Sunday, September 21, 2008

കീഴ്പ്പടം-വിശകലനവും ചില കാലികചിന്തകളും-ഭാഗം:2

ബ്ലോഗുഭൂമിയിലെ എന്റെ പരിചയക്കുറവിനാൽ,എതിരൻ കതിരവന്റെ കീഴ്പ്പടം-അരങ്ങിലെ ധിഷണ എന്ന ലേഖനം ഏറെ വൈകിയാണ് കണ്ടത്.കീഴ്പ്പടത്തിന്റെ രംഗജീവിതത്തെ കതിരവൻ സമർത്ഥമായി അടയാളപ്പെടുത്തിയിരിക്കുന്നു.കീഴ്പ്പടത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളോട് ഞാൻ സർവ്വാത്മനാ യോജിക്കുന്നു.കതിരവൻ വിശദീകരിച്ച കാര്യങ്ങൾ,കീഴ്പ്പടസ്മരണക്കും എന്റെ നിലപാടുകളുടെ പ്രതിപാദനത്തിനും അത്യന്താപേക്ഷിതമല്ലാത്ത ഒരിടത്തും ഞാനിനി വിശദീകരിച്ചു സമയം കളയുന്നില്ല.കതിരവലേഖനം വായിക്കാത്തവരുണ്ടെങ്കിൽ,അത്രടം വരെയൊന്നു പോയി വായിച്ചു മടങ്ങിവരൂ.
നവനവോല്ലേഖിയായ,അരങ്ങിൽ നിന്നരങ്ങിലേക്കു നടക്കുന്ന കളിഭ്രാന്തരെ മുന്നിൽക്കണ്ട കീഴ്പ്പടത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞു നിർത്തിയത്.ആശയങ്ങളുടെ വിവരണസ്ഥലം മാത്രമായിരുന്നില്ല കീഴ്പ്പടത്തിനു മനോധർമ്മസ്ഥലികൾ.കാവ്യാത്മകമായ മനസ്സിന്റെ ഉത്സവം കൂടിയായിരുന്നു.
കവിതയുടെ മുദ്രീകരണം
കുശലവന്മാരുടെ അസ്ത്രവർഷത്തിൽ,ഭൂമീദേവിയുടെ മാതൃവാത്സല്യം മുലപ്പാലായി ചുരന്നുവരുന്നതറിഞ്ഞു പുളകിതനാകുന്ന ലവണാസുരവധം ഹനുമാൻ,മാലിനിക്കു പൂവിറുക്കാൻ ചില്ല താഴ്ത്തിക്കൊടുക്കുന്ന കീചകൻ,മലങ്കള്ളുകുടിച്ച് ഉന്മത്തനാകുന്ന കാട്ടാളൻ,കൈകസിയുടെ കണ്ണുനീർമാല്യങ്ങൾ വീണു പൊള്ളി,എഴുന്നേൽക്കുന്ന ഉൽഭവം രാവണൻ,അസ്തമനഗിരിശൃംഗങ്ങളിൽ,സൂര്യചന്ദ്രന്മാർ ഒളിച്ചുകളിക്കുന്നതുകണ്ട് ഏതുപകലിനും രാത്രിയുണ്ടാകുമെന്നു തപ്തനാകുന്ന സൌഗന്ധികം ഭീമൻ…അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാ‍വ്യാത്മകകൽ‌പ്പനകളാണ് കുമാരൻ നായരിൽ വിരിഞ്ഞത്.കഥകളിക്കനുയോജ്യമായ നിയോക്ലാസിക്കൽ ബിംബാവലികളെ ഭാവനചെയ്യുകയും,അതേ ഊഷ്മാവിൽ അരങ്ങിലെത്തിക്കുകയും ചെയ്ത കാര്യത്തിൽ കീഴ്പ്പടം അനന്യനായിരുന്നു.ആ ധർമ്മത്തിനായി,അനുസ്യൂതം കീഴ്പ്പടം പുരാണവൈഖരികളിലൂടെയലഞ്ഞു.
ഭാവം-നൃത്തം-നാടകീയത
കേവലനൃത്തങ്ങളെ ഭാവവുമായിണക്കുന്ന കലാസിദ്ധിയെപ്പറ്റി മുൻപു പറഞ്ഞല്ലോ.നൃത്തവും ഭാവവും നാടകീയതയും സമന്വയിക്കുന്ന പരീക്ഷണങ്ങളിലും കീഴ്പ്പടം വ്യാപൃതനായിരുന്നു.ഒറ്റ ഉദാഹരണം:സന്താനഗോപാലം ബ്രാഹ്മണൻ “മൂഢാ!അതിപ്രൌഡമാം നിന്നുടെ” എന്ന പദത്തിനു ശേഷം,ഇതികർത്തവ്യതാമൂഡനായി നിൽക്കുന്ന അർജ്ജുനനോട് വലതുവശത്തേക്കു തിരിഞ്ഞുള്ള ഒരു സവിശേഷനൃത്തത്തിനു ശേഷം,“കുട്ടിയെ താ”എന്നു ദു:ഖത്തോടെയും,പെട്ടെന്ന് ഇടത്തോട്ടുതിരിഞ്ഞുനൃത്തമാവർത്തിച്ച്,“അല്ലെങ്കിൽ അഗ്നിയിൽ ചാട്”എന്നു ക്രോധത്തോടെയും കാണിക്കുന്നു.അനുക്രമമായി താളം മുനകൂർത്തുവരുംവിധത്തിൽ,ഇതാവർത്തിക്കുന്നു.അപൂർവ്വമായ ഒരു രംഗാനുഭവമാണത്.ബ്രാഹ്മണന്റെ കോപതാപങ്ങൾ സമന്വയിക്കുന്ന,ഭാവ-നൃത്ത-നാടകീയതലങ്ങളെ ഏകീഭവിപ്പിക്കുന്ന അരങ്ങനുഭവം.
ഭാവമെന്നാൽ കേവലഭാവമല്ല,നൃത്താംശത്തോടും പാത്രസ്വഭാവത്തോടും ചേർന്നുപോകുന്ന ഭാവം.നൃത്തമെന്നാൽ കേവലനൃത്തമല്ല,അരങ്ങുസാധ്യതകളോടും ചൊല്ലിയാട്ടത്തിന്റെ ഘടനയോടും ചേർന്നുപോകുന്ന നൃത്തം.നാടകീയതയെന്നാൽ കേവലനാടകീയതയല്ല,പാത്രസ്ഥായിക്കും കഥകളീയതക്കുമനുയോജ്യമായ നാടകീയത.ഇങ്ങനെ കീഴ്പ്പടം രംഗദർശനത്തെ ചുരുക്കിപ്പറയാം.
കീഴ്പ്പടത്തിന്റെ ദർശനങ്ങളിലും രംഗപരിചരണത്തിലും പല കാര്യങ്ങളോടും എനിക്കു വിയോജിപ്പുമുണ്ട്.വിയോജിക്കാനുള്ള സാധ്യതകൾ കൂടി തരുന്നിടത്താണ് ഒരാൾ മഹാനായ കലാകാരനാകുന്നത്.ഇനി ഞാൻ പറയാൻ പോകുന്ന വിയോജിപ്പുകൾ,അതിനാൽ ആ യുഗപ്രഭാവന്റെ ന്യൂനതകളെയല്ല,മഹത്വത്തെയാണുൽഘോഷിക്കുന്നത്.
(തുടരും)

