Thursday, January 28, 2010

വിധിനിർണ്ണയത്തിലെ വിധികൾ


യുവജനോത്സവത്തെക്കുറിച്ച് പരാതികളുണ്ടാവുക,വിധിനിർണ്ണയത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുക തുടങ്ങിയ കലാപരിപാടികൾ എക്കാലവും കലോത്സവത്തിന്റെ ഭാഗമാണ്,അതിൽ പുതുതായൊന്നുമില്ല.പക്ഷേ,കഥകളി പോലെ,പ്രയോക്താക്കളും ആസ്വാദകരും താരത‌മ്യേന ന്യൂനപക്ഷമായ ക്ലാസിക്കൽ കലാരൂപത്തിന്റെ വിധിനിർണ്ണയത്തിൽ നടക്കുന്നതായി മനസ്സിലാവുന്ന അപായകരമായ പ്രവണതകൾ,ചോദ്യം ചെയ്യാതിരിക്കാനാവില്ല.യുവജനോത്സവകഥകളി കൊണ്ട് കഥകളിക്കെന്തു പ്രയോജനം എന്നത് വേറെ ചോദ്യമാണ്.വിവിധകലാരൂപങ്ങളിൽ പ്രവീണരായ കലാപ്രതിഭകൾക്ക് അവസരമൊരുക്കുകയും അവയിൽ മികച്ച കലാകാരൻ/കാരി കളെ കണ്ടെത്തുകയും ചെയ്യുന്ന ഇത്തരമൊരു ബൃഹത്തായ കലാമേളയിൽ,കഥകളിയും കഥകളിസംഗീതവും മത്സരയിനമായി ഉൾപ്പെട്ടിരിക്കുന്നിടത്തോളം അവ സുപ്രധാനമായിത്തന്നെ കാണണം.ഇത്തവണ കോഴിക്കോടു വെച്ചു നടന്ന സംസ്ഥാനയുവജനോത്സവത്തിലെ കഥകളി/കഥകളിസംഗീതമത്സരങ്ങളിലെ വിചിത്രമായ വിധിനിർണ്ണയരീതി ഓരോ കഥകളിപ്രേമിയും അറിഞ്ഞിരിക്കേണ്ടതാണ്.

1)കഥകളിസംഗീതം(ഹയർസെക്കന്ററി വിഭാഗം,പെൺകുട്ടികൾ)

2)കഥകളി(സിംഗിൾ,ഹയർസെക്കന്ററി വിഭാഗം,പെൺ‌കുട്ടികൾ)

3)കഥകളി(സിംഗിൾ,ഹൈസ്കൂൾ വിഭാഗം,പെൺ‌കുട്ടികൾ)

മേൽ പരാമർശിച്ച ഇനങ്ങൾക്ക് സ്റ്റേജിൽ വെച്ച് ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ ഒന്നിലധികം ഒന്നാം സ്ഥാനക്കാരുണ്ടായി.(ഇനി അപ്പീലിലൂടെ എത്ര ഒന്നാം സ്ഥാനക്കാർ ഉണ്ടായോ ആവോ?)

ഒന്നിലധികം മത്സരാർത്ഥികൾക്ക് ഒന്നാം സ്ഥാനം വീതിച്ചു നൽകുന്ന ഈ കലാദർശനം തീരെ മനസ്സിലാക്കാനാവാത്തതാണ്.ഒന്നിലധികം ഒന്നാം സ്ഥാനക്കാർ വരണമെങ്കിൽ എന്തു വേണമെന്നു ചിന്തിക്കാം.നൂറിൽ ആണ് മത്സരത്തിൽ മാർക്ക് ഇടുന്നത്.ഒന്നുകിൽ എല്ലാ വിധികർത്താക്കണം ഒരേ മാർക്ക് തന്നെ യാദൃശ്ചികമായി ഇടണം.ഉദാഹരണത്തിന്,എല്ലാ വിധികർത്താക്കളും 75മാർക്ക് ഒന്നാം സ്ഥാനം നൽകുന്ന രണ്ടോ അതിലധികമോ മത്സരാർത്ഥികൾക്ക് കൃത്യമായി ഇടുന്നു.പരസ്പരം ചർച്ചചെയ്തല്ല വിധി നിർണ്ണയം നടത്തപ്പെടുന്നത്.അത്യപൂർവ്വമായ മനപ്പൊരുത്തമുള്ള നമ്മുടെ വിധികർത്താക്കൾക്ക് ഒരേ മട്ടിൽ ചിന്തിക്കാനുള്ള ദിവ്യവരം ലഭിക്കുന്നതിലൂടെയാണ് ഇതു സാദ്ധ്യമാവുക.അല്ലെങ്കിൽ,ഓരോ വിധികർത്താക്കളുടേയും മാർക്കുകളെ സമീകരിക്കും വിധത്തിൽ മാർക്കുകൾ വീഴണം.രണ്ടുപേർ പത്തുമാർക്ക് കുറച്ചിട്ട മത്സരാർത്ഥിക്ക് മൂന്നാം വിധികർത്താവ് പത്തുമാർക്ക് കൂടുതൽ കൊടുക്കുന്നു-എന്നിങ്ങനെ.എന്തായാലും ഈ യാദൃശ്ചികത ഇങ്ങനെ തുടർച്ചയായി സംഭവിക്കുന്ന മായാജാലം എന്താണെന്നു അവർക്കു മാത്രമേ പറയാനാവൂ.

