Thursday, July 29, 2010

മണ്ണിൽ തൊട്ട മനുഷ്യസ്ത്രീ – കോട്ടക്കൽ ശിവരാമനുമായി ഒരഭിമുഖം


പകർപ്പുകളില്ലാത്ത കഥകളിയിലെ ഏക അദ്ധ്യായമായിരുന്നു കോട്ടക്കൽ ശിവരാമൻ. ശിവരാമന്റെ കലാജീവിതമാണ് ആധുനികകഥകളി കണ്ട ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്ന്. അടിയുറച്ച സ്വപ്രത്യയസ്ഥൈര്യവും അനന്യമായ പ്രതിഭാശേഷിയും കലർന്ന ശിവരാമന്റെ കലാജീവിതം അനേകം അടരുകൾ ഉള്ളതാണ്. ശിവരാമന്റെ സങ്കീർണ്ണമായ വ്യക്തിസത്തയും കലാദർശനവും തമ്മിലുള്ള കലഹവും അനുരഞ്ജനവും എല്ലാം സ്ത്രീവേഷത്തിന്റെ ചരിത്രത്തെ പുനർ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
ഏഴുവർഷങ്ങൾക്കു മുൻപ്, കോട്ടക്കൽ ശിവരാമനുമായി ഞാൻ ചെയ്ത ഒരു അപ്രകാശിത അഭിമുഖസംഭാഷണം ചുവടെ ചേർക്കുന്നു. പരിസ്ഥിതിയും കലയും ഇഴചേർന്ന് കലാകാരന്റെ സ്വത്വരൂപീകരണത്തിലേക്കു വളരുന്ന നിരവധി ഘടകങ്ങളെ ഈ സംഭാഷണം സ്പർശിച്ചുപോകുന്നുണ്ട്. കഥകളിക്കകത്തും പുറത്തുമുള്ള പല കാര്യങ്ങളിലൂടെയും തെന്നിനീങ്ങിയ ഈ സംഭാഷണത്തിൽ നിന്ന് ഇനിയും കലാലോകത്തിനു സ്വീകരിക്കാൻ ഊർജ്ജം ബാക്കിയാണെന്നു തോന്നുന്നു. ഈ സംഭാഷണത്തിനുശേഷം വന്ന നിരവധി അഭിമുഖങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയിൽ വന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. സംഭാഷണത്തിലേക്ക്:
:} കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെപ്പറ്റി ആശാൻ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്ന് ആ ദുരിതകാലത്തേക്കു തിരിഞ്ഞുചിന്തിക്കുമ്പോൾ എന്തുതോന്നുന്നു?
സന്തോഷം തോന്നുന്നു. കുറേ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടാണ് ഇന്നത്തെ ഈ ശിവരാമനുണ്ടായത്. അതൊക്കെ ഓർത്താൽ ഇപ്പൊ സങ്കടൊന്നും ഇല്ല. പിന്നെ,എന്റെ ഗുരുനാഥൻ പത്മശ്രീ.വാഴേങ്കട കുഞ്ചുനായരോടുള്ള നന്ദിയും.അദ്ദേഹം അപാരമായ ദീർഘദർശിത്വം ഉള്ള ആളായിരുന്നു.അതോണ്ടാണ് ഇന്നത്തെ ശിവരാമൻ ഉണ്ടായത്.
:}സ്കൂൾ ജീവിതത്തിന്റെ സമയത്തെ ഒരു ഓർമ്മ പറയൂ.
മുൻപു പറഞ്ഞ, പട്ടിണിയുടെ കുറേ ഓർമ്മയുണ്ട്.അതൊക്കെ കുറേ മുൻപ് പറഞ്ഞുകഴിഞ്ഞതും ആണല്ലോ. ശിവരാമൻ ഇങ്ങനെ ഒന്നും ആവണ്ട ആളായിരുന്നില്ല. മഹാനായ ഗുരുനാഥൻ ശിവരാമനെ ഇങ്ങനെ ആക്കിത്തീർത്തതാണ്. ആ കടം ഒരിക്കലും വീടില്ല.
