Tuesday, September 23, 2008

കീഴ്പ്പടം-വിശകലനവും ചില കാലികചിന്തകളും-ഭാഗം:3

വിയോജനത്തെ, സർഗ്ഗാത്മകമായ ഒരു ആദരവായാണ് ഞാൻ കാണുന്നത്.വിയോജിക്കാൻ എന്തെങ്കിലുമുള്ളതുകൊണ്ടാണല്ലോ വിയോജിക്കാനാവുന്നത്!ഒരു വിയോജിപ്പുമില്ലാത്തതായി വിയോജിക്കുക എന്ന നിലപാടുപോലുമില്ല.
നൃത്തഭാഷ്യങ്ങളിലെ വിയോജനങ്ങൾ
കീഴ്പ്പടത്തിന്റെ നൃത്തധാരണകൾ,ഇത്തിരിവട്ടം കണ്ടും അനുഭവിച്ചും ജീവിക്കുന്ന സാധാരണകഥകളിക്കാരന്റെയായിരുന്നില്ല.നീണ്ടകാലത്തെ പ്രവാസം,കുമാരൻ നായരിൽ ബഹുസ്വരതയാർന്ന നൃത്താനുഭവങ്ങൾ നിറച്ചു.ഭതനാട്യവും കുച്ചിപ്പുടിയും മുതൽ,കഥക്കും മണിപ്പുരിയും വരെ കീഴ്പ്പടത്തിലൂടെ കയറിയിറങ്ങിയിട്ടുണ്ട്.കൊടുങ്ങല്ലൂർ കളരിയിലേക്കു പോയ പട്ടിക്കാംതൊടിയും തിരിച്ചുവന്ന പട്ടിക്കാംതൊടിയും പോലെ,പ്രവാസത്തിനുമുൻപുള്ള കീഴ്പ്പടവും ശേഷമുള്ള കീഴ്പ്പടവും രണ്ടുപേരായിരുന്നിരിക്കണം.കഥകളിയുടെ നൃത്തഭാഷയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾക്കിടക്ക്,കീഴ്പ്പടത്തിന് പിശകുകളും സംഭവിച്ചിട്ടുണ്ട്.ഉദാഹരണത്തിന്,കാർത്തവീര്യാർജ്ജുനവിജയത്തിലെ ‘കമലദളം’എന്ന പതിഞ്ഞ ശൃംഗാരപ്പദത്തിനു ശേഷമുള്ള,“അദ്ഭുതമിതോർത്താലേവം”എന്ന പദത്തിൽ,“ദാസിയാകുമുർവ്വശിയിൽ”എന്ന ഭാഗത്തിൽ കീഴ്പ്പടം കൊണ്ടുവന്ന നൃത്തവിശേഷം.അത്യന്തം നാട്യധർമ്മിയായ ആ സന്ദർഭത്തിന്റെ മുഴുവൻ ചാരുതയേയും ചീന്തിക്കളയുന്ന ഒരു സാഹസമായിരുന്നു അത് എന്നാണ് എന്റെ അഭിപ്രായം.കഥകളിയുടെ സങ്കേതശിൽ‌പ്പത്തിനോട് ആവശ്യമില്ലാത്ത ഒരു ‘കീഴ്പ്പടംയുദ്ധ’മായിരുന്നു അത്.
താളത്തെ അനുസരിക്കാനും,താളത്തോടിടഞ്ഞുനിൽക്കാനും മികച്ച താളബോധമുള്ള ഒരു കഥകളിനടനു പറ്റും.കീഴ്പ്പടം പലപ്പോഴും രണ്ടാമത്തെ മാർഗം പിന്തുടർന്നു,അതിൽ വിസ്മയങ്ങളും സൃഷ്ടിച്ചു.എന്നാൽ ചിലപ്പോൾ,താളത്തിന്റെ അനുസരണത്തിൽ തന്നെ കഥകളിയുടെ അനുപമസൌന്ദര്യം ഇതൾ വിരിയുന്ന ചില സന്ദർഭങ്ങളിൽ,കീഴ്പ്പടം പുതുവഴികൾ തേടി നിറം മങ്ങി.നല്ലൊരുദാഹരണമാണ് തോരണയുദ്ധത്തിലെ ‘സമുദ്രലംഘനം’ആട്ടം.ലങ്കയിലേക്കു ഹനുമാൻ ചാടുന്നതോടെ ആരംഭിക്കുന്ന മുറിയടന്തമേളത്തോടൊപ്പം,താളത്തിനനുസരിച്ച് കാൽ വെച്ചുകൊണ്ട് മുമ്പിലേക്കുതിരിഞ്ഞ് പുറപ്പാടിലെ നാലാംനോക്കിന്റെ ക്രമത്തിൽ കാൽകുടഞ്ഞ്,അതിന്റെ ഒടുവിലത്തെ പത്തുകാലുകൾ ഇരട്ടിച്ച കാലത്തിൽ കുടഞ്ഞ്…ആ സമുദ്രലംഘനത്തിന്റെ സൌന്ദര്യം അനിർവ്വചനീയമാണ്.എന്നാൽ കീഴ്പ്പടം കണ്ടെത്തിയ സമുദ്രലംഘനരീതിയിലില്ലാത്തത് ഈ മനോഹാരിതയാണ്.