എങ്കിൽ വിധിനിർണ്ണയമെന്തിന്?

----------------------------------------

ഒന്നിലധികം ഒന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാൻ പ്രസ്തുതവിഷയത്തിൽ പ്രവീണരായ വിധികർത്താക്കളുടെ ആവശ്യമെന്താണ്?അനേകവർഷങ്ങൾ നീണ്ട കഠിനപ്രയത്നം കൊണ്ടും സാധകബലം കൊണ്ടും മാത്രം കരഗതമാവുന്ന പ്രകടനവൈദഗ്ദ്ധ്യമാണല്ലോ കഥകളി /കഥകളി സംഗീതം പോലുള്ള കലാരൂപങ്ങൾക്കുള്ളത്.ഹൈസ്കൂൾ ഹയർസെക്കന്ററി തലത്തിലുള്ള മത്സരാർത്ഥികളായ കുട്ടികൾ എത്രമേൽ നന്നായി ചെയ്താലും,സൂക്ഷ്മതലത്തിലുള്ള പിഴവുകൾ ഒരു നിപുണനേത്രത്തിനു കണ്ടെത്താനാവും എന്നതു നിശ്ചയമാണ്.അതുകൊണ്ടു തന്നെ കൂട്ടത്തിൽ ഏറ്റവും മികച്ച ‘ഒന്നി’നെ കണ്ടെത്താനും കഴിയും.അപ്പോൾ,ഒന്നാം സ്ഥാനമെന്ന പേരിനെ നിരർത്ഥകമാക്കിക്കൊണ്ടു നടക്കുന്ന ഈ ഒന്നാംസ്ഥാനപ്പെരുമഴയുടെ അർത്ഥമെന്താണ്?“ഒന്നാം സ്ഥാ‍നം”എന്ന വാക്കിന്റെ അർത്ഥം എന്താണ്?ഇനി ബഷീർ പറഞ്ഞപോലെ ഒന്നും ഒന്നും കൂടുമ്പോൾ “ഇമ്മിണി വല്യ ഒന്ന്”ഉണ്ടാവുന്നു എന്ന താത്വികദർശനം ആവുമോ എന്തോ?

കോഴിക്കോടു നടന്നതെന്ത്?

----------------------------------

കോഴിക്കോടു നടന്ന കഥകളിമത്സരങ്ങളിൽ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തവർ കിഴക്കിന്റെ വെനീസിൽ നിന്നുള്ള ആശാന്റെയും,കല്ലുവഴിസമ്പ്രദായത്തിന്റെ ഈറ്റില്ലത്തു നിന്നുള്ള ആശാന്റെയും ശിഷ്യഗണങ്ങളാണ്.കഥകളിയുടെ വിധി നിർണ്ണയം-പ്രത്യേകിച്ച് കഥകളി സിംഗിൾ/കഥകളിസംഗീതം ഇനങ്ങൾ പക്ഷപാതപരമായി സ്വാധീനിക്കപ്പെട്ടു എന്ന് പരക്കെ ആക്ഷേപമുണ്ട്.കലാമണ്ഡലത്തിലേയും കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേയും പ്രഗത്ഭകലാകാരന്മാർ അടങ്ങുന്ന ജഡ്ജിങ്ങ് പാനലിനെ സ്വാധീനിക്കാൻ മേൽ‌പ്പറഞ്ഞ സമ്മാനം ‘വാങ്ങുന്ന’ ആശാന്മാർക്കു പുറമേ കഥകളിരംഗത്തെ അതികായരുടെ ബന്ധുക്കൾ വരെ ഉണ്ടായിരുന്ന എന്ന അവസ്ഥ,മേലിൽ കഥകളിമത്സരങ്ങളിൽ പങ്കെടുക്കില്ല എന്നു മത്സരാർത്ഥികൾ ശപഥം ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തിച്ചു.പാവം വിധികർത്താക്കൾ!ശിഷ്യസമ്പത്തിന്റെ ബലം,കഥകളിക്കരാറുകളുടെ ‘മഹിമ’ ഇതൊക്കെ തള്ളിക്കളയാനാവുന്ന കാര്യങ്ങളാണോ?കുട്ടികൾക്കെന്തറിയാം!

കഥകളിസംഗീതമത്സരത്തിൽ നടന്ന സമ്മാനവർഷത്തിനു നേതൃത്വം കഥകളിയുടെ ഉത്ഭവകേന്ദ്രത്തിൽ നിന്നുള്ള ആചാര്യനായിരുന്നു.ശിഷ്യന്റെ മകൻ,ശിഷ്യന്റെ ശിഷ്യകൾ-അങ്ങനെ സമ്മാനം വാരിവിതറുന്നത് അദ്ദേഹത്തിന്റെ ഉദാരമനസ്കത കൊണ്ടായിരിക്കണം.