:} സ്കൂളിനടുത്തുള്ള ഒരാൽമരത്തിന്റെ ചുവട്ടിൽ പോയി ഉച്ചക്ക് കിടന്നിരുന്ന ഒരു കഥ ഇടയ്ക്ക് പറഞ്ഞു കേട്ടിട്ടുണ്ട്.
അന്ന് ഉച്ചക്ക് പലപ്പോഴും പട്ടിണിയാണ്. ഒന്നൂണ്ടാവില്യ. ശിവരാമനാണെങ്കിൽ കൊടുംവെശപ്പും. കുറേ വെള്ളം കുടിച്ച് കാറൽമണ്ണ സ്കൂളിന്റെ അടുത്തുള്ള ആൽമരത്തിന്റെ ചോട്ടിലങ്ങനെ പോയിക്കിടക്കും. ഓരോന്ന് ആലോചിച്ചും കൊണ്ട്.
:} എന്താ ആലോചിക്യാ?
ഓരോ ഭ്രാന്തുകള്. (ചിരിക്കുന്നു)
:} കുറച്ചു ഭ്രാന്തുകള് പറയൂ.
ആലിന്റെ മോളില് നിറയെ കിളികളാണ്. ഇവ്റ്റയൊക്കെ എങ്ങന്യാ ജീവിക്കണേന്ന് ആലോചിക്കും. നെറച്ച് പൊത്തുകളുണ്ട്, ചോട്ടില്. ഇതിൽ നിന്നൊക്കെ ഓരോ പാമ്പുകള് പൊറത്തേക്ക് വന്നാലോന്ന് ആലോചിക്കും. പിന്നെ എന്താന്ന് അറിയാത്ത കുറേ ആലോചനകള്.
:} അപ്പൊഴും ആലോചിക്കണ വിഷയം പ്രകൃതി തന്നെ, ല്ലേ?
എത്ര ആലോചിച്ചാലും തീരാത്ത കാര്യല്ലേ അത്. (ചിരി)
:} എന്നിട്ട്, ആ കഷ്ടപ്പാടൊക്കെ തീരണത് എപ്പൊഴാ?
കോട്ടക്കല് എത്തിയപ്പൊ. അതോടെ ശിവരാമൻ കോട്ടക്കൽ ശിവരാമൻ ആയി. ചേർന്നതിന്റെ മൂന്നാം ദിവസം ശിവരാമന് ശമ്പളം കിട്ടി. മൂന്നൂസത്തിന്റെ ശമ്പളായിട്ട് ആറുറുപ്പിക. നാലണ ഫീസടക്കാൻ വഴില്യാണ്ടെ സ്കൂളിൽ നിന്ന് പുറത്തായ ശിവരാമന് മൂന്നൂസത്തിന് ആറുറുപ്പിക. (കണ്ണു നിറയുന്നു)
:}കുഞ്ചുനായരാശാന്റെ പഠിപ്പിക്കലൊക്കെ എങ്ങനെയായിരുന്നു?
അശാൻ കൃത്യമായ ജീവിതശൈലി ഉള്ള ആളാണ്. ശിഷ്യന്മാരും അതൊക്കെ പഠിക്കണം എന്നായിരുന്നു ആശാന്റെ ആഗ്രഹം. ദേഷ്യം വരല് അപൂർവ്വാണ്. വാസുവൊക്കെ (കലാമണ്ഡലം വാസുപ്പിഷാരടി) മിടുക്കനാണ്. അയാൾക്കൊന്നും തല്ലുകൊള്ളണ്ടിവരില്ല. ശിവരാമൻ കുറേ കൊണ്ടിട്ടുണ്ട്. ആദ്യവസാന വേഷങ്ങലൊക്കെ ചൊല്ലിയാടിക്കുമ്പൊൾ ധാരാളം കൊണ്ടിട്ടുണ്ട്.
:} അതെന്താ ഇവിടെ മാത്രം കൊള്ളാൻ?
ശിവരാമന് അന്നെന്നെ താളം കഷ്ടിയാണ്. “കഷ്ടം ഞാൻ കപടം കൊണ്ട് ”(സുഭദ്രാഹരണം അർജ്ജുനന്റെ പതിഞ്ഞ പദം) ഒക്കെ എന്നേക്കൊണ്ടു ചൊല്ലിയാടിച്ചിട്ടുണ്ട്. ഞാൻ ശരിക്കും കഷ്ടപ്പെട്ടു. “നിനക്ക് പഠിയ്യ്യോന്ന് ഞാനൊന്നു നോക്കട്ടെ” എന്നും പറഞ്ഞിട്ട് അടി തുടങ്ങി. ശിവരാമനാണെങ്കിൽ അടികൊണ്ടാൽ ഉള്ള ബോധം കൂടി പോവും. കുറേ കരഞ്ഞു. കളരി നിർത്തിയതിനു ശേഷവും ആ സങ്കടം തീർന്നില്ല. പിന്നെ ആശാൻ പടിയിൽ വന്നിരിക്കുമ്പൊ ചായ വാങ്ങാൻ എന്നോടാണ് പറയുക. അന്ന് ചായയും