Tuesday, November 11, 2008

ഒരു നൂറരങ്ങ്-ധ്വനി നഷ്ട വിചാരങ്ങളും…


ലാമണ്ഡലം സംഘടിപ്പിക്കുന്ന ‘നൂറരങ്ങ്’ കഥകളികളിൽ ഒന്ന്,പാലക്കാട് ചെമ്പൈ സംഗീതകോളേജിൽ വെച്ച് 9-11-2008ന് കാണുകയുണ്ടായി.ഉത്തരാസ്വയംവരം ആദ്യഭാഗമായിരുന്നു കഥ.ചെറുപ്പക്കാരായ കഥകളിക്കാർക്ക് മുൻ‌തൂക്കം നൽകി സംഘടിപ്പിക്കപ്പെടുന്ന ‘നൂറരങ്ങി’ന്റെ പരിപ്രേക്ഷ്യം അഹ്ലാദകരമാണ്.നിരന്തരമായി ആദ്യാവസാനവേഷങ്ങൾ ചെയ്തും പാടിയും കൊട്ടിയും കഥകളികലാകാരനു വരേണ്ട സ്ഫുടീകരണത്തിന് ഇത്തരം പദ്ധതികൾ ഗുണം ചെയ്യും,തീർച്ച.പഴയ മഹാനടന്മാരുടെ തലമുറ ഏതാണ്ട് അസ്തമനദശയോടടുക്കുന്ന ഈ വേളയിൽ പുതിയ സമർത്ഥരെ കഥകളി ആവശ്യപ്പെടുന്നുണ്ട്.കാലമാവശ്യപ്പെടുന്ന പരിഷ്കരണങ്ങളിലൂടെ കളിയരങ്ങിനെ മുന്നോട്ടുനയിക്കാൻ കരുത്തുള്ള കരങ്ങൾ ഇത്തരം പദ്ധതികൾ വെളിച്ചത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
കലാമണ്ഡലം സോമൻ ദുര്യോധനനായും,പീശപ്പള്ളി രാജീവൻ വലലനായും,പരിയാനം‌പറ്റ ദിവാകരൻ ത്രിഗർത്തനായും വേഷമിടുകയും,കലാമണ്ഡലം ജയപ്രകാശ്,രാജേഷ് മേനോൻ എന്നിവർ സംഗീതവും,കലാമണ്ഡലം നന്ദകുമാർ,വേണു എന്നിവർ വാ‍ദ്യവും കൈകാര്യം ചെയ്യുകയും ചെയ്ത ഉത്തരാസ്വയംവരം തരക്കേടില്ലാത്ത അനുഭവമായിരുന്നു.അതിനപ്പുറം,പുതിയ കളിയരങ്ങിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധ്വനികളെ കുറിച്ചുള്ള ചിന്തകളാണ് എനിക്ക് ഈ അരങ്ങ് പകർന്നു തന്നത്.
ധ്വന്യാത്മകമായ കളിയരങ്ങ്
------------------------------------