നൃത്തം അരങ്ങുനിറയുന്ന ഒരനുഭവമായി കീഴ്പ്പടം എതിർവായിച്ചപ്പോൾ,കല്ലുവഴിക്കളരിയുടെ ആധാരശിലകളിലൊന്നായി കെ.പി.എസ്.മേനോൻ നിർവ്വചിച്ച ‘ഒതുക്കം’ നഷ്ടമായോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
കഥകളിയെ കാണാത്ത കാവ്യാത്മകത
അടിമുടി കവിത നിറഞ്ഞ കീഴ്പ്പടത്തിന് ചിലപ്പോൾ ശാപവുമായി.ത്രിപുടയുടെ നാലുകാലങ്ങളിലൂടെയും ക്രമാനുഗതമായി വളർന്ന്,ഉജ്വലമായ രാജസദീപ്തി സൃഷ്ടിക്കുന്ന രാവണോൽഭവത്തിലെ ‘തപസ്സാട്ട’ത്തിനിടക്ക്,അമ്മയുടെ കണ്ണുനീർമുത്തുകൾ കോർത്തെടുക്കുന്ന കണ്ണുനീർ മാല്യമെന്നു ഉപമിക്കുന്നതിന്റെ ഔചിത്യമെന്താണ്?നളദമയന്തിമാരെ കൂട്ടിയിണക്കാനായി ബ്രഹ്മാവയച്ച ഹംസം എന്ന വായന കൊള്ളാം,അതിന് ഹംസം ഇത്രക്കൊക്കെ തന്റേടാട്ടമാടിയാലോ?...അങ്ങനെ പലതും.
ബുദ്ധിമുട്ടിപ്പിക്കലുകൾ
കളിയരങ്ങ് ആർക്കും തർക്കിച്ചു ജയിക്കാനുള്ള ഇടമല്ല.പാത്രസ്ഥായിക്കും,കഥാസന്ദർഭത്തിനുമനുഗുണമായേ കഥകളിയിൽ മനോധർമ്മങ്ങൾ പാടൂ.കീഴ്പ്പടം പലയരങ്ങിലും ഇതു മറന്നു.ആ മറവികൾ,കഥകളിയുടെ വളർച്ചക്കൊരു സഹായവും ചെയ്യുന്നില്ല-കൂട്ടുവേഷക്കാരനെ വെള്ളം കുടിപ്പിക്കുകയല്ലാതെ.താളത്തിലിടഞ്ഞു കൊട്ടുകാരനെ,പുരാണജ്ഞാനം കൊണ്ടു വേഷക്കാരനെ… ഈ ബുദ്ധിമുട്ടിപ്പിക്കലുകൾക്ക് എന്തർത്ഥമാണുള്ളത്?
വിയോജിപ്പുകൾ നീട്ടുന്നില്ല.മഹാനായ ഒരു കലാകാരനെ സത്യസന്ധമായി വായിക്കാനുള്ള ഒരു ശ്രമം മാത്രമായി ഈ നിരീക്ഷണങ്ങളെ കാണുക.
പഴയ ഓർമ്മയും പുതിയ വെളിച്ചവും
കളിയരങ്ങിലെ പ്രകാശഗോപുരങ്ങൾ ഓരോന്നായി അണയുകയാണ്.പുതിയ നാമ്പുകൾ മുളപൊട്ടുന്നു..അരങ്ങുശാഠ്യങ്ങളുടെയും,സങ്കുചിതകലാദർശനത്തിന്റെയും,വരേണ്യവാദത്തിന്റെയും കാലവും അസ്തമിക്കുകയാണ്. കീഴ്പ്പടത്തെ മറന്ന് ഇനി കഥകളിക്കു മുന്നോട്ടു പോകാനാവുമെന്നു തോന്നുന്നില്ല.കഥകളിയുടെ ഉദ്ഗ്രഥനത്തിനായി ജന്മം നീക്കിവെച്ച ആ മഹാപ്രതിഭക്കു കോടി നമസ്കാരം.കളിവിളക്കുകളിരുളുന്ന ഈ കെട്ടകാലത്ത്,ആ ഓർമ്മകൾ നമുക്കു വാജീകരണമാകട്ടെ…
(അവസാനിച്ചു)