പരിപ്പുവടയും വാങ്ങിവരാൻ പറഞ്ഞു. ഞാനും അതു കൊണ്ടുവന്നു കൊടുത്ത് തിരിയുമ്പൊൾ “ശിവരാമാ” എന്നു വിളിച്ചു. ഞാൻ അടുത്തു ചെന്നപ്പോൾ എനിക്ക് അതിൽ നിന്ന് പകുതി ചായയും പരിപ്പുവടയും തന്നു. “നീ കരയ്യ്യൊന്നും വേണ്ട.” എന്നു പറഞ്ഞു. അപ്പൊഴേക്കും ശിവരാമന്റെ കണ്ണിൽ നിന്ന് കുടുകുടാ വെള്ളമൊഴുകുകയാണ്. ആ ചായടേം പരിപ്പുവടയുടേം സ്വാദ് ഇപ്പൊഴും ഓർമ്മയുണ്ട്.
:} ആശാൻ സ്ത്രീവേഷത്തില് ശ്രദ്ധിക്കാൻ പറഞ്ഞത് എപ്പൊഴാണ്?
അങ്ങനെ പറയൊന്നും ഉണ്ടായില്ല. ഒരു തവണ കുഞ്ചുക്കുറുപ്പിന്റെ ഒപ്പം ദമയന്തി കെട്ടണ്ടി വന്നപ്പൊ ആശാൻ എന്റെ പേരാ നിർദ്ദേശിച്ചത്. പിന്നെ സ്ത്രീവേഷങ്ങൾ സ്ഥിരായി.
:} അതെങ്ങനെയാ സ്ഥിരായത്? അന്ന് സ്ത്രീവേഷത്തിന് വലിയ സാദ്ധ്യതകളൊന്നുമില്ല. പുരുഷവേഷം കെട്ടിയാൽ കിട്ടണ പേരുമില്ല. പിന്നെ എങ്ങനെ?
അതാണ്, പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ ദീർഘദൃഷ്ടി എന്നു പറയണത്. ശിവരാമൻ ഇവിടെ ആണ് നന്നാവുക എന്ന് ആശാൻ തിരിച്ചറിഞ്ഞു. അതിനു വേണ്ടി പരിശീലിപ്പിച്ചു.
:} പരിശീലിപ്പിക്കുക എന്നു പറഞ്ഞത് ഏതെല്ലാം അർത്ഥത്തിലാണ്? ആദ്യവസാനസ്ത്രീവേഷങ്ങൾ ചൊല്ലിയാടിക്കുക എന്നതു മാത്രമാണോ?
അല്ല. അതൊരു ഭാഗം മാത്രമേ ആവുന്നുള്ളൂ. ഓരോ കഥാപാത്രത്തിന്റെയും ഉള്ള് വായിക്കാനുള്ള കണ്ണ് തുറന്നു തന്നത് ഗുരുനാഥനാണ്. ഞാൻ ആദ്യമായി രുഗ്മാംഗദചരിതം മോഹിനി കെട്ടി ഇറങ്ങിയപ്പോൾ ഗുരുനാഥൻ എന്നോടു പറഞ്ഞത് “പന്തളം കേരളവർമ്മയുടെ രുഗ്മാംഗദചരിതം പോയി വായിക്കൂ” എന്നാണ്. കാറൽമണ്ണയിൽ അന്നുതന്നെയുള്ള വിപുലമായ പുസ്തകശേഖരത്തോടുകൂടിയ വായനശാല എന്നെ ശരിക്കും സഹായിച്ചു. പുതിയ പുതിയ സാഹിത്യസൃഷ്ടികളൊക്കെ ഞാൻ വായിക്കുന്നത് അവിടെനിന്നാണ്.
:} പുസ്തകവായന അത്രയ്ക്കിഷ്ടമായിരുന്നോ? പൊതുവേ കഥകളിക്കാരിൽ സുലഭമല്ലാത്ത ഒരു ശീലം?
എനിക്ക് അന്നുമുതൽക്കേ പുസ്തകങ്ങൾ വലിയ കമ്പമായിരുന്നു. കിട്ടണതൊക്കെ അന്നുവായിച്ചിട്ടുണ്ട്. ഇപ്പോഴും പരമാവധി വായിക്കും.
:} അതുകൊണ്ടൊക്കെ കഥകളിക്ക് എന്തെങ്കിലും ഗുണമുണ്ടോ?
അനവധിയുണ്ട്. ഓരോ കഥാപാത്രത്തിനെപ്പറ്റിയും നന്നായി ചിന്തിക്കണം. ഓരോ അവസരങ്ങളിലും സന്ദർഭങ്ങളിലും അവർ എങ്ങനെയാണ് പെരുമാറുക എന്ന് ചിന്തിച്ചുമനസ്സിലാക്കണം. അതിന് ആ പശ്ചാത്തലം നന്നായി അറിയണം. പുസ്തകങ്ങൾ വായിച്ചാലേ അതു കിട്ടൂ.
