Saturday, April 25, 2009

ഒരു മഹാവൃക്ഷവും മൂന്നു ശിഖരങ്ങളും-ഭാഗം:2

ൽ‌പ്പം ദീർഘമായ ഇടവേളക്ക് നിർബ്ബന്ധിതമായ സാഹചര്യത്തെ മുൻ‌നിർത്തി,പ്രിയ വായനക്കാർ എനിക്കു മാപ്പുതരുമെന്ന പ്രതീക്ഷയോടെ,ഈ രണ്ടാം ഭാഗം നിങ്ങൾക്കു മുന്നിലർപ്പിക്കുന്നു:
പട്ടിക്കാംതൊടിക്കളരിയുടെ മൂന്നു സദ്ഫലങ്ങളെ മുൻ‌നിർത്തിയുള്ള വിശകലനത്തിലെ,ആദ്യ ശിഖരമായ വാഴേങ്കട കുഞ്ചുനായരെപ്പറ്റിയാണ് നാം പറഞ്ഞുനിർത്തിയത്.അദ്ദേഹത്തിന്റെ കളരിയിലും അരങ്ങിലുമുള്ള സംഭാവനകളെപ്പറ്റി “ഔചിത്യം”എന്ന വാക്കിലൊതുക്കിപ്പറയുന്നത് ഒരേ സമയം അനൌചിത്യവുമാണെന്ന തിരിച്ചറിവോടെ,ഈ ഭാഗത്തിൽ,ഔചിത്യവീക്ഷണത്തിലൂന്നിയ പരിഷ്കരണങ്ങളെപ്പറ്റി കൂടുതൽ അലോചനകൾ പങ്കുവെക്കട്ടെ.ഭാരതീയാചാര്യന്മാരുടെ ദർശനത്തെ സമഗ്രമായി “രസാനുഭൂതി”എന്നു പറയാം.രസനിഷ്പത്തിക്ക് അനിവാര്യമായ ഒന്നാണ് ‘ഔചിത്യ’മെന്ന ധാരണ,ഭാരതീയാലങ്കാരികരിൽ തുടക്കം മുതലേയുണ്ട്.
ഔചിത്യസമ്പ്രദായം
-------------------------
ഭരതന്റെ നാട്യശാസ്ത്രത്തിൽ തന്നെ,വാസ്തവത്തിൽ ഔചിത്യത്തിന്റെ അങ്കുരമുണ്ട്.അഭിനവഗുപ്തനിലും ആനന്ദവർദ്ധനിലെത്തുമ്പോൾ,ഔചിത്യത്തിന്റെ പ്രകാശം കൂടുതൽ തെളിയുന്നതു കാണാം.‌“അനൌചിത്യാദൃതേ നാന്യത് രസഭംഗസ്യ കാരണം”(അനൌചിത്യമല്ലാതെ മറ്റൊന്നുമല്ല,രസഭംഗത്തിനു കാരണമായിട്ടുള്ളത്.)എന്നു പ്രസ്താവിക്കുന്ന ആനന്ദവർദ്ധനനിൽ നിന്ന് ക്ഷേമേന്ദ്രനിലേക്കധികം ദൂരമില്ല.രസം കാവ്യാത്മാവാണെന്നു സമ്മതിക്കുമ്പോഴും,ഔചിത്യം രസത്തിന്റെ ജീവനാണെന്നു ഘോഷിച്ച ക്ഷേമേന്ദ്രന്റെ ആശയത്തെ പൊതുവേ ആരും തിരസ്കരിച്ചിട്ടില്ല.ഔചിത്യം കാവ്യശാസ്ത്രത്തിൽ ഒരു സമ്പ്രദായമായി വലിയതോതിൽ പ്രതിഷ്ഠാപിതമായില്ലെങ്കിലും,രസ-ധ്വനികളുടെ അനുയായികൾ എന്നും ഔചിത്യവിചാരത്തിന് അർഹമായ മാന്യതയും സ്ഥാനവും നൽകിപ്പോന്നു.അലങ്കാരങ്ങളും ഗുണങ്ങളും ഔചിത്യമില്ലെങ്കിൽ ഹാസാസ്പദം(പരിഹാസ്യം)ആവും എന്ന ക്ഷേമേന്ദ്രമതത്തിന്റെ സവിശേഷമായ പ്രത്യക്ഷീകരണമാണ് കുഞ്ചുനായർ കഥകളിയിൽ സാധ്യമാക്കിയത്.