12 comments:

വികടശിരോമണി said...

എന്റെ കീഴ്പ്പടം കഥകളിവിചാരങ്ങളുടെ അവസാനഭാഗം.പ്രതികരിക്കുക...

എതിരന്‍ കതിരവന്‍ said...

പെര്‍ഫൊമിങ് ആര്‍ട്സില്‍ കഥപറയാന്‍ അഭിനയം കൂടിയേ തീരൂ. നൃത്തം വേണമെന്നില്ലല്ലൊ. പക്ഷെ കഥകളിയില്‍ നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും (ഇതു രണ്ടും വേറിട്ടൊ ഒന്നിച്ചോ) കഥ പറയുന്ന വ്യവസ്തിതിയാണുള്ളത്. ഇത് പരമാവധി ഉപയോഗിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു കീഴ്പ്പടം. ചിരപരിചിതമായതില്‍ നിന്നും വേറിട്ട ഒന്ന് അലോസരപ്പെടുത്തുന്നത് കീഴ്വഴക്കങ്ങളോറ്റുള്ള അത്യന്ത ഭയബക്തി ബഹുമാനങ്ങളാണ്.

മതു നൃത്തങ്ങളിലെ പ്പോലെ പ്രത്യേകിച്ചും ഭരതനാട്യത്തിലെപ്പോലെ നൃത്തത്തെ വിപുലീകരിച്ചിട്ടില്ല കഥകളി ഇന്നും. ഭരതനാട്യത്തിലെ വര്‍ണ്ണങ്ങളിലെ ഒരു ജതി തന്നെ പത്തും പതിനച്ചും മിനുട്ടു വരെ നീളുന്നു ഇന്ന്. മൃദംഗത്തിന്റെ ജതികളുടെ സാദ്ധ്യതകള്‍ വികസിപ്പിച്ചെടുത്തതാണിത്. ബാലസരസ്വതിയും മറ്റും ചെയ്തിരുന്ന ജതികള്‍ ചെറുതും ലളിതവുംമായിരുന്നു. കഥകളിയില്‍ ഇതുപോലെ ചില വെല്ലുവിളികള്‍ കീഴപ്പടം ഏറ്റെടുക്കാന്‍ യത്നിച്ചിട്ടുണ്ട്. മറ്റു നൃത്തരൂപങ്ങളില്‍ റിഹേഴ്സല്‍ ചെയ്ത് മുങ്കൂര്‍ തീരുമാനിച്ച വഴികളിലൂടെ ജതികള്‍ കൊണ്ടുപോകുമ്പോള്‍ കഥകളിയില്‍ പൊടുന്നനവേ പൊട്ടിപ്പുറപ്പെടുകയാണ്, കളിക്കാരന്റെ നിയന്ത്രണത്തില്‍. ഇക്കാര്യത്തില്‍ ഒരു ധാരണയുണ്ടാക്കിയിട്ട് കലാശങ്ങള്‍ എടുക്കുകയാണെങ്കില്‍ മേളക്കാര്‍ക്ക് കുഴച്ചിലുണ്ടാവില്ല. കീഴ്പ്പടം മേളക്കാര്‍ക്കു മുന്നറിയിപ്പു കൊടുത്തിരുന്നെങ്കില്‍ ചില വിഷമങ്ങള്‍ ഒഴിവാക്കാമായിരുന്നു.

കീഴ്പ്പടം ഉണര്‍ത്തിവിട്ട തിയേറ്റര്‍ സങ്കല്‍പ്പം ആരെങ്കിലും പിന്തുടരുന്നുണ്ടോ, നൃത്തത്തില്‍ വെല്ലുവിളികള്‍ സ്വീകരിക്കപ്പെടുമ്മൊ, ഇതൊക്കെയായിരിക്കണം ഇന്നത്തെ ആകുലതകള്‍.