നേരിട്ടു പറയാനാവാത്തതോ,പറഞ്ഞാൽ വാക്കുകൾക്കിടയിലൂടെ,ആംഗ്യപ്പെട്ടാൽ മുദ്രകൾക്കിടയിലൂടെ ചോർന്നു പോകുന്നതോ ആയ ഭാവാർത്ഥങ്ങളെ കഥകളി പ്രകാശിപ്പിക്കുന്ന വിധം പല ഉള്ളടരുകളിലേക്ക് ആഴമുള്ളതാണ്.അടിസ്ഥാനപരമായി കല നടക്കുന്നത് രംഗത്തല്ല,ആസ്വാദകന്റെ മനസ്സിലാണ് എന്ന ദർശനത്തിൽനിന്നു നോക്കിയാൽ,പല സന്ദർഭങ്ങളിലുംകലാകാരൻ/കാരി നിർമ്മിക്കുന്ന പ്രത്യക്ഷശിൽ‌പ്പത്തിലെ അർത്ഥതലങ്ങൾ അപ്രധാനമാകുകയും സഹൃദയൻ അനുസന്ധാനം ചെയ്യുന്ന പരോക്ഷാർത്ഥപരമ്പര-വ്യംഗ്യമായ അർത്ഥങ്ങളും ഭാവങ്ങളും കലാഭാഷയുടെ സംവേദനകേന്ദ്രമായി വർത്തിക്കുകയും ചെയ്യുന്നു.അത്തരത്തിൽ ആസ്വാദകന്റെ മനസ്സിൽ പാഠാന്തരങ്ങൾ സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് ഒരു കലയും കലാകാരനും ഔന്നത്യത്തിലേക്കുയരുന്നത്.കഥകളി,അതിന്റെ സങ്കേതശിൽ‌പ്പത്തിൽ തന്നെ സഹൃദയരുടെ-അതായത് സമാനഹൃദയരുടെ ഈ ഭാഗഭാഗിത്വത്തെക്കുറിച്ചുള്ള ബോധമുൾക്കൊണ്ടിട്ടുണ്ട്.പൂർണ്ണമായും സങ്കേതഭദ്രമെന്നു പറയപ്പെടുന്ന രംഗങ്ങളിലും ചൊല്ലിയാട്ടങ്ങളിലും പോലും പ്രതിഭാശാലിയായ കലാകാരന് സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ഇടം കഥകളി ബാക്കിനിർത്തുന്നു.എല്ലാവർക്കും ‘സലജ്ജോഹം’എന്ന പദത്തിന്റെ ചൊല്ലിയാട്ടം നിർവ്വഹിക്കാം,അതിനു പൂർണ്ണമായ ഘടനാരൂപമുണ്ട്.പക്ഷേ,കലാ‍മണ്ഡലം ഗോപി അതുചെയ്യുമ്പോൾ അതിന് മറ്റൊരു ജീവൻ ലഭിക്കുന്നത് നാം അനുഭവിക്കുന്നു.അപ്പോൾ ഒരോ നിലയും മുദ്രയും സവിശേഷമായ ചില ധ്വനികൾ ഉൽ‌പ്പാദിപ്പിക്കുന്നു.എല്ലാ കഥകളിക്കാരും തുല്യപ്രതിഭാധനരായിരിക്കയില്ല,അല്ലെങ്കിൽ പലരുടെയും കലാവീക്ഷണവും അവതരണരീതിയും വ്യതിരിക്തമായിരിക്കും.അതിനാൽത്തന്നെ കളിയരങ്ങിന്റെ സമഗ്രരൂപം ബഹുസ്വരതയാർന്ന നാട്യവേദിയാകുന്നു.അത് കഥകളിക്ക് പല സ്വഭാവത്തിലും പരിസരത്തിലുമുള്ള ധ്വനികൾ സമ്മാനിക്കുന്നു.ഈ ധ്വനിസമ്പന്നത കളിയരങ്ങിന് അന്യമാവുകയാണോ എന്ന സംശയം ഇന്നുമിന്നലെയും തുടങ്ങിയതല്ല.പക്ഷേ രണ്ടുദിവസം മുമ്പുകണ്ട ഉത്തരാസ്വയംവരം ആ ചിന്തകളെ വീണ്ടും ഉദ്ദീപിപ്പിക്കുന്നു.ചൊല്ലിയാട്ടം മുതൽ സംഗീത-വാദ്യപ്രകരണങ്ങൾ വരെ നീളുന്ന ആ ധ്വനിനഷ്ടത്തെ അക്കമിട്ടു വിലയിരുത്താനാണ് ഇനി ശ്രമിക്കുന്നത്.ഇവ പുതിയ കളിയരങ്ങിനെ ഇകഴ്ത്തുന്ന പരിപാടിയല്ല,കാലാനുഗുണമായി വരേണ്ട പുരോഗമനപരമായ പരിണാമങ്ങൾക്കുള്ള വിലയിരുത്തലുകളാ‍ണ്.
1) വിരൂപമാവുന്ന വിപുലീകരണം
----------------------------------------------
തീർത്തും അനാവശ്യമായ ഒരു വിപുലീകരണം പലയിടങ്ങളിലും കളിയരങ്ങിൽ വ്യാപിക്കുകയാണ്.ചൊല്ലിയാട്ടത്തിൽനിന്നു തുടങ്ങുന്നു അത്. “ഹരിണാക്ഷീജനമൌലീമണേ”എന്ന പദം കലാമണ്ഡലം രാമൻ‌കുട്ടിനായരുടെ കീചകൻ ചെയ്യുമ്പോൾ,ആദ്യത്തെ ഹരിണം(മാൻ) എന്ന മുദ്രആവിഷ്കരിക്കുന്നത് ശ്രദ്ധിക്കുക-മൃഗശീർഷമുദ്ര ഒറ്റക്കൈയ്യിൽ പിടിച്ച്,ചെറിയ ഒരു ചലനം മതി-കൃഷ്ണൻ‌കുട്ടിപ്പൊതുവാളിന്റെ ചെണ്ടയും ഒപ്പമുണ്ടെങ്കിൽ എന്തൊരനുഭവമാണ്!എന്നാൽ,ഇന്നത്തെ കീചകന്മാർക്ക് ചെറിയചലനം പോയിട്ട് സാധാരണചലനം തന്നെ പോര,കൈ തോളെല്ലിൽ നിന്നു പറിഞ്ഞുപോകും വിധം അങ്ങോട്ടുമിങ്ങോട്ടും ആട്ടണം!ഒരു വികാരവും(ദേഷ്യവും ചെടിപ്പുമൊഴികെ!)അസ്വാദകരിൽ സൃഷ്ടിക്കാൻ ഈ വിപുലീകരണം കൊണ്ടു സാധിക്കുന്നില്ലെന്നു മാത്രമല്ല,ആ അനുപമമായ പദത്തിന്റെ സമഗ്രരൂപം തന്നെ അലങ്കോലമാവുകയും ചെയ്യുന്നു.ഇത്തരത്തിൽ ഒരോ മുദ്രകളുടെയും പ്രകാശനവഴക്കം മാറിമറിഞ്ഞത് എഴുതിയാൽതീരില്ല.അവയൊന്നും പഴയ ധ്വനികളെപ്പോലും ഉൽ‌പ്പാദിപ്പിക്കുന്നില്ല താനും.
പഠിച്ചതും വായിച്ചതും കേട്ടതുമായ എല്ലാ പുരാണങ്ങളും ഔചിത്യവും പാത്രബോധവും നോക്കാതെ ചേർത്ത്,കാടും പടലുമായി മനോധർമ്മമാടുകയല്ല കഥകളിയുടെ രീതി.വെള്ളിനേഴി നാണുനായരുടെ വേഷത്തിനുണ്ടായിരുന്ന മേന്മയെപ്പറ്റി വാഴേങ്കട കുഞ്ചുനായർ എന്ന മറ്റൊരു മഹാനടൻ എഴുതിയത് വായിക്കുക:
“അരങ്ങത്തു ചാടിവീണാൽ വാരിയും വലിച്ചും അന്തമില്ലാതെ ഓരോന്നുകാട്ടിക്കൊണ്ട് വേഷം നീട്ടിക്കൊണ്ടു പോയാൽ കേമനാകും എന്നൊരു ധാരണ പരിണിതപ്രജ്ഞരായ നടന്മാർക്കു കൂടി ഉണ്ട്.ഇത്രത്തോളം അബദ്ധമായ ഒരു ധാരണ വേറെയില്ലെന്നു പറയേണ്ടിയിരിക്കുന്നു.ചെറിയ ചില സൂചകങ്ങൾ കൊണ്ട്,ഗമകങ്ങൾ കൊണ്ട്,വലിയ ഫലം ഉളവാക്കുന്നതിലാണ് അഭിനയത്തിന്റെ മേന്മ.ഈ കലാതത്വം നല്ലപോലെ ധരിച്ചിട്ടുള്ള ഒരാളാണ് ശ്രീ.വെള്ളിനേഴിനാണുനായർ.സാകൂതമായ ഒരു നോട്ടത്തിലും സാഭിപ്രായമായ ഒരലർച്ചയിലും മണിക്കൂറുകളോളം ആടിയാലും ഫലിക്കാത്ത ഭാവകോടിയെ ഒതുക്കിക്കാട്ടുന്ന കൂറടക്കം പ്രശംസനീയം തന്നെയാണ്*“
ആർജ്ജവമുള്ള ഭാഷയിൽ കുഞ്ചുനായർ പണ്ടുവരച്ചിട്ട ഈ വാങ്‌മയചിത്രം വായിച്ചാൽ മതി,നാ‍ണുനായരിൽ നിന്ന് ഇന്നത്തെ ഒന്നാംകിട താടിവേഷക്കാരനായ നെല്ലിയോടിലേക്കുള്ള അകലവും,മനോധർമ്മങ്ങളിൽ പാലിക്കേണ്ട ലാവണ്യദർശനവും വ്യക്തമാകാൻ.കാടും പടലും തല്ലി മനോ(അ)ധർമ്മം ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണ്.
2)അനാരോഗ്യകരമായ മത്സരം
--------------------------------------

