Tuesday, October 14, 2008

കഥകളിയിലെ യുക്തിബോധം

കളിയരങ്ങ് ഭിന്നരുചികളുള്ള ആസ്വാദകരുടെ മേളനസ്ഥലമാണ്,മറ്റേതൊരു കലയേയും പോലെ.അതിനാൽ പൊതുവായ ഔചിത്യധാരണകൾ എല്ലാവരും പുലർത്തണമെന്ന വാശിപിടിക്കുന്നത് ബാലിശമാണുതാനും.ബഹുസ്വരതയാർന്ന ആവിഷ്കാരശൈലികളും ആസ്വാദനബോധങ്ങളുമാണ് കഥകളിയുടെ എന്നത്തേയും സത്വവും.പക്ഷേ,കഥകളിക്ക് അതിന്റേതായ ചില രംഗക്രമങ്ങളും,ഭാവനാരീതികളുമുണ്ട്,അവയെ തിരിച്ചറിയാതെ ധാരണകളിലെത്തുന്നത് അബദ്ധമാകും.പണ്ടത്തെ കഥകളിക്കാരിൽ രൂക്ഷമായിരുന്നതെന്ന് കേട്ടറിവുള്ളതും,പുതിയ പല കലാകാരന്മാരിലും ആസ്വാദകരിലും മുളപൊട്ടിയിരിക്കുന്നതുമായ കേവലയുക്തികൾ,കഥകളിയുടെ മാർഗ്ഗമല്ല.
പുതിയ ആസ്വാദകനിര കഥകളിയിൽ വളർന്നു വരുന്നുണ്ട്,നിശ്ചയം.കഥകളികാണാനെത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലെ വളർച്ച ശുഭോദർക്കമാണ്.കഥകളിയുടെ സാങ്കേതികവശങ്ങളെപ്പോലും ഇഴപേർത്തു പരിശോധിക്കുന്ന കുറച്ചു യുവാക്കളെയെങ്കിലും ഇന്നു കളിയരങ്ങിനു മുന്നിൽ കാണാം.നൂറ്റാണ്ടുകളിലൂടെ കഥകളി വളർത്തിയ മൂല്യബോധം,രാഷ്ട്രീയം,ലാവണ്യവിചാരം,ഔചിത്യനിയമങ്ങൾ-എല്ലാം തിരുത്തപ്പെട്ടുതുടങ്ങുന്നു.ഒരു വശത്ത് വിപണിവിഴുങ്ങുമ്പോൾ മറുവശത്ത് നടക്കുന്ന ഈ ചെറുതെങ്കിലും സാർത്ഥകമായ പ്രതിരോധം എനിക്കാഹ്ലാദമാണുണ്ടാക്കുന്നത്.പക്ഷേ,സാമാന്യയുക്തി കൊണ്ട് കഥകളിയിലെ രംഗകൽ‌പ്പനകളെ അളക്കുന്ന,പഴയ ചില കഥകളിക്കാരുടെ സ്വഭാവം ഇവരെ ബാധിക്കുന്നതിൽ ഞാൻ ആശങ്കാകുലനാണ്.അടുത്തിടെയുണ്ടായ ഒരു സംഭവം ഞാൻ പങ്കുവെക്കട്ടെ:
നളചരിതം ഒന്നാം ദിവസത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ,ഒരു യുവ കഥകളിയാസ്വാദകൻ അഭിപ്രായപ്പെടുകയാണ്;“ “അറിക ഹംസമേ” എന്ന പദം സത്യത്തിൽ ഒറ്റക്കൈ കൊണ്ടാണ് മുദ്ര കാണിക്കേണ്ടത്.ഹംസത്തെ നളൻ പിടിച്ചിരിക്കയാണല്ലോ.രണ്ടുകൈകളും മുദ്ര കാണിക്കാനായി എടുത്താൽ പിന്നെ ഹംസം പറന്നു പോവില്ലേ?” എത്ര ബാലിശമായ ചോദ്യമാണിതെന്ന് കരുതിയിരിക്കുമ്പോഴാണൽഭുതം,ഇതൊരു പുതിയ വാദമാണെന്ന നിലയിൽ വേദിയിലെ പ്രമുഖ കഥകളിക്കാർ പ്രതികരിക്കുന്നു!
