Monday, December 22, 2008

കഥകളിസംഗീതത്തിന്റെ സമയസന്ധികളും കാലിക പ്രശ്നവിചാരങ്ങളും

ഥകളിയുടെ ഏറ്റവും വിസ്മയകരമായ വ്യതിരിക്തതകളിലൊന്ന്,സംഗീതം തന്നെയാണ്.മറ്റേതെങ്കിലും ഒരു തീയറ്റർ കലാരൂപത്തിന് ഇത്രമാത്രം വിപുലവും ഭാവവൈചിത്ര്യം നിറഞ്ഞതുമായ ഒരു സംഗീതപദ്ധതി രൂപപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.ഒരുപക്ഷേ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ കേരളത്തിനെടുത്തു വെക്കാവുന്ന തനതുസംഗീതജ്ഞന്മാരിൽ ഒരുവലിയപങ്കും കഥകളിസംഗീജ്ഞരായിരിക്കുകയും ചെയ്യും.ഒരു പ്രയുക്തസംഗീതത്തിനു കിട്ടാവുന്നതിലും പലമടങ്ങ് അംഗീകാരം കഥകളിസംഗീതത്തിനു ലഭിച്ചിട്ടുണ്ട്.ഒരു പ്രയുക്തസംഗീതത്തിന്റെ ചട്ടവട്ടങ്ങൾക്കപ്പുറം അതുവളർന്നിട്ടുമുണ്ട്.കഥകളിയിൽ നിന്നകന്നാൽ കഥകളിസംഗീതമുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നെങ്കിലും.
കഥകളിസംഗീതത്തിന്റെ ചരിത്രം,ഏറെ ഭാവനാത്മകമായ പരീക്ഷണങ്ങളുടെ ചരിത്രമാണ്.കഥകളിയുടെ ആദ്യകാലത്ത് ‘പിൻ‌പാട്ട്’എന്ന സമ്പ്രദായമുണ്ടായിരുന്നോ എന്ന വിഷയത്തിൽ ചരിത്രകാരന്മാർ ഭിന്നാഭിപ്രായക്കാരാണ്.ഏതായാലും ആദ്യകഥകളായ രാമനാട്ടകഥകളിൽ തന്നെ,‘സാരിപ്പദം’പോലുള്ള,രംഗത്ത് മുദ്രാഭിനയമില്ലാത്ത സങ്കേതങ്ങളുണ്ടായിരുന്നു എന്ന് സ്പഷ്ടം.(സീതാസ്വയം വരത്തിലെ സീത,വരണമാല്യവുമായി പ്രവേശിക്കുന്നത് ഒരു സാരിപ്പദത്തിന്റെ അകമ്പടിയോടെയാണ്)വാചികം സംഗീതത്തിലേക്കു നിജപ്പെട്ടതോടെയാണ്,കഥകളിയിൽ ആംഗികം കൂടുതൽ നാട്യധർമ്മിയായത്.കഥകളിക്കാവശ്യമായ അലൌകികപശ്ചാത്തലം സൃഷ്ടിക്കാൻ സംഗീതം ഏറെ സഹായിക്കുകയും ചെയ്തു.
കേരളീയർ പൊതുവേ ‘നാദ’ത്തേക്കാൾ ‘ഒച്ച’ക്ക് പ്രാധാ‍ന്യം കൊടുത്തവരാണ്, സ്വാതിയുടെ ഉദയവും,തുടർന്ന് തിരുവനന്തപുരവും സമീപപ്രദേശങ്ങളിൽ നിന്നു വികസിച്ചതുമായ ആ നാദപ്രവാഹത്തെ ഒഴിച്ചാൽ.ശക്തമായ ഒച്ചകളുടെ സാനിധ്യത്തെ സ്നേഹിച്ച ജനത. അനുപമമായ ശംഖമദ്ദളമംഗലധ്വനികളുടെ നിർമ്മിതി അങ്ങനെയാണു സാധ്യമായതും.സോപാനമാർഗത്തിന് വിപുലമായ രാഗവൈവിധ്യം സ്വന്തമല്ല.സ്വാഭാവികമായും സോപാനസംഗീതമാർഗത്തെ പിൻ‌പറ്റിയ കഥകളിസംഗീതം,പരിമിതികളുടെ തടവറയിൽ തന്നെയായിരുന്നു.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെയാണ് കഥകളിയുടെ ഘടകകലകൾ നിർവ്വഹിക്കേണ്ട ധർമ്മങ്ങളെപ്പറ്റി വ്യക്തമായ രൂപമുണ്ടാകുന്നത്.അദ്ദേഹം കളിയരങ്ങിന്റെ ഊടും പാവും മാറ്റിനെയ്തു. അപ്പോഴും കഥകളിസംഗീതത്തിൽ സമൂലമായ പരിണാമങ്ങൾ സംഭവിച്ചിരുന്നില്ല.അതുസംഭവിക്കുന്നത് വെങ്കിടകൃഷ്ണഭാഗവതരുടെ ആഗമനത്തോടെയാണ്.പട്ടിക്കാംതൊടിക്കളരിയുടെ പരീക്ഷണശാലയിൽ ഉണ്ടായിരുന്നവരെല്ലാം അവരവരുടെ മേഖലകളെ പുതുക്കിപ്പണിത പ്രസ്ഥാനങ്ങളായിരുന്നു എന്നതൊരു അത്ഭുതമാണ്.വേഷത്തിൽ പട്ടിക്കാംതൊടി,സംഗീതത്തിൽ വെങ്കിടകൃഷ്ണഭാഗവതർ,ചെണ്ടയിൽ മൂത്തമന,മദ്ദളത്തിൽ വെങ്കിച്ചസ്വാമി.ആ സമഗ്രമായ ഉദ്ഗ്രഥനത്തിന്റെ കളരിയിൽ നിന്നാണ് സോപാനമാർഗത്തിന്റെ തനതുവാർപ്പുകളെ കർണ്ണാടകസംഗീതത്തിന്റെ വിശാലസമുദ്രജലം കൊണ്ട് നവീകരിക്കാനുള്ള ബലം വെങ്കിടകൃഷ്ണഭാഗവതർ ആർജ്ജിക്കുന്നത്.ഓരോ ഭാവവൈചിത്ര്യത്തിനും അനുസാരിയായി അനുരൂപമായ രാഗവൈവിധ്യങ്ങൾ,ആവർത്തിച്ചുപാടേണ്ടിവരുമ്പോൾ വ്യത്യസ്തമായ സംഗതികൾ,ഭൃഗകളും ഗമകങ്ങളുമടങ്ങുന്ന ആലങ്കാരികമായ സംഗീതരീതിശാസ്ത്രം-കഥകളിയുടെ അമൂലാഗ്രം നടന്ന പൊളിച്ചെഴുത്തുകളിലേക്ക് സംഗീതവും ഉൾച്ചേരുകയായിരുന്നു.
വേഷത്തിനനുസരിച്ച പാട്ട്,കൊട്ട്-ഈ അലിഖിതനിയമം പട്ടിക്കാംതൊടിക്കളരിയുടെ മുഖമുദ്രയായതിനാൽ തന്നെ,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതവും ആ വൃത്തനകത്തുനിന്നു.ഭാവസംഗീതമായിരുന്നു അദ്ദേഹത്തിന്റേത് എന്നാണു കേട്ടറിവ്.ഘനശാരീരവും,അനതിസാധാരണമായ രംഗബോധവും സമന്വയിക്കുന്ന വെങ്കിടകൃഷ്ണഭാഗവതരുടെ പ്രവർത്തനമാണ് തുടർന്നുള്ള സംഗീതത്തിന്റെ ദിശാസൂചകമായി വർത്തിച്ചത്.
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ-തലമുറകളുടെ പ്രമാണി
----------------------------------------------------------------
കഥകളിസംഗീതത്തിന്റെ ശ്രവ്യസൌകുമാര്യത്തിലേക്ക് സഹൃദയസമൂഹത്തിന്റെ കണ്ണുമിഴിയുന്നത് നമ്പീശന്റെ സംഗീതജീവിതത്തോടെയാണ്.കേരളമാകെ ആദരിച്ച,ആദരിക്കുന്ന, പിന്നീടുണ്ടായ മിക്ക ഗായകരും നടന്നവഴിത്താരകൾ നമ്പീശന്റെ മാർഗേണയാണ്.മൂത്താൻ ഭാഗവതരുടെ (പുലാപ്പറ്റ കുട്ടൻ ഭാഗവതർ) ശിഷ്യനായി ആരംഭിച്ച ആ സംഗീതജീവിതം അദ്വിതീയമായ ഒരു യുഗത്തിന്റെ ചരിത്രമാണ്.ആലാപനവഴിയിൽ,വെങ്കിടകൃഷ്ണഭാഗവതർ തുടങ്ങിവെച്ച ശാസ്ത്രീയപരിഷ്കരണം നമ്പീശൻ അവിടെനിന്നും മുന്നോട്ടുനയിച്ചു.ആരെയും വ്യാമുഗ്ധരാക്കുന്ന ശ്രവണസുഖദമായ ശാരീരം,അടിയുറച്ച താളം,വിപുലമായ ജ്ഞാനം-നമ്പീശന്റെ സംഗീതത്തിന്റെ സവിശേഷചാരുത വേറിട്ട അദ്ധ്യായമായി.ഒരിക്കലും ജ്ഞാനം കസർത്തുകൾക്കുപയോഗിക്കാതെ,കളിയരങ്ങ് ആവശ്യപ്പെടുന്ന ഭാവതലത്തെ ഉന്മിഷിത്താക്കുന്ന നമ്പീശന്റെ കാൽ‌പ്പാടുകൾ കഥകളിസംഗീതമുള്ള കാലത്തോളം മാഞ്ഞുപോവില്ല.
ഉണ്ണികൃഷ്ണക്കുറുപ്പ്-തീഷ്ണപ്രതിഭയുടെ അവധൂതജന്മം
----------------------------------------------------

