Thursday, January 22, 2009

നിണം!കളിയരങ്ങിലെ ഭീകരവിസ്മയം!

നാസികാകുചങ്ങൾ ഛേദിക്കപ്പെട്ട്,രക്താഭിഷിക്തയായി,“അയ്യയ്യയ്യയ്യോ…”എന്ന ദീനരോദനവുമായി,പന്തങ്ങളിലെറിയുന്ന തെള്ളിപ്പൊടിയുടെ ജാജ്വല്യപ്രഭയിൽ,പാഞ്ഞുവരുന്ന ഭീകരസത്വം!നിണം!ബാല്യത്തിലെങ്ങാനും ആ കഥകളിക്കാഴ്ച്ച കണ്ടാൽ,ആജന്മം ആ നടുക്കം മനസ്സിൽനിന്നു പോകുമെന്നു തോന്നുന്നില്ല.സ്ത്രീത്വത്തിന്റെ അത്യന്തദയനീയമായ ആ അവസ്ഥയുടെ ദു:ഖമല്ല,ഭീകരമായ രാക്ഷസീയതയുടെ ഭീതിയും ആമൂലാഗ്രം മാംസവും രക്തവും ചിതറിയ ശരീരത്തിന്റെ ജുഗുപ്‌സയുമാണ് നിണക്കാഴ്ച്ച ഉൽ‌പ്പാദിപ്പിക്കുന്നത്.നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഈ ദൃശ്യവിസ്മയത്തിനായി ഒരുങ്ങാനെടുക്കുന്ന മണിക്കൂറുകളുടെ മനുഷ്യപ്രയത്നങ്ങൾ സാർത്ഥകമാകുന്നതും അവിടെയാണ്.


കഥാസന്ദർഭങ്ങൾ : അനിയന്ത്രിതമായ കാമനകൾക്കോ,പ്രത്യേക കാര്യനിർവ്വഹണത്തിലെ പരാജയത്തിനോ അടിപ്പെട്ട്, മൂക്കും മുലയും ഛേദിക്കപ്പെട്ടു രക്താഭിഷിക്തയായി,ആ വാർത്തയറിയിക്കാനായി പാഞ്ഞുവരുന്ന അസുര-രാക്ഷസീരൂപമാണ് നിണം.കഥകളിയിൽ നാലു സന്ദർഭങ്ങളിലാണ് നിണം വിധിച്ചുകാണുന്നത്:
ഖരവധം:ശൂർപ്പണഖ
കിർമീരവധം:സിംഹിക
നരകാസുരവധം:നക്രതുണ്ഡി
ശൂരപത്മാസുരവധം:അജമുഖി
ഇവയിൽ,നരകാസുരവധവും കിർമീരവധവും മാത്രമേ ഇപ്പോൾ അരങ്ങിൽ നടപ്പുള്ളൂ.രണ്ടുകഥകളിലും വ്യത്യസ്തമായ രണ്ടു സന്ദർഭങ്ങളിലാണ് നാസികാകുചഛേദനം നടക്കുന്നത്.
നരകാസുരവധം:നക്രതുണ്ഡിയെന്ന ഘോരരാക്ഷസി,നരകാസുരന്റെ കൽ‌പ്പനപ്രകാരം ദേവസ്ത്രീകളെ അപഹരിക്കാനായി സ്വർഗത്തിലെത്തുന്നു.അവിടെ വെച്ച് അവൾ,ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് അനുരക്തയാകുന്നു.തന്റെ ഭീകരമായ രാക്ഷസീരൂപം വെടിഞ്ഞ്,സുന്ദരിയായ ലളിതാരൂപം ധരിച്ച് ജയന്തസമീപത്തെത്തുന്ന നക്രതുണ്ഡി പലപാടുപറഞ്ഞുനോക്കിയെങ്കിലും,അച്ഛന്റെ അനുമതി കൂടാതെ താൻ വിവാഹം ചെയ്യുകയില്ല എന്ന് ജയന്തൻ തീർത്തുപറയുന്നു.ഒരുതരത്തിലും തന്റെ അഭീഷ്ടം സാധ്യമാവില്ലെന്നു തിരിച്ചറിയുന്ന നക്രതുണ്ഡി,ഘോരമായ സ്വരൂപം ധരിച്ച്,ജയന്തനെ നേരിടുന്നു.ജയന്തൻ നക്രതുണ്ഡിയുടെ നാസികാകുചങ്ങൾ അരിഞ്ഞ് വിടുന്നു.അതികഠിനമായ വേദനയാൽ പുളഞ്ഞലറി,നരകാസുരന്റെ മുന്നിലേക്ക് നക്രതുണ്ഡി പാഞ്ഞുപോകുന്നു.ഈ സമയം,ഉദ്യാനത്തിൽ തന്റെ പത്നിയുമായി സല്ലപിക്കുകയായിരുന്ന നരകാസുരൻ,എന്തോ ഭയങ്കരമായ ശബ്ദം കേട്ട്,അതെന്താണെന്ന് ശങ്കിക്കുന്നു.ആകാശത്തിൽ പർവ്വതങ്ങൾ കൂട്ടുമുട്ടുന്ന ശബ്ദമാണോ,സമുദ്രജലം കരകയറിവരുന്ന ശബ്ദമാണോ എന്നിങ്ങനെ പലതും ശങ്കിക്കുന്ന നരകാസുരൻ,(ശബ്ദവർണ്ണന)ദൂരെനിന്നും അത്യുച്ചത്തിലുള്ള നിലവിളിയുമായി ഓടിവരുന്ന നക്രതുണ്ഡിയെ കാണുന്നു.ഇതാണ് നരകാസുരവധത്തിലെ നിണത്തിന്റെ സന്ദർഭം.തുടർന്ന് നക്രതുണ്ഡിയിൽ നിന്ന് വൃത്താന്തങ്ങളറിയുന്ന നരകാസുരൻ,സൈന്യസമേതനായിച്ചെന്ന് ഇന്ദ്രനെ പോരിനുവിളിക്കുകയും,ഇന്ദ്രനെ തോൽ‌പ്പിച്ച് സ്വർഗം കീഴടക്കുകയും ചെയ്യുന്നു.
കിർമീരവധം:പാണ്ഡവരുടെ വനവാസകാലത്ത്,പാണ്ഡവർ കാമ്യകവനത്തിൽ താമസിക്കവേ,ശാർദ്ദൂലൻ എന്ന ഒരു രാക്ഷസൻ അർജ്ജുനനോടേറ്റുമുട്ടുകയും യുദ്ധത്തിൽ ശാർദ്ദൂലൻ കൊല്ലപ്പെടുകയും ചെയ്തു.ഈ വാർത്തയറിഞ്ഞ ശാ‍ർദ്ദൂലപത്നിയായ സിംഹിക,പാണ്ഡവരോട് പ്രതികാരമായി പാഞ്ചാലിയെ അപഹരിക്കാനുറച്ച് ലളിതാരൂപം പൂണ്ട് പാഞ്ചാലിക്കടുത്തെത്തി.പാണ്ഡവർ സന്ധ്യാവന്ദനത്തിനു പോയ നേരമായിരുന്നു അത്.അടുത്തൊരു ദുർഗാക്ഷേത്രമുണ്ടെന്നും,അവിടെപ്പോയി പ്രാർത്ഥിച്ചാൽ ഭർത്താക്കന്മാരുടെ ആപത്തുകൾ നീങ്ങുമെന്നും പാഞ്ചാലിയെ പറഞ്ഞുവിശ്വസിപ്പിച്ച്,സിംഹിക അവളേയും കൊണ്ടു യാത്രയായി.എന്നാൽ മാർഗമധ്യേ ദുഃശ്ശകുനങ്ങൾ കണ്ട് പാഞ്ചാലി മടങ്ങിപ്പോരാൻ തുനിഞ്ഞപ്പോൾ,സിംഹിക ലളിതാവേഷം ഉപേക്ഷിച്ചു രാക്ഷസീരൂപം പൂണ്ട് ബലാൽക്കാരേണ അവളെ പിടിച്ചുകൊണ്ടുപോകാനൊരുങ്ങി.പാഞ്ചാലിയുടെ വിലാപം കേട്ട് ഓടിയെത്തിയ സഹദേവൻ സിംഹികയുടെ കുചനാസികകൾ അരിഞ്ഞ് അവളെ വിരൂപയാക്കി അയച്ചിട്ട് പാഞ്ചാലിയെ മോചിപ്പിച്ചു.ദേവകളെ ജയിക്കാനായി ശിവപൂജ ചെയ്തുകൊണ്ടിരുന്ന കിർമീരനെന്ന തന്റെ സഹോദരന്റെ അടുത്തേക്ക് വിരൂപയാക്കപ്പെട്ട സിംഹിക രക്തത്തിൽ മുങ്ങി ഓടിച്ചെല്ലുന്നു.ഇതാണ് കിർമീരവധത്തിലെ നിണത്തിന്റെ സന്ദർഭം.സിംഹികയിൽ നിന്ന് വാർത്തയറിയുന്ന കിർമീരൻ,യുദ്ധത്തിനൊരുങ്ങി പാണ്ഡവസമീപത്തേക്കുചെല്ലുകയും,തുടർന്നുണ്ടായ യുദ്ധത്തിൽ ഭീമസേനൻ കിർമീരനെ വധിക്കുകയും ചെയ്യുന്നു.,ശാർദ്ദൂലനും സിംഹികയും കോട്ടയത്തുതമ്പുരാന്റെ ഭാവനാസൃഷ്ടികളാണ്.അവർ മഹാഭാരതത്തിലില്ല.
നരകാസുരവധത്തിലെ നക്രതുണ്ഡിയെ,കാമാതുരവൃത്തികളാണ് ആ അവസ്ഥയിലെത്തിക്കുന്നതെങ്കിൽ,കിർമീരവധം സിംഹികയെ പ്രതികാരദാഹമാണ് വിരൂപയാക്കുന്നത്.നരകാസുരവധത്തിൽ,നാസികാകുചഛേദനത്തിന്റെ പ്രതികാരം സ്വർഗ്ഗജയത്തോടെ നരകാസുരൻ പൂർത്തിയാക്കുന്നെങ്കിൽ,കിർമീരവധത്തിലെ പ്രതികാരനിർവ്വഹണത്തിന് കിർമീരന് സാധിക്കുന്നില്ല.
നിണമൊരുക്കുകൾ
---------------------
പെൺകരി വേഷത്തിൽ നിന്ന്,നിണമായി മാറാൻ കുറഞ്ഞസമയമാണ് സാധാരണവേഷക്കാരനു ലഭിക്കുക.നരകാസുരവധത്തിൽ,നരകാസുരന്റെ പതിഞ്ഞപദവും തുടർന്ന് വിസ്തരിച്ചുള്ള ശബ്ദവർണ്ണനയുമുള്ളതു കൊണ്ട് കുറച്ചുസമയം കൂടുതൽ ലഭിച്ചേക്കും,കിർമീരവധത്തിൽ കാര്യങ്ങൾ പെട്ടെന്നാകും.ഏതാണ്ട് അര-മുക്കാൽ മണിക്കൂറുകൊണ്ട് ഒരുങ്ങി,അഞ്ച്-പത്തുമിനിറ്റുകൾ മാത്രം നീളുന്ന ഒരു പ്രകാശനം ആണ് നിണത്തിന്റേത്.എന്നാൽ,നിണത്തിന്റെ ഒരുക്കുകൾ സവിശേഷമാണ്,കളിനടക്കുന്ന ദിവസം ഉച്ചക്കാരംഭിക്കുന്ന ഒരുക്കങ്ങൾ.അതിൽ വൈദഗ്ധ്യമുള്ളവർക്കേ ആ ഒരുക്കങ്ങൾ ഭംഗിയായി ചെയ്യാനുമാവൂ.
തിളപ്പിച്ച വെള്ളത്തിൽ ഉണക്കലരിയും മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ‘ചാന്ത്’എന്നു വിളിക്കുന്ന രക്തസമാനമായ കൊഴുത്തദ്രാവകം തയ്യാറാക്കുന്നത്.മാംസക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്ന അനുഭവം സൃഷ്ടിക്കാനായി ഈ കൊഴുത്ത ചുവപ്പുദ്രാവകത്തിലേക്ക് ഇളനീരു വെട്ടിയൊഴിക്കുന്നു.ഇളനീരിനകത്തെ വെള്ളനിറത്തിലുള്ള കാമ്പ് ചുരണ്ടിയിട്ടാൽ ശരിക്കും മാംസക്കഷ്ണങ്ങളെന്നേ തോന്നൂ.ഇതാണ് നിണത്തിന്റെ ആഹാര്യത്തിന് ജുഗുപ്സാവഹമായ അന്തരീക്ഷം നൽകുന്ന പ്രധാനഘടകങ്ങളിലൊന്ന്.കുരുത്തോലയുടെ ഈർക്കിലയോടുകൂടിയ ഭാഗം കീറിയെടുത്ത് ചങ്ങലപോലെ നിർമ്മിച്ച്,തുണികീറി മുറിച്ച് നിണച്ചാന്തിൽ മുക്കി,ഛേദിക്കപ്പെട്ട ഭാഗം അരിഞ്ഞുതൂങ്ങിയ പോലെ കെട്ടിയിടുന്നു.നാസികാകുചഛേദനത്തിന്റെ രംഗം കഴിഞ്ഞുവന്നാൽ,ഉടനേ ഉടുത്തുകെട്ടും അലങ്കാരങ്ങളും(കിരീടമൊഴിച്ച്)അഴിച്ചുവെച്ചശേഷം,നിണച്ചാന്ത് തയ്യാറാക്കിയ വലിയ ഉരുളിയിലേക്ക് വേഷക്കാരൻ ഇറങ്ങിയിരിക്കുന്നു.ഇരുവശത്തുനിന്നും നിണച്ചാന്ത് കോരിയൊഴിക്കുന്നു.രംഗത്തേക്കുപോകാനാവുന്നതോടെ,പുറംതുണിവെച്ച് കെട്ടി,ഇരുവശവും നിണം താങ്ങുന്നവരുടെ തോളിൽ കയ്യിട്ട്,നിണം അരങ്ങത്തേക്കു യാത്രയാകുന്നു.
രംഗാവതരണം
----------------

