Sunday, March 15, 2009

മഹാവൃക്ഷവും മൂന്നു ശിഖരങ്ങളും

കാൽ‌പ്പനികഭാഷയുടെ ചെടിപ്പ് സഹിക്കാൻ തയ്യാറാച്ചാൽ,അങ്ങനെത്തന്നെ തുടങ്ങാം;
പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോൻ എന്ന മഹാവൃക്ഷത്തിന്റെയും,അതിന്റെ മൂന്നു ശിഖരങ്ങളുടെയും നേർക്ക്, കാഴ്ച്ചക്കുറവുള്ള എന്റെ ‘നോക്കിക്കാണലാ’ണിത്.കുരുടൻ ആനയെ,അല്ലെങ്കിൽ തലപ്പൊക്കമുള്ള ആനകളെ കാണുമ്പോലെ എന്നും പറയാം.
രാവുണ്ണിമേനോന്റെ ജീവിതം പോലെ,സമർപ്പിതചേതസ്സായ ഒരു കലാകാരന്റെ ചരിത്രം കണ്ടെടുക്കാൻ പ്രയാസം.ഊണിലുമുറക്കത്തിലും,സന്തോഷസന്താപങ്ങളിലും കഥകളീയമായ ചേതന.പല മുഖങ്ങളുള്ള അദ്ദേഹത്തിന്റെ മൂന്നു മുഖങ്ങൾ ആണിവിടത്തെ വിഷയം.
1)ഭരതമുനിയുടെ നാട്യശാസ്ത്രത്തിലും,പുരാണേതിഹാസഖനികളിലും നിന്ന് സ്വാംശീകരിച്ച അവബോധങ്ങളെ ഔചിത്യപൂർവ്വം കഥകളിയിലേക്കിണക്കുന്ന,ചിന്തനീയനായ പരിഷ്കർത്താവ്,ഗവേഷകൻ.
2)നവംനവങ്ങളായ അലോചനകളിലൂടെ മനസ്സിനെ മേയാൻ വിടുകയും,നൃത്തത്തിന്റെയും,സങ്കേതത്തിന്റെയും ഉദ്ഗ്രഥനത്തിൽ ഉന്മുഖനായിരിക്കയും ചെയ്യുന്ന ജിജ്ഞാസു,ഗുരുനാഥൻ.
3)കോട്ടം വിട്ട മെയ്യാണ് കഥകളിയുടെ കരുത്തെന്ന ബോധത്തോടെ,അയത്നസുന്ദരവും അഭ്യാസദൃഢവുമായ ആംഗികഭാഷയും,സുഭദ്രമായ സങ്കേതബോധവും കൈമുതലാക്കിയ മഹാനടൻ,ആചാര്യൻ.
ഈ മൂന്നു ശിരസ്സുകളും മൂന്നു ശിഷ്യന്മാർക്കു കിട്ടിയ ഒസ്യത്തായി.യഥാക്രമം വാഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ,കലാമണ്ഡലം രാമൻ‌കുട്ടിനായർ.ബലിഷ്ഠമായ തായ്‌വൃക്ഷത്തിന്റെ കരുത്തുമുഴുവനും ശിഖരങ്ങൾക്കുമുണ്ടായിരുന്നു.വിന്യസിക്കപ്പെട്ട പ്രതലങ്ങൾ വ്യത്യസ്തങ്ങളെങ്കിലും.
രാവുണ്ണിമേനോൻ-കലാ‍ബോധത്തിന്റെ പെൻഡുലം
----------------------------------------------------------------
കളിയരങ്ങിന്റെ ചരിത്രം രാവുണ്ണിമേനോനിൽ നിന്നു ചുഴിമലരികളായി കറങ്ങുന്നത്,കഥകളിയുടെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കം അവിടെയായതു കൊണ്ടാണ്.അദ്ദേഹം സമൂഹത്തിന്റെ ഉടമസ്ഥാവകാശത്തിലേക്ക് കഥകളി സംക്രമിക്കപ്പെട്ട കാലത്തിലെ പരമാചാര്യനായതുകൊണ്ടാണ്.ദശമുഖൻ ശങ്കുപ്പണിക്കരിൽ നിന്ന് കുയിൽത്തൊടി ഇട്ടിരാരിച്ചമേനോനിലെത്തിയപ്പോഴേക്കും തന്നെ,സാങ്കേതികത്തികവിലേക്കു നടന്നെത്തിയ കല്ലുവഴിക്കളരിയുടെ വ്യാകരണത്തെ ആംഗികവും ഉപാംഗവുമായ ഇണക്കങ്ങളിലേക്ക് ഉൾച്ചേർത്തതുകൊണ്ടാണ്.