കലാകാരന്മാർക്കിടയിലുണ്ടാകുന്ന മത്സരബുദ്ധി,പലപ്പോഴും മികച്ച രംഗാനുഭവങ്ങളെ നമുക്കു പകർന്നിട്ടുണ്ട്.പക്ഷേ,ഇപ്പോൾ പെരുകുന്ന മത്സരബുദ്ധി വൈരൂപ്യങ്ങളെയാണ് സൃഷ്ടിക്കുന്നത്.
അങ്ങോട്ടൊരു പുരാണകഥ ആടിയാൽ തിരിച്ചിങ്ങോട്ടൊരു കഥയാടി പ്രതിരോധിക്കലാണ് ഇന്നത്തെ കീഴ്‌വഴക്കം.ദുര്യോധനവധം ദുര്യോധനൻ കൃഷ്ണനോട് ദൂതുസമയത്ത് പാണ്ഡവോൽഭവകഥയാടിയാൽ കൃഷ്ണൻ തിരിച്ച് നൂറുകുടങ്ങളിലിട്ട് മുളപ്പിച്ച കൌരവരുടെ കഥയാടും-ഇങ്ങനെ ഒരു തരം ഗോളടിക്കൽ മത്സരം. എന്തു വൃത്തികേടാണ് കാണിച്ചുകൂട്ടുന്നതെന്ന് തിരിച്ചറിയാതെ അവരിത് തുടർന്നുകൊണ്ടേയിരിക്കുന്നു.
ഒരു ഉദാഹരണം പറയാം-മുമ്പൊക്കെ സന്താനഗോപാലം കഥയിലെ അർജ്ജുനൻ ബ്രാഹ്മണനോടൊപ്പം ഈറ്റില്ലമുണ്ടാക്കാനായി ബ്രാഹ്മണഗൃഹത്തിലെത്തി,അസ്ത്രങ്ങൾ കൊണ്ട് ഈറ്റില്ലമുണ്ടാക്കാനായി തുടങ്ങുമ്പോൾ,ആദ്യം വില്ലിൽ ഞാൺ മുറുക്കിയശേഷം,ഒരു ഞാണൊലിയിടുമ്പോൾ ബ്രാഹ്മണൻ ഞെട്ടുകയും “ഇങ്ങനെ ശബ്ദമുണ്ടാക്കല്ലേ,അകത്ത് പൂർണ്ണ ഗർഭിണിയുള്ളതാ”എന്ന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുകയായിരുന്നു പതിവ്.പിന്നീടെപ്പൊഴോ അത് അർജ്ജുനൻ ഞാണൊലിയിടാൻ തുടങ്ങുമ്പോഴേ ബ്രാഹ്മണൻ സ്റ്റൂളും കെട്ടിപ്പിടിച്ച് കണ്ണടച്ചിരുന്ന് പേടി അഭിനയിക്കലായി.പിന്നെയെപ്പൊഴോ അർജ്ജുനൻ ഞാണൊലിയിടാനൊരുങ്ങുമ്പോൾ അടുത്തു ചെന്ന് തടഞ്ഞ് “അകത്ത് പൂർണ്ണ ഗർഭിണിയുള്ളതാ” എന്നോർമ്മിപ്പിക്കുന്ന ബ്രാഹ്മണനായി.കുറച്ചുകൂടി കഴിഞ്ഞപ്പോഴാകട്ടെ,ഞാണൊലിക്കായി കൈ വില്ലിൽ വെച്ചയുടനെ സ്വയമാലോചിച്ച് പിൻ‌വലിച്ച്,“ഹൊ!ഓർമ്മിച്ചതു ഭാഗ്യം!അകത്ത് പൂർണ്ണഗർഭിണിയായ ബ്രാഹ്മണപത്നിയുള്ളതല്ലേ” എന്ന് അർജ്ജുനൻ സ്വയമോർമ്മിക്കലായി.(എന്റെ പുറത്ത് അങ്ങനെ ഗോളടിക്കണ്ട എന്നു തന്നെ)അപ്പോൾ ബ്രാഹ്മണൻ അവിടുന്നും വിട്ടു,വില്ലുകുലക്കാൻ തുടങ്ങുമ്പോൾത്തന്നെ ഓർമ്മപ്പെടുത്തും,“വലിയ ശബ്ദമൊന്നുമുണ്ടാക്കല്ലേ,അകത്ത് അന്തർജ്ജനമുള്ളതാ” എന്ന്.ഇപ്പോഴിതാ,അവിടുന്നും കടന്നതും കഴിഞ്ഞദിവസം കണ്ടു-ബ്രാഹ്മണനോടൊപ്പം യാത്രതിരിക്കുമ്പോൾത്തന്നെ അർജ്ജുനൻ “അവിടെ പൂർണ്ണഗർഭിണിയൊക്കെയുള്ളതല്ലേ,ഇവിടുന്നു തന്നെ ഞാൺ കെട്ടിയേക്കാം”എന്നു കാണിച്ച് വില്ലുകുലക്കുന്നു!
എത്ര ചെറുതായിരുന്ന ഒരു പെരുമാറ്റത്തെ മത്സരബുദ്ധി എവിടെയെത്തിച്ചുവെന്ന് നോക്കുക!ഇങ്ങനെയുള്ള പലമകളല്ലേ കളിയരങ്ങിന്റെ സത്വം എന്നു ചോദിക്കാം,പക്ഷേ ഇത്തരംമത്സരപ്രചോദിതമായ പലമകൾ അരങ്ങിനെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.
പറയാനുള്ളതെല്ലാം പറഞ്ഞു തീർത്താൽ അതു കലയാവില്ല,കവിതയാവില്ല.
(തുടരും)
*= കഥകളിവെട്ടം ഒന്നാംഭാഗം-വാഴേങ്കട കുഞ്ചുനായർ

