ദിക്കും പക്കുമറിയാതെ ഒരു മഹാസമുദ്രത്തിന്റെ നടുവിൽപ്പെട്ട്,ഒരു ഭൂപടവുമായി ഇരിക്കുന്ന നാവികന്റെ ചിത്രം ജോൺ സ്റ്റെറിക്കിന്റെ സിനിമയിൽ നിന്നോർമ്മവരുന്നു.ഏതാണ്ടുസമാനമാണു സ്ഥിതി.ബോധാബോധച്ചെരിവുകളിൽ നിന്ന്,പഞ്ചമിനിലാവു വീണ ഏതെല്ലാമോ രാത്രിക്കളിയാത്രകളിൽനിന്ന്,അണിയറയിൽ കുട്ടിക്കാലത്തുനോക്കിനിന്ന മുഖത്തേപ്പിന്റെ ഈർക്കിലിത്തുമ്പിൽ നിന്ന്,അടക്കചൊരുക്കിയ ഏതോ മുറുക്കിന്റെ തീഷ്ണഗന്ധത്തിൽ നിന്ന്….അങ്ങിനെ എവിടെ നിന്നെല്ലാമോ വേണം എനിക്ക് കലാമണ്ഡലം ഗോപി എന്ന അനുഭവത്തെക്കുറിച്ച് എഴുതാൻ. കലാമണ്ഡലം ഗോപി എനിക്ക് ഒരു കലാകാരനല്ല.ആമൂലാഗ്രം ഒരു കലാസൃഷ്ടിയാണത്.സമുദാത്തമായ ഏതു കലാസൃഷ്ടിയിലും,സ്വപ്നത്തിന്റെ നീരുറവകൾ അണമുറിയാതെ പ്രവഹിക്കും.കലാസൃഷ്ടി കാലത്തിൽ പ്രവേശിക്കുന്നതും ഈ സ്വപ്നജാഗരങ്ങളിലൂടെയായിരിക്കും.വ്യാവഹാരികമായ കലാവ്യവസ്ഥകളെ അതു കവിഞ്ഞൊഴുകും.അറിയില്ല,ഈ ഭൂപടം എവിടെ നിന്നു പായനിവർത്തണമെന്ന്.ഈ ഭൂപടത്തിൽ നിഴലിച്ചേക്കാത്ത ഛായാന്തരങ്ങളെക്കുറിച്ചോർത്ത് എനിക്കു ഭയമില്ല,കാരണം അവ എന്റെ മനസ്സിന്റെ ഡയറിക്കുറിപ്പുകളാണ്.അവ മിക്കവാറും ഗോചരമായ ലിപികളിലല്ല എഴുതപ്പെട്ടിരിക്കുന്നതും.സ്വപ്നത്തിന്റെ ഞരമ്പുകളിൽ പ്രവഹിക്കുന്ന ഈ രക്തത്തിനെ അളന്നു ചൊരിയാൻ എന്റെ കയ്യിൽ മാപിനികളില്ല.
ഒരു മനുഷ്യനാണോ ഗോപിയാശാൻ എന്ന സംശയം എന്നും എന്നിൽ ബാക്കിയാണ്.“ഇടിമിന്നലിൽനിന്നും തെറിച്ചവിത്ത്”എന്നു ഗന്ധർവ്വജന്മത്തെ വിശേഷിപ്പിച്ച ചുള്ളിക്കാടുകവിത വായിച്ചപ്പോഴും ആദ്യമോർത്തത് ഗോപിയാശാനെയാണ്.(അതു മനുഷ്യനെങ്കിൽ,ബാക്കിയുള്ളവരൊക്കെ ആരാണ്?) ജന്മത്തിന്റെ മുഴുവൻ വിഷവും അമൃതും സേവിക്കുന്ന ഒരു സർവ്വഭക്ഷകസ്വരൂപമായി പലപ്പോഴും ഗോപിയാശാനെ നാം കണ്ടു.നിയോഗസ്വഭാവമാർന്ന ആ ജന്മം,കഥകളിയുടെ മുഴുവൻ ചരിത്രഭൂമിയോടുമുള്ള സാധൂകരണം തന്നെയാണ്.സാധാരണേതരമായ യാഥാർത്ഥ്യത്തിന്റെ സ്വപവേഗമാർന്ന ഒരു പ്രതലത്തിലേക്ക്,സ്ഥലകാലങ്ങളുടെ കെട്ടുകളിൽ നിന്നു മുന്നോട്ടായുന്ന കലാസ്വാദകന്റെ മനസ്സിലേക്ക് കുടിയേറിയ ആ സിംഫണിയെ വിശകലനം ചെയ്യുന്ന ശ്രമകരമായ കർത്തവ്യം,ആദ്യം പറഞ്ഞ നാവികന്റെ പണിയേക്കാൾ ദുഷ്കരമെന്നറിയാഞ്ഞല്ല.എങ്കിലും,ചില തോന്നലുകൾ പങ്കുവെക്കാമല്ലോ എന്നു കരുതുന്നു.
