Monday, January 5, 2009

താടിയരങ്ങ്-2008


ലർച്ച,പകർച്ച,ഊക്ക്,നോക്ക്-ഇങ്ങനെ മികച്ച ചുവന്നതാടിക്കാരുടെ ലക്ഷണം പഴമക്കാർ പറയാറുണ്ട്.എന്തായാലും രാമനാട്ടത്തിന്റെ ആദ്യകാലത്ത്,പ്രധാനനടന്മാരുടെ വേഷമായിരുന്നു ചുവന്നതാടി.കോട്ടയം കഥകളുടെ സാത്വികനായക-പച്ചവേഷ-പ്രഭാവം കളിയരങ്ങിനെ കീഴടക്കുകയും,തുടർന്നുവന്ന പ്രതിനായക-കത്തിവേഷ-തരംഗം കഥകളിയെ മാറ്റിപ്പണിയുകയും ചെയ്തതോടെയാകണം താടിവേഷങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടത്.മിക്ക കഥകളിലേയും ചുവന്നതാടികൾ ഒരേ അച്ചിൽ വാർത്ത യാന്ത്രികകൽ‌പ്പനകളായി.പരാക്രമശാലിയെന്നങ്കരിക്കുകയും,അവസാനം നായകനിൽ നിന്ന് മരണമോ,തോൽ‌വിയോ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു മന്ദബുദ്ധിയായ വേഷപ്പടർപ്പ്.അപ്പോഴും രാമനാട്ടം രൂപകൽ‌പ്പന ചെയ്ത ബാലിവേഷം,ഏതു പ്രമുഖനടന്മാരും ഒരിക്കലെങ്കിലും ചെയ്തുകാണും.ഒരു ആദ്യാവസാനവേഷത്തിന്റെ പ്രൌഡിയുള്ള ജരാസന്ധൻ,ത്രിഗർത്തൻ,ബകൻ തുടങ്ങിയ വേഷങ്ങൾക്കും കളിക്കമ്പക്കാർക്കിടയിൽ സ്ഥാനമുണ്ടായി.







താടിവേഷത്തിന്റെ നിലവിലുള്ള ഘടനയിലെ സാരമായ ഘടകങ്ങൾക്കു തന്നെ രൂപം നൽകിയത് പരേതനായശ്രീ.വെള്ളിനേഴി നാണുനായരാണ്.താടിവേഷത്തിന്റെ രൂപശിൽ‌പ്പത്തിലുള്ള അവ്യവസ്ഥിതാവസ്ഥ,നാണുനായരുടെ രംഗക്രിയകളോടെയാണ് മാറ്റപ്പെടുന്നത്.അതുകൊണ്ടുതന്നെ,താടിവേഷത്തിന്റെ കാര്യത്തിൽ നാണുനായരെ ‘യുഗപ്രഭാവൻ’എന്നു വിളിക്കുന്നത് അധികമാവില്ല.അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്തിരുന്ന പാലക്കാട് ജില്ലയിൽ കുറുവട്ടൂരിൽ തന്നെ ‘വെള്ളിനേഴി നാണുനായർ സ്മാരകകേന്ദ്രം’ എന്ന പേരിൽ നാണുനായരാശാന്റെ സ്മരണാർത്ഥം ഒരു കലാസ്ഥാപനം പ്രവർത്തിക്കുന്നു.പ്രസ്തുത കലാകേന്ദ്രത്തിന്റെ ഏഴാം വാർഷികം ഒരു ‘ചുവന്നതാടിസംഗമ’മായി,‘താടിയരങ്ങ്’എന്ന പേരിൽ,2008 ഡിസം.27ന് ആഘോഷിക്കുകയുണ്ടായി.11കഥകളിലുള്ള ചുവന്നതാടിവേഷങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ഒരു രാത്രി.പങ്കെടുത്തവർക്കെല്ലാം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ‘താടിയരങ്ങ്’.






സമകാലീനകഥകളിയിലെ ഒട്ടുമിക്ക പ്രമുഖതാടിവേഷക്കാരെയും സംഗമിപ്പിച്ച താടിയരങ്ങിന്റെ സംഘാടനത്തെ അഭിനന്ദിക്കാതെ വയ്യ.നെല്ലിയോടു വാസുദേവൻ നമ്പൂതിരി മുതൽ ഹരി.ആർ.നായർ വരെയുള്ള വിവിധതലമുറകളിൽ പെട്ട താടിവേഷക്കാരുടെ സംഗമം കൂടിയായി,താടിയരങ്ങ്.വിവിധ കഥകളിൽ താടിവേഷങ്ങളണിഞ്ഞവരുടെ വിവരം താഴെക്കൊടുക്കുന്നു:
1.കിർമീരവധം:സുദർശനം-കലാമണ്ഡലം നാരായണൻ‌കുട്ടി
2.രാവണോത്ഭവം:മാല്യവാൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി,മാലി-കലാമണ്ഡലം കേശവദേവ്,സുമാലി-കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണപ്പിള്ള
3.ഉത്തരാസ്വയംവരം:ത്രിഗർത്തൻ-കോട്ടക്കൽ കേശവൻ എമ്പ്രാന്തിരി
4.ബകവധം:ബകൻ-ടി.ടി.കൃഷ്ണൻ,പയ്യന്നൂർ
5.രാജസൂയം:ജരാസന്ധൻ-കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ
6.നളചരിതം രണ്ടാംദിവസം:കലി-പരിയാനം‌പറ്റ ദിവാകരൻ,ദ്വാപരൻ-കലാനിലയം മധുമോഹനൻ
7.കാലകേയവധം:കാലകേയൻ-കാവുങ്ങൽ ദിവാകരപ്പണിക്കർ
8.ദുര്യോധനവധം:ദുശ്ശാസനൻ-ഗീതാവർമ്മ
9.ബാലിവിജയം:ബാലി-കൊട്ടാരക്കര ഗംഗ
10:ബാലിവധം:ബാലി-കോട്ടക്കൽ ദേവദാസ്,സുഗ്രീവൻ-കലാമണ്ഡലം ഹരി.ആർ.നായർ
11.ദക്ഷയാഗം:വീരഭദ്രൻ-മാങ്ങോട് കുമാരൻ.





ആദ്യന്തം വ്യത്യസ്തവും,വിചിത്രവുമായ താടിയരങ്ങ് ആരംഭിച്ചതുതന്നെ കേട്ടുകേൾവിപോലുമില്ലാത്ത ‘ചുവന്നതാടിപ്പുറപ്പാടോ”ടുകൂടിയാണ്.നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും കലാനിലയം മധുമോഹനും കലാ.നാരായണൻ‌കുട്ടിയും കൂടി ചെയ്ത ഈ പുറപ്പാടിന് എന്തർത്ഥമാണുള്ളത് എന്ന് മനസ്സിലായതേയില്ല.സാധാരണപുറപ്പാടിന്റെ എണ്ണങ്ങൾ തന്നെ,മൂന്നു ചുവന്നതാടിവേഷങ്ങൾ ചെയ്യുന്ന രംഗം ഒരു കൌതുകം ഉണർത്തുക എന്നതിലപ്പുറം എന്തു ധർമ്മമാണ് നിറവേറ്റുന്നത്?കൃഷ്ണവേഷത്തിന്റെ നിരതിശായിയായ മനോഹാരിതയിൽ അർത്ഥപൂർണ്ണമാകുന്ന പുറപ്പാടിന്റെ ഒരു വികലമായ ആവിഷ്കാരം എന്നതിലപ്പുറം ഒന്നും തോന്നിയില്ല.ചുവന്നതാടിക്കാരുടെ വികൃതമായ മുദ്രാഭാഷയിൽ കൂടിയാണ് ഈ ആഭാസം എന്നതുകൂടിയായപ്പോൾ പൂർത്തിയായി.




