദം തീരെ ചുരുങ്ങിയ മനസ്സുകളുടെ നിർമ്മാണമാണ് വടക്ക് നടത്തിയത്.
വൃത്തിയുള്ള ചൊല്ലിയാട്ടത്തിന്റെ ആവർത്തനങ്ങളിൽ അഭിരമിക്കുന്ന ഒരുതരം യാന്ത്രികകലാസ്വാദനത്തിന്റെ മനസ്സ് അങ്ങനെ വടക്ക് നിർമിക്കപ്പെട്ടു.ആ യാന്ത്രികമനസ്സിനെ തൃപ്തിപ്പെടുത്തുന്നവർ മഹാചാര്യന്മാരായി.കല്ലുവഴിക്കളരിയുടെ മുഴുവൻ സങ്കേതസൌന്ദര്യവുമുൾക്കൊണ്ട്,ഈ ആവർത്തനത്തെ വെല്ലുവിളിച്ച കീഴ്പ്പടത്തെപ്പോലുള്ള പ്രതിഭകൾ അനഭിമതരുമായി. “എന്താ മുദ്രയുടെ വൃത്തി” എന്നു പാടിക്കൊണ്ടിരുന്ന വടക്കൻ‌പക്ഷപാതികൾ,ഈ വൃത്തികൾ രൂപപ്പെടുത്തേണ്ട രംഗപരമായ ആവൃത്തിയെപ്പറ്റി അജ്ഞരായി.സ്വാഭാവികമായി,ചിട്ടയെപ്പറ്റിയുള്ള അറിവ് അഭിനയിക്കുകയാണ് കഥകളിവിജ്ഞാനിയാവാനുള്ള വഴി എന്നു വന്നു.
തെക്കുവടക്കുവഴക്കു കൊണ്ട് ക്രിയാത്മകമായ പൊതുസംവാദത്തിന്റെയും ആദാനപ്രദാനങ്ങളുടെയും സാധ്യതകളാണ് ഇല്ലാതാവുന്നത്.തെക്കൻ‌കളരി എന്ന ഒന്ന് ഇനിയും നിലനിൽക്കുമെന്നുതന്നെ തോന്നുന്നില്ല.കഥകളിയുടെ ബഹുസ്വരതകളിൽ നിന്ന് പലതും നഷ്ടമാകുന്നു.അപ്പോഴും ഈ ജുഗുപ്സാവഹമായ ചേരിപ്പോര് തുടരുകയും ചെയ്യുന്നു.കലയുടെ വളർച്ചക്ക് അത്യന്താപേക്ഷിതമായി വേണ്ടത് ജനാധിപത്യബോധമുള്ള മനസ്സാണ് എന്ന് ഇനിയെങ്കിലും ഈ നിഴൽയുദ്ധക്കാർ തിരിച്ചറിഞ്ഞാൽ കൊള്ളാം.

Tuesday, December 9, 2008

കലാകാരന്റെ നട്ടെല്ലും വാഴേങ്കട കുഞ്ചുനായരുടെ കത്തുകളും

ചിത്യവിചാരത്തിന്റെ പ്രകാശധാരയിൽ കളിയരങ്ങിനെയാകമാനം നവീകരിച്ച മഹാനടനാണ് പത്മശ്രീ വാഴേങ്കട കുഞ്ചുനായർ.സമൂഹത്തിലും കലാവിമർശനസ്ഥലികളിലും എങ്ങനെയാണ് ഒരു കലാകാരൻ സക്രിയമായി ഇടപെടേണ്ടത് എന്നതിന് കഥകളിയിൽ കുഞ്ചുനായരേക്കാളും മികച്ച മറ്റൊരു മാതൃക ഇന്നുമുണ്ടെന്നു തോന്നുന്നില്ല.ഏതു സിംഹങ്ങളോടും നേർക്കുനേരെ നിന്നു ഗർജ്ജിക്കാനുള്ള ആർജ്ജവം കുഞ്ചുനായരുടെ രക്തത്തിലുണ്ടായിരുന്നു.കഥകളി എന്തെന്നറിയാതെ,കഥകളിക്കുമേൽ കുതിരകയറുന്നത് ആരായാലും കുഞ്ചുനായർക്ക് സമമായിരുന്നു.കേരളം കണ്ട എക്കാലത്തെയും വലിയ രണ്ട് പ്രതിഭാശാലികളോട് കുഞ്ചുനായരെഴുതിയ മറുപടിക്കത്തുകൾ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘കഥകളിവെട്ടം’എന്ന പുസ്തകത്തിലുണ്ട്.കലാചർച്ചകളുടെ പാത കൂടുതൽ മൂർച്ചയുള്ളതാകേണ്ട ഈ കാലികാന്തരീക്ഷത്തിൽ,ആ ആത്മാഭിമാനം തുളുമ്പുന്ന കത്തുകൾ വായിക്കൂ:
1)പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിക്ക്: കോട്ടക്കൽ
----------------------------------------------------- 2-11-1950
‘മംഗളോദയത്തിൽ വെച്ച് ബ്രഹ്മശ്രീ ദേശമംഗലത്തു തമ്പുരാന്റെ സാന്നിദ്ധ്യത്തിൽ നമ്മൾ തമ്മിൽ നടന്ന സംഭാഷണം ഓർമ്മിക്കാൻ അപേക്ഷ.അന്നു താങ്കളുടെ അഭിപ്രായങ്ങളൊന്നും(നളചരിതം ആട്ടക്കഥ നാടകമാക്കുന്നതു സംബന്ധിച്ച്)ഞാൻ എത്ര തൊള്ളതുറന്നിട്ടും ഒട്ടും മാറിയില്ല എന്നു കത്തുകണ്ടപ്പോൾ തോന്നി.തമ്പുരാൻ എനിക്കു ബഹുമാനമുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ബഹളം വേണ്ട എന്നുവെച്ചാണ് ഞാനിറങ്ങിപ്പോന്നത്.
ഞാൻ പാവപ്പെട്ട ഒരു കഥകളിവേഷക്കാരനാണ്.കളിയരങ്ങിൽ വിവിധവേഷങ്ങൾ കെട്ടിയും കളരിയിൽ കുട്ടികളെ അഭ്യസിപ്പിച്ചും കഴിഞ്ഞുകൂടുന്നു.കഥകളി എന്റെ ഉപജീവനമാർഗം ആകുന്നു.ആ കലയില്ലെങ്കിൽ ഞാനില്ല.
കഥകളിയെ ബാലേയാക്കണം,അതാക്കണം,ഇതാക്കണം എന്നൊക്കെപ്പറയാൻ താങ്കൾക്കുള്ള യോഗ്യത കഥകളിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായ്മയാകുന്നു.
മുണ്ടശ്ശേരി ഗംഭീരനായ ഒരദ്ധ്യാപകനാകുന്നു,ശരി.മികച്ച സാഹിത്യതത്വവേദിയാകുന്നു,സമ്മതം.ആവക രംഗങ്ങളെപ്പറ്റി എന്തെങ്കിലും നിങ്ങൾ പറയുകയാണെങ്കിൽ അതു ശ്രദ്ധിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്.
പക്ഷേ,നളചരിതത്തെ നാടകമാക്കണം എന്നുപറയാൻ അങ്ങേക്കു കഥകളിയുടേയും നാടകത്തിന്റെയും അവതരണശിൽ‌പ്പത്തെക്കുറിച്ച് എന്തെങ്കിലും ബോധം വേണം.നിങ്ങൾക്ക് ആവക കാര്യങ്ങളൊന്നും അറിഞ്ഞുകൂടെന്ന് നിങ്ങളൊഴികെ എല്ലാവർക്കും അറിയാം.
കേരളത്തിൽ കൂടിയാട്ടമുണ്ട്,കൃഷ്ണനാട്ടമുണ്ട്,കഥകളിയുമുണ്ട്.വിശാലമായ അർത്ഥപശ്ചാത്തലത്തിൽ ഇവയൊക്കെ നാടകം തന്നെ.എന്നാ‍ൽ അവതരണശിൽ‌പ്പത്തിലെ വ്യത്യാസങ്ങൾ കൊണ്ട് അവ വ്യത്യസ്തകലാരൂപങ്ങളായിനിൽക്കുന്നു.ഇതു കാണാൻ സാമാന്യബുദ്ധിമതി.അതു വേണം താനും.
നളചരിതം കളിയരങ്ങത്തവതരിപ്പിക്കാനാണ് അതെഴുതിയ ആൾ ഉദ്ദേശിച്ചത്.ഇതു വരെ അങ്ങനെ അവതരിപ്പിച്ചുപോരികയും ചെയ്തു.എത്രയോ ആളുകൾ അതാസ്വദിച്ചിരിക്കുന്നു.ഇനിയും വളരെയാളുകൾ അതാസ്വദിക്കുകയും ചെയ്യും.ഓട്ടത്തിൽ കേമനെപ്പിടിച്ച് ചാട്ടത്തിൽ പൊട്ടനാക്കണോ?
മുണ്ടശ്ശേരി നല്ലൊരു നിരൂപകനാണ്.അങ്ങ് അതിനുവേണ്ടി സമയം വിനിയോഗിക്കുകയാണെങ്കിൽ അതു കൈരളിക്കു നേട്ടമാകുന്നു.കഥകളിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ.ഞാനറിഞ്ഞിടത്തോളം,എന്തെങ്കിലും മനസ്സിലാക്കാൻ നിങ്ങൾക്കു താല്പര്യവുമില്ല.നമ്മൾ തമ്മിൽ ചേരില്ല.
സ്വന്തം
കുഞ്ചുനായർ.
---------------------------------------------------------
2) മഹാകവി ജി.ശങ്കരക്കുറുപ്പിന്: കോട്ടക്കൽ
19-11-50
നായത്തോട്ടമ്പലത്തിൽ വെച്ച് കിർമീരവധം ധർമ്മപുത്രരെ കളിയരങ്ങത്തു കണ്ടുകൊണ്ടിരിപ്പാൻ താങ്കൾക്കു പ്രയാസം നേരിട്ടതിന് ഒന്നേ അർത്ഥമുള്ളൂ;ശങ്കരക്കുറുപ്പിന് കളികാണാറായിട്ടില്ല.
നൃത്തഗീതമേളങ്ങളുടെ സമീചീനമായ സമ്മേളനസ്ഥലമാണ് കളിയരങ്ങ്.അവതരണശിൽ‌പ്പത്തിലാണ് കഥകളിയുടെ അപൂർവ്വത കുടികൊള്ളുന്നത്.അതിന്റെ സാങ്കേതികസങ്കീർണ്ണതകളിൽ താല്പര്യവും വിവരവുമുള്ളവർ പിന്നെയും പിന്നെയും കാണാൻ കൊതിക്കുന്ന വേഷമാണ് കിർമീരവധം ധർമ്മപുത്രർ.
രുഗ്മാംഗദനും നളനും ബാഹുകനുമൊക്കെയാണ് അരങ്ങത്തു വേണ്ടത്,കോട്ടയം കഥകൾ കളരിയിൽ ഒതുങ്ങട്ടെ എന്ന അഭിപ്രായം ഒരിക്കലും സ്വീകരിക്കവയ്യ.കഥകളിയുടെ ശിൽ‌പ്പബന്ധം നടന് മന:പാഠമാവണമെങ്കിൽ സങ്കേതസങ്കീർണ്ണങ്ങളായ കോട്ടയം കഥകൾ ആടിയാടി തഴക്കം വരണം.കാണികൾക്കും അതേ; അവ കണ്ടു പഴകിയാലേ കളി കാണാനാവൂ.
പിന്നീടാണ് നളനും ബാഹുകനും കെട്ടേണ്ടതും കാണേണ്ടതും.എന്റെ ആത്മാർത്ഥമായ അഭിപ്രായത്തിൽ നളചരിതം കഥകളിയിലെ ഒഅനന്വയമാകുന്നു.അതിനു കൃത്യമായ ചിട്ടയും നിശ്ചയിച്ചിട്ടില്ല,താരതമ്യേന വൈകി മാത്രം പ്രചാരത്തിൽ വന്നതുകൊണ്ട്.അതുകൊണ്ട് ആർക്കും ആ വേഷം കെട്ടാമെന്നും,ആ വേഷം കെട്ടിയാൽ എന്തും കാട്ടാമെന്നും ആയിത്തീർന്നിട്ടുണ്ട് ഇപ്പോൾ.വിദഗ്ധരായ കലാകാരന്മാരും ആസ്വാദകപണ്ഡിതന്മാരും ഒരുമിച്ചിരുന്ന് നളചരിതത്തിന് ഒരവതരണശിൽ‌പ്പം നിശ്ചയിക്കേണ്ടതാണ്.
എനിക്ക് നളചരിതത്തോട് പ്രത്യേക താല്പര്യമുണ്ട്.എന്നാൽ കോട്ടയം കഥകളോട് അതിരുകവിഞ്ഞ ആദരവുമുണ്ട്.
സ്വന്തം
കുഞ്ചുനായർ.
-------------------------------------------------------
കേരളം കണ്ട എക്കാലത്തെയും വലിയ രണ്ടു പ്രതിഭകളോടാണ് കുഞ്ചുനായരുടെ ഈ ചുട്ട മറുപടികൾ!ഒരാളോട് “താങ്കൾക്ക് കഥകളിയെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ”,അപരനോട് “ശങ്കരക്കുറുപ്പിന് കളി കാണാറായിട്ടില്ല”! കഥകളി പോകട്ടെ,ഇന്ന് ഏതു കലയിൽ പ്രവർത്തിക്കുന്ന,ഏതു കലാകാരന്/കാരിക്ക് ധൈര്യമുണ്ട് ഇങ്ങനെ നിവർന്നുനിൽക്കാൻ?ചതുരശ്രശോഭിയായ ഒരു ഫലകവും തിരുവെഴുത്തുകളും വീരശൃംഖലയും സ്വപ്നം കണ്ടു കഴിയുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിനുള്ള പരിധി അറിയാവുന്നതിനാൽ അധികം അങ്ങോട്ടുപോകുന്നില്ല.
ശങ്കരക്കുറുപ്പിനുള്ള മറുപടിയിൽ കുഞ്ചുനായർ നളചരിതത്തെക്കുറിച്ചുള്ള നിലപാട് അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.കലാകാരന്മാരും ആസ്വാദകരും കൂടിയിരുന്ന് തീരുമാനിക്കേണ്ടതായി കുഞ്ചുനായർ പറയുന്നത് നളചരിതത്തിന്റെ ‘അവതരണശിൽ‌പ്പ’ത്തെക്കുറിച്ചാണ് എന്നോർക്കുക.നളചരിതമടക്കമുള്ള കഥകളുടെ വൈവിധ്യത്തെയും അതിന്റെ ചാരുതയേയും തിരിച്ചറിയാത്തയാളല്ല കുഞ്ചുനായർ.അവതരണം മേൽക്കുമേൽ ശിഥിലമാകുന്ന അവസ്ഥയിൽ,കൃത്യമായ ഒരു ശിൽ‌പ്പഘടന നളചരിതത്തിനു നിർണ്ണയിക്കുന്നതു നന്നായിരിക്കും എന്നാണ് കുഞ്ചുനായരുടെ നിരീക്ഷണം.അല്ലാതെ,എല്ലാ കഥാപാത്രങ്ങളുടെയും പ്രകൃതി ‘നിർവ്വചിച്ച്’ശവപ്പെട്ടിയിലാക്കണം എന്നല്ല.കുഞ്ചുനായർക്കേറ്റവും ഇഷ്ടപ്പെട്ടവേഷമായിരുന്നു മൂന്നാംദിവസത്തിലെ ബാഹുകൻ.നാലാം ദിവസം ബാഹുകനിലടക്കം,പല പരീക്ഷണങ്ങളുടെ ബഹുസ്വരതകളിലൂടെ കുഞ്ചുനായർ സഞ്ചരിച്ചതിനു രേഖകളുമുണ്ട്.
പഴയ പ്രഭുഭരണകാലത്തിലും പതിവില്ലാത്തവിധം കുനിഞ്ഞൊടിഞ്ഞ നട്ടെല്ലുമായി,അധികാരികളുടെ പ്രഖ്യാപനങ്ങളും കിനാവുകണ്ട് ജിവിക്കുന്ന കലാപണ്ഡിതരുടെയും ആചാര്യന്മാരുടെയും ഈ കറുത്തകാലത്ത് ഈ കത്തുകളുടെ പുനർവായനക്കും സംവാദത്തിനും പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു.
-----------------------------------------

കടപ്പാട്:കഥകളിവെട്ടം-വാഴേങ്കട കുഞ്ചുനായർ.
വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ്.