ലോകത്തിലെ ഏതു തീയറ്റർ ആണെങ്കിലും,കലാ.ഗോപിക്കു സമശീർഷനായി അധികം കലാകാരന്മാരെ കിട്ടില്ല.കഥകളിസങ്കേതത്തിന്റെ കാർക്കശ്യഗണിതവും കാൽപ്പനികതയുടെ ആതിരനിലാവും ഒരു പോലെ വഴങ്ങിയ,രണ്ടിലും എതിരില്ലെന്നു തെളിയിച്ച മറ്റൊരു നടനും നമുക്കില്ല.വിശകലനങ്ങളുടെ പെരുമഴകൾ നടന്നുകഴിഞ്ഞ ആ പ്രതിഭയുടെ രംഗരചനയെ ഇനിയും അപഗ്രഥിക്കാൻ എവിടെയാണു സ്ഥലം എന്നറിയില്ല.എന്തായാലും,ആ വേഷസൌഭാഗ്യത്തിൽ നിന്നു തന്നെ തുടങ്ങാം:
കഥകളിക്കായി ജനിച്ചത്
---------------------------
കഥകളിപ്രേമികളിൽ സർവ്വാദരണീയനായ പുളിങ്കര കുട്ടികൃഷ്ണൻ മാഷ് കുഞ്ചുനായരേയും കലാ.ഗോപിയേയും താരതമ്യപ്പെടുത്തി പറയും:“കുഞ്ചുനായർ കഥകളിക്കായി ജീവിച്ചു,ഗോപി കഥകളിക്കായി ജനിച്ചു.”ഇത്രമേൽ തലസ്പർശിയായി മറ്റൊന്ന് പറയാനാവും എന്നു തോന്നുന്നില്ല.ഗോപിയാശാന്റെ രണ്ടാം ദിവസം നളൻ ദമയന്തിയുടെ ശരീരത്തെപ്പറ്റി ചെയ്യുന്ന ആ നിയോക്ലാസിക്കൽ ഉപമ പോലെ,ആശാന്റെ ബ്രഹ്മസൃഷ്ടി തന്നെ പച്ചവേഷം കെട്ടാനായുള്ളതാണെന്നു തോന്നും വിധമാണ്.ഉയർന്ന നെറ്റിത്തടം,നീണ്ടുവിരിഞ്ഞ കണ്ണുകൾ,അൽപ്പം വളഞ്ഞ മൂക്ക്,മുന്നോട്ട് അൽപ്പം ഉയർന്നു നിൽക്കുന്ന താടി-എല്ലാം പച്ചവേഷത്തിനായി നിർമ്മിച്ചെടുത്തപോലെ.ഏതു വിതാനത്തിലും ധ്വനിയിലുമുള്ള ഭാവങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കാനുതകുന്ന ആ മുഖത്തിന്റെ സിദ്ധിക്ക് സമാനതകളില്ല.നീണ്ടു വിടർന്ന കൈകൾ,അനിതരസാധാരണമായ ചാരുതയുള്ള വിരലുകൾ എന്നിവയുടെ രംഗത്തിലെ ശക്തി അനുഭവിച്ചറിയണം.
വെറും ഒരു കെട്ടുകച്ചകൊണ്ട് കഥകളിനടന്റെ ശിരസ്സിനെ അലങ്കരിക്കുന്ന കിരീടം,തലയിലുറക്കാത്ത പ്രശ്നങ്ങൾ നിരവധിയാണ്.കിരീടം ഒന്നു ചെരിഞ്ഞാൽ മതി,ശരീരത്തിന്റെ മൊത്തും ജ്യോമിട്രിയെ അതു പ്രതികൂലമായി ബാധിക്കും.പിന്നെ എത്രമേൽ നന്നായിട്ടും ഫലമില്ല,കഥകളിയാസ്വാദകന്റെ കണ്ണ്,ആ ചെരിഞ്ഞ കിരീടത്തിന്റെ അസമവൈരൂപ്യത്തിൽ നിന്നു പിരിഞ്ഞുപോരില്ല.ഈ പ്രതിസന്ധി കഥകളിയുടെ ആഹാര്യത്തിലെ പ്രധാനമായ ഒരു പ്രശ്നമാണ്.കിരീടത്തിന്റെ ഈ അസ്വാധീനത,പലപ്പോഴും കഥകളിയുടെ ചിട്ടപ്രകാരത്തെത്തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാം.കഴുത്തിന്റെ ക്രമാതീതമായ ചലനം,എത്രമേൽ അനുരൂപമെങ്കിലും കഥകളിയുടെ വ്യാകരണപദ്ധതി തിരസ്കരിക്കുന്നതിന് ഒരു കാരണം ഇതു കൂടിയാവണം-ഇനി ഗോപിശായാനിലേക്കു വരിക-അവിടെ സ്വയം നിർമ്മിച്ചിരിക്കുന്ന അനതിസാധാരണങ്ങളായ നിലകളുടെ പെരുമ കാണാം.വെട്ടിത്തിരിഞ്ഞും,കഴുത്തു മുകളിലേക്കു തൂക്കിയും,അതിവേഗത്തിൽ വശങ്ങളിലേക്കു വെട്ടിച്ചും ആശാൻ നിർമ്മിക്കുന്ന സ്വകീയമായ രംഗനിലകളൊന്നും കഥകളിയുടെ ആഹാര്യം സ്വതവേ അംഗീകരിച്ചുതരില്ല.എന്നാൽ,‘കഥകളിക്കായി ജനിച്ച’ആ ശിരസ്സിൽ അനുസരണയുള്ള ഒരു ഉപകരണമായി കഥകളിക്കിരീടം മാറുന്നു!മിക്ക കഥകളിനടന്മാരുടേയും കിരീടം ക്രമാതീതമായി ചെരിഞ്ഞും തൂങ്ങിയും ഉള്ള അരങ്ങുകൾ കഥകളിപ്രേമികൾ കണ്ടു കാണും.പക്ഷേ ഗോപിയാശാന്റെ കാണാൻ വിഷമമാണ്.ഇനി അഥവാ,കെട്ടയഞ്ഞ് ഒന്നു കിരീടം ചെരിഞ്ഞു എന്നു വെക്കുക,ചെറുതായി ഒരു ശിരസ്സുവെട്ടിക്കൽ-തീർന്നു!അനുരണയുള്ള കുട്ടിയായി കിരീടം സ്വസ്ഥാനത്തു വന്നിരിക്കുന്നതു കാണാം!മുടിചൂടാനായി നിർമ്മിച്ച ആ ശിരസ്സിന്റെ ആകൃതി,ഏതോ കിരീടത്തിന്റെ അളവെടുത്തു നിർമ്മിച്ച പോലെയാണ്.
