Saturday, November 22, 2008

കൃഷ്ണലീലയും അരങ്ങിന്റെ വികാസപരിണാമങ്ങളും

സമകാലീനകഥകളിയിൽ വന്ന പുതിയ കഥകളിൽ ശ്രദ്ധേയമായ ഒന്നാണ് ഡോ.പി.വേണുഗോപാലൻ രചിച്ച കൃഷ്ണലീല.രചനയിൽ വലിയ കവിത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും,കഥകളിയരങ്ങിനെന്തുവേണം എന്ന ബോധം കൃഷ്ണലീലയുടെ രചനാശിൽ‌പ്പത്തിനുണ്ട്.കൃഷ്ണലീലയെപ്പറ്റി ഹരീയുടെ പോസ്റ്റിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തപ്പോഴാണ് ഇത്തരം ഭാവനകളുടെ ഇടപെടലുകളെപ്പറ്റി കൂടുതൽ ചിന്തിച്ചത്,അവയൊരു പോസ്റ്റാക്കാൻ ഹരീ ആവശ്യപ്പെടുകയും ചെയ്തു.ഭക്തിപ്രസ്ഥാനത്തിന്റെ ബൈപ്രൊഡക്റ്റാണ് കഥകളി എന്നൊക്കെ ചിലർ നിരീക്ഷിക്കുന്നതും കണ്ടു.കൃഷ്ണലീല ഉയർത്തുന്ന പ്രശ്നങ്ങളുടെ സംവാദത്തിന് കഥകളിയുടെ ചരിത്രത്തോളം വേരുകളുണ്ട്.കളിയരങ്ങിന്റെ വികാസപരിണാമങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഒരു ചരിത്രപശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുമ്പോഴാണ് കൃഷ്ണലീലയുടെ രാഷ്ട്രീയം സുവ്യക്തമാവുക.അൽ‌പ്പം ചരിത്രം:
രാമനാട്ടത്തിന്റെ ഉരുവം,വളർച്ച
-----------------------------------------
എ.ഡി.പതിനേഴാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന കൊട്ടാരക്കരത്തമ്പുരാൻ രൂപം കൊടുത്ത രാമനാട്ടമെന്ന കഥകളിയുടെ പ്രാഗ്‌രൂപത്തിന്,വെട്ടത്തുരാജാവിന്റെ കൃഷ്ണനാട്ടക്കാരെ വിട്ടുകൊടുക്കാത്ത വാശിയിൽ സൃഷ്ടിക്കപ്പെട്ട കലാരൂപമാണെന്ന് ഐതിഹ്യമുണ്ട്.അതിലെ ശരിതെറ്റുകളെന്തായാലും കൊട്ടാരക്കരത്തമ്പുരാന്റെ ഉദ്ദേശം കൃത്യമായി എന്തായിരുന്നുവെന്ന് നമുക്കിന്നറിയില്ല.ആയോധനക്കളരികളിൽ മുറക്ക് അഭ്യാസം നടത്താതെ ആലസ്യത്തിലമർന്ന ഭടന്മാരെ ലളിതമായ നിലയിൽ,ഒരു കലാരൂപമെന്നവണ്ണം അഭ്യാസവും അടവുകളും ചെയ്യിക്കുകയായിരുന്നുവോ തമ്പുരാന്റെ ലക്ഷ്യം? പുത്രകാമേഷ്ടി മുതൽ യുദ്ധം വരെയുള്ള എട്ട് കഥകളായി രാമായണത്തെ മുഴുവൻ രാമനാട്ടമെന്ന തന്റെ പുതിയ കലാശിൽ‌പ്പത്തിനുള്ള പാഠരൂപമായി രചിച്ച കൊട്ടാരക്കരത്തമ്പുരാൻ,തന്റെ കലാരൂപത്തിന്റെ രംഗശിൽ‌പ്പത്തിന് നൽകിയ ആഹാര്യം,സംഗീതം,വാദ്യം തുടങ്ങിയവയെല്ലാം ഇന്നും തർക്കവിഷയങ്ങളാണ്.കൂടിയാട്ടത്തോടുള്ള അടുപ്പം രചനയിൽ തന്നെ പലയിടത്തും സുവ്യക്തമാണ്,തോരണയുദ്ധമെന്ന പേരു മുതൽ,അവതരണസങ്കേതത്തിലും ആശ്ചര്യചൂഡാമണി,അത്ഭുതാംഗുലീയം എന്നിങ്ങനെയുള്ള പേരുകളിലും വരെ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയോടും ഭാസന്റെ അശോകവനികാങ്കത്തോടുമുള്ള സ്വാധീനം പ്രകടമാണല്ലോ.ക്രമേണ രാമനാട്ടം കഥകളിയായി പരിണമിക്കുകയും,കൊട്ടാരക്കരത്തമ്പുരാന്റെ മൂന്നുകഥകളൊഴിച്ചുള്ള(സീതാസ്വയംവരം,തോരണയുദ്ധം,ബാലിവധം)രാമനാട്ടകഥകൾ അരങ്ങിൽ നിന്നു മാഞ്ഞുപോവുകയും ചെയ്തു.
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിനു ശേഷമാണ് കഥകളിയുടെ തുടർന്നുള്ള ചരിത്രത്തിനു മുഴുവൻ നിയാമകശക്തിയായി വർത്തിച്ച കോട്ടയത്തുതമ്പുരാന്റെ കഥകൾ രംഗത്തെത്തുന്നത്.മഹാഭാ‍രതത്തിൽ നിന്നു കഥയെടുത്തതോടെ തന്നെ,രാമനാട്ടമെന്ന പേരിന്റെ അവസാനമായിരുന്നു.ബകവധം,കിർമീരവധം,നിവാതകവചകാലകേയവധം,കല്യാണസൌഗന്ധികം എന്നിങ്ങനെ കോട്ടയം തമ്പുരാൻ നിർമ്മിച്ച നാല് ആട്ടക്കഥകളുടെ ശിൽ‌പ്പഘടനയാണ് തുടർന്ന് കഥകളിയുടെ സങ്കേതരൂപത്തിനടിസ്ഥാനമായത്.തുടർന്നുവന്ന കാർത്തികതിരുനാളിന്റെയും കല്ലൂർ നമ്പൂതിരിപ്പാടിന്റെയുമൊക്കെ കളിയരങ്ങിനെപ്പറ്റിയുള്ള ദർശനം കോട്ടയം കഥകളുടെ ആവിഷ്കാരശാസ്ത്രത്തിലതിഷ്ഠിതമായിരുന്നു.പിന്നീട് പല ആട്ടക്കഥാകൃത്തുക്കളിലൂടെയും,പരിഷ്കർത്താക്കളിലൂടെയും കഥകളി വളർന്നു.കോട്ടയം കഥകളിലെ സാത്വികപ്രകൃതികളായ പച്ചവേഷനായകർക്കുപകരം,രാജസപ്രൌഡിയുള്ള പ്രതിനായകർ അരങ്ങിനെ പിടിച്ചെടുത്തു.ഉൽഭവം,ബാലിവിജയം,കാർത്തവീര്യാർജ്ജുനവിജയം,ബാലിവധം,രാവണവിജയം എന്നിവയിലെ രാവണന്മാരും,നരകാസുരൻ,കീചകൻ,ദുര്യോധനൻ തുടങ്ങിയ വേഷങ്ങളും ചേർന്നതോടെ,കളിയരങ്ങ് കലാത്മകമായ വഴിത്തിരിവുകളിലേക്ക് പ്രവേശിച്ചു.ഇതിനിടയിൽ,ഒറ്റപ്പെട്ടതെങ്കിലും ആർക്കുമവഗണിക്കാനാവാത്ത ശബ്ദമായി,നളചരിതമെന്ന ദ്വീപ് നിലകൊണ്ടു.
ആസ്വാദനവും രക്ഷാകർതൃത്വവും
-----------------------------------------