20 comments:

വികടശിരോമണി said...

പറയാനുള്ളതെല്ലാം പറഞ്ഞു തീർത്താൽ അതു കലയാവില്ല,കവിതയാവില്ല.

ചാണക്യന്‍ said...

മാഷിന്റെ കഥകളി നിരൂപണം ഇഷ്ടായി,
ആശംസകള്‍....
ഓ ടോ: ഈ കളിഭ്രാന്ത് എന്നു തുടങ്ങി?
എന്ന്,
മറ്റൊരു ഭ്രാന്തന്‍

Haree said...

ഹ ഹ ഹ...
അതു നല്ല രസമായി; ബ്രാഹ്മണനും, അര്‍ജ്ജുനനും തമ്മിലുള്ള രംഗത്തിന്റെ മാറ്റങ്ങള്‍ വിശദീകരിച്ചതേ...

‘കീചകവധ’ത്തിലെ വലലന്റെ അവസ്ഥയാണ് പരിതാപകരം. നല്ല സാധ്യതയുള്ള കഥാപാത്രമാണ്, സൈരന്ധ്രിയുമൊത്തുള്ള രംഗം പ്രധാനവുമാണ്; പക്ഷെ, വന്നു വന്ന് അതൊരു കുട്ടിവേഷമായി... വരും ‘ഉണ്ടൊരുപായമതിന്നുര ചെയ്യാം...’ എന്നു പറയും പോവും! വേഷത്തിനു ഗ്ലാമര്‍ പോരാത്തതുകൊണ്ടാവും!
--

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
വിശകലനം നന്നായിരിക്കുന്നു.

ഏതു കലാ രൂപമായാലും, പ്രത്യേകിച്ചു കഥകളിപോലെ നടന്റെ കഴിവുകള്‍ ആവശ്യമുള്ള കലകളില്‍ , അവശ്യം വേണ്ട ഒന്നാണ് അര്‍പ്പണബോധം. ഇന്നത്തെ പൊതു സമൂഹത്തില്‍ തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ആ “വസ്തു” കഥകളിയില്‍ മാത്രം ബാക്കി നില്‍ക്കും എന്നു കരുതുക വയ്യ. അങ്ങിനെ നിന്നാല്‍ കളിക്കു ഗുണം ചെയ്യുമ്മ്, അല്ലാത്ത പക്ഷം കിടമത്സരങ്ങളും വ്യക്തിപരമായ ഈഗോകളും ഇതിനെ വിഴുങ്ങുക തന്നെ ചെയ്യും.(മറ്റു രംഗങ്ങളില്‍ അതു ധാരാളം).

