Monday, October 20, 2008

കഥകളിയിലെ യുക്തിബോധം-2

കഥകളിയുടെ ആഹാര്യം തന്നെ,യഥാതഥപരിസരത്തെ തീവ്രമായി നിരസിച്ചുകൊണ്ടാ‍ണ് രൂപകൽ‌പ്പന ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണമല്ലാത്ത വർണ്ണസങ്കലനങ്ങൾ,മനുഷ്യ-ദേവ-അസുരവ്യത്യാസമില്ലാതെ ചുട്ടിയും ഉടുത്തുകെട്ടും അടക്കമുള്ള അമാനുഷിക അലങ്കാരങ്ങൾ-അങ്ങനെ ലൌകികാന്തരീക്ഷത്തിൽ നിന്നു വേറിട്ട, നാട്യധർമ്മിയായ കഥകളിയുടെ ആഹാര്യപദ്ധതി റിയലിസത്തിൽനിന്നു വേറിട്ട ആവിഷ്കാരപരിസരത്തെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.ലൌകികത്തിൽ നിന്നു ലോകധർമ്മിയിലേക്കുള്ളതിലും ദൂരമുണ്ട് ലോകധർമ്മിയിൽ നിന്നു നാട്യധർമ്മിയിലേക്ക് എന്ന കാവാലം നാരായണപ്പണിക്കരുടെ നിരീക്ഷണം അർത്ഥഗർഭമാണ്.കാക്കരശ്ശിനാടകവും പാങ്കളിയും മുതൽ കൂടിയാട്ടം വരെയുള്ള ഈ പരിണാമപ്രക്രിയയുടെ ഫലമാണ് കഥകളി.
“അതിവാക്യക്രിയാപേത”മായ ,അതിവാക്യത്തോടുകൂടിയ അഭിനയമായി ഭരതൻ നാട്യധർമ്മിയെ നിർവ്വചിക്കുന്നതിന്റെ കൃത്യമായ അവതരണസ്വരൂപം കഥകളിയിലാണ് കാണാനാവുക.നിയോക്ലാസിക്കൽ ബിംബാവലികളും,ക്ലാസിക്കൽ കാവ്യകൽ‌പ്പനകളും നിറയുന്ന കളിയരങ്ങിന്റെ പരിപ്രേക്ഷ്യം കേവലയുക്തികൾക്ക് വഴങ്ങുന്നതല്ല.തോരണയുദ്ധം രാവണന്റെ “ഹിമകരഹിമഗർഭാ”എന്ന ശ്ലോകമോ,സുഭദ്രാഹരണം അർജ്ജുനന്റെ “ഈയം ഗേഹേ”എന്ന ശ്ലോകമോ ആടുന്നതുനോക്കുക,ലോകസാധാരണമായ യുക്തികളിൽ അവ പൂർണ്ണമായ അസംബന്ധമാണ്.എന്നാൽ പ്രസ്തുത സാഹചര്യങ്ങളിലെ നാട്യധർമ്മിയായ അന്തരീക്ഷവുമായി അവക്കുള്ള ചേർച്ച അനുപമമാണ്.ഇവിടെയാണ് കഥകളി യുക്തികളേക്കാൾ ഔചിത്യത്തിന് നൽകിയിരിക്കുന്ന പ്രാധാന്യം വ്യക്തമാവുക.
ഒരു കലയും ഇങ്ങനെയെല്ലാം ആസ്വദിക്കണമെന്ന് ശഠിക്കാനാവില്ല,ആ ശാഠ്യം വിഡ്ഡിത്തവുമാണ്.ക്ലാസിക്കൽ കലാസ്വാദകർ ആർജ്ജിക്കേണ്ട സംസ്കൃതിയെ ഒന്നോമ്മിപ്പിച്ചുവെന്നു മാത്രം

25 comments:

വികടശിരോമണി said...

ഒരു കലയും ഇങ്ങനെയെല്ലാം ആസ്വദിക്കണമെന്ന് ശഠിക്കാനാവില്ല,ആ ശാഠ്യം വിഡ്ഡിത്തവുമാണ്.ക്ലാസിക്കൽ കലാസ്വാദകർ ആർജ്ജിക്കേണ്ട സംസ്കൃതിയെ ഒന്നോമ്മിപ്പിച്ചുവെന്നു മാത്രം

കാപ്പിലാന്‍ said...

വികടശിരോമണി,

കഥകളി കാണും എന്നല്ലാതെ അതിനെക്കുറിച്ച്‌ കൂടുതല്‍ ഒന്നും അറിയില്ല .കുറെ കാര്യങ്ങള്‍ പറഞ്ഞ് തന്നിരുന്നെങ്കില്‍ നന്നായിരുന്നു .

എതിരന്‍ കതിരവന്‍ said...

യുക്തി കടന്നുവരുന്നത് നൃത്തത്തിനൊ തിയേറ്ററിനോ അനുയോജ്യമല്ല. വിയറ്റ്നാം യുദ്ധവും ചിലിയിലെ ഈവ പെറോണിന്റെ കഥയുമൊക്കെ ബ്രോഡ് വേ മ്യൂസിക്കത്സ് ആക്കിയിട്ടുണ്ട്. എല്ലാത്തിലും പാട്ടിലൂടെയും നൃത്തത്തിലൂടെയും കഥ ചുരുള്‍ നിവരുന്നു. ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങ്ങളുള്ള ഷേക്സ്പിയറ് നാടകം ഓപെറാ ആയിട്ടവതരിപ്പിക്കുമ്പോള്‍ അവതരണത്തിലെ യുക്തി പമ്പ കടക്കുന്നു.ചിത്രകലാസങ്കേതങ്ങള്‍ അനുഷ്ഠിയ്ക്കുന്ന മുഖത്തെഴുത്തും മേക് അപ്പും, വിപുലീകരിച്ചതും ബ്രഹുത്വവല്‍ക്കരിച്ച ജ്യൂവലറിയും മനുഷ്യമാനങ്ങള്‍ വെടിഞ്ഞ് അതിനു പുറത്തുകടക്കുന്ന കോസ്റ്റ്യൂമും എല്ലാം കഥകളിയില്‍ പല അടരുകള്‍ സ്വരൂക്കൂട്ടുന്നു. ഇവ പരസ്പരപൂരിതങ്ങളുമാകുമ്പോളുള്ള സങ്കീര്‍ണ്ണത വേറെ.ഇത് ആഹാര്യത്തിന്റെ മാത്രം കാര്യം. ആസ്വാദനം ക്ലിഷ്ടമാവുന്നു. ’യുക്തിയെവിടെ’ എന്ന ചോദ്യം വന്നെങ്കില്‍ അത് നിസ്സഹായതില്‍ നിന്നും ഉടലെടുത്തതാണ്.

കുടമാളൂര്‍ കരുണാകരന്‍ നായര്‍ പ്രായമേറെച്ചെന്നിട്ടും സ്ത്രീവേഷം കെട്ടിയിരുന്നു. സുന്ദരിയും ചെറുപ്പക്കാരിയായ പാഞ്ചാലിയെയാണ് പലപ്പോഴും അവതരിപ്പിക്കാറ്. മുഖം മിനുക്കിയെങ്കിലും കയ്യും വിരലുകളും‍ പ്രായം പ്രകടമാക്കിയിരുന്നു. അതും ഉണങ്ങിയ ആണ്‍ വിരലുകള്‍. യുക്തിയില്ലായ്മ!

ഒരു കൊച്ചുസുന്ദരിയുടെ നൃത്തം കാണേണ്ടവര്‍ ‍ കഥകളിക്ക് വരേണ്ടതില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

:)

Haree said...