കളിയരങ്ങിന് കുറച്ചകലെയായിരിക്കും നിണമൊരുങ്ങുന്ന സ്ഥലം.നിണമുണ്ടെങ്കിൽ,അതിന്റെ ഒരുക്കുകളും അരങ്ങും മാറിമാറി ഓടിക്കാണുക കഥകളിഭ്രാന്തരുടെ ഇഷ്ടങ്ങളിലൊന്നാണ്.ശബ്ദവർണ്ണന സമാപിക്കാനാവുമ്പോഴേക്കും തന്നെ,നിണം അരങ്ങത്തേക്കു പുറപ്പെട്ടുതുടങ്ങും.തുടക്കമെന്ന നിലയിൽ ആദ്യത്തെ നിലവിളിമുഴങ്ങുന്നതോടെ,നിണം പുറപ്പെടുകയായി.ഇരുവശവും നിണംതാങ്ങാനായി രണ്ടുപേരുണ്ടാകും.ഇവരും ഒപ്പം അത്യുച്ചത്തിൽ നിലവിളിച്ചുകൊണ്ടിരിക്കും.ഇവർ നരകാസുരന്റെ/കിർമീരന്റെ ഭൃത്യർ തന്നെയാണെന്നാണ് വെപ്പ്.ആദ്യമായി ഒരു നിണംതാങ്ങി,കയ്യിൽ നിറയെ ചോരപുരണ്ട മാംസക്കഷ്ണങ്ങളുമായി നിലവിളിച്ച് നരകാസുരന്റെ/കിർമീരന്റെ അടുത്തേക്ക് ഭയാനകമായി നിലവിളിച്ചുകൊണ്ട് ഓടിവന്ന്,ആ കയ്യിലുള്ള രക്താവശിഷ്ടങ്ങൾ അരങ്ങിൽ നിക്ഷേപിച്ച് തിരിഞ്ഞോടും.ഈ ചടങ്ങിന് ‘നിണമറിയിക്കൽ’എന്നു പറയും.തുടർന്ന്,കത്തിക്കാളുന്ന അനേകം പന്തങ്ങളുടേയും,അവയിലെറിഞ്ഞുപടരുന്ന തെള്ളിവെളിച്ചത്തിന്റേയും ഉജ്ജ്വലപ്രഭയിൽ,ഇരുവശവും നിണം താങ്ങുന്നവരുടേയും കൂടി അത്യുൽക്കടമായ നിലവിളികളുടെ അകമ്പടിയോടെ,നിണം പ്രേക്ഷകർക്കിടയിലൂടെ അരങ്ങിലേക്കു വരുന്നു.ഈ സമയം നരകാസുരൻ/കിർമീരൻ ഓടി താഴേക്കിറങ്ങിവന്ന് “വാ”എന്നു മുദ്രകാണിച്ച് കാണാൻ വയ്യാത്തമട്ടിൽ തിരിഞ്ഞോടി,വീണ്ടും താഴേക്കോടിവന്ന് “വാ” എന്നാവർത്തിച്ചുകൊണ്ടിരിക്കും.അരങ്ങിലെത്തുന്ന നിണത്തോട് “നിന്നെ ഇപ്രകാരം വികൃതയാക്കിയതാര്?”എന്ന് അന്വേഷിക്കും.അപ്പോൾ നക്രതുണ്ഡിയാണെങ്കിൽ “അവൻ,ഇന്ദ്രപുത്രനായ ജയന്തൻ എന്നെ ഇങ്ങനെ ചെയ്തു” എന്നു പറയും.വിലാപസ്വരത്തിനിടയിലൂടെ,“ജയന്തൻ” എന്നൊക്കെ ‘പറയുക’തന്നെയാണ് നിണം ചെയ്യാറ്.സിംഹികയെങ്കിൽ,പദം തന്നെയുണ്ട്,അപൂർവ്വമായി അതുചെയ്യാറുമുണ്ട്.പ്രധാനമുദ്രകളേ കാണിക്കേണ്ടതുള്ളൂ.തുടർന്ന്,നരകാസുരൻ/കിർമീരൻ,“അവനെ കൊന്ന് ആ രക്തം നിനക്കു കുടിക്കാനായി തരുന്നുണ്ട്,പോരെ?”എന്നു ചോദിക്കുന്നു-സമ്മതഭാവത്തിൽ,വിലാപത്തോടെ നിണം പിൻ‌വാങ്ങുന്നു.
കൂടിയാട്ടവും ഫോൿലോർ വേരുകളും
---------------------------------------
കൂടിയാട്ടത്തിലെ ശൂർപ്പണഖാങ്കത്തിൽ കാണുന്ന നിണം തന്നെയാവണം കഥകളിയിലേക്കുവന്നത്.മുന്നൂറോളം വർഷങ്ങൾ പഴക്കമുള്ളതും,കൂടിയാട്ടത്തെ നിശിതമായി വിമർശിക്കുന്നതുമായ ‘നടാങ്കുശ’മെന്ന വാദഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന കൂടിയാട്ടത്തിന്റെ രൂപഘടനതന്നെയാണ് ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യം വരെ നിലനിന്നിരുന്നത് എന്ന് പണ്ഡിതർ നിരീക്ഷിക്കുന്നുണ്ട്.*കുലശേഖരന്റേയും തോലന്റേയും പരിഷ്കരണശേഷം കൂടിയാട്ടത്തിന്റെ ഘടനയിലെ ഉൾപ്പിരിവുകളെ കൃത്യമായി അടയാളപ്പെടുത്താനാവശ്യമായ തെളിവുകളൊന്നുമില്ല.കപ്ലിങ്ങാട് നിർവ്വഹിച്ച കൂടിയാട്ടത്തെ മുൻ‌നിർത്തിയുള്ള പരിഷ്കരണത്തിനു മുൻപുള്ള കൂടിയാട്ട-കഥകളി ബന്ധങ്ങളെക്കുറിച്ചും കൃത്യമായ തെളിവുകൾ കുറവാണ്.ഏതായാലും കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ തന്നെ കാണാവുന്ന കൂടിയാട്ടസംബന്ധികളായ കൽ‌പ്പനകൾ സുവ്യക്തമാണ്. ‘തോരണയുദ്ധം’,‘ആശ്ചര്യചൂഡാമണി’,‘അത്ഭുതാം‌ഗുലീയം’തുടങ്ങിയ വാക്കുകൾ തന്നെ ശക്തിഭദ്രന്റെ ‘ആശ്ചര്യചൂഡാമണി’യിലെ അശോകവനികാങ്കം,ഭാസന്റെ അഭിഷേകനാടകത്തിലെ തോരണയുദ്ധാങ്കം എന്നിവയിൽ നിന്നാണല്ലോ.നിണവും അവിടെ നിന്നു തന്നെയാവണം വന്നത്.കഥകളിയിലെ നിണസന്ദർഭങ്ങളുള്ള കഥകളികളെല്ലാം നിണമില്ലാതെയും സമർത്ഥമായി അവതരിപ്പിക്കുന്നവയാണ്.അത്തരം സന്ദർഭങ്ങളിൽ-നരകാസുരൻ തന്നെ നക്രതുണ്ഡിയുമായി ‘പകർന്നാ’ടുന്ന രീതി കപ്ലിങ്ങാടാണ് കൂടിയാട്ടത്തിൽ നിന്ന് കഥകളിയിലേക്ക് സമന്വയിപ്പിക്കുന്നത്.മദ്ധ്യകേരളത്തിൽ ഈ പകർന്നാട്ടമില്ല,നക്രതുണ്ഡിയുടെ വാക്കുകൾ നരകാസുരൻ കേൾക്കുന്നതേയുള്ളൂ.ഈ ‘കേട്ടാട്ട’മെന്ന സങ്കേതവും കൂടിയാട്ടത്തിന്റേതാണ്.
പ്രകടമായിത്തന്നെ നമ്മുടെ നാടോടിവിജ്ഞാനീയവുമായി നിണകൽ‌പ്പനക്ക് ബന്ധമുണ്ട്.ഓലകൊണ്ട് കെട്ടിയൊരുക്കുന്ന നിണമൊരുക്കം,സംസാരത്തോളമെത്തുന്ന ആവിഷ്കരണം,ലോകധർമ്മിയായ അവതരണസ്വഭാവം-ഒന്നടങ്കം ഫോക് ആയ പ്രകൃതിവിശേഷമാണ് നിണം ഉൾക്കൊള്ളുന്നത്.കളമെഴുത്തുപാട്ട്,കാളിത്തീയാട്ട്,മുടിയേറ്റ്,പടയണി,കാളിയൂട്ട് തുടങ്ങിയ അനേകം കലകളുടെ സർഗസൃഷ്ടികളെ സവിശേഷമായ തലത്തിൽ കഥകളി സ്വീകരിച്ചിട്ടുണ്ട്.
കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളിൽ സുപ്രധാനമാണ് നരകാസുരന്റെ ‘പകർന്നാട്ട’മെന്ന കൽ‌പ്പന.നരകാസുരൻ തന്നെ നക്രതുണ്ഡിയായി പകർന്നാടിയാൽ മതി എന്ന തീരുമാനം കൂടിയാട്ടസങ്കേതങ്ങളുടെ സമന്വയകർമ്മത്തോടൊപ്പം അദ്ദേഹത്തിന്റെ ദർശനത്തേയും പ്രതിനിധീകരിക്കുന്നില്ലേ?കഥകളിയുടെ അത്യന്തബാഹ്യമായ ചട്ടക്കൂടിനകത്ത് നാട്യാ‍വസ്ഥയിലേക്കു സംക്രമിക്കുന്ന കഥകളിയുടെ സ്വരൂപം കൂടിയാണ് കപ്ലിങ്ങാട് ലക്ഷ്യമിട്ടതെന്നു തോന്നുന്നു.നരകാസുരന്റെ ഈ പകർന്നാട്ടത്തിന് അടുത്ത കാലം വരെ ‘ശൂർപ്പണാങ്ക’മെന്ന പേരുണ്ടായിരുന്നു എന്നത് വിരൽചൂണ്ടുന്നത് മറ്റൊരു ചരിത്രതലത്തിലേക്കാണ്.ശൂർപ്പണഖ നിണമായി വരുന്ന നിലയിൽ,പണ്ടു ഖരവധം അരങ്ങിലുണ്ടായിരുന്നു എന്നാണോ വിചാരിക്കേണ്ടത്?
എന്തായാലും കപ്ലിങ്ങാടിന്റെ ഉദ്ഗ്രഥനശേഷമെങ്കിലും നിണമില്ലാതെയുമുള്ള നരകാസുരവധ/കിർമീരവധ അവതരണങ്ങൾക്കു പ്രചാരം ലഭിച്ചു.ഇന്ന് ഇവയതരിപ്പിക്കുന്ന മിക്ക അരങ്ങിലും നിണമുണ്ടാകാറില്ല.ഒരു അപൂർവ്വക്കാഴ്ച്ചയായി നിണം മാറിക്കൊണ്ടിരിക്കുന്നു.ഇത്തരം ദൃശ്യങ്ങളിൽ കഥകളിയില്ലെന്നും,അതിനാൽ അവയൊക്കെ ഉപേക്ഷിക്കാവുന്നതാണെന്നും പലരും പറയുന്നതിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല.ഇത്തരം ഫോൿ ആവിഷ്കാരങ്ങൾ കൂടി ഉൾപ്പെടുമ്പോഴാണ് കഥകളിയുടെ ചിത്രം സമഗ്രവും പൂർണ്ണവുമാകുന്നത്.ഭാരിച്ച ചിലവ്,ഏതാനും നിമിഷങ്ങൾക്കായുള്ള ദീർഘസമയത്തെ മനുഷ്യാധ്വാനം,കഥകളി നടക്കുന്ന പുതിയ ഇടങ്ങളിലെ അസൌകര്യം-ഇങ്ങനെ പല കാരണങ്ങളാൽ നിണം കുറഞ്ഞുവരുന്നു.
അപൂർവ്വചാരുതകളോരോന്നായി വിസ്മൃതിയുടെ കടലെടുത്തുപൊയ്‌ക്കൊണ്ടിരിക്കുന്നു.
------------------------------------------
*കഥകളിയുടെ രംഗപാഠചരിത്രം-കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്,കലാ.എം.പി.എസ്.നമ്പൂതിരി-പേജ്:34.
ഫോട്ടോ:രാജേഷ്,ചെന്നൈ.(നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ നിണം)രാജേഷിന് നന്ദി.
പഴയ എന്റെയൊരു യക്ഷി-നിണം-കഥകളിപോസ്റ്റിലേക്ക് പോയി ഇതുകൂടിവായിക്കൂ...
ഒരു നിണം അരങ്ങ് കണ്ട അനുഭവം ശ്രീകാന്ത് അവണാവ് തന്റെ ബ്ലോഗിൽ സചിത്രം വിശദീകരിച്ചിരിക്കുന്നിടത്തേക്കുകൂടി പോയിനോക്കൂ...

