മേലാപ്പ്
---------
പതികാലത്തിലുള്ള തിരനോക്കുകൾക്ക് കത്തിവേഷങ്ങൾക്കു നിബന്ധിച്ചിട്ടുള്ള മേലാപ്പ്,അപൂർവ്വം അന്യസാഹചര്യങ്ങളിലും കാണാം.(ഉദാ:കുചേലവൃത്തം കൃഷ്ണന്റെയും പത്നിയുടേയും മട്ടുപ്പാവിലെ ഇരിപ്പ്,സലജ്ജോഹം അർജ്ജുനന്റെ ഇരിപ്പ്)ആദ്യാവസാനകത്തിവേഷത്തിന്റെ രാജസപ്രൌഡിക്ക് അത്യന്താപേക്ഷിതമായ മേലാപ്പിന്റെ സാനിദ്ധ്യം,ഒരു ഫ്രൈമിന്റെ നിർമ്മാണം കൂടി നടത്തുന്നുണ്ട്.ഓരോ ഇഞ്ചിലും ചെത്തിമിനുക്കപ്പെട്ട പതികാലതിരനോക്കിന്റെ ആ ചട്ടക്കൂടുകൂടിയായി മേലാപ്പ് വർത്തിക്കുന്നു.ഇത് വ്യക്തമായത് ഒരു പുതിയ മേലാപ്പുപരീക്ഷണം കണ്ടപ്പോഴാണ്.മുകളിൽ കെട്ടിയുറപ്പിച്ച,കാണാനാവാത്ത നൂലുകളിൽ,മേലാപ്പ് നിൽക്കുന്നു-ഒറ്റനോട്ടത്തിൽ മേലാപ്പ് വായുവിലെന്നേ തോന്നൂ!ആദ്യത്തെ അമ്പരപ്പിനും കൌതുകത്തിനും ശേഷം തോന്നി,എന്തോ ഒരു കുറവുണ്ടല്ലോ എന്ന്.മറ്റൊന്നുമല്ല,അത്.മുൻപറഞ്ഞ ഫ്രൈയിം പൂർത്തിയാകുന്നില്ല.അതിന് രണ്ടുവശത്തും എന്തെങ്കിലും വേണം!ചിലർ,രണ്ടുവശത്തും തൂണുകൾ കൊടുത്തുള്ള മേലാപ്പ് ഇപ്പോഴുമുപയോഗിക്കുന്നുണ്ടല്ലോ.വൃത്തിയായി മേലാപ്പു പിടിക്കാനും പരിശീലനം നൽകേണ്ട കാലമായിരിക്കുന്നു.
ആലവട്ടം
-----------
പതികാലതിരനോട്ടത്തിന്റെ മറ്റൊരു അനിവാര്യസൌന്ദര്യമാണ് ആലവട്ടം.തിരനോക്കുന്ന കലാകാരനേപ്പോലെ,പിന്നിലൊളിച്ചുനിന്ന് ആലവട്ടം ഭംഗിയായി പിടിക്കുന്ന ആൾക്കും പണിയുണ്ട്.വേഷക്കാരന്റെ സൂക്ഷ്മമായ രംഗചലനങ്ങൾക്കൊപ്പം ശ്രദ്ധയോടെ ചെയ്യേണ്ട പ്രവൃത്തി.കഥകളിയാവശ്യത്തിനായി രൂപപ്പെടുത്തിയ ചെറിയ ആലവട്ടങ്ങൾ പിടിക്കുന്നതിലും ഒരു കലയുണ്ടെന്നർത്ഥം.പുതിയ ആലവട്ടങ്ങൾ ചെറുതായിച്ചെറുതായി ഭംഗിയില്ലാതാവുന്നുമുണ്ട്.നിയതമായ അളവുകൾ ഇവക്കുണ്ടാകുന്നതുതന്നെയാണ് നല്ലത്.
ഇരിപ്പിടങ്ങൾ
-------------
കഥകളിയരങ്ങിന്റെ രണ്ടുവശത്തുമായി സ്ഥാപിക്കുന്ന രണ്ട് ഇരിപ്പിടങ്ങൾ,മറ്റു രംഗോപകരണങ്ങളെപ്പോലെത്തന്നെ,വ്യവസ്ഥാപിതമായ കൽപ്പനയിലല്ല.ഇന്ന് ഉപയോഗിക്കുന്ന സ്റ്റൂളിന് പകരം,ഒരു നൂറ്റാണ്ടിനോടടുത്ത് മുൻപുവരെ,ഉരലുകളായിരുന്നു ഉപയോഗിച്ചിരുന്നത്.ഇന്ന് കഥകളിയിൽ കാണുന്ന,ഒരുകാൽ മടക്കിയ,ശൈലീകൃതമായ ഇരിപ്പുതന്നെ ഒരുപാട് കാലശേഷം രൂപം കൊണ്ടതാണ്.മുൻപ് കഥകളിവേഷങ്ങൾ ഉരലിനു മുകളിൽ കുന്തിച്ചിരിക്കുകയായിരുന്നത്രേ!
