Showing posts with label കഥകളിസംഗീതം. Show all posts
Showing posts with label കഥകളിസംഗീതം. Show all posts

Monday, December 22, 2008

കഥകളിസംഗീതത്തിന്റെ സമയസന്ധികളും കാലിക പ്രശ്നവിചാരങ്ങളും

ഥകളിയുടെ ഏറ്റവും വിസ്മയകരമായ വ്യതിരിക്തതകളിലൊന്ന്,സംഗീതം തന്നെയാണ്.മറ്റേതെങ്കിലും ഒരു തീയറ്റർ കലാരൂപത്തിന് ഇത്രമാത്രം വിപുലവും ഭാവവൈചിത്ര്യം നിറഞ്ഞതുമായ ഒരു സംഗീതപദ്ധതി രൂപപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.ഒരുപക്ഷേ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ കേരളത്തിനെടുത്തു വെക്കാവുന്ന തനതുസംഗീതജ്ഞന്മാരിൽ ഒരുവലിയപങ്കും കഥകളിസംഗീജ്ഞരായിരിക്കുകയും ചെയ്യും.ഒരു പ്രയുക്തസംഗീതത്തിനു കിട്ടാവുന്നതിലും പലമടങ്ങ് അംഗീകാരം കഥകളിസംഗീതത്തിനു ലഭിച്ചിട്ടുണ്ട്.ഒരു പ്രയുക്തസംഗീതത്തിന്റെ ചട്ടവട്ടങ്ങൾക്കപ്പുറം അതുവളർന്നിട്ടുമുണ്ട്.കഥകളിയിൽ നിന്നകന്നാൽ കഥകളിസംഗീതമുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നെങ്കിലും.
കഥകളിസംഗീതത്തിന്റെ ചരിത്രം,ഏറെ ഭാവനാത്മകമായ പരീക്ഷണങ്ങളുടെ ചരിത്രമാണ്.കഥകളിയുടെ ആദ്യകാലത്ത് ‘പിൻ‌പാട്ട്’എന്ന സമ്പ്രദായമുണ്ടായിരുന്നോ എന്ന വിഷയത്തിൽ ചരിത്രകാരന്മാർ ഭിന്നാഭിപ്രായക്കാരാണ്.ഏതായാലും ആദ്യകഥകളായ രാമനാട്ടകഥകളിൽ തന്നെ,‘സാരിപ്പദം’പോലുള്ള,രംഗത്ത് മുദ്രാഭിനയമില്ലാത്ത സങ്കേതങ്ങളുണ്ടായിരുന്നു എന്ന് സ്പഷ്ടം.(സീതാസ്വയം വരത്തിലെ സീത,വരണമാല്യവുമായി പ്രവേശിക്കുന്നത് ഒരു സാരിപ്പദത്തിന്റെ അകമ്പടിയോടെയാണ്)വാചികം സംഗീതത്തിലേക്കു നിജപ്പെട്ടതോടെയാണ്,കഥകളിയിൽ ആംഗികം കൂടുതൽ നാട്യധർമ്മിയായത്.കഥകളിക്കാവശ്യമായ അലൌകികപശ്ചാത്തലം സൃഷ്ടിക്കാൻ സംഗീതം ഏറെ സഹായിക്കുകയും ചെയ്തു.