48 comments:

വികടശിരോമണി said...

നിണം!കളിയരങ്ങിലെ ഭീകരവിസ്മയം!

അനില്‍@ബ്ലോഗ് // anil said...

വായിച്ചു വികടശിരോമണീ,
ഹൃദ്യമായ എഴുത്ത്. :)

കഥകളിയില്‍ പലതും പ്രേക്ഷകന്റെ സങ്കല്‍പ്പങ്ങള്‍ക്ക് വിടുകയാണ് ചെയ്യുന്നതെന്നാണ് എന്റെ ധാരണ, മുദ്രകളും മറ്റും നമുക്കിഷ്ടം പോലെ സങ്കല്‍പ്പിക്കാമല്ലോ (വ്യാഖ്യാനിക്കുകയല്ല). പക്ഷെ ഇത്തരം രംഗങ്ങള്‍ കൂടുതല്‍ നാടകീയമായാണ് തോന്നുന്നത്, അത് ആസ്വാദനത്തെ പരിമിതപ്പെടുത്തുമോ? കണ്ടു വലിയ പിടിയില്ല, ഒരു സംശയം ചോദിച്ചതാ (ഞമ്മടെ നിലവാരം പുടി കിട്ടിയാ?)

Viswaprabha said...

1986-ൽ തൃശ്ശൂരെ കഥകളിക്ലബ്ബ് നടത്തിയ കിർമ്മീരവധം കളിയിൽ വെച്ച് നിണം കാണാനും നിണമൊരുക്കൽ കണ്ടറിയാനും യോഗമുണ്ടായി. വളരെക്കാലത്തിനുശേഷം (25-30 കൊല്ലം?) ആദ്യമായിട്ടായിരുന്നുവത്രേ ആ നിണം കെട്ടൽ. എന്തായാലും അന്ന് പകൽ മുഴുവനും രാത്രി 3 വരെയും നിണത്തിന്റെ പിന്നാലെയായിരുന്നു. ടൌൺഹോളിനു പുറത്ത് പ്രത്യേകം ഓലപ്പന്തൽ കെട്ടിയാണു് നിണച്ചാന്ത് ഉണ്ടാക്കിയത്. ആരായിരുന്നു അന്ന് കെട്ടിയാടിയത് എന്ന് നിശ്ശേഷം ഓർമ്മ വരുന്നില്ല. നെല്ലിയോടുതന്നെയാണോന്നൊരു ശങ്ക.

നാടുവിട്ടതിൽ പിന്നെ കളിയോഗം ഇല്ലാതായി. നിണമൊക്കെ ഇപ്പോഴും ഉണ്ടാവുമോ എന്നുപോലും അറിയാറില്ല.
ലേഖനത്തിനു പതിവുപോലെയും പ്രത്യേകിച്ചും നന്ദി.

Anonymous said...

good post as usual...detailed commends later...ippo urakkam varunnu....

Good Night....

പകല്‍കിനാവന്‍ | daYdreaMer said...

വികടാ ഭീകരം.. കഥാ പാടവം...!!

Sethunath UN said...

വികട ജീ

നിണ‌ത്തിന്റെ വ‌ര്‍ണ്ണന‌യും രീതിക‌ളും എഴുതിയത് പതിവുപോലെ കേമ‌ം.
"കൂടിയാട്ടവും ഫോക്‌ലോ‌ര്‍ വേരുകളും" ഗ‌വേഷ‌ണം വിജ്ഞാന‌പ്രദം. പ്രൗഢ‌ം!

Sethunath UN said...

പറ‌യാന്‍ വിട്ടു. ഞാന്‍ നിണ‌ം കണ്ടത് ഏതാണ്ട് 7 കൊല്ലങ്ങ‌ള്‍ക്ക് മുന്‍പ് മ‌രുത്തോ‌ര്‍വട്ടത്തായിരുന്നു. ശ്രീ. രാമ‌ചന്ദ്രന്‍ ഉണ്ണിത്താന്റെ. കമുകിന്റെ ഇളംപാള കീറി ചെറിയ കുമ്പിള്‍ കുത്തിയുണ്ടാക്കിയ മൂക്കും (മുറിഞ്ഞു തൂങ്ങിയത്) ഉണ്ടായിരുന്നു എന്ന് ഒരോര്‍മ്മ. അതിന്റെ ഒരു ഒറിജിനാലിറ്റിയും ഭീകരതയും അപാര‌മായിരുന്നു.

Anonymous said...

aaranave ee nishkalangan?
Maruthorvattathu jnanum oru ninam kandittundu. Vasu Pizharodyyude Dharmaputrar undaya divasam aayirunno? Haridas pattum Sivaraman lalithayum?

Haree said...

നിണം കണ്ടിട്ടിപ്പോള്‍ കുറച്ചു കാലമായി. ദൃശ്യഗാംഭീര്യത്തിനപ്പുറം അതിനോടത്രയ്ക്ക് പ്രിയവുമില്ല. :-) എന്നിരുന്നാലും, അതും കഥകളിക്ക് വേണ്ടതു തന്നെയാണ്. സത്യം പറഞ്ഞാല്‍, നിണം അവതരിപ്പിക്കുമ്പോള്‍ കൂട്ടത്തില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍/കേള്‍ക്കുമ്പോളാണ് അതിനോട് അകല്‍ച തോന്നുന്നത്. ഇതിനു പിന്നിലെ മനുഷ്യപ്രയത്നം ഓര്‍ക്കുമ്പോള്‍ ശരിക്കും വാപൊളിച്ചു പോവും. ഇത്രയും അധ്വാനമെടുത്ത് ചെയ്യേണ്ടുന്ന മറ്റൊരു കലാപ്രകടനം ഉണാവുകയില്ലെന്നു തന്നെ തോന്നുന്നു.

@ അനില്‍@ബ്ലോഗ്,
ഇതും കഥകളിയുടെ തന്നെ ഭാഗമാണ്. കിര്‍മ്മീരവധം എടുത്താല്‍, അത്യന്തം ചിട്ടപ്രധാനവും, പതിഞ്ഞതുമായ “ബാലേ! കേള്‍ നീ...”യില്‍ തുടങ്ങി നിണത്തില്‍ അവസനിക്കുകയാണ്. ഈയൊരു വെറൈറ്റി മറ്റെവിടെയും കാണുവാനുണ്ടാവുമെന്നു തോന്നുന്നില്ല. ഇതു രണ്ടും ആസ്വദിക്കുന്നയാളാണ് യഥാര്‍ത്ഥ കഥകളി ആസ്വാദകന്‍. (പിന്നെ ഏതെങ്കിലുമൊരു സങ്കേതത്തോട് ഇഷ്ടക്കൂടുതല്‍/ഇഷ്ടക്കുറവ് തോന്നാം കേട്ടോ... എന്നെപ്പോലെ... അത് തികച്ചും വ്യക്തിപരം.) :-)

ഓഫ്: കനകക്കുന്നില്‍ ഇന്ന് ശുര്‍പ്പണഖാങ്കം കൂടിയാട്ടം അവതരിപ്പിക്കുന്നു. നിണമുണ്ടാകുമോയെന്ന് അറിവില്ല. ഉണ്ടാവാന്‍ സാധ്യതയൊട്ടുമില്ല.
--

SunilKumar Elamkulam Muthukurussi said...

