Thursday, July 29, 2010
മണ്ണിൽ തൊട്ട മനുഷ്യസ്ത്രീ – കോട്ടക്കൽ ശിവരാമനുമായി ഒരഭിമുഖം
പകർപ്പുകളില്ലാത്ത കഥകളിയിലെ ഏക അദ്ധ്യായമായിരുന്നു കോട്ടക്കൽ ശിവരാമൻ. ശിവരാമന്റെ കലാജീവിതമാണ് ആധുനികകഥകളി കണ്ട ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്ന്. അടിയുറച്ച സ്വപ്രത്യയസ്ഥൈര്യവും അനന്യമായ പ്രതിഭാശേഷിയും കലർന്ന ശിവരാമന്റെ കലാജീവിതം അനേകം അടരുകൾ ഉള്ളതാണ്. ശിവരാമന്റെ സങ്കീർണ്ണമായ വ്യക്തിസത്തയും കലാദർശനവും തമ്മിലുള്ള കലഹവും അനുരഞ്ജനവും എല്ലാം സ്ത്രീവേഷത്തിന്റെ ചരിത്രത്തെ പുനർ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
ഏഴുവർഷങ്ങൾക്കു മുൻപ്, കോട്ടക്കൽ ശിവരാമനുമായി ഞാൻ ചെയ്ത ഒരു അപ്രകാശിത അഭിമുഖസംഭാഷണം ചുവടെ ചേർക്കുന്നു. പരിസ്ഥിതിയും കലയും ഇഴചേർന്ന് കലാകാരന്റെ സ്വത്വരൂപീകരണത്തിലേക്കു വളരുന്ന നിരവധി ഘടകങ്ങളെ ഈ സംഭാഷണം സ്പർശിച്ചുപോകുന്നുണ്ട്. കഥകളിക്കകത്തും പുറത്തുമുള്ള പല കാര്യങ്ങളിലൂടെയും തെന്നിനീങ്ങിയ ഈ സംഭാഷണത്തിൽ നിന്ന് ഇനിയും കലാലോകത്തിനു സ്വീകരിക്കാൻ ഊർജ്ജം ബാക്കിയാണെന്നു തോന്നുന്നു. ഈ സംഭാഷണത്തിനുശേഷം വന്ന നിരവധി അഭിമുഖങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയിൽ വന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. സംഭാഷണത്തിലേക്ക്:
:} കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെപ്പറ്റി ആശാൻ പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. ഇന്ന് ആ ദുരിതകാലത്തേക്കു തിരിഞ്ഞുചിന്തിക്കുമ്പോൾ എന്തുതോന്നുന്നു?
സന്തോഷം തോന്നുന്നു. കുറേ അനുഭവങ്ങളിലൂടെ കടന്നുപോന്നിട്ടാണ് ഇന്നത്തെ ഈ ശിവരാമനുണ്ടായത്. അതൊക്കെ ഓർത്താൽ ഇപ്പൊ സങ്കടൊന്നും ഇല്ല. പിന്നെ,എന്റെ ഗുരുനാഥൻ പത്മശ്രീ.വാഴേങ്കട കുഞ്ചുനായരോടുള്ള നന്ദിയും.അദ്ദേഹം അപാരമായ ദീർഘദർശിത്വം ഉള്ള ആളായിരുന്നു.അതോണ്ടാണ് ഇന്നത്തെ ശിവരാമൻ ഉണ്ടായത്.
:}സ്കൂൾ ജീവിതത്തിന്റെ സമയത്തെ ഒരു ഓർമ്മ പറയൂ.
മുൻപു പറഞ്ഞ, പട്ടിണിയുടെ കുറേ ഓർമ്മയുണ്ട്.അതൊക്കെ കുറേ മുൻപ് പറഞ്ഞുകഴിഞ്ഞതും ആണല്ലോ. ശിവരാമൻ ഇങ്ങനെ ഒന്നും ആവണ്ട ആളായിരുന്നില്ല. മഹാനായ ഗുരുനാഥൻ ശിവരാമനെ ഇങ്ങനെ ആക്കിത്തീർത്തതാണ്. ആ കടം ഒരിക്കലും വീടില്ല.