വികടശിരോമണി said...

കതിരവാ,
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.
ഭേഷ്! ‘അത്യന്ത ഭയഭക്തി ബഹുമാനങ്ങൾ’-ആ പ്രയോഗം എനിക്കു ബോധിച്ചു.
കഥാഖ്യാനസാധ്യതകൾക്കായി നൃത്തമുപയോഗിച്ച് കീഴ്പ്പടം നടത്തിയ ശ്രമങ്ങളിൽ ചിലവ അദ്ദേഹം തന്നെ പിന്നീടുപേക്ഷിച്ചിട്ടുമുണ്ട്.സൌഗന്ധികം ഭീമന്റെ വനയാത്ര,‘അഡ്ഡിഡ്ഡിക്കിട’വെച്ചിട്ടുള്ള ചിരപരിചിതരീതിക്കു പകരം,മറ്റൊരു നൃത്തരീതിയിൽ അദ്ദേഹം ഒരരങ്ങിൽ പരീക്ഷിക്കുന്നു,നന്നല്ലെന്നു സ്വയം മനസ്സിലാക്കി പിന്നീടതുപേക്ഷിക്കുന്നു.അങ്ങിനെയും സംഭവിച്ചിട്ടുണ്ട്.
എന്റെ അഭിപ്രായത്തിൽ,കോട്ടയം കഥകളടക്കമുള്ള “ചിട്ടക്കഥകൾ’ വരെ പരിഷ്കരണങ്ങൾക്കു വിധേയമാകേണ്ട കാലമാണിത്.പക്ഷേ,‘നൃത്തത്തിന്റെ വിപുലീകരണം’-അതെനിക്കു വ്യക്തമായില്ല കതിരവാ.ഭരതനാട്യത്തിൽ നടന്ന ജതികളുടെ വിപുലീകരണം പോലെ ഒന്ന് കഥകളിയുടെ സങ്കേതസ്വഭാവത്തിനിണങ്ങുമോ?
മുൻകൂട്ടി മേളക്കാരും വേഷക്കാരുമായുണ്ടാകേണ്ട ധാരണയെക്കുറിച്ച് കതിരവന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു.ഇന്നും അത്തരമൊരു സഹവർത്തിത്വത്തിന്റെ സംസ്കൃതി കഥകളിക്കാർക്കിടയിൽ രൂപപ്പെട്ടിട്ടില്ല.
കീഴ്പ്പടം ഉയർത്തിയ തീയറ്റർ സങ്കൽ‌പ്പം,കീഴ്പ്പടം ശിഷ്യന്മാരിൽ ചിലർ അതേപടി,‘വെള്ളം ചേർക്കാതെ’ കൊണ്ടുനടക്കുന്നുണ്ട്.അങ്ങനെ,അതും ഒരു ‘ഡോഗ്മ’യായി മാറുന്നു.അതൊട്ടും ഗുണകരമല്ലെന്നു മാത്രമല്ല,കീഴ്പ്പടത്തോടു ചെയ്യുന്ന അനീതിയുമാണ്.
നൃത്തഠിന്റെ കാര്യത്തിൽ,വെല്ലുവിളികളെ സ്വീകരിക്കാനാവാത്തവിധം ഇന്നും ഒരുകൂട്ടം ‘ചിട്ടഭ്രമക്കാർ’വടിയും കോലും പിടിച്ചു നിൽ‌പ്പാണ്,പുതിയതായെന്തെങ്കിലും ചിന്തിക്കുന്ന കഥകളിക്കാരെ ചട്ടം പഠിപ്പിക്കാൻ!

നിഷ്ക്കളങ്കന്‍ said...