"ഒരു കൊച്ചുസുന്ദരിയുടെ നൃത്തം കാണേണ്ടവര്‍ ‍കഥകളിക്ക് വരേണ്ടതില്ല." - ഹ ഹ ഹ... :-) എന്നാരു പറഞ്ഞു? കുടമാളൂര്‍ കെട്ടിയാലും, ശിവരാമന്‍ കെട്ടിയാലും സുന്ദരിയെ കാണേണ്ടവര്‍ക്ക് കാണാം... അതു കാണുവാന്‍ കഴിവില്ലെങ്കില്‍ കഥകളിക്ക് വരേണ്ട, അല്ലേ? :-D

പിന്നെ അരങ്ങിനു ചേരുന്ന യുക്തികള്‍ പാലിക്കപ്പെടുക തന്നെ വേണം. ഒരു ഉദാഹരണം: രാജ്ഞിയും, സൈരന്ധ്രിയും; ദമയന്തിയും, കേശിനിയും - ഇവിടെയൊക്കെ തോഴിയുടെ അലങ്കാരം റാണിമാരേക്കാള്‍ മികച്ചു നിന്നാല്‍ അത് മുഴച്ചു നില്‍ക്കും. ഇത് കഥകളിയാണ്, വസ്ത്രത്തിലല്ല കാര്യം എന്നത് സെക്കന്റിന് സെക്കന്റിന് ഓര്‍മ്മപ്പെടുക എന്ന അധിക ജോലി കൂടി ആസ്വാദകന്‍ ചെയ്യേണ്ടി വരുന്നു. ഈ രീതിയിലുള്ള അനൌചിത്യങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

ഈ ലേഖനങ്ങള്‍ ആരെ ഉദ്ദേശിച്ചാണ് എഴുതുന്നതെന്നൊരു സംശയം!
"നിയോക്ലാസിക്കല്‍ ബിംബാവലികളും,ക്ലാസിക്കല്‍ കാവ്യകല്‍‌പ്പനകളും നിറയുന്ന കളിയരങ്ങിന്റെ പരിപ്രേക്ഷ്യം കേവലയുക്തികള്‍ക്ക് വഴങ്ങുന്നതല്ല.തോരണയുദ്ധം രാവണന്റെ “ഹിമകരഹിമഗര്‍ഭാ”എന്ന ശ്ലോകമോ,സുഭദ്രാഹരണം അര്‍ജ്ജുനന്റെ “ഈയം ഗേഹേ”എന്ന ശ്ലോകമോ ആടുന്നതുനോക്കുക,ലോകസാധാരണമായ യുക്തികളില്‍ അവ പൂര്‍ണ്ണമായ അസംബന്ധമാണ്." - ഇതു വായിച്ചാല്‍ സാധാരണക്കാരനായ ഒരുവന് എന്തു മനസിലാവാനാണ്? (കൂടുതല്‍ പേര്‍ വായിച്ച്, കൂടുതല്‍ പേര്‍ക്ക് ഈ കലയോട് താത്പര്യം തോന്നണം എന്ന യുക്തിയില്‍...) :-)
--

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
കാപ്പിലാന്‍ പറഞ്ഞതു പൊലെയുള്ള ഒരു കക്ഷിയാണ് ഞാനും.

സാധാരണക്കാരന്റെ ഒന്നു രണ്ടു ചോദ്യങ്ങള്‍ മാത്രം.

എല്ലാ കലാരൂപങ്ങളും കാലോചിതമായി മാറ്റപ്പെടുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കഥകളിയില്‍ അതില്ലാത്തത് പ്രാരമ്പര്യം കാത്തു സൂക്ഷിക്കാനുള്ള വ്യഗ്രതമാത്രമാണൊ. സ്റ്റേജ് സെറ്റിങ്ങുകള്‍, മുന്‍പ് ആരൊ സൂചിപ്പിച്ച ലൈറ്റിംഗ് തുടങ്ങിയവ.

കേരളത്തിലെ കഥകളി ആസ്വാദകര്‍ എത്രപേര് കാണും? സായിപ്പ് ഇതിനെ പൊക്കിവാചിരിക്കുന്നത് കൊണ്ടു മാത്രമാണോ മറ്റു പരമ്പരാഗത കലാരൂപങ്ങളേക്കാള്‍ ഇതു പ്രധാനമായി നില്‍ക്കുന്നത്?

ഓഫ് ടൊപ്പിക്കാണ്.
എന്നാലും ചോദിച്ചന്നേ ഉള്ളൂ.

അനില്‍@ബ്ലോഗ് // anil said...

ട്രാക്കിടാന്‍ മറന്നു

വികടശിരോമണി said...

കാ‍പ്പിലാനേ,
ഏതു ക്ലാസിക്കൽ കലാരൂപത്തോടും താൽ‌പ്പര്യമുണ്ടാവലാണ് പ്രധാനം.കഥകളികളുടെ സി.ഡി.കൾ വിപണിയിൽ സുലഭം.കഥകളികൾ കാണാൻ ശ്രമിക്കൂ.അറിയുന്ന കാര്യങ്ങൾ ഞാൻ പങ്കുവെക്കാം.
അനിൽ,
ചോദിച്ചവയെല്ലാം ഓഫല്ല.
മാറ്റങ്ങളെ അംഗീകരിക്കാത്ത ഫ്യൂഡൽ കാലഘട്ടത്തിന്റെ ചില സ്വഭാവങ്ങൾ ഇന്നും കഥകളി ലോകത്ത് ബാക്കിയുണ്ടെന്നത് നേര്.ലൈറ്റിങ്ങിലും സ്റ്റേജ് സെറ്റിങ്ങിലും പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്.പക്ഷേ,പക്ഷേ പൊതുഅംഗീകാരം നേടിയെടുക്കാൻ അവക്കൊന്നും കഴിയാതെപോയി.വലിയ സാധ്യതകൾ ഇന്നും ആ രംഗത്ത് നിലനിൽക്കുന്നു.
കഥകളി അറിഞ്ഞാസ്വദിക്കുന്നവർ എന്നും എണ്ണത്തിൽ കുറവുതന്നെയായിരുന്നു.നിരന്തരമായ അനുശീലനവും സംഗീത,സാഹിത്യ,നൃത്ത,മേളകലകളോടുള്ള അഭിനിവേശവും ഒത്തിണങ്ങുമ്പോഴാണ് മികച്ച കളിയാസ്വാദകരുണ്ടാകൂ.പഴയകാലത്തെ അപേക്ഷിച്ച് ബോധമുള്ള കഥകളിയാസ്വാദകർ വർദ്ധിച്ചിട്ടുണ്ട് എന്നാണ് എന്റെ അനുഭവം.
സായിപ്പ് പൊക്കിവെച്ചിരിക്കുന്നതു കൊണ്ടുമാത്രമെന്നു തോന്നുന്നില്ല.അങ്ങനെയെങ്കിൽ ഏറ്റവും പ്രധാനമാകേണ്ടതു കൂടിയാട്ടമായിരുന്നു.കഥകളി നിരവധി കലാംശങ്ങളുടെ സമ്മോഹനമായ മേളനമാണ്.ഇത്രകണ്ടു സങ്കീർണ്ണവും സുഘടിതവുമായ നൃത്തകൽ‌പ്പന ലോകത്തേതെങ്കിലും തീയറ്ററിൽ നിന്ന് കണ്ടെടുക്കുക പ്രയാസം.അതൊക്കെയാണ് കഥകളിയെ മുന്നിലെത്തിക്കുന്നതെന്നു തോന്നുന്നു.പിന്നെ,മറ്റു കലകൾ കഥകളിയേക്കാൾ അപ്രധാനമാണെന്ന് എനിക്കു തോന്നിയിട്ടില്ല.
കതിരവാ,
പ്രസക്തമായ നിരീക്ഷണങ്ങൾ.ഷേക്സ്പിയർ ഓപെറകൾക്കു ശേഷം വന്ന ആധുനികനാടകവേദിതന്നെ യുക്തിയെ നിരസിക്കുന്നത് കാണാം.സൂഷ്മമായ വികാരപരിസരങ്ങളെ ആവിഷ്കരിക്കാൻ റിയലിസം പ്രാപ്തമല്ലെന്ന് തിരിച്ചറിഞ്ഞ് മറ്റു വഴികളിലൂടെ നാടകവേദി സഞ്ചരിക്കവേയാണ് ഈ കഥകളിയിലെ തിരിഞ്ഞുപോക്ക് എന്നതാണ് ദു:ഖകരം!
സുന്ദരീനൃത്തം കാംക്ഷിച്ച് വരണ്ടെന്ന് പറയണ്ട.വിജയകുമാറും ഷണ്മുഖനുമൊക്കെ വന്നതോടെ സൌന്ദര്യം കാണാനും ആളുകൂടുന്നുണ്ട്.
ഹരീ,
അരങ്ങിനു ചേർന്ന യുക്തികൾ പാലിക്കപ്പെടണം.അതുതന്നെയാണ് ഞാനും പറഞ്ഞത്.
വിമർശനത്തിന് നന്ദി.ചില കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവും വിധം എഴുതാനാവണമെന്നില്ല.എങ്കിലും,ഹരിയുടെ വിമർശനത്തിൽ പോസിറ്റീവായി ഒരംശമുണ്ട്.തുടർന്ന് ശ്രദ്ധിക്കാം.
നന്ദി.

