Monday, November 17, 2008

ഒരു നൂറരങ്ങ്-ധ്വനി നഷ്ട വിചാരങ്ങളും-ഭാഗം- 2


എതിരൻ കതിരവൻ കഴിഞ്ഞ പോസ്റ്റിലിട്ട ഒരു കമന്റിലെ ആശയത്തിൽ നിന്നാവട്ടെ,ഈ രണ്ടാം ഭാഗത്തിന്റെ തുടക്കം. “ഇല്ലത്തുനിന്നറങ്ങുകയും ചെയ്തു,അമ്മാത്തൊട്ടെത്തിയതുമില്ല”എന്ന മട്ടിലാണ് കഥകളിയുടെ ആവിഷ്കാര പ്രകാരം നിലകൊള്ളുന്നത് എന്ന കാഴ്ച്ച ചിന്തിപ്പിക്കുന്നതാണ്.ഒരാളും നളനെന്തുസംഭവിച്ചു,ദുര്യോധനനെന്തുസംഭവിച്ചു എന്നറിയാനായി കഥകളി കാണാറില്ലല്ലോ.അഥവാ പരിണാമഗുപ്തി(climax) എന്ന ഒന്ന് കഥകളിയിലിന്നില്ല.അവസാനം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കണ്ടുകൊണ്ടിരിക്കുന്നവർക്കറിയാം.കഥയുടെ അനുക്രമവികാസത്തിൽ മിക്ക കഥകളുടെയും അവതരണശിൽ‌പ്പം അത്രക്ക് ശ്രദ്ധിക്കുന്നുമില്ല.അതിനാൽത്തന്നെ കഥാപാത്രമായി മാറുകയല്ല,കഥാപാത്രമായി അഭിനയിക്കുക തന്നെയാണ് നാട്യധർമ്മിയായ കലാപദ്ധതി നിഷ്കർഷിക്കുന്നതെന്ന് വ്യക്തം.എന്നാൽ പൂർണ്ണമായി കഥാമുക്തമല്ല കളിയരങ്ങിന്റെ അന്തരീക്ഷം.ഏതു കഥയുടെയും തീയറ്റർ സാധ്യതയുള്ള മർമ്മങ്ങൾ തിരിച്ചറിഞ്ഞ് അവയെ വിസ്തരിക്കുന്ന രംഗസ്വരൂപത്തിൽത്തന്നെ,കഥകളി കഥയുമായി ചേർന്നുനിൽക്കുന്നു.ഭരതനാട്യം പോലും,കഥാപരിണാമത്തിന്റെ ആവിഷ്കണത്തെ സ്വാംശീകരിച്ചത് കഥകളിയിൽ നിന്നാണ്.കതിരവൻ പറഞ്ഞപോലെ,ഇല്ലത്തുനിന്നിറങ്ങി,അമ്മാത്തെത്താത്ത സ്ഥിതി!
ഇതൊരു ഞാണിന്മേൽ കളിയാണ്.അങ്ങോട്ടോ ഇങ്ങോട്ടോ ചാഞ്ഞാൽ അരങ്ങിന്റെ ധ്വന്യത്മക അന്തരീക്ഷം പൊട്ടിത്തകരും.ഈ പ്രശ്നത്തെ സമർത്ഥമായി മറികടക്കാനുള്ള ഉപാധികൂടിയായിരുന്നു സുനിയതമാ‍യ കളരിപാഠം. കഥാഗതിയുടെ ക്രമികമായ ഗതിയെ പൂർണ്ണമായി നിഷേധിക്കുന്ന ഒരു ആ‍സ്വാദനത്തിലേക്ക് കഥകളിയുടെ വ്യാകരണസൌന്ദര്യം ഒരു കാലത്ത് കാണികളെ എത്തിച്ചിരുന്നു.ഒരുതരം ലാവണ്യൈകവാദം.കഥകളിയെ മുഴുവൻ കാണാതെ,സങ്കേതഭദ്രമായ രംഗങ്ങൾ മാത്രം കണ്ട് എഴുന്നേറ്റു നടക്കുന്ന ‘കഥകളി പണ്ഡിതർ’ഉണ്ടായത് അങ്ങനെയാണ്.രൂപശിൽ‌പ്പം അർത്ഥദ്യോതനത്തിനായാണ്,അർത്ഥദ്യോതനം രൂപശിൽ‌പ്പത്തിനായല്ല എന്ന തിരിച്ചറിവില്ലാത്ത ആ ‘പണ്ഡിതർ’വരുത്തിയ വിനകൾ ചെറുതല്ല.കഥകളിയുടെ ആകമാനീയതക്കിണങ്ങാത്ത വിധത്തിൽ കഥകളിസംഗീതത്തെ വേറിട്ടുകണ്ടവരും ധാരാളം.
പ്രയുക്തസംഗീതത്തിന്റെ അനുചിതമാനം
-------------------------------------------------
കഥകളിസംഗീതത്തിന്റെ ഇന്നത്തെ രൂപം,പല പ്രതിഭാശാലികളുടെയും കൈയ്യൊപ്പുപതിഞ്ഞതാണ്.സോപാനമട്ടിൽ,പരിമിതമായ രാഗങ്ങളും ചുരുങ്ങിയ ഭൃഗകളുമായി അരങ്ങിനു പിന്നിൽ നിന്ന കഥകളിസംഗീതത്തെ,കർണ്ണാടകസംഗീതത്തിലെ രാഗങ്ങളും വൈവിധ്യമാർന്ന പ്രയോഗങ്ങളും കൊണ്ട് മാറ്റിപ്പണിതത് വെങ്കിടകൃഷ്ണഭാഗവതരാണ്.പൊന്നാനി-ശിങ്കിടി ഒരു തവണ പാടിത്തീരുമ്പോഴേക്കും മുദ്രപിടിച്ചുതീരുന്ന പഴയ മട്ടിൽ നിന്ന്,ആവശ്യമായിടത്ത് വിസ്തരിക്കുകയും പല സംഗതികൾ ചേരുന്ന ആവർത്തനങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കഥകളിസംഗീതം വളർന്നു.വെങ്കിടകൃഷ്ണഭാഗവതരുടെ ശിഷ്യനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആണ് ഇന്നത്തെ കഥകളിസംഗീതത്തിന്റെ ഘടനയുടെ മുഖ്യശിൽ‌പ്പി.വെങ്കിടകൃഷ്ണഭാഗവതർ പട്ടിക്കാംതൊടിക്കളരിയിലെ പാട്ടുകാരനായിരുന്നു.ഗീതവാദ്യാദികളെ നാട്യപ്രകരണത്തിലേക്കിണക്കുന്ന തൌര്യത്രികഘടനയിൽ ശ്രദ്ധാലുവായിരുന്ന പട്ടിക്കാംതൊടി,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതത്തെ കഥകളിയുടെ സമഗ്രമായ ഉദ്ഗ്രഥനത്തിനുള്ള ആയുധങ്ങളിലൊന്നായി ഉപയോഗപ്പെടുത്തി.
ഭാഗവതർക്കും നമ്പീശനും ശേഷം കഥകളിസംഗീതം അതിവേഗം വളരുക തന്നെയാണുണ്ടായത്.ഉണ്ണികൃഷ്ണക്കുറുപ്പും,ശങ്കരൻ എമ്പ്രാന്തിരിയും,ഹൈദരാലിയും,ഗംഗാധരനും,മാടമ്പിയും അടങ്ങുന്ന കലാമണ്ഡലസംഘം വ്യത്യസ്തമായ വഴികളിലൂടെ കഥകളിസംഗീതത്തെ സമീപിക്കുകയും ഉപാസിക്കുകയും ചെയ്തു.അതോടെ വലിയൊരു ആസ്വാദകസംഘം ‘കഥകളിസംഗീത’ത്തിന് രൂപംകൊള്ളുകയും,പാട്ടുകേൾക്കാനായി കളികാണാൻ വരുന്നവരുടെ എണ്ണം അധികരിക്കുകയും ചെയ്തു.ഇതോടെ,രംഗഭാഷക്കുള്ള പ്രയുക്തസംഗീതമെന്ന നിലവിട്ട്,രംഗാവിഷ്കാരത്തെ തിരുത്തുന്ന ചാലകശക്തിയായിപ്പോലും പലപ്പോഴും സംഗീതം പ്രത്യക്ഷപ്പെട്ടു.കൂടുതൽ വിസ്തരിച്ച് പാടാൻ സാധ്യതയുള്ള സ്ഥലങ്ങൾ രംഗസാധ്യതയില്ലെങ്കിൽ പോലും പലപ്പോഴും ആവർത്തിക്കപ്പെട്ടു.യുക്തമല്ലെങ്കിലും ശ്രവണസുഖത്തിനോ ഗായകന്റെ മേനിക്കോ വേണ്ടി രാഗമാറ്റങ്ങൾ സുലഭമായി.കഥകളിസംഗീതത്തിന് അവശ്യം വേണ്ട വായുവിന്റെ ശക്തി,അക്ഷരസ്ഫുടത,താളബദ്ധത തുടങ്ങിയവക്കുപകരം ലളിതഗാനങ്ങളായി കഥകളിപ്പദങ്ങൾ മാറിത്തുടങ്ങി.ആ പൈങ്കിളിത്തത്തിനു സ്തുതിപാടാൻ കുറേ ആസ്വാദകരുണ്ടാവുകയും ചെയ്തു.കഥകളിപ്പദക്കച്ചേരിയും കാസറ്റു പ്രസ്ഥാനവും അരങ്ങിനേയും ദോഷകരമായി ബാധിച്ചുതുടങ്ങി.പട്ടിക്കാംതൊടിയും വെങ്കിടകൃഷ്ണഭാഗവതരും ചെയ്ത സമ്യക്കായ ഗീതാഭിനയമേളനം വിട്ട് വളർന്ന കഥകളിസംഗീതം,അങ്ങനെ കഥകളിയുടെ തൌര്യത്രികാനുപാതത്തെ തകർത്താണ് മുമ്പോട്ടുപോയത്.
ധ്വന്യാത്മകമായ ആവിഷ്കാരത്തെ നശിപ്പിക്കുന്നതിൽ സംഗീതത്തിന്റെ ഈ അനുചിതമാനം വലിയ പങ്കാണ് വഹിക്കുന്നത്.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി മുതൽ കോട്ടക്കൽ മധു വരെയുള്ളവരിൽ ദൃശ്യമാകുന്ന ഈ അനുചിതമാനം തിരുത്തപ്പെടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ അനിവാര്യമാണ്.
നഷ്ടമാകുന്ന ഘനപ്രയുക്തവാദനം
---------------------------------------------
കഥകളിമേളത്തിന്റെ എക്കാലത്തെയും വലിയ കലാകാരനായ കലാമണ്ഡലം കൃഷ്ണൻ‌കുട്ടിപ്പൊതുവാളെ വ്യത്യസ്തനാക്കിയതെന്തായിരുന്നു?കുട്ടൻ മാരാരുടെ കൊട്ടിന്റെ ഘനമോ,അച്ചുണ്ണിപ്പൊതുവാളിന്റെ ഉരുളുകോലിന്റെ മാസ്മരികതയോ ആ അളവിൽ കൃഷ്ണൻ‌കുട്ടിപ്പൊതുവാളിലില്ലായിരുന്നുവെന്ന് അനുഭവസ്ഥർ പറഞ്ഞുകേട്ടിട്ടുണ്ട്.എന്നാൽ കൃഷ്ണൻ‌കുട്ടിപ്പൊതുവാളുടെ ചെണ്ടക്കുണ്ടായിരുന്ന കഥകളിത്തം അവർക്കാർക്കുമുണ്ടായിരുന്നതുമില്ല.പൊതുവാൾ പറഞ്ഞിരുന്നതു തന്നെയാണ് ശരി,“അവരുടെ കോലെത്താത്തിടത്ത് എന്റെ കണ്ണെത്തും”അരങ്ങിലെ ഓരോ ചലനങ്ങളെയും ഒരു നിമിഷം മുമ്പെന്നോണം തിരിച്ചറിഞ്ഞ്,സൂക്ഷ്മഗ്രാഹികളായ തന്റെ ചെണ്ടക്കോലുകളിലേക്കവയെ ശബ്ദമാക്കി തർജ്ജമ ചെയ്യുന്ന ആ സിദ്ധിവൈഭവം തന്നെയായിരുന്നു പൊതുവാളിന്റെ അനന്യത.കഥകളിക്കാർ “കൈക്കുകൂടുക”എന്നു വിശേഷിപ്പിക്കുന്ന ഈ സിദ്ധിയെ,പൊതുവാൾ “വിരലിനു കൂടലാക്കി”.
എന്നാൽ,കൃഷ്ണൻ‌കുട്ടിപ്പൊതുവാളിന്റെ വാദനത്തിന് ഘനമുണ്ടായിരുന്നില്ലേ? തീർച്ചയായുമുണ്ടായിരുന്നു.കൃഷ്ണൻ നായരുടെ നളനു കൊട്ടും പോലെയല്ല രാമൻ‌കുട്ടിനായരുടെ ഉൽഭവം രാവണനും നരകാസുരനും പൊതുവാൾ കൊട്ടിയത്,രാമങ്കുട്ടിയും അപ്പുക്കുട്ടിയും കൃഷ്ണങ്കുട്ടിയും ചേരുന്ന ആ ഉദാത്തശിൽ‌പ്പങ്ങളിൽ കൃഷ്ണൻ‌കുട്ടിയുടെ കൊട്ടിന് കനം പോര എന്നാരും പറഞ്ഞില്ല.കഥകളിയുടെ മേളം എങ്ങനെയാവണം എന്ന പൊതുവാളിന്റെ ആ മാതൃകക്ക് ഒരുപാടൊന്നും പിന്തുടർച്ചക്കാരുണ്ടായില്ല.ഒന്നുകിൽ ഭംഗിയായി കൈക്കുകൂടും,അപ്പോൾ കൊട്ട് പച്ചവെള്ളത്തിൽ പപ്പടമിട്ട പോലെയാകും,അല്ലെങ്കിൽ കുറേ ഇടിമിന്നും പോലെ കൊട്ടിത്തിമർക്കും,അരങ്ങിലെന്താണ് നടക്കുന്നതെന്ന് അറിയുക തന്നെയില്ല.
കഥകളിയുടെ ഭാവോന്മീലനത്തിൽ ശ്രദ്ധിക്കാനുള്ള കണ്ണ് കൊട്ടുകാരിൽ നിന്നന്യമാകുന്നതോടെ,അരങ്ങിൽ നടനെത്ര കഷ്ടപ്പെട്ട് എന്തുകാണിച്ചാലും അനുഭവമില്ലാത്ത അവസ്ഥ സംജാതമാകുന്നു.
പാലക്കാട്ടെ നൂറരങ്ങിൽ നിന്നാണ് തുടങ്ങിയത്.കഥകളിയിലെ പുതുനാമ്പുകൾ ഒട്ടും മോശക്കാരല്ലെന്ന് ആ അരങ്ങ് ഒന്നുകൂടെ ഓർമ്മപ്പെടുത്തി.കലാമണ്ഡലം സോമന്റെ ദുര്യോധനൻ ആവിഷ്കാരത്തിൽ രാമൻ‌കുട്ടിനായരാശാന്റെ കണ്ണാടിക്കാഴ്ച്ചയായിരുന്നു.പീശപ്പള്ളിരാജീവന്റെ ദൂതനും ജയപ്രകാശിന്റെ പാട്ടും എടുത്തുപറയേണ്ടതുതന്നെ.കഥകളിയുടെ ഈ ബലിഷ്ഠമായ യുവകരങ്ങൾക്ക് ഔചിത്യപൂർണ്ണമായ ദർശനം കൂടി അനുഭവങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം.ധ്വന്യാത്മകമായ കളിയരങ്ങിന്റെ ലാവണ്യം അവർ തിരിച്ചുപിടിക്കട്ടെ.

