കഥാസന്ദർഭങ്ങൾ : അനിയന്ത്രിതമായ കാമനകൾക്കോ,പ്രത്യേക കാര്യനിർവ്വഹണത്തിലെ പരാജയത്തിനോ അടിപ്പെട്ട്, മൂക്കും മുലയും ഛേദിക്കപ്പെട്ടു രക്താഭിഷിക്തയായി,ആ വാർത്തയറിയിക്കാനായി പാഞ്ഞുവരുന്ന അസുര-രാക്ഷസീരൂപമാണ് നിണം.കഥകളിയിൽ നാലു സന്ദർഭങ്ങളിലാണ് നിണം വിധിച്ചുകാണുന്നത്:
ഖരവധം:ശൂർപ്പണഖ
കിർമീരവധം:സിംഹിക
നരകാസുരവധം:നക്രതുണ്ഡി
ശൂരപത്മാസുരവധം:അജമുഖി
ഇവയിൽ,നരകാസുരവധവും കിർമീരവധവും മാത്രമേ ഇപ്പോൾ അരങ്ങിൽ നടപ്പുള്ളൂ.രണ്ടുകഥകളിലും വ്യത്യസ്തമായ രണ്ടു സന്ദർഭങ്ങളിലാണ് നാസികാകുചഛേദനം നടക്കുന്നത്.
നരകാസുരവധം:നക്രതുണ്ഡിയെന്ന ഘോരരാക്ഷസി,നരകാസുരന്റെ കൽപ്പനപ്രകാരം ദേവസ്ത്രീകളെ അപഹരിക്കാനായി സ്വർഗത്തിലെത്തുന്നു.അവിടെ വെച്ച് അവൾ,ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് അനുരക്തയാകുന്നു.തന്റെ ഭീകരമായ രാക്ഷസീരൂപം വെടിഞ്ഞ്,സുന്ദരിയായ ലളിതാരൂപം ധരിച്ച് ജയന്തസമീപത്തെത്തുന്ന നക്രതുണ്ഡി പലപാടുപറഞ്ഞുനോക്കിയെങ്കിലും,അച്ഛന്റെ അനുമതി കൂടാതെ താൻ വിവാഹം ചെയ്യുകയില്ല എന്ന് ജയന്തൻ തീർത്തുപറയുന്നു.ഒരുതരത്തിലും തന്റെ അഭീഷ്ടം സാധ്യമാവില്ലെന്നു തിരിച്ചറിയുന്ന നക്രതുണ്ഡി,ഘോരമായ സ്വരൂപം ധരിച്ച്,ജയന്തനെ നേരിടുന്നു.ജയന്തൻ നക്രതുണ്ഡിയുടെ നാസികാകുചങ്ങൾ അരിഞ്ഞ് വിടുന്നു.അതികഠിനമായ വേദനയാൽ പുളഞ്ഞലറി,നരകാസുരന്റെ മുന്നിലേക്ക് നക്രതുണ്ഡി പാഞ്ഞുപോകുന്നു.ഈ സമയം,ഉദ്യാനത്തിൽ തന്റെ പത്നിയുമായി സല്ലപിക്കുകയായിരുന്ന നരകാസുരൻ,എന്തോ ഭയങ്കരമായ ശബ്ദം കേട്ട്,അതെന്താണെന്ന് ശങ്കിക്കുന്നു.ആകാശത്തിൽ പർവ്വതങ്ങൾ കൂട്ടുമുട്ടുന്ന ശബ്ദമാണോ,സമുദ്രജലം കരകയറിവരുന്ന ശബ്ദമാണോ എന്നിങ്ങനെ പലതും ശങ്കിക്കുന്ന നരകാസുരൻ,(ശബ്ദവർണ്ണന)ദൂരെനിന്നും അത്യുച്ചത്തിലുള്ള നിലവിളിയുമായി ഓടിവരുന്ന നക്രതുണ്ഡിയെ കാണുന്നു.ഇതാണ് നരകാസുരവധത്തിലെ നിണത്തിന്റെ സന്ദർഭം.തുടർന്ന് നക്രതുണ്ഡിയിൽ നിന്ന് വൃത്താന്തങ്ങളറിയുന്ന നരകാസുരൻ,സൈന്യസമേതനായിച്ചെന്ന് ഇന്ദ്രനെ പോരിനുവിളിക്കുകയും,ഇന്ദ്രനെ തോൽപ്പിച്ച് സ്വർഗം കീഴടക്കുകയും ചെയ്യുന്നു.