മറ്റു ഭാഗങ്ങളെ സ്പര്‍ശിക്കാന്‍ ഞമ്മക്ക് ആ‍വതില്ല.

ആശംസകള്‍.

വികടശിരോമണി said...

ചാണക്യാ,
ഭ്രാന്ത് പണ്ടേ ഉണ്ട്,കലശലായ ഭ്രാന്ത്.:)
ഹരീ,
ഹരി പറഞ്ഞ ഉദാഹരണം ശരിയാണ്,പക്ഷേ വലലൻ നിന്ന് സൈരന്ധ്രിയെ സാന്ത്വനിപ്പിക്കാനായി സകല പൂർവ്വകഥകളും ആടാൻ തുടങ്ങിയാലോ?സൈരന്ധ്രി സാന്ത്വനപ്പെട്ടേക്കും;പക്ഷേ കണ്ടുകൊണ്ടിരിക്കുന്നവർക്ക് അതു സാന്ത്വനമാവില്ല.അപ്പൊൾപ്പൊന്നെ അതു കുട്ടിത്തരമാവുകയാണ് ഭേദം എന്ന ചിന്തയിൽ നമ്മളെത്തുന്നു-സാഹചര്യങ്ങൾ എത്തിക്കുന്നു.
അനിൽ,
താങ്കൾ പറഞ്ഞതുതന്നെയാണ് പ്രസക്തമായ കാര്യം.ഒരു സംഘകലയായ കഥകളിയുടെ കാര്യത്തിൽ,സഹവർത്തിത്വമില്ലാതെ ഒന്നും സാധ്യമല്ല.പക്ഷേ,സമൂഹത്തിലൊന്നാകെ അന്യമാകുന്ന അർപ്പണബോധം കഥകളിയിൽ നിലനിൽക്കുമെന്ന് കരുതുകയും വയ്യ.അതിനാൽ ഞാൻ പറയാറ് നിങ്ങളുടെ വേഷം,വാദ്യം,സംഗീതം നന്നാവണമെങ്കിൽ മത്സരബുദ്ധി ഒഴിവാക്കണമെന്നാണ്.
എല്ലാവർക്കും പെരുത്ത് നന്ദിയുണ്ട്.

Unknown said...

ഇഷ്ടായിട്ടോ. ഇതൊക്കെ ഒന്നു പരിചയപ്പെടുത്തിയതിനും നന്ദി.
ആട്ടക്കാർക്കു കുശുമ്പു ഇത്തിരി കൂടും ല്യേ ????

ഞാന്‍ ആചാര്യന്‍ said...

വികടാ..എനിക്കു തീരെ മനസിലാവാത്ത ഒന്നുണ്ട്..നനാതരം മണ്ടത്തരങ്ങള്‍ക്കു പെരുമ്പറയടിക്കുന്ന നമ്മുടെ ചാനല്‍സ് എന്തുകൊണ്ട് കഥകളി കാണിക്കുന്നില്ല...ഏതു ചാനലുണ്ട് ആഴ്ചയില്‍ അര മണിക്കൂര്‍ കഥകളിയോ അതുപോലെ തനതു കലകളോ കാണിക്കുന്നത്?...മുടിഞ്ഞ റിയാലിറ്റി ഷോ കഥകളി, നാടകം, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, തിരുവാതിര ഒക്കെറ്റിനുമാക്കിയാലെത്ര നന്നായിരുന്നു, കലാമണ്ഡലം പോലെയുള്ളയിടത്തു കഷ്ടപ്പെട്ടു പരിശീലിക്കുന്നവര്‍ക്ക് ഒരു എക്സ്പോഷര്‍ എങ്കിലുമാവുമായിരുന്നു. ഇയിടെ ചില ചാനല്‍സ് മാപ്പിളപ്പാട്ടിനെങ്കിലും ഒരവസരം കൊടുത്തിട്ടൂണ്ട്. ജനസ്വാധീനമുള്ള മാധ്യമമെന്ന നിലയില്‍ സിനിമാ റിലേറ്റ്ഡ് ചെണ്ട്കൊട്ടും, കൊലപാതകവാര്‍ത്താവലോകനവും ഒക്കെ കുറച്ച് ഇക്കലകളൂടെ ഓര്‍ക്കണ്ടേ ഇവമ്മാര്? നാടകോക്കെ റിയാലിറ്റി ഷോ കോമ്പറ്റീഷനായാല്‍ അടുത്ത തലമുറക്കു കുറെ നല്ല-നടീ നടന്മാരെ കിട്ടൂലെ? പണ്ടത്തെ ബാലകലോത്സവമൊക്കെ ഓര്‍മ വരുന്നു. എന്തായിരുന്നു രസം.
അതെങ്ങിനെയാ ടിവി പ്രൊഡ്യൂസേഴ്സിനു കോപ്പിയടി അല്ലാതെ വല്ലതും അറവുണ്ടോ

Haree said...