28 comments:

വികടശിരോമണി said...

ധ്വന്യാത്മകമായ കളിയരങ്ങിന്റെ ലാവണ്യം അവർ തിരിച്ചുപിടിക്കട്ടെ.

അനില്‍@ബ്ലോഗ് said...

വികടശിരോമണി,

വിഷ്വല്‍ പോലെതന്നെ പ്രധാന ഒന്നായിരുന്നു ഓഡിയോയും എന്നു വേണം കരുതാന്‍. ആ രണ്ടു പദങ്ങള്‍ ആംഗലേയം തെന്നെ ഉപയോഗിച്ചത് ബോധ പൂര്‍വ്വമാണ്. എന്റെ ഒരു അമ്മാവന്‍ ഭയങ്കര കളി ഭ്രാന്തനായിരുന്നു. കാ‍ണാനാവാത്ത അവസ്ഥയില്‍ അതിന്റെ കാസ്റ്റ സംഘടിപ്പിച്ച് പാട്ടുകേട്ടെങ്കിലെ മൂപ്പര്‍ക്കു സമാധാനമാവൂ. അങ്ങനെ ഓഡിയോ കാസറ്റുകളുടെ പ്രഭാവ കാലം കഥകളി സംഗീതത്തെ സ്വാധീനിച്ചിരിക്കാം എന്ന് ചിന്തിച്ചു കൂടെ, ചുരുങ്ങിയ പക്ഷം കച്ചവട അര്‍ത്ഥത്തിലെങ്കിലും?

ഇന്നു ഓഡിയോയും വിഷ്വലും ഒന്നിച്ചു കൊണ്ടു നടക്കാന്‍ നമുക്ക് സൌകര്യമുണ്ട് , അപ്പോള്‍ വിഷ്വല്‍ ഓഡിയോയുമായി മത്സരം മുറുക്കി എന്നും പറയാം.

ചുമ്മാ എഴുതിയതാണ്,എന്തെങ്കിലും കിടക്കട്ടെ.കുറേ കാസറ്റുണ്ടായിരുന്നതെല്ലാം പൂത്തുപോയി.
എന്തായാലും ക്യാപ്സൂള്‍ രൂപത്തിലായാലും കഥകളി ജനപ്രിയമാവട്ടെ എന്ന് ആശംസിക്കുന്നു.

ചാണക്യന്‍ said...

വികടശിരോമണി,
അന്യം നിന്ന് പോകാവുന്ന ഒരു കലയെ പരിപോഷിപ്പിക്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍?
ഓ ടോ: അപ്പ എങ്ങനെ രണ്ടും ഒന്നു തന്നെയോ അതോ മൂന്നും ഒന്നു തന്നയോ:)

വികടശിരോമണി said...

അനിൽ-നന്ദി.വിശദമറുപടി കുറച്ചുകഴിഞ്ഞിട്ട്.
ചാണക്യാ-നന്ദി.ഒന്നും ഒന്നും രണ്ടാണ്(ആണോ?)ഫാത്തിമാ...:)

ലതി said...

വികടശിരോമണീ,
ബൂലോകരുടെ കളിഭ്രാന്ത് കൂട്ടാന്‍ തന്നെ തീരുമാനിച്ചതിന് നന്ദി.
യശശരീരനായ പ്രൊഫ. അയ്മനം കൃഷ്ണക്കൈമ്മള്‍
2002-ല്‍ എനിയ്ക്ക് അദ്ദേഹത്തിന്റെ ‘കഥകളി വിജ്ഞാനകോശം’ എന്ന ഗ്രന്ഥത്തിന്റെ ഒരു പ്രതി സമ്മനിച്ചത് ഇപ്പോഴാ ശരിയായി ഉപയോഗപ്പെടുന്നത്. താങ്കളുടെ പോസ്റ്റ് വായിക്കുമ്പോള്‍ . നന്ദി.

വികടശിരോമണി said...

അനിൽ,
കഥകളിപ്പദങ്ങളുടെ കാസറ്റുകൾ തീർച്ചയായും ചേതോഹരമായിരുന്നു.പക്ഷേ,കഥകളിസംഗീതം ഒരു രംഗകലയുടെ ദൃശ്യാവിഷ്കാരത്തിനകമ്പടിയായി നിബന്ധിക്കപ്പെട്ട പ്രയുക്തസംഗീതമാണ്.അതു സ്വതന്ത്രമായി ആസ്വദിച്ചുകൂടെന്നില്ല,പക്ഷേ ആ സ്വാതന്ത്ര്യത്തിലൂടെ കഥകളിസംഗീതത്തിനു ലഭിക്കുന്ന വിസ്താര സ്വാതന്ത്ര്യങ്ങളും രാഗവൈപുല്യവും അതേപടി കളിയരങ്ങിലെത്തുമ്പോൾ അതു തകരാറാണ്.അതാണ് ഞാൻ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത്.
ചാണക്യാ,
അങ്ങനെയൊന്നും അന്യം നിന്നുപോവുകയില്ലെന്നേ.
ലതി,
അയ്മനത്തിന്റെ റഫറൻസ് ആവശ്യപ്പെടും വിധം സങ്കീർണ്ണമായി ഞാനൊന്നുമെഴുതിയില്ലല്ലോ:)
എല്ലാവരോടും പെരുത്ത് നന്ദിയുണ്ട്.

കുറുപ്പിന്റെ കണക്കു പുസ്തകം said...

അണ്ണാ ഉള്ളത് പറയാല്ലോ, ഒരാളീങ്കിലും ഉണ്ടല്ലോ പറ്റുമെങ്കില്‍ അമ്പലപ്പുഴ അമ്പലത്തില്‍ വിസ്മ്രിതിയില്‍ ആണ്ടുപോവുന്ന മിഴാവിനെയും കുഞ്ഞന്‍ നമ്പിയാര്‍ എന്ന മഹാനെ കുറിച്ചും ഒരു ലേഖനം പ്രതീക്ഷിക്കുന്നു. അണ്ണാ വൈകിട്ട് എലിപ്പന ഷാപ്പില്‍ കാണാം

എതിരന്‍ കതിരവന്‍ said...

കഥകളിസംഗീതത്തെ കര്‍ണാടകസംഗീതംവളരെ ദൂരം കൊണ്ടു പോയിരിക്കുന്നു. അതിന്റേതായ തനിമയില്‍ മാത്രം ആസ്വദിക്കപ്പെടേണ്ടത്. എന്നാല്‍ തിരിച്ച് കഥകളിയിലേക്ക് ഇത് കൊണ്ടുവന്നപ്പോള്‍ അവിടിയിരിക്കാനുള്ളതല്ലാതായി. ഹൈദരാലിയെപ്പോലെ ചിലര്‍ക്ക് ഈ വ്യത്യാസം മനസ്സിക്കാന്‍ പറ്റിയിരുന്നു. കര്‍ണാടകസംഗീതത്തിന്റെ വരുതിയ്ക്കു നില്‍ക്കുന്നതല്ല,നില്‍ക്കേണ്ടതല്ല കളിയ്ക്കു പിന്നിലെ പാട്ട്.

കഥകളിപ്പാട്ടിലെ താളനിബദ്ധത ആണ് കര്‍ണാടകസംഗീതത്തിനു എളുപ്പം വഴങ്ങാാന്‍ കാരണമായത്. വെളുക്കാന്‍ തേച്ചത് പാണ്ടായി.
ഇനി ഒരു തിരിച്ചുപോക്കുമില്ല.
നടന്മാര്‍ അവരുടെ യുക്തികൊണ്ട് പാട്ടുകാരെ നിയന്ത്രിക്കുകയേ രക്ഷ്യുള്ളു.