:} മോഹിനിയുടെ നിലവിലുണ്ടായിരുന്ന കഥാപാത്രസ്വഭാവത്തെ ആശാൻ ഒന്നാകെ തിരുത്തിയല്ലോ. അതൊക്കെ ഈ ചിന്തകളുടെ വെളിച്ചത്തിലാണോ?
കുറേ ഗുരുനാഥന്റെ അനുഗ്രഹം. അൽപ്പം ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്. വാൾ എടുത്തു രുഗ്മാംഗദന്റെ കയ്യിൽ കൊടുക്കുന്ന മോഹിനിയെ മാത്രമേ അന്നുവരെ കഥകളിവേദിക്ക് കണ്ടു പരിചയമുള്ളൂ. ഞാൻ അതു ചെയ്യാതിരുന്നപ്പോൾ ഒരുപാടു പേർ കുറ്റം പറഞ്ഞു. എനിക്ക് എന്റേതായ നിലയുണ്ട്. ഞാനതിൽ ഉറച്ചുനിന്നു.
:} അങ്ങയുടെ പൂതനയിലും മോഹിനിയിലും പൊതുവായി കാണുന്ന ഒന്നുണ്ട്. കടുത്ത ആത്മസംഘർഷം. കൃത്യനിർവ്വഹണത്തിനും മനഃസാക്ഷിക്കും നടുവിൽ പെട്ടുഴലുന്ന കഥാപാത്രങ്ങൾ. വാസ്തവത്തിൽ ഇവരൊന്നും മനുഷ്യരല്ലല്ലോ. പിന്നെ എന്തിനാണ് മനുഷ്യരുടെ ഇത്തരം ആത്മതാപങ്ങളൊക്കെ?
മണ്ണിൽ തൊട്ടാൽ എല്ലാവരും മനുഷ്യസ്ത്രീകളാ കുട്ടീ (ചിരി) ബ്രഹ്മാവിന്റെ ആജ്ഞ നിറവേറ്റാനുള്ള നിർബ്ബന്ധിതാവസ്ഥ ഒരു വശത്തും ഒരച്ഛനോട് സ്വന്തം കുഞ്ഞിനെ വെട്ടിക്കൊല്ലാൻ പറയേണ്ടിവരുന്ന ഒരു സ്ത്രീയുടെ ധർമ്മസങ്കടം മറുവശത്തും- മോഹിനിയെ അങ്ങനെ അവതരിപ്പിക്കുമ്പൊഴേ അതിനു മിഴിവുവരുന്നുള്ളൂ. പൂതനയ്ക്കും അതെ. ഒരു കൊച്ചുകുഞ്ഞിനെ മുലകൊടുത്തുകൊല്ലണത് എത്ര സങ്കടമുള്ള കാര്യാണ്! അതു ചെയ്യേണ്ടിവരുമ്പൊ ഏതു രാക്ഷസിക്കായാലും ദുഃഖമുണ്ടാവില്ലേ?
:} ദമയന്തിയിലാവണം ഈ ദുഃഖത്തിന്റെ കടലൊക്കെ ഒന്നാകെ കൊണ്ടുവരാനായത്; ല്ലേ?
അതെ. നളചരിതം എന്നു സത്യത്തിൽ പേരല്ലേ ഉള്ളു. ദമയന്തിയുടെ ചരിതമാണത്. ഒന്നും രണ്ടും നാലും ദിവസങ്ങളിലെ പ്രധാനകഥാപാത്രം തന്നെ ദമയന്തിയാണ്. മൂന്നിൽ അൽപ്പനേരമേ ഉള്ളു എന്നു പറയാം. എങ്കിലും കഥാഗതിയുടെ നിയന്ത്രണത്തിൽ ദമയന്തിക്ക് സുപ്രധാനമായ പങ്കുണ്ട്. ഇത്രയ്ക്കും പ്രശ്നങ്ങളൊക്കെ കടന്നുവരേണ്ടിവന്നിട്ടും ജീവിതത്തിന്റെ ധൈര്യത്തോടെ നേരിട്ടവളാണ് ദമയന്തി.
:} ഇത്തരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കഥകളിയുടെ സാധാരണനിയമങ്ങളൊക്കെ ആശാൻ മറികടക്കുന്ന പോലെ തോന്നിയിട്ടുണ്ട്.
അപ്പോൾ കഥാപാത്രാണ് പ്രധാനം. “എൻ കാന്തനെന്നോടുണ്ടോ വൈരം” എന്നു വെറുതേ മുദ്ര പിടിച്ചാൽ ആ അനുഭവം ഉണ്ടാവില്ല. ഞാനാ നിമിഷങ്ങളിൽ കഥാപാത്രത്തിനോടാണ് ചേർന്നു നിൽക്കുന്നത്.