അന്നുണ്ടായിരുന്ന ഒരു അപൂർവ്വ ഉപയോഗം,തോരണയുദ്ധത്തിൽ അഴകിയ രാവണൻ “രാജ്യച്യുതം”എന്ന ശ്ലോകമാടുമ്പോൾ,സീതക്കു പകരം ഉരലാണ് ഉപയോഗിച്ചിരുന്നത് എന്നതാണ്.നിശ്ചിതപദങ്ങൾ വരെ കൊട്ടാരക്കരത്തമ്പുരാൻ സീതക്കെഴുതിയിട്ടുണ്ടെങ്കിലും,സ്ത്രീവേഷത്തെ നിഷേധിക്കുന്ന ആ രംഗകൽപ്പനയുടെ അർത്ഥമറിയണമെങ്കിൽ,കൂടിയാട്ടത്തിലെ തോരണയുദ്ധം രാവണന്റെ ആട്ടത്തിലേക്ക് പോകണം.അവിടെ സീതക്കു പകരം കത്തിച്ചുവെച്ച നിലവിളക്കാണ്!കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെ,പ്രത്യക്ഷമായിത്തന്നെ കൂടിയാട്ടശൈലിയിൽ ചിട്ടപ്പെട്ട അഴകിയരാവണന്റെ ആട്ടത്തിൽ,ത്രിപുടയുടെ വിവിധകാലങ്ങളിൽ വിന്യസിക്കപ്പെട്ട ആവിഷ്കാരത്തിൽ ആസ്വാദകചേതന നിലയുറപ്പിച്ചുനിർത്താൻ കൂടിയായിരിക്കണം,ഈ നിരാസം.എന്നാൽ,ആധുനികകഥകളി ആ രംഗവഴക്കത്തെ തിരസ്കരിക്കുകയും,സീതയെ രംഗത്തെത്തിക്കുകയും ചെയ്തു.
ഒരുപാട് സംവാദങ്ങൾ നടന്നതാണ്,നളചരിതം ഒന്നാം ദിവസത്തിലെ ഇരിപ്പിടത്തെപ്പറ്റി കലാമണ്ഡലം ഹൈദരാലി നടത്തിയ അഭിപ്രായത്തെച്ചൊല്ലി.നാരദനും നളനുമടങ്ങുന്ന ആദ്യരംഗത്തിൽ,സിംഹാസനാരൂഢനായിരിക്കുന്ന നളന്റെ അടുത്തേക്ക് നാരദൻ വരുന്നു.വലതുവശത്തിരിക്കുന്ന നളൻ എഴുന്നേറ്റ് നളനിരിക്കുന്ന ഇരിപ്പിടം നാരദന് നൽകുന്നു-ഇതു ശരിയല്ല എന്നായിരുന്നു ഹൈദരാലിമാഷുടെ അഭിപ്രായം.രാജാവിന്റെ സിംഹാസനം ആർക്കും ഇരിക്കാൻ നൽകാറില്ലല്ലോ.ഈ ദർശനം കഥകളിയുടെ രംഗകൽപ്പനയുടെതന്നെ നിഷേധമാണ്.വലതുവശത്തെ മാന്യസ്ഥാനമായാണ് കഥകളി കാണുന്നത്.ബഹുമാന്യനെന്നു ബോധ്യമായാൽ,വലതുവശം നൽകുക എന്നത് കഥകളിയുടെ രീതിയാണ്.(ഉദാ:നളചരിതം മൂന്നാം ദിവസത്തിൽ കാർക്കോടകനെ തിരിച്ചറിയുന്നതോടെ ബാഹുകൻ ഇടതുവശത്തേക്കു മാറുന്നു)അടിസ്ഥാനപരമായി,അതൊരു സ്റ്റൂളാണ്.നളനിരിക്കുമ്പോൾ അതു സിംഹാസനമാകുന്നു,നാരദനിരിക്കുമ്പോൾ അതു സുഖാസനമാകുന്നു(ബാലിവിജയം രാവണൻ എഴുന്നേറ്റ് “നാരദമഹാമുനേ” എന്ന പദത്തിനു മുമ്പ് നാരദന് ‘സുഖാസനം’ നൽകുന്നത് ശ്രദ്ധിക്കുക) അത്രമാത്രം.ഇനിയുമങ്ങനെ ഒരുപാടുപറയാം-നരകാസുരൻ പടപ്പുറപ്പാടിനുശേഷം കയറിനിന്ന് “മുന്നോട്ട്”എന്നു കൽപ്പിക്കുമ്പോൾ അതു തേർനിലയാകുന്നു,ദക്ഷയാഗം ശിവൻ ജടയടിക്കാനായി എഴുന്നേൽക്കുമ്പോൾ കൈലാസഗിരിശൃംഗമാകുന്നു,രൌദ്രഭീമൻ “നരസിംഹരൌദ്ര”ത്തോടെ എഴുന്നേൽക്കാൻ മുഖം മറക്കുന്ന ഒരു വിതാനം മാത്രമാകുന്നു,ഹനുമാനും ശ്രീകൃഷ്ണനും വിശ്വരൂപം കാണിക്കാനുള്ള ഉയർന്ന പ്രതലമാകുന്നു-അങ്ങനെ പലതും.