വരവൂരാൻ said...

പ്രശംസനീയമായ ഒരു ഉദ്യമം പിന്നെ കുറെ പുതിയ അറിവുകളും, ആശംസകൾ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കുറെ നാളായി ഈ വഴി വന്നിട്ട് നന്നായിരിക്കുന്നു

മണി,വാതുക്കോടം. said...

ലേഘനം വളരേ നന്നായിരിക്കുന്നു. ധ്വന്യാത്മകമായ കളിയരങ്ങിന്റെ ലാവണ്യം പുതുതലമുറ തിരിച്ചുപിടിക്കട്ടെ......
കഥകളിസംഗീതത്തിന്റെ കാര്യം പറഞ്ഞത് വളരേ ശരിതന്നെ. അരങ്ങുപാട്ടില്‍ നിന്ന് കച്ചേരിയിലേക്കുള്ള വികാസം ആഗായകര്‍ക്ക് ഗുണംചെയ്യുമായിരിക്കും,എന്നാല്‍ കഥകളിക്ക് അത് ദോഷമേ വരുത്തു.

വികടശിരോമണി said...

കുറുപ്പിന്റെ കണക്കുപുസ്തകമേ(ഹൊ!ഇങ്ങനെയൊന്നും വിളിക്കാൻ വയ്യടേ:)
എലിപ്പന ഷാപ്പിൽ പറ്റുകൊടുക്കാത്തതിനാൽ ഞാനും ഷാപ്പുകാരനുമായി വഴക്കാണ് നമുക്ക് പൂളച്ചിറ ഷാപ്പിൽ വെച്ചുകാണാം.:)
കതിരവാ,
ഹൈദരാലി ആ വ്യത്യാസം തിരിച്ചറിഞ്ഞെങ്കിലും കളിയരങ്ങിനായി പാടാൻ എപ്പോഴും ശ്രമിച്ചുവെന്ന് എനിക്കഭിപ്രായമില്ല.ഉദാഹരണത്തിന് നളചരിതത്തിലെ “അപുത്രമിത്രാകാന്താരം” എന്ന പദം മദ്ധ്യമാവതി മദ്ധ്യമശ്രുതിയിൽ പാടുന്ന ഹൈദരാലിശൈലി.അത് ശ്രവണസുഖദമായിരിക്കാം,ഒട്ടും കഥകളീയമല്ല.കർണ്ണാടക-കഥകളിസംഗീതങ്ങളെ വ്യക്തമായി തിരിച്ചറിഞ്ഞ് അരങ്ങിൽ പ്രാവർത്തികമാക്കിയ പാട്ടുകാരനായി ഞാൻ വിലയിരുത്തുക വെണ്മണി ഹരിദാസിനെയാണ്.
നിയന്ത്രിക്കാൻ നടന്മാരെ പാട്ടുകാർ അനുവദിച്ചിട്ടു വേണ്ടേ!
മുഹമ്മദ് സഗീർ,വരവൂരാൻ-നന്ദി.
മണീ-ശരിതന്നെ.പക്ഷേ കഥകളിപ്പദകച്ചേരി വേണ്ടെന്നു പറയുന്നതിലൊന്നും അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.അതിനെ കളിയരങ്ങിലേക്ക് കോപ്പി ചെയ്യാതിരിക്കാനുള്ള അവബോധം പാട്ടുകാർക്കുണ്ടാവുകയാണ് വേണ്ടത്.
എല്ലാവരോടും പെരുത്ത് നന്ദിയുണ്ട്.

-സു‍-|Sunil said...

പ്രൊഫ.പന്മന ചോദിക്കുന്നു “എന്താ സോപാനസംഗീതം” എന്ന്. നളചരിതം കൈരളീവ്യഖ്യാനത്തിൽ. ആരെങ്കിലും മറുപടി കൊടുത്തതു കണ്ടില്ല.

അതറിയൺണമെങ്കിൽ കുറുപ്പാശാന്റെ പാട്ട് കേൾക്കണം അല്ലേ? പിന്നെ ഇപ്പോഴത്തെ ബാബു നമ്പൂതിരിയുടേയും.

എന്നാലും ചോദ്യങ്ങൾ ബാക്കി കിടക്കുന്നു. കർണ്ണാടകസംഗീതശൈലിയിൽ ആലപിച്ചാൽ എന്താ കഥകളിക്ക് പറ്റുക? എന്തുകൊണ്ട് അത് ചേരില്ല? ഒന്ന് പറഞുതരാമോ?
-സു-

വികടശിരോമണി said...

സുനിലേ,
പന്മനക്ക് മറുപടി കൊടുത്തുസമയം കളയാൻ ഞാനില്ല.അദ്ദേഹത്തിന് സാഹിത്യത്തെപ്പറ്റി സംസാരിക്കാം,ഞാൻ കേട്ടിരുന്നു കൊള്ളാം.വ്യാകരണത്തെപ്പറ്റി സംസാരിക്കാം,അതും കേട്ടിരിക്കാം.പക്ഷേ,കഥകളിയെപ്പറ്റി സംസാരിക്കരുത്.അദ്ദേഹത്തിന് കഥകളി കാണാറായിട്ടുമില്ല.അതു കൊണ്ടാണ് കല്ലുവഴിച്ചിട്ട കടലിലെറിയണം എന്നൊക്കെ മണ്ടത്തരങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്.അവഗണനയേ അവ അർഹിക്കുന്നുള്ളൂ.
സോപാനസംഗീതം എന്താന്നറിയാൻ കുറുപ്പിനേയും ബാബുനമ്പൂതിരിയേയും കേൾക്കാൻ ആരുപറഞ്ഞു?കുറുപ്പിന്റെ കാര്യം വിടൂ,ബാബുവും സോപാനഗായകനായോ?ഞാനറിഞ്ഞില്ലല്ലോ?:)
കഥകളിയിലെ സോപാനമാർഗമറിയാൻ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഞാൻ നിർദ്ദേശിക്കുക കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പേരാണ്.
കഥകളിസംഗീതത്തിൽ നിന്ന് കർണ്ണാടസംഗീതത്തെ ബഹിഷ്കരിക്കണം എന്നൊന്നുമല്ല പറഞ്ഞത്.കഥകളി ഒരു നൃത്യ-നാട്യപ്രകരണമാണ്.അതിനനുഗുണമായ അനുപാതത്തിലാണ് ഓരോ പദത്തിന്റെയും സംഗീതം വേണ്ടത്.കർണ്ണാടകസംഗീതം ഒരു പ്രയുക്തസംഗീതമല്ല.യഥേഷ്ടം ഗായകനു വിഹരിക്കാനുള്ള ഇടമുണ്ടതിൽ.കഥകളിയിലേക്ക് പാട്ടുകാരന്റെ ആ അമിതവിഹാരം കടന്നുവരുമ്പോൾ തീയറ്ററിന്റെ സമഗ്രാനുഭൂതി ശിഥിലമാകുന്നു.
സുനിൽ ചോദിച്ച സംശയത്തിനുത്തരം ഒരു പോസ്റ്റിനുണ്ട്.അതു താമസിയാതെ ചെയ്യാം.ഇവിടെത്തന്നെ കഥകളികാണുന്ന മറ്റു ബ്ലോഗർമാർ സുനിലിനു മറുപടി പറയും എന്നു പ്രതീക്ഷിക്കുന്നു.

-സു‍-|Sunil said...

കുറ്രുപ്പാശ്സനേയും ബാബുവിനേയും താരതംയപ്പെടുത്തിയത് ഉദ്ദേശിച്ചപോലെ വ്യക്തമായില്ല എന്ന് മനസ്സിലായി. കുറുപ്പാശാന്റെ ശുദ്ധകഥകളി സംഗീതം കേട്ട് ബാബുവിന്റെ കേട്ടാലെ, പന്മനക്ക് കഥകളി സംഗീതവും കർണ്ണാടക സംഗീതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകൂ എന്നാൺ ഉദ്ദേശിച്ചത്. ബാബുവിന്റെ ആലാപനത്തിൽ കർണ്ണാടകസംഗീതാശം കൂടുതൽ ഉണ്ട് എന്ന് ആണെന്റെ വിലയിരുത്തൽ. ഉൾ‌‌ക്കാമ്പോടെ പറയാനുള്ള വിവരം ഇല്ല വി.ശി. അതുകൊണ്ട് ഞാൻ തൽക്കാലം നിർത്തട്ടെ. ഒന്നുണ്ട്‌. പലപ്പോഴും ഒരു സാദാ ആസ്വാദകൻ എന്ന നിലയിൽ ഇതു തമ്മിലുള്ള വ്യത്യാസം ആലോചിച്ചാൽ കൺഫ്യൂസ്ഡ് ആയി പോകാറുണ്ട്‌~. അത് മറ്റ് പലതിലുമെന്നപോലെ സംഗീതത്തിലും എനിക്ക് ആഴത്തിൽ വിവരമില്ല എന്നതിനാലാവാം. ഇതൊക്കെ ആയാലും സംഗീതവും കഥകളിയും ആസ്വദിക്കുന്നതിന് സഹൃദയത്വം മതി ആഴത്തിൽ വിവരമൊന്നും വേണ്ട എന്നപക്ഷക്കാരനാണ് ഞാൻ. ഒരു പോസ്റ്റിനുള്ള വകുപ്പുണ്ട്. ഞാനും എഴുതുന്നുണ്ട്‌. പക്ഷെ...

വികടശിരോമണി said...

സുനിലേ,
അങ്ങനെയാണല്ലേ ഉദ്ദേശിച്ചത്.മനസ്സിലായില്ലാട്ടോ.വിശദീകരണത്തിനു നന്ദി.
കഥകളിയും സംഗീതവുമെന്നല്ല,ഏതുകലയും ആസ്വദിക്കാൻ ജ്ഞാനം വേണമെന്നില്ല,വേണ്ടെന്നുമില്ല എന്നാണെന്റെ അഭിപ്രായം.ജ്ഞാനികളേക്കാൾ പലപ്പോഴും വകതിരിവുള്ള അഭിപ്രായമായി എനിക്കു തോന്നിയിട്ടുള്ളത് ചില സാധാരണ ആസ്വാദകരുടെയാണ്.
എഴുതൂ,കാത്തിരിക്കുന്നു-പക്ഷേ എന്താണീ അവസാനത്തെ ‘പക്ഷേ’?

Anonymous said...

ഉദ്ധണ്ഡനു സ്വന്തം കാക്കശ്ശേരി എഴുതുന്നതു:

കഥകളി നൃത്യമാണെന്നതിൽ രണ്ടു പക്ഷ മില്ലല്ലോ! അതുകൊണ്ടു തന്നെ ചിലപ്പോൾ അതു നാട്യത്തോടടുത്തു നിൽക്കും ചിലപ്പോൾ നൃത്തത്തോടും. അങ്ങനെ കഥകളി കൂടിയാട്ടത്തിനും ശുദ്ധ നൃത്തത്തിനും ഇടക്കു നിലയുറപ്പിച്ചിരിക്കുന്നു.അതു 56 അക്ഷകാലത്തിലുള്ള പതിഞ്ഞ അടന്ത പദം മുതൽ ദ്രുത കാല പഞ്ചാരി യിലുള്ള കുമ്മിവരെ നിരീക്ഷിച്ചാൽ അനുഭവ വേദ്യമാകുകയും ചെയ്യും.