“ഗുരു കുഞ്ചുക്കുറുപ്പിന്റെ മുഖവും പട്ടിക്കാംതൊടിയുടെ ഉടലും”എന്ന വള്ളത്തോളിന്റെ സ്വപ്നത്തിന്റെ സാഫല്യം അല്ല,അദ്ദേഹത്തിനു സ്വപ്നം കാണാൻ കഴിഞ്ഞതിലും ഉയരത്തിലുള്ള ഉരുവമാണ് കലാ.ഗോപി എന്നു പറയണം.ശരീരഭാഷയെപ്പറ്റി കഥകളിയുടെ വ്യാകരണപദ്ധതി ശൈലീകരിച്ചെടുത്ത ദർശനത്തിന്റെ ആധുനികമായ പുനർവായനയാണ് ഗോപിയാശാന്റെ ആവിഷ്കാരം.മുഖത്തിന്റെ വേഷപ്പകർച്ചയുടെ കാര്യത്തിലാകട്ടെ,സമാനതകൾ ഇല്ല താനും.കളിയരങ്ങിന്റെ രൂപത്തിലും,ആസ്വാദകമനസ്സിന്റെ രൂപത്തിലും വന്ന മാറ്റങ്ങൾക്കനുസരിച്ച് രൂപാന്തരം വന്ന ആശാന്റെ ശരീരവിന്യാസം സവിശേഷമായ പഠനങ്ങളെ ആവശ്യപ്പെടുന്നുണ്ട്.കളിവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ നിന്നു ഇലക്ട്രിക് പ്രകാശത്തിന്റെ നിറവെളിച്ചത്തിലേക്കു മാറിയ അരങ്ങിന്റെ സാധ്യതകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയത് ഗോപിയാശാനാണ്.കൃഷ്ണൻനായരിലൂടെയും,കീഴ്പ്പടത്തിലൂടെയും വളർന്ന,രംഗം നിറഞ്ഞഭിനയിക്കുന്ന ശൈലിയെ സമുന്നതമായ തലത്തിൽ ഉൾക്കൊള്ളുകയും,കഥകളിയുടെ സങ്കേതശിൽപ്പത്തിന് ഇടർച്ച വരാത്ത വിധം ആവിഷ്കരിക്കുകയും ചെയ്യുകയായിരുന്നു ആശാന്റെ ശരീരം.നാലാം ദിവസത്തിലെ ബാഹുകനെപ്പോലുള്ള കഥാപാത്രങ്ങളുടെ തീവ്രമായ മനഃസംഘർഷത്തെ പ്രകാശിപ്പിക്കാൻ,വശങ്ങളിലേക്കു ചെരിഞ്ഞുനിന്ന് ആശാൻ നിർമ്മിക്കുന്ന പോസ്റ്ററുകൾ നോക്കുക,സ്ഥലസാധ്യതകളെ ആശാൻ ഉപയോഗിക്കുന്നതിന്റെ ആധുനിക കലാത്മകത വ്യക്തമാകും.
സങ്കേതത്തിന്റെ ലാവണ്യമാനം
----------------------------------
ലവണത്തിന്റെ-ഉപ്പിന്റെ രസം എവിടെയെന്നു കണ്ടുപിടിക്കാൻ ശ്വേതകേതുവിനോട് ഗുരു ആവശ്യപ്പെടുന്ന ഒരു രംഗം ബൃഹദാരണ്യകത്തിലുണ്ട്.ജലത്തിലലിഞ്ഞ ഉപ്പിന്റെ ഇടം കണ്ടെത്താനാവാതെ,സർവ്വവ്യാപിയായി മാറിയ ലവണാംശത്തെ അറിയുന്ന ശ്വേതകേതുവായി ഗോപിയാശാന്റെ സങ്കേതചാരുതയെ ഇതൾ വിടർത്താൻ പോയാൽ നാം രൂപാന്തരപ്പെടും.സാമ്പ്രദായികമായ സങ്കേതചാരുതകളെ അതേപടി ആവർത്തിക്കുകയോ,തിരസ്കരിക്കുകയോ അല്ല,‘ലാവണ്യാത്മകമായി’പുതുക്കിപ്പണിയുകയാണ് ഗോപിയാശാൻ ചെയ്തത്.അനുഭവങ്ങളും ആശയങ്ങളും നാടകീയതന്ത്രങ്ങളും ലയിക്കുന്ന കഥകളിയുടെ ഈ കാരണജലത്തിന്റെ മുന്നിൽ നമ്മുടെ കയ്യിലെ വിശകലനായുധങ്ങളെല്ലാം നിരർത്ഥകമാകുന്നു.പുതിയ നൃത്തശിൽപ്പങ്ങളുണ്ടാക്കുകയോ,നിരന്തരം പുതിയ വ്യാഖ്യാനസാദ്ധ്യതകളന്വേഷിച്ചലയുകയോ,ഒരു ധൈഷണികവ്യായാമമെന്ന നിലയിൽ അരങ്ങിനെ പരുവപ്പെടുത്തുകയോ ചെയ്യണമെന്ന് ഗോപിയാശാനോ,ആശാന്റെ ആസ്വാദകർക്കോ ഒരിക്കലും തോന്നിയിട്ടില്ല.പക്ഷേ സ്ഥിരസങ്കേതങ്ങൾ പോലും,ബാഹുകകരസ്പർശമേറ്റ മങ്ങിയ പൂനിരകളെപ്പോലെ,തിളങ്ങുന്ന മാസ്മരികദൃശ്യം എന്നും ഗോപിയാശാനു മാത്രം നൽകാനാവുന്നതാണ്.
