Wednesday, October 1, 2008

കഥകളിയിലെ നൃത്തം അർത്ഥഭരിതമോ അർത്ഥരഹിതമോ?ഭാഗം-2

വാഗർത്ഥങ്ങളുടെ സം‌പൃക്തത പോലെ,കഥകളിയിലെ നൃത്തവും അർത്ഥവും സമന്വയിക്കപ്പെട്ട അവസ്ഥയാണ് കല്ലുവഴിക്കളരി സൃഷ്ടിച്ചെടുത്തത്.സർഗ്ഗാത്മക രചനയിൽ ‘വാക്ക്’ ചെയ്യുന്നതെന്തോ,അതുതന്നെയാണ് നൃത്തം കല്ലുവഴിക്കഥകളിയിലും ചെയ്യുന്നതെന്നർത്ഥം.ഞാനേറ്റവും സ്നേഹിക്കുന്ന ഉദാഹരണം:
വാത്സല്യവാഹിയായ കാറ്റ്

കല്യാണസൌഗന്ധികം ഭീമന്റെ ശൃംഗാരപ്പദമായ “പാഞ്ചാലരാജതനയേ”അവസാനിക്കുന്ന ഇരട്ടിനൃത്തം ചെയ്യുന്ന അർത്ഥോൽ‌പ്പാദനം അനുപമമാണ്.കാമികൾക്കനുകൂലമായ സമയത്ത്,ചന്ദനക്കുളിർകാറ്റിലാടുന്ന പിച്ചകവള്ളികളോടുകൂടിയ വനത്തിൽ ഭീമൻ പാഞ്ചാലിയോടു പറയുന്ന പ്രണയോക്തികളാണ് പദം.*സൌഗന്ധികത്തിൽ രംഗത്ത് മൂന്നു കഥാപാത്രങ്ങളേ ആകെയുള്ളൂ-ഭീമൻ,പാഞ്ചാലി,ഹനുമാൻ.എന്നാൽ രംഗത്തു പ്രത്യക്ഷമാകാതിരിക്കുകയും കഥാഗതിയെ മുഴുവൻ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നാലാം കഥാപാത്രം കൂടി സത്യത്തിൽ സൌഗന്ധികത്തിലുണ്ട്-കാറ്റ്.രണ്ടുയുഗങ്ങളുടെ വിദൂരതയിൽ കിടക്കുന്ന തന്റെ മക്കളെ കൂട്ടിയിണക്കാനായി വീശുന്ന കാറ്റ്.ഭീമന്റെ പ്രണയോക്തികൾക്കിടക്ക് ,ആദ്യശ്ലോകത്തിൽ പറയുന്ന,പിച്ചകവള്ളികളാടുന്ന കുളിർകാറ്റ് ക്രമികമായി വർദ്ധിക്കുന്നു.പദമവസാനിക്കുന്ന നിമിഷത്തിൽ,വാത്സല്യത്തോടെ വായുദേവൻ അരികിലെത്തിച്ചതെന്നപോലെ,*ഒരു ദിവ്യപുഷ്പം-സൌഗന്ധികം,അവർക്കിടയിൽ വന്നു വീഴുകയാണ്.കളിയരങ്ങിന്റെ സാധ്യതകളുപയോഗിച്ച് കാറ്റിന്റെ വരവ്,പ്രണയസല്ലാപത്തിനിടയിൽ വന്നു വീഴുന്ന പുഷ്പം എന്ന ധ്വനി,അനുക്രമമായി താരസ്ഥായിയിലെത്തുന്ന കാറ്റ് എന്നിവയെല്ലാം രംഗത്തുകൊണ്ടുവരണം.ഒരു ഇരട്ടിനൃത്തം കൊണ്ട് ഈ പ്രശ്നങ്ങൾക്കു കല്ലുവഴിക്കളരി പരിഹാരം കണ്ടതു കാണുക.സാധാരണ പതിഞ്ഞ‌ഇരട്ടികളിൽ നിന്നു വ്യത്യസ്തമായി,ഇവിടെ പദത്തിനു പകുതിയിൽ നിന്നേ ഇരട്ടിനൃത്തം തുടങ്ങുന്നു.‘പഞ്ചമകൂജിത’എന്ന രണ്ടാം ചരണം മുതൽ ഇരട്ടിയാണ്.32മാത്രക്കു പതിഞ്ഞചെമ്പടയിൽ നിന്ന്,8താളവട്ടമുള്ള മൂന്നു ഘട്ടങ്ങൾ പിന്നിട്ട്,അവസാനിക്കുന്ന നൃത്തശിൽ‌പ്പത്തിന്റെ തന്ത്രം,കഥകളിപ്രേക്ഷകന്റെ മനസ്സിൽ വീശിയടുക്കുന്ന ഒരു കാറ്റിനെ പ്രത്യക്ഷമാക്കുന്നു.ഇരട്ടിയുടെ അവസാനം നോക്കുക,മാൻ മുദ്ര പിടിച്ച് ,ഇടതുകാൽ പൊക്കി,കഴുത്തിളക്കി നിൽക്കുന്ന ആ പോസ്റ്റർ കഥകളിലോകമാ‍സകലം തപ്പിയാൽ കിട്ടില്ല.പകുതിയിൽ നിന്നു പോയ ഭീമസല്ലാപത്തെ ആ ‘നില’ അനുഭവിപ്പിക്കുന്നു.‘ചന്ദനശിഖരിചരം’എന്ന അടുത്ത ചരണം വേണ്ടെന്നുവെച്ച്,ആ അർത്ഥവത്തായ അവസാനം സംവിധാനം ചെയ്ത കലാമർമ്മജ്ഞത ആലോചിച്ചുനോക്കൂ!
നൃത്തം ഇവിടെ അർത്ഥോൽ‌പ്പാദനത്തിനുള്ള സമർത്ഥമായ ഉപാധിയാകുന്നു,ആദ്യം പ്രസ്താവിച്ച വാഗർഥങ്ങളെപ്പോലെ.
നൃത്യഘടനയുടെ വേറിട്ട മാനങ്ങൾ