.അപൂർവ്വമായ മനപ്പൊരുത്തത്തിലൂടെ ഒരുപാട് ഒന്നാംസ്ഥാനക്കാരെ കണ്ടെത്തുന്ന ഈ ജാലവിദ്യ മന്ത്രരൂപത്തിൽ മറ്റു വിധികർത്താക്കൾക്കു കൂടി ചെവിയിൽ ഉപദേശിച്ചു കൊടുക്കുകയാണെങ്കിൽ അവർക്കും അതു വലിയ ഉപകാരമായിരിക്കുംഅപ്പീലുകൾ കുറേക്കൂടി ഉദാരമായി അനുവദിക്കുകയാണെങ്കിൽ,അടുത്തവർഷം മുതൽ നമുക്ക് കൂടുതൽ ‘ഒന്നാം സ്ഥാന’ക്കാരെ ഉൽ‌പ്പാദിപ്പിക്കാനാവും.അങ്ങനെ ‘ഫസ്റ്റ്’ എന്ന വാക്കിനെ ഉന്മൂലനം ചെയ്തുകൊണ്ട് നമുക്ക് കലോത്സവങ്ങളെ കൂടുതൽ രണ്ടാംതരമാക്കാം.കുട്ടികളുടെ കണ്ണീരും ശപഥങ്ങളും ഉത്സവത്തിരക്കുകളിൽ ഒലിച്ചുപൊയ്ക്കൊള്ളും,അടുത്ത തലമുറയുടെ മനസ്സിൽ കഥകളിയെപ്പറ്റി വളരെ നല്ലൊരഭിപ്രായവും രൂപപ്പെടും. എല്ലാ കഥകളിപ്രേമികളുടെയും സഹകരണം ഇവർക്കു ലഭിക്കട്ടെ!

26 comments:

Appu Adyakshari said...

സമയോചിതമായ പ്രതികരണം. പറഞ്ഞകാര്യങ്ങളും വളരെ കാര്യമാത്രപ്രസക്തം. നന്ദി

krish | കൃഷ് said...

നല്ല അവലോകനം.
കഥകളി മാത്രമല്ല, മറ്റു കലാരൂപങ്ങളും അവതരിപ്പിക്കുന്നതില്‍ പലരും അതില്‍ നല്ലപോലെ പ്രാവീണ്യം നേടിയവരോ, അത് തുടര്‍ന്ന് കൊന്‍ട് പോകാന്‍ താല്പര്യമുള്ളവരോ അല്ല.
മറിച്ച് ഏതുവിധേനെയും ഒന്നാം സ്ഥാനവും എ-ഗ്രേഡും നേടി അതിലൂടേ ഗ്രേസ് മാര്‍ക്ക് നേടി പ്രൊഫഷണല്‍ കോഴ്സുകളില്‍ സീറ്റ് ഉറപ്പിക്കുക കൂടി ലക്ഷ്യമുണ്ട്.
അതുകൊണ്ട് കൂടിയാവണം സമ്മാനം ഉറപ്പിക്കാന്‍ കാശെറിഞ്ഞ് വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്.

ജിജ സുബ്രഹ്മണ്യൻ said...

കലയെ സ്നേഹിക്കുന്ന ആർക്കും നൊമ്പരമുളവാക്കുന്ന അവസ്ഥ ആണിത്.നന്നായി പഠിച്ച് മത്സരിക്കാൻ വരുന്ന കുട്ടികൾക്ക്, ജഡ്ജസിന്റെ പക്ഷപാതപരമായ നിലപാടുകൾ കാണുമ്പോൾ മത്സരം തന്നെ ഉപേക്ഷിക്കാൻ തോന്നിയില്ലെങ്കിലല്ലേ അത്ഭുതം.യുവജനോത്സവങ്ങളിൽ സമ്മാനം നേടി പത്രമാദ്ധ്യമങ്ങളിൽ പേരു വരുക എന്നത് ജീവിതലക്ഷ്യമായി നടക്കുന്നവർ ജഡ്ജസിനെ സ്വാധീനിക്കും.അവർ കലയെ അല്ല സ്നേഹിക്കുന്നത്.പ്രശസ്തിയെ ആണു.സമയോചിതമായ പോസ്റ്റ് വികടശിരോമണി.

Divakaran M V said...

Nice Comment,,, you have to review the Bharathanatyam, mohiniyattam etc also..

അനില്‍@ബ്ലൊഗ് said...

നൂറു മാര്‍ക്കിട്ട് മൂല്യനിര്‍ണ്ണയം നടത്തുന്ന മത്സരങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഒന്നാം സമ്മാനക്കാര്‍ വരാനുള്ള സാധ്യത എത്രയാണെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്നതാണ്. പല മത്സരങ്ങളിലും വിധികര്‍ത്താക്കള്‍ ഇടുന്ന മാര്‍ക്കിന്റെ അന്തരമാവട്ടെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതുമല്ല. ഒന്നുകില്‍ വിധികര്‍ത്താക്കള്‍ പ്രസ്തുത വിഷയത്തില്‍ യാതൊരു ഗ്രാഹ്യവുമില്ലാത്തവര്‍ ആയിരിക്കണം, അല്ലെങ്കില്‍ തികഞ്ഞ പക്ഷപാതം കാണിക്കുന്നതാവണം.

