Wednesday, September 17, 2008

ഗുണികളൂഴിയിൽ നീണ്ടുവാഴാ...

കഥകളിവിചാരങ്ങളുടെ തുടക്കം ഇങ്ങനെ വേണമെന്നല്ല കരുതിയത്.പക്ഷെ,ഇന്നിതല്ലാതെ മറ്റൊന്നും കഥകളിയെപ്പറ്റി എനിക്കെഴുതാനാവില്ല.വെണ്മണി ഹരിദാസ് കാലത്തിന്റെ കോപ്പറയിലേക്കു വിടവാങ്ങിയിട്ടു ഇന്നേക്ക് മൂന്നുവർഷം തികയുന്നു...ഓർമ്മകളുടെ തിരമാലകൾ...ഭാവപൂർണ്ണിമയുടെ ഉത്സവമായിരുന്നു വെണ്മണി ഹരിദാസ്.ഉണ്ണികൃഷ്ണക്കുറുപ്പിനു ശേഷം കഥകളിസംഗീതം കണ്ട അൽഭുതം.
വെങ്കിടകൃഷ്ണഭാഗവതർക്കുശേഷം കഥകളിസംഗീതത്തിലുണ്ടായ ദിശാപരിണാമങ്ങൾ, കഥകളിയുടെ സമഗ്രതയെ ഗുണകരമായും ദോഷകരമായും ബാധിച്ചിട്ടുണ്ട്.കർണ്ണാ‍ടകസംഗീതത്തിന്റെ ചാരുതകളെ സോപാനമട്ടിലായിരുന്ന കഥകളിസംഗീതത്തിലേക്കു സമന്വയിപ്പിക്കാനള്ള വെങ്കിടകൃഷ്ണഭാഗവതരുടെ ശ്രമങ്ങളേയും ശൈലീവഴക്കങ്ങളേയും വ്യത്യസ്തരീതിയിലാണ് ശിഷ്യർ ഉൾക്കൊണ്ടത്.അതിലേറ്റവും ശാസ്ത്രീയവും ജനപ്രിയവുമായ മാർഗം,കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റേതായിരുന്നു.സോപാനസംഗീതത്തിന്റെ ശാലീനത,കർണ്ണാടകസംഗീതത്തിന്റെ സങ്കേതസൌന്ദര്യം,കഥകളിയുടെ തൌര്യത്രികഘടനയെക്കുറിച്ച് ആഴത്തിലുള്ള അവബോധംഎന്നിവയോടൊപ്പം അനുപമമായ പ്രതിഭാവിലാസവും ചേർന്ന ജന്മമായിരുന്നു നമ്പീശന്റേത്.
കലാമണ്ഡലത്തിലെ ഈ നമ്പീശൻ കളരിയിലാണ് ഹരിദാസ് രൂപമെടുത്തത്.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയോടൊപ്പം ഭാവാത്മകതയുടേയും ലാളീത്യത്തിന്റെയും സംഗീതത്തിനു രൂപം നൽകുമ്പോഴും കഥകളിയുടെ സംഗീതമെന്തെന്നുള്ള തിരിച്ചറിവോടെ പൊന്നാനി പാടാൻ ഹരിദാസിനു കഴിഞ്ഞത് ഈ കളരിയുടെ അഭ്യാസബലം കൊണ്ടുതന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു.
‘കുറുപ്പിനുശേഷം’ എന്നു പറഞ്ഞത് മനപ്പൂർവ്വമാണ്. രണ്ടുപേരും സമാനരാകുന്ന അനേകം ഘടകങ്ങളുണ്ട്. ഞാനതിലേറ്റവും സ്നേഹിക്കുന്ന ഘടകം,രണ്ടുപേർക്കുമുള്ള അപ്രവചനീയതയാണ്.ചിലപ്പോൾ ഒട്ടും നന്നാവില്ല.ചിലപ്പോഴങ്ങുനന്നാവും,നന്നായാലോ-പിന്നെ ആർക്കുമൊപ്പമെത്താനാവില്ല.ജീവിതത്തിന്റെ സാമ്പ്രദായികതകളെ വലിച്ചെറിഞ്ഞ രണ്ടു ഗന്ധർവ്വജന്മങ്ങൾ.
ഇനിയുമെന്തെഴുതാൻ! ‘മറിമാങ്കണ്ണിമൌലിയുടെ മറിവാക്കിതാർക്കറിയാം?’ എന്നുകഴിഞ്ഞ്, മലർത്തിപ്പിടിച്ച ചേങ്ങിലയുമായി,വിദൂരങ്ങളിലേക്കു കണ്ണുനട്ടുനിൽക്കുന്ന വെണ്മണിയുടെ മുഖം ഓർമ്മ വരുന്നു.ഹരിദാസ്, ഇന്നും അങ്ങയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു.
സ്മരണാഞ്ജലികൾ...