:-)
വലലന് പ്രാധാന്യം നല്‍കണം എന്നു പറഞ്ഞത്, കീചകനേക്കാള്‍ വളരണം എന്നര്‍ത്ഥത്തിലല്ല. വലലന്റെ പദങ്ങളെല്ലാം അതാവശ്യപ്പെടുന്ന സമയം നല്‍കി ആടിയാല്‍ മതിയാവും. ഒരു അഞ്ച്-പത്ത് മിനിറ്റ് നീളുന്ന ഒരു മനോധര്‍മ്മവുമാവാം, പദത്തിനു ശേഷം. അല്ലാതെ അവിടെ ഒരു അര മണിക്കൂറെടുത്ത് വനവാസം വരെയുള്ള കഥ മുഴുവന്‍, അല്ലെങ്കില്‍ കൊന്ന രാക്ഷസന്മാരുടെ കഥ മുഴുവനൊക്കെ ആടേണ്ടതില്ല. തന്റെ ഭാര്യയുടെ മാനം സംരക്ഷിക്കുവാനായി, വീരനായ ഭര്‍ത്താവ് ചെയ്യുന്നതാണ് കീചകന്റെ കൊലപാതകം; ഇതിപ്പോ പാഞ്ചാലി വന്ന് വലലന് കൊട്ടേഷന്‍ കൊടുക്കുന്ന മാതിരിയായി!!!
--

കാപ്പിലാന്‍ said...

കഥകളിയെ കുറിച്ചുള്ള അറിവില്‍ അടിയന്‍ ശിശുവാണ് എങ്കിലും കുറെ അറിവുകള്‍ എല്ലാം ഈ ബ്ലോഗില്‍ നിന്ന് ലഭിക്കാന്‍ ശ്രമിക്കാം :)

വികടശിരോമണി said...

നജീബ്,
തന്നെ,തന്റെ ആത്മാവിഷ്കാരത്തെ തിരിച്ചറിയാത്ത സമൂഹമാണ് ചുറ്റും എന്ന നിരാശാബോധത്തോടെയല്ലേ മിക്ക ആട്ടക്കാരും ജീവിക്കുന്നത്.പിന്നെ കുശുമ്പു കൂടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ:)
ആചാര്യാ,
താങ്കൾ പറഞ്ഞതിൽ ശരിയുണ്ട്.പക്ഷേ-
“പണ്ടത്തെ ബാലകലോത്സവമൊക്കെ ഓര്‍മ വരുന്നു. എന്തായിരുന്നു രസം.“
എന്നു പറഞ്ഞല്ലോ അതുതന്നെയാണ് പ്രശ്നം.കോപ്പിയടി മാത്രമറിയുന്നവരായതുകൊണ്ടാണ് ടി.വിക്കാർ അങ്ങനെ ചെയ്യുന്നതെന്ന് തോന്നുന്നില്ല.താങ്കൾക്കും എനിക്കും എന്തു രുചികരമായി,‘രസ’വത്തായി തോന്നുന്നു എന്നതല്ല അവ്ര്ക്കു മുമ്പിലെ ചോദ്യം,പൊതുസമൂഹം എന്ത് രസവത്തായി കരുതുന്നു എന്നതാണ്.ആ ഉപരിപ്ലവരസബോധത്തിൽ നിന്നാണ് ‘റിയാലിറ്റി ഷോ’ എന്ന ആശയം തന്നെ മുളച്ചുപൊന്തുന്നത്.അപ്പോൾ നാടകത്തിനും ക്ലാസിക്കൽ തീയറ്ററിനുമല്ല അവർ മുൻ‌തൂക്കം നൽകുക.സമൂഹത്തിന്റെ രുചിബോധത്തെ നിർണ്ണയിക്കാനല്ല,അനുകരിക്കാൻ മാത്രമാണ് നമ്മുടെ ചാനലുകാർ പഠിച്ചിട്ടുള്ളത്.
അമൃതാചാനലാണ് മറ്റെന്തൊക്കെ പറഞ്ഞാലും ഇത്തരം ചില പരിപാടികളെങ്കിലും ഈയിടെ ആസൂത്രണം ചെയ്തത്.നാടകക്കാർക്കു കഴിവുതെളിയിക്കാവുന്ന,ബെസ്റ്റ് ആക്ടർ എന്നൊരു റിയാലിറ്റി ഷോ അടുത്തിടെയാണല്ലോ തീർന്നത്.
കഥകളിയുടെ കാര്യത്തിൽ,ദൂരദർശൻ കാണിക്കുന്ന കഥയില്ലായ്മയൊഴിച്ചാൽ,ഏഷ്യാനെറ്റ് പതിനഞ്ചോളം വർഷം മുമ്പു ചിത്രീകരിച്ച ‘കഥകളിസമാരോഹം’മാത്രമാണ് മുടങ്ങാതെ ടി.വി.യിലുള്ളത്.ഇടക്ക് അമൃതയിലും കൈരളിയുടെ പീപ്പിൾ ചാനലിലും കണ്ടിരുന്നു,ഇപ്പോൾ നിർത്തിയെന്ന് തോന്നുന്നു.
വായനക്കും അഭിപ്രായങ്ങൾപങ്കുവെച്ചതിനും നന്ദി.
ഹരീ,
യോജിപ്പേയുള്ളൂ.
പിന്നെ-സത്യത്തിൽ അതൊരു ക്വട്ടേഷൻ കൊടുപ്പ് തന്നെയായിരുന്നില്ലേ?:)പ്രതിഫലമെന്തായിരിക്കുമെന്ന് എം.ടി.രണ്ടാമൂഴത്തിൽ വിവരിച്ചിട്ടുണ്ട്:)
കാപ്പൂ,
ഞമ്മക്കേ വിവരമില്ല.എന്നിട്ട് ഇവിട്ന്നാ വിവരം?:)
എല്ലാ മനിതർക്കും നണ്ട്രി.

പാര്‍ത്ഥന്‍ said...

