Thursday, October 23, 2008

ബുദ്ധിപൂർവ്വമായ തീരുമാനം(ഹൃദയപൂർവ്വമല്ലാത്തത്)




കാലം:1948 സെപ്‌റ്റമ്പർ 17
കഥകളിയുടെ നാട്യചക്രവർത്തിയായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോൻ മരണാസന്നനായി കിടക്കുന്നു.കാൽ‌പ്പാദത്തിലെ നീര് ശരീരം മുഴുവൻ വ്യാപിച്ചു.കിതപ്പും ക്ഷീണവും വർദ്ധിച്ചു.വൈദ്യർ പരിശോധിക്കാനായി വീട്ടിൽ വന്നപ്പോൾ വികാരാധീനനായി മേനോൻ പറഞ്ഞു:
“എന്റെ കിരീടവും മെയ്ക്കോപ്പുകളും നന്നായി പണിയിപ്പിച്ചിരിക്കുന്നു.അവ ഉപയോഗിച്ച് എനിക്കു നാലുവേഷം കൂടികെട്ടണം.ഓണത്തിന് ഒളപ്പമണ്ണ മനക്കൽ പോയി ഒന്നൂണു കഴിക്കണം.വൈദ്യർ ഇതെനിക്കു സാധിപ്പിച്ചു തരണം”
മുഴുവൻ പറഞ്ഞുതീരും‌മുമ്പേ അദ്ദേഹം കൊച്ചുകുട്ടികളെപ്പോലെ ഏങ്ങലടിച്ചുകരയാൻ തുടങ്ങി.കിടക്കുമ്പോൾ കൂടി കാണാൻ തക്ക വിധമായിരുന്നു കിരീടം തൂക്കിയിട്ടിരുന്നത്!
(അവലംബം:നാട്യാചാര്യന്റെ ജീവിതമുദ്രകൾ,ജീവചരിത്രം)
പക്ഷേ,വൈദ്യർക്കോ അദ്ദേഹത്തിന്റെ ഔഷധികൾക്കോ മേനോന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാനായില്ല.പിറ്റേന്ന് ഉച്ചക്ക് 1:20ന് മരണത്തിന്റെ പ്രത്യായനമില്ലാത്ത കോപ്പറയിലേക്ക് പട്ടിക്കാംതൊടി യാത്രയായി.
കല ,മൃത്യുഞ്ജയമാകുന്നു.പട്ടിക്കാംതൊടിയുടെ ആ കരച്ചിൽ മൃത്യുദേവതകൾ കേട്ടില്ലായിരിക്കാം.മൃതിയെ ജയിക്കുന്ന കല അതുകേട്ടു.
പട്ടിക്കാംതൊടിയുടെ പ്രിയശിഷ്യൻ,കീഴ്പ്പടം കുമാരൻ നായർ,കിടപ്പിലാവുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്,തൊണ്ണൂറ്റിരണ്ടാംവയസ്സിൽ ഒരു കളിയരങ്ങിനു മുന്നിൽ പുലരും വരെയിരുന്നു കളികാണുന്ന അത്ഭുതം ഞാൻ നേരിട്ടുകണ്ടു.പുലരാനായ നേരത്ത്,അവസാനകഥയായ ദക്ഷയാഗവും കാണാനൊരുങ്ങിയിരിക്കുന്ന കീഴ്പ്പടത്തെ ശിഷ്യർ നിർബ്ബന്ധിച്ച് എണീപ്പിക്കുകയായിരുന്നു.പിറ്റെന്ന്,അദ്ദേഹത്തിനെ വീട്ടിലെത്തിക്കണ്ട എന്നോട് സംസാരമധ്യേ അദ്ദേഹം പറഞ്ഞു:
“കുട്ടീ,ഒരു കുചേലൻ കെട്ടണംന്ന്ണ്ട്.ചില പുത്യേ കാര്യങ്ങളൊക്കെ തോന്ന്ണ്ണ്ട്.”
ഇല്ല,അതിനും മൃത്യു കാത്തുനിന്നില്ല.കൊണ്ടുപോയി.എന്തായിരുന്നുവോ ആ നിത്യനവോന്മേഷിയുടെ പുതിയകാര്യങ്ങൾ!
ഭാവമെന്നാൽ മുഖത്തുവിരിയുന്നവികാരം മാത്രമല്ല,കഥകളിക്ക്.അതു ശരീരമാകെനിറയുന്ന ഉത്സവമാണ്.എല്ലാ നൃത്തവും,എല്ലാ മുദ്രയും അതിനുള്ള ഉപാധിയാണ്.മരണത്തിന്റെ ഉമ്മറക്കോലായിൽനിന്നും ഈ നാട്യപ്രഭുക്കൾ സ്വപ്നം കണ്ട ഭാവത്തിന്റെ ശരീരവൽക്കരണം, അവസാനകാലത്തും ജീവന്റെ ഓരോ അംശത്തിലും തുടിക്കുന്ന കഥകളിയുമായി മരണത്തെ നേരിട്ട അവരുടെ ജീവോന്മാദം, എന്നെ എന്നും അസ്വസ്ഥനാക്കി.