കേവലനൃത്തമല്ല,നാട്യം കലർന്ന നൃത്തമാണ് കഥകളിയുടെ വഴി.ഇതിനെ ഭരതൻ നൃത്യമെന്നു പറഞ്ഞു.നാട്യധർമ്മിയാണ് കഥകളിനൃത്തത്തിന്റെ സത്വം.നൃത്തകലകളിൽ ഒരു ഭാവത്തിന്റെ വികാരപൂർത്തിയിൽ നിന്ന്,ഒരു നൃത്തം കൊണ്ട് രംഗത്തെ അന്യവൽക്കരിക്കുന്നതു സാധാരണമാണ്.എത്ര ശോകതീവ്രമായ രചനയുമായിക്കൊള്ളട്ടെ,ഒരു ജതി വന്നാൽ ചിരിച്ചുപുരികമിളക്കി ചെയ്യുക എന്നത് വിദഗ്ധമായ ഒരു അന്യവൽക്കരണതന്ത്രമാണ്.പക്ഷേ,കഥകളിയിലതു നടപ്പില്ല.പദത്തിന്റെ ഭാവാനുസാരിയായി നൃത്തത്തെ ഉപയോഗിക്കലാണ് കഥകളിയുടെ മാർഗം.അതിനാൽത്തന്നെ കഥകളിനൃത്തം ഒരന്യവൽക്കരണതന്ത്രവുമല്ല.രംഗത്തില്ലാത്ത വസ്തുക്കളെ അനുഭവവേദ്യമാക്കുക കൂടി കഥകളിയിലെ നൃത്തധർമ്മമാണ്.കാലകേയവധത്തിലെ മാതലിയുടെ തേരുകൂട്ടിക്കെട്ടൽ,അരങ്ങിലില്ലാത്ത തേരിനെ പ്രകാശിപ്പിക്കുന്ന തന്ത്രമാണെന്ന് കെ.ബി.രാജാനന്ദ് പറഞ്ഞതോർക്കുന്നു.അരങ്ങിലില്ലാത്ത ശസ്ത്രജാലത്തെ മുഴുവൻ നരകാസുരൻ പടപ്പുറപ്പാടെടുക്കുന്നതോടെ നമുക്കു കാണാനാവുന്നുണ്ടല്ലോ.
കഥകളി ഒരു സങ്കരകലയാണെന്നതിനാൽത്തന്നെ,നിരവധി ഫോൿലോർ അംശങ്ങൾ അരങ്ങിലിന്നുമുണ്ട്.പല മനോഹരനൃത്തങ്ങളുടെയും രൂപശിൽ‌പ്പം,ലോകധർമ്മിയോ ലൌകികമോ ആയ പരിതസ്ഥിതികളിൽ നിന്നെടുത്തതെന്നു വ്യക്തം.അവ കൂടി ചേരുമ്പോഴാണ് കഥകളി പൂർണ്ണമാകുന്നത്.നക്രതുണ്ഡിയുടെ പഞ്ചാരിവട്ടം,കിരാതം കാട്ടാളന്റെ പിൻ‌വാങ്ങൽ…അതൊന്നുമില്ലെങ്കിൽ പിന്നെന്തുകഥകളി?
നവീകരണം‌-ഇത്തിരിവട്ടത്തിന്റെ മതിലുകൾ