കഥകളിയരങ്ങിനെ യഥാതഥബോധവുമായി വ്യാഖ്യാനിക്കുന്ന സ്വഭാവം പുതിയകാര്യമൊന്നുമല്ല.നളചരിതം ഒന്നാം ദിവസത്തിൽ നളൻ ഇരുന്നിരുന്ന സിഹാസനം നാരദനു നൽകുന്നതിലെ ‘അനൌചിത്യം’ചൂണ്ടിക്കാണിച്ചത് ഹൈദരാലിമാഷായിരുന്നല്ലോ!അടിസ്ഥാനപരമായി അതൊരു സ്റ്റൂളാണെന്നും,കഥകളിയുടെ സാധാരണരംഗക്രമമാണ് അരങ്ങിലെ ബഹുമാന്യർക്ക് മാന്യസ്ഥാനമായ വലതുവശം നൽകൽ എന്നും മാഷിന് അറിയാഞ്ഞിട്ടല്ല,മനസ്സിലെ റിയലിസ്റ്റിക് ധാരണകളുടെ അധിനിവേശമായിരുന്നു വാസ്തവത്തിൽ പ്രശ്നം.
ഉന്നതോഷ്മാവിലുള്ള ഒരു ഭാവനാശാലിയാണ് നല്ല കഥകളിയാസ്വാദകനാവുന്നത്.പരിമിതമായ രംഗോപകരണങ്ങൾ കൊണ്ട് കഥകളി സൃഷ്ടിക്കുന്ന ഭാവനാലോകങ്ങളിലേക്ക് പറക്കാനുള്ള കണ്ണുള്ളവർ.വെറും ‘തിരശ്ശീല’എന്ന ഒറ്റ രംഗോപകരണത്തെ നോക്കൂ,ഓരോ രംഗങ്ങളുടെയും ആരംഭത്തിലും അന്ത്യത്തിലും പിടിക്കുന്ന ഒരു ‘കർട്ടൻ’മാത്രമല്ല കഥകളിയിലെ തിരശ്ശീല.അത് ബാലിസുഗ്രീവന്മാർക്ക് അപ്പുറവുമിപ്പുറവും നിന്ന് യുദ്ധം ചെയ്യാനുള്ള പർവ്വതമാകും,കീചകനെ കാത്ത് നൃത്തശാലയിൽ കിടക്കുന്ന വലലനുള്ള പുതപ്പാകും,“ക്രൂരയാകുന്ന നക്രതുണ്ഡി”ക്ക് പ്രവേശപദത്തിന് ഒളിഞ്ഞു നോക്കാനുള്ള ഉപാ‍ധിയാകും,ക്രുദ്ധനായ ശിവന് തന്റെ ജടയടിച്ച് ഭൂതങ്ങളെ സൃഷ്ടിക്കാനുള്ള കൈലാസഗിരിശൃംഗമാകും….അങ്ങനെ പലതുമാകും.ഇതെല്ലാം സന്ദർഭാനുസാരിയായി കഥകളി കണ്ടുപരിചയമുള്ളവർ ഉൾക്കൊള്ളുന്നു.അവർക്കതിൽ ഒരൌചിത്യഭംഗവും തോന്നില്ല.കഥകളിയിലെ ഗദ,അതൊരു ഗദയാണോ?ആറിഞ്ചു നീളം കഷ്ടിച്ചുവരുന്ന ആ ഉപകരണത്തെ രൌദ്രഭീമനെടുക്കുമ്പോൾ,കഥകളിപ്രേമിക്ക് ഒരസ്വസ്ഥതയുമില്ല. അതിനു പകരം,ശരിയായ ഗദ വേണമെന്നു പറഞ്ഞാൽ,അതു പിന്നെ കഥകളിയാവില്ല.
കഥകളി നൂറ്റാണ്ടുകളിലൂടെ സമാർജ്ജിച്ച പല അരങ്ങുവഴക്കങ്ങളുമുണ്ട്.അവയെ നമുക്കു പൊളിച്ചുപണിയാം,പക്ഷേ നാമാദ്യം അവയെന്താണെന്ന് ശരിക്കും അറിയേണ്ടിയിരിക്കുന്നു.റിയലിസത്തിന്റെ പതിവുകലാശീലങ്ങൾ കൊണ്ട് കഥകളിയെ അളക്കാൻ ചെല്ലുന്നത് അപായകരമാ‍കും.
(തുടരും)

17 comments:

വികടശിരോമണി said...
This comment has been removed by the author.
വികടശിരോമണി said...