പട്ടിയ്ക്കാംതൊടിയുടെ ജീവിതത്തിലേയും,അതോടൊപ്പം കഥകളിയുടെ ജീവിതത്തിലേയും സുപ്രധാനഏടായ കൊടുങ്ങല്ലൂർ ഗുരുകുലവാസത്തെ മനോജ് സമർത്ഥമായി സൂചിപ്പിച്ചത് എന്നെ ചിന്തിപ്പിക്കുന്നു;“അതൊരു പ്രലോഭനമായിരുന്നു,ഗൌരവമുള്ള ഒരു പ്രലോഭനം”എന്ന്.
തീർച്ചയായും അതൊരു പ്രലോഭനം തന്നെയായിരുന്നു.കഥകളിയുടെ പൊതുപ്രകൃതിയിൽ നിന്നു ഭിന്നമായ നാട്യസിദ്ധാന്തങ്ങളെ ഉൾച്ചേർക്കാനുള്ള ശ്രമങ്ങളിൽ ആ പ്രലോഭനം നിലീനമായിരിക്കുന്നു.ഇട്ടിരാരിശ്ശമേനോനിൽ നിന്നു ലഭിച്ച അഭ്യാസത്തികവിന്റെ മുകളിൽ ചെയ്ത ആ നാട്യവിചാരം,തുടർന്നുള്ള കഥകളിയുടെ രൂപത്തെ ഉരുക്കിവാർത്തതുകൊണ്ട്,അതു ചർച്ച ചെയ്യാതെ തരമില്ല.
രസപഠനത്തിനെത്തിയ രാവുണ്ണിമേനോനോട്,ഭരതമുനിയുടെ നാട്യശാസ്ത്രത്തെ എടുത്തു കയ്യിൽ കൊടുക്കുകയാണ് കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ ചെയ്തത്.ആ ബൃഹത്‌സാഗരം കണ്ടമ്പരന്ന രാവുണ്ണിമേനോനോട് “അതു മുഴുവൻ കഥകളിക്കാവശ്യമില്ല”എന്നു പറഞ്ഞ് ‘വേണ്ടതു’ പകർത്തിക്കൊടുത്തു.കണ്ണുസാധകം,മുഖം ഉഴിച്ചിൽ മുതലായവയുൾപ്പെടുന്ന പ്രസ്തുത നാട്യപഠനത്തിന്റെ അനന്തരഫലം,നാട്യബോധത്തിലേക്കുള്ള കഥകളിയുടെ പ്രയാണമായിരുന്നു.കൊടുങ്ങല്ലൂർ പഠനത്തിൽ നിന്ന് രാവുണ്ണിമേനോൻ സ്വാംശീകരിച്ച അവബോധം,അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളിൽ പ്രകടമാണ്:
“പഴയകാലത്ത് കണ്ണ് മുതലായ സാധകങ്ങൾ ഇന്ന സമയത്തെന്ന കണക്കില്ല.മുഖം കൈ കൊണ്ട് വേണ്ട വിധം ഉഴിച്ചിലില്ല.കൊടുങ്ങല്ലൂർ താമസം കാരണമായി അതെല്ലാം പിന്നീട് ഞാൻ നിശ്ചയപ്പെടുത്തി നടപ്പാക്കിയതാകുന്നു.പ്രസന്നം,രക്തം,ശ്യാമം,സ്വാഭാവികം ഈ നാലു മുഖരാഗം നടന്മാർക്ക് അറിവില്ല.സ്ഥായി,സഞ്ചാരി,വാക്യാർത്ഥം,പദാർത്ഥം ഇവയും കഷ്ടി.ഇക്കാലത്ത് ഗ്രാമ്യം പ്രധാനം.അതനുസരിച്ചുള്ള പാട്ടും മതിയത്രേ.അതതു രാഗങ്ങൾക്കുള്ള പ്രധാനസ്വരം,അതതു രസങ്ങൾക്കുള്ള പ്രധാനസ്വരം,നാട്യവും പാട്ടും ഒന്നെന്നറിയുക,ചെല്ലിയാട്ടം തന്നെ നാട്യം,നാട്യം തന്നെ ആട്ടം എന്നിവകളിലെല്ലാം വളരെ കുറഞ്ഞുവന്നു അറിവ്.”