കഥകളിയുടെ നൃത്തത്തിൽ തൊടരുത്,അതു പാവനവും പരിശുദ്ധവുമാണ്,പരമാവധി സമ്പൂർണ്ണമായിക്കഴിഞ്ഞു…ഇങ്ങനെ വങ്കത്തം വിളമ്പുന്ന ഫോസിലുകൾ ഇന്നും കഥകളിലോകത്തു ഭൂരിപക്ഷമാണ്.വലിയ തമാശ,ഇവരിൽ ഭൂരിപക്ഷത്തിനും എന്താണീ നൃത്തചാരുതയെന്ന ബോധ്യം തന്നെയില്ല എന്നതാണ്.കഥകളിയുടെ വളർച്ചാകാലത്തുണ്ടായിരുന്ന സാമൂഹ്യഘടനയും,രാഷ്ടീയസാഹചര്യവുമെല്ലാം മാഞ്ഞുപോയത് ഇവരറിയാഞ്ഞിട്ടൊന്നുമല്ല.മാറ്റമില്ലാതെ ഒന്നിനെ നിലനിർത്താൻ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്.കഥകളിയിൽ നിന്നുദിക്കുന്നൂ ലോകം കഥകളിയാൽ വൃദ്ധിതേടുന്നു എന്നു വിശ്വസിച്ചിരിക്കുന്ന കഥകളിക്കാർക്കു കാഴ്ച്ചക്കുറവാണ്,എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാക്കപ്പെടുന്നതു നേരിട്ടനുഭവിച്ചു ജീവിക്കുന്ന കളിഭ്രാന്തർക്കോ?
(അവസാനിച്ചു)

4 comments:

എതിരന്‍ കതിരവന്‍ said...

ഈ വിശകലനത്തിനു നൂറു മാര്‍ക്ക്.

കതകളിയിലെ നൃത്തത്തിന്റെ വളര്‍ച്ചയ്ക്കു വിഘാതങ്ങള്‍
1. ‘തെക്കു-വടക്കു‘ തിണ്ണമിടുക്കു വഴക്കുകള്‍
2. പ്രഗല്‍ഭരുടെ അവധാനതയും കലാശങ്ങല്‍ എടുക്കാനുള്ള മടിയും
3.കഥകളിയെ സിനിമയോടോ നാടകത്തോടോ അടുപ്പിച്ചു നിറുത്തണമെന്ന തോന്നല്‍. ഇതൊരു പരിഷ്കാരമായി പടരുന്നു എന്നു കേട്ടു.
4. മദ്ദളത്തിന്റേയും ചെണ്ടയുടേയും സാദ്ധ്യതകള്‍ വകവച്ചു കൊടുക്കാതിരിക്കല്‍
5.നൃത്തം ചെയ്യല്‍ ‘പ്രൌഢി’(?0 കുറഞ്ഞ ഏര്‍പ്പാടാണെന്നു പ്രേക്ഷകര്‍ കരുതുമെന്നുള്ള വ്യാജപ്പേടി.

കഥകളിയിലെ നൃത്തത്തെ ഉള്‍ക്കൊണ്ട് മനസ്സില്‍ അലിയിച്ച ഗുരു ഗോപിനാഥ് പ്രാണനും കൊണ്ട് ഓടേണ്ടി വന്നു. കേരളനടനം എന്ന മാറാപ്പെരില്‍ പുറത്തെടുക്കേണ്ടി വന്നു.

നിഷ്ക്കളങ്കന്‍ said...

