Wednesday, February 18, 2009

സാമ്യമകന്നോരുദ്യാനം


സാമ്യമകന്ന ഒരുദ്യാനമേ ഞാൻ കണ്ട കഥകളിലോകത്തുള്ളൂ-കോട്ടക്കൽ ശിവരാമൻ.ചരിത്രത്തിന്റെ മുൻ-പിൻ വഴികളിലെങ്ങും സമാനതകളില്ല.ആരെയെങ്കിലും മാതൃകയാക്കി എന്നു പറയാനാവില്ല.മുൻപോ പിൻപോ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ അടുത്തെങ്ങും എത്തിയ ആരുമില്ല.കെ.പി.എസ്.മേനോൻ പണ്ടെഴുതിയ വരികൾ ഇന്നും ബാക്കി-ശിവരാമന്റെ ദമയന്തിക്കൊത്ത നളൻ ഇനിയും ജനിച്ചിട്ടുമില്ല.അക്ഷരാർത്ഥത്തിൽ സാമ്യമകന്നോരുദ്യാനം!
എന്തുകൊണ്ട് ശിവരാമൻ?
----------------------------

ശിവരാമനെപ്പറ്റി എഴുതാൻ തീരുമാനിക്കുന്നതിലൂടെ,ഞാൻ സമകാലിക കഥകളിയോടാണ് സംസാരിക്കാനുദ്ദേശിക്കുന്നത്.ചിട്ടപ്പെട്ട കഥകൾക്കുപുറത്ത്,രചനാത്മകമായി രംഗാവതരണം നടത്തുവാൻ കെൽ‌പ്പുള്ള യുവനടന്മാർ കുറയുകയാണ്. “ഗംഭീരം” എന്നു പറയിക്കുന്ന നാലാംദിവസ-മൂന്നാം ദിവസ-ബാഹുകന്മാരോ,രണ്ട്-നാല് ദമയന്തിമാരോ യുവാക്കളിൽ ആരുണ്ട് എന്നെനിക്കറിയില്ല.സർഗാത്മകമായ ചിന്തകളും,അവയെ കഥകളീയമായി രംഗത്തെത്തിക്കാനുള്ള സിദ്ധിയും യുവാക്കളിൽ കുറയുകയാണോ?
ഓർമ്മകൾ പലപ്പോഴും ഔഷധങ്ങളാണ്.വാഴേങ്കട കുഞ്ചുനായർ സഞ്ചരിച്ച ധൈഷണികമായ അന്വേഷണപഥങ്ങളെ ക്രമേണ മറന്നുപോവുകയും,താരപ്പൊലിമകളുടെ മായികപ്രഭയിൽ വ്യാമുഗ്ധരായി നാം സ്തുതിപാഠകരായി മാറുകയും ചെയ്യുന്നതിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയപ്പെടേണ്ടിയുമിരിക്കുന്നു.
കുഞ്ചുനായർ താവഴി-ബഹുമുഖങ്ങളുടെ വികേന്ദ്രീകരണം
-------------------------------------------------------

പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോനെപ്പോലെത്തന്നെ,പലമുഖങ്ങളുള്ള ഒരു ശിഷ്യനാണ് അദ്ദേഹത്തിനുണ്ടായത്-വാഴേങ്കടകുഞ്ചുനായർ.അരങ്ങിലും കളരിയിലും ധൈഷണികമണ്ഡലത്തിലും വിന്യസിക്കപ്പെട്ട ആ മനീഷിയുടെ ദർശനത്തെ ഒറ്റവാക്കിൽ ഒതുക്കിയാൽ “ഔചിത്യം” എന്നു പറയാം.അനൌചിത്യമല്ലാതെ മറ്റൊന്നുമല്ല,രസഭംഗത്തിനുകാരണമായിട്ടുള്ളത് എന്ന നാട്യശാസ്ത്രവിധിയെ അദ്ദേഹം തിരിച്ചറിയുകയും,പട്ടിക്കാംതൊടിയുടെ കൈകൾ പതിയാതെ പോയ ഭാവപ്രധാനകഥകളിലേക്കുകൂടി ആ വെളിച്ചം പകരുകയും ചെയ്തു.
നിയോക്ലാസിക്കൽ ബിംബകൽ‌പ്പനകളുടെ കഥകളിയുമായുള്ള ചേർച്ച തിരിച്ചറിഞ്ഞുകൊണ്ട്,ഭാവപ്രധാനമായ കഥകളുടെ ആട്ടങ്ങളെക്കൂടി രൂപപ്പെടുത്തിയ കുഞ്ചുവാശാന്റെ വീക്ഷണം,അദ്ദേഹത്തിന്റെ ശിഷ്യരായ കലാ.വാസുപിഷാരടിയിലും,കോട്ടക്കൽ ചന്ദ്രശേഖരവാര്യരിലുമെല്ലാം കാണാം.രുഗ്മാംഗദന്റെ മോഹിനിയോടുള്ള “നിന്നെക്കാണാൻ എനിയ്ക്ക് ഇന്ദ്രനെപ്പോലെ ആയിരം കണ്ണുണ്ടായിരുന്നെങ്കിൽ”എന്നുതുടങ്ങുന്ന വാസുവാശാന്റെ ആട്ടത്തിലെല്ലാം ആ പ്രകാശം നമുക്കുകാണാം.
മറ്റൊരു മുഖം പുരാണഖനികളിലൂടെ അലഞ്ഞ,അനന്യസാധാരണമായ പുരാണജ്ഞാനത്തിലൂടെ രംഗഭാഷ്യം ചമയ്ക്കുന്ന കലാകാരന്റെയാണ്.അതു പകർന്നു കിട്ടിയത്,നെല്ലിയോട് വാസുദേവൻ നമ്പൂതിരിയ്ക്കാണ്,അതിന്റെ ആവിഷ്കാരത്തിൽ വിയോജിപ്പുകളുണ്ടെങ്കിലും.
മറ്റൊന്ന്,കഥകളിയുടെ സങ്കേതത്തിലെ കടുകിട പിഴയ്ക്കാത്ത അറിവാണ്.ആരുടെ സംശയങ്ങൾക്കും മുന്നിൽ പതറില്ലെന്നുറപ്പുപറയാവുന്ന വിജ്ഞാനകോശം.വാഴേങ്കട വിജയനിൽ നാം കാണുന്നതു മറ്റൊന്നല്ല.
എന്നാൽ,ഇനി ഇതിലൊന്നും പെടാത്ത ഒരു ഒസ്യത്തുണ്ട്,ഖേദാഹ്ലാദങ്ങളുടെ തിരമാലകളുയരുന്ന ജീവിതം നിറച്ചുതരുന്ന സർഗ്ഗബോധം.ഔചിത്യധാരയിൽ നിലയുറച്ച ജീവിതാവബോധം.എല്ലാ സൈദ്ധാന്തികചർച്ചകൾക്കും നിയമാവലികൾക്കും ദൂരെ,ഹൃദയത്തിന്റെ അടയാളപ്പെടുത്തലുകൾ.അതു മറ്റാർക്കുമല്ല പകർന്നു കിട്ടിയത്;കാറൽമണ്ണക്കാരൻ ശിവരാമനു തന്നെ.
സ്ത്രീവേഷത്തിന്റെ നാൾവഴികൾ
------------------------------------