പന്ത്രണ്ടു വർഷത്തെ കഥകളിയഭ്യസനത്തിനുശേഷമുള്ള ഈ ഉപരിപഠനത്തിൽ,രസാഭിനയരീതികൾ,പാത്രസ്വഭാവം,ആവിഷ്കരണരീതിശാസ്ത്രം,സ്ഥായീഭാവത്തിന്റെ പ്രാധാന്യം,ഒഴിവാക്കേണ്ട അനൌചിത്യങ്ങൾ തുടങ്ങി,നൃത്തഘടനയ്ക്കും കഥകളിയുടെ സങ്കേതഘടനയ്ക്കും പുറത്തുള്ള എല്ലാ കാര്യങ്ങളിലും അന്വേഷണങ്ങൾ നടന്നുകാണണം.ഇട്ടിരാരിശ്ശമേനോനിൽ നിന്നു ലഭിച്ച ചൊല്ലിയാട്ടത്തികവിനു ക്ഷതമേൽ‌പ്പിക്കാത്ത വിധം,കൊടുങ്ങല്ലൂർ അറിവുകളെ സമന്വയിപ്പിച്ചതിലാണ് രാവുണ്ണിമേനോന്റെ വൈദഗ്ദ്ധ്യത്തെ അറിയേണ്ടതും ആദരിക്കേണ്ടതും.എഴുപത്തഞ്ചോളം ശ്ലോകങ്ങൾ തമ്പുരാന്മാർ ആടാനായി എഴുതിനൽകിയെങ്കിലും,അവയിൽ പ്രസക്തമായതു മാത്രം സ്വീകരിക്കുകയാണ് രാവുണ്ണിമേനോൻ ചെയ്തത്.നൃത്യത്തിൽ നിന്നു നാട്യത്തിലേക്കുള്ള ആ ‘പ്രലോഭനം’,രാവുണ്ണിമേനോന്റെ കലാചിന്തകളെ അടിമുടി ഉലച്ചു.വിശാലമായ വായുസഞ്ചാരമുള്ള ആവിഷ്കാരസ്ഥലികൾ ,ചിട്ടപ്പെട്ട കഥകൾക്കകത്തും പുറത്തുമായി കിടക്കുന്ന കഥകളിയുടെ അവസ്ഥ,അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്ന പെൻഡുലമായി രാവുണ്ണിമേനോന്റെ അന്വേഷണങ്ങളെ മാറ്റിത്തീർത്തു.
ദശരൂപകത്തിന് അവലോകമെന്ന വ്യാഖ്യാനമെഴുതിയ ധനികൻ,“അന്യൽഭാവാശ്രയം നൃത്തം”എന്ന ശ്ലോകപാദത്തിന്റെ വ്യാഖ്യാനത്തിൽ,നൃത്യം ആംഗികബഹുലവും,നാട്യം സാത്വികബഹുലവുമാണെന്നു പ്രസ്താവിക്കുന്നു. താളലയാശ്രിതമായ കേവലനൃത്തത്തിൽ നിന്നു വേർപെട്ടും,രസഭാവസംയുക്തമായ നൃത്യത്തിൽ നിന്നുയർന്നും,എന്നാൽ സാത്വികബഹുലമായ നാട്യത്തോടു പൂർണ്ണാർത്ഥത്തിൽ ചേരാതെയും ഉള്ള നിലവിലെ കഥകളിയുടെ നില,ആ പെൻഡുലത്തിന്റെ നിലക്കാത്ത ആടിയുലയലിൽ നിന്നുണ്ടായതാണെന്നു സ്പഷ്ടം.ഇങ്ങേ അറ്റത്ത് മെയ്യിന്റെ ദാർഡ്യവും കൂറടക്കവും ചൊല്ലിയാട്ടത്തിന്റെ തികവും അടങ്ങുന്ന കല്ലുവഴിയുടെ പരിപ്രേക്ഷ്യത്തിൽ നിന്നും,അങ്ങേയറ്റത്ത് നാട്യശാസ്ത്രവിധിപ്രകാരം യുദ്ധവും ദ്യൂതവും കഥകളിയിൽ നിന്നുപേക്ഷിച്ചാലോ എന്നു വരെ ചിന്തിച്ചുപോകുന്ന പെൻഡുലചലനങ്ങൾ.