കിർമീരവധം:പാണ്ഡവരുടെ വനവാസകാലത്ത്,പാണ്ഡവർ കാമ്യകവനത്തിൽ താമസിക്കവേ,ശാർദ്ദൂലൻ എന്ന ഒരു രാക്ഷസൻ അർജ്ജുനനോടേറ്റുമുട്ടുകയും യുദ്ധത്തിൽ ശാർദ്ദൂലൻ കൊല്ലപ്പെടുകയും ചെയ്തു.ഈ വാർത്തയറിഞ്ഞ ശാർദ്ദൂലപത്നിയായ സിംഹിക,പാണ്ഡവരോട് പ്രതികാരമായി പാഞ്ചാലിയെ അപഹരിക്കാനുറച്ച് ലളിതാരൂപം പൂണ്ട് പാഞ്ചാലിക്കടുത്തെത്തി.പാണ്ഡവർ സന്ധ്യാവന്ദനത്തിനു പോയ നേരമായിരുന്നു അത്.അടുത്തൊരു ദുർഗാക്ഷേത്രമുണ്ടെന്നും,അവിടെപ്പോയി പ്രാർത്ഥിച്ചാൽ ഭർത്താക്കന്മാരുടെ ആപത്തുകൾ നീങ്ങുമെന്നും പാഞ്ചാലിയെ പറഞ്ഞുവിശ്വസിപ്പിച്ച്,സിംഹിക അവളേയും കൊണ്ടു യാത്രയായി.എന്നാൽ മാർഗമധ്യേ ദുഃശ്ശകുനങ്ങൾ കണ്ട് പാഞ്ചാലി മടങ്ങിപ്പോരാൻ തുനിഞ്ഞപ്പോൾ,സിംഹിക ലളിതാവേഷം ഉപേക്ഷിച്ചു രാക്ഷസീരൂപം പൂണ്ട് ബലാൽക്കാരേണ അവളെ പിടിച്ചുകൊണ്ടുപോകാനൊരുങ്ങി.പാഞ്ചാലിയുടെ വിലാപം കേട്ട് ഓടിയെത്തിയ സഹദേവൻ സിംഹികയുടെ കുചനാസികകൾ അരിഞ്ഞ് അവളെ വിരൂപയാക്കി അയച്ചിട്ട് പാഞ്ചാലിയെ മോചിപ്പിച്ചു.ദേവകളെ ജയിക്കാനായി ശിവപൂജ ചെയ്തുകൊണ്ടിരുന്ന കിർമീരനെന്ന തന്റെ സഹോദരന്റെ അടുത്തേക്ക് വിരൂപയാക്കപ്പെട്ട സിംഹിക രക്തത്തിൽ മുങ്ങി ഓടിച്ചെല്ലുന്നു.ഇതാണ് കിർമീരവധത്തിലെ നിണത്തിന്റെ സന്ദർഭം.സിംഹികയിൽ നിന്ന് വാർത്തയറിയുന്ന കിർമീരൻ,യുദ്ധത്തിനൊരുങ്ങി പാണ്ഡവസമീപത്തേക്കുചെല്ലുകയും,തുടർന്നുണ്ടായ യുദ്ധത്തിൽ ഭീമസേനൻ കിർമീരനെ വധിക്കുകയും ചെയ്യുന്നു.,ശാർദ്ദൂലനും സിംഹികയും കോട്ടയത്തുതമ്പുരാന്റെ ഭാവനാസൃഷ്ടികളാണ്.അവർ മഹാഭാരതത്തിലില്ല.
നരകാസുരവധത്തിലെ നക്രതുണ്ഡിയെ,കാമാതുരവൃത്തികളാണ് ആ അവസ്ഥയിലെത്തിക്കുന്നതെങ്കിൽ,കിർമീരവധം സിംഹികയെ പ്രതികാരദാഹമാണ് വിരൂപയാക്കുന്നത്.നരകാസുരവധത്തിൽ,നാസികാകുചഛേദനത്തിന്റെ പ്രതികാരം സ്വർഗ്ഗജയത്തോടെ നരകാസുരൻ പൂർത്തിയാക്കുന്നെങ്കിൽ,കിർമീരവധത്തിലെ പ്രതികാരനിർവ്വഹണത്തിന് കിർമീരന് സാധിക്കുന്നില്ല.