ആദ്യകഥയായ രാവണോത്ഭവത്തിൽ,രംഗത്ത് അത്യപൂർവ്വമായ മാലി-സുമാലി-മാല്യവാന്മാരുടെ രംഗമാണ് അവതരിപ്പിച്ചത്.മൂന്നു ചുവന്നതാടിവേഷങ്ങൾ ഒരുമിച്ച് രംഗത്തെത്തുന്ന അപൂർവ്വകഥാഭാഗമാണത്.മാല്യവാനായി രംഗത്തെത്തിയ നെല്ലിയോട്,നന്നാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മറ്റു രണ്ടുപേരും പരമാവധി നശിപ്പിക്കാൻ തീരുമാനിച്ചിരുന്നതു കൊണ്ട് ഗുണമൊന്നുമുണ്ടായില്ല.ഇന്ദ്രനുമായുള്ള യുദ്ധസമയത്ത്,നരകാസുരവധത്തിലെ നരകാസുരനേപ്പോലെ,‘അഹല്യാമോക്ഷം’ആട്ടം നെല്ലിയോട് ആടിയതുകൂടി മറ്റു രണ്ടുപേരും ഇടപെട്ടുനശിപ്പിച്ചു.
മികച്ചപ്രകടനം എന്നു പറയാവുന്നത് ബാലിവധത്തിൽ ബാലിയായി വേഷമിട്ട കോട്ടക്കൽ ദേവദാസിന്റേതായിരുന്നു.പൊതുവേ പാത്രശ്രദ്ധയില്ലാതെ ചെയ്തുശീലിച്ച താടിവേഷത്തിന്റെ അവസ്ഥയിൽ നിന്ന്,മൌലികമായ ഒരു മാറ്റത്തിനും ആരും ശ്രമിച്ചുകണ്ടില്ല.കലകേയനായി വേഷമിട്ട കാവുങ്ങലും ഭേദപ്പെട്ട പ്രകടനം നടത്തി.
ഒരേ മട്ടിലുള്ള തന്റേടാട്ടങ്ങളുടെ ആവർത്തനം,നിരന്തരമായി ചുവന്നതാടിവേഷത്തെ കണ്ടാലുള്ള ചെടിപ്പ്-ഇതെല്ലാമാണ് താടിയരങ്ങിന്റെ പരിണിതഫലം.രാവിലെ മടങ്ങുമ്പോൾ ഒരു സുഹൃത്തു പറഞ്ഞു:“ഇനി ഒരു കൊല്ലത്തേക്ക് ചുവന്നതാടി കണ്ടാൽ ഛർദിക്കാൻ വരും എന്നായിക്കിട്ടി.”

34 comments:

വികടശിരോമണി said...

രാവിലെ മടങ്ങുമ്പോൾ ഒരു സുഹൃത്തു പറഞ്ഞു:“ഇനി ഒരു കൊല്ലത്തേക്ക് ചുവന്നതാടി കണ്ടാൽ ഛർദിക്കാൻ വരും എന്നായിക്കിട്ടി.”

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
പതിവു പോലെ വായിക്കുന്നു മടങ്ങുന്നു, കൂടുതല്‍ പിടിയില്ല.

ഫ്യൂഷന്‍ മ്യൂസിക്ക് കണ്ടിട്ടുണ്ട്, ഈസ്റ്റേണ്‍, വെസ്റ്റേണ്‍ , വേറെ റ്റേണ്‍ അങ്ങിനെ എല്ലാറ്റിന്റേയും സമ്മിശ്രണം. കഥകളിയും വിഭിന്നമല്ലാതാവുകയാണോ?

ചില സ്റ്റേജ് ഷോകളില്‍ നിരത്തി നിര്‍ത്തിയിരിക്കുന്ന കഥകളി വേഷങ്ങളെ കണ്ടിട്ടുണ്ട്, വെഞ്ചാമരം വീശുന്ന മാതിരി ഇടം വലം തിരിഞ്ഞുകൊണ്ടിരിക്കുക എന്നതാണ് അവിടെ അവര്‍ക്കു പണി. ഈ പോസ്റ്റ് വായിക്കുമ്പോള്‍ എന്തോ അതാണ് മനസ്സിലേക്കു വന്നത്.

ഓഫ്ഫ്:
ബ്ലോഗ് ആദ്യാക്ഷരി പോലെ കഥകളി ആദ്യാക്ഷരി, ബാലപാഠങ്ങള്‍ കിട്ടാന്‍ ഒരു പോസ്റ്റ് ആയിക്കൂടെ, ഞമ്മളെപ്പോലെയുള്ള ചെറുപ്പക്കാര്‍ക്കു വേണ്ടി?

വികടശിരോമണി said...

അനിൽ,
കഥകളി ആദ്യാക്ഷരി ആലോചിക്കായ്കയല്ല.പക്ഷേ ബ്ലോഗ് ആദ്യാക്ഷരിയേക്കാളും പണിയാണ്.എങ്ങനെ അതു വേണം എന്നുള്ളതും പ്രശ്നാണ്.ശ്രമിക്കാം.
കഥകളിവിജ്ഞരായ മറ്റു വായനക്കാർ കൂടി അനിലിന്റെ ഈ ആവശ്യത്തിനുള്ള പോംവഴിയെപ്പറ്റി പറയുമെന്ന് പ്രതീക്ഷിക്കുന്നു.

Anonymous said...

Anil,
Keralathil ullavarkku, minakkettu nadannu kali kaanukayanu ettavum uchitham. Allathe blog vazhiyonnum ithu padhikkan pattilla.

ചാണക്യന്‍ said...

ആ സുഹൃത്ത് പറഞ്ഞത് ശരിയാ മാഷെ...
താടിയരങ്ങ് സംഘടിപ്പിച്ചതിന്റെ ഉദ്ദേശമെന്തെന്ന് മനസിലാവുന്നില്ല....പുറപ്പാട്, താടിക്കാര്‍ കൈകാര്യം ചെയ്യുന്നത് കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല....അനവസരത്തിലുള്ള വേഷപ്പകര്‍ച്ച കഥകളിയെ സംബന്ധിച്ച് അരോചകമാണ്...
മാഷെ..പോസ്റ്റിനു നന്ദി..ആശംസകള്‍..

ഓടോ:ഗ്വോ..ഗ്വോ...ഗ്വോ..ഗ്വോ‍ാ‍ാ‍ാ...:)

Anonymous said...

:)

Haree said...