ആശാന്റെ മുദ്രാഭാഷയുടെ ലാവണ്യത്തെ വിശകലനം ചെയ്യാൻ ശ്രമിച്ചാൽ പെട്ടെന്നു ലഭിക്കുന്നവ,ഇവയാണ്:
1)നീളമുള്ള,ചാരുതയാർന്ന വിരലുകളിൽ സ്വകീയമായ മുദ്രാഭാഷയിൽ വിരിയുന്ന മുദ്രകളുടെ സർവ്വാതിശായിയായ അഴക്.
2)പൂർവ്വനിശ്ചിതമായ സങ്കേതഗണിതം ഉണ്ടെങ്കിലും ഇല്ലെങ്കിലും അനുവർത്തിക്കുന്ന അനന്യസാധാരണമായ താളാനുസാരിത.അവയൊന്നും കൽപ്പിച്ചുകൂട്ടി നിർമ്മിക്കുന്നവയല്ല.സ്വയമേ വന്നു നിരക്കുന്നവയാണ്.
3)പദാഭിനയത്തിന്റെ ഭാഗമായാണ് മുദ്രവരുന്നതെങ്കിൽ,ഗായകൻ ആ വാക്ക് ഉച്ചരിക്കുന്ന മാത്രയിൽ തന്നെയാവും മുദ്രയുടെ പൂർത്തീകരണവും.താളത്തിന്റെ ഏതടിയിലും ആകാം ഈ വിന്യാസം.അതിനനുഗുണമായി നേരത്തേ തന്നെ മേളവും മുദ്രയുടെ ഭാഗമായ ശരീരചലനവും ആവശ്യമായ രംഗനിലയും സമരസപ്പെട്ട്,ഒരുപോലെ കൂർത്തുവരും.വാക്കിനൊപ്പം വരുന്ന മുദ്ര,അതിശക്തമായി പ്രേക്ഷകഹൃദയത്തിൽ ചെന്നു തറയ്ക്കും.താളാനുസാരിതയോടൊപ്പം ആശാന്റെ കാര്യത്തിൽ ‘പദാനുസാരിത’എന്ന ഇത്തരമൊന്നു കൂടി പ്രവർത്തിക്കുന്നുണ്ട്.
4)പഴുതുകളിൽ മുദ്ര പൂർത്തീകരിക്കുന്ന വിസ്മയകരമായ സിദ്ധി.ചതുരശ്രനടയിൽ താളം പുരോഗമിക്കുമ്പോൾ ഏതാണ്ട് ചെമ്പടതാളത്തെ പരിചരിച്ചുകൊണ്ടാണ് കഥകളിനടൻ സാധാരണയായി മുദ്രകളാവിഷ്കരിക്കേണ്ടത്.എന്നാൽ ഈ പതിവുരീതി പൊളിച്ചെഴുതി,നടഭേദങ്ങളുടെ അനുപമമായ ശ്രവ്യാനുഭവത്തെ തന്റെ രംഗഭാഷയുടെ സമഗ്രതയിൽ ഇണക്കിച്ചേർക്കുന്നിടത്താണ് ഗോപിയാശാന്റെ സർഗവൈഭവം പ്രവർത്തിക്കുന്നത്.അനനുകരണീയമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ പ്രയോഗലാവണ്യം തന്നെയാണ് ആശാന്റെ രംഗസാഫല്യവും.