പൊട്ടിത്തകർന്ന സ്റ്റൂളിന്റെ എണ്ണം നോക്കി സീതാസ്വയംവരത്തിലെ പരശുരാമന്റെ കേമത്തം പറയുന്ന ആസ്വാദകരും ഇടക്കാലത്തുണ്ടായിരുന്നല്ലോ.അഭ്യാസത്തിന്റെ അത്തരം അതിവായനകളിലൂടെ നിർമ്മിക്കുന്ന താരവൽക്കരണം,എന്നും കഥകളിയുടെ ശാപമാണ്.
മരക്കൊമ്പുകൾ
----------------
പ്രതീതികളെ സൃഷ്ടിക്കുന്നതിലും,അതിനനുസൃതമായി ആസ്വാദകമനസ്സ് രൂപപ്പെടുത്തുന്നതിലും വെറും മരക്കൊമ്പുകൾ വെച്ച് കഥകളി നടത്തുന്ന ഇന്ദ്രജാലം വിസ്മയകരമാണ്.ബാലി,ബകൻ എന്നീ ചുവന്നതാടികളുടെ തിരനോക്കിൽ തന്നെ ഇരുവശങ്ങളിലും പിടിക്കുന്ന ഇലകൾ നിറഞ്ഞ മരക്കൊമ്പുകൾ അവക്കു നൽകുന്ന പരഭാഗശോഭ അനുപമമാണ്.കാട്ടിൽ,“എനിക്കു വിശപ്പു സഹിക്കുന്നില്ല” എന്നാരംഭിക്കുന്ന ബകന്റെ ആട്ടത്തിന് അനുഗുണമായ അന്തരീക്ഷരചനയാണ് മരക്കൊമ്പുകൾ നൽകുന്നത്.ബാലിസുഗ്രീവയുദ്ധത്തിൽ,അന്യോന്യമടിക്കാനുള്ള വൃക്ഷങ്ങളായി അവ മാറുന്നതു കാണാം.നക്രതുണ്ഡിയുടെ കയ്യിലെ തൂപ്പുകൾ,ഫോൿലോർ സ്വഭാവവിശേഷമുള്ള ആ ആവിഷ്കാരത്തിന് കൃത്യമായി ഇണങ്ങുന്നു.തോരണയുദ്ധത്തിൽ,മരക്കൊമ്പുകൾ കൊണ്ടു സൃഷ്ടിക്കപ്പെടുന്ന പ്രമദവനം ശ്രദ്ധേയമാണ്.സമുദ്രലംഘനം,ഹിമകരം,രാജ്യച്യുതം എന്നിങ്ങനെ നാട്യധർമ്മിയും ക്ലാസിക്കൽ സ്വഭാവഘടനയോടു കൂടിയതുമായ ആട്ടങ്ങൾക്കു ശേഷം വരുന്ന ആ ലോകധർമ്മികൾ,കളിയരങ്ങിന്റെ സമഗ്രസ്വഭാവത്തെ വിളിച്ചോതുന്നു.
പന്തങ്ങൾ
----------
കഥാനുബന്ധ ഉപകരണങ്ങൾ
--------------------------------
പൂതനാമോക്ഷത്തിലെ ഉണ്ണിക്കണ്ണന്റെ പാവ,ലളിതാരൂപിണിയായ പൂതനയുടെ സർഗാത്മകരംഗരചനയെ പരിമിതപ്പെടുത്തുന്നേയുള്ളൂ എന്ന് മുൻപേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സന്താനഗോപാലത്തിലെ ശിശുശവത്തിന്റെ കാര്യത്തിലും ഈ പ്രശ്നമുന്നയിച്ചുകേട്ടെങ്കിലും അതു പ്രസക്തമെന്നു തോന്നുന്നില്ല.രാജസൂയം,ദക്ഷയാഗം,നിഴൽക്കുത്ത് എന്നിവക്ക് ആവശ്യമായി വരുന്ന യാഗ-മന്ത്രവാദ രൂപങ്ങൾക്ക് വാഴപ്പോള കൊണ്ടുണ്ടാക്കിയ ഹോമകുണ്ഡമാണ് ഉപയോഗിക്കാറ്.നാടൻ കലകളിൽ നിന്നു പകർന്ന ഈ സർഗവൈഭവം വേണ്ട ചാരുതയിൽ വിന്യസിക്കാനും ഇന്നു കഴിയാറില്ല.