കളിയരങ്ങിന്റെ യുക്തിയെ കേവലയുക്തികൊണ്ടളക്കുന്നതിലെ അസംബന്ധം.

എതിരന്‍ കതിരവന്‍ said...

കഥകളി യഥാതഥമായ ഒരു സ്പേസിലല്ല നടക്കുന്നതെന്ന ബോധം ഉണ്ടാവാന്‍ സാംസ്കാരികപരിശീലനം ആവശ്യമാണ്. സ്കൂള്‍ തലത്തിലും ബോധവല്‍ക്കരണം ആവശ്യമായി വന്നേയ്ക്കാം. പ്രേക്ഷകനുമായി സംവദിക്കുന്നതും അഭൌമതലത്തിലാണ്. ഇതിനു തയാറെടുപ്പ് അനിവാര്യമാണ്.

മീഡിയ എല്ലാത്തരത്തിലും ഇതിനുവേണ്ടി ഉപയോഗിക്കപ്പെടുന്നത് ആവശ്യം.
ബ്ലോഗില്‍ ചര്‍ച്ചയെങ്കിലും വരട്ടെ.

വി. ശി.യ്ക്ക് അഭിനന്ദനങ്ങള്‍.

കഥകളിത്തിരശീലയും time-space barrier സൃഷ്ടിയ്ക്കുന്ന കര്‍മ്മമാണ് പലപ്പോഴും ഏറ്റെടുക്കുന്നത്. പാശ്ചാത്യ സ്റ്റേജിലെ വശത്തേയ്ക്കോ മുകളിലെയ്യ്ക്കൊ മാത്രം മാറുന്ന കര്ട്ടനല്ല ഇത്. കോണോടു കോണ്‍ വയ്ക്കുമ്പോള്‍ രണ്ടു സ്ഥലകാലങ്ങളായി സ്റ്റേജ് വിഭജിക്കപ്പെടുകയാണെന്നത് ഒരു ഉദാഹരണം.ശൂന്യത സൃഷ്ടിയ്ക്കാനും ഇതേ തിരശീല. (മുഖം മാത്രം കാണപ്പെടുമ്പോള്‍ ബാക്കി ഭാഗം മറയ്ക്കുന്നത്).

ഒരു ബോറടി ആണെങ്കിലും കളിയ്ക്കു മുന്‍പ് ഒരു വിവരണപ്രസംഗം വേണ്ടറതല്ലെ എന്നു ചിലപ്പോള്‍ തോന്നും.

Haree said...

കഥകളിക്ക് സാമാന്യയുക്തിയില്‍ നിന്നും വിഭിന്നമായി അതിന്റേതായ ഒരു യുക്തിയുണ്ട്. ആ യുക്തിക്ക് നിരക്കുന്ന രീതിയിലാവണം അവതരണം. ഹംസത്തെ പിടിച്ചിരിക്കുന്ന നളന്‍ ഒരുകൈകൊണ്ട് മുദ്രകാട്ടണമെന്നില്ല; പക്ഷെ, ഒരു ചിറകില്‍ വെട്ടേറ്റു കിടക്കുന്ന ജടായുവിന്റെ ആട്ടം ഒരു കൈകൊണ്ട് പരിമിതപ്പെടുത്തി ആടുന്നതാവും നല്ലത്.
--

വികടശിരോമണി said...