ഒരു വേഷത്തെ മാത്രമെടുത്ത് ആശാനെപ്പറ്റി സംസാരിക്കേണ്ടിവന്നാൽ,ഞാൻ നിസ്സംശയം തിരഞ്ഞെടുക്കുക സുഭദ്രാഹരണം അർജ്ജുനനായിരിക്കും.എങ്കിലും,ഏറ്റവുമടുത്ത് കൂടി കണ്ടു വിസ്മയിച്ച വേഷം എന്ന നിലയിൽ,കാലകേയവധം അർജ്ജുനൻ(തിരനോട്ടം സംഘടിപ്പിച്ച അരങ്ങ്2009)മുന്നിൽ നിൽക്കുന്നു.പദാഭിനയത്തിന്റെ സവിശേഷമായ ഗോപിയാശാൻ മാർഗത്തെ വ്യക്തമാക്കാനായി,കാലകേയവധം അർജ്ജുനന്റെ മികച്ച രണ്ടു പദങ്ങളുടെ രംഗാവിഷ്കാരാനുഭവത്തെ പകർത്തട്ടെ:
സലജ്ജോഹം
----------------
പാശുപതാസ്ത്രവരലബ്ധിയിലുള്ള പ്രതാപത്തോടെ,ഹിമവൽപാർശ്വത്തിൽ പ്രൌഡഗഭീരനായി ഇരിക്കുന്ന അർജ്ജുനന്റെ അടുത്ത് ഇന്ദ്രസന്നിധിയിലേക്കു കൂട്ടിക്കൊണ്ടുവരാനായി എത്തിയ ഇന്ദ്രസാരഥി മാതലിയുടെ പ്രശംസകൾ കേട്ട്,അർജ്ജുനൻ നൽകുന്ന മറുപടിയാണ് ‘സലജ്ജോഹം’എന്ന പദം.പദത്തിന്റെ അർത്ഥം അത്യന്തം ലളിതമാണ്;
“താങ്കളുടെ പ്രശംസകൾ കേട്ട് ഞാൻ ലജ്ജിക്കുന്നു.കഷ്ടം!ചില ആളുകൾ മുഖസ്തുതികൾ കേട്ടു ഞെളിയാറുണ്ട്.ഭൂലോകത്തിൽ അവർ വിഡ്ഡികളാണെന്നു തീർച്ച.ഈ ശോഭിക്കുന്ന രഥം ആരുടേതാണ്?താങ്കൾ അരുണനാണോ?അല്ലെങ്കിൽ വരുണനാണോ?ഇവിടെ വന്നതെന്തിനെന്നും താങ്കളാരെന്നും പറയുക”
ഇത്രമാത്രമാണ് പദാർത്ഥമായി സലജ്ജോഹത്തിലുള്ളത്.എന്നാൽ രംഗപ്രയോഗത്തിൽ,സലജ്ജോഹത്തിനു സമമായി മറ്റൊരു പദം കണ്ടെത്താൻ വിഷമമാണ്.നടന്റെ ഓരോ ചലനത്തേയും സൂക്ഷ്മമായി ക്രമീകരിച്ചെടുത്ത്,അടന്തതാളത്തിന്റെ 56മാത്രയിൽ പതിഞ്ഞ കാലപ്രമാണം,ഓരോ മുദ്രയുടേയും തൽജന്യമായ ഭാവതലത്തേയും സമഗ്രമായി ആവിഷ്കരിക്കാൻ ആവശ്യമായ അവകാശം നൽകുന്ന താള-രാഗസ്വരൂപം എന്നിവയെല്ലാം സമഞ്ജസമായി മേളിക്കപ്പെട്ട പദമാണ് സലജ്ജോഹം.രാവുണ്ണിമേനോൻ കളരിയോടെ ആർജ്ജിച്ച സമഗ്രവും ശാസ്ത്രീയവുമായ സലജ്ജോഹത്തിന്റെ അവതരണശിൽപ്പം,കലാമണ്ഡലം ഗോപിയുടെ തനതുരംഗഭാഷയുടെ കൈയ്യൊപ്പുകൾ പതിയുമ്പോൾ സമാർജ്ജിക്കുന്ന മനോഹാരിതക്ക് മുൻപു സൂചിപ്പിച്ച മുദ്രാവിഷ്കാരതന്ത്രങ്ങളെല്ലാം കാരണങ്ങളാണ്.
മാതലിയുടെ പദാവസാനത്തിലെ “ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ”എന്നിടത്തു പാഞ്ചാലീസ്വയംവരമോർത്തുള്ള ലജ്ജ നടിക്കുന്നതിൽ നിന്ന് ആരംഭിക്കാം.കളരിയിൽ പഠിപ്പിക്കുന്ന ആ “ലജ്ജ നടിക്കലി”ന്,ഇത്രമേൽ ശക്തിയുണ്ടെന്നു ബോധ്യപ്പെടുത്തിത്തരുന്നത് ആശാൻ മാത്രമായിരിക്കും.ആ ലജ്ജ വരെയുണ്ടായിരുന്ന വീരത്തിലേക്ക് ഒരു നിമിഷാർദ്ധം കൊണ്ടു പിന്മടങ്ങാൻ ആ ഉപാംഗങ്ങൾക്ക് ഒരു പ്രയാസവും ഇല്ല.