Friday, December 5, 2008

പുഴയൊഴുകും വഴി

രു നദിയുടെ ഉൽഭവം തിരഞ്ഞുപോകുകയാണ് ഒരു കലാരൂപത്തിന്റെ ഉൽഭവം തിരഞ്ഞുപോകുന്നതിനേക്കാൾ കരണീയം.വനാന്തരത്തിലെ നീരുറവയായി പുറപ്പെട്ട്,ചുരങ്ങളിൽ കാട്ടാറായി കലമ്പിയൊഴുകി, സമതലങ്ങളെ നനക്കുന്ന പയസ്വിനിയായി മാറുന്നതിനിടക്ക് അവ നേരിട്ട അനുഭവലോകങ്ങൾ ഇഴപേർക്കുക അതിലും ദുഷ്കരം.ഏതെല്ലാം പോഷകനദികളെ ഉള്ളിലൊതുക്കിയെന്ന് ആർക്കറിയാം?എനിക്കെന്താണോ പുഴ,അതുതന്നെയാവണമെന്നില്ല താങ്കൾക്ക്.അഥവാ,നിത്യവും ഉള്ളടക്കം മാറുന്ന പുഴയും കലയും ഒരോ മനസ്സിലും ഓരോ രൂപമാർജ്ജിക്കുന്നു.അപ്പോൾ പുഴയൊഴുകും വഴിയും നമുക്കുമുന്നിലെ സമസ്യയാകുന്നു,ഭൂമിയിലോ മനസ്സിലോ-വിചാ‍രത്തിലോ വികാരത്തിലോ പുഴയൊഴുകുന്നത്?
കഥകളി പോലുള്ള സങ്കരകലകളെ വാസ്തവത്തിൽ ഒരു കലാസമുച്ചയ വ്യവസ്ഥയെന്നു പറയാം.പ്രധാ‍നമായും അതിന് മൂന്നുഘടകങ്ങളുണ്ട്:
1)ആട്ടക്കഥാരൂപത്തിലുള്ള പാഠ്യം.
2)രംഗാവിഷ്കാരരൂപം.
3)ആസ്വാദനപാഠം.
രംഗാവിഷ്കാര പാഠത്തെ അപേക്ഷിച്ച് മന്ദഗതിയിലേ ആട്ടക്കഥയിൽ,പാഠ്യത്തിൽ ചരിത്രപരമായ മാറ്റങ്ങൾ കാണുന്നുള്ളൂ.എന്നാൽ രംഗ-ആസ്വാദന ഘടകങ്ങളാകട്ടെ,പരസ്പരസ്വാധീനത്തിനും സാമൂഹികമാറ്റങ്ങൾക്കും വിധേയമായി നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു.ഈ പരിണാമചരിത്രമാണ് കഥകളിസങ്കേതചരിത്രത്തിന്റെയും ഉള്ളടക്കം.ഇക്കാര്യം കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് മുമ്പേ മനോഹരമായി ചർച്ച ചെയ്തിട്ടുണ്ട്.
ഗീതാഭിനയവാദിത്രങ്ങളുടെ കലാത്മകമായ സംയോഗമാണല്ലോ കളിയരങ്ങ്.ഈ ഘടകങ്ങളുടെ(ആട്ടം,പാട്ട്,കൊട്ട്) ബന്ധങ്ങളും വിബന്ധങ്ങളുമാണ് പലപ്പോഴും രംഗാവിഷ്കരണത്തെ നിർണ്ണയിക്കുന്നത്.ഈ ഓരോ ഘടകത്തിനും സ്വതന്ത്രമായ ഒരു നിലയും മറ്റുള്ള ഘടകങ്ങളുടെ സംബന്ധി എന്ന മറ്റൊരു നിലയും ഉണ്ട്.മറ്റുള്ളവയോട് ചേർന്നാണ് തന്റെ നിലയെന്ന അവസ്ഥയെ അവഗണിച്ച് ഒറ്റക്കു വളരാനുള്ള പ്രവണത പലകാലത്തും ഇതിലോരോ ഘടകവും പ്രകടിപ്പിച്ചിട്ടുണ്ട്.അപ്പോഴാണ് ഇവക്കുണ്ടായിരുന്ന സമ്യക്കായ ഇണക്കം അവസാനിക്കുകയും,ദൃശ്യ-ശ്രാവ്യ പൊരുത്തങ്ങൾ ശിഥിലമാവുകയും,ശിൽ‌പ്പബന്ധം വിഘടിച്ച് ആസ്വാദകർക്ക് അരോചകമാവുകയും ചെയ്യുന്നത്.അത്തരം പ്രതിസന്ധിഘട്ടങ്ങളിലാണ് ഘടകകലകളിലെല്ലാം പ്രവീണനായ ഒരു ഉദ്ഗ്രഥാവ് ഇടപെടുന്നതും പലമട്ടിൽ വിഘടിച്ചുനിൽക്കുന്ന കലാഘടകങ്ങളെ ആ കലാംശങ്ങളാർജ്ജിച്ച എല്ലാ മേന്മകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ ഉദാത്തമായ ഒരു തലത്തിൽ അവയെ കൂട്ടിയിണക്കുന്നതും.മുമ്പൊരിക്കലുമില്ലാത്തവിധം,ഇത്തരത്തിലുള്ള ഒരു മഹാസംയോജനദൌത്യം നിർവ്വഹിച്ച ഉദ്ഗ്രഥാവായിരുന്നു കപ്ലിങ്ങാട്.പാ‍ട്ടും കൊട്ടും ആട്ടവും തമ്മിലുള്ള ലാവണ്യാത്മകമായ സംയോഗത്തിന് കാരണം ആ ഉദ്ഗ്രഥനമായിരുന്നു.
സമാനമായ സംയോജനധർമ്മമാണ് പട്ടിക്കാംതൊടി രാവുണ്ണിമേനോനും നിറവേറ്റിയത്.അദ്ദേഹത്തിന്റെ തന്നെ പ്രയോഗത്തിലൂടെയും,ശിഷ്യരുടെ നിരന്തരസൃഷ്ടിയിലൂടെയും ആ ഉദ്ഗ്രഥനം കഥകളിയിൽ സുപ്രതിഷ്ഠിതമാവുകയും ചെയ്തു.കുയിൽത്തൊടി ഇട്ടിരാരിച്ചമേനോന്റെ കീഴിൽ കല്ലുവഴിസമ്പ്രദായത്തിന്റെ അനുപമമായ ചൊല്ലിയാട്ടം ആർജ്ജിച്ച ശേഷം,കൊടുങ്ങല്ലൂർ കളരിയിൽ നിന്ന് നാട്യശാസ്ത്രത്തിലൂന്നിയ രസാഭിനയപദ്ധതിയും സ്വാംശീകരിച്ചാണ് പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനം കഥകളിയെ പുതുക്കിപ്പണിതത്.മൂത്തമനയുടെ ചെണ്ട,വെങ്കിച്ചൻസ്വാ‍മിയുടെ മദ്ദളം,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതം എന്നിങ്ങനെ അന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച ഘടകകലാകാരന്മാരുടെ സംയോജനമാണ് പട്ടിക്കാംതൊടിയെ അതിനു പ്രാപ്തനാക്കിയത്.പദാർത്ഥാഭിനയപ്രധാനമായ നൃത്യാവിഷ്കരണത്തിന് അനുരൂപമായ നിലയിലായിരുന്നു നളചരിതമൊഴിച്ചുള്ള ആട്ടക്കഥകളുടെയും അവയുടെ രംഗാവിഷ്കൃതിയുടെയും അവസ്ഥ,പട്ടിക്കാംതൊടി അവയെ വാക്യാർത്ഥപ്രധാനവും രസാഭിനയനിഷ്ഠവുമായ നാട്യത്തിന്റെ പദവിയിലേക്ക് ഉയർത്തി.
ആംഗികാഭിനയത്തിന്റെ വ്യാകരണം,അതിനെ ക്രമികമാക്കുന്ന താളവ്യവസ്ഥ,ഒരു താളവട്ടത്തിൽ ഇത്ര മുദ്രയെന്ന കണക്ക്,ഭാവാനുസാരിയായ കാലപ്രമാണം എന്നിവയെല്ലാം ഒത്തുചേരുന്ന പദരചനകളിലാണ് രാവുണ്ണിമേനോന്റെ പരിഷ്കരണഫലം സുവ്യക്തമാകുക.മുൻപുള്ള പോസ്റ്റിൽ നാം ചർച്ച ചെയ്ത നാട്യധർമ്മിതയുടെ പ്രത്യക്ഷരൂപമായി കഥകളി മാറുന്നത് അപ്പോഴാണ്.കിർമീരവധം ധർമ്മപുത്രരുടെ “ബാലേ കേൾ നീ” എന്ന പതിഞ്ഞപദമെടുത്താൽ,ശൃംഗാരം കലരുന്ന ശോകസ്ഥായിയിൽ ആദ്യന്തം ആവിഷ്കരിക്കേണ്ട രൂപഘടനയിലാണ് ആ പദത്തിന്റെ ചൊല്ലിയാട്ടം തന്നെ എന്നു കാണാം.വനവാസസമയത്ത് വേനലിലെ നഖം പോലും ചുട്ടുപൊള്ളുന്ന ചൂടിൽ,പൊടിനിറഞ്ഞ കാട്ടുവഴിയിലൂടെ നടക്കുമ്പോൾ പാഞ്ചാലിയെ ആശ്വസിപ്പിച്ചുകൊണ്ട് ധർമ്മപുത്രർ പറയുന്ന വാക്കുകളാണ് ആ പദം.തദനുരൂപമായ ചൊല്ലിയാട്ടശരീരം പദം ആർജ്ജിച്ചിരിക്കുന്നതു നോക്കുക-“ബാലേ കേൾ നീ മാമകവാണി കല്യേ കല്യാണീ” എന്നു നാലുതാളവട്ടത്തിൽ പാഞ്ചാലിയുടെ ദൈന്യാവസ്ഥ നോക്കിക്കണ്ട ശേഷം,ഒന്നരതാളവട്ടത്തിൽ(32+16)‘ബാലിക’എന്ന ഒറ്റ മുദ്ര പ്രത്യക്ഷമാകുന്നത് കാണുക-48മാത്ര നീളുന്ന ഒറ്റ മുദ്ര എന്നത് അത്യപൂർവ്വമാണ്.ആ ഒരൊറ്റ ‘ബാലിക’മുദ്രയിൽ തൽക്കാലത്തിന്റെ മുഴുവൻ ദൈന്യവും നിറയും.ഈ മുദ്രാവിഷ്കാരത്തെ “ദയനീയേ” എന്ന ഭാവതലത്തിൽ വേണം ആവിഷ്കരിക്കാൻ എന്ന രാവുണ്ണിമേനോന്റെ ദർശനം,സ്ഥായീഭാവത്തിലൂന്നിയ,വാക്യാർത്ഥപ്രധാനമായ നാട്യത്തെയാണ് കളിയരങ്ങിലേക്കാവാഹിച്ചത്.
എന്നാൽ,പദാർത്ഥാഭിനയസാധ്യതകളെ അതിശക്തമാം വിധം പ്രോജ്വലിപ്പിക്കുക കൂടി ഈ പരിണാമസന്ധിയുടെ അനിവാര്യതയായിരുന്നു,കഥകളിയിൽ ഒരേ ഭാവതലത്തിന്റെ തുടർച്ചകളല്ലല്ലോ ഉള്ളത്.ഏറ്റവും കഥകളീയം എന്ന് ഞാനാവർത്തിച്ചുപറയാനിഷ്ടപ്പെടുന്ന ഒരു പദം,കിർമീരവധത്തിലെത്തന്നെ കൃഷ്ണന്റെ പദമായ “കഷ്ടമഹോ” ആണ്.ദ്രുതകാലത്തിലുള്ള മുറിയടന്തയിൽ, ഓരോ വാക്കും കൃത്യമായി താളവ്യവസ്ഥയോടു ഘടിച്ച്,കലാശത്തിനു പഞ്ചാരിയിലേക്കു വീണ്…അനുപമമായ ശിൽ‌പ്പമാണത്.
അത്രമേൽ ശാസ്ത്രീയമായ ആ പരിഷ്കരണപ്രക്രിയയുടെ സദ്ഫലങ്ങളാണ് എന്നു നാം പ്രകീർത്തിക്കുന്ന ‘താര’ങ്ങളുടെയെല്ലാം നിർമ്മിതി എന്നു നിസ്സംശയം പറയാം.ഇളകിയാട്ടം,നൃത്തപ്രകരണം,അരങ്ങിലെ നില,ആഹാര്യം,ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങി എല്ലാ മണ്ഡലങ്ങളേയും ആ പരിഷ്കരണം ഉടച്ചുവാർത്തിട്ടുണ്ട്.ഈ ഉദ്ഗ്രഥനത്തിന്റെ ബലത്തിലാണ് കഥകളിവ്യാകരണത്തിൽ അത്രമേൽ കൃതകൃത്യമല്ലാത്ത രചനകളുടെ രംഗാവിഷ്കരണത്തിലും കഥകളിക്കാർ ശ്രമങ്ങൾ നടത്തിയത്.നളചരിതം,ദേവയാനീചരിതം,നിഴൽക്കുത്ത് തുടങ്ങിയ പാഠ്യങ്ങൾക്ക് കോട്ടയം കഥകളും രാവണോൽഭവം,നരകാസുരവധം തുടങ്ങിയ ശിൽ‌പ്പമാതൃകകളും നൽകിയ ഘടനാസവിശേഷതകളുടെ പിൻബലത്തിലാണ് രംഗരൂപമുണ്ടാക്കിയത് എന്നു സാരം.രസാഭിനയപ്രധാനവും വാക്യാർത്ഥപ്രധാനവുമായ നളചരിതത്തിന്റെ പ്രകൃതിക്ക് ജീവൻ ലഭിക്കുന്നതും അങ്ങനെയാണ്.അതുകൊണ്ടാണല്ലോ കലാമണ്ഡലം കൃഷ്ണൻ‌നായരുടേയും ഗോപിയുടേയും നളബാഹുകന്മാർ മറ്റാരെക്കാളും മുന്നിലെത്തിയത്.വാക്യാർത്ഥപരമായ സമീപനം അനിവാര്യമായിരുന്നു-“അതിചണ്ഡരിപുഷണ്ഡ ഗളഖണ്ഡനപണ്ഡിത ഭുജദണ്ഡ” എന്ന പദശകലം അതിചണ്ഡം,രിപുഷണ്ഡം,ഗളഖണ്ഡനം,പണ്ഡിതം,ഭുജം,ദണ്ഡം എന്നീ മുദ്രകളും ഒരു സംബോധനാമുദ്രയും കാണിച്ചാൽ സംവദിക്കപ്പെടില്ലല്ലോ. “അതിക്രൂരന്മാരായ ശത്രുക്കളുടെ സമൂഹത്തിന്റെ കഴുത്തറുക്കുന്നതിൽ സമർത്ഥങ്ങളായിരിക്കുന്ന ഭുജദണ്ഡങ്ങളോടു കൂടിയവനേ” എന്നു തന്നെ കാണിക്കണം.അപ്പോൾ മുദ്രക്കും പദാർത്ഥത്തിനും താളവ്യവസ്ഥക്കും തമ്മിൽ സമീചീനമായ യോജിപ്പിന് പ്രയാസം നേരിടുന്നു.പിന്നെ ഒരു വഴിയേ ഉള്ളൂ,ഒരു താളവട്ടം അനേകം തവണ ആവർത്തിക്കുക-നടൻ മുദ്രീകരണം പൂർത്തിയാക്കുന്നവരെ.ഈ സ്വാതന്ത്ര്യം ദുരുപയോഗിക്കുന്ന നടൻ,‘പലപാട് അഭിനയസിദ്ധികൾ’ കാണിക്കാനുള്ള ഇടമാക്കി ഇത്തരം സ്ഥലങ്ങളെ മാറ്റുന്നു.ഗായകനു ലഭിക്കുന്ന അവസരം ‘രാഗജ്ഞാനപ്രദർശന’ത്തിനുള്ള ഇടമാക്കി ദുരുപയോഗം ചെയ്യപ്പെടുന്നു.വാദകർ,ഇവരുടെ പ്രകടനങ്ങൾക്കൊപ്പം ഒരു അനുസാരിയാകുന്നു.അമിതമായ ചില വൈകാരികതകൾ,ഒട്ടിപ്പിടിക്കുന്ന പൈങ്കിളിത്തങ്ങൾ ഉൽ‌പ്പാദിപ്പിക്കപ്പെടുന്നു.അതോടെ ഘടകകലകൾ തമ്മിലുള്ള മുൻപരാമർശിച്ച ബന്ധം ഗുരുതരമാം വിധം ശിഥിലമാകുകയും,എന്നേപ്പോലുള്ള വിഡ്ഡികൾ ‘ഇതു കഥകളീയമല്ല’ എന്നു പറഞ്ഞു പോവുകയും,മോഹനെപ്പോലുള്ള ശാസ്ത്രജ്ഞാനമുള്ളവർ കഥകളിയെ നിർവ്വചിക്കാനാവശ്യപ്പെടുകയും ചെയ്യുന്നു.
ഈ സങ്കേതവ്യവസ്ഥകളെല്ലാം ഹിമാലയം പൊടിഞ്ഞുപോകും വരെ ഇങ്ങനെത്തന്നെ നിൽക്കണമെന്ന് ഒരു നിർബന്ധവുമില്ല.പരിണാമം അനിവാര്യമാണുതാനും.നളചരിതം പോലുള്ള കഥകളുടെ ധ്വന്യാത്മകമായ ഭാഷയുടെ സമർത്ഥമായ സംവേദനത്തിന് നിലവിലുള്ള കളരിപ്രകാരം മതിയാവില്ല. “അവടങ്ങൾ സങ്കടങ്ങൾ,അകമേ ദുഷ്ടമൃഗങ്ങൾ”-എങ്ങനെയാണ് ഉണ്ണായി ഉദ്ദേശിച്ച അർത്ഥതലം രംഗത്ത് സംവദിക്കേണ്ടത്?ഗോപിയെയും ശിവരാമനേയും പോലുള്ള മഹാപ്രതിഭകൾ അത്തരം പ്രതിസന്ധികളെ ഭാവപ്രകർഷങ്ങൾ കൊണ്ട് മറികടക്കുകയാണ്,അതു കളരിയുടെ വഴിയല്ല.കോട്ടയം കഥകളിലൂടെ നടന്ന് ശിൽ‌പ്പബന്ധം ശരീരത്തിനും മനസ്സിനും മന:പാഠമായിട്ടുവേണം നളചരിതത്തിലെത്താൻ എന്ന രാവുണ്ണിമേനോന്റെ നിരീക്ഷണം ഈ വെളിച്ചത്തിൽ വേണം നോക്കിക്കാണാൻ.പുതിയ പരീക്ഷണങ്ങൾ ഘടനാശിൽ‌പ്പവുമായി ബന്ധപ്പെട്ടുതന്നെ ഉയർന്നുവരേണ്ടിയിരിക്കുന്നു.കഥകളിക്കു പുറത്തുള്ള വിശാലമായ കലാപരിസരങ്ങളുമായും ആരോഗ്യകരമായ ആദാനപ്രദാനങ്ങളും ചർച്ചകളും അതിനാവശ്യമാണ്.ഒരു ചിട്ടയും കണ്ണാടിക്കാഴ്ച്ചകളായി ആവർത്തിക്കപ്പെടാനുള്ളതല്ല,ഇട്ടിരാരിച്ചമേനോൻ പഠിപ്പിച്ചതേ ഞാനരങ്ങത്തു ചെയ്യൂ എന്ന് വാശിപിടിച്ച് ഇത്തിരിവട്ടത്തിൽ പട്ടിക്കാംതൊടി ഇരുന്നിരുന്നെങ്കിൽ ഇന്നത്തെ കഥകളി ഉണ്ടാകുമായിരുന്നില്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും.

Wednesday, November 26, 2008

നാട്യധർമ്മിയും ലോകധർമ്മിയും-ചില ചിന്തകൾ

നാട്യധർമ്മി-ലോകധർമ്മി എന്നീ വാക്കുകൾ തൌര്യത്രികത്തിലെ കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി പലപ്പോഴും സംവാദത്തിലെത്തിയിട്ടുണ്ട്.ഒരു അനോനിപ്പുലി,എന്നെയും അതുവഴി വടക്കു “കൂറ്റാക്കൂരിരുട്ടത്തിരിക്കുന്ന”“താലിബാനിസ”ത്തിന്റെ വക്താക്കളെയും വിമർശിക്കാനുപയോഗിച്ച ഒരു വാദം,കുട്ടിക്കാട്ടാളന്മാരുമായും(കിരാതം)കിങ്കരന്മാരുമായും(തോരണയുദ്ധം)ആശാന്മാർ കാണിക്കുന്ന കോപ്പിരാട്ടികളൊക്കെ ‘നാട്യധർമ്മി’യാണെന്ന് വാദിക്കുന്നു എന്നാണ്.അതെവിടെയാണ് ഞാൻ പറഞ്ഞത് എന്നു കാണിച്ചുതരാൻ ഞാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പറയുന്നില്ല.അതുപോകട്ടെ,അനോനികൾ വരും പോകും.എന്തായാലും ഇത്തരം സാങ്കേതികപദങ്ങൾ വെറുതേ ഉപയോഗിക്കുന്നതിലും നല്ലതാണല്ലോ,അവയുടെ അർത്ഥതലത്തെയും,കലാരൂപങ്ങളിൽ അവയുടെ സ്ഥാനത്തെയും കുറിച്ച്
ചിന്തിച്ചുപയോഗിക്കുന്നത്.ആ ചിന്തകൾ,സുനിൽ കഴിഞ്ഞ പോസ്റ്റിലെ കമന്റിൽ ചെയ്ത,കൂടിയാട്ടത്തിൽ ലോകധർമ്മി കലർന്ന് കഥകളി എന്ന കഥകളിചരിത്ര നിരീക്ഷണത്തെയും സംവാദാത്മകമാക്കും.
നാട്യശാസ്ത്രം-ലോക-നാട്യധർമ്മികൾ
-------------------------------------------------
ത്രിലോകങ്ങളെയും സംബന്ധിക്കുന്ന ഒരു ശക്തിയായാണ് ഭരതൻ നാട്യത്തെ കാണുന്നത്.
നൈകാന്തതോത്ര ഭവതാം ദേവാനഞ്ജുഭാവനം
ത്രൈലോക്യസ്യാസ്യ സർവ്വസ്യ നാട്യം ഭാവാനുകീർത്തനം

(ദേവപ്രീതിക്കു മാത്രമായല്ല നാട്യം സ്ഥിതിചെയ്യുന്നത്,ത്രിലോകങ്ങളിലുമുള്ളവയെ അനുകരിക്കുക വഴി അത് ഏവർക്കു ആനന്ദം പകരുന്നു)
പിന്നീട് അദ്ദേഹം പറയുന്നു:
നാനാഭാവോപസമ്പന്നം നാനാവസ്ഥാന്തരാത്മകം
ലോകവൃത്താനുകരണം നാട്യമേതന്മയാകൃതം
(അതിന്റെ അനുകരണരീതികളിലൂടെ,നാട്യം മാനസികാവസ്ഥകളെക്കൂടി അനുകരിക്കുന്നു; ജീവിതത്തിന്റെ വ്യത്യസ്തമായ സന്ദർഭങ്ങളെയും അത് കാണിച്ചുതരുന്നു.)
ഇത്തരം അനുകരണത്തെ ഭരതൻ രണ്ടായി തിരിക്കുന്നു,ലോകധർമ്മിയും നാട്യധർമ്മിയും.രണ്ടിനേയും താരത‌മ്യപ്പെടുത്തി,വ്യത്യാസങ്ങൾ കണ്ടെത്തി
നിശികാന്ത് മിരാജ്കർ വിശദീകരിക്കുന്നത് ശ്രദ്ധിക്കൂ:
ലോകധർമ്മി
----------------
സ്വഭാവഭാവോപഗതം -യാഥാർത്ഥ്യത്തിലധിഷ്ഠിതം
ശുദ്ധം,അവികൃതം -ജീവിതത്തിന്റെ തനിപ്പകർപ്പ്
ലോകവാർത്തക്രിയാപേതം -വിഖ്യാതമായ സംഭവങ്ങളിൽ നിന്നെടുത്തത്
അംഗലീലാവിവർജ്ജിതം -സ്വാഭാവികചലനങ്ങൾ
സ്വഭാവാഭിനയോപേതം -സ്വാഭാവികഭാവങ്ങൾ
നാനാ പുരുഷാശ്രയം -സാധാരണ സ്ത്രീപുരുഷസ്വഭാവങ്ങളിലതിഷ്ഠിതമായത്
നാട്യധർമ്മി
---------------

അതിസത്വം-വിശേഷസ്വത്വത്തോടു കൂടിയത്
അതിഭാവകം-വിശേഷഭാവങ്ങളടങ്ങിയത്
അതിവാക്യക്രിയാപേതം-കവിയുടെ ഭാവനയിൽ നിന്നുമെടുത്തത്
ലീലാംഗഹാരാഭിനയം-ശൈലീകൃതമായ ചലനങ്ങൾ
സ്വരാലങ്കാരസംയുക്തം-അലങ്കാരപ്രയോഗങ്ങൾ
അവസ്ഥാപുരുഷാശ്രയം-സ്ത്രീപുരുഷന്മാരുടെ അവസ്ഥാസ്വഭാവങ്ങളിൽ അധിഷ്ഠിതമായത്
---------------------------------------------
ലോകധർമ്മിയും നാട്യധർമ്മിയും ലോകത്തെ തനതായ അവസ്ഥകളിൽ പ്രകാശിപ്പിക്കുന്നെങ്കിലും രണ്ടും വ്യത്യസ്തമായ വിധത്തിലാണ് അവ നിർവ്വഹിക്കുന്നത്.
പച്ചയായ മനുഷ്യജീവിതത്തെ അതേപടി ചിത്രീകരിക്കുന്ന ആവിഷ്കാരം തന്നെയാകണം പ്രാഥമികമായ കലാവതരണങ്ങൾ.അധ്വാനിക്കുന്ന മനുഷ്യന്റെ വിവിധ അവസ്ഥാന്തരങ്ങളെ പ്രകാശിപ്പിക്കുന്ന ഫോൿലോർ കലാപ്രകടനങ്ങളിൽ പലതിലും നമുക്ക് ജീവിതത്തിന്റെ യഥാതഥാവിഷ്കാരം കാണാം.ആദിവാസിനൃത്തവും ചെറുമക്കളിയും പോലുള്ള കലാരൂപങ്ങൾ ശ്രദ്ധിക്കുക-ജീവിതാഹ്ലാദങ്ങളേയും ഖേദങ്ങളേയും നേരിട്ടുസംവദിക്കുന്ന,പ്രയോക്താവും ആസ്വാദകനുമൊന്നാകുന്ന അത്തരം പ്രാചീനകലാപ്രകടനങ്ങളിൽ തന്നെ,ക്ലാസിക്കൽ എന്നു നാമിന്നു വിവക്ഷിക്കുന്ന കലാരൂപങ്ങളിലെ മിക്ക താളങ്ങളുമുണ്ട്.പ്രാഥമികമായ ചിട്ടപ്പെടുത്തലുകൾ അന്നേ സംഭവിച്ചിട്ടുമുണ്ട്. ക്രമേണ അവ ശൈലീകരണത്തിനു വിധേയമാകുന്നു.കാക്കരശ്ശിനാടകത്തിലും പൊറാട്ടിലും തെയ്യത്തിലും അർജ്ജുനനൃത്തത്തിലുമെത്തുമ്പോഴേക്ക് അവ പ്രയോക്താവിനേയും ആസ്വാദകനേയും വേർപെടുത്തുന്നതുകാണാം.,അപ്പോഴും അവ തീവ്രമായ പ്രേക്ഷകബന്ധം നിലനിർത്തി.ഒരു പൊറാട്ടും തെയ്യവും പ്രേക്ഷകരിലേക്കിറങ്ങാതെ പൂർണ്ണമാകുന്നില്ല.എന്നാൽ,സ്വച്ഛഗതിയായ താളവും അഭിനയരീതിബോധവും സംഗീതവും ചിട്ടപ്പെടുത്തലുകൾക്ക് വിധേയമാകുകയും ചെയ്തു.തോറ്റങ്ങളിലും പാങ്കളിയിലും അർജ്ജുനനൃത്തത്തിലും കണ്ടിരുന്ന പല താളങ്ങളും രാഗങ്ങളും ഇന്ന് നാമാവശേഷമായിരിക്കുന്നു.അഭിനയത്തെ നൃത്തവുമായും സംഗീതവുമായും യോജിപ്പിക്കുന്ന ആ കലാരൂപങ്ങളിലാണ് ലോകധർമ്മിയായ പ്രകാശനരീതി സുവ്യക്തമായി കാണാനാവുക.സാധാരണീകൃതമായ ചലനങ്ങളിലൂടെ ആഖ്യാനത്തെ കലാത്മകമാക്കുന്ന അഭിനയരീതി.കേരളത്തിലങ്ങോളമിങ്ങോളം പല രൂപഘടനകളെ നിർമ്മിച്ച ആ അത്ഭുതങ്ങളുടെ നൂറ്റാണ്ടുകൾ നീണ്ട ഒരു സമന്വയമാണ് കൂടിയാട്ടത്തിലെത്തിയത്.സംസ്കൃതനാടകത്തിന്റെ കേരളീയമായ ആവിഷ്കാരരൂപത്തിന് കേരളത്തിലുടനീളം വ്യാപരിച്ച കലാസംസ്കാരത്തിന്റെ പലമയെ മനോഹരമായി കൂട്ടിയിണക്കാനായി. വിദൂഷകനും നിണവും പോലെ,നിരന്തരവും അനുരൂപവുമായ ലോകധർമ്മികളെക്കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ തന്നെ,വാചികാഭിനയ ശേഷം വിസ്തരിച്ചുള്ള ആംഗികാഭിനയം ചേർന്ന് കൂടിയാട്ടം കൂടിയ(വിസ്തരിച്ചുള്ള,മികവാർന്ന)നാട്യധർമ്മിതയുടെ ആട്ടമായി.ലോകധർമ്മിയേയും നാട്യധർമ്മിയേയും വിന്യസിക്കുന്ന അനുപാതഗണിതങ്ങളിൽ ഇത്രയും തീയറ്റർ അവബോധം കാണിച്ച മറ്റൊരു കലാരൂപമില്ല.സുഭദ്രാധനഞ്ജയത്തിൽ,മണ്ണിലേക്കിറങ്ങിവന്ന സൌന്ദര്യധാമത്തെപ്പറ്റി ഏറ്റവും നാട്യധർമ്മിയായ അഭിനയം കഴിഞ്ഞുനിൽക്കുന്ന അർജ്ജുനനടുത്തെത്തി വിദൂഷകൻ(തോഴൻ)ചെയ്യുന്ന കൈ ഞൊട്ടയിടൽ ശ്രദ്ധിക്കുക,ത്രിപുടതാളത്തിലുള്ള വിന്യാസവും ലോകധർമ്മിയുടെ ഔചിത്യഗർഭമായ പ്രയോഗവും ആ രംഗത്തിന്റെ ക്ലാസിക്കൽ തനിമക്കു നൽകുന്ന അധികദീപ്തി കാണാം.
കഥകളിയും ലോക-നാട്യധർമ്മികളും
----------------------------------------------

രാമനാട്ടത്തിൽ നിന്ന് കഥകളിയിലേക്കുള്ള വികാസപാത,ലോകധർമ്മിയായ ആവിഷ്കാരപ്രകൃതിയിൽ നിന്ന് നാട്യധർമ്മിതയിലേക്കുള്ളതുകൂടിയായിരുന്നു.കപ്ലിങ്ങാട് നമ്പൂതിരിയാണ് കൂടിയാട്ടത്തിന്റെ സവിശേഷപദ്ധതികളെ കഥകളിയിലേക്ക് കൊണ്ടുവന്നത്.അതിനുമുമ്പും കഥകളിക്ക് കൂടിയാട്ടബന്ധം ഇല്ലെന്നല്ല.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെ,കഥകളിയുടെ നാട്യവ്യവസ്ഥ അത്യന്തം ശൈലീകൃതമായി.ഭരതന്റെ നാട്യധർമ്മീവിചാരങ്ങളുടെ യഥാർത്ഥ പ്രത്യക്ഷമായി കഥകളി മാറുകയായിരുന്നു,
അതിവാക്യക്രിയോപേതമതിസാത്വതിഭാവകം
ലീലംഗഹാരാഭിനയം നാട്യലക്ഷണലക്ഷിതം
സ്വരാലങ്കാരസംയുക്തമസ്വസ്ഥപുരുഷാശ്രയം
യദീദൃശം ഭവേർ‌നാട്യം നാട്യധർമ്മീ തു സാ സ്മൃതാ

(നാട്യശാസ്ത്രം)
എന്ന ഭരതന്റെ നാട്യധർമ്മീനിർവ്വചനം സമഗ്രാർത്ഥത്തിൽ പ്രത്യക്ഷമാകുന്നത് കഥകളിയിലാണ്.‘അതിവാക്യ’ത്തോടു കൂടിയതത്രേ നാട്യധർമ്മി.നാട്യധർമ്മിയായ അഭിനയത്തെ ലക്ഷ്യമിടുന്ന നാടകരൂപത്തിൽ വാക്യങ്ങൾ അതിശയോക്തി പ്രധാനമായിരിക്കും.ജീവിതത്തിലെ കേവലമായ വാക്കുകൾ പോരാ.കൈമുദ്രകൾ,നൃത്തവിശേഷങ്ങൾ എന്നിവകൊണ്ട് പ്രത്യക്ഷീകരിക്കാനാവും വിധം ‘സ്വരാലങ്കാരസംയുക്ത’മായിരിക്കണം.ആ ആവിഷ്കാരവിശേഷത്തിലാണ് ശ്രദ്ധ.ബാലിവിജയത്തിലെ രാവണന്റെ പ്രസിദ്ധപദം നോക്കുക,ബാലി രാവണൻ നിസ്സാരനാണെന്നു പറഞ്ഞു എന്ന് നാരദൻ പറഞ്ഞതു കേട്ടതാണ് സന്ദർഭം:
“ചിത്രമഹോ നമുക്കൊരു ശത്രുവുണ്ടായതും
ചിത്തമതിലോർക്കുന്നേരം സത്രപനാകുന്നു
മത്തദിഗ്ഗജങ്ങളുടെ മസ്തകം പിളർക്കും
മൽ‌കരബലം തടുപ്പാൻ ഒരു വാനരനാളാമോ?
വാനവരെ ജയിച്ചോരു മാനിയാകുമെന്നെ ഒരു-
വാനരൻ ജയിക്കയെന്നു വന്നീടുമോ പാർത്താൽ”?