:-)
താടിവേഷങ്ങള്‍ മാത്രമായി രംഗത്തവതരിപ്പിച്ചു കൊണ്ടേയിരുന്നാല്‍ ആര്‍ക്കാണെങ്കിലും മടുപ്പു തോന്നും. ത്രിഗര്‍ത്തകന്റെ ഉത്തരാസ്വയംവരത്തിലെ ആട്ടം തന്നെ നീണ്ടുപോയാല്‍ സഹിക്കുവാന്‍ പാടാണ്. സത്യത്തില്‍ ത്രിഗര്‍ത്തകന്‍, ദുഃശാസനന്‍ തുടങ്ങിയവരൊക്കെ മന്ദബുദ്ധികള്‍ തന്നെയല്ലേ? ഇല്ലാത്ത മിടുക്കല്ലേ അവര്‍ വീമ്പിളക്കുന്നത്?

പിന്നെ, ദ്വാപരന് എങ്ങിനെയാണ് താടിവേഷം ലഭിച്ചത്? ഏതു യുക്തിയില്‍ ആരാണ് അങ്ങിനെയൊരു മാറ്റം കൊണ്ടുവന്നത്? ഇനി ശരിയായ വേഷം കുറുംകത്തിയോ, ശകുനിയുടേതു പോലെയുള്ള വേഷമോ? (ശകുനി ദ്വാപരന്റെ പുനര്‍ജന്മമാണ്, ശകുനി ദേഹത്യാഗം ചെയ്ത് ദ്വാപരനിലാണ് ചേരുന്നതും...)

ഹമ്മേ, പുറപ്പാടും താടിവേഷമോ! കഷ്ടം തന്നെ! :-(
--

വികടശിരോമണി said...

ചാണക്യാ,പുറപ്പാട് താടിവേഷം ചെയ്യുന്നത് കാണുന്നതിൽ ഒരു ‘ഭാഗ്യവുമുണ്ടെന്ന് എനിക്കു തോന്നുന്നില്ല:)
ഹരീ,
തെക്കൻ വഴിയിൽ ദ്വാപരൻ ചുവന്നതാടിയാണ്,മുൻപുതന്നെ.
ഭേദം കത്തിവേഷം തന്നെ,പക്ഷേ ഇതു താടിയരങ്ങല്ലേ?ആരെയൊക്കെ താടിയാക്കാം എന്നന്വേഷിക്കുമ്പൊഴാ:)
അനിലിന് അനോനി കൊടുത്ത മറുപടിയിൽ പറഞ്ഞപോലെ,കഥകളി ബ്ലോഗുവഴി പഠിക്കാൻ പറ്റില്ല.പക്ഷേ,അടിസ്ഥാനവിവരങ്ങൾ നെറ്റിൽ ലഭിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് ഗുണകരമാകുമെന്നു തോന്നുന്നു.24മുദ്രകൾ,അവയുടെ സംയുത,അസംയുത,മിശ്ര,സമാന ആവിഷ്കാരങ്ങൾ,ആറുതാളങ്ങൾ,അവയുടെ വിവിധ കാലപ്രമാണങ്ങൾ,കഥകളിയിലെ പ്രധാന കഥകളിലെ ഇവയുടെ ഉപയോഗങ്ങൾ,(ആവശ്യമായ ഫോട്ടോ,വീഡിയോ സഹിതം),പ്രധാന കഥകളികളുടേയെങ്കിലും വീഡിയോകൾ-ഇവയെല്ലാം ലഭ്യമാകുന്ന വിധത്തിലൊരു ബ്ലോഗ് ഉപയോഗപ്രദമായിരിക്കുമെന്ന് തോന്നുന്നു.പക്ഷേ,ജന്മനാ മടിയനായ എനിക്ക് ഇതൊന്നും സുസാധ്യമല്ല.
സ്വപ്നം കാണാൻ ആർക്കാണ് പറ്റാത്തത്?അല്ലേ?
കഥകളിയെപ്പറ്റി എഴുതുന്നവരും,കഥകളി അഭിജ്ഞരായി ബ്ലോഗുലകത്തിലുള്ളവരുമായ എല്ലാവരും കൂടി വിചാരിച്ചാൽ നടക്കുമെന്നു തോന്നുന്നു.എല്ലാവർക്കും അവരവരുടേതായ പങ്കുവഹിക്കാനാവും.ഒരു ഗ്രൂപ്പ് ബ്ലോഗ് അങ്ങനെയുണ്ടായാൽ...

കപ്ലിങ്ങാട്‌ said...

ഞാനിന്നലെ ആലോചിച്ചതേയുള്ളു കഥകളി ഇന്റർനെറ്റ്‌ വഴി മലയാളികളുടെ ഇടയിൽ മാത്രമല്ല, ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിനെപ്പറ്റി (അതെ ഒരു തരം Evangelization - വി.ശി.യെപ്പോലെ സ്വപ്നം കാണൽ തന്നെ). നമ്മളിൽ പലർക്കും നാട്ടിൽ നടന്ന് കളി കാണാനുള്ള ഭാഗ്യമില്ല - ഞാനും അത്തരമൊരു ഹതഭാഗ്യനാണ്‌. അങ്ങനെയുള്ള ഞങ്ങൾക്ക്‌ നാട്ടിൽ നടക്കുന്ന കളികളുടെ വീഡിയോകൾ യൂറ്റ്യൂബ്‌ വഴി കാണാൻ പറ്റുകയാണെങ്കിൽ എത്ര നന്നായിരിക്കും! യൂറ്റ്യൂബിലുള്ള വീഡിയോകളുടെ വിവരങ്ങൾ (Commentary) യൂറ്റ്യൂബ്‌ വഴി തന്നെയൊ അതോ ബ്ലോഗ്‌ വഴിയോ കൊടുക്കാനും പറ്റും.

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ത്രികാലം ഉത്സവത്തിലെ 2 കളികൾ കണ്ടു - രണ്ടും ഒട്ടു മുക്കാലും ഞാൻ എന്റെ Handicam-ൽ പകർത്തിയിരുന്നു. നളചരിതം മൂന്നാം ദിവസം മുഴുവൻ upload ചെയ്തു കഴിഞ്ഞു - "Thrikalam Nalacharitham" എന്നു യൂറ്റ്യൂബിൽ സെർച്ച്‌ ചെയ്താൽ വീഡിയോകൾ എല്ലാം കിട്ടും. മറ്റേ കളിയായ രാജസൂയവും ഉടൻ തന്നെ upload ചെയ്യുന്നതായിരിക്കും, എന്നാലാവുന്ന വിവരണങ്ങൾ ഞാൻ നൽകാൻ ശ്രമിക്കാം. വി.ശി.യെപ്പോലെയുള്ള ഗ്രഹിതക്കാർക്ക്‌ അതിൽ കൂടുതൽ കൂട്ടിച്ചേർക്കാം.

ഭൂമിപുത്രി said...

അനിൽ അവതരിപ്പിച്ച പ്രമേയം ഞാൻ പിന്താങ്ങുന്നു.
‘കഥകളിനിരക്ഷത’ കാരണം ജീവിതം നിരാശയിലാണ്ടുപോയവരെ ഉദ്ധരിയ്ക്കാനായി
അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടിയിരിയ്ക്കുന്നു.

കൈലാസി: മണി,വാതുക്കോടം said...
This comment has been removed by the author.
കൈലാസി: മണി,വാതുക്കോടം said...

“ചിത്രമഹോ! ചിത്രം!”
താടിയരങ്ങ്, താടിപുറപ്പാട്......കൊള്ളാം.
താടിപതിഞ്ഞപദവും ഉണ്ടായില്ലാ ഉവ്വോ?