സൌകര്യാർത്ഥം,നമുക്ക് കളിയരങ്ങിലെ ഔചിത്യത്തെ രണ്ടാക്കിത്തിരിക്കാം,ഇവ പരസ്പരസംബന്ധിയാണെന്ന ബോധ്യത്തോടെ.
1)പ്രമേയപരമായ ഔചിത്യം
------------------------------------

കഥകളിയുടെ പ്രമേയത്തിന്റെ പരമപ്രധാനമായ ഗുണം,തീർച്ചയായും അതിന്റെ പ്രതിപാദ്യസാധ്യത-രംഗസാധ്യത തന്നെയാണ്.കവികൾ തോന്നുമ്പോലെ രചിച്ച കാവ്യങ്ങളേക്കാൾ,പ്രതിപാദ്യത്തെക്കുറിച്ചുള്ള-അരങ്ങിനെക്കുറിച്ചുള്ള ബോധ്യത്തോടെ ചെയ്യുന്ന പ്രമേയരചനയാണ് കഥകളിയാവശ്യപ്പെടുന്നത്.ഈ വീക്ഷണത്തിൽ നോക്കിയാൽ,ഇന്നു വരെ ഉണ്ടായതിൽ വെച്ച് ഏറ്റവും സമർത്ഥമായ ആട്ടക്കഥകളെപ്പറ്റി സംശയിക്കേണ്ടതില്ല,കോട്ടയം കഥകൾ തന്നെ.പദാനുപദം മുദ്രാനുസൃതവും താളാനുസൃതവുമായി അടുക്കി നിർമ്മിക്കപ്പെട്ടിരിക്കുന്ന കോട്ടയം കഥകളോട് ഒരു മത്സരത്തിനുപോലും മറ്റുകഥകൾക്കാവില്ല.കാവ്യഭംഗിയിൽ തമ്പുരാന്റെ അടുത്തെങ്ങുമെത്തില്ലെങ്കിലും,അരങ്ങിനനുയോജ്യമായ ഭാഷയിൽ നിർമ്മിക്കപ്പെട്ടവയാണ് മന്ത്രേടത്തു നമ്പൂതിരിപ്പാടിന്റെ സുഭദ്രാഹരണം,കാർത്തികത്തിരുനാളിന്റെ നരകാസുരവധം,ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം,കീചകവധം,ദക്ഷയാഗം തുടങ്ങിയവ.മറ്റൊരു തലത്തിൽ,പ്രമേയത്തിന്റെ ദുർബലസാഹചര്യത്തെ വിഗണിച്ചുകൊണ്ടും കഥകളി രാവണോത്ഭവം പോലുള്ള അനുപമരംഗശിൽ‌പ്പങ്ങൾ തീർത്തു.ഇവയുടെ പ്രമേയത്തിനനുസരിച്ചുള്ള രംഗഭാഷ്യം ഏറെക്കുറെ പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനത്തോടെ സുഘടിതമായി എന്നു പറയാം.അനാവശ്യമായ ദുർമേദസ്സുകളെല്ലാം എടുത്തുകളഞ്ഞ്,ചെത്തിമിനുക്കപ്പെട്ട ആ രംഗദീപ്തികളിലാണ് രാവുണ്ണിമേനോൻ അരങ്ങിൽ വിസ്മയങ്ങൾ തീർത്തിരിക്കുക.
എന്നാൽ,ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ,മലയാളിയുടെ ഭാവുകത്വമണ്ഡലം പൊളിച്ചെഴുതപ്പെട്ടു.