കൂടിയാട്ടം എന്ന നാട്യ മാതൃകക്കൊപ്പംതന്നെ, താണ്ഡവത്തിന്റെ ചടുലതയും,ലാസ്യ -ത്തിന്റെ ലാളിത്യവും വേണ്ടുവോളം കഥകളി സ്വാംശീകരിച്ചിട്ടുണ്ടു . ഈ മിശ്രണം തന്നെ യാണു കഥകളിയെ കൂടിയാട്ടത്തിൽ നിന്നും വിഭിന്നമാക്കുന്നതും,കൂടുതൽ ജനങ്ങളോടടുപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നതും. പക്ഷെ "വടക്കൻ യാഥാസ്ഥിതിക ആസ്വാദന രുചി" എന്നും കഥകളിയെ കൂടിയാട്ടത്തിൽ തളച്ചിടുവാനാണു ശ്രമിചിട്ടുള്ളത്‌. അവർക്കു മാനിനെ കാണിക്കുന്നതിനു മൃഗശീർഷം പിടിച്ചിട്ട്‌ കൈയുടെ കുഴ ഒന്നനങ്ങിയാൽ മതി ? ബാക്കി വികടശിരോമണികൾ 'ധ്വനി' കൊണ്ടു പറഞ്ഞു ശരിയാക്കിക്കൊള്ളും.


കൃഷ്ണന്നായരശാന്റെ കണ്ണിലാ പുള്ളിമാൻ ചാഞ്ചാടിയോടും.ഗോപിയുടെ മാൻ കണ്മുന്നിലൂടെ ചാടി യോടും. മാനിനെ നേരിൽ നീരീക്ഷിചിട്ടുള്ളവർക്കു വലിയൊരു ദൃശ്യാനുഭവമാണതൊക്കെ.പക്ഷെ വഴിയിൽ കല്ലില്ല.ആ വഴിയൊക്കെ അതുകൊണ്ടു ഈ വിമർശന കോടാലികൾ കണ്ടില്ലന്നു നടിക്കും.


കൃഷ്ണൻ നായരാശാനെ നാടു കടത്തി... ഗോപിയെ മാറ്റിനിർത്തുവൻ ഒരുപാടു കളി കളിച്ചു...അ നാടകക്കാരനെ നാട്യ വിശാരദനായി അംഗീകരിക്കേണ്ടി വന്നു ഈ ആഢ്യന്മർക്ക്‌ എന്നതു ഗുരുവായൂരപ്പന്റെ കളി. വൈകിയെങ്കിലും, ഗോപിയുടെ "സലജ്ജോഹ"തിൽ എന്തോ ഒരു സവിശേഷത ഉണ്ടു എന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു !! ആ രാ ണി നവീന "കൊളംബസ്‌" എന്നല്ലേ! നമ്മുടെ വികട ശിരോമണി തന്നെ !! അത്ഭുതം ! (എങ്ങനെ ഒബാമ അമെരിക്കൻ പ്രസിടെന്റാകാതിരിക്കും!)"കുട്ടിത്രയ"ത്തിന്റെ ത്രികോണത്തിനപ്പുറം ഇവർക്കു കൂരാകൂരിരുട്ടാണു . ആകെ യൊരു വാസുപിഷാരൊടിയേയും നരിപ്പറ്റയേയും മാത്രം കഷ്ടിച്ചുകാണാം. വാസുവേട്ടന്റെ അടുത്തു ചൊല്ലിയാടുന്നതു കൊണ്ടു ഇപ്പോൾ ഷണ്മുഖനെയും പീശപ്പള്ളിയേയും-അതും ഉടലു മാത്രം കാണാം.:

"കൃഷ്ണകുമാർ" : വികടൻ എഴുതുന്നു"എനിക്കു തീരെ പ്രതീക്ഷ ഇല്ല":
എന്റെ വികട!, ഒരു ചെറിയ നരകസുരൻ കെട്ടി കാണിക്കട്ടെ രണ്ടു പേരും. (ലക്ഷ്മി താളം ഏതു ഓട്ടൻ തുള്ളൽ ക്കാരനും ആടാം)അപ്പോളറിയാം."കാക: കാക: പിക: പിക:"

പിന്നെ വികടന്റെ മറ്റൊരു യുവ പ്രതിഭക്കു-പീശപ്പള്ളിക്കു- നന്നായി കലാശം എടുക്കൻ പൊലും അറിയില്ലതിനു സമാരോഹം സാക്ഷി ഉണ്ടല്ലോ! അഭിനയമോ അതികേമം താനും.

സോപാനസംഗീതം -അങ്ങനെ ഒന്നു ഉണ്ടൊ ! സോപാന ചക്രവർത്തിയുടെ മകൻ നാടു നീളെ ഇടക്കയുമയി പാടി നടക്കുന്ന ആ സിനിമപാട്ടാണൊ സംഗതി ?.ഹൈദരലിയെ അംഗീകരിക്കുവാനുള്ള ബുദ്ധിമുട്ടു മനസ്സിലാക്കം.സ്വാഭാവികം!
എമ്പ്രാനേയും തള്ളി പറഞ്ഞല്ലോ !!!
ഹരിദാസ്‌ സോപാനവഴിയിലാണോ പാടിയിരുന്നത്‌. തികഞ്ഞ കർണ്ണാടക സംഗീതപ്രേമി യായിരുന്നില്ലേ, ഹരിദാസ്‌?.

സ്ഥനത്തും അസ്ഥാനത്തും 'കാനട' യും 'ശ്യാമ'യുമെല്ലം വച്ചലക്കിയിരുന്ന കുറുപ്പാശന്റെ വഴിയിൽ ഹിന്ദുസ്ഥാനിയും കർണ്ണാടകവും ഒന്നും ഉണ്ടായിരുന്നില്ലെന്നോ!ഉറപ്പിച്ചുപറയാമോ!?.
മധുവിനും ബാബുവിനും ഭ്രഷ്ടു കൽപ്പിച്ചുകഴിഞ്ഞു...അവർ ആ 'സാധന'ത്തെ തൊട്ടു. ആ കർണ്ണാടക സംഗീതം എന്ന വേശ്യയെ.. (സോപനാന്തർജനത്തെ വഞ്ചിച്ചു!!)
ഇക്കാലത്തും നമുക്കു മധുവിനേയും ബാബുവിനേയും പോലുള്ള ഒരു യുവ തലമുറയെ കിട്ടിയല്ലോ എന്നാഹ്ലാദിക്കേണ്ടവരല്ലേ, വികടാ, നാം. ഒരു അത്മപരിശോധന നടത്തൂ!

തങ്ങളുടെ പൂജാബിംബങ്ങൾ ബലൂൺ പൊട്ടിച്ചു കളിച്ചാലും ( തോരണ യുദ്ധം), കുട്ടിക്കാട്ടാളന്മാരുമായി കോപ്പാരട്ടി കാണിച്ചാലും (കിരാതം) അതെല്ലാം ഹാസ്യം.!!നാട്യധർമ്മി!
മറ്റുള്ളവർ എന്തെങ്കിലും കാണിച്ചാൽ - ഛെ! ഇവർ കഥകളിയെ നശിപ്പിക്കുമന്നാക്രോശിക്കും.( എന്തൊരു 'തീയെറ്റർ' സങ്കൽപം!)പരശുരാമനെ "ബാലെ" വേഷമാക്കി കേരളം മുഴുവൻ തുള്ളിനടന്ന ആശാന്മാരും, "ഷണ്മുഖപ്രിയ" ( കിം കിം അഹോ!) പോലുള്ള രാഗങ്ങൾ ഇറക്കുമതിചെയ്തു സംഗീതം സുഗമമക്കിയ നമ്പീശന്മാരും, ഇടക്കയുമായി ഇടക്കുകയറി വന്നു കഥകളിയുടെ 'സമഗ്രത' അലങ്കോലപ്പെടുത്തിയ പൊതുവാളന്മാരും എല്ലാം അവരവരുടെ നല്ല കാലത്തു മാറ്റതിന്റെ വക്താക്കളും മാറ്റത്തിനു നിലകൊണ്ടവരുമായിരുന്നു എന്ന ചരിത്ര സത്യം വികടൻ വിസ്മരിക്കരുത്‌.

മനകളുടെ മുറ്റത്തു കൗപീനവും കുട്ടിതോർത്തുമുടുത്തു ഓച്ഛാനിച്ചു നിന്ന കഥകളി ക്കാരൻ , കലാകാരനായി, സിനിമാനടൻ 'പൃഥ്വിരാജി'നെ പ്പോലുള്ള സുമുഖന്മാരായി, പാന്റ്സ്‌ ഇട്ടു,ഷർട്ട്‌ ഇൻ ചെയ്തു, രീബൂക്‌ ഷൂ ഇട്ട്‌, പോലീസ്‌ ഗ്ലാസ്സും വച്ചു സ്വന്തം കാർ സ്വയമോടിച്ചു വരുന്നതു കണ്ടാൽ ഏതു വികടനും അൽപം മനപ്രയാസം വരും.
( പുറമേ, ഭക്തി പ്രസ്ഥാനത്തെ തള്ളി പറഞ്ഞാലും,പുരോഗമനം/യുക്തി വാദം/ കാമൂണിസ്സം എത്ര പ്രസംഗിച്ചാലും ഉള്ളിലുള്ള ആ പഴയ വർണ ജാടയും അഹങ്കാരവും ഉണ്ടല്ലോ!) അൽപം മനപ്രയാസം വരും.


പിന്നൊന്നു കൂടി കഥകളി ആർക്കും മനസ്സിലാകാത്ത 'ചന്ദ്രയാൻ' സങ്കേതിക വിദ്യ യൊന്നും അല്ല!. കഥകളി,പാലക്കടു ജില്ലയിലെ അഞ്ചാറുപേർ 'പേറ്റ്ന്റ്‌' എടുത്തിട്ടുള്ളതും അല്ലല്ലോ!
ഏതു വികടനും പഠിച്ചെടുക്കാം, ആറു മാസം കൊണ്ടു. നാലും മൂന്നേഴു കലാശവും ( അടക്കയും(അടക്കം) തേങ്ങയുമെല്ലാം(തോങ്കരാം) ഉൾപെടെ)
പിന്നെ പത്തെഴുപതു മുദ്രകൈയും....
അതുകൊണ്ടു പന്മന നായർക്കു മനസ്സിലവില്ല എന്നൊന്നും തിരുമനസ്സു പറയല്ലേ!

വായിലൊതുങ്ങാത്ത വാക്കുകൾ കൊണ്ടു കഥകളി ഒരു പറ നെല്ലിന്റെ വട്ടിത്തിൽ നിന്നും ഒരിഞ്ചു നീങ്ങരുതെന്നു ശഠിക്കുന്ന 'താലിബാനിസം' നിങ്ങൾ നിർത്തണമെന്നപേക്ഷിക്കുന്നു.

വികടശിരോമണി said...