രംഗജീവിതമവസാനിച്ചുവെന്ന വരമ്പിൽനിന്ന്,ഉജ്വലമായി തിരിച്ചുവന്ന കലാമണ്ഡലം രാമൻ‌കുട്ടിനായരും കലാമണ്ഡലം ഗോപിയും ഇന്നും കളിരങ്ങിനെ അനുഗ്രഹിക്കുന്നു.രോഗങ്ങളോട് തന്റെ പ്രിയവേഷമായ ഉൽഭവം രാവണനെപ്പോലെ കൊടുംതപസ്സുചെയ്തുജയിച്ച്,കലാമണ്ഡലം വാസുപ്പിഷാരടിയും തിരിച്ചുവരവിന്റെ പാതയിലാണ്.
അപ്പോഴിതാ,വാർത്ത:
കോട്ടക്കൽ ശിവരാമൻ സ്വേച്ഛയാ രംഗജീവിതമവസാനിപ്പിക്കുന്നു!
“ശിവരാമന്റെ വേഷം മോശാവ്‌ണൂന്ന് എനിക്കെന്നെ ബോധ്യായിത്തുടങ്ങി.അപ്പൊ,നി നിർത്ത്വാ നല്ലത്”
ശിവരാമന്റെ വാക്കുകൾ ടി.വി.യിൽ…
ഒരു സുഹൃത്ത് ഉടനെ ഫോണിൽ വിളിക്കുന്നു:
“ശിവരാമാശാന്റെ കാര്യം അറിഞ്ഞില്ലേ”
“അറിഞ്ഞു”
“സ്വരം നന്നാവുമ്പൊത്തന്നെ പാട്ടുനിർത്ത്‌ണു.നല്ലകാര്യം-ല്ലെ?”
ഒന്നും പറയാൻ തോന്നിയില്ല.എന്റെ രാവുകളെ പിടിച്ചുലച്ച അസ്വസ്ഥതകളോട്,ഭാവപ്രപഞ്ചങ്ങളോട്, അതുനല്ലകാര്യമാണെന്ന് പറഞ്ഞാലും മനസ്സിലാവില്ല.കാരണം ശിവരാമൻ സംസാരിച്ചിരുന്നത് എന്റെ ബുദ്ധിയോടല്ലല്ലോ,ഹൃദയത്തോടാണല്ലോ.
ബുദ്ധികൊണ്ട്,കഥകളിയുടെ സങ്കേതത്തെപ്പറ്റിയുള്ള എന്റെ ധാരണകൾ കൊണ്ട് ശിവരാമന്റെ സ്ത്രീവേഷങ്ങളെ ഞാനളന്നപ്പോഴെല്ലാം ശിവരാമൻ പരാജയപ്പെട്ടിട്ടേയുള്ളൂ. മര്യാദക്കൊരു കലാശം പോലും അപൂർവ്വം.ഇടക്കിടക്ക് പിഴക്കുന്ന താളം.ഒട്ടും കഥകളീയമല്ലാത്ത നിലകൾ,പോസ്റ്ററുകൾ.
പക്ഷേ….
ശിവരാമന്റെ സർഗ്ഗതൂലിക അതല്ലായിരുന്നു.ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ മനുഷ്യജീവിതമായിരുന്നു ശിവരാമന്റെ കളരി.സ്ത്രീവേഷത്തിന്റെ സ്ഥാനത്ത് ഉരൽ വെച്ചു കളിച്ചിരുന്ന കാലത്തുനിന്ന് കളിയരങ്ങിന്റെ സ്ത്രീത്വം ശിവരാമനിലൂടെ വളർന്നതും അതുകൊണ്ടുതന്നെ.
എന്റെ ഹൃദയം ഓർക്കുന്ന ചില രംഗങ്ങൾ:
ദൂരെ നിന്ന് ,ബാഹുകവേഷധാരിയായ നളനോടിക്കുന്ന തേരിൽ,ഋതുപർണ്ണൻ കുണ്ഡിനത്തിലേക്ക് വരുന്നതിന്റെ കുതിരക്കുളമ്പടിയൊച്ച കേൾക്കുന്ന ശിവരാമന്റെ നളചരിതം നാലാം ദിവസത്തിലെ ദമയന്തി…ചിന്താധീനമായ നിലയിൽ നിന്നെഴുന്നേറ്റ്,പ്രണയപ്രതീക്ഷ പൂത്തുനിൽക്കുന്ന മുഖവുമായി ദൂരേക്ക് നോക്കി,പെട്ടെന്ന് തേരിന്റെ ശബ്ദം കേൾക്കുന്നതോടെ വർഷങ്ങൾനീണ്ട വിരഹതപസ്സിനവസാനമായെന്ന തിരിച്ചറിവിന്റെ ആഹ്ലാദാതിരേകത്തിൽ ശരീരമാകെ തുളുമ്പുന്ന ആനന്ദമാകുന്ന ശിവരാമൻ…