ചില സവിശേഷസന്ദർഭങ്ങളിൽ കഥകളിയുടെ ആഹാര്യവസ്തുക്കൾ തന്നെ ഉപകരണമായി പരിണമിക്കുന്നതും കാണാം.അഴകിയ രാവണൻ സീതയെ പ്രലോഭിപ്പിക്കാനായി നൽകുന്ന വസ്തുക്കളിൽ കഥകളിയിലെ സ്ത്രീവേഷം മാറിലണിയുന്ന മുലക്കുരലാരവും ഉണ്ട്.കഥകളിക്കോപ്പിന്റെ പെട്ടിയാണ് തോരണയുദ്ധത്തിലെ കിങ്കരന്മാർ പൊക്കിക്കൊണ്ട് വരുന്നത്.ചുകപ്പുത്തരീയമാണ് ഹാരമായി ബാലി മരണസമയത്ത് സുഗ്രീവനെ അണിയിക്കുന്നത്.കൃഷ്ണനെ പിടിച്ചുകെട്ടാൻ ദുര്യോധനാദികൾ ശ്രമിക്കുന്ന കയർ കഥകളിയിലുടുത്തുകെട്ടുന്ന തുണി തന്നെ.
വലലന്റെ ചട്ടുകം,മലയന്റെ ആനക്കൊമ്പ്,ബലരാമന്റെ കലപ്പ,ഭദ്രകാളിയുടെ നാന്ദകവും(പ്രത്യേകതരം വാൾ) ചിലമ്പും,നളചരിതം രണ്ടാം ദിവസത്തിൽ ദമയന്തിയെ കടിക്കുന്ന പാമ്പ്,കൃഷ്ണന്റെ വിശ്വരൂപസമയത്തെ സുദർശനം,സാരഥികളുപയോഗിക്കുന്ന ചമ്മട്ടി,എന്നിങ്ങനെ വിപുലമായ ആ ഉപകരണസമുച്ചയവും കഥകളിയുടെ ആന്തരഘടനയോട് ചേരുന്നു.
ഇത് ഒരു സമഗ്രപഠനമോ,സൂക്ഷ്മമായ അപഗ്രഥനമോ അല്ല.ബഹുസ്വരതയാർന്ന്,മറ്റൊരു തീയറ്ററിനും അവകാശപ്പെടാനാവാത്തവിധം സമഗ്രവും ലളിതവുമായ തലത്തിൽ അർത്ഥസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണവൃന്ദത്തേക്കുറിച്ച് ഒരു കുറിപ്പ്,അത്രമാത്രം-നന്ദി.
18 comments:
നന്ദി.
Valare nalla post.Thaankalute bhashayileyum aasayaththileyum novelty
e praayaththilum angaye cheruppakkaaranaakkunnu.Sarikkum oru E-man. Oh! sir parayaan marannu. Njaan e vazhi puthiyatha. Swanthamayoritam ithuvare swaroopichittilla. Malayaalam key-yum vasamilla. So vallappozumokke ente Mangleesh sahikkumallo? Asamsakal.
മാളൂട്ടീ,
വരവിനും അഭിപ്രായത്തിനും നന്ദിയുണ്ട്,ട്ടോ.ഇവിടെ ആദ്യാല്ലേ?സ്വാഗതം.ഇനീം വരൂ,മലയാളത്തിലോ,മംഗ്ലീഷിലോ,ഇംഗ്ലീഷിലോ-എങ്ങനെയാച്ചാൽ സംസാരിക്കൂ.
പുതിയ അറിവുകള്‍.....
നന്ദി.
വികടശിരോമണി,
വന്നു ,
കണ്ടു,
വായിച്ചു,
അടിച്ചുമാറ്റി.
(രണ്ടു ചാപ്റ്ററുകള്‍ ഓരോന്നായി പി ഡി എഫ് ആക്കി)
വികടശിരോമണി,
നന്ദി...ഈ.. അറിവുകള്‍ പകര്‍ന്നു തന്നതിന്..
ഒരഭ്യര്‍ത്ഥനയുണ്ട്,
നിണത്തോടു കൂടിയ വധങ്ങളുടെ അവതരണം കണ്ടിട്ടുണ്ട്....കുട്ടിക്കാലത്ത് ഒരിക്കലത് കണ്ട് പേടിച്ചതിന്റെ ഓര്‍മ്മ ഇന്നും നിലനില്ക്കുന്നു...
നിണം അനാവശ്യ ഏര്‍പ്പാടാണെന്ന് അഭിപ്രായമുള്ള ആചാര്യന്മാര് ഉണ്ടോ?
എന്താണ് നിണത്തിനു വേണ്ടിയുള്ള അധിക ഒരുക്കങ്ങള്‍..ഇതൊക്കെ ഉള്‍ക്കൊള്ളിച്ച് സാധിക്കുമെങ്കില്‍ ചിത്രങ്ങള്‍ അടക്കമുള്ള ഒരു പോസ്റ്റ് താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു..
ഒരറിവുമില്ല കഥകളിയെ പറ്റി... പതുക്കെ വികടന്റെ ബ്ലോഗില്‍ നിന്നും പഠിക്കാം.. ആശംസകള്‍ ഈ എഴുത്തിനു... ആള് പുലിയാണല്ലോ...