കഥകളി സംഗീതത്തിൽ മുൻപോ പിൻപോ കാണാത്ത പ്രതിഭാവിലാസത്തിന്റെ ഹിമാലയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പ്.സമാനതകളില്ലാത്ത അവധൂതജന്മം.ആർക്കുമുമ്പിലും തലകുനിക്കാതെ,ആ ബൊഹീമിയൻ ജീവിതം സംഗീതം കൊണ്ടലഞ്ഞ ഘോരവിപിനങ്ങളിലൂടെ മറ്റാരും എത്തിനോക്കിയിട്ടില്ല.ഏതെല്ലാം സംഗീതത്തിന്റെ സമവായമായിരുന്നു കുറുപ്പിലൂടെ പ്രവഹിച്ചതെന്നു പറയാൻ പ്രയാസം.പാരമ്പര്യമായി കിട്ടിയ കളമെഴുത്തുപാട്ടുമുതൽ,ഹിന്ദുസ്ഥാനിസംഗീതം വരെയുള്ള നാദഗോപുരങ്ങളിലൂടെ കഥകളിസംഗീതം കുറുപ്പിലൂടെ നടന്നു.ഏറെക്കാലം കേരളത്തിനുപുറത്ത്,ബംഗാളിൽ ശാന്തിനികേതനത്തിലെ ജോലിയുമായി കഴിഞ്ഞപ്പോഴും അവധിക്കു വരുമ്പോൾ കുറുപ്പുപാടുന്ന ഏതാനും അരങ്ങുകൾക്കായി ആസ്വാദകലോകം കാതോർത്തുകാത്തിരുന്നു.പിന്നീട് കുറുപ്പു നാട്ടിലെത്തിയതോടെ,ഓരോ അരങ്ങും സംഗീതത്തിന്റെ ഉത്സവങ്ങളായി.കഥ ചിട്ടപ്രധാനമോ,ഭാവപ്രധാനമോ ആകട്ടെ,കുറുപ്പിന് എല്ലാം സമമായിരുന്നു.ഓരോ രാഗങ്ങളും കുറുപ്പിന്റെ കണ്ഠത്തിലൂടെ സവിശേഷമായ വ്യക്തിത്വമാർജ്ജിക്കുന്നതുകണ്ട് കഥകളിലോകം വിസ്മയസ്തബ്ധരായി.എന്നാൽ അവയൊന്നും കഥകളിയുടെ സമഗ്രശിൽ‌പ്പത്തിൽ നിന്നു തെറ്റിപ്പോയതുമില്ല.ഇന്നും കുറുപ്പിനേപ്പോലെ സഹൃദയഹൃദയത്തിൽ ജീവിക്കുന്ന മറ്റൊരു കഥകളിസംഗീതജ്ഞനുണ്ടാകുമെന്നു തോന്നുന്നില്ല.വളരെ ചെറിയ ശിഷ്യസഞ്ചയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പിന്റേതെങ്കിലും,ഇന്നു കഥകളിലോകത്തിന്റെ തുഞ്ചത്തുള്ള ഒരുപിടി പാട്ടുകാർ-കോട്ടക്കൽ നാരായണനും,പാലനാട് ദിവാകരനും,കലാനിലയം ഉണ്ണികൃഷ്ണനും,കോട്ടക്കൽ മധുവുമെല്ലാം-അദ്ദേഹത്തിന്റെ ശിഷ്യരാണെന്നത് കാലം ആ ജീനിയസ്സിനു നൽകിയ സമാദരണമാവാം.
എമ്പ്രാന്തിരി-ഹൈദരാലിമാർ-ജനകീയതയുടെ പൊന്നാനിപ്പാട്ട്
-----------------------------------------------------------------
കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും കലാമണ്ഡലം ഹൈദരാലിയുമാണ് കഥകളിസംഗീതത്തിന്റെ പ്രയുക്താവസ്ഥക്കു മുകളിൽ ജനകീയമായ ഒരു സ്ഥാനം അതിനു നിർമ്മിച്ചത്.താരത‌മ്യേന ലളിതവും,ശ്രവണസുഖദവുമായ എമ്പ്രാന്തിരി സംഗീതത്തിന്,ഒരു വലിയ കൂട്ടം സംഗീതപ്രേമികളെ അരങ്ങിനു മുന്നിലെത്തിക്കാനായി.എമ്പ്രാന്തിരിയുടെ “കിം കിം അഹോ സഖിയും”,“കരുണാവാരിധേ കൃഷ്ണാ”യും കേൾക്കാനായി മാത്രം കഥകളിക്കുവന്നിരുന്ന ആസ്വാദകരെ അന്നു സുലഭമായി കാണാമായിരുന്നു.അതുകഥകളിയുടെ ആകമാനീയതയെ,ഇഴപ്പൊരുത്തത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്.ശിങ്കിടിക്കു ഒറ്റക്കുപാടാനവസരം നൽകാതെ,അനുസ്യൂതം പാടുന്ന ആ ശൈലിയും ഏറെ വിമർശനങ്ങൾ വരുത്തിവെച്ചു.ഭാവതലത്തിൽ എമ്പ്രാന്തിരി സൃഷ്ടിച്ച വ്യതിരിക്തമായ പരിസരം കൊണ്ടു മയങ്ങിയ ഒരു സമൂഹത്തിന്റെ സൃഷ്ടി അദ്ദേഹത്തിന്റെ മാത്രം വിജയമായിരുന്നു,കഥകളിയുടെ വിജയമായിരുന്നില്ല.
ഹൈദരാലിയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ കഥയാണ്.ഫ്യൂഡൽ കാലഘട്ടത്തിന്റെ നിയമാവലികളെ മറികടന്ന്,കറുത്തുമെലിഞ്ഞ ആ മാപ്ലച്ചെക്കൻ സൃഷ്ടിച്ച വിപ്ലവം കേരളകലാചരിത്രത്തിലെ ഒരു വീരചരിതമായിത്തന്നെ അടയാളപ്പെടുത്തപ്പെടണം.‘അഹിന്ദുക്കൾക്ക് പ്രവേശനമില്ലെ’ന്നു തിട്ടൂരമിറക്കിയവർക്കും ആ സംഗീതധാരക്കുമുന്നിൽ കീഴ്‌പ്പെടേണ്ടിവന്നത് ചരിത്രം.ഏതു പദത്തിനും ഹൈദരാലിക്ക് സ്വകീയമായ പ്രകാശനരീതിയുണ്ടായിരുന്നു,മികച്ച രംഗബോധവും.പ്രഗത്ഭരെല്ലാം ഒഴിഞ്ഞപ്പോൾ ‘ഇനി ഹൈദരാലിയുടെ കാലം’എന്നു കരുതിയിരിക്കുമ്പോഴാണ് ഒരു ടിപ്പർലോറിയുടെ രൂപത്തിൽ വന്ന മരണം അദ്ദേഹത്തെ കാലത്തിന്റെ കോപ്പറയിലേക്കു പിൻ‌വിളിച്ചത്.മധുരമായ ശബ്ദവും,അനുപമമായ ഭാവസൌന്ദര്യവും ഒത്തിണങ്ങിയ ആ വിപ്ലവകാരി അകാലത്തിൽ നമ്മോടുവിടവാങ്ങി.