ഈ എഴുത്തും എതിരന്റെ കമന്റും, കീഴ്പടം ഇന്നുണ്ടായിരുന്നെങ്കില്‍, ഒന്നുകൂടി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന തോന്നല്‍ ഉള‌വാക്കുന്നു. കീഴ്പടം പല‌യിടത്തും അദ്ധ്യാപകനായിരുന്നിട്ടുണ്ടെങ്കിലും, വിവസ്ഥാപിതമായ ഒരു സ്ഥാപനത്തില്‍ ദീര്‍ഘകാലം ഇരിയ്ക്കുകയോ അനവധി ശിഷ്യന്മാരെ സൃഷ്ടിയ്ക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയം. കീഴ്പടത്തിന്റെ ക‌ളി കണ്ട് മനോഹരം എന്ന് എല്ലാ ആസ്വാ‍ദക‌ര്‍ക്കും തോന്നിയ പലതും ചിട്ട ചെയ്യപ്പെടാഞ്ഞതും ഇതുകൊണ്ടൂതന്നെയാവാം അല്ലേ? ‘ചിട്ട’ യാണ് കൂടെ പ്രവര്‍ത്തിയ്ക്കുന്നവരില്‍ ആശയക്കുഴപ്പം ഉണ്ടാവാതിരിയ്ക്കാന്‍ ഏറ്റവും നല്ല്ല മാര്‍ഗ്ഗം. കഥകളിയില്‍ വ്യവസ്ഥാപിതമായ ചിട്ടക‌ളില്‍ മാറ്റം വരുത്തണമെങ്കില്‍, സൌന്ദര്യവല്‍ക്കരണം കൊണ്ടുവരണ‌മെങ്കീല്‍, അക്കാഡമിക് ആയ ഒരു ചട്ടക്കൂട് ഉണ്ടായേ പറ്റൂ. അതീന്റെ അഭാവമായിരിയ്ക്കണം കീഴ്പടം ശൈലി ആരാധകരുടെ മനസ്സില്‍ മാത്രമായിപ്പോവാന്‍ കാരണം എന്നു തോന്നുന്നു. ആരൊക്കെയാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എന്നറിയാമോ?

എതിരന്‍ കതിരവന്‍ said...

കലാശങ്ങളു‍ടെ വിപുലീകരണമല്ല ഉദ്ദേശിച്ചത്. നൂതനത്വവും ശില്‍പ്പവ്യത്യാസങ്ങളുമാവാം. പകുതിപ്പുറപ്പാട് ഉണ്ടായി വന്നിട്ട് അധികം നാളായിട്ടില്ലല്ലൊ.

പി. രാജശേഖറിന്റെ മോഹിനി വിജയം കണ്ടിട്ടുണ്ടോ? പ്രഗല്‍ഭരായ കത്തിവേഷക്കാര്‍ക്ക് ഗാംഭീര്യം ചോരാതെ നൃത്തം സ്വാംശീകരിക്കാന്‍ വകുപ്പുകളുണ്ടതില്‍. കലാമണ്ഡലം രാമകൃഷ്ണന്‍ ചെയ്യുന്നത് ഒന്നാന്തരമായിട്ടാണ്.

ഭരതനാട്യത്തിന്റെ വളര്‍ച്ച അസൂയാവഹമാണെന്ന് കഥകളിക്കാരും കളിഭ്രാന്തന്മാരും മനസ്സിലാക്കേണ്ടതാണ്. അതുപോലെ പുതുമകള്‍ ആവാഹിക്കാന്‍ കഥകളിയ്ക്കാവില്ലെങ്കിലും ഒരു തിയേറ്റര്‍ എന്ന എന്ന സ്വഭാവം കൈവരുത്താന്‍ കളിക്കാരും കാണുന്നവരും ശ്രമിക്കുന്നില്ല. നവസംവേദനശീലമുള്ള ആസ്വാദകരാണ് ഇന്ന് ആവശ്യം.

ഒരു പുതിയ കപ്ലിങ്ങാട് ഇന്ന് വന്നു ചേര്‍ന്നെങ്കില്‍ ഇന്നത്തെ കളിഭ്രാന്തനമാര് അദ്ദേഹത്തെ ഓടിയ്ക്കും, തീര്‍ച്ച.‍

വികടശിരോമണി said...

