കാലം:1948 സെപ്റ്റമ്പർ 17
കഥകളിയുടെ നാട്യചക്രവർത്തിയായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോൻ മരണാസന്നനായി കിടക്കുന്നു.കാൽപ്പാദത്തിലെ നീര് ശരീരം മുഴുവൻ വ്യാപിച്ചു.കിതപ്പും ക്ഷീണവും വർദ്ധിച്ചു.വൈദ്യർ പരിശോധിക്കാനായി വീട്ടിൽ വന്നപ്പോൾ വികാരാധീനനായി മേനോൻ പറഞ്ഞു:
“എന്റെ കിരീടവും മെയ്ക്കോപ്പുകളും നന്നായി പണിയിപ്പിച്ചിരിക്കുന്നു.അവ ഉപയോഗിച്ച് എനിക്കു നാലുവേഷം കൂടികെട്ടണം.ഓണത്തിന് ഒളപ്പമണ്ണ മനക്കൽ പോയി ഒന്നൂണു കഴിക്കണം.വൈദ്യർ ഇതെനിക്കു സാധിപ്പിച്ചു തരണം”
മുഴുവൻ പറഞ്ഞുതീരുംമുമ്പേ അദ്ദേഹം കൊച്ചുകുട്ടികളെപ്പോലെ ഏങ്ങലടിച്ചുകരയാൻ തുടങ്ങി.കിടക്കുമ്പോൾ കൂടി കാണാൻ തക്ക വിധമായിരുന്നു കിരീടം തൂക്കിയിട്ടിരുന്നത്!
(അവലംബം:നാട്യാചാര്യന്റെ ജീവിതമുദ്രകൾ,ജീവചരിത്രം)
പക്ഷേ,വൈദ്യർക്കോ അദ്ദേഹത്തിന്റെ ഔഷധികൾക്കോ മേനോന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാനായില്ല.പിറ്റേന്ന് ഉച്ചക്ക് 1:20ന് മരണത്തിന്റെ പ്രത്യായനമില്ലാത്ത കോപ്പറയിലേക്ക് പട്ടിക്കാംതൊടി യാത്രയായി.
കല ,മൃത്യുഞ്ജയമാകുന്നു.പട്ടിക്കാംതൊടിയുടെ ആ കരച്ചിൽ മൃത്യുദേവതകൾ കേട്ടില്ലായിരിക്കാം.മൃതിയെ ജയിക്കുന്ന കല അതുകേട്ടു.
പട്ടിക്കാംതൊടിയുടെ പ്രിയശിഷ്യൻ,കീഴ്പ്പടം കുമാരൻ നായർ,കിടപ്പിലാവുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്,തൊണ്ണൂറ്റിരണ്ടാംവയസ്സിൽ ഒരു കളിയരങ്ങിനു മുന്നിൽ പുലരും വരെയിരുന്നു കളികാണുന്ന അത്ഭുതം ഞാൻ നേരിട്ടുകണ്ടു.പുലരാനായ നേരത്ത്,അവസാനകഥയായ ദക്ഷയാഗവും കാണാനൊരുങ്ങിയിരിക്കുന്ന കീഴ്പ്പടത്തെ ശിഷ്യർ നിർബ്ബന്ധിച്ച് എണീപ്പിക്കുകയായിരുന്നു.പിറ്റെന്ന്,അദ്ദേഹത്തിനെ വീട്ടിലെത്തിക്കണ്ട എന്നോട് സംസാരമധ്യേ അദ്ദേഹം പറഞ്ഞു:
“കുട്ടീ,ഒരു കുചേലൻ കെട്ടണംന്ന്ണ്ട്.ചില പുത്യേ കാര്യങ്ങളൊക്കെ തോന്ന്ണ്ണ്ട്.”
ഇല്ല,അതിനും മൃത്യു കാത്തുനിന്നില്ല.കൊണ്ടുപോയി.എന്തായിരുന്നുവോ ആ നിത്യനവോന്മേഷിയുടെ പുതിയകാര്യങ്ങൾ!
ഭാവമെന്നാൽ മുഖത്തുവിരിയുന്നവികാരം മാത്രമല്ല,കഥകളിക്ക്.അതു ശരീരമാകെനിറയുന്ന ഉത്സവമാണ്.എല്ലാ നൃത്തവും,എല്ലാ മുദ്രയും അതിനുള്ള ഉപാധിയാണ്.മരണത്തിന്റെ ഉമ്മറക്കോലായിൽനിന്നും ഈ നാട്യപ്രഭുക്കൾ സ്വപ്നം കണ്ട ഭാവത്തിന്റെ ശരീരവൽക്കരണം, അവസാനകാലത്തും ജീവന്റെ ഓരോ അംശത്തിലും തുടിക്കുന്ന കഥകളിയുമായി മരണത്തെ നേരിട്ട അവരുടെ ജീവോന്മാദം, എന്നെ എന്നും അസ്വസ്ഥനാക്കി.