എന്തായാലും കഥകളിപോലെയുള്ള മത്സരങ്ങളില്‍ കുറേ സ്ഥിരം ജേതാക്കളുണ്ടാവും, ഉള്ള സമ്മാനങ്ങള്‍ അവര്‍ പങ്കിട്ടെടുക്കുകയും ചെയ്യും , ആര്‍ക്കും പരാതി വേണ്ടല്ലോ.

ഈ യുവജനോത്സവത്തിലെ മത്സരം അങ്ങു നിര്‍ത്തുകയാവും നന്നാവുക.

മനോജ് കുറൂര്‍ said...

വി. ശി. ഏറെക്കാലം കൂടിയുള്ള പോസ്റ്റിനു സ്വാഗതം.

ചെണ്ടയുമായി ബന്ധപ്പെട്ട മത്സര ഇനങ്ങളില്‍ സംസ്ഥാന യുവജനോത്സവത്തില്‍ കുറേ തവണ വിധികര്‍ത്താവാകാന്‍ നിര്‍ഭാഗ്യം ഉണ്ടായിട്ടുള്ള ഒരാളാണു ഞാന്‍. കോഴിക്കോടും അതേനിര്‍ഭാഗ്യം എന്നെ പിന്തുടര്‍ന്നു. ഇതുവരെ എന്നെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചതായി എനിക്ക് അനുഭവമില്ല. എന്നാലും മറ്റുള്ളവരുടെ കാര്യത്തിലും അത്തരം സംഭവങ്ങള്‍ ഇല്ല/ഉണ്ട് എന്നു പറയാനും എനിക്കാവില്ല.

പിന്നെ,
യുവജനോത്സവത്തിന്റെ നിയമം അനുസരിച്ച് ഒന്ന്, രണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വിധികര്‍ത്താക്കള്‍ പ്രഖ്യാപിക്കരുത് എന്നതാണ് ചട്ടം. ചെണ്ടയുടെ ‘വിധി’ ഞാന്‍ ആണു പ്രഖ്യാപിച്ചത്. ഏ ഗ്രേഡ് മാത്രമാണു ജഡ്ജസ് പ്രഖ്യാപിക്കുന്നത്.

പിന്നെ ഒരേ മാര്‍ക്കിന്റെ കാര്യം സാധാരണ ഗതിയില്‍ യാദൃച്ഛികമാകാനേ വഴിയുള്ളൂ എന്നു പറഞ്ഞാല്‍ പിണങ്ങരുത്. കാരണം മൂന്നു വിധികര്‍ത്താക്കള്‍ (കഴിഞ്ഞ വര്‍ഷത്തിനു മുന്‍പു വരെ 5 പെര്‍)മാര്‍ക്ക് ഇടുന്നത് അതതു വിഷയവുമായി ബന്ധപ്പെട്ട വിവിധ ഗുണങ്ങളെ അടിസ്ഥനമാക്കി 100 നെ പലതായി വിഭജിച്ച് ഓരോ മാനദണ്ഡത്തിനും പ്രത്യേകം മാര്‍ക്ക് ഇടുകയും അതു നൂറില്‍ കൂട്ടി എഴുതുകയുമാണ്. ഉദാഹരണത്തിനു 20 വീതമുള്ള 5വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ലഭിച്ച മാര്‍ക്ക് 100 ല്‍ കൂട്ടിയെഴുതുന്നു. 16, 15, 14, 10, 18 എന്നിങ്ങനെ ലഭിച്ച മാര്‍ക്കുകാള്‍ കൂട്ടിയെഴുതിയാല്‍ 73 ലഭിക്കുന്നു. ഇങ്ങനെ മൂന്നു വിധികര്‍ത്താക്കളും മാര്‍ക്ക് ഇട്ട ശേഷം അവതമ്മില്‍ കൂട്ടി ശരാശരി എടുക്കുമ്പോള്‍ ഒന്നിലേറെപ്പേര്‍ക്ക് ഒരേ മാര്‍ക്കു വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പലപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്. മൂന്നു വിധികര്‍ത്താക്കളും മുന്‍‌കൂട്ടി തീരുമാനിച്ച് ഒരേ മാര്‍ക്ക് നല്‍കുക എന്നത് അസംഭവ്യമാണെന്നാണ് അനുഭവത്തില്‍നിന്നും സാമാന്യബുദ്ധിയില്‍നിന്നും തോന്നുന്നത്.

കഥകളിസംബന്ധമായ മത്സരങ്ങളില്‍ എന്താണു നടന്നത് എന്ന് അറിയാത്തതുകൊണ്ട് പറയുന്നില്ല. സാമാന്യരീതി വിശദീകരിച്ചു എന്നുമാത്രം.

വികടശിരോമണി said...