ശ്രദ്ധിക്കുക-രചനയാകമാനം കേന്ദ്രീകരിച്ചിരിക്കുന്നത് വിപുലമായ ആംഗികാഭിനയസാദ്ധ്യതകളിലാണ്.മത്തദിഗ്ഗജങ്ങൾ,മസ്തകം തകർക്കൽ,കരബലം,വാനവരെ ജയിക്കൽ-ഇങ്ങനെ രാവണന്റെ വീര്യത്തെയും അഹന്തയേയും പ്രത്യക്ഷമാക്കുന്ന മുദ്രാവിന്യാസത്തിനനുസൃതമാം വിധത്തിലാണ് രചന.8മാത്രയിലുള്ള ചെമ്പടതാളത്തിൽ,ചിത്രം(വിശേഷം!)എന്ന് ആദ്യമുദ്ര പിടിച്ച്,ഇടംവലം കൈകളാൽ മാറിമാറി മെയ്യുലഞ്ഞ് വിട്ട്,വട്ടംവെച്ചുകലാശമെടുക്കുന്ന പദാരംഭത്തിന്റെ ചിട്ടപ്പെടുത്തൽ തന്നെ ആദ്യന്തം ‘അതിവാക്യ’ത്തിന്റെ ശരീരവൽക്കരണമാണ്.ഉപാംഗാഭിനയത്തിൽ മാത്രമുളവാകുന്ന ഭാവപ്രകർഷങ്ങളിലല്ല,ശരീരമാസകലം നിറയുന്ന ഭാവപ്രകർഷത്തിലാണ് കഥകളിയുടെ കണ്ണ്.ഓരോ വാക്കിനും അതു പ്രതിനിധീകരിക്കുന്ന വികാരത്തിനും അനുസൃതമായി നടന്റെ ചലനങ്ങൾ ക്രമീകരിക്കപ്പെടുന്നു.ആ വിസ്തരിച്ചുള്ള വ്യാഖ്യാനത്തിനും അഭിനയത്തിനും വേണ്ടിക്കൂടിയാണ് കഥകളിയിലെ വാചികം ഭാവസംഗീതമായി വ്യവസ്ഥപ്പെട്ടത്.
പതികാലത്തിലുള്ള ഓരോ മുദ്രയുടേയും ആവിഷ്കരണത്തിന് അങ്കുശം,വികാസം,പ്രത്യക്ഷം,നിർവ്വഹണം എന്നിങ്ങനെ നാലു ഭാഗങ്ങളുള്ളതായി കാണാം. ‘താ‍മര’എന്ന മുദ്രയെടുക്കുക-മുകുളമുദ്രയിലാരംഭിക്കുന്ന അങ്കുശം,ക്രമേണ വിരിഞ്ഞുവരുന്ന വികാസം,പൂർണ്ണമായി വിടർന്ന പ്രത്യക്ഷം,ഒന്നുകൂടി വിടർന്ന് മുദ്രയവസാനിപ്പിക്കുന്ന നിർവ്വഹണം-ഈ സന്ധികളിലൂടെ കടന്നുപോകുന്നതോടെ പ്രസ്തുതമുദ്ര സംവദിക്കുന്ന സമഗ്രമായ പദാർത്ഥത്തെ കൃത്യമായി ദ്യോതിപ്പിക്കാനാവുന്നു.അത്യന്തം നാട്യധർമ്മിയായ ഈ അവതരണസത്വമാണ് കഥകളിയുടെ ഘടനാശിൽ‌പ്പത്തിന് ജീവൻ നൽകുന്നത്.
വാക്കും ആംഗികവും ഒന്നിച്ചു ചെയ്യുമ്പോൾ അംഗഹാരസാദ്ധ്യതകൾ മുഴുവൻ പ്രയുക്തമാവുകയില്ല,ലൌകികതയിൽ നിന്ന് പൂർണ്ണമായും മുക്തമാവുകയുമില്ല.വാചകസഹിതമായതിനേക്കാൾ വാചകരഹിതമാകുന്ന ആംഗികാഭിനയത്തിന് നാട്യധർമ്മിത കൂടുന്നു.വാക്കിനൊത്ത് ചുണ്ടനക്കുന്നതു പോലും ലോകധർമ്മിയാകുമെന്നതുകൊണ്ടാണ് കഥകളിയിൽ നടന്റെ വാചികാഭിനയം നിശ്ശേഷം വർജ്ജിക്കപ്പെട്ടത്.വാചികം പിൻപാട്ടുകാരനെ ഏൽ‌പ്പിക്കുക വഴി, അത് ഭാവോന്മീലനത്തിൽ ശ്രദ്ധയൂന്നുന്ന ഗീത-വാദ്യങ്ങളിൽ പ്രയുക്തമാകുന്നു.
തെക്കൻ കളരിയുടെ ശാസ്ത്രീയതകൾ
-------------------------------------------------

വടക്കും തെക്കും തിരിഞ്ഞുള്ള കഥകളിക്കാരുടെയും ആസ്വാദകരുടേയും തിണ്ണമിടുക്കുകളിൽ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തെക്കൻ കളരിക്ക് പണ്ടുണ്ടായിരുന്ന ശാസ്ത്രീയതകൾ.പന്നിശ്ശേരി നാണുപിള്ളയുടെ ‘കഥകളിപ്രകാരം’കല്ലുവഴിക്കളരിയിൽനിന്നുദിക്കുന്നൂ ലോകം കല്ലുവഴിക്കളരിയാൽ വൃദ്ധിതേടുന്നു എന്നു വിശ്വസിച്ചിരിക്കുന്നവർ വായിക്കേണ്ട പുസ്തകമാണ്.സലജ്ജോഹത്തിന്റെ തെക്കൻ അവതരണശിൽ‌പ്പം,സൌഗന്ധികം ഭീമന്റെ വനയാത്രയുടെ ക്രമം എന്നിവ നാണുപിള്ള എഴുതിയിരിക്കുന്നത് വായിച്ചാൽ അത്ഭുതപ്പെട്ടുപോകും.കാലകേയവധവും സൌഗന്ധികവുമടക്കമുള്ള കോട്ടയം കഥകൾ കൃത്യമായ കളരിപാഠത്തോടെ പഠിപ്പിച്ചിരുന്നെന്ന് വ്യക്തം.ധർമ്മരാജയിലെ കഥകളി പരാമർശങ്ങളുടെ മുകളിലും നാമിനിയും ശ്രദ്ധിക്കേണ്ടതുണ്ട്.മമാവെങ്കിടൻ ഒരു കഥകളിചരിത്രരേഖ കൂടിയാകുന്നു.ഗുരു ചെങ്ങന്നൂർ രാമൻ പിള്ളയുടെ ‘തെക്കൻ ചിട്ടയിലെ കഥകളി അഭ്യാസക്രമ’വും പഠനാർഹം തന്നെ.
കല്ലുവഴിക്കളരിയും രാവുണ്ണിമേനോനും
-----------------------------------------------

ഇതുപറയാതെ കഥകളിയുടെ നാട്യസത്വത്തെപ്പറ്റിയുള്ള സംവാദം പൂർണ്ണമാകുകയില്ല.കുത്തനൂർ ശങ്കുപ്പണിക്കരും(ദശമുഖൻ ശങ്കുപ്പണിക്കർ)കരുമനശ്ശേരി കൃഷ്ണൻ‌കുട്ടി ഭാഗവതരും ഒളപ്പമണ്ണമനക്കൽ ചിത്രഭാനു നമ്പൂതിരിപ്പാടും ചേർന്ന് രൂപം കൊടുത്ത കല്ലുവഴിസമ്പ്രദായത്തെ ശങ്കുപ്പണിക്കരുടെ ശിഷ്യനായ ഇട്ടിരാരിച്ചമേനോനിൽ നിന്നും അദ്ദേഹത്തിന്റെ ശിഷ്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോനിലെത്തിയപ്പോൾ കല്ലുവഴിക്കളരിക്കുണ്ടായ സർവ്വാംഗീണമായ ശിൽ‌പ്പഭംഗിയും നാട്യ-രസ ദീപ്തിയുമാണ് തുടർന്നുള്ള കഥകളിയുടെ ചരിത്രത്തെ നിർണ്ണയിച്ചത്.വാഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ,കലാമണ്ഡലം കൃഷ്ണൻ നായർ,കലാമണ്ഡലം രാമൻ‌കുട്ടിനായർ,കലാമണ്ഡലം പത്മനാഭൻ നായർ എന്നീ അഞ്ചു ശിഷ്യരും അവരുടെ ശിഷ്യരുമടങ്ങുന്ന ഒരു ലോകം തന്നെ സൃഷ്ടിക്കപ്പെട്ടു.ഇതിനെല്ലാം കാരണമായത് കൊടുങ്ങല്ലൂർ കളരിയിൽ നിന്ന് പട്ടിക്കാംതൊടി സ്വാംശീകരിച്ച നാട്യശാസ്ത്രവിചാരങ്ങളും അവയുടെ വെളിച്ചത്തിൽ അദ്ദേഹം നടത്തിയ ഉദ്ഗ്രഥനവുമായിരുന്നു.പദാർത്ഥാഭിനയത്തിൽ നിന്ന് വാക്യാർത്ഥാഭിനയത്തിലേക്കുള്ള സാർത്ഥകമായ വളർച്ച കൂടിയാണത്.കിർമീരവധത്തിലെ “ബാലേ കേൾ നീ”എന്ന പദത്തിലെ ‘ബാലേ’ എന്ന സംബോധന നളചരിതത്തിലെ “കുവലയവിലോചനേ ബാലേ”യിലെ ‘ബാലേ’അല്ല എന്നും,പ്രസ്തുത അവസരത്തിൽ ‘ബാലേ’എന്ന വാക്കിന് “ദയനീയേ”എന്ന് അർത്ഥമാക്കണമെന്നുമുള്ള പട്ടിക്കാംതൊടിയുടെ നിരീക്ഷണത്തെ വാക്യാർത്ഥാഭിനയത്തിലേക്ക് വളരുന്ന കഥകളിയുടെ വീക്ഷണവെട്ടത്തിൽ വേണം നോക്കിക്കാണാൻ.അനുപമമായ ഒതുക്കവും സങ്കേതത്തിന്റെ എല്ലുറപ്പും കഥകളിയിൽ ദൃശ്യമാകുന്നത് പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനങ്ങളോടെയാണ്.ആ എല്ലുറപ്പിന്റെ ബലമാണ് ഇന്നും കഥകളിയുടെ ജീവനെന്ന് നിസ്സംശയം പറയാം.
കഥകളിയിലെ ലോകധർമ്മികൾ
------------------------------------------

കഥകളി ആദ്യന്തം നാട്യധർമ്മിയായ ഒരു കലാരൂപമാണോ?അല്ലേയല്ല,കഥകളി കേരളത്തിന്റെ കലാസമ്പത്തിന്റെ ഒരു സമർത്ഥശേഖരണമാണ്.നാട്ടകപ്പൊലിമകളിൽ നിന്ന്, ജനപദവിജ്ഞാനീയത്തിൽ നിന്ന് കഥകളി സ്വാംശീകരിച്ച ലോകധർമ്മികൾ കൂടി ചേരുമ്പോഴാണ് കളിയരങ്ങ് പൂർണ്ണമാകുന്നത്.നിണവും,ഭീരുവും,ആശാരിയും,മന്ത്രവാദിയും,ആനക്കാരനും,മണ്ണാനും മണ്ണാത്തിയും,മാപ്പിളയും,കുട്ടിക്കാട്ടാളരും,ഭദ്രകാളിയും,പൂജാബ്രാഹ്മണരും,ഭൂതഗണങ്ങളും,ഗോപാലകരും,വൃദ്ധയും,രാവണകിങ്കരന്മാരും-അങ്ങനെ നിരവധി കഥാപാത്രങ്ങളിലായി പകരുന്ന ലോകധർമ്മിയായ ആവിഷ്കാര പ്രകൃതിയും കഥകളിക്കു സ്വന്തമാണ്.ആദ്യന്തം നാട്യധർമ്മിതയാർന്ന ആവിഷ്കാരശിൽ‌പ്പങ്ങളായി കഥകളിയിൽ അപൂർവ്വം കഥാപാത്രങ്ങളേയുള്ളൂ,അവ മാത്രം ചേരുന്നതല്ല കഥകളി.സലജ്ജോഹം കേമമാണ്,ആദ്യന്തം നാട്യധർമ്മിയാണ്-എന്നാൽ‌പ്പിന്നെ പുലരും വരെ സലജ്ജോഹം തന്നെയാവാം-അങ്ങനെയല്ലല്ലോ കഥകളിയുടെ അവതരണഘടന.പുലരി വെളിച്ചം പടരുന്ന സമയത്തെ കുട്ടിക്കാട്ടാളന്മാരുടെ കൂക്കുവിളികളിലും കൂടിയാണ് കളിയരങ്ങിന്റെ ലാവണ്യം സഫലമാകുന്നത്.
പുതിയ അവതരണരീതിയുടെ പരിമിതികൾ ലോകധർമ്മിയായ നിരവധി ചാരുതകളെ കളിയരങ്ങിൽ നിന്ന് കളയുന്നുണ്ട്.ഒരു നിണം അവതരിപ്പിക്കുക എന്ന ‘റിസ്ക്’ഇന്നു പൊതുവേ ഒരു സംഘാടകരും ആഗ്രഹിക്കുന്ന ഒന്നല്ല.കട്ടയുടച്ചിട്ട പാടങ്ങളിൽ നമുക്ക് തെങ്ങിൻ പട്ട കൊണ്ട് തീയിട്ട് കാർക്കോടകനു തീയൊരുക്കാമായിരുന്നു,ഓഡിറ്റോറിയത്തിൽ അതു “ഫോൿലോർ തനിമ”യാണ് എന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല,നടപ്പില്ല.
നാട്യധർമ്മിയെന്നാൽ അതിമഹത്തരവും,ലോകധർമ്മിയെന്നാൽ പുച്ഛിക്കപ്പെടേണ്ടതും ഇല്ലാതാക്കപ്പെടേണ്ടതും-ഈ ധാരണ സമ്പൂർണ്ണ വങ്കത്തമാണെന്ന് ഇനി പറയേണ്ടതില്ലല്ലോ.
ലൌകികം-ലോകധർമ്മി-നാട്യധർമ്മി
-------------------------------------------------

ശ്രീ,കാവാലം നാരായണപ്പണിക്കരുടെ അർത്ഥഗഭീരമായ ഒരു ദർശനത്തിന്റെ ചിന്തയോടെ ഈ പോസ്റ്റിന് ധനാശിയാകുന്നു. “ലൌകികത്തിൽ നിന്ന് ലോകധർമ്മിയിലേക്കുള്ളതിലും ദൂരമുണ്ട്,ലോകധർമ്മിയിൽ നിന്ന് നാട്യധർമ്മിയിലേക്ക്.കാക്കരശ്ശിനാടകം മുതൽ കഥകളി വരെ,ആ ദൂരമത്രയും നടന്നുതീർത്തു,മലയാളിയുടെ സർഗ്ഗ പ്രതിഭ”(ഓർമ്മയിൽ നിന്ന്-വാചകഘടനയിൽ വ്യത്യാസമുണ്ടാകാം)
റഫറൻസ്:നാട്യശാസ്ത്രം-ഭരതൻ
നാട്യശാസ്ത്രപഠനം-നിശികാന്ത് മിരാജ്കർ
ചൊല്ലിയാട്ടം-കലാമണ്ഡലം പത്മനാഭൻ നായർ
കഥകളിപ്രകാരം-പന്നിശ്ശേരി നാണുപിള്ള
തെക്കൻ ചിട്ടയിലെ അഭ്യാസക്രമം-ചെങ്ങന്നൂർ രാമൻ പിള്ള

Saturday, November 22, 2008

കൃഷ്ണലീലയും അരങ്ങിന്റെ വികാസപരിണാമങ്ങളും

സമകാലീനകഥകളിയിൽ വന്ന പുതിയ കഥകളിൽ ശ്രദ്ധേയമായ ഒന്നാണ് ഡോ.പി.വേണുഗോപാലൻ രചിച്ച കൃഷ്ണലീല.രചനയിൽ വലിയ കവിത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും,കഥകളിയരങ്ങിനെന്തുവേണം എന്ന ബോധം കൃഷ്ണലീലയുടെ രചനാശിൽ‌പ്പത്തിനുണ്ട്.കൃഷ്ണലീലയെപ്പറ്റി ഹരീയുടെ പോസ്റ്റിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തപ്പോഴാണ് ഇത്തരം ഭാവനകളുടെ ഇടപെടലുകളെപ്പറ്റി കൂടുതൽ ചിന്തിച്ചത്,അവയൊരു പോസ്റ്റാക്കാൻ ഹരീ ആവശ്യപ്പെടുകയും ചെയ്തു.ഭക്തിപ്രസ്ഥാനത്തിന്റെ ബൈപ്രൊഡക്റ്റാണ് കഥകളി എന്നൊക്കെ ചിലർ നിരീക്ഷിക്കുന്നതും കണ്ടു.കൃഷ്ണലീല ഉയർത്തുന്ന പ്രശ്നങ്ങളുടെ സംവാദത്തിന് കഥകളിയുടെ ചരിത്രത്തോളം വേരുകളുണ്ട്.കളിയരങ്ങിന്റെ വികാസപരിണാമങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഒരു ചരിത്രപശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുമ്പോഴാണ് കൃഷ്ണലീലയുടെ രാഷ്ട്രീയം സുവ്യക്തമാവുക.അൽ‌പ്പം ചരിത്രം:
രാമനാട്ടത്തിന്റെ ഉരുവം,വളർച്ച
-----------------------------------------
എ.ഡി.പതിനേഴാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന കൊട്ടാരക്കരത്തമ്പുരാൻ രൂപം കൊടുത്ത രാമനാട്ടമെന്ന കഥകളിയുടെ പ്രാഗ്‌രൂപത്തിന്,വെട്ടത്തുരാജാവിന്റെ കൃഷ്ണനാട്ടക്കാരെ വിട്ടുകൊടുക്കാത്ത വാശിയിൽ സൃഷ്ടിക്കപ്പെട്ട കലാരൂപമാണെന്ന് ഐതിഹ്യമുണ്ട്.അതിലെ ശരിതെറ്റുകളെന്തായാലും കൊട്ടാരക്കരത്തമ്പുരാന്റെ ഉദ്ദേശം കൃത്യമായി എന്തായിരുന്നുവെന്ന് നമുക്കിന്നറിയില്ല.ആയോധനക്കളരികളിൽ മുറക്ക് അഭ്യാസം നടത്താതെ ആലസ്യത്തിലമർന്ന ഭടന്മാരെ ലളിതമായ നിലയിൽ,ഒരു കലാരൂപമെന്നവണ്ണം അഭ്യാസവും അടവുകളും ചെയ്യിക്കുകയായിരുന്നുവോ തമ്പുരാന്റെ ലക്ഷ്യം? പുത്രകാമേഷ്ടി മുതൽ യുദ്ധം വരെയുള്ള എട്ട് കഥകളായി രാമായണത്തെ മുഴുവൻ രാമനാട്ടമെന്ന തന്റെ പുതിയ കലാശിൽ‌പ്പത്തിനുള്ള പാഠരൂപമായി രചിച്ച കൊട്ടാരക്കരത്തമ്പുരാൻ,തന്റെ കലാരൂപത്തിന്റെ രംഗശിൽ‌പ്പത്തിന് നൽകിയ ആഹാര്യം,സംഗീതം,വാദ്യം തുടങ്ങിയവയെല്ലാം ഇന്നും തർക്കവിഷയങ്ങളാണ്.കൂടിയാട്ടത്തോടുള്ള അടുപ്പം രചനയിൽ തന്നെ പലയിടത്തും സുവ്യക്തമാണ്,തോരണയുദ്ധമെന്ന പേരു മുതൽ,അവതരണസങ്കേതത്തിലും ആശ്ചര്യചൂഡാമണി,അത്ഭുതാംഗുലീയം എന്നിങ്ങനെയുള്ള പേരുകളിലും വരെ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയോടും ഭാസന്റെ അശോകവനികാങ്കത്തോടുമുള്ള സ്വാധീനം പ്രകടമാണല്ലോ.ക്രമേണ രാമനാട്ടം കഥകളിയായി പരിണമിക്കുകയും,കൊട്ടാരക്കരത്തമ്പുരാന്റെ മൂന്നുകഥകളൊഴിച്ചുള്ള(സീതാസ്വയംവരം,തോരണയുദ്ധം,ബാലിവധം)രാമനാട്ടകഥകൾ അരങ്ങിൽ നിന്നു മാഞ്ഞുപോവുകയും ചെയ്തു.
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിനു ശേഷമാണ് കഥകളിയുടെ തുടർന്നുള്ള ചരിത്രത്തിനു മുഴുവൻ നിയാമകശക്തിയായി വർത്തിച്ച കോട്ടയത്തുതമ്പുരാന്റെ കഥകൾ രംഗത്തെത്തുന്നത്.മഹാഭാ‍രതത്തിൽ നിന്നു കഥയെടുത്തതോടെ തന്നെ,രാമനാട്ടമെന്ന പേരിന്റെ അവസാനമായിരുന്നു.ബകവധം,കിർമീരവധം,നിവാതകവചകാലകേയവധം,കല്യാണസൌഗന്ധികം എന്നിങ്ങനെ കോട്ടയം തമ്പുരാൻ നിർമ്മിച്ച നാല് ആട്ടക്കഥകളുടെ ശിൽ‌പ്പഘടനയാണ് തുടർന്ന് കഥകളിയുടെ സങ്കേതരൂപത്തിനടിസ്ഥാനമായത്.തുടർന്നുവന്ന കാർത്തികതിരുനാളിന്റെയും കല്ലൂർ നമ്പൂതിരിപ്പാടിന്റെയുമൊക്കെ കളിയരങ്ങിനെപ്പറ്റിയുള്ള ദർശനം കോട്ടയം കഥകളുടെ ആവിഷ്കാരശാസ്ത്രത്തിലതിഷ്ഠിതമായിരുന്നു.പിന്നീട് പല ആട്ടക്കഥാകൃത്തുക്കളിലൂടെയും,പരിഷ്കർത്താക്കളിലൂടെയും കഥകളി വളർന്നു.കോട്ടയം കഥകളിലെ സാത്വികപ്രകൃതികളായ പച്ചവേഷനായകർക്കുപകരം,രാജസപ്രൌഡിയുള്ള പ്രതിനായകർ അരങ്ങിനെ പിടിച്ചെടുത്തു.ഉൽഭവം,ബാലിവിജയം,കാർത്തവീര്യാർജ്ജുനവിജയം,ബാലിവധം,രാവണവിജയം എന്നിവയിലെ രാവണന്മാരും,നരകാസുരൻ,കീചകൻ,ദുര്യോധനൻ തുടങ്ങിയ വേഷങ്ങളും ചേർന്നതോടെ,കളിയരങ്ങ് കലാത്മകമായ വഴിത്തിരിവുകളിലേക്ക് പ്രവേശിച്ചു.ഇതിനിടയിൽ,ഒറ്റപ്പെട്ടതെങ്കിലും ആർക്കുമവഗണിക്കാനാവാത്ത ശബ്ദമായി,നളചരിതമെന്ന ദ്വീപ് നിലകൊണ്ടു.
ആസ്വാദനവും രക്ഷാകർതൃത്വവും
-----------------------------------------