മെയ്യിന്റെ കൂറടക്കവും ഘടനാബോധവും കടുകിട വിട്ടുപോകാത്ത,നരകാസുരന്റെ ആവിഷ്കാരത്തെ “കൂറ്റൻ‌മൂരി”എന്നു വിശേഷിപ്പിക്കുന്നിടത്തോളം ആർജ്ജവം തുളുമ്പുന്ന ലാവണ്യബോധം ഒരു വശത്തും,ദുരാഹ്വാനവും യുദ്ധവും വധവും ഭരതമുനി നാട്യനിഷിദ്ധമാണെന്നു കൽ‌പ്പിച്ചിരിക്കുന്നതു കൊണ്ട് അവ കഥകളിയിൽ നിന്നൊഴിവാക്കിയാലോ എന്നുവരെ പോകുന്ന ‘നാട്യചിന്തകൾ’മറുവശത്തും നിൽക്കുന്ന പെൻഡുലം.
കൊടുങ്ങല്ലൂർ പ്രലോഭനത്തിന്റെ നേട്ടങ്ങളായി ഞാൻ കരുതുന്നത് മൂന്നു കാര്യങ്ങളാണ്.
1)രാവുണ്ണിമേനോന്റെ ഭാഷയിൽ,“പഴയനടപ്പ് ബഹുമാനിച്ചും തറപൊളിച്ചുനീക്കാതെ കേടുകൾവരുന്ന ഭാഗം തീർത്ത് മുൻസ്ഥിതിയിലെങ്കിലും നിലനിർത്തുക”എന്ന ലക്ഷ്യം,നിർവ്വഹണദശയിൽ മുൻസ്ഥിതിയിൽ നിന്ന് സൂക്ഷ്മതലത്തിൽ വലിയ മാറ്റങ്ങൾ വരുത്തപ്പെട്ട സ്ഥിതിയിലായി.നാട്യശാസ്ത്രം അതിനുമുൻപും കഥകളിയിൽ ഇടപെട്ടിട്ടുണ്ടെങ്കിലും,രസാഭിനയപ്രധാനമായ രംഗരചനയായി കഥകളി മാറ്റപ്പെടുന്നത് കൊടുങ്ങല്ലൂർ സംയോഗത്തോടെ തന്നെയാണ്.ഇതിവൃത്തത്തിന്റെയും രംഗത്തിന്റെയും സ്ഥായീഭാവത്തിനനുസൃതമായി,ഓരോ ക്രിയാംശങ്ങളും പരിണമിയ്ക്കണം എന്ന കാ‍ഴ്ച്ചപ്പാട് സൈദ്ധാന്തികമായി അതിമുൻപും പലരും സൂചിപ്പിച്ചിട്ടുണ്ടാവാമെങ്കിലും,അതിന് രംഗരൂപമുണ്ടാകുന്നത് രാവുണ്ണിമേനോൻ കളരിയിൽ തന്നെ.നൃത്തത്തിന്റെ കേവലതലം,ഭാവാത്മകമായ പ്രതലത്തിലേക്ക് ഉയർത്തപ്പെട്ടു.“ബാലേ കേൾ നീ” എന്ന ശോകസ്ഥായിയിലുള്ള കിർമീരവധം ധർമ്മപുത്രരുടെ പതിഞ്ഞപദത്തിലെ പല്ലവിക്കുശേഷമുള്ള വട്ടംവെച്ചുകലാശത്തെപ്പറ്റിയുള്ള നിരീക്ഷണം നോക്കുക,സ്ഥായി നിലനിർത്തി കലാശം എടുക്കാനാവില്ലെങ്കിൽ വേണ്ടെന്നുവെക്കുകയാവും ഉചിതം എന്ന നിരീക്ഷണത്തിൽ ഇതിവൃത്താനുസാരിയായ നാട്യതലത്തിന്റെ സ്പർശം മാത്രമല്ല ഉള്ളത്;കഥകളിക്കനുയോജ്യമായ നൃത്തബോധത്തിന്റെയും,ഒതുക്കത്തിലും നിലയിലും ഊന്നിയ ശിൽ‌പ്പബോധത്തിന്റെയും പ്രകാശം കൂടിയാണ്.(അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയൊരു നടനും ആ വട്ടംവെച്ചുകലാശം എടുക്കാതിരിക്കില്ല എന്നതുവേറെ കാര്യം!)