“നാൾതോറുമിങ്ങനെ പറഞ്ഞതുതന്നെ വീണ്ടു-
മോതുന്നൊരിപ്പണിയിക്കഴിയില്ലെനിക്ക്”
എന്നു കുണ്ടൂരിനോടൊപ്പം,മലയാളക്കരയുടെ രാഷ്ട്രീയവും,സാമൂഹികവും,സാസ്കാരികവുമായ സ്ഥലരാശികൾ ചേർന്നുപാടി.കഥകളിയുടെയടക്കമുള്ള ഏതു കലയുടെയും ഉടമസ്ഥാവകാശം ജന്മികളിൽ നിന്നും ജനങ്ങളിലേക്ക്,പകർന്നാടുകയായി.സാമൂഹ്യാധികാരത്തിന്റെ സ്വാതന്ത്ര്യം നൽകിയ ശുദ്ധവായു,അൽ‌പ്പമൊന്നുമല്ല കലാകാരനെ ഉന്മത്തനാക്കിയത്.‌“ഗതാനുഗതികത്വമല്ല, നവനവോല്ലേഖനമാണ് സർഗസൃഷ്ടിയുടെ മേന്മ”യെ നിർണ്ണയിക്കുന്ന ഘടകമെന്ന പുതിയ ദർശനം,കളിയരങ്ങിനേയും സ്വാധീനിക്കാതെ വയ്യെന്നു വന്നു.എല്ലാ മേഖലയിലും ആ നവീകരണം വന്നിരിക്കണം.ചെണ്ടയിൽ അനുപമായ നാടകീയബോധം കൈമുതലായ കൃഷ്ണൻ‌കുട്ടിപ്പൊതുവാൾ,അതിനനുസൃതമായ അപ്പുക്കുട്ടിപ്പൊതുവാളിന്റെ മദ്ദളം,പുതിയ ഭാവരാശികളെ ക‌ണ്‌‌ഠത്തിലൊളിപ്പിച്ച നീലകണ്‌‌ഠൻ നമ്പീശന്റെ പാട്ട്,നാടകീയതയുടെ ഹിമാലയങ്ങളെ വെല്ലുവിളിക്കുന്ന ഭാവാഭിനയരാജാവായ കൃഷ്ണൻ‌നായരുടെ വേഷം-ഇത്തരമൊരു സമവാക്യം രൂപീകരിക്കപ്പെട്ടതിന്റെ സാഹചര്യം മറ്റൊന്നല്ല.നളചരിതം,.രുഗ്മാംഗദചരിതം,കുചേലവൃത്തം, ദേവയാനീചരിതം തുടങ്ങിയ പുതിയ ഭാവുകത്വപരിസരവുമായി ലളിതസംവേദനം നടത്തുന്ന പ്രമേയാഖ്യാനങ്ങൾ അരങ്ങിൽ പ്രധാനസാനിധ്യമായി.ഒരു ശൈലീകൃതകലയെന്ന നിലയിലുള്ള കഥകളിയുടെ കൂറടക്കത്തെ ഈ ഭാവുകത്വമാറ്റം സ്വാധീനിച്ചതെങ്ങനെ,അതു നന്നായോ ചീത്തയായോ തുടങ്ങിയ കാര്യങ്ങൾ വേറെ ചർച്ചചെയ്യാം;എന്തായാലും ഈ മാറ്റം ചരിത്രപരമായ അനിവാര്യതയായിരുന്നു.ക്രമേണ പഴയ ഭാവുകത്വപരിസരത്തെ രംഗത്തുകൊണ്ടുവരേണ്ടതില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങി.എന്നാൽ,കഥകളിയുടെ രംഗാവിഷ്കരണത്തിലെ എല്ലാ ശരീരസാധ്യതകളുടെയും കലാത്മകമായ പരിപ്രേക്ഷ്യം ആ ‘ചിട്ടക്കഥ’കളിലായതുകൊണ്ട്,അവ കളരിയിൽ നിന്നൊഴിവാക്കാനാവുമായിരുന്നില്ല.അപ്പോൾപ്പിന്നെ,കളരിയിൽ അഭ്യസിക്കുന്ന കഥകളിയുടെ ആവിഷ്കരണ സാധകോപകരണമായി ‘ചിട്ടക്കഥ’കൾ മാറുകയും,മാറിയ ഭാവുകത്വത്തെ ആവിഷ്കരിക്കാനാവശ്യമാ‍യ ശരീരസാധകത്തിനുള്ള,മുന്നൊരുക്കങ്ങളായി പ്രസ്തുത ആവിഷ്കാരങ്ങൾ മാറാനുമുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്തു.കലാ.