:} കഥാപാത്രവും കഥകളീം തമ്മിലപ്പോൾ ചില്ലറ പ്രശ്നങ്ങളുണ്ട്, ല്ലേ?
അതൊക്കെ കൂടണതല്ലേ കഥകളി. എല്ലാറ്റിലും പ്രധാനം അനുഭവമാണ്. അതു കണ്ടിരിക്കുന്നവർക്കു കിട്ടണപോലെ അവതരിപ്പിക്കണം. അതു തന്നെയാണ് കഥകളി.
:} അതു പോകട്ടെ, കഥകളിയിലെ പല തലമുറകൾക്കൊപ്പം അങ്ങു നായികയായി. ഏറ്റവും അനായാസമായ പ്രകടനം കാഴ്ച്ചവെക്കാൻ ആർക്കൊപ്പമാണ് കഴിഞ്ഞിട്ടുണ്ടാവുക?
അതു ഗോപിയുടെ ( കലാമണ്ഡലം ഗോപി ) ഒപ്പം തന്നെയാണ്. ആശാന്റെ ഒപ്പം ചെയ്യുമ്പോൾ ആ ഒരു ബഹുമാനത്തിലേ ചെയ്യാൻ പറ്റൂ. ആ ഒരു അകലം എപ്പോഴും ഉണ്ടാവും. കൃഷ്ണൻനായരുടെ ഒപ്പം ചെയ്യുമ്പോഴും അതെ. ഹൃദയപരമായ ഐക്യം ഗോപിയുടെ ഒപ്പം ചെയ്യുമ്പൊൾ തന്നെയാണ്. തുറന്നു ചെയ്യാം. ഞങ്ങൾ സമപ്രായക്കാരാണ്.
:} പുസ്തകങ്ങളൊക്കെ വായിക്കുന്നത് ശരിതന്നെ. എന്നാലും ജീവിതത്തിൽ നിന്നാണല്ലോ ആശാൻ കഥകളീം ഉണ്ടാക്കുന്നത്. അതെങ്ങനെയാ ശീലിച്ചത്?
ശിവരാമന് ജീവിതത്തിലുണ്ടായ അനുഭവങ്ങളൊക്കെ പാഠങ്ങളാണ്. വിവാഹോം ഒരു പാഠാണ്. ഭവാനിയും അങ്ങനെ പറയ്യ്യാച്ചാൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. (ചിരി) അതൊക്കെ ശിവരാമന്റെ കഥകളീലും ഉണ്ടാവും.
:} കഥകളി സത്യത്തില് സാധാരണജീവിതത്തിന്റെ ഇടപെടലുകളെ അതേപടി അരങ്ങിൽ കൊണ്ടുവരാത്ത കലയാണല്ലോ. എന്നാൽ ആശാൻ ജീവിതത്തെയും കലയേയും വേറിട്ടു കണ്ടതേയില്ല. അതു സ്വീകരിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിൽ കഥകളി കണ്ട ഏറ്റവും വലിയ അത്ഭുതം അതാണെന്നു തോന്നുന്നു. എന്തു പറയുന്നു?
( നീണ്ട ചിരി ) സ്വീകരിക്കപ്പെടലൊക്കെ പിന്നെ ഉണ്ടായതാണ്. അദ്യൊക്കെ കുറേ അവഗണിച്ചിട്ടുണ്ട്. സ്ത്രീവേഷക്കാരൻ രണ്ടാം തരക്കാരനായിരുന്നൂലോ. അത് ആർക്കും ചെയ്യാവുന്ന ഒരു വേഷം മാത്രമായിരുന്നു. ശിവരാമൻ പിടിച്ചുവാങ്ങുകയായിരുന്നു. ചെറിയ ചെറിയ സ്ത്രീവേഷങ്ങൾ വരെ. “അതു ഞാൻ ചെയ്യാം, അതിലൊന്നുമില്ല എന്നു കരുതണ്ട. അതിലും ഉണ്ട്, ഞാൻ ചെയ്യാം” എന്നും പറഞ്ഞ് പിടിച്ചുവാങ്ങി ചെയ്തിട്ടുണ്ട് പലവേഷങ്ങളും. അങ്ങനെയാണ് സ്ത്രീവേഷത്തിന് ഇന്നത്തെ ഒരു നില വന്നത്.
:} എന്തു തോന്നുന്നു, ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ?
സന്തോഷം. ഗുരുനാഥന്റെ കാരുണ്യം. ശിവരാമനില്ലാത്തപ്പൊഴും ഇനി സ്ത്രീവേഷത്തിനു വിലയുണ്ടാവും. അതോർക്കുമ്പോൾ വലിയ സന്തോഷം.