കഥാഗതിയുടെ അനുക്രമവികാസത്തെ ഗൌനിക്കാത്ത ആസ്വാദനരീതി ഇന്നു കളിയരങ്ങിനു മുന്നിൽ സുലഭമാണെങ്കിലും,രാമനാട്ടകാലത്തും അങ്ങനെയായിരുന്നുവെന്ന് പറയാനാവില്ല.ശ്രീരാമകഥയെ അനുഗുണമായ പരിണാമഗുപ്തികൾ സഹിതം,അരങ്ങിലാടുന്ന ഒരു രീതി ഉണ്ടായിരുന്നിരിക്കാം.ഏതായാലും ക്രമേണ അത് അന്യമാവുകയും,അരങ്ങിന് അനുയോജ്യമായ,അവതരണസാധ്യതയുള്ള ഭാഗങ്ങൾ വിസ്തരിച്ചഭിനയിക്കുന്ന രീതിശാസ്ത്രം രൂപപ്പെടുകയും ചെയ്തു.കിർമീരവധത്തിലെ കിർമീരനേയോ,കാലകേയവധത്തിലെ കാലകേയനേയോ വധിക്കൽ പ്രധാനമല്ലെന്നുവന്നു.വിശ്രവസ്സു മുതൽ രാവണവരലബ്ധിവരെയുള്ള ദീർഘമായ കഥാലോകത്തെയാകമാനം,ഒരു ഫ്ലാഷ്ബാക്കിൽ നിബന്ധിക്കുന്ന ഉൽഭവം രാവണന്റെ തപസ്സാട്ടത്തോളമെത്തി,കാര്യങ്ങൾ.ആസ്വാദനത്തിൽ ലാവണ്യവാദം നിറഞ്ഞു.കാലകേയവധമെങ്ങനെയുണ്ടായിരുന്നു എന്നതിനു പകരം സലജ്ജോഹമെങ്ങനെയുണ്ടായിരുന്നു,സുഭദ്രാഹരണമെങ്ങനെയുണ്ടായിരുന്നു എന്നതിനുപകരം കുന്തളഭരമെങ്ങനെയുണ്ടായിരുന്നു,നരകാസുരവധമെങ്ങനെയുണ്ടായിരുന്നു എന്നതിനു പകരം കേകിയെങ്ങനെയുണ്ടായിരുന്നു എന്നിങ്ങനെ ചോദ്യങ്ങൾ മാറിമറിഞ്ഞു.സ്വാഭാവികമായും അതേ നിലയിൽ രാമനാട്ടകഥകളുടെയും ആവിഷ്കാരം രൂപാന്തരപ്പെട്ടു.ബാലിവധം കഥയിലെ നായകൻ രാമനായിരിക്കാം,പക്ഷേ പ്രധാനവേഷങ്ങൾ രാവണനും ബാലിയുമാണെന്നുവന്നു.തോരണയുദ്ധത്തിൽ മുൻപേ,കൂടിയാട്ടത്തിൽതന്നെ,അഴകിയരാവണന് പ്രധാനവേഷസ്ഥാനമുണ്ട്.സീതാസ്വയംവരം പരശുരാമന്റെ വീരചരിതമായി.
ഫ്യൂഡൽ കാലത്തിന്റെ സൃഷ്ടിയായതിനാൽ തന്നെ,കഥകളിയുടെ സംരക്ഷണവും രക്ഷാകർതൃത്വവും ഫ്യൂഡൽ പ്രഭുക്കളിലായി.മനക്കിൽ ഒരാനയുണ്ട് എന്ന പോലെ ഒരു പ്രൌഡിയായി,ആഢ്യന്മാർക്ക് മനക്കിൽ ഒരു കളിയോഗമുണ്ടെന്നതും.സ്വാഭാവികമായും ഉപരിവർഗത്തിന്റെ സ്വഭാവം ആവിഷ്കാരത്തിലും ആസ്വാദനത്തിലും വന്നു.നമ്പൂതിരികൾക്ക് കഥകളി കളിക്കാനല്ല,കളിപ്പിക്കാനായിരുന്നു പൊതുവേ താല്പര്യമെന്നും കൂടെ തിരിച്ചറിയേണ്ടതുണ്ട്.കളിച്ചവരിൽ ഭൂരിപക്ഷവും നായന്മാരെക്കെത്തന്നെയായിരുന്നു.ബാലിഓയ്ക്കനും,കപ്ലിങ്ങാടും ഇങ്ങേയറ്റത്തു മാങ്കുളവും നെല്ലിയോടും വരെ അപവാദങ്ങളുണ്ടെങ്കിലും.
ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ നടന്ന ഫ്യൂഡലിസത്തിന്റെ തകർച്ച,കഥകളിയുടെ ഉടമസ്ഥാവകാശം ഫ്യൂഡൽ പ്രഭുക്കളിൽ നിന്ന് സാമൂഹ്യ‌ഉടമസ്ഥതയിലേക്ക് കൊണ്ടുവന്നു. ‘പ്രവൃത്തി’എന്ന നിലയിൽ നിന്ന് ‘കലാപ്രകടനം’എന്ന നിലയിലേക്ക് കഥകളിയുടെ പരിപ്രേക്ഷ്യം വളരുകയായിരുന്നു. കലാമണ്ഡലമെന്ന സ്ഥാപനത്തിന്റെ ഉൽഭവവും വളർച്ചയും കളിയരങ്ങിന്റെ ചാരുതകളെ ദേശാന്തരങ്ങളിലെത്തിച്ചു. ലോകമൊട്ടാകെ കഥകളിയെന്ന വിസ്മയം കണ്ട് കോരിത്തരിച്ചു.
ആത്മീയതയുടെ നിരാസം
--------------------------------

രാമന്റെ കഥാഖ്യാനവും,അതു വഴി രാമഭക്തിയുടെ വളർച്ചയുമായിരുന്നുവോ കൊട്ടാരക്കരത്തമ്പുരാന്റെ പ്രധാനലക്ഷ്യമെന്ന് നമുക്കുറപ്പില്ല.ഏതായാലും അതായിരുന്നു ലക്ഷ്യമെങ്കിൽ കഥകളി അതിനുമുകളിൽ പറന്നു.രാമനാട്ടകഥകളിലവശേഷിച്ചവയിൽ പോലും രാമൻ കുട്ടിത്തരം വേഷമായി.
പ്രതിനായകസങ്കൽ‌പ്പനത്തിന്റെ വളർച്ച,കഥകളിയും ആത്മീയതയുമായി ബന്ധിപ്പിക്കാവുന്ന അവസാനകണ്ണികളേയും മുറിച്ചുകളഞ്ഞു.കേരളചരിത്രത്തിലെ ഗതിഗതികളുമായി പ്രതിനായകപ്രധാനമായി മാറിയ കളിയരങ്ങിനെ ചേർത്തുവായിക്കുന്ന രചനകൾ കൂടി വന്നുകഴിഞ്ഞു.(ഓർമ്മയിലെ ഉൽഭവം-ഡോ.നാരായണൻ)എല്ലാ കഥകളിയുടെ മൂല്യസങ്കൽ‌പ്പങ്ങൾക്കും കുറുകേ വിദഗ്ധമായി സഞ്ചരിച്ച നളചരിതമാകട്ടെ,ഭക്തിമാർഗത്തിന്റെ ദുർബലമായ നൂലിഴകളെക്കൂടി അറുത്തുമുറിക്കത്തക്ക പ്രണയം നിറഞ്ഞ രചനയായിരുന്നു.
സന്താനഗോപാലം,രുഗ്മാംഗദചരിതം എന്നീ രണ്ടു കൃതികളിൽ മണ്ടകപ്പിള്ളി ഇട്ടിരാരിച്ചമേനോൻ എന്ന കവി ലക്ഷ്യമിട്ടിരിക്കാവുന്ന വിഷ്ണുഭക്തി പോലും അതിന്റെ പൂർണ്ണതലത്തിൽ കഥകളി സംവദിച്ചിട്ടില്ല.രുഗ്മാംഗദന്റെ വിഷ്ണുഭക്തി പാരമ്യതയിലല്ല,മകനെ കൊന്നും സത്യം പാലിക്കേണ്ടി വന്ന രുഗ്മാംഗദന്റെയും,ബ്രഹ്മവാചാൽ ഈ കൊടും പാതകം ചെയ്യേണ്ടിവന്ന മോഹിനിയുടെ പശ്ചാത്താപത്തിലുമാണ് കളിയരങ്ങിന്റെ കണ്ണുടക്കിയത്.സന്താനഗോപാലത്തിലെ കഥാതന്തു മുഴുവനായും കൃഷ്ണഭക്തിയിൽ കോർത്തെടുത്തതെങ്കിലും,ബ്രാഹ്മണനെന്ന ആ അനുപമമായ പാത്രപ്രകൃതിയിലും,അർജ്ജുനന്റെ ഗർവ്വഭംഗത്തിലുമല്ലേ അരങ്ങ് ശ്രദ്ധിക്കുന്നത്? കുചേലവൃത്തമാണ് പൂർണ്ണമായും ഭക്തിമാർഗേന രചനയും രംഗവും പ്രകാശിതമാകുന്ന കഥകളിയായി ആകെ നമുക്കു മുന്നിലുള്ളത്.
കളിയരങ്ങിനു മുന്നിലെ ആസ്വാദകരെന്നും പല മട്ടായിരുന്നു.ചിലർ ദുര്യോധനവധം കൃഷ്ണനു മുന്നിൽ തൊഴുതുനിൽക്കും,ചിലർ കുചേലസദ്ഗതി കണ്ട് നാമം ജപിക്കും.അതു കണ്ട് കഥകളി ഭക്തിസംവർദ്ധനോപാധിയാണ് എന്നു പറയുന്നത് വിഡ്ഡിത്തമായിരിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കളിയരങ്ങിലാകമാനം വ്യാപിച്ച ഒരുതരം പൈങ്കിളിവൽക്കരണത്തെയും കണാതിരുന്നുകൂടാ.കർണ്ണശപഥം പോലെ,കഥകളിയുടെ ആവിഷ്കാരത്തെ നശിപ്പിക്കുന്ന ചില വൈറസുകൾക്ക് വലിയ പ്രചാരം ലഭിക്കുകയും,ചിട്ടക്കഥകളായ കോട്ടയം കഥകളെപ്പോലുള്ളവയൊക്കെ കളരിയിൽ മതി,അരങ്ങത്തു വേണ്ട എന്ന വാദം ശക്തമാവുകയും ചെയ്ത കാലം.തൊണ്ണൂറുകളിൽ നടന്ന ഒരു നവജാഗരണമാണ് സങ്കേതത്തികവുള്ള കഥകളെ വീണ്ടും അരങ്ങിലേക്കാനയിച്ചത്.അതിനിടക്ക് അവയ്ക്കരങ്ങുകളേ ഉണ്ടായില്ലെന്നല്ല.തൊണ്ണൂറുകൾ മുതൽ,കോട്ടയം കഥകളും സുഭദ്രാഹരണം അർജ്ജുനനുമൊക്കെ വീണ്ടും അരങ്ങിലെത്തുകയും,കഥകളിയുടെ ഘടനാശാസ്ത്രം രംഗത്ത് പ്രയോഗിച്ച് സ്ഫുടീകരിക്കാനുള്ള അവസരം കലാകാരനും,അവ കണ്ട് കഥകളിയുടെ ശിൽ‌പ്പത്തെ തിരിച്ചറിയാനുള്ള അവസരം ആസ്വാദകർക്കും ലഭിക്കുകയും ചെയ്തു.
കൃഷ്ണലീല-ആത്മീയതയിലേക്കുള്ള തിരിവ്
-----------------------------------------------------

ഡോ.പി.വേണുഗോപാലൻ രചിച്ച കൃഷ്ണലീല,മികച്ച ചിട്ടപ്പെടുത്തലോടു കൂടി അരങ്ങുകണ്ട അപൂർവ്വം പുതുകഥകളികളിലൊന്നാണ്.കംസവധത്തിനും മാതാപിതാക്കളെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചതിനും ശേഷം,കൃഷ്ണൻ ദേവകിയുടെ അടുത്തെത്തുന്നു.ദേവകി,എനിക്ക് നിന്റെ ബാല്യകാലലീലകളൊന്നും കാണാനായില്ലല്ലോ എന്ന് കൃഷ്ണനോട് പരിതപിക്കുന്നു.കൃഷ്ണൻ,തന്നെ വളർത്തിയ അമ്മയായ യശോദ തന്നെക്കാണാനായി ദ്വാരകയിലെത്തിയിട്ടുണ്ടെന്നും,യശോദ ഉടനേ ദേവകിയെ കാണാനെത്തും,അപ്പോൾ യശോദ തന്റെ ബാലലീലകളെല്ലാം അമ്മക്ക് പറഞ്ഞുതരും എന്നു പറഞ്ഞ് വിടവാങ്ങുന്നു.ദേവകീസമീപത്തെത്തുന്ന യശോദയോട് കൃഷ്ണന്റെ ബാലലീലകൾ വിവരിക്കാൻ ദേവകി ആവശ്യപ്പെട്ട പ്രകാരം,യശോദ ‘നന്ദകുമാരലീല’കളോരോന്നായി,സവിസ്തരം ദേവകിയോട് വിവരിക്കുന്നു.അവയെല്ലാം കേട്ട് ആനന്ദിക്കുന്ന ദേവകിക്കും യശോദക്കും മുന്നിലേക്ക്,കൃഷ്ണൻ വന്നെത്തുന്നു.കണ്ണീരോടെ യശോദ തിരികേ വൃന്ദാവനത്തിലേക്ക് യാത്രയാവുന്നു.കൃഷ്ണലീല കണ്ട് ഹരീ എഴുതിയ റിവ്യൂ ഇവിടെ വായിക്കാം.
ഗോകുലത്തിലെ കണ്ണനിൽ നിന്ന് രാഷ്ട്രീയകൃഷ്ണനിലേക്കുള്ള പരിണാമസന്ധിയിലാണ് കൃഷ്ണലീലയുടെ ഭാവനാപരിസരം.വൃന്ദാവനത്തിലെ കണ്ണൻ എന്നേക്കുമായി അവസാനിക്കുന്നു.കൂർമ്മബുദ്ധിയും രാഷ്ട്രതന്ത്രജ്ഞനുമായ യാദവരാജാവ് ജനിക്കുന്നു.ഈ പരിണാമസന്ധിയിൽ നിന്ന് കുരുക്ഷേത്രം വരെയും,അവസാനം ഒരു വനവേടന്റെ ലക്ഷ്യം തെറ്റിയ അസ്ത്രം വരെയും കൃഷ്ണനു പിന്മടക്കവുമില്ല.ആ പ്രത്യായനമില്ലാത്ത യാത്രയുടെ തുടക്കത്തിലാണ്,വേണുഗോപാലൻ മറ്റൊരു വശം ചിന്തിക്കുന്നത്,ആ മുഹൂർത്തത്തിൽ രണ്ട് അമ്മമാരും കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും?ഒരമ്മ ജനിച്ച ശേഷമിന്നോളം പുത്രനെ കാണാനാകാതെ,കാരാഗൃഹത്തിൽ നീറിക്കഴിഞ്ഞ്,അവസാനം മോചിതയായിരിക്കുന്നു.മറ്റൊരമ്മയാകട്ടെ,സ്നേഹക്കടൽ കടഞ്ഞ വെണ്ണ കൊടുത്തു വളർത്തിയ ഉണ്ണിക്കണ്ണൻ ഇനിയൊരിക്കലും മടക്കമില്ലാത്തവിധം പിരിഞ്ഞുപോകുന്ന തീവ്രദു:ഖത്തിൽ നിൽക്കുന്നു.ഈ വൈകാരിക സംഘട്ടനത്തെ സമർത്ഥമായി ചിത്രീകരിക്കുന്ന കഥകളിയാണ് കൃഷ്ണലീല. ‘നന്ദകുമാരലീലകൾ’എന്ന യശോദയുടെ പദത്തിൽ,മിക്ക കൃഷ്ണന്റെ ബാലലീലകളിൽ പ്രധാനപ്പെട്ടവയെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു.ഒരു ഒന്നാം കിട സ്ത്രീവേഷക്കാരനു കൂടി വെല്ലുവിളിയുയർത്തത്തക്കവിധം മനോഹരമായി ആ പദം ചിട്ടപ്പെടുത്തിയിരിക്കുന്നു.
സമഷ്ടിയിൽ നിന്ന് വ്യഷ്ടിയിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം,ഗൌരവമായ രാഷ്ട്രീയധ്വനികൾ ഉൾക്കൊള്ളുന്നതാണ്.പൂതനക്ക് മോക്ഷം കൊടുക്കുകയും,ഉണ്ണിവായിൽ ഈരേഴുകലവും കാണുകയും,ഗോവർധനഗിരി കൈകളിലുയർത്തുകയും,ഉരലു വലിച്ചു നീങ്ങി രാക്ഷസന്മാർക്ക് സദ്ഗതി നൽകുകയും ചെയ്യുന്ന കണ്ണന്റെ അമാനുഷികപ്രവൃത്തികളുടെ ആഖ്യാനം ഉയർത്തുന്ന ആത്മീയത,സ്പഷ്ടമാണ്.രാഷ്ട്രീയജീവിതത്തിലേക്കിറങ്ങുന്നവനു നഷ്ടമാകുന്ന അമ്മയും പൂർവ്വ ലാവണ്യങ്ങളും സംബന്ധിച്ച നഷ്ടവിചാരങ്ങളുടെ ലീനധ്വനികൾ കൃഷ്ണലീലയിലാകമാനമുണ്ട്.ഭംഗിയായി ചിട്ടപ്പെടുത്തപ്പെട്ടെങ്കിലും അരങ്ങിലാകമാനം നിറയുന്ന വൈകാരികതയുടെ ബാഹ്യസ്പർശിയായ സ്വഭാവം,ചിട്ടപ്രകാരത്തിലുള്ള നാട്യധർമ്മിതയെക്കൂടി ശിഥിലമാക്കുന്നു.നാം മുൻപു പരിശോധിച്ച കഥകളിയുടെ രംഗചരിത്രം തിരസ്കരിച്ച ആത്മീയതയുടെ അധികാരം,പരോക്ഷമായി കൃഷ്ണലീല തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു.
കൃഷ്ണലീല കണ്ട് തീരുമ്പോൾ,ആ യശോദയുടെ വിടവാങ്ങൽ രംഗം കണ്ട് കണ്ണുനിറയുന്ന നിരവധി സഹൃദയരെ ഞാൻ സദസ്സിൽ കണ്ടു.കണ്ണു നിറയുന്ന സാത്മീകരണം കഥകളിയുടെ വഴിയല്ല.അതു കഥകളിയെപ്പോലെ ശൈലീകരണത്തിന്റെ രംഗസുഷമകളിലൂന്നിയ ഒരു ക്ലാസിക്കൽ കലയെ മുന്നോട്ടു നയിക്കുകയുമില്ല.

Monday, November 17, 2008

ഒരു നൂറരങ്ങ്-ധ്വനി നഷ്ട വിചാരങ്ങളും-ഭാഗം- 2


എതിരൻ കതിരവൻ കഴിഞ്ഞ പോസ്റ്റിലിട്ട ഒരു കമന്റിലെ ആശയത്തിൽ നിന്നാവട്ടെ,ഈ രണ്ടാം ഭാഗത്തിന്റെ തുടക്കം. “ഇല്ലത്തുനിന്നറങ്ങുകയും ചെയ്തു,അമ്മാത്തൊട്ടെത്തിയതുമില്ല”എന്ന മട്ടിലാണ് കഥകളിയുടെ ആവിഷ്കാര പ്രകാരം നിലകൊള്ളുന്നത് എന്ന കാഴ്ച്ച ചിന്തിപ്പിക്കുന്നതാണ്.ഒരാളും നളനെന്തുസംഭവിച്ചു,ദുര്യോധനനെന്തുസംഭവിച്ചു എന്നറിയാനായി കഥകളി കാണാറില്ലല്ലോ.അഥവാ പരിണാമഗുപ്തി(climax) എന്ന ഒന്ന് കഥകളിയിലിന്നില്ല.അവസാനം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കണ്ടുകൊണ്ടിരിക്കുന്നവർക്കറിയാം.കഥയുടെ അനുക്രമവികാസത്തിൽ മിക്ക കഥകളുടെയും അവതരണശിൽ‌പ്പം അത്രക്ക് ശ്രദ്ധിക്കുന്നുമില്ല.അതിനാൽത്തന്നെ കഥാപാത്രമായി മാറുകയല്ല,കഥാപാത്രമായി അഭിനയിക്കുക തന്നെയാണ് നാട്യധർമ്മിയായ കലാപദ്ധതി നിഷ്കർഷിക്കുന്നതെന്ന് വ്യക്തം.എന്നാൽ പൂർണ്ണമായി കഥാമുക്തമല്ല കളിയരങ്ങിന്റെ അന്തരീക്ഷം.ഏതു കഥയുടെയും തീയറ്റർ സാധ്യതയുള്ള മർമ്മങ്ങൾ തിരിച്ചറിഞ്ഞ് അവയെ വിസ്തരിക്കുന്ന രംഗസ്വരൂപത്തിൽത്തന്നെ,കഥകളി കഥയുമായി ചേർന്നുനിൽക്കുന്നു.ഭരതനാട്യം പോലും,കഥാപരിണാമത്തിന്റെ ആവിഷ്കണത്തെ സ്വാംശീകരിച്ചത് കഥകളിയിൽ നിന്നാണ്.കതിരവൻ പറഞ്ഞപോലെ,ഇല്ലത്തുനിന്നിറങ്ങി,അമ്മാത്തെത്താത്ത സ്ഥിതി!
ഇതൊരു ഞാണിന്മേൽ കളിയാണ്.അങ്ങോട്ടോ ഇങ്ങോട്ടോ ചാഞ്ഞാൽ അരങ്ങിന്റെ ധ്വന്യത്മക അന്തരീക്ഷം പൊട്ടിത്തകരും.ഈ പ്രശ്നത്തെ സമർത്ഥമായി മറികടക്കാനുള്ള ഉപാധികൂടിയായിരുന്നു സുനിയതമാ‍യ കളരിപാഠം. കഥാഗതിയുടെ ക്രമികമായ ഗതിയെ പൂർണ്ണമായി നിഷേധിക്കുന്ന ഒരു ആ‍സ്വാദനത്തിലേക്ക് കഥകളിയുടെ വ്യാകരണസൌന്ദര്യം ഒരു കാലത്ത് കാണികളെ എത്തിച്ചിരുന്നു.ഒരുതരം ലാവണ്യൈകവാദം.കഥകളിയെ മുഴുവൻ കാണാതെ,സങ്കേതഭദ്രമായ രംഗങ്ങൾ മാത്രം കണ്ട് എഴുന്നേറ്റു നടക്കുന്ന ‘കഥകളി പണ്ഡിതർ’ഉണ്ടായത് അങ്ങനെയാണ്.രൂപശിൽ‌പ്പം അർത്ഥദ്യോതനത്തിനായാണ്,അർത്ഥദ്യോതനം രൂപശിൽ‌പ്പത്തിനായല്ല എന്ന തിരിച്ചറിവില്ലാത്ത ആ ‘പണ്ഡിതർ’വരുത്തിയ വിനകൾ ചെറുതല്ല.കഥകളിയുടെ ആകമാനീയതക്കിണങ്ങാത്ത വിധത്തിൽ കഥകളിസംഗീതത്തെ വേറിട്ടുകണ്ടവരും ധാരാളം.
പ്രയുക്തസംഗീതത്തിന്റെ അനുചിതമാനം
-------------------------------------------------
കഥകളിസംഗീതത്തിന്റെ ഇന്നത്തെ രൂപം,പല പ്രതിഭാശാലികളുടെയും കൈയ്യൊപ്പുപതിഞ്ഞതാണ്.സോപാനമട്ടിൽ,പരിമിതമായ രാഗങ്ങളും ചുരുങ്ങിയ ഭൃഗകളുമായി അരങ്ങിനു പിന്നിൽ നിന്ന കഥകളിസംഗീതത്തെ,കർണ്ണാടകസംഗീതത്തിലെ രാഗങ്ങളും വൈവിധ്യമാർന്ന പ്രയോഗങ്ങളും കൊണ്ട് മാറ്റിപ്പണിതത് വെങ്കിടകൃഷ്ണഭാഗവതരാണ്.പൊന്നാനി-ശിങ്കിടി ഒരു തവണ പാടിത്തീരുമ്പോഴേക്കും മുദ്രപിടിച്ചുതീരുന്ന പഴയ മട്ടിൽ നിന്ന്,ആവശ്യമായിടത്ത് വിസ്തരിക്കുകയും പല സംഗതികൾ ചേരുന്ന ആവർത്തനങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കഥകളിസംഗീതം വളർന്നു.വെങ്കിടകൃഷ്ണഭാഗവതരുടെ ശിഷ്യനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആണ് ഇന്നത്തെ കഥകളിസംഗീതത്തിന്റെ ഘടനയുടെ മുഖ്യശിൽ‌പ്പി.വെങ്കിടകൃഷ്ണഭാഗവതർ പട്ടിക്കാംതൊടിക്കളരിയിലെ പാട്ടുകാരനായിരുന്നു.ഗീതവാദ്യാദികളെ നാട്യപ്രകരണത്തിലേക്കിണക്കുന്ന തൌര്യത്രികഘടനയിൽ ശ്രദ്ധാലുവായിരുന്ന പട്ടിക്കാംതൊടി,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതത്തെ കഥകളിയുടെ സമഗ്രമായ ഉദ്ഗ്രഥനത്തിനുള്ള ആയുധങ്ങളിലൊന്നായി ഉപയോഗപ്പെടുത്തി.
ഭാഗവതർക്കും നമ്പീശനും ശേഷം കഥകളിസംഗീതം അതിവേഗം വളരുക തന്നെയാണുണ്ടായത്.ഉണ്ണികൃഷ്ണക്കുറുപ്പും,ശങ്കരൻ എമ്പ്രാന്തിരിയും,ഹൈദരാലിയും,ഗംഗാധരനും,മാടമ്പിയും അടങ്ങുന്ന കലാമണ്ഡലസംഘം വ്യത്യസ്തമായ വഴികളിലൂടെ കഥകളിസംഗീതത്തെ സമീപിക്കുകയും ഉപാസിക്കുകയും ചെയ്തു.അതോടെ വലിയൊരു ആസ്വാദകസംഘം ‘കഥകളിസംഗീത’ത്തിന് രൂപംകൊള്ളുകയും,പാട്ടുകേൾക്കാനായി കളികാണാൻ വരുന്നവരുടെ എണ്ണം അധികരിക്കുകയും ചെയ്തു.ഇതോടെ,രംഗഭാഷക്കുള്ള പ്രയുക്തസംഗീതമെന്ന നിലവിട്ട്,രംഗാവിഷ്കാരത്തെ തിരുത്തുന്ന ചാലകശക്തിയായിപ്പോലും പലപ്പോഴും സംഗീതം പ്രത്യക്ഷപ്പെട്ടു.കൂടുതൽ വിസ്തരിച്ച് പാടാൻ സാധ്യതയുള്ള സ്ഥലങ്ങൾ രംഗസാധ്യതയില്ലെങ്കിൽ പോലും പലപ്പോഴും ആവർത്തിക്കപ്പെട്ടു.യുക്തമല്ലെങ്കിലും ശ്രവണസുഖത്തിനോ ഗായകന്റെ മേനിക്കോ വേണ്ടി രാഗമാറ്റങ്ങൾ സുലഭമായി.കഥകളിസംഗീതത്തിന് അവശ്യം വേണ്ട വായുവിന്റെ ശക്തി,അക്ഷരസ്ഫുടത,താളബദ്ധത തുടങ്ങിയവക്കുപകരം ലളിതഗാനങ്ങളായി കഥകളിപ്പദങ്ങൾ മാറിത്തുടങ്ങി.ആ പൈങ്കിളിത്തത്തിനു സ്തുതിപാടാൻ കുറേ ആസ്വാദകരുണ്ടാവുകയും ചെയ്തു.കഥകളിപ്പദക്കച്ചേരിയും കാസറ്റു പ്രസ്ഥാനവും അരങ്ങിനേയും ദോഷകരമായി ബാധിച്ചുതുടങ്ങി.പട്ടിക്കാംതൊടിയും വെങ്കിടകൃഷ്ണഭാഗവതരും ചെയ്ത സമ്യക്കായ ഗീതാഭിനയമേളനം വിട്ട് വളർന്ന കഥകളിസംഗീതം,അങ്ങനെ കഥകളിയുടെ തൌര്യത്രികാനുപാതത്തെ തകർത്താണ് മുമ്പോട്ടുപോയത്.
ധ്വന്യാത്മകമായ ആവിഷ്കാരത്തെ നശിപ്പിക്കുന്നതിൽ സംഗീതത്തിന്റെ ഈ അനുചിതമാനം വലിയ പങ്കാണ് വഹിക്കുന്നത്.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി മുതൽ കോട്ടക്കൽ മധു വരെയുള്ളവരിൽ ദൃശ്യമാകുന്ന ഈ അനുചിതമാനം തിരുത്തപ്പെടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ അനിവാര്യമാണ്.
നഷ്ടമാകുന്ന ഘനപ്രയുക്തവാദനം
---------------------------------------------
കഥകളിമേളത്തിന്റെ എക്കാലത്തെയും വലിയ കലാകാരനായ കലാമണ്ഡലം കൃഷ്ണൻ‌കുട്ടിപ്പൊതുവാളെ വ്യത്യസ്തനാക്കിയതെന്തായിരുന്നു?കുട്ടൻ മാരാരുടെ കൊട്ടിന്റെ ഘനമോ,അച്ചുണ്ണിപ്പൊതുവാളിന്റെ ഉരുളുകോലിന്റെ മാസ്മരികതയോ ആ അളവിൽ കൃഷ്ണൻ‌കുട്ടിപ്പൊതുവാളിലില്ലായിരുന്നുവെന്ന് അനുഭവസ്ഥർ പറഞ്ഞുകേട്ടിട്ടുണ്ട്.എന്നാൽ കൃഷ്ണൻ‌കുട്ടിപ്പൊതുവാളുടെ ചെണ്ടക്കുണ്ടായിരുന്ന കഥകളിത്തം അവർക്കാർക്കുമുണ്ടായിരുന്നതുമില്ല.പൊതുവാൾ പറഞ്ഞിരുന്നതു തന്നെയാണ് ശരി,“അവരുടെ കോലെത്താത്തിടത്ത് എന്റെ കണ്ണെത്തും”അരങ്ങിലെ ഓരോ ചലനങ്ങളെയും ഒരു നിമിഷം മുമ്പെന്നോണം തിരിച്ചറിഞ്ഞ്,സൂക്ഷ്മഗ്രാഹികളായ തന്റെ ചെണ്ടക്കോലുകളിലേക്കവയെ ശബ്ദമാക്കി തർജ്ജമ ചെയ്യുന്ന ആ സിദ്ധിവൈഭവം തന്നെയായിരുന്നു പൊതുവാളിന്റെ അനന്യത.കഥകളിക്കാർ “കൈക്കുകൂടുക”എന്നു വിശേഷിപ്പിക്കുന്ന ഈ സിദ്ധിയെ,പൊതുവാൾ “വിരലിനു കൂടലാക്കി”.
എന്നാൽ,കൃഷ്ണൻ‌കുട്ടിപ്പൊതുവാളിന്റെ വാദനത്തിന് ഘനമുണ്ടായിരുന്നില്ലേ? തീർച്ചയായുമുണ്ടായിരുന്നു.കൃഷ്ണൻ നായരുടെ നളനു കൊട്ടും പോലെയല്ല രാമൻ‌കുട്ടിനായരുടെ ഉൽഭവം രാവണനും നരകാസുരനും പൊതുവാൾ കൊട്ടിയത്,രാമങ്കുട്ടിയും അപ്പുക്കുട്ടിയും കൃഷ്ണങ്കുട്ടിയും ചേരുന്ന ആ ഉദാത്തശിൽ‌പ്പങ്ങളിൽ കൃഷ്ണൻ‌കുട്ടിയുടെ കൊട്ടിന് കനം പോര എന്നാരും പറഞ്ഞില്ല.കഥകളിയുടെ മേളം എങ്ങനെയാവണം എന്ന പൊതുവാളിന്റെ ആ മാതൃകക്ക് ഒരുപാടൊന്നും പിന്തുടർച്ചക്കാരുണ്ടായില്ല.ഒന്നുകിൽ ഭംഗിയായി കൈക്കുകൂടും,അപ്പോൾ കൊട്ട് പച്ചവെള്ളത്തിൽ പപ്പടമിട്ട പോലെയാകും,അല്ലെങ്കിൽ കുറേ ഇടിമിന്നും പോലെ കൊട്ടിത്തിമർക്കും,അരങ്ങിലെന്താണ് നടക്കുന്നതെന്ന് അറിയുക തന്നെയില്ല.
കഥകളിയുടെ ഭാവോന്മീലനത്തിൽ ശ്രദ്ധിക്കാനുള്ള കണ്ണ് കൊട്ടുകാരിൽ നിന്നന്യമാകുന്നതോടെ,അരങ്ങിൽ നടനെത്ര കഷ്ടപ്പെട്ട് എന്തുകാണിച്ചാലും അനുഭവമില്ലാത്ത അവസ്ഥ സംജാതമാകുന്നു.
പാലക്കാട്ടെ നൂറരങ്ങിൽ നിന്നാണ് തുടങ്ങിയത്.കഥകളിയിലെ പുതുനാമ്പുകൾ ഒട്ടും മോശക്കാരല്ലെന്ന് ആ അരങ്ങ് ഒന്നുകൂടെ ഓർമ്മപ്പെടുത്തി.കലാമണ്ഡലം സോമന്റെ ദുര്യോധനൻ ആവിഷ്കാരത്തിൽ രാമൻ‌കുട്ടിനായരാശാന്റെ കണ്ണാടിക്കാഴ്ച്ചയായിരുന്നു.പീശപ്പള്ളിരാജീവന്റെ ദൂതനും ജയപ്രകാശിന്റെ പാട്ടും എടുത്തുപറയേണ്ടതുതന്നെ.കഥകളിയുടെ ഈ ബലിഷ്ഠമായ യുവകരങ്ങൾക്ക് ഔചിത്യപൂർണ്ണമായ ദർശനം കൂടി അനുഭവങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം.ധ്വന്യാത്മകമായ കളിയരങ്ങിന്റെ ലാവണ്യം അവർ തിരിച്ചുപിടിക്കട്ടെ.