വെണ്മണി ഹരിദാസ് കഥകളിലോകത്തിനു സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്.നല്ലകാലം മുഴുവൻ ശിങ്കിടിയായി പാടിത്തീർത്ത ആ ഗായകന്റെ തൊണ്ടയിലൊളിച്ചിരുന്ന ശാരീരഭൂമികൾ ആർക്കും വേണ്ടപോലെ കേട്ടുകൊതിതീരാനായില്ല.കുറുപ്പിനും എമ്പ്രാന്തിരിക്കും ശിങ്കിടിയായി ഹരിദാസ് പാടിത്തീർത്ത ഗീതധാരകൾക്കിടക്ക് എല്ലാവരും അതുമറന്നും പോയി.കുറുപ്പിനേപ്പോലെ,അപ്രവചനീയമായിരുന്നു ഹരിദാസിന്റേയും സംഗീതം.ചിലപ്പോൾ നന്നായെന്നു വരികയില്ല,ചിലപ്പോഴങ്ങുനന്നാവും,നന്നായാൽ പിന്നെ ആർക്കും ഒപ്പമെത്താനുമാവില്ല.അനായാസതയായിരുന്നു വെണ്മണിസംഗീതത്തിന്റെ മുഖമുദ്ര.ചെറിയ പദങ്ങൾ പലതും അദ്ദേഹത്തിന്റെ ശബ്ദലാളനം കൊണ്ട് അവിസ്മരണീയമായിട്ടുണ്ട്.കുന്തളവരാളിയിൽ അദ്ദേഹം പാടാറുള്ള സന്താനഗോപാലത്തിലെ “കല്യാണാലയേ ചെറ്റും”എത്രകേട്ടാലും മതിവരാത്ത ഒരുദാഹരണം.കുറുപ്പിനേപ്പോലെത്തന്നെ,സ്വയംകൃതാനർത്ഥങ്ങൾ നിശ്ചയിച്ച മരണവുമായി പിൻ‌വാങ്ങിയ ആ പ്രതിഭയേ ഓർക്കുമ്പോഴെല്ലാം നഷ്ടബോധമാണ് മുന്നിൽ നിൽക്കുക.
വേറിട്ട് തങ്ങളുടെയൊച്ച കേൾപ്പിച്ച ഒരുപറ്റം സംഗീതജ്ഞർ ഇക്കാലത്തുതന്നെ കളിയരങ്ങുകണ്ടിട്ടുണ്ട്.രാമുവാരിയരും,വാസുനെടുങ്ങാടിയും, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും,പരമേശ്വരൻ നമ്പൂതിരിയുമടക്കം പലരുടേയും പ്രവത്തനങ്ങൾ ചേർന്നാലാണ് കഥകളിസംഗീതത്തിന്റെ ചിത്രം പൂർത്തിയാകുന്നത്.കലാ.ഗംഗാധരനേപ്പോലെ കർണ്ണാടകസംഗീതത്തിന്റെ ഗമകപ്രധാനങ്ങളായ സഞ്ചാരങ്ങളെ തികച്ചും ക്ലാസിക്കലായിത്തന്നെ കളിയരങ്ങിലെത്തിച്ച ഗായകരുടെ കൂടി കൈയൊപ്പുകൾ ഇന്നത്തെ കഥകളിസംഗീതത്തിലുണ്ട്.
സമഗ്രശിൽ‌പ്പത്തിൽ നിന്നടരുന്ന സംഗീതം
---------------------------------------------
സാർത്ഥകമാകുന്ന അരങ്ങിന്റെ അടിസ്ഥാനഗുണം,അതിന്റെ തൌര്യത്രികചാരുതയാണ്.ഒരു സംഘകലയായ കഥകളിയിൽ വേഷത്തിനിണങ്ങിയ ഗീതവാദ്യങ്ങളുടെ മേളനം അനിവാര്യമാണ്.അവയുടെ പരസ്പരമുള്ള ഇഴപ്പൊരുത്തമാണ് രംഗത്തെ സർഗാത്മകമാക്കുന്നത്.ഘടകകലകളുടെ ഈ സമന്വയത്തിലെ ഏതെങ്കിലുമിഴകൾ വിട്ടുപോകുന്നതോടെ,രംഗശിൽ‌പ്പം ശിഥിലമാകുന്നു.കഥകളിസംഗീതത്തിന്റെ വളർച്ച നൽകുന്ന പ്രതീക്ഷകൾക്കൊപ്പം ഉണരുന്ന ആശങ്കയും അതാണ്.അരങ്ങിന്റെ ആകമാനീയതയിൽ നിന്നടർന്ന് സ്വച്ഛഗതിയായി വിഹരിക്കുന്ന കഥകളിസംഗീതം മറ്റെന്തോ ആയിത്തീരുന്നു,അതു കഥകളിയിൽ നിന്നു വേർപെടുന്നു.എന്നാൽ പ്രയുക്തതയിൽ നിന്നടരുന്ന കഥകളിസംഗീതത്തിന് മുഖം നഷ്ടമാവുകയല്ലാതെ,ഒന്നും ലഭിക്കുന്നുമില്ല.സോപാനസംഗീതത്തിന്റെ ചാരുത മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വം ഗായകരിൽ ശേഷിക്കുന്ന പുരാവസ്തുവായി.
പാട്ടുകേൾക്കാൻ വേണ്ടി കഥകളിക്കുവരുന്നവരുണ്ടായതോടെ,പാടാൻ വകയുള്ള കഥകൾ വെക്കുന്ന പ്രവണത സംഘാടകരിലും പടർന്നു.പിന്നെപ്പിന്നെ,പാട്ടുകാരനു വിസ്തരിക്കാൻ സാധ്യതയുള്ള ഭാഗം വേഷകാരൻ വിസ്തരിച്ച് ചെയ്യലിൽ വരെയെത്തി.ഇങ്ങനെ പരസ്പരമുള്ള ഇഴപ്പൊരുത്തം നഷ്ടപ്പെട്ട്,ആനുപാതികമല്ലാത്ത ഘടകകലകളുടെ അവയവഭാരവും പേറി കഥകളി യാത്രതുടരുന്നു.സമഗ്രതലത്തിലുള്ള ഉദ്ഗ്രഥനസാധ്യതകൾ ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു.
പ്രസ്ഥാനങ്ങൾ അസ്തമിച്ചെന്നേയുള്ളൂ. പുതിയ പാട്ടുകാരിൽ മികച്ച നിരവധി ശബ്ദങ്ങളുണ്ട്.പക്ഷേ,രാഗമാറ്റത്തിന്റെ കസർത്തുകൾക്കും ലളിതസംഗീതത്തിന്റെ ഉപരിതലത്തിനും മുകളിൽ പുതിയ അന്വേഷണവഴികൾ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു.കോട്ടക്കൽ മധുവും,പത്തിയൂർ ശങ്കരൻ കുട്ടിയും,കലാമണ്ഡലം ബാബു നമ്പൂതിരിയും,കലാനിലയം രാജീവും,കലാമണ്ഡലം വിനോദും,ജയപ്രകാശും,ഹരീഷും,നെടുമ്പള്ളി രാം മോഹനും,വേങ്ങേരി നാരായണനുമെല്ലാമടങ്ങുന്ന ആ തലമുറയാണ് ഇനി തങ്ങൾക്കെന്തുചെയ്യാനാവുമെന്ന് തെളിയിക്കേണ്ടത്.