വ‌ള‌രെ വിജ്ഞാന‌പ്രദം ഈ ലേഖന പരമ്പര.
രണ്ടും വായിച്ചു.
“കഷ്ടമിവനുടെ ദുഷ്ടത കാണ്‍കെടോ” ആയാലും “ബാലേ കേള്‍ നീ” ആയാലും താഴ്ന്ന് നിന്ന് ചിരിച്ച് പുരികമിളക്കി കാണിയ്ക്കുക എന്ന ചിട്ടയില്ലായ്മയില്‍ നിന്നും ഒരു വന്‍ മാറ്റം കൊണ്ടുവന്നത് പട്ടിക്കാന്തൊടിയാണ് (കെ.പി.എസ്/കൃഷ്ണന്‍‌കുട്ടിപ്പൊതുവാള്‍?). യാഥാസ്ഥിതികത അതിന്റെ മൂര്‍ത്തിമ‌ത്ഭാവത്തില്‍ നിന്ന ആ കാല‌ത്തും കഥക‌ളിയെ ഇന്നു കാണുന്ന രീതിയിലാക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യമോ “ആത്മാര്‍ത്ഥ‌തയോ” ഇന്ന് ഈ ആധുനികതയുടെ, മാറ്റ‌ത്തിന്റെ കാല‌ത്ത് ഏതെങ്കിലും ഒരു ന‌ടനുണ്ടോ? ഒതുക്കം കല്ലുവഴിച്ചിട്ടയുടെ പ്രത്യേകത തന്നെയാണ്. പക്ഷേ ഈ ഒതുക്കത്തെപ്പറ്റി ഊറ്റം കൊള്ളുകയും അതില്‍ മാത്രം ഒതുങ്ങിപ്പോവുകയും ചെയ്യുന്ന കാഴ്ചക‌ളാണ് ഇന്നത്തെ യുവകലാകാര‌ന്മാരുടേത്. അവരെയാണ‌ല്ലോ നാം നാള‌ത്തെ കഥക‌ളിയുടെ വക്താക്ക‌ളായി കാണുക. ഹരിപ്പാട്ട് രാമകൃഷ്ണ‌പിള്ളയാശാന്റെ രാവണനും രാമ‌‌‌ന്‍‌കുട്ടിനായരാശാന്റെ രാവണനും കാണുമ്പോ‌ള്‍ ഏതു കൊച്ചുകുട്ടിയ്ക്കും ഇതിന്റെ വ്യത്യാസമറിഞ്ഞിര്രുന്നു. സാങ്കേതികതക‌ള്‍ക്കപ്പുറം. പക്ഷേ തെക്കന്‍ ക‌‌ളരിയെന്ന മ‌നോഹര സമ്പ്രദായം പോകെപ്പോകെ ഇല്ലാതായിപ്പോവുകയല്ലേ എന്ന് സന്ദേഹിയ്ക്കയും വേണം. ഇഞ്ച‌ക്കാട്ട് രാമചന്ദ്രന്‍പിള്ളയോ, മങ്കൊമ്പോ മാത്രമേ ഉള്ളൂ‍ൂ ഇന്ന് ഈ സമ്പ്രദായത്തിന്റെ പതാക‌വാഹകരായി. “തെക്കന്‍ ക‌‌ളരി“ എന്ന് പരിഹാസത്തോടെ ചിറികോട്ടുന്ന പ്രശസ്തരായ കല്ലുവഴിച്ചിട്ടക്കാരേയും ഇതെഴുതുന്നയാള്‍ കണ്ടിട്ടുണ്ട്. നമുക്ക് ഖേദം പ്രകടിപ്പിയ്ക്കാം അവരോട്. നൃത്തത്തിന്റെ കാര്യം പറയുമ്പോ‌ള്‍ എടുത്തു പറയേണ്ടുന്ന ഒരാള‌ല്ലേ ശ്രീ പള്ളിപ്പുറം ഗോപാലന്‍ നായ‌ര്‍? അദ്ദേഹത്തെപ്പറ്റി കൂടുതലെന്തെങ്കിലും അറിയുമെങ്കില്‍ എഴുതിയാല്‍ ന‌ന്നായിരുന്നു.
കഴിഞ്ഞ പോസ്റ്റിലെ ചോദ്യ്ത്തിനുത്തരം : കഥക‌ളിയിലെ മാറ്റങ്ങ‌ള്‍‌ള്‍ക്ക് കണ്ണും കാതും തുറന്നിരിയ്ക്കുന്നവരാണ് ഇന്നത്തേ ആസ്വാദക‌ര്‍ എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. പക്ഷേ അവര്‍ ഒരുപാട് “ഗോപി”മാരെ കണ്ട് തൃപ്തിയടയേണ്ടി വരുന്നത് പരിഷ്കാരം അരങ്ങത്തേയ്ക്കെത്തിയ്ക്കാനുള്ള സ്വാതന്ത്ര്യക്കുറവാണെന്ന് തോന്നുന്നു. അത് പട്ടിക്കാ‍ാന്തൊടിയെപ്പോലുള്ള ആചാര്യന്മാരോടുള്ള അനാദര‌വായി മാറുന്നു.