നിഷ്കളങ്കാ,
അഭിപായങ്ങൾക്കു നന്ദി.കീഴ്പ്പടം സദനം കഥകളികേന്ദ്രത്തിലാണ് ദീർഘകാലം അധ്യാപകനായിരുന്നത്.പ്രമുഖശിഷ്യരും അതിനാൽ സദനത്തിൽ നിന്നു തന്നെ.പ്രധാനശിഷ്യരുടെ വിവരം താഴെക്കൊടുക്കുന്നു.
സദനം ബാലകൃഷ്ണൻ-കീഴ്പ്പടത്തിന്റെ ഏറ്റവും പ്രതിഭയുള്ള ശിഷ്യൻ എന്നു ഞാൻ വിശേഷിപ്പിക്കും.ഏറെക്കാലം ഡൽഹി കഥകളി സെന്റെറിൽ.ഇപ്പോൾ മദ്രാസിലാണ്.പച്ച,കത്തി,വെള്ളത്താടി,കരി എന്നിവ ചെയ്യും
സദനം കൃഷ്ണൻ കുട്ടി-
തെക്കുള്ളവർക്ക് കൃഷ്ണൻ കുട്ടിയെ പരിചയപ്പെടുത്തേണ്ടല്ലോ.നല്ല അഭ്യാസബലം,ആഹാര്യശോഭയുള്ള മുഖം.
നരിപ്പറ്റ നാരായണൻ നമ്പൂതിരി-കീഴ്പ്പടം തുടങ്ങിവെച്ച രംഗദർശനങ്ങളെ ആഴത്തിൽ മനസ്സിലാക്കാനും രംഗത്തു പകർത്താനും ശ്രമിക്കുന്ന ശിഷ്യരിൽ ഒന്നാമൻ.വെള്ളത്താടി മികച്ച വേഷം.കത്തിയും,പച്ചയും കൊള്ളാം.ചില കരി വേഷങ്ങൾ ഗംഭീരം.
സദനം ഹരികുമാർ-കീഴ്പ്പടദർശനങ്ങളെ അക്കാദമിക്കാ‍യി സമീപിച്ച്,ഇഴപേർത്തു വ്യാഖ്യാനിക്കുന്ന കാര്യത്തിൽ ഹരികുമാറിന് എതിരില്ല.ആട്ടക്കഥാരചന,കഥകളി-കർണ്ണാടകസംഗീതങ്ങൾ,ചിത്രരചന തുടങ്ങി കൈവെക്കാത്ത മേഖലകൾ ചുരുക്കം.പച്ച,കത്തി,കരി,വെള്ളത്താടി എന്നിവയെല്ലാം ചെയ്തു കണ്ടിട്ടുണ്ട്.
സദനം ഭാസി-മുതിർന്ന ശിഷ്യരുടെ തലമുറ കഴിഞ്ഞാൽ ഏറ്റവും പ്രസ്താവയോഗ്യമായ പേര് ഭാസിയുടേതാണെന്നു തോന്നുന്നു.ചെറിയ ശരീരമാണ് ഭാസിയുടെ ഏറ്റവും വലിയ പരിമിതി.കടുകിട താളം പിഴക്കാത്ത കാല്.മികച്ച അഭ്യാസബലം.ഹനുമാൻ മികച്ച വേഷം.പെൺകരികൾകൾ അദ്വിതീയം.ദക്ഷയാഗത്തിലെ ഭാസിയുടെ ഭദ്രകാളി കണ്ടവർ ഭാസിയെ ജന്മത്തു മറക്കില്ല.
ഇനിയും പലരുമുണ്ട്,വിസ്താരഭയത്താൽ നിർത്തട്ടെ.
കതിരവാ,ശരിതന്നെ,കപ്ലിങ്ങാടിനെ ഇവരെല്ലാം കൂടി ഓടിക്കും.കഥകളിയിൽ നിലനിൽക്കുന്ന ഈ യാഥാസ്ഥിതികതയെക്കുറിച്ച് താമസിയാതെ ഞാനൊരു പോസ്റ്റിടാമെന്നു കരുതുന്നു.
നൃത്തത്തിന്റെ കാര്യത്തിൽ ഞാൻ കതിരവന്റെ അഭിപ്രായത്തോട് യോജിക്കുന്നു.പുതിയ സംവേദനശീലമുള്ള ആസ്വാദകരെ കഥകളി ആവശ്യപ്പെടുന്നു.കാലത്തോടു പ്രതിസ്പന്ദിക്കാത്ത കല മ്യൂസിയത്തിൽ വെക്കാനേ കൊള്ളൂ,അരങ്ങു കിട്ടില്ല.
മോഹിനീവിജയത്തെപ്പറ്റി ഒരുപാടു കേട്ടെങ്കിലും കാണാനൊത്തിട്ടില്ല.
നന്ദി.

അനില്‍@ബ്ലോഗ് said...

കഥയറിയില്ലെങ്കിലും ആട്ടം കണ്ട് തലകുലുക്കുന്നതില്‍ തെറ്റില്ലല്ലോ.