തന്റെ ഭർത്താവായ ശാർദ്ദൂലനെ അർജ്ജുനൻ കൊന്നതിനു പ്രതികാരമായി,പാഞ്ചാലിയെ കൊന്നുതിന്നാൻ സുന്ദരീരൂപം ധരിച്ചുവരുന്ന ഒരു രാക്ഷസിയുണ്ട്,കിർമ്മീരവധത്തിൽ.സൂത്രത്തിൻ വനാന്തരത്തിലേക്ക് പാഞ്ചാലിയെ കൂട്ടിക്കൊണ്ടുപോകുന്ന ആ രാക്ഷസിയുടെ സുന്ദരീരൂപം-ലളിത- കാടിന്റെ ഭംഗി പാഞ്ചാലിക്കു വിവരിച്ചുകൊടുക്കുന്ന പദമാണ് “കണ്ടാലതിമോദം”.ശിവരാമന്റെ ലളിത ആ പദത്തിനിടക്കുള്ള കലാശത്തിൽ പാഞ്ചാലികാണാതെ ചിരിക്കുന്ന പഴുത്ത ഒരു ചിരിയുണ്ട്!പൈശാചികമായ ആ ചിരി ഏതുലോകത്തുനിന്നു വരുന്നുവോ എന്തോ?
മുമ്പു പറഞ്ഞ കീഴ്പ്പടത്തിന്റെ കീചകൻ,ശിവരാമന്റെ പാഞ്ചാലിയെ പൂവിറുക്കുന്നതായി കാണുമ്പോൾ,പുഷ്പനിബിഡമായ ഒരുചില്ല പാഞ്ചാലിയുടെ ശിരസ്സിനുമുകളിൽ പിടിച്ച് ഒരു കുലുക്കുണ്ട്.ശിവരാമന്റെ സൈരന്ധ്രി ആ നിമിഷത്തിലണിയുന്ന ഒരു ഭാവം!എത്ര വ്യാഖ്യാനിച്ചാലും അതുപിന്നെയും ബാക്കിയാകും.
ഗോകുലത്തിലെത്തി ഉണ്ണിക്കണ്ണനെ കൊല്ലാൻ ഒരുങ്ങുന്ന ശിവരാമന്റെ പൂതന,ഏതു സ്ത്രീയിലുമുറങ്ങുന്ന മാതൃഭാവത്തിന്റെ തീഷ്ണതയാലനുഭവിക്കുന്ന കഠിനവ്യഥ…അതു കാണുകതന്നെ വേണം.ഒരു വശത്ത് കംസനോടുള്ള കർമ്മബന്ധം,മറുവശത്ത് കണ്ണനുണ്ണിയുടെ പുഞ്ചിരിതൂകുന്ന മുഖം….
ഇല്ല ആ ഭാവസുഷമകൾ എണ്ണിയാലവസാനിക്കില്ല…
ഒരു ചിട്ടയും ശിവരാമനെ വഴിനടത്തിയില്ല.ശിവരാമൻ ഒറ്റക്കു വഴിവെട്ടിത്തെളിച്ചു.ഗുരു കുഞ്ചുക്കുറുപ്പിനു മുതൽ, കലാമണ്ഡലം ബാലസുബ്രഹ്മണ്യനുവരെ അഞ്ചുതലമുറക്കൊപ്പം നായികയായി.പ്രായമായപ്പോൾ,പഴയ വേഷഭംഗി കുറഞ്ഞിരിക്കാം,ആദ്യാവസാനസ്ത്രീവേഷങ്ങൾ മുഴുവൻ നിന്നു ചെയ്യാൻ ശരീരമനുവദിക്കുന്നുണ്ടാവില്ല,പണ്ടും ശിവരാമന്റെ വേഷം എന്നും നന്നായിട്ടില്ലല്ലോ!
മനസ്സിൽ വിശ്വാസമില്ലാതെ തുടരുന്നതിലർത്ഥമെന്ത് എന്നും എന്റെ സുഹൃത്ത് ചോദിച്ചു.ശരിയായിരിക്കാം,പക്ഷേ ശിവരാമനെ ഇന്നും കളിയരങ്ങാവശ്യപ്പെടുന്നു.പകരം പറയാൻ ഇന്നും ആരുമില്ല.അത്രകണ്ട് വേഷംകെട്ടാൻ ശിവരാമനു വയ്യാതായിട്ടുമില്ല.
കളിയരങ്ങ് വിളിക്കുമ്പോൾ മനയോലതേക്കാതിരിക്കാൻ ശിവരാമന് കഴിയുമോ?
മൃത്യു കൈയ്യാട്ടി വിളിക്കുമ്പോഴും എനിക്കുകെട്ടാൻ വേഷങ്ങൾ ബാക്കിയുണ്ടെന്നു പറഞ്ഞ പട്ടിക്കാംതൊടിയുടെ പ്രശിഷ്യനും ആജീവനാന്തം ഊണിലുമുറക്കത്തിലും കഥകളിയെ ശ്വസിച്ച വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനുമായ കോട്ടക്കൽ ശിവരാമാ,
അങ്ങയോടുള്ള സർവ്വ ആദരവോടുംകൂടെ പറയട്ടെ;
അങ്ങയുടെ ഈ തീരുമാനം ബുദ്ധിപൂർവ്വമായിരിക്കാം,പക്ഷേ ഹൃദയപൂർവ്വമല്ല.