കതിരവൻ,ഹരീ-നന്ദി.
കതിരവൻ പറഞ്ഞകാര്യങ്ങൾ പ്രസക്തമാണ്.സ്ഥല-കാലസൂചകങ്ങൾ കൂടിയായി തിരശ്ശീല പ്രവർത്തിക്കുന്നുണ്ട്.മാത്രമല്ല,ക്ലാസിക്കൽ കലകളിലാകമാനം കാണുന്ന ഏകഭാവകേന്ദ്രീകരണത്തെ ഛേദിക്കുന്ന രീതി,അലിനേഷൻ-നിർവ്വഹിക്കുന്നതിലും കഥകളിയിലെ രംഗോപകരണങ്ങൾക്കു പങ്കുണ്ട്.
സ്കൂളുകളിലെ ബോധവൽക്കരണം-വ്യക്തമായില്ല.സ്കൂളുകളിൽ കഥകളിയോ കളിയാസ്വാദനമോ പഠിപ്പിക്കണമെന്നാണോ?(രാമൻ കുട്ടിയാശാൻ ഈയിടെ അതു നടന്നാവശ്യപ്പെടുന്നുണ്ട്)
ആമുഖമായി വിവരണപ്രസംഗം അത്യന്താപേക്ഷിതമാണ്,സംശയമില്ല.നമ്മുടെ ബോറടിയല്ലല്ലോ പ്രശ്നം.പക്ഷേ,കഥയല്ല പ്രസംഗിക്കേണ്ടത്,കഥകളിയാണ്.നരകാസുരൻ യുദ്ധത്തിനു പോയി,ഇന്ദ്രനെ തോൽ‌പ്പിച്ചു-ഇതു വിസ്തരിച്ചു പറയാനായി കയറണമെന്നില്ല. “ബാലികമാർ” എന്ന പതിഞ്ഞപദം,കേകിയാട്ടം,ശബ്ദവർണ്ണന,പടപ്പുറപ്പാട്,അഹല്യാമോക്ഷം ആട്ടം-ഇവയൊക്കെ ലളിതവും സ്പഷ്ടവുമായി പറയാനാണ് ആമുഖകാരൻ ശ്രമിക്കേണ്ടത്.ആ ബോധമുള്ള എത്ര പേരുണ്ട്?
ഹരീ,
ജടാ‍യുവിന്റെ “രാവണൻ മഹാവീരൻ” എന്ന പക്ഷമറ്റ ശേഷമുള്ള പദം ഒറ്റക്കൈ കൊണ്ടു മുദ്രകാണിച്ചാൽ മതി.അത്തരം സന്ദർഭങ്ങൾ പിന്നെയും അനേകം.കല്യാണസൌഗന്ധികത്തിൽ സാധാരണ നടപ്പില്ലാത്ത വൃദ്ധഹനുമാന്റെ പദമായ “നൃപതേ ഞാനും” കുമാരൻ‌നായരാശാൻ ഒറ്റക്കൈ കൊണ്ട് മുദ്രകാണിക്കുന്നതു കാണണം.സൂക്ഷ്മമായി വിറച്ചുകൊണ്ടുള്ള ആ അഭിനയത്തിന് എന്തൊരു ചന്തമാണെന്നോ!
എല്ലാ പദങ്ങളും രണ്ടുകൈകൊണ്ടു മുദ്രകാണിക്കണമെന്ന ഭോഷത്തമല്ല ഞാൻ പറഞ്ഞത്.വ്യക്തമായിക്കാണുമല്ലോ.
നന്ദി.

വര്‍ക്കേഴ്സ് ഫോറം said...

നല്ല ഉദ്യമം
തുടരുക

Nishedhi said...

ആശംസകള്‍ !! കൂടുതല്‍ പ്രതീക്ഷിക്കുന്നു!

GURU - ഗുരു said...

ഇത്തരം വര്‍ക്കുകള്‍ക്ക് ആശംസകള്‍

വികടശിരോമണി said...

ഗുരു,നിഷേധി,വർക്കേഴ്സ് ഫോറം-നന്ദി.

എതിരന്‍ കതിരവന്‍ said...

സ്കൂള്‍ പാഠ്യപദ്ധതിയില്‍ കഥകളി മാത്രമല്ല കെരളത്തിലെ എല്ലാ കലകളേയും പറ്റി ഉദ്ബോധനം ഉള്‍പ്പെടുത്തേണ്ടതാണ്.മഹത്തും ബ്രഹുത്തുമായ തിയേറ്ററ് സങ്കല്‍പ്പം ഇവിടെ ഉരുത്തിരിഞ്ഞു വന്നതിനു ചരിത്രപരമായ സാംഗത്യം മാത്രമല്ല ഉള്ളത്.

സാഹിത്യകാരനമാര്‍ക്ക് പെര്‍ഫോമിങ് ആര്‍ട്സ്നോട് അയിത്തമാണെന്നുള്ളതിന്റെ രഹസ്യം പിടികിട്ടുന്നില്ല.സച്ചിദാനന്ദന് ഹിന്ദുസ്ഥാനി കച്ചേരി മതി കവിതാപ്രമേയമാക്കാന്‍.