പക്ഷെ അതിനും നിവര്‍ത്തിയില്ല, ഒരു വാക്കുപോലും കമന്റിടാന്‍ അറിയാത്ത ഒരു വിഷയം.

ഇത്തരം പോസ്റ്റുകള്‍ ബൂലോകത്തിനു മുതല്‍ക്കൂട്ടാവട്ടെ എന്ന ആശംസകള്‍ മാത്രം

Haree | ഹരീ said...

> ചിട്ടപ്രധാനകഥകളില്‍ അധികം പരിഷ്കാരങ്ങള്‍ വേണമെന്നു കരുതുന്നില്ല. അതില്‍ യാഥാസ്ഥിതികതയുടെ പ്രശ്നമൊന്നുമില്ല. കിര്‍മ്മീരവധമാണോ, നളചരിതമാണോ അവതരിപ്പിക്കുന്ന കഥ എന്നതല്ലല്ലോ കാര്യം. എങ്ങിനെ അവതരിപ്പിക്കുന്നു എന്നതല്ലേ? കിര്‍മ്മീരവധം നാടകീയമാക്കുകയും, നളചരിതം ചിട്ടപ്രധാനമാക്കുകയും ചെയ്യുന്നതില്‍ എന്താണ് പ്രയോജനം?

> ഭരതനാട്യം ജതിപോലെ, പഠിച്ചു വന്ന് രംഗത്ത് കഥകളി അവതരിപ്പിക്കുന്നതിനോടും താത്പര്യമില്ല. കഥകളിയിലെ ഈ ‘ഡൈനമിക് അപ്രോച്ച്’ തന്നെയല്ലേ അതിന്റെ ഏറ്റവും വലിയ ആകര്‍ഷണവും? വിവിധ ദേശങ്ങളില്‍ നിന്നും, പല ഗുരുക്കന്മാരോടൊത്ത് പഠിച്ചിറങ്ങുന്നവര്‍ ഒരുമിച്ച് ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കുന്നു. അങ്ങിനെ പ്രവര്‍ത്തിച്ച് പ്രവര്‍ത്തിച്ച് അവരോരോരുത്തരും ഓരോ സമ്പ്രദായങ്ങള്‍ സ്വയം നിര്‍വ്വചിക്കുന്നു. ഉദാ: ഗോപി-ശിവരാമന്‍, ഗോപി-വിജയകുമാര്‍, ഗോപി-ഷണ്മുഖന്‍... മൂന്നിടതും ഗോപിയുണ്ടെങ്കിലും, ദമയന്തി മാറുന്നതിനനുസരിച്ച് നളനും മാറുമല്ലോ! ഇവരെല്ലാവരും ഒരേ പോലെ കളിച്ചാലോ?

> ‘പറവട്ട’ത്തുനിന്നു കളിക്കുവാന്‍ പഠിപ്പിച്ചിരുന്ന ആ‍ളാണോ കീഴ്പ്പടം? (കീഴ്പ്പടത്തെ ഞാന്‍ കണ്ടിട്ടില്ല...) സദനം കൃഷ്ണന്‍‌കുട്ടി അദ്ദേഹത്തിന്റെ ശിഷ്യനോ! കൃഷ്ണന്‍‌കുട്ടിക്ക് ‘കുവലയവിലോചനേ...’ കളിക്കുവാന്‍ തന്നെ വേണം നാലു പറവട്ടം!!! :-)

> പിന്നെ അവയൊന്നും ബുദ്ധിമുട്ടിക്കലായി കാണേണ്ടതില്ല. ഒരേ പോലെ ക്രിയേറ്റീവ് അല്ലാത്തവര്‍ ഒന്നിക്കുമ്പോളാണ്, ചിലര്‍ക്ക് അത് ബുദ്ധിമുട്ടായി തോന്നുന്നത്. കൂട്ടുവേഷക്കാരുടെ/മേളക്കാരുടെ/പാട്ടുകാരുടെ കഴിവറിഞ്ഞുവേണം ഓരോരുത്തരും അരങ്ങത്ത് പ്രവര്‍ത്തിക്കേണ്ടത്. ആര്‍ക്കെങ്കിലും അത് ബുദ്ധിമുട്ടായാല്‍ അത് കളിയെ ബാധിക്കുമെന്നു മനസിലാക്കിവേണം ബുദ്ധിമുട്ടിക്കുവാന്‍. ബുദ്ധിമുട്ടാവാത്ത രീതിയില്‍ മാത്രമേ ക്രിയേറ്റീവ് പരീക്ഷണങ്ങള്‍ പാടുള്ളൂ.
--

എതിരന്‍ കതിരവന്‍ said...

