Thursday, January 28, 2010

വിധിനിർണ്ണയത്തിലെ വിധികൾ


യുവജനോത്സവത്തെക്കുറിച്ച് പരാതികളുണ്ടാവുക,വിധിനിർണ്ണയത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുക തുടങ്ങിയ കലാപരിപാടികൾ എക്കാലവും കലോത്സവത്തിന്റെ ഭാഗമാണ്,അതിൽ പുതുതായൊന്നുമില്ല.പക്ഷേ,കഥകളി പോലെ,പ്രയോക്താക്കളും ആസ്വാദകരും താരത‌മ്യേന ന്യൂനപക്ഷമായ ക്ലാസിക്കൽ കലാരൂപത്തിന്റെ വിധിനിർണ്ണയത്തിൽ നടക്കുന്നതായി മനസ്സിലാവുന്ന അപായകരമായ പ്രവണതകൾ,ചോദ്യം ചെയ്യാതിരിക്കാനാവില്ല.യുവജനോത്സവകഥകളി കൊണ്ട് കഥകളിക്കെന്തു പ്രയോജനം എന്നത് വേറെ ചോദ്യമാണ്.വിവിധകലാരൂപങ്ങളിൽ പ്രവീണരായ കലാപ്രതിഭകൾക്ക് അവസരമൊരുക്കുകയും അവയിൽ മികച്ച കലാകാരൻ/കാരി കളെ കണ്ടെത്തുകയും ചെയ്യുന്ന ഇത്തരമൊരു ബൃഹത്തായ കലാമേളയിൽ,കഥകളിയും കഥകളിസംഗീതവും മത്സരയിനമായി ഉൾപ്പെട്ടിരിക്കുന്നിടത്തോളം അവ സുപ്രധാനമായിത്തന്നെ കാണണം.ഇത്തവണ കോഴിക്കോടു വെച്ചു നടന്ന സംസ്ഥാനയുവജനോത്സവത്തിലെ കഥകളി/കഥകളിസംഗീതമത്സരങ്ങളിലെ വിചിത്രമായ വിധിനിർണ്ണയരീതി ഓരോ കഥകളിപ്രേമിയും അറിഞ്ഞിരിക്കേണ്ടതാണ്.

1)കഥകളിസംഗീതം(ഹയർസെക്കന്ററി വിഭാഗം,പെൺകുട്ടികൾ)

2)കഥകളി(സിംഗിൾ,ഹയർസെക്കന്ററി വിഭാഗം,പെൺ‌കുട്ടികൾ)

3)കഥകളി(സിംഗിൾ,ഹൈസ്കൂൾ വിഭാഗം,പെൺ‌കുട്ടികൾ)

മേൽ പരാമർശിച്ച ഇനങ്ങൾക്ക് സ്റ്റേജിൽ വെച്ച് ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ ഒന്നിലധികം ഒന്നാം സ്ഥാനക്കാരുണ്ടായി.(ഇനി അപ്പീലിലൂടെ എത്ര ഒന്നാം സ്ഥാനക്കാർ ഉണ്ടായോ ആവോ?)