താടികണ്ടു മടുത്തു അല്ലെ? ശരിയാണ് സദ്യക്ക് പായസം പ്രധാനമാണ്. എന്നുവെച്ച് ഒരു സദ്യക്ക്
പായസമ്മാത്രേള്ളൂച്ചാല്‍ അതു രസാവുമോ?

വൈദ്യനാധന്‍ സ്വാമി പറഞ്ഞിരുന്നു. “താടിവേഷങ്ങള്‍ ഓരോരുത്തരായി അരങ്ങത്തുവന്ന് ‘എനിക്ക് സുഖം ഭവിച്ചു ’ എന്ന് ആടി കണ്ടു കണ്ട് ഒടുക്കം കാഴ്ച്ചക്ക്കാര്‍ക്ക് അസുഖം ഭവിച്ചു“ എന്ന്.

നെല്ലിയോടിന് ചേര്‍ന്ന കൂട്ടുവേഷക്കാരെ കിട്ടാത്തതിനാല്‍ അവിടെയും അദ്ദേഹത്തിന്റെ കളി സുഖായില്ല അല്ലേ. ദേവദാസന്‍ ബാലി നന്നായിചെയ്തു എന്നറിഞ്ഞതില്‍ സന്തോഷം.

അനോനി പറഞ്ഞതു വളരേ ശരി.
കളി കണ്ട് തന്നെ മനസ്സിലാക്കണം. വായിച്ച് മാത്രം മനസ്സിലാക്കാന്‍ ആവില്ല.

പിന്നെ വികടന്‍ പറഞ്ഞതുപോലെ അടിസ്ഥാനവിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടാവുന്നത് നല്ലതാണ്. ഗ്രൂപ്പ്ബ്ലോഗിങ്ങിന്റെ ആശയവും നല്ലത്. അതിനായി കൂടുതല്‍ സാങ്കേതികജ്ഞാനമുള്ള വികട-കപ്ലിങ്ങാടാദികള്‍ മുന്‍‌കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എതിരന്‍ കതിരവന്‍ said...

പുറപ്പാട് താടിവേഷം ചെയ്യുന്നതിൽ ഒരു പരീക്ഷനമെന്ന നിലയിൽ അപാകതയൊന്നുമില്ല. താടിവേഷത്തിനു അനുവദിച്ചിട്ടുള്ള ചുരുങ്ങിയ നൃത്തവിന്യാസങ്ങളുടെ പരിധിയിൽ നിന്നും പുറത്തു കടക്കാനുള്ള ഒരു ശ്രമമായിരിക്കും ഇത്. താടിവേഷത്തിനും (വേഷക്കാർക്കും) സ്വന്തം ഇടം നേടാനും കതഥാപാത്രവിപുലീകരണത്തിനും സഹായകമായേക്കും എന്ന ശുഭാപ്തിവിശ്വാസം ഇതിനുപുറകിൽ കാണുമായിരിക്കും. നെല്ലിയോട് ഇതു ചെയ്യുമ്പോൾ ആഭാസം ആകാതിരിക്കാനുള്ള വിവേകം കാണുമല്ലൊ. പുറപ്പാടിന്റെ സ്വത്വവും അവതരണവും വളരെയേറെ മാറിമറിഞ്ഞ ഇക്കാലത്ത് ‘താടിയരങ്ങ്’ എന്ന ഈ വിരളവേലയിൽ അവരുടെ നൃത്തത്തോടെ അവതരനം തുടങ്ങുന്നതിൽ അത്ര അപാകതയില്ല.

താടിവേഷത്തിന്റെ നൃത്തസാദ്ധ്യതകൾ മാറി വരട്ടെ.
അതി ഭീകരമാണ് താടിവെഷം ആ വേഷം ശുദ്ധനൃത്തം ചെയ്യുന്നതിലെ ഐറണി ശ്രദ്ധിക്കപ്പെടേണ്ടതാണ്.അതിഭീദിതമാണ് മുഖത്തെഴുത്ത്. ബൃഹുത്തായ കെരീടം (കുറ്റിച്ചാമരം). താടിയരങ്ങ് ശൃംഗാരമോ സൌമയതയോ രംഗത്തില്ല. പതിനഞ്ചോ അതിൽക്കൂടുതലൊ വേഷങ്ങൾ രംഗത്തു വന്നുപോയിക്കാണണം. ഛർദ്ദിക്കാൻ വന്ന സുഹൃത്ത് ഒരു മുൻ കരുതലുമില്ലാതെയായിരിക്കണം ഇതിനു വന്നത്.

ഇത്രയേറെ കുറ്റിച്ചാമരങ്ങൽ തലങ്ങും വിലങ്ങും വിന്യസിക്കപ്പെട്ട അണിയറ ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. തികച്ചും ഒരു കാഴ്ച തന്നെ ആയിരുന്നിരിക്കും. ഫോടോഗ്രാഫർമാർക്ക് ഉത്സവമായേനെ.

എതിരന്‍ കതിരവന്‍ said...

കീബോർഡിന്റെ പ്രശ്നം കാരണം തെറ്റുകൾ വരുന്നു.

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണീ,
ഉച്ചക്കിട്ട കമന്റ് സേവായില്ല.

കഥകളി ഓണ്‍ലൈന്‍ കോഴ്സായി പഠിക്കണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് കേട്ടോ. :)

തൌര്യത്രികം എന്ന ഈ പോസ്റ്റ് യഥാര്‍ത്ഥത്തില്‍ അഡ്രസ്സ് ചെയ്യുന്നത് കഥകളി ആസ്വാദകര്‍, അതും അല്പം ഉയര്‍ന്ന ആസ്വാദനശേഷി ഉള്ള അഡ്വാന്‍സ്ഡ് വായനക്കാരെ ആണ്. എന്നാല്‍ ഒരു കൈയ്യകലത്തു നിന്നു കഥകളിയെ കൌതുകത്തോടെ വീക്ഷിക്കുന്ന ഒരുപാട് പേര് ബൂലോകത്തും ഭൂലോകത്തും ഉണ്ട്. ഈ ഇന്റ്റര്‍നെറ്റ് യുഗത്തില്‍ കഥകളിക്കും നെറ്റില്‍ ആധികാരികമായ ഒരു സ്ഥാനം വേണ്ടെ, പ്രത്യേകിച്ചും യൂണിക്കോഡില്‍?
യൂണിക്കോഡില്‍ സേര്‍ച്ച് ചെയ്താല്‍ ലഭ്യമാവുന്ന ചില അടിസ്ഥാന പദങ്ങള്‍, വേഷങ്ങള്‍, വേഷക്കാര്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ വേണമെങ്കില്‍ മറ്റൊരു ബ്ലോഗ്ഗ് തന്നെ തുടങ്ങണം എന്നാണ് എന്റെ അഭിപ്രായം. ഭൂമിപുത്രി എന്റെ പ്രമേയത്തെ പിന്താങ്ങിയിട്ടുണ്ട്. :)

മറ്റു വിദ്വാന്മാര്‍ കൂടി സഹായിക്കും എന്നു കരുതാം.

ഓഫ്ഫ്:
എതിരന്‍ കതിരവന്‍ മാഷെ,
കീബോഡ് ഇത്ര വിലകൂടിയ സാധനമാണോ?

നന്ദന്‍ said...

