Tuesday, December 9, 2008

കലാകാരന്റെ നട്ടെല്ലും വാഴേങ്കട കുഞ്ചുനായരുടെ കത്തുകളും

ചിത്യവിചാരത്തിന്റെ പ്രകാശധാരയിൽ കളിയരങ്ങിനെയാകമാനം നവീകരിച്ച മഹാനടനാണ് പത്മശ്രീ വാഴേങ്കട കുഞ്ചുനായർ.സമൂഹത്തിലും കലാവിമർശനസ്ഥലികളിലും എങ്ങനെയാണ് ഒരു കലാകാരൻ സക്രിയമായി ഇടപെടേണ്ടത് എന്നതിന് കഥകളിയിൽ കുഞ്ചുനായരേക്കാളും മികച്ച മറ്റൊരു മാതൃക ഇന്നുമുണ്ടെന്നു തോന്നുന്നില്ല.ഏതു സിംഹങ്ങളോടും നേർക്കുനേരെ നിന്നു ഗർജ്ജിക്കാനുള്ള ആർജ്ജവം കുഞ്ചുനായരുടെ രക്തത്തിലുണ്ടായിരുന്നു.കഥകളി എന്തെന്നറിയാതെ,കഥകളിക്കുമേൽ കുതിരകയറുന്നത് ആരായാലും കുഞ്ചുനായർക്ക് സമമായിരുന്നു.കേരളം കണ്ട എക്കാലത്തെയും വലിയ രണ്ട് പ്രതിഭാശാലികളോട് കുഞ്ചുനായരെഴുതിയ മറുപടിക്കത്തുകൾ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘കഥകളിവെട്ടം’എന്ന പുസ്തകത്തിലുണ്ട്.കലാചർച്ചകളുടെ പാത കൂടുതൽ മൂർച്ചയുള്ളതാകേണ്ട ഈ കാലികാന്തരീക്ഷത്തിൽ,ആ ആത്മാഭിമാനം തുളുമ്പുന്ന കത്തുകൾ വായിക്കൂ:
1)പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിക്ക്: കോട്ടക്കൽ
----------------------------------------------------- 2-11-1950
‘മംഗളോദയത്തിൽ വെച്ച് ബ്രഹ്മശ്രീ ദേശമംഗലത്തു തമ്പുരാന്റെ സാന്നിദ്ധ്യത്തിൽ നമ്മൾ തമ്മിൽ നടന്ന സംഭാഷണം ഓർമ്മിക്കാൻ അപേക്ഷ.അന്നു താങ്കളുടെ അഭിപ്രായങ്ങളൊന്നും(നളചരിതം ആട്ടക്കഥ നാടകമാക്കുന്നതു സംബന്ധിച്ച്)ഞാൻ എത്ര തൊള്ളതുറന്നിട്ടും ഒട്ടും മാറിയില്ല എന്നു കത്തുകണ്ടപ്പോൾ തോന്നി.തമ്പുരാൻ എനിക്കു ബഹുമാനമുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ബഹളം വേണ്ട എന്നുവെച്ചാണ് ഞാനിറങ്ങിപ്പോന്നത്.
ഞാൻ പാവപ്പെട്ട ഒരു കഥകളിവേഷക്കാരനാണ്.കളിയരങ്ങിൽ വിവിധവേഷങ്ങൾ കെട്ടിയും കളരിയിൽ കുട്ടികളെ അഭ്യസിപ്പിച്ചും കഴിഞ്ഞുകൂടുന്നു.കഥകളി എന്റെ ഉപജീവനമാർഗം ആകുന്നു.ആ കലയില്ലെങ്കിൽ ഞാനില്ല.
കഥകളിയെ ബാലേയാക്കണം,അതാക്കണം,ഇതാക്കണം എന്നൊക്കെപ്പറയാൻ താങ്കൾക്കുള്ള യോഗ്യത കഥകളിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായ്മയാകുന്നു.
മുണ്ടശ്ശേരി ഗംഭീരനായ ഒരദ്ധ്യാപകനാകുന്നു,ശരി.മികച്ച സാഹിത്യതത്വവേദിയാകുന്നു,സമ്മതം.ആവക രംഗങ്ങളെപ്പറ്റി എന്തെങ്കിലും നിങ്ങൾ പറയുകയാണെങ്കിൽ അതു ശ്രദ്ധിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്.
പക്ഷേ,നളചരിതത്തെ നാടകമാക്കണം എന്നുപറയാൻ അങ്ങേക്കു കഥകളിയുടേയും നാടകത്തിന്റെയും അവതരണശിൽ‌പ്പത്തെക്കുറിച്ച് എന്തെങ്കിലും ബോധം വേണം.നിങ്ങൾക്ക് ആവക കാര്യങ്ങളൊന്നും അറിഞ്ഞുകൂടെന്ന് നിങ്ങളൊഴികെ എല്ലാവർക്കും അറിയാം.
കേരളത്തിൽ കൂടിയാട്ടമുണ്ട്,കൃഷ്ണനാട്ടമുണ്ട്,കഥകളിയുമുണ്ട്.വിശാലമായ അർത്ഥപശ്ചാത്തലത്തിൽ ഇവയൊക്കെ നാടകം തന്നെ.എന്നാ‍ൽ അവതരണശിൽ‌പ്പത്തിലെ വ്യത്യാസങ്ങൾ കൊണ്ട് അവ വ്യത്യസ്തകലാരൂപങ്ങളായിനിൽക്കുന്നു.ഇതു കാണാൻ സാമാന്യബുദ്ധിമതി.അതു വേണം താനും.
നളചരിതം കളിയരങ്ങത്തവതരിപ്പിക്കാനാണ് അതെഴുതിയ ആൾ ഉദ്ദേശിച്ചത്.ഇതു വരെ അങ്ങനെ അവതരിപ്പിച്ചുപോരികയും ചെയ്തു.എത്രയോ ആളുകൾ അതാസ്വദിച്ചിരിക്കുന്നു.ഇനിയും വളരെയാളുകൾ അതാസ്വദിക്കുകയും ചെയ്യും.ഓട്ടത്തിൽ കേമനെപ്പിടിച്ച് ചാട്ടത്തിൽ പൊട്ടനാക്കണോ?
മുണ്ടശ്ശേരി നല്ലൊരു നിരൂപകനാണ്.അങ്ങ് അതിനുവേണ്ടി സമയം വിനിയോഗിക്കുകയാണെങ്കിൽ അതു കൈരളിക്കു നേട്ടമാകുന്നു.കഥകളിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ.ഞാനറിഞ്ഞിടത്തോളം,എന്തെങ്കിലും മനസ്സിലാക്കാൻ നിങ്ങൾക്കു താല്പര്യവുമില്ല.നമ്മൾ തമ്മിൽ ചേരില്ല.
സ്വന്തം
കുഞ്ചുനായർ.
---------------------------------------------------------