2)അഭ്യസനതലത്തിൽ, കഥകളി കൊടുങ്ങല്ലൂരിൽ നിന്നു സ്വാംശീകരിച്ച അറിവുകളുടെ കൂടി സദ്ഫലമാണ് പിന്നീടുണ്ടായ മഹാനടന്മാർ.കണ്ണുസാധകം,രസാഭിനയം,ഉഴിച്ചിൽ തുടങ്ങിയവയിലെല്ലാം ഇന്നു കഥകളിയഭ്യസനത്തിലുള്ള ശാസ്ത്രീയതയിൽ കൊടുങ്ങല്ലൂരിൽ നിന്നു കൊണ്ടുവന്ന രസചിന്തയ്ക്ക് സാരമായ പങ്കുണ്ട്.ഉപാംഗാഭിനയത്തെ ശരീരത്തിന്റെ ആമൂലാഗ്രമുള്ള ഭാവതലത്തിലേക്ക് കൂട്ടിയിണക്കുവാൻ തുടർന്നുവന്ന നടന്മാർക്കു കഴിഞ്ഞതിന്റെ മുഖ്യകാരണം അതാണ്.
3)ഔചിത്യവിചാരങ്ങളുടെ പാത,കൂടുതൽ സുവ്യക്തമാം വിധം കഥകളിയിൽ തുറക്കപ്പെട്ടു.ഇത് ഇതിവൃത്തത്തെ മാത്രമല്ല,സമഗ്രമായി കഥകളിയെത്തന്നെ നവീകരിച്ചിട്ടുണ്ട്.സ്ത്രീവേഷത്തിന്റെ ‘സംബോധന’‘എന്റെ’തുടങ്ങിയ മുദ്രകൾ ഇന്നത്തെ രൂപത്തിലാക്കിയത്,ഉൽഭവത്തിലെ രണ്ടുരംഗങ്ങളെ യോജിപ്പിച്ച് ഒരു രംഗത്തിലാക്കിയത്,ഇരിപ്പിടത്തിലെ പഴയ ഇരിപ്പിന്റെ ശൈലി മാറ്റി,ഇന്നത്തെ പ്രൌഡമായ ഇരിപ്പ് നിർമ്മിച്ചത്,ബകവധത്തിലെ “കുന്തീസുതന്മാരേ”എന്ന പദത്തിനുശേഷമുള്ള ഭീമന്റെ വിസ്തരിച്ച നോക്കിക്കാണൽ ഒഴിവാക്കി,അടുത്ത രംഗത്തിലെ “ബാലേ വരിക”എന്ന ശൃംഗാരപ്പദത്തിലേക്കു നിബന്ധിച്ചത്,കമലദളത്തിലെ രാവണന്റെ ഇരിപ്പ് പുനർനിർണ്ണയിച്ചത്…അങ്ങനെ നിരവധി ഘടനാപരമായ മാറ്റങ്ങൾ അദ്ദേഹത്തിനു വരുത്താനായത് ഈ ഔചിത്യബോധം കൊണ്ടുതന്നെ.തുടർന്ന് ആ വഴിയിൽ വാഴേങ്കട കുഞ്ചുനായർ എന്ന ധിഷണാശാലിയായ ശിഷ്യൻ,ഏറെ മുന്നോട്ടുപോയി.