കീചകന്റെ അടുത്തേയ്ക്കു പോകുന്ന സൈരന്ധ്രി യുടെ കയ്യിലെ ശാപ്പാടുപാത്രം തുണിയിൽ കെട്ടിയ കിരീടമാണു പതിവ്. ഒരു താലത്തിൽ കൂമ്പാരം കൂട്ടിയ ആഹാരം പോലെ തോന്നും ഇത്. കിരീടവും ചാമര (മുടി)വും കൂട്ടിപ്പിടിച്ച് അറുത്തെടുത്ത തലയെന്നു തോന്നിപ്പിക്കുന്നതും ഒരു ട്രിക്ക്.
ഉരലിനു സ്റ്റൂളിനേക്കാൾ മേന്മയുണ്ട്. ഉപരിതലം വൃത്താകൃതിയിലാകയാൽ ഏതു വശത്തു നിന്നും പെട്ടെന്ന് ഇരിക്കാൻ പറ്റും. നിലത്തുപറ്റിച്ചേർന്ന അടിഭാഗം കൂടുതൽ സ്ഥിരതയും നൽകും. പക്ഷെ പരശുരാമന്മാർക്ക് എടുത്ത് പെരുമാറാനൊന്നും വകുപ്പില്ല.
ബൈജൂ-നന്ദി.
അനിലേ-മിടുക്കൻ.അങ്ങനെ സൂക്ഷിച്ചുവെക്ക്:)
ചാണക്യാ-ഒരുപാടുനന്ദി,ഈ നിർദ്ദേശത്തിന്.ശരി,അങ്ങനെയാവട്ടെ.അടുത്ത പോസ്റ്റ് നിണത്തേപ്പറ്റിത്തന്നെ.ചിത്രങ്ങൾക്കാണു ക്ഷാമം.നോക്കാം.
കതിരവൻ,
കൂട്ടിച്ചേർക്കലുകൾക്ക് നന്ദി.ആ സൈരന്ധ്രിയുടെ കിരീടപ്പാത്രരീതിയും എടുത്തുപോകാനായിരിക്കുന്നു.ഇപ്പോൾ മിക്ക കോപ്പിലും അതിന് പ്രത്യേകപാത്രമുണ്ട്.പിന്നെ,സൈരന്ധ്രി അങ്ങോട്ടു ഭക്ഷണം കൊണ്ടുപോവുകയല്ലല്ലോ,കീചകന്റെ പക്കൽ നിന്ന് ഓദനവും മധുവും വാങ്ങിക്കൊണ്ടു വരാനാണല്ലോ സുദേഷ്ണയുടെ നിർദ്ദേശം.അപ്പോൾ ഒഴിഞ്ഞപാത്രവുമായാണ് സൈരന്ധ്രി കീചകസമീപത്തേക്ക് പോകുന്നത്-അപ്പോൾ അങ്ങുപറഞ്ഞ കൂമ്പാരത്തിന്റെ പ്രസക്തി?
ഉരലിന് കൂടുതൽ സ്ഥിരതയുണ്ട് എന്നതുശരിതന്നെ.മനോഹാരിതയും കൂടും.പക്ഷേ പരശുരാമനു മാത്രമല്ലല്ലോ അതെടുത്തുപെരുമാറേണ്ടിവരുന്നത്.ചിലപ്പോൾ കുറ്റിച്ചാമരത്തിന്റെ സുരക്ഷിതമായ കിടപ്പിനു വരെ സഹായകമായി വർത്തിക്കുന്നത് സ്റ്റൂളാണ്.അതുകൊണ്ട് പ്രത്യേകമായി നിർമ്മിച്ച രണ്ടു പീഠങ്ങൾ കൂടി (വൃത്താകൃതിയിൽ,വേണ്ടത്ര ഉറപ്പിലും,പെരുമാറാനുള്ള ലാഘവം ഉറപ്പുവരുത്തിക്കൊണ്ടും) കോപ്പിലുൾപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം എന്നു തോന്നുന്നു.
വടക്കെ ഇൻഡ്യയിൽ ആഹാരം താലത്തിലാക്കി തുണി കൊണ്ടു കെട്ടാറുണ്ട്. കിരീടം തുണി കൊണ്ടു പൊതിയുമ്പോൾ ഈ രൂപം വരുന്നു എന്നു സൂചിപ്പിച്ചതേ ഉള്ളു.
വേറേ ഏതെങ്കിലും സന്ദർഭങ്ങളുണ്ടോ ആഹാരം കൊണ്ടു പോകുന്നതായി? ഓർക്കുന്നില്ല.
good write up Vikata siromani!! I have been reading your articles for quite sometime now, though haven't commented on anything yet..
To "Ethiran", aaharam paathrathil kondu pokunna mattoru rangavum orma varunnilla. but, Devayani Charitham kathayil Kattalan madyam oru pathrathil Sukracharyanu kodukunnundu, avide usually oru cheriya kudam upayogikkarundu..