കാക്കശ്ശേരിക്ക്,
ചെതറി ചെന്താമരയായി.എന്റെ ‘വടക്കൻ ആസ്വാദനരുചി’,‘അന്ധത’,‘ഉടലുമാത്രം കാണൽ’..എല്ലാം കൃത്യമായി എണ്ണം പറഞ്ഞെഴുതിയല്ലോ.ആർക്കും മനസ്സിലാവാത്ത കഥകളിയെ ഒന്നു മനസ്സിലാക്കിപ്പിച്ചുകളയാം എന്നു വിചാരിച്ച് ഒരുമ്പെട്ടിറങ്ങിയതായിരുന്നു ഞാൻ.നശിപ്പിച്ചു:)
ഓരോന്നായി പറയട്ടെ,
“പക്ഷെ "വടക്കൻ യാഥാസ്ഥിതിക ആസ്വാദന രുചി" എന്നും കഥകളിയെ കൂടിയാട്ടത്തിൽ തളച്ചിടുവാനാണു ശ്രമിചിട്ടുള്ളത്. അവർക്കു മാനിനെ കാണിക്കുന്നതിനു മൃഗശീർഷം പിടിച്ചിട്ട് കൈയുടെ കുഴ ഒന്നനങ്ങിയാൽ മതി ? ബാക്കി വികടശിരോമണികൾ 'ധ്വനി' കൊണ്ടു പറഞ്ഞു ശരിയാക്കിക്കൊള്ളും.”
പോരിനുവിളി പോലും ചിരിച്ചുപുരികമിളക്കി ചെയ്തിരുന്ന കഥകളിയുടെ ഭൂതകാലം അത്ര വിദൂരമല്ല.പട്ടിക്കാംതൊടിയെന്ന നാട്യാചാര്യന്റെ പരിഷ്കരണങ്ങൾക്കു ശേഷം കല്ലുവഴിക്കളരി ആർജ്ജിച്ച ഒതുക്കം സവിശേഷമായ മനോഹാരിതയാണ് കഥകളിക്കു നൽകിയത്.കാക്കശ്ശേരി തന്നെ പിന്നീട് പുകഴ്ത്തിയ കൃഷ്ണൻ‌നായരും ഗോപിയുമൊക്കെ നേടിയ ഭാവോന്മീലനത്തിന്റെ രസതന്ത്രം ആ നവോദ്ഥാനത്തിലതിഷ്ഠിതമാണ്.രാമൻ‌കുട്ടിനായരുടെ ഹരിണാക്ഷിയുടെ ഒതുക്കത്തിനുള്ള ചാരുത മനസ്സിലാവാൻ കാക്കശ്ശേരി പഠിച്ച ‘അടക്ക’യും ‘തേങ്ങ’യും പോര.അതേ കല്ലുവഴിക്കളരിയിൽ പഠിച്ചവരെന്ന് നാഴികക്കുനാൽ‌പ്പതു വട്ടം വീമ്പുപറയുന്ന നാട്യകേസരികൾ തന്നെയാണ് കുഴയിളകും വിധം മാനിനെ വിപുലീകരിച്ചു വികൃതമാക്കിയതും.(ഉദാ:സദനം കൃഷ്ണൻ‌കുട്ടി)കൈയിന്റെ കുഴ വെറുതേ ഒന്നനക്കാൻ കാക്കശ്ശേരിക്കും പറ്റും,പക്ഷേ താളത്തിന്റെ കൃത്യമായ ചേരുവയിൽ,അനായാസസുന്ദരമായി വിരിയുന്ന മൃഗശീർഷമുദ്രയുമായി,കൈക്കുഴയനക്കാൻ രാമൻ‌കുട്ടിനായരെപ്പോലുള്ള മഹാനടന്മാർക്കേ കഴിയൂ.ആ ധ്വനി അനുഭവവേദ്യമാകാൻ പുച്ഛരസം മാത്രം സ്ഥായിയായ മനസ്സുമായി ഇരുന്നാൽ കഴിയണമെന്നുമില്ല.
“കൃഷ്ണൻ നായരാശാനെ നാടു കടത്തി... ഗോപിയെ മാറ്റിനിർത്തുവൻ ഒരുപാടു കളി കളിച്ചു...അ നാടകക്കാരനെ നാട്യ വിശാരദനായി അംഗീകരിക്കേണ്ടി വന്നു ഈ ആഢ്യന്മർക്ക് എന്നതു ഗുരുവായൂരപ്പന്റെ കളി. വൈകിയെങ്കിലും, ഗോപിയുടെ "സലജ്ജോഹ"തിൽ എന്തോ ഒരു സവിശേഷത ഉണ്ടു എന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു !! ആ രാ ണി നവീന "കൊളംബസ്" എന്നല്ലേ! നമ്മുടെ വികട ശിരോമണി തന്നെ !! അത്ഭുതം ! (എങ്ങനെ ഒബാമ അമെരിക്കൻ പ്രസിടെന്റാകാതിരിക്കും)“
കൃഷ്ണൻ‌നായരെ നാടുകടത്താനും ഗോപിയെ മാറ്റിനിർത്താനും കളിച്ചവരുടെ ലിസ്റ്റെടുക്കൽ എന്റെ പണിയല്ല ഗുരുവായൂരപ്പൻ അതിനിടക്കു കയറിക്കളിച്ച കളി ഏതാണാവോ?ഇങ്ങനെ കാടും പടലും തല്ലി എന്തുവേണമെങ്കിലും പറയാം.കാക്കശ്ശേരിക്കറിയാമെങ്കിൽ പറയൂ,ആരു നാടുകടത്തി?ആരു മാറ്റിനിർത്തി?(ഇനി ഇതൊക്കെ ഞാനാണ് ചെയ്തതെന്നാണോ?:)).ഗോപിയുടെ സലജ്ജോഹത്തിൽ ഒന്നല്ല ഒരുപാട് സവിശേഷതകളുണ്ട്.ഞാൻ ഗോപിയുടെ വേഷങ്ങൾ ബാല്യകൌതുകം വിട്ട് ഗൌരവമായി കാണാനാരംഭിച്ച കാലം തൊട്ടേ അവയുടെ ആരാധകനുമാണ്.
ഗോപിയുടെ ജന്മസിദ്ധമായ പ്രതിഭാശേഷി കഴിഞ്ഞാൽ,അദ്ദേഹത്തിന്റെ ബലം കല്ലുവഴിക്കളരി കൊടുത്ത കറതീർന്ന മെയ്യും അഭ്യാസബലവും തന്നെയാണ്.
“"കുട്ടിത്രയ"ത്തിന്റെ ത്രികോണത്തിനപ്പുറം ഇവർക്കു കൂരാകൂരിരുട്ടാണു . ആകെ യൊരു വാസുപിഷാരൊടിയേയും നരിപ്പറ്റയേയും മാത്രം കഷ്ടിച്ചുകാണാം.“
കുട്ടിത്രയത്തിന്റെ കൂരിരുട്ടിൽ കിടക്കുന്നവൻ എന്നൊക്കെ എന്നെ വിളിച്ചോളൂ,അതിനുമുൻപ് തൌര്യത്രികത്തിലെ ആദ്യപോസ്റ്റുകളിലൊന്നായ കീഴ്പ്പടത്തെക്കുറിച്ചുള്ള പോസ്റ്റുകൾ വായിച്ചുനോക്കൂ.കുട്ടിത്രയത്തിന്റെ മാസ്മരികസൌന്ദര്യത്തെക്കാ‍ളും ഞാനെന്നും സ്നേഹിച്ചത് ആ നിത്യനൂതനത്വത്തെയാണ്.ആരാണീ ഇവർ?ഞാനൊരു വടക്കൻ യാഥാസ്ഥിതികനാണെന്ന് സ്ഥാപിക്കാനായി ഒരു ബഹുവചനരൂപമുപയോഗിച്ചതാണോ?കാക്കശ്ശേരിക്കു തെറ്റിപ്പോയി.തെക്കും വടക്കുമുള്ള,എനിക്കു നന്നെന്നു തോന്നുന്ന കഥകളിക്കു പിന്നാലെയേ ഞാൻ സഞ്ചരിച്ചിട്ടുള്ളൂ.മടവൂരിന്റെ ബാണനേയും കീചകനേയും ഞാൻ ഇഷ്ടപ്പെടുന്നു,അതുപോലെ രാമൻ‌കുട്ടിയുടെ നരകാസുരനേയും.കുട്ടിത്രയത്തിനുംനരിപ്പറ്റ-വാസുവേട്ടൻ എന്നിവർക്കുമിപ്പുറം എനിക്കു വടക്കുതന്നെ പലരെയും,കീഴ്പ്പടത്തെയും അദ്ദേഹത്തിന്റെ ശിഷ്യനായ സദനം ബാലകൃഷ്ണനേയും,കറുത്ത ഗോപാലകൃഷ്ണനേയും,ബാലസുബ്രഹ്മണ്യനേയും,കോട്ടക്കൽ ചന്ദ്രശേഖരവാര്യരേയും,കേശവനേയും-അങ്ങനെ പലരേയും കാണാം.
“വാസുവേട്ടന്റെ അടുത്തു ചൊല്ലിയാടുന്നതു കൊണ്ടു ഇപ്പോൾ ഷണ്മുഖനെയും പീശപ്പള്ളിയേയും-അതും ഉടലു മാത്രം കാണാം.: പിന്നെ വികടന്റെ മറ്റൊരു യുവ പ്രതിഭക്കു-പീശപ്പള്ളിക്കു- നന്നായി കലാശം എടുക്കൻ പൊലും അറിയില്ലതിനു സമാരോഹം സാക്ഷി ഉണ്ടല്ലോ! അഭിനയമോ അതികേമം താനും.“
പീശപ്പള്ളിയുടെ ഉടലു കണ്ട് പ്രശംസിച്ച് ഞാനെന്താണ് പറഞ്ഞത്?അഭിനയം അതികേമമാകുന്നത് ഒരു കുറ്റമാണോ? പീശപ്പള്ളിയുടെ ചൊല്ലിയാട്ടം നന്നെന്ന് എനിക്കഭിപ്രായമില്ല,അങ്ങനെ ഞാനെവിടെയും പറഞ്ഞിട്ടുമില്ല.പക്ഷേ,അദ്ദേഹം പ്രതിഭാധനനാണെന്നതിൽ എനിക്കു സംശയമില്ല.ഒരു ദശാബ്ദം പിന്നിട്ട സമാരോഹം വെച്ച് ഒരു ചെറുപ്പക്കാരനായ നടനെ വിലയിരുത്തുന്നതിലെ പാകപ്പിഴവുപോലും മനസ്സിലാകാത്ത കാക്കശ്ശേരിയുടെ കണ്ണിന് എന്തൊരു പ്രകാശമാണ്!
ഷണ്മുഖന്റെ കാര്യത്തിൽ,അനാവശ്യമായ ഹീറോയിസം അദ്ദേഹത്തിലേൽ‌പ്പിക്കുന്നതിൽ ഞാനെന്നും എതിർപ്പുള്ളയാളാണ്.വാസുവേട്ടന്റെ അടുത്തു ചൊല്ലിയാടുന്നതിനു മുമ്പും എനിക്ക് ഷണ്മുഖന്റെ വേഷങ്ങൾ ഇഷ്ടമാണ്.പീശപ്പള്ളിയുടേയും ഷണ്മുഖന്റേയും ഉടലിനേക്കാളും മുഖം തന്നെയാണ് കൂരാക്കൂരിരുട്ടിലിരിക്കുന്ന അടിയന് വ്യക്തമാകുന്നത്,ഭട്ടതിരിക്ക് അതിൽക്കൂടുതൽ കാണുന്നുണ്ടെങ്കിൽ കാണിച്ചുതന്നാൽമതി.
“"കൃഷ്ണകുമാർ" : വികടൻ എഴുതുന്നു"എനിക്കു തീരെ പ്രതീക്ഷ ഇല്ല":
എന്റെ വികട!, ഒരു ചെറിയ നരകസുരൻ കെട്ടി കാണിക്കട്ടെ രണ്ടു പേരും. (ലക്ഷ്മി താളം ഏതു ഓട്ടൻ തുള്ളൽ ക്കാരനും ആടാം)അപ്പോളറിയാം."കാക: കാക: പിക: പിക:" “
കൃഷ്ണകുമാറിന്റെ ചെറിയ നരകാസുരൻ ബഹുകേമമെന്നാണോ കാക്കശ്ശേരിയുടെ സൂക്ഷ്മദൃഷ്ടി?ഇനി ചെറിയ നരകാസുരൻ കെട്ടിയാൽ എല്ലാമായി എന്നാണോ?വങ്കത്തങ്ങൾക്കായി പുറത്തിറങ്ങിയ അവതാരമൂർത്തേ,പീശപ്പിള്ളി നരകാസുരൻ കെട്ടി നന്നാക്കുമെന്ന് എനിക്കു പ്രതീക്ഷയില്ല,ഷണ്മുഖന് നന്നാക്കാനാകുമായിരിക്കും,പക്ഷേ ഇനിയുമേറെ അധ്വാനിക്കേണ്ടിയിരിക്കുന്നു.ദുർമേദസ്സു പിടിച്ച ശരീരത്തിൽ ശ്രദ്ധയില്ലാതെ,താളപ്രകരണത്തിൽ നിന്നടർന്ന് ,വലിച്ചുനീട്ടി ചെയ്യുന്ന ഷണ്മുഖന്റെ സമീപനം മാറിയാൽ അദ്ദേഹം മികച്ച വാഗ്ദാനം തന്നെയാണ്.(ഷണ്മുഖന്റെ ഉൽഭവം രാവണൻ കണ്ട്,തപസ്സാട്ടം കഴിഞ്ഞപ്പോൾ ദേഷ്യം സഹിക്കാതെ ഇറങ്ങിപ്പോന്നതാണ് ഞാൻ.ഷണ്മുഖന്റെ ഉൽഭവം രാവണൻ നന്നല്ലെന്ന് ഞാൻ ഒരു കമന്റിൽ പറഞ്ഞിരുന്നു,അതു കാക്കശ്ശേരി കണ്ടില്ലല്ലേ,എങ്ങനെ കാണാനാണ്,ഒരു പാർശ്വത്തിലേക്കു തിരിഞ്ഞ സൂക്ഷ്മദൃഷ്ടിയാണല്ലോ)
കൃഷ്ണകുമാറിന്റെ കാര്യത്തിൽ ഞാൻ ആവർത്തിക്കുന്നു,എനിക്കു പ്രതീക്ഷയില്ല.ഗോപിയെ വികൃതമായി അനുകരിക്കുന്ന കൃഷ്ണകുമാറിന്റെ കലാവൈഭവത്തെ കാക്കശ്ശേരി പുകഴ്ത്തിക്കോളൂ.
“ഹൈദരലിയെ അംഗീകരിക്കുവാനുള്ള ബുദ്ധിമുട്ടു മനസ്സിലാക്കം.സ്വാഭാവികം!
എമ്പ്രാനേയും തള്ളി പറഞ്ഞല്ലോ !!!
ഹരിദാസ് സോപാനവഴിയിലാണോ പാടിയിരുന്നത്. തികഞ്ഞ കർണ്ണാടക സംഗീതപ്രേമി യായിരുന്നില്ലേ, ഹരിദാസ്?.