24 comments:

വികടശിരോമണി said...

കഥകളിസംഗീതത്തെപ്പറ്റി ഒരു പ്രശ്നവിചാരം...

കിഷോര്‍:Kishor said...

ഠേ....

സംഗീതെത്തെക്കുറിച്ചുള്ള ഈ പോസ്റ്റിൽ എന്റേതു തന്നെയാകട്ടെ ആദ്യത്തെ തേങ്ങ!

“കേരളീയർ പൊതുവേ ‘നാദ’ത്തേക്കാൾ ‘ഒച്ച’ക്ക് പ്രാധാ‍ന്യം കൊടുത്തവരാണ്“ എന്ന പൂർവ്വകാല നിരീക്ഷണം ശ്രദ്ധവത്താണ്. ഇന്നത്തെ കേരളത്തിൽ നാദ-സംഗീതത്തിനു ഇത്രമാത്രം ജനകീയത കൈവന്നതിന് മൂലകാരണം സ്വാതിതിരുനാൾ നടത്തിയ സാംസ്കാരിക വിപ്ലവം തന്നെ. ആധുനിക കാലത്ത് യേശുദാസും ഈ ജനകീയവൽക്കരണത്തിൽ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

'Totality' എന്ന അർത്ഥതിൽ ‘ആകമാനീയത’ എന്ന പ്രയോഗം നോന് ‘ക്ഷ’ പിടിച്ചു! ആദ്യമായിട്ടാണ് ഈ വാക്ക് കാണുന്നത്.

അനില്‍@ബ്ലോഗ് said...

വികടശൊരോമണി,

വിവരങ്ങള്‍ക്കു നന്ദി.
ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വഴികാട്ടിയാവുന്ന കുറിപ്പ് (സോഫ്റ്റ് കോപ്പി എന്ന നിലയില്‍ പ്രത്യേകിച്ചും.)

കഥകളി സംഗീതത്തിനു സ്വന്തം നിലക്ക് എക്സിസ്റ്റന്‍സ് ഉണ്ട് എന്നു ഞാന്‍ കരുതുന്നുവെന്നു മുന്‍പ് പറഞ്ഞിട്ടുണ്ടല്ലോ, ഒരു സാധാരണക്കാരന്റെ നിരീക്ഷണം എന്ന നിലയില്‍.

കൂടാതെ സംഗീതത്തിന്റെ പിന്‍ബലമില്ലാതെ കഥകളി ആസ്വദിക്കാനാവുന്ന തലമുറ മാറിവരികയാണെന്ന തോന്നലും.

Prayan said...

'ജ്ഞാനം കസർത്തുകൾക്കുപയോഗിക്കാതെ,കളിയരങ്ങ് ആവശ്യപ്പെടുന്ന ഭാവതലത്തെ ഉന്മിഷിത്താക്കുന്ന നമ്പീശന്റെ കാൽ‌പ്പാടുകൾ കഥകളിസംഗീതമുള്ള കാലത്തോളം മാഞ്ഞുപോവില്ല.'
......സത്യം......

P.R said...

ആ അവസാന ഭാഗം ഇല്ലായിരുന്നെങ്കില്‍ ഇതു മുഴുവനാവുമായിരുന്നില്ലാന്ന് തോന്നി, വായിച്ചു കഴിഞ്ഞപ്പോള്‍.

വരവൂരാൻ said...

പുതിയ പാട്ടുകാരിൽ മികച്ച നിരവധി ശബ്ദങ്ങളുണ്ട്.പക്ഷേ,രാഗമാറ്റത്തിന്റെ കസർത്തുകൾക്കും ലളിതസംഗീതത്തിന്റെ ഉപരിതലത്തിനും മുകളിൽ പുതിയ അന്വേഷണവഴികൾ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു.കോട്ടക്കൽ മധുവും,പത്തിയൂർ ശങ്കരൻ കുട്ടിയും,കലാമണ്ഡലം ബാബു നമ്പൂതിരിയും,കലാനിലയം രാജീവും,കലാമണ്ഡലം വിനോദും,ജയപ്രകാശും,ഹരീഷും,നെടുമ്പള്ളി രാം മോഹനും,വേങ്ങേരി നാരായണനുമെല്ലാമടങ്ങുന്ന ആ തലമുറയാണ് ഇനി തങ്ങൾക്കെന്തുചെയ്യാനാവുമെന്ന് തെളിയിക്കേണ്ടത്.

ഇവർ വളർന്നു വരട്ടെ, പ്രാർത്ഥനകളോടെ, ആശംസകൾ ഈ അറിവുകൾക്ക്‌

Anonymous said...