പത്മനാഭൻ നായർ വരെ,കോട്ടയം കഥകളുടെ കളരിയിലുള്ള ‘കാലപ്രകാരം’ അരങ്ങിൽ ദീക്ഷിക്കേണ്ടതില്ലെന്നും,പുതിയ അരങ്ങിനനുസരിച്ച് കോട്ടയം കഥകളുടെ ആവിഷ്കരണരീതിശാസ്ത്രത്തെ പുനർ‌നിർണ്ണയിക്കണമെന്നും അഭിപ്രായപ്പെടുന്നിടത്തോളമെത്തി,കാര്യങ്ങൾ.വാസ്തവത്തിൽ,എൺപതുകളിലുണ്ടായ ചിട്ടപ്പെട്ട കഥകളുടെ പുനരാഗമനം വരെ,സ്ഥിതി വ്യത്യസ്തമായിരുന്നതുമില്ല.രംഗപ്രവൃത്തിയും കളരിയും തമ്മിലുള്ള ഈ ചേർച്ചക്കുറവ്,ഒരു ചരിത്രസത്യം മാത്രമല്ല.തുടർന്നു വന്ന കളിയരങ്ങിനെ നിർണ്ണായകമായി സ്വാധീനിച്ച ഘടകങ്ങളിലൊന്നു കൂടിയാണ്.കലാ.രാമൻ‌കുട്ടിനായരുടേയും പത്മനാഭൻ നായരുടേയും കളരിയിൽ പഠിച്ചിറങ്ങുക;കലാ.കൃഷ്ണൻ നായരെ അനുകരിക്കുക-ഈ സ്ഥിതി പുതിയ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയായിരുന്നു.
ഈ പുതിയ പരിസരത്തിലാണ്,വാഴേങ്കട കുഞ്ചുനായരുടെ കലാജീവിതം വിലയിരുത്തപ്പെടേണ്ടത്.പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കൈകൾ പതിയാതിരുന്ന കഥകളിൽ കൂടി,രാവുണ്ണിമേനോൻ കളരി ആർജ്ജിച്ച ലാവണ്യദർശനവും ഔചിത്യദർശനവും ഉൾച്ചേക്കുകയായിരുന്നു കുഞ്ചുനായരുടെ ചരിത്രദൌത്യം.പ്രമേയനിഷ്ഠമായി നിർമ്മിക്കപ്പെട്ട ആട്ടക്കഥകളുടെ രംഗാവിഷ്കരണത്തിനനുയോജ്യമായ പാത്രബോധം കുഞ്ചുനായർ ഇണക്കിച്ചേർത്തു.കാടും പടലും തല്ലി മനോധർമ്മങ്ങൾ കുത്തിച്ചെലുത്തുന്നതിലല്ല,പാത്രപരിചരണത്തിനനിവാര്യമായ വ്യാഖ്യാനങ്ങളെ ലാവണ്യബോധത്തോടെ ഉൾച്ചേർക്കുന്നതിലാണ് കുഞ്ചുനായരുടെ പ്രമേയബോധം ശ്രദ്ധിച്ചത്.കഥകളി സൃഷ്ടിക്കേണ്ട ലാവണ്യാനുഭുതിയെപ്പറ്റി കുഞ്ചുനായർക്കുണ്ടായിരുന്ന സവിശേഷദർശനത്തെ ആർജ്ജവമുള്ള ഈ വരികൾ നമ്മോടു സംസാരിക്കും:
“അരങ്ങത്തു ചാടിവീണാൽ വാരിയും വലിച്ചും അന്തമില്ലാതെ ഓരോന്നു കാട്ടിക്കൊണ്ട് വേഷം നീട്ടിക്കൊണ്ടു പോയാൽ വലിയ കേമനാവും എന്നൊരു ധാരണ പരിണിതപ്രജ്ഞരായ നടന്മാർക്കു കൂടി ഉണ്ട്.ഇത്രത്തോളം അബദ്ധമായ ഒരു ധാരണ വേറെയില്ല എന്ന് ഉറപ്പിച്ചു തന്നെ പറയേണ്ടിയിരിക്കുന്നു.ചെറിയ ചില സൂചകങ്ങൾ കൊണ്ട്,ഗമകങ്ങൾ കൊണ്ട് വലിയ ഫലം ഉളവാക്കുന്നതിലാണ് അഭിനയത്തിന്റെ മേന്മ.സാകൂതമായ ഒരു നോട്ടത്തിലും സാഭിപ്രായമായ ഒരലർച്ചയിലും മണിക്കൂറുകളോളം ആടിയാലും ഫലിക്കാത്ത ഭാവകോടിയെ ഒതുക്കിക്കാട്ടുന്ന കൂറടക്കം പ്രശംസനീയം തന്നെയാണ്.”