പ്രിയ മനോജ്,
ഏറെക്കാലം കൂടി കാണാൻ കഴിയുമ്പോഴുള്ള ഒരു സന്തോഷാണ്,ആദ്യം പറയാനുള്ളത്.
പല തവണ വിധികർത്താവാകേണ്ട ദൌർഭാഗ്യം എന്നെയും പിന്തുടർന്നിട്ടുണ്ട്.മാർക്ക് വിഭജിച്ചിടുന്ന രീതിശാസ്ത്രവും അതുകൊണ്ട് സുപരിചിതമാണ്.അതിനായി തന്നിരിക്കുന്ന വിശദീകരണങ്ങൾ തന്നെ എനിക്കിതുവരെ വ്യക്തമായിട്ടില്ല.അതുപോകട്ടെ.
പക്ഷേ,അത്തരമൊരു യാദൃശ്ചികതക്കുള്ള സാഹചര്യം വളരെ കുറവാണെന്നു തന്നെയാണ് എനിക്കിപ്പൊഴും തോന്നുന്നത്.മൂന്നോ അഞ്ചോ വിധികർത്താക്കൾക്ക് ഒരേ മാർക്ക്,അതും ഒന്നാം സ്ഥാനത്തിൽ മാത്രം വരുന്നത്,അതും ഒരു ഇനത്തിലല്ല,പല ഇനങ്ങളിൽ വരുന്നത്-അതൊട്ടും യാദൃശ്ചികമാവാൻ വഴിയില്ലല്ലോ.മുൻ‌കൂട്ടി നിശ്ചയിച്ചു മാർക്കിടാനുള്ള സാദ്ധ്യത കുറവാണ് എന്നതും യോജിക്കാനാവുന്നില്ല.വിഭജിത നിലയിലുള്ള മാർക്കാവില്ല ആദ്യമേ ധാരണയിലെത്തുക-ടോട്ടൽ ആയി കൊടുക്കേണ്ട മാർക്കിനെപ്പറ്റി ധാരണയുണ്ടാക്കിയാൽ മതിയല്ലോ.ആ ധാരണ അനുസരിച്ച് മാർക്ക് വിഭജിച്ചുനൽകാം.അങ്ങനെ ചെയ്യാൻ ഒരു ബുദ്ധിമുട്ടും സാമാന്യഗണിതം അറിയുന്നവർക്ക് ഉണ്ടാവുകയില്ല.
ചെണ്ടക്കു മനോജ് വിധികർത്താവായിരുന്നു എന്നറിഞ്ഞിരുന്നു.ഉടനേ ചോദിച്ചു-കവിതക്കാരായിരുന്നു?അതിനുള്ള ഉത്തരങ്ങൾ കേട്ടപ്പോൾ ചിരിക്കാതിരിക്കാനായില്ല.ആ തമാശ പോട്ടെ.
ഇക്കാര്യത്തിലൊക്കെയാണോ ചങ്ങാതീ പിണങ്ങുന്നത്?യുവജനോത്സവവും നമ്മളും തമ്മിലെന്ത് എന്നു ബൈബിളിൽ ക്രിസ്തു:)

Haree said...

• "യുവജനോത്സവകഥകളി കൊണ്ട് കഥകളിക്കെന്തു പ്രയോജനം..." - കഥകളിക്ക് പ്രയോജനമുണ്ടോ എന്നറിയില്ല, കുറച്ച് കലാകാരന്മാര്‍ക്ക് പ്രയോജനമുണ്ട്. പാട്ടും, മേളവുമൊക്കെ ലൈവായി തന്നെ വേണമല്ലോ.
• കഥകളി സംഗീതം സിംഗിള്‍ / ഡബിള്‍ ഇങ്ങിനെ വേര്‍തിരിച്ചുണ്ടോ? ആണ്‍കുട്ടികള്‍ക്ക് മത്സരമില്ലേ? അതോ ഈ വിഭാഗങ്ങളില്‍ മാത്രം ഒന്നില്‍ കൂടുതല്‍ ഒന്നാം സ്ഥാനക്കാരുണ്ടായി എന്നാണോ? അപ്പോള്‍ മറ്റു വിഭാഗങ്ങളുടെ വിലയിരുത്തലുകളില്‍ സ്വജനപക്ഷപാതം ഉണ്ടായില്ല?
• ഹ ഹ ഹ... കിഴക്കിന്റെ വെനീസു നിന്നുള്ള ആശാന്‍, കല്ലുവഴി ഈറ്റില്ലത്തു നിന്നുള്ള ആശാന്‍ - പേരു പറയണം. :-D
• മനോജ് കുറൂര്‍ പറഞ്ഞ രീതിയില്‍ ശരാശരി എടുക്കുമ്പോള്‍ തുല്യത പാലിക്കുവാന്‍ സാധ്യത ഇല്ലാതില്ല.
• വി.ശി. കണ്ടിരുന്നുവോ മത്സരങ്ങളെല്ലാം? ഒന്നാം സ്ഥാനം പലര്‍ക്കു നല്‍കി എന്നല്ലാതെ; അര്‍ഹതയില്ലാത്ത ആര്‍ക്കെങ്കിലും നല്‍കുകയും, അര്‍ഹതപ്പെട്ട ഒരാള്‍ക്കെങ്കിലും നല്‍കാതിരിക്കുകയും ചെയ്യുകയുണ്ടായോ? അങ്ങിനെയുണ്ടായെങ്കില്‍ അത് ഖേദകരമായി.