കേരളീയർ പൊതുവേ ‘നാദ’ത്തേക്കാൾ ‘ഒച്ച’ക്ക് പ്രാധാ‍ന്യം കൊടുത്തവരാണ്, സ്വാതിയുടെ ഉദയവും,തുടർന്ന് തിരുവനന്തപുരവും സമീപപ്രദേശങ്ങളിൽ നിന്നു വികസിച്ചതുമായ ആ നാദപ്രവാഹത്തെ ഒഴിച്ചാൽ.ശക്തമായ ഒച്ചകളുടെ സാനിധ്യത്തെ സ്നേഹിച്ച ജനത. അനുപമമായ ശംഖമദ്ദളമംഗലധ്വനികളുടെ നിർമ്മിതി അങ്ങനെയാണു സാധ്യമായതും.സോപാനമാർഗത്തിന് വിപുലമായ രാഗവൈവിധ്യം സ്വന്തമല്ല.സ്വാഭാവികമായും സോപാനസംഗീതമാർഗത്തെ പിൻ‌പറ്റിയ കഥകളിസംഗീതം,പരിമിതികളുടെ തടവറയിൽ തന്നെയായിരുന്നു.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെയാണ് കഥകളിയുടെ ഘടകകലകൾ നിർവ്വഹിക്കേണ്ട ധർമ്മങ്ങളെപ്പറ്റി വ്യക്തമായ രൂപമുണ്ടാകുന്നത്.അദ്ദേഹം കളിയരങ്ങിന്റെ ഊടും പാവും മാറ്റിനെയ്തു. അപ്പോഴും കഥകളിസംഗീതത്തിൽ സമൂലമായ പരിണാമങ്ങൾ സംഭവിച്ചിരുന്നില്ല.അതുസംഭവിക്കുന്നത് വെങ്കിടകൃഷ്ണഭാഗവതരുടെ ആഗമനത്തോടെയാണ്.പട്ടിക്കാംതൊടിക്കളരിയുടെ പരീക്ഷണശാലയിൽ ഉണ്ടായിരുന്നവരെല്ലാം അവരവരുടെ മേഖലകളെ പുതുക്കിപ്പണിത പ്രസ്ഥാനങ്ങളായിരുന്നു എന്നതൊരു അത്ഭുതമാണ്.വേഷത്തിൽ പട്ടിക്കാംതൊടി,സംഗീതത്തിൽ വെങ്കിടകൃഷ്ണഭാഗവതർ,ചെണ്ടയിൽ മൂത്തമന,മദ്ദളത്തിൽ വെങ്കിച്ചസ്വാമി.ആ സമഗ്രമായ ഉദ്ഗ്രഥനത്തിന്റെ കളരിയിൽ നിന്നാണ് സോപാനമാർഗത്തിന്റെ തനതുവാർപ്പുകളെ കർണ്ണാടകസംഗീതത്തിന്റെ വിശാലസമുദ്രജലം കൊണ്ട് നവീകരിക്കാനുള്ള ബലം വെങ്കിടകൃഷ്ണഭാഗവതർ ആർജ്ജിക്കുന്നത്.ഓരോ ഭാവവൈചിത്ര്യത്തിനും അനുസാരിയായി അനുരൂപമായ രാഗവൈവിധ്യങ്ങൾ,ആവർത്തിച്ചുപാടേണ്ടിവരുമ്പോൾ വ്യത്യസ്തമായ സംഗതികൾ,ഭൃഗകളും ഗമകങ്ങളുമടങ്ങുന്ന ആലങ്കാരികമായ സംഗീതരീതിശാസ്ത്രം-കഥകളിയുടെ അമൂലാഗ്രം നടന്ന പൊളിച്ചെഴുത്തുകളിലേക്ക് സംഗീതവും ഉൾച്ചേരുകയായിരുന്നു.
വേഷത്തിനനുസരിച്ച പാട്ട്,കൊട്ട്-ഈ അലിഖിതനിയമം പട്ടിക്കാംതൊടിക്കളരിയുടെ മുഖമുദ്രയായതിനാൽ തന്നെ,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതവും ആ വൃത്തനകത്തുനിന്നു.ഭാവസംഗീതമായിരുന്നു അദ്ദേഹത്തിന്റേത് എന്നാണു കേട്ടറിവ്.ഘനശാരീരവും,അനതിസാധാരണമായ രംഗബോധവും സമന്വയിക്കുന്ന വെങ്കിടകൃഷ്ണഭാഗവതരുടെ പ്രവർത്തനമാണ് തുടർന്നുള്ള സംഗീതത്തിന്റെ ദിശാസൂചകമായി വർത്തിച്ചത്.