കഥാഗതിയുടെ അനുക്രമവികാസത്തെ ഗൌനിക്കാത്ത ആസ്വാദനരീതി ഇന്നു കളിയരങ്ങിനു മുന്നിൽ സുലഭമാണെങ്കിലും,രാമനാട്ടകാലത്തും അങ്ങനെയായിരുന്നുവെന്ന് പറയാനാവില്ല.ശ്രീരാമകഥയെ അനുഗുണമായ പരിണാമഗുപ്തികൾ സഹിതം,അരങ്ങിലാടുന്ന ഒരു രീതി ഉണ്ടായിരുന്നിരിക്കാം.ഏതായാലും ക്രമേണ അത് അന്യമാവുകയും,അരങ്ങിന് അനുയോജ്യമായ,അവതരണസാധ്യതയുള്ള ഭാഗങ്ങൾ വിസ്തരിച്ചഭിനയിക്കുന്ന രീതിശാസ്ത്രം രൂപപ്പെടുകയും ചെയ്തു.കിർമീരവധത്തിലെ കിർമീരനേയോ,കാലകേയവധത്തിലെ കാലകേയനേയോ വധിക്കൽ പ്രധാനമല്ലെന്നുവന്നു.വിശ്രവസ്സു മുതൽ രാവണവരലബ്ധിവരെയുള്ള ദീർഘമായ കഥാലോകത്തെയാകമാനം,ഒരു ഫ്ലാഷ്ബാക്കിൽ നിബന്ധിക്കുന്ന ഉൽഭവം രാവണന്റെ തപസ്സാട്ടത്തോളമെത്തി,കാര്യങ്ങൾ.ആസ്വാദനത്തിൽ ലാവണ്യവാദം നിറഞ്ഞു.കാലകേയവധമെങ്ങനെയുണ്ടായിരുന്നു എന്നതിനു പകരം സലജ്ജോഹമെങ്ങനെയുണ്ടായിരുന്നു,സുഭദ്രാഹരണമെങ്ങനെയുണ്ടായിരുന്നു എന്നതിനുപകരം കുന്തളഭരമെങ്ങനെയുണ്ടായിരുന്നു,നരകാസുരവധമെങ്ങനെയുണ്ടായിരുന്നു എന്നതിനു പകരം കേകിയെങ്ങനെയുണ്ടായിരുന്നു എന്നിങ്ങനെ ചോദ്യങ്ങൾ മാറിമറിഞ്ഞു.സ്വാഭാവികമായും അതേ നിലയിൽ രാമനാട്ടകഥകളുടെയും ആവിഷ്കാരം രൂപാന്തരപ്പെട്ടു.ബാലിവധം കഥയിലെ നായകൻ രാമനായിരിക്കാം,പക്ഷേ പ്രധാനവേഷങ്ങൾ രാവണനും ബാലിയുമാണെന്നുവന്നു.തോരണയുദ്ധത്തിൽ മുൻപേ,കൂടിയാട്ടത്തിൽതന്നെ,അഴകിയരാവണന് പ്രധാനവേഷസ്ഥാനമുണ്ട്.സീതാസ്വയംവരം പരശുരാമന്റെ വീരചരിതമായി.
ഫ്യൂഡൽ കാലത്തിന്റെ സൃഷ്ടിയായതിനാൽ തന്നെ,കഥകളിയുടെ സംരക്ഷണവും രക്ഷാകർതൃത്വവും ഫ്യൂഡൽ പ്രഭുക്കളിലായി.മനക്കിൽ ഒരാനയുണ്ട് എന്ന പോലെ ഒരു പ്രൌഡിയായി,ആഢ്യന്മാർക്ക് മനക്കിൽ ഒരു കളിയോഗമുണ്ടെന്നതും.സ്വാഭാവികമായും ഉപരിവർഗത്തിന്റെ സ്വഭാവം ആവിഷ്കാരത്തിലും ആസ്വാദനത്തിലും വന്നു.നമ്പൂതിരികൾക്ക് കഥകളി കളിക്കാനല്ല,കളിപ്പിക്കാനായിരുന്നു പൊതുവേ താല്പര്യമെന്നും കൂടെ തിരിച്ചറിയേണ്ടതുണ്ട്.കളിച്ചവരിൽ ഭൂരിപക്ഷവും നായന്മാരെക്കെത്തന്നെയായിരുന്നു.ബാലിഓയ്ക്കനും,കപ്ലിങ്ങാടും ഇങ്ങേയറ്റത്തു മാങ്കുളവും നെല്ലിയോടും വരെ അപവാദങ്ങളുണ്ടെങ്കിലും.
ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ നടന്ന ഫ്യൂഡലിസത്തിന്റെ തകർച്ച,കഥകളിയുടെ ഉടമസ്ഥാവകാശം ഫ്യൂഡൽ പ്രഭുക്കളിൽ നിന്ന് സാമൂഹ്യ‌ഉടമസ്ഥതയിലേക്ക് കൊണ്ടുവന്നു. ‘പ്രവൃത്തി’എന്ന നിലയിൽ നിന്ന് ‘കലാപ്രകടനം’എന്ന നിലയിലേക്ക് കഥകളിയുടെ പരിപ്രേക്ഷ്യം വളരുകയായിരുന്നു. കലാമണ്ഡലമെന്ന സ്ഥാപനത്തിന്റെ ഉൽഭവവും വളർച്ചയും കളിയരങ്ങിന്റെ ചാരുതകളെ ദേശാന്തരങ്ങളിലെത്തിച്ചു. ലോകമൊട്ടാകെ കഥകളിയെന്ന വിസ്മയം കണ്ട് കോരിത്തരിച്ചു.
ആത്മീയതയുടെ നിരാസം
--------------------------------

രാമന്റെ കഥാഖ്യാനവും,അതു വഴി രാമഭക്തിയുടെ വളർച്ചയുമായിരുന്നുവോ കൊട്ടാരക്കരത്തമ്പുരാന്റെ പ്രധാനലക്ഷ്യമെന്ന് നമുക്കുറപ്പില്ല.ഏതായാലും അതായിരുന്നു ലക്ഷ്യമെങ്കിൽ കഥകളി അതിനുമുകളിൽ പറന്നു.രാമനാട്ടകഥകളിലവശേഷിച്ചവയിൽ പോലും രാമൻ കുട്ടിത്തരം വേഷമായി.
പ്രതിനായകസങ്കൽ‌പ്പനത്തിന്റെ വളർച്ച,കഥകളിയും ആത്മീയതയുമായി ബന്ധിപ്പിക്കാവുന്ന അവസാനകണ്ണികളേയും മുറിച്ചുകളഞ്ഞു.കേരളചരിത്രത്തിലെ ഗതിഗതികളുമായി പ്രതിനായകപ്രധാനമായി മാറിയ കളിയരങ്ങിനെ ചേർത്തുവായിക്കുന്ന രചനകൾ കൂടി വന്നുകഴിഞ്ഞു.(ഓർമ്മയിലെ ഉൽഭവം-ഡോ.നാരായണൻ)എല്ലാ കഥകളിയുടെ മൂല്യസങ്കൽ‌പ്പങ്ങൾക്കും കുറുകേ വിദഗ്ധമായി സഞ്ചരിച്ച നളചരിതമാകട്ടെ,ഭക്തിമാർഗത്തിന്റെ ദുർബലമായ നൂലിഴകളെക്കൂടി അറുത്തുമുറിക്കത്തക്ക പ്രണയം നിറഞ്ഞ രചനയായിരുന്നു.
സന്താനഗോപാലം,രുഗ്മാംഗദചരിതം എന്നീ രണ്ടു കൃതികളിൽ മണ്ടകപ്പിള്ളി ഇട്ടിരാരിച്ചമേനോൻ എന്ന കവി ലക്ഷ്യമിട്ടിരിക്കാവുന്ന വിഷ്ണുഭക്തി പോലും അതിന്റെ പൂർണ്ണതലത്തിൽ കഥകളി സംവദിച്ചിട്ടില്ല.രുഗ്മാംഗദന്റെ വിഷ്ണുഭക്തി പാരമ്യതയിലല്ല,മകനെ കൊന്നും സത്യം പാലിക്കേണ്ടി വന്ന രുഗ്മാംഗദന്റെയും,ബ്രഹ്മവാചാൽ ഈ കൊടും പാതകം ചെയ്യേണ്ടിവന്ന മോഹിനിയുടെ പശ്ചാത്താപത്തിലുമാണ് കളിയരങ്ങിന്റെ കണ്ണുടക്കിയത്.സന്താനഗോപാലത്തിലെ കഥാതന്തു മുഴുവനായും കൃഷ്ണഭക്തിയിൽ കോർത്തെടുത്തതെങ്കിലും,ബ്രാഹ്മണനെന്ന ആ അനുപമമായ പാത്രപ്രകൃതിയിലും,അർജ്ജുനന്റെ ഗർവ്വഭംഗത്തിലുമല്ലേ അരങ്ങ് ശ്രദ്ധിക്കുന്നത്? കുചേലവൃത്തമാണ് പൂർണ്ണമായും ഭക്തിമാർഗേന രചനയും രംഗവും പ്രകാശിതമാകുന്ന കഥകളിയായി ആകെ നമുക്കു മുന്നിലുള്ളത്.
കളിയരങ്ങിനു മുന്നിലെ ആസ്വാദകരെന്നും പല മട്ടായിരുന്നു.ചിലർ ദുര്യോധനവധം കൃഷ്ണനു മുന്നിൽ തൊഴുതുനിൽക്കും,ചിലർ കുചേലസദ്ഗതി കണ്ട് നാമം ജപിക്കും.അതു കണ്ട് കഥകളി ഭക്തിസംവർദ്ധനോപാധിയാണ് എന്നു പറയുന്നത് വിഡ്ഡിത്തമായിരിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കളിയരങ്ങിലാകമാനം വ്യാപിച്ച ഒരുതരം പൈങ്കിളിവൽക്കരണത്തെയും കണാതിരുന്നുകൂടാ.കർണ്ണശപഥം പോലെ,കഥകളിയുടെ ആവിഷ്കാരത്തെ നശിപ്പിക്കുന്ന ചില വൈറസുകൾക്ക് വലിയ പ്രചാരം ലഭിക്കുകയും,ചിട്ടക്കഥകളായ കോട്ടയം കഥകളെപ്പോലുള്ളവയൊക്കെ കളരിയിൽ മതി,അരങ്ങത്തു വേണ്ട എന്ന വാദം ശക്തമാവുകയും ചെയ്ത കാലം.തൊണ്ണൂറുകളിൽ നടന്ന ഒരു നവജാഗരണമാണ് സങ്കേതത്തികവുള്ള കഥകളെ വീണ്ടും അരങ്ങിലേക്കാനയിച്ചത്.അതിനിടക്ക് അവയ്ക്കരങ്ങുകളേ ഉണ്ടായില്ലെന്നല്ല.തൊണ്ണൂറുകൾ മുതൽ,കോട്ടയം കഥകളും സുഭദ്രാഹരണം അർജ്ജുനനുമൊക്കെ വീണ്ടും അരങ്ങിലെത്തുകയും,കഥകളിയുടെ ഘടനാശാസ്ത്രം രംഗത്ത് പ്രയോഗിച്ച് സ്ഫുടീകരിക്കാനുള്ള അവസരം കലാകാരനും,അവ കണ്ട് കഥകളിയുടെ ശിൽ‌പ്പത്തെ തിരിച്ചറിയാനുള്ള അവസരം ആസ്വാദകർക്കും ലഭിക്കുകയും ചെയ്തു.
കൃഷ്ണലീല-ആത്മീയതയിലേക്കുള്ള തിരിവ്
-----------------------------------------------------