എതിരന്റെ പോയന്റ്സിന് എന്റെ കൈയ്യടി.
ഇതൊക്കെ വായിയ്ക്കുമ്പോ‌ള്‍ ആകെ ഒരു സുഖം.

വികടശിരോമണി said...

കതിരവാ,
നിഷ്കളങ്കാ,
നന്ദി.
നൃത്തവളർച്ചയിലെ വിഘാതങ്ങളെ കതിരവൻ ലിസ്റ്റ് ചെയ്തതു നന്നായി.
തെക്കു വടക്കു തിണ്ണമിടുക്കു കൊണ്ട് ആർക്കെന്തു ലാഭമുണ്ടായെന്ന് എനിക്കറിയില്ല.കഥകളിക്കെന്തായാലും നഷ്ടമേ ഉണ്ടായിട്ടുള്ളൂ.പ്രഖ്യാപിതവും പ്രസിദ്ധവുമായ സ്ഥാപനങ്ങൾ തന്നെ തെക്കൻ കളരിയെ ഉപേക്ഷിച്ചതോടെ,കഴിവുള്ള കലാകാരന്മാർ തെക്കൻ‌വഴിയിൽ രൂപപ്പെടാനുള്ള സാഹചര്യം ഇല്ലാതായി.എന്താണ് കല്ലുവഴിക്കളരി എന്നു ശാസ്ത്രീയമായി നമുക്കിന്നും നിർവ്വചിക്കാം.തെക്കൻ കളരിയെപ്പറ്റി അതു സാധ്യമല്ലാത്തവിധം കലങ്ങിയ അന്തരീക്ഷമാണൂള്ളത്.തെക്കുണ്ടായിരുന്ന സവിശേഷരംഗവഴക്കങ്ങൾ,കൃത്യമായി അറിയുന്നവരും അനുസരിക്കുന്നവരും ചുരുക്കം.വടക്കൻ കളരിയിൽ പഠിക്കാനവാത്തതിന്റെ ഇച്ഛാഭംഗവുമായി നടക്കുന്ന കുറേ തെക്കൻ‌യുവാക്കളെ കാണാം.കല്ലുവഴിക്കു കിട്ടുന്ന അംഗീകാരം കാണുമ്പോൾ സ്വന്തം സത്വമില്ലാതാകുന്നവരായിരിക്കുന്നു തെക്കൻ‌കളരിക്കാർ.അവർക്ക് കഥകളിയുടെ കലാവിചാരങ്ങൾക്ക് എവിടെ സമയം?

മനോജ് കുറൂര്‍ said...

അല്പം താമസിച്ചാ‍ണ് ഇവിടെ എത്തിയത്. കഥകളിയെക്കുറിച്ച് ഇത്രയൊക്കെ ആലോചിക്കുന്ന ഈ ബ്ലോഗ് കണ്ടപ്പോഴുള്ള അദ്ഭുതവും ആനന്ദവും മറച്ചുവയ്ക്കുന്നില്ല. അഭിനന്ദനങ്ങള്‍ ആദ്യം! അഭിപ്രായങ്ങള്‍ പിന്നെയും ആവാമല്ലൊ.
പറയാനുണ്ടേറെ. പക്ഷേ പറയണമെങ്കില്‍ മറ്റേതെങ്കിലും പേരില്‍ വരേണ്ടിവരും. ല്ലേ? വികടശിരോമണീ!