അനുരൂപമല്ലാത്ത,സ്ഥായീഭാവത്തെ ശിഥിലീകരിക്കുന്ന ആട്ടങ്ങളെക്കുറിച്ച്,പുതിയതായി അരങ്ങത്തെത്തുന്ന ‘ശ്ലോക’ങ്ങളുടെ പ്രമേയബോധരാഹിത്യത്തെക്കുറിച്ച്,അനുചിതമായ മനോധർമ്മങ്ങളുടെ നിർത്ഥകതയെക്കുറിച്ച്-എല്ലാം കുഞ്ചുനായർ നിശിതമായ വിമർശനങ്ങളുന്നയിക്കുകയും,ആഴത്തിൽ ചിന്തിക്കുകയും ചെയ്തു.നാലാം ദിവസം ബാഹുകന്റെ രംഗരചനയെക്കുറിച്ച് ഇത്രമേൽ തലപുകച്ച മറ്റൊരു നടനുണ്ടോ എന്നു സംശയമാണ്.കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഈ ചരിത്രബോധമുള്ള അഭിപ്രായത്തോടെ,തൽക്കാലം കുഞ്ചുനായരുടെ പ്രമേയൌചിത്യചിന്തക്കു വിരാമമിടട്ടെ:
“സാങ്കേതികാംശങ്ങളിൽ വ്യുൽ‌പ്പന്നരെങ്കിലും കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള മാനസികപശ്ചാത്തലം ഇല്ലാതിരുന്ന പൂർവ്വനടന്മാർ ആടിയാടി കാടും പടലും നിറച്ച കഥകൾ,കുഞ്ചുനായർക്കു മുന്നിൽ വെല്ലുവിളികളായി നിന്നു.താൻ ബുദ്ധിമുട്ടി സമ്പാദിച്ച അറിവുകൾ,കളരിക്കു പുറത്തുള്ള ഈ കഥകളെ കണ്ടാൽകൊള്ളാവുന്നതാക്കാൻ അദ്ദേഹം പിശുക്കില്ലാതെ ഉപയോഗിച്ചു.”