എന്നാൽ,കൊടുങ്ങല്ലൂർ പ്രലോഭനത്തിന് ഒരു മറുപുറമുണ്ട്,അതിന്നും കഥകളിയുടെ അവതരണ-ആസ്വാദനമണ്ഡലങ്ങളിൽ ശക്തമായ സ്വാധീനശക്തിയുമാണ്.കഥകളിയുടെ അനുഭാവാത്മകരൂപവും സൌന്ദര്യശാസ്ത്രവും ആത്യന്തികമായി ഇതിവൃത്തത്തേയും അതിന്റെ ഉള്ളടക്കമായ വിഭാവാദികളേയുമാണ് പ്രത്യക്ഷവൽക്കരിക്കുന്നത് എന്ന് അതു സിദ്ധാന്തിച്ചു.ക്ലാസ്സിസിസത്തിന്റെ കാലം കടലെടുക്കുകയും,പുതിയ ആത്മാവിഷ്കാരങ്ങളുടെ സാധ്യതകൾ തുറക്കപ്പെടുകയും ചെയ്തതോടെ,കഥകളി സംവദിക്കുന്ന ഇതിവൃത്തതലം അപ്രസക്തമായി. “കഥകളിയെപ്പോലുള്ള സങ്കരകലകളിലും സാഹിത്യത്തിലും മറ്റും സമൂഹജീവിതം(നായികാനയകന്മാരുടെ ജീവിതം)ആണ് ആസ്വാദകനെ ആത്യന്തികമായി തന്മയീഭപ്പിക്കുന്നത്”എന്ന കിള്ളിമംഗലം-എം.പി.എസ്-വാദഗതിക്ക് ഒരു അടിസ്ഥാനവുമില്ല,പ്രസക്തിയുമില്ല.
“ന ഹി രസാദൃതേ കശ്ചിദർത്ഥം: പ്രവർത്തതേ”(രസമില്ലാതെ അർത്ഥത്തിൽ ഒന്നും പ്രവർത്തിക്കുകയില്ല)എന്ന നാട്യശാസ്ത്രപ്രസ്താവം നോക്കുക.രസം എന്ന സങ്കൽ‌പ്പനം അനുകരണത്തിന്റേതെന്ന പോലെ,അതിക്രമണത്തിന്റെയും തത്വമാണെന്ന് ഇവിടെ തിരിച്ചറിയേണ്ടതുണ്ട്.വൈയക്തികമായ വികാരതലത്തെ ‘ഭാവം’എന്നാണ് സംസ്കൃതത്തിൽ വ്യവഹരിക്കുന്നത്.ഇത് സമതുലിതമോ തീവ്രമോ ആയി നമ്മളിലെല്ലാം ഉണ്ടാവും.എത്രമേൽ തീവ്രമായാലും അത് അത്രമേൽ തീവ്രമായ ഒരു അനുഭവമാകുമെന്നല്ലാതെ,സൌന്ദര്യാവബോധപരമായ ഒരു വസ്തുതയായി പരിണമിക്കപ്പെടുകയില്ല.കലയിൽ,കഥകളിയിൽ,ആവിഷ്കരിക്കപ്പെടുന്ന ഭാവമാകട്ടെ,ജീവിതത്തെ അതിക്രമിച്ച് അസാധാരണമായ ഒരു മാനം കൈവരിക്കുന്നു.ലൌകികയുക്തിയുടെ കാ‍ഴ്ച്ചപ്പാടിൽ അതിലുള്ള പലതും അയുക്തികമായ ഒരു ഘടനയായി തീരുന്നു.ഏതു ക്ലാസിക്കൽ കലയിലായാലും,മാധ്യമത്തിന്റെ താളവും,രാഗവും,ആകാരവും,വർണവുമെല്ലാം കൂടുതൽ കൂടുതൽ സാന്ദ്രമാക്കി ഭാവത്തെ ആകാവുന്നത്ര ഉച്ചകോടിയിലേക്കു പരിപോഷിപ്പിക്കുകയാണ് കലാകാരന്റെ രചനാതന്ത്രം.വ്യക്തിനിഷ്ഠമായ ഭാവത്തിന്റെ അന്തഃസത്തയെ വസ്തുനിഷ്ഠമായ ലോകത്തിലേക്കു വിക്ഷേപിക്കുന്നതിന്റെ ഫലമായി ഭാവത്തിൽ നിന്ന് ഒരുതരം അകൽച്ച,നിസ്സംഗത,ഉണ്ടാവുകയും ഭാവം അനുധ്യാനിക്കപ്പെടുകയും ചെയ്യുന്നു.“ദ ലിമിറ്റ്സ് ഓഫ് സൈക്കോളജി ഇൻ ഈസ്തറ്റിക്സ്”എന്ന പ്രബന്ധത്തിൽ എൽ.എ.റീഡ് ഇതിനു സമാനമായ നിരീക്ഷണം നടത്തുന്നതു കാണാം.വസ്തുവിന്റെ സൌന്ദര്യശാത്രപരമായ സ്വഭാവം അപഗ്രഥിക്കുമ്പോൾ മനശ്ശാസ്ത്രജ്ഞനായ എഡ്വേഡ് ബുള്ളോ(British Journal of Psychology.IV)അപഗ്രഥിക്കുന്ന ‘മനശ്ശാസ്ത്രപരമായ അകലം’(Psychical distance)ഇതുതന്നെയാണ് വിവരിക്കുന്നത്.ഈ രസത്തിന്റെ അതിക്രമണതലം,വക്രത,ഭട്ടനായകനെപ്പോലുള്ളവർ വ്യാഖ്യാനിക്കുകയും,തുടർന്ന് ഈ വക്രതലത്തെ മുൻ‌നിർത്തി ഭാമഹനെപ്പോലുള്ളവർ രസത്തെ ഒരു അലങ്കാരമായി(രസവദലങ്കാരം)പരിഗണിക്കുന്നതും തുടർന്നാണല്ലോ.