തുടർന്നുള്ള മാതലിയെ നോക്കിക്കാണലിൽ ഇടം കയ്യിലെ വില്ല് വലം കയ്യിലേക്ക് മാറ്റിപ്പിടിക്കുന്നതു നോക്കുക,രണ്ടാം താളവട്ടത്തിന്റെ കൃത്യമായ ഇടവേളയെ ഉപയോഗിക്കുന്ന വിധം സാവധാനത്തിൽ വില്ല് വലംകയ്യിലെത്തുന്നു.തുടർന്ന് “ലജ്ജ”എന്ന മുദ്രാഖ്യമുദ്ര ഇടം കയ്യിൽ പിടിച്ച് ലജ്ജ നടിക്കുന്നു-വീരത്തെ പ്രത്യക്ഷവത്കരിക്കാനായി വിപുലമാനമുള്ള മുദ്രകളുടെ ഒരു സംഘാതം ഒരുക്കുകയാണ് സലജ്ജോഹം ചെയ്യുന്നത്.ഇടയിൽ വരുന്ന സങ്കോചമുദ്രകൾ തന്നെ,തുടർന്നു വരുന്ന വിപുലമാനത്തിന്റെ എടുത്തുകാണിക്കലിനായുള്ള ഒരുക്കുകളാണ്.“ലജ്ജ”എന്നു ചുരുങ്ങുന്നത്,“അഹം”എന്നു വലുതാവാനാണ് എന്നർത്ഥം.(തുടർന്നു വില്ലുമമ്പും താഴെക്കിടുമ്പോഴുണ്ടാകുന്ന ഒരു ശബ്ദമുണ്ട്,അതാണ് വല്ലാത്തൊരു കല്ലുകടി-ബോധമുള്ള ഒരണിയറക്കാരൻ ആ നിമിഷത്തിൽ വന്ന് ആ വില്ലുമമ്പും വാങ്ങിയിരുന്നെങ്കിൽ എന്നു മോഹിച്ചുപോകും)തുടർന്നുള്ള ‘അലംഭാവം’എന്ന മുദ്രയിൽ ഗോപിയാശാൻ നൽകുന്ന ഊർജ്ജം കാണുക-ഇടംകാലിലമർന്ന് ചുഴിച്ചുചാടി,വലംകാലിലമർന്ന് നിവരുന്ന ദൃശ്യാനുഭവം ആശാന്റെ ശരീരത്തിന്റെ മുഴുവൻ ജ്യാമിതീയഭംഗിയേയും സംവഹിക്കുന്നു.പൂർണ്ണമായി നിവർന്ന് “അലംഭാവ”മുദ്ര പൂർത്തിയാക്കുമ്പോൾ ആശാന്റെ ശരീരത്തിന് ലഭിക്കുന്ന ശിൽപ്പചാരുത അനന്യമാണ്.“വഹിച്ചാലും”ഇടംകാൽ പൊക്കി നിൽക്കുന്ന ആ പോസ്റ്ററിലെ നിയതമായ ചെരിവ്,ഒരാളിലും അതുപോലെ പിന്നീടൊരിക്കലും കാണാനായിട്ടില്ല.തുടർന്നുള്ള ചരണത്തിലെ “ഞെളിയുക”എന്ന മുദ്രയാണ് മറ്റൊരു സവിശേഷ ആവിഷ്കാരം.മൂന്നുതവണയായി ഇരു വശത്തേക്കും കേട്ട്,ഉലഞ്ഞുഞെളിഞ്ഞ് പൂർത്തിയാകുന്ന ആ മുദ്രാവതരണത്തിലെ ഓരോ ഘട്ടത്തിന്റെയും ആശാൻ കൽപ്പിച്ചിരിക്കുന്ന ആരോഹണഗണിതത്തെ വിസ്മയം എന്നേ വിശേഷിപ്പിക്കാനാവൂ.തുടർന്നുള്ള “ജളന്മാർ”എന്ന മുദ്രയുടെ ആവിഷ്കാരത്തെ ഓരോ അംഗത്തെയും ഉണ്ണികൃഷ്ണൻ ചെണ്ടയിൽ പൊലിപ്പിച്ചെടുക്കുന്നത് ദൃശ്യ-ശ്രാവ്യതലങ്ങളുടെ ഉദാത്തതലത്തിലുള്ള മേളനത്തിന് ഏറ്റവും മികച്ച ഉദാഹരണം ആണ്.നാലുമാത്രകൾ വീതം വിട്ടുള്ള ഒന്നാം കാലത്തിൽ നിന്നും മൂന്നാം കാലം വരെ ദൃഷ്ടിയോടൊപ്പം സഞ്ചരിക്കുന്ന വിരലുകളുമായി ആശാൻ ചെയ്യുന്ന “ജളമുദ്ര”യുടെ ആവിഷ്കാരം എത്രമേൽ അനായാസമാണ് പൂർത്തിയാവുന്നത്!“അരുണനോ”എന്നുകാണിക്കുന്നതിൽ ഗോപിയാശാന്റെ താളപരിചരണത്തിന്റെ തനതുസ്പർശമുണ്ട്.കടിഞ്ഞാൺ പിടിച്ച് രണ്ടുമാത്രകളിടവിട്ട് നടത്തുന്ന ആ ലഘുവായ ‘തേരുതെളിക്കലി’നു ലഭിക്കുന്ന ദൃശ്യസൌന്ദര്യം,അതിവിളംബിതത്തിൽ നിന്നു ദ്രുതത്തിലേക്ക് അനായാസം സഞ്ചരിക്കുന്ന ആശാന്റെ ശരീരഭാഷകൊണ്ടാണ് സാദ്ധ്യമാകുന്നത്.