2) മഹാകവി ജി.ശങ്കരക്കുറുപ്പിന്: കോട്ടക്കൽ
19-11-50
നായത്തോട്ടമ്പലത്തിൽ വെച്ച് കിർമീരവധം ധർമ്മപുത്രരെ കളിയരങ്ങത്തു കണ്ടുകൊണ്ടിരിപ്പാൻ താങ്കൾക്കു പ്രയാസം നേരിട്ടതിന് ഒന്നേ അർത്ഥമുള്ളൂ;ശങ്കരക്കുറുപ്പിന് കളികാണാറായിട്ടില്ല.
നൃത്തഗീതമേളങ്ങളുടെ സമീചീനമായ സമ്മേളനസ്ഥലമാണ് കളിയരങ്ങ്.അവതരണശിൽ‌പ്പത്തിലാണ് കഥകളിയുടെ അപൂർവ്വത കുടികൊള്ളുന്നത്.അതിന്റെ സാങ്കേതികസങ്കീർണ്ണതകളിൽ താല്പര്യവും വിവരവുമുള്ളവർ പിന്നെയും പിന്നെയും കാണാൻ കൊതിക്കുന്ന വേഷമാണ് കിർമീരവധം ധർമ്മപുത്രർ.
രുഗ്മാംഗദനും നളനും ബാഹുകനുമൊക്കെയാണ് അരങ്ങത്തു വേണ്ടത്,കോട്ടയം കഥകൾ കളരിയിൽ ഒതുങ്ങട്ടെ എന്ന അഭിപ്രായം ഒരിക്കലും സ്വീകരിക്കവയ്യ.കഥകളിയുടെ ശിൽ‌പ്പബന്ധം നടന് മന:പാഠമാവണമെങ്കിൽ സങ്കേതസങ്കീർണ്ണങ്ങളായ കോട്ടയം കഥകൾ ആടിയാടി തഴക്കം വരണം.കാണികൾക്കും അതേ; അവ കണ്ടു പഴകിയാലേ കളി കാണാനാവൂ.
പിന്നീടാണ് നളനും ബാഹുകനും കെട്ടേണ്ടതും കാണേണ്ടതും.എന്റെ ആത്മാർത്ഥമായ അഭിപ്രായത്തിൽ നളചരിതം കഥകളിയിലെ ഒഅനന്വയമാകുന്നു.അതിനു കൃത്യമായ ചിട്ടയും നിശ്ചയിച്ചിട്ടില്ല,താരതമ്യേന വൈകി മാത്രം പ്രചാരത്തിൽ വന്നതുകൊണ്ട്.അതുകൊണ്ട് ആർക്കും ആ വേഷം കെട്ടാമെന്നും,ആ വേഷം കെട്ടിയാൽ എന്തും കാട്ടാമെന്നും ആയിത്തീർന്നിട്ടുണ്ട് ഇപ്പോൾ.വിദഗ്ധരായ കലാകാരന്മാരും ആസ്വാദകപണ്ഡിതന്മാരും ഒരുമിച്ചിരുന്ന് നളചരിതത്തിന് ഒരവതരണശിൽ‌പ്പം നിശ്ചയിക്കേണ്ടതാണ്.
എനിക്ക് നളചരിതത്തോട് പ്രത്യേക താല്പര്യമുണ്ട്.എന്നാൽ കോട്ടയം കഥകളോട് അതിരുകവിഞ്ഞ ആദരവുമുണ്ട്.
സ്വന്തം
കുഞ്ചുനായർ.
-------------------------------------------------------
കേരളം കണ്ട എക്കാലത്തെയും വലിയ രണ്ടു പ്രതിഭകളോടാണ് കുഞ്ചുനായരുടെ ഈ ചുട്ട മറുപടികൾ!ഒരാളോട് “താങ്കൾക്ക് കഥകളിയെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ”,അപരനോട് “ശങ്കരക്കുറുപ്പിന് കളി കാണാറായിട്ടില്ല”! കഥകളി പോകട്ടെ,ഇന്ന് ഏതു കലയിൽ പ്രവർത്തിക്കുന്ന,ഏതു കലാകാരന്/കാരിക്ക് ധൈര്യമുണ്ട് ഇങ്ങനെ നിവർന്നുനിൽക്കാൻ?ചതുരശ്രശോഭിയായ ഒരു ഫലകവും തിരുവെഴുത്തുകളും വീരശൃംഖലയും സ്വപ്നം കണ്ടു കഴിയുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിനുള്ള പരിധി അറിയാവുന്നതിനാൽ അധികം അങ്ങോട്ടുപോകുന്നില്ല.
ശങ്കരക്കുറുപ്പിനുള്ള മറുപടിയിൽ കുഞ്ചുനായർ നളചരിതത്തെക്കുറിച്ചുള്ള നിലപാട് അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.കലാകാരന്മാരും ആസ്വാദകരും കൂടിയിരുന്ന് തീരുമാനിക്കേണ്ടതായി കുഞ്ചുനായർ പറയുന്നത് നളചരിതത്തിന്റെ ‘അവതരണശിൽ‌പ്പ’ത്തെക്കുറിച്ചാണ് എന്നോർക്കുക.നളചരിതമടക്കമുള്ള കഥകളുടെ വൈവിധ്യത്തെയും അതിന്റെ ചാരുതയേയും തിരിച്ചറിയാത്തയാളല്ല കുഞ്ചുനായർ.അവതരണം മേൽക്കുമേൽ ശിഥിലമാകുന്ന അവസ്ഥയിൽ,കൃത്യമായ ഒരു ശിൽ‌പ്പഘടന നളചരിതത്തിനു നിർണ്ണയിക്കുന്നതു നന്നായിരിക്കും എന്നാണ് കുഞ്ചുനായരുടെ നിരീക്ഷണം.അല്ലാതെ,എല്ലാ കഥാപാത്രങ്ങളുടെയും പ്രകൃതി ‘നിർവ്വചിച്ച്’ശവപ്പെട്ടിയിലാക്കണം എന്നല്ല.കുഞ്ചുനായർക്കേറ്റവും ഇഷ്ടപ്പെട്ടവേഷമായിരുന്നു മൂന്നാംദിവസത്തിലെ ബാഹുകൻ.നാലാം ദിവസം ബാഹുകനിലടക്കം,പല പരീക്ഷണങ്ങളുടെ ബഹുസ്വരതകളിലൂടെ കുഞ്ചുനായർ സഞ്ചരിച്ചതിനു രേഖകളുമുണ്ട്.
പഴയ പ്രഭുഭരണകാലത്തിലും പതിവില്ലാത്തവിധം കുനിഞ്ഞൊടിഞ്ഞ നട്ടെല്ലുമായി,അധികാരികളുടെ പ്രഖ്യാപനങ്ങളും കിനാവുകണ്ട് ജിവിക്കുന്ന കലാപണ്ഡിതരുടെയും ആചാര്യന്മാരുടെയും ഈ കറുത്തകാലത്ത് ഈ കത്തുകളുടെ പുനർവായനക്കും സംവാദത്തിനും പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു.
-----------------------------------------