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ-തലമുറകളുടെ പ്രമാണി
----------------------------------------------------------------
കഥകളിസംഗീതത്തിന്റെ ശ്രവ്യസൌകുമാര്യത്തിലേക്ക് സഹൃദയസമൂഹത്തിന്റെ കണ്ണുമിഴിയുന്നത് നമ്പീശന്റെ സംഗീതജീവിതത്തോടെയാണ്.കേരളമാകെ ആദരിച്ച,ആദരിക്കുന്ന, പിന്നീടുണ്ടായ മിക്ക ഗായകരും നടന്നവഴിത്താരകൾ നമ്പീശന്റെ മാർഗേണയാണ്.മൂത്താൻ ഭാഗവതരുടെ (പുലാപ്പറ്റ കുട്ടൻ ഭാഗവതർ) ശിഷ്യനായി ആരംഭിച്ച ആ സംഗീതജീവിതം അദ്വിതീയമായ ഒരു യുഗത്തിന്റെ ചരിത്രമാണ്.ആലാപനവഴിയിൽ,വെങ്കിടകൃഷ്ണഭാഗവതർ തുടങ്ങിവെച്ച ശാസ്ത്രീയപരിഷ്കരണം നമ്പീശൻ അവിടെനിന്നും മുന്നോട്ടുനയിച്ചു.ആരെയും വ്യാമുഗ്ധരാക്കുന്ന ശ്രവണസുഖദമായ ശാരീരം,അടിയുറച്ച താളം,വിപുലമായ ജ്ഞാനം-നമ്പീശന്റെ സംഗീതത്തിന്റെ സവിശേഷചാരുത വേറിട്ട അദ്ധ്യായമായി.ഒരിക്കലും ജ്ഞാനം കസർത്തുകൾക്കുപയോഗിക്കാതെ,കളിയരങ്ങ് ആവശ്യപ്പെടുന്ന ഭാവതലത്തെ ഉന്മിഷിത്താക്കുന്ന നമ്പീശന്റെ കാൽ‌പ്പാടുകൾ കഥകളിസംഗീതമുള്ള കാലത്തോളം മാഞ്ഞുപോവില്ല.
ഉണ്ണികൃഷ്ണക്കുറുപ്പ്-തീഷ്ണപ്രതിഭയുടെ അവധൂതജന്മം
----------------------------------------------------

കഥകളി സംഗീതത്തിൽ മുൻപോ പിൻപോ കാണാത്ത പ്രതിഭാവിലാസത്തിന്റെ ഹിമാലയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പ്.സമാനതകളില്ലാത്ത അവധൂതജന്മം.ആർക്കുമുമ്പിലും തലകുനിക്കാതെ,ആ ബൊഹീമിയൻ ജീവിതം സംഗീതം കൊണ്ടലഞ്ഞ ഘോരവിപിനങ്ങളിലൂടെ മറ്റാരും എത്തിനോക്കിയിട്ടില്ല.ഏതെല്ലാം സംഗീതത്തിന്റെ സമവായമായിരുന്നു കുറുപ്പിലൂടെ പ്രവഹിച്ചതെന്നു പറയാൻ പ്രയാസം.പാരമ്പര്യമായി കിട്ടിയ കളമെഴുത്തുപാട്ടുമുതൽ,ഹിന്ദുസ്ഥാനിസംഗീതം വരെയുള്ള നാദഗോപുരങ്ങളിലൂടെ കഥകളിസംഗീതം കുറുപ്പിലൂടെ നടന്നു.ഏറെക്കാലം കേരളത്തിനുപുറത്ത്,ബംഗാളിൽ ശാന്തിനികേതനത്തിലെ ജോലിയുമായി കഴിഞ്ഞപ്പോഴും അവധിക്കു വരുമ്പോൾ കുറുപ്പുപാടുന്ന ഏതാനും അരങ്ങുകൾക്കായി ആസ്വാദകലോകം കാതോർത്തുകാത്തിരുന്നു.പിന്നീട് കുറുപ്പു നാട്ടിലെത്തിയതോടെ,ഓരോ അരങ്ങും സംഗീതത്തിന്റെ ഉത്സവങ്ങളായി.കഥ ചിട്ടപ്രധാനമോ,ഭാവപ്രധാനമോ ആകട്ടെ,കുറുപ്പിന് എല്ലാം സമമായിരുന്നു.ഓരോ രാഗങ്ങളും കുറുപ്പിന്റെ കണ്ഠത്തിലൂടെ സവിശേഷമായ വ്യക്തിത്വമാർജ്ജിക്കുന്നതുകണ്ട് കഥകളിലോകം വിസ്മയസ്തബ്ധരായി.എന്നാൽ അവയൊന്നും കഥകളിയുടെ സമഗ്രശിൽ‌പ്പത്തിൽ നിന്നു തെറ്റിപ്പോയതുമില്ല.ഇന്നും കുറുപ്പിനേപ്പോലെ സഹൃദയഹൃദയത്തിൽ ജീവിക്കുന്ന മറ്റൊരു കഥകളിസംഗീതജ്ഞനുണ്ടാകുമെന്നു തോന്നുന്നില്ല.വളരെ ചെറിയ ശിഷ്യസഞ്ചയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പിന്റേതെങ്കിലും,ഇന്നു കഥകളിലോകത്തിന്റെ തുഞ്ചത്തുള്ള ഒരുപിടി പാട്ടുകാർ-കോട്ടക്കൽ നാരായണനും,പാലനാട് ദിവാകരനും,കലാനിലയം ഉണ്ണികൃഷ്ണനും,കോട്ടക്കൽ മധുവുമെല്ലാം-അദ്ദേഹത്തിന്റെ ശിഷ്യരാണെന്നത് കാലം ആ ജീനിയസ്സിനു നൽകിയ സമാദരണമാവാം.