:} സ്കൂളിനടുത്തുള്ള ഒരാൽമരത്തിന്റെ ചുവട്ടിൽ പോയി ഉച്ചക്ക് കിടന്നിരുന്ന ഒരു കഥ ഇടയ്ക്ക് പറഞ്ഞു കേട്ടിട്ടുണ്ട്.
അന്ന് ഉച്ചക്ക് പലപ്പോഴും പട്ടിണിയാണ്. ഒന്നൂണ്ടാവില്യ. ശിവരാമനാണെങ്കിൽ കൊടുംവെശപ്പും. കുറേ വെള്ളം കുടിച്ച് കാറൽമണ്ണ സ്കൂളിന്റെ അടുത്തുള്ള ആൽമരത്തിന്റെ ചോട്ടിലങ്ങനെ പോയിക്കിടക്കും. ഓരോന്ന് ആലോചിച്ചും കൊണ്ട്.
:} എന്താ ആലോചിക്യാ?
ഓരോ ഭ്രാന്തുകള്‍. (ചിരിക്കുന്നു)
:} കുറച്ചു ഭ്രാന്തുകള്‍ പറയൂ.
ആലിന്റെ മോളില് നിറയെ കിളികളാണ്. ഇവ്റ്റയൊക്കെ എങ്ങന്യാ ജീവിക്കണേന്ന് ആലോചിക്കും. നെറച്ച് പൊത്തുകളുണ്ട്, ചോട്ടില്. ഇതിൽ നിന്നൊക്കെ ഓരോ പാമ്പുകള്‍ പൊറത്തേക്ക് വന്നാലോന്ന് ആലോചിക്കും. പിന്നെ എന്താന്ന് അറിയാത്ത കുറേ ആലോചനകള്‍.
:} അപ്പൊഴും ആലോചിക്കണ വിഷയം പ്രകൃതി തന്നെ, ല്ലേ?
എത്ര ആലോചിച്ചാലും തീരാത്ത കാര്യല്ലേ അത്. (ചിരി)
:} എന്നിട്ട്, ആ കഷ്ടപ്പാടൊക്കെ തീരണത് എപ്പൊഴാ?
കോട്ടക്കല്‍ എത്തിയപ്പൊ. അതോടെ ശിവരാമൻ കോട്ടക്കൽ ശിവരാമൻ ആയി. ചേർന്നതിന്റെ മൂന്നാം ദിവസം ശിവരാമന് ശമ്പളം കിട്ടി. മൂന്നൂസത്തിന്റെ ശമ്പളായിട്ട് ആറുറുപ്പിക. നാലണ ഫീസടക്കാൻ വഴില്യാണ്ടെ സ്കൂളിൽ നിന്ന് പുറത്തായ ശിവരാമന് മൂന്നൂസത്തിന് ആറുറുപ്പിക. (കണ്ണു നിറയുന്നു)
:}കുഞ്ചുനായരാശാന്റെ പഠിപ്പിക്കലൊക്കെ എങ്ങനെയായിരുന്നു?
അശാൻ കൃത്യമായ ജീവിതശൈലി ഉള്ള ആളാണ്. ശിഷ്യന്മാരും അതൊക്കെ പഠിക്കണം എന്നായിരുന്നു ആശാന്റെ ആഗ്രഹം. ദേഷ്യം വരല് അപൂർവ്വാണ്. വാസുവൊക്കെ (കലാമണ്ഡലം വാസുപ്പിഷാരടി) മിടുക്കനാണ്. അയാൾക്കൊന്നും തല്ലുകൊള്ളണ്ടിവരില്ല. ശിവരാമൻ കുറേ കൊണ്ടിട്ടുണ്ട്. ആദ്യവസാന വേഷങ്ങലൊക്കെ ചൊല്ലിയാടിക്കുമ്പൊൾ ധാരാളം കൊണ്ടിട്ടുണ്ട്.
:} അതെന്താ ഇവിടെ മാത്രം കൊള്ളാൻ?