കടപ്പാട്:കഥകളിവെട്ടം-വാഴേങ്കട കുഞ്ചുനായർ.
വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ്.

20 comments:

വികടശിരോമണി said...

പഴയ പ്രഭുഭരണകാലത്തിലും പതിവില്ലാത്തവിധം കുനിഞ്ഞൊടിഞ്ഞ നട്ടെല്ലുമായി,അധികാരികളുടെ പ്രഖ്യാപനങ്ങളും കിനാവുകണ്ട് ജിവിക്കുന്ന കലാപണ്ഡിതരുടെയും ആചാര്യന്മാരുടെയും ഈ കറുത്തകാലത്ത് ഈ കത്തുകളുടെ പുനർവായനക്കും സംവാദത്തിനും പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു.

SunilKumar Elamkulam Muthukurussi said...

വി.ശി കുഞ്ചുനായരുടെ കളി കണ്ടിട്ടുണ്ടോ? ഞാൻ ആദ്യമായി വാഴേങ്കട അമ്പലത്തിൽ പോകുന്നത് അദ്ദേഹം കിരീടം അഴിയ്ക്കുന്ന കളിയ്ക്കാൺ എന്നാണെന്റെ നേരിയ ഓർമ്മ. വാതമായി കിടപ്പിലായിരുന്നല്ലോ, പിന്നീട് കളിച്ചിട്ടുമില്ല. ഇതെല്ലാം നേരിയ ഓർമ്മയിൽ നിന്നും എഴുതുന്നതാണ്, തെറ്റുകൾ ഉണ്ടാവാം ട്ടൊ. എന്തായിരുന്നു കളി എന്നതുകൂടെ ഓർമ്മയില്ല.