വികടാ, ഈ പോസ്റ്റ് ചീറ്റുമോ? വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള താങ്കളുടെ കഴിവ് കഥകളിയെസംബന്ധിച്ചിടത്തോളം നല്ലതു തന്നെ. പക്ഷെ..
ഈ പോസ്റ്റില്‍ ചിലതു കൂടെ ഉള്‍പ്പെടുത്തണമായിരുന്നു. സോപാനസംഗീതം എന്നുപറഞ്ഞാല്‍ എന്താ? കര്‍ണ്ണാടക സംഗീതവും സോപാനവും തമ്മിലുള്ള വ്യത്യാസം. കേരളീയ സംഗീതം എന്നൊന്നുണ്ടോ? എന്നിത്യാദി “ചാടുവചനങ്ങള്‍“ കുറഞ്ഞതിനാല്‍ ഹിറ്റ് കമ്മിയാകാന്‍ സാധ്യതയുണ്ട്‌. തീവ്രത വേണം, ‘എരി.. പൊരി...‘ ഇത്യാദി കേരളീയസ്വാദുകളും.

സുഹൃത്തേ താങ്കള്‍ക്കു നമസ്കാരം, ഇതൊന്നും കുറവല്ല. താങ്കള്‍ കഥകളിക്കു ചെയ്യുന്ന ഉപകാരങ്ങളായേ ഞാനിതിനെയൊക്കെ കാണുന്നുള്ളൂ. ഒരു കഥകളി ബ്ലോഗ് എത്ര നേടും എന്നതിന് ഹരീയോടും മണിയോടും ചോദിച്ചുനോക്കൂ. അതിനൊരപവാദമായി താങ്കളുടെ ബ്ലോഗ്. അതിന് കാരണം താങ്കളുടെ ഭാഷയും വിഷയം തിരഞ്ഞെടുക്കാനുള്ള കഴിവും.
എതിരനു് ഇത് മുന്‍പേ ചെയ്യാമായിരുന്നു, പക്ഷെ അദ്ദേഹം പലതിലും മുഴൂകിയിരിക്കുന്ന വ്യക്തിത്വമായി.

ഒരു കഥകളി ആസ്വാദകന്‍ എന്നനിലയില്‍ താങ്കള്‍ ചെയ്യുന്നതിനെ ഞാന്‍ അനുമോദിക്കുന്നു. കീപ് ഇറ്റ് അപ്പ്. എന്നേ പറയാനുള്ളൂ..

(കുറുപ്പിന്റെ ഉത്തരാസ്വയംവരം കേട്ടുകൊണ്ട് ഇതെഴുതുന്നു ഞാന്‍...)

ഭൂമിപുത്രി said...

വികടാ,എല്ലാമെനിയ്ക്ക് പുതിയ അറിവുകളാൺ.
കുറേയെങ്കിലുമൊക്കെ ഓർമ്മയിൽ ബാക്കി നിൽക്കുമെന്ന് കരുതുന്നു

കപ്ലിങ്ങാട്‌ said...

എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്‌..
വികടൻ, ലേഖനം നന്നായി. കഥകളി സംഗീതം എനിക്കിഷ്ടപ്പെട്ട ഒരു വിഷയമാണ്‌, മലയാളം ബ്ലോഗ്‌ എഴുതി ശീലമായാൽ ചിലതൊക്കെ എഴുതാം.

Anonymous said...

PD is not in the list?
ഏഷ്യാെനറ്റ് അവതരിപ്പിച്ച പൂതനാേമാക്ഷവും, രാവേണാൽഭവവും
വിജയിച്ചത് PD നംപൂതിരി നൽകിയ ഭാവസംഗീതത്തിലൂെട അേല്ല?

എതിരന്‍ കതിരവന്‍ said...

വിkaശിരോമണിയുടെ ആശങ്കൾ അസ്ഥാനത്തല്ല.

1. ലോകത്ത് ഒരു രംഗകലയ്ക്കും അതിന്റേതായ സംഗീതശൈലിയും വ്യവസ്ഥയും കഥകളി സംഗീതം പോലെ ഉരുത്തിരിഞ്ഞുവന്നിട്ടില്ല.പാത്രാവിഷ്കരണവും കഥാഗതി നിയന്ത്രണവും സംഗീതത്തിൽ സന്നിവേശിപ്പിച്ചെടുക്കുക എന്ന ദുഷ്കരമായ ഉത്തരവാദിത്തവും കഥകളി സംഗീതത്തിനുണ്ട്. പദനിഷ്പത്തിയിൽ സംഗീതം ചാലിച്ചെടുക്കുകയോ അതിൽ ദൃഢമായി അന്തർലീനമാക്കുകയോ ചെയ്താണ് ആട്ടക്കഥാകാരൻമാർ ഇതു സാധിച്ചെടുത്തത്. ഈ സാദ്ധ്യതകൾ വിപുലീകരിച്ചെടുക്കുന്ന പ്രക്രിയ അനുസ്യൂതമാണ്. അതിൽ വെങ്കിടകൃഷ്ണ ഭാഗവതരും നമ്പീശനുമൊക്കെ സ്വന്തം നിയോഗ കൃത്യങ്ങൾ നിർവഹിക്കുകയാണ് ഉണ്ടായത്. ഇതിനു ഒരു അന്ത്യവിരാമബിന്ദു കുറ്റിയടിച്ചുനാട്ടാൻ പറ്റുകയില്ല തന്നെ.
2. കഥകളിസംഗീതത്തിൽ വന്ന പുതുമാറ്റങ്ങൾ പലതും ഇക്കാരണം കൊണ്ട് സ്വീകാര്യമായി. ഹിന്ദുസ്ഥാനി രാഗങ്ങൾ വന്നണഞ്ഞതും ചടുലസമ്ഭാഷണങ്ങൾ രാഗമാലികയാക്കിയതും നമ്മൾ അറിയാതെ അറിഞ്ഞ് സഹർഷം ആസ്വദിക്കപ്പെട്ടതുമാണ്.
3. ആന്തരികമായസംഗീതനിബദ്ധത പദങ്ങൾക്ക് നൽകിയ സ്വാതന്ത്ര്യമാണ് കച്ചേരി പോലെ പദങ്ങൾ ആസ്വദിക്കപ്പെടാൻ കാരണമായത്. കഥകളിപ്പാട്ടുകാർക്കും അല്ലാത്തപാട്ടുകാർക്കും ഈ സംഗീതക്കുളിർ അണിഞ്ഞ പദവാക്യസമുച്ചയങ്ങങ്ങളും സ്വതസ്സിദ്ധമായ ഗാനശൈലികളും പാട്ടിന്റെ പരീക്ഷണവഴികൾ തുറന്നു. തീർച്ചയായും ഭ്രമാത്മകമാണ് കഥകളിപ്പദങ്ങളുടെ സംഗീതസാദ്ധ്യതകൾ.കിർമ്മീരവധത്തിലെ “മാധവ മുരഹര ....”ശ്രീവത്സൻ മേനോന്റെ ആവിഷ്കാരത്തിൽ തനതുചാരുത കൈവരിച്ചത് നമുക്കറിയാം. രംഗകലയിൽ നിന്നും വേർപെട്ട് തിരുവാതിരപ്പാട്ടായപ്പോൾ പദങ്ങൾക്കു കൈവന്ന വ്യത്യസ്തചാരുത നാം കേട്ടനുഭവിച്ചിട്ടുമുണ്ട്. മറ്റൊരു നൃത്തരൂപത്തിനും എളുപ്പം ഇണക്കം വന്നിരിക്കുന്നു ഈ പദങ്ങൾക്ക്.ഇപ്രകാരം വേറിട്ടുപോയ സംഗീതം തിരിച്ച് കളിക്കാർക്കു പിന്നിലെത്തുമ്പോൾ പറത്തിവിട്ട പക്ഷി തിരിച്ചെത്തുമ്പോൾ കൂട്ടിൽ കയറാൻ പറ്റാത്തവിധം രൂപമാറ്റം സംഭവിച്ചപോലെയാകുകയാണ്. കഥകളിപ്പാട്ടുകാരന്റെ ധർമ്മ-കർമ്മനിഷ്ഠകൾക്കു മാത്രമേ ഈ കിളിയെ മെരുക്കി നിറുത്താൻ സാധ്യമാവൂ.ദിശാമാറ്റത്തിന്റെ വേദന-യാതന കഷ്ടപ്പാടുകൾ തലയിൽ ഭാരമേറ്റുമ്പോൾ നട്ടെല്ലു വളയാതെ നോക്കേണ്ടത്ത് പാട്ടുകാരന്റെ ഉത്തരവാദിത്തം തന്നെ.