19 comments:

വികടശിരോമണി said...

മൃത്യു കൈയ്യാട്ടി വിളിക്കുമ്പോഴും എനിക്കുകെട്ടാൻ വേഷങ്ങൾ ബാക്കിയുണ്ടെന്നു പറഞ്ഞ പട്ടിക്കാംതൊടിയുടെ പ്രശിഷ്യനും ആജീവനാന്തം ഊണിലുമുറക്കത്തിലും കഥകളിയെ ശ്വസിച്ച വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനുമായ കോട്ടക്കൽ ശിവരാമാ,
അങ്ങയോടുള്ള സർവ്വ ആദരവോടുംകൂടെ പറയട്ടെ;
അങ്ങയുടെ ഈ തീരുമാനം ബുദ്ധിപൂർവ്വമായിരിക്കാം,പക്ഷേ ഹൃദയപൂർവ്വമല്ല.

കാപ്പിലാന്‍ said...

തീരുമാനം എന്തുമാകട്ടെ .പക്ഷേ ആദിയോടന്തം വരെ ഇരുത്തി വായിപ്പിക്കുന്ന ഈ രചനാ ശൈലി എനിക്കിഷ്ടപ്പെട്ടു .കഥകളിയെ കുറിച്ചറിയാന്‍ പാടില്ലാത്ത എനിക്ക് ഒരു പക്ഷേ വായിച്ചാല്‍ ബോറടിക്കാമായിരുന്നു .പക്ഷേ ഇല്ല ,നന്നായി .

കോട്ടക്കല്‍ ശിവരാമന്‍ എന്ന കഥകളി വിദ്വാന്‍ തീരുമാനം തിരുത്തുമായിരിക്കും.
തേങ്ങാ അടിച്ച് ലേഖനത്തിന്റെ സീരിയസ് കളയുന്നില്ല .

ആശംസകള്‍ .

അനില്‍@ബ്ലോഗ് // anil said...

:)

Haree said...

പട്ടിക്കാംതൊടിയുടേയും, വാഴേങ്കട കുഞ്ചുനായരുടെയും കാലമല്ലല്ലോ ഇത്; ആസ്വാദകരുടെ വീക്ഷണത്തില്‍ കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്. സൌന്ദര്യവും അവര്‍ ആവശ്യപ്പെടുന്നു. “ഇപ്പോഴും യുവകോമളനായി തിളങ്ങുന്ന ഗോപിയുടെ മുന്നില്‍ ശിവരാമന്റെ ദമയന്തിത്തള്ള വിറച്ചുവിറച്ചാണ് തുള്ളിത്തീര്‍ത്തത്.” എന്ന് പുഴ മാഗസീനില്‍ ശശിധരന്‍ പി. എഴുതിയത് ഓര്‍മ്മവരുന്നു. അന്നു ഞാനവിടെ കമന്റായെഴുതിയത് ഇവിടെ:
അവസാനമെഴുതിയിരിക്കുന്ന കഥകളിയെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചാണിത്.
• കോട്ടയ്ക്കല്‍ ശിവരാമന് പ്രായമായി, വേഷഭംഗി കുറയുമെന്നത് നേര്. അദ്ദേഹത്തിന്റെ ദമയന്തി, സൌന്ദര്യസങ്കല്പങ്ങള്‍ക്ക് നിരക്കുന്നതല്ല. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ്, ഇതുപോലെയുള്ള നിരീക്ഷകരുടെ വിമര്‍ശനം വരാതിരിക്കുവാന്‍ നന്ന്.
• എന്നാല്‍ കഥകളിയില്‍, കഥാപാത്രമായി വേഷമിടുന്നവരുടെ സൌന്ദര്യം ഒരു ഘടകം മാത്രമാണ് എന്ന വസ്തുത വിസ്മരിക്കുവാന്‍ പാടുള്ളതല്ല. സ്ഥായിയുണ്ടാവണം, മുദ്രകള്‍ ശരിയായി ഉപയോഗിക്കുവാന്‍ കഴിവുണ്ടാവണം, പാത്രബോധമുണ്ടാവണം, പുരാണബോധമുണ്ടാവണം, താളമുണ്ടാവണം, താളത്തിനൊത്തും പാട്ടിന്റെ സാഹിത്യത്തിനൊത്തും മുദ്രവിന്യസിക്കുവാന്‍ കഴിവുണ്ടാവണം, അരങ്ങുബോധമുണ്ടാവണം, കൂട്ടുവേഷവുമായി മാനസികമായി സംവേദിക്കുവാന്‍ കഴിവുണ്ടാവണം - ഇങ്ങിനെ പലതിലും ശിവരാമന്‍ സമകാലീനരായ സുന്ദരീദമയന്തിവേഷങ്ങളേക്കാള്‍ മുന്നിലായതുകൊണ്ടാണ്, ആസ്വാ‍ദകര്‍ വേഷസൌന്ദര്യം മോശമായാലും ശിവരാമന്റെ ദമയന്തി മതിയെന്നു കരുതുന്നത്.
• മാധ്യമലേഖകര്‍ വേണ്ടരീതിയില്‍ വിലയിരുത്താറില്ല എന്നതും സത്യം. കലാമണ്ഡലം ഗോപി നളനായും കോട്ടയ്ക്കല്‍ ശിവരാമന്‍ ദമയന്തിയായും വേഷമിട്ടാല്‍ മാത്രം നളചരിതം മികച്ചതാവില്ല! അവര്‍ വേഷമിടുന്ന അരങ്ങുകളെല്ലാം "ബലേ, ഭേഷ്!" എന്നു പറയേണ്ടതുമില്ല. പക്ഷെ, അങ്ങിനെവരുമ്പോള്‍, ഈ കഥകളിയരങ്ങുകളെല്ലാം സശ്രദ്ധം വീക്ഷിച്ച് തുടര്‍ച്ചയായെഴുതേണ്ടിവരുഅം. എങ്കിലല്ലേ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ? അതിന് കഴിയുമോ ഈ മാധ്യമങ്ങള്‍ക്ക്?