കലാകാരന്റെ നട്ടെല്ല്. ഒരു കലാകാരന് ഈ നട്ടെല്ല് എവിടുന്നു കിട്ടി? സ്വന്തം ബോധത്തെ കുറിച്ചും സ്ഥാനത്തെ കുറിച്ചുമൊക്കെയുള്ള ഉത്തമവിശ്വാസത്തിൽ നിന്നും അതുകൊണ്ടുണ്ടാകുന്ന ആത്മവിശ്വാസത്തിൽ നിന്നും. ഒരു തരം രാവണന്റെ തന്റേടാട്ടം. കളിയിൽ സ്വന്ത്ം സ്ഥാനം ആരുംകൽ‌പ്പിച്ചു തന്നതല്ല, സ്വയം ഉണ്ടാക്കി എടുത്തതാണ്, എന്ന അഹങ്കാരം ഇല്ലാത്ത അഹം ബോധം. ശരിയല്ലേ? ഇന്നത്തെ സൂപ്പർ സ്റ്റാറുകളെ പോലെയൊന്നുമല്ല. അന്ന് നല്ലതുപറഞ്ഞാൽ മാനിക്കാൻ ആളുകളുണ്ടായിരുന്നു എന്നതു കൂടെ ഓർക്കുക. പട്ടിക്കാംതൊടിയുടെ പരിഷ്കാരങ്ങൾ ആദ്യകാലത്ത് സർവ്വരും പുച്ഛിച്ചു തള്ളി എന്നുകൂടെ ഓർക്കുക. പിന്നീട് ആണ് തെക്കുവടക്കു വ്യത്യാസമില്ലാതെ സർവ്വസമ്മതമായത്, അല്ലേ?
രത്നം ചാണകത്തിൽ കിടന്നാലും തിരിച്ചറിയും.

ഈ കത്തുകൾ നളചരിതത്തെ അടിസ്ഥാനമാക്കി തെക്കുവടക്കു നിൽക്കുന്ന വ്യത്യാസങ്ങൾ ചർച്ച ചെയ്യപ്പെടാനും ദൂരീകരിക്കാനും ഉപകാരപ്രദമാകട്ടെ!
(അതുമാറണമെങ്കിൽ കലാമണ്ഡലം പോലെയുള്ള സർവ്വസമ്മതമായ അധികാരസ്ഥാപനങ്ങൾ മുൻ‌കൈ എടുത്ത് ഇവയ്ക്കൊക്കെ (കർണ്ണശപഥത്തിനും. ഇല്ലാത്ത ശ്ലോകങ്ങൾ ഉണ്ടാക്കി ഉൾക്കൊള്ളിക്കണം)ആട്ടപ്രകാരം ഉണ്ടാക്കണം. അതിനപ്പോളും “താൻ പ്രധാനിത്തം” കാണുമല്ലോ!)

പഴയ മലയാളം അങ്ങനെ തന്നെ ഇന്ന് ടൈപ്പ് ചെയ്തിട്ടാൽ ആളുകൾ തെറ്റിദ്ധരിക്കാനിടയുണ്ട്. കോമ തുടങ്ങിയ അടയാളങ്ങൾ തെറ്റുകൂടാതെ ഇടുക. ഉദാ:“കഥകളിയുടെ ശിൽ‌പ്പബന്ധം നടന്ന് " എന്നിടത്ത് നടന്ന് (അർത്ഥം:നടന്)എന്നതിൻ ഞാൻ വായിച്ചത് നടന്ന്(walking)എന്നാണ്! എന്റെ കുഴപ്പമാകാം. കഥകളിവെട്ടം അനവധി തവണ വായിച്ചിട്ടുമുണ്ട്. എന്നാലും..
-സു-

കാപ്പിലാന്‍ said...

കലാകാരന്റെ ശബ്ദം ഉറച്ചതും വ്യക്തവും ആകണം .മാത്രമല്ല ആര്‍ക്കും പണയം വെച്ചിട്ടില്ലാത്ത നിവര്‍ന്ന നട്ടെല്ലും വേണം .എല്ലാം വായിക്കുന്നുണ്ട് വികാശി .

ഗീത said...

സ്വാഭിപ്രായം തുറന്നടിക്കാന്‍ തീര്‍ച്ചയായും നിവര്‍ന്നു നില്‍ക്കുന്ന ഉറപ്പുള്ള നട്ടെല്ലു വേണം.
ഈയൊരു ഗുണം എല്ലാവര്‍ക്കുമുണ്ടാകില്ല. മറ്റേയാളുടെ മനസ്സെന്തിനു വിഷമിപ്പിക്കണം അല്ലെങ്കില്‍, ഉള്ളതു പറഞ്ഞ് എന്തിനവരുടെ കണ്ണിലെ കരടാകണം എന്നൊക്കെയാവും ചിന്ത.
ശ്രീ. കുഞ്ചു നായരെ ആദരിക്കുന്നു.
ഈ പോസ്റ്റിട്ട വിശിയേയും...

ഭൂമിപുത്രി said...