കഥകളിപോലെയുള്ള കലാരൂപങ്ങൾ നിലനിൽക്കണമെങ്കിൽ, അത് കണ്ട് ആസ്വദിക്കാനുള്ള കുറച്ചാളുകൾ സദസ്സിൽ വേണം. (ഞാൻ വളരെ കുറച്ചു കളികളേ കണ്ടിട്ടുള്ളൂ.)
ഇടയ്ക്കിടക്ക് പല സ്ഥലങ്ങളിലായി കഥകളി ആസ്വാദന കളരി സംഘടിപ്പിച്ചാൽ മാത്രമെ വരും തലമുറയിൽ കഥകളി കാണാനായെങ്കിലും ആളെകിട്ടുകയുള്ളൂ. അല്ലാത്തപക്ഷം കഥകളി പഠിച്ചവർ മാ‍ത്രമായിരിക്കും ആസ്വാദകരായിട്ടുണ്ടാവുക. ഇത് എന്റെ ഒരു ചെറിയ ആഗ്രഹമാണ്.

കിഷോർ‍:Kishor said...

നല്ല ലേഖനം..

കഥകളിയുടെ സാങ്കേതിക വശങ്ങളെപ്പറ്റി വല്യ പിടിയില്ല. യുവജനങ്ങളിലേക്കെത്തിക്കാനായി കൂടുതല്‍ ലെക്ചര്‍-ഡെമോ പോലെയുള്ള പരിപാടികള്‍ ഉചിതമായിരിക്കും..

ഒരു കാമ്പസ് പര്യടനം?...

എതിരന്‍ കതിരവന്‍ said...

നൃത്തം, മുദ്ര അഭിനയം ഇവയൊക്കെയില്‍ ക്കൂടി ധ്വനിപ്പിക്കുന്നതില്‍ എറ്റക്കുറച്ചില്‍ വരുന്നത് സ്വാഭാവികം പ്രത്യേകിച്ചും കഥകളി പോലെ കഥാപാത്രമായി മാറാനുള്ള സ്സദ്ധ്യതകള്‍ ഇല്ലാതിരിക്കുമ്പോള്‍. ഇല്ലത്തുന്നിറങ്ങുകയും വേണം എന്നാല്‍ അമ്മാത്ത് എത്തുകയുമരുത്. പക്ഷെ പല കളിക്കാരും ഒന്നുകില്‍ ഇല്ലത്തുനിന്നിറങ്ങനേ മടി കാണിയ്ക്കും അല്ലെങ്കില്‍ അമ്മാത്ത് എത്തിക്കളയും ഇതിനിടയില്‍ ധ്വനി അപ്രത്യക്ഷമാകുകയോ അരികിലെത്താതിരിക്കുക്യോ ചെയ്യും. പ്രകടനപരത കൊണ്ട് സദസ്യരെ കയ്യിലെടുക്കേണ്ടെ എന്നു ചിലര്‍ക്കും തോന്നും. അറിവുള്ള സദസ്യരുടെ ‘ഫീഡ്ബാക്’ തന്നെ ഇതിനു മരുന്ന്. (പ്രതിവിധി: വികടശിരോമണിയെ ക്ലോണ്‍‍ ചെയ്ത് എല്ലാ കളികള്‍ക്കും അയയ്ക്കുക)

മത്സരവും ഈ പ്രകടനപരത ആവശ്യമാണെന്ന ധാരണയുടെ പ്രത്യക്ഷീകരണമാണ്. ചിലപ്പോള്‍ ഒരു ‘കോമ്പ്ലെക്സ്’ഉം. അല്ലെങ്കില്‍ self entertainment നുള്ള അവസരം.ചിലപ്പോള്‍ ഇതു വ്യക്തിപരമായ ആക്ഷേപങ്ങളില്‍ വരെ എത്തിപ്പെടാറുണ്ട്. ഇതൊന്നും സദസ്യര്‍ക്കു വേണ്ടിയല്ല. പെര്‍ഫൊമിങ് ആര്‍ട്സ് മുഴുവന്‍ കാഴ്ച്ചയിലൂടെയാണ് ആസവദിക്കപ്പെടുന്നതെന്നും കലാകാരന്റെ സ്വത്വദാഹപൂരണത്തിനുള്ളതല്ലെന്നും മറന്നു പോകുന്ന അവസ്ഥ.
(പ്രതിവിധി:വികടശിരോമണിയെ വിട്ട് തല്ലിയ്ക്കുക. ക്വടേഷന്റെ കാര്യം ഞാനല്ല പറഞ്ഞത്)

വികടശിരോമണി said...