ശിവരാമന് അന്നെന്നെ താളം കഷ്ടിയാണ്. “കഷ്ടം ഞാൻ കപടം കൊണ്ട് ”(സുഭദ്രാഹരണം അർജ്ജുനന്റെ പതിഞ്ഞ പദം) ഒക്കെ എന്നേക്കൊണ്ടു ചൊല്ലിയാടിച്ചിട്ടുണ്ട്. ഞാൻ ശരിക്കും കഷ്ടപ്പെട്ടു. “നിനക്ക് പഠിയ്യ്യോന്ന് ഞാനൊന്നു നോക്കട്ടെ” എന്നും പറഞ്ഞിട്ട് അടി തുടങ്ങി. ശിവരാമനാണെങ്കിൽ അടികൊണ്ടാൽ ഉള്ള ബോധം കൂടി പോവും. കുറേ കരഞ്ഞു. കളരി നിർത്തിയതിനു ശേഷവും ആ സങ്കടം തീർന്നില്ല. പിന്നെ ആശാൻ പടിയിൽ വന്നിരിക്കുമ്പൊ ചായ വാങ്ങാൻ എന്നോടാണ് പറയുക. അന്ന് ചായയും പരിപ്പുവടയും വാങ്ങിവരാൻ പറഞ്ഞു. ഞാനും അതു കൊണ്ടുവന്നു കൊടുത്ത് തിരിയുമ്പൊൾ “ശിവരാമാ” എന്നു വിളിച്ചു. ഞാൻ അടുത്തു ചെന്നപ്പോൾ എനിക്ക് അതിൽ നിന്ന് പകുതി ചായയും പരിപ്പുവടയും തന്നു. “നീ കരയ്യ്യൊന്നും വേണ്ട.” എന്നു പറഞ്ഞു. അപ്പൊഴേക്കും ശിവരാമന്റെ കണ്ണിൽ നിന്ന് കുടുകുടാ വെള്ളമൊഴുകുകയാണ്. ആ ചായടേം പരിപ്പുവടയുടേം സ്വാദ് ഇപ്പൊഴും ഓർമ്മയുണ്ട്.
:} ആശാൻ സ്ത്രീവേഷത്തില്‍ ശ്രദ്ധിക്കാൻ പറഞ്ഞത് എപ്പൊഴാണ്?
അങ്ങനെ പറയൊന്നും ഉണ്ടായില്ല. ഒരു തവണ കുഞ്ചുക്കുറുപ്പിന്റെ ഒപ്പം ദമയന്തി കെട്ടണ്ടി വന്നപ്പൊ ആശാൻ എന്റെ പേരാ നിർദ്ദേശിച്ചത്. പിന്നെ സ്ത്രീവേഷങ്ങൾ സ്ഥിരായി.
:} അതെങ്ങനെയാ സ്ഥിരായത്? അന്ന് സ്ത്രീവേഷത്തിന് വലിയ സാദ്ധ്യതകളൊന്നുമില്ല. പുരുഷവേഷം കെട്ടിയാൽ കിട്ടണ പേരുമില്ല. പിന്നെ എങ്ങനെ?
അതാണ്, പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ ദീർഘദൃഷ്ടി എന്നു പറയണത്. ശിവരാമൻ ഇവിടെ ആണ് നന്നാവുക എന്ന് ആശാൻ തിരിച്ചറിഞ്ഞു. അതിനു വേണ്ടി പരിശീലിപ്പിച്ചു.
:} പരിശീലിപ്പിക്കുക എന്നു പറഞ്ഞത് ഏതെല്ലാം അർത്ഥത്തിലാണ്? ആദ്യവസാനസ്ത്രീവേഷങ്ങൾ ചൊല്ലിയാടിക്കുക എന്നതു മാത്രമാണോ?
അല്ല. അതൊരു ഭാഗം മാത്രമേ ആവുന്നുള്ളൂ. ഓരോ കഥാപാത്രത്തിന്റെയും ഉള്ള് വായിക്കാനുള്ള കണ്ണ് തുറന്നു തന്നത് ഗുരുനാഥനാണ്. ഞാൻ ആദ്യമായി രുഗ്മാംഗദചരിതം മോഹിനി കെട്ടി ഇറങ്ങിയപ്പോൾ ഗുരുനാഥൻ എന്നോടു പറഞ്ഞത് “പന്തളം കേരളവർമ്മയുടെ രുഗ്മാംഗദചരിതം പോയി വായിക്കൂ” എന്നാണ്. കാറൽമണ്ണയിൽ അന്നുതന്നെയുള്ള വിപുലമായ പുസ്തകശേഖരത്തോടുകൂടിയ വായനശാല എന്നെ ശരിക്കും സഹായിച്ചു. പുതിയ പുതിയ സാഹിത്യസൃഷ്ടികളൊക്കെ ഞാൻ വായിക്കുന്നത് അവിടെനിന്നാണ്.