ജനകതവദർശനാൽ
-----------------------
ഇന്ദ്രസവിധത്തിലെത്തുന്ന അർജ്ജുനന്റെ പിതൃഭക്തിയും,സ്വർഗപ്രാപ്തിയിലുള്ള സന്തോഷവും കലരുന്ന പദമാണ് “ജനക തവദർശനാൽ.”സലജ്ജോഹത്തിന്റെ പ്രതാപോജ്വലമായ വീരത്തിൽ നിന്നും,വിനയ-ഭക്തികളുടെ താഴ്വരകളിലേക്ക് ഇറങ്ങുന്ന “ജനകതവദർശനാൽ”എന്ന പദത്തിന്റെ വ്യാകരണശിൽപ്പം നളചരിതം രണ്ടാം ദിവസത്തിലെ “കുവലയവിലോചനേ”എന്ന പതിഞ്ഞപദത്തോട് സമീപസാദൃശ്യം വഹിക്കുന്നു.എന്നാൽ ആവിഷ്കരണത്തിൽ,ഭാവതലത്തിന്റെ വ്യത്യസ്തത കൊണ്ടുതന്നെ“ജനക തവ ദർശനാലി”ന് മറ്റെങ്ങും കണ്ടുകിട്ടാനാവാത്ത സ്വത്വമുണ്ട്.മൂന്നു ‘കിടതകിധീം,താ’മിൽ ചിട്ടപ്പെടുത്തപ്പെട്ട അർജ്ജുനന്റെ സുധർമ്മാപ്രവേശം,ഗോപിയാശാൻ അഭിനയിക്കുന്നതിനു നൽകാനാവുന്ന അനുഭവം കാണുകയല്ലാതെ മറ്റു വഴികളില്ല;‘പതിഞ്ഞ കിടതകിധീം,താ’മിൽ ദേവസഭയുടെ വലതുവശത്തിരിക്കുന്ന ദേവന്മാരെ കണ്ട് വണങ്ങി,“പൊയ്ക്കൊള്ളട്ടയോ”എന്നു കണ്ണുകൾ കൊണ്ടു മാത്രം അഭിനയിക്കുന്നതിന്റെ സിദ്ധി,തുടർന്ന് ദേവർഷികളെ കണ്ട്,ആദരപൂർവ്വം വണങ്ങി കണ്ണുകൊണ്ടുള്ള അനുവാദം ചോദിക്കൽ എന്നിവയെല്ലാം ആശാന്റെ ആവിഷ്കാരത്തിൽ നേടുന്ന ദൃശ്യപൂർണ്ണത അനുപമമാണ്.
ഒരു മുദ്രയുടെ സഞ്ചാലനയോഗത്തെ,ഗോപിയാശാൻ സമീപിക്കുന്ന വ്യതിരിക്തമായ വഴിയാണ് പലപ്പോഴും നാടകീയാനുഭവം സൃഷ്ടിക്കുന്നത്.വിളംബിതത്തിൽ തുടങ്ങി,അതിദ്രുതത്തിൽ സഞ്ചരിച്ച്,അതിവിളംബിതത്തിൽ അവസാനിക്കുക,അതിദ്രുതത്തിൽ തുടങ്ങി വിളംബിതത്തിൽ അവസാനിക്കുക,വിളംബിതത്തിൽ തുടങ്ങി അതിദ്രുതത്തിൽ അവസാനിക്കുക തുടങ്ങിയ ആശാന്റെ തന്ത്രങ്ങൾ ഏതു ചിട്ടപ്പെട്ട പദങ്ങളുടെ ആവിഷ്കാരത്തേയും ചേതോഹരമാക്കുന്നു.“ജനനം സഫലമായി വന്നു”എന്നയിടത്ത്,അവസാനത്തെ “വന്നു”എന്ന മുദ്രയുടെ പൂർത്തീകരണം നോക്കുക,രണ്ടാമടിയിൽ അതിദ്രുതത്തിൽ സമാപിക്കുന്ന ആ മുദ്രയുടെ ആവൃത്തിയെ കൃത്യമായി ഇഴചേർക്കും വിധമാണ് തുടർന്ന് തൊഴുകൈയ്യിലേക്കുമാറി,കൈകൾ മറിച്ചുനോക്കി കലാശിക്കുന്നത്.
അടന്തയുടെ കാലം കയറ്റി,രണ്ടാം കാലത്തിൽ പാടുന്ന “കുടിലതയകതാരിൽ”എന്ന അടുത്ത ചരണത്തിന്റെ തീക്ഷ്ണാനുഭവം ആശാനെപ്പോലെ മറ്റാർക്കെങ്കിലും പകരാനായിട്ടുണ്ടെന്നു തോന്നുന്നില്ല.ഇടതുകോണിലേക്ക് കൌരവരെ സ്മരണയിൽ ക്ഷോഭം കൊണ്ടു ജ്വലിച്ചുള്ള നോട്ടത്തിന്റെ തീവ്രതയിലാരംഭിക്കുന്നു അത്.“അരിപടലങ്ങളെ ഒടുക്കുവാനായി”എന്നിടത്തുള്ള അസ്ത്രപ്രയോഗത്തിന്റെ ലാഘവത്വം,“നശിപ്പിക്കുക”എന്ന മുദ്രപൂർത്തിയാക്കുമ്പോൾ ഉണ്ടാകുന്ന അസാമാന്യമായ പൂർണ്ണത എന്നിവ വാക്കുകൾക്കു വഴങ്ങുകയില്ല.
തുടർന്നു വീണ്ടും കാലമിറങ്ങി,56മാത്ര അടന്തയിലേക്കു വരുന്നതോടെ ആശാനിൽ നിറയുന്ന പിതൃഭക്തിയുടെ ഭാവപൂർത്തിയിലാണ് “അനുഗ്രഹിക്കേണം”എന്ന മുദ്രയുടെ ലാവണ്യം നമ്മെ വിസ്മയിപ്പിക്കുക.മുന്നിലേക്കു ‘അനുഗ്രഹ’മുദ്രയുമായി നിൽക്കുമ്പോൾ ഗോപിയാശാന്റെ ശരീരം ആർജ്ജിക്കുന്ന ഭാവത്തിനു പകരമായി മറ്റെന്തെങ്കിലും കണ്ടെത്താനാവുമോ എന്നു സംശയമാണ്.താഴേയ്ക്കു തിരിഞ്ഞ ദൃഷ്ടിയിൽ വഴിഞ്ഞൊഴുകുന്ന വാത്സല്യാതിരേകം,ശരീരത്തിന്റെ ആമൂലാഗ്രം പടരുന്ന പുത്രനിർവേശമായ ഭാവപ്രവാഹം….