നമുക്കറിയുന്നതും,അറിയാത്തതുമായ അനേകകലകളുടെ സ‌മ്യക്കായ മേളനത്തിലൂടെ വളർന്ന്,ഫ്യൂഡലിസത്തിന്റെ ചിറകിൻ കീഴിൽ പരിരക്ഷിക്കപ്പെട്ട്,ആധുനികകേരളത്തിന്റെ വളർച്ചയിൽ പൊതുജനത്തിന്റെ ഉടമസ്ഥതയിലേക്ക് എത്തിപ്പെട്ട കഥകളിയുടെ സൃഷ്ടിപരിസരം,സ്വാഭാവികമായും പുരുഷകേന്ദ്രീകൃതമാണ്.വെട്ടം കളരിയുടെ കാലത്തുതന്നെ പ്രസിദ്ധരായിരുന്ന നടന്മാർ ബാലിയും,ഹനുമാനും കെട്ടിയവരായിരുന്നു.കോട്ടയത്തു തമ്പുരാന്റെ കഥകളിൽ,അതു സാത്വികകൽ‌പ്പനയിലേക്ക് വഴിമാറിയെന്നേയുള്ളൂ.ധർമ്മപുത്രർ,അർജ്ജുനൻ,ഭീമസേനൻ എന്നീ നായകരുടെ അനന്യസാധാരണമായ രംഗരചനയെ മുന്നിൽകണ്ടിട്ടെന്നോണമാണ് കോട്ടയത്തുതമ്പുരാന്റെ പദരചന.കല്ലൂർ രാഘവപ്പിഷാരടിയുടെ രാവണോൽഭവം മുതൽ നടന്ന പ്രതിനായകവിപ്ലവം,രാജസപ്രൌഡമായ പൌരുഷത്തിലേയ്ക്ക് കളിയരങ്ങിനെ നയിക്കുകയും ചെയ്തതോടെ ചിത്രം പൂർത്തിയായി.കൃത്യമായ രംഗരചന നിലവിലില്ലാതിരുന്ന നളചരിതത്തിന്റെ സാധ്യതകൾ കണ്ടെടുത്തത് പിന്നീടായിരുന്നല്ലോ.
സ്ത്രീയെ അന്തഃപ്പുരക്കേളികൾക്കുള്ള ഉപകരണമായി കാണുന്ന ഫ്യൂഡൽ കാഴ്ച്ചയിൽ ആണ് കഥകളിയുടെ മിക്ക സ്ത്രീവേഷങ്ങളുടെയും രചന എന്നതു വ്യക്തമാണ്. “കാലോചിതമായതു കാന്താ കൽ‌പ്പിച്ചാലും” എന്ന കോട്ടയത്തു തമ്പുരാന്റെ മിതത്വത്തിൽ നിന്നും “സ്മരനുടെ കളികളിലുരുസുഖമൊടുതവ പരവശതകൾ കാണ്മാൻ കൊതി പെരുകുന്നു” എന്ന ഇരയിമ്മൻ തമ്പിയുടെ സംഭോഗശൃംഗാരത്തിലേയ്ക്ക് വാക്കുകളുടെ വ്യത്യാസമേ ഉള്ളൂ;അവയുടെ രംഗരചനയും അതു പ്രസരിപ്പിക്കുന്ന അർത്ഥതലവും ഒന്നുതന്നെ.രതിലാലസരായി ഇരിയ്ക്കുന്ന രാജാക്കന്മാർക്കടുത്തേയ്ക്ക് ഒരു ദൂതനോ,മഹർഷിയോ,നിണമോ ഒക്കെ കടന്നുവരാം,അപ്പോൾ അവർക്ക് തന്നോടൊപ്പമുള്ള ഉപകരണത്തോട് “ഇനി നീ അന്തഃപുരത്തിൽ പോയി സുഖമായി ഇരുന്നാലും” എന്നു പറയാം,അതുകേട്ട് “അപ്രകാരം തന്നെ”എന്ന് അനുസരിക്കാം,അത്രതന്നെ.
എന്നാൽ,നമ്മുടെ പുരാണേതിഹാസങ്ങൾ പങ്കുവെയ്ക്കുന്ന സ്ത്രീസ്വത്വം അത്രമേൽ ലളിതമല്ലാത്തതുകൊണ്ടുതന്നെ,അവയെ പിൻ‌പറ്റി രചിക്കപ്പെട്ട ആട്ടക്കഥകളിലും ചില കഥാപാത്രങ്ങൾ വേറിട്ടുനിന്നു.കൊട്ടാരക്കരത്തമ്പുരാന്റെ തോരണയുദ്ധത്തിലെ സീത,സമ്മാനങ്ങൾ തന്നു പ്രലോഭിക്കാൻ നോക്കുന്ന രാവണനോട് “എന്നെയും രാമന്നു നൽകി ധന്യന്റെ പാദബ്‌ജേ ചെന്നു നമസ്കരിക്കായ്കിൽ കൊല്ലും നിന്നെ രാഘവൻ”എന്നു മുഖത്തുനോക്കി പറയുന്നവളാണ്.കോട്ടയത്തു തമ്പുരാനിലെത്തുമ്പോൾ,സ്ത്രീവേഷത്തിന്റെ രംഗകൽ‌പ്പനയെത്തന്നെ അനതിസാധാരണമാം വിധം നിർണ്ണയിക്കത്തക്ക വിധം സജീവമായ പാഠ്യരചനയിലേക്ക് കഥകളി എത്തിച്ചേർന്നു.കാലകേയവധത്തിലെ ഉർവ്വശി തന്നെയാവും മികച്ച ഉദാഹരണം.ഇന്ദ്രന്റെ കൽ‌പ്പനപ്രകാരം അർജ്ജുനന്റെ സമീപത്ത് ‘അനുസരണ’ത്തിനെത്തിയ ഇതിഹാസത്തിലെ ഉർവ്വശിയല്ല,കോട്ടയത്തു തമ്പുരാന്റെ ഉർവ്വശി;പൂർണ്ണകാമനായ അർജ്ജുനനാൽ “വശീകൃതയായി” അഭിസരണത്തിനെത്തിയവളാണ്.ആ മൂലത്തിൽ നിന്നുള്ള മാറ്റത്തിൽ തന്നെയുണ്ട്,തമ്പുരാൻ ഉർവ്വശിയ്ക്കു നൽകിയ രംഗപ്രാധാന്യം.ക്രമേണ നിരവധി ഉദ്ഗ്രഥനങ്ങളിലൂടെ വളർന്നു വന്ന ഇന്നത്തെ ആധുനികകഥകളിയിലെ ഉർവ്വശിയുടെ രൂപഘടന നോക്കുക-“പാണ്ഡവന്റെ രൂപം” എന്ന പദത്തിൽ സൌഗന്ധികം ഭീമനുള്ളതുപോലെ പതിഞ്ഞ ഇരട്ടി,“സ്മരസായകദൂനാം”പോലെ അനേകം ഘടനാ വിശേഷങ്ങൾ നിറഞ്ഞ പദങ്ങൾ-ഏതു നടനും ഇന്നും വെല്ലുവിളിയായി നിൽക്കുന്ന കഥാപാത്രമായി നിൽക്കുന്നു തമ്പുരാന്റെ ഉർവ്വശി.ബകവധം,കിർമീരവധം എന്നിവയിലെ ലളിതമാരും തത്തുല്യമായ രംഗദീപ്തി പങ്കുവെക്കുന്നു.
കാർത്തികതിരുനാളിന്റെ നരകാസുരവധത്തിലെ ലളിത,അശ്വതിരുനാളിന്റെ പൂതനാമോക്ഷത്തിലെ പൂതന,രുഗ്മിണീസ്വയംവരത്തിലെ രുഗ്മിണി,മണ്ടവപ്പള്ളി ഇട്ടിരാരിച്ചമേനോന്റെ രുഗ്മാംഗദചരിതത്തിലെ മോഹിനി,ഇരയിമ്മൻ തമ്പിയുടെ കീചകവധത്തിലെ സൈരന്ധ്രി,ദക്ഷയാഗത്തിലെ സതി,കിളിമാനൂർ വിദ്വാൻ രവിവർമ്മത്തമ്പുരാന്റെ(കരീന്ദ്രൻ) രാവണവിജയത്തിലെ(രംഭാപ്രവേശം)രംഭ,അമൃതശാസ്ത്രികളുടെ ലവണാസുരവധത്തിലെ സീത,വയസ്കരമൂസ്സതിന്റെ ദുര്യോധനവധത്തിലെ പാഞ്ചാലി,താഴവന ഗോവിന്ദനാശാന്റെ ദേവയാനീസ്വയംവരത്തിലെ ദേവയാനി,മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ കുചേലവൃത്തത്തിലെ രുഗ്മിണി തുടങ്ങിയ നിരവധി വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങൾ തുടർന്നുവന്നു.കിരാതത്തിലെ കാട്ടാളസ്ത്രീ,നിഴൽക്കുത്തിലെ മലയത്തി,മണ്ണാത്തി തുടങ്ങിയ വേറിട്ട സ്ത്രീവേഷങ്ങളും അരങ്ങിലെത്തി.
ഒന്നു പരാമർശിക്കാതെ പോയത്,അത് പ്രത്യേകപരാമർശത്തിന് അർഹമായതു കൊണ്ടാണ്-നളചരിതത്തിലെ ദമയന്തി.ഇതിവൃത്തപരമായ സംസ്കാരം കൊണ്ട് നളചരിതത്തെ മറ്റൊരു കഥകളിയുമായും തുലനം ചെയ്യാനാവില്ല.ശ്രീ.കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെടും പോലെ,ഭരതസമ്മതമായ നാട്യസങ്കൽ‌പ്പത്തെ അനുസരിച്ചുകൊണ്ട് രചിക്കപ്പെട്ട ഏക ആട്ടക്കഥയാണ് നളചരിതം.രാമായണം സത്യത്തിൽ സീതായനമാണ് എന്നു വാദിക്കാവുന്നതു പോലെ,നളചരിതം വാസ്തവത്തിൽ ദമയന്തീചരിതമാണെന്നും പറയാം.അത്രമേൽ ആഴമേറിയ പാത്രകൽ‌പ്പനയാണ് ഉണ്ണായിവാര്യർ ദമയന്തിയിൽ ചെയ്തിരിക്കുന്നത്. “നേരേ നിന്നു നേരു ചൊല്ലുന്ന”ആ പാത്രകൽ‌പ്പനയുടെ ദാർഡ്യം,അർത്ഥചമൽക്കാരങ്ങളും ധ്വനിസങ്കീർണ്ണതകളും നാളികേരപാകരീതിയുമിഴപിണയുന്ന ഉണ്ണായിയുടെ രചനാശൈലി എന്നിവ ഏതു മഹാനടനും മുന്നിൽ വെല്ലുവിളിയാണ്,ആട്ടക്കഥയെന്ന അർത്ഥത്തിൽ നളചരിതം അത്രമേൽ വിലക്ഷണമെങ്കിലും.
സ്‌ത്രൈണനാ‍ട്യത്തിന്റെ അടയാളങ്ങൾ
-----------------------------------------