:} പുസ്തകവായന അത്രയ്ക്കിഷ്ടമായിരുന്നോ? പൊതുവേ കഥകളിക്കാരിൽ സുലഭമല്ലാത്ത ഒരു ശീലം?
എനിക്ക് അന്നുമുതൽക്കേ പുസ്തകങ്ങൾ വലിയ കമ്പമായിരുന്നു. കിട്ടണതൊക്കെ അന്നുവായിച്ചിട്ടുണ്ട്. ഇപ്പോഴും പരമാവധി വായിക്കും.
:} അതുകൊണ്ടൊക്കെ കഥകളിക്ക് എന്തെങ്കിലും ഗുണമുണ്ടോ?
അനവധിയുണ്ട്. ഓരോ കഥാപാത്രത്തിനെപ്പറ്റിയും നന്നായി ചിന്തിക്കണം. ഓരോ അവസരങ്ങളിലും സന്ദർഭങ്ങളിലും അവർ എങ്ങനെയാണ് പെരുമാറുക എന്ന് ചിന്തിച്ചുമനസ്സിലാക്കണം. അതിന് ആ പശ്ചാത്തലം നന്നായി അറിയണം. പുസ്തകങ്ങൾ വായിച്ചാലേ അതു കിട്ടൂ.
:} മോഹിനിയുടെ നിലവിലുണ്ടായിരുന്ന കഥാപാത്രസ്വഭാവത്തെ ആശാൻ ഒന്നാകെ തിരുത്തിയല്ലോ. അതൊക്കെ ഈ ചിന്തകളുടെ വെളിച്ചത്തിലാണോ?
കുറേ ഗുരുനാഥന്റെ അനുഗ്രഹം. അൽപ്പം ഞാനും കഷ്ടപ്പെട്ടിട്ടുണ്ട്. വാൾ എടുത്തു രുഗ്മാംഗദന്റെ കയ്യിൽ കൊടുക്കുന്ന മോഹിനിയെ മാത്രമേ അന്നുവരെ കഥകളിവേദിക്ക് കണ്ടു പരിചയമുള്ളൂ. ഞാൻ അതു ചെയ്യാതിരുന്നപ്പോൾ ഒരുപാടു പേർ കുറ്റം പറഞ്ഞു. എനിക്ക് എന്റേതായ നിലയുണ്ട്. ഞാനതിൽ ഉറച്ചുനിന്നു.
:} അങ്ങയുടെ പൂതനയിലും മോഹിനിയിലും പൊതുവായി കാണുന്ന ഒന്നുണ്ട്. കടുത്ത ആത്മസംഘർഷം. കൃത്യനിർവ്വഹണത്തിനും മനഃസാക്ഷിക്കും നടുവിൽ പെട്ടുഴലുന്ന കഥാപാത്രങ്ങൾ. വാസ്തവത്തിൽ ഇവരൊന്നും മനുഷ്യരല്ലല്ലോ. പിന്നെ എന്തിനാണ് മനുഷ്യരുടെ ഇത്തരം ആത്മതാപങ്ങളൊക്കെ?
മണ്ണിൽ തൊട്ടാൽ എല്ലാവരും മനുഷ്യസ്ത്രീകളാ കുട്ടീ (ചിരി) ബ്രഹ്മാവിന്റെ ആജ്ഞ നിറവേറ്റാനുള്ള നിർബ്ബന്ധിതാവസ്ഥ ഒരു വശത്തും ഒരച്ഛനോട് സ്വന്തം കുഞ്ഞിനെ വെട്ടിക്കൊല്ലാൻ പറയേണ്ടിവരുന്ന ഒരു സ്ത്രീയുടെ ധർമ്മസങ്കടം മറുവശത്തും- മോഹിനിയെ അങ്ങനെ അവതരിപ്പിക്കുമ്പൊഴേ അതിനു മിഴിവുവരുന്നുള്ളൂ. പൂതനയ്ക്കും അതെ. ഒരു കൊച്ചുകുഞ്ഞിനെ മുലകൊടുത്തുകൊല്ലണത് എത്ര സങ്കടമുള്ള കാര്യാണ്! അതു ചെയ്യേണ്ടിവരുമ്പൊ ഏതു രാക്ഷസിക്കായാലും ദുഃഖമുണ്ടാവില്ലേ?