താടി വേഷങ്ങൾ നടത്തുന്ന പുറപ്പാടിനോട് എതിരന്റെ അഭിപ്രായം തന്നെയാണ് എനിക്കും.. ഒരു വ്യത്യസ്തത.. അത്ര മാത്രം.. കൂടുതൽ ചിന്തിക്കരുത്‌ :)

താടി വേഷങ്ങൾ കാണുന്നത്‌ എനിക്കിഷ്ടമുള്ള കാര്യമാണ്.. അപ്പോൾ 3 താടി വേഷമൊക്കെ ഒരുമിച്ച്‌ അരങ്ങിൽ വരുന്നതിന്റെ ഒരു ഫോട്ടൊ എടുക്കാൻ പറ്റിയില്ലല്ലോ എന്ന ഒരു വിഷമം :)

നല്ല പോസ്റ്റ്‌.. കഥകളി എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള പോസ്റ്റുകൾ മടികൂടാതെ എഴുതു മാഷേ.. :)

വികടശിരോമണി said...

അനിൽ പറഞ്ഞ,ഭൂമീപുത്രി പിന്താങ്ങിയ വിഷയം ഗൌരവമായി ചിന്തിക്കാവുന്നതാണ്.എതിരൻ,മണി,കപ്ലിങ്ങാട്,വൈദ്യനാഥൻ,സുനിൽ,ഹരീ,നിഷ്കളങ്കൻ,ശ്രീകാന്ത് അവണാവ് തുടങ്ങിയർക്കെല്ലാം പങ്കെടുക്കാവുന്ന ഒരു പൊതുഇടത്തിന്റെ നിർമ്മാണം എല്ലാവരും സഹകരിക്കുകയാണെങ്കിൽ നമുക്കുണ്ടാക്കിയെടുക്കാം.എല്ലാവർക്കും അവരവർക്കു കഴിയും വിധത്തിൽ സഹകരിക്കാം.കുറച്ചുകാലം കൊണ്ട് മിക്ക അടിസ്ഥാനവിവരങ്ങളും ഉൾപ്പെടുന്ന ഒരു ബ്ലോഗിടത്തിന്റെ നിർമ്മാണം സാധ്യമാക്കാനാകില്ലേ?പണ്ടൊരു അനോനി പറഞ്ഞ പോലെ,ആറുമാസം പണിപ്പെട്ടാൽ പഠിച്ചെടുക്കാവുന്ന ‘അടക്കയും’‘തേങ്ങ’യുമേ കഥകളിയിലുള്ളൂ.പകർത്താനും.തുടർന്നു ഷൂട്ട് ചെയ്യുന്ന കഥകളികൾ യൂട്യൂബിലിട്ട് അവിടെ ലിങ്ക് ചെയ്യാം.അത് ശരിക്കും ഉപകാരപ്രദമായ ഒരു പ്രവർത്തനമാകും എന്നു തോന്നുന്നു.എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

വികടശിരോമണി said...

എതിരൻ,
വ്യത്യസ്തതക്ക് തെറ്റൊന്നുമില്ല.പക്ഷേ അവതരണം നൽകിയത് നിരാശയാണ്.രാവണോത്ഭവത്തിലെ മാലി-സുമാലി-മാല്യവാന്മാരുടെ പുറപ്പാടുപദമാണ് പതിവു പുറപ്പാടു പദത്തിനു (ദേവദേവൻ വാസുദേവൻ)പകരം ആലപിച്ചത്.ഒന്നും നാലും നോക്കുകൾ ആണ് എടുത്തത്.പക്ഷേ ഒട്ടും ഒത്തൊരുമയില്ലാതെയാണ് ചെയ്തത്,മാത്രമല്ല മേളത്തിൽ പലയിടത്തും കല്ലുവീഴുകയും ചെയ്തു. “തകത തകത തകത” എന്നു തുടങ്ങുന്ന നാലാം നോക്കിന്റെ എണ്ണം മുതൽ,മൂന്നുപേരുടേയും നിയന്ത്രണത്തിൽ നിന്നുതന്നെ പുറപ്പാടിന്റെ എണ്ണം പോയി.
പിന്നെ,നെല്ലിയോടിന് പുറപ്പാടെടുക്കാൻ പറ്റുന്ന ഒരു പ്രായവും സ്ഥിതിയുമാണെന്നാണോ കരുതുന്നത്?സങ്കടമാണു തോന്നിയത്.
ചുവന്നതാടി ശുദ്ധനൃത്തം ചെയ്യുന്നു എന്നു പറഞ്ഞത് വേണ്ടത്ര വ്യക്തമായില്ല.
പുറപ്പാടിന്റെ എണ്ണങ്ങൾ എന്തായാലും ഒരു ചുവന്നതാടിവേഷം നിന്നു ചെയ്യുന്നത് കണ്ടുരസിക്കാനാവുന്നില്ല,എന്തുചെയ്യാം.ചിലപ്പോൾ മുമ്പു കതിരവൻ പറഞ്ഞ പോലെ,എന്റെ പ്രായാധിക്യം കാരണം കണ്ണുപിടിക്കാത്തതാവാം.

C.Ambujakshan Nair said...

വികടശിരോമണി,
ദ്വാപരന്റെ വേഷം തെക്കു നിലനിന്നിരുന്നത് നെടുംകത്തിയോ, ചുവന്നതാടിയോ അല്ല. ഒരു പ്രത്യേകതരം മഞ്ഞ തേപ്പും മൂക്കിൽ പൂവും
ഹനുമാന് ഉപയോഗിക്കുന്ന വെള്ളത്താടി, വെള്ള പൊടിപ്പു കുപ്പായം,
വെള്ളഞൊറി, വെള്ളചാമരം ,സാധാരണകിരീടവും ആണ് ദ്വാപരന് ഉപയോഗിച്ചിരുന്നത്. (1983 വരെ പഴയ രീതി നില നിന്നിരുന്നു. തട്ടയിൽ ഉണ്ണികൃഷ്ണൻ എന്ന ഒരു നടൻ ഇന്നും പഴയ രീതിയിൽ തന്നെ ശകുനിയെയും ദ്വാപരനെയും അവതരിപ്പിക്കുന്നതായി അറിയുന്നു.)
ശകുനിക്ക് താടിയിൽ മാത്രം ചെറിയവ്യത്യാസം. സ്ഥാപന നടന്മാ൪ ഈ ദ്വാപരന്റെയും ശകുനിയുടെയും വേഷം അംഗീകരിച്ചില്ല. അവരിൽ കൂടി വന്ന മാറ്റത്താൽ ദ്വാപരൻ ഇന്ന് ചുവന്ന താടിയായി മാറിക്കഴിഞ്ഞു. കലാമണ്ഡലം ട്രൂപ്പിന്റെ നളചരിതം കളി ആറ്റിങ്ങലിൽ നടന്നപ്പോൾ ദ്വാപരന്റെ വേഷ മാറ്റത്തിന് എതിരായി പലരും പ്രതികരിച്ചിരുന്നു.
കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളാശാന്റെ കുറിപ്പിൽ കല്ലുവഴി സമ്പ്രദായത്തിൽ ശകുനിക്കും ദ്വാപരനും നെടുംകത്തി എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ കലാമണ്ഡലം പത്മനാഭൻ നായരും രാമദാസും കലിയും ദ്വാപരനുമായപ്പോൾ ചുവന്നതാടി ദ്വാപരനായാണ് രാമദാസ് അരങ്ങിൽ എത്തിയത്. ചുരുക്കത്തിൽ ദ്വാപരനടൻ തീരുമാനിക്കുന്നതാണ് ഇന്നത്തെ വേഷരീതി. കഥാപാത്രം വീരരസമാകണോ തമോഗുണമാകണോ എന്ന് നടൻ തീരുമാനിക്കേണ്ട നിലയിൽ കഥകളി എത്തിച്ചേ൪ന്നിരിക്കുന്നു.