കഥകളിയുടെ ആദ്യകാലത്തെ സ്ത്രീവേഷക്കാരെക്കുറിച്ച് നമുക്കു കാര്യമായറിവൊന്നുമില്ല.കോങ്ങാട്ട് നാണുമേനോൻ(ഉർവ്വശി പ്രസിദ്ധം,ഉർവ്വശി നാണുമേനോൻ എന്നറിയപ്പെട്ടിരുന്നു),പൊറയത്ത്നാരായണമേനോൻ(ദമയന്തി പ്രസിദ്ധം)കുഴിക്കാണക്കണ്ടി രാമൻ നായർ,അപ്പുണ്ണിപൊതുവാൾ,കുത്തനൂർ കരുണാകരപ്പണിക്കർ,മങ്ങാട്ടു ശങ്കുണ്ണിനായർ,വണ്ടൂർ കൃഷ്ണൻ നായർ,കറ്റശ്ശേരി രാമൻ നായർ,പുതിയ കൊച്ചുകൃഷ്ണപ്പിള്ള,അമ്പലപ്പുഴ കുഞ്ഞികൃഷ്ണപ്പണിക്കർ,തകഴി കുഞ്ചുപ്പിള്ള,കുറിച്ചികൊച്ചയ്യപ്പപ്പണിക്കർ,ആറ്റുങ്ങൽ മാതുപ്പിള്ള,വള്ളിക്കോട് കൊച്ചുപിള്ളപ്പണിക്കർ,ദമയന്തി നാരായണപ്പിള്ള,വഞ്ചിയൂർ കാർത്ത്യായിനി അമ്മ,ചെങ്ങന്നൂർ നാണുപ്പിള്ള,തുറവൂർ മാധവൻ പിള്ള,പോരുവഴി ഗോവിന്ദക്കുറുപ്പ്,ക്ലാക്കോട്ടത്തില്ലത്ത് മഹേശ്വരൻ പോറ്റി,കൈതക്കോട്ട് രാമൻപിള്ള എന്നിങ്ങനെ അനേകം പേരുകൾ ചരിത്രത്തിൽ കാണാം.പിന്നീട് പുരുഷവേഷങ്ങളിൽ പ്രസിദ്ധരായ പലരും ആദ്യകാലത്ത് സ്ത്രീവേഷത്തിൽ പേരെടുത്തവരാണ്.തേക്കിൻ‌കാട്ടിൽ രാവുണ്ണി നായരുടെ മണ്ണാത്തി ആദ്യകാലത്തു പ്രസിദ്ധമായിരുന്നത്രേ.കലാമണ്ഡലം കൃഷ്ണൻ നായർ തന്നെ,ആദ്യകാലത്തു പേരെടുത്തത് ‘പൂതനക്കൃഷ്ണൻ’എന്ന പേരിലായിരുന്നല്ലോ.പൂതന,ലളിത തുടങ്ങിയ വേഷങ്ങളിൽ ഇന്നും പലരുടെയും മനസ്സിലെ ഒളിമങ്ങാത്ത ഓർമ്മയായിരിക്കും,കൃഷ്ണൻ നായർ.കറ്റശ്ശേരി രാമൻ നായർ പ്രതിഭാശാലിയായിരുന്ന വേഷക്കാരനായിരുന്നു എന്നാണ് കേൾവി.അകാലത്തിൽ അദ്ദേഹം മരിച്ചപ്പോൾ,ഗുരുനാഥനായ പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോൻ “ഇനി എന്തിനാണ് ഞാൻ കുട്ടികളെ പഠിപ്പിക്കുന്നത്” എന്നു വിലപിച്ചു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണാം.
കുടമാളൂർ കരുണാകരൻ നായരായിരുന്നു സ്ത്രീവേഷം കൊണ്ട് ശ്രദ്ധാർഹനായ നടൻ.കൊട്ടാരം നടനായിരുന്ന കരുണാകരൻ നായരുടെ ദമയന്തി,കാട്ടാളസ്ത്രീ,മണ്ണാത്തി,സൈരന്ധ്രി എന്നിവയെല്ലാം അഖിലകേരള പ്രസിദ്ധിയാർജ്ജിച്ച വേഷങ്ങളാണ്.അനുപമമായ വേഷഭംഗിയും,അഭിനയത്തിലെ ഭാവനാത്മകതയും കരുണാകരൻ നായരുടെ സ്ത്രീവേഷങ്ങളെ അന്നത്തെ പുരുഷവേഷങ്ങൾക്കൊപ്പം നിൽക്കാറാക്കി.
ശിവരാമചരിതം-കളിയരങ്ങിലെ പകർപ്പില്ലാത്ത അദ്ധ്യായം
-------------------------------------------------------------
കാറൽമണ്ണയിലെ ദാരിദ്ര്യത്തിൽ നിന്ന് കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേയ്ക്കു വന്ന ശിവരാമൻ എന്ന കുട്ടിയിൽ നിന്ന് സ്ത്രീവേഷത്തിന്റെ അന്നോളമുള്ള ചരിത്രം പൊളിച്ചെഴുതപ്പെട്ടു.വാഴേങ്കട കുഞ്ചുനായർ എന്ന ധിഷണാശാലിയായ ആചാര്യനുകീഴിൽ അഭ്യസനം പൂർത്തിയാക്കിയ ശിവരാമൻ,തന്റെ പരിമിതികളെ വ്യക്തമായി തിരിച്ചറിയുന്നിടത്തു തുടങ്ങുന്നു,അദ്ദേഹത്തിന്റെ വിജയം.കുഞ്ചുനായരാശാൻ സുഭദ്രാഹരണത്തിലെ “കഷ്ടം ഞാൻ കപടം കൊണ്ട്”എന്ന പതിഞ്ഞപദം ചൊല്ലിയാടിക്കുമ്പോൾ അടിച്ച അടിയുടെ വേദന,ഇന്നും ശിവരാമൻ പറയും.സ്വതവേ താളം കഷ്ടിയായ ശിവരാമന്,“കഷ്ടം ഞാൻ കപടം”പോലെ സങ്കേതസങ്കീർണ്ണമായ ഒരു പദം ചൊല്ലിയാടുവാനുള്ള ബുദ്ധിമുട്ട് പറയാനുണ്ടോ!എന്നാൽ കുഞ്ചുനായരാശാൻ തന്റെ ശിഷ്യർക്കുള്ള സിദ്ധികളെയും പരിമിതികളേയും തിരിച്ചറിയാൻ വിദഗ്ദ്ധനായിരുന്നു.ഗുരു കുഞ്ചുക്കുറുപ്പിന്റെ നളനോടൊപ്പം ഒന്നാംദിവസത്തിൽ ദമയന്തിയായി ശിവരാമനെ ഒരു ആകസ്മികസാഹചര്യത്തിൽ നിർണ്ണയിക്കുന്നതു മുതൽ ആരംഭിച്ച ശിവരാമന്റെ ജൈത്രയാത്ര,ഇന്നും സമാനതകളില്ലാത്തതാണ്.കഥകളിയുടെ അഞ്ചുതലമുറക്കൊപ്പം നായികയായ ചരിത്രം,ഇനി ആവർത്തിക്കപ്പെടുമെന്ന് തോന്നുന്നില്ല.
ശിവരാമന്റെ രംഗാവിഷ്കാരത്തെ അനുപമമാക്കുന്ന സവിശേഷതകളെ ഓരോന്നായി വിലയിരുത്താം:
1)സ്ഥായീഭാവകേന്ദ്രീകൃതമായ രംഗബോധം
----------------------------------------------

കുഞ്ചുനായരിൽ നിന്ന് ശിവരാമനിലേക്കു പകർന്ന പ്രധാനസവിശേഷതയാണത്.ഓരോ കഥാപാത്രത്തിനും,സന്ദർഭത്തിനും സ്ഥായിയായി ഒരു ഭാവമുണ്ട് എന്നും,ആ സ്ഥായീഭാവത്തെ നശിപ്പിക്കുന്നവിധത്തിൽ യാതൊരു പ്രവൃത്തിയും നല്ലതല്ല എന്നുമുള്ള നാട്യബോധം,പാഠ്യത്തിലെ മുദ്രകളെ വരെ അവഗണിക്കുന്നിടത്തോളം ശിവരാമനിൽ രൂഢമൂലമായിരിക്കുന്നു.നളചരിതം ഒന്നാം ദിവസത്തിൽ “മൂർത്തംഗജാസ്ത്രമേറ്റു നേർത്തുടൻ നെടുതായി വീർത്തുഞാനാർത്തയായേൻ”എന്നിടത്ത്, വിസ്തരിച്ച മുദ്രകൾ മനഃപ്പൂർവ്വം ശിവരാമനുപേക്ഷിക്കുന്നതു കാണാം.കുലീനയായ നായികയുടെ സംസാരത്തിന് അത് അനുയോജ്യമല്ല എന്ന സ്ഥായീഭാവബോധത്തിൽ നിന്നാണ് അത്തരം തിരിച്ചറിവുകൾ ഉരുവം കൊള്ളുന്നത്.രുഗ്മാംഗദചരിതത്തിലെ മോഹിനി,വാളെടുത്ത് രുഗ്മാംഗദന്റെ കയ്യിൽ കൊടുക്കുന്നത് ശിവരാമനിൽ കാണില്ല;രണ്ടാംദിവസം ദമയന്തി കാട്ടാളനെ ശപിക്കില്ല-അങ്ങനെ പലതും.
മറ്റുചിലയിടത്ത്,മുദ്രകൾ കളരിപാഠത്തിൽ നിന്നു തീർത്തും വ്യത്യസ്തമാകുന്നതുകാണാം.കീചകവധം സൈരന്ധ്രിയുടെ,“സാദരം നീ ചൊന്നോരു മൊഴിയിതു സാധുവല്ല കുമതേ”എന്ന പദത്തിന്റെ ആവിഷ്കാരം നോക്കുക,“അല്ല”എന്ന മുദ്രയ്ക്കു സൂചികാമുഖമാണ്‌!“പാടില്ല കുട്ടീ”എന്നു പറയുകയാണെന്നുതോന്നും!അതു സൃഷ്ടിക്കുന്ന സ്ഥായീഭാവതലത്തിലാണ് ശിവരാമന്റെ ശ്രദ്ധ.
2)സംവേദനക്ഷമമായ ഉപാംഗാഭിനയം
------------------------------------------