കേവലം വേഷഭംഗിക്കപ്പുറമുള്ള ശിവരാമന്റെ മഹത്വം മനസിലാക്കുവാന്‍ കഴിവുള്ള ആസ്വാദകര്‍ ഇന്ന് തുലോം വിരളം. അതിനാല്‍ തന്നെ ശിവരാമന്റെ തീരുമാനത്തോട് എനിക്ക് യോജിപ്പാണ്. ഈ രീതിയിലുള്ള അവഹേളനങ്ങള്‍ കേള്‍ക്കുവാന്‍ നിന്നു കൊടുക്കുന്നതിലും നന്നാണത്. തീരുമാനം അതിനാല്‍ തന്നെ ഹൃദയപൂര്‍വ്വമാകുവാനും സാധ്യതയുണ്ട്. ശശിധരന്‍ പി-യുടേതു പോലെയുള്ള വിമര്‍ശനം കേട്ടാല്‍ ആര്‍ക്കും നോവും!

...കഥകളിയുടെ സങ്കേതത്തെപ്പറ്റിയുള്ള എന്റെ ധാരണകൾ കൊണ്ട് ശിവരാമന്റെ സ്ത്രീവേഷങ്ങളെ ഞാനളന്നപ്പോഴെല്ലാം ശിവരാമൻ പരാജയപ്പെട്ടിട്ടേയുള്ളൂ. മര്യാദക്കൊരു കലാശം പോലും അപൂർവ്വം.ഇടക്കിടക്ക് പിഴക്കുന്ന താളം.ഒട്ടും കഥകളീയമല്ലാത്ത നിലകൾ,പോസ്റ്ററുകൾ.” - :-D

നന്നായി എഴുതിയിട്ടുണ്ട്... ശരിക്കും ആസ്വദിച്ചു വായിച്ചു... :-)
--

എതിരന്‍ കതിരവന്‍ said...

മനസ്സും ശരീരവും സമാന്തരമായിമുന്‍പോട്ടുരുട്ടുകയും ശരീരം പതുക്കെ ഈ ജ്യോമെട്രിക്കളിയുടെ കണക്കു തെറ്റിയ്ക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ കലാകാരന്‍, പ്രത്യേകിച്ചും ശരീരം കൊണ്ട് കലതീര്‍ക്കേണ്ടി വരുന്നവര്‍ അതിനു സമ്മതിച്ചുകൊടുക്കാന്‍ തയാ‍റാകാതെ കുഴയുന്നു. പ്രത്യേകിച്ചും ശരീരപ്രകടനത്തില്‍ക്കൂടെ മാത്രം സ്വന്തം മനസ്സിനെ തിരിച്ചറിഞ്ഞവര്‍ക്ക് ഇത് ദുസ്സഹമാകും. പട്ടിയ്ക്കാന്തൊടിയും കീഴ്പ്പടവും ഈ വേദനയില്‍ പിടഞ്ഞവര്‍. (കുറിച്ചി കുഞ്ഞന്‍ പണിയ്ക്കര്‍ തളര്‍ന്നു തുടങ്ങിയ ശരീരത്തില്‍ തളരാത്ത മന‍സ്സിന്റെ ഊര്‍ജ്ജം വാരിനിറച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്).

കോട്ടയ്ക്കല്‍ ശിവരാമന്‍ ഇതറിഞ്ഞ് ഒരു മുന്‍ കൂര്‍ ജാമ്യമെടുക്കുകയാണോ?

ശിവരാമന്‍ അരങ്ങിന്റെ ആവശ്യമാണെന്നു നമുക്കാണു തോന്നുന്നത്. അരങ്ങിന്റെ ആവശ്യമായിട്ടല്ലല്ലോ അദ്ദേഹം അരങ്ങില്‍ വന്നത്. പിടിച്ചുകെട്ടിയാല്‍ നില്‍ക്കാത്ത ഉല്‍ക്കടാഭിനിവേശം കൊണ്ട് അരങ്ങില്‍ ഓടിക്കയറി വന്നതാണദ്ദേഹം. സ്വന്തം ആവശ്യം. സ്വന്തം ഹൃദയം പറഞ്ഞുകൊടുത്തത് ചെയ്യല്‍. ബുദ്ധി പിന്നാലെ വരുവാന്‍ മാത്രം സമ്മതം കൊടുത്ത നേരിന്റെ തെളിവ്. ഇപ്പോഴും സ്വന്തം ഹൃദയമായിരിക്കണം അദ്ദേഹത്തോട് എല്ലാം പറഞ്ഞുചെയ്യിക്കുന്നത്.

ആ ഹൃദയമിടിപ്പിന്റെ ബാഹ്യചലനങ്ങള്‍‍ കണ്ട് അതിമോദമുണ്ടായവരല്ലെ നമ്മള്‍?

SunilKumar Elamkulam Muthukurussi said...