സത്യം പറഞ്ഞാല്‍ മാര്‍ക്കിട്ട് ഒന്ന്, രണ്ട് ഇങ്ങിനെ സ്ഥാനം നല്‍കുന്നതിനോട് വലിയ യോജിപ്പില്ല. അതൊരു കലയെയാവുമ്പോള്‍ പ്രത്യേകിച്ചും. ഗ്രേഡിംഗ് മതിയാവും.
--

thahseen said...

പണ്ടൊക്കെ യുവജനോതസവങ്ങള്‍ .. ഉത്സവങ്ങള്‍ ‍ തന്നെയായിരുന്നു .. ഇപ്പോഴുള്ള ഈ രീതികള്‍ കുട്ടികളുടെ മനസ്സില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ നിസ്സാരങ്ങളല്ല എന്നാണെനിക്കു പറയാനുള്ളത്
ധാരാളം മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒരാളാണ് ഞാന്‍ . അന്ന് മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ കണ്ടുമുട്ടി കൂട്ടുകാരായവര്‍ ഇന്നും കൂട്ടുകാരായി തുടരുന്നു .. കാലം മാറി .. നന്മ ഉണ്ടാകേണ്ട ഇടത്ത് തിന്മ വളരുന്നു ..

ചാണക്യന്‍ said...

വിധിനിർണ്ണയം പൂർണ്ണമായും സത്യസന്ധമായാണ് നടത്തി വരുന്നത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്....

അനിൽ പറഞ്ഞ പോലെ ഈ പരിപാടി വച്ച് മതിയാക്കുന്നതാണ് ഉത്തമം...:):):):)

സാപ്പി said...

അനാവശ്യമായ ചര്‍ച്ച... ക്ഷമിക്കണം സാപ്പിക്ക്‌ അങ്ങനെയേ തോന്നിയുള്ളൂ.... പോസ്റ്റ്‌ മുഴുവന്‍ വായിച്ചിട്ടും....

വേണു venu said...

കാശെറിഞ്ഞ് വിധി അനുകൂലമാക്കുക എന്ന ജനാധിപത്യം ഇവിടെയും മിന്നാന്‍ തുടങ്ങിയിരിക്കുന്നു. വി.ശി പറയുമ്പോലെ വിധികര്ത്താക്കളൊക്കെ ഒരേ മാന ദണ്ഡത്തിലെത്തുന്ന സൈക്ക് പുടി കിട്ടുന്നില്ല.

Senu Eapen Thomas, Poovathoor said...

കഥകളി കണ്ടിട്ട്‌ ഇത്‌ എന്ത്‌ കഥ എന്ന് ചോദിക്കുന്ന വിധി കര്‍ത്താക്കള്‍ ആണു ഇന്ന് യുവജനോത്സവത്തില്‍ എത്തുന്നതെന്ന് പൊതുവെ ആക്ഷേപമുണ്ട്‌.. പര്‍സ്യമായി പൈസാ ചോദിച്ച്‌ മാതാപിതാക്കളെ സമീപിക്കുന്ന ഇടനിലക്കാരെ മുട്ടി നടക്കാന്‍ വയ്യായെന്ന ആക്ഷേപമുണ്ട്‌. നാണമില്ലാത്തവന്റെ പറയാന്‍ വയ്യാത്ത ഇടത്ത്‌ ആലു കിളുര്‍ത്താല്‍ ഉം ഉം വളരട്ടെ, വളരട്ടെ .. അതു വെട്ടി പുതിയ വീടിനു കട്‌ളയ്ക്ക്‌ എങ്കിലുമാകുമെല്ലോ എന്ന് കരുതുന്ന ആള്‍ക്കാരുടെ ഇടയില്‍ നമ്മള്‍ പലതും കണ്ണടച്ച്‌ കണ്ടില്ലായെന്ന് നടിക്കുകയേ നിവര്‍ത്തിയുള്ളൂ.

കണ്ടില്ലെ ഈ അടുത്ത ഇട പഴയ മൂന്നാര്‍ ദൗത്യ സംഘ തലവന്‍ നമ്മുടെ പ്രിയങ്കരനായ സുരേഷ്‌ കുമാര്‍, കറുത്ത കൂളിംഗ്‌ ഗ്ലാസ്സ്‌ വെച്ച്‌ കണ്ണ്‍ അടച്ചത്‌.. അത്ര തന്നെ...

ഇനിയും എഴുതുക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ആസ്വാദകൻ said...

Vi Shi!!!! Nalla oru Bomb !! Athum venda vannam upayogikkan ...upayogichal "naasham" indavan sadippikum vannam..prayogikkan angayude samarthyathe..adiyan "nira kannukalode" thozhunnu!!! Bale!!!!