നിണമൊരുക്കുകൾ
---------------------
പെൺകരി വേഷത്തിൽ നിന്ന്,നിണമായി മാറാൻ കുറഞ്ഞസമയമാണ് സാധാരണവേഷക്കാരനു ലഭിക്കുക.നരകാസുരവധത്തിൽ,നരകാസുരന്റെ പതിഞ്ഞപദവും തുടർന്ന് വിസ്തരിച്ചുള്ള ശബ്ദവർണ്ണനയുമുള്ളതു കൊണ്ട് കുറച്ചുസമയം കൂടുതൽ ലഭിച്ചേക്കും,കിർമീരവധത്തിൽ കാര്യങ്ങൾ പെട്ടെന്നാകും.ഏതാണ്ട് അര-മുക്കാൽ മണിക്കൂറുകൊണ്ട് ഒരുങ്ങി,അഞ്ച്-പത്തുമിനിറ്റുകൾ മാത്രം നീളുന്ന ഒരു പ്രകാശനം ആണ് നിണത്തിന്റേത്.എന്നാൽ,നിണത്തിന്റെ ഒരുക്കുകൾ സവിശേഷമാണ്,കളിനടക്കുന്ന ദിവസം ഉച്ചക്കാരംഭിക്കുന്ന ഒരുക്കങ്ങൾ.അതിൽ വൈദഗ്ധ്യമുള്ളവർക്കേ ആ ഒരുക്കങ്ങൾ ഭംഗിയായി ചെയ്യാനുമാവൂ.
തിളപ്പിച്ച വെള്ളത്തിൽ ഉണക്കലരിയും മഞ്ഞളും ചുണ്ണാമ്പും ചേർത്താണ് ‘ചാന്ത്’എന്നു വിളിക്കുന്ന രക്തസമാനമായ കൊഴുത്തദ്രാവകം തയ്യാറാക്കുന്നത്.മാംസക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്ന അനുഭവം സൃഷ്ടിക്കാനായി ഈ കൊഴുത്ത ചുവപ്പുദ്രാവകത്തിലേക്ക് ഇളനീരു വെട്ടിയൊഴിക്കുന്നു.ഇളനീരിനകത്തെ വെള്ളനിറത്തിലുള്ള കാമ്പ് ചുരണ്ടിയിട്ടാൽ ശരിക്കും മാംസക്കഷ്ണങ്ങളെന്നേ തോന്നൂ.ഇതാണ് നിണത്തിന്റെ ആഹാര്യത്തിന് ജുഗുപ്സാവഹമായ അന്തരീക്ഷം നൽകുന്ന പ്രധാനഘടകങ്ങളിലൊന്ന്.കുരുത്തോലയുടെ ഈർക്കിലയോടുകൂടിയ ഭാഗം കീറിയെടുത്ത് ചങ്ങലപോലെ നിർമ്മിച്ച്,തുണികീറി മുറിച്ച് നിണച്ചാന്തിൽ മുക്കി,ഛേദിക്കപ്പെട്ട ഭാഗം അരിഞ്ഞുതൂങ്ങിയ പോലെ കെട്ടിയിടുന്നു.നാസികാകുചഛേദനത്തിന്റെ രംഗം കഴിഞ്ഞുവന്നാൽ,ഉടനേ ഉടുത്തുകെട്ടും അലങ്കാരങ്ങളും(കിരീടമൊഴിച്ച്)അഴിച്ചുവെച്ചശേഷം,നിണച്ചാന്ത് തയ്യാറാക്കിയ വലിയ ഉരുളിയിലേക്ക് വേഷക്കാരൻ ഇറങ്ങിയിരിക്കുന്നു.ഇരുവശത്തുനിന്നും നിണച്ചാന്ത് കോരിയൊഴിക്കുന്നു.രംഗത്തേക്കുപോകാനാവുന്നതോടെ,പുറംതുണിവെച്ച് കെട്ടി,ഇരുവശവും നിണം താങ്ങുന്നവരുടെ തോളിൽ കയ്യിട്ട്,നിണം അരങ്ങത്തേക്കു യാത്രയാകുന്നു.