വി.ശി. അടുത്തത് കോപ്പുനിർമ്മാണം (നേപഥ്യം) ആയിക്കോട്ടെ.
നിണം കെട്ടുന്നവന്റെ മാനസികാവസ്ഥയെക്കുറിച്ചുകൂടെ പറയേണ്ടേ? പണ്ട്‌ ചെർപ്ലശ്ശേരി അയ്യപ്പൻ കാവിൽ മ്നിന്നും നിണം കഴിഞ്ഞ് രംഗവിട്ടശേഷം ആടുന്നവൻ നേരെ കുളത്തിൽ പോയി ചാടി. അവിടെ കുളത്തിൽ കിടന്നുകൊണ്ടും അദ്ദേഹം അലറിവിളിച്ചുകൊണ്ടിരുന്നു. കുറേകഴിഞ്ഞാണ് ശാന്തനായത്.നെല്ലിയോട് തന്നെ ആയിരുന്നോ അതോ നാണ്വാരോ ഓർമ്മയില്ല, വളരെ കുട്ടിക്കാലത്താണേ. നാണ്വാരെ ഞാൻ കണ്ടിട്ടുണ്ടോ പ്പോ സംശായി. എന്തായാലും ആ കുളത്തിൽ കിടന്നുള്ള അലറൽ ഓർമ്മയിലുണ്ട്‌. നീലകണ്ഠൻ നമ്പീശനും അന്നുണ്ടായിരുന്നു പാടാൻ എന്നാണ് നേരിയ ഓർമ്മ.
കഥകളി നാട്യശാസ്ത്രം വെങ്കിടമഖിയാൽ ചിട്ടപ്പെടുത്തിയ കർണ്ണാടകസംഗീത പദ്ധതി എന്നതിനോടൊക്കെ കലഹിച്ചും നല്ലത് ഉൾക്കൊണ്ടും പുഷ്ടിച്ച് പോന്നു എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ നിണം അണിയൽ. നാ‍ട്യശാസ്ത്ര വിധിപ്രകാരം ഇത്തരം വേഷങ്ങൾ അരങ്ങത്ത് കാണിക്കാൻ പാടില്ലല്ലൊ. അതോണ്ടല്ല്ലേ വി.ശി പറഞ്ഞ കപ്ലിങ്ങാടന്റെ പകർന്നാട്ടം വന്നതും?

ദക്ഷിണഭാരതത്തിന്റെ ഒരു ഭാഗത്ത് ശബ്ദസംബന്ധിയായി വളരെ പുഷ്ടിപ്പെട്ടു. അതാണ് വെങ്കിടമഖിയും പുരന്ദരദാസരും ഒക്കെ. എന്നാൽ കേരളമുൾപ്പെട്ട ഒരു ഭാഗത്ത് ദൃശ്യസംബന്ധിയായ വിഷയങ്ങളാണ് പുഷ്ടിപ്പെട്ടത്. അവിടെ നാടകം, അഭിനയം, ചിത്രകലകൾ എന്നിവയൊക്കെ ധാരാളം ഉണ്ടാ‍യി. അതിന്റെ കാരണം എന്തായിരിക്കാം? അതേസമയം വടക്കൻ ഭാരതത്തിൽ പ്രധാനമായും ഡാൻസ് പുഷ്ടിപ്പെട്ടിരുന്നു. എന്നാൽ ഇത്രയും സം‌പുഷ്ടമാ‍യിരുന്നോ? എന്തു തോന്നുന്നു?

ഭാരതത്തിന്റെ വൈവിധ്യം അത്ഭുതം തന്നെ.

Anonymous said...

നിണമൊരുക്കുന്നതിനു അവശ്യമായ സാധനങ്ങലുടെ കൂട്ടത്തില് മിക്കവാറും ഒരു പ്രധാന വസ്തു കൂടി ഉണ്ടാവാറുണ്ടു...മദ്യം..അല്ലെങ്കിൽ ദശമൂലാരിഷ്ടം...

SunilKumar Elamkulam Muthukurussi said...

അനിൽ, മുദ്രകളും മറ്റും നമുക്കിഷ്ടമ്പോലെ വ്യാഖ്യാനിച്ചാൽ കഥയുമായി ഒരു ബന്ധവുമില്ലാതെ ആകില്ലേ? കഥയുമായി ബന്ധം വേണം, പറയുന്നതിന് ഒരു തുടർച്ച വേണം. അതിനൊക്കെ ആയാണ് മുദ്രകൾക്ക് പ്രത്യേകം പ്രത്യേകം അർത്ഥങ്ങൾ മുൻ‌കൂട്ടി നിശ്ചയിച്ചിരിക്കുന്നത്. അതറിഞ്ഞിരിക്കണം. വാക്കുകളുടെ അർത്ഥങ്ങൾ പോലെ.
നാടകീയത ആസ്വാദനത്തെ പരിമിതപ്പെടുത്തുമോ? നാടകാന്തം കവിത്വം എന്നൊക്കെയല്ലെ പറയുന്നത്? അതോ ചോദ്യം എനിക്ക് മനസ്സിലാവായ്കയോ?
-സു-

SunilKumar Elamkulam Muthukurussi said...

ഇപ്പോൾ നിണം,ആശാരി എന്നീ അപൂർവ്വ വേഷങ്ങൾ കെട്ടി തിളങ്ങുന്ന നെല്ലിയോടിനെ അനോണി പറഞ്ഞ മദ്യവുമായി (മിക്കവാറും.. എന്ന മുൻ‌കൂർ ജാമ്യം കാണാതെയല്ല. എന്നാലും പലരും വായിക്കുന്ന ഒരു ബ്ലോഗിൽ ഇത് തെറ്റിദ്ധാരണ പരത്താൻ ഇടയുണ്ട്‌ എന്നതിനാൽ) ഒട്ടും തന്നെ കൂട്ടിയിണക്കേണ്ട അനോണീ..
ഒരു പച്ച സാത്വികൻ എങ്ങനെ തമോഗുണപ്രധാനമാ‍യ വേഷങ്ങൾ കെട്ടിഫലിപ്പിക്കും എന്നതിന് നെല്ലിയോടിനെ പോലെ ഉദാഹരണങ്ങൾ വേറെ അധികം ഉണ്ടോ?
അല്ലെങ്കിലും മദ്യകേരളമല്ലേ? പക്ഷെ ഇന്ന് കളിക്കാർക്കിടയിൽ മദ്യപിക്കാത്തവരും ധാരാളമുണ്ട്. അതെന്താ ആരും പറയാത്തത്? പിന്നെ മദ്യപാനത്തിന്റെ സാമൂ‍ഹിക കാരണങ്ങളും?
അനോണി വി.ശിയുടെ മുന്നത്തെ അഭിമുഖ പോസ്റ്റ് കണ്ടോ ആവോ?

Anonymous said...

നെല്ലിയോടു തിരുമേനിയെ ഒട്ടും കൂട്ടിയിണക്കുന്നില്ല...എന്നാൽ പൊതുവെ അതൊരു നാട്ടുനടപ്പു തന്നെ അയിരുന്നു...

SunilKumar Elamkulam Muthukurussi said...

ഉവ്വുവ്. നാട്ടുനടപ്പുകൾ പലതുമുണ്ട്‌. സമ്മതിച്ചു. അതോണ്ടാണല്ലോ ആ അഭിമുഖ പോസ്റ്റ് കണ്ടോ എന്നു കൂടെ ചോദിച്ചത്. പിന്നെ ഇത്തരം നാട്ടുനടപ്പുകൾ കഥകളിയിൽ മാത്രല്ലല്ലോ. ഇപ്പോ ഒരു കല്യാണത്തിനുകൂടെ അങ്ങനെയൊക്കെയാ.
നമുക്ക് താറടിച്ചുകാണിക്കാൻ വളരെ എളുപ്പമാണ്. പക്ഷെ...
ഞാൻ നിർത്തി അനോണീ.

Sajeesh said...

വി. ശി

വളരെ നല്ല ലേഖനം, വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നിണം കണ്ട പോലെ തോന്നി :-)

പറ്റുമെങ്കില്‍ ഖരവധം, ശൂരപത്മാസുരവധം എന്നീ കഥകളുടെ സന്ദര്‍ഭം വിവരിക്കാമോ ഇനി എപ്പോഴെങ്കിലും ?

സസ്നേഹം
സജീഷ്

വികടശിരോമണി said...