എമ്പ്രാന്തിരി-ഹൈദരാലിമാർ-ജനകീയതയുടെ പൊന്നാനിപ്പാട്ട്
-----------------------------------------------------------------
കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും കലാമണ്ഡലം ഹൈദരാലിയുമാണ് കഥകളിസംഗീതത്തിന്റെ പ്രയുക്താവസ്ഥക്കു മുകളിൽ ജനകീയമായ ഒരു സ്ഥാനം അതിനു നിർമ്മിച്ചത്.താരത‌മ്യേന ലളിതവും,ശ്രവണസുഖദവുമായ എമ്പ്രാന്തിരി സംഗീതത്തിന്,ഒരു വലിയ കൂട്ടം സംഗീതപ്രേമികളെ അരങ്ങിനു മുന്നിലെത്തിക്കാനായി.എമ്പ്രാന്തിരിയുടെ “കിം കിം അഹോ സഖിയും”,“കരുണാവാരിധേ കൃഷ്ണാ”യും കേൾക്കാനായി മാത്രം കഥകളിക്കുവന്നിരുന്ന ആസ്വാദകരെ അന്നു സുലഭമായി കാണാമായിരുന്നു.അതുകഥകളിയുടെ ആകമാനീയതയെ,ഇഴപ്പൊരുത്തത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്.ശിങ്കിടിക്കു ഒറ്റക്കുപാടാനവസരം നൽകാതെ,അനുസ്യൂതം പാടുന്ന ആ ശൈലിയും ഏറെ വിമർശനങ്ങൾ വരുത്തിവെച്ചു.ഭാവതലത്തിൽ എമ്പ്രാന്തിരി സൃഷ്ടിച്ച വ്യതിരിക്തമായ പരിസരം കൊണ്ടു മയങ്ങിയ ഒരു സമൂഹത്തിന്റെ സൃഷ്ടി അദ്ദേഹത്തിന്റെ മാത്രം വിജയമായിരുന്നു,കഥകളിയുടെ വിജയമായിരുന്നില്ല.
ഹൈദരാലിയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ കഥയാണ്.ഫ്യൂഡൽ കാലഘട്ടത്തിന്റെ നിയമാവലികളെ മറികടന്ന്,കറുത്തുമെലിഞ്ഞ ആ മാപ്ലച്ചെക്കൻ സൃഷ്ടിച്ച വിപ്ലവം കേരളകലാചരിത്രത്തിലെ ഒരു വീരചരിതമായിത്തന്നെ അടയാളപ്പെടുത്തപ്പെടണം.‘അഹിന്ദുക്കൾക്ക് പ്രവേശനമില്ലെ’ന്നു തിട്ടൂരമിറക്കിയവർക്കും ആ സംഗീതധാരക്കുമുന്നിൽ കീഴ്‌പ്പെടേണ്ടിവന്നത് ചരിത്രം.ഏതു പദത്തിനും ഹൈദരാലിക്ക് സ്വകീയമായ പ്രകാശനരീതിയുണ്ടായിരുന്നു,മികച്ച രംഗബോധവും.പ്രഗത്ഭരെല്ലാം ഒഴിഞ്ഞപ്പോൾ ‘ഇനി ഹൈദരാലിയുടെ കാലം’എന്നു കരുതിയിരിക്കുമ്പോഴാണ് ഒരു ടിപ്പർലോറിയുടെ രൂപത്തിൽ വന്ന മരണം അദ്ദേഹത്തെ കാലത്തിന്റെ കോപ്പറയിലേക്കു പിൻ‌വിളിച്ചത്.മധുരമായ ശബ്ദവും,അനുപമമായ ഭാവസൌന്ദര്യവും ഒത്തിണങ്ങിയ ആ വിപ്ലവകാരി അകാലത്തിൽ നമ്മോടുവിടവാങ്ങി.