എതിരന്‍ കതിരവന്‍ said...

അനില്‍@ബ്ലോഗ്:
സായിപ്പിന്റെ പൊക്കലിനും വളരെമുന്‍പ് കലാനിപുണന്മാര്‍ (ഇവിടെയും ഒണ്ടാരുന്നെ അത്തരക്കാര്‍) കഥകളിയുടെ പ്രാധാന്യം അറിഞ്ഞിരുന്നു. അതുകൊണ്ടാണ് കഥകളി നിലനില്‍ക്കുന്നത്. സായിപ്പിന്റെ വിസ്മയത്തിനു, തിയേറ്റര്‍ നിരീക്ഷിക്കുന്നവ്രുടെ വിസ്മയത്തിനു കാരണങ്ങള്‍:

1.നാടകത്തിന്റെ ഗൂഢാംശങ്ങള്‍ വരെ സ്വംശീകരിച്ചുള്ള അവതരണവും കഥയെ കൊണ്ടുപോകലും.
2. നൃത്തത്തില്‍ക്കൂടെ നാടകം, നാടകത്തില്‍ക്കൂടെ നൃത്തം എന്ന അദ്ഭുതാവഹമായ സ്വരൂപിക്കല്‍. “ഡാന്‍സ് ഡ്രാമ’ എന്നു പറഞ്ഞാല്‍ അതീവ ലളിതമായിപ്പോകും.

2. സംഗീതവും ഇതിനോടു കൂടി ചേരുമ്പോള്‍ പൂര്‍ണ്ണതയിലേക്കൂള്ള മറ്റൊരു വഴി തുറക്കുന്നു. ലോകത്ത് ഒരു നൃത്തരൂപത്തിനോ ഡാന്‍സ് ഡ്രാമായ്ക്കോ അതിന്റേതെന്ന് അവകാശപ്പെടാവുന്ന ഒരു സംഗീതം ഉരുത്തിരിഞ്ഞു വന്നിട്ടില്ല.

3.പലേ നാടന്‍ കലകളും ക്ലാസിക് കലകളും സ്വാംശീകരിച്ച് പുതുതായി ഉണ്ടാക്കിയെടുത്ത ഫ്യൂഷന്‍ ആണ്‍ കഥകളി. അത് പരമ്പരാഗതമല്ല. ആധുനികമാണ്. ഷേക്സ്പിയറിന്റെ കാലത്ത് ഉണ്ടായ ഫ്യൂഷന്‍ കലയാണ് കഥകളി.
ചെറിയ ഉദാഹരണം:
നളചരിതത്തിലെ‍ ഹംസത്തെ അവതരിപ്പിക്കാന്‍ ഗരുഡന്‍ തൂക്കത്തിലെ പക്ഷിയെ അതേപടി പിടിച്ചെടുത്തു കോറിയോഗ്രാഫെഴ്സ്.

4. സദസ്സുമായി വേറ്തിരിഞ്ഞു തുടങ്ങിയിട്ട് കഥയവസാനിക്കുമ്പോള്‍ സദസ്സിലേക്ക് കഥയും കഥാപാത്രങ്ങളും ഇറങ്ങി വേറ്തിരിവുകള്‍ ഇല്ലാതാവുന്ന രീതി സായിപ്പ് ഈയ്ടെ കണ്ടുപിടിച്ചു വന്നതേ ഉള്ളു. അതുകൊണ്ണ്ടൊക്കെയാണ് സായിപ്പ് അന്തം വിട്ടുപോകുന്നത്.

5.സ്ഥായിയായ ഒരു നൃത്തം ഉള്ളപ്പോഴും കഥാപാത്രങ്ങള്‍ക്കനുസരിച്ച് അതു മാറി മറിയുന്ന വിശേഷം മറ്റൊരു ഡാന്‍സ് ഡ്രാമായിലും കാണില്ല. കഥകളിയില്‍ സ്ത്രീയ്ക്കും പുരുഷനും വെവ്വേറെ നൃത്തഘടന. എന്തിന്, ഒരേ കാര്യം കാണിയ്ക്കുന്നതിനു തന്നെ -സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍.’പാമ്പ്’ എന്നു പുരുഷകഥാപാത്രം കാണിയ്ക്കുന്നതുപോലെയല്ല് സ്ത്രീകഥാപാത്രം കാണിയ്ക്കുന്നത്.

6.പരമ്പരാഗത നിയമങ്ങളേയും വിധികളേയും വെല്ലുവിളിച്ചുള്ള ടെക്നിക്കുകള്‍. നാട്യശാസത്രത്തെയൊക്കെ കഥകളി പുല്ലുപോലെ അവഗണിച്ചിട്ടുണ്ട്.
7.മലയാളികളുടേത് മാത്രമായ ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയൊക്കെക്കൊണ്ട് ഒന്നാന്തരം ഓറ്ക്കെസ്ട്രേഷന്‍ ഒരുക്കിയെടുക്കല്‍ നൃത്തത്തിലും നാടകത്തിലും സന്നിവേശിപ്പിക്കല്‍. താരതമ്യത്തിനു ഭരതനാട്യം. അതിനു അതിന്റേതായ വാദ്യമേളം ഇല്ലല്ലൊ.

8. ചിത്രകലയില്‍ നിന്നും ഭിത്തിച്ചിത്രങ്ങളില്‍ നിന്നും
സ്വംശീകരിച്ച വര്‍ണ്ണസങ്കരങ്ങള്‍ മേക് അപ്പില്‍.നാടന്‍/അനുഷ്ഠാനകലകളില്‍ നിന്നും എടുത്ത പ്രോടൊറ്റൈപിനു മേല്‍ ആണിത്.
9. നൃത്തം ആണുങ്ങള്‍ക്കും ആവാമെന്നും (അവരുടേത് മാത്രവും ആക്കി) പെണ്‍കോന്തന്മാര്‍ക്ക് രസിക്കാനുള്ളതല്ല അതെന്നുമുള്ള ധീരനിലപാട്.