Duryodhanavadham kathayil choothu samayathu "Bhandakaram enikkayallo" ennu duryodhanan aadumpol chila Dussasanan'maar oru kochu kudam kondu varunnathu kandittundu :)) athu enthinaanennu enikku ithuvare manassilayittilla!!
apologies for my junk manglish.. malayalathil express cheyyan thalkkalam mattu maargamilla :(
ഗിരീഷ്,
വരവിനു നന്ദി.
ദേവയാനീചരിതത്തിലെ സുകേതു മദ്യം കൊണ്ടുപോകുന്നത്-ശരിയാണ്,ഒരു കുടത്തിലാണ്.മറ്റേത്-ദുര്യോധനവധം,രസകരമായിരിക്കുന്നു:)ആരാണാ മഹാനുഭാവൻ:)
ഇതിനേക്കാളെല്ലാം പാത്രം സാനിദ്ധ്യം കൈക്കൊള്ളുന്ന കഥ പാത്രചരിതം(കിർമീരവധം ആദ്യഭാഗം)തന്നെയാണ്.സൂര്യദേവനിൽ നിന്ന് പാത്രം വാങ്ങി,തിരശ്ശീലയില്ലാതെത്തന്നെ രംഗ-സ്ഥലചംക്രമണം നടക്കുന്നത്-പാഞ്ചാലിക്ക് പാത്രം ധർമ്മപുത്രർ കൊടുക്കുന്ന വരെയുള്ള ആട്ടം-എല്ലാം അതിലാണല്ലോ.
അവിടെ പാത്രം തന്നെയാണ് ഉപയോഗിച്ചികണ്ടിട്ടുള്ളതും,പറഞ്ഞുകേട്ടിട്ടുള്ളതും.അപ്പോൾ കോപ്പിൽ മുൻപേ പാത്രമുണ്ട്.പിന്നെന്തിന് ആ സൈരന്ധീയാത്രക്ക് കിരീടത്തിനെ ഉപയോഗിച്ചു?അറിയില്ല.
നല്ല ലേഖനം....
ഇതു മാത്രമല്ല, മുൻപു എഴുതിയവയും. എങ്ങിനെ ഇത്ര മധുരമായും വ്യക്തമായും എഴുതുന്നു.
നിണത്തിനെ കുറിച്ചുള്ള പോസ്റ്റിനായി കാത്തിരിക്കുന്നു...
നന്ദി...
വൈകി വന്ന ഈ പോസ്റ്റിന് ക്ഷമാപണം. വി.ശി. ചേങ്ങിലയെപ്പറ്റി പരാമർശിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു, ഞാനതാദ്യമേ പറഞ്ഞിരുന്നതാണല്ലൊ. എന്റെ വാക്ക് മാനിക്കാതെ മറ്റൊരാളുടെ അഭ്യർത്ഥനപ്രകാരം നിണത്തെപ്പറ്റി എഴുതിയിരിക്കുന്നു ! ഇതിനെ ക്രൂരത എന്നല്ലെങ്കിൽ പിന്നെന്താണ് വിളിക്കേണ്ടതു ? ;-) (തമാശ പറഞ്ഞതാണ് ട്ടോ, ചേങ്ങില രംഗോപകരണമല്ലല്ലൊ)
എനിക്കു തോന്നിയ ചില കാര്യങ്ങൾ:
(1) സ്റ്റൂൾ എതിരനും മറ്റും പറഞ്ഞത് പോലെ മാനുഷ-അമാനുഷ, ലൗകിക-അലൗകിക, സധാരണ-അസാധാരണ വേർതിരിവു അരങ്ങത്ത് കാണിക്കാൻ ഉപയോഗിക്കുന്നു. കല്യാണസൗഗന്ധികത്തിൽ രാമൻകുട്ടി നായരാശാൻ ഇത് തപസ്വിയായ ഹനുമാന്റെ ആയുധമായി ഉപയോഗിക്കുന്നു (ഇത് ശരിയല്ല എന്ന് പലർക്കും അഭിപ്രായമുണ്ട്). രുഗ്മാംഗദ ചരിതത്തിൽ ധർമ്മാംഗദനെ വധിക്കാനുള്ള "ബലിക്കല്ല്" ആയി ഉപയോഗിക്കുന്നു. അങ്ങനെ പലതും.
(2) കഥകളിയിലെ മൂന്ന് കഥകളിൽ - നളചരിതം രണ്ടാം ദിവസം, ദുര്യോധന വധം, ഉത്തരാസ്വയംവരം എന്നിവയിൽ - പ്രത്യക്ഷമായും, മറ്റു പലതിലും പരോക്ഷമായും ഉള്ളതാണ് ചൂതുകളിയും, അതിലെ ജയ-പരാജയവും. ചൂതുകളിക്കുപയോഗിക്കുന്ന ഉപകരണങ്ങൾ അതു കൊണ്ട് പ്രാധാന്യമർഹിക്കുന്നു. കുട്ടിക്കാലത്തു തന്നെ രണ്ടാം ദിവസവും മറ്റും കാണുമ്പോൾ ചൂതുകളിയും അതിലെ പരാജയഫലവും എന്നിൽ ഭീതിയുണർത്തിയിട്ടുണ്ട്.