Tuesday, July 20, 2010

മൌനത്തിന്റെ ഉദകക്രിയ


മുന്നിലും പിന്നിലും നിറഞ്ഞ മരൂഭൂമിക്കിടയിലെഹരിതവസന്തമേ,
അസ്തമയഛവി പുരണ്ട ആകാശത്തു നിന്നുമറഞ്ഞുപോയ നക്ഷത്രമേ,
മൌനത്തിന്റെ ഉദകക്രിയ കൈക്കൊള്ളുക.

Thursday, January 28, 2010

വിധിനിർണ്ണയത്തിലെ വിധികൾ


യുവജനോത്സവത്തെക്കുറിച്ച് പരാതികളുണ്ടാവുക,വിധിനിർണ്ണയത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുക തുടങ്ങിയ കലാപരിപാടികൾ എക്കാലവും കലോത്സവത്തിന്റെ ഭാഗമാണ്,അതിൽ പുതുതായൊന്നുമില്ല.പക്ഷേ,കഥകളി പോലെ,പ്രയോക്താക്കളും ആസ്വാദകരും താരത‌മ്യേന ന്യൂനപക്ഷമായ ക്ലാസിക്കൽ കലാരൂപത്തിന്റെ വിധിനിർണ്ണയത്തിൽ നടക്കുന്നതായി മനസ്സിലാവുന്ന അപായകരമായ പ്രവണതകൾ,ചോദ്യം ചെയ്യാതിരിക്കാനാവില്ല.യുവജനോത്സവകഥകളി കൊണ്ട് കഥകളിക്കെന്തു പ്രയോജനം എന്നത് വേറെ ചോദ്യമാണ്.വിവിധകലാരൂപങ്ങളിൽ പ്രവീണരായ കലാപ്രതിഭകൾക്ക് അവസരമൊരുക്കുകയും അവയിൽ മികച്ച കലാകാരൻ/കാരി കളെ കണ്ടെത്തുകയും ചെയ്യുന്ന ഇത്തരമൊരു ബൃഹത്തായ കലാമേളയിൽ,കഥകളിയും കഥകളിസംഗീതവും മത്സരയിനമായി ഉൾപ്പെട്ടിരിക്കുന്നിടത്തോളം അവ സുപ്രധാനമായിത്തന്നെ കാണണം.ഇത്തവണ കോഴിക്കോടു വെച്ചു നടന്ന സംസ്ഥാനയുവജനോത്സവത്തിലെ കഥകളി/കഥകളിസംഗീതമത്സരങ്ങളിലെ വിചിത്രമായ വിധിനിർണ്ണയരീതി ഓരോ കഥകളിപ്രേമിയും അറിഞ്ഞിരിക്കേണ്ടതാണ്.

1)കഥകളിസംഗീതം(ഹയർസെക്കന്ററി വിഭാഗം,പെൺകുട്ടികൾ)

2)കഥകളി(സിംഗിൾ,ഹയർസെക്കന്ററി വിഭാഗം,പെൺ‌കുട്ടികൾ)

3)കഥകളി(സിംഗിൾ,ഹൈസ്കൂൾ വിഭാഗം,പെൺ‌കുട്ടികൾ)

മേൽ പരാമർശിച്ച ഇനങ്ങൾക്ക് സ്റ്റേജിൽ വെച്ച് ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ ഒന്നിലധികം ഒന്നാം സ്ഥാനക്കാരുണ്ടായി.(ഇനി അപ്പീലിലൂടെ എത്ര ഒന്നാം സ്ഥാനക്കാർ ഉണ്ടായോ ആവോ?)