വായിച്ചവർക്കെല്ലാം നന്ദി.
അനിൽ,
ആരാണീ നിലവാരമുള്ളവർ എന്നെനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.സാങ്കേതികജ്ഞാനമുള്ളവരാണോ നിലവാരമുള്ളവർ?അറിയില്ല.കലാസ്വാദനത്തിന് ചിലപ്പോഴൊക്കെ സാങ്കേതികജ്ഞാനം ഒരു ഭാരമാകും.ഹരീ പറഞ്ഞല്ലോ കിർമീരവധത്തിലെ “ബാലേ കേൾ നീ”യുടെ കാര്യം-ആ പതിഞ്ഞപദം സാങ്കേതികജ്ഞാനമുള്ള ഒരു കണ്ണിനും മനസ്സിനും ഇന്നഭിനയിക്കുന്ന എത്ര പേരുടെ കണ്ടിരിക്കാനാവും എന്നു സംശയം.പൂവിന്റെ സൌന്ദര്യമാസ്വദിക്കുന്നത് ഇതളുകൾ പറിച്ചുനോക്കിയല്ലല്ലോ.പക്ഷേ ഇതളുകൾ പറിക്കാതെ ആസ്വദിക്കാനാവാത്ത ഒരു ദുരന്തം ശൈലീകൃതമായി കലാസ്വാദനത്തിലേർപ്പെട്ട കണ്ണുകൾക്കുണ്ട്.അതിനെ ഭേദിക്കാൻ തീവ്രശ്രമങ്ങൾ തന്നെ വേണ്ടിവരും.
മുദ്രകളിൽ പലതിനും നിയതമായ അർത്ഥങ്ങളുണ്ട്,ചിലത് സന്ദർഭാനുസരണം പ്രത്യേകാർത്ഥങ്ങളെ ദ്യോതിപ്പിക്കും.എല്ലാം ഇഷ്ടം പോലെ സങ്കൽ‌പ്പിക്കുന്നത്...ആനയെക്കണ്ട് പൂച്ചയെന്നു സങ്കൽ‌പ്പിക്കാൻ എനിക്കവകാശമില്ലേ അതുചോദ്യം ചെയ്യാൻ താനാര് എന്നു ചോദിച്ചാൽ കാര്യം കുഴയും.
നാടകീയത എന്ന വാക്കുകൊണ്ട് അനിലുദ്ദേശിച്ച അർത്ഥതലം സുനിലിനേപ്പോലെ എനിക്കും വ്യക്തമായില്ല.
വിശ്വപ്രഭ,
അത്രവർഷമൊന്നും നിണമില്ലാതിരുന്നിട്ടില്ലല്ലോ.എല്ലാ കൊല്ലവും ഒന്നോ,രണ്ടോ നിണമൊക്കെ നടക്കുന്നുണ്ട്.
മംഗലം,
നന്ദി.
പകലേ,എന്നെ പാഠകക്കാരനാക്കുകയാണോ:)
നിഷ്കളങ്കാ,
കൂടിയാട്ടം-ഫോക് നിരീക്ഷണങ്ങളിൽ തൊട്ടതിന് പ്രത്യേകനന്ദി.
ആ കമുകിൻ പാള പരിപാടി ചിലപ്പോഴേ കണ്ടിട്ടുള്ളൂ.അതു കലക്കൻ ഇടപാടു തന്നെ.ഉണ്ണിത്താന്റെ നിണത്തിന് വേറെയും സവിശേഷ പരിപാടികളുണ്ടല്ലോ.
ഹരീ,
കഥകളി പല കാലങ്ങളുടേയും കലാംശങ്ങളുടേയും കലക്ഷനാണല്ലോ.നിണവും അതിലൊന്നാണ്.കഥകളിയുടെ സമഗ്രതയേക്കുറിച്ചുള്ള ഹരീയുടെ അഭിപ്രായങ്ങൾക്കു കീഴിൽ എന്റെയും ഒപ്പ്.
സുനിലേ,
വിശദമായ ചർച്ചക്ക് നന്ദി.
ആ മാനസികാവസ്ഥയെപ്പറ്റിയുള്ള പരാമർശത്തിനു നന്ദി.അതു പ്രസക്തമാണ്.കഥകളിയുടെ വഴിയിലല്ല നിണത്തിന്റെ നിൽ‌പ്പ് എന്നുകൂടി അതു വ്യക്തമാക്കുന്നു.
പിന്നീട് സുനിൽ പരാമർശിച്ച വിഷയങ്ങൾ ഈ കമന്റ് ചർച്ചയുടെ പരിമിതിയിൽ നിൽക്കുന്നില്ല.
വടക്കേ ഇന്ത്യയിൽ ശബ്ദവും നമ്മുടെ നാട്ടിൽ ദൃശ്യവും എന്ന നിലയിൽ ഒരു വായനക്ക് സാധ്യത വ്യക്തമല്ല.വടക്കേ ഇന്ത്യയിലെ കലാരൂപങ്ങളും ദൃശ്യവൽക്കരണത്തിലെ വിസ്മയങ്ങളാണ്.ഏറ്റവും നല്ല ഉദാഹരണം കഥക് തന്നെ.ആസാമിലെ ഫോക് നാടക-നൃത്തരൂപങ്ങളൊക്കെ നോക്കൂ,എന്തൊരു ദൃശ്യസാധ്യതകളിലാണ് അവരുടെ നിൽ‌പ്പ്!
മറ്റൊരു വായന ഞാൻ മുൻപൊരു പോസ്റ്റിൽ നടത്തിയിരുന്നു.മലയാളികൾ ‘നാദ’ത്തിനല്ല,‘ഒച്ച’ക്കാണ് പ്രാധാന്യം നൽകിയത്.വോയ്സ്-നോയ്സ് വൈജാത്യങ്ങൾ.
വടക്കേ ഇന്ത്യയുടെ നൃത്തത്തിന്റെ ഊന്നലുകളും നമ്മുടെ ഊന്നലുകളും തമ്മിലുള്ള വ്യതിയാനമാണ് പ്രസക്തം.കഥകളിയിൽ നാം കാണുന്ന നൃത്തത്തോളം സങ്കീർണ്ണമായ നടകളാണ് അവരുടേത് എന്ന് ആരും പറയില്ല.പക്ഷേ സമ്പുഷ്ടി തീരുമാനിക്കപ്പെടുന്നത് സങ്കേതത്തിന്റെ ഉദാത്തത കൊണ്ട് മാത്രമല്ലല്ലോ.ഉദ്ദേശിക്കുന്ന അർത്ഥോൽ‌പ്പാദനം-വക്താവിലും പ്രയോക്താവിലും ഉദ്ദേശിക്കുന്ന അർത്ഥോൽ‌പ്പാദനം-അതാണല്ലോ ഒരു സവിശേഷസമയത്തെ നൃത്തത്തെ സമ്പുഷ്ടമാക്കുന്നത്.അവ തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും വ്യത്യസ്തമായ വഴികളിലായിരുന്നു.
കപ്ലിങ്ങാടിന്റെ പകർന്നാട്ടനിർമ്മിതിക്ക് അതും കാരണമാകാം.ഒന്നും ഉറപ്പിച്ചു പറയാനാവില്ല.നാട്യശാസ്ത്രമൊക്കെ കപ്ലിങ്ങാടിനു മുന്നിലുണ്ടായിരുന്നു എന്നു പറയുന്നതിന് തെളിവൊന്നുമില്ല.കൂടിയാട്ടമാണ് ഉണ്ടായിരുന്നു എന്നുറപ്പിച്ചു പറയാവുന്ന ഒന്ന്.കൂടിയാട്ടം നാട്യശാസ്ത്രത്തെ പൂർണ്ണമായി അനുസരിക്കുന്ന ഒരു കലയേ അല്ലല്ലോ.
അനോനിയുടെ ആ കമന്റിൽ സത്യമുണ്ട്.നെല്ലിയോടിന്റെ കാര്യം അപവാദം.ഞാനാ കമന്റിനെ അതിന്റെ പോസിറ്റീവ് അർത്ഥത്തിൽ എടുക്കുന്നു.മുമ്പൊക്കെ,നിണം ഉറപ്പിക്കുമ്പോൾ ‘ഇത്ര കുപ്പി’ എന്നും തീരുമാനിച്ചുപറയുമായിരുന്നു.പലപ്പോഴും പൂർണ്ണ ബോധത്തിൽ ഇതൊന്നും ചെയ്യാനാവില്ലെന്നേ എന്നൊക്കെയാ പറയുക.:)
സജീഷ്,
അങ്ങനെയാവട്ടെ.നന്ദി.

Dr. Prasanth Krishna said...

വികടശിരോമണീ പോസ്റ്റ് വായിക്കാന്‍ സമയം കിട്ടിയില്ല. പിന്നെ വായിച്ചോളാം. കാരണം ഇത് അങ്ങനെ ഓടിച്ചിട്ട് വായിക്കേണ്ട ഒരു പോസ്റ്റല്ല. ഇത് ഒന്നു ലിങ്ക് ചെയ്യുന്നതില്‍ വിരോധമില്ലല്ലോ അല്ലേ? സമ്മതം കിട്ടിയിട്ടേ സാഹസത്തിനുള്ളൂ. ഇതുവരെ നിണം കണ്ടിട്ടില്ല. ഈ പോസ്റ്റ് കണ്ടപ്പോള്‍ അത് കാണണമന്ന് ഭയങ്കര ഒരു ആഗ്രഹം. വേറിട്ട അപൂര്‍‌വ്വം പോസ്റ്റുകളിലൊന്ന്. കുറെ വൈകിപ്പോയി എത്താന്‍. ഇനി സമയം കിട്ടുമ്പോഴെല്ലാം ഈ വഴി ഒന്നു കറങ്ങാം.

ഭൂമിപുത്രി said...

കഥകളിയരങ്ങിലെ ഈ ചുവപ്പ് വിഭ്രമത്തിന് പുറകിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന പോസ്റ്റ് വളരെ വിജ്ഞാനപ്രദം തന്നെ വികടാ.
ഫോക്ലോറിൽ വേരുകളുള്ള ഒട്ടെറെ കലാരൂപങ്ങൾ നമുക്കുണ്ടല്ലൊ അല്ലെ?
നല്ലൊരു പഠനത്തിനുള്ള വക ബ്ലോഗ്പോസ്റ്റുകളിലൊതുക്കല്ലേ.

വികടശിരോമണി said...

Prasanth. R Krishna,
എവിടെ വേണേലും ലിങ്കിക്കോളൂ:)
അഭിനന്ദനങ്ങൾക്ക് നന്ദി.
ഭൂമീപുത്രീ,
ഫോക് ലോർ-ക്ലാസിക്കൽ ബന്ധങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഇനിയുമേറെ ഗവേഷണങ്ങൾക്കു വകുപ്പുണ്ട്.
“ഞാനൊരു ബാലനശക്ത”നാകയാൽ....ഈ ബ്ലോഗും ഒക്കെയായി അങ്ങനെയിരിക്കുന്നു.

Viswaprabha said...

വി.ശി.,
ഏറെക്കാലം ഒരു കളിയരങ്ങിലും പ്രത്യക്ഷപ്പെടാതെ, മിക്കവാറും നാമാവശേഷമായ ഒരു വേഷം എന്ന പ്രഖ്യാപനത്തോടെയായിരുന്നു അന്നു് തൃശ്ശൂരെ കളിക്ലബ്ബ് നിണം അവതരിപ്പിച്ചത്. അന്നത്തെ പരിപാടിക്ക് സാമാന്യത്തിലധികം പ്രചാരണവും പ്രേക്ഷകസാന്നിദ്ധ്യവും ഉണ്ടായിരുന്നു.ക്ലബ്ബ് തന്നെ വളരെ വിശേഷമായാണു് ആ ഒരു പ്രോഗ്രാം പരിഗണിച്ചിരുന്നത്. കാണാനും വിലയിരുത്താനും തെക്കുനിന്നും വടക്കുനിന്നും ധാരാളം ആളുകൾ (പ്രൊഫഷണൽ കഥകളിക്കാർ അടക്കം) അന്നു വന്നിരുന്നു. സാധാരണ പതിവില്ലാത്തവണ്ണം കിർമ്മീരവധത്തിന്റെ സന്ദർഭം, പദപരിചയം, നിണത്തിന്റെ ചരിത്രം തുടങ്ങിയവ ഉൾപ്പെടുത്തി അച്ചടിച്ച ലഘുലേഖയും ആമുഖപ്രസംഗങ്ങളും ഉണ്ടായിരുന്നു അന്നു്. എക്സ്പ്രസ്സിലും മാതൃഭൂമിയിലും മറ്റും വിശേഷാൽ ലേഖനങ്ങളും വന്നിരുന്നു. കേരളത്തിലെ തലയെടുപ്പുള്ള മിക്ക കളിക്കാരും പാട്ടുകാരും വന്നെത്തിയിരുന്ന അന്നു് കഥകളിക്കാരെ സംബന്ധിച്ചിടത്തോളം ഒരു അപൂർവ്വതാരനിശ തന്നെയായിരുന്നു എന്ന് ഇപ്പോഴും വ്യക്തമായി ഓർക്കുന്നു...

ഒരു പക്ഷേ ‘നിണ’ത്തിനെ സംബന്ധിച്ചിടത്തോളം ഒരു ഉയിർത്തെഴുന്നേൽ‌പ്പിന്റെ അവസരമായിരുന്നിരിക്കാം അത്.
1986നു ശേഷം നിണം പതിവായി അരങ്ങേറുന്നുണ്ടെങ്കിൽ തീർച്ചയായും ആ പരിപാടി ഒരു പ്രേരകമായിട്ടുണ്ടാവും എന്നു ഞാനിപ്പോഴും വിശ്വസിക്കുന്നു.
അവിടങ്ങളിലുള്ള പഴമക്കാരാരോടെങ്കിലും അന്വേഷിക്കാമോ നിണത്തിനു് ഇടക്കാലത്ത് അത്തരമൊരു അമാവാസി ഉണ്ടായിരുന്നോ എന്നു്?

:)

ചീര I Cheera said...

നിണം പണ്ട് കണ്ടിട്ടുണ്ട്.ആരുടെ ആയിരുന്നൂന്നൊന്നും ഓര്‍മ്മയില്ല.

പക്ഷേ ഇതിന്റെ ‘ഗൌരവം’ ഇപ്പൊഴാ മനസ്സിലാക്കുന്നത് ട്ടൊ.

കാരണം കുട്ടിക്കാലത്തൊക്കെ, അസാധരണയായി അരങ്ങത്ത് കാണുന്നതെന്തും കാണാന്‍ വലിയ ഉത്സാഹമാണ്.
യുദ്ധരംഗങ്ങള്‍, കുട്ടികള്‍ നിരന്നു നില്‍ക്കല്‍(സന്താനഗോപാലം), ഹനൂമാന്‍-ഹനൂമാനോട് വലിയ ആരാധനയായിരുന്നു!- വേഷം അരങ്ങത്ത് നിന്നും ഇറങ്ങി വരുന്നത്, ഒക്കെ..
അതുവരെ ഉറക്കം തൂങ്ങിത്തൂങി, ഇങ്ങനെ വല്ലതും വന്നാല്‍ കണ്ണുമ്മിഴിച്ച് നോ‍ാക്കിയിരീയ്ക്കും.
വലുതായപ്പോള്‍ കളി കാണുന്ന രീതി തന്നെ മാറി.
ഇപ്പൊ കളി കണ്ടിട്ടു തന്നെ കാലങ്ങളായി.