5 comments:

വികടശിരോമണി said...

എന്റെ കീഴ്പ്പടം കഥകളിവിചാരങ്ങളുടെ രണ്ടാം ഭാഗം.പ്രതികരിക്കൂ...

GURU - ഗുരു said...

ഈ പോസ്റ്റ് മുഴുവന്‍ വായിച്ചു ശരിക്കും മനസ്സിലായിട്ടില്ല. വീണ്‍ടും വരാം

സിമി said...

ഈ ശ്രമം വളരെ നന്നായിട്ടുണ്ട്. തുടരൂ.

എതിരന്‍ കതിരവന്‍ said...

വി ശി ണി:
ഇന്നു രാവിലെ ഇതു വായിച്ചിരുന്നു.

കീഴ്പ്പടത്തെക്കുറിച്ച് മറ്റൊരാളും എഴുതാനുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

കഥകളിയിലെ നൃത്തത്തെക്കുറിച്ച് പലേ കളിക്കാര്‍ക്കും ‘കളിഭ്രാന്തന്‍’‘മാര്‍ക്കും ഉള്ള ധാരണ മാറേണ്ടിയിരിക്കുന്നു.

ഏറ്റുമാനൂര്‍ കണ്ണന്‍ സാരഥ്യം വഹിക്കുന്ന കഥകളി യാഹൂ ഗ്രൂപില്‍ അംഗമാണോ? അവിടെ കാണാറില്ല.

ഇനി പോസ്റ്റ് ഇടുമ്പം എനിയ്ക്ക് ഒരു ഇ-മെയില്‍ അയയ്ക്കുമോ?

ethiran@gmail.com

വികടശിരോമണി said...

ഗുരോ,
മനസ്സിലാവാത്തതു മനസ്സിലായില്ലെന്നു പറയുന്നതാണ് ഗുരുലക്ഷണം.വായനക്കു നന്ദി.വീണ്ടുംവീണ്ടും വരൂ...
സിമീ,
നന്ദി.
കതിരവാ,
കണ്ണന്റെ ഗ്രൂപ്പിൽ അംഗമായിട്ടില്ല.നമ്മുടെ ഷാരടിവാസുവാശാന്റെ ശിഷ്യൻ കണ്ണനല്ലേ?ഇനി നോക്കാം.
ഇതു വരെ തീരെ സമയമില്ലാത്ത തിരക്കുകളിലായിരുന്നു.
ശരിതന്നെ,കളിഭ്രാന്തരുടെ പല ധാരണകളും തിരുത്തപ്പെടേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
ഇനി പോസ്റ്റുമ്പോൾ മെയിൽ ചെയ്യാം.
നന്ദി.