കലിയെ കലിയുഗ പ്രതിനിധിയായും ദ്വാപരനെ ദ്വാപരയുഗ പ്രതിനിധിയായും കരുതുന്നു. ദ്വാപരയുഗം കഴിഞ്ഞാണ് കലിയുഗം. അതുകൊണ്ടുതന്നെ ദ്വാപരനെ വയസനായും കലിക്ക് യൗവനവും എന്ന അടിസ്ഥാനത്തിലാണ് തെക്ക് വേഷം നില നിന്നിരുന്നത്. ദ്വാപരന്റെ വെള്ളത്താടി, വെള്ള പൊടിപ്പു കുപ്പായം, വെള്ളഞൊറി, വെള്ളചാമരം ,മഞ്ഞ തേപ്പു് ഇവ പ്രായത്തെ സൂചിപ്പിക്കുന്നു. കലിയുടെ
കറുപ്പു തേപ്പ് ,കറുപ്പു ഞൊറി, കറുപ്പു ചാമരം, കറുപ്പു കുപ്പായം എന്നിവ
( തിരുവനന്തപുരം നാട്യശാല കഥകളി സംഘത്തിന് കലിക്ക് കറുത്ത
പൊടിപ്പു കിരീടം ഉണ്ട്) കലിയുടെ യൗവനത്തെയും മലിന ഗുണത്തെയും
സൂചിപ്പിക്കുന്നു. കലി ദ്വാപരന്മാ൪ തമ്മിൽ കണ്ടുമുട്ടുമ്പോൾ കലി, ദ്വാപരനെ വൃദ്ധൻ എന്നു സൂചിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. .കുറൂർ വാസുദേവൻ നമ്പൂതിരി താടി വേഷത്തിന്റെ തേപ്പിൽ മഞ്ഞ ഉൾപ്പെടുത്തി വെള്ളത്താടി, വെള്ള പൊടിപ്പു
കുപ്പായം, വെള്ളഞൊറി, വെള്ളചാമരം ,സാധാരണ കിരീടത്തോടെ ദ്വാപരനെ അവതരിപ്പിച്ചിരുന്നു. ഇവിടെയും ദ്വാപരന്റെ പ്രായം ഉൾക്കൊണ്ടുള്ള വേഷം തന്നെ ആയിരുന്നു.

കപ്ലിങ്ങാട്‌ said...

നാണു നായർക്ക്‌ താളബോധം കുറവായിരുന്നു എന്നാണ്‌ കേട്ടിട്ടുള്ളതു. ആ പാരമ്പര്യം കാത്തുസൂക്ഷിക്കാനാണോ പുറപ്പാടിന്റെ എണ്ണത്തിൽ പിഴവ്‌ വരുത്തിയത്‌ ? :-)

താടി വേഷത്തിന്റെ നാലു ഗുണങ്ങളിൽ മെയ്യും കയ്യും ഇല്ല. മെയ്യ്‌ കുറഞ്ഞവരെയാണത്രെ പണ്ടൊക്കെ താടി വേഷം അഭ്യസിക്കാൻ അയച്ചിരുന്നത്‌. താടി വേഷത്തിന്റെ ശ രീര ഭാഷയെത്തന്നെ ഈ മെയ്‌വഴക്കമില്ലായ്മ സ്വാധീനിച്ചിരിക്കണം. ഇപ്പോൾ മെയ്യും കയ്യുമുള്ള താടിനടന്മാരിലും വികൃതമായ മുദ്രാവിന്യാസങ്ങളും മറ്റും കാണുന്നുണ്ടെങ്കിൽ അതാ ശ രീര ഭാഷയുടെ വികൃതമായ അനുകരണമായിരിക്കാം.

താടി വേഷത്തിന്‌ അതിന്റേതായ ജനകീയസാധ്യതകളുണ്ട്‌, അതു തള്ളിക്കളയാവുന്നതല്ല. മുടിയേറ്റ്‌, പടയണി, തുടങ്ങിയ നാടൻ കലാരൂപങ്ങളുമായി എറ്റവുമധികം സാദൃശ്യം കഥകളിയിൽ ഒരു പക്ഷെ താടി, കരി വേഷങ്ങൾക്കാകും. താടി വേഷങ്ങൾ ധാരാളമായി അരങ്ങത്ത്‌ വന്ന്‌ നിറയുന്ന ദൃശ്യ വിസ്മയത്തിന്‌ കഥകളി പരിചയമില്ലാത്ത ജനങ്ങളേയും ആകർഷിക്കാൻ സാധ്യതയുണ്ട്‌.

താടി വേഷത്തിനെ അതിന്റെ ഇപ്പോഴത്തെ പരിമിതികളിൽ നിന്നു മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ സ്വാഗതാർഹം തന്നെ (താടിയരങ്ങിന്‌ അങ്ങനെയൊരു ഉദ്ദേശമുണ്ടായിരുന്നുവോ എന്നറിയില്ല). താടി വേഷക്കാരുടെ ഒരു "യൂണിയൻ" രൂപീകരിച്ച്‌ ഈ ദിശയിൽ ആലോച്ചിക്കാവുന്നതാണ്‌. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇനിയുള്ള താടിയരങ്ങുകൾ മറക്കാനാവാത്ത രാവുകൾ നമുക്ക്‌ സമ്മാനിക്കും എന്നു പ്രതീക്ഷിക്കാം.

Dr. Evoor Mohandas said...

It's a nice idea to start a blog on the 'fundamentals of kathakali'. Best wishes.

Mohandas

Jayasree Lakshmy Kumar said...

അപ്പൊ അതങ്ങിന്യായി, അല്ലേ വി.ശി കൊച്ചേ :)

കഥകളീടെ ബാലപാഠങ്ങൾ തുടങ്ങി പോസ്റ്റിടുവാണേൽ അതിനൊരു സ്ഥിരം വിദ്യാർത്ഥിനി ഇവിടുണ്ടാവും ട്ടോ. മോഹിനിയാട്ടം മുദ്രകളും വിന്യാസങ്ങളുമായി കഥകളി മുദ്രകൾക്ക് സാമ്യോണ്ടെന്നു കേട്ടിരിക്കണു. അപ്പൊ അതിത്തിരി രസാവും ന്ന് തോന്നണു. പറ്റില്യാന്നൊള്ള തോന്നലങ്ങ്ട് മാറ്റി വച്ചിട്ട് ഉഷാറായിട്ടൊന്ന് ആലോചിച്ചേ. വി.ശി കൊച്ചിനു പറ്റാവുന്ന വിധം ക്കെ മതീന്നേ. ആയ കാലത്ത് അറിയാൻ പറ്റാതെ പോയ ഒരു കല എന്നൊരു ദുഖം ണ്ടേ.. ഇപ്പൊ വലിയ കാര്യങ്ങൾ പറഞ്ഞ് വി.ശി. കൊച്ച് പോസ്റ്റിടുമ്പോ ഒന്നും ഒട്ടങ്ങോട്ട് മനസ്സിലാവ്വണും ല്ല്യ :(

കൈലാസി: മണി,വാതുക്കോടം said...