വെണ്മണി ഹരിദാസ് കഥകളിലോകത്തിനു സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്.നല്ലകാലം മുഴുവൻ ശിങ്കിടിയായി പാടിത്തീർത്ത ആ ഗായകന്റെ തൊണ്ടയിലൊളിച്ചിരുന്ന ശാരീരഭൂമികൾ ആർക്കും വേണ്ടപോലെ കേട്ടുകൊതിതീരാനായില്ല.കുറുപ്പിനും എമ്പ്രാന്തിരിക്കും ശിങ്കിടിയായി ഹരിദാസ് പാടിത്തീർത്ത ഗീതധാരകൾക്കിടക്ക് എല്ലാവരും അതുമറന്നും പോയി.കുറുപ്പിനേപ്പോലെ,അപ്രവചനീയമായിരുന്നു ഹരിദാസിന്റേയും സംഗീതം.ചിലപ്പോൾ നന്നായെന്നു വരികയില്ല,ചിലപ്പോഴങ്ങുനന്നാവും,നന്നായാൽ പിന്നെ ആർക്കും ഒപ്പമെത്താനുമാവില്ല.അനായാസതയായിരുന്നു വെണ്മണിസംഗീതത്തിന്റെ മുഖമുദ്ര.ചെറിയ പദങ്ങൾ പലതും അദ്ദേഹത്തിന്റെ ശബ്ദലാളനം കൊണ്ട് അവിസ്മരണീയമായിട്ടുണ്ട്.കുന്തളവരാളിയിൽ അദ്ദേഹം പാടാറുള്ള സന്താനഗോപാലത്തിലെ “കല്യാണാലയേ ചെറ്റും”എത്രകേട്ടാലും മതിവരാത്ത ഒരുദാഹരണം.കുറുപ്പിനേപ്പോലെത്തന്നെ,സ്വയംകൃതാനർത്ഥങ്ങൾ നിശ്ചയിച്ച മരണവുമായി പിൻ‌വാങ്ങിയ ആ പ്രതിഭയേ ഓർക്കുമ്പോഴെല്ലാം നഷ്ടബോധമാണ് മുന്നിൽ നിൽക്കുക.
വേറിട്ട് തങ്ങളുടെയൊച്ച കേൾപ്പിച്ച ഒരുപറ്റം സംഗീതജ്ഞർ ഇക്കാലത്തുതന്നെ കളിയരങ്ങുകണ്ടിട്ടുണ്ട്.രാമുവാരിയരും,വാസുനെടുങ്ങാടിയും, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും,പരമേശ്വരൻ നമ്പൂതിരിയുമടക്കം പലരുടേയും പ്രവത്തനങ്ങൾ ചേർന്നാലാണ് കഥകളിസംഗീതത്തിന്റെ ചിത്രം പൂർത്തിയാകുന്നത്.കലാ.ഗംഗാധരനേപ്പോലെ കർണ്ണാടകസംഗീതത്തിന്റെ ഗമകപ്രധാനങ്ങളായ സഞ്ചാരങ്ങളെ തികച്ചും ക്ലാസിക്കലായിത്തന്നെ കളിയരങ്ങിലെത്തിച്ച ഗായകരുടെ കൂടി കൈയൊപ്പുകൾ ഇന്നത്തെ കഥകളിസംഗീതത്തിലുണ്ട്.