വികടശിരോമണി said...

വിശ്വപ്രഭയുടെ ആ പുനരാഗമനത്തിനും അന്വേഷണത്തിനും ഒരുപാടു നന്ദി.
ഞാൻ അന്വേഷിച്ചു,1986ലെ തൃശൂർ ക്ലബ്ബിന്റെ നിണത്തിന്റെ സവിശേഷത,കിർമീരവധത്തിലെ (സിംഹിക)നിണം വർഷങ്ങൾക്കു ശേഷം എന്നതായിരുന്നു.നക്രതുണ്ഡിയുടെ(നരകാസുരവധം)നിണം അപ്പോഴും അപൂർവ്വമായുണ്ട്.1980-85നിടയിലെ ചെർപ്പുളശ്ശേരിക്കളികളിൽ തന്നെ നിണമുണ്ടായ ഓർമ്മകൾ പലർക്കുമുണ്ട്.
അതിനു ശേഷം നിണത്തിനു പുത്തനുണർവ്വുണ്ടായി എന്നൊന്നും പറയാനാവുമെന്ന് തോന്നുന്നില്ല.സിംഹികാനിണം ഇപ്പോഴും അത്യപൂർവ്വമാണ്,ഈ പോസ്റ്റിനൊടുവിൽ കൊടുത്തിരിക്കുന്ന ശ്രീകാന്ത് അവണാവ് വിവരിച്ചിരിക്കുന്ന ‘തിരനോട്ടം’സംഘടിപ്പിച്ച ആ നിണമാണ് അടുത്തു നടന്ന ഒന്ന്.
നക്രതുണ്ഡി നിണം ഇപ്പോഴും പലയിടത്തും നടക്കുന്നുണ്ട്.ചെറുപ്പക്കാരിലും ചിലരൊക്കെ അതു ചെയ്തിട്ടുമുണ്ട്.
ഇത്തരമൊരു അന്വേഷണത്തിന് പ്രചോദനമായ വിശ്വപ്രഭയുടെ ഇടപെടലുകൾക്ക് ഒരുപാട് നന്ദി.
PR,
വരവിനും വായനക്കും നന്ദി.

Anonymous said...

കഴിഞ്ഞ ഔഗസ്റ്റിൽ ഇരിഞ്ഞാലക്കുട കലാനിലയത്തിൽ ഉണ്ടായ നിണത്തിനു ഞാനും ഒരു ദ്രിക്സാക്ഷി ആയിരുന്നു. അന്നു നെല്ലിയ്യോടിന്റെ നിണം ഒരുക്കുന്നതിനു സഹായികളായി സദനം ക്രിഷ്ണൻ കുട്ടി, പരിയാനം പറ്റ, ക്രിഷ്ണകുമാർ തുടങ്ങിയ സീനിയർ ആൾക്കാർ തന്നെ ആയിരുന്നു.

ചീര I Cheera said...

ഓഫ്.
ഇങ്ങനെയൊരു ബ്ലോഗ് കണ്ടുവോ?
http://kathaykkappuram.blogspot.com/

എതിരന്‍ കതിരവന്‍ said...

ലോകധർമ്മിയ്ക്കുമപ്പുറം പോകുന്ന തത്വവിശേഷംണ് നിണത്തിൽ. അതിഭാവുകത്വത്തിന്റെ അങ്ങേയറ്റം. റിയലിസത്തിനോടും വെല്ലുവിളി.മൂക്കും മുലയുമരിയപ്പെട്ടാൽ ഇത്രയും ചോര വരികയില്ല. കുടൽമാലയും പുറത്തു ചാടില്ല. അതു പുറത്തു ചാടിയാൽ തന്നെ ഇങ്ങനെ ഒടി നടക്കാനും പറ്റുകയില്ല. അതി കരാളവും ബീഭത്സ്വുമായ ദൃശ്യവിശേഷം കെട്ടിച്ചമയ്ക്കുക എന്നു തന്നെ ഉദ്ദേശം. തനി നാടൻ സാധങ്ങൽ (ചുണ്ണാമ്പ്, മഞ്ഞൾ അരിപ്പൊടി) ഒന്നിച്ചുകൂടുമ്പോൾ അതി ഭീകര-ഭീതിദമാകുന്ന തമാശയുടെ നേർവിപരീത പ്രകടനം.

ഉള്ളതിൽകൂടുതൽ ചോരയിറ്റുന്ന ഈ ദൃശത്തിൽ ഏതു തിയേറ്റർ വൻപനും വീണുപോകും.ഒരു ഓഡിറ്റോറിയത്തിൽ ഇതു ചെയ്യാനും നിവൃത്തിയില്ല. കഥകളി കെട്ടിടങ്ങൾക്കുള്ളീലേക്കു മാറ്റപ്പെടുമ്പോൾ വിട്ടുപോയേക്കാവുന്ന ഇനം.

രക്താഭിഷിക്തയായ കാളിയെ ഇടയ്ക്കെങ്കിലും കാണാനുള്ള ദ്രവീഡിയൻ പ്രാക്ത്നമോഹമായിരിക്കും ഇതിന്റെ ചോദനകളിൽ ഒന്നു.സിംഹികയോ നക്രതുണ്ഡിയോ ശൂർപ്പണഖയോ ഒക്കെ ഒരു ഒരേ ദൃശ്യരൂപത്തിൽ ഒന്നിയ്ക്കൽ. ‘നിണമേതായാലും കാളിയായിരുന്നാൽ മതി”എന്നാണോ നമുക്ക്?


നിണമണിയുന്ന ആൾക്ക് പ്രത്യേക ‘അവകാശങ്ങൾ (കള്ളല്ലാതെ) ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.

SunilKumar Elamkulam Muthukurussi said...

എതിരാ, അതെന്താ ആ പ്രത്യേക അവകാശങ്ങൾ? പറയൂ.
വി.ശി വടക്കേ ഇന്ത്യ എന്നല്ല ഉദ്ദേശിച്ചത്. ദക്ഷിണേന്ത്യയുടെ തന്നെ ആന്ധ്ര,തമിഴ് ദേശം തുടങ്ങിയ സ്ഥലങ്ങളിൽ പാട്ട് ശാസ്ത്രീയമായപ്പോൾ, കേരളത്തിൽ നാട്യമായിരുന്നു ശാസ്ത്രീയമായത് എന്നാണ് ഉദ്ദേശിച്ചത്. അതിന്റെ ഉദാഹരണമായാണല്ലോ ഞാൻ വെങ്കിടമഖിയെപ്പറ്റിയും നമ്മുടെ കൂടിയാട്ടം,കഥകളി മുതലായ നാട്യരൂപങ്ങളെപ്പറ്റിയും പറഞ്ഞത്. അത് വടക്കേ ഇന്ത്യയിൽ കഥക്കൊക്കെ ഉണ്ടെങ്കിലും ഇത്രയും സമ്പൂർണ്ണമായിരുന്നൊ?ചിതറിക്കിടക്കുകയല്ല്ലേ?അവിടങ്ങളിലെ കൂടുതൽ നടന്ന അധിനിവേശങ്ങളാ‍ായിരിക്കുമോ കാരണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
-സു-

വികടശിരോമണി said...

ഈ കതിരവൻ ചങ്ങാതി ഓരോ തവണയും പുതിയ വീക്ഷണകോണുകൾ തന്ന് എന്നെ വിസ്മയിപ്പിക്കുന്നു.ദ്രവീഡിയൻ പ്രാക്തനമോഹം...വല്ലാത്ത വായന!അതിൽ ശരിയില്ലേന്ന് സംശയിക്കണം.ഖരവധത്തിലെ ശൂർപ്പണഖക്ക് രംഗപാഠമുണ്ടായിരുന്നതായി നിലവിൽ തെളിവൊന്നുമില്ല.പിന്നെ വരുന്ന നിണം,കോട്ടയത്തുതമ്പുരാന്റെയാണ്.പുരളിമല...അടുത്തുതന്നെ മാടായിക്കാവിലച്ചി...തിരുവർകാട്ടുഭഗവതിത്തോറ്റം...വേതാളത്തിന്റെ നാവിൽ‌വെച്ച് ദാരികനെ അറുത്ത കാളിയുടെ ആഖ്യാനം...എന്റെ ബ്ലോഗുപരമ്പരദൈവങ്ങളേ!ഈ കതിരവൻ എന്നെ തലപുകപ്പിച്ചുകൊല്ലും:)
സുനിൽ,
കർണ്ണാടകയിലും തമിഴ്നാട്ടിലും ഒക്കെ ‘നാദ’കേന്ദ്രീകൃതമായി വളർച്ചയുണ്ടായപ്പോൾ നമ്മുടെ വാദനകല ‘ഒച്ച’യിൽ ഗവേഷിച്ചു എന്നാവില്ലേ കൂടുതൽ ശരി?നാട്യത്തിന്റെ വിവിധ എലമെന്റുകൾ ഭാരതത്തിന്റെ പല ഭാഗങ്ങളിലുമായി വളർന്നിട്ടുണ്ട്.എന്നാൽ,താളത്തിൽ ഇത്തരമൊരു ഹിമാലയൻ വളർച്ച എവിടെയും കാണാനാവില്ല.പഞ്ചവാദ്യം പോലൊരു വാദനശിൽ‌പ്പം വേറെ ഭാരതത്തിലെങ്ങുമുണ്ടെന്നു തോന്നുന്നില്ല.
അധിനിവേശം,സമ്പൂർണ്ണം എന്നീ വാക്കുകൾ കൊണ്ട് അങ്ങുദ്ദേശിച്ചതെന്തെന്ന് എനിക്കു വ്യക്തമായില്ല.ഒരു കലയും ക്രാഫ്റ്റും സമ്പൂർണ്ണം എന്ന സംജ്ഞ അർഹിക്കുന്നില്ല.ഏത് അധിനിവേശത്തെക്കുറിച്ചാണു സൂചന?
നന്ദി.

ചാണക്യന്‍ said...

വികടശിരോമണി,
വിശദമായ നിണം പോസ്റ്റിനു നന്ദി....

എന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവനാളുകളില്‍ മൂന്ന് ദിവസത്തെ കഥകളി സ്ഥിരം പരിപാടിയാണ്. അതില്‍ തന്നെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നിണത്തോടുകൂടിയ ഒരു വധം അവതരിപ്പിക്കും. എന്റെ കുട്ടിക്കാലത്താണ് ആദ്യമായി നിണം കാണുന്നത്. അന്ന് അത് അവതരിപ്പിച്ചത് കലാമണ്ഡലം രതീശനോ ഗിരീശനോ ആണ്, പേര് വ്യക്തമായി ഓര്‍ക്കുന്നില്ല. സ്റ്റേജിലേയും ആഡിറ്റോറിയത്തിലെയും വിളക്കുകള്‍ കെടുത്തി തീപ്പന്തങ്ങളുടെ വെളിച്ചത്തില്‍ ദേഹമാസകലം നിണമൊലിപ്പിച്ചു അലറി വരുന്ന ആ സത്വത്തെ കണ്ട് ഞെട്ടി വിറച്ചു പോയി, അത്രക്ക് ഭീകരമായിരുന്നു ആ കാഴ്ച്ച. ഒരിക്കല്‍ പോലും ഇത് കണ്ടിട്ടില്ലാത്തവര്‍ ഒരു മുന്‍ വിധിയുമില്ലാതെ നിണം കാണുമ്പോള്‍ ശരിക്കും ഭയപ്പെട്ടു പോവും. പിന്നീട് ഒരിക്കല്‍ നെല്ലിയോട് അവതരിപ്പിച്ച നിണവും കാണുകയുണ്ടായി.
മാഷെ, വിശദമായ പോസ്റ്റിനു ഒരിക്കല്‍കൂടി നന്ദി....
ആശംസകള്‍...