4. പാത്രാവിഷ്കാരത്തിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങൾ കഥകളിസംഗീതത്തേയും അനുസാരിയായി രൂപഭാവഭേദങ്ങൾക്ക് പ്രേരണാഭൂതമാക്കിയേക്കാം. ആട്ടക്കഥാകാരൻമാർ ജീനിയസുകളായിരുന്നതുകൊണ്ട് ഇതൊന്നും വെല്ലുവിളിയോ ദുർഘടവഴിമുടക്കോ ആകുകയില്ല. അത്രമാത്രം സംഭാവ്യതകൾ വാരിക്കോരിയിട്ടാൺ പല പദങ്ങളും രചിക്കപ്പെട്ട് ഭാവിയിലേക്ക് എറിഞ്ഞുവിട്ടിട്ടുള്ളത്. നളചരിതത്തിലെ കാട്ടാളൻ ഇനിയൊരിക്കൽ സ്വൽ‌പ്പം വ്യത്യ്സ്തനായി വന്നെങ്കിൽ “തിങ്ങിയിണങ്ങിയഭംഗുരഭംഗി വിളങ്ങീ, പുകൾ പൊങ്ങീ, അതുമങ്ങീ,ഗുണമംഗീകരിയാതെ......”പാടിയെടുക്കുന്ന രീതി മാറിയെന്നിരിക്കും. “തിരഞ്ഞു മുരരിപു പുരത്തിലും ചിരം ജലനിധികൾ തടത്തിലും.....” നുള്ള സംഗീത-രംഗസമർപ്പണസാദ്ധ്യതകൾ ഏറെ ഉപയോഗപ്പെട്ടേയ്ക്കും.

കപ്ലിങ്ങാട്‌ said...

ഉണ്ണികൃഷ്ണക്കുറുപ്പ്‌ എനിക്ക്‌ സംഗീതത്തിൽ ഈശ്വരനെപ്പോലെയാണ്‌. ഇത്രയധികം എന്റെ മനസ്സിനെ അവാച്യതലതിലേക്കുയർത്തിയ മറ്റൊരു ഗായകനില്ല. കർണ്ണാടക സംഗീതത്തിൽ മദുരൈ മണി അയ്യർ, ശെമ്മാങ്ങുടി, ചെമ്പൈ, അരിയകുടി തുടങ്ങിയവർ, ഹിന്ദി സിനിമ സംഗീതത്തിൽ സൈഗൾ, റാഫി, മലയാളം സംഗീതത്തിൽ എം.എസ്‌. ബാബുരാജ്‌ എന്നിവർ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും കുറുപ്പിനെപ്പോലെ അവരാരും മനസ്സിനെ മഥിച്ചിട്ടില്ല !

ഇങ്ങനെയൊക്കെയാണെങ്കിലും കുറുപ്പിന്‌ "എക്കാലത്തേയും മികച്ച കഥകളി ഗായകൻ" എന്നുപോലെയുള്ള വിശേഷണങ്ങൾ കൊടുക്കാൻ എനിക്കു മടിയാണ്‌. ഒരിക്കൽ ഞാൻ എന്റെ അച്ഛനോട്‌ കുറുപ്പ്‌ സ്വന്തം ഗുരുവായ നമ്പീശനേക്കാൾ കേമനാണെന്ന്‌ പറഞ്ഞു. അപ്പോൾ അച്ഛന്റെ മറുപടി "അതു നമ്പീശന്റെ പാട്ടു ശരിക്ക്‌ കേൾക്കാത്തത്‌ കൊണ്ടാണ്‌" എന്നായിരുന്നു. എന്റെ അമ്മയുടെ അച്ഛനും (മുത്തച്ഛൻ) കളിയിൽ വളരെ ഭ്രമമുള്ള ആളായിരുന്നു. അദ്ദേഹത്തിനോടു ഞാൻ കുറുപ്പിന്റെ പാട്ടിനെപ്പറ്റി പുകഴ്ത്തുമ്പോഴൊക്കെ അദ്ദേഹം പറയും "ആങ്ങ്‌ തരക്ക്ടില്ല്യ. എന്റെ ചെവിയിൽ ഇപ്പഴും ഭാഗവതരുടെ ശബ്ദമാണ്‌".

ആസ്വാദനത്തിന്റെ ദൃഷ്ടികോണുകൾക്ക്‌ ഒരു തലമുറയിൽ നിന്ന്‌ അടുത്ത തലമുറയിലേക്കു മാറുമ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ശ്രദ്ധേയമാണ്‌.

എന്തായാലും ഭാഗവതരുടേയും എന്തിന്‌ നമ്പീശന്റെ പോലും നല്ല റിക്കാർടുകൾ ആസ്വാദകർ സൂക്ഷിക്കാഞ്ഞതു വളരെ സങ്കടകരമായ ഒരു കാര്യമാണ്‌ - കഥകളിയുടെ രക്ഷാധികാരികൾ ധനാഢ്യർ ആയിരുന്നു, അവർക്കത്‌ നിഷ്പ്രയാസം സാധിക്കുമായിരുന്നു.

Anonymous said...

െതക്കു വടക്കു എന്ന ദൂഷ്യ ചിന്താഗതി േപാെല തെന്ന ഉണ്ണികൃഷ്ണക്കുറുപ്പ്, നമ്പീശ൯ ഇവെര ഒരു
ത്റാസിൽ തൂക്കി േനാക്കുന്ന സംഗീതജ്ഞാനികെളയും
നാം കണ്ടറിയണം. കുറുപ്പിന് എല്ലാ അരങ്ങുകളും വിജയിപ്പിക്കാ൯ സാധിച്ചിരുന്നില്ല. നമ്പീശ൯ നല്ല
കണക്ക൯. അതിനാൽ കണക്കു കൂട്ടി പാടി എല്ലാ അരങ്ങുകളും വിജയിപ്പിച്ചിരുന്നു.