"Onnu" ennal entha?? ennu charcha cheythittu..."first" enna modernisathilekku povalle nallathu ennu thonni...nalla bhashayil kunjunni mashu paranjathu pole.."valavum cherivum onnumillathe oru kuriya varayaya.."onnu"..ennal engane valavillatha..onninu..sthaanam..kalpichal..ishi budhimuttayi..appo sthaana prashanam ayi...sthana prashanam..!!!!Athum kuttikalkidayilo.?.athokee ittiri "anakalkkidayilum...chila "dim kinnam" melangal matram kotti...veera shrigalakal..vangunna chilarkidayilokke alle!!! vendatha oruttam prashanam alle...!!!pinne kathakali avumbo...onnine valakkano???
edathunnu keri varano? nalanirunnu..damayathi...varano? ennokke chila "thekku thekku desha chindakal" pole oru "karinja" smell avunnille..??? ee "onnum" "sthaanavum" Yuvakkalkkayi...nammude vayasanmarude sarkkarum....thala narcha ..amarnnu oru "naliratti" kottano..aadano..kazhitha chilarum koodi..indakkunna oru thonnalanne..ee "Onnu"...kelavanmarude orooo "Pranthu" allandu enthu parayan?...Pinne "Onninu povan" enna vyajena "kozha" medichu "judge" cheyyunathinu pakaram..."kudumbathirikkam"!!! ee mahath vyathikalkku...athu..kalluvazhikkarayalum..."kizhakkinte venicekarayalum" Natyasangakkarayalum!!!...karanam...Haree "darikkathapole" yuvajanolsava kathakalikal kondu kathakali onnum nedunnilla ennu thanne alle sathyam..Ithokke "grade" kitti pareesha pasavanum..management seatil "injineeravanum..athura shrshrooshakkaravanum illa oru "valanja vazhiyalle??.."pozha nendiyum...ara pattini kedannum..amarnnu cholliyadiyum....varshangal kondu swayathamakiye..chilarkku vendi onnum allallo... Oru bhavagayakante .."veedu bank attach cheyyan povunnu..!!!ennulla choodan vartha koodi njan parayatte ivide..athinu enthengilum cheyyo..??ee "onnukarum ...silbandikalum..."???...Sahacharya vashal eee "onnu" sthaanam nediya oru "vambathiye" njan kandu ..."udabavathile ravan" aa vambathi adi... pakshe pavam kuttikku ravana sahodarangalil oral paranju vannappol "lakshmanan" ayippoyi enne..ullu...appo puranam onnu vayikkathe ee "onninu" pokkanne ullu ennu ente valiya.."nasya" manasu chindithu...namaha shivaya enne parayandu...nammude pavam kathakali innu verum "kathakalkkapuram ulla...kalikalkku" sakshi avunnu njanum athinne "katha ariyatha reethiyal ..aadikkan "god's own countryil" irunu shramikkunnu.....Kashtam...Shivoham!!!!!

Typist | എഴുത്തുകാരി said...

എനിക്കും അതു മനസ്സിലായിട്ടില്ല, ഒന്നില്‍ കൂടുതല്‍ ഒന്നാം സ്ഥാനക്കാര്‍ എങ്ങിനെ വരുന്നു എന്നു്. കാശു കൊടുത്ത് സമ്മാനം കിട്ടുന്ന രീതി വരെ എത്തി കാര്യങ്ങള്‍ എന്നു കേട്ടപ്പോള്‍ സങ്കടമാണ് തോന്നിയതു്.

G. Nisikanth (നിശി) said...

yuvaolsavangalile vidhi nirnnaya prshnangal pande nilavilullavayaanu. palathum nerittanubhavichariyaanum kazhinjittundu. vidhikarthaakkalude nerittulla idapedaliloote palarkkum sthaanangal poyathum labhichathum ariyaam. pinne ellaam oru chadangu pole nadakku ennu maathram. pinnampurathu kathakalum kaaryangalum thakruthiyaayi nadakkunnu... enthu parayaan, ellaam inganokke thanne...!!! :)

kaalika vishayangal charcha cheyyappedaan avasaramorukkunnathil aasamsakal....

sasneham
nisi

Kiranz..!! said...

സ്കൂൾ കാലഘട്ടം മുതൽ തന്നെ കലാ കായികപ്രവർത്തനങ്ങൾക്ക് മെഡിക്കൽ,എഞ്ചിനീയറിംഗ് സീറ്റുകൾ,മറ്റു മോനിട്ടറി ബെനിഫിറ്റുകളായ് എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ പിന്നെ വിലപിച്ചിട്ട് കാര്യമുണ്ടോ വിശിയണ്ണാച്ചി :)

Rajeeve Chelanat said...

കുട്ടികളുടെ വിധി! അല്ലാതെന്തു പറയാന്‍ വി.ശി.
എന്തായാലും ആലോചന നന്നായി.
അഭിവാദ്യങ്ങളോടെ

ശ്രീ said...

ഇങ്ങനെ ഒരു അവലോകനം നന്നായി.

യുവജനോത്സവ വേദികളിലെ 'കളികള്‍' തുടരുന്നു എന്നേ പറയാനാവൂ...

കപ്ലിങ്ങാട്‌ said...