രംഗജീവിതമവസാനിച്ചുവെന്ന വരമ്പിൽനിന്ന്,ഉജ്വലമായി തിരിച്ചുവന്ന കലാമണ്ഡലം രാമൻകുട്ടിനായരും കലാമണ്ഡലം ഗോപിയും ഇന്നും കളിരങ്ങിനെ അനുഗ്രഹിക്കുന്നു.രോഗങ്ങളോട് തന്റെ പ്രിയവേഷമായ ഉൽഭവം രാവണനെപ്പോലെ കൊടുംതപസ്സുചെയ്തുജയിച്ച്,കലാമണ്ഡലം വാസുപ്പിഷാരടിയും തിരിച്ചുവരവിന്റെ പാതയിലാണ്.
അപ്പോഴിതാ,വാർത്ത:
കോട്ടക്കൽ ശിവരാമൻ സ്വേച്ഛയാ രംഗജീവിതമവസാനിപ്പിക്കുന്നു!
“ശിവരാമന്റെ വേഷം മോശാവ്ണൂന്ന് എനിക്കെന്നെ ബോധ്യായിത്തുടങ്ങി.അപ്പൊ,നി നിർത്ത്വാ നല്ലത്”
ശിവരാമന്റെ വാക്കുകൾ ടി.വി.യിൽ…
ഒരു സുഹൃത്ത് ഉടനെ ഫോണിൽ വിളിക്കുന്നു:
“ശിവരാമാശാന്റെ കാര്യം അറിഞ്ഞില്ലേ”
“അറിഞ്ഞു”
“സ്വരം നന്നാവുമ്പൊത്തന്നെ പാട്ടുനിർത്ത്ണു.നല്ലകാര്യം-ല്ലെ?”
ഒന്നും പറയാൻ തോന്നിയില്ല.എന്റെ രാവുകളെ പിടിച്ചുലച്ച അസ്വസ്ഥതകളോട്,ഭാവപ്രപഞ്ചങ്ങളോട്, അതുനല്ലകാര്യമാണെന്ന് പറഞ്ഞാലും മനസ്സിലാവില്ല.കാരണം ശിവരാമൻ സംസാരിച്ചിരുന്നത് എന്റെ ബുദ്ധിയോടല്ലല്ലോ,ഹൃദയത്തോടാണല്ലോ.
ബുദ്ധികൊണ്ട്,കഥകളിയുടെ സങ്കേതത്തെപ്പറ്റിയുള്ള എന്റെ ധാരണകൾ കൊണ്ട് ശിവരാമന്റെ സ്ത്രീവേഷങ്ങളെ ഞാനളന്നപ്പോഴെല്ലാം ശിവരാമൻ പരാജയപ്പെട്ടിട്ടേയുള്ളൂ. മര്യാദക്കൊരു കലാശം പോലും അപൂർവ്വം.ഇടക്കിടക്ക് പിഴക്കുന്ന താളം.ഒട്ടും കഥകളീയമല്ലാത്ത നിലകൾ,പോസ്റ്ററുകൾ.
പക്ഷേ….
ശിവരാമന്റെ സർഗ്ഗതൂലിക അതല്ലായിരുന്നു.ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ മനുഷ്യജീവിതമായിരുന്നു ശിവരാമന്റെ കളരി.സ്ത്രീവേഷത്തിന്റെ സ്ഥാനത്ത് ഉരൽ വെച്ചു കളിച്ചിരുന്ന കാലത്തുനിന്ന് കളിയരങ്ങിന്റെ സ്ത്രീത്വം ശിവരാമനിലൂടെ വളർന്നതും അതുകൊണ്ടുതന്നെ.
എന്റെ ഹൃദയം ഓർക്കുന്ന ചില രംഗങ്ങൾ:
ദൂരെ നിന്ന് ,ബാഹുകവേഷധാരിയായ നളനോടിക്കുന്ന തേരിൽ,ഋതുപർണ്ണൻ കുണ്ഡിനത്തിലേക്ക് വരുന്നതിന്റെ കുതിരക്കുളമ്പടിയൊച്ച കേൾക്കുന്ന ശിവരാമന്റെ നളചരിതം നാലാം ദിവസത്തിലെ ദമയന്തി…ചിന്താധീനമായ നിലയിൽ നിന്നെഴുന്നേറ്റ്,പ്രണയപ്രതീക്ഷ പൂത്തുനിൽക്കുന്ന മുഖവുമായി ദൂരേക്ക് നോക്കി,പെട്ടെന്ന് തേരിന്റെ ശബ്ദം കേൾക്കുന്നതോടെ വർഷങ്ങൾനീണ്ട വിരഹതപസ്സിനവസാനമായെന്ന തിരിച്ചറിവിന്റെ ആഹ്ലാദാതിരേകത്തിൽ ശരീരമാകെ തുളുമ്പുന്ന ആനന്ദമാകുന്ന ശിവരാമൻ…
തന്റെ ഭർത്താവായ ശാർദ്ദൂലനെ അർജ്ജുനൻ കൊന്നതിനു പ്രതികാരമായി,പാഞ്ചാലിയെ കൊന്നുതിന്നാൻ സുന്ദരീരൂപം ധരിച്ചുവരുന്ന ഒരു രാക്ഷസിയുണ്ട്,കിർമ്മീരവധത്തിൽ.സൂത്രത്തിൻ വനാന്തരത്തിലേക്ക് പാഞ്ചാലിയെ കൂട്ടിക്കൊണ്ടുപോകുന്ന ആ രാക്ഷസിയുടെ സുന്ദരീരൂപം-ലളിത- കാടിന്റെ ഭംഗി പാഞ്ചാലിക്കു വിവരിച്ചുകൊടുക്കുന്ന പദമാണ് “കണ്ടാലതിമോദം”.ശിവരാമന്റെ ലളിത ആ പദത്തിനിടക്കുള്ള കലാശത്തിൽ പാഞ്ചാലികാണാതെ ചിരിക്കുന്ന പഴുത്ത ഒരു ചിരിയുണ്ട്!പൈശാചികമായ ആ ചിരി ഏതുലോകത്തുനിന്നു വരുന്നുവോ എന്തോ?