Anonymous said...

കുറുപ്പിന് ഉറപ്പു കുറവായിരുന്നു. ചിലേപ്പാൾ നന്നാവും ചിലേപ്പാൾ
നശിപ്പിക്കും.

വികടശിരോമണി said...

chila thirakkukalilaanu kuuttukaaree...vyekaathe matangivarum.

കപ്ലിങ്ങാട്‌ said...

കുഞ്ചുക്കർത്താവ്‌, ഗുരു കുഞ്ചുക്കുറുപ്പ്‌, കലാമണ്ഡലം കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണക്കുറുപ്പ്‌ തുടങ്ങിയവരെ കഥകളിലോകത്തെ ജീനിയസ്സുകളെന്ന്‌ വിശേഷിപ്പിക്കാം. അപാരമായ ജന്മവാസനാബലം കൊണ്ട്‌ അവർക്ക്‌ അവരുടെ കാലത്തെ ആസ്വാദകരെ കലയുടെ നിസ്സീമമായ പാരമ്യത്തിലേക്ക്‌ - ചിലപ്പോൾ ക്ഷണികനേരത്തേക്ക്‌ മാത്രം - കൂട്ടിക്കൊണ്ടുപോകാൻ സാധിച്ചിരുന്നു. എന്നാൽ അവരുടെ കാലശേഷം അവർ സൃഷ്ടിച്ച ജഠരാഗ്നി ഒട്ടൊക്കെ കെട്ടടങ്ങി. അനനുകരണീയരായ അവർക്ക്‌ പിന്തുടർച്ചക്കാരധികം ഉണ്ടായതുമില്ല.

കഥകളിക്ക്‌ ദൂരവ്യാപകമായ സംഭാവനകൾ നൽകിയത്‌ ഈ ജീനിയസ്സുകളേക്കാൾ പ്രസ്ഥാനസൃഷ്ടാക്കളായ കാവലം കൊച്ചു നാരായണ പണിക്കർ, പട്ടിക്കാംതൊടി, ചെങ്ങന്നൂർ, നമ്പീശൻ തുടങ്ങിയവർ തന്നെയാണ്‌. വി.ശി. പറഞ്ഞതു പോലെ ഇവർ ഒരു വടവൃക്ഷം പോലെ അവരുടെ കലാമേഖലയെ ഭക്തിപൂർവ്വം സംരക്ഷിച്ചു. വാസന കൊണ്ടും, അതിലുള്ള പോരായ്മകൾ അഭ്യാസം കൊണ്ടും നികത്തി, പൂർവ്വികരുടെ പാത കൂടുതൽ ശക്തിമത്താക്കി, വിപുലമായ ശിഷ്യവൃന്ദം കൊണ്ട്‌ അവരുടെ വഴിക്ക്‌ സംഘടിത ബലം നൽകി.

നമ്പീശനേയും കുറുപ്പിനേയും ഓർത്തപ്പോൾ ഇത്രയും എഴുതാൻ തോന്നിയെന്ന്‌ മാത്രം.

കഥകളി സംഗീതത്തെ ജനകീയമാക്കുന്നതിൽ എമ്പ്രാന്തിരി-ഹരിദാസ്‌ സഖ്യത്തിന്റെ പങ്കു വലുതാണ്‌. ചെറുപ്പകാലത്തെ ഈ സഖ്യത്തിന്റെ അത്യുത്സാഹത്തോടെയുള്ള പാട്ടിന്‌ പിൽക്കാലത്തുണ്ടായിരുന്നത്ര ലാളിത്യമില്ലായിരുന്നു. (അവരുടെ ആ കാലത്തെ പാട്ടാണ്‌ ഈയുള്ളവനേയും കഥകളി ലോകത്തേയ്ക്ക്‌ ആദ്യമായി ആകർഷിച്ചത്‌ എന്ന്‌ കൂട്ടത്തിൽ പറയട്ടെ.)

ഹരിദാസിന്റെ പൊന്നാനിയായുള്ള പാട്ട്‌ അധികം കേൾക്കാഞ്ഞതു കൊണ്ടാകാം, കുറുപ്പിനോടുള്ള സാദൃശ്യം അധികം അനുഭവപ്പെട്ടിട്ടില്ല. എമ്പ്രാന്തിരിയുടെ വഴി പിന്തുടർന്നയാൾ എന്നേ എന്റെ പരിമിതമായ പരിചയത്തിൽ തോന്നിയിട്ടുള്ളു.

എന്തായാലും, കഥകളി നിലനിൽക്കണമെങ്കിൽ, അതിന്‌ "നിർണ്ണായക ബാഹുല്യ"മുള്ള (critical mass) ആസ്വാദകരെ നിലനിർത്തേണ്ടതുണ്ട്‌. അതിന്‌, കഥകളി സംഗീതത്തിന്‌ ഒരു വലിയ പങ്ക്‌ വഹിക്കാനുണ്ടെന്നതിൽ സംശയമില്ല.

Haree | ഹരീ said...

എമ്പ്രാന്തിരിയുടെ ‘അജിതാഹരേ...’യും, ‘പുഷ്കരവിലോചനാ...’യും കേള്‍ക്കുവാനല്ലേ പ്രേക്ഷകര്‍ കൊതിച്ചിരുന്നത്? ഹൈദരാലിയുടെ ‘കിം കിം അഹോസഖി...’യിലല്ലേ പ്രേക്ഷകര്‍ക്ക് താത്പര്യം കൂടുതല്‍?

പി.ഡി. നമ്പൂതിരിയുടെ അഭാവം ഞാനും ശ്രദ്ധിച്ചിരുന്നു. പക്ഷെ, സംഗീതത്തിലുപരി മറ്റുപലതിലുമാണ് അദ്ദേഹത്തിനു ശ്രദ്ധ. :-) ഒരു കാര്യവുമില്ലാത്ത സംഗീതത്തിന്റെ സഞ്ചാരവഴികളിലൂടെ, രംഗമോര്‍ക്കാതെ അങ്ങു പോയിക്കളയും!

ഹരിദാസ് എമ്പ്രാന്തിരിയുടെ വഴി പിന്തുടര്‍ന്നെന്നോ! അങ്ങിനെയെനിക്ക് തോന്നിയിട്ടില്ല. ശബ്ദവ്യതിയാനങ്ങളിലൂടെ ഭാവതീവ്രത നല്‍കിയിരുന്ന ആളായിരുന്നു ഹരിദാസ്; എമ്പ്രാന്തരിയുടേത് ഘനഗംഭീരമായ ശബ്ദമല്ലായിരുന്നുവോ? ശബ്ദവ്യതിയാനങ്ങള്‍ കാര്യമായി എമ്പ്രാന്തരിസംഗീതത്തില്‍ ഉണ്ടായിരുന്നില്ല; ഇത് എന്റെ പരിചയത്തില്‍ നിന്നും.
--

വികടശിരോമണി said...