വി.ശി.
ശിവരാമന്റെ കഥകളിയിലെ അഗാധ ജ്ഞാനവും കഥാപാത്ര ധ്യാനവും ആണ് എന്നെ എന്നും അതിശയിപ്പിച്ചിട്ടുള്ളത്. ടോൾസ്റ്റോയിയുടെ നോവൽ വായിച്ച് അതിലെ സ്ത്രീകഥാപാത്രത്തിന്റെ മനോനില മനസ്സിലാക്കി അതുമായി താരതമ്യം ചെയ്ത്, എം.ടിയുടേയും മാധവിക്കുട്ടിയുടേയും കഥാപാത്രങ്ങളെ അനലൈസ് ചെയ്ത്, അവ തന്റെ കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ച് പുതിയ ഭാവുകത്വം കൊണ്ടുവന്ന ആളാണദ്ദേഹം. ആ കഴിവ് അപാരം തന്നെ. അദ്ദേഹത്തിന്റെ മുദ്രക്കയ്യിനെ കുറിച്ചോ നിലകളെകുറിച്ചോ വലിയ “ഇത്” പറയാനില്ല എനിക്ക്. പക്ഷെ മുൻ പറഞ്ഞ കഴിവ് അപാരം തന്നെ. മാത്രമല്ല ചെറുതായി ഒന്ന് സംസാരിച്ചാൽ പോലും ആ കഴിവും ഉൾക്കാഴ്ച്ചയും നമ്മളിലേക്ക് പകർന്നു തരാൻ ഉള്ള സന്നദ്ധതയും മാനിക്കേണ്ടതുണ്ട്‌. അൽ‌പ്പം “നാട്യം” കൂടുതൽ ആണ് എങ്കിൽ പോലും. കളി നിറുത്തണം എന്ന് പറയില്ല ഞാൻ. ഇനി നിറുത്തിയാൽ തന്നെ മുൻ പറഞ്ഞ അറിവുകൾ പുതിയവരിലേക്ക് കയ്മാറ്റം ചെയ്യാൻ അദ്ദേഹം തയ്യാറാകും എന്നു തന്നെ ആണ് എന്റെ വിശ്വാസം. അങ്ങനെയെങ്കിൽ അതും വലിയൊരു സംഭാവനയാണ്.
-സു-

SunilKumar Elamkulam Muthukurussi said...

ഈ പോസ്റ്റിലെ തന്നെ രണ്ടാമത്തെ ചിത്രത്തിലെ കണ്ണീർ കണ്ടോ? അതു തന്നെ കഥകളിത്തത്തെ നിരസിക്കുകയല്ലെ ചെയ്യുന്നത്?
-സു-

Unknown said...

കഥയറിയാതെ ആട്ടം കാണാറില്ല എന്നാലും കണ്ടു
കണ്ടതിലൊക്കെ വല്ലാതെ കൊണ്ടു എന്നു പറയാം
നല്ല വിവരണം. ആ കണ്ണിലും ഞാനൊന്നു മയങ്ങി പ്പോയി.

വികടശിരോമണി said...

വന്നവരും വായിച്ചവരും സംവദിച്ചവരുമായ എല്ലാവർക്കും നന്ദി.
കാപ്പുവേ,ബോറടിച്ചില്ലല്ലേ?സാരമില്ല.അടുത്തതവണ നോക്കാം.
അനിൽ,:-)

ഹരീ,
ശശിധരനേപ്പോലുള്ള ആസ്വാദകർ കളിയരങ്ങിനു മുന്നിൽ എന്നുമുണ്ടായിരുന്നില്ലേ?കഥകളിയുടെ ബാഹ്യപ്രകൃതികളിൽ അഭിരമിക്കുന്നവർ.രാവുണ്ണിമേനോന്റെ വേഷം കണ്ട ഒരു വൃദ്ധകളിപ്രേമി പറഞ്ഞുകേട്ടിട്ടുണ്ട്. “എന്തു പട്ടിക്കാംതൊടി!തിരശ്ശീലതാഴ്ത്തിയാൽ അനങ്ങാതെയങ്ങനെ നിൽക്കും” എന്നൊക്കെ.ഇത്തരം ആസ്വാദനം എല്ലാക്കാലത്തുമുണ്ട്.അവർക്കായല്ല ശിവരാമനെ കളിയരങ്ങിനാവശ്യമുണ്ടെന്ന് ഞാൻ പറഞ്ഞത്.ജീവിതത്തിന്റെ നേരറിവുകളിൽ നിന്ന് കഥകളിയിലേക്ക് പകരുന്ന ശിവരാമന്റെ ഔചിത്യബോധത്തിന് ഇന്നും പകരക്കാരില്ലാത്തതിനാലാണ്.അവഹേളനങ്ങൾക്ക് ശിവരാമൻ എന്നും പുല്ലുവിലയേ കൊടുത്തുകണ്ടിട്ടുള്ളൂ.ആ എലികളെ പേടിച്ച് ഇല്ലം ചുടാൻ മാത്രം ഉയരമേയുള്ളൂ ശിവരാമന്?
കതിരവൻ,
സ്വയം അരങ്ങിലേക്ക് ഓടിക്കയറി-അങ്ങനെയൊക്കെയാണോ?കോട്ടക്കൽ ചേരാനെത്തിയ ശിവരാമന് ദാരിദ്ര്യമായിരുന്നു പ്രശ്നം.നാലണ കൊടുക്കാനില്ലാഞ്ഞ് സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട ശിവരാമന് കോട്ടക്കൽ ചേർന്ന ആദ്യമാസം തന്നെ രണ്ടുരൂപ ശം‌മ്പളം കിട്ടിയ കഥ എത്രതവണ കേട്ടിരിക്കുന്നു!
കുറിച്ചികുഞ്ഞൻ പണിക്കരുടെ അതിജീവനകഥ ആവേശകരമാണ്.
സുനിൽ,
കഥകളിയുടെ സങ്കേതത്തോട് എന്നും കലഹിച്ചവനാണ് ശിവരാമൻ.ആ “കേശമിതു കണ്ടുവോ”യിലെ കണ്ണീരും അങ്ങനെവന്നതുതന്നെ.പക്ഷേ,ആ ദ്രൌപദിയെ കാണണം,കൽ‌പ്പാന്തങ്ങളെ ദഹിപ്പിക്കുന്ന പ്രതികാരമുണ്ടാകണ്ണൂകളിൽ.ആർക്കുകഴിയുമതിന്?
അക്കാദമികതലത്തിലും പുതിയനടന്മാർക്കുള്ള ഗൈഡൻസ് എന്നനിലയിലും ശിവരാമനുപലതും ചെയ്യാനാവും.പക്ഷേ,അതൊന്നും ആ വിടവാങ്ങലിന്റെ കുറവുനികത്തില്ലല്ലോ.
നജീബ്,
കൊണ്ടല്ലോ,അതുമതി,കൃതാർത്ഥനായി.
ഏതു കണ്ണുകളിൽ മയങ്ങിയെന്ന്?ശിവരാമന്റെയോ?എന്റെയോ?