രംഗാവതരണം
----------------
കളിയരങ്ങിന് കുറച്ചകലെയായിരിക്കും നിണമൊരുങ്ങുന്ന സ്ഥലം.നിണമുണ്ടെങ്കിൽ,അതിന്റെ ഒരുക്കുകളും അരങ്ങും മാറിമാറി ഓടിക്കാണുക കഥകളിഭ്രാന്തരുടെ ഇഷ്ടങ്ങളിലൊന്നാണ്.ശബ്ദവർണ്ണന സമാപിക്കാനാവുമ്പോഴേക്കും തന്നെ,നിണം അരങ്ങത്തേക്കു പുറപ്പെട്ടുതുടങ്ങും.തുടക്കമെന്ന നിലയിൽ ആദ്യത്തെ നിലവിളിമുഴങ്ങുന്നതോടെ,നിണം പുറപ്പെടുകയായി.ഇരുവശവും നിണംതാങ്ങാനായി രണ്ടുപേരുണ്ടാകും.ഇവരും ഒപ്പം അത്യുച്ചത്തിൽ നിലവിളിച്ചുകൊണ്ടിരിക്കും.ഇവർ നരകാസുരന്റെ/കിർമീരന്റെ ഭൃത്യർ തന്നെയാണെന്നാണ് വെപ്പ്.ആദ്യമായി ഒരു നിണംതാങ്ങി,കയ്യിൽ നിറയെ ചോരപുരണ്ട മാംസക്കഷ്ണങ്ങളുമായി നിലവിളിച്ച് നരകാസുരന്റെ/കിർമീരന്റെ അടുത്തേക്ക് ഭയാനകമായി നിലവിളിച്ചുകൊണ്ട് ഓടിവന്ന്,ആ കയ്യിലുള്ള രക്താവശിഷ്ടങ്ങൾ അരങ്ങിൽ നിക്ഷേപിച്ച് തിരിഞ്ഞോടും.ഈ ചടങ്ങിന് ‘നിണമറിയിക്കൽ’എന്നു പറയും.തുടർന്ന്,കത്തിക്കാളുന്ന അനേകം പന്തങ്ങളുടേയും,അവയിലെറിഞ്ഞുപടരുന്ന തെള്ളിവെളിച്ചത്തിന്റേയും ഉജ്ജ്വലപ്രഭയിൽ,ഇരുവശവും നിണം താങ്ങുന്നവരുടേയും കൂടി അത്യുൽക്കടമായ നിലവിളികളുടെ അകമ്പടിയോടെ,നിണം പ്രേക്ഷകർക്കിടയിലൂടെ അരങ്ങിലേക്കു വരുന്നു.ഈ സമയം നരകാസുരൻ/കിർമീരൻ ഓടി താഴേക്കിറങ്ങിവന്ന് “വാ”എന്നു മുദ്രകാണിച്ച് കാണാൻ വയ്യാത്തമട്ടിൽ തിരിഞ്ഞോടി,വീണ്ടും താഴേക്കോടിവന്ന് “വാ” എന്നാവർത്തിച്ചുകൊണ്ടിരിക്കും.അരങ്ങിലെത്തുന്ന നിണത്തോട് “നിന്നെ ഇപ്രകാരം വികൃതയാക്കിയതാര്?”എന്ന് അന്വേഷിക്കും.അപ്പോൾ നക്രതുണ്ഡിയാണെങ്കിൽ “അവൻ,ഇന്ദ്രപുത്രനായ ജയന്തൻ എന്നെ ഇങ്ങനെ ചെയ്തു” എന്നു പറയും.വിലാപസ്വരത്തിനിടയിലൂടെ,“ജയന്തൻ” എന്നൊക്കെ ‘പറയുക’തന്നെയാണ് നിണം ചെയ്യാറ്.സിംഹികയെങ്കിൽ,പദം തന്നെയുണ്ട്,അപൂർവ്വമായി അതുചെയ്യാറുമുണ്ട്.പ്രധാനമുദ്രകളേ കാണിക്കേണ്ടതുള്ളൂ.തുടർന്ന്,നരകാസുരൻ/കിർമീരൻ,“അവനെ കൊന്ന് ആ രക്തം നിനക്കു കുടിക്കാനായി തരുന്നുണ്ട്,പോരെ?”എന്നു ചോദിക്കുന്നു-സമ്മതഭാവത്തിൽ,വിലാപത്തോടെ നിണം പിൻവാങ്ങുന്നു.