സ്ഥനത്തും അസ്ഥാനത്തും 'കാനട' യും 'ശ്യാമ'യുമെല്ലം വച്ചലക്കിയിരുന്ന കുറുപ്പാശന്റെ വഴിയിൽ ഹിന്ദുസ്ഥാനിയും കർണ്ണാടകവും ഒന്നും ഉണ്ടായിരുന്നില്ലെന്നോ!ഉറപ്പിച്ചുപറയാമോ!?.
മധുവിനും ബാബുവിനും ഭ്രഷ്ടു കൽപ്പിച്ചുകഴിഞ്ഞു...അവർ ആ 'സാധന'ത്തെ തൊട്ടു. ആ കർണ്ണാടക സംഗീതം എന്ന വേശ്യയെ.. (സോപനാന്തർജനത്തെ വഞ്ചിച്ചു!!)
ഇക്കാലത്തും നമുക്കു മധുവിനേയും ബാബുവിനേയും പോലുള്ള ഒരു യുവ തലമുറയെ കിട്ടിയല്ലോ എന്നാഹ്ലാദിക്കേണ്ടവരല്ലേ, വികടാ, നാം. ഒരു അത്മപരിശോധന നടത്തൂ!“
ഹൈദരാലിയെ അംഗീകരിക്കുകയും എമ്പ്രാന്തിരിയെ അതിലധികം തള്ളിപ്പറയുകയും ആണ് ഞാൻ ചെയ്തത്.കഥകളിയുടെ ആകമാനീയതയെ ശ്രദ്ധിക്കാതെ ഹൈദരാലി നടത്തിയ രാഗപരീക്ഷണങ്ങൾക്കൊക്കെ കുട പിടിച്ചുകൊടുക്കാൻ എന്നെ പ്രതീക്ഷിക്കണ്ട.എമ്പ്രാന്തിരിയുടെ സംഗീതശൈലി,ശിങ്കിടിയെ അപമാനിക്കുന്ന വഴി-എന്നിങ്ങനെ എല്ലാറ്റിനോടും എനിക്ക് ശക്തമായ വിയോജിപ്പാണ്.
കുറുപ്പിൽ കർണ്ണാടസംഗീതമില്ലെന്ന് ഞാൻ എവിടെ പറഞ്ഞു?ഉറപ്പിക്കാതെ മുൻപ് പറഞ്ഞെങ്കിലല്ലേ ഇനി ഉറപ്പിക്കേണ്ടതുള്ളൂ.കുറുപ്പിൽ കളമെഴുത്തുപാട്ടുമുതൽ ഹിന്ദുസ്ഥാനി വരെയുണ്ടായിരുന്നു,എന്നാൽ അത്രയും,അതിലധികം-അരങ്ങിനെപ്പറ്റി ബോധവും ഉണ്ടായിരുന്നു.കർണ്ണാടസംഗീതമെന്ന വേശ്യയെ…-ഞാനെഴുതിയ കമന്റുകളിൽ തനിക്കാവശ്യമുള്ളവ മാത്രം തിരഞ്ഞുപിടിക്കുന്ന കാക്കശ്ശേരിയുടെ സൂക്ഷ്മദൃഷ്ടി ഗംഭീരം.ഞാനാദ്യമേ എഴുതിയിരുന്നു,കർണ്ണാടകസംഗീതസങ്കലനത്തെ അടച്ചെതിർക്കുകയല്ല,കളിയരങ്ങിന്റെ സമഗ്രതയെ ശിഥിലമാക്കുന്ന അതിപ്രസരത്തെയാണ് എതിർക്കുന്നത് എന്ന്.ഹരിദാസേട്ടനെപ്പറ്റി ഞാൻ ഇതിനു മുൻപുള്ള കമന്റിൽ എഴുതിയ-കർണ്ണാടക-സോപാന വഴികളെ തിരിച്ചറിഞ്ഞ് രംഗത്തു പ്രവർത്തിച്ച പാട്ടുകാരൻ എന്ന അഭിപ്രായവും കാക്കശ്ശേരി ദൃഷ്ടി വിട്ടുകളഞ്ഞു.ഉറങ്ങുന്നവരെയല്ലേ ഉണർത്താൻ പറ്റൂ.
മധുവിനും ബാബുവിനും ഭ്രഷ്ട് കൽ‌പ്പിക്കാൻ ഞാനാര്?അവർ സമകാലകളിയരങ്ങിന്റെ ഭാഗ്യങ്ങൾതന്നെയാണ്.ഞാനീ പോസ്റ്റിന്റെ ആദ്യഭാഗത്തിലേ എഴുതിയിരുന്നു,ഇത് പുതിയ കളിയരങ്ങിനെ വിലകുറച്ചുകാണലല്ല എന്ന്. “മദുരതരകോമളവദനേ”എന്ന് മധു പാടുന്നത് എന്നെ വ്യാമുഗ്ധനാക്കുന്നില്ല.ആ വിമർശനം ആരോഗ്യകരമായേ ഞാനെവിടെയും ഉന്നയിച്ചിട്ടുള്ളൂ,അല്ലാതെ വേശ്യാവൃത്തിയുടെ ഉപമ എന്റെ വഴിയല്ല.കാക്കശ്ശേരിക്കു നല്ലനമസ്കാരം.
“തങ്ങളുടെ പൂജാബിംബങ്ങൾ ബലൂൺ പൊട്ടിച്ചു കളിച്ചാലും ( തോരണ യുദ്ധം), കുട്ടിക്കാട്ടാളന്മാരുമായി കോപ്പാരട്ടി കാണിച്ചാലും (കിരാതം) അതെല്ലാം ഹാസ്യം.!!നാട്യധർമ്മി!
മറ്റുള്ളവർ എന്തെങ്കിലും കാണിച്ചാൽ - ഛെ! ഇവർ കഥകളിയെ നശിപ്പിക്കുമന്നാക്രോശിക്കും.( എന്തൊരു 'തീയെറ്റർ' സങ്കൽപം!)“
ഇതൊക്കെ നാട്യധർമ്മിയാണെന്ന് ഞാനെവിടെ പറഞ്ഞു എന്ന്ആണോ പെണ്ണോ ആണെങ്കിൽ കാക്കശ്ശേരി വ്യക്തമാക്കണം.ബലൂൺ പൊട്ടിക്കുന്നതും കുട്ടിക്കാട്ടാളന്മാരുമായുള്ള കോപ്പിരാട്ടിയും ലോകധർമ്മിയാണ്,അതിൽ തെറ്റൊന്നും ഇല്ല താനും.ലോകധർമ്മിയെന്നാൽ മഹാബദ്ധം,നാട്യധർമ്മിയെന്നാൽ മഹത്തരം-ഈ പാഠം സമ്പൂർണ്ണ വിഡ്ഡിത്തമാണ്.രണ്ടും കഥകളിയിലാവശ്യമാണ്.
“പരശുരാമനെ "ബാലെ" വേഷമാക്കി കേരളം മുഴുവൻ തുള്ളിനടന്ന ആശാന്മാരും, "ഷണ്മുഖപ്രിയ" ( കിം കിം അഹോ!) പോലുള്ള രാഗങ്ങൾ ഇറക്കുമതിചെയ്തു സംഗീതം സുഗമമക്കിയ നമ്പീശന്മാരും, ഇടക്കയുമായി ഇടക്കുകയറി വന്നു കഥകളിയുടെ 'സമഗ്രത' അലങ്കോലപ്പെടുത്തിയ പൊതുവാളന്മാരും എല്ലാം അവരവരുടെ നല്ല കാലത്തു മാറ്റതിന്റെ വക്താക്കളും മാറ്റത്തിനു നിലകൊണ്ടവരുമായിരുന്നു എന്ന ചരിത്ര സത്യം വികടൻ വിസ്മരിക്കരുത്.“
പരശുരാമന്റെ ആ ബാലേ വേഷമാക്കലിനോട് എനിക്ക് കടുത്ത വിമർശനമാണുള്ളത്.പിന്നെ ആ ചരിത്രസത്യത്തെ ഞാനെവിടെയാണ് വിസ്മരിച്ചത്?
“മനകളുടെ മുറ്റത്തു കൗപീനവും കുട്ടിതോർത്തുമുടുത്തു ഓച്ഛാനിച്ചു നിന്ന കഥകളി ക്കാരൻ , കലാകാരനായി, സിനിമാനടൻ 'പൃഥ്വിരാജി'നെ പ്പോലുള്ള സുമുഖന്മാരായി, പാന്റ്സ് ഇട്ടു,ഷർട്ട് ഇൻ ചെയ്തു, രീബൂക് ഷൂ ഇട്ട്, പോലീസ് ഗ്ലാസ്സും വച്ചു സ്വന്തം കാർ സ്വയമോടിച്ചു വരുന്നതു കണ്ടാൽ ഏതു വികടനും അൽപം മനപ്രയാസം വരും.
( പുറമേ, ഭക്തി പ്രസ്ഥാനത്തെ തള്ളി പറഞ്ഞാലും,പുരോഗമനം/യുക്തി വാദം/ കാമൂണിസ്സം എത്ര പ്രസംഗിച്ചാലും ഉള്ളിലുള്ള ആ പഴയ വർണ ജാടയും അഹങ്കാരവും ഉണ്ടല്ലോ!) അൽപം മനപ്രയാസം വരും.“
ഞാൻ സവർണ്ണനാണെന്നും,വർണ്ണജാടയുള്ളവനാണെന്നും ഒരു തെളിവുമില്ലാതെ ആരോപിക്കുന്നതിനെ വിളിക്കേണ്ട പേര് അറിയാഞ്ഞല്ല.വിട്ടുകളയുന്നു.പിന്നെ,അഹങ്കാരിയാണ്,സംശയിക്കണ്ട.
“അതുകൊണ്ടു പന്മന നായർക്കു മനസ്സിലവില്ല എന്നൊന്നും തിരുമനസ്സു പറയല്ലേ!“
പന്മനക്കു മനസ്സിലാവുമായിരുന്നെങ്കിൽ എന്നോ മനസ്സിലാകുമായിരുന്നു.ഇനി എനിക്കു പ്രതീക്ഷയില്ല.കാക്കശ്ശേരി പോയി അദ്ദേഹത്തെ അടക്കയോ,തേങ്ങയോ,പിണ്ണാക്കോ പഠിപ്പിച്ചോളൂ.അടിയൻ ഓട്ടക്കലത്തിൽ വെള്ളം കോരാനില്ല.
“വായിലൊതുങ്ങാത്ത വാക്കുകൾ കൊണ്ടു കഥകളി ഒരു പറ നെല്ലിന്റെ വട്ടിത്തിൽ നിന്നും ഒരിഞ്ചു നീങ്ങരുതെന്നു ശഠിക്കുന്ന 'താലിബാനിസം' നിങ്ങൾ നിർത്തണമെന്നപേക്ഷിക്കുന്നു.“
കഥകളിയുടെ നൃത്തചാരുതകളെ ഒരു പറനെല്ലിന്റെ വട്ടത്തിൽ നിന്ന് പുറത്തേക്കു പടർത്തിയ കീഴ്പ്പടമാണെന്റെ ഇഷ്ടനടൻ,കൂരിരുട്ടിലിരിക്കുകയായതുകൊണ്ട് ഈ കൂപമണ്ഡൂകത്തിന് വൈദ്യതപ്രകാശത്തിന്റെ കണ്ണിഞ്ചിക്കുന്ന പ്രകാശനിറവിൽ പറവട്ടത്തിനു സാധുതയില്ലെന്ന് നന്നായി അറിയുകയും ചെയ്യാം.താലിബാനിസത്തിനു മറുപടി താങ്കളുടെ ബുഷ് സംസ്കാരത്തിലെ ഉദാരവൽക്കരണവും വ്യാകരണമില്ലാത്ത വൈകൃതവുമാണെങ്കിൽ ഞാനാ വഴിക്കില്ല.ചിട്ടയെ ഡോഗ്മയാക്കി നടക്കുന്ന താങ്കളുടെ ശത്രുക്കളായ താലിബാൻ സേനാനികൾക്കൊപ്പവും ഞാനില്ല.
ഇത്രയും മനോഹരമായ വിമർശനത്തിന് നന്ദി പറയുന്നത് അനുചിതമാകും,അതുകൊണ്ടുമാത്രം പറയുന്നില്ല.
സ്നേഹം,
വി.ശി.