:} ദമയന്തിയിലാവണം ഈ ദുഃഖത്തിന്റെ കടലൊക്കെ ഒന്നാകെ കൊണ്ടുവരാനായത്; ല്ലേ?
അതെ. നളചരിതം എന്നു സത്യത്തിൽ പേരല്ലേ ഉള്ളു. ദമയന്തിയുടെ ചരിതമാണത്. ഒന്നും രണ്ടും നാലും ദിവസങ്ങളിലെ പ്രധാനകഥാപാത്രം തന്നെ ദമയന്തിയാണ്. മൂന്നിൽ അൽപ്പനേരമേ ഉള്ളു എന്നു പറയാം. എങ്കിലും കഥാഗതിയുടെ നിയന്ത്രണത്തിൽ ദമയന്തിക്ക് സുപ്രധാനമായ പങ്കുണ്ട്. ഇത്രയ്ക്കും പ്രശ്നങ്ങളൊക്കെ കടന്നുവരേണ്ടിവന്നിട്ടും ജീവിതത്തിന്റെ ധൈര്യത്തോടെ നേരിട്ടവളാണ് ദമയന്തി.
:} ഇത്തരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കഥകളിയുടെ സാധാരണനിയമങ്ങളൊക്കെ ആശാൻ മറികടക്കുന്ന പോലെ തോന്നിയിട്ടുണ്ട്.
അപ്പോൾ കഥാപാത്രാണ് പ്രധാനം. “എൻ കാന്തനെന്നോടുണ്ടോ വൈരം” എന്നു വെറുതേ മുദ്ര പിടിച്ചാൽ ആ അനുഭവം ഉണ്ടാവില്ല. ഞാനാ നിമിഷങ്ങളിൽ കഥാപാത്രത്തിനോടാണ് ചേർന്നു നിൽക്കുന്നത്.
:} കഥാപാത്രവും കഥകളീം തമ്മിലപ്പോൾ ചില്ലറ പ്രശ്നങ്ങളുണ്ട്, ല്ലേ?
അതൊക്കെ കൂടണതല്ലേ കഥകളി. എല്ലാറ്റിലും പ്രധാനം അനുഭവമാണ്. അതു കണ്ടിരിക്കുന്നവർക്കു കിട്ടണപോലെ അവതരിപ്പിക്കണം. അതു തന്നെയാണ് കഥകളി.
:} അതു പോകട്ടെ, കഥകളിയിലെ പല തലമുറകൾക്കൊപ്പം അങ്ങു നായികയായി. ഏറ്റവും അനായാസമായ പ്രകടനം കാഴ്ച്ചവെക്കാൻ ആർക്കൊപ്പമാണ് കഴിഞ്ഞിട്ടുണ്ടാവുക?
അതു ഗോപിയുടെ ( കലാമണ്ഡലം ഗോപി ) ഒപ്പം തന്നെയാണ്. ആശാന്റെ ഒപ്പം ചെയ്യുമ്പോൾ ആ ഒരു ബഹുമാനത്തിലേ ചെയ്യാൻ പറ്റൂ. ആ ഒരു അകലം എപ്പോഴും ഉണ്ടാവും. കൃഷ്ണൻനായരുടെ ഒപ്പം ചെയ്യുമ്പോഴും അതെ. ഹൃദയപരമായ ഐക്യം ഗോപിയുടെ ഒപ്പം ചെയ്യുമ്പൊൾ തന്നെയാണ്. തുറന്നു ചെയ്യാം. ഞങ്ങൾ സമപ്രായക്കാരാണ്.
:} പുസ്തകങ്ങളൊക്കെ വായിക്കുന്നത് ശരിതന്നെ. എന്നാലും ജീവിതത്തിൽ നിന്നാണല്ലോ ആശാൻ കഥകളീം ഉണ്ടാക്കുന്നത്. അതെങ്ങനെയാ ശീലിച്ചത്?
ശിവരാമന് ജീവിതത്തിലുണ്ടായ അനുഭവങ്ങളൊക്കെ പാഠങ്ങളാണ്. വിവാഹോം ഒരു പാഠാണ്. ഭവാനിയും അങ്ങനെ പറയ്യ്യാച്ചാൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. (ചിരി) അതൊക്കെ ശിവരാമന്റെ കഥകളീലും ഉണ്ടാവും.