മുമ്പു പറഞ്ഞ കീഴ്പ്പടത്തിന്റെ കീചകൻ,ശിവരാമന്റെ പാഞ്ചാലിയെ പൂവിറുക്കുന്നതായി കാണുമ്പോൾ,പുഷ്പനിബിഡമായ ഒരുചില്ല പാഞ്ചാലിയുടെ ശിരസ്സിനുമുകളിൽ പിടിച്ച് ഒരു കുലുക്കുണ്ട്.ശിവരാമന്റെ സൈരന്ധ്രി ആ നിമിഷത്തിലണിയുന്ന ഒരു ഭാവം!എത്ര വ്യാഖ്യാനിച്ചാലും അതുപിന്നെയും ബാക്കിയാകും.
ഗോകുലത്തിലെത്തി ഉണ്ണിക്കണ്ണനെ കൊല്ലാൻ ഒരുങ്ങുന്ന ശിവരാമന്റെ പൂതന,ഏതു സ്ത്രീയിലുമുറങ്ങുന്ന മാതൃഭാവത്തിന്റെ തീഷ്ണതയാലനുഭവിക്കുന്ന കഠിനവ്യഥ…അതു കാണുകതന്നെ വേണം.ഒരു വശത്ത് കംസനോടുള്ള കർമ്മബന്ധം,മറുവശത്ത് കണ്ണനുണ്ണിയുടെ പുഞ്ചിരിതൂകുന്ന മുഖം….
ഇല്ല ആ ഭാവസുഷമകൾ എണ്ണിയാലവസാനിക്കില്ല…
ഒരു ചിട്ടയും ശിവരാമനെ വഴിനടത്തിയില്ല.ശിവരാമൻ ഒറ്റക്കു വഴിവെട്ടിത്തെളിച്ചു.ഗുരു കുഞ്ചുക്കുറുപ്പിനു മുതൽ, കലാമണ്ഡലം ബാലസുബ്രഹ്മണ്യനുവരെ അഞ്ചുതലമുറക്കൊപ്പം നായികയായി.പ്രായമായപ്പോൾ,പഴയ വേഷഭംഗി കുറഞ്ഞിരിക്കാം,ആദ്യാവസാനസ്ത്രീവേഷങ്ങൾ മുഴുവൻ നിന്നു ചെയ്യാൻ ശരീരമനുവദിക്കുന്നുണ്ടാവില്ല,പണ്ടും ശിവരാമന്റെ വേഷം എന്നും നന്നായിട്ടില്ലല്ലോ!
മനസ്സിൽ വിശ്വാസമില്ലാതെ തുടരുന്നതിലർത്ഥമെന്ത് എന്നും എന്റെ സുഹൃത്ത് ചോദിച്ചു.ശരിയായിരിക്കാം,പക്ഷേ ശിവരാമനെ ഇന്നും കളിയരങ്ങാവശ്യപ്പെടുന്നു.പകരം പറയാൻ ഇന്നും ആരുമില്ല.അത്രകണ്ട് വേഷംകെട്ടാൻ ശിവരാമനു വയ്യാതായിട്ടുമില്ല.
കളിയരങ്ങ് വിളിക്കുമ്പോൾ മനയോലതേക്കാതിരിക്കാൻ ശിവരാമന് കഴിയുമോ?
മൃത്യു കൈയ്യാട്ടി വിളിക്കുമ്പോഴും എനിക്കുകെട്ടാൻ വേഷങ്ങൾ ബാക്കിയുണ്ടെന്നു പറഞ്ഞ പട്ടിക്കാംതൊടിയുടെ പ്രശിഷ്യനും ആജീവനാന്തം ഊണിലുമുറക്കത്തിലും കഥകളിയെ ശ്വസിച്ച വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനുമായ കോട്ടക്കൽ ശിവരാമാ,
അങ്ങയോടുള്ള സർവ്വ ആദരവോടുംകൂടെ പറയട്ടെ;
അങ്ങയുടെ ഈ തീരുമാനം ബുദ്ധിപൂർവ്വമായിരിക്കാം,പക്ഷേ ഹൃദയപൂർവ്വമല്ല.