Haree | ഹരീ said...

ഹമ്മേ! ഇവിടെയൊരു യുദ്ധം തന്നെയായിരുന്നല്ലോ!!! :-) ‘കാക്കശ്ശേരി’യെന്ന അനോണി പറഞ്ഞതിലും ചില കാര്യങ്ങളില്ലാതെയില്ല. എന്നാല്‍ പറഞ്ഞ കാര്യങ്ങളൊക്കെ വി.ശി-യെ ലാക്കാക്കി എയ്തത് എന്തിനെന്ന് മനസിലാവുന്നില്ല! വി.ശി.-യെ നേരിട്ട് അറിയാവുന്നയാളാവുമോ കാക്കശ്ശേരി?

വിമര്‍ശനവും, മറുപടിയും കഴിഞ്ഞു; കൂടുതലായി ഒന്നും ചേര്‍ക്കുവാനില്ല.
--

nair said...

Hello,
Vimarsanavum marupadiyum Ok. Vayikkan kollam. Views of both good. Kathakaliyile super star Gopi asan Nalacharithathinu Hydarali (now Sankaran Kutty)padanam ennu thalparyam undayirunnu. Ennal Subhadraharanathil Arjunanu Madampi padanam ennu parayum. So Sopanamum Karnataka sangeetha syliyum randum venam. Ramankutty asante keechakanum Madavoorasante Keechakanilum dharalam vyathyasangal undu. Kathakaliyil ee vyathyasangal nam kananam. Illengil namukku pidicha nadante CD eduthu ishtamullappol ittu kandal mathiyallo?
Kathakali is our art. We can see and enjoy. Good one we can appreciate. I got a cd of kiratham. One old artist performed as Arjuna. He not learned kathakali in an institution. So his kalasam and all is not much attractive. Recently I and my friends seen this CD and a kathakali at Chennai by Sadanam Kathakali troop. We a group of Kathakali lovers at Chennai seen this both. We identified that the kalasam and mudras perfection is very fine in the Sadanam artist.
Final resuilt is that the ilakiyattam and vanavarnana (Ellam Sivamayam, Bhakthimayam) by the non institutional artist is better and 100% related to the story (Katha) and (Kalasam, Mudra) kali is better in the institutional artist. We want both katha and kali that is Kathakali.
Vimarsanam arogyamayirunnal nallathu. Shanmughan is a good actor. No doubt. But he should perform and shine the role of Utharan first. Then go for Brihannalaand Duryodhanan.It is good for his Kathakali future.

മണി,വാതുക്കോടം. said...

ഹരി പറഞ്ഞതുപോലെ വിമര്‍ശനവും, മറുപടിയും കഴിഞ്ഞു; എങ്കിലും ചിലതു പറയട്ടെ. ഈ കാക്കശ്ശേരി
സ്വതേതെക്കന്‍ പക്ഷപാതിയും, കല്ലുവഴിചിട്ടയോടും അതിന്റെ പ്രയോക്താക്കളോടും
പ്രതിപത്തിയില്ലാത്തയാളുമാണെന്നു തോന്നുന്നല്ലൊ.ഒരു ദശാബ്ദം പിന്നിട്ട സമാരോഹവും(ഇപ്പോഴും നിത്യവും
ടിവിയില്‍ കാണിക്കുന്നുണ്ടല്ലൊ) ചില പഴയ സി ഡികളും വച്ചാണ് കാക്കശ്ശേരി നടന്മാരേയും
വിലയിരുത്തിയിരിക്കുന്നത്. (അപ്പോള്‍ അന്യദേശവാസിയായിരിക്കും അല്ലെ)

യധാര്‍ഥ കഥകളിയാസ്വാദകന്‍(കഥകളിസംഗീത ആരാധകന്‍ അല്ല) ഇബ്രാനെ തള്ളിതന്നെയെ പറയൂ.
അരങ്ങിനും നടനും അനുഗുണമായിട്ടല്ല അദ്ദേഹം പാടിയിരുന്നത് പലപ്പോഴും.
കുറുപ്പാശാന്‍ സ്ഥനത്തും അസ്ഥാനത്തും 'കാനട' യും 'ശ്യാമ'യുമെല്ലം വച്ചലക്കിയിരുന്നെങ്കിലും അവയൊന്നും
അരങ്ങിനും നടന്മാര്‍ക്കും പ്രതിബന്ധമായിരുന്നില്ല. അതേസമയം ആസ്വാദകര്‍ക്ക് ഹരവുമായിരുന്നു.
കുറുപ്പാശാന്‍ ഹിന്ദുസ്ഥാനി-കര്‍ണ്ണാടക രാഗങ്ങള്‍ പാടും എന്നാല്‍ അവയിലും ഒരു കഥകളിത്തം ഉണ്ടായിരിക്കും.
അല്ലാതെ അവ ആ സംഗീതരീതികളില്‍ ഉപയോഗിക്കുന്ന അതേരീതിയില്‍ തന്നെയല്ല അരങ്ങില്‍
ഉപയോഗിച്ചിരുന്നത്. തനികേരളരാഗങ്ങളായ ‘പാടി,പുറന്നീര,കാനക്കുറിഞ്ഞി,ഗൌളീപന്ത് തുടങ്ങിയവയിലുള്ള
പദങ്ങള്‍ ഇദ്ദേഹം രാഗമാറ്റങ്ങള്‍ വരുത്താതെ തനതു ശൈലിയില്‍ തന്നെ പാടിയിരുന്നു. ഇന്നുള്ള എത്ര
ഗായകര്‍ക്ക് ഇവ നന്നായി പാടാനാകും? കര്‍ണ്ണാട്ടില്‍ എം.എ പഠിച്ചതുകൊണ്ടോ,’ഗാനഭൂഷണം’
ബിരുതമെടുത്തതുകൊണ്ടോ ഈ വക രാഗങ്ങള്‍ വേണ്ടവിധം പാടിഭലിപ്പിക്കാവില്ല.

മധുവിനു ഭ്രഷ്ടു കൽപ്പിക്കേണ്ട് സമയം അതിക്രമിച്ചു കഴിഞ്ഞു.

-സു‍-|Sunil said...

ഇതിലെ അനോണി കാക്കശ്ശേരിയുടെ പരിഹാസസ്വരവും തെക്കൻ വടക്കൻ തരം തിരിപ്പിക്കാനുള്ള മൻഃപ്പൂർവമായ ശ്രമവും ഒഴിവാക്കാമായിരുന്നു.അതിൽ അദ്ദേഹം വിജയിച്ചില്ല എന്നത് ഭാഗ്യം.
കൂടിയട്ടത്തിൽ തളച്ചിടുവാൻ നോക്കുകയാണത്രെ! ബാലിശം.

മണി, നമുക്ക് വിമർശിക്കാം, പക്ഷെ ഇത്ര കടുത്ത ഭാഷ വേണോ? അരുത് എന്നാണെന്റെ പക്ഷം. വിമർശനം വേണം. പ്രത്യേകിച്ച് പണ്ട്‌ ഉണ്ടായിരുന്നപോലെ ഒരു തലതൊട്ടപ്പൻ ഒരു കലാകാരനും ഇപ്പോൾ ഇല്യല്ലോ.ആസ്വാകർ തന്നെ ആണ് വിമർശിക്കേണ്ടത്.

വികടശിരോമണി said...

ഹരീ,നായർ,സുനിൽ-നന്ദി.ഈ അനോനി കാക്കശ്ശേരിയുടെ വിമർശനം ഞാൻ നന്നായി ആസ്വദിച്ചു.താങ്കൾ ഇനിയും ദൃശ്യനായോ,അദൃശ്യനായോ വിമർശിക്കൂ,കാത്തിരിക്കുന്നു.
സ്നേഹം,
വി.ശി.

mohan said...

Nice to read the interesting accounts of kathakali pilitics.I was reminded of a similar issue a few months ago between me and K.K.Gopalakrishnan more or less on similar lines.

KKG wrote an article in 'The Hindu' potraying Sadanam Krishnan kutty as one of the tallest kathakali actors of our times and glorified Sadanam's 'Bale model' Parasuraman'as an innovative re-invention.I objected to these and hell broke loose.I was branded as a 'thekkan kathakali avarnan'and a couple of like-minded people seconded it. One person used almost abusive language against me. All these are available at 'kathakali yahoo groups website'. The comments of v.s. on sadanam and his 'bale Parasuraman' vindicates my position. Thanks.