കഥകളിയ്ക്കു യോജിക്കാത്ത അതിവൈകാരികതലത്തിലേയ്ക്കൂർന്നു പോകാത്തതും,എന്നാൽ അതിതീവ്രമായ സംവേദനം സാധ്യമാകുന്നതുമായ ഉപാംഗാഭിനയമാണ് ശിവരാമനെ അനന്വയമാക്കുന്ന മറ്റൊരു ഘടകം.ദുര്യോധനവധം പാഞ്ചാലിയുടെ “പരിപാഹിമാം ഹരേ”എന്ന പദം ചെയ്യുന്നതു കാണുക-കണ്ണുനീർ നിറഞ്ഞൊഴുകുന്നതു കാണാം;അതുതന്നെ കഥകളിയ്ക്കു നിഷിദ്ധമാണ്.എന്നാൽ ഒരോ മുദ്രകൾക്കും അദ്ദേഹം നൽകുന്ന ഭാവതലത്തിനും വ്യാഖ്യാനത്തിനും മുന്നിൽ നമുക്കതൊന്നും ശ്രദ്ധിച്ചിരിയ്ക്കാനാവില്ല. “ദുർവാക്യവാദിയാം ദുശ്ശാസനൻ തന്റെ”എന്നിടത്തുപോലും ആ മുഖത്ത് നിറഞ്ഞിരിയ്ക്കുന്ന സങ്കടക്കടൽ പോകുന്നില്ല.ഏതു സഞ്ചാരികളേയും സ്ഥായീഭാവത്തെ ഉറപ്പിച്ചുകൊണ്ടുതന്നെ കൊണ്ടുപോകാൻ കഴിയുന്നിടത്താണ് ശിവരാമന്റെ വിജയം.
3)സങ്കേതഭദ്രവേഷങ്ങളിലെ ഭാവവിന്യാസം
--------------------------------------------

സങ്കേതത്തികവുള്ള സ്ത്രീവേഷങ്ങളായ ഉർവ്വശിയും ലളിതമാരും അവയുടെ ഘടനാസൌന്ദര്യം കൊണ്ടല്ല,ശിവരാമനിൽ നിറയുന്നത്;അവയുടെ ഭാവവിന്യാസവും അതിന്റെ ഉചിതജ്ഞതയും കൊണ്ടാണ്.കിർമീരവധം ലളിത ചെയ്യുന്ന അനേകം നടന്മാർ ഇന്നും,ഒരുവശത്ത് തത്സ്വരൂപത്തിന്റെ രാക്ഷസീയഭാവവും,മറുവശത്ത് ലളിതാഭാവവും അഭിനയിക്കുന്നതു കാണാം.എന്നാൽ അതു ശിവരാമൻ ചെയ്യുന്ന സ്ഥലവും,അതിന്റെ അനനുകരണീയമായ ചാരുതയും മറ്റാരിലുമില്ല. “പല്ലവാംഗുലിഭിരഭിനയിക്കുന്നു”എന്നു കഴിഞ്ഞെടുക്കുന്ന ഇരട്ടിയുടെ മറുവശം തിരിയലിൽ,അടവുകൾ മാറ്റിയെടുക്കുന്ന ഇരട്ടികളുടെ സ്ഥാനങ്ങളിൽ…കൃത്യമായി വിന്യസിക്കപ്പെടുന്ന ആ പഴുത്ത ചിരി!അതോർക്കുന്നവർ ഓർക്കുമ്പോഴേ തരിച്ചുപോകും.
4)മണ്ണിൽതൊട്ടാൽ മനുഷ്യസ്ത്രീ
----------------------------------------

അമാനുഷികമായ സ്ത്രീകഥാപാത്രങ്ങൾ പോലും,ശിവരാമനിലെത്തുമ്പോൾ മനുഷ്യവികാരങ്ങൾ പങ്കുവെക്കുന്നതു കാണാം.മണ്ണിൽ തൊട്ടാൽ ഏതു ദേവതയും ദാനവിയും മനുഷ്യസ്ത്രീയാണെന്നാണെന്നു തോന്നും,ശിവരാമന്റെ വീക്ഷണം.ബ്രഹ്മാവിന്റെ മാനസപുത്രിയായ രുഗ്മാംഗദചരിതത്തിലെ മോഹിനി,ശിവരാമനിലെത്തുമ്പോൾ മനുഷ്യദുഃഖങ്ങളലട്ടുന്ന ഒരു സ്ത്രീയായി മാറും.ഒരുവശത്ത് കൽ‌പ്പനയ്ക്കനുസരിച്ച് പ്രവർത്തിക്കേണ്ടതിന്റെ കാര്യനിർവ്വഹണബോധം,മറുവശത്ത് ഇത്തരമൊരു ദുഷ്ടത ചെയ്യേണ്ടിവന്നതിലെ ധർമ്മസങ്കടം-ഇവതമ്മിലുള്ള ഏറ്റുമുട്ടലാണ് ശിവരാമന്റെ മോഹിനിയെ വേറിട്ടുനിർത്തുന്നത്.ഇതുതന്നെ പൂതനയിലും കാണാം.
5)സ്വാത്മബോധവും സംഘബോധവും
----------------------------------------