(3) പണ്ടൊരിക്കൽ നാലാം ദിവസത്തിൽ ബാഹുകൻ വസ്ത്രം ധരിക്കുമ്പോൾ നള വേഷം തിരശ്ശീലക്ക് പിന്നിൽ നിന്ന് വന്നതായി ഓർമ്മയുണ്ട്. (മാങ്കുളം ഒരു സവിശേഷ കുപ്പായമുപയോഗിച്ച് ഈ മാറ്റം വേറൊരു വേഷം കൂടാതെ നിർവ്വഹിച്ചിരുന്നു എന്ന് കഥകളി ഗ്രൂപ്പിൽ കണ്ടത് ഈയവസരത്തിൽ ഓർത്ത് പോകുന്നു). ഇന്ന് വസ്ത്രം ധരിച്ച ബാഹുക വേഷം നളനാണ്, ആ മാറ്റത്തിന്റെ സംവേദനം വസ്ത്രം എന്ന രംഗോപകരണത്തിന്റെ കർമ്മവും.
(4) വേഷത്തിലെ മാലയും ഉണ്ടമാലയും മറ്റും രംഗോപകരണമായി ചില നടന്മാർ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിനു ഗോപിയാശാൻ "കുണ്ടിന നായക" എന്ന പദത്തിൽ പ്രണയ പരവശത കാണിക്കാൻ, പദ്മനാഭൻ നായരാശാന്റെ ഹംസം ദമയന്തിയുടെ പ്രണയം പുറത്തു കൊണ്ടുവരാൻ, അങ്ങിനെ.
(5) കുട്ടിക്കാലത്തു കണ്ട രാമൻ കുട്ടിനായരാശാന്റെ കീചകന്റെ മുന്നിലേക്ക് പോകുന്ന സൈരന്ധ്രിയുടെ കയ്യിലുള്ള പിച്ചള പാത്രത്തിന്റെ തിളക്കം ഇപ്പോഴും മിഴിവുള്ള ഒരോർമ്മയാണ്. അതുകൊണ്ട് കീചകവധത്തിൽ പണ്ട് പാത്രമുണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ ഓരോ കോപ്പിനുമോരോ കീഴ്വഴക്കമായിരിക്കാം (ഞാൻ കണ്ടത് തൃശ്ശൂർ ക്ലബ്ബിൽ).
@ കപ്ലിങ്ങാട്,
(1) സ്റ്റൂള് ബലിക്കല്ലോ, അതും രുഗ്മാംഗദചരിതത്തില്‍? അമ്മയുടെ മടിയില്‍ കിടത്തിയല്ലേ ധര്‍മ്മാംഗദനെ വെട്ടേണ്ടത്?
(3) അത്തരം കുപ്പായം സത്യത്തിലുണ്ടോ? എങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ ആരും തന്നെ ഉപയോഗിക്കുന്നില്ല?
(4) അങ്ങിനെ ഉപയോഗിച്ചെന്നു കരുതി അവയെ രംഗോപരണത്തിന്റെ പട്ടികയില്‍ ചേര്ക്കേണ്ടമോ! അങ്ങിനെയെങ്കില്‍ വീശുന്നതായി ആടുവാന്‍ പലപ്പോഴും ഉത്തരീയം ഉപയോഗിക്കാറുണ്ട്, അതുകൊണ്ട് അതും രംഗോപകരണമാവുമോ!
കീചകവധം, കിര്‍മ്മീരവധം തുടങ്ങിയവയിലെ പാത്രം; കചദേവയാനിയിലെ കുടം എന്നിവയൊക്കെ ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് ഉപയോഗിച്ച് കാണാറുള്ളത്. ഇതിനെന്തെങ്കിലും കാരണം?
ഒരു പ്രധാനപ്പെട്ട രംഗോപകരണം വി.ശി. വിട്ടുപോയി... ഗോപിയാശാന്റെ വേഷങ്ങള്‍ അരങ്ങത്തുവരുമ്പോള് (മാത്രം) കൊണ്ടുവരുന്നതാണത്. ഇന്നാളിവിടെ ഒരു കളിക്ക്, ഗോപിയാശാന്റെ വേഷം വന്നപ്പോള്‍ കൊണ്ടുവെച്ചു, അതു കഴിഞ്ഞ് എടുത്തുകൊണ്ടു പോയി! മറ്റുള്ളവര്‍ക്ക് അതേറ്റാല്‍ കാറ്റുവീഴ്ച വരുമല്ലോ! :-D
(ഫാന്‍ വെയ്ക്കേണ്ട എന്നല്ല, എല്ലാവര്ക്കും വെച്ചു കൊടുക്കണം എന്നു താത്പര്യം.)