ഒന്നിലധികം മത്സരാർത്ഥികൾക്ക് ഒന്നാം സ്ഥാനം വീതിച്ചു നൽകുന്ന ഈ കലാദർശനം തീരെ മനസ്സിലാക്കാനാവാത്തതാണ്.ഒന്നിലധികം ഒന്നാം സ്ഥാനക്കാർ വരണമെങ്കിൽ എന്തു വേണമെന്നു ചിന്തിക്കാം.നൂറിൽ ആണ് മത്സരത്തിൽ മാർക്ക് ഇടുന്നത്.ഒന്നുകിൽ എല്ലാ വിധികർത്താക്കണം ഒരേ മാർക്ക് തന്നെ യാദൃശ്ചികമായി ഇടണം.ഉദാഹരണത്തിന്,എല്ലാ വിധികർത്താക്കളും 75മാർക്ക് ഒന്നാം സ്ഥാനം നൽകുന്ന രണ്ടോ അതിലധികമോ മത്സരാർത്ഥികൾക്ക് കൃത്യമായി ഇടുന്നു.പരസ്പരം ചർച്ചചെയ്തല്ല വിധി നിർണ്ണയം നടത്തപ്പെടുന്നത്.അത്യപൂർവ്വമായ മനപ്പൊരുത്തമുള്ള നമ്മുടെ വിധികർത്താക്കൾക്ക് ഒരേ മട്ടിൽ ചിന്തിക്കാനുള്ള ദിവ്യവരം ലഭിക്കുന്നതിലൂടെയാണ് ഇതു സാദ്ധ്യമാവുക.അല്ലെങ്കിൽ,ഓരോ വിധികർത്താക്കളുടേയും മാർക്കുകളെ സമീകരിക്കും വിധത്തിൽ മാർക്കുകൾ വീഴണം.രണ്ടുപേർ പത്തുമാർക്ക് കുറച്ചിട്ട മത്സരാർത്ഥിക്ക് മൂന്നാം വിധികർത്താവ് പത്തുമാർക്ക് കൂടുതൽ കൊടുക്കുന്നു-എന്നിങ്ങനെ.എന്തായാലും ഈ യാദൃശ്ചികത ഇങ്ങനെ തുടർച്ചയായി സംഭവിക്കുന്ന മായാജാലം എന്താണെന്നു അവർക്കു മാത്രമേ പറയാനാവൂ.

എങ്കിൽ വിധിനിർണ്ണയമെന്തിന്?

----------------------------------------

ഒന്നിലധികം ഒന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാൻ പ്രസ്തുതവിഷയത്തിൽ പ്രവീണരായ വിധികർത്താക്കളുടെ ആവശ്യമെന്താണ്?അനേകവർഷങ്ങൾ നീണ്ട കഠിനപ്രയത്നം കൊണ്ടും സാധകബലം കൊണ്ടും മാത്രം കരഗതമാവുന്ന പ്രകടനവൈദഗ്ദ്ധ്യമാണല്ലോ കഥകളി /കഥകളി സംഗീതം പോലുള്ള കലാരൂപങ്ങൾക്കുള്ളത്.ഹൈസ്കൂൾ ഹയർസെക്കന്ററി തലത്തിലുള്ള മത്സരാർത്ഥികളായ കുട്ടികൾ എത്രമേൽ നന്നായി ചെയ്താലും,സൂക്ഷ്മതലത്തിലുള്ള പിഴവുകൾ ഒരു നിപുണനേത്രത്തിനു കണ്ടെത്താനാവും എന്നതു നിശ്ചയമാണ്.അതുകൊണ്ടു തന്നെ കൂട്ടത്തിൽ ഏറ്റവും മികച്ച ‘ഒന്നി’നെ കണ്ടെത്താനും കഴിയും.അപ്പോൾ,ഒന്നാം സ്ഥാനമെന്ന പേരിനെ നിരർത്ഥകമാക്കിക്കൊണ്ടു നടക്കുന്ന ഈ ഒന്നാംസ്ഥാനപ്പെരുമഴയുടെ അർത്ഥമെന്താണ്?“ഒന്നാം സ്ഥാ‍നം”എന്ന വാക്കിന്റെ അർത്ഥം എന്താണ്?ഇനി ബഷീർ പറഞ്ഞപോലെ ഒന്നും ഒന്നും കൂടുമ്പോൾ “ഇമ്മിണി വല്യ ഒന്ന്”ഉണ്ടാവുന്നു എന്ന താത്വികദർശനം ആവുമോ എന്തോ?

കോഴിക്കോടു നടന്നതെന്ത്?