Tuesday, November 11, 2008

ഒരു നൂറരങ്ങ്-ധ്വനി നഷ്ട വിചാരങ്ങളും…


ലാമണ്ഡലം സംഘടിപ്പിക്കുന്ന ‘നൂറരങ്ങ്’ കഥകളികളിൽ ഒന്ന്,പാലക്കാട് ചെമ്പൈ സംഗീതകോളേജിൽ വെച്ച് 9-11-2008ന് കാണുകയുണ്ടായി.ഉത്തരാസ്വയംവരം ആദ്യഭാഗമായിരുന്നു കഥ.ചെറുപ്പക്കാരായ കഥകളിക്കാർക്ക് മുൻ‌തൂക്കം നൽകി സംഘടിപ്പിക്കപ്പെടുന്ന ‘നൂറരങ്ങി’ന്റെ പരിപ്രേക്ഷ്യം അഹ്ലാദകരമാണ്.നിരന്തരമായി ആദ്യാവസാനവേഷങ്ങൾ ചെയ്തും പാടിയും കൊട്ടിയും കഥകളികലാകാരനു വരേണ്ട സ്ഫുടീകരണത്തിന് ഇത്തരം പദ്ധതികൾ ഗുണം ചെയ്യും,തീർച്ച.പഴയ മഹാനടന്മാരുടെ തലമുറ ഏതാണ്ട് അസ്തമനദശയോടടുക്കുന്ന ഈ വേളയിൽ പുതിയ സമർത്ഥരെ കഥകളി ആവശ്യപ്പെടുന്നുണ്ട്.കാലമാവശ്യപ്പെടുന്ന പരിഷ്കരണങ്ങളിലൂടെ കളിയരങ്ങിനെ മുന്നോട്ടുനയിക്കാൻ കരുത്തുള്ള കരങ്ങൾ ഇത്തരം പദ്ധതികൾ വെളിച്ചത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
കലാമണ്ഡലം സോമൻ ദുര്യോധനനായും,പീശപ്പള്ളി രാജീവൻ വലലനായും,പരിയാനം‌പറ്റ ദിവാകരൻ ത്രിഗർത്തനായും വേഷമിടുകയും,കലാമണ്ഡലം ജയപ്രകാശ്,രാജേഷ് മേനോൻ എന്നിവർ സംഗീതവും,കലാമണ്ഡലം നന്ദകുമാർ,വേണു എന്നിവർ വാ‍ദ്യവും കൈകാര്യം ചെയ്യുകയും ചെയ്ത ഉത്തരാസ്വയംവരം തരക്കേടില്ലാത്ത അനുഭവമായിരുന്നു.അതിനപ്പുറം,പുതിയ കളിയരങ്ങിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധ്വനികളെ കുറിച്ചുള്ള ചിന്തകളാണ് എനിക്ക് ഈ അരങ്ങ് പകർന്നു തന്നത്.
ധ്വന്യാത്മകമായ കളിയരങ്ങ്
------------------------------------

നേരിട്ടു പറയാനാവാത്തതോ,പറഞ്ഞാൽ വാക്കുകൾക്കിടയിലൂടെ,ആംഗ്യപ്പെട്ടാൽ മുദ്രകൾക്കിടയിലൂടെ ചോർന്നു പോകുന്നതോ ആയ ഭാവാർത്ഥങ്ങളെ കഥകളി പ്രകാശിപ്പിക്കുന്ന വിധം പല ഉള്ളടരുകളിലേക്ക് ആഴമുള്ളതാണ്.അടിസ്ഥാനപരമായി കല നടക്കുന്നത് രംഗത്തല്ല,ആസ്വാദകന്റെ മനസ്സിലാണ് എന്ന ദർശനത്തിൽനിന്നു നോക്കിയാൽ,പല സന്ദർഭങ്ങളിലുംകലാകാരൻ/കാരി നിർമ്മിക്കുന്ന പ്രത്യക്ഷശിൽ‌പ്പത്തിലെ അർത്ഥതലങ്ങൾ അപ്രധാനമാകുകയും സഹൃദയൻ അനുസന്ധാനം ചെയ്യുന്ന പരോക്ഷാർത്ഥപരമ്പര-വ്യംഗ്യമായ അർത്ഥങ്ങളും ഭാവങ്ങളും കലാഭാഷയുടെ സംവേദനകേന്ദ്രമായി വർത്തിക്കുകയും ചെയ്യുന്നു.അത്തരത്തിൽ ആസ്വാദകന്റെ മനസ്സിൽ പാഠാന്തരങ്ങൾ സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് ഒരു കലയും കലാകാരനും ഔന്നത്യത്തിലേക്കുയരുന്നത്.കഥകളി,അതിന്റെ സങ്കേതശിൽ‌പ്പത്തിൽ തന്നെ സഹൃദയരുടെ-അതായത് സമാനഹൃദയരുടെ ഈ ഭാഗഭാഗിത്വത്തെക്കുറിച്ചുള്ള ബോധമുൾക്കൊണ്ടിട്ടുണ്ട്.പൂർണ്ണമായും സങ്കേതഭദ്രമെന്നു പറയപ്പെടുന്ന രംഗങ്ങളിലും ചൊല്ലിയാട്ടങ്ങളിലും പോലും പ്രതിഭാശാലിയായ കലാകാരന് സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ഇടം കഥകളി ബാക്കിനിർത്തുന്നു.എല്ലാവർക്കും ‘സലജ്ജോഹം’എന്ന പദത്തിന്റെ ചൊല്ലിയാട്ടം നിർവ്വഹിക്കാം,അതിനു പൂർണ്ണമായ ഘടനാരൂപമുണ്ട്.പക്ഷേ,കലാ‍മണ്ഡലം ഗോപി അതുചെയ്യുമ്പോൾ അതിന് മറ്റൊരു ജീവൻ ലഭിക്കുന്നത് നാം അനുഭവിക്കുന്നു.അപ്പോൾ ഒരോ നിലയും മുദ്രയും സവിശേഷമായ ചില ധ്വനികൾ ഉൽ‌പ്പാദിപ്പിക്കുന്നു.എല്ലാ കഥകളിക്കാരും തുല്യപ്രതിഭാധനരായിരിക്കയില്ല,അല്ലെങ്കിൽ പലരുടെയും കലാവീക്ഷണവും അവതരണരീതിയും വ്യതിരിക്തമായിരിക്കും.അതിനാൽത്തന്നെ കളിയരങ്ങിന്റെ സമഗ്രരൂപം ബഹുസ്വരതയാർന്ന നാട്യവേദിയാകുന്നു.അത് കഥകളിക്ക് പല സ്വഭാവത്തിലും പരിസരത്തിലുമുള്ള ധ്വനികൾ സമ്മാനിക്കുന്നു.ഈ ധ്വനിസമ്പന്നത കളിയരങ്ങിന് അന്യമാവുകയാണോ എന്ന സംശയം ഇന്നുമിന്നലെയും തുടങ്ങിയതല്ല.പക്ഷേ രണ്ടുദിവസം മുമ്പുകണ്ട ഉത്തരാസ്വയംവരം ആ ചിന്തകളെ വീണ്ടും ഉദ്ദീപിപ്പിക്കുന്നു.ചൊല്ലിയാട്ടം മുതൽ സംഗീത-വാദ്യപ്രകരണങ്ങൾ വരെ നീളുന്ന ആ ധ്വനിനഷ്ടത്തെ അക്കമിട്ടു വിലയിരുത്താനാണ് ഇനി ശ്രമിക്കുന്നത്.ഇവ പുതിയ കളിയരങ്ങിനെ ഇകഴ്ത്തുന്ന പരിപാടിയല്ല,കാലാനുഗുണമായി വരേണ്ട പുരോഗമനപരമായ പരിണാമങ്ങൾക്കുള്ള വിലയിരുത്തലുകളാ‍ണ്.
1) വിരൂപമാവുന്ന വിപുലീകരണം
----------------------------------------------
തീർത്തും അനാവശ്യമായ ഒരു വിപുലീകരണം പലയിടങ്ങളിലും കളിയരങ്ങിൽ വ്യാപിക്കുകയാണ്.ചൊല്ലിയാട്ടത്തിൽനിന്നു തുടങ്ങുന്നു അത്. “ഹരിണാക്ഷീജനമൌലീമണേ”എന്ന പദം കലാമണ്ഡലം രാമൻ‌കുട്ടിനായരുടെ കീചകൻ ചെയ്യുമ്പോൾ,ആദ്യത്തെ ഹരിണം(മാൻ) എന്ന മുദ്രആവിഷ്കരിക്കുന്നത് ശ്രദ്ധിക്കുക-മൃഗശീർഷമുദ്ര ഒറ്റക്കൈയ്യിൽ പിടിച്ച്,ചെറിയ ഒരു ചലനം മതി-കൃഷ്ണൻ‌കുട്ടിപ്പൊതുവാളിന്റെ ചെണ്ടയും ഒപ്പമുണ്ടെങ്കിൽ എന്തൊരനുഭവമാണ്!എന്നാൽ,ഇന്നത്തെ കീചകന്മാർക്ക് ചെറിയചലനം പോയിട്ട് സാധാരണചലനം തന്നെ പോര,കൈ തോളെല്ലിൽ നിന്നു പറിഞ്ഞുപോകും വിധം അങ്ങോട്ടുമിങ്ങോട്ടും ആട്ടണം!ഒരു വികാരവും(ദേഷ്യവും ചെടിപ്പുമൊഴികെ!)അസ്വാദകരിൽ സൃഷ്ടിക്കാൻ ഈ വിപുലീകരണം കൊണ്ടു സാധിക്കുന്നില്ലെന്നു മാത്രമല്ല,ആ അനുപമമായ പദത്തിന്റെ സമഗ്രരൂപം തന്നെ അലങ്കോലമാവുകയും ചെയ്യുന്നു.ഇത്തരത്തിൽ ഒരോ മുദ്രകളുടെയും പ്രകാശനവഴക്കം മാറിമറിഞ്ഞത് എഴുതിയാൽതീരില്ല.അവയൊന്നും പഴയ ധ്വനികളെപ്പോലും ഉൽ‌പ്പാദിപ്പിക്കുന്നില്ല താനും.
പഠിച്ചതും വായിച്ചതും കേട്ടതുമായ എല്ലാ പുരാണങ്ങളും ഔചിത്യവും പാത്രബോധവും നോക്കാതെ ചേർത്ത്,കാടും പടലുമായി മനോധർമ്മമാടുകയല്ല കഥകളിയുടെ രീതി.വെള്ളിനേഴി നാണുനായരുടെ വേഷത്തിനുണ്ടായിരുന്ന മേന്മയെപ്പറ്റി വാഴേങ്കട കുഞ്ചുനായർ എന്ന മറ്റൊരു മഹാനടൻ എഴുതിയത് വായിക്കുക:
“അരങ്ങത്തു ചാടിവീണാൽ വാരിയും വലിച്ചും അന്തമില്ലാതെ ഓരോന്നുകാട്ടിക്കൊണ്ട് വേഷം നീട്ടിക്കൊണ്ടു പോയാൽ കേമനാകും എന്നൊരു ധാരണ പരിണിതപ്രജ്ഞരായ നടന്മാർക്കു കൂടി ഉണ്ട്.ഇത്രത്തോളം അബദ്ധമായ ഒരു ധാരണ വേറെയില്ലെന്നു പറയേണ്ടിയിരിക്കുന്നു.ചെറിയ ചില സൂചകങ്ങൾ കൊണ്ട്,ഗമകങ്ങൾ കൊണ്ട്,വലിയ ഫലം ഉളവാക്കുന്നതിലാണ് അഭിനയത്തിന്റെ മേന്മ.ഈ കലാതത്വം നല്ലപോലെ ധരിച്ചിട്ടുള്ള ഒരാളാണ് ശ്രീ.വെള്ളിനേഴിനാണുനായർ.സാകൂതമായ ഒരു നോട്ടത്തിലും സാഭിപ്രായമായ ഒരലർച്ചയിലും മണിക്കൂറുകളോളം ആടിയാലും ഫലിക്കാത്ത ഭാവകോടിയെ ഒതുക്കിക്കാട്ടുന്ന കൂറടക്കം പ്രശംസനീയം തന്നെയാണ്*“
ആർജ്ജവമുള്ള ഭാഷയിൽ കുഞ്ചുനായർ പണ്ടുവരച്ചിട്ട ഈ വാങ്‌മയചിത്രം വായിച്ചാൽ മതി,നാ‍ണുനായരിൽ നിന്ന് ഇന്നത്തെ ഒന്നാംകിട താടിവേഷക്കാരനായ നെല്ലിയോടിലേക്കുള്ള അകലവും,മനോധർമ്മങ്ങളിൽ പാലിക്കേണ്ട ലാവണ്യദർശനവും വ്യക്തമാകാൻ.കാടും പടലും തല്ലി മനോ(അ)ധർമ്മം ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണ്.
2)അനാരോഗ്യകരമായ മത്സരം
--------------------------------------

കലാകാരന്മാർക്കിടയിലുണ്ടാകുന്ന മത്സരബുദ്ധി,പലപ്പോഴും മികച്ച രംഗാനുഭവങ്ങളെ നമുക്കു പകർന്നിട്ടുണ്ട്.പക്ഷേ,ഇപ്പോൾ പെരുകുന്ന മത്സരബുദ്ധി വൈരൂപ്യങ്ങളെയാണ് സൃഷ്ടിക്കുന്നത്.
അങ്ങോട്ടൊരു പുരാണകഥ ആടിയാൽ തിരിച്ചിങ്ങോട്ടൊരു കഥയാടി പ്രതിരോധിക്കലാണ് ഇന്നത്തെ കീഴ്‌വഴക്കം.ദുര്യോധനവധം ദുര്യോധനൻ കൃഷ്ണനോട് ദൂതുസമയത്ത് പാണ്ഡവോൽഭവകഥയാടിയാൽ കൃഷ്ണൻ തിരിച്ച് നൂറുകുടങ്ങളിലിട്ട് മുളപ്പിച്ച കൌരവരുടെ കഥയാടും-ഇങ്ങനെ ഒരു തരം ഗോളടിക്കൽ മത്സരം. എന്തു വൃത്തികേടാണ് കാണിച്ചുകൂട്ടുന്നതെന്ന് തിരിച്ചറിയാതെ അവരിത് തുടർന്നുകൊണ്ടേയിരിക്കുന്നു.
ഒരു ഉദാഹരണം പറയാം-മുമ്പൊക്കെ സന്താനഗോപാലം കഥയിലെ അർജ്ജുനൻ ബ്രാഹ്മണനോടൊപ്പം ഈറ്റില്ലമുണ്ടാക്കാനായി ബ്രാഹ്മണഗൃഹത്തിലെത്തി,അസ്ത്രങ്ങൾ കൊണ്ട് ഈറ്റില്ലമുണ്ടാക്കാനായി തുടങ്ങുമ്പോൾ,ആദ്യം വില്ലിൽ ഞാൺ മുറുക്കിയശേഷം,ഒരു ഞാണൊലിയിടുമ്പോൾ ബ്രാഹ്മണൻ ഞെട്ടുകയും “ഇങ്ങനെ ശബ്ദമുണ്ടാക്കല്ലേ,അകത്ത് പൂർണ്ണ ഗർഭിണിയുള്ളതാ”എന്ന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുകയായിരുന്നു പതിവ്.പിന്നീടെപ്പൊഴോ അത് അർജ്ജുനൻ ഞാണൊലിയിടാൻ തുടങ്ങുമ്പോഴേ ബ്രാഹ്മണൻ സ്റ്റൂളും കെട്ടിപ്പിടിച്ച് കണ്ണടച്ചിരുന്ന് പേടി അഭിനയിക്കലായി.പിന്നെയെപ്പൊഴോ അർജ്ജുനൻ ഞാണൊലിയിടാനൊരുങ്ങുമ്പോൾ അടുത്തു ചെന്ന് തടഞ്ഞ് “അകത്ത് പൂർണ്ണ ഗർഭിണിയുള്ളതാ” എന്നോർമ്മിപ്പിക്കുന്ന ബ്രാഹ്മണനായി.കുറച്ചുകൂടി കഴിഞ്ഞപ്പോഴാകട്ടെ,ഞാണൊലിക്കായി കൈ വില്ലിൽ വെച്ചയുടനെ സ്വയമാലോചിച്ച് പിൻ‌വലിച്ച്,“ഹൊ!ഓർമ്മിച്ചതു ഭാഗ്യം!അകത്ത് പൂർണ്ണഗർഭിണിയായ ബ്രാഹ്മണപത്നിയുള്ളതല്ലേ” എന്ന് അർജ്ജുനൻ സ്വയമോർമ്മിക്കലായി.(എന്റെ പുറത്ത് അങ്ങനെ ഗോളടിക്കണ്ട എന്നു തന്നെ)അപ്പോൾ ബ്രാഹ്മണൻ അവിടുന്നും വിട്ടു,വില്ലുകുലക്കാൻ തുടങ്ങുമ്പോൾത്തന്നെ ഓർമ്മപ്പെടുത്തും,“വലിയ ശബ്ദമൊന്നുമുണ്ടാക്കല്ലേ,അകത്ത് അന്തർജ്ജനമുള്ളതാ” എന്ന്.ഇപ്പോഴിതാ,അവിടുന്നും കടന്നതും കഴിഞ്ഞദിവസം കണ്ടു-ബ്രാഹ്മണനോടൊപ്പം യാത്രതിരിക്കുമ്പോൾത്തന്നെ അർജ്ജുനൻ “അവിടെ പൂർണ്ണഗർഭിണിയൊക്കെയുള്ളതല്ലേ,ഇവിടുന്നു തന്നെ ഞാൺ കെട്ടിയേക്കാം”എന്നു കാണിച്ച് വില്ലുകുലക്കുന്നു!
എത്ര ചെറുതായിരുന്ന ഒരു പെരുമാറ്റത്തെ മത്സരബുദ്ധി എവിടെയെത്തിച്ചുവെന്ന് നോക്കുക!ഇങ്ങനെയുള്ള പലമകളല്ലേ കളിയരങ്ങിന്റെ സത്വം എന്നു ചോദിക്കാം,പക്ഷേ ഇത്തരംമത്സരപ്രചോദിതമായ പലമകൾ അരങ്ങിനെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.
പറയാനുള്ളതെല്ലാം പറഞ്ഞു തീർത്താൽ അതു കലയാവില്ല,കവിതയാവില്ല.
(തുടരും)
*= കഥകളിവെട്ടം ഒന്നാംഭാഗം-വാഴേങ്കട കുഞ്ചുനായർ

Wednesday, November 5, 2008

യക്ഷിസങ്കൽ‌പ്പവും കഥകളിയും

കേരളീയ യക്ഷിസങ്കൽ‌പ്പവും കഥകളിയും ചേരുന്ന ചില ചിന്തകൾ...ഇവിടെ വായിക്കൂ....