10. സ്റ്റേജ് അല്ലെങ്കില്‍ രംഗത്തിനു സൂക്ഷ്മമായ നിര്‍വചനങ്ങളും വിധികളും.

11. ഡാന്‍സ് ഡ്രാമ (!?) യുടെ സ്ക്രിപ്റ്റും പാട്ടും സാഹിത്യമായി മാറല്‍. ആട്ടക്കഥകള്‍ അവതരിക്കപ്പെട്ടില്ലെങ്കിലും തനതു സാഹിത്യ രൂപമായി നിലനില്‍പ്പുണ്ട്.പലപ്പോഴും താരതമ്യപ്പെടുത്താറുള്ള യക്ഷഗാനത്തിനു ഇങ്ങനെയൊന്നില്ല.

ഇങ്ങനെ പോകുന്നു. ബാക്കി പിന്നെ ആവാം.

ജിജ സുബ്രഹ്മണ്യൻ said...

കേരളത്തിന്റെ തനതു കലാ രൂപം ആണെങ്കിലും കഥകളി ആസ്വദിക്കാന്‍ ഞാന്‍ ഇതേ വരെ ശ്രമിച്ചിട്ടില്ല ! ടി വി യില്‍ ഒക്കെ കഥകളി വന്നാല്‍ ടി വി ഓഫ് ചെയ്തിട്ട് കിടന്നുറങ്ങും..
പക്ഷേ പോസ്റ്റ് ഇഷ്ടായീ ട്ടോ

അനില്‍@ബ്ലോഗ് // anil said...

എതിരവന്‍
വളരെ നന്ദിയുണ്ട് കേട്ടോ.

എന്റെ പലബന്ധുക്കളും കഥകളി ഭ്രാന്തന്മാരാണ്. ഞാന്‍ കൂടുതല്‍ സമയം ഇരിക്കാറില്ലെങ്കിലും അല്പസമയമൊക്കെ കാണാറുണ്ടായിരുന്നു. സത്യത്തില്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ വീണ്ടും താല്‍പ്പര്യം ഉണ്ടാക്കിയതിനു വികടശിരോമണിയെ അഭിനന്ദിക്കാതെ വയ്യ.

നമ്മുടെ പുരാണകഥകള്‍ക്കു പുറത്തുള്ള ലോക ക്ലാസ്സിക്കുകള്‍ കഥകളി ആക്കുന്നുവെന്ന് കേട്ടപ്പോള്‍ ആദ്യം ദഹിച്ചില്ലെങ്കിലും, കണ്ട ചില രംഗങ്ങള്‍ ആ ആശങ്ക മാറ്റി എന്നത് അത്ഭുതമായിരുന്നു.

വലിയ പിടിയില്ലാത്തെ മേഖലയാണ്, എങ്കിലു പഠിക്കാന്‍ നോക്കുകയാണിപ്പോള്‍.

കാളിയമ്പി said...

വളരെ നല്ല ബ്ലോഗും അവതരണവും.

അരങ്ങത്തെ യുക്തിയെക്കുറിച്ച്,
ഓരോരോ സന്ദര്‍ഭത്തിനനുസരിച്ചും വെവ്വേറേ നിലപാട് സ്വീകരിയ്ക്കണമെന്നാണെന്റെ പക്ഷം. എന്റെ നാട്ടിലെ ഉത്സവപ്പറമ്പില്‍ വച്ച് രാമചന്ദ്രനുണ്ണീത്താനാ‍ശാന്‍ ‍വലലനായി വന്ന് ചായക്കടയില്‍ ചായയടിയ്ക്കുമ്പോലെ അഭിനയിച്ചതോര്‍മ്മവരും യുക്തിയെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍. നാട്ടിലെ തന്നെ ഭഗവതിയമ്പലത്തില്‍ ദക്ഷയാഗകളി തീരുന്നസമയത്ത് ഭദ്രകാളിയായി വരുന്ന രവിയാശാന്റെ ബഹളവും വിറയലും നിറുത്താന്‍ പൂശാരി കോഴിയെ കയ്യില്‍ കൊടുത്തതും ഭദ്രകാളിയായി പകര്‍ന്നാടിപ്പോയ ആശാന്‍ കോഴിയുടെ തല കടിച്ച് പറിച്ച് ചോരകുടിച്ചതുമൊക്കെ യുക്തി കൂടി കൂടിപ്പോയ ഇനം....(അത് പിന്നീട് പലരും തുടര്‍ന്നു. ഇപ്പൊ ഭഗവതിയമ്പലത്തില്‍ ദക്ഷയാഗം കളിയ്ക്കില്ല..കോഴിയ്ക്കൊക്കെ എന്താ വില)

ഇത് കണ്ട് അമ്പരന്നും പൊട്ടിച്ചിരിച്ചും ആശാനേ ചായ തറേപ്പോയിയെന്ന് പറഞ്ഞ് കമന്റടിച്ചും, കമന്റടിച്ചേച്ച് അവസാന കളിയായ കിരാതം സമയത്ത് സ്റ്റേജിനു മുന്നില്‍ കിടന്നുറങ്ങുന്നവന്റെ ചന്തിയ്ക്ക് നോക്കി കയ്യിലിരുന്ന വടികൊണ്ട് ഒരു വീക്കും കൊടുത്ത് അരങ്ങത്തേയ്ക്ക് കയറിവന്ന കിരാതന്റെ തമാശകളുമൊക്കെ കണ്ട് ബഹളം കൂട്ടാന്‍ ഒരു മുന്‍ഷിമാരും ഉണ്ടായിരുന്നില്ലയവിടെ.കെളയിക്കാറന്മാര്‍, ചായയടിയ്ക്കുന്നവന്‍,മണലു വാരുന്നവനൊക്കെയാണവിടെയിരുന്നവര്‍.അവര്‍ക്ക് പിറ്റേന്ന് പണിയ്ക്ക് പോണമെന്നാലും കളികാണാന്‍ കാറുപിടിച്ചുമെത്തും.

ഈ ചായയടിയുടേയും ചോരകുടിയ്ക്കലിന്റേയുമൊക്കെ രീതിശാസ്ത്രമറിയണമെങ്കില്‍ എതിരന്‍ കൊളുത്തിയിട്ട ചങ്ങലയില്‍ പഴമയോളം പോകേണ്ടിവരും.തൃശ്ശൂരിരുന്നൊരു തമ്പ്രാനും കൊട്ടാരക്കരയിലിരുന്ന് മറ്റൊരു തമ്പ്രാനും മത്സരിച്ചതിന്റെ സന്തതിയല്ല കഥകളിയെന്നും അതിനീ മണ്ണിനോളം മണവും ആഴവുമുണ്ടെന്നും പുള്ളുവന്‍പാട്ടും ഗരുഡന്തൂക്കലും കാവടിയും മുതലിങ്ങോട്ട് ചേര്‍ത്ത് വായിച്ചാലേ ചരിത്രം പൂര്‍ണ്ണമാകൂ എന്നും അറിയണം. എതിരാ കതിരാ ഈ വിശകലനത്തിന് ഒരു വല്യ സലാം.

അതേസമയം കഥകളിക്ലബില്‍ കളി നടക്കുമ്പോള്‍ നമുക്ക് നാട്യധര്‍മ്മിയെക്കുറിച്ച് ചിന്തിയ്ക്കാം . ഒരു കയ്യോ മറുകൈയ്യോ മാറിയഭിനയിയ്ക്കാം...ആട്ടക്കലാശം വേണോ എന്ന് ഉറക്കെ ചിന്തിയ്ക്കാം, കര്‍ണ്ണാടകസംഗീതത്തിന്റെ ഒഴുക്കില്‍ പലതും ചോന്നുപോയെന്ന് വിലപിയ്ക്കാം...