2)രംഗപരമാ‍യ ഔചിത്യം
-----------------------------
പൊതുവായ ഔചിത്യധാരയോട് ചേർത്തുകൊണ്ട് കളിയരങ്ങിലെ ഔചിത്യത്തെ പൂർണ്ണമായും വായിക്കാനാവില്ല. കഥകളിയുടെ ശൈലീകൃതമായ രംഗരചനയുടെ ഔചിത്യം പലപ്പോഴും സാമാന്യചിന്തയുടെ ഔചിത്യചിന്തകളോട് പൊരുത്തപ്പെടണം എന്നുമില്ല.സാമാന്യയുക്തിയുടെ തലത്തിൽ നിന്നു കൊണ്ട് കഥകളിയെ വായിച്ച്, ‘അനൌചിത്യ’ങ്ങൾ കണ്ടെത്തിയ പണ്ഡിതരോട് “നിങ്ങൾക്കു കളി കാണാറായിട്ടില്ല” എന്നു കുഞ്ചുനായർ നെഞ്ചുറപ്പോടെ പ്രഖ്യാപിക്കുകയാണു ചെയ്തത്.ജോസഫ് മുണ്ടശ്ശേരിക്കും ജി.ശങ്കരക്കുറുപ്പിനും കുഞ്ചുനായർ എഴുതിയ കത്തുകൾ ഈ സ്വാത്മതേജസ്സിനു സാക്ഷ്യം പറയും.ഗുരുനാഥന്റെ കൈകളിലൂടെ കടന്നുപോന്ന്,സുഭദ്രമായ അവതരണശിൽ‌പ്പങ്ങളായി മാറിയ കോട്ടയം കഥകളേയും മറ്റു ചിട്ടപ്പെട്ട രംഗാവിഷ്കൃതികളേയും ഒരിക്കലും ലളിതവൽക്കരിക്കാനോ,പുതുക്കിപ്പണിയാനോ കുഞ്ചുനായർ മുതിർന്നില്ല എന്നതു ശ്രദ്ധേയമാണ്.
ഭാവത്തെ അവയവനിഷ്ഠമായല്ല,ശരീരത്തിന്റെ അമൂലാഗ്രമുള്ള പ്രകർഷമായാണ് കഥകളി കാണുന്നത്.അംഗപ്രത്യംഗോപാംഗങ്ങളെ ഭാവധ്വനനസമർത്ഥമായി ചലിപ്പിക്കാനുള്ള ശേഷിയാണ് കഥകളിനടന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്.ശരീരത്തിന്റെ കൂറടക്കം,മുദ്രാഭാഷയുടെ അയത്നലാളിത്യം തുടങ്ങിയ ഉൾച്ചേരുന്നിടത്താണ് ചൊല്ലിയാട്ടത്തിന്റെ ഔചിത്യം കൂടി പൂർണ്ണമാകുന്നത്.ഇവയുടെ അനുപമമായ സമന്വയമായിരുന്നു കുഞ്ചുനായർ.പട്ടിക്കാംതൊടിയെന്ന മഹാവൃക്ഷത്തിന്റെ ഔചിത്യശിഖരം.ഈ കാതൽ നിറഞ്ഞ ശിഖിരത്തിൽ നിന്നു പൊട്ടിക്കിളിർത്ത മൂന്നു ശിഖിരങ്ങൾ ആണ് കുഞ്ചുനായർ താവഴിയുടെ ആധുനിക കഥകളിക്കുള്ള സമ്മാനങ്ങൾ;നിയോക്ലാസിക്കൽ ലോകത്തിന്റെ കഥകളിപ്പറ്റിനേയും കുഞ്ചുനായരുടെ മുദ്രാ-ശരീരഭാഷ്യത്തെയും സ്വാംശീകരിച്ച കലാ.വാസുപ്പിഷാരോടി,പുരാണഖനികളിലൂടെ അലഞ്ഞുതിരിഞ്ഞ കുഞ്ചുനായരിലെ മനീഷിയെ അനിയന്ത്രിതമാം വിധം വിപുലീകരിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി,ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ ജീവിതം കൊണ്ട് സർഗരചന നടത്തിയ കുഞ്ചുനായരിലെ പ്രതിഭാശാലിയെ ആവാഹിച്ച കോട്ടക്കൽ ശിവരാമൻ.
സവിശേഷമായ ഭാവുകത്വപരിസരത്തെയും പരിണാമങ്ങളേയും അവയർഹിക്കുന്ന ഗൌരവത്തോടെ നേരിട്ട വാഴേങ്കട കുഞ്ചുനായരുടെ അരങ്ങും കളരിയും ഇനിയും സൂക്ഷ്മമായ വിലയിരുത്തലുകളാവശ്യപ്പെടുന്നു.
തൽക്കാലം,ഈ കൂടുതൽ ചിന്തകൾക്കും വിലയിരുത്തലുകൾക്കുമുള്ള ചെറിയ ചൂണ്ടുപലക അവസാനിപ്പിക്കട്ടെ.