SunilKumar Elamkulam Muthukurussi said...

സുഹൃത്തേ വി.ശി,
കളിയരങ്ങിലെ യുക്തിയെ കേവല യുക്തിബോധം കൊണ്ട് അളക്കുന്നത് അസംബന്ധം തന്നെ. എന്നാൽ ചിലവയെല്ലാം കേവലയുക്തികൊണ്ട് അളക്കുകതന്നെ വേണം. അത് പക്ഷെ അധികവും ആട്ടങ്ങളിലെയോ പദങ്ങളിലെയോ യുക്തിയല്ല. അരങ്ങിന്റെ സെറ്റപ്,ചുട്ടി മുതലായവയിലാണ് അധികവും വേണ്ടത്. ഇന്ന് അധികവും സ്റ്റേജുകൾ കുറച്ച് പൊക്കമുള്ളഥും കാ‍ണികൾ സദസ്സിൽ കസേരയിലിരിക്കുന്നവരും ആണ്. അപ്പോ വേഷങ്ങളുടെ ഉടുത്തുകെട്ട് ഇങ്ങനെ പരന്ന് പരന്ന് പോയാൽ ആസ്വാദകന് കളിക്കാരന്റെ ആസനം വരെ കാണാം. എന്തിനാ ഇങ്ങനെ പരത്തുന്നത് എന്നറിയില്ല. അവണാവിന്റെ “ചേർപ്പിലെ നൂറരങ്ങിനെ പറ്റിയുള്ള പോസ്റ്റിൽ “എൻ കണവാ കണ്ടാലും” എന്ന പദത്തിന്റെ ഫോട്ടോ നോക്കൂ. എത്ര പരന്നിട്ടാണ്? അതിനെ ഭംഗി കൂടുമോ? അതോ അതിനും വല്ല യുക്തിയും ചുട്ടിക്കാർക്കും പെട്ടിക്കാർക്കും ഉണ്ടോ? പിന്നെ അരങ്ങിലെ ലൈറ്റ് അറേഞ്ചുമെന്റ്സ്, മൈക്ക് എന്നിവയിലൊക്കെ “യുക്തി” അപ്ലൈ ചെയ്താൽ നല്ലതായിരുന്നു. അതു ചെയ്യുന്നത് അധികം കണ്ടിട്ടില്ല.
എതിരൻ പറയുന്ന സാംസ്കാരിക പരിശീലനം ആവശ്യമാകുന്നത്, ആ സംസ്കാരം ഇല്ലാതാകുമ്പോളാണ്. പക്ഷെ എത്ര കാലം ഇങ്ങനെ പരിശീലനം കൊടുത്ത് സൂക്ഷിക്കാനാകും? കഥകളി ഒരു പെർഫോർമിങ്ങ് ആർട്ട് ആണ്. അതിൻ കാലഥ്തിനനുസരിച്ച് പരീക്ഷണങ്ങൾ ആവശ്യമാണ്. പെർഫോർമിങ്ങ് ആർട്ട് കാലികമായിരുന്നാലേ പ്രസക്തി ഉണ്ടാവുകയുള്ളൂ. എത്രകാലം നാം കോട്ടയം തമ്പുരാനേയും ഉണ്ണായിയെയും മാത്രം ആസ്വദിച്ച് കഴിയും? അതിൽ മാത്രമേ കഥകളിയുള്ളൂ?
അവരെ വേണ്ട എന്നുവെക്കണം എന്നല്ല ട്ടൊ.നെഗറ്റീവ് ആയി എടുക്കരുത്. സ്വയം ചോദിക്കാറുള്ള ചോദ്യങ്ങൾ ഒന്ന് എഴുതി എന്നു മാത്രം.

SunilKumar Elamkulam Muthukurussi said...

sabskraib cheyyaan maRannu!

SunilKumar Elamkulam Muthukurussi said...
This comment has been removed by the author.
വികടശിരോമണി said...