‘കഥകളിയെ ബാലേയാക്കണം,അതാക്കണം,ഇതാക്കണം എന്നൊക്കെപ്പറയാൻ താങ്കൾക്കുള്ള യോഗ്യത കഥകളിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായ്മയാകുന്നു.’
പറയുന്നത് മുണ്ടശ്ശേരിയോട്!!
കലാകാരന്റെ ആത്മവിശ്വാസം വരേണ്ടത് തന്റെ കലയിലുള്ള mastery യിൽ നിന്നാകണം,അല്ലേ?അതില്ലാത്തവരാൺ ഉപജാപകവൃന്ദത്തെ ചുറ്റിനും നിർത്തിയും നടത്തിയും കഴിച്ചുകൂട്ടുന്നത്.
അദ്ദേഹത്തിനു സ്വന്തം കലയോടുള്ള ബഹുമാനവും ഇവിടെ സ്ഫുരിയ്ക്കുന്നുണ്ട്-‘വേണ്ടാ..വേണ്ടാ..അവിടെ തൊട്ട് കളിയ്ക്കണ്ടാ’എന്ന് പറയുന്നത് പോലെ.
ഈ ദൃഢതയെ അഹങ്കാരമായി കാണാൻ പലർക്കും തോന്നിയെക്കാം

dethan said...

വാഴേങ്കടയുടെ വളയാത്ത നട്ടെല്ലു മാത്രമല്ല പതറാത്ത ഭാഷയും ഈ കത്തുകളില്‍ തെളിഞ്ഞു
കാണാം.കൂലിക്കു വേഷം കെട്ടുന്ന വെറും ആട്ടക്കാരനല്ല കഥകളിയുടെ എല്ലാവശത്തെക്കുറിച്ചും
അറിവുള്ള മഹാനടനായിരുന്നു അദ്ദേഹമെന്നും ഈ കത്തുകള്‍ വെളിപ്പെടുത്തുന്നു.കാര്യസാദ്ധ്യത്തിനു വേണ്ടി അധികാരികളുടെ കാലു നക്കുന്ന ആധുനിക കലാകാരന്മാര്‍ ഈ കത്തു വായിക്കേണ്ടതാണ്.
ഈ നല്ല കാര്യം ചെയ്തതിന് നന്ദി.
-ദത്തന്‍

മാണിക്യം said...

ചെയ്യുന്ന പ്രവര്‍‌ത്തിയില്‍
100% ആത്മാര്‍ത്ഥതയുള്ളവന് മറ്റാര്‍‌ക്കും അടിയറ വച്ചിട്ടില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയ്ക്ക്
എന്തും നിവര്‍‌ന്നു നിന്ന് പറയാനാവും എന്നും ആരോടും.. അതിനു ഉദാഹരണമായി പത്മശ്രീ വാഴേങ്കട കുഞ്ചുനായർ...
വികടശിരോമണി, നന്നായി ഈ പോസ്റ്റ്...
നല്ല ബോധവല്‍ക്കരണം..

Haree said...

:-)
എന്താ എഴുത്ത്! (ങ്ങടെയല്ലെന്നേ, കുഞ്ചുനായരാശാന്റെ... :-D)

ഇഷ്ടപ്പെട്ടവയില്‍ പ്രമുഖം:
> “ഓട്ടത്തില്‍ കേമനെപ്പിടിച്ച് ചാട്ടത്തില്‍ പൊട്ടനാക്കണോ?”
> “ശങ്കരക്കുറുപ്പിന് കളികാണാറായിട്ടില്ല.”
--

എതിരന്‍ കതിരവന്‍ said...

ഇവിടെ നേരത്തെ നടന്ന ചില ആശയപ്രകടനങ്ങൾ ഈ പോസ്റ്റിനു സാംഗത്യമേറ്റുന്നു എന്ന് ഞാൻ കരുതുന്നു. കഥകളി ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നുള്ളത് ഇതിൽക്കൂടുതൽ തെളിച്ച് പറയേണ്ടതില്ലല്ലൊ.