കഥകളി ഒരു സംഘകലയാണ്.പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന ഘടകങ്ങളുടെ ചേർച്ചയിലാണ് കളിയരങ്ങിന്റെ ലാവണ്യം കുടികൊള്ളുന്നത്.അനന്യസാധാരണരായ നടന്മാർക്കൊപ്പം ചേരുമ്പോൾ ശിവരാമനിൽ നിന്ന് പ്രവഹിച്ച കലാചാതുരി കൂടി പ്രസ്താവ്യമാണ്.കീഴ്പ്പടം കുമാരൻ നായരുടെ കീചകൻ,പൂക്കളിറുക്കുന്ന മാലിനിയുടെ തലയ്ക്കു മുകളിൽ പൂക്കൾ നിറഞ്ഞ ഒരു കൊമ്പ് പിടിച്ചുകുലുക്കിയപ്പോൾ ശിവരാമന്റെ ശരീരം പ്രതികരിച്ച പ്രതിസ്പന്ദനം കണ്ടവരെ അതു പറഞ്ഞുബോധ്യപ്പെടുത്തേണ്ടിവരില്ല.കലാമണ്ഡലം ഗോപിക്കൊപ്പമുള്ള ഇഴപ്പൊരുത്തത്തിന്റെ സൌന്ദര്യം ഒരു കഥകളിപ്രേമിയോടും വിവരിക്കേണ്ടതില്ലല്ലോ.കൃഷ്ണൻ നായരുടെ കൂടെയുള്ള ദമയന്തിയിലും,ഗോപിയുടെ കൂടെയുള്ള ദമയന്തിയിലും വ്യത്യസ്തമായ സൌന്ദര്യതലങ്ങൾ ദർശിക്കാം.
ഇതിനു പുറത്ത് ഒന്നുകൂടിയുണ്ട്,സ്വന്തം കഥകളിദർശനത്തിനനുയോജ്യമല്ലാത്തത് ആരുകാണിച്ചാലും ശിവരാമന്റെ പ്രതികരണം ഒന്നുതന്നെയായിരിക്കും.പലരും പറഞ്ഞുകേട്ട ഒരു കഥയുണ്ട്,കഥകളിയിലെ ഒരു മഹാനടന്റെ ഹരിശ്ചന്ദ്രനും ശിവരാമന്റെ ചന്ദ്രമതിയുമായി ഹരിശ്ചന്ദ്രചരിതം-ഹരിശ്ചന്ദ്രൻ കെട്ടിയ നടൻ “ദോശചുട്ടുകൊടുക്കണം”എന്ന് അരങ്ങത്തുകാണിച്ചു.ശിവരാമനത് കണ്ടഭാവമേയില്ല!മനസ്സിലായിക്കാണില്ലെന്നു കരുതി ഹരിശ്ചന്ദ്രൻ വിസ്തരിച്ച് ആവത്തിച്ചു-മാവുപരത്തി മറിച്ചിട്ട്…..എന്നിട്ടും ശിവരാമനു കണ്ടഭാവമില്ല!...കളികഴിഞ്ഞ് അണിയറയിലെത്തിയപ്പോൾ ഹരിശ്ചന്ദ്രൻ ശിവരാമനോട് ചോദിച്ചു-“ഹേയ് ശിവരാമാ,ഞാൻ ദോശചുടുന്നതാ കാണിച്ചേ,നിനക്ക് മനസ്സിലായില്യ?”ഉടൻ വന്നു ശിവരാമന്റെ മാസ്റ്റർപീസ് മറുപടി:“ശിവരാമനതൊക്കെ മനസ്സിലാവും,പക്ഷേ ചന്ദ്രമതിക്കു മനസ്സിലായില്ല!”
ഈ കഥയിൽ ശിവരാമന്റെ കഥകളിദർശനം നിറഞ്ഞുനിൽക്കുന്നു.
കഥകളീയമല്ലാത്ത കഥകളി
-------------------------------
കഥകളിയുടെ ഘടനാപരമായ നിയമങ്ങൾ വെച്ച് ശിവരാമന്റെ വേഷങ്ങളെ നോക്കിയാൽ പരാജയമാകും ഫലം.കളിയരങ്ങിനനുഗുണമല്ലാത്ത പോസുകളിൽ തുടങ്ങി,താളപ്പിഴവിനും,മുദ്രകളുടെ വികലപാഠത്തിനും,കലാശങ്ങളുടെ രൂപരാഹിത്യത്തിനും,മുദ്രാനിരാസത്തിനും….അങ്ങനെ പലതിനും ശിവരാമന്റെ വേഷം കണ്ടാൽ മതി.പക്ഷേ ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന പ്രതിഭാശേഷിയാണ് സങ്കേതപ്രകാരത്തിൽ കണ്ണുടക്കിയ കഥകളിനിഷ്ണാതരെ പോലും ശിവരാമന്റെ ആരാധകരാക്കിയത്.എന്നും നന്നാവുമെന്ന് ഒരുറപ്പുമില്ലാത്ത അനേകം ജീനിയസ്സുകളിലൊരാളായിരുന്നു,ശിവരാമനും.ഉണ്ണികൃഷ്ണക്കുറുപ്പിനേപ്പോലെ,ഗോപിയാശാനെപ്പോലെ.
അനിതരമായ ഒരു ആംഗികഭാഷയാണ് ശിവരാമന്റേത്.മിക്ക വരികളുടെയും മുൻപ് ഒരു താളവട്ടത്തിൽ കൂടുതൽ നീളുന്ന പോസുകൾ,പതിവിലും ദീർഘിച്ചും,ചിലപ്പോൾ ഒരു ചെറിയ ചിഹ്നം മാത്രമായും മാറുന്ന മുദ്രകൾ…സമകാലികമദ്ദളവാദനത്തിലെ വിസ്മയമായ ശ്രീ.ചെർപ്പുളശ്ശേരി ശിവൻ പറയാറുണ്ട്, “ഏറ്റവും വിഷമമേറിയ കഥകളിമദ്ദളവാദനം അവശ്യപ്പെടുന്ന വേഷക്കാരനാണ് കോട്ടക്കൽ ശിവരാമൻ,പക്ഷേ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവൃത്തിക്കാനാണ് ആഗ്രഹം” എന്ന്.
ഒരു രംഗജീവിതം ഭാവിയോടു പറയുന്നത്
-------------------------------------------
ശിവരാമനെ അന്ധമായി അനുകരിക്കുന്നവർ മുതൽ,അദ്ദേഹത്തിന്റെ രംഗനന്മകളെ പിൻ‌പറ്റിയവർ വരെ കഥകളിയിലുണ്ട്.ശിവരാമന്റെ രംഗജീവിതം നൽകുന്ന ഏറ്റവും വലിയ പാഠം,ഇടശ്ശേരിയുടെ ഭാഷയിൽ പറഞ്ഞാൽ,
“പറഞ്ഞുപോകരുതിതിനെ
മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം”
എന്നതാണ്.സ്വകീയമായ വ്യാഖ്യാനങ്ങൾ ഓരോ പദത്തിനും കണ്ടെത്തി,ഔചിത്യത്തിൽ നിന്നടർന്നു പോകാത്ത കണ്ണുമായി,സ്വന്തം വേഷത്തെ നവീകരിക്കാ‍നാണ് ആ ‘സാമ്യമകന്നോരുദ്യാനം’ പുതിയ കഥകളിക്കാരനോടാവശ്യപ്പെടുന്നത്.കാണാഃപ്പാഠം പഠിച്ചും,ഭാഷാവൈയാകരണന്മാർ പറയുന്ന വിഡ്ഡിത്തങ്ങൾ മുൻ‌പിൻ നോട്ടമില്ലാതെ അരങ്ങിൽ കാണിച്ചും നടക്കുന്നവരടക്കമുള്ള യുവതലമുറ,ആ സന്ദേശം ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.
----------------------------------------------
കടപ്പാട്:കഥകളിയുടെ രംഗപാഠചരിത്രം:കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്,കലാ.എം.പി.എസ്.നമ്പൂതിരി.

Thursday, February 5, 2009

സദനം ഭാസി-അടുത്ത അഭിമുഖസംവാദത്തിലേക്ക്...