ഡോ.പി.വേണുഗോപാലൻ രചിച്ച കൃഷ്ണലീല,മികച്ച ചിട്ടപ്പെടുത്തലോടു കൂടി അരങ്ങുകണ്ട അപൂർവ്വം പുതുകഥകളികളിലൊന്നാണ്.കംസവധത്തിനും മാതാപിതാക്കളെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചതിനും ശേഷം,കൃഷ്ണൻ ദേവകിയുടെ അടുത്തെത്തുന്നു.ദേവകി,എനിക്ക് നിന്റെ ബാല്യകാലലീലകളൊന്നും കാണാനായില്ലല്ലോ എന്ന് കൃഷ്ണനോട് പരിതപിക്കുന്നു.കൃഷ്ണൻ,തന്നെ വളർത്തിയ അമ്മയായ യശോദ തന്നെക്കാണാനായി ദ്വാരകയിലെത്തിയിട്ടുണ്ടെന്നും,യശോദ ഉടനേ ദേവകിയെ കാണാനെത്തും,അപ്പോൾ യശോദ തന്റെ ബാലലീലകളെല്ലാം അമ്മക്ക് പറഞ്ഞുതരും എന്നു പറഞ്ഞ് വിടവാങ്ങുന്നു.ദേവകീസമീപത്തെത്തുന്ന യശോദയോട് കൃഷ്ണന്റെ ബാലലീലകൾ വിവരിക്കാൻ ദേവകി ആവശ്യപ്പെട്ട പ്രകാരം,യശോദ ‘നന്ദകുമാരലീല’കളോരോന്നായി,സവിസ്തരം ദേവകിയോട് വിവരിക്കുന്നു.അവയെല്ലാം കേട്ട് ആനന്ദിക്കുന്ന ദേവകിക്കും യശോദക്കും മുന്നിലേക്ക്,കൃഷ്ണൻ വന്നെത്തുന്നു.കണ്ണീരോടെ യശോദ തിരികേ വൃന്ദാവനത്തിലേക്ക് യാത്രയാവുന്നു.കൃഷ്ണലീല കണ്ട് ഹരീ എഴുതിയ റിവ്യൂ ഇവിടെ വായിക്കാം.
ഗോകുലത്തിലെ കണ്ണനിൽ നിന്ന് രാഷ്ട്രീയകൃഷ്ണനിലേക്കുള്ള പരിണാമസന്ധിയിലാണ് കൃഷ്ണലീലയുടെ ഭാവനാപരിസരം.വൃന്ദാവനത്തിലെ കണ്ണൻ എന്നേക്കുമായി അവസാനിക്കുന്നു.കൂർമ്മബുദ്ധിയും രാഷ്ട്രതന്ത്രജ്ഞനുമായ യാദവരാജാവ് ജനിക്കുന്നു.ഈ പരിണാമസന്ധിയിൽ നിന്ന് കുരുക്ഷേത്രം വരെയും,അവസാനം ഒരു വനവേടന്റെ ലക്ഷ്യം തെറ്റിയ അസ്ത്രം വരെയും കൃഷ്ണനു പിന്മടക്കവുമില്ല.ആ പ്രത്യായനമില്ലാത്ത യാത്രയുടെ തുടക്കത്തിലാണ്,വേണുഗോപാലൻ മറ്റൊരു വശം ചിന്തിക്കുന്നത്,ആ മുഹൂർത്തത്തിൽ രണ്ട് അമ്മമാരും കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും?ഒരമ്മ ജനിച്ച ശേഷമിന്നോളം പുത്രനെ കാണാനാകാതെ,കാരാഗൃഹത്തിൽ നീറിക്കഴിഞ്ഞ്,അവസാനം മോചിതയായിരിക്കുന്നു.മറ്റൊരമ്മയാകട്ടെ,സ്നേഹക്കടൽ കടഞ്ഞ വെണ്ണ കൊടുത്തു വളർത്തിയ ഉണ്ണിക്കണ്ണൻ ഇനിയൊരിക്കലും മടക്കമില്ലാത്തവിധം പിരിഞ്ഞുപോകുന്ന തീവ്രദു:ഖത്തിൽ നിൽക്കുന്നു.ഈ വൈകാരിക സംഘട്ടനത്തെ സമർത്ഥമായി ചിത്രീകരിക്കുന്ന കഥകളിയാണ് കൃഷ്ണലീല. ‘നന്ദകുമാരലീലകൾ’എന്ന യശോദയുടെ പദത്തിൽ,മിക്ക കൃഷ്ണന്റെ ബാലലീലകളിൽ പ്രധാനപ്പെട്ടവയെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു.ഒരു ഒന്നാം കിട സ്ത്രീവേഷക്കാരനു കൂടി വെല്ലുവിളിയുയർത്തത്തക്കവിധം മനോഹരമായി ആ പദം ചിട്ടപ്പെടുത്തിയിരിക്കുന്നു.
സമഷ്ടിയിൽ നിന്ന് വ്യഷ്ടിയിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം,ഗൌരവമായ രാഷ്ട്രീയധ്വനികൾ ഉൾക്കൊള്ളുന്നതാണ്.പൂതനക്ക് മോക്ഷം കൊടുക്കുകയും,ഉണ്ണിവായിൽ ഈരേഴുകലവും കാണുകയും,ഗോവർധനഗിരി കൈകളിലുയർത്തുകയും,ഉരലു വലിച്ചു നീങ്ങി രാക്ഷസന്മാർക്ക് സദ്ഗതി നൽകുകയും ചെയ്യുന്ന കണ്ണന്റെ അമാനുഷികപ്രവൃത്തികളുടെ ആഖ്യാനം ഉയർത്തുന്ന ആത്മീയത,സ്പഷ്ടമാണ്.രാഷ്ട്രീയജീവിതത്തിലേക്കിറങ്ങുന്നവനു നഷ്ടമാകുന്ന അമ്മയും പൂർവ്വ ലാവണ്യങ്ങളും സംബന്ധിച്ച നഷ്ടവിചാരങ്ങളുടെ ലീനധ്വനികൾ കൃഷ്ണലീലയിലാകമാനമുണ്ട്.ഭംഗിയായി ചിട്ടപ്പെടുത്തപ്പെട്ടെങ്കിലും അരങ്ങിലാകമാനം നിറയുന്ന വൈകാരികതയുടെ ബാഹ്യസ്പർശിയായ സ്വഭാവം,ചിട്ടപ്രകാരത്തിലുള്ള നാട്യധർമ്മിതയെക്കൂടി ശിഥിലമാക്കുന്നു.നാം മുൻപു പരിശോധിച്ച കഥകളിയുടെ രംഗചരിത്രം തിരസ്കരിച്ച ആത്മീയതയുടെ അധികാരം,പരോക്ഷമായി കൃഷ്ണലീല തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു.
കൃഷ്ണലീല കണ്ട് തീരുമ്പോൾ,ആ യശോദയുടെ വിടവാങ്ങൽ രംഗം കണ്ട് കണ്ണുനിറയുന്ന നിരവധി സഹൃദയരെ ഞാൻ സദസ്സിൽ കണ്ടു.കണ്ണു നിറയുന്ന സാത്മീകരണം കഥകളിയുടെ വഴിയല്ല.അതു കഥകളിയെപ്പോലെ ശൈലീകരണത്തിന്റെ രംഗസുഷമകളിലൂന്നിയ ഒരു ക്ലാസിക്കൽ കലയെ മുന്നോട്ടു നയിക്കുകയുമില്ല.

31 comments:

വികടശിരോമണി said...

കൃഷ്ണലീലയെ മുൻ‌നിർത്തി,കളിയരങ്ങിന്റെ വികാസപരിണാമങ്ങളിലേക്കും കൃഷ്ണലീലയുണർത്തുന്ന ആത്മീയമാനത്തിലേക്കും ഒരു നോട്ടം.

SunilKumar Elamkulam Muthukurussi said...

വി.ശി.

ഞാൻ മറ്റൊരു തരത്തിൽ ആണ് ചിന്തിക്കുന്നത്. കലകൾ, സാഹിത്യങ്ങൾ എങ്ങനെ നിലനിൽക്കുന്നു?

ശ്രീ പെരുമ്പടവം ശ്രീധരനുമായി പണ്ട് അൽപ്പദിവസം കഴിയേണ്ടിവന്നു. അന്ന് ഒരു പാട് വർത്തമാനങ്ങൾ ഞങ്ങൾ പറഞു. അതിൽ ഒന്ന് പ്രത്യേകിച്ചും ഇവിടെ സ്മരണീയമാണ്. ഡോസ്റ്റോയോവ്സ്കിയെയും അദ്ദേഹത്തിന്റെ നോവലുകളേയും അദ്ദേഹത്തെ കഥാപാത്രമാക്കി ശ്രീ.ശ്രീധരൻ തന്നെ എഴുതിയ നോവലിനെക്കുറിച്ചുമൊക്കെ ആയിരുന്നു സംസാരം. അദ്ദേഹം പറഞ്ഞു:
മനുഷ്യൻ എന്നും അകപ്പെട്ടിട്ടുള്ള ധർമ്മസങ്കടങ്ങൾ, അത് എല്ലാ കാലത്തും ഒരു പോലെയാണ്. അത്തരം ധർമ്മസങ്കടങ്ങളെ കാണിക്കുന്ന കൃതികൾ എല്ലാവരാലും എല്ലാകാലവും വായിക്കപ്പെടുന്നു.

ഭക്തി മനുഷ്യന്റെ വേവലാതിയല്ല, അത് ഒരു മാർഗ്ഗമാണ്. കഥകളിയുടെ ചട്ടക്കൂട്, പ്രത്യേകിച്ചും വേഷം അതിന് പറ്റിയതല്ല എന്നുതന്നെയാണെന്റെ തോന്നൽ. ആർഭാടമാണതിന്റെ രീതി. അപ്പോ ഒന്നു പരിശോധിക്കൂ, മനുഷ്യവികാരങ്ങളെ അവന്റെ സങ്കടങ്ങളെ ഉൾക്കൊള്ളുന്ന കഥകൾക്കേ കഥകളിയിൽ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് തന്നെയാണ് നളചരിതം വേറിട്ടുനിന്നാലും പിന്നേയും തിളങ്ങി നിൽക്കുന്നത്. വധങ്ങളെല്ലാം ഒഴിവാക്കി പ്രത്യേക സിറ്റ്വേഷൻസ് മാത്രം കാണിച്ച് രസപൂർത്തിവരുത്തി, അതിൽ നിന്നും അധികമായതിനെ ലവലേശം ദയകൂടാതെ തിരസ്കരിച്ചത്.

കൃഷ്ണലീലയെ പറ്റി പറയുകയാണെങ്കിൽ, ഞാൻ അത് ദൂരദർശനിൽ കണ്ടിട്ടേ ഉള്ളൂ. അതും കൃത്യമായി ഓർമ്മയില്ല. എന്നാൽ നല്ല പദങ്ങൾ എന്നും, നല്ല ആടാനുള്ള വകുപ്പ് എന്നും തോന്നിയിട്ടുമുണ്ട്. പിന്നെ 2-3 ദിവസം മുമ്പ് നാട്ടിൽ നിന്നും ഒരു സി.ഡി കിട്ടി.എമ്പ്രാനും ശ്രീവത്സൻ മേനൊനും കൂടി ഒരു ജുഗൽബന്ദി. അതിൽ ‘നന്ദകുമാരലീലക‘ൾ ഉണ്ട്. ഞാനതിനെ പറ്റി ഹരിയുടെ ബ്ലോഗിൽ കമന്റീടുകയും ചെയ്തിരുന്നു.

എന്നാൽ വി.ശി.യുടെ ആശങ്കക്ക് വകുപ്പില്ല എന്നാൺ എനിക്കു തോന്നുന്നത്. മുകളിൽ പറഞ്ഞ മാനുഷികവികാരങ്ങൾ തന്നെ ആണ് അത് കൺവേ ചെയ്യുന്നത്. ഓമനക്കുട്ടൻ ഗോവിന്ദൻ.. എന്നത് അമ്മമാർ പാടുന്നത്, കൃഷ്ണഭക്തിയെക്കാളും തന്റെ മകനോടുള്ള വാത്സല്യം കൊണ്ട് തന്നെയാണ്. അതുപോലെ ഇവിടേയും 2 അമ്മമാർ തമ്മിൽ കണുമ്പോഴുണ്ടാകുന്ന വൈകാരികാംശം ആണ് മുന്നിട്ട് നില്ല്ക്കുക, അല്ലാതെ ഭക്തി മുന്നിട്ട് നിന്നാൽ എന്തോ കഥകളുഇയിൽ സ്ഥാനമുണ്ടാകില്ല. ആ പദം കേട്ട് എനിക്ക് ഊത്തക്കാടിന്റെ ചില കൃതികളും ഓമനക്കുട്ടനുമൊക്കെ തന്നെ ആണ് ഓർമ്മ വന്നത്. അല്ലാതെ ഭക്തി അല്ല.