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.
സുനിൽ-
പിന്നേ!പലവട്ടം കണ്ടിട്ടുണ്ട്,രാവണനും,ബാഹുകനും എല്ലാം പക്ഷേ ഒക്കെ സ്വപ്നത്തിലാണെന്നു മാത്രം:)നേരിട്ടു കാണാൻ ഭാഗ്യമുണ്ടായിട്ടില്ല.
ആ ‘നടന്ന്’ ചൂണ്ടിക്കാണിച്ചതിന് ഒരുപാട് നന്ദി.ശരിതന്നെ,പഴയമലയാളം ടൈപ്പ് ചെയ്യുമ്പോൾ പ്രശ്നം തന്നെ.കുഞ്ചുനായർ ഉദ്ദേശിച്ചത് ‘നടന്’എന്നുതന്നെയായിരിക്കണം.പക്ഷേ,രസകരമായ കാര്യം ‘നടന്ന്’(വാക്കിങ്ങ്)എന്നു വന്നാലും ഒരു മികച്ച അർത്ഥം സംജാതമാകുന്നു എന്നതാണ്!ശിൽ‌പ്പബന്ധത്തിലൂടെ നടന്ന്-നോക്കൂ,എന്തു നല്ല പ്രയോഗം!:)ന,റ്റ-ഈ അക്ഷരങ്ങൾക്ക് വേറെ ലിപി വേണമെന്ന രാജരാജവർമ്മവാദം എടുത്തുപോയെങ്കിലും നകാരം ഇപ്പോഴും പ്രശ്നം തന്നെ.
കാപ്പിലാനേ,
നന്ദി.എന്നെ ആദ്യം വി.ശി.ആക്കി,പിന്നെ v.sആക്കി,ഇപ്പോൾ ‘വികാശി’യും ആക്കിയോ:)സന്തോഷം.
ഗീത്,
നന്ദി.
ഭൂമീപുത്രി,
ശരിതന്നെ,ആത്മാഭിമാനത്തിൽ നിന്നുടലെടുക്കുന്ന ആർജ്ജവം കടംകിട്ടില്ല,അഭിനയിക്കാനും പറ്റില്ല.അതുണ്ടാവുകതന്നെവേണം.സ്വന്തം മണ്ഡലത്തെപ്പറ്റിയുള്ള നിറഞ്ഞ ആത്മവിശ്വാസത്തിൽ നിന്നാണ് ആ സ്വാത്മബോധം ഉരുവം കൊള്ളുന്നത്.ഉപജാപകവൃന്ദസഹായമില്ലാതെ ജീവിക്കാനാവാത്ത അഭിനവഗുരുക്കൾക്ക് ഇല്ലാത്തതും അതുതന്നെ.
നന്ദി.
ദത്തൻ-
ഗംഭീരമായ ഭാഷതന്നെയാണ് കുഞ്ചുനായരുടേത്.കൃത്യമായി അറിഞ്ഞതും ശരീരത്തിലനുഭവിച്ചതുമായ വ്യവഹാരങ്ങളെയാണ് എഴുതുന്നതെന്നതിനാൽ,അവക്ക് വല്ലാത്തൊരു ചാരുതയും ലഭിക്കുന്നു,ആത്മാർത്ഥതയുടെ ചേതോഹാരിത്വം.
മാ‍ണിക്യം-
നന്ദി.
ഹരീ,
ശ്ശൊ!വെറുതേ കൊതിപ്പിച്ചു:)
നന്ദി.
കതിരവൻ-
നന്ദി.
കതിരവൻ പറഞ്ഞുപോയ കാര്യം പ്രസക്തമാണ്.നമുക്കിഷ്ടമുള്ള ഏതു ടൂളുകൾ ഉപയോഗിച്ചും നമുക്ക് കലാവിമർശനവും അപഗ്രഥനവും നടത്താം.പക്ഷേ,അപഗ്രഥനത്തിനു മുമ്പ് പ്രസ്തുതകലാന്തരീക്ഷത്തെ തിരിച്ചറിയാനുള്ള മനസ്സുകാണിക്കണം.അല്ലാതെ,നാം അറിഞ്ഞ ചില ജ്ഞാനങ്ങളെ നൂറ്റാണ്ടുകളിലൂടെ പല മനസ്സുകൾ ഉദ്ഗ്രഥിച്ച കലാശിൽ‌പ്പങ്ങളെ നിർവ്വചിക്കാനായി ഉപയോഗിക്കുന്നതിലർത്ഥമുണ്ടെന്നു തോന്നുന്നില്ല.നമ്മുടെ മുഴങ്കോലിലൊതുങ്ങാത്ത പലതും നമുക്കിടയിലുണ്ടെന്ന ബോധം നല്ലതാണ്.അതോടൊപ്പം,നട്ടെല്ലു പണയം വെച്ചു ജീവിക്കാതിരിക്കുക,മുൻ‌പറഞ്ഞപോലുള്ള ശ്രമങ്ങളോട് തുറന്ന് പ്രതിരോധിക്കുക.
നന്ദി.

Dr. Evoor Mohandas said...

Veesee,
Nice to read both letters of late Kunchu Nair Asan.A true 'simham' indeed! May be his name is not mentioned so prominently like many others in kathakali because of this true 'QUALITY'. I remember having read (in Panmana's book?)about a preface, which Vazhenkada Asan wrote, for Kummini Namboothirppad's 'Nalacharitham analysis'. It would be interesting, if you could publish that too in your blog.

Mohandas

ദീപക് രാജ്|Deepak Raj said...

:)

എതിരന്‍ കതിരവന്‍ said...

കഥകളിയിൽ പുതുസംഭാവനകൾ നൽകേണ്ടത് ആരൊക്കെയാണെന്നുള്ള അഭിപ്രായമാൺ ഈ കത്തുകൾ പ്രകടമാക്കുന്നത്. എങ്ങുനിന്നെഴുന്നരുളി വരണം ഈ പുരൊഗനഏച്ഛുക്കൾ എന്ന ചോദ്യം ഉൾക്കൊള്ളുന്നു ഇത്.
1.അതിസമർത്ഥരായ നടന്മാർ മാത്രം ആയിരിക്കണമെന്നില്ല ഇവർ. കപ്ലിങ്ങാടു നമ്പ്പൂതിരി അക്കൂട്ടത്തിൽ പെട്ട ആളല്ലായിരുന്നു. വാസനാവികൃതികളായ ഒട്റ്റനേകം അജ്ഞാതർ, രാജാക്കന്മാരുൾപ്പടെ കുഞ്ഞും വല്യതും ആയ സംഭാവനകൾ ഇട്ടുകൊടുത്ത് മാറ്റങ്ങൾ സംഭവിക്കപ്പെട്റ്റതാണ് ഇന്നത്തെ കഥകളി.
2. അതി സമർത്ഥരായ കളിക്കാരൻ അതിസമർത്ഥനായ കോറിയോഗ്രാഫർ ആകണമെന്നില്ല. മറിച്ചും. അറിവുകളും വിരുതുകളും വേവിച്ച് കലാവിദ്യയുടെ മധുരമിട്റ്റ് പായസമാക്കാനുള്ള വൈദഗ്ദ്ധ്യം കൈപ്പുണ്യം തന്നെ. മനസ്സിന്റേയും.
3. മുണ്ടശ്ശെരിയും ശങ്കരക്കുറുപ്പും അഭിപ്രായം പറഞ്ഞുകേട്റ്റതിനു ശേഷം ഗുരു കുഞ്ചുക്കുറുപ്പ് വീട്ടിൽ‌പ്പോയി ആലോചിച്ചിരിക്കാനാണു സാദ്ധ്യത.”അങ്ങിനെ വേണോ? അതു ശരിയാകുമോ?” അന്നു തന്നെ അതിനു ഉത്തരം കിട്ടിക്കാണണം,ഇങ്ങനെയൊരു മറുപടിയ്ക്ക് പശ്ചാത്തലമൊരുക്കാൻ. കഥകളി ഒരിക്കലും ഒരു അടഞ്ഞസമീപനം വഴി വച്ചിട്ടില്ല. മറ്റു ടൂളുകളുമായി വന്നവരെ എപ്പൊഴും ഓടിച്ചു വിട്ടിട്ടില്ല. പക്ഷെ ത്യാജ്യഗ്രാഹ്യവിവേചനം കടുകട്ടിയായി നില നിന്നിരുന്നു.