സുനിൽ,കതിരവൻ-നന്ദി.
സുനിൽ,
താങ്കൾ പറഞ്ഞ പ്രശ്നങ്ങളെല്ലാം പ്രസക്തമാണ്.പലചോദ്യങ്ങളും ഞാനു സ്വയം ചോദിക്കുന്നതുമാണ്.
പെട്ടിക്കാർ എന്ന വർഗം കേരളത്തിലുടനീളം സ്വന്തം തൊഴിൽ മര്യാദക്കു ചെയ്യാനറിയാത്തവരുടെ കൂട്ടമായിരിക്കുന്നു.കൃത്യമായി വേണ്ടസമയത്ത് തിരശ്ശീലപിടിക്കാനറിയുന്ന അണിയറക്കാർ വിരലിലെണ്ണാൻ തന്നെയില്ല.
പത്മനാഭനാശാന്റെ ഉടുത്തുകെട്ട് ശ്രദ്ധിച്ചിട്ടുണ്ടോ?പഴയ വഴിയാണത്.തീരെ ഒതുങ്ങിയ ഉടുത്തുകെട്ട്.അങ്ങനെവേണമെന്നല്ല.ഇപ്പോളത് വളർന്നുവളർന്ന് ഒരു പച്ചവേഷം നിന്നാൽ അരങ്ങുനിറയുന്ന മട്ടായി.
അകത്തുപലയിടത്തും വെക്കുന്നത് തുണിയല്ല,പ്ലാസ്റ്റിക് ചാക്കാണ്.അതുണ്ടാക്കുന്ന വൈകൃതം വേറെ.
കതിരവൻ പറഞ്ഞപോലെ കഥകളിയെപ്പറ്റി വിശദീകരിക്കാനും രംഗത്തിന്റെ ആവശ്യങ്ങളറിഞ്ഞ് നിയന്ത്രിക്കാനും ബോധമുള്ള ഒരാൾ ഇനിയങ്ങോട്ട് അത്യാവശ്യമാണ്,എല്ലാ കളിയരങ്ങിലും.
ഉണ്ണായിയും തമ്പുരാനും മാത്രം പോര,മാറ്റങ്ങൾ വരാതെ കലക്കു നിലനിൽ‌പ്പുമില്ല.ഇതു ഞാൻ മുമ്പുള്ള പോസ്റ്റുകളിലും എഴുതിയതാണ്.പക്ഷേ,ക്ലാസിക്കൽ തീയറ്ററിനെപ്പറ്റിയുള്ള ബോധത്തോടെ വേണം മാറ്റങ്ങൾ എന്നുമാത്രം.കർണ്ണശപഥം പോലുള്ള അധോഗമനങ്ങൾ ഇനിയും സംഭവിച്ചുകൂടാ.
കതിരവാ,
ശരിയാ,സാഹിത്യകാരന്മാർക്ക് തീയറ്ററിനോടടുപ്പമില്ല.അവരുടെ ജാടകൾ ചിലവാവാത്തതുകൊണ്ടുമാകാം.

എതിരന്‍ കതിരവന്‍ said...

സാംസ്കാരിക’പരിശീലനം’എന്നതുകൊണ്ട് awareness ഉണ്ടാക്കാനുള്ള പ്രക്രിയ എന്നാണുദ്ദേശിച്ചത്. സ്കൂളില്‍ പരീക്ഷയ്ക്കു വേണ്ടി പഠിപ്പിക്കണമെന്നല്ല. ഒരു തിയേറ്റര്‍ അന്തരീക്ഷം പരിചയപ്പെടാന്‍ ഉതകുന്ന സംവിധാനം സ്കൂളുകളില്‍ ആവാം. പെര്‍ഫോമിങ് ആട്സ് ആസ്വദിക്കാനുള്ള മനോനില പരുവപ്പെടുത്തുക പ്രധാന കാര്യം.

സ്കൂളുകളിലെ കരിക്കുലം നിശ്ചയിക്കുന്നത് ഇതൊന്നുമായി ബന്ധമില്ലാത്തവരാണ്. സാഹിത്യകാരന്മാരെ പരാമര്‍ശിച്ചത് ഈ കമ്മറ്റികളില്‍ അവര്‍ ഇരുന്നാലുള്ള ദൂഷ്യം ഉദ്ദെശിച്ചാണ്.

കഥകളിയെ മറ്റുകെട്ടുപാടുകളില്‍ വിമുക്തമാക്കുക അത്യാവശ്യമാണ്.

കൃഷ്‌ണ.തൃഷ്‌ണ said...