ഇത് ഞാൻ ഹരിയുടെ പോസ്റ്റിലും സൂചിപ്പിച്ചിരുന്നു.

പിന്നെ കഥകളിയുടെ ആവിർഭാവത്തെ കുറിച്ച്: കൂടിയാട്ടത്തിനെ ലളിതവൽക്കരിച്ച് ലോകധർമ്മികൂടുതലാക്കി എന്ന് പറയുന്നതിൽ തെറ്റുണ്ടോ? എന്റെ ഒരു സുഹൃത്ത് സൂചിപ്പിച്ച പോലെ കൃഷ്ണഗാഥ,ഗീതാഗോവിന്ദം എന്നിവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രൊഡക്റ്റ് ആയതുപൊലെ, കഥകളിയും എന്ന് എന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നു. നമ്പൂതിരിമാരുടെ കൈകടത്തൽ അതിൽ അധികം ഉണ്ടായിട്ടില്ല. കളിച്ചതും പരിപോഷിപ്പിച്ചതും നായന്മാർ തന്നെ ആയിരുന്നു. അധികവും പടനായകന്മാർ.ആദ്യകാലങ്ങളിലുണ്ടായിരുന്ന നടൻ‌മാർ പ്രത്യേകിച്ചും. എന്നിരുന്നാലും വി.ശിയുടെ “മുറക്ക് അഭ്യാസം നടത്താതെ ആലസ്യത്തിലമർന്ന ഭടന്മാരെ ലളിതമായ നിലയിൽ,ഒരു കലാരൂപമെന്നവണ്ണം അഭ്യാസവും അടവുകളും ചെയ്യിക്കുകയായിരുന്നുവോ തമ്പുരാന്റെ ലക്ഷ്യം?” എന്ന അഭിപ്രായത്തിന് കാമ്പുണ്ടെന്നതും തോന്നുന്നില്ല.

അതൂവീട്ടോളൂ.. ഉത്ഭവത്തെ കുറിച്ച് നമുക്ക് പിന്നീട് തന്റേടാട്ടം ആടാം :):):) കൃഷ്ണലീലയെ പറ്റി പറയാം ഇപ്പോൾ. അല്ലെങ്കിൽ മറ്റ് പുതിയ കഥകളെ പറ്റി. എന്തുകൊണ്ട്‌ പുതിയ കഥകൾ ഉണ്ടാകുന്നില്ല? അവ അംഗീകരിക്കപ്പെടുന്നില്ല എന്നതുകൂടെ ഇവിടെ ചിന്തനീയമാണ്.
-സു-

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
എനിക്കു പുതിയൊരു വിഷയം കൂടി തന്നല്ലോ, പഹയാ. അല്ലെങ്കില്‍ തന്നെ സമയം ഇല്ല.

നല്ല ലേഖനം.

സു ന്റെ കമന്റും.

വര്‍ക്കേഴ്സ് ഫോറം said...

ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായി തോന്നി.
“മനക്കിൽ ഒരാനയുണ്ട് എന്ന പോലെ ഒരു പ്രൌഡിയായി,ആഢ്യന്മാർക്ക് മനക്കിൽ ഒരു കളിയോഗമുണ്ടെന്നതും.സ്വാഭാവികമായും ഉപരിവർഗത്തിന്റെ സ്വഭാവം ആവിഷ്കാരത്തിലും ആസ്വാദനത്തിലും വന്നു.നമ്പൂതിരികൾക്ക് കഥകളി കളിക്കാനല്ല,കളിപ്പിക്കാനായിരുന്നു പൊതുവേ താല്പര്യമെന്നും കൂടെ തിരിച്ചറിയേണ്ടതുണ്ട്.കളിച്ചവരിൽ ഭൂരിപക്ഷവും നായന്മാരെക്കെത്തന്നെയായിരുന്നു”

“രാമന്റെ കഥാഖ്യാനവും,അതു വഴി രാമഭക്തിയുടെ വളർച്ചയുമായിരുന്നുവോ കൊട്ടാരക്കരത്തമ്പുരാന്റെ പ്രധാനലക്ഷ്യമെന്ന് നമുക്കുറപ്പില്ല.ഏതായാലും അതായിരുന്നു ലക്ഷ്യമെങ്കിൽ കഥകളി അതിനുമുകളിൽ പറന്നു.രാമനാട്ടകഥകളിലവശേഷിച്ചവയിൽ പോലും രാമൻ കുട്ടിത്തരം വേഷമായി.
പ്രതിനായകസങ്കൽ‌പ്പനത്തിന്റെ വളർച്ച,കഥകളിയും ആത്മീയതയുമായി ബന്ധിപ്പിക്കാവുന്ന അവസാനകണ്ണികളേയും മുറിച്ചുകളഞ്ഞു.”

“സമഷ്ടിയിൽ നിന്ന് വ്യഷ്ടിയിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം,ഗൌരവമായ രാഷ്ട്രീയധ്വനികൾ ഉൾക്കൊള്ളുന്നതാണ്.പൂതനക്ക് മോക്ഷം കൊടുക്കുകയും,ഉണ്ണിവായിൽ ഈരേഴുകലവും കാണുകയും,ഗോവർധനഗിരി കൈകളിലുയർത്തുകയും,ഉരലു വലിച്ചു നീങ്ങി രാക്ഷസന്മാർക്ക് സദ്ഗതി നൽകുകയും ചെയ്യുന്ന കണ്ണന്റെ അമാനുഷികപ്രവൃത്തികളുടെ ആഖ്യാനം ഉയർത്തുന്ന ആത്മീയത,സ്പഷ്ടമാണ്.”

കാപ്പിലാന്‍ said...

ഈ ഭാക്ഷ മനസിലാക്കാനുള്ള ശക്തി തരൂ ബ്ലോഗിലമ്മേ..വായിച്ചു അഭിപ്രായം നഹി .നഹി .

Anonymous said...

വർക്കേഴ്സ് ഫോറമേ, കഥകളി അത്തരം ആത്മീയപരിപ്രേക്ഷ്യത്തിൽ നിന്നും (ഹെന്റമ്മേ വി.ശിയുടെ ഓരോവാക്കുകൾ!) മുകളിലൂടെ പറന്നു പോയി എന്നത് തന്നെയാണ് കാര്യം. അതെന്നേ ഞാൻ പറയുന്നതും.കൃഷ്ണലീലയും വിരുദ്ധമല്ല എന്നാണെന്റെ ആദ്യത്തെ തോന്നൽ.എന്നാലേ കഥകളി ആയി നിൽക്കാൻ പറ്റൂ എന്നുകൂടെ പറയാം.കോട്ടയം കഥകൾ മറ്റ് കഥ്ഹക്ലെക്കാൾ മുന്നിൽ നിൽക്കുന്നത് അതിന്റെ ഛിട്ടകൊണ്ട്‌ മാത്രമല്ല. ദൈവത്തെ അത് പിന്നിലേക്കാക്കി മനുഷ്യന്റെ പച്ചയായ വികാരങ്ങൾ മുന്നോട്ട് കൊണ്ട്‌ വന്ന് അവതരിപ്പിച്ചു എന്നതുകൂടെയാണ്. അതുകൊണ്ടൊക്കെ തന്നെ കഥകളി പലരും കരുതുന്നതുപോലെ അത്ര യാഥാസ്ഥിതികമോ പാരമ്പര്യത്തിൽ ഒന്നിയതോ അല്ല.വിഷയത്തിന്റെ ചുറ്റളവ് മനസ്സിലാക്കാതെ യാഥാസ്ത്തിതികമല്ല, പാരമ്പര്യമല്ല എന്നൊക്കെ ഞാൻ പറഞ്ഞത് വളച്ച് ഒടിക്കല്ലെ.
-സു-

കിഷോർ‍:Kishor said...

ആ “തന്റേടാട്ടം“ കമന്റ് എനിക്ക് ‘ക്ഷ’ പിടിച്ചു! :‌)

നല്ല ലേഖനം.

കിഷോർ‍:Kishor said...

ഷേക്സ്പിയര്‍നായരുടെ “കിഗ് ലിയര്‍” ആരോ കഥകളിയാക്കിയിരുന്നു.

അതെങ്ങനെ? നന്നോ?

വികടശിരോമണി said...