യക്ഷികൽ‌പ്പനയും കഥകളിയും…


“നിശ്ശൂന്യത നടമാടും പാതിരതൻ മച്ചുകളിൽ
നിരനിരയായ് കത്തിക്കും മായാദീപം.
തലമുടിയും വേറെടുത്തലസമിവൾ പൂപ്പുഞ്ചിരി
വിലസിടവെ വഴിവക്കിൽ ചെന്നുനിൽക്കും.
നേരവും നിലയും വിട്ടാവഴിപോംചെറുവാല്യ-
ക്കാരെയിവളാകർഷിച്ചതിചതുരം
ഏഴുനില മാളികയായ് തോന്നും കരിമ്പനമേല‌-
വരെക്കേറ്റിക്കുരലിൽ വെക്കും.
തഴുകിയുറങ്ങീടും അത്തരുണരുടെയുപ്പേറും
കുരുതിയിവൾനൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പാറകളിൽച്ചിന്നും മുടിയുമെല്ലും”
(ഇടശ്ശേരി-പൂതപ്പാട്ട്)
പേടിയെ സ്നേഹിച്ച കുട്ടി
-------------------------------
“അഴിഞ്ഞുലഞ്ഞ, പനങ്കുലപോലെ നീണ്ട മുടി.തളിർവെറ്റിലകൊണ്ടു മുറുക്കിച്ചുവന്ന പോലത്തെ ചുണ്ടുകൾ.പൊന്നിന്റെ നിറം.കാന്തശക്തിയുള്ള നോട്ടം.കാലുകൾ നിലത്ത് തൊടില്യ,നിഴലൂണ്ടാവില്യ.ആരെയും മയക്കണ ചിരിയാ‍ മുഖത്ത്…”
പഞ്ചമിനിലാവു വീണ രാത്രികളിൽ,മുത്തശ്ശിയുടെ മുന്നിലിരുന്ന് എത്രവട്ടം യക്ഷിവർണ്ണന കേട്ടു വിറച്ചിട്ടുണ്ട്!ദേവീമഹാത്മ്യം ഗ്രന്ഥം മറന്ന് രാത്രിസഞ്ചാരം നടത്തിയ നമ്പൂതിരിയെ യക്ഷി വിളിച്ച് പനയിൽ കയറ്റി ചോരകുടിച്ചത്,സർപ്പക്കാവിനടുത്തുള്ള പാലയിൽ നിന്ന് കാതരമായ ശബ്ദത്തിൽ വിളിച്ച് എന്റെയേതോ ഒരു കാരണവരെ മയക്കിയ യക്ഷിയെ മന്ത്രം കൊണ്ടുതളച്ചത്…കഥകൾ തോർന്നുറങ്ങുന്ന യാമങ്ങളിൽ ഞാൻ സുന്ദരികളായ യക്ഷികളെ സ്വപ്നം കണ്ടു.ദംഷ്ട്രകളും ചോരയിറ്റുന്ന നാവും പുറത്തുകാട്ടുമ്പോൾ ഞെട്ടിയുണർന്നു.ഇലകളുടെ രാത്രിമർമ്മരങ്ങളിലും പൈശാചികശബ്ദങ്ങൾ ശ്രവിച്ചു.
ഒടിയനും കുട്ടിച്ചാ‍ത്തനും കുളമ്പുമനുഷ്യനും മറുതയും പൊട്ടിച്ചൂട്ടുമടക്കം അസംഖ്യം ദുരാത്മാക്കൾ മുത്തശ്ശിയുടെ കഥകളിലൂടെ സ്വൈരവിഹാരം നടത്തിയിട്ടും എന്നെ എന്നും ഈ യക്ഷി മാത്രം പേടിപ്പെടുത്തി.മുറിയുടെ താക്കോൽ‌പ്പഴുതിലൂടെ പുകയായി അകത്തുവന്ന യക്ഷിയെപ്പറ്റി മുത്തശ്ശി പറഞ്ഞതോടെ,എന്നും കടലാസുചുരുട്ടി മുറിയുടെ താക്കോൽദ്വാരമടച്ച്,അർജ്ജുനപത്തും ചൊല്ലി കിടന്നുറങ്ങി.എന്നിട്ടും,നിനവുകളുടെ അടക്കാനാവാത്ത താക്കോൽദ്വാരങ്ങളിലൂടെ യക്ഷികൾ എന്നെ വിടാതെ പിന്തുടർന്നു.പിന്നെപ്പിന്നെ ഞാനറിഞ്ഞു,ഈ പേടികളെ ഞാൻ സ്നേഹിക്കുന്നുവെന്ന്-അവയാണെന്റെ നിദ്രകളെ ഭാവതീവ്രമാക്കുന്നതെന്ന്.
നിദ്രാരഹിതമായ രാവുകൾ
----------------------------------
അതേ പ്രായത്തിൽ കഥകളിഭ്രാന്തനായ അമ്മാവൻ എനിക്കു കുറെ ഉറക്കമില്ലാത്തരാത്രികളും തന്നു.കളിവിളക്കിനു മുന്നിൽ വന്ന ചുവന്നതാടികളും കാട്ടാളനും അടങ്ങുന്ന പുരുഷഭീകരസത്വങ്ങളൊന്നും എന്നെ തീവ്രമായി ഭയപ്പെടുത്തിയില്ല.പക്ഷേ,പെൺകരികൾ-നക്രതുണ്ഡിയും സിംഹികയും അവയുടെ ലളിതാരൂപങ്ങളും എന്നെ കിടിലംകൊള്ളിച്ചു. “ക്രൂരയാകുന്ന നക്രതുണ്ഡി”യെന്ന പദത്തിന്റെ അകമ്പടിയോടെ,തിരശ്ശീലക്കു പിന്നിൽനിന്ന് കരിവേഷം മുഖം കാണിക്കുമ്പോഴെല്ലാം ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.ഇന്ദ്രപുത്രനായ ജയന്തൻ അവളുടെ മൂക്കും‌മുലയുമരിയുമ്പോഴുണരുന്ന രാക്ഷസീയമായ ദീനരോദനം,എന്റെ പല്ലുകൾ കൂട്ടിക്കടിച്ചിരുന്നാണ് ഞാൻ കേട്ടത്.രക്താഭിഷിക്തമായി ഓടിവരുന്ന നിണത്തിന്റെ കാഴ്ച്ച കണ്ടു ബോധാബോധച്ചെരിവുകളിൽ പിടിച്ചുതൂങ്ങി. “പേടിക്കേണ്ടെടാ, അതുവെറും വേഷമല്ലേ” എന്നൊക്കെയുള്ള അമ്മാവന്റെ സാന്ത്വനങ്ങൾ ഏതോ അന്യഗ്രഹശബ്ദം പോലെ ഞാൻ ഏറ്റുവാങ്ങി.എന്നിട്ടും,എന്നും നരകാസുരവധവും കിർമീരവധവും കാണാൻ,കണ്ടു പേടിക്കാൻ ഞാൻ കൊതിക്കുകയും ചെയ്തു.
--------------------------
പതിറ്റാണ്ടുകൾക്കിപ്പുറത്തിരുന്ന് ഞാനാലോചിക്കുന്നു,എത്ര ഭീകരദൃശ്യങ്ങളുണ്ടായിരുന്നു അന്നു കണ്ട കളികളിൽ! ദുശ്ശാസനന്റെ കുടൽമാലപറിച്ചെടുക്കുന്ന ഗോപിയാശാന്റെ രൌദ്രഭീമൻ,കത്തിജ്ജ്വലിക്കുന്ന പന്തങ്ങളുടെ വെളിച്ചത്തിൽ തന്റേടാട്ടമാടുന്ന നെല്ലിയോടിന്റെ ബാലി-അങ്ങനെ എന്തെല്ലാം! എന്നിട്ടുമെന്താണ് എന്നെ ഈ പെൺകരികളുംലളിതകളും മാത്രം വേട്ടയാടിയത്?
മനസ്സിലുറച്ച സ്ത്രീസങ്കൽ‌പ്പം അമ്മയുടെതായതുകൊണ്ടാകണം.സ്നേഹം,വാത്സല്യം-എല്ലാ നല്ലഭാവങ്ങളുടെയും മൂർത്തീമത്ഭാവമായി അടുത്തറിയാവുന്ന സ്ത്രീയായ അമ്മയെ പ്രതിഷ്ഠിച്ച മനസ്സിന് രക്തദാഹിയായ,വിപരീതമായ സ്ത്രീസങ്കൽ‌പ്പം ദർശിക്കുമ്പോഴുണ്ടാകുന്ന കുഴമറിച്ചിൽ.പക്ഷേ അതോടൊപ്പം തന്നെ എന്റെ യക്ഷിസ്നേഹവുമുണ്ടായിരിക്കണം.കാരണം,ആ കഥാപാത്രങ്ങളെല്ലാം,അവയുടെ രംഗാവിഷ്കാരങ്ങൾ സഹിതം,കേരളീയയക്ഷികൽ‌പ്പനയുമായി ഇഴചേർന്നു നിൽക്കുന്നു.
കിർമീരവധത്തിലെ സിംഹിക
----------------------------------
തന്റെ ഭർത്താവായ ശാർദ്ദൂലനെ അർജ്ജുനൻ വധിച്ചതിനു പ്രതികാരമായി,പാണ്ഡവപത്നിയായ പാഞ്ചാലിയെ അപഹരിച്ചുകൊണ്ടുപോയി ഭക്ഷിക്കാൻ തീരുമാനിക്കുകയാണ് രാക്ഷസിയായ സിംഹിക.ഇതിനായി അവൾ ഒരു സുന്ദരീരൂപം(ലളിത)കൈക്കൊള്ളുന്നു.എന്നിട്ട് പാഞ്ചാലിയെ നയത്തിൽ വനത്തിലേക്കാകർഷിച്ച് കൊണ്ടുപോകുന്നു. ദുശ്ശകുനങ്ങൾ കണ്ടു മടങ്ങിപ്പോകാനൊരുങ്ങുന്ന പാഞ്ചാലിയെ,സ്വരൂപമായ രാക്ഷസീസ്വത്വം ധരിച്ച് തിന്നാനൊരുങ്ങുന്ന സിഹികയെ വിലാപം കേട്ട് ഓടിയെത്തിയ സഹദേവൻ മൂക്കും‌മുലയുമരിഞ്ഞ് വികൃതയാക്കി പറഞ്ഞയക്കുന്നു.
ശാർദ്ദൂലനെ നിഗ്രഹിച്ച വാർത്തയറിഞ്ഞ് പ്രതികാരം ചെയ്യാനുറക്കുന്ന ആദ്യരംഗത്തിൽ,നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ സിംഹിക ചെയ്യുന്ന ഒരു മനോധർമ്മമുണ്ട്.വഴിയിലൂടെ പോകുന്ന രണ്ട് മനുഷ്യരെ കാണുന്നു-അവരെ പിടിച്ച് കാമപൂർത്തി വരുത്തി കൊന്നുചോരകുടിക്കുന്നു.അരങ്ങിനു പിന്നിലേക്കു മാറിയുള്ള ആ ബലാത്സംഗത്തിനും കൊലപാതകത്തിനും രക്തപാനത്തിനും ശേഷം,മുന്നിലേക്ക് വന്നു പീഠത്തിലിരുന്ന്,ഉത്തരീയം കൊണ്ടു ശരീരത്തിലെ വിയർപ്പൊപ്പി,ചോരമണമുള്ള ഇരുകൈകളും മാറിമാറി മണപ്പിച്ച്,അനുഭവിച്ച സുഖാനുഭവങ്ങളോർത്തുള്ള ഒരു പൈശാ‍ചികമായ ചിരിയുണ്ട്!യക്ഷിമിത്തുകളിൽ നിന്നുരുവം കൊണ്ട ഭാവനയുടെ അനുപമമായ അനുഭവം.
ലളിതാവേഷധാരിയായി,പാഞ്ചാലിക്കടുത്തെത്തുന്ന സിംഹിക സാക്ഷാ‍ൽ യക്ഷിതന്നെ.ദുർഗാക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് പാഞ്ചാലിയെ വനാന്തരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ലളിത പ്രകൃതിയെ വർണ്ണിക്കുന്നത് നോക്കുക;വണ്ടിൻ‌തുളയുള്ള മുളകളിതാ കുയിലിന്റെ സംഗീതത്തിനൊപ്പം കുഴലൂതുന്നു,കുറിഞ്ഞിമരങ്ങളിൽ നിന്നിതാ പൂക്കൾ ഭവതിയുടെ അളകങ്ങളിൽ വീഴുന്നു.കരിങ്കൂവളത്തിനൊത്ത കണ്ണുകളുള്ള സുന്ദരീ, അവ നിന്നെ എതിരേൽക്കുകയാണെന്നു തോന്നുന്നു…അവതരണശിൽ‌പ്പം കൂടി ഉൾച്ചേരുമ്പോൾ,തികച്ചും കേരളീയമായ ഒരു വനപ്രകൃതി രൂപം കൊള്ളുന്നു.കോട്ടക്കൽ ശിവരാമന്റെ ലളിതയുടെ ദ്വന്ദ്വാത്മകസ്വഭാവം സൃഷ്ടിക്കുന്ന അന്തരീക്ഷം അനിർവ്വചനീയമാണ്.ഇടക്കുള്ള കലാശങ്ങളിലും ഇരട്ടിനൃത്തത്തിനിടക്കും പാഞ്ചാലിയെ നോക്കുന്ന പഴുത്ത നോട്ടങ്ങൾ അനിതരമായ ഒരു യക്ഷിമാനം ശിവരാമലളിതക്കു നൽകുന്നു.
നരകാസുരവധത്തിലെ നക്രതുണ്ഡി
---------------------------------------------
നരകാസുരന്റെ കൽ‌പ്പനപ്രകാരം ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുവരാനായി സ്വർലോകത്തേക്കു ചെന്ന നക്രതുണ്ഡിയെന്ന രാക്ഷസി,ഇന്ദ്രപുത്രനായ ജയന്തനെക്കണ്ട് കാമാതുരയാകുന്നു.സുന്ദരീരൂപം ധരിച്ച് ജയന്തനടുത്തെത്തി ആഗ്രഹം പറഞ്ഞപ്പോൾ,അച്ഛന്റെ അനുവാദം കൂടാതെ ഞാൻ ആരെയും പരിണയിക്കില്ല എന്നുറപ്പിച്ചു പറഞ്ഞുകളഞ്ഞു,ജയന്തൻ.കോപിഷ്ഠയായ നക്രതുണ്ഡി സ്വരൂപം ധരിച്ചപ്പോൾ ജയന്തൻ അവളുടെ മൂക്കും മുലയുമരിഞ്ഞ് വിടുന്നു.അലറിക്കരഞ്ഞ് നരകാസുരന്റെയടുത്തെത്തി അവൾ സങ്കടം പറയുന്നു.
ദിവംഗതനായ കോട്ടക്കൽ മുരളിയുടെ നക്രതുണ്ഡി,സുന്ദരീരൂപം ധരിക്കാൻ തീരുമാനിച്ചശേഷം,അരങ്ങിൽ നിന്നു പിൻ‌വാങ്ങുമ്പോൾ ചെയ്യുന്ന സാരിനൃത്തത്തിന്റെ ആദ്യചുവടുകൾക്കൊപ്പം ചെയ്തിരുന്ന ഒരു ഭാവവിന്യാസമുണ്ട്;തല ചെറുതായി കുനിച്ച് ഒരു ലജ്ജയും,പെട്ടെന്ന് തലപൊക്കി രാക്ഷസീയമായ സംഭോഗാഭിവാഞ്ജയോടുള്ള നോട്ടവും‌-വല്ലാത്തൊരു കാഴ്ച്ചയായിരുന്നു അത്.
ഞാൻ ദേവസ്ത്രീയോ മനുഷ്യസ്ത്രീയോ അല്ല എന്നു ജയന്തനോട് ലളിത പറയുന്നിടത്ത്, മാർഗ്ഗി വിജയകുമാറിന്റെ ലളിത “മാനുഷനാരിയുമല്ല” എന്നഭിനയിക്കുന്നതു കാണുക-താൻ വാസ്തവത്തിലാരാണ് എന്ന അർത്ഥത്തെ സൂഷ്മതലത്തിൽ പ്രഖ്യാപിക്കുന്ന ഭാവം എന്തൊരു മനോഹാരിതയാണെന്നോ!
----------------
കിർമീരവധത്തിലെ സിംഹികയിൽ നിന്ന് നരകാസുരവധം നക്രതുണ്ഡിയിലേക്ക് ഒരുപാടു ദൂരമുണ്ട്.സിംഹിക പ്രതികാരദാഹം കൊണ്ടാണ് ലളിതാരൂപിണിയാകുന്നെതെങ്കിൽ,നക്രതുണ്ഡി കാമാതുരത കൊണ്ടാണ്.നമ്മുടെ യക്ഷിക്കഥകളിലെ രണ്ടു വിഭാഗങ്ങളാണിവ.പ്രതികാരദാഹിയായ യക്ഷിയും കാമാതുരയായ യക്ഷിയും.മുത്തശ്ശിക്കഥയിലെ തറവാടിന്റെ തട്ടുൻപുറത്ത് കാരണവർ ചവിട്ടിക്കൊന്ന പെണ്ണിനെ ആരുമറിയാതെ പണിക്കാർ കുഴിച്ചുമൂടിയപ്പോൾ പ്രതികാരദാഹിയായി വന്ന യക്ഷിയും,രാത്രിസഞ്ചാരികളായ നമ്പൂതിരികളോടു ചുണ്ണാമ്പുചോദിച്ച് അടുത്തുകൂടി,മാളികമുകളിലേക്കെന്ന മായയിൽ കരിമ്പനമുകളിൽ കയറ്റി,സംഭോഗശേഷം രക്തമൂറ്റിക്കുടിച്ച യക്ഷിയും തന്നെ.
നമ്മുടെ യക്ഷിസങ്കൽ‌പ്പത്തിന്റെ ബഹുസ്വരത,അതിന് പല അർത്ഥമാനങ്ങളും നൽകുന്നു.യക്ഷന്റെ സ്ത്രീലിംഗമായ യക്ഷി എന്ന ഭാരതീയ യക്ഷികൽ‌പ്പനക്കു പുറത്ത് നാം തീർത്ത ഭാവനാകോടികൾ.വടയക്ഷി,രക്തയക്ഷി,നാഗയക്ഷി എന്നിങ്ങനെ നീളുന്ന ആ മിത്തുകൾക്ക് നാം ആരാധനാഭാവവും നൽകി.ക്ഷേത്രങ്ങളിലെ യക്ഷികളേയും രക്ഷസ്സുകളേയും അടുത്തുപോയി തൊഴരുത് എന്നായിരുന്നു പഴയ വിധി.(പുതിയ ദേവപ്രശ്നങ്ങൾ അവ മാറ്റിയെഴുതുന്നുണ്ട്!)
ഇവക്കെല്ലാമൊപ്പം ഒരു സങ്കൽ‌പ്പം കൂടിയുണ്ട്,യക്ഷിയമ്മ!സിംഹികയുടെയും നക്രതുണ്ഡിയുടേയും ‘മൂക്കും മുല’യുമരിയുന്നതു വെറുതെയല്ല,ഒന്ന് ലാവണ്യത്തിനും മറ്റൊന്ന് മാതൃത്വത്തിനും നേർക്കുള്ള വെട്ടാണ്.
ഇപ്പോൾ സമയം രാത്രി 3:08.ഈ അന്ത്യയാമങ്ങളിൽ ഏതെങ്കിലും പാല പൂത്ത മണമുതിരുന്നുണ്ടോ?

Thursday, October 23, 2008

ബുദ്ധിപൂർവ്വമായ തീരുമാനം(ഹൃദയപൂർവ്വമല്ലാത്തത്)