Are we not becoming blind and doing harm to kathakali due to our rigid positions? I have my opinions, likes and dislikes of a particular chitta, actor, story ----. Can I say that that is the last word of kathakai? Lots of heartburn is caused on rigid positions on the issue 'kalluvazhi chitta' vs other chittas.To me a kathakali 'sareeram' is the inseparable combination of 'angikaabhinayam' and 'rasabhinayam'. The kalluvazhi chitta is brilliant in the first part.So, it is the half, the beautiful physical body of the kathakali.We need to infuse 'chaithanyam' to the body to make it manisfest with the attributes of a lively art.Krishnan Nair Asaan was trained in Vadakkan, thekkan and kalamandalam chittas. Unlike many small-minded artists and rasikas today, he was a born artist and hence blended the beautiful attributes of all chittas and showed us what kathakali should be. Why don't we follow that great legacy? Sorry if someone takes a stand that 'kalluvazhi chitta' or for that matter any one particular chitta is kathakali, that's wrong and misleading.

I am reading many available books on Nalacharitham very curiously and writing on it in 'SAHITYAPOSHINI'magazine. I read Panmana's book too. One may not agree with some of his points(regarding kathakali politics), but to say that he is an 'ottakkalam'in kathakali issues, is nothing but smallness. We can have our own positions, but the language used against others, exposes our faceand erodes one's credibility. But for the 'bad' comment against Panmana, I feel v.s. is one with a much broader mind and understanding of kathakali. I don't see much of 'thalibanism' in him.Well, there is a small element of 'thalibanism' in all of us. Let's make use of it for the benefit of kathakali and not its destruction.

K.S. Mohandas

nair said...

Hello,
I gone through Mr.Mohandas comment. It is also a balanced one. I also agree with you. I am agreeing few with Mr.Kakkaseri and few with Mr.Vikadasiromani. But Mr.Vikadasirmani is not having Thalibanisam. His feelings I can understand. I gone through Panmana's book. He is pointed out some facts which we should agree.
One Vallathol Jayanthi celibrations at Kalamandalam (date not remembering).Kathakali held was Devayanicharitham and Nizhalkuthu. (Kachan was by Sri.Kalamandalam Rajan master who trained under Ramankutty Asan and Padmanabhan Nair asan.) These two stories were not included in kalamandalam syllabus. Then how these stories fixed by the authorities, principal etc. For the Vallathol Jayanthi .Many persons like Our Vikadasiromani left Kalamandalam at evening and avoided kathakali. But a few of them were very happy because they were able to follow some thing than Krimmeeravadham and Kalakeyavadham.

For your knowledge for the publicity of Kalamandalam once arranged monthly one Kathakali at the head quaters of each District. The story played was seethaswyamvarm. Parasuraman by Ramankutty asan ( PRESENT VESHAM OF PARASURAMAN), POTHUVAL ASAN (chenda). ( Kottayathe kathakali vimarsanamayi. )
For the publicity Kalakeyavadham or Krimmeravadham were not played. Why?

വികടശിരോമണി said...

കെ.എസ്.മോഹൻ‌ദാസ്,നായർ-നന്ദി.
പന്മനയോട് എനിക്കുള്ള എതിർപ്പുകൾ തികച്ചും ആശയപരമാണ്.അദ്ദേഹം മികച്ച ഭാഷാപണ്ഡിതനാണ്,സമ്മതം.അത്തരം കാര്യങ്ങളിൽ അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കാൻ ഞാനെന്നും തയ്യാറാണ്.‘ശുദ്ധമലയാളവും’‘തെറ്റില്ലാത്ത മലയാളവും’ലളിതവും മനോഹരവുമായ പുസ്തകങ്ങളാണ്.പക്ഷേ അദ്ദേഹം കഥകളിയുടെ രംഗാവിഷ്കാരത്തെപ്പറ്റി അഭിപ്രായം പറയുമ്പോൾ,അത് ആധികാരികപഠനമായി പ്രസിദ്ധീകരിക്കുമ്പോൾ അത്തരം കാര്യങ്ങളെന്തെന്ന് അറിയണം.‘കല്ലുവഴിച്ചിട്ട കടലിലെറിയണം’എന്ന പ്രസ്താവന ആർക്കും നടത്താം,ആധികാരികമായി തെളിക്കാനാവണ്ടേ?ഇത്രയും പുസ്തകങ്ങളെഴുതുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്ത ശേഷം ഇങ്ങനെയുള്ള വങ്കത്തങ്ങൾ പറയുന്ന അദ്ദേഹത്തിനാണോ എനിക്കാണോ താലിബാനിസമുള്ളത്?ഞാൻ ‘ഓട്ടക്കലം’എന്ന് പന്മനയെ വിശേഷിപ്പിച്ചു എന്ന വ്യാഖ്യാനം ശരിയല്ല.ഞാൻ പറഞ്ഞത്,അദ്ദേഹത്തിന് ‘അടക്ക‘യും ‘തേങ്ങ’യും പഠിപ്പിക്കാ‍ൻ ഞാനില്ല എന്നാണ്.ആ വൃഥാവ്യായാമത്തിന്,ഓട്ടക്കലത്തിൽ വെള്ളം കോരുന്നതിന് ഞാനില്ല എന്നാണ്.
പരശുരാമനായി നാമിന്നു കാണുന്നത് രാമൻ‌കുട്ടിയാശാൻ രൂപകൽ‌പ്പന ചെയ്ത വേഷത്തെയും രംഗാവിഷ്കാരത്തെയുമാണല്ലോ.ആ അതുല്യമായ ഊർജവും അഭ്യാസദാർഡ്യവും വെളിവാകും വണ്ണം രൂപകൽ‌പ്പന ചെയ്യപ്പെട്ട ഇന്നത്തെ പരശുരാമന്റെ ഘടന,മിക്കപ്പോഴും കഥകളിയുടെ നൃത്തത്തിന്റെ ഒരു ഉത്സവം മാത്രമാണ്.അതുകണ്ട് ഭ്രമിച്ചവരും,പൊട്ടിപ്പോയ സ്റ്റൂളിന്റെ എണ്ണം പിടിച്ചിരുന്നവരും ഏറെ.കാലകേയ വധത്തിന്റെയും കിർമീരവധത്തിന്റെയും കാര്യമതല്ല,അത് ഉജ്ജ്വലമായ നൃത്യപ്രകരണങ്ങളാണ്.അനുശീലനത്തിലൂടെ മാത്രമേ അവ ആസ്വദിക്കാവുന്ന നിലയിലേക്ക് ആസ്വാദകനെത്താനാവൂ.അവയെ നിഷേധിക്കാം,മാറ്റിപ്പണിയാം,പക്ഷേ അതിനെല്ലാം അവയെന്തെന്ന് അറിഞ്ഞിരിക്കണം.

mohan said...

Thanks v.s.Unlike many others whom I have interacted on kathakali issues in the past from north Kerala, you seems to be more genuine and sensible. thanks.

I am a lover and great admirer of kathakali. So I can never agree to anyone telling that'kalluvazhi chitta should be thrown to sea', howsoever highly placed he be. The 'chitta' is a widely accepted and outstanding one. No doubt. But the problem arises when someone becomes too fanatic about the 'chitta'and equates it to Kathakali and dismisses everything else in kathakali as nonsense. This position is very dangerous.It's like telling that my child is good and noble and all other children are rogues and scoundrels. No sensible person can accept this position. Kalluvazhi chitta beautifully depicts 'Kirmeera vadham' and 'Kalakeya vadham' and
parts of many other kathakali stories where technicalities become more important. 'Kuvalaya vilochane'can be beautifully handled in the 'chitta', but not the rest of Nalacharitham. Just because of this one should not take a position that 'Nalacharitham' is a bad kathakali (I write this because I came accross many who expresses such opinions. Even Kalamandalam was guided by such narrow mindset in the past. I am not referring to the issue of 'Nalacharitham' being outside the syllabus of Kalamandalam; that may be a proper decision taken by the maestro Pattikkathodi for purely technical reasons, as Krishnan Nair Asan writes in his autobiography. I don't like to read more than that on that issue). So every 'chitta' or 'artist' has his space and limitation. Great people never dismiss anything as nonsense; only small minds creates issues and thrives in it.

There are only two actors (Krishnan Nair Asan and Gopi Asan)in our times of kathakali, who could handle any vesham of kathakali with the digity it demands. There are few other artists like Ramankutty Asan, Late Padmanabhan Nair Asan and the like who are 'unchallenged kings' in their limited roles. It is not correct to assess the 'big sea of kathakali', based on artists or chitta, which shines in some parts of it. We need a more comprehensive assessment, and we have only Krishnan Nair Asan for this. Gopi Asan is not as comprehensive as Krishnan Nair Asan, still he can also be considered. If we look at these two actors, one thing is clear. Their strength emerges from a beautiful combination of 'angikabhinayam' and 'rasabhinayam'. Both of them were trained in the first part in Kalamandalam, and the other part they imbibed by their association with great artists of their times. Both of them were receptive to new ideas (other than chitta), be it from north, middle or south Kerala. An asan or institution imparts only one-fourth of the knowledge of an art, the other three-fourth has to be acquired by keeping eyes and mind open to the world. But unfortunately we become prisoners of 'chitta', regionalism, institutionalism, casteism, 'fanism' etc. and our great art suffers. We must learn to glorify KATHAKALI and not narrow parochialism. We must learn to respect every chitta and artist, on whose toils this great art is built up for all of us to enjoy.

A building is not its BRICKS, but BRICKS are important component of the bulding. Similarly, no purticular CHITTA is not Kathakali, but CHITTA is its essential part. If we understand this simple logic, a lot of heartburn can be avoided and we will be able to enjoy kathakali better.

Sorry, I am not conversant in typing Malayalam in the blog and hence using English. Haree, has given me the tips, but I am yet to learn it.

K.S. Mohandas

വികടശിരോമണി said...

മോഹൻ ദാസ്,
വീണ്ടുമുള്ള വരവിനും അഭിപ്രായത്തിനും നന്ദി.
ഒന്നുകിൽ ചിട്ടഭ്രമം കൊണ്ട് ലാവണ്യൈകവാദികകളായവർ,അല്ലെങ്കിൽ കളരിപ്രകാരത്തെ പുച്ഛത്തോടെ കാണുന്നവർ-ഇങ്ങനെയൊരവസ്ഥ ഏതൊരു കലാരൂപത്തിലും അഭിലഷണീയമല്ലല്ലോ.പാർശ്വദൃഷ്ടിയാവാതെ,എന്നാലാവും വിധം കാഴ്ച്ചപ്പാടുകൾ പങ്കുവെക്കാനാണ് എന്റെ ശ്രമം.
കഥകളിയരങ്ങിലെ കൊടുമുടികളോരോന്നായി നിലം പൊത്തുകയാണ്-പുതിയ തലമുറ വളർന്നു വരേണ്ടിയിരിക്കുന്നു.ആ പുതിയ കാലത്തിലെ കഥകളിയുടെ പരിപ്രേക്ഷ്യമെന്തായിരിക്കണം എന്നും നാമിനി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഈ പോസ്റ്റിനു ശേഷമുള്ള എന്റെ രണ്ട് പുതിയ പോസ്റ്റുകൾ,ഒന്ന് കൃഷ്ണലീലയെക്കുറിച്ചും,ഏറ്റവും പുതിയതായി ലോകധർമ്മി-നാട്യധർമ്മി എന്നിവയെക്കുറിച്ചും കണ്ടില്ലേ?പുതിയ സംവാദങ്ങളും രൂപപ്പെടുന്നു.കാണുമല്ലോ.
നന്ദി.