അനിൽ,വർക്കേഴ്സ് ഫോറം-നന്ദി.
കാപ്പിലാനേ,‘ഭാക്ഷ’ഇനിക്കി’ക്ഷ’ പിടിച്ചു!അവിടെ ഞാൻ കേട്ടെഴുത്ത് തന്നതിന് മറുകൊട്ട്,അല്ലേ?കലക്കി.
കിഷോർ,
കിങ്ങ് ലിയർ കണ്ടിരുന്നു.പൊതുവേ നന്നെന്നു പറയാം.നമ്മുടെ സൌന്ദര്യസങ്കൽ‌പ്പത്തിനനുസരിച്ചാണല്ലോ കഥകളിയുടെ ആഹാര്യം രൂപകൽ‌പ്പന ചെയ്തിരിക്കുന്നത്(ഉദാ:സ്ത്രീയാണെങ്കിൽ കരിങ്കൂവളക്കണ്ണുകൾ,കാർമേഘം പോലുള്ള തലമുടി,പ്രത്യേകമായ ശരീരഭാഷ:))
അതാണ് അതേപടി പാശ്ചാത്യലോകത്താവർത്തിക്കുമ്പോൾ ശരിയാവാത്ത ഒന്ന്.(നീലക്കണ്ണുകൾ,മറ്റൊരു ശരീരഭാഷ)
പുതിയ പരീക്ഷണങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
സുനിൽ,
തീവ്രമായ മനുഷ്യസങ്കടങ്ങൾ എല്ലായിടത്തും ഒന്നുതന്നെ.അവയാണ് ലോകത്തെങ്ങുമുള്ള മഹത്തായ സാഹിത്യകൃതികളൂടെ പ്രേരകശക്തിയും.പക്ഷേ കളിയരങ്ങിനെ സംബന്ധിച്ചിടത്തോളം ആ വിശകലനം പൂർണ്ണാർത്ഥത്തിൽ ശരിയാവുമെന്ന് തോന്നുന്നില്ല.നളചരിതത്തിന്റെ കാര്യത്തിൽ ശരി,അതു പക്ഷേ ഒറ്റപ്പെട്ട ഒരു ദ്വീപാണല്ലോ.
കൃഷ്ണലീലയിൽ രണ്ട് അമ്മമാരുടെ വൈകാരികസംഘട്ടനമാണ് ചിത്രീകരിക്കപ്പെടുന്നതെന്നത് വാസ്തവം.പക്ഷേ അതിന് ഈ അമാനുഷികമായ പൂർവ്വകഥാഖ്യാനം വേണമെന്നില്ലല്ലോ.കുറേ ഉപരിതലസ്പർശിയായ വൈകാരികസംഭാഷണങ്ങളുമായി ഒരു ‘കർണ്ണശപഥം’മതിയല്ലോ.അതല്ല വേണുമാഷ് ചെയ്തിരിക്കുന്നത്.വൈയക്തികമായ സംഭവഗതികളിലും അന്തരീക്ഷത്തിലും നിന്ന്,സാമൂഹികമായ രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് പോകുന്ന കൃഷ്ണന്റെ സംക്രമണവേളയിലാണ് ദേവകിയോട് യശോദ ഈ ദീർഘമായ പൂർവ്വാഖ്യാനം നടത്തുന്നത്.അതത്ര നിഷ്കളങ്കമല്ല.അമാനുഷികമായ കണ്ണന്റെ പ്രവൃത്തികളെ വർണ്ണിക്കുമ്പോൾ കാണികളിലുളവാകുന്ന ഭാവത്തിൽ പ്രധാനം ഭക്തി തന്നെയാണ്.
പിന്നെ അരങ്ങുകാണുന്നതിനെക്കുറിച്ച്,കൃഷ്ണലീല വിളിച്ചുകൂട്ടിക്കളിക്കുന്ന ഒരു കഥകളിയല്ലല്ലോ,വേണുമാഷ് തന്നെ സാരഥ്യം വഹിക്കുന്ന സന്ദർശൻ കഥകളി കേന്ദ്രം ആണ് കേരളത്തിലുടനീളം അത് കളിക്കുന്നത്.
കൂടിയാട്ടത്തെ ലളിതവൽക്കരിച്ച് ലോകധർമ്മി കൂടുതലാക്കിയതാണ് കഥകളി എന്ന നിരീക്ഷണം ശുദ്ധ അബദ്ധമാണെന്നാണെന്റെ പക്ഷം.മാത്രമല്ല,കഥകളി പലപ്പോഴും കൂടിയാട്ടത്തേക്കാൾ നാട്യധർമ്മിയാണു താനും. കളിച്ചതും പരിപോഷിപ്പിച്ചതും നായന്മാരായിരുന്നു എന്നും തോന്നുന്നില്ല.കളിച്ചത് ശരി,പരിപോഷണത്തിൽ നമ്പൂതിരികൾക്കു തന്നെയാവും വലിയ പങ്ക്.കപ്ലിങ്ങാടിലും കല്ലടിക്കോട്ടു നമ്പൂതിരിയിലും തുടങ്ങി,ഒളപ്പമണ്ണ മനക്കിൽ ചിത്രഭാനു നമ്പൂതിരിപ്പാടുവരെ.അത് സ്വാഭാവികം മാത്രമാണ്.
കൊട്ടാരക്കരത്തമ്പുരാന്റെ ലക്ഷ്യത്തെപ്പറ്റി എന്റെ ചോദ്യത്തിൽ കാമ്പില്ലെന്ന് എനിക്കുതന്നെ അറിയാം,അതിലും കാമ്പുള്ളതോ ഇല്ലാത്തതോ ആയ ചോദ്യങ്ങളും വേറെ നിലവിലില്ല.
നന്ദി.

Haree said...

:-)
വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റിട്ടതില്‍ വളരെ സന്തോഷം... നന്ദി.

‘കര്‍ണ്ണശപഥ’ത്തെ തള്ളിപ്പറയേണ്ടതില്ലായിരുന്നു. കഥകളിയുടെ പുതിയൊരു ആവിഷ്കാരം എന്നെടുക്കാമല്ലോ! ചിട്ടക്കഥകളും അരങ്ങില്‍ വേണം, കര്‍ണ്ണശപഥങ്ങളും വേണം... ഒന്നും മറ്റൊന്നിന് പകരമാവില്ല!

“...ഉരലു വലിച്ചു നീങ്ങി രാക്ഷസന്മാര്‍ക്ക് സദ്ഗതി നല്‍കുകയും...” - കുബേരപുത്രന്മാര്‍ക്കല്ലേ ശാപമോക്ഷം നല്‍കുന്നത്? അവര്‍ രാക്ഷസരാണോ?

ശെഠാ! കഥകളി കണ്ട് കരയാനും വയ്യേ? നടന്മാര്‍ എന്തെങ്കിലും കാട്ടുമ്പോള്‍ ചിരിക്കുന്നതില്‍ തെറ്റില്ലെങ്കില്‍, യശോദ പോവുമ്പോള്‍ കരഞ്ഞാലെന്താണ് കുഴപ്പം? ഹരിദാസ് മാഷിന്റെ പാട്ടിനേക്കാളും ചിലപ്പോള്‍ ശ്രദ്ധിക്കുക, മുഖത്തെ ഭാവമായിരുന്നു (പ്രവര്‍ത്തിക്കുന്ന കലാകാരന് ഭാവം ഉണ്ടാവാമോ എന്നത് മറ്റൊരു വിഷയം, അതിലേക്കു പോയതല്ല...). നളന്റെ വേര്‍പാട് കണ്ട് വീണ്ടും വീണ്ടും ദുഃഖിക്കുന്ന, രൌദ്രഭീമന്റെ രൌദ്രതയില്‍ അല്പം ഞെട്ടിയിരിക്കുന്ന, ഉത്തരാസ്വയംവരത്തിലെ ഭാനുമതിയുടെ മറുപടിയില്‍ രസിക്കുന്ന ഒരാസ്വാദകനാണ് ഞാന്‍. അതൊന്നും കഥകളിയുടെ ധര്‍മ്മമല്ലെന്നു പറഞ്ഞാല്‍ ഞാന്‍ എങ്ങിനെ അംഗീകരിക്കാനാണ്!

ഭക്തി മാത്രമാണ് വളരെ അപൂര്‍വ്വമായി ഉണ്ടാവുന്ന ഒന്ന്. ‘അജിതാഹരെ’ എമ്പ്രാന്തിരി പാടിയത് കേള്‍ക്കുമ്പോള്‍ തോന്നും... അത്ര തന്നെ! കൃഷ്ണലീല കണ്ടിട്ട് എനിക്ക് ഭക്തിയൊന്നും തോന്നിയില്ല. തികച്ചും മാനുഷിക വികാരങ്ങളാണല്ലോ അതിലെ പ്രതിപാദ്യം. ഭഗവാനാണെന്ന സങ്കല്പത്തില്‍ തൊഴുന്ന ദേവകിയോട്, ‘തരിക കരലാളനസൌഖ്യം’ എന്നു പറഞ്ഞ് കൃഷ്ണന്‍ തികച്ചും മാനുഷികാവസ്ഥയിലേക്ക് എത്തിക്കുകയാണ് ദേവകിയെ, കൂട്ടത്തില്‍ നമ്മളേയും... (യശോദ വീണ്ടും ലീലകള്‍ വിവരിച്ച് കൃഷ്ണനെ അമാനുഷികനാക്കുന്നുണ്ട്, എങ്കിലും...)

കൃഷ്ണലീല ആത്മീയത എന്ന ഭക്തിപ്രസ്ഥാനത്തെയാണോ ഉന്നം വെയ്ക്കുന്നത്? അതിലെന്താണ് അപായം? ഇതൊന്നും അത്ര വ്യക്തമായില്ല. (റഫ: “അത് കഥകളിയിലൊട്ടും ചേരാത്ത ഒരു ഭകതിപ്രസ്ഥാനത്തെയും പരോക്ഷമായി ഉന്നം വെക്കുന്നു, അത് അപായകരമാണ്.” Link)
--

ഒരു കാഥിക said...

കുറച്ചു ദിവസമായ്‌ വരാൻ കഴിഞ്ഞില്ല.. യശോദയുടെ വിടവാങ്ങൽ ഉള്ളിലെവിടെയോക്കെയോ ഓരോ തേങ്ങലുകളുണ്ടാക്കുന്നു. കണ്ണന്റെ പ്രവൃത്തികൾ ഭക്തി തന്നെയാണൊ എപ്പോഴും ഉളവാക്കുന്നതു.. എന്തോ ഒരു സംശയം..

ഈ ബ്ലോഗുകൾക്കു വളരെ നന്ദി..വീണ്ടും..

Jayasree Lakshmy Kumar said...

:)

മേരിക്കുട്ടി(Marykutty) said...

വളരെ നല്ല പോസ്റ്റ്...

AMBUJAKSHAN NAIR said...

Hello,
Nalacharitham and Karnasapatham not having Kathakalitham. I agree. Intially both stories were performed by the south artists. Kalamandalam Artist like Ramankutty asan, Padmanabhan Nair asan ,Gopi asan and others why taken the roles in Nalacharitham or Karnasapatham which not having kathakalitham. In 1981 at Mullakkal temple Kathakali at Alappuzha ,along with kottakkal Sivaraman one person also came. He told me that " I can not imagine the role of Damayanthi other than Kottakkal Sivaraman" "Kathakalitham illatha Damayanthi veshangalkku Kottakkal Sivaraman Super" It is the meaning as per your view.
Sri.Ramankutty asan, Padmanbhan Nair asan, Gopi asan were employed in Kalamandalam ( so no finance problem)for teaching Kathakali in Kalluvazhi Chitta for students in Kalamandalam. These earning artists I dont know why they performed the play like Nalacharitham and Karnasapatham. I well known that one Kathakali play named "Bhattarakaviayam" by R.Ramachandran Nair (Thulaseevanam)is first staged at Trivandrum . The same story staged at Kalamandalam also. Arangettam by Mankulam, Pallippuram, Chennitahala etc at Trivandrum. In kalamandalam Mankulam's role (Bhattarakan) taken by Padmanabhan Nair asan, Pallippuram's role(Udhannan) by Ramankutty asan and Chennitha's role (Kandakan) by Madavur Vasudevan Nair (at that time he was at Kalalmandalam.
Is it required?
When Krishnan Nair asan left Kalamandalam he taken the role of "Vridha" in Banayudham along with Harippad Ramakrishna Pillai's Banan. He taken that role because he want to be popular at South(he came out of Kalamandalam). But a Government institution support is with these asans why they taken these roles.
So the answer is with these asans.