9 comments:

വികടശിരോമണി said...

കഥകളിസംഗീതത്തിലെ അനന്വയമായിരുന്ന വെണ്മണി ഹരിദാസിനെക്കുറിച്ച് എന്റെ നിരീക്ഷണങ്ങളും ഓർമ്മയും.

എതിരന്‍ കതിരവന്‍ said...

You are right. Although he was an expert Karnatik vocalist he could demarkate kathakali samgeetham keeping its individaulity and uniqueness.
Is it not amusing that he sang for Mallika Sarabhai's Bharathanatyam arangngetam?

നിഷ്ക്കളങ്കന്‍ said...

വ‌ളരെ ന‌ല്ല ഓര്‍മ്മക്കുറിപ്പ്

ഹരിദാസ് മുഴുവന്‍ സമയ പൊന്നാനിയായപ്പോഴാണ് എനിയ്യ്ക് ഹരിദാസ് എത്ര നേര‌ത്തേ അതാവാമായിരുന്നു എന്നു ത്തോന്നിയത്. കുറ്റം പറയുകയല്ല, എമ്പ്രാന്തിരിയുടെ ശിങ്കിടിയായി പാടുമ്പോ‌ള്‍ ഹരിദാസിന്റെ ശബ്ദം വേര്‍തിരിച്ചറിയാമായിരുന്നു; എമ്പ്രാറ്ന്തിരി ശിങ്കിടിയുടെ ‘കൂടെ എപ്പോഴും‘ പാടിയിട്ടും. എമ്പ്രാന്തിരിയുടെ സംഗീതത്തിന്റെ കാതല്‍ ഹരിദാസായിരുന്നു.

ഇപ്പോഴും അരങ്ങിലെ നിറഞ്ഞ സാന്നിധ്യമാകേണ്ടിയിരുന്ന ആ പ്രതിഭാധനന്‍ ജീവിത‌പ്പാതയിലെവിടെയോ സ്വയം നഷ്ട‌പ്പെട്ട്... ഒടുവില്‍ സഹൃ‌ദയര്‍ക്കും ആ നഷ്ടം സമ്മാനിച്ചു.

Haree | ഹരീ said...

ഹരിദാസ് മാഷിനെ ഞാന്‍ കേട്ടിട്ടേയില്ല എന്ന തോന്നലാണ് എനിക്കിപ്പോള്‍!!! കേട്ടതൊക്കെയും മധുരതരം, അപ്പോള്‍ കേള്‍ക്കാത്തവയോ! എത്രയോ പദങ്ങള്‍ ഹരിദാസ് പാടിയാല്‍ എങ്ങിനെയിരിക്കുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ട്! അവയൊന്നും ഇനി കേള്‍ക്കുവാന്‍ കഴിയില്ല എന്നത് വലിയൊരു ദുഃഖം തന്നെയാണ്.