4. നാടക-സാഹിത്യ പടുക്കൾ, വിചക്ഷണർ പോയ്ട്ട് അതിസാധാരണക്കാർ വരെ കഥകളിയെ നോക്കിക്കണ്ട് ചില തോന്നലുകൾ പഴമനസ്സിൽ ഉദിച്ചവരായെങ്കിൽ അതിനെ പാടെ തള്ളിക്കളയേണ്ടതില്ല. കഥകളീ അറിഞ്ഞവരാണോ അവർ എന്നതിലാണു കാര്യം. ഇന്ന് ഒരു മുണ്ടശ്ശേരിക്കോ ശങ്കരക്കുറുപ്പിനോ സമശീർഷരായുള്ളവർ (എങ്ങാനുമുണ്ടോ കണ്ടൂ അത്തരക്കാരെ ഇന്ന്?) കഥകളി കണ്ട് എന്തെങ്കിലും അഭിപ്രായം പറഞ്ഞെങ്കിൽ എന്ന് ആശിക്കുന്നു. പക്ഷെ നൃത്തത്തെ ക്കുറിച്ച് ഒന്നുമറിയാത്ത എം. കൃഷ്ണൻ നായർ തന്റെ പതിവു ധാർഷ്ട്യപ്രകടനത്തിനു പദ്‌മ സുബ്രമണ്യത്തിന്റേത് ‘ഉഡാൻസ്’ ആണെന്നു പറഞ്ഞതുപോലാകരുതെന്നു മാത്രം. സാഹിത്യകാരനു കഥകളിയെക്കുറിച്ച് അറിവുണ്ടെന്നും അയാൾ രക്ഷിച്ചുകൊള്ളുമെന്ന വിശ്വാസത്താലോ അല്ലാതെയോ കലാമണ്ഡലത്തിന്റെ തലപ്പത്ത് അവരെ പ്രതിഷ്ഠിയ്ക്കുന്നത് രാഷ്ട്രീയക്കാരുടെ വിഡ്ഢിത്തമായിരിക്കുമല്ലൊ.

Anonymous said...

The Lion was against in implimenting thekkan Kalari in Kalamandalam.

എതിരന്‍ കതിരവന്‍ said...

എന്റെ കമന്റ്, No.3 ൽ ‘കുഞ്ചുനായർ’ എന്ന് തിരുത്തി വായിക്കാനപേക്ഷ.

വികടശിരോമണി said...

മോഹൻ-നന്ദി.ശ്രമിക്കാം.
ദീപക് രാജ്-നന്ദി.
കതിരവൻ,
സുവ്യക്തമായ അഭിപ്രായത്തിന് നന്ദി.
ഒരിടത്ത് പേരു മാറി-കുഞ്ചുക്കുറുപ്പല്ല,കുഞ്ചുനായർ.
ശരിതന്നെ,മികച്ച കൊറിയോഗ്രാഫർ മികച്ച നടനാകണമെന്നില്ല.നാമറിയുന്നവരും അല്ലാത്തവരുമായ അനേകരുടെ വിഭവസമാഹരണം കഥകളിക്കു സ്വന്തമാ‍ണല്ലോ.
അങ്ങു പറഞ്ഞപോലെ,ഈ നാണയത്തിനൊരു മറുപുറവുമുണ്ട്.മുണ്ടശ്ശേരിയും ശങ്കരക്കുറുപ്പും പറഞ്ഞതിലെ ശരിതെറ്റുകൾക്കപ്പുറം,സാഹിത്യരംഗത്തുള്ളവർ തീയറ്ററിനകത്തെ പ്രശ്നങ്ങളെ ചർച്ച ചെയ്യാൻ തയ്യാറാകുമോ എന്നുമൊരു ചോദ്യമുയരുന്നു.കലാസ്ഥാപനങ്ങളിൽ സ്ഥാനികളാവാൻ ഇവിടെ നിറച്ചു സാഹിത്യകാരന്മാരുണ്ട്,ആർക്കും സാഹിത്യമൊഴിച്ച് മറ്റൊന്നും സംസാരിക്കാനില്ല.ഇതെന്തുകൊണ്ടാണ്?