കൂടിയാട്ടവും ഫോൿലോർ വേരുകളും
---------------------------------------
കൂടിയാട്ടത്തിലെ ശൂർപ്പണഖാങ്കത്തിൽ കാണുന്ന നിണം തന്നെയാവണം കഥകളിയിലേക്കുവന്നത്.മുന്നൂറോളം വർഷങ്ങൾ പഴക്കമുള്ളതും,കൂടിയാട്ടത്തെ നിശിതമായി വിമർശിക്കുന്നതുമായ ‘നടാങ്കുശ’മെന്ന വാദഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന കൂടിയാട്ടത്തിന്റെ രൂപഘടനതന്നെയാണ് ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യം വരെ നിലനിന്നിരുന്നത് എന്ന് പണ്ഡിതർ നിരീക്ഷിക്കുന്നുണ്ട്.*കുലശേഖരന്റേയും തോലന്റേയും പരിഷ്കരണശേഷം കൂടിയാട്ടത്തിന്റെ ഘടനയിലെ ഉൾപ്പിരിവുകളെ കൃത്യമായി അടയാളപ്പെടുത്താനാവശ്യമായ തെളിവുകളൊന്നുമില്ല.കപ്ലിങ്ങാട് നിർവ്വഹിച്ച കൂടിയാട്ടത്തെ മുൻനിർത്തിയുള്ള പരിഷ്കരണത്തിനു മുൻപുള്ള കൂടിയാട്ട-കഥകളി ബന്ധങ്ങളെക്കുറിച്ചും കൃത്യമായ തെളിവുകൾ കുറവാണ്.ഏതായാലും കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ തന്നെ കാണാവുന്ന കൂടിയാട്ടസംബന്ധികളായ കൽപ്പനകൾ സുവ്യക്തമാണ്. ‘തോരണയുദ്ധം’,‘ആശ്ചര്യചൂഡാമണി’,‘അത്ഭുതാംഗുലീയം’തുടങ്ങിയ വാക്കുകൾ തന്നെ ശക്തിഭദ്രന്റെ ‘ആശ്ചര്യചൂഡാമണി’യിലെ അശോകവനികാങ്കം,ഭാസന്റെ അഭിഷേകനാടകത്തിലെ തോരണയുദ്ധാങ്കം എന്നിവയിൽ നിന്നാണല്ലോ.നിണവും അവിടെ നിന്നു തന്നെയാവണം വന്നത്.കഥകളിയിലെ നിണസന്ദർഭങ്ങളുള്ള കഥകളികളെല്ലാം നിണമില്ലാതെയും സമർത്ഥമായി അവതരിപ്പിക്കുന്നവയാണ്.അത്തരം സന്ദർഭങ്ങളിൽ-നരകാസുരൻ തന്നെ നക്രതുണ്ഡിയുമായി ‘പകർന്നാ’ടുന്ന രീതി കപ്ലിങ്ങാടാണ് കൂടിയാട്ടത്തിൽ നിന്ന് കഥകളിയിലേക്ക് സമന്വയിപ്പിക്കുന്നത്.മദ്ധ്യകേരളത്തിൽ ഈ പകർന്നാട്ടമില്ല,നക്രതുണ്ഡിയുടെ വാക്കുകൾ നരകാസുരൻ കേൾക്കുന്നതേയുള്ളൂ.ഈ ‘കേട്ടാട്ട’മെന്ന സങ്കേതവും കൂടിയാട്ടത്തിന്റേതാണ്.
പ്രകടമായിത്തന്നെ നമ്മുടെ നാടോടിവിജ്ഞാനീയവുമായി നിണകൽപ്പനക്ക് ബന്ധമുണ്ട്.ഓലകൊണ്ട് കെട്ടിയൊരുക്കുന്ന നിണമൊരുക്കം,സംസാരത്തോളമെത്തുന്ന ആവിഷ്കരണം,ലോകധർമ്മിയായ അവതരണസ്വഭാവം-ഒന്നടങ്കം ഫോക് ആയ പ്രകൃതിവിശേഷമാണ് നിണം ഉൾക്കൊള്ളുന്നത്.കളമെഴുത്തുപാട്ട്,കാളിത്തീയാട്ട്,മുടിയേറ്റ്,പടയണി,കാളിയൂട്ട് തുടങ്ങിയ അനേകം കലകളുടെ സർഗസൃഷ്ടികളെ സവിശേഷമായ തലത്തിൽ കഥകളി സ്വീകരിച്ചിട്ടുണ്ട്.
കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളിൽ സുപ്രധാനമാണ് നരകാസുരന്റെ ‘പകർന്നാട്ട’മെന്ന കൽപ്പന.നരകാസുരൻ തന്നെ നക്രതുണ്ഡിയായി പകർന്നാടിയാൽ മതി എന്ന തീരുമാനം കൂടിയാട്ടസങ്കേതങ്ങളുടെ സമന്വയകർമ്മത്തോടൊപ്പം അദ്ദേഹത്തിന്റെ ദർശനത്തേയും പ്രതിനിധീകരിക്കുന്നില്ലേ?കഥകളിയുടെ അത്യന്തബാഹ്യമായ ചട്ടക്കൂടിനകത്ത് നാട്യാവസ്ഥയിലേക്കു സംക്രമിക്കുന്ന കഥകളിയുടെ സ്വരൂപം കൂടിയാണ് കപ്ലിങ്ങാട് ലക്ഷ്യമിട്ടതെന്നു തോന്നുന്നു.നരകാസുരന്റെ ഈ പകർന്നാട്ടത്തിന് അടുത്ത കാലം വരെ ‘ശൂർപ്പണാങ്ക’മെന്ന പേരുണ്ടായിരുന്നു എന്നത് വിരൽചൂണ്ടുന്നത് മറ്റൊരു ചരിത്രതലത്തിലേക്കാണ്.ശൂർപ്പണഖ നിണമായി വരുന്ന നിലയിൽ,പണ്ടു ഖരവധം അരങ്ങിലുണ്ടായിരുന്നു എന്നാണോ വിചാരിക്കേണ്ടത്?
എന്തായാലും കപ്ലിങ്ങാടിന്റെ ഉദ്ഗ്രഥനശേഷമെങ്കിലും നിണമില്ലാതെയുമുള്ള നരകാസുരവധ/കിർമീരവധ അവതരണങ്ങൾക്കു പ്രചാരം ലഭിച്ചു.ഇന്ന് ഇവയതരിപ്പിക്കുന്ന മിക്ക അരങ്ങിലും നിണമുണ്ടാകാറില്ല.ഒരു അപൂർവ്വക്കാഴ്ച്ചയായി നിണം മാറിക്കൊണ്ടിരിക്കുന്നു.ഇത്തരം ദൃശ്യങ്ങളിൽ കഥകളിയില്ലെന്നും,അതിനാൽ അവയൊക്കെ ഉപേക്ഷിക്കാവുന്നതാണെന്നും പലരും പറയുന്നതിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല.ഇത്തരം ഫോൿ ആവിഷ്കാരങ്ങൾ കൂടി ഉൾപ്പെടുമ്പോഴാണ് കഥകളിയുടെ ചിത്രം സമഗ്രവും പൂർണ്ണവുമാകുന്നത്.ഭാരിച്ച ചിലവ്,ഏതാനും നിമിഷങ്ങൾക്കായുള്ള ദീർഘസമയത്തെ മനുഷ്യാധ്വാനം,കഥകളി നടക്കുന്ന പുതിയ ഇടങ്ങളിലെ അസൌകര്യം-ഇങ്ങനെ പല കാരണങ്ങളാൽ നിണം കുറഞ്ഞുവരുന്നു.
അപൂർവ്വചാരുതകളോരോന്നായി വിസ്മൃതിയുടെ കടലെടുത്തുപൊയ്ക്കൊണ്ടിരിക്കുന്നു.
------------------------------------------
*കഥകളിയുടെ രംഗപാഠചരിത്രം-കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്,കലാ.എം.പി.എസ്.നമ്പൂതിരി-പേജ്:34.
ഫോട്ടോ:രാജേഷ്,ചെന്നൈ.(നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ നിണം)രാജേഷിന് നന്ദി.
പഴയ എന്റെയൊരു യക്ഷി-നിണം-കഥകളിപോസ്റ്റിലേക്ക് പോയി ഇതുകൂടിവായിക്കൂ...
ഒരു നിണം അരങ്ങ് കണ്ട അനുഭവം ശ്രീകാന്ത് അവണാവ് തന്റെ ബ്ലോഗിൽ സചിത്രം വിശദീകരിച്ചിരിക്കുന്നിടത്തേക്കുകൂടി പോയിനോക്കൂ...