ചാണക്യന്‍ said...

മാഷെ,
ഹൃദയപൂര്‍വ്വമുള്ള താങ്കളുടെ കുറിപ്പ് വായിച്ചു..
വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങി തളര്‍ന്ന ഒരു കലാകാരന്‍ അരങ്ങൊഴിയാന്‍ തീരുമാനിച്ചത് കൂടുതല്‍ അപഹാസ്യനാകാന്‍ മടിയുള്ളതു കൊണ്ടാകാമെന്ന് എനിക്കു തോന്നുന്നു...

എന്തായാലും നല്ല പോസ്റ്റ്....അഭിനന്ദനങ്ങള്‍...

എതിരന്‍ കതിരവന്‍ said...

വി. ശി:

“ഓടിക്കയറി” എന്നതു ശരിയല്ലെന്നു മനസ്സിലാക്കുന്നു. അരങ്ങാണു ജീവിതമെന്നും അതിലേക്കു സ്വയം സമര്‍പ്പിക്കുകയാണെന്നും ഉള്ള കഠിന തോന്നല്‍-ഒരു തിരിച്ചുപോക്കില്ലാത്തത്- അതിനാണ്‍ ഓടിക്കയറല്‍ എന്ന് വിവക്ഷിച്ചത്. ദാരിദ്ര്യം കൊണ്ട് കഥകളിയില്‍ എത്തിപ്പെട്ടവരും ഇങ്ങനെ ഒരു നിമിഷത്തില്‍ക്കൂടി കടന്നുപോയട്ടുണ്ട്ടാവണം. പിന്നീട് എതിര്‍ പാരാത്ത കലാകാരന്മാര്‍ ആയത് ഈ നിമിഷത്തിന്റെ മഹദ് വ്യാപ്തി.

ശിവരാമന്‍ സ്വയം നേടിയതും ആസ്വാദകര്‍ കല്‍പ്പിച്ചുകൊടുത്തതും അപ്രതിഹതസ്ഥാനം തന്നെ. സ്ത്രീവേഷം വെറും വേഷമല്ലെന്നും സ്വല്‍പ്പം നൃത്തം ചെയ്യാനോ പുരുഷവേഷപൂര്‍ണ്ണത്യ്ക്കുള്ള താങ്ങ് ആകാനോ നിയോഗിക്കപ്പെടാന്‍ സൌകര്യ്മില്ലെന്നു സൌമ്യവും എന്നാല്‍ നിശിതവുമായി വ്യക്തമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ദമയന്തിയുടെ മാന‍സികവ്യാപാരങ്ങള്‍‍ സ്വാംശീകരിച്ച് ഒരു സ്ത്രീപക്ഷവാദിയെപ്പോലെ പെരുമാറിയിട്ടുണ്ട്. സ്ത്രീത്വത്തിലേക്കു ചാടുകയും തിരിച്ചു പുരുഷനാകുകയും ചെയ്യുന്ന ഒടിവിദ്യ.കഥകളി നിയം അനുസരിച്ച് കഥാപാത്രമായി മാറാനും പാടില്ല. ഒരു പുരുഷനു ചെയ്യാന്‍ വള്രെ ക്ലിഷ്ടമാര്‍ന്ന കൂടുവിട്ടുകൂടു മാറല്‍. ചരിത്രം അതു രേഖപ്പെടുത്തിയും കഴിഞ്ഞു.

പക്ഷേ ഈ പുകില്‍പ്രക്രിയയണോ അദ്ദേഹത്തെ വഴുതിപ്പിച്ചത്? പകരം വയ്ക്കാന്‍ ആളില്ല. ശരിയാണ്. ആ പദചലനങ്ങള്‍ (മാത്രമോ?) പിന്തുടരുന്ന ശിഷ്യരുമില്ല.

വികടശിരോമണി said...

കതിരവ്ജീ,
ശരിയാണ്.ആ വഴിക്കും ചിന്തിക്കാവുന്നതാണ്. “ഭവാനിയിൽ(ഭാര്യ)നിന്നും ഞാൻ കുറേ പഠിച്ചിട്ടുണ്ട്”എന്ന് ശിവരാമൻ.സ്ത്രീവേഷമെന്നാൽ സ്ത്രൈണതയുടെ പൂർണ്ണതയാവണം എന്ന വാശി ശിവരാമനിലുണ്ടായിരുന്നു.കൂടുവിട്ടുകൂടുമാറുന്ന ഒടിവിദ്യ-അവ പലപ്പോഴും തീവ്രമായ മാ‍നസികസംഘർഷവുമായിരുന്നിരിക്കണം. ‘സ്ത്രൈണപൌരുഷങ്ങൾക്കിടയിലെ ഇടവഴി’ എന്ന് പണ്ടു ഞാനെഴുതിയ ഒരു വിഡ്ഡിലേഖനം ഓർമ്മവരുന്നു.കാറൽമണ്ണയിൽ ബസ്സിറങ്ങി,മനയോലപാതിതുടച്ചമുഖവുമായി,വീട്ടിലേക്ക് ശിവരാമൻ നടക്കുന്ന ഇടവഴിയും മനോവ്യാപാരങ്ങളുമായിരുന്നു വിഷയം.
പുകിൽ‌പ്രക്രിയ-ബലേ!