--
ഹഹഹ...അപ്പൊ കപ്ലിങ്ങാടിന് കാര്യറിയാം,ചേങ്ങിലയെപ്പറ്റി എന്താ എഴുതാഞ്ഞേന്ന്.അത് കപ്ലിങ്ങാടിനറിയാംന്ന് എനിക്കുമറിയാമായിരുന്നു.അതോണ്ടാ മറുപടി തരാഞ്ഞേ.ഞാനാരാ മോൻ!:)
കൂട്ടിച്ചേർക്കലുകൾക്ക് നന്ദി.
മാങ്കുളം ചെയ്തിരുന്ന ആ രീതി വ്യത്യസ്തായിരുന്നു,അതു വേറാരും ചെയ്യുന്നത് കണ്ടിട്ടോ കേട്ടിട്ടോ ഇല്ല.
ഒരു പരീക്ഷണം എന്നുള്ള നിലക്ക് ബാഹുകൻ മാറി നളനാവുന്നത് വേറെ വേഷക്കാരനേക്കൊണ്ട് ചെയ്യിച്ചുനോക്കിയിട്ടുണ്ട്,പലരും.ചിലപ്പോൾ ആദ്യമൊക്കെ അങ്ങനെത്തന്നെയായിരിക്കണം താനും.
ഹരീ,
ആ രംഗോപകരണം ഇല്ലെങ്കിലുള്ള അദ്ദേഹത്തിന്റെ മുഖത്തെ ഭാവം കണ്ടിട്ടുണ്ടോ?രൌദ്രഭീമൻ തോറ്റുപോകും:)
അദ്ദേഹം അത് നിർബ്ബന്ധമായി ആവശ്യപ്പെടുന്നതിൽ ഒരു തെറ്റുമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. ഒരു കഥകളിനടന് അത്രയെങ്കിലുമൊക്കെ നിർബ്ബന്ധായി ആവശ്യപ്പെടാനുള്ള അവകാശമുണ്ട്:)
ബാക്കി ശരി,അതെല്ലാർക്കും കിട്ടണം.പന്തിയിൽ പക്ഷാഭേദം പാടില്ല.
പാത്രം ചുവന്ന തുണിയിൽ പൊതിയുന്നത് ഭംഗിക്കുതന്നെയാകണം.കഥകളിയിലെ മിക്ക ഉപകരണങ്ങൾക്കും നിറം ചുവപ്പാണല്ലോ,ആയുധങ്ങൾ....
രംഗത്തെ ചുവപ്പിന് പരഭാഗശോഭ നൽകാൻ ഏറ്റവും ഉചിതം ബാക്ക് കർട്ടൻ കറുപ്പായിരിക്കുകയാണ്.
ബലിക്കല്ല് കാര്യത്തിൽ ഞാനും ഹരീക്കൊപ്പം തന്നെ.അത് കപ്ലിങ്ങാടിനു പറ്റിയ ഒരു കുഞ്ഞുതെറ്റ്.
നന്ദി.
മംഗലം,നന്ദി.നിണപോസ്റ്റ് ഇട്ടിരുന്നു.കണ്ടിരിക്കുമല്ലോ.
തെറ്റ് പറ്റിയതല്ലാ ട്ടോ, ഒരിക്കൽ അങ്ങനേയും കണ്ടു - അതായത് അമ്മയുടെ മടിയിൽ കിടത്താൻ സ്റ്റൂളിന്റേയും സഹായം വേണ്ടി വന്നു :-) ഞാൻ സൂചിപ്പിച്ച രംഗോപകരണങ്ങളെല്ലാം അപൂർവ്വമായി മാത്രം കണ്ടവയാണ്, അല്ലെങ്കിൽ ചില വേഷക്കാർ മാത്രം ഉപയോഗിക്കുന്നവ. ഉത്തരീയത്തെ പട്ടികയിൽ ചേർക്കുന്നതിൽ എനിക്കാക്ഷേപമൊന്നുമില്ല.
വേഷക്കാരന്റെ കയ്യും കലാശത്തിനൊപ്പം കലാശിച്ചും, ഉറങ്ങുന്ന സഹനടനെ മുട്ടി കൊണ്ടുണർത്തിയും, ചേങ്ങില വെങ്കിടകൃഷ്ണ ഭാഗവതരുടെ കയ്യിൽ ഒരു രംഗോപകരണം തന്നെയായിരുന്നു ! ഒരുതരം ദ്വന്ദ്വ വ്യക്തിത്വം എന്നു വേണമെങ്കിൽ പറയാം.
ഗോപിയാശാൻ രംഗോപകരണം ആവശ്യപ്പെടുന്നത് ത്രികാലം വീഡിയോയിലുണ്ട്, മൂന്നാം ദിവസം ഭാഗം 17-ൽ (http://in.youtube.com/watch?v=1wNITeLoJpg) 6 മിനുട്ട് കഴിഞ്ഞ് കാണുക :-)
Post a Comment