ഒരു കഥ തന്നെ പലയിടങ്ങളിലാടുമ്പോ പല രീതിവിധാനം വേണം. അല്ലെങ്കിലെങ്ങനെ പത്തോ ഇരുപതോ കഥക്ലളും കൊണ്ട് ആയിരം അരങ്ങത്ത് കളിയ്ക്കും. :)?

(പാന്റമൈം എന്നൊരുതരം ഓപറയുണ്ടിവിടെ.അത് കാണുമ്പോള്‍ ആശാന്‍ വലലനായി വന്ന് ചായയടിച്ചതോര്‍ക്കും. ഓപറാവിദഗ്ധര്‍ പല സമയത്തും പാന്റമൈം ഉയര്‍ന്ന രൂപമായി കണ്ടിരുന്നില്ല. )

കാപ്പിലാന്‍ said...

നന്ദി വികടശിരോമണി ,എതിരവന്‍ കതിരവന്‍

വികടശിരോമണി said...

കതിരവ്ജീ,സബാഷ്!
ലളിതവും സൂക്ഷ്മവുമായ അവലോകനം.
ambi,
താങ്കൾ പറഞ്ഞതിൽ വാസ്തവമുണ്ട്.കഥകളിക്ലബ്ബിലെ കളിരങ്ങിന് നഷ്ടമാകുന്നതെന്ത് എന്നു ഞാനും പലപ്പോഴും ആലോചിക്കാറുണ്ട്.പടയണിയും,കളമെഴുത്തും,കാക്കരശ്ശിനാടകവും മുതൽ കൂടിയാട്ടം വരെ നീളുന്ന കഥകളിയിലെ ഉള്ളടരുകളിൽ ചിലതിനു ലഭിക്കുന്ന അമിതപ്രാധാന്യവും ചിലവയോടുള്ള തിരസ്കരണവും സംഭവിക്കുന്നുണ്ട്.പൂരപ്പറമ്പുകളിലെ അവതരണത്തിന്റെ ബഹുസ്വരത നഷ്ടപ്പെടുകയും,ഏകതാനമായ ലാവണ്യവാദത്തിലേക്ക് പുതിയകഥകളി കുടുങ്ങിപ്പോവുകയും ചെയ്യുന്നു.വൈകുന്നേരം തുടങ്ങി,8മണിക്കവസാനിക്കുന്ന ഒറ്റക്കഥകളുടെ പുതിയ അരങ്ങുകൾക്ക് കഥകളിയുടെ സമഗ്രമായ അനുഭവത്തിനടുത്തെത്താനാകുന്നുണ്ടോ എന്നു സംശയം.പുതിയ മനുഷ്യന്റെ തിരക്കുകൾക്കും സൌകര്യത്തിനുമനുസരിച്ച് സംഘടിപ്പിക്കപ്പെടുന്ന ഒറ്റക്കളിയരങ്ങുകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെ,സംശയമില്ല.പക്ഷേ,അവിടെ നഷ്ടമാകുന്ന കഥകളിയുടെ സമഗ്രസത്വത്തെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.
യുക്തിയുടെ കാര്യത്തിൽ,ഭിന്നരുചികളുണ്ടാകാം,ഉണ്ട്,ഉണ്ടാവണം.തെക്കും വടക്കും ഉള്ള കഥകളിക്കാരിലും ആസ്വാദകരിലും തന്നെ ഔചിത്യത്തെക്കുറിച്ചൂള്ള വീക്ഷണങ്ങൾക്ക് സാരമായ വ്യതിയാനങ്ങളുണ്ട്.പിന്നെ,നാട്യധർമ്മി സൃഷ്ടിക്കപ്പെട്ടതും സംവാദത്തിലേർപ്പെട്ടതും കഥകളിക്ലബ്ബുകളിലല്ല,ഇല്ലങ്ങളിലുമല്ല-സാധാരണമനുഷ്യന്റെ മണ്ണിലും മനസ്സിലുമാണ്.കാക്കരശ്ശിനാടകത്തിലും പൊറാട്ടിലും ആരംഭിച്ച ശൈലീകരണത്തിന്റെ ആധുനികരൂപമാണ് കഥകളിയിലുള്ളത്.പൂരപ്പറമ്പുകളിലും കൊയ്ത്തുകഴിഞ്ഞ പാടത്തും നടന്ന കളിയരങ്ങിനുമുന്നിലും ഇവയൊക്കെ ആഴത്തിൽ ചിന്തിക്കുന്ന സഹൃദയരുണ്ടായിരുന്നു.ഭദ്രകാളിയുടെ ചോരകുടിയും,ആനക്കാരന്റെ കള്ളുകുടിയും,ആശാരിയുടെ മുറുക്കുമെല്ലാം അവയർഹിക്കുന്ന ഫലിതത്തോടെ നിറഞ്ഞാസ്വദിക്കുകയും,സലജ്ജോഹവും ബാലേ കേൾ നീയും വരുമ്പോൾ അവയർഹിക്കുന്ന ക്ലാസിക്കൽ ആസ്വാദനതലത്തിൽ നിന്ന് വിലയിരുത്തുകയും ചെയ്ത സഹൃദയർ.കഥകളി ഒരു സങ്കരകലയാണെന്നും ഇതെല്ലാം ചേരുമ്പോഴാണ് കഥകളി പൂർണ്ണമാകുന്നതെന്നും തിരിച്ചറിവുള്ളവർ.
അനിൽ,
വീണ്ടും താൽ‌പ്പര്യമുണ്ടാകാൻ ഞാൻ കാരണക്കാരനായി എന്നറിഞ്ഞതിൽ സന്തോഷം.
ഭ്രാന്തനാവണംന്നില്ല,പ്രേമിയാകൂ:)

കാപ്പിലാൻ,
:)
നന്ദി.

വികടശിരോമണി said...

ഇൻഡ്യാഹെറിറ്റേജ്,കാന്താരിക്കുട്ടീ,
നന്ദി.

SunilKumar Elamkulam Muthukurussi said...

വി.ശി,
“പാങ്കളിയും“ - പാനേങ്കളിയേയാണോ ഉദ്ദേശിച്ചത്? പാനേങ്കളി ഒരു കലാരൂപമാണോ? ഇന്നുകാണുന്നത് വലിയ ഒരു കലാരൂപമാണെന്നും അത് ക്കഥകളിയിലേക്ക് സംഭാവന ചെയ്തു എന്നും നിരീക്കുകവയ്യ.
ഈ അവസറത്തിൽ അനിലിന്നു വായിക്കാൻ 2 പുസ്തകങ്ങൾ ഞാൻ പറയട്ടെ?
ഒന്ന്. മാങ്കൊമ്പ് ഏട്ടാനിയന്മാർ കൂടിയെഴുതിയ”കഥകളി സ്വരൂപം”
രണ്ട്‌. എം.പി.എസ്സും കിള്ളിമംഗലം നമ്പൂരിപ്പാടും കൂടിയെഴുതിയ “കഥകളിയുടെ രംഗപാഠചരിത്രം”.
രണ്ടും മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചത്.

കഥകളിയെപ്പറ്റി അനവധി പുസ്തകങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരം യഥാതഥമായ ചരിത്രാവലോകനം അധികം കണ്ടിട്ടില്ല.