സഹജ(ജന്മസിദ്ധപ്രതിഭ)ഉത്പാദ്യ(പ്രയത്നിച്ചുൽ‌പ്പാദിപ്പിക്കപ്പെട്ട വ്യുൽ‌പ്പത്തി) എന്നിങ്ങനെ രണ്ടായി രുദ്രടാചാര്യൻ പ്രതിഭയെ തരംതിരിക്കുന്നുണ്ട്.“വാസനക്കാരനു പ്രയത്നശാലിയെ ജയിക്കാനാവുകയില്ല” എന്നു രാവുണ്ണിമേനോൻ പറയുന്നത്,സൂച്യവും സൂചിതവും തമ്മിലുള്ള ഇഴപിണയലുകളെ കണ്ടിട്ടാവുമെന്നോ,അല്ലെന്നോ പറയുകവയ്യ.കാലികാന്തരീക്ഷത്തിലെ കഥകളിയുടെ ഇതിവൃത്തത്തിന്റെ ഇത്തിരിവട്ടം സംവേദനക്ഷമമല്ലാതാവുമ്പോഴും പാഠ്യത്തിനു ബാക്കി നിൽക്കുന്ന പ്രാധാന്യം,ഭാവോന്മീലനത്തിലാണ്,സമഗ്രമായ കഥകളിശരീരത്തിന്റെ ഭാവോന്മീലനത്തീൽ.
ഒന്നാം ശിഖരം-ധൈഷണികതയുടെ ഹരിതാഭ
------------------------------------------------------
പട്ടിയ്ക്കാംതൊടിയെന്ന മഹാവൃക്ഷത്തിന്റെ ശിഷ്യശിഖരങ്ങളിലെ ഒന്നാം ശിഖരമാണ് വാഴേങ്കട കുഞ്ചുനായർ.അടിയുറച്ച കളരിപ്രകാരത്തിന്റെ ചാരുത,കഥകളിയെക്കുറിച്ചും ലക്ഷണശാസ്ത്രങ്ങളെക്കുറിച്ചും കൃത്യമായ അവബോധം,അനന്യമായ സ്വപ്രത്യയസ്ഥൈര്യം,സുചിന്തിതമായ മാറ്റങ്ങളുടെ പ്രകാശനം,മിതത്വവും പക്വതയുമിണങ്ങുന്ന രംഗരചന,പച്ചയ്ക്കും കത്തിയ്ക്കുമിണങ്ങുന്ന ശരീരം,മികച്ച അദ്ധ്യാപനവൈഭവം എന്നിവയെല്ലാം സമന്വയിച്ച ആചാര്യനായിരുന്നു കുഞ്ചുനായർ.അതിനുമുൻപോ ശേഷമോ അത്രമേൽ മനീഷിയായ ഒരു നടനെ കഥകളി കണ്ടിട്ടുണ്ടോ എന്നു സംശയം.നാട്യശാസ്ത്രത്തിന്റെ പ്രകാശത്തിൽ രാവുണ്ണിമേനോൻ സഞ്ചരിച്ച വഴികളെ ചിട്ടപ്പെടുത്തപ്പെടാത്ത നളചരിതം പോലുള്ള കഥകളിലേയ്ക്കുകൂടി സംക്രമിപ്പിച്ചതിൽ കുഞ്ചുനായർക്കുള്ള പങ്ക് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.രസഭംഗത്തിനുള്ള പ്രധാനകാരണം അനൌചിത്യമാണ് എന്ന നാട്യശാസ്ത്രവിധിയുടെ വെളിച്ചത്തിൽ,ചിട്ടപ്പെടുത്തപ്പെടാത്തതും,ചിട്ടപ്പെടുത്തപ്പെട്ടതുമായ കഥകളുടെ ആവിഷ്കാരപ്രകാരത്തിലേക്ക് കുഞ്ചുനായരുടെ കണ്ണ് ചെന്നെത്തിയിട്ടുണ്ട്.