ഒന്നിലധികം മത്സരാർത്ഥികൾക്ക് ഒന്നാം സ്ഥാനം വീതിച്ചു നൽകുന്ന ഈ കലാദർശനം തീരെ മനസ്സിലാക്കാനാവാത്തതാണ്.ഒന്നിലധികം ഒന്നാം സ്ഥാനക്കാർ വരണമെങ്കിൽ എന്തു വേണമെന്നു ചിന്തിക്കാം.നൂറിൽ ആണ് മത്സരത്തിൽ മാർക്ക് ഇടുന്നത്.ഒന്നുകിൽ എല്ലാ വിധികർത്താക്കണം ഒരേ മാർക്ക് തന്നെ യാദൃശ്ചികമായി ഇടണം.ഉദാഹരണത്തിന്,എല്ലാ വിധികർത്താക്കളും 75മാർക്ക് ഒന്നാം സ്ഥാനം നൽകുന്ന രണ്ടോ അതിലധികമോ മത്സരാർത്ഥികൾക്ക് കൃത്യമായി ഇടുന്നു.പരസ്പരം ചർച്ചചെയ്തല്ല വിധി നിർണ്ണയം നടത്തപ്പെടുന്നത്.അത്യപൂർവ്വമായ മനപ്പൊരുത്തമുള്ള നമ്മുടെ വിധികർത്താക്കൾക്ക് ഒരേ മട്ടിൽ ചിന്തിക്കാനുള്ള ദിവ്യവരം ലഭിക്കുന്നതിലൂടെയാണ് ഇതു സാദ്ധ്യമാവുക.അല്ലെങ്കിൽ,ഓരോ വിധികർത്താക്കളുടേയും മാർക്കുകളെ സമീകരിക്കും വിധത്തിൽ മാർക്കുകൾ വീഴണം.രണ്ടുപേർ പത്തുമാർക്ക് കുറച്ചിട്ട മത്സരാർത്ഥിക്ക് മൂന്നാം വിധികർത്താവ് പത്തുമാർക്ക് കൂടുതൽ കൊടുക്കുന്നു-എന്നിങ്ങനെ.എന്തായാലും ഈ യാദൃശ്ചികത ഇങ്ങനെ തുടർച്ചയായി സംഭവിക്കുന്ന മായാജാലം എന്താണെന്നു അവർക്കു മാത്രമേ പറയാനാവൂ.

എങ്കിൽ വിധിനിർണ്ണയമെന്തിന്?

----------------------------------------

ഒന്നിലധികം ഒന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാൻ പ്രസ്തുതവിഷയത്തിൽ പ്രവീണരായ വിധികർത്താക്കളുടെ ആവശ്യമെന്താണ്?അനേകവർഷങ്ങൾ നീണ്ട കഠിനപ്രയത്നം കൊണ്ടും സാധകബലം കൊണ്ടും മാത്രം കരഗതമാവുന്ന പ്രകടനവൈദഗ്ദ്ധ്യമാണല്ലോ കഥകളി /കഥകളി സംഗീതം പോലുള്ള കലാരൂപങ്ങൾക്കുള്ളത്.ഹൈസ്കൂൾ ഹയർസെക്കന്ററി തലത്തിലുള്ള മത്സരാർത്ഥികളായ കുട്ടികൾ എത്രമേൽ നന്നായി ചെയ്താലും,സൂക്ഷ്മതലത്തിലുള്ള പിഴവുകൾ ഒരു നിപുണനേത്രത്തിനു കണ്ടെത്താനാവും എന്നതു നിശ്ചയമാണ്.അതുകൊണ്ടു തന്നെ കൂട്ടത്തിൽ ഏറ്റവും മികച്ച ‘ഒന്നി’നെ കണ്ടെത്താനും കഴിയും.അപ്പോൾ,ഒന്നാം സ്ഥാനമെന്ന പേരിനെ നിരർത്ഥകമാക്കിക്കൊണ്ടു നടക്കുന്ന ഈ ഒന്നാംസ്ഥാനപ്പെരുമഴയുടെ അർത്ഥമെന്താണ്?“ഒന്നാം സ്ഥാ‍നം”എന്ന വാക്കിന്റെ അർത്ഥം എന്താണ്?ഇനി ബഷീർ പറഞ്ഞപോലെ ഒന്നും ഒന്നും കൂടുമ്പോൾ “ഇമ്മിണി വല്യ ഒന്ന്”ഉണ്ടാവുന്നു എന്ന താത്വികദർശനം ആവുമോ എന്തോ?