മകാലീനകഥകളിയുടെ മറ്റൊരു കരുത്തുറ്റ പ്രതീക്ഷയുമായാണ്,ഇത്തവണ ഞാൻ അഭിമുഖസംവാദത്തിലേർപ്പെടുന്നത്-സദനം ഭാസി.കളിയരങ്ങിന്,കല്ലുവഴിസമ്പ്രദായത്തിന്, വൈയക്തികമായ ഒരു ശൈലീവിശേഷത്തിലൂടെ വേറിട്ടൊരു മാനം നൽകിയ കീഴ്പ്പടം കുമാരൻ നായരുടെ ശിഷ്യനായ സദനം ഭാസിയെപ്പോലെ മെയ്യിന്റെ ലാഘവത്വവും അഭ്യാസബലവും തികഞ്ഞ കഥകളിനടന്മാർ അധികമില്ല.കളരിപാഠത്തിന്റെ കണക്കുകൾ അനായാസേന വഴങ്ങുന്ന ഭാസിയുടെ ശരീരത്തിന്റെ പരിമിതികൾ കൂടി ചേതോഹരമാകുന്ന വേഷമാണ് കല്യാണസൌഗന്ധികം,തോരണയുദ്ധം,ലവണാസുരവധം എന്നിവയിലെ ഹനുമാൻ.നിയതമായ കളരിപാഠമുള്ള സ്ത്രീവേഷങ്ങളായ ഉർവ്വശി,ലളിതകൾ എന്നിവയിലും ഭാസിയുടെ അലസതയില്ലാത്ത ആവിഷ്കരണം തിളങ്ങുന്നു.കീഴ്പ്പടം കുമാരൻ‌നായരാശാനോടൊപ്പം വർഷങ്ങൾ നടന്ന് ഭാസി നേടിയ അരങ്ങനുഭവങ്ങളും അറിവുകളും എല്ലാ കളിയരങ്ങുകളിലും അദ്ദേഹത്തിനു കൂട്ടാകുന്നു.കീഴ്പ്പടത്തോടൊപ്പമുള്ള അനുഭവങ്ങൾ,സമകാലകഥകളിയുടെ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഈ സംവാദത്തിൽ വിഷയമാകുന്നു.സംവാദത്തിലേക്ക്:
:}എങ്ങനെയാണ് കഥകളിയിലെത്തിയത്?
ഭാസി:കുട്ടിക്കാലത്തുതന്നെ അടുത്തുള്ള കഥകളികളൊക്കെ കാണുമായിരുന്നു.വാഴേങ്കട,കാന്തള്ളൂർ ഉത്സവക്കളികളൊക്കെ കൂട്ടുകാർക്കൊപ്പം ചെറുപ്പത്തിലേ പോയിക്കാണാൻ ഉത്സാഹമായിരുന്നു.പിന്നെ,നാലാംക്ലാസിൽ പഠിക്കുമ്പോൾ സദനം ലക്ഷ്മിക്കുട്ടിടീച്ചറുടെ ഡാൻസ്ക്ലാസിൽ പോയി ഡാൻസ് പഠിച്ചുതുടങ്ങി.അന്ന് കുറേ സ്റ്റേജിൽ ഡാൻസ് കളിച്ചിട്ടുണ്ട്.പിന്നീട്,പത്താംക്ലാസിനുശേഷമാണ് ഗൌരവമായി കഥകളിപഠിക്കാൻ ആലോചിക്കുന്നത്.വീട്ടുകാർക്കൊന്നും സമ്മതമായിരുന്നില്ല.കലാമണ്ഡലത്തിലേക്ക് അന്ന് അപേക്ഷയയച്ചു.ഇന്റർവ്യൂവിൽ പങ്കെടുത്തെങ്കിലും സെലൿഷൻ കിട്ടിയില്ല.പിന്നീട് കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേക്ക് അപേക്ഷയയച്ചു.ഇന്റർവ്യൂകാർഡ് വന്നെങ്കിലും കൊണ്ടുപോകാനാളില്ലാത്തതുകൊണ്ട് പോവാനായില്ല.
അടുത്താണ് ശിവരാമൻ‌മാമയുടെ(കോട്ടക്കൽ ശിവരാമൻ)വീട്.അദ്ദേഹത്തിന്റെ വീടുമായി അകന്ന ബന്ധുത്വമുണ്ട്.അവിടേയ്ക്ക് ഇടക്കൊക്കെ പോകുമായിരുന്നു.അദ്ദേഹത്തിന്റെ വീട്ടിൽ കുറച്ചു കളിക്കോപ്പുകളുണ്ട്,അതൊക്കെ നോക്കും.അദ്ദേഹം ഈ ഇന്റർവ്യൂ വർത്തമാനമറിഞ്ഞു.എന്നോട് “എന്താ പോണേന്റെ മുമ്പേ എന്നോടു പറയാഞ്ഞേ” എന്നു ചോദിച്ചു. “ഇപ്പോഴും കഥകളി പഠിക്കണംന്ന് ആഗ്രഹണ്ടോ?” എന്നും ചോദിച്ചു.ആഗ്രഹണ്ട് എന്നു പറഞ്ഞപ്പോൾ “ഞാൻ സദനത്തിലേക്ക് ഒരെഴുത്തുതരാം,ഇതു കൊണ്ടുപോയി കുമാരേട്ടന്റെ(സദനം കുമാരൻ) അടുത്ത് കൊടുക്കുക”എന്നു പറഞ്ഞ് ഒരെഴുത്തുതന്നു.അങ്ങനെ അതുമായി ചെന്ന് സദനത്തിൽ ചേർന്നു.
:}ആരൊക്കെയായിരുന്നു അന്ന് ഗുരുക്കന്മാർ?
ഭാസി:ഞാൻ ചേരുന്ന സമയത്ത് കൃഷ്ണൻ‌കുട്ടിയാശാനും(സദനം കൃഷ്ണൻ‌കുട്ടി)രാമൻ‌കുട്ടിയാശാനും(സദനം രാമൻ‌കുട്ടി-പറശ്ശിനിക്കടവ്)ആയിരുന്നു.ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും കൃഷ്ണൻ‌കുട്ടിയാശാൻ സദനത്തിൽ നിന്നു പോയി.ഒരു വർഷം കഴിഞ്ഞപ്പോൾ രാമൻ‌കുട്ടിയാശാനും.അപ്പോൾ കീഴ്പ്പടം കുമാരൻ‌നായരാശാൻ ഡൽഹിയിൽ നിന്ന് വന്ന സമയമായിരുന്നു.തുടർന്ന് കീഴ്പ്പടം ആശാൻ ആണ് ചൊല്ലിയാടിച്ചത്.ഇതിനിടക്ക് ഹരിയേട്ടനും(സദനം ഹരികുമാർ)കലാനിലയം ബാലകൃഷ്ണാശാനും ആദ്യാവസാനവേഷങ്ങൾ ചൊല്ലിയാടിച്ചിട്ടുണ്ട്.ആദ്യാവസാന സ്ത്രീവേഷങ്ങൾ മിക്കതും ചൊല്ലിയാടിച്ചതൊക്കെ കുമാരൻ‌നായരാശാൻ തന്നെയായിരുന്നു.
കീഴ്പ്പടം കുമാരൻ നായർ…
:}
കളരിയിൽ കീഴ്പ്പടം ആശാൻ എങ്ങനെയായിരുന്നു?
ഭാസി:ഞാനൊക്കെ പഠിക്കുമ്പോഴേക്കും ശുണ്ഠിയൊക്കെ കുറേ കുറഞ്ഞിരുന്നു.പണ്ടൊന്നും അങ്ങനെയല്ലായിരുന്നൂന്നാണ് കേട്ടിട്ടുള്ളത്.പിന്നെ,ക്ലാസ് തീരുന്നതിനൊക്കും ഒരു കണക്കുമുണ്ടായിരുന്നില്ല.ചിലദിവസം രാവിലെ തോടയത്തിന് കയറിയാൽ,ഉച്ചയ്ക്ക് ഒന്നര വരെയൊക്കെ നിർത്താതെ ചൊല്ലിയാടിക്കും.ഏതാണോ ചെയ്യുന്നത്,അത് തീരുന്ന വരെ എന്നതാണു കണക്ക്.ഓർമ്മയുള്ള ഒരു സംഭവം,സദനം കളരിയുടെ നടത്തിപ്പ് ശരിയല്ലാന്ന് എന്തോ ഒരു പരാതി കിട്ടിയിട്ട് അതന്വേഷിക്കാനായി അക്കാദമിയിൽ നിന്ന് ഒരിക്കൽ ആളുകൾ വരികയുണ്ടായി.ആർക്കും അവർ വരുന്നകാര്യമൊന്നും അറിയില്ല.അവരുടെ കൂടെ അന്ന് വന്നിരുന്നത് കെ.ജി.വാസുവാശാനായിരുന്നു.(കലാ.കെ.ജി.വാസു)അപ്പോൾ തോടയം കഴിഞ്ഞ് പുറപ്പാടെടുത്തുകൊണ്ടിരിക്കുകയാണ്.വാസുവാശാന്റെ കണ്ടപ്പോൾ കീഴ്പ്പടം ആശാൻ “ഇരിയ്ക്കൂ” എന്ന് കൈകൊണ്ട് കാണിച്ചു.അന്ന് പാത്രചരിതാണ് ചൊല്ലിയാടിച്ചത്.(കിർമീരവധം ആദ്യഭാഗം)“ബാലേ കേൾ നീ”മുതൽ സുദർശനത്തിന്റെ പിന്മാറ്റം വരെ ചൊല്ലിയാടിക്കഴിയുമ്പോഴേയ്ക്കും സമയം ഒന്നര.വന്നവർ എഴുന്നേറ്റുപോവാനും വയ്യാത്ത ഒരു പരിതസ്ഥിതിയിൽ.അവസാനം ചൊല്ലിയാട്ടം കഴിഞ്ഞതും അവരെഴുന്നേറ്റുപോയി.അവർക്കു മനസ്സിലായി,ഇവിടെ നടക്കുന്നതെന്താണ് എന്ന്.
രാവിലത്തെ മെയ്യുറപ്പടവിന്റെ സമയത്തൊക്കെ ആരുമറിയാതെ ഏതെങ്കിലുമൊരു മൂലയിൽ വന്നുനിന്ന് വീക്ഷിക്കും.പിന്നെ എപ്പോഴെങ്കിലും പിന്നെ അതിനേപ്പറ്റി പറയുമ്പോഴാണ് നമ്മളതറിയുക.
:}കീഴ്പ്പടത്തോടൊപ്പം കുറേക്കാലം നടന്ന പരിചയം ഭാസിക്കുണ്ടല്ലോ.അന്ന് അദ്ദേഹം ഏതെല്ലാം വേഷങ്ങളാണ് പ്രധാനമായും കൂടുതൽ ചെയ്തിരുന്നത്?
ഭാസി:ഹനുമാന്മാർ തന്നെയായിരുന്നു കൂടുതൽ.പിന്നെ കീചകൻ,സന്താനഗോപാലം ബ്രാഹ്മണൻ,ബാലിവിജയം രാവണൻ…
:}നിത്യം പുനർനവീകരിക്കപ്പെടുന്ന അരങ്ങുവഴക്കങ്ങളായിരുന്നല്ലോ കീഴ്പ്പടത്തിന്റേത്.ആ ദർശനത്തോട് ഭാസിയുടെ അഭിപ്രായമെന്താണ്?
ഭാസി:അതിപ്പോൾ ഞാൻ പറയുമ്പോൾ ശിഷ്യനായതുകൊണ്ട് പറയുകയാണെന്നു വരും.അങ്ങനെ പറഞ്ഞോളൂ,എന്നാലും കുഴപ്പമില്ല.സ്ഥിരം ചെയ്യുന്നതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടിരിക്കുന്നതിണെക്കാളും പണിയുണ്ടല്ലോ പുതിയതു ചെയ്യാൻ.മറ്റേത് “തത്തമ്മേ പൂച്ച പൂച്ച”എന്നിങ്ങനെ ചെയ്തുപോരുന്നതിൽ ശരിയുണ്ടെന്നു തോന്നുന്നില്ല.
:}സ്ഥിരം കളികണ്ടുനടക്കുന്ന,കഥകളി ഗ്രഹിതക്കാർക്കായി ആണ് കീഴ്പ്പടം പലപ്പോഴും വേഷങ്ങൾ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.കഥകളി മനസ്സിലാവുന്നവർ ആസ്വദിച്ചാൽ മതി എന്ന മട്ട്…
ഭാസി:അതിൽ ശരിയുണ്ട്.ഒരിക്കൽ അദ്ദേഹത്തിന്റെ സന്താനഗോപാലം ബ്രാഹ്മണൻ “മൂഢാ!അതിപ്രൌഡമാം”എന്ന പദത്തിനുശേഷം,ലജ്ജിതനായി നിൽക്കുന്ന അർജ്ജുനനോട് :നിന്റെ യോഗ്യതയേറിയ വില്ല് കൊണ്ടുപോയി ചൂണ്ടയാക്കി മീൻ പിടിക്ക്”എന്നു കാണിച്ചു.കളി കഴിഞ്ഞ് അതിനെ വിമർശിച്ച ഒരാസ്വാദകനോട് “ഭാഗവതം ഒന്നു വായിച്ചുനോക്കൂ”എന്നു പറഞ്ഞത് ഓർമ്മയുണ്ട്.വ്യക്തമായ ജ്ഞാനവും കളിയാസ്വദിച്ചുപരിചയവും ഉള്ളവർക്ക് മനസ്സിലാവുന്നതായിരുന്നു ആശാന്റെ ആട്ടങ്ങളിൽ പലതും.
:}താളവിഷയത്തിൽ അദ്ദേഹത്തിനു സമാനനായി ആരുമുണ്ടായിരുന്നില്ലല്ലോ.
ഭാസി:അതു വാഴേങ്കട കുഞ്ചുനായരാശാൻ തന്നെ എഴുതിയിട്ടുണ്ടല്ലോ,താളവിഷയത്തിൽ കീഴ്പ്പടത്തെപ്പോലെ ഇത്രമാത്രം പ്രാഗത്ഭ്യമുള്ള നടന്മാർ ഇന്നില്ലെന്നു മാത്രമല്ല,മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്നോ എന്നും സംശയമാണ് എന്ന്.
:}പക്ഷേ പലപ്പോഴും അദ്ദേഹത്തിന്റെ കുസൃതികൾ മേളക്കാരെ ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു-സന്താനഗോപാലം ബ്രാഹ്മണന്റെ “എട്ടുബാലന്മാരീവണ്ണം”എന്ന് ചമ്പതാളത്തിൽ കാണിക്കുന്നത്…
ഭാസി:അതെയതെ.അവിടെയാണത് ഏറ്റവും സ്പഷ്ടമായി കണ്ടിരുന്നത്.
:}അതൊക്കെ അനുകരിക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ടോ?
ഭാസി:ഇല്ല,അതൊന്നും വേണമെന്ന് തോന്നിയിട്ടില്ല.പിന്നെ അദ്ദേഹത്തിന്റെ പോലെ താളഗ്രാഹ്യം നമുക്കില്ല.ഇനി കാണിച്ചാൽ തന്നെ,മേളക്കാർ കൃത്യായി ചേർന്നില്ലെങ്കിൽ ഒരു ഫലവുമുണ്ടാവില്ല.ആശാനൊക്കെ ഒപ്പമുണ്ടായിരുന്നത് മന്നാടിയാരൊക്കെയായിരുന്നു.എന്തുചെയ്താലും ഒപ്പം കൂടും.വേഷക്കാരുടെ കാര്യത്തിലും അതെ.ആശാന്റെ ലവണാസുരവധം ഹനുമാൻ ആ രാമന്റെ കുതിരയെ സീതാദേവിക്ക് കാണിച്ചുകൊടുക്കുമ്പോൾ ശിവരാമന്റെ സീത,പെട്ടെന്ന് നമസ്കരിക്കുകയാണല്ലോ ചെയ്യുന്നത്. “എന്തെങ്കിലും കാണിച്ചാൽ അവനത് മനസ്സിലാവും” എന്ന് ആശാൻ തന്നെ പറയുമായിരുന്നു.