എനിക്കു ഒട്ടും അറിവില്ലാത്ത ഒരു കലയാണ്‌ കഥകളി. അറിയാന്‍ ആഗ്രഹമുള്ള രണ്ടു കലകളാണ്‌ കഥകളിയും തെയ്യവും. ദൌര്‍ഭാഗ്യവശാല്‍ ഇതിനെക്കുറിച്ചു ഗുരുസ്‌ഥാനീയത്തു നിന്നു അറിവു തരാന്‍ പാകത്തില്‍ ഒരുപാടു പേര്‍ കേരളത്തിലുണ്ടായിട്ടും എനിക്കൊരാളെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല.. എന്നെങ്കിലുമൊരിക്കല്‍ അത്തരമൊരാളെ അറിയുമായിരിക്കും, ചില പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്..പക്ഷേ അനുഭവമുള്ളവരുടെ ഒരു സാന്നിധ്യമില്ലാത്തതിനാല്‍ അതിനെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതായലും ഇത്തരം കാര്യങ്ങള്‍ ഇങ്ങനത്തെ ചര്‍ച്ചയിലൂടെ വരുന്നത്‌ എന്നെപ്പോലെയുള്ള ഒരുപാടുപേരെ സഹായിക്കും. (സരസ്വതിയുടെ വാഴ്ത്തും വികടശിരോമണി എന്ന വീഴ്ത്തും. അതു ശരിയോ മാഷേ...ഞന്‍ മുന്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു ഈ പേരിനെക്കുറിച്ച്...മാഷിന്റെ മൌലികതയാണ്‌, സ്വാതന്ത്ര്യമാണ്‌ ഈ പേര്...എന്നാലും പറഞ്ഞുപോയതാണ്‌.)

വികടശിരോമണി said...

കതിരവ്‌ജീ,
കാര്യം ശരിയാണ് കുട്ടികളിൽ തീയറ്റർ അവബോധം ഉണ്ടാക്കേണ്ടതാണ്.കേരളത്തിൽ നിലനിൽക്കുന്ന ബോധനരീതിശാസ്ത്രത്തിൽ തന്നെ തീയറ്ററിന് ഒരു പങ്കുമില്ല.തീയറ്റർ എങ്ങനെ സമർത്ഥമായ ബോധനോപാധിയാക്കാം എന്ന കാര്യത്തിൽ 1970-80കളിൽ നാടകവേദിയിലുണ്ടായ ചില ചലനങ്ങൾക്കൊപ്പമുണ്ടായ ചില നിരീക്ഷണങ്ങളൊഴിച്ചാൽ,കേരളത്തിൽ എന്തെങ്കിലും നടന്നതായി അറിവില്ല.ഇടശ്ശേരി പണ്ടേ അഭിപ്രായപ്പെട്ടിരുന്നു,സ്കൂളുകൾ രാത്രിയിൽ നാടകം കളിക്കാൻ കൂടി പറ്റിയ രീതിയിൽ വേണം നിർമ്മിക്കാൻ എന്ന്.ഇന്നാ അഭിപ്രായത്തിന്റെ വിലയോർത്ത് ഞാനത്ഭുതപ്പെടാറുണ്ട്.
മിക്ക സാഹിത്യകാരന്മാർക്കുംജീവിക്കണമെങ്കിൽ,മീനിനു ജലം വേണമെന്ന പോലെ,ചില സ്ഥാനങ്ങൾ വേണം.അതു കലാമണ്ഡലത്തിലായാലും ഫോൿലോർ അക്കാദമിയിലായാലും വിരോധമില്ല.സാഹിത്യത്തിന്റെ ചൊല്ലുവഴിക്ക് നടന്നോളണം,കഥകളിയാണെങ്കിലും കൊള്ളാം,പൊറാട്ടുനാടകമാണെങ്കിലും കൊള്ളാം.ഈ സ്ഥിതി മാറാതെ ക്രിയാത്മക മാറ്റങ്ങൾ പ്രതീക്ഷിക്കവയ്യ.
കൃഷ്ണ തൃഷ്ണ,
വരവിനു നന്ദി.കഥകളിയെ മനസ്സിലാക്കാനുള്ള മനസ്സുണ്ടായാൽ മതി.സമയമുള്ളപ്പോൾ കഥകളികൾ കാണൂ.
പിന്നെ,പേര്-
അങ്ങനെയൊരു പേര്.