Haree said...

@ nair,
:-‌) ഒരു ചെറിയ കാര്യം. കല എന്നത് കാലത്തിനനുസരിച്ചുള്ള പരിണാമങ്ങള്‍ക്ക് വിധേയമായേ തീരൂ; ആ രീതിയില്‍ കഥകളിയിലും പരിഷ്കരണങ്ങള്‍ ഉണ്ടാവും. അപ്പോള്‍ അതിലൊന്നും കഥകളിത്തമില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം കഥകളിത്തം എന്നതുകൊണ്ടുള്ള ഉദ്ദേശം തന്നെ മാറ്റപ്പെട്ടിരിക്കും. നളനോ, കര്‍ണ്ണനോ ഇല്ലായിരുന്നെങ്കില്‍ / വേഷം കെട്ടാതിരുന്നെങ്കില്‍ ഇന്നത്തെ ഗോപിയാശാന്‍ ഉണ്ടാവുമായിരുന്നോ എന്നു തന്നെ സംശയമാണ്. അതുകൊണ്ട് നളചരിതത്തേയും, കര്‍ണ്ണശപഥത്തേയും കഥകളിത്തമില്ല എന്നു പറഞ്ഞ് തള്ളിപ്പറയുന്നതിനോട് യോജിപ്പില്ല. ഞങ്ങള്‍ക്ക് (ഒരുപക്ഷെ, എന്റെ പ്രായക്കാര്‍ക്ക്) അതില്‍ കഥകളിത്തം കാണുവാന്‍ കഴിയുന്നുണ്ട്. എന്നുവെച്ച് ചിട്ടപ്രധാനമായ കഥകളോട് ഞങ്ങള്‍ക്ക് താത്പര്യമില്ല എന്നു കരുതരുത്. അവയിലും ഞങ്ങള്‍ കഥകളിത്തം കാണുന്നു. :-)
--

SunilKumar Elamkulam Muthukurussi said...

വി.ശ്യേയ്.. ഈ പോസ്റ്റിന്റെ പോക്ക് എവ്ടക്കാ?
കയ്യ്‌ന്ന് പോയോ?

കോട്ടയം കഥകളിൽ അത്ന്നെ അല്ലേ? മാനുഷിക വികാരങ്ങൾക്കല്ലേ അതിൽ പ്രധാന്യം? പിന്നെ ഏത് വേണം? വഴിപാട് കളിക്കുന്ന സന്താനഗോപാലവും കിരാതവും ഒക്കെ നോക്കൂ. ഒരുതരത്തിൽ മറ്റൊരുതരത്തിൽ നാം അകപ്പെടുന്ന സാങ്കീർണ്ണാവസ്ഥകളല്ലേ അത്? കിരാതം വേണമെങ്കിൽ മാറ്റി നിർത്താം. കുചേലവൃത്തവും.

പിന്നെ ഞാൻ കൃഷ്ണലീലയെ ന്യായീകരിക്കുകയല്ല. കഥകളി ഭക്തിക്ക് പറ്റിയ ഒന്നല്ല എന്നേ പറഞ്ഞുള്ളൂ. അങ്ങനെ ഭക്തി ഇറക്കുമതി ചെയ്താൽ ആ കഥ കാണാൻ അധികം ആളുകൾ ഉണ്ടാകില്ല.
അല്ലേങ്കിൽ ആടാൻ പ്രാധാന്യമുള്ള ഈ 2 അമ്മമാരെ മാത്രം കണ്ട്‌ ആളുകൾ സ്ഥലം വിട്ടോളും. കാലക്രമേണ പല “വധ”ങ്ങളിലും പറ്റിയപോലെ വധമില്ലാതെ തിരശ്ശീലപിടിക്കും.

ഹരീ, കളി കണ്ട് വികാരം ഉണ്ടാകണം. അതിനാണല്ലൊ അരങ്ങത്തുള്ളവർ മിനക്കെടുന്നത്. അതിനർത്ഥം നാം സഹൃദയർ ആൺ എന്നുതന്നെയാണ്.

“കൂടിയാട്ടത്തെ ലളിതവൽക്കരിച്ച് ലോകധർമ്മി..“ അതൊരു സൂക്ഷ്മത ഇല്ലാത്ത കമന്റ് തന്നെയാണ് എന്ന് ഞാനും സമ്മതിച്ചു.പക്ഷെ അതിനെ ഒന്നുകൂടെ ആഴത്തിൽ ആലോചിച്ചാൽ ചിലത് ശരിയായി വരും. ആലോചിക്കട്ടെ എന്നീട്ടെഴുതാം.

സിനിമക്കോ നാടകത്തിനോ ഇല്ലാത്ത ഒരു സൌകര്യമാണ് ആട്ടപ്രകാരം എന്നത്. അത് കഥകളിക്കുണ്ട്‌. ഒരു എക്സ്റ്റൻഷൻ പ്ലഗിൻ ആണത്. എന്നിരുന്നാലും ഒറിജിനൽ കഥയ്ക്ക് ഒരു നിലവാരം ഒക്കെ വേണം. നളചരിതത്തിൻ അതുണ്ട്‌. പക്ഷെ കർണ്ണശപഥത്തിനോ?

വികടശിരോമണി said...

ആചാര്യൻ,ഒരു കാഥിക,ലക്ഷ്മി,മേരിക്കുട്ടി-വരവിനും വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.
ഹരീ,നായർ-
നളചരിതവും കർണ്ണശപഥവും ഒരു നുകത്തിൽ കെട്ടാവുന്ന കാളകളാണെന്നു തോന്നുന്നില്ല.നായർ കഥകളിത്തം എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ത് എന്നെനിക്കു വ്യക്തമല്ല.നളചരിതത്തിനു കഥകളിത്തമില്ല എന്ന അഭിപ്രായത്തോട് എനിക്കു യോജിപ്പില്ല.പ്രശസ്തരായ ആശാന്മാർക്ക് മറിച്ചഭിപ്രായമുണ്ടാകാം,ആദരവോടെ പറയട്ടെ,ഞാനവരുടെ അഭിപ്രായങ്ങളെ വിഴുങ്ങാറില്ല.കർണ്ണശപഥത്തെപ്പറ്റി പറഞ്ഞ അഭിപ്രായത്തിൽ ഞാനുറച്ചുനിൽക്കുന്നു,അത്തരം ആവിഷ്കാരങ്ങൾ വൈറസ് തന്നെയായിരുന്നു.കഥകളിക്ക് അതിന്റേതായ രംഗപദ്ധതിയുണ്ട്,അതിനെ മുഴുവനായി നിരസിക്കുകയാണ് കർണ്ണശപഥം ചെയ്തത്.രംഗങ്ങളായി തിരശ്ശീല കൊണ്ടു തിരിയുക മുതൽ,താളപ്രകരണത്തിലെ തിരഞ്ഞെടുപ്പിൽ വരെ,രചനയിൽ തന്നെ കഥകളിയുടെ അവതരണപ്രകൃതിയോട് കർണ്ണശപഥം ഇടന്തടിച്ചുനിൽക്കുന്നു.ഓട്ടൻ തുള്ളലു പോലെയാണ് പലയിടത്തും രചന(ഉദാ:സ്ത്രീത്വം ഭവതിയെ രക്ഷിക്കുന്നു)നിയോക്ലാസിക്കൽ ബിബകൽ‌പ്പനകളെ നിരസിച്ച് കർണ്ണശപഥം കൈക്കൊള്ളുന്നത് അതിവൈകാരികമായ,ഒരുതരം ഒട്ടിപ്പിടിക്കുന്ന പൈങ്കിളിത്തത്തെയാണ്,ആ വഴി കഥകളിയുടേതല്ല.ശിവരാമനേയും ഗോപിയേയും പോലുള്ള മഹാനടന്മാർ ആ കഥയെ അവരുടെ പ്രതിഭാവിലാസം കൊണ്ട് വലുതാക്കുകയായിരുന്നു.
നളചരിതത്തിന്റെ കാര്യം അങ്ങനെയല്ല.അതിന്റെ രചനക്കു തുല്യമായി ആട്ടക്കഥകളിലെന്നല്ല,മലയാളസാഹിത്യത്തിൽ തന്നെ കൃതികൾ ചുരുക്കമാണ്.താളശിൽ‌പ്പത്തിലും രചനയിൽ നളചരിതം ഏറെ ദൂരം മുന്നിലാണ്.കാദ്രവേയകുലതിലക പോലെയോ,കുവലയവിലോചനേയോ പോലെ മനോഹരമായ സങ്കേതചാരുതകളും നളചരിതത്തിലുണ്ട്.കോട്ടയം കഥകളും മറ്റു പ്രധാന ചിട്ടക്കഥകളും ഭംഗിയായി ചൊല്ലിയാടിയുറക്കുകയും,ഭാവനാത്മകമായ മനസ്സ് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന നടന്മാർക്ക് എന്നും ഹിമാലയമാണ് നളചരിതം,എത്ര കറങ്ങിയാലും തീരാത്ത മഹാപർവ്വതം,അതിനേയും കർണ്ണശപഥം പോലുള്ള വികലാംഗകഥകളേയും ഒരേപോലെ കാണരുത്.
കരച്ചിലിനേപ്പറ്റി ഞാൻ പറഞ്ഞ സെൻസിലല്ല എന്നു തോന്നുന്നു,ഹരി ഉൾക്കൊണ്ടത്,കളിയരങ്ങിനു മുമ്പിൽ ഗൌരവം ദീക്ഷിച്ച് ആദ്യാവസാനമിരിക്കണമെന്നല്ല ഞാൻ പറഞ്ഞത്.കുട്ടിക്കാട്ടാളന്മാരിലും,ഭീരുവിലും ചിരിക്കുന്ന ആസ്വാദനം തന്നെയാണെന്റേതും.:)
പക്ഷേ,ഈ സാത്മീകരണത്തിലുണരുന്ന കരച്ചിൽ അതല്ലല്ലോ.അത്തരം വൈകാരികതയല്ല കഥകളിയിലാവശ്യം,നളചരിതത്തിലെ വേർപാട് കണ്ട് സാധാരണ ആരും കരയാറില്ലല്ലോ.അതെത്ര വികാര നിർഭരമായ രംഗമാണെങ്കിലും.
ഹരീ,ആ രാക്ഷസന്മാർ തെറ്റുതന്നെ,ചൂണ്ടിക്കാണിച്ചതിന് ഒരുപാട് നന്ദി.
ആത്മീയതയിലേക്ക് കഥകളിയെ മാറ്റാനുള്ള ശ്രമങ്ങളോട് എനിക്ക് യോജിക്കാനാവുന്നില്ല.അതിൽ അപായമുണ്ട്ന്നു തന്നെ ഞാൻ കരുതുന്നു.ആധുനികലോകത്ത് ഒരു കലയുടെ വളർച്ചക്ക് ഏറ്റവും അനിവാര്യം അതിന്റെ മതനിരപേക്ഷമായ സത്വമാണെന്നാണ് എന്റെ അഭിപ്രായം.പഴയ ഫ്യൂഡൽ പ്രഭുക്കളുടെ ചിറകിനടിയിൽ നിന്ന് സാമൂഹ്യാധികാരത്തിലേക്ക് വന്ന കഥകളിയിൽ ഇനിയും ഹൈദരാലിമാർ ഉണ്ടാകേണ്ടതുണ്ട്.അതിനപ്പുറം വൈയക്തികമായ കാര്യമാണ് ഒരാളുടെ ആത്മീയത,അതിന്റെ പോഷണാർത്ഥം കഥകളിയെപ്പോലുള്ള ഒരു കലാരൂപം ഉപയോഗിക്കപ്പെടുന്നത് ശരിയല്ല താനും.
സുനിൽ,
പോസ്റ്റ് ശരിയായ വഴിക്കുതന്നെയല്ലേ പോകുന്നത്:)
അല്ലെങ്കിൽത്തന്നെ,നാം പോകുന്ന വഴിയാണ് ശരിയായ വഴി:)
കൂടിയാട്ടഠിൽ ലോകധർമ്മി ചേർന്ന് കഥകളി എന്ന വിശകലനം മുൻപും പലരും പറഞ്ഞുകേട്ടിട്ടുണ്ട്,എന്റെ ചില ആശയങ്ങൾ വൈകാതെ ഞാനൊരു പോസ്റ്റാക്കാം.
കോട്ടയം കഥകൾ തീവ്രമായ മനുഷ്യവികാരങ്ങളുടെ പ്രകാശനമാണ് സംശയമില്ല,അതിനാൽത്തന്നെയാണവ നിലനിക്കുന്നതും.
നന്ദി.