കാലം:1948 സെപ്‌റ്റമ്പർ 17
കഥകളിയുടെ നാട്യചക്രവർത്തിയായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോൻ മരണാസന്നനായി കിടക്കുന്നു.കാൽ‌പ്പാദത്തിലെ നീര് ശരീരം മുഴുവൻ വ്യാപിച്ചു.കിതപ്പും ക്ഷീണവും വർദ്ധിച്ചു.വൈദ്യർ പരിശോധിക്കാനായി വീട്ടിൽ വന്നപ്പോൾ വികാരാധീനനായി മേനോൻ പറഞ്ഞു:
“എന്റെ കിരീടവും മെയ്ക്കോപ്പുകളും നന്നായി പണിയിപ്പിച്ചിരിക്കുന്നു.അവ ഉപയോഗിച്ച് എനിക്കു നാലുവേഷം കൂടികെട്ടണം.ഓണത്തിന് ഒളപ്പമണ്ണ മനക്കൽ പോയി ഒന്നൂണു കഴിക്കണം.വൈദ്യർ ഇതെനിക്കു സാധിപ്പിച്ചു തരണം”
മുഴുവൻ പറഞ്ഞുതീരും‌മുമ്പേ അദ്ദേഹം കൊച്ചുകുട്ടികളെപ്പോലെ ഏങ്ങലടിച്ചുകരയാൻ തുടങ്ങി.കിടക്കുമ്പോൾ കൂടി കാണാൻ തക്ക വിധമായിരുന്നു കിരീടം തൂക്കിയിട്ടിരുന്നത്!
(അവലംബം:നാട്യാചാര്യന്റെ ജീവിതമുദ്രകൾ,ജീവചരിത്രം)
പക്ഷേ,വൈദ്യർക്കോ അദ്ദേഹത്തിന്റെ ഔഷധികൾക്കോ മേനോന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാനായില്ല.പിറ്റേന്ന് ഉച്ചക്ക് 1:20ന് മരണത്തിന്റെ പ്രത്യായനമില്ലാത്ത കോപ്പറയിലേക്ക് പട്ടിക്കാംതൊടി യാത്രയായി.
കല ,മൃത്യുഞ്ജയമാകുന്നു.പട്ടിക്കാംതൊടിയുടെ ആ കരച്ചിൽ മൃത്യുദേവതകൾ കേട്ടില്ലായിരിക്കാം.മൃതിയെ ജയിക്കുന്ന കല അതുകേട്ടു.
പട്ടിക്കാംതൊടിയുടെ പ്രിയശിഷ്യൻ,കീഴ്പ്പടം കുമാരൻ നായർ,കിടപ്പിലാവുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്,തൊണ്ണൂറ്റിരണ്ടാംവയസ്സിൽ ഒരു കളിയരങ്ങിനു മുന്നിൽ പുലരും വരെയിരുന്നു കളികാണുന്ന അത്ഭുതം ഞാൻ നേരിട്ടുകണ്ടു.പുലരാനായ നേരത്ത്,അവസാനകഥയായ ദക്ഷയാഗവും കാണാനൊരുങ്ങിയിരിക്കുന്ന കീഴ്പ്പടത്തെ ശിഷ്യർ നിർബ്ബന്ധിച്ച് എണീപ്പിക്കുകയായിരുന്നു.പിറ്റെന്ന്,അദ്ദേഹത്തിനെ വീട്ടിലെത്തിക്കണ്ട എന്നോട് സംസാരമധ്യേ അദ്ദേഹം പറഞ്ഞു:
“കുട്ടീ,ഒരു കുചേലൻ കെട്ടണംന്ന്ണ്ട്.ചില പുത്യേ കാര്യങ്ങളൊക്കെ തോന്ന്ണ്ണ്ട്.”
ഇല്ല,അതിനും മൃത്യു കാത്തുനിന്നില്ല.കൊണ്ടുപോയി.എന്തായിരുന്നുവോ ആ നിത്യനവോന്മേഷിയുടെ പുതിയകാര്യങ്ങൾ!
ഭാവമെന്നാൽ മുഖത്തുവിരിയുന്നവികാരം മാത്രമല്ല,കഥകളിക്ക്.അതു ശരീരമാകെനിറയുന്ന ഉത്സവമാണ്.എല്ലാ നൃത്തവും,എല്ലാ മുദ്രയും അതിനുള്ള ഉപാധിയാണ്.മരണത്തിന്റെ ഉമ്മറക്കോലായിൽനിന്നും ഈ നാട്യപ്രഭുക്കൾ സ്വപ്നം കണ്ട ഭാവത്തിന്റെ ശരീരവൽക്കരണം, അവസാനകാലത്തും ജീവന്റെ ഓരോ അംശത്തിലും തുടിക്കുന്ന കഥകളിയുമായി മരണത്തെ നേരിട്ട അവരുടെ ജീവോന്മാദം, എന്നെ എന്നും അസ്വസ്ഥനാക്കി.
രംഗജീവിതമവസാനിച്ചുവെന്ന വരമ്പിൽനിന്ന്,ഉജ്വലമായി തിരിച്ചുവന്ന കലാമണ്ഡലം രാമൻ‌കുട്ടിനായരും കലാമണ്ഡലം ഗോപിയും ഇന്നും കളിരങ്ങിനെ അനുഗ്രഹിക്കുന്നു.രോഗങ്ങളോട് തന്റെ പ്രിയവേഷമായ ഉൽഭവം രാവണനെപ്പോലെ കൊടുംതപസ്സുചെയ്തുജയിച്ച്,കലാമണ്ഡലം വാസുപ്പിഷാരടിയും തിരിച്ചുവരവിന്റെ പാതയിലാണ്.
അപ്പോഴിതാ,വാർത്ത:
കോട്ടക്കൽ ശിവരാമൻ സ്വേച്ഛയാ രംഗജീവിതമവസാനിപ്പിക്കുന്നു!
“ശിവരാമന്റെ വേഷം മോശാവ്‌ണൂന്ന് എനിക്കെന്നെ ബോധ്യായിത്തുടങ്ങി.അപ്പൊ,നി നിർത്ത്വാ നല്ലത്”
ശിവരാമന്റെ വാക്കുകൾ ടി.വി.യിൽ…
ഒരു സുഹൃത്ത് ഉടനെ ഫോണിൽ വിളിക്കുന്നു:
“ശിവരാമാശാന്റെ കാര്യം അറിഞ്ഞില്ലേ”
“അറിഞ്ഞു”
“സ്വരം നന്നാവുമ്പൊത്തന്നെ പാട്ടുനിർത്ത്‌ണു.നല്ലകാര്യം-ല്ലെ?”
ഒന്നും പറയാൻ തോന്നിയില്ല.എന്റെ രാവുകളെ പിടിച്ചുലച്ച അസ്വസ്ഥതകളോട്,ഭാവപ്രപഞ്ചങ്ങളോട്, അതുനല്ലകാര്യമാണെന്ന് പറഞ്ഞാലും മനസ്സിലാവില്ല.കാരണം ശിവരാമൻ സംസാരിച്ചിരുന്നത് എന്റെ ബുദ്ധിയോടല്ലല്ലോ,ഹൃദയത്തോടാണല്ലോ.
ബുദ്ധികൊണ്ട്,കഥകളിയുടെ സങ്കേതത്തെപ്പറ്റിയുള്ള എന്റെ ധാരണകൾ കൊണ്ട് ശിവരാമന്റെ സ്ത്രീവേഷങ്ങളെ ഞാനളന്നപ്പോഴെല്ലാം ശിവരാമൻ പരാജയപ്പെട്ടിട്ടേയുള്ളൂ. മര്യാദക്കൊരു കലാശം പോലും അപൂർവ്വം.ഇടക്കിടക്ക് പിഴക്കുന്ന താളം.ഒട്ടും കഥകളീയമല്ലാത്ത നിലകൾ,പോസ്റ്ററുകൾ.
പക്ഷേ….
ശിവരാമന്റെ സർഗ്ഗതൂലിക അതല്ലായിരുന്നു.ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ മനുഷ്യജീവിതമായിരുന്നു ശിവരാമന്റെ കളരി.സ്ത്രീവേഷത്തിന്റെ സ്ഥാനത്ത് ഉരൽ വെച്ചു കളിച്ചിരുന്ന കാലത്തുനിന്ന് കളിയരങ്ങിന്റെ സ്ത്രീത്വം ശിവരാമനിലൂടെ വളർന്നതും അതുകൊണ്ടുതന്നെ.
എന്റെ ഹൃദയം ഓർക്കുന്ന ചില രംഗങ്ങൾ:
ദൂരെ നിന്ന് ,ബാഹുകവേഷധാരിയായ നളനോടിക്കുന്ന തേരിൽ,ഋതുപർണ്ണൻ കുണ്ഡിനത്തിലേക്ക് വരുന്നതിന്റെ കുതിരക്കുളമ്പടിയൊച്ച കേൾക്കുന്ന ശിവരാമന്റെ നളചരിതം നാലാം ദിവസത്തിലെ ദമയന്തി…ചിന്താധീനമായ നിലയിൽ നിന്നെഴുന്നേറ്റ്,പ്രണയപ്രതീക്ഷ പൂത്തുനിൽക്കുന്ന മുഖവുമായി ദൂരേക്ക് നോക്കി,പെട്ടെന്ന് തേരിന്റെ ശബ്ദം കേൾക്കുന്നതോടെ വർഷങ്ങൾനീണ്ട വിരഹതപസ്സിനവസാനമായെന്ന തിരിച്ചറിവിന്റെ ആഹ്ലാദാതിരേകത്തിൽ ശരീരമാകെ തുളുമ്പുന്ന ആനന്ദമാകുന്ന ശിവരാമൻ…
തന്റെ ഭർത്താവായ ശാർദ്ദൂലനെ അർജ്ജുനൻ കൊന്നതിനു പ്രതികാരമായി,പാഞ്ചാലിയെ കൊന്നുതിന്നാൻ സുന്ദരീരൂപം ധരിച്ചുവരുന്ന ഒരു രാക്ഷസിയുണ്ട്,കിർമ്മീരവധത്തിൽ.സൂത്രത്തിൻ വനാന്തരത്തിലേക്ക് പാഞ്ചാലിയെ കൂട്ടിക്കൊണ്ടുപോകുന്ന ആ രാക്ഷസിയുടെ സുന്ദരീരൂപം-ലളിത- കാടിന്റെ ഭംഗി പാഞ്ചാലിക്കു വിവരിച്ചുകൊടുക്കുന്ന പദമാണ് “കണ്ടാലതിമോദം”.ശിവരാമന്റെ ലളിത ആ പദത്തിനിടക്കുള്ള കലാശത്തിൽ പാഞ്ചാലികാണാതെ ചിരിക്കുന്ന പഴുത്ത ഒരു ചിരിയുണ്ട്!പൈശാചികമായ ആ ചിരി ഏതുലോകത്തുനിന്നു വരുന്നുവോ എന്തോ?
മുമ്പു പറഞ്ഞ കീഴ്പ്പടത്തിന്റെ കീചകൻ,ശിവരാമന്റെ പാഞ്ചാലിയെ പൂവിറുക്കുന്നതായി കാണുമ്പോൾ,പുഷ്പനിബിഡമായ ഒരുചില്ല പാഞ്ചാലിയുടെ ശിരസ്സിനുമുകളിൽ പിടിച്ച് ഒരു കുലുക്കുണ്ട്.ശിവരാമന്റെ സൈരന്ധ്രി ആ നിമിഷത്തിലണിയുന്ന ഒരു ഭാവം!എത്ര വ്യാഖ്യാനിച്ചാലും അതുപിന്നെയും ബാക്കിയാകും.
ഗോകുലത്തിലെത്തി ഉണ്ണിക്കണ്ണനെ കൊല്ലാൻ ഒരുങ്ങുന്ന ശിവരാമന്റെ പൂതന,ഏതു സ്ത്രീയിലുമുറങ്ങുന്ന മാതൃഭാവത്തിന്റെ തീഷ്ണതയാലനുഭവിക്കുന്ന കഠിനവ്യഥ…അതു കാണുകതന്നെ വേണം.ഒരു വശത്ത് കംസനോടുള്ള കർമ്മബന്ധം,മറുവശത്ത് കണ്ണനുണ്ണിയുടെ പുഞ്ചിരിതൂകുന്ന മുഖം….
ഇല്ല ആ ഭാവസുഷമകൾ എണ്ണിയാലവസാനിക്കില്ല…
ഒരു ചിട്ടയും ശിവരാമനെ വഴിനടത്തിയില്ല.ശിവരാമൻ ഒറ്റക്കു വഴിവെട്ടിത്തെളിച്ചു.ഗുരു കുഞ്ചുക്കുറുപ്പിനു മുതൽ, കലാമണ്ഡലം ബാലസുബ്രഹ്മണ്യനുവരെ അഞ്ചുതലമുറക്കൊപ്പം നായികയായി.പ്രായമായപ്പോൾ,പഴയ വേഷഭംഗി കുറഞ്ഞിരിക്കാം,ആദ്യാവസാനസ്ത്രീവേഷങ്ങൾ മുഴുവൻ നിന്നു ചെയ്യാൻ ശരീരമനുവദിക്കുന്നുണ്ടാവില്ല,പണ്ടും ശിവരാമന്റെ വേഷം എന്നും നന്നായിട്ടില്ലല്ലോ!
മനസ്സിൽ വിശ്വാസമില്ലാതെ തുടരുന്നതിലർത്ഥമെന്ത് എന്നും എന്റെ സുഹൃത്ത് ചോദിച്ചു.ശരിയായിരിക്കാം,പക്ഷേ ശിവരാമനെ ഇന്നും കളിയരങ്ങാവശ്യപ്പെടുന്നു.പകരം പറയാൻ ഇന്നും ആരുമില്ല.അത്രകണ്ട് വേഷംകെട്ടാൻ ശിവരാമനു വയ്യാതായിട്ടുമില്ല.
കളിയരങ്ങ് വിളിക്കുമ്പോൾ മനയോലതേക്കാതിരിക്കാൻ ശിവരാമന് കഴിയുമോ?
മൃത്യു കൈയ്യാട്ടി വിളിക്കുമ്പോഴും എനിക്കുകെട്ടാൻ വേഷങ്ങൾ ബാക്കിയുണ്ടെന്നു പറഞ്ഞ പട്ടിക്കാംതൊടിയുടെ പ്രശിഷ്യനും ആജീവനാന്തം ഊണിലുമുറക്കത്തിലും കഥകളിയെ ശ്വസിച്ച വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനുമായ കോട്ടക്കൽ ശിവരാമാ,
അങ്ങയോടുള്ള സർവ്വ ആദരവോടുംകൂടെ പറയട്ടെ;
അങ്ങയുടെ ഈ തീരുമാനം ബുദ്ധിപൂർവ്വമായിരിക്കാം,പക്ഷേ ഹൃദയപൂർവ്വമല്ല.

Monday, October 20, 2008

കഥകളിയിലെ യുക്തിബോധം-2

കഥകളിയുടെ ആഹാര്യം തന്നെ,യഥാതഥപരിസരത്തെ തീവ്രമായി നിരസിച്ചുകൊണ്ടാ‍ണ് രൂപകൽ‌പ്പന ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണമല്ലാത്ത വർണ്ണസങ്കലനങ്ങൾ,മനുഷ്യ-ദേവ-അസുരവ്യത്യാസമില്ലാതെ ചുട്ടിയും ഉടുത്തുകെട്ടും അടക്കമുള്ള അമാനുഷിക അലങ്കാരങ്ങൾ-അങ്ങനെ ലൌകികാന്തരീക്ഷത്തിൽ നിന്നു വേറിട്ട, നാട്യധർമ്മിയായ കഥകളിയുടെ ആഹാര്യപദ്ധതി റിയലിസത്തിൽനിന്നു വേറിട്ട ആവിഷ്കാരപരിസരത്തെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.ലൌകികത്തിൽ നിന്നു ലോകധർമ്മിയിലേക്കുള്ളതിലും ദൂരമുണ്ട് ലോകധർമ്മിയിൽ നിന്നു നാട്യധർമ്മിയിലേക്ക് എന്ന കാവാലം നാരായണപ്പണിക്കരുടെ നിരീക്ഷണം അർത്ഥഗർഭമാണ്.കാക്കരശ്ശിനാടകവും പാങ്കളിയും മുതൽ കൂടിയാട്ടം വരെയുള്ള ഈ പരിണാമപ്രക്രിയയുടെ ഫലമാണ് കഥകളി.
“അതിവാക്യക്രിയാപേത”മായ ,അതിവാക്യത്തോടുകൂടിയ അഭിനയമായി ഭരതൻ നാട്യധർമ്മിയെ നിർവ്വചിക്കുന്നതിന്റെ കൃത്യമായ അവതരണസ്വരൂപം കഥകളിയിലാണ് കാണാനാവുക.നിയോക്ലാസിക്കൽ ബിംബാവലികളും,ക്ലാസിക്കൽ കാവ്യകൽ‌പ്പനകളും നിറയുന്ന കളിയരങ്ങിന്റെ പരിപ്രേക്ഷ്യം കേവലയുക്തികൾക്ക് വഴങ്ങുന്നതല്ല.തോരണയുദ്ധം രാവണന്റെ “ഹിമകരഹിമഗർഭാ”എന്ന ശ്ലോകമോ,സുഭദ്രാഹരണം അർജ്ജുനന്റെ “ഈയം ഗേഹേ”എന്ന ശ്ലോകമോ ആടുന്നതുനോക്കുക,ലോകസാധാരണമായ യുക്തികളിൽ അവ പൂർണ്ണമായ അസംബന്ധമാണ്.എന്നാൽ പ്രസ്തുത സാഹചര്യങ്ങളിലെ നാട്യധർമ്മിയായ അന്തരീക്ഷവുമായി അവക്കുള്ള ചേർച്ച അനുപമമാണ്.ഇവിടെയാണ് കഥകളി യുക്തികളേക്കാൾ ഔചിത്യത്തിന് നൽകിയിരിക്കുന്ന പ്രാധാന്യം വ്യക്തമാവുക.
ഒരു കലയും ഇങ്ങനെയെല്ലാം ആസ്വദിക്കണമെന്ന് ശഠിക്കാനാവില്ല,ആ ശാഠ്യം വിഡ്ഡിത്തവുമാണ്.ക്ലാസിക്കൽ കലാസ്വാദകർ ആർജ്ജിക്കേണ്ട സംസ്കൃതിയെ ഒന്നോമ്മിപ്പിച്ചുവെന്നു മാത്രം

Tuesday, October 14, 2008

കഥകളിയിലെ യുക്തിബോധം

കളിയരങ്ങ് ഭിന്നരുചികളുള്ള ആസ്വാദകരുടെ മേളനസ്ഥലമാണ്,മറ്റേതൊരു കലയേയും പോലെ.അതിനാൽ പൊതുവായ ഔചിത്യധാരണകൾ എല്ലാവരും പുലർത്തണമെന്ന വാശിപിടിക്കുന്നത് ബാലിശമാണുതാനും.ബഹുസ്വരതയാർന്ന ആവിഷ്കാരശൈലികളും ആസ്വാദനബോധങ്ങളുമാണ് കഥകളിയുടെ എന്നത്തേയും സത്വവും.പക്ഷേ,കഥകളിക്ക് അതിന്റേതായ ചില രംഗക്രമങ്ങളും,ഭാവനാരീതികളുമുണ്ട്,അവയെ തിരിച്ചറിയാതെ ധാരണകളിലെത്തുന്നത് അബദ്ധമാകും.പണ്ടത്തെ കഥകളിക്കാരിൽ രൂക്ഷമായിരുന്നതെന്ന് കേട്ടറിവുള്ളതും,പുതിയ പല കലാകാരന്മാരിലും ആസ്വാദകരിലും മുളപൊട്ടിയിരിക്കുന്നതുമായ കേവലയുക്തികൾ,കഥകളിയുടെ മാർഗ്ഗമല്ല.
പുതിയ ആസ്വാദകനിര കഥകളിയിൽ വളർന്നു വരുന്നുണ്ട്,നിശ്ചയം.കഥകളികാണാനെത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലെ വളർച്ച ശുഭോദർക്കമാണ്.കഥകളിയുടെ സാങ്കേതികവശങ്ങളെപ്പോലും ഇഴപേർത്തു പരിശോധിക്കുന്ന കുറച്ചു യുവാക്കളെയെങ്കിലും ഇന്നു കളിയരങ്ങിനു മുന്നിൽ കാണാം.നൂറ്റാണ്ടുകളിലൂടെ കഥകളി വളർത്തിയ മൂല്യബോധം,രാഷ്ട്രീയം,ലാവണ്യവിചാരം,ഔചിത്യനിയമങ്ങൾ-എല്ലാം തിരുത്തപ്പെട്ടുതുടങ്ങുന്നു.ഒരു വശത്ത് വിപണിവിഴുങ്ങുമ്പോൾ മറുവശത്ത് നടക്കുന്ന ഈ ചെറുതെങ്കിലും സാർത്ഥകമായ പ്രതിരോധം എനിക്കാഹ്ലാദമാണുണ്ടാക്കുന്നത്.പക്ഷേ,സാമാന്യയുക്തി കൊണ്ട് കഥകളിയിലെ രംഗകൽ‌പ്പനകളെ അളക്കുന്ന,പഴയ ചില കഥകളിക്കാരുടെ സ്വഭാവം ഇവരെ ബാധിക്കുന്നതിൽ ഞാൻ ആശങ്കാകുലനാണ്.അടുത്തിടെയുണ്ടായ ഒരു സംഭവം ഞാൻ പങ്കുവെക്കട്ടെ:
നളചരിതം ഒന്നാം ദിവസത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ,ഒരു യുവ കഥകളിയാസ്വാദകൻ അഭിപ്രായപ്പെടുകയാണ്;“ “അറിക ഹംസമേ” എന്ന പദം സത്യത്തിൽ ഒറ്റക്കൈ കൊണ്ടാണ് മുദ്ര കാണിക്കേണ്ടത്.ഹംസത്തെ നളൻ പിടിച്ചിരിക്കയാണല്ലോ.രണ്ടുകൈകളും മുദ്ര കാണിക്കാനായി എടുത്താൽ പിന്നെ ഹംസം പറന്നു പോവില്ലേ?” എത്ര ബാലിശമായ ചോദ്യമാണിതെന്ന് കരുതിയിരിക്കുമ്പോഴാണൽഭുതം,ഇതൊരു പുതിയ വാദമാണെന്ന നിലയിൽ വേദിയിലെ പ്രമുഖ കഥകളിക്കാർ പ്രതികരിക്കുന്നു!
കഥകളിയരങ്ങിനെ യഥാതഥബോധവുമായി വ്യാഖ്യാനിക്കുന്ന സ്വഭാവം പുതിയകാര്യമൊന്നുമല്ല.നളചരിതം ഒന്നാം ദിവസത്തിൽ നളൻ ഇരുന്നിരുന്ന സിഹാസനം നാരദനു നൽകുന്നതിലെ ‘അനൌചിത്യം’ചൂണ്ടിക്കാണിച്ചത് ഹൈദരാലിമാഷായിരുന്നല്ലോ!അടിസ്ഥാനപരമായി അതൊരു സ്റ്റൂളാണെന്നും,കഥകളിയുടെ സാധാരണരംഗക്രമമാണ് അരങ്ങിലെ ബഹുമാന്യർക്ക് മാന്യസ്ഥാനമായ വലതുവശം നൽകൽ എന്നും മാഷിന് അറിയാഞ്ഞിട്ടല്ല,മനസ്സിലെ റിയലിസ്റ്റിക് ധാരണകളുടെ അധിനിവേശമായിരുന്നു വാസ്തവത്തിൽ പ്രശ്നം.
ഉന്നതോഷ്മാവിലുള്ള ഒരു ഭാവനാശാലിയാണ് നല്ല കഥകളിയാസ്വാദകനാവുന്നത്.പരിമിതമായ രംഗോപകരണങ്ങൾ കൊണ്ട് കഥകളി സൃഷ്ടിക്കുന്ന ഭാവനാലോകങ്ങളിലേക്ക് പറക്കാനുള്ള കണ്ണുള്ളവർ.വെറും ‘തിരശ്ശീല’എന്ന ഒറ്റ രംഗോപകരണത്തെ നോക്കൂ,ഓരോ രംഗങ്ങളുടെയും ആരംഭത്തിലും അന്ത്യത്തിലും പിടിക്കുന്ന ഒരു ‘കർട്ടൻ’മാത്രമല്ല കഥകളിയിലെ തിരശ്ശീല.അത് ബാലിസുഗ്രീവന്മാർക്ക് അപ്പുറവുമിപ്പുറവും നിന്ന് യുദ്ധം ചെയ്യാനുള്ള പർവ്വതമാകും,കീചകനെ കാത്ത് നൃത്തശാലയിൽ കിടക്കുന്ന വലലനുള്ള പുതപ്പാകും,“ക്രൂരയാകുന്ന നക്രതുണ്ഡി”ക്ക് പ്രവേശപദത്തിന് ഒളിഞ്ഞു നോക്കാനുള്ള ഉപാ‍ധിയാകും,ക്രുദ്ധനായ ശിവന് തന്റെ ജടയടിച്ച് ഭൂതങ്ങളെ സൃഷ്ടിക്കാനുള്ള കൈലാസഗിരിശൃംഗമാകും….അങ്ങനെ പലതുമാകും.ഇതെല്ലാം സന്ദർഭാനുസാരിയായി കഥകളി കണ്ടുപരിചയമുള്ളവർ ഉൾക്കൊള്ളുന്നു.അവർക്കതിൽ ഒരൌചിത്യഭംഗവും തോന്നില്ല.കഥകളിയിലെ ഗദ,അതൊരു ഗദയാണോ?ആറിഞ്ചു നീളം കഷ്ടിച്ചുവരുന്ന ആ ഉപകരണത്തെ രൌദ്രഭീമനെടുക്കുമ്പോൾ,കഥകളിപ്രേമിക്ക് ഒരസ്വസ്ഥതയുമില്ല. അതിനു പകരം,ശരിയായ ഗദ വേണമെന്നു പറഞ്ഞാൽ,അതു പിന്നെ കഥകളിയാവില്ല.
കഥകളി നൂറ്റാണ്ടുകളിലൂടെ സമാർജ്ജിച്ച പല അരങ്ങുവഴക്കങ്ങളുമുണ്ട്.അവയെ നമുക്കു പൊളിച്ചുപണിയാം,പക്ഷേ നാമാദ്യം അവയെന്താണെന്ന് ശരിക്കും അറിയേണ്ടിയിരിക്കുന്നു.റിയലിസത്തിന്റെ പതിവുകലാശീലങ്ങൾ കൊണ്ട് കഥകളിയെ അളക്കാൻ ചെല്ലുന്നത് അപായകരമാ‍കും.
(തുടരും)

Wednesday, October 1, 2008

കഥകളിയിലെ നൃത്തം അർത്ഥഭരിതമോ അർത്ഥരഹിതമോ?ഭാഗം-2

വാഗർത്ഥങ്ങളുടെ സം‌പൃക്തത പോലെ,കഥകളിയിലെ നൃത്തവും അർത്ഥവും സമന്വയിക്കപ്പെട്ട അവസ്ഥയാണ് കല്ലുവഴിക്കളരി സൃഷ്ടിച്ചെടുത്തത്.സർഗ്ഗാത്മക രചനയിൽ ‘വാക്ക്’ ചെയ്യുന്നതെന്തോ,അതുതന്നെയാണ് നൃത്തം കല്ലുവഴിക്കഥകളിയിലും ചെയ്യുന്നതെന്നർത്ഥം.ഞാനേറ്റവും സ്നേഹിക്കുന്ന ഉദാഹരണം:
വാത്സല്യവാഹിയായ കാറ്റ്

കല്യാണസൌഗന്ധികം ഭീമന്റെ ശൃംഗാരപ്പദമായ “പാഞ്ചാലരാജതനയേ”അവസാനിക്കുന്ന ഇരട്ടിനൃത്തം ചെയ്യുന്ന അർത്ഥോൽ‌പ്പാദനം അനുപമമാണ്.കാമികൾക്കനുകൂലമായ സമയത്ത്,ചന്ദനക്കുളിർകാറ്റിലാടുന്ന പിച്ചകവള്ളികളോടുകൂടിയ വനത്തിൽ ഭീമൻ പാഞ്ചാലിയോടു പറയുന്ന പ്രണയോക്തികളാണ് പദം.*സൌഗന്ധികത്തിൽ രംഗത്ത് മൂന്നു കഥാപാത്രങ്ങളേ ആകെയുള്ളൂ-ഭീമൻ,പാഞ്ചാലി,ഹനുമാൻ.എന്നാൽ രംഗത്തു പ്രത്യക്ഷമാകാതിരിക്കുകയും കഥാഗതിയെ മുഴുവൻ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നാലാം കഥാപാത്രം കൂടി സത്യത്തിൽ സൌഗന്ധികത്തിലുണ്ട്-കാറ്റ്.രണ്ടുയുഗങ്ങളുടെ വിദൂരതയിൽ കിടക്കുന്ന തന്റെ മക്കളെ കൂട്ടിയിണക്കാനായി വീശുന്ന കാറ്റ്.ഭീമന്റെ പ്രണയോക്തികൾക്കിടക്ക് ,ആദ്യശ്ലോകത്തിൽ പറയുന്ന,പിച്ചകവള്ളികളാടുന്ന കുളിർകാറ്റ് ക്രമികമായി വർദ്ധിക്കുന്നു.പദമവസാനിക്കുന്ന നിമിഷത്തിൽ,വാത്സല്യത്തോടെ വായുദേവൻ അരികിലെത്തിച്ചതെന്നപോലെ,*ഒരു ദിവ്യപുഷ്പം-സൌഗന്ധികം,അവർക്കിടയിൽ വന്നു വീഴുകയാണ്.കളിയരങ്ങിന്റെ സാധ്യതകളുപയോഗിച്ച് കാറ്റിന്റെ വരവ്,പ്രണയസല്ലാപത്തിനിടയിൽ വന്നു വീഴുന്ന പുഷ്പം എന്ന ധ്വനി,അനുക്രമമായി താരസ്ഥായിയിലെത്തുന്ന കാറ്റ് എന്നിവയെല്ലാം രംഗത്തുകൊണ്ടുവരണം.ഒരു ഇരട്ടിനൃത്തം കൊണ്ട് ഈ പ്രശ്നങ്ങൾക്കു കല്ലുവഴിക്കളരി പരിഹാരം കണ്ടതു കാണുക.സാധാരണ പതിഞ്ഞ‌ഇരട്ടികളിൽ നിന്നു വ്യത്യസ്തമായി,ഇവിടെ പദത്തിനു പകുതിയിൽ നിന്നേ ഇരട്ടിനൃത്തം തുടങ്ങുന്നു.‘പഞ്ചമകൂജിത’എന്ന രണ്ടാം ചരണം മുതൽ ഇരട്ടിയാണ്.32മാത്രക്കു പതിഞ്ഞചെമ്പടയിൽ നിന്ന്,8താളവട്ടമുള്ള മൂന്നു ഘട്ടങ്ങൾ പിന്നിട്ട്,അവസാനിക്കുന്ന നൃത്തശിൽ‌പ്പത്തിന്റെ തന്ത്രം,കഥകളിപ്രേക്ഷകന്റെ മനസ്സിൽ വീശിയടുക്കുന്ന ഒരു കാറ്റിനെ പ്രത്യക്ഷമാക്കുന്നു.ഇരട്ടിയുടെ അവസാനം നോക്കുക,മാൻ മുദ്ര പിടിച്ച് ,ഇടതുകാൽ പൊക്കി,കഴുത്തിളക്കി നിൽക്കുന്ന ആ പോസ്റ്റർ കഥകളിലോകമാ‍സകലം തപ്പിയാൽ കിട്ടില്ല.പകുതിയിൽ നിന്നു പോയ ഭീമസല്ലാപത്തെ ആ ‘നില’ അനുഭവിപ്പിക്കുന്നു.‘ചന്ദനശിഖരിചരം’എന്ന അടുത്ത ചരണം വേണ്ടെന്നുവെച്ച്,ആ അർത്ഥവത്തായ അവസാനം സംവിധാനം ചെയ്ത കലാമർമ്മജ്ഞത ആലോചിച്ചുനോക്കൂ!
നൃത്തം ഇവിടെ അർത്ഥോൽ‌പ്പാദനത്തിനുള്ള സമർത്ഥമായ ഉപാധിയാകുന്നു,ആദ്യം പ്രസ്താവിച്ച വാഗർഥങ്ങളെപ്പോലെ.
നൃത്യഘടനയുടെ വേറിട്ട മാനങ്ങൾ