വികടശിരോമണി said...

ഹാവൂ!ഈ പോസ്റ്റ് ആവശ്യപ്പെട്ടയാളെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നോർത്തിരിക്കയായിരുന്നു:)
നന്ദി,ചാണക്യാ.എന്നേക്കൊണ്ടിത് എഴുതിച്ചതിന്.

മനോജ് കുറൂര്‍ said...
This comment has been removed by the author.
മനോജ് കുറൂര്‍ said...

Hi Vikatasiromani, Nice, no no, terrible post. I consider this one as the REAL Kathakali blog because of its deep analysis and insights. Especially I am catched by the way you connecting culure and aesthetic techniques. I had seen a lot of Ninams since my childhood. My grand father Kuroor Vasudevan Nampoothiri performed this Vesham several times. He had not consumed liquour for any of his performances. (But I need some intoxication to see it!) Champakkulam Pachupilla and Ramachandran Unnithan were the others who performed this Vesham in southern parts of Kerala, eventhough I coudn't get a chance to see champakkulam's Ninam. In my experience, 'Ninam ariyikkal' gives more excitement with its unexpected arrival on stage than the expected entry of real ninam. Nothing to say more, because you did exceptionally well without leaving any subte details.

(Pardon me for posting in english. I coudnt defer my happiness till I reach my favorite malayalam key board, which is not with me now. Thank you)

വികടശിരോമണി said...

മനോജ്,
താങ്കളുടെ ഈ പ്രശംസക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു.
മിടുക്കന്റെ ഇടയ്ക്കുള്ള ചില കൊട്ടുകൾക്കു മുന്നിൽ കുനിച്ച പോലെ:)
നിണമറിയിക്കലിനേപ്പറ്റിയുള്ള ആ കൂട്ടിച്ചേർക്കലിന് നന്ദി.
ആ സങ്കേതത്തിന്റെ സൌന്ദര്യമോർക്കുമ്പോൾ തരിച്ചുപോകുന്നു.
അങ്കുശം,പ്രത്യക്ഷം-എന്നിങ്ങനെയുള്ള കാര്യങ്ങളുമായി ചേർത്തൊരു വായന അക്കാര്യത്തിൽ മനസ്സിൽ വന്നതാണ്.പിന്നെ ഈ ലൌകികതയിൽ നാട്യശാസ്ത്രമാരോപിക്കുന്നു എന്നൊക്കെ വളഞ്ഞൊടിഞ്ഞാലോ എന്നു വെച്ച് വേണ്ടാന്നു വെച്ചു.
ഒരിക്കൽ കൂടി,
താങ്കളുടെ ഈ അഭിനന്ദനത്തിനു മുന്നിൽ ഞാൻ ധന്യനും കൃതാർത്ഥനുമാകുന്നു.
ഞാനാരാണെന്ന ആഖ്യാന പ്രതിസന്ധി ഇപ്പോൾ ഞാനും നേരിടുന്നു:)

കപ്ലിങ്ങാട്‌ said...

പ്രിയ വി.ശി.,
ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.

(1) കപ്ലിങ്ങാട്‌ കൊല്ല വർഷം 959ൽ ആണല്ലൊ കാർത്തിക തിരുനാൾ മഹാരാജാവിന്റെ പക്കൽ വെച്ച്‌ നരകാസുരവധം തുടങ്ങിയ കഥകൾ ചിട്ടപ്പെടുത്തുന്നത്‌. അദ്ദേഹം ഈ കഥകളുടെ അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം സ്വദേശത്തേക്ക്‌ മടങ്ങുകയും ചെയ്തു ("കഥകളി രംഗം" പ്രകാരം). അപ്പോൾ നരകാസുരവധത്തിലുള്ള നിണം അദ്ദേഹത്തിനു ശേഷം വന്ന പരിഷ്കാരമാകുമോ?

(2) തെക്കു നിന്നു വന്ന നരകാസുരവധം വടക്കെത്തിയപ്പോൾ പകർന്നാട്ടമില്ലാതായതും അൽഭുതകരമാണ്‌. ഈ "കേട്ടാട്ട"ത്തിന്‌ എത്ര പഴക്കമുണ്ടോ ആവോ ! അത്‌ രൂപപ്പെട്ടത്‌ ഏറെക്കാലം കഴിഞ്ഞായിരിക്കുമോ?

നിണത്തെപ്പറ്റി പട്ടിക്കാംതൊടി എന്ത്‌ പറഞ്ഞിരിക്കുമോ എന്തോ ! കൃഷ്ണൻ നായരുടെ പൂതനയുടെയും കീചകന്റെ മരണത്തിലേയും ബീഭൽസം ഇഷ്ടപ്പേടാത്ത അദ്ദേഹത്തിനു തീർച്ചയായും നിണവും ഒട്ടും സ്വീകാര്യമല്ലായിരുന്നിരിക്കണം.

ഇന്ന്‌ നമ്മൾ നിണം പോലെയുള്ള സങ്കേതങ്ങളെ കഥകളിയിലെ ദ്രാവിഡ ഘടകമായി ആഘോഷപൂർവ്വം കാണുന്നു. കപ്ലിങ്ങാടിന്റെയും പട്ടിക്കാംതൊടിയുടേയും കാലത്ത്‌ ഇതസാദ്ധ്യമായിരുന്നു.

വികടശിരോമണി said...

പ്രിയ കപ്ലിങ്ങാട്,
കപ്ലിങ്ങാടിന്റെ പരിഷ്കരണത്തിൽ പെട്ടതാവാൻ ഒരു സാധ്യതയുമില്ല,നിണം.കപ്ലിങ്ങാട് ചെയ്തത്,നിണത്തെ നിരസിക്കുന്ന,ആ പകർന്നാട്ടരീതിയാണെന്നാണറിവ്.അതു ഞാൻ എഴുതിയിട്ടുണ്ടല്ലോ.
കപ്ലിങ്ങാട് ചിട്ടപ്പെടുത്തിയ നരകാസുരവധത്തിന്റെ ഘടനയിലാണ്,തുടർന്നുള്ള മിക്ക പതിഞ്ഞശൃഗാരപ്പദങ്ങളുടേയും ഘടനയുണ്ടായതെന്നു വ്യക്തം.അതിലാകമാനം കൂടിയാട്ട സ്വാധീനം പ്രകടവുമാണ്.നിണത്തിന്റെ നിർമ്മിതി,അതിനു മുൻപാവാൻ തന്നെയാണുസാധ്യത.
കേട്ടാട്ടം എന്ന രീതി കല്ലുവഴിക്കളരിയിൽ മാത്രമേ ഉള്ളൂ,പട്ടിക്കാംതൊടിയാണോ,ഇട്ടിരാരിശ്ശമേനോനാണോ,അതോ അതിനും മുൻപേ ആ രൂപത്തിലേക്ക് ഉണ്ണീരിമേനോനോ,ഇട്ടീരിപ്പണിക്കന്മാരോ മാറ്റിയിരുന്നോ എന്നറിയില്ല.എന്തായാലും ‘കേട്ടാട്ട’വും കൂടിയാട്ടത്തിന്റെ സങ്കേതം തന്നെയാണല്ലോ.
പട്ടിക്കാം തൊടി അനവധി അരങ്ങുകളിൽ നിണത്തോടൊപ്പം നരകാസുരൻ കെട്ടിയാടിയിട്ടുണ്ടെന്നുറപ്പ്,അദ്ദേഹത്തിന്റെ പ്രധാനവേഷങ്ങളിലൊന്നായിരുന്നല്ലോ അത്.കഥകളിയിൽ ഇഷ്ടപ്പെടാത്തത് എന്നു രാവുണ്ണിമേനോൻ പറഞ്ഞിരുന്ന “മണ്ണാൻ,മണ്ണാത്തി,ആശാരി,പണ്ടാരം”എന്നിവയിലും നിണം കാണാനില്ല.ഇനി,അറിയില്ല…
എന്തായാലും കപ്ലിങ്ങാടിന്റെ ഈ സൂക്ഷ്മനിരീക്ഷണത്തിനും ഗവേഷണ-ചരിത്രബുദ്ധിക്കും അഭിവാദ്യങ്ങൾ!
നന്ദി.

വികടശിരോമണി said...

ഹൊ! ആ ആദ്യത്തെ ചോദ്യം ഞാൻ മിസ് ചെയ്തു.
ചിലപ്പോൾ അങ്ങനെയാകാം,കപ്ലിങ്ങാടിന്റെ ചിട്ടപ്പെടുത്തലിനു ശേഷമാകാം നരകാസുരവധത്തിൽ നിണം വന്നത്.ആ സന്ദർഭത്തിന്റെ നിർമ്മിതിയിൽ ആ സാധ്യത കാർത്തികതിരുനാൾ കണ്ടിരിക്കാൻ തന്നെയാണിട.കാരണം,നരകാസുരവധം ആട്ടക്കഥ കോട്ടയത്തുതമ്പുരാന്റെ രചനാരീതിയുടെ പകർപ്പാണല്ലോ. “നിശാചരേന്ദ്രാ വാടാ”എന്ന കോട്ടയത്തു തമ്പുരാന്റെ രചനക്കു സമാനമായ “സുധാശനേന്ദ്രാ വാടാ” എന്ന എഴുത്തുരീതി നോക്കുക.
കാർത്തികതിരുനാൾ നരകാസുരവധത്തിന്റെ രംഗശിൽ‌പ്പത്തെക്കണ്ടത് കോട്ടയം കഥകളെപ്പോലെയാണെന്നു വ്യക്തം.അപ്പോൾ അതിലെ സിംഹികാനിണവും തിരുനാളിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം.
നന്ദി.

Sureshkumar Punjhayil said...

This is really informative. Thanks...!!

Anonymous said...

വള്ളുവനാട്ടിലെ മുഖ്യ കളിയരങ്ങുകളെ കുറിച്ചു ഒരു പോസ്റ്റ് ഇടാമൊ? ചെർപ്പുളശ്ശേരി, കാറൽമണ്ണ, പെരുമാങ്ങോടൂ,ഞാങാട്ടിരി, കാന്തളൂർ, ചെത്തല്ലൂർ ......ഒരു പ്രവാസിയായ വള്ളൂവനാടൻ കളിഭ്രാന്തനു ഗ്രഹാതുരത്വം ഉണർത്തുന്ന ചില പേരുകൾ ആണൂ ഇതെല്ലാം..

കപ്ലിങ്ങാട്‌ said...

വി.ശി., ഉത്തരങ്ങൾക്ക്‌ നന്ദി. മേനോൻ നിണത്തെപ്പറ്റി പ്രത്യേകിച്ച്‌ പറഞ്ഞതായി രേഖയില്ല എന്നത്‌ ശരി തന്നെ. അതുകൊണ്ടാണല്ലോ ഞാൻ അനുമാനത്തിൽ നിർത്തിയത്‌. ജീവിതമുദ്രകളിൽ ഇങ്ങിനെ കാണുന്നു (താൾ 201):

'എന്തെന്നാൽ ബീഭൽസ രസം രംഗത്തിൽ കഴിയുന്നത്ര ചുരുക്കേണമെന്ന് "ബഹുമതിമതിമാനിട്ടിരാരിച്ചമേനോൻ" എന്നാഖ്യതേടും ഗുരു കൽപിച്ചിട്ടുള്ളതിനോട്‌ അവിടുത്തെ ശിഷ്യനായ എന്റെ ബുദ്ധിയും യോജിച്ചിരിക്കുന്നു എന്നതു തന്നെ കാരണം.