കോഴിക്കോടു നടന്നതെന്ത്?

----------------------------------

കോഴിക്കോടു നടന്ന കഥകളിമത്സരങ്ങളിൽ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തവർ കിഴക്കിന്റെ വെനീസിൽ നിന്നുള്ള ആശാന്റെയും,കല്ലുവഴിസമ്പ്രദായത്തിന്റെ ഈറ്റില്ലത്തു നിന്നുള്ള ആശാന്റെയും ശിഷ്യഗണങ്ങളാണ്.കഥകളിയുടെ വിധി നിർണ്ണയം-പ്രത്യേകിച്ച് കഥകളി സിംഗിൾ/കഥകളിസംഗീതം ഇനങ്ങൾ പക്ഷപാതപരമായി സ്വാധീനിക്കപ്പെട്ടു എന്ന് പരക്കെ ആക്ഷേപമുണ്ട്.കലാമണ്ഡലത്തിലേയും കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേയും പ്രഗത്ഭകലാകാരന്മാർ അടങ്ങുന്ന ജഡ്ജിങ്ങ് പാനലിനെ സ്വാധീനിക്കാൻ മേൽ‌പ്പറഞ്ഞ സമ്മാനം ‘വാങ്ങുന്ന’ ആശാന്മാർക്കു പുറമേ കഥകളിരംഗത്തെ അതികായരുടെ ബന്ധുക്കൾ വരെ ഉണ്ടായിരുന്ന എന്ന അവസ്ഥ,മേലിൽ കഥകളിമത്സരങ്ങളിൽ പങ്കെടുക്കില്ല എന്നു മത്സരാർത്ഥികൾ ശപഥം ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തിച്ചു.പാവം വിധികർത്താക്കൾ!ശിഷ്യസമ്പത്തിന്റെ ബലം,കഥകളിക്കരാറുകളുടെ ‘മഹിമ’ ഇതൊക്കെ തള്ളിക്കളയാനാവുന്ന കാര്യങ്ങളാണോ?കുട്ടികൾക്കെന്തറിയാം!

കഥകളിസംഗീതമത്സരത്തിൽ നടന്ന സമ്മാനവർഷത്തിനു നേതൃത്വം കഥകളിയുടെ ഉത്ഭവകേന്ദ്രത്തിൽ നിന്നുള്ള ആചാര്യനായിരുന്നു.ശിഷ്യന്റെ മകൻ,ശിഷ്യന്റെ ശിഷ്യകൾ-അങ്ങനെ സമ്മാനം വാരിവിതറുന്നത് അദ്ദേഹത്തിന്റെ ഉദാരമനസ്കത കൊണ്ടായിരിക്കണം.

.അപൂർവ്വമായ മനപ്പൊരുത്തത്തിലൂടെ ഒരുപാട് ഒന്നാംസ്ഥാനക്കാരെ കണ്ടെത്തുന്ന ഈ ജാലവിദ്യ മന്ത്രരൂപത്തിൽ മറ്റു വിധികർത്താക്കൾക്കു കൂടി ചെവിയിൽ ഉപദേശിച്ചു കൊടുക്കുകയാണെങ്കിൽ അവർക്കും അതു വലിയ ഉപകാരമായിരിക്കുംഅപ്പീലുകൾ കുറേക്കൂടി ഉദാരമായി അനുവദിക്കുകയാണെങ്കിൽ,അടുത്തവർഷം മുതൽ നമുക്ക് കൂടുതൽ ‘ഒന്നാം സ്ഥാന’ക്കാരെ ഉൽ‌പ്പാദിപ്പിക്കാനാവും.അങ്ങനെ ‘ഫസ്റ്റ്’ എന്ന വാക്കിനെ ഉന്മൂലനം ചെയ്തുകൊണ്ട് നമുക്ക് കലോത്സവങ്ങളെ കൂടുതൽ രണ്ടാംതരമാക്കാം.കുട്ടികളുടെ കണ്ണീരും ശപഥങ്ങളും ഉത്സവത്തിരക്കുകളിൽ ഒലിച്ചുപൊയ്ക്കൊള്ളും,അടുത്ത തലമുറയുടെ മനസ്സിൽ കഥകളിയെപ്പറ്റി വളരെ നല്ലൊരഭിപ്രായവും രൂപപ്പെടും. എല്ലാ കഥകളിപ്രേമികളുടെയും സഹകരണം ഇവർക്കു ലഭിക്കട്ടെ!