കേവലനൃത്തമല്ല,നാട്യം കലർന്ന നൃത്തമാണ് കഥകളിയുടെ വഴി.ഇതിനെ ഭരതൻ നൃത്യമെന്നു പറഞ്ഞു.നാട്യധർമ്മിയാണ് കഥകളിനൃത്തത്തിന്റെ സത്വം.നൃത്തകലകളിൽ ഒരു ഭാവത്തിന്റെ വികാരപൂർത്തിയിൽ നിന്ന്,ഒരു നൃത്തം കൊണ്ട് രംഗത്തെ അന്യവൽക്കരിക്കുന്നതു സാധാരണമാണ്.എത്ര ശോകതീവ്രമായ രചനയുമായിക്കൊള്ളട്ടെ,ഒരു ജതി വന്നാൽ ചിരിച്ചുപുരികമിളക്കി ചെയ്യുക എന്നത് വിദഗ്ധമായ ഒരു അന്യവൽക്കരണതന്ത്രമാണ്.പക്ഷേ,കഥകളിയിലതു നടപ്പില്ല.പദത്തിന്റെ ഭാവാനുസാരിയായി നൃത്തത്തെ ഉപയോഗിക്കലാണ് കഥകളിയുടെ മാർഗം.അതിനാൽത്തന്നെ കഥകളിനൃത്തം ഒരന്യവൽക്കരണതന്ത്രവുമല്ല.രംഗത്തില്ലാത്ത വസ്തുക്കളെ അനുഭവവേദ്യമാക്കുക കൂടി കഥകളിയിലെ നൃത്തധർമ്മമാണ്.കാലകേയവധത്തിലെ മാതലിയുടെ തേരുകൂട്ടിക്കെട്ടൽ,അരങ്ങിലില്ലാത്ത തേരിനെ പ്രകാശിപ്പിക്കുന്ന തന്ത്രമാണെന്ന് കെ.ബി.രാജാനന്ദ് പറഞ്ഞതോർക്കുന്നു.അരങ്ങിലില്ലാത്ത ശസ്ത്രജാലത്തെ മുഴുവൻ നരകാസുരൻ പടപ്പുറപ്പാടെടുക്കുന്നതോടെ നമുക്കു കാണാനാവുന്നുണ്ടല്ലോ.
കഥകളി ഒരു സങ്കരകലയാണെന്നതിനാൽത്തന്നെ,നിരവധി ഫോൿലോർ അംശങ്ങൾ അരങ്ങിലിന്നുമുണ്ട്.പല മനോഹരനൃത്തങ്ങളുടെയും രൂപശിൽ‌പ്പം,ലോകധർമ്മിയോ ലൌകികമോ ആയ പരിതസ്ഥിതികളിൽ നിന്നെടുത്തതെന്നു വ്യക്തം.അവ കൂടി ചേരുമ്പോഴാണ് കഥകളി പൂർണ്ണമാകുന്നത്.നക്രതുണ്ഡിയുടെ പഞ്ചാരിവട്ടം,കിരാതം കാട്ടാളന്റെ പിൻ‌വാങ്ങൽ…അതൊന്നുമില്ലെങ്കിൽ പിന്നെന്തുകഥകളി?
നവീകരണം‌-ഇത്തിരിവട്ടത്തിന്റെ മതിലുകൾ

കഥകളിയുടെ നൃത്തത്തിൽ തൊടരുത്,അതു പാവനവും പരിശുദ്ധവുമാണ്,പരമാവധി സമ്പൂർണ്ണമായിക്കഴിഞ്ഞു…ഇങ്ങനെ വങ്കത്തം വിളമ്പുന്ന ഫോസിലുകൾ ഇന്നും കഥകളിലോകത്തു ഭൂരിപക്ഷമാണ്.വലിയ തമാശ,ഇവരിൽ ഭൂരിപക്ഷത്തിനും എന്താണീ നൃത്തചാരുതയെന്ന ബോധ്യം തന്നെയില്ല എന്നതാണ്.കഥകളിയുടെ വളർച്ചാകാലത്തുണ്ടായിരുന്ന സാമൂഹ്യഘടനയും,രാഷ്ടീയസാഹചര്യവുമെല്ലാം മാഞ്ഞുപോയത് ഇവരറിയാഞ്ഞിട്ടൊന്നുമല്ല.മാറ്റമില്ലാതെ ഒന്നിനെ നിലനിർത്താൻ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്.കഥകളിയിൽ നിന്നുദിക്കുന്നൂ ലോകം കഥകളിയാൽ വൃദ്ധിതേടുന്നു എന്നു വിശ്വസിച്ചിരിക്കുന്ന കഥകളിക്കാർക്കു കാഴ്ച്ചക്കുറവാണ്,എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാക്കപ്പെടുന്നതു നേരിട്ടനുഭവിച്ചു ജീവിക്കുന്ന കളിഭ്രാന്തർക്കോ?
(അവസാനിച്ചു)

Saturday, September 27, 2008

കഥകളിയിലെ നൃത്തം അർത്ഥഭരിതമോ അർത്ഥരഹിതമോ?


സമകാലീനരോ,പിൻ‌ഗാമികളോ ആയ കഥകളിക്കാരിൽ നിന്നും വേറിട്ട നൃത്തസങ്കൽ‌പ്പമുള്ള കീഴ്പ്പടം കുമാരൻ‌നായരെക്കുറിച്ചുള്ള ലേഖനശേഷം,എന്നെ മഥിച്ചുകൊണ്ടിരുന്ന ഒരുപ്രശ്നമാണ് കഥകളിയിലെ നൃത്തത്തിന്റെ അർത്ഥസങ്കൽ‌പ്പങ്ങൾ.കതിരവനെപ്പോലുള്ളവരുടെ കമന്റുകൾ കൂടി വന്നതോടെ,പ്രശ്നം കൂടുതൽ ചിന്തയിൽ നിറയുന്നു.സംവാദങ്ങൾക്കായി അവ നിങ്ങളുമായി പങ്കുവെക്കട്ടെ.അൽ‌പ്പം ചരിത്രം പറയാതെ ഇവിടെ നിവൃത്തിയില്ല.ക്ഷമിക്കൂ.
ചരിത്രവും നൃത്തപരിണാമവും
കഥകളിയുടെ ഉൽഭവം,വേഷ-വാദ്യ-ഗായകരുടെ ഏകോപനം-തുടങ്ങിയവയിലെല്ലാം
നിരവധി അഭിപ്രായഗതികളുണ്ട്.അങ്ങോട്ടു തൽക്കാലമില്ല.ഒരു കാര്യമുറപ്പ്,ഇന്നു നാം കഥകളിയിൽ കാണുന്ന നൃത്തഘടനക്ക് അനേകരുടെ സർഗ്ഗവിചാരങ്ങളുടേയും കഠിനാധ്വാനത്തിന്റെയും കഥപറയാനുണ്ട്.രാമായണകഥകളുടെ അനുക്രമമായ കഥാഖ്യാനത്തിലൂടെ കൊട്ടാരക്കരതമ്പുരാൻ കണ്ട ലക്ഷ്യം വൈഷ്ണവപ്രസ്ഥാനത്തിന്റെ പ്രചരണമോ,ക്ഷീണിതരായ സൈനികർക്ക് ‘കളി’ കലർന്ന അഭ്യാസമോ ,മറ്റെന്തെങ്കിലുമോ ആകട്ടെ,ആ ലക്ഷ്യത്തിൽനിന്ന് ,കേവലമായ കഥാഖ്യാനത്തിന്റെ പരിമിതവൃത്തത്തിൽ നിന്ന്,കഥകളിയെ പുറത്തുകടത്തിയത് കോട്ടയത്തുതമ്പുരാനായിരുന്നു.നാലുകഥകൾ,അല്ല,നാലു ശക്തിദുർഗ്ഗങ്ങൾ-ബകവധം,കല്യാണസൌഗന്ധികം,കാലകേയവധം,കിർമ്മീരവധം.കോട്ടയംതമ്പുരാൻ നൂറ്റാണ്ടുകളുടെ കഥകളിനൃത്തത്തിനാണ് അസ്ഥിവാരമിട്ടത്.തെക്കും വടക്കുമുള്ള കഥകളിക്കളരികളുടെ നൃത്തകൽ‌പ്പനകളുടെ ആധാരം കോട്ടയം കഥകളുടെ ആവിഷ്കാരരീതിശാസ്ത്രത്തിലുറച്ചു.പന്നിശ്ശേരി നാണുപിള്ളയുടെ ‘കഥകളിപ്രകാരം’നോക്കുക,തെക്കൻ കളരിയിൽ പണ്ടുണ്ടായിരുന്ന സലജ്ജോഹത്തിന്റെയും ഭീമന്റെ വനയാത്രയുടെയും നർത്തനശിൽ‌പ്പം എഴുതിവെച്ചിരിക്കുന്നതുകാണാം.കപ്ലിങ്ങാടിന്റെ പരിഷ്കരണം പ്രധാനമായും കഥകളിയുടെ സങ്കേതത്തിലായിരുന്നു.ആധുനികകഥകളിയുടെ ഉരുവം കപ്ലിങ്ങാടിന്റെ അടിമുടിയുള്ള പരിഷ്കരണത്തോടെയാണ്.കൂടിയാട്ടത്തിന്റെ ക്ലാസിക്കൽ ചാരുതയും,അനവധി ഫോൿലോർ കലാസൌന്ദര്യങ്ങളും സമന്വയിക്കപ്പെട്ട,ആ ആധുനികകഥകളിയാണ് ഒളപ്പമണ്ണമനക്കൽ ചിത്രഭാനു നമ്പൂതിരിപ്പാടും കുത്തനൂർ ശങ്കുപ്പണിക്കരും കരുമനശ്ശേരി കൃഷ്ണൻ‌കുട്ടിഭാഗവതരും ചേർന്ന കല്ലുവഴിക്കളരിയിലെത്തിയത്.കഥകളിയുടെ നൃത്തം ,ഒതുക്കിച്ചെയ്യുന്ന ക്രിയാഘടനയിലേക്ക് മാറ്റിയത് ശങ്കുപ്പണിക്കരും അദ്ദേഹത്തിന്റെ ശിഷ്യൻ ഇട്ടിരാരിച്ചമേനോനും കൂടിയാണ്.ആ ഒതുക്കം,കഥകളിക്ക് ഒരു പുതിയ ലാവണ്യവും പുതുദർശനവുമാണ് നൽകിയത്.ഒരു പറ നെല്ല് ഉണങ്ങാൻ ചിക്കിയിടുന്ന സ്ഥലത്തു നിന്ന് കളിക്കണം-ഇതായിരുന്നു കല്ലുവഴിയുടെനൃത്തനിയമം-‘പറവട്ടം’.എടുത്തും ചുഴിച്ചുമുള്ള കലാശങ്ങൾ,ഇരട്ടികൾ,അടക്ക-തോങ്കാരങ്ങൾ,എന്തിന്,ചൊല്ലിയാട്ടത്തിന്റെ സമസ്തമേഖലകളിലും പാലിക്കേണ്ട ഈ നിയമം,കളിവിളക്കിന്റെ ഇത്തിരിവെട്ടത്തിലുള്ള അന്നത്തെ കളിയരങ്ങിനെ കൂടുതൽ ദർശിതമാക്കിയെന്നു മാത്രമല്ല,മിതത്വമാർന്ന ഒരു അനുപമ ചാരുത കഥകളിക്കു സമ്മാനിക്കുകയും ചെയ്തു.
ഇട്ടിരാരിച്ചമേനോന്റെ അവസാനകാലശിഷ്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോനാണ് കഥകളിയുടെ സമഗ്രശിൽ‌പ്പത്തെ ഇന്നു കാണും വിധം ഉന്മിഷിത്താക്കിയത്.കൊടുങ്ങല്ലുർകളരിയിൽ നിന്നും ആർജ്ജിച്ച നാട്യശാസ്ത്രവെളിച്ചത്തിന്റെ പിൻബലത്തോടെ, കഥകളിയുടെ രൂപശിൽ‌പ്പത്തെയാകമാനം സ്ഥായീഭാവത്തിലൂന്നിയ രസോന്മീലനത്തിലേക്ക് അദ്ദേഹം സമന്വയിപ്പിച്ചു.രാവുണ്ണിമേനോൻ കളരിയുടെ സദ്ഫലങ്ങളിലാണ് ഇന്നും കഥകളിയുടെ സൌന്ദര്യം പുലരുന്നത്.
കല്ലുവഴിനൃത്തത്തിന്റെ കനകഭാവങ്ങൾ
കല്ലുവഴിക്കളരി നൃത്തത്തെ അനുഭവത്തിന്റെ സമഗ്രരൂപമായിക്കണ്ടു.കഥകളിയിൽ കഥ പ്രധാനമല്ലാതായി.കാലകേയവധത്തിന്റെ പൂർവ്വഭാഗത്തിന്റെ രംഗരൂ‍പം നോക്കുക,ഒരു ചെറിയ കഥയേ ഉള്ളൂ.അർജ്ജുനൻ ഒരു വിശേഷപ്പെട്ട അസ്ത്രവും വാങ്ങിയിരിക്കുമ്പോൾ ഇന്ദ്രന് അർജ്ജുനെ കാണണമെന്നു തോന്നി,തേരാളിയായ മാതലിയെ അയക്കുന്നു,മാതലിയോടൊപ്പം അർജ്ജുനൻ ദേവലോകത്തെത്തി മാതാപിതാക്കളെ കണ്ടു വന്ദിക്കുന്നു,പിന്നീട് അദ്ദേഹം ദേവലോകം ചുറ്റിക്കാണുന്നു-ഇത്രയേ ഉള്ളൂ! പക്ഷേ,അതിന്റെ അവതരണശിൽ‌പ്പമോ?അത്യന്തം സങ്കീർണ്ണവും,ലാവണ്യാത്മകവുമായ കളരിപാഠങ്ങളിലൂടെയാണ് ‘മാതലേ നിശമയ’യും,‘ഭവദീയനിയോഗ’വും,‘സലജ്ജോഹ’വും,‘ജനകതവദർശനാ’ലും കടന്നു പോകുന്നത്.അതായത്,കഥയേക്കാൾ പ്രാധാന്യം കഥാഖ്യാനസങ്കേതത്തിനു വരുന്നു.നമുക്കിതിനെ വേണമെങ്കിൽ ലാവണ്യവാദമെന്നു വിളിക്കാം.അപായകരമായ ഈ ലാവണ്യവാദത്തെ,കഥാപാത്രത്തിന്റെ സ്ഥായീഭാവദീക്ഷയിലൂന്നിയ നൃത്തബോധം കൊണ്ടാണ് പട്ടിക്കാംതൊടി ചെറുത്തുനിന്നത്.സവിശേഷമായ അർത്ഥോൽ‌പ്പാദനം സാധ്യമാകുന്ന നൃത്തശിൽ‌പ്പമാണ് കഥകളിക്കാവശ്യം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ആധുനികശൈലീവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ സാർത്ഥകമായ ഉദ്ഗ്രഥനം തുടർന്നുള്ള കഥകളി ആവശ്യപ്പെടുന്നു.എന്നാൽ,നിരാശയോടെ പറയട്ടെ,ഇന്നും നമ്മുടെ കളിയരങ്ങ് പട്ടിക്കാംതൊടിയിൽ തന്നെ നൃത്തമാടുന്നു,ആവർത്തനത്തിൽ മുങ്ങിക്കിടക്കുന്നു!എന്നെ കണ്ണാടിക്കാഴ്ച്ച പോലെ ആവർത്തിക്കൂ എന്നല്ല പട്ടിക്കാംതൊടി അദ്ദേഹത്തിന്റെ ജീവിതം കൊണ്ടു കഥകളിക്കാരോടു പറഞ്ഞത്,നിത്യനവോന്മേഷശാലികളാവൂ എന്നാണ്.നാം അദ്ദേഹത്തെ കണ്ണടച്ചു പിൻപറ്റിയാൽ അതദ്ദേഹത്തോടുള്ള ആദരവോ അനാദരവോ?
(തുടരും)

Tuesday, September 23, 2008

കീഴ്പ്പടം-വിശകലനവും ചില കാലികചിന്തകളും-ഭാഗം:3

വിയോജനത്തെ, സർഗ്ഗാത്മകമായ ഒരു ആദരവായാണ് ഞാൻ കാണുന്നത്.വിയോജിക്കാൻ എന്തെങ്കിലുമുള്ളതുകൊണ്ടാണല്ലോ വിയോജിക്കാനാവുന്നത്!ഒരു വിയോജിപ്പുമില്ലാത്തതായി വിയോജിക്കുക എന്ന നിലപാടുപോലുമില്ല.
നൃത്തഭാഷ്യങ്ങളിലെ വിയോജനങ്ങൾ
കീഴ്പ്പടത്തിന്റെ നൃത്തധാരണകൾ,ഇത്തിരിവട്ടം കണ്ടും അനുഭവിച്ചും ജീവിക്കുന്ന സാധാരണകഥകളിക്കാരന്റെയായിരുന്നില്ല.നീണ്ടകാലത്തെ പ്രവാസം,കുമാരൻ നായരിൽ ബഹുസ്വരതയാർന്ന നൃത്താനുഭവങ്ങൾ നിറച്ചു.ഭതനാട്യവും കുച്ചിപ്പുടിയും മുതൽ,കഥക്കും മണിപ്പുരിയും വരെ കീഴ്പ്പടത്തിലൂടെ കയറിയിറങ്ങിയിട്ടുണ്ട്.കൊടുങ്ങല്ലൂർ കളരിയിലേക്കു പോയ പട്ടിക്കാംതൊടിയും തിരിച്ചുവന്ന പട്ടിക്കാംതൊടിയും പോലെ,പ്രവാസത്തിനുമുൻപുള്ള കീഴ്പ്പടവും ശേഷമുള്ള കീഴ്പ്പടവും രണ്ടുപേരായിരുന്നിരിക്കണം.കഥകളിയുടെ നൃത്തഭാഷയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾക്കിടക്ക്,കീഴ്പ്പടത്തിന് പിശകുകളും സംഭവിച്ചിട്ടുണ്ട്.ഉദാഹരണത്തിന്,കാർത്തവീര്യാർജ്ജുനവിജയത്തിലെ ‘കമലദളം’എന്ന പതിഞ്ഞ ശൃംഗാരപ്പദത്തിനു ശേഷമുള്ള,“അദ്ഭുതമിതോർത്താലേവം”എന്ന പദത്തിൽ,“ദാസിയാകുമുർവ്വശിയിൽ”എന്ന ഭാഗത്തിൽ കീഴ്പ്പടം കൊണ്ടുവന്ന നൃത്തവിശേഷം.അത്യന്തം നാട്യധർമ്മിയായ ആ സന്ദർഭത്തിന്റെ മുഴുവൻ ചാരുതയേയും ചീന്തിക്കളയുന്ന ഒരു സാഹസമായിരുന്നു അത് എന്നാണ് എന്റെ അഭിപ്രായം.കഥകളിയുടെ സങ്കേതശിൽ‌പ്പത്തിനോട് ആവശ്യമില്ലാത്ത ഒരു ‘കീഴ്പ്പടംയുദ്ധ’മായിരുന്നു അത്.
താളത്തെ അനുസരിക്കാനും,താളത്തോടിടഞ്ഞുനിൽക്കാനും മികച്ച താളബോധമുള്ള ഒരു കഥകളിനടനു പറ്റും.കീഴ്പ്പടം പലപ്പോഴും രണ്ടാമത്തെ മാർഗം പിന്തുടർന്നു,അതിൽ വിസ്മയങ്ങളും സൃഷ്ടിച്ചു.എന്നാൽ ചിലപ്പോൾ,താളത്തിന്റെ അനുസരണത്തിൽ തന്നെ കഥകളിയുടെ അനുപമസൌന്ദര്യം ഇതൾ വിരിയുന്ന ചില സന്ദർഭങ്ങളിൽ,കീഴ്പ്പടം പുതുവഴികൾ തേടി നിറം മങ്ങി.നല്ലൊരുദാഹരണമാണ് തോരണയുദ്ധത്തിലെ ‘സമുദ്രലംഘനം’ആട്ടം.ലങ്കയിലേക്കു ഹനുമാൻ ചാടുന്നതോടെ ആരംഭിക്കുന്ന മുറിയടന്തമേളത്തോടൊപ്പം,താളത്തിനനുസരിച്ച് കാൽ വെച്ചുകൊണ്ട് മുമ്പിലേക്കുതിരിഞ്ഞ് പുറപ്പാടിലെ നാലാംനോക്കിന്റെ ക്രമത്തിൽ കാൽകുടഞ്ഞ്,അതിന്റെ ഒടുവിലത്തെ പത്തുകാലുകൾ ഇരട്ടിച്ച കാലത്തിൽ കുടഞ്ഞ്…ആ സമുദ്രലംഘനത്തിന്റെ സൌന്ദര്യം അനിർവ്വചനീയമാണ്.എന്നാൽ കീഴ്പ്പടം കണ്ടെത്തിയ സമുദ്രലംഘനരീതിയിലില്ലാത്തത് ഈ മനോഹാരിതയാണ്.
നൃത്തം അരങ്ങുനിറയുന്ന ഒരനുഭവമായി കീഴ്പ്പടം എതിർവായിച്ചപ്പോൾ,കല്ലുവഴിക്കളരിയുടെ ആധാരശിലകളിലൊന്നായി കെ.പി.എസ്.മേനോൻ നിർവ്വചിച്ച ‘ഒതുക്കം’ നഷ്ടമായോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
കഥകളിയെ കാണാത്ത കാവ്യാത്മകത
അടിമുടി കവിത നിറഞ്ഞ കീഴ്പ്പടത്തിന് ചിലപ്പോൾ ശാപവുമായി.ത്രിപുടയുടെ നാലുകാലങ്ങളിലൂടെയും ക്രമാനുഗതമായി വളർന്ന്,ഉജ്വലമായ രാജസദീപ്തി സൃഷ്ടിക്കുന്ന രാവണോൽഭവത്തിലെ ‘തപസ്സാട്ട’ത്തിനിടക്ക്,അമ്മയുടെ കണ്ണുനീർമുത്തുകൾ കോർത്തെടുക്കുന്ന കണ്ണുനീർ മാല്യമെന്നു ഉപമിക്കുന്നതിന്റെ ഔചിത്യമെന്താണ്?നളദമയന്തിമാരെ കൂട്ടിയിണക്കാനായി ബ്രഹ്മാവയച്ച ഹംസം എന്ന വായന കൊള്ളാം,അതിന് ഹംസം ഇത്രക്കൊക്കെ തന്റേടാട്ടമാടിയാലോ?...അങ്ങനെ പലതും.
ബുദ്ധിമുട്ടിപ്പിക്കലുകൾ
കളിയരങ്ങ് ആർക്കും തർക്കിച്ചു ജയിക്കാനുള്ള ഇടമല്ല.പാത്രസ്ഥായിക്കും,കഥാസന്ദർഭത്തിനുമനുഗുണമായേ കഥകളിയിൽ മനോധർമ്മങ്ങൾ പാടൂ.കീഴ്പ്പടം പലയരങ്ങിലും ഇതു മറന്നു.ആ മറവികൾ,കഥകളിയുടെ വളർച്ചക്കൊരു സഹായവും ചെയ്യുന്നില്ല-കൂട്ടുവേഷക്കാരനെ വെള്ളം കുടിപ്പിക്കുകയല്ലാതെ.താളത്തിലിടഞ്ഞു കൊട്ടുകാരനെ,പുരാണജ്ഞാനം കൊണ്ടു വേഷക്കാരനെ… ഈ ബുദ്ധിമുട്ടിപ്പിക്കലുകൾക്ക് എന്തർത്ഥമാണുള്ളത്?
വിയോജിപ്പുകൾ നീട്ടുന്നില്ല.മഹാനായ ഒരു കലാകാരനെ സത്യസന്ധമായി വായിക്കാനുള്ള ഒരു ശ്രമം മാത്രമായി ഈ നിരീക്ഷണങ്ങളെ കാണുക.
പഴയ ഓർമ്മയും പുതിയ വെളിച്ചവും
കളിയരങ്ങിലെ പ്രകാശഗോപുരങ്ങൾ ഓരോന്നായി അണയുകയാണ്.പുതിയ നാമ്പുകൾ മുളപൊട്ടുന്നു..അരങ്ങുശാഠ്യങ്ങളുടെയും,സങ്കുചിതകലാദർശനത്തിന്റെയും,വരേണ്യവാദത്തിന്റെയും കാലവും അസ്തമിക്കുകയാണ്. കീഴ്പ്പടത്തെ മറന്ന് ഇനി കഥകളിക്കു മുന്നോട്ടു പോകാനാവുമെന്നു തോന്നുന്നില്ല.കഥകളിയുടെ ഉദ്ഗ്രഥനത്തിനായി ജന്മം നീക്കിവെച്ച ആ മഹാപ്രതിഭക്കു കോടി നമസ്കാരം.കളിവിളക്കുകളിരുളുന്ന ഈ കെട്ടകാലത്ത്,ആ ഓർമ്മകൾ നമുക്കു വാജീകരണമാകട്ടെ…
(അവസാനിച്ചു)