1112-മത്‌ പോകുന്ന ചിങ്ങം പത്തൊമ്പതാം തീയ്യതിയായ ഇന്നലെ കലാമണ്ഡലത്തിലെ ഇപ്പോഴത്തെ കളരിയിൽ വെച്ച്‌ വളർപ്പട്ടണം കടവിന്നപ്പുറം ചെറുതാഴത്ത്‌ പുതിയേടത്ത്‌ കൃഷ്ണൻ നായരുടെ പൂതനാമോക്ഷം ആട്ടക്കഥയിൽ പൂതനയെന്ന ലളിത വേഷം കണ്ടു. വളരെ വളരെ നന്നായി. പക്ഷേ ബീഭൽസരസം രംഗത്തിൽ കഴിയുന്നത്ര ചുരുക്കേണമെന്ന് ഗുരു കൽപിച്ചതും എന്റെ ബുദ്ധിയിൽ ശരിയെന്ന് തോന്നിയതും ജനനം, മരണം, സുരതം, യുദ്ധം ഈ നാലും രംഗത്തിൽ സൂചിപ്പിക്കുകയല്ലാതെ പൂർത്തിയായി നടിക്കരുതെന്ന് ശാസ്ത്രം വിധിച്ചതും അബദ്ധമെന്ന് ഈ വഹകൾ കാണുമ്പോൾ വിചാരിപ്പാനിട വരുന്നു. എന്നാൽ ആ പ്രകൃതം ഇത്ര പൂർത്തിയായി അഭിനയിക്കേണമെങ്കിൽ ഇങ്ങിനെത്തന്നെ വേണം. ഇതുപോലെത്തന്നെയാണ്‌ കീചകന്റെ മരണവും. ആയത്‌ ഞാനും ഇതിലധികമായി നടിച്ചു വരാറുണ്ട്‌.'

കീചകന്റെ മരണം മേനോന്റെ സുപ്രസിദ്ധ രംഗമായിരുന്നല്ലൊ (അതിലും കൂടിയാട്ട സ്വാധീനം കനത്തതു തന്നെ). അതഭിനയിച്ചാണെന്ന് പറയാറുണ്ടല്ലൊ അദ്ദേഹത്തിന്‌ അവസാനത്തെ വായുസംബന്ധമായ രോഗം വന്നത്‌. ആ മരണം അഭിനയിക്കാനും അദ്ദേഹത്തിന്‌ മുഴുവൻ യോജിപ്പുണ്ടായിരുന്നില്ലെന്നാണ്‌ മേൽപ്പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നത്‌. പിന്നെ കീഴ്‌വഴക്കമനുസരിച്ച്‌ അഭിനയിച്ചുപോന്നെന്നു മാത്രം (ഇതും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്‌).

അങ്ങിനെയുള്ള അദ്ദേഹത്തിന്‌ നിണത്തെക്കുറിച്ചും എകദേശം ഇതേ അഭിപ്രായം തന്നെ ആയിരിക്കും എന്നാണ്‌ എന്റെ അനുമാനം. ഒരുകാര്യം വ്യക്തം - "ബീഭൽസരസം ചുരുക്കണം" എന്ന കളരിസൂക്തം ഇട്ടിരാരിച്ചമേനോന്റെ കാലത്തു തന്നെയുണ്ട്‌.

വികടശിരോമണി said...

കപ്ലിങ്ങാടേ,കലക്കി.
ബീഭത്സരസം ചുരുക്കണം എന്ന ദർശനം ഇട്ടിരാരിശ്ശമേനോന്റെ കാലത്തേ ഉണ്ടെന്നതു ശരി.രാവുൺനിമേനോന്റെ കൊടുങ്ങല്ലൂർ വാസത്തിനു ശേഷം,നാട്യശാസ്ത്രത്തിന്റെ പദ്ധതിയിൽ പട്ടിക്കാംതൊടി മുങ്ങിനിവർന്നു.അതു കഥകളിക്കു നൽകിയ അനുഗ്രഹം ഹിമാലയത്തോളം വലിയതാണ്,സംശയമില്ല.പക്ഷേ,ചിലയിടത്ത് അതു കഥകളി വിട്ടുസഞ്ചരിക്കാനാരംഭിച്ചിട്ടുമുണ്ടാകണം.വിവിധ കലകളുടെ സ‌മ്യക്കായ സമ്മേളനമായ ഏതു സങ്കരകലയേയും,ഏത് ഉൽകൃഷ്ടദർശനം വെച്ച് അളന്നുതൂക്കിയാലും അത് ഗുണവും,ദോഷവും ചെയ്തേക്കും.പട്ടിക്കാംതൊടി,ഒരിടക്ക് യുദ്ധം,ദ്യൂതം എന്നിവ ഒഴിവാക്കിയാലോ എന്നു വരെ ചിന്തിച്ചു!
നിണം ഒരിക്കലും ശുദ്ധബീഭത്സത്തിന്റെ പ്രകടനമല്ല.എങ്കിലും,ലോകധർമ്മിതയിൽ നിന്ന് കഥകളിയെ പരമാവധി അടർത്താനുള്ള തത്രപ്പാടിൽ ആ മഹാചാര്യൻ നിണത്തെ എതിർത്തുകൂടാ എന്നുമില്ല.
(ഞാൻ ഒരു അന്വേഷണം നടത്തിനോക്കട്ടെ,ട്ടോ.ഇപ്പോഴും അദ്ദേഹത്തിന്റെ ശിഷ്യൻ ജീവിച്ചിരിപ്പുണ്ടല്ലോ:)
നന്ദി.

വികടശിരോമണി said...

സുരേഷ് കുമാർ,
നന്ദീണ്ട്,ട്ടൊ.
അനോനിച്ചേട്ടാ,
ശ്രമിക്കാം കെട്ടോ.എനിക്കാവും പോലെ.
കുറച്ചൂടി കഴിയട്ടെ.

അരുണ്‍ കരിമുട്ടം said...

ഞാന്‍ വായിച്ചെങ്കിലും പലതും ദഹിച്ചില്ല.അത് എന്‍റെ കുഴപ്പം തന്നെയാ,മനസ്സിലായ് വരേണ്ടേ.എങ്കിലും ഒന്നെനിക്ക് ഉറപ്പായി,കൂടുതല്‍ മനസ്സിലാക്കാന്‍ ഒരു ആഗ്രഹം മനസ്സില്‍ തോന്നി തുടങ്ങി.ഇനിയും വരാം,അല്ല വരും.

വികടശിരോമണി said...

മനസ്സിലാവാത്തതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ,അരുണേ.താല്പര്യാണ് പ്രധാനം,വീണ്ടും വരൂ.
നന്ദി.

Anonymous said...

.nannayi thudaruka

Sreekanth | ശ്രീകാന്ത് said...

നിണം കഥകളിയില്‍ ആവശ്യമാണെന്നു തന്നെയാണു എന്റെ അഭിപ്രായം. അതു ഭീഭത്സമായതു കൊണ്ട് പാടില്ല എന്നു പറയാന്‍ പറ്റില്ല. അതും ഒരു രസമല്ലേ? പിന്നെ ഇതു ഒരു അത്ഭുതം തന്നെ ആണ്. കൂടിയാട്ടത്തില്‍ പ്രാതസ്മരണീയനായ പദ്മശ്രീ അമ്മന്നൂര്‍ മാധവ ചാക്യാരുടെ നിണം കേമമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ചിത്രങ്ങളും കണ്ടിട്ടുണ്ട്.

ഇതു ഒരുങ്ങുന്നതിനുള്ള വേഷ-സമയ-സ്ഥല പരിമിതികള്‍ മൂലം പലപ്പോഴും ഉണ്ടായി കാണാറില്ല. ഇല്ലെങ്കിലും കുഴപ്പം ഇല്ല. എന്നാല്‍ തീരെ ഉഴിവാക്കേണ്ടതല്ല.

Dr. Prasanth Krishna said...

വികടശിരോമണി

ഇപ്പോഴാണ് നിണം വായിക്കാന്‍ പറ്റിയത്. ആന്ന് പിന്നെ വായിച്ചോളാം എന്ന് ഒരു കമന്റ് ഇട്ടുപോയി എന്നുമാത്രം. ഫെന്റാസ്റ്റിക്.

കിര്‍മ്മീരവധത്തില്‍ പതിമൂന്നാം രംഗത്തിലാണ് നിണം. ‍കത്തിവേഷമണിഞ്ഞ കിര്‍മ്മീരനും നിണമണിഞ്ഞ സിഹികയും ഉള്ള രംഗം.

ശ്ലോകം-ഘണ്ടാരരാഗം.
“നിരര്‍ഗ്ഗളവിനിര്‍ഗ്ഗളദ്രുധിതരൂഷിതാക്രന്ദിത-
പ്രതിദ്ധ്വനിതദിങ്മുഖാ ബഹുതരം ലുഠന്തീ തദാ
സമഗ്രബലമഗ്രജം സകലയാതുധാനൈര്‍വൃതം
നികൃത്തകുചനാസികാ നിരനുനാസികാ സവദല്‍”

കിര്‍മ്മീരന്റെ വീരഭാവത്തിലുള്ള തിരനോട്ടവും , തന്റേടാട്ടവും. ശിവപൂജകഴിഞ്ഞ് ശ്രീകോവില്‍ അടച്ചുകഴിയുമ്പോള്‍ കത്തി ജ്വലിക്കുന്ന പന്തങ്ങളുടെയും അവയിലെറിഞ്ഞുപടരുന്ന തെള്ളിവെളിച്ചത്തിന്റരക്തവര്‍ണ്ണത്തിന്റെയും അകമ്പടിയോടേ, നിണം അരങ്ങിലെത്തുന്നു.

ഈ മനോഹര ദ്യശ്യം കാണാന്‍ ഒരു വല്ലാത്ത മോഹം‍. എന്നങ്കിലും കഴിയുമോ ആവോ?

Anonymous said...

ചാണക്യാ,
കലാമണ്ഡലം രതീശനോ ഗിരീശനോ നിണം
അവതരിപ്പിച്ചത് എന്ന്.
തമാശപറയാെത ! ഞാ൯ ചിരിക്കും.

നിഷേധിയുടെനാവ് said...

ഒരു കൂട്ടായ്മയാണ്. സ്വന്തമായ് അഭിപ്രായവും, അത് നിര്‍ഭയം ഏതു ചെകുത്താന്റെ മുന്നിലും മതമോ രാഷ്‌ട്രീയമോ ദേശമോ കാലമോ നോക്കാതെ തുറന്നു പറയാന്‍ തന്റേടവുമുള്ള ആര്‍ക്കും സ്വാഗതം. ഈ കൂട്ടായ്‌മയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന നട്ടെല്ലുള്ള എല്ലാവര്‍ക്കും സ്വാഗതം. ഇവിടെ യജമാനനും ഭ്യത്യനുമില്ല. ആക്ഞയും അനുസരണയുമില്ല. എല്ലാവരും സ്വതന്ത്രരാണ്. കൂടാന്‍ ആഗ്രഹിക്കുന്നവര്‍ nishethi@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അല്ലങ്കില്‍ ഇവിടെ ഒരു കമന്റ് ഇടുക