ചിലപ്പോൾ ഒട്ടും നന്നാവില്ല.ചിലപ്പോഴങ്ങുനന്നാവും,നന്നായാലോ-പിന്നെ ആർക്കുമൊപ്പമെത്താനാവില്ല. - :-)

ആ സ്ഥാനം ഒരിക്കലും നികത്തപ്പെടുമെന്നു തോന്നുന്നില്ല!
--

എതിരന്‍ കതിരവന്‍ said...

ഹരിദാസിന്റെ കാര്യത്തില്‍ല്‍ “ഗുണികളൂഴിയില്‍ നീണ്ടു വാഴാ’ എന്നു പറയുന്നത് അത്ര ശരിയാണോ? അറിഞ്ഞുകൊണ്ട് മരണത്തിലേക്കു നീങ്ങാനുള്ള വഴി അദ്ദെഹം തന്നെ തെരഞ്ഞെടുത്തതല്ലേ?

വികടശിരോമണി said...

എതിരൻ കതിരവൻ.
നിഷ്കളങ്കൻ,
ഹരീ,
നന്ദി.
കതിരവാ,
പറഞ്ഞതിൽ ശരിയുണ്ട്.തെറ്റുമില്ലേ?
ചങ്ങമ്പുഴയും കുറുപ്പും വെണ്മണിയും തിച്ചൂർ മണിയൻ പണിക്കരും പല്ലാവൂ‍ർ മണിയൻ മാരാരും ജോൺ എബ്രഹാമും...അങ്ങനെ ‘നഖശിഖാന്തപ്രതിഭ’കളായ അനേകരുടെ ജീവിതങ്ങളുടെ വിപര്യയത്തിന് അവർ മാത്രമാണോ ഉത്തരവാദികൾ? തങ്ങളെ തിരിച്ചറിയാത്ത ലോകത്തിന്റെ നിയമാവലികൾ അവർ അനുസരിക്കാതിരുന്നതിന്റെ മുഴുവൻ പാപഭാരവും എന്തായാലും അവർക്കുള്ളതല്ല.
നന്ദി.

Haree | ഹരീ said...

@ എതിരന്‍ കതിരവന്‍,
മദ്യപാനം ഒരു ദുശ്ശീലം തന്നെ, സമ്മതിക്കുന്നു. പക്ഷെ, മദ്യപിച്ചു എന്നതുകൊണ്ടുമാത്രം ഒരാള്‍ ഗുണവാനല്ലാതെയാവുമോ!!! :-(

‘വാനപ്രസ്ഥ’ത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുമ്പോലെ, അവസാനം അവര്‍ കുടിച്ച രണ്ടു കുപ്പി ചാരായം മാത്രമേ എല്ലാവരും കാണൂ, അങ്ങിനെയാണോ? :-(
--

മണി,വാതുക്കോടം. said...

വികടശിരോമണീ,
ആദ്യമായി കഥകളിചിന്തകള്‍ക്കായി ഒരു ബ്ലോഗുതുടങ്ങിയതില്‍ സന്തോഷം അറിയിക്കുകയും എല്ലാവിധ ആശംസകളും അര്‍പ്പിക്കുകയും ചെയ്യട്ടെ.
ആദ്യമായി ഹരിദാസേട്ടനെ പറ്റി അനുസ്മരിച്ചതും ഉചിതമായി.
എഴുത്തിന്റെ ശൈലിയും പ്രയോഗങ്ങളും എനിക്ക് നന്നെ പിടിച്ചു. ഒരു പാലക്കാട്ടുകാരനായ അങ്ങെക്ക് ഒരുപാട് നല്ല അനുഭവങ്ങളും അറിവുകളും, അതിനെ പിറ്റിയുള്ള ചിന്തകളും, അവ എഴുതി ഭലിഫിക്കാനുള്ള കഴിവും ഉണ്ട്.
ഇനിയും ധാരാളം എഴുതുക, കാത്തിരിക്കുന്നു......

വികടശിരോമണി said...

ഹരീ,നന്ദി.
മണീ,
അറിവും കഷ്ടി,അനുഭവവും കഷ്ടി.
നന്ദി.