:}അദ്ദേഹം നിർമ്മിച്ച യുദ്ധവട്ടങ്ങൾ,സ്വകീയമായ രീതികൾ,ഒക്കെ കളരിയിൽ പഠിപ്പിച്ചിരുന്നോ?
ഭാസി:അഷ്ടകലാശമൊക്കെ പഠിപ്പിച്ചിരുന്നു.മറ്റു സ്വന്തം രീതികളൊന്നും പഠിപ്പിച്ചിരുന്നില്ല.കണ്ടുമനസ്സിലാക്കിയതുതന്നെയാണ്.പിന്നെ,സ്ഥിരമായി ഒന്നുതന്നെ ചെയ്തുകൊണ്ടിരിക്കുന്ന പതിവ് ആശാനുണ്ടായിരുന്നില്ലല്ലോ.
:}കീഴ്പ്പടത്തിന്റെ കമലദളത്തിലെ രാവണൻ “ദാസിയാകുമുർവ്വശിയിൽ” ചെയ്യുന്നതിനിടക്ക് ചെയ്യുന്ന കഥക് അംശമുള്ള നൃത്തവിശേഷം തന്നെയാണല്ലോ ഭാസിയുടെ ലളിതയുടെ സാരിനൃത്തത്തിലുമുള്ളത്?
ഭാസി:അതെ അതിലെ രീതികൾ തന്നെയാണ്.പക്ഷേ,അതു പൂർണ്ണമായൊന്നും എടുക്കാനാവില്ല.ആ കറങ്ങിച്ചെയ്യുന്ന ചുവടുകളൊക്കെ അദ്ദേഹം ചെയ്യുമ്പോഴാണ് ഭംഗി വരുന്നത്.
:}രംഗസ്ഥലം മാറുന്നതിനേക്കുറിച്ചൊക്കെ ഇത്രയും ആരും ചിന്തിച്ചുകണ്ടിട്ടില്ല.
ഭാസി:അക്കാര്യത്തിലൊക്കെ അദ്ദേഹം ചിന്തിച്ചിടത്തൊന്നും നമ്മളെത്തിയിട്ടില്ല.നളചരിതം രണ്ടാംദിവസത്തിലെ അദ്ദേഹത്തിന്റെ കാട്ടാളൻ,തിരനോക്കോടെയും തിരനോക്കില്ലാതെ ഉറങ്ങുന്ന പോസിൽ ആയിട്ടും കണ്ടുകാണുമല്ലോ.ഉണർന്നശേഷം,വാതിൽ തുറന്നുനോക്കി,“കണ്ണിൽകുത്തിയാൽ കാണാത്ത ഇരുട്ട്”എന്നു കാണിച്ച് വീണ്ടും വാതിലടക്കുന്നു.പിന്നെ “ആരവമെന്തിതറിയുന്നിതോ”എന്ന പദത്തിന്റെ പകുതിയിൽ,“ഉരത്തെഴും തിമിരം വെൽ‌വാൻ”എന്നിടത്താണ് സൂര്യനുദിച്ചുതുടങ്ങുന്നത്.പിന്നീടുള്ള ഓരോ ഇടകളിലും ആ യാത്രയെ കൃത്യമായി ദ്യോതിപ്പിക്കും. “അപുത്രമിത്രാകാന്താരം”ആകുമ്പോഴേക്കും കുടിൽ വിട്ട് ഏറെ ദൂരം പിന്നിട്ടു എന്ന പ്രതീതി ഉണ്ടാക്കിയെടുക്കുകയാണ്.
:}കഥകളിയിലെ മഹാചാര്യന്മാരെക്കുറിച്ചുപറയുന്ന പലയിടത്തും,കീഴ്പ്പടത്തെ അവഗണിക്കുകയും അനാദരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ?
ഭാസി:തീർച്ചയായും.കീഴ്പ്പടത്തെ അറിയുകതന്നെ,കേട്ടിട്ടുതന്നെയില്ല എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്.ഇതിനുതിരിച്ചും അനുഭവമുണ്ട്,ലവണാസുരവധം ഹനുമാൻ കഴിഞ്ഞ് അണിയറയിൽ വന്ന് “ഞങ്ങൾക്കിന്ന് രാമായണത്തിലെ ഹനുമാനെ കാണാൻ കഴിഞ്ഞു”എന്നു പറഞ്ഞ് നമസ്കരിച്ച് പോകുന്നവരെയും കണ്ടിട്ടുണ്ട്.
:}കഥകളിയിലെ ബൌദ്ധികലോകം പലപ്പോഴും കീഴ്പ്പടത്തെ അവഗണിച്ചത് എന്താവാം?
ഭാസി:അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത ഒരാളെ,അയാൾ എത്ര വലിയവനായാലും അദ്ദേഹം വകവെയ്ക്കുമായിരുന്നില്ല.അതദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.
:}കീഴ്പ്പടത്തിന്റെ രംഗശൈലികളെ പിന്തുടരുന്നു എന്നു തോന്നിയിട്ടുള്ളത് ആരുടെ വേഷങ്ങൾ കാണുമ്പോഴാണ്?
ഭാസി:സദനം ബാലകൃഷ്ണാ‍ശാന്റെ വേഷങ്ങളാണ് കൃത്യമായി അദ്ദേഹത്തിന്റെ മാർഗം തുടരുന്നതായി തോന്നിയിട്ടുള്ളത്.മറ്റുപലരിലും അംശങ്ങൾ ഇല്ലെന്നില്ല.
സ്വവേഷങ്ങളുടെ വഴിത്താര...
:}
സദനം ഭാസി എന്ന നടനെ ആദ്യം ഞങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ദക്ഷയാഗത്തിലെ ഭദ്രകാളിയിലൂടെയാണ്.പിന്നെ,നക്രതുണ്ഡിയിലൂടെയും.എങ്ങനെയായിരുന്നു ഈ ഭദ്രകാളിയൊക്കെ ഇത്രമാത്രം പ്രസിദ്ധമായത്?
ഭാസി:ചെറുപ്പത്തിലേ താണ്ഡവപ്രധാനമായ വേഷങ്ങളോട് എനിക്ക് താല്പര്യമായിരുന്നു.ഒരു കോട്ടക്കൽ ഉത്സവമാണെന്നാണോർമ്മ,അതാണ് ഭദ്രകാളിയെ എന്നിലെത്തിച്ചത്.പരിയാനമ്പറ്റ ദിവാകരന്റെ വീരഭദ്രനായിരുന്നു.സദനം കൃഷ്ണൻ‌കുട്ടിയാ‍ശാന്റെ ദക്ഷൻ.ഒരു ഭാഗത്ത് ചെണ്ടയിൽ മന്നാടിയാരാശാൻ.മറുവശത്ത് തൃത്താല കേശവപ്പൊതുവാൾ.രണ്ടുചെണ്ട വേറെയും.ഗംഭീരമായ അരങ്ങ്,നിറഞ്ഞ സദസ്സ്.അന്നത്തെ ചെറുപ്പത്തിൽ,കലാശങ്ങളൊക്കെ എടുക്കാൻ ഒരു പ്രത്യേകഹരമായിരുന്ന കാലം.ആ ദക്ഷയാഗം വലിയ അഭിപ്രായമുണ്ടാക്കി.പിന്നെയാണ് ഈ ഭദ്രകാളിക്ക് ഞാൻ സ്ഥിരമാകുന്നത്.പിന്നെപ്പിന്നെ അതുമാത്രമായി വിളിക്കുമ്പോൾ ഞാൻ കൂടെ, ഒരു വേഷം കൂടിതരണം എന്നു പറയാറുണ്ട്.ഇപ്പോൾ ചിലർക്കൊപ്പമേ അതു പതിവുമുള്ളൂ.
:}ഹനുമാൻ കെട്ടുമ്പോൾ ആശാന്റെ മാർഗം തന്നെയാണല്ലോ പിന്തുടരുന്നത്.
ഭാസി:കഴിയുന്നതും അങ്ങനെ ചെയ്യാൻ ശ്രമിക്കാറുണ്ട്.തോരണയുദ്ധം ഹനുമാൻ ആദ്യം ചെയ്യാൻ പോകും മുൻപ് ആശാനെ വീട്ടിൽ‌പോയി കണ്ടു. “നീ വരും എന്ന് എനിക്കറിയാമായിരുന്നു”എന്ന് ആശാൻ പറഞ്ഞു.അന്ന് വിശദമായി ഹനുമാന്റെ രംഗാവിഷ്കരണം പറഞ്ഞുതന്നു.നിവൃത്തിയുണ്ടെങ്കിൽ,തിരനോക്കിനുശേഷം താഴെനിന്നുള്ള ആട്ടങ്ങൾ ചെയ്യണം എന്നു പറഞ്ഞു.സ്റ്റൂളിൽ കയറിനിന്ന് ചെയ്യുമ്പോൾ പല മുദ്രകളും ചെയ്യുന്നതിന്റെ ഭംഗി കുറയും.കാലിന്റെ ചലനസാധ്യതയില്ലാതെ സമുദ്രലംഘനം ചെയ്യുന്നത് ശരിയല്ല.പഴയരീതിയനുസരിച്ച്,താഴെനിന്നുള്ള ആട്ടമൊക്കെ കുട്ടിഹനുമാനാണ്.സമുദ്രലംഘനത്തിനായി പർവ്വതത്തിനു മുകളിൽ കയറുന്നതു മുതലാണ് വലിയ ഹനുമാൻ വരുന്നുള്ളൂ.
:}ലങ്കാദഹനസമയത്ത് രാവണന്റെ അടുത്ത് പന്തം കാട്ടുമ്പോൾ,രാവണന്റെ പിന്മാറ്റത്തിൽ ഒരു നൃത്തവിശേഷം,“തൊട്ടേനേ ഞാൻ കൈകൾ കൊണ്ടു”വിന് ദമയന്തിയും ഹംസവും ചേർന്നുചെയ്യുമ്പോലെ ഒന്ന്, ഭാസി ചെയ്തുകണ്ടിട്ടുണ്ടല്ലോ?
ഭാസി:അതു കണ്ടത് പത്മനാഭനാശാനിലാണ്.കുമാരൻ‌നായരാശാന്റെ ഹനുമാനും,പത്മനാഭൻ നായരാശാന്റെ രാവണനുമായുള്ള ഒരു തോരണയുദ്ധം അരങ്ങിൽ.കളി കഴിഞ്ഞ് മുഖം തുടയ്ക്കുമ്പോൾ ആശാൻ പത്മനാഭനാശാനോട് പറയുന്നതു കേട്ടു,“അതുകണ്ടപ്പോൾ ഗുരുനാഥനും കവളപ്പാറയും കൂടി ചെയ്തിരുന്നതാ ഓർമ്മ വന്നത്” എന്ന്.അതൊരു പഴക്കമുള്ള രീതിയാണെന്ന് മനസ്സിലായി.എന്നെങ്കിലും അവസരം ലഭിക്കുമ്പോൾ അതുചെയ്യണം എന്ന് അന്നേ കരുതിയിരുന്നു.
:}ഈ പ്രായത്തിൽ താങ്കളെപ്പോലുള്ളവർ ചെയ്യുന്ന അഭ്യാസത്തിനടുത്തുപോലും പുതിയ കുട്ടികൾ എത്തിക്കാണാനില്ലല്ലോ?
ഭാസി:പഠനത്തിലുള്ള നിഷ്കർഷയിലും,അധ്യാപനത്തിലും സംഭവിക്കുന്ന അയവുതന്നെയാണ് കാരണം.മെയ്യില്ലാതെത്തന്നെ പൊക്കിപ്പറയാൻ ആളുണ്ടെങ്കിൽ പിന്നെ മെയ്യുണ്ടാക്കാനായി കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ.താണുനിന്ന് വൃത്തിയായി ചൊല്ലിയാടാൻ കഴിയുന്നവർ കുറവാണ്.പിന്നെ,അനുകരണത്തിന്റെ പ്രശ്നവുമുണ്ട്.സ്ത്രീവേഷം ചെയ്യുന്നവർ,മുദ്രകളെ കൃത്രിമമായി അയച്ചുകാണിച്ച് വികൃതമാക്കുന്നത് കാണാം.സ്വാഭാവികമായി പരിചയം കൊണ്ടും കൈത്തഴക്കം കൊണ്ടും വരേണ്ട അയവ്,കൃത്രിമമായി അനുകരിച്ചുണ്ടാക്കുമ്പോൾ നന്നാല്ലാതാവുന്നു.
:}മേളക്കാരിലും പാട്ടുകാരിലും ഇതു സംഭവിക്കുന്നില്ലേ?
ഭാസി:തീർച്ചയായും.വേഷത്തിന്റെ ഘനത്തിനനുസരിച്ചല്ല,അതുകെട്ടുന്ന ആളുടെ വലിപ്പത്തിനനുസരിച്ചാണ് പ്രാമാണികമേളക്കാർ തന്നെ കൊട്ടുന്നത്.ഇതൊക്കെ അടുത്ത കാലത്ത് സംഭവിച്ചതാണ്.
:}ഏറ്റവും കൂടുതൽ പുതിയ കഥകളിൽ വേഷങ്ങൾ ചെയ്ത കഥകളിനടന്മാരിലൊരാളാവും ഭാസി.ഈ പുതിയ കഥകളുടെ രചനയും ആവിഷ്കാരവും കഥകളിക്കെന്തെങ്കിലും ഗുണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ?ഇത്തരം കഥകളികളെപ്പറ്റി എന്താണഭിപ്രായം?
ഭാസി:ഹരിയേട്ടനൊക്കെ(സദനം ഹരികുമാർ)ചെയ്യുന്ന പുതിയ കഥകൾ,പലവട്ടം കളരിയിൽ ചൊല്ലിയാടിയുറച്ചാണ് അരങ്ങത്തെത്തുന്നത്.അപ്പോൾ കുഴപ്പമൊന്നുമില്ല.അതൊന്നുമില്ലാതെ,എഴുതിവെയ്ക്കുന്നവർക്ക് ആ ബാധ്യതയോടെ തീരും വിധത്തിൽ,പിന്നെ കഥകളിക്കാർ അവരുടെ ഇഷ്ടത്തിന് കളിച്ചോട്ടെ എന്ന സമീപനത്തിൽ കുറേ കഥകളിറങ്ങുന്നുണ്ടല്ലോ.അതൊന്നും ഒരു ഗുണവും ചെയ്യുമെന്ന് തോന്നുന്നില്ല.
:}താങ്കളുടെ വളർച്ചയിൽ ഏറ്റവും സഹായിച്ച വ്യക്തികൾ…
ഭാസി:ഏറ്റവും കൂടുതൽ മികച്ച വേഷങ്ങൾ തരികയും,പ്രോത്സഹിപ്പിക്കുകയും ചെയ്ത ഒരാൾ കുഞ്ചുവേട്ടനാണ്.ഹനുമാന്മാരും,ഉർവ്വശി ലളിതമാരും ഒക്കെ അദ്ദേഹമാണ് എനിക്കു തന്നത്.