ഒരു ചെറിയ അജ്ഞാതവാസത്തിലായിരുന്നു.വന്നവർക്കും അഭിപ്രായമറിയിച്ചവർക്കും നന്ദി.
കപ്ലിങ്ങാടിന് ഭാവുകങ്ങൾ...സ്വാഗതം.മലയാളം നന്നായി ടൈപ്പ് ചെയ്യാനായല്ലോ...ഇനി എഴുതൂ...കാത്തിരിക്കുന്നു.
പി.ഡി.യെ മറന്നു പോയതാണ്.ക്ഷമാപണം.കൃത്യമായി ലിസ്റ്റ് ചെയ്യാനുദ്ദേശിച്ചിരുന്നില്ല.അങ്ങനെയെങ്കിൽ വേറെയും പേരുകളുണ്ടല്ലോ.
കുറുപ്പിന് ഉറപ്പുകുറവ്,സമ്മതം.പക്ഷേ,നന്നാവുന്ന ചില ദിവസങ്ങളുണ്ടല്ലോ,ആ ഗാനധാരക്കു തുല്യമായൊന്നും കഥകളിസംഗീതം കണ്ടിട്ടില്ലെന്നാണ് എന്റെ അഭിപ്രായം.
കതിരവൻ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളുണ്ട്,അവയുടെ തീരുമാനങ്ങൾ കഥകളിയുടെ സമഗ്രചേതസ്സിനെക്കുറിക്കുന്നതാണല്ലോ.
ഹരീ പറഞ്ഞപദങ്ങളും കേൾക്കാനാളുകൾ വന്നിരുന്നു.നിഷേധിക്കുന്നില്ല.
ആദ്യ അനോനിയോട്,
ഈ പോസ്റ്റ് ചീറ്റുക എന്നാൽ എന്താണുദ്ദേശിച്ചതെന്ന് എനിക്കു വ്യക്തമായില്ല.ഹിറ്റു കൂടുന്നത് നല്ല കാര്യമല്ലേ?കഥകളിയെപ്പറ്റി ഏതുതലത്തിലായാലും,സംവാദങ്ങൾ രൂപം കൊള്ളണമെന്നാണ് എന്റെ ആഗ്രഹം.എനിക്കെന്റെ ഭാഷയിലേ സംവദിക്കാനാവൂ,എവിടെയായാലും.തുടർന്നുള്ള അഭിനന്ദനങ്ങൾക്കു നന്ദി.അപ്പോഴും ആദ്യത്തെ ചീറ്റൽ എനിക്കു മനസ്സിലാകുന്നുമില്ല.
നന്ദി.

Ra said...

Thanks for the write up on kathakali music. I would like to comment on some points.
1. There's not much in comparing kathakali music and sopana. In sopana sangeethan, Bhakti is the unique essense/rasa. As we all are aware, thats not the case of kathakali sangeetham. However, there's a variety of ragas used in Sopanam according to the pooja schedule.
2. The true bridge between Nambeesan and the later generation is Kalamandalam Gangadharan(Historically, Kurupp is an exception). His thorough knowledge on chitta and the raga sampradaya along with his unimitable profoundness in chant have challenged musicions of any discipline all over India (Semmangudi was delighted listening to Gangadharan's Dwijawanthi during his visit to Kalamandalam).
3. After leaning under Gangadharan and being the best support singer for many a musicions, Haridas acheived an emotional impeccability on the kathakali stage. As he once mentioned in an interview, its not important the choice of the raga if you are capable of conveying the bhava. Still to these days, I wonder if I could point on someone else other than him as an example.
(wish I could write in Malayalam)

എതിരന്‍ കതിരവന്‍ said...

ഇതു ചീറ്റിപ്പോയോ? ഇല്ലേ? സമയസന്ധികളെക്കുറിച്ചും കാ‍ാലികപ്രശ്നങ്ങളെക്കുറിച്ചും ആരും കമന്റുചെയ്തു കണ്ടില്ല. പാട്ടുകാരെക്കുറിച്ചുള്ള താരതമ്യം മാത്രമായി ചുരുങ്ങിയില്ലെ ചർച്ച?

Anonymous said...

The present conflict of Kathakali Music is not that difficult to point out. After the sudden disappearance of experienced Hyderali and Haridas (later Embranthiri), the ponnani singers of these days show less understanding of their duty on the stage. Charecter understanding is rarely found when singers like Kottakkal Madhu handle the changila.
(Madambi and Subrahmanian are not that requested widely by audience is other reason).

Sureshkumar Punjhayil said...

Valare Upakaarapradam... Thanks & Best wuishes...!

വികടശിരോമണി said...

പുതിയ പോസ്റ്റിലേക്ക് സ്വാഗതം:
http://chengila.blogspot.com/2009/01/2008.html

anand mothalakottam said...

Hi everyone....ii20 yerars old and had been less fortunate to see live kathakalis of 20th century...njan valare vaykiyanu kathakali kandu thudangiyadum....but ente manasil ulla chila karyamgal njan panku vaykam...
Njan oru 6 kollam munpe vare western musics matramaswadichirunna oralanu..
Orikal illathu vechanu ente cheriyachan ammaku kurup ashante padamgal kelpikukayiruunu...ann aanu adyamayi kathakali padam kelkunad...its was ajitha hare ..kurup ashan - palanad ashan combo..
Ade aadyam ketu istapettu...( ann kathayo aaraa paatenno ragamo onnum arivundyirunilla)....pinne add thanne edakoke ketu...pinne sthiramayi....angane achatelum pinne netilum ulla kathakali padam collections kelkan thudangi....kathakali kanan poyi thudangi ...ippo orupad pokarum unde...but njan adishyikunna karyam western music matram ketukondirunna enik aa sangeetha vaibhavam ketadode ente mannasil endenillatha oru anubhoothi chorinju.....adayirunnu kurup ashante sangeetham...ithra adhikam ente manasine pidichadakiya mattoru gayakan undayitilla....edu pithchilum ( mantrasthayi madhyasthayi tharasthayi) anayasa sancharam...thalathinu kottam thatatha vidhathilulla prayogamgal....hoo ...aa anubhoothi paranje ariyikan sadhyamalla....satyam paranja kurup ashan was unpredictable... Bhairavilum kambojilum mukharilum okke orikalum ketatillatha sancharamgal okke adyehatinte sangeethathil kelkumayirunnu...aa ananda bhiraviyum kanda okke ketaal adil irunnu pokum....true legend....

Pinne embrandiri mashe haridasettan hyder ali mashe ennulavarde sangeetha reethi..adu theerthum vetyastham aanallo...
Embrandiri de sabda madhuryam ...pratekich bhakti ...( ajitha hare) allenki paripahi polulla padamgal....ketu irunnu pokum....
But ente abhiprayathil vethyastata yil adyeham viswasichirunnilla...5 ore padam aayalum ditto ayirikum ellam....ore reetile sangadikal.....
Haridas ettan was an outstanding singer...edu reetilum pattum adyehatinu...add ippo kurup ashate koodeyayalum embrandiri yo hydrali mashinte koode aayalum....really a marvelo....
Hyder ali mash was also a superb singer...jhonpuri hindolam ...angane angane ulla padamgal was at its best with hyder ali mashe....
Gangadharashan is also one of the best i have heard....sangathikalke oru koravum illa adyehatinte kayil...etrayo asadhya sangathikal ketirikunnu ashante....
Ippo ullavarum like kottakal madhu etn ,babu namboori , kalan. rajeev ettan...kottakal narayanettan ...are also good...have seen many superb perfomances of them..

But ..endokeyayalum kurup ashante sangeetham...athoru veritta anubhavam aanu...aa maharathante neritulla kalikal kanan bhagyam undayilla enna veshamathode..