:} കഥകളി സത്യത്തില്‍ സാധാരണജീവിതത്തിന്റെ ഇടപെടലുകളെ അതേപടി അരങ്ങിൽ കൊണ്ടുവരാത്ത കലയാണല്ലോ. എന്നാൽ ആശാൻ ജീവിതത്തെയും കലയേയും വേറിട്ടു കണ്ടതേയില്ല. അതു സ്വീകരിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിൽ കഥകളി കണ്ട ഏറ്റവും വലിയ അത്ഭുതം അതാണെന്നു തോന്നുന്നു. എന്തു പറയുന്നു?
( നീണ്ട ചിരി ) സ്വീകരിക്കപ്പെടലൊക്കെ പിന്നെ ഉണ്ടായതാണ്. അദ്യൊക്കെ കുറേ അവഗണിച്ചിട്ടുണ്ട്. സ്ത്രീവേഷക്കാരൻ രണ്ടാം തരക്കാരനായിരുന്നൂലോ. അത് ആർക്കും ചെയ്യാവുന്ന ഒരു വേഷം മാത്രമായിരുന്നു. ശിവരാമൻ പിടിച്ചുവാങ്ങുകയായിരുന്നു. ചെറിയ ചെറിയ സ്ത്രീവേഷങ്ങൾ വരെ. “അതു ഞാൻ ചെയ്യാം, അതിലൊന്നുമില്ല എന്നു കരുതണ്ട. അതിലും ഉണ്ട്, ഞാൻ ചെയ്യാം” എന്നും പറഞ്ഞ് പിടിച്ചുവാങ്ങി ചെയ്തിട്ടുണ്ട് പലവേഷങ്ങളും. അങ്ങനെയാണ് സ്ത്രീവേഷത്തിന് ഇന്നത്തെ ഒരു നില വന്നത്.
:} എന്തു തോന്നുന്നു, ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ?
സന്തോഷം. ഗുരുനാഥന്റെ കാരുണ്യം. ശിവരാമനില്ലാത്തപ്പൊഴും ഇനി സ്ത്രീവേഷത്തിനു വിലയുണ്ടാവും. അതോർക്കുമ്പോൾ വലിയ സന്തോഷം.
Labels:
അഭിമുഖം
Subscribe to:
Post Comments (Atom)
26 comments:
എന്താ ഇതിനിപ്പോ ഒരു മറുപടി കുറിക്കുക!
--
ഒരു കലാകാരനോട് ചോദിക്കേണ്ടത് എന്തു തരം ചോദ്യങ്ങള്‍ ആയിരിക്കേണം എന്നതിന്റെ മികച്ച ഉദാഹരണം...
നന്ദി..
വളരെ നന്നായിരിക്കുന്നു...
നന്നായിരിക്കുന്നു.
വിഷയമറിഞ്ഞുള്ള അഭിമുഖം.
നാട്ടില്‍ ഇന്ന് അധികമായി കാണാത്തതും മറ്റൊന്നല്ല.
ആന്തരിക പരിണാമം മനസ്സിലാക്കിത്തരുന്ന അഭിമുഖം.നന്നായി
അതേയ്, ഭേഷായിട്ട്ണ്ട് ട്ട്വോ!
സാങ്കേതജടിലമായ കല എന്നതിലും ഉപരിയായി ഒരു ആത്മതലം കഥകളിക്കു ഉണ്ടെന്നു നമ്മെ മനസ്സിലാക്കി തന്ന മഹാനായ കലാകാരനായിരുന്നു കോട്ടക്കല്‍ ശിവരാമന്.
അദ്ദേഹത്തെ ഒന്നുകൂടി സ്മരിക്കുവാന് ഈ ലേഖനം സഹായിച്ചു. നന്ദി.
ഡോ. മോഹന്‍ദാസ്
മണ്ണില്തൊട്ടിരുന്നുള്ള അഭിമുഖം.....
വി. ശി.
വളരെ നന്നായി ട്ടോ
ഇനി ശിവരമാനാശന്റെ കളി കാണാന്‍ പറ്റില്ലാലോ എന്ന് ആലോചിക്കുമ്പോള്‍ ഒരു വിഷമം മാത്രം ബാക്കി.