അനില്‍@ബ്ലോഗ് // anil said...

വാ വാഹ്,

കൊള്ളാം, ചര്‍ച്ച പുരോഗമിക്കട്ടെ.
ഇതു തന്നെയാണ് ഇത്തരം “ആഢ്യ” കലകളുടെ സ്ഥിതി. പുരോഗമന വാദികളും ഫണ്ടമെന്റലിസ്റ്റുകലും തമ്മിലുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍.

ആസ്വദിക്കുന്നു.

SunilKumar Elamkulam Muthukurussi said...

വി.ശി,
“അതിന്റെ രചനക്കു തുല്യമായി ആട്ടക്കഥകളിലെന്നല്ല,മലയാളസാഹിത്യത്തിൽ “ എന്നെഴുതിയപ്പോൾ കഥകളിയോട് അത്രവലിയ ബന്ധമില്ലെങ്കിലും നളചരിതത്തോടും കുഞ്ചൻ നമ്പ്യാരോടുമൊക്കെ ഉണ്ട്‌. സംഭവം പറയാം. എ.ആർ രാജജാരവർമ്മയുടെ അതോ കേരളവർമ്മയുടെയോ കാലത്ത് വടക്കൻ കേരളത്തിൽ മോയിൻ‌കുട്ടിവൈദ്യർ എന്നൊരു മഹാകവി ജീവിച്ചിരുന്നു. അദ്ദേഹം “ബദറുൽ മുനീർ ഹുസ്നുൽ ജമാൽ“ എന്നൊരു കാവ്യം അദ്ദേഹത്തിന്റെ 20ആം വയസ്സിൽ എഴുതിയിരുന്നു. അറബി മലയാളത്തിലായതിനാൽ നമുക്കാർക്കും അത്ര പിടികിട്ടിയില്ല. പക്ഷെ, ഇപ്പോ ടിപ്പണി സഹിതം പുസ്തകം കിട്ടും. അതിനെ പറ്റി എ.പി.അഹമ്മദ് പറഞു കേട്ടും, ശൂരനാട് കൂഞൻ പിള്ള, ഡോ.ബഷീർ, ടി.കെ ഹംസ എന്നിവരുടെ ലേഖനങ്ങളും വായിച്ചാണേ ഇതെഴുതിയത്. മണിപ്രവാള കൃതിയാണ്.അറബി,തമിഴ്,പേർഷ്യൻ,സംസ്കൃതം,കന്നട എന്നിവയൊക്കെയുണ്ട്‌. അറബി ലിപിയിലുമാണ്. നളചരിതവും ഈ കൃതിയും ഒന്ന് താരത‌മ്യം ചെയ്യേണ്ടതു തന്നെ.

വികടശിരോമണി said...

സുനിൽ,
ശരിയാണ്,ബദറുൽ മുനീർ-ഹുസ്നുൽ ജമാൽ വേണ്ട പോലെ മലയാളി വായിച്ചില്ല,മിക്ക അറബിമലയാളകൃതികളും. “പൂമകളാണേ ഹുസ്നുൽ ജമാൽ,പുന്നാരത്താളം നിറൈന്ത ബീവി”എന്നാരംഭിക്കുന്ന ഹുസ്നുൽ ജമാൽ വർണ്ണന കേൾക്കുമ്പോൾ തന്നെ പണ്ട് ഞനാലോചിച്ചിട്ടുണ്ട്,ഈ നളചരിതബന്ധത്തെപ്പറ്റി.പക്ഷേ അവ വെറും ബാഹ്യസ്പർശികളായ വർണ്ണനകളിലും മറ്റുമാണ്,ആന്തരികഘടനയിൽ മുഴുവൻ ഗൂഡാർത്ഥങ്ങൾ നിറയുന്ന നളചരിതത്തിന്റെ കാവ്യശേഷിയോടുള്ള താരതമ്യം സംഗതമെന്നു തോന്നുന്നില്ല.
മോയിൻ കുട്ടി വൈദ്യരെ എനിക്കു ഉണ്ണായിക്കും മുമ്പറിയാം സുഹൃത്തേ,ഞാനൊരു മലപ്പുറം ജില്ലക്കാരനല്ലേ:)

Haree said...

അയ്യോ...
കര്‍ണ്ണശപഥത്തെയും, നളചരിതത്തേയും ഒരേ രീതിയില്‍ കണ്ടതല്ലാട്ടോ... രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട് എന്നത് പറയേണ്ട കാര്യമില്ല. രണ്ടിനും കഥകളിത്തമില്ല എന്നു പറഞ്ഞപ്പോള്‍, അതങ്ങിനെയല്ല എന്ന് ഒരുമിച്ച് പറഞ്ഞുവെന്നു മാത്രം.

ശരിയാണ് കര്‍ണ്ണശപഥത്തിന്റെ രംഗാവതരണത്തിലും മറ്റും എനിക്കും അത്ര തൃപ്തിയില്ല. ഞാനിങ്ങനെയൊരു പോസ്റ്റ് മുന്‍പ് ഇട്ടിരുന്നു. ശ്ലോകങ്ങളില്ലാത്തതും, ഇടയ്ക്ക് തിരശീല പിടിക്കാത്തതുമൊക്കെ ദഹിക്കുവാന്‍ പ്രയാസമുള്ള സംഗതികള്‍ തന്നെ. കര്‍ണ്ണശപഥം എനിക്കത്ര പ്രിയപ്പെട്ട കഥയുമല്ല. എങ്കിലും, അതൊരു മോശം കഥയാണെന്ന് എനിക്ക് അഭിപ്രായമില്ല. ഇത്രയൊക്കെ കുറവുണ്ടെങ്കിലും, അതിലുപരി ഇഷ്ടം തോന്നിപ്പിക്കുന്ന ഒന്നതിലുണ്ട്. ലളിതമായ മലയാള പദങ്ങള്‍ ഉപയോഗിച്ചു എന്നത് ഒരു കുറവായി ഞാന്‍ കാണുന്നില്ല. ഗോപിയും, ശിവരാമനും മാത്രമല്ല; അതാലപിച്ച ഗായകരും, കഥയുടെ ഉയര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

കുട്ടിക്കാലത്ത് കര്‍ണ്ണശപഥം കാണുന്നത് എനിക്കിഷ്ടമായിരുന്നു, പദങ്ങളൊക്കെ ഒരുമാതിരി മനസിലാവും എന്നതാവാം കാരണം. അങ്ങിനെയുള്ളവയും കഥകളിക്ക് ഇന്ന് ആവശ്യമുണ്ട്. അതുകണ്ട് കഥകളിയോട് ഇഷ്ടം തോന്നി മറ്റു കഥകളിലേക്ക് ആസ്വാദകര്‍ക്ക് വളരുവാന്‍ സാധിക്കുമല്ലോ! ആദ്യം തന്നെ കുവലയയോ, ബാലേ കേള്‍ നീയോ കണ്ട് ആസ്വദിക്കണമെന്നു പറഞ്ഞാല്‍, എല്ലാവര്‍ക്കും കഴിയണമെന്നില്ല. പക്ഷെ, ആര്യപുത്രയോ, എന്തിഹ മന്മാനസയോ കഴിഞ്ഞുവെന്നും വരാം. ഇടക്കാലത്ത് കുറേ വര്‍ഷങ്ങള്‍ കര്‍ണ്ണശപഥം ഇല്ലാതെ കടന്നുപോയി, പിന്നെ അടുത്ത കാലത്താണ് കണ്ടത്. പക്ഷെ, എനിക്ക് മുന്‍പ് എന്റെ മനസില്‍ അതിനോടു തോന്നിയിരുന്ന ഇഷ്ടം, കണ്ടുകഴിഞ്ഞപ്പോള്‍ ഉണ്ടായിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല, ഗോപിയാശാന്‍ തന്നെയാണെങ്കില്‍ പോലും, അതില്‍ അദ്ദേഹത്തിനൊന്നും അഭിനയിക്കുവാന്‍ മാത്രം ഒന്നുമില്ല എന്നതാണ് നിരാശപ്പെടുത്തുന്നത്. എന്തിഹ മന്മാനസേ തുടങ്ങുന്നതിനു മുന്‍പുള്ള ചെറിയ ഒന്നോ രണ്ടോ മനോധര്‍മ്മങ്ങളാണ് ആകെയുള്ളത്! എങ്കിലും കര്‍ണ്ണശപഥത്തോട് അകല്‍ചയില്ല, ഇഷ്ടം തന്നെയാണ് താനും... :-)

‘കൃഷ്ണലീല’യില്‍ ആത്മീയത വരുന്നത് എങ്ങിനെയാണ്? അതൊന്നു പറഞ്ഞു തരുമോ...
--

Lathika subhash said...