കഥകളി എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. എന്റെ സ്വന്തം ലോകത്തേക്ക് എന്നെ കൊണ്ടുപോയിട്ടേ ഉള്ളൂ. അതു പോലെ വി.ശി.യുടെ എഴുത്തും. നല്ല ഭാഷ. ഇങ്ങനെ എഴുതാൻ കഴിവില്ലാത്തതിനാൽ “യുക്തി” തൽക്കാലം നിറുത്തുക എന്നതു തന്നെ.
-സു-

SunilKumar Elamkulam Muthukurussi said...

എതിരന്റെ കമന്റിന് ഒരനുബന്ധം കൂടെ.
കഥകളി വളർന്നുവന്ന പതിനേഴ്,പതിനെട്ട് നൂറ്റാണ്ടുകളിൽ കൊടികുത്തി വാണിരുന്ന നമ്പൂതിരി,രാജ വാഴ്ച്ചകൾക്കിടയിലും അവരുടെ അധികം സഹായമില്ലാതെ (അല്ലെങ്കിൽ നമ്പൂതിരിമാർ മറ്റ് ജാതികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ) വളർന്ന ഒരു കലയാണ് കഥകളി. കൊട്ടാരക്കര തമ്പുരാൻ കണ്ടുപിടിച്ചു എന്നൊക്കെയുള്ള കഥകളിൽ അധികം വിശ്വസിക്കേണ്ട. അങ്ങനെയാണെങ്കിൽ കൂടെ വളർത്തിയതും ഇങ്ങനെ ഒരു രൂപം ആക്കിയതും എല്ലാം നായന്മാരടക്കമുള്ള മറ്റ് കീഴ്‌ജാതിക്കാരായിരുന്നു എന്നത് ശ്രദ്ധേയമാണ്. കപ്ലിങ്ങടായിരിക്കും അതിൽ ഒരു അപവാദം. അദ്ദേഹത്തിന്റെ സംഭാവനകൾ അതിശ്രദ്ധേയമാണ് എങ്കിലും.

വികടശിരോമണി said...

സുനിൽ,
പാങ്കളി പാനേങ്കളിയല്ല.പാലക്കാട്,മലപ്പുറം ജില്ലകളിൽ പാണന്മാർ അവതരിപ്പിക്കുന്ന ഫോക് നാടകം.പൊറാട്ടുനാടകത്തോട് അതീവസാദൃശ്യം.ലോകസാധാരണങ്ങളായ അഭിനയത്തിൽ നിന്ന്,ലോകധർമ്മിയുടെ വികാസം പാങ്കളിയിൽ വ്യക്തമായികാണാം.ശോകതീവ്രമായ ഒരു രംഗാവസ്ഥയെ ഒരു ഫലിതം കൊണ്ട് ചിതറിക്കുക,അരങ്ങിലെ ഉപകരണങ്ങളെ ഭാവനാത്മകമായി ഉപയോഗിക്കുക-അങ്ങനെ പലതും.
നമ്പൂതിരികൾക്കെന്നും രസം കഥകളി കളിക്കാനല്ല കളിപ്പിക്കാനായിരുന്നു:-)
കളിച്ചവരിൽ ഭൂരിപക്ഷവും നായന്മാരൊക്കെത്തന്നെ.
നന്ദി.

Sethunath UN said...
This comment has been removed by the author.
Sethunath UN said...

വികടശിരോമണി ജീ

ശ്ശേ ഇത്ര നന്നായി എഴുതിയതൊക്കെ വായിച്ചിട്ട് ഇങ്ങനെയൊരു പേര് വിളിയ്ക്കുമ്പോ‌ള്‍ ഒരു കുറ്റബോധം. :).


പണ്ടാരമടങ്ങിയ ജോലിത്തിരക്കു മൂലം അവസാന മൂന്നു പോസ്റ്റുക‌ള്‍ ഇപ്പോഴാണ് വായിയ്ക്കാനൊത്തത്.

കഥക‌ളിയിലെ യുക്തിബോധം എന്നത് നടനെ/നടിയെ സംബന്ധിച്ചിടത്തോളം കഥയോട് നീതി പുലര്‍ത്തുക. പദാഭിനയത്തിലും, തന്റേടാട്ടത്തിലും. “തന്റേതായ” എന്തുതന്നെ ആട്ടത്തിലേയ്ക്ക് കൊണ്ടുവരുമ്പോഴും അതിന് കഥയില്‍ ഉള്ള പ്രസക്തിയും, കൂട്ടുവേഷങ്ങളുടെ പദങ്ങ‌ളോടും നിലകളോടുമുള്ള യോജിപ്പും ഉറപ്പു വരുത്തുന്നിടത്ത് നടന്‍ കഥക‌ളിയ്ക്ക് വേണ്ട യുക്തിബോധം പകര്‍ന്നുകഴിഞ്ഞു. പ്രായേണ ഒരു പുതിയ കഥക‌ളിയാ‍സ്വാദകനെ സംബന്ധിച്ചിടത്തോളം സാമാന്യയുക്തിക്ക് നിരക്കത്തക്കവണ്ണം അരങ്ങത്ത് വരുത്തേണ്ടുന്ന മാറ്റങ്ങ‌ള്‍ എന്നത് എന്നും ഒരു പ്രഹേളികയായിരിയ്ക്കും. കഥകളി നാടകമല്ല. അതിലെ കഥാപാത്രങ്ങ‌ള്‍ .. മനുഷ്യര്‍ പോലും അമാനുഷികമായ വേഷവിധാനങ്ങളോടെ വരുമ്പോ‌ള്‍ “രംഗപടം” എന്നത് കഥക‌ളിയ്ക്ക് തികച്ചും ഒഴിവാക്കാവുന്ന ഒന്നാണ്. സിംഹാസനം(ഇരിപ്പിടം) മരം, രഥം ഇവയെല്ലാം കേവലം ഒരു സ്റ്റൂള്‍ (പണ്ടാണെങ്കില്‍ ഒരു ഉരല്‍ എന്ന് കേട്ടിട്ടുണ്ട്) കൊണ്ട് അവതരിപ്പിയ്ക്കുമ്പോ‌ള്‍, നടന്റെ കൈമുദ്രക‌ള്‍, മെയ്യ്, രസാഭിനയം എന്നിവകൊണ്ട് അത് ഒരു മരമായും രഥമായും ഒക്കെ പ്രേക്ഷകനെ അനുഭവിപ്പിയ്ക്കുന്ന ഒരു സങ്കേതമാണ് കഥക‌ളിയുടേത്. അഥവാ അതങ്ങനെ പ്രേക്ഷകന് തോന്നിയില്ലെങ്കില്‍ അത് നടന്റെ കുഴപ്പം തന്നെയാണ്. അവിടെ ഒരു ഒറിജിനല്‍ സിംഹാസനമുണ്ടായാലും, രഥമുണ്ടായാലുമൊന്നും ഒരു കാര്യവുമില്ല. കഥകളിയിലെ കഥാപാത്രങ്ങ‌ള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അനവധി കവാടങ്ങ‌ള്‍/വാതിലുക‌ള്‍ കടന്നു വരുന്നതായി അഭിനയിയ്ക്കാറുണ്ട്. ഇരു കയ്യിലും പതാക മുദ്ര പിടിച്ച് തലയ്ക്ക് അല്‍പ്പം മുകളില്‍ കൂട്ടി ഇരുവശത്തേയ്ക്കും ചതുരാകൃതിയില്‍ ചലിപ്പിച്ച് “കവാടം” എന്ന് നടിച്ച് അത് തുറക്കുന്നതായും അതിലൂടെ കടക്കുന്നതായും അഭിനയിയ്ക്കുമ്മ്പോള്‍, ആസ്വാദകന്‍, രംഗത്തില്ലാത്ത വാതില്‍, അതിന്റെ പൊക്കം, വീതി ഒക്കെ അനുഭവിയ്ക്കുന്നു. നടന്റെ ഔചിത്യത്തിനനുസരിച്ച് എത്ര വാതിലുകള്‍ വേണമെങ്കിലും അയാള്‍ക്ക് കടന്നു വരാം. നേരെ മറിച്ച് ഒരു വാതില്‍ അല്ലെങ്കില്‍ വാതിലുകള്‍ സെറ്റിട്ടായിരുന്നു ചെയ്തതെങ്കില്‍ ഈ സാധ്യതകള്‍ ഒന്നും തന്നെ അവിടെയില്ലാതാകുന്നു. കഥകളിയില്‍ രംഗത്ത് വരുത്തേണ്ടുന്ന പരിഷ്കാരങ്ങള്‍ പലതും ആലോചിച്ചാല്‍ അത് നടന്റെ നടനത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നായിത്തീരാനിടയുള്ളവയാണോ എന്ന് തോന്നിപ്പോകും. താരതമ്യേന ഭാരിച്ച ആഹാര്യമാണ് കഥകളിയുടേത്. ഹനുമാന്‍ ഉടുത്തുകെട്ടി വെള്ളത്താടിയുടെ മുടിയും വെച്ച് രംഗത്ത് സജ്ജീകരിച്ചിട്ടുള്ള (കൂറ്റന്‍) മരത്തില്‍ കയറിയിരിയ്ക്കുന്നതായി ഒന്നു സങ്കല്‍പ്പിച്ചു നോക്കി. എന്തൊരു ബോറായിരിയ്ക്കും