കുറെ കാലത്തിനു ശേഷം വീണ്ടും സജീവമായി അല്ലെ ? എവിടെ ആയിരുന്നു ഇതു വരെ ? ഈ ചോദ്യം തിരിച്ചു ചോദിക്കാം അല്ലെ ? :-)
സജീഷ്
നന്ദി ശ്രീ.
A VERY GOOD ARTICLE. VERY TOUCHING TOO. IT IS VERY DIFFCULT TO ADMIT THAT SIVARAMAN ASAAN IS NOT THERE. BUT WE HAVE TO. "VIDHI KRUTHA VILASAM............"
അദ്ദേഹത്തെ അടുത്തു നിന്നു കേട്ടപോലെ!
ശ്രീ. കോട്ടക്കല്‍ ശിവരാമാനുമായി നടത്തിയ അഭിമുഖം യുവ കലാകാരന്മാര് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു നടന് ഒരു കഥാ പത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആ കഥാ പാത്രത്തെ പറ്റി ചിന്തിക്കണം. അപ്പോള്‍ ആ കഥാപാത്രത്തെ പറ്റിയുള്ള അറിവുകളും നേടിയിരിക്കണം. അതിനുവേണ്ടി ധാരാളം പുസ്തകങ്ങളും വായിക്കണം. ഇന്ന് കളരിയില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ മാത്രം കൊണ്ട് കഥകളി വേഷം കെട്ടുന്ന കലാകാരന്മാര് ആണ് ധാരാളം ഉള്ളത്.
ആശാന്റെ ഒപ്പം ചെയ്യുമ്പോൾ ആ ഒരു ബഹുമാനത്തിലേ ചെയ്യാൻ പറ്റൂ. ആ ഒരു അകലം എപ്പോഴും ഉണ്ടാവും. കൃഷ്ണൻനായരുടെ ഒപ്പം ചെയ്യുമ്പോഴും അതെ. ഹൃദയപരമായ ഐക്യം ഗോപിയുടെ ഒപ്പം ചെയ്യുമ്പൊൾ തന്നെയാണ്. തുറന്നു ചെയ്യാം. ഞങ്ങൾ സമപ്രായക്കാരാണ്.
വളരെ ശരിയാണ്. ഇത് സ്ത്രീ വേഷം കെട്ടുന്ന എല്ലാ കലാകാരന്മാര്ക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. അരങ്ങു സ്വാതന്ത്ര്യം. ഒരിക്കല്‍ പള്ളിപ്പുറം ആശാന്റെ കചനോടൊപ്പം ദേവയാനി കെട്ടി വേഷം അഴിക്കുമ്പോള്‍ ശിവരാമേട്ടന് ഇതേ അഭിപ്രായം എന്നോട് പറഞ്ഞിട്ടുണ്ട്. സ്ത്രീ വേഷത്തിനു മാത്രം അല്ല. കൂട്ടു വേഷങ്ങള്‍ ചെയ്യുന്ന കലാകാരന്മാര്ക്കെല്ലാം ഈ സ്വാതന്ത്രിയം കഥാ പാത്രങ്ങളെ വിജയിപ്പിക്കാന്‍ ആവശ്യം ആണ്. മീനടം എന്ന ഒരു സ്ഥലത്ത് ഒരിക്കല്‍ ഒരു സൌഗന്ധികം ഉണ്ടായി. അന്ന് ഭീമന് കെട്ടേണ്ട നടന് അസൌകര്യം ഉണ്ടായപ്പോള്‍ ശ്രീ. രാമന് കുട്ടി ആശാന്റെ ഹനുമാനോടൊപ്പം ഭീമന് കെട്ടേണ്ടി വന്നത് അദ്ദേഹത്തിന്റെ ശിഷ്യന് കലാമണ്ഡലം കേരളവര്‍മ്മയാണ്. ധാരാളം ഹനുമാന് വേഷം കെട്ടി പ്രസിദ്ധി നേടിയ കേരളവര്‍മ്മക്ക് ആശാന്റെ കൂടെ ഭീമനായി പോകാന്‍ ഒരു ഭയം. യഥാര്‍ത്ഥത്തില്‍ ഭയം അല്ല. അസ്വാതന്ത്രിയം.