പാർത്ഥൻ,
രാവിലെ മുതൽ വൈകീട്ടുവരെ മാത്രം നീളുന്ന ഏകദിനശിൽ‌പ്പശാലയും 5മണിമുതൽ8മണിവരെയുള്ള ഒറ്റക്കഥകളിയുടെ അവതരണവുമാണ് ഇപ്പോൾ കലാമണ്ഡലം നടത്തുന്ന ‘നൂറരങ്ങ്’എന്ന പദ്ധതി.കഥകളി കാണാനും ആസ്വദിക്കാനുമുള്ള ലളിതമായ ക്ലാസുകളാണ് പകൽ ഉണ്ടാവുക.കഥകളിക്കാർ തന്നെ ഡമോൺസ്ട്രേഷനായി ഒപ്പമുണ്ടാകും.എല്ലാവർക്കും സംശയങ്ങൾ ചോദിക്കാം.വൈകുന്നേരം കഥകളിതുടങ്ങും മുമ്പ് അവതരപ്പിക്കുന്ന കഥയും അതിന്റെ അവതരണരീതിയും ലളിതമായി വിശദീകരിക്കപ്പെടുന്നു.കഥകളി നടന്നുകൊണ്ടിരിക്കുമ്പോഴും ആവശ്യമായ വിശദീകരണങ്ങൾ ലഭിക്കും.
താങ്കൾ ഉദ്ദേശിച്ച പോലെത്തന്നെയുള്ള പരിപാടിയാണിത്.പക്ഷേ ഒരു നൂറരങ്ങിനുള്ള ഫണ്ടാണ് കലാമണ്ഡലത്തിന്റെ പക്കലുള്ളത്.തുടർന്നും ഇത്തരം പദ്ധതികൾ നടപ്പിലാകേണ്ടിയിരിക്കുന്നു.
കിഷോർ,
പറഞ്ഞത് പ്രസക്തമായ ഏഡിയയാണ്.അത്തരമൊരു കാമ്പസ് പര്യടനപദ്ധതി ആലോചിക്കുന്നുണ്ട്.കുറെക്കൂടി അക്കാദമിക്കായ രൂപത്തിൽ മുൻപ് പറഞ്ഞ ഏകദിനശിൽ‌പ്പശാലയെ ഉടച്ചുവാർക്കണം,ക്യാമ്പസിലെത്തുമ്പോൾ.എല്ലാവരുടേയും സഹകരണം ഉണ്ടെങ്കിൽ സാധ്യമാക്കാവുന്നതേയുള്ളൂ.
കതിരവാ,
രണ്ടാമൂഴത്തിലെ ഭീമനു കിട്ടിയ പ്രതിഫലം കിട്ടുമെങ്കിൽ ഞാൻ ക്വട്ടേഷന് റെഡി:)

Lathika subhash said...

വികടശിരോമണി ,
ഇനിയും പോരട്ടെ,
ഇമ്മാതിരി പോസ്റ്റുകള്‍.
ഇനിയും വരാം.

Sethunath UN said...

ഹ! ആ സന്താനഗോപാലം ആട്ടത്തിന്റെ പരിണാമം ക്ഷ പിടിച്ചു. :)
ആള്‍ക്കൂട്ടത്തില്‍ ഒരു അഡ്രസ്സുണ്ടാക്കിയെടുക്കുക ഏതൊരു കലാകാരന്റെയും ആഗ്രഹം. അതിന്റെ “പരിശ്രമ”ഫലങ്ങളാവാം ഈ ബോറിലേക്ക് ആസ്വാദകരെ തള്ളിവിടുന്നത്. പിന്നെ ഒരു ചെറിയ പക്ഷം “സ്ഥലത്തെ പ്രമുഖരായ“ ആസ്വാദകരുടെ സ്വാ‍ധീനവും ഇതിനു പിന്നിലില്ലേ എന്നൊരു സംശം.”അത് ആടിയത് ഗോപ്യെപ്പോലായി” “ഇന്നു കാട്ടിയത് ഗോപീടത്ര പോര”. മനുഷ്യരല്ലെ .. സ്വാഭാവികം!
എഴുത്ത് കിടു. വ്യത്യസ്തം. എഴുതു മാഷേ. വായിയ്ക്കട്ടെ.

Jayasree Lakshmy Kumar said...

കൊള്ളാം. നല്ല പോസ്റ്റ്. അധികം അറിവില്ലാത്ത ഈ കലാരൂപത്തിനെ കുറിച്ചു തരുന്ന വിവരങ്ങൾക്കൊക്കെ നന്ദി

വികടശിരോമണി said...

ലക്ഷ്മി,ലതി-നന്ദി.
നിഷ്കളങ്കാ,
ഗോപിയെന്ന തെർമോമീറ്ററു വെച്ച് നടന്മാരുടെ ചൂടളക്കുന്ന പരിപാടി മുറക്ക് നടക്കുന്നുണ്ട്.ഒരു മറുവശം,പല നടന്മാരും ഗോപിയുടെ പകർപ്പാവാൻ വൃഥാവ്യായാമം ചെയ്യുന്നുമുണ്ട്.
നന്ദി.

ഗീത said...

നൂറരങ്ങ് ഇങ്ങു തിരുവനന്തപുരത്തെത്താന്‍ കാത്തിരിക്കുകയാ.
ഇനി കഥകളി കാണുമ്പോള്‍, വികടന്റെ പോസ്റ്റ്കള്‍ വായിച്ച് ഇത്തിരിക്കൂടി പ്രബുദ്ധതയാര്‍ജ്ജിച്ച ഒരു കാഴ്ചക്കാരിയായിരിക്കാമല്ലോ. സന്തോഷം വികടാ.
സന്താനഗോപാലത്തിലെ അര്‍ജുനനും ബ്രാഹ്മണനുമായുള്ള ഭാഗം രൂപം മാറി മാറി വരുന്നത് അവതരിപ്പിച്ചത് രസമായിട്ടുണ്ട് കേട്ടോ.

Dr. Evoor Mohandas said...

Read the opinions regarding 'NOORARANGU'. I have participated recently in a Noorarangu programme. my opinion about the show is given in

http://groups.yahoo.com/group/kathakali/message/1571

Noorarangu is a good idea, if it's properly conducted and communicated to the audience. Otherwise sadasyar 'kathayariyathe attam kaanum'.

Mohandas