----------------------------------

കോഴിക്കോടു നടന്ന കഥകളിമത്സരങ്ങളിൽ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തവർ കിഴക്കിന്റെ വെനീസിൽ നിന്നുള്ള ആശാന്റെയും,കല്ലുവഴിസമ്പ്രദായത്തിന്റെ ഈറ്റില്ലത്തു നിന്നുള്ള ആശാന്റെയും ശിഷ്യഗണങ്ങളാണ്.കഥകളിയുടെ വിധി നിർണ്ണയം-പ്രത്യേകിച്ച് കഥകളി സിംഗിൾ/കഥകളിസംഗീതം ഇനങ്ങൾ പക്ഷപാതപരമായി സ്വാധീനിക്കപ്പെട്ടു എന്ന് പരക്കെ ആക്ഷേപമുണ്ട്.കലാമണ്ഡലത്തിലേയും കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേയും പ്രഗത്ഭകലാകാരന്മാർ അടങ്ങുന്ന ജഡ്ജിങ്ങ് പാനലിനെ സ്വാധീനിക്കാൻ മേൽ‌പ്പറഞ്ഞ സമ്മാനം ‘വാങ്ങുന്ന’ ആശാന്മാർക്കു പുറമേ കഥകളിരംഗത്തെ അതികായരുടെ ബന്ധുക്കൾ വരെ ഉണ്ടായിരുന്ന എന്ന അവസ്ഥ,മേലിൽ കഥകളിമത്സരങ്ങളിൽ പങ്കെടുക്കില്ല എന്നു മത്സരാർത്ഥികൾ ശപഥം ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തിച്ചു.പാവം വിധികർത്താക്കൾ!ശിഷ്യസമ്പത്തിന്റെ ബലം,കഥകളിക്കരാറുകളുടെ ‘മഹിമ’ ഇതൊക്കെ തള്ളിക്കളയാനാവുന്ന കാര്യങ്ങളാണോ?കുട്ടികൾക്കെന്തറിയാം!

കഥകളിസംഗീതമത്സരത്തിൽ നടന്ന സമ്മാനവർഷത്തിനു നേതൃത്വം കഥകളിയുടെ ഉത്ഭവകേന്ദ്രത്തിൽ നിന്നുള്ള ആചാര്യനായിരുന്നു.ശിഷ്യന്റെ മകൻ,ശിഷ്യന്റെ ശിഷ്യകൾ-അങ്ങനെ സമ്മാനം വാരിവിതറുന്നത് അദ്ദേഹത്തിന്റെ ഉദാരമനസ്കത കൊണ്ടായിരിക്കണം.

.അപൂർവ്വമായ മനപ്പൊരുത്തത്തിലൂടെ ഒരുപാട് ഒന്നാംസ്ഥാനക്കാരെ കണ്ടെത്തുന്ന ഈ ജാലവിദ്യ മന്ത്രരൂപത്തിൽ മറ്റു വിധികർത്താക്കൾക്കു കൂടി ചെവിയിൽ ഉപദേശിച്ചു കൊടുക്കുകയാണെങ്കിൽ അവർക്കും അതു വലിയ ഉപകാരമായിരിക്കുംഅപ്പീലുകൾ കുറേക്കൂടി ഉദാരമായി അനുവദിക്കുകയാണെങ്കിൽ,അടുത്തവർഷം മുതൽ നമുക്ക് കൂടുതൽ ‘ഒന്നാം സ്ഥാന’ക്കാരെ ഉൽ‌പ്പാദിപ്പിക്കാനാവും.അങ്ങനെ ‘ഫസ്റ്റ്’ എന്ന വാക്കിനെ ഉന്മൂലനം ചെയ്തുകൊണ്ട് നമുക്ക് കലോത്സവങ്ങളെ കൂടുതൽ രണ്ടാംതരമാക്കാം.കുട്ടികളുടെ കണ്ണീരും ശപഥങ്ങളും ഉത്സവത്തിരക്കുകളിൽ ഒലിച്ചുപൊയ്ക്കൊള്ളും,അടുത്ത തലമുറയുടെ മനസ്സിൽ കഥകളിയെപ്പറ്റി വളരെ നല്ലൊരഭിപ്രായവും രൂപപ്പെടും. എല്ലാ കഥകളിപ്രേമികളുടെയും സഹകരണം ഇവർക്കു ലഭിക്കട്ടെ!