സമഗ്രശിൽ‌പ്പത്തിൽ നിന്നടരുന്ന സംഗീതം
---------------------------------------------
സാർത്ഥകമാകുന്ന അരങ്ങിന്റെ അടിസ്ഥാനഗുണം,അതിന്റെ തൌര്യത്രികചാരുതയാണ്.ഒരു സംഘകലയായ കഥകളിയിൽ വേഷത്തിനിണങ്ങിയ ഗീതവാദ്യങ്ങളുടെ മേളനം അനിവാര്യമാണ്.അവയുടെ പരസ്പരമുള്ള ഇഴപ്പൊരുത്തമാണ് രംഗത്തെ സർഗാത്മകമാക്കുന്നത്.ഘടകകലകളുടെ ഈ സമന്വയത്തിലെ ഏതെങ്കിലുമിഴകൾ വിട്ടുപോകുന്നതോടെ,രംഗശിൽ‌പ്പം ശിഥിലമാകുന്നു.കഥകളിസംഗീതത്തിന്റെ വളർച്ച നൽകുന്ന പ്രതീക്ഷകൾക്കൊപ്പം ഉണരുന്ന ആശങ്കയും അതാണ്.അരങ്ങിന്റെ ആകമാനീയതയിൽ നിന്നടർന്ന് സ്വച്ഛഗതിയായി വിഹരിക്കുന്ന കഥകളിസംഗീതം മറ്റെന്തോ ആയിത്തീരുന്നു,അതു കഥകളിയിൽ നിന്നു വേർപെടുന്നു.എന്നാൽ പ്രയുക്തതയിൽ നിന്നടരുന്ന കഥകളിസംഗീതത്തിന് മുഖം നഷ്ടമാവുകയല്ലാതെ,ഒന്നും ലഭിക്കുന്നുമില്ല.സോപാനസംഗീതത്തിന്റെ ചാരുത മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വം ഗായകരിൽ ശേഷിക്കുന്ന പുരാവസ്തുവായി.
പാട്ടുകേൾക്കാൻ വേണ്ടി കഥകളിക്കുവരുന്നവരുണ്ടായതോടെ,പാടാൻ വകയുള്ള കഥകൾ വെക്കുന്ന പ്രവണത സംഘാടകരിലും പടർന്നു.പിന്നെപ്പിന്നെ,പാട്ടുകാരനു വിസ്തരിക്കാൻ സാധ്യതയുള്ള ഭാഗം വേഷകാരൻ വിസ്തരിച്ച് ചെയ്യലിൽ വരെയെത്തി.ഇങ്ങനെ പരസ്പരമുള്ള ഇഴപ്പൊരുത്തം നഷ്ടപ്പെട്ട്,ആനുപാതികമല്ലാത്ത ഘടകകലകളുടെ അവയവഭാരവും പേറി കഥകളി യാത്രതുടരുന്നു.സമഗ്രതലത്തിലുള്ള ഉദ്ഗ്രഥനസാധ്യതകൾ ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു.
പ്രസ്ഥാനങ്ങൾ അസ്തമിച്ചെന്നേയുള്ളൂ. പുതിയ പാട്ടുകാരിൽ മികച്ച നിരവധി ശബ്ദങ്ങളുണ്ട്.പക്ഷേ,രാഗമാറ്റത്തിന്റെ കസർത്തുകൾക്കും ലളിതസംഗീതത്തിന്റെ ഉപരിതലത്തിനും മുകളിൽ പുതിയ അന്വേഷണവഴികൾ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു.കോട്ടക്കൽ മധുവും,പത്തിയൂർ ശങ്കരൻ കുട്ടിയും,കലാമണ്ഡലം ബാബു നമ്പൂതിരിയും,കലാനിലയം രാജീവും,കലാമണ്ഡലം വിനോദും,ജയപ്രകാശും,ഹരീഷും,നെടുമ്പള്ളി രാം മോഹനും,വേങ്ങേരി നാരായണനുമെല്ലാമടങ്ങുന്ന ആ തലമുറയാണ് ഇനി തങ്ങൾക്കെന്തുചെയ്യാനാവുമെന്ന് തെളിയിക്കേണ്ടത്.