@ വി.ശി,
കഥകളിയുടെ എല്ലാ അടിസ്ഥാനവിവരങ്ങളും ഉൾപ്പെടുന്ന ഒരു ബ്ലോഗിടത്തിന്റെ (ഗ്രൂപ് ബ്ലോഗ്) കാര്യം നമുക്ക് ഗൌരവമായിതന്നെ ആലോചിക്കാം. ഇതിനായി എന്നാല്‍ കഴിയുന്ന രീതിയില്‍ സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്.

കപ്ലിങ്ങാട്‌ said...

കഥകളി ആസ്വദിക്കാൻ ചുരുങ്ങിയത്‌ ആവശ്യമുള്ളത്‌ ഇവയാണെന്ന് തോന്നുന്നു:
(1) ആട്ടക്കഥയിൽ പ്രതിപാദിച്ചിരിക്കുന്ന കഥ - ഇതിപ്പോൾ കളിക്കു മുമ്പേ നോട്ടീസായി കൊടുക്കാറുണ്ട്‌.
(2) അവതരിപ്പിക്കുന്ന പദങ്ങളുടെ അർത്ഥം.
(3) മുദ്രകളുടെ അർത്ഥം.

മുദ്രകൾ മനസ്സിലാക്കാനാവും പലർക്കും താൽപര്യം എന്ന് തോന്നുന്നു. അതു കൊണ്ട്‌ മുദ്രകളിൽ നിന്ന് തുടങ്ങാമെന്ന് തോന്നുന്നു. മുദ്രകളുടെ ചിത്രങ്ങൾ, വീഡിയൊ ക്ലിപ്പിങ്ങുകൾ, അതിനു ശേഷം ചെറിയ മനോധർമ്മങ്ങൾ/സംഭാഷണങ്ങൾ മനസ്സിലാക്കൽ, അങ്ങിനെ തുടങ്ങാം നമുക്ക്‌.

കഥകളി ആസ്വാദനത്തിന്റെ കാര്യത്തിൽ ഈയുള്ളവൻ ഇപ്പോഴുമൊരു വിദ്യാർത്ഥിയാണ്‌. എല്ലാ സഹകരണങ്ങൾക്കും ഞാനും തയ്യാർ.

Anonymous said...

കഥകളി നാട്യമാണ്. നളന് എന്തു സംഭവിച്ചു എന്നു അറിയുകയല്ല കഥകളി കാണൽ.
കഥാ പ്റവചനം അനാവശ്യമാണ്.

Haree said...

ഗ്രൂപ്പ് ബ്ലൊഗിംഗ് നല്ലതു തന്നെ. എന്നാല്‍ അതിലും മികച്ചതായി എനിക്കു തോന്നുന്നത് വിക്കിയില്‍ കഥകളിയുടെ വിവരങ്ങള്‍ സമ്പുഷ്ടമാക്കുക എന്നതാണ്. അതാവുമ്പോള്‍, ഗ്രൂപ്പ് ബ്ലോഗില്‍ ഉള്‍പ്പെട്ടവര്‍ക്കെന്നല്ല, മറ്റു പലര്‍ക്കും വിവരങ്ങള്‍ നല്‍കുവാന്‍ സാധിക്കും, ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും കഴിയും. വിക്കിയില്‍ കഥകളിയെക്കുറിച്ചും, കലാകാരന്മാരെക്കുറിച്ചും, കഥകളെക്കുറിച്ചും വളരെ പ്രാഥമികമായുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുക. കഥകളി ബ്ലോഗുകളില്‍ ആസ്വാദനങ്ങളും മറ്റും എഴുതുമ്പോള്‍, പ്രാഥമിക കാര്യങ്ങളുടെ പ്രതിപാദ്യത്തില്‍ നിന്നും ഒരു ലിങ്ക് വിക്കിയിലേക്ക് നല്‍കിയാല്‍ മതിയല്ലോ! വിക്കിയിലാവുമ്പോള്‍ അതിന് കുറച്ചു കൂടി ജനകീയത കൈവരുകയും ചെയ്യും. ഗ്രൂപ്പ് ബ്ലോഗിംഗ് എന്നാല്‍ ആ വിവരങ്ങള്‍ ഒരുകൂട്ടം ആളുകളുടെ എന്നാണല്ലോ...

വിക്കി സാങ്കേതികത്വം അറിയാവുന്ന ഒരാള്‍ (എനിക്കറിയില്ലാട്ടോ, എഡിറ്റിംഗ് മാത്രമേ നടത്തിയിട്ടുള്ളൂ. പുതുതായി ഒന്നും തുടങ്ങിയിട്ടില്ല.)‍, ഉള്‍പ്പെടുത്തേണ്ട വിവരങ്ങളുടെ ഒരു സ്കെലിറ്റണ്‍ പേജ് രൂപത്തില്‍ ഉണ്ടാക്കിയിടുക. പിന്നീട്, അവയോരോന്നിനെക്കുറിച്ചും വിശദമായി അറിയാവുന്നവര്‍ വിവരങ്ങള്‍ നല്‍കി ആ പേജ് പൂര്‍ണ്ണമാക്കുക. ഈ രീതിയില്‍ മുന്നോട്ടു പോകാവുന്നതാണ്. കുറച്ചു കൂടി ആധികാരികത വിവരങ്ങള്‍ക്ക് നല്‍കുവാനും വിക്കിയിലാവുമ്പോള്‍ സാധിക്കും.
--

വികടശിരോമണി said...

മണീ,ഹരീ,കപ്ലിങ്ങാട്-സഹകരണത്തിനു നന്ദി.തുടർന്നു ബന്ധപ്പെടാം.
ഹരീ പറഞ്ഞപോലെ,വിക്കിയിൽ ക്രിയാത്മകമായി ഇടപെടുകയുമാവാം.രണ്ടു പ്രവർത്തനങ്ങളും സമാന്തരമായി നടക്കേണ്ടതാണെന്നു തോന്നുന്നു.നോക്കാം.
ലക്ഷ്മ്യേട്ത്തീ,നോക്കട്ടെന്നേ.

Jayakrishnan nair said...

The aim of Thadi Arangu was to honour the renowned Thadi artists who took up this role after Nanu Nair.
Eminent artists such as Nelliyodu Nmboothiri and Kalamandalam Keasavadev, Ramachandran Unnithan etc..participated. Regarding the attam of Nellyodu ,,-he did his best and portrayed the role of Malyavan. The other two artists does not have much to do- (Kalamandalam Kesavadev and Kalamndalam Balakrishnan- as Mali and Sumali). These two characters does not have many Padams -except for one.. so they also did their best. Please if you wnt to criticise do it after learning the facts.
Jayakrishnan Adiyodi

വികടശിരോമണി said...