(മിസ്റ്റര്‍. വികടശിരോമണി അവര്‍കള്‍ക്ക് വളരെ നന്ദി )
കഥകളിയിൽ അരങ്ങിലെ പാത്രസൃഷ്ടി മറ്റുദൃശ്യകലകളിൽ നിന്നും വളരെ വ്യത്യസ്ഥമാണ്. സ്വാഭാവികത തീരെയില്ലായ്മ അതിലൊന്നാണ്. ഈ ചിട്ടവട്ടങ്ങൾക്ക് ഉള്ളിൽ നിന്നു കൊണ്ടു തന്നെ ശിവരാമൻ ചില മാറ്റങ്ങൽ വരുത്തുകുയുണ്ടായി-ചില സ്വാാഭാവികത’കൾ വരുത്തി എന്നു വേണമെങ്കിൽ പറയാം.കഥകളിയിൽ ഒരു മാാറ്റത്തിന്റെ ദിശ.
“മണ്ണിൽ തൊട്ട’ എന്ന പ്രയോഗം കൊണ്ട് ഇതൊക്കെ സൂചിപ്പിച്ച വികടശിരോമണിയ്ക്ക് കൂപ്പുകൈ.
nannayittund. ad best
ശ്രീ കോട്ടക്കല്‍ ശിവരാമനെ അടുത്തറിയാന്‍ സഹായിച്ച ഈ കുറിപ്പും അഭിമുഖവും ഒരുപാടിഷ്ടമായി. ഭാവുകങ്ങള്‍.
എല്ലാവർക്കും നന്ദി.
ശിവരാാമേട്ടനുമായുള്ള ഒരു സുദീർഘാഭിമുഖത്തിന്റെ ടേപ്പ് കൈവശമുണ്ട്. തിരക്കുകൾ കാരണം അതു മുഴുവൻ ടൈപ്പ് ചെയ്യാനാവുന്നില്ല. കഴിയുന്ന സമയത്ത് പ്രസിദ്ധീകരിക്കണം.
ഈ നിമിഷങ്ങളിൽ, ഹരീ പറഞ്ഞപോലെ, എഴുതേണ്ടത് എന്തെന്നറിയാത്ത സന്നിഗ്ധത ബാക്കിയാവുന്നു.
നന്ദി. സ്നേഹം, ഓർമ്മ.
വരും തലമുറകൾക്കു മുന്നിൽ നാമിങ്ങനെ ഒരു വസന്തത്തെ കണ്ടിരുന്നു എന്നിനി പറയാം.
അഭിമൂഖം ഇഷ്ട്ടപ്പെട്ടൂ..
ഞാൻ കുറച്ചു നാളായി ഈ വഴിയൊന്നും വരാറില്ലെങ്കിലും ഇങ്ങനെ ഒന്ന് ഇവിടെയുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു.ഇപ്പോഴാ വായിച്ചത്. നന്ദി.
അദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്ന് സംശയം.
എന്തായാലും ഈ പോസ്റ്റ് വളരെ നന്നായി.
നാട്യകലയും സാഹിത്യവും ചരിത്രവും പൈതൃകവും എല്ലാം ചര്‍ച്ചചെയ്യപ്പെടുന്ന അഭിമുഖം കാലികപ്രസക്തവും ചിന്തനിയവുമാണ്. കൊള്ളാം.കോട്ടക്കല്‍ ശിവരാമന്, വാഴേങ്കട കുഞ്ചു നായര്‍, തുടങ്ങിയ അതുല്യ പ്രതിഭകളുടെ ഒരു ചിതം കാണാന്‍ കഴിയുന്നുന്ന്ട്.
ഇപ്പോ ഇതുവായിച്ചപ്പോ എന്തോ ഒരു വിഷമം. സത്യം.
-സു-
aa നോട്ടീസ് നോക്കാൻ വന്നതാ :)
കോട്ടക്കൽ ശിവരാമൻ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തുടങ്ങിയതോടെ, കഥകളിയിൽ ഉണ്ടായിരുന്ന പുരുഷാധിപത്യ സമീപനത്തിൽ മാറ്റം വന്നു എന്ന് കേട്ടിട്ടുണ്ട്..
എടാ കട്ടതെവിടുന്നാ
Post a Comment