:}കഥകളിയുടെ നന്മയെപ്പറ്റി വാചാലമാകുന്നതിനിടയ്ക്ക് കഥകളിക്കാരനെ മറന്നു പോവുന്നുണ്ടോ?
ഭാസി:കഥകളിക്കാരുണ്ടെങ്കിലേ കഥകളിയുള്ളൂ.അക്കാര്യം ആരും ആലോചിക്കുന്നില്ല.തിരുവിതാംകൂറിൽ നിന്ന് ഇങ്ങോട്ട് യുവനടന്മാരെ കൊണ്ടുവന്ന് വേഷം കെട്ടിക്കുന്നുണ്ട്.ഇവിടെ നിന്ന് എത്രപേരെ അങ്ങോട്ടുവിളിക്കുന്നുണ്ട്?ഇതൊക്കെ ആലോചിക്കേണ്ട വിഷയങ്ങളാണ്.
------------------------
കീഴ്പ്പടം കുമാരൻ നായരെക്കുറിച്ച് ഞാൻ മുൻപ് മൂന്നു ഭാഗങ്ങളായി എഴുതിയ ലേഖന പരമ്പരയുടെ ലിങ്ക് താഴെക്കൊടുക്കുന്നു:വായിക്കൂ:
ഭാഗം-1
ഭാഗം-2
ഭാഗം-3
കീഴ്പ്പടത്തെപ്പറ്റി എതിരൻ കതിരവൻ എഴുതിയ ഈ മികച്ച ലേഖനം കൂടി വായിക്കൂ:
കീഴ്പ്പടം കുമാരൻ നായർ-അരങ്ങിലെ ധിഷണ