Sethunath UN said...

വാസുപ്പിഷാരടിയാശാന്റെ കാര്യം അറിഞ്ഞ് സന്തോഷമായി.

വിരമിയ്ക്കല്‍ പ്രഖ്യാപനം കഷ്ടമായി. സര്‍വ്വസ്സമ്മതനായ ഒരു കലാകാരന്‍ “ശശി” ലെവലിലുള്ള കമന്റുകള്‍ കേള്‍ക്കാനിനി എന്തിനു നിന്നുകൊടുക്കണം എന്ന് വിചാരിച്ചിട്ടുണ്ടാവാം. തെറ്റു പറയാന്‍ പറ്റില്ല.

അടിച്ച് പൂക്കുറ്റിയായി (മദ്യപിച്ച് മ‌ദോന്മത്തനായി) ശിവരാമന്‍ നാലാം ദിവസത്തിലെ ദമ‌യന്തി “നൈഷധന്‍ ഇവന്‍ താന്‍” മുദ്ര മിക്കവാറും “ഒഴിവാക്കി!” കാണിയ്ക്കുന്നത് കാണാനുള്ള ഭാഗ്യം! ഇതെഴുതുന്നയാള്‍ക്ക് ഉണ്ടായി. ഒക്കെ ഭാവാഭിനയവും മെയ്യനക്കവും മാത്രം. ഇവിടെയാണ് ഒരു പ്രശ്നം! ശിവരാമന്‍ ഒരു മുദ്രപോലും കാട്ടിയില്ല എന്ന് തോന്നിയില്ല. കേമമായിരുന്നു അഭിനയം. ഈ പ്രതിഭ, കല എന്നൊക്കെ പറയുന്നത് ബോധത്തിനും ഒക്കെ അപ്പുറം എവിടെയോ വരഞ്ഞു വെച്ചിരിയ്ക്കുന്നു എന്ന് അന്നാണ് തോന്നിയത്. ശിവരാമന്‍ സ്വയം നഷ്ടപ്പെടുത്തിയ അരങ്ങുകളൊക്കെ നഷ്ടപ്പെട്ടത് പ്രേക്ഷകര്‍ക്കുകൂടിയായിരുന്നു. But I love her (Him) so much. അത്രയേ പറയാന്‍ പറ്റൂ.

ഇനിയും അദ്ദേഹത്തിന്റെ വേഷങ്ങ‌ള്‍ കാണാന്‍ പറ്റും എന്ന് ആഗ്രഹിയ്ക്കുന്നു.

ഗീത said...

കഥകളിയില്‍ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീ. കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ച് ധാരാളം വായിച്ചിട്ടിട്ടുണ്ട്. ഒരു കണക്കിന് ,സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടു നിറുത്തുന്നതു നല്ലതു തന്നെ. ആ കലാകാരന്റെ മനസ്സ് എങ്കിലും വിഷമിക്കാതിരിക്കും. നല്ല എഴുത്ത് വികടാ.

വികടശിരോമണി said...

നിഷ്കളങ്കാ,
ഗീതാഗീതികൾ,
നന്ദി.
നിഷ്കളങ്കാ,
അടിച്ച് പൂക്കുറ്റിയായി (മദ്യപിച്ച് മ‌ദോന്മത്തനായി)
ഇതെനിക്കിഷ്ടപ്പെട്ടു.ആദ്യം തനിമലയാളവും പിന്നെ സംസ്കൃതീകരിച്ചരൂപവും! ഇതെന്തിനാ നിഷ്കളങ്കാ?

SunilKumar Elamkulam Muthukurussi said...

വി.ശി.
നമ്മൾ ചെന്നു പറഞാൽ, “കുട്ട്യേ, കുട്ടി വിളിച്ചതോണ്ട്‌ ശിവരാമൻ വരാം” ന്ന് പറയാനും മടിയില്ല അദ്ദേഹത്തിന്. അതല്ലേ മ്മടെ ശീരാമേട്ടൻ.
മുഴുവനും കാര്യമായി എടുക്കെണ്ടെന്നേ..
-സു-

വികടശിരോമണി said...

ഹ..ഹ..ഹ..സുനിലിന്റെ പ്രതീക്ഷ എനിക്കുമില്ലാതില്ല.ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. “ഇല്യ കുട്ട്യേ,ശിവരാമന് ഇന്യൊരു പിന്മടക്കല്യ” എന്നൊക്കെയാ പറഞ്ഞത്.മാറ്റിപ്പറയും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.

Mahi said...

നമുക്കൊന്ന്‌ പേരു മാറ്റിയാലൊ വികട ശിരോമണിയെന്നത്‌ വിവര ശിരോമണി എന്നാക്കിയാലൊ

വികടശിരോമണി said...

ഗൂഗുൾ ബ്ലോഗിങ്ങ് വഴി തല്ലാനുള്ള സൌകര്യം തരാത്തതുകൊണ്ട് മഹി രക്ഷപ്പെട്ടു.:)
വരവിനു നന്ദി മഹീ.