ബകവധത്തില്‍ ഭീമന്‍ ബകന്റെ അടുത്തേയ്ക്കുള്ള മാര്‍ഗ്ഗമദ്ധ്യേയുള്ള കാഴ്ചക‌ള്‍ വര്‍ണ്ണിയ്ക്കാനായി

കാഷ്ഠമാക്ഷിപ്യ ദൂരീകൃത വൃക കാകക്രോഷ്ടു സംഘ: ക്ഷണാദംസ-
സ്ഫിള്‍പൃഷ്ഠപിണ്ഠാദ്യവയവസുലഭൈര്‍മാംസ പിണ്ഡൈര്‍വിഹീനക്വചിത്
ആത്തസ്നായ്ന്ത്രനേത്ര പ്രകടിതദശന പ്രേതരങ്ക കരങ്കാ-
ദങ്കസ്ഥാദസ്ഥി സംസ്ഥംസ്ഥപുടഗതമപി ക്രവ്യമവ്യഗ്രമത്തി

എന്ന ഒരു ശ്ലോകം ആടാറുണ്ട്. ഇതിലെ കാക്ക, കുറുക്കന്‍, ബകന്‍ ബാക്കുയിട്ടിട്ടു പോയ മനുഷ്യാവയവങ്ങ‌ള്‍ തിന്നുന്ന ദരിദ്രപ്രേതം ഇതൊക്കെ ഭീമനായി വരുന്ന നടന്‍ ആടിക്കാണിയ്ക്കുമ്മ്പോള്‍ കിട്ടുന്ന അനുഭവം അതിനെ രംഗവല്‍ക്കരിച്ചാല്‍ കിട്ടുകയില്ല.


മൂന്നോ നാലോ പെട്ടികളില്‍ ഒരു “പെട്ടി ഓട്ടോ” യില്‍ മാത്രം കയറ്റിക്കൊണ്ടു വരുന്ന കോപ്പുകളാണ് കഥകളിയുടെ മേയ്ക്കപ്പ് കം സെറ്റിംഗ്. അതേ പറ്റൂ. കോപ്പിനും അണിയറയിലെ കലാകാരന്മാര്‍ക്കും (സോ കാള്‍ഡ് പെട്ടിക്കാരന്‍) തുച്ഛമാണ് വരുമാനം. അതിനുള്ള ബജറ്റും ഇല്ല. കഥകളിയുടെ രംഗസംവിധാനങ്ങ‌ള്‍ ലളിതമാക്കിയത് വേഷത്തിന്റെ ഒരുക്കത്തിനും ഒതുക്കത്തിനും ഉള്ള സങ്കീര്‍ണ്ണതക‌ള്‍ മൂലവും കൂടിയാവാമെന്നു തോന്നുന്നു. ഈ വേഷത്തിന്റെ ഭാരം ഒട്ടൊന്നു കുറയ്ക്കുന്നതില്‍ വരുത്തിയ പരിഷ്കാരമാണ് പ്ലാസ്റ്റ്ക് ചാക്കുകൊണ്ടുള്ള ഉടുത്തുകെട്ട്. വളരെ ഭാരക്കുറവും മെയിന്റെയ്ന്‍ ചെയ്യാനുള്ള എളുപ്പവും ഇതിന്റെ ഒരു മേന്മ തന്നെയാണ്. വലിപ്പം വല്ലാതെ കൂടിപ്പോകുന്നത് അണിയറ കലാകാരന്മാരുടേയും ഉടുത്തുകെട്ടുന്ന നടന്റെയും അശ്രദ്ധ കൊണ്ടാണ്. മുന്‍പ് കഞ്ഞി/മൈദ പശ കൊണ്ട് മുക്കിയുണക്കിയ കോട്ടണ്‍ തുണികളായിരുന്നല്ലോ. രണ്ടോ മൂന്നോ കളി കഴിയുമ്പോഴേയ്ക്കും പശയൊക്കെ പോകും. പിന്നെയും അതു കൊണ്ട് ഉടുത്തുകെട്ടിയാല്‍ “ശൂ” എന്ന് താഴേയ്ക്കിരിയ്ക്കും ഉടുത്തുകെട്ട്. പിന്നെ കഴുകി മുക്കിയുണക്കൊക്കെ ഒരസൌകര്യമായല്ലോ ഇപ്പോള്‍. പ്ലാസ്റ്റിക് ചാക്ക് ഉടുത്തുകെട്ടിന് ചൂടല്‍പ്പം കൂടുമെങ്കിലും, “ചൊറിച്ചില്‍” ഒട്ടുമില്ല. :)


എഴുത്തും എഴുത്തിന്റെ വഴക്കവും മനോഹരം. ഞാന്‍ ഫാനാണ്. :) പിന്നെ എതിരനെപ്പോലെ ഇതിനെപ്പറ്റി വല്ലോമൊക്കെ എഴുതാന്‍ പറ്റുന്നവര്‍ ഒന്ന് വന്ന് നല്ല കിടിലന്‍ അഭിപ്രായം പറയണേല് ഇതുപോലൊക്കെ പോസ്റ്റ് വേണേയ്.

വിഷയേതരം :
ഹംസത്തെ പിടിച്ചുകൊണ്ടിരിയ്ക്കാത്ത ഗോപിയാശാന്റെ നളന്‍, അരങ്ങത്ത് ഇരു വശത്തും പിറകിലുമായി വെച്ചിരിയ്ക്കുന്ന പെഡസ്റ്റല്‍ ഫാനുകളില്‍ ഒന്ന് നിന്നു പോയാല്‍ തിരിഞ്ഞു നോക്കുന്നു.
എന്റെ മകള്‍ ചോദിയ്ക്കുന്നു. “ അച്ഛാ അന്നൊക്കെ ഫാനൊണ്ടാരുന്നോ?”

Sethunath UN said...