പോസ്റ്റിനും ചര്‍ച്ചകള്‍ക്കും നന്ദി.
അറിയാനായ് ഇനിയും വരാം.

AMBUJAKSHAN NAIR said...

Hari and Friends,
My words to the kathakali lovers who were against to Nalacharitham and Karnasapatham. The codition of Kathakali was poor at that time Vallathol tried to develop it. So we got a Kalamandalam. Through the Kalamandalam we got many good artists and a base to Kathakali especially in middle kerala and slowly spread to all parts of Kerala. But in the old condition kathakali was existing in south. MKK period only a southern school started with a limited source.
Nizhalkuthu, Kachadevayani, Harichandracharitham were popular in south at that period in south. My question is that why the Kalamandalam artists were not maintained the Kottayam kathakal and why they came to play these type of stories?

I well known that in 1980s at thiruvananthapuram Sri.Ramankutty Asan taken the role of Nalan in Nalacharitham 1, 2 and Bahukan in 3 and 4. Ullur Krishnan Nair ( Editor of Vikadakesari weekly) written an article at that time " Those who really loving Ramankutty asan will not give the role of Nalan and Bahukan, ( Raman kutty asane apamanikkanayi oru koottar thiruvananthapurathu undayirikkunnu ennayirunnu lines)but the real lovers will give the role of Keechakan, Hanuman, Ravanan etc.
My question is that Asan also knows that Nalacharitham is not suitable for " Kalarichitta Kathakali" Then why he taken the role?
In my knowledge 15 years back for an ordinary kathakali minimum 50 persons will be in front of the kathakali stage at Thiruvalla. Now What is the condition?
If Gopi asan is there means a few peoples will be there.If Gopi asan is taking the role of Karnan deffenetly 50 to 75 persons will come to see the Kathakali.Two years back at Evoor celebrated Nalacharitholsavam. A good mass for that Kathakali. People can follow Nalacharitham , Karnasapatham , Devayanicharitham etc. But ordinary peoples were un able to follow the Kalakeyavadham and Krimmeravadham.Because of these reasons only Nizhalkuthu came popular in middle Kerala .

AMBUJAKSHAN NAIR said...

Sorry Nizhalkuthu is getting popularity in middle kerala also.

SunilKumar Elamkulam Muthukurussi said...

വി.ശി.യുടെ കൃഷ്ണലീലയെ കുറിച്ചുള്ള പോസ്റ്റ് വായിച്ച് അതിലെ കമന്റുകളും വായിച്ചപ്പോൾ തോന്നിയത്..

വികടശിരോമണി said...

ഹരീ,
വൈയക്തികമായ ചുറ്റുപാടിൽ നിന്ന് സാമൂഹ്യപരതയിലേക്ക് സംക്രമിക്കുന്ന കൃഷ്ണന്റെ ജീവിതത്തിലെ സുപ്രധാനസന്ധിയിൽ,അതുവരെ കണ്ണനെ വളർത്തിയ അമ്മ പൂർവ്വാനുഭവങ്ങൾ പറയുക എന്നത്,ഒരു തിഅരിഞ്ഞുനോട്ടമാണല്ലോ.സമഷ്ടിയിൽ നിന്ന് വ്യഷ്ടിയിലേക്കുള്ള തിരിവ്.ആ കലാദർശനത്തിൽ തന്നെ ആത്മീയമാനമുണ്ട് എന്നാണ് ഞൻ കഷ്ടപ്പെട്ട് പറയാൻ ശ്രമിച്ചത്.വൈകാരികതയുടെ അതിപ്രസരം മനോഹരമായി ചിട്ടപ്പെടുത്തപ്പെട്ട കൃഷ്ണലീലയുടെ ശിൽ‌പ്പത്തെ ശിഥിലമാക്കുന്നു എന്നും.അതു വിട്ടുകളഞ്ഞേക്കൂ,ഭിന്നരുചികളാണു ലോകം.
നായർ,
സാധാരണക്കാരെയും അസാധാരണക്കാരെയും തരം തിരിക്കുന്ന അളവുകോൽ എന്റെ പക്കലില്ല.സമൂഹത്തോടുള്ള പ്രതിസ്പന്ദനമാണ് കലയുടെ ജീവൻ.ശൈലീകരണം വഴി രൂപശിൽ‌പ്പമാർജ്ജിച്ച കലാരൂപങ്ങളിലെ പരിഷ്കരണങ്ങളെപ്പറ്റി നമുക്കു തർക്കിക്കാം.ആശാന്മാർ എന്തുകൊണ്ട് എന്തുചെയ്യുന്നില്ല എന്ന ചോദ്യം അവരോട് ചോദിക്കേണ്ടതാണ്.കല്ലുവഴിക്കളരിയെപ്പറ്റി ഏറ്റവും പ്രഗാഢമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കഥകളിയാചാര്യൻ വാഴേങ്കട കുഞ്ചുനായർക്ക് ഏറ്റവും പ്രിയപ്പെട്ട വേഷം മൂന്നാം ദിവസത്തിലെ ബാഹുകനായിരുന്നു,കല്ലുവഴിക്കളരിയുടെ ആവിഷ്കാരപ്രകാരമനുസരിച്ച് ഏറ്റവും മോശമായ വേഷങ്ങളിലൊന്ന്.(കിടന്നും നിരങ്ങിയും തീരുന്ന ഒരു വേഷം എന്ന് കീഴ്പ്പടം ആശാൻ പറഞ്ഞുകേട്ടിട്ടുണ്ട്:)}
ആശാന്മാരുടെ ഇഷ്ടാനിഷ്ടങ്ങളെ നോക്കി അഭിപ്രായ രൂപീകരണം നടത്താനെനിക്കു താല്പര്യമില്ല.
വീണ്ടുമുള്ള വരവിന് നന്ദി,സന്തോഷം.
സുനിലേ,
കണ്ടു,കമന്റി-പക്ഷേ അനോനിക്കമന്റായിപ്പോയി-ആ ‘നിറഞ്ഞ സന്തോഷം‘ എന്റേതുതന്നെ.

നന്ദി.

AMBUJAKSHAN NAIR said...

Hello,
"Nalacharithathinu Kathakalitham illa" it is not my opinion. In the asianet kathakali programme it self Sri.Narippatta expressed ( Kathakali chttakku vazhangunnathalla Nalacharitham) it. It is the opinion of several Kathakali lovers . I am an ordinary aswadakan. I like all stories including Nalacharitham and nizhalkuthu. Kathakalikku aswadakar venam. People should sit in front of this art.

അരുണ്‍ കരിമുട്ടം said...

കുറച്ച് കാര്യങ്ങള്‍ മനസ്സിലായി.അല്ലാതെ അഭിപ്രായം പറയാന്‍ ആളല്ല.

Dr. Evoor Mohandas said...

v.s.
I haven't seen 'krishnaleela' and hence unable to comment on that kathakali per se.

When reading your write-ups and other's comments, I get a fundamental doubt. What's the defenition of kathakali?

one group says Kottayam kathakal are only suitable for kathakali,other group says all the trivial characters including aanakkaran, bheeru, asari, mannathi --- all are true kathakali characters, yet another group says 'karnasapatham' cannot be considered as kathakali, as there is no 'thiraseela' between the rangams and no 'pathinjapadam' in the beginning, some group writes books and PROs are fanning all over the world to declare how Nalacharitham should not be a kathakali, some people say Nalacharitham is the only one kathakali, because it depicts the 'pachhayaaya manushya jeevitham' and any art should focus on that fundamental aspect,now u say, no tears should roll down my eye after seeing a kathakali, and if it happens, it's not kathakali, but 'painkili'. But Haree says he wants to cry and laugh and u agree that u too do it. Ayyo, confusion kaaranam paithyam pidichennu thonnunnu!

Until now I was thinking that I knew some kathakali. Even I wrote few articles on 'Nalacharithathile KATHAKALITHAM'. Naanakketayennu paranjaal mathiyallo!Ippo enikku ee 'kathakalitham'pattiyude munpile pothiyaathenga' maathiri aayi.

V.S. can you define kathakali and its code of presention? is there any irrevocable constitution for this art?

Mohandas

വികടശിരോമണി said...

നായർ,
നളചരിതം കഥകളിയുടെ കളരിപ്രകാരത്തിനു വഴങ്ങാത്തതാണ് എന്ന വാദവും,നളചരിതത്തിനു കഥകളിത്തമില്ല എന്ന വാദവും ഒന്നാണെന്നു കരുതേണ്ടതില്ല.അനേകം കലകളുടെ ഒരു സമ്മോഹനമായ സമന്വയമാണ് കഥകളി.ഇന്നു നാം വിവക്ഷിക്കുന്ന കളരിപ്രകാരം,കോട്ടയം കഥകളുടെ ആവിഷ്കാരരീതിശാസ്ത്രവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതുമാണ്.പൊന്നാനി-ശിങ്കിടി ഒരു തവണ പാടിത്തീരുമ്പോഴേക്കും മുദ്രകാണിച്ചുതീരുന്ന,കൃത്യമായി 6 താളങ്ങളുടെ വിവിധ കാലപ്രമാണങ്ങളിൽ ഒതുങ്ങിനിൽക്കുന്ന...ആ കളരിപ്രകാരം അതേപടി നളചരിതത്തിൽ പ്രയോഗിക്കാൻ ശ്രമിക്കുന്നിടത്ത് പാളിപ്പോവുന്നു.
(ഓഫ്:താങ്കൾ ഇവിടെയിട്ട കമന്റ് തൌര്യത്രികത്തിലെ അടുത്ത പോസ്റ്റിൽ പോയി തിരഞ്ഞപ്പോൾ കാണാത്തതു കൊണ്ടാണോ അവിടെ കമന്റ് നീക്കം ചെയ്തതാണെന്ന് തെറ്റിദ്ധരിച്ചത്?സംശയം)
മോഹൻ‌ദാസ്,
കഥകളിയെന്നല്ല,ജൈവമായ ഒരു കലാരൂപത്തെയും ആർക്കും നിർവ്വചിക്കാനാവില്ല.വ്യതിരിക്തമായ നിരവധി വീക്ഷണകോണുകളാണ് ഏതു കലയുടെയും സമ്പന്നത്.
നന്ദി.

Dr. Evoor Mohandas said...

with anoni's question, the discussion on my question of defenition of kathakali was shifted under heading 'natyadharmi/lokadharmi'......so, pl discuss further there

Mohandas