ഹരീ:
ജതികല്‍ പോലെ പഥിച്ചു വന്ന് ചെയ്യനമെന്നല്ല ഉദ്ദേശിച്ചത്. രണ്ടുകാര്യങ്ങള്‍:
1. ജതികള്‍ വ്സ്തൃതമായതുപോലെ കലാശങ്ങളില്‍ മാറ്റം വരുത്താം, മദ്ദളത്തിന്റേയും ചെണ്ടയുടേയും സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്.
2. പഥിച്ചു വന്ന് അതേപടി, മറ്റു നൃത്തങ്ങളിലെപ്പോലെ ചെയ്യണമെന്നല്ല. കലാശങ്ങളില്‍ പുതുമ വരുത്തുമ്പോള്‍ മേളക്കാരും അറിഞ്ഞിരിക്കണം. അങ്ങനെ ഒരു ധാരണ വളര്‍ന്നുവരണമെങ്കില്‍ തമ്മില്‍ മുങ്കൂര്‍ വിനിമയം ആവശ്യമാണല്ലൊ.

വികടശിരോമണി said...

ഹരീ,
ചിട്ടക്കഥകളെ നളചരിതം പോലെ നാടകീയമാക്കണമെന്നോ,നളചരിതത്തെ കിർമ്മീരവധം പോലെ ചിട്ടയിലാക്കണമെന്നോ പറഞ്ഞില്ല.ചിട്ടക്കഥകളിലടക്കം പരിഷ്കരണം ആവശ്യപ്പെടുന്ന മേഖലകളുണ്ട്.അവ അനുവദിക്കാതിരിക്കുന്നത് യാഥാസ്ഥിതികമാണ്-അത്രയേ പറഞ്ഞൂള്ളു.
കഥകളിയുടെ ബഹുസ്വരതയാർന്ന ശൈലീഭേദങ്ങളെ ഏകതാനമാക്കണം എന്നും പറഞ്ഞില്ല.
പറവട്ടമൊക്കെ ആശാൻ കളരിയിൽ പാലിച്ചിരുന്നെങ്കിലും അരങ്ങിൽ ഒട്ടുമില്ലായിരുന്നു,കീഴ്പ്പടത്തിന്റെ സമീപനത്തിന് അതാവശ്യവുമല്ലായിരുന്നു.
കൃഷ്ണൻ കുട്ടിയെന്ന ശിഷ്യനെ വെച്ച് കീഴ്പ്പടത്തെ അളക്കരുത്,അതു മുഴങ്കോലു വെച്ച് പർവ്വതത്തെ അളക്കലാണ്.
മുങ്കൂർ ധാരണയെക്കുറിച്ച് കതിരവൻ പറഞ്ഞിടത്തൂ തന്നെ ഞാനും.
നന്ദി.

ഗീതാഗീതികള്‍ said...

ഈ ലേഖനം മുന്‍ഭാഗങ്ങളൊക്കെ വായിച്ച് തീര്‍ത്തത് ഇന്നാണ്. കഥകളി കണ്ടിരിക്കാന്‍ ഭയങ്കര ഇഷ്ടമാണെങ്കിലും ആധികാരികമായി ഒന്നും പറയാന്‍ അറിയില്ല. മുന്‍‌കൂട്ടി കഥ അറിയാമെങ്കില്‍ മുദ്രകളും പാട്ടും ശ്രദ്ധിച്ച് കളി ആസ്വദിക്കും. അതിനുള്ള അവസരം വളരെ കുറച്ചേ കിട്ടിയിട്ടുള്ളൂ.

വികടശിരോമണി said...

ഗീതാഗീതികൾ,
വായനക്കും അഭിപ്രായത്തിനും നന്ദി.ആധികാരിക അറിവുകൾ ഇല്ലാത്തതും പലപ്പോഴും കലാസ്വാദനത്തിൽ അനുഗ്രഹമാണ്,മുൻ‌വിധികളില്ലാതെ കളികാണാം.ഇനിയും സമയമുള്ളപ്പോൾ കഥകളി കാണൂ...