അനോനീ,
അങ്ങനെയോ?എനിക്കറിവില്ല.
നന്ദി.

C.Ambujakshan Nair said...

നളചരിതം സംബന്ധപ്പെട്ട വിഷയത്തിൽ കുഞ്ചുനായ൪ ആശാന്റെ
മുഖം നോക്കാതെയുള്ള പ്രതികരണം വളരെ വായിച്ച് അറിയുവാൻ
കഴിഞ്ഞതിൽ സന്തോഷം.കലാമണ്ഡലവുമായി ബന്ധമുള്ള കുമ്മിടി
നളചരിതത്തിന് എതിരായി എഴുതിയ പുസ്തകത്തിൽ കുഞ്ചുനായ൪ ആശാൻ എഴുതിയതായി പറയപ്പെടുന്ന വരികൾ എന്താണ് വികടശിരോമണി ? മി:മോഹൻ! ഇതിനെ പറ്റി താങ്കൾക്കുള്ള അറിവുകൾ രേഖപ്പെടുത്തുവാൻ താൽപ്പര്യപ്പെടുന്നു.

മുൻ മുഖ്യമന്ത്രിയായിരുന്ന അച്ച്യുതമേനോ൯ 1979-ൽ മലയാള സാഹിത്യം ഓണപ്പതിപ്പിൽ “ഉണ്ണായിവാര്യരുടെ നളനും ദമയന്തിയും” എന്ന ലേഖനവും അതിന് ഡാക്ട൪. S.K നായ൪ എഴുതിയ " നളനെയാ൪ കണ്ടു ഭൂതലേ” എന്ന മറുപടിയും രസകരമെന്ന് കേട്ടിട്ടുണ്ട്. ഇതെ പറ്റി എന്തെങ്കിലും അറിവു് ഉണ്ടൊ?

Dr. Evoor Mohandas said...

Nair,
It seems that in the late Kummini Vasudevan Nampoothiri's book 'Purappadu', there is an article entitled 'Nalacharitham arangathu'. Kummini was an anti-Nalacharitham critic and hence discovered so many points in Nalacharitham, which to him was trivial and lacking in kathakalitham. To him 'Nalacharitham' was just water (pachhavellom) and Kottayam kathakal 'paal' (milk). Vazhenkada Asan was an ardent fan of Nalacharitham and hence replied to Kummini's comments. some of these points are discussed in panmana's book.It's difficult to discuss all these in this blog. Also I know only limited details from Panmana's book. I haven't seen the book'Purappadu'. Hope veesee will be able to help us.

Regarding Shri.Achuthamenon vs Dr. S.K. Nair, I have the information, but again it's difficult to discuss all those points here. So, you may please contact me by e-mail or call me up. I can give you the details.

Mohandas

ചാണക്യന്‍ said...

വികടശിരോമണി,
കുറെ നാളായി ബൂലോകത്ത് വന്നിട്ട്....
ഓരോന്നായി വയിച്ചു വരാട്ടോ...

വികടശിരോമണി said...

നായർ,
കുമ്മിണി വാസുദേവൻ നമ്പൂതിരിപ്പാട് രചിച്ച ‘പുറപ്പാട്’എന്ന ഗ്രന്ഥത്തിന് അന്ന് കലാമണ്ഡലം പ്രിൻസിപ്പാളായിരുന്ന വാഴേങ്കട കുഞ്ചുനായരാണ് അവതാരികയെഴുതിയത്.നളചരിതത്തെക്കുറിച്ചു മാത്രമുള്ള പുസ്തകമല്ല പുറപ്പാട്.കഥകളിയുടെ സങ്കേതം,രീതിശാസ്ത്രം എന്നിവയെ ഇത്രയും മനോഹരമായി ചർച്ച ചെയ്ത പുസ്തകം കുറവാണ്.കുഞ്ചുനായർ ആ വശത്തെ പുകഴ്ത്തിയാണ് അവതാരികയെഴുതിയിരിക്കുന്നത്.എന്നാല്ല്,പുസ്തകത്തിൽ നളചരിതത്തെപ്പറ്റി കുമ്മിണി നടത്തിയിരിക്കുന്ന പരാമർശങ്ങളെ വിമർശിച്ചിട്ടുമുണ്ട്. “അങ്ങനെയുള്ള തീരുമാനങ്ങളിൽ ഒരു പുന:പരിശോധന നടത്തണമെന്നാണ് എന്റെ അഭിപ്രായം” എന്നാണ് കുഞ്ചുനായർ എഴുതിയത്.
അച്ചുതമേനോൻ-എസ്.കെ.നായർ ലേഖനങ്ങളെപ്പറ്റി കേട്ടറിവേയുള്ളൂ.
മോഹൻ,
നന്ദി.
ചാണക്യാ,
വാങ്കോ അണ്ണാ വാങ്കോ.ഇയാളും അനിലും ലീവിലായതോടെ ഒരു ശൂന്യത സത്യമായും ഉണ്ടായിരുന്നു.ഇപ്പോൾ രണ്ടു പേരും തിരിച്ചെത്തിയിരിക്കുന്നു.സന്തോഷമായി.