ഒന്നുകൂടി :

അനിലിന്റെ ചോദ്യം
“സായിപ്പ് ഇതിനെ പൊക്കിവാചിരിക്കുന്നത് കൊണ്ടു മാത്രമാണോ മറ്റു പരമ്പരാഗത കലാരൂപങ്ങളേക്കാള്‍ ഇതു പ്രധാനമായി നില്‍ക്കുന്നത്?“

എതിരന്റെ 11 പോയന്റുകളോട് ചേര്‍ത്ത് ഒരു കമന്റ്.

കഥകളിയെപ്പറ്റി അറിയാത്തവര്‍ നടന്മാരോട് ചോദിയ്ക്കാറുണ്ട്. പുതിയ കളിയ്ക്കൊക്കെ പോകുമ്പോള്‍ റിഹേഴ്സല്‍ വേണ്ടേ? ചെണ്ട, മദ്ദളം, പാട്ട് കലാകാരന്മാര്‍ ആരൊക്കെ? അവരുമായി സിന്‍‌ക്രണൈസ് ചെയ്യാന്‍ എങ്ങിനെ സാധിയ്ക്കുന്നു എന്നൊക്കെ. ഈ ചോദ്യങ്ങളൊക്കെ സ്വയം ചേദിയ്ക്കുകയാണ് സായിപ്പ് കഥകളി കാണുമ്പോള്‍, അടുത്തറിയുമ്പോള്‍. ചെണ്ടക്കാരന് വേഷക്കാരനേതായാലും പ്രശ്നമില്ല.. കൊട്ടാം. വേഷക്കാരന് ചെണ്ടക്കാരനാരായാലും ഒരു കുഴപ്പവുമില്ല (നിലവാരത്തിനൊത്തതാവണം എങ്ങിനെയായാലും. പിന്നെ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ ഇല്ലാതെയല്ല). സുദീര്‍ഘവും അര്‍പ്പണബോധത്തോടെയുള്ള ഒരു പഠനകാലത്ത് ഈ കലാകാരന്മാര്‍ സ്വന്തമാക്കുന്ന “Ready at Any Time for Any Story with Any Artist" അറിവ്.. ഒരു അത്ഭുതമാണ്. പൊന്നാനി (പ്രധാന ഗായകന്‍‍) യുടെ അല്ലെങ്കില്‍ പ്രധാനവേഷക്കാരന്റെ അപ്രഖ്യാപിത ഇടപെടലിലൂടെ നിയന്ത്രിക്കപ്പെടുന്ന അരങ്ങും കളിയുടെ വേഗതയും, കണ്ടുപരിചയമില്ലെങ്കില്‍ പോലും ആടിയും പാടിയും കൊട്ടിയും ലയിപ്പിക്കാനുമുള്ള കഴിവ് കഥകളിയ്ക്കല്ലാതെ മറ്റൊരു ഡാന്‍സ്ഡ്രാമയ്ക്കും ഇല്ല. അപ്പോഴാണ് ആചാര്യന്മാരുടെയും പരിഷ്ക്കര്‍ത്താക്കളുടെയും കരലാളനവും താഢനവുമേറ്റു വന്ന ഈ കലയുടെ ശക്തി വെളിപ്പെടുക. എത്ര സങ്കീര്‍ണ്ണം പക്ഷേ ലളിതം.

തൃശ്ശൂര്‍പ്പൂരത്തിന്റെ മേളം കണ്ട സായിപ്പ് അതിന് ഒരു റിഹേഴ്സല്‍ ഇല്ലെന്നും ഇത്ര Sync ആയ ഒരു സിംഫണിയ്ക്ക് ഒരു ഡെഡിക്കേറ്റഡ് കണ്ടക്റ്റര്‍ ഇല്ലെന്നും അറിയുമ്പോള്‍ കണ്ണുതള്ളിപ്പോവും. പ്രമാണക്കാരന്റെ വീക്കിന്റെ മൂച്ചും കണ്ണിന്റെയും തലയുടേയും ചലനവും മതി അത് Sync ആയി നില്‍ക്കാന്‍.


മലയാളിയെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങ‌ള്‍ അങ്ങിനെയാണ്. മുറ്റത്തു നില്‍ക്കുന്നത് നീലക്കൊടുവേലിയായാലും അതറിയില്ല. ആരെങ്കിലും വന്ന് അതില്‍നിന്നും ഒരു പൂവോ ഇലയോ പൊട്ടിച്ച് അതിന്റെ മഹത്വത്തെപ്പറ്റി പറയുന്നതു വരെ.

അനില്‍@ബ്ലോഗ് // anil said...

നിഷ്കളങ്കന്‍,
അധിക വിശദീകരണങ്ങള്‍ക്കു നന്ദി. ഒരു വെറും സാധാരണക്കാരനെന്ന നിലയിലുള്ള ഒരു സംശയമാണത്.കഥകളി സാമാന്യജനങ്ങളില്‍ നിന്നും ഒരു അകലം സൂക്ഷിക്കുന്നോ എന്ന് സംശയം ഉണ്ടായെന്നു മാത്രം. ഇവിടെത്തന്നെ നോക്കൂ, ഈ വിഷയത്തെ സ്പര്‍ശിക്കാന്‍ കഴിയുന്നവര്‍ വിരലില്‍ എണ്ണാമല്ലോ.

Sethunath UN said...

അനിലേ
സാധാരണക്കാരന് മനസ്സിലാക്കാന്‍ പറ്റാത്ത ഒന്നും കഥകളിയിലില്ല. കളിയ്ക്കുന്നവരും കളികാണുന്നവരുമൊക്കെ സാ‍ധാരണക്കാര്‍ തന്നെയല്ലേ? കാണാനുള്ള സമയം കണ്ടെത്തുക, കഥ മനസ്സിലാക്കിയിട്ട് കളി കാണാന്‍ പോവുക, കുറച്ചെങ്കിലും അറിയാവൂന്നവരുടെ കൂടെയിരുന്ന് അവരോട് ചോദിച്ച് മനസ്സിലാക്കുക.. ഇത്രയുമെങ്കിലും വേണം കഥകളി കാണുവാന്‍.
ഇവിടെ വന്ന് ഇങ്ങനെയെഴുതാന്‍ അനിലിന് തോന്നുന്നത് കഥകളിയോട് താല്‍പ്പര്യം തോന്നിയിട്ടു തന്നെയാണ്. അതിന് നന്ദി. ഇനിയിപ്പോ കളി കാണാന്‍ ഒരുകൂട്ടുകാരനേയും കൂടി കൂട്ട്വാ :). തിരുവനന്തപുരത്താണെങ്കില്‍ എന്റെ കൂടെയാവാം. എന്തേ? :)

അനില്‍@ബ്ലോഗ് // anil said...

:)

വികടശിരോമണി said...

നിഷ്കളങ്കജീ,
ഞാൻ മുമ്പേ പ്രതീക്ഷിച്ചിരുന്നു.വൈകിയാണെങ്കിലും വന്നൂലോ.സന്തോഷായി.
വിലയിരുത്തലുകൾക്ക് നന്ദി.
പ്ലാസ്റ്റിക് ചാക്കിനെ ഒഴിവാക്കണം എന്നല്ല പറഞ്ഞത്.ഉടുത്തുകെട്ടിനെപ്പറ്റി ധാരണയില്ലാത്തവർ അതുപയോഗിക്കുമ്പോഴുണ്ടാകുന്ന അസഹനീയത കണ്ടു മടുത്ത് പറഞ്ഞതാണ്.
പരസ്പരധാരണകൾ ഇല്ലാതെത്തന്നെ രംഗം സമഗ്രമാക്കുന്ന ആ സിദ്ധിയാണ് ശൈലീകരണത്തിലൂടെ കഥകളി ആർജ്ജിച്ചത്.
നന്ദി.