പട്ടിയ്ക്കാംതൊടി തുറന്നിട്ട നാട്യവീഥിയിലൂടെയുള്ള കുഞ്ചുനായരുടെ ആലോചനകളേയും അവയുടെ രംഗപ്രത്യക്ഷങ്ങളേയും കൂടുതൽ വിശകലനം ചെയ്യേണ്ടതുണ്ട്. പ്രസിദ്ധവും എന്നാൽ ഗൌരവമായി പരിശോധിക്കപ്പെടേണ്ടതുമായ ഒരു മാറ്റം ശ്രദ്ധിക്കുക:
കാലകേയവധം അർജ്ജുനന്റെ പതിഞ്ഞപദമായ “ജനകതവദർശനാൽ”എന്ന പദത്തിൽ,“കുടിലതയകതാരിൽ തടവീടും അരിപടലങ്ങളൊക്കവേ ഒടുക്കുവാനായി”എന്നിടത്ത് പണ്ട് നിലവിലുണ്ടായിരുന്ന രീതി,‘ശൌര്യഗുണത്തിലെ ഭീമനെപ്പോലെ,ശത്രുവിന്റെ കാലും തലയും പിടിച്ച് നിലത്തുമറിച്ചിടുന്ന പോലെയായിരുന്നു.കുഞ്ചുവാശാന്റെ കഥാപാത്ര-ഔചിത്യബോധം,അർജ്ജുനന്റെ പ്രകൃതിക്ക് അതു യോജിക്കില്ല എന്നു തിരിച്ചറിയുകയും,അസ്ത്രങ്ങളയക്കുന്ന രൂപത്തിലേക്ക് അവിടം മാറ്റുകയും ചെയ്തു.
ധനുർധാരിയായ അർജ്ജുനൻ അമ്പെയ്തുകൊല്ലുന്നതിലെ ഔചിത്യം,ഇരുകൈകൊണ്ടും മാറിമാറി അസ്ത്രമെയ്യുന്നതിൽ തെളിയുന്ന സവ്യസാചിത്വം,20-24-28 മാത്രകളിൽ കൃത്യമായി കാലുകൾവെച്ചുചവിട്ടി അതുചെയ്യുന്നതിലെ ഭംഗി എന്നിവകൊണ്ട് ഈ മാറ്റം
ഏറെ പ്രശംസിക്കപ്പെട്ടതാണ്.ഇന്ന്,പൊതുവേ എല്ലാവരും ആ മാറ്റം അംഗീകരിക്കയും ചെയ്തിരിക്കുന്നു.എന്നാൽ ഒന്നിടയ്ക്കു തിരിച്ചുചിന്തിച്ചാലോ?കാൽ വാരി,തലപിടിച്ച് നിലത്തുവീഴ്ത്തുന്ന ശത്രുവിന്റെ ദൃശ്യചാരുത,അസ്ത്രങ്ങളയക്കുന്നതിനുണ്ടോ?കീഴ്പ്പടം ഈ മാറ്റത്തെ അനുസരിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ ശിഷ്യരിലും ആ പഴയനടപ്പ് കാണാം.അത്രമേൽ യുക്തിഭദ്രമായ ഔചിത്യത്തിലല്ല,കഥകളിയുടെ രംഗപ്രകാരമെന്ന തിരിച്ചറിവുണ്ടായാൽ,കുഞ്ചുനായരുടെ മാറ്റത്തിന് ഇത്രയും സ്വീകരണമുണ്ടാകുമോ എന്നു സംശയം.
(തുടരും)