പദങ്ങളുടെ എണ്ണമാണ് ഇത്തരം ആവിഷ്കരണങ്ങളുടെ ഔചിത്യത്തെ നിർണ്ണയിക്കുന്നതെന്ന് തോന്നുന്നില്ല.നടപ്പുള്ള ഉൽഭവത്തിന്റെ രൂപത്തിൽ തന്നെ,പദങ്ങളേക്കാൾ പ്രാധാന്യമർഹിക്കുന്നത് തപസ്സാട്ടമെന്ന രാവണന്റെ നിർവ്വഹണത്തിനാണല്ലോ.
അന്നത്തെ സുമാലി-മാലിമാരെക്കുറിച്ചുള്ള എന്റെ വിമർശത്തിൽ ഞാനുറച്ചുനിൽക്കുന്നു.ഇന്ദ്രനെ യുദ്ധത്തിനു വിളിച്ച്,ഇന്ദ്രനെക്കാണുമ്പോൾ,അഹല്യാമോക്ഷമാടുന്ന മാല്യവാന്റെ ആട്ടത്തിന്റെ ഗതിയെ തടസ്സപ്പെടുത്തിക്കൊണ്ട് “ഇങ്ങനെ കഥ പറഞ്ഞുനിന്നാൽ ഇന്ദ്രൻ അവന്റെ വഴിക്കുപോകും,കാര്യം ഗോപിയാവും”എന്നു മുദ്രകാണിക്കുന്നത് പദത്തിന്റെ കുറവുകൊണ്ടല്ല,കഥാപാത്രമെന്താണ് എന്ന അന്തമില്ലായ്മകൊണ്ടാണ്.അവസാനത്തെ യുദ്ധവട്ടം മുഴുവനായും ഉദാസീനമായി,പരമാവധി നശിപ്പിക്കുന്നതിനു പിന്നിൽ എന്താണുദ്ദേശിക്കുന്നത്?
പദത്തിന്റെ എണ്ണത്തിലല്ല,അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിലാണു കാര്യം.
നന്ദി.

Anonymous said...

Mr.Jayakrishnan Adiyodi,
Thanks for the comments.
Very good comment. Keep it up.
(Sajeev, mylam)

Sethunath UN said...

വി.ശീ, സുഹൃത്തുക്ക‌ളേ,

പ‌തിവു മ‌ന്ദത ഈ പോസ്റ്റ് വിട്ടുപോകുന്നതിലേയ്ക്ക് ന‌യിച്ചു. ക്ഷ‌മാപണം.

ദ്വാപരന്‍ പല‌ദിക്കിലും പല വേഷത്തിലാണ് കാണ‌പ്പെടുന്നത്. ഒരിയ്ക്കല്‍ കുറുങ്കത്തിയായി കെട്ടാന്‍ യോഗമുണ്ടായിട്ടുണ്ട്. :). കുട്ടിക്കാല‌ത്ത് രാമചന്ദ്രന്‍ ഉണ്ണിത്താന്റെ വേഷം ആദ്യമായി കാണുന്നത് ചുവന്നതാടി ദ്വാപരനായാണ്. ചമ്പക്കുളം ആശാന്റെ കലിയുടെ കൂടെ. അന്ന് "ശ്ശെടാ.. ആ ദ്വാപരന്‍ ആള് കൊള്ളാമ‌ല്ലോ. വെള്ള‌ക്കാ പോലെ കണ്ണുരുട്ടുന്ന കണ്ടില്ലേ. എന്നാ ഒരു ശൗര്യം! " എന്ന് വിചാരിയ്ക്കുകയും ചെയ്തു. :). എന്തായാലും ഈ കണ്‍ഫ്യൂഷന്‍ കാരണം ദ്വാപരന്‍ എവിടെച്ചെന്നാലും "വെറൈറ്റി" വേഷമായി. :-))

ബ്ലോഗ് കൂട്ടായ്മ എന്ന് കേള്‍ക്കുന്നതു തന്നെ പേടിയാണ്. എല്ലാവ‌രോടും സ്നേഹ‌മായി ഇരിയ്ക്കണം എന്ന് ആഗ്രഹമുണ്ട് താനും. പക്ഷേ ക‌ഥക‌ളിയെപ്പറ്റി ഓണ്‍‌ലൈന്‍ ആയി യൂണിക്കോഡില്‍ ഉള്ള വിവരണം, സാങ്കേതിക വിവര‌ങ്ങ‌ള്‍, ചിത്രങ്ങ‌ള്‍ അങ്ങിനെയുള്ളതിലേയ്ക്കായി ഇതെഴുതുന്ന‌യാളിനെക്കൊണ്ട് കഴിയുന്നതെന്തും ചെയ്യാന്‍ ത‌യ്യാറാണെന്ന് അറിയിച്ചുകൊള്ള‌ട്ടെ. ഇവിടെ വന്ന് ഓരോ പോസ്റ്റും കമ‌ന്റും വായിയ്ക്കുമ്പോഴാണ് എന്റെ അറിവില്ലായ്മ‌യും പരിമിതിക‌ളും അറിയുന്നത്. വി.ശി, ക‌പ്ലിങ്ങാട്, എതിര‌ന്‍,മി.നായര്‍, ഹരീ എന്നിവരുടെ നേതൃത്വം അങ്ങിനെയോരു സ‌‌ം‌ര‌ഭത്തിന് ആധികാരികത നല്‍കും.

Anonymous said...

What is the use of Thadi arangu?

മികച്ചപ്രകടനം എന്നു പറയാവുന്നത് ബാലിവധത്തിൽ ബാലിയായി വേഷമിട്ട കോട്ടക്കൽ ദേവദാസിന്റേതായിരുന്നു.

Very very narrow minded comments by the bloger.

വികടശിരോമണി said...

ഞാനൊരു വിശാലമനസ്കനാണെന്ന് അവകാശപ്പെട്ടില്ലല്ലോ,സുഹൃത്തേ.ഒന്നേ അവകാശപ്പെടുന്നുള്ളൂ,ഞാനൊരു ജനാധിപത്യവിശ്വാസിയാണ്.എനിക്കന്ന് താടിയരങ്ങ് കണ്ടിട്ട് തോന്നിയത് അങ്ങനെയാണ്,അതെഴുതി.താങ്കൾക്ക് മറിച്ചുതോന്നുന്നെങ്കിൽ വിയോജിക്കാം.ഒരു വിരോധവുമില്ല.
ദേവദാസിന്റെ ബാലി നന്നായിരുന്നു എന്നാണെന്റെ തോന്നൽ.തന്റേടാട്ടത്തിന്റെ മിതത്വം,തുടർന്നുള്ള ആട്ടങ്ങളിലെ പ്രത്യുൽ‌പ്പന്നമതിത്വം,പ്രവൃത്തിയുടെ ഭംഗി-അതൊക്കെ അന്നു തോന്നി.(സമയം കുറഞ്ഞതു കൊണ്ടോ,എന്തോ?നേരെ വിപരീതമായും ദേവദാസിന്റെ വേഷങ്ങൾ കണ്ടിട്ടുണ്ട്)
ഉണ്ണിത്താന്റെ ജരാസന്ധൻ നന്നായി വന്നതായിരുന്നു,പി.ഡി.നമ്പൂതിരി അതു കുളമാക്കി കയ്യിൽ കൊടുത്തു.

Appu Adyakshari said...

വികടശിരോമണി ഇത്രയും വലിയ ഒരു പ്രോജക്റ്റായി ഈ ബ്ലോഗ് ചെയ്യുന്ന വിവരം അറിഞ്ഞീരുന്നതേയില്ല. ഒരു വല്യ സല്യൂട്ട് മാഷേ.... :-)