"യുവജനോല്‍സവചരിതം" എന്ന ആട്ടക്കഥ ആറു ദിവസമായി നടത്താന്‍ ആലോചിക്കുന്നു, യുവജനോല്‍സവത്തിന്റെ അരങ്ങില്‍ തന്നെ. വേഷങ്ങള്‍ ഇപ്രകാരം:
വിധികര്‍ത്താക്കള്‍ - 1 ചുവന്നതാടി, 1 കത്തി, 1 ഭീരു
രക്ഷിതാക്കള്‍ - 1 കത്തി, 1 കരി
മല്‍സരാര്‍ത്ഥികള്‍ - ഒരു സ്ത്രീവേഷം, ഒരു കൃഷ്ണമുടി

രണ്ടു മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ യുവജനോല്‍സവവേദിയില്‍ വെച്ചു മൊട്ടിട്ട പ്രണയം വിധികര്‍ത്താക്കളും രക്ഷിതാക്കളും കൂടി തകര്‍ക്കുന്നതാണ്‌ പ്രമേയം. സങ്കേതപരമായി കൃഷ്ണമുടി വേഷത്തിന്റെ വക പതിഞ്ഞ ശൃംഗാരപദം, കത്തി, ചുകന്നതാടി, ഭീരു എന്നിവര്‍ കൂടിയുള്ള തിരനോക്ക്‌ തുടങ്ങിയ സവിശേഷതകളും ഉണ്ട്.

ആട്ടക്കഥ എഴുതിയത് കലി, ദ്വാപരന്‍ എന്നീ രണ്ടുപേര്‍ കൂടിച്ചേര്‍ന്നാണ്‌. അതെങ്ങനെ സംഭവിച്ചു എന്നാണെങ്കില്‍ പണ്ട്, വളരെ പണ്ട്, ഇവര്‍ രണ്ടുപേര്‍ ഉല്‍സവം കാണാന്‍ വേദിയിലെത്തിയപ്പോഴേക്കും എല്ലാവരും അടിച്ചുപിരിഞ്ഞ് തിരിച്ചു പോയിരുന്നു (എന്തു ചെയ്യാം, വൈകിയെത്തുക പണ്ടേ ഉള്ള വീക്നെസ്സ് ആണ്‌). ആകെ ഡെസ്പ്പായ അവര്‍ ഒറ്റയിരിപ്പില്‍ എഴുതിത്തീര്‍ത്തതത്രേയീയാട്ടക്കഥ ! (ചോന്നാടി കെട്ടിയ കലിയുടെ അലര്‍ച്ച 3 നാഴിക ദൂരെ കേട്ടുവത്രെ!)

വേഷം കെട്ടാന്‍ താല്പര്യമുള്ളവര്‍ ഈമെയിലില്‍ ബന്ധപ്പെടുക.

ആസ്വാദകൻ said...

കപ്ലിങ്ങാട് മഹാമഹാ..ബലേ...എന്നു പറയെണ്ടു..പുത്തൻ കളികൾ ആലൊചിക്കാൻ..സമയം കണ്ടെത്തുന്നതു പ്രശംസനീയം തന്നെ..പിന്നെ ക്രിഷ്ണമുടിയുടെ ശ്രിഗാരം കുറച്ഛ് “വിപ്രലംഭം” ആക്കിയാൽ..കാണികൾ ഇണ്ടാവുകയും,ഒരു ത്രിപുട താളത്തിലാച്ചാൽ..പെട്ടെന്നു ..വട്ടം തട്ടി ..കലാശിച്ചു..ഒടുകയും ചെയ്യാലൊ...എല്ലാം ഇപ്പൊ ഒരു “കാപ്സ്യുൾ” അല്ലെശ്ടൊ..ശിവൊഹം...

Anonymous said...

Hai,
Vikada Siromani!
Very nice article. Really apprecite your view. Kalluvazi analum Kizhakkan Veneeze ayalum Jamcha undu. Illennu Kuroor paranjal engine sammathikkum. Padmanabhan Nair polum Sekharante studentinu support cheythittundu.

Janardhanan, Malakkara

Sureshkumar Punjhayil said...

:)
Ashamsakal...!!!

Anonymous said...

..

ഡോ. മഞ്ജുഷ വി പണിക്കർ said...

വികടശിരോമണി...
ഞാന്‍ 'തൌര്യത്രികം' ​വായനക്കാരിയാണ്. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ 'നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനങ്ങള്‍' എന്ന വിഷയത്തില്‍ ഗവേഷണം ​പൂര്‍ത്തിയായിവരുന്നു. എന്റെ ഗവേഷണത്തിന്‌ താങ്കളുടെ ബ്ലോഗ് വളരെ സഹായകമായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. പക്ഷപാതരഹിതമായ ഈ കഥകളി ആസ്വാദനങ്ങള്‍ കലാലോകത്തിന്‌, വിശേഷിച്ച് കഥകളിലോകത്തിന്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ തര്‍ക്കമില്ല.
സ്നേഹാദരങ്ങളോടെ
മഞ്ജുഷ

Dr. T. S. Madhavankutty said...

പ്രിയപ്പെട്ട വികടശിരോമണി,
ഒരു ഓഫ് ടാക്ക്. മുഖചിത്രം വർണ്ണക്കൂടുതൽ കാരണം കണ്ണിന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിറത്തിന്റെ ക്കടുപ്പം ക്കുറയ്ക്കാൻ പറ്റുമോ.
മ്മധവൻ കുട്ടി