തിരനോട്ടത്തിന്റെ അരങ്ങ്
----------------------------
തിരനോട്ടം എന്ന സാസ്കാരികസംഘടന ഇരിങ്ങാലക്കുടയിൽ ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ സംഘടിപ്പിച്ച ‘അരങ്ങ്’എന്ന പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട സമ്പൂർണ്ണകാലകേയവധത്തിൽ ഒന്നാം അർജ്ജുനനായി ഗോപിയാശാന്റെ പ്രകടനം വിസ്മിതനേത്രങ്ങളോടെയാണ് കണ്ടുകൊണ്ടിരുന്നത്.എഴുപതിൽപ്പരം വർഷങ്ങളുടെ ക്ഷീണത്തിലും,അരങ്ങിലെത്തിയാൽ കലാമണ്ഡലം ഗോപിക്കു മുന്നിൽ ചെറുപ്പക്കാർ പോലും അൽപ്പവിഭവരായി മാറുന്ന മാന്ത്രികതയെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാണ്!ആശാന്റെ അരങ്ങൂം അണിയറയും സംബന്ധിച്ച ശാഠ്യങ്ങളെ പലരും വിമർശിച്ചുകേട്ടിട്ടുണ്ട്.പ്രസിദ്ധമായ ആ ശുണ്ഠിയേയും.ഞാനവയെ മറ്റൊരു തലത്തിലാണ് നോക്കിക്കാണുന്നത്.ആശാനു പ്രധാനമായും ശുണ്ഠികാണുക എപ്പോഴാണ് എന്നു ശ്രദ്ധിക്കുക-അരങ്ങിലെത്തും മുൻപ്,അണിയറയിലെ ഒരുക്കുസമയത്ത്,പിന്നെ,അരങ്ങിൽ അരുതായ്മകൾ കാണുമ്പോഴും.ഏറ്റവും ആശാൻ പ്രസന്നവദനനായിരിക്കുക എപ്പോഴാണെന്നറിയാമോ?വേഷത്തിനു ശേഷം മുഖം തുടക്കുമ്പോൾ ആശാന്റെ അടുത്തുചെന്നു നോക്കൂ,ലാഘവത്തോടെ തമാശകൾ പറഞ്ഞ്,പരിചയക്കാരോടു സംസാരിക്കുന്ന ആശാനെ കാണാം.പൊതുവേ എല്ലാ വേഷക്കാരും ക്ഷീണം കൊണ്ട് സംസാരമൊഴിവാക്കി,തീർത്തും സുഖമില്ലാതെ കാണപ്പെടുന്ന ആ സമയമാണ് ആശാനെ സംബന്ധിച്ച് ഏറ്റവും നല്ല സമയം.ഇതിനു പിന്നിൽ ഉള്ള മനഃശാസ്ത്രമെന്താണ്?വേഷത്തിനു വേണ്ടിയുള്ള സമർപ്പണത്തിൽ നിന്നാണ് ആ ‘ശുണ്ഠികൾ’ജനിക്കുന്നത്.“തന്റെ വേഷം നന്നാവണം”എന്ന് ആത്മാർത്ഥമായി ഈ പ്രായത്തിലും ആശാൻ ആഗ്രഹിക്കുന്നു,അതിനായി പ്രവർത്തിക്കുന്നു,സ്വയം സമർപ്പിക്കുന്നു.ആ സമർപ്പണബുദ്ധിയുടെ ഭാഗമാണ് ആ ക്ഷോഭങ്ങളെല്ലാം.വേഷത്തിനുശേഷം,തന്റെ ധ്യാനാത്മകനിമിഷങ്ങളുടെ സാകല്യത്തിലുള്ള ലാഘവത്തെ പ്രാപിക്കുകയാണ് ആ മനസ്സ്.ഇതു തന്നെയാണ് പുതുതലമുറയിലെ അനേകം കലാകാരന്മാർക്കു നഷ്ടമാകുന്നതും.കലാകാരനാവുക എന്നത് ഒരു സ്വയം ഉരുകലാണ്.കലയുടെ അഗ്നിയിൽ താൻ തന്നെയാണു ഹവിസ്സ്.അതിനു തയ്യാറാകുന്നവന്റെ ക്ഷോഭങ്ങൾ കലയുടെ സുവിശേഷങ്ങളാണ്.
-----------------------------------
34 comments:
സ്വപ്നത്തിന്റെ ഞരമ്പുകൾ....കലാമണ്ഡലം ഗോപിയാശാനെക്കുറിച്ച്...
((((((((ഠേ))))))))
തേങ്ങ്യാ അടിച്ചേച്ച് വായിക്കാം....എന്നാലെ ഒരു സുഖം വരൂ:):)
ഒന്നു കൂടെ വായിക്കട്ടെ.
ഇവിടെ ദുബായിലും തിരനോട്ടം രണ്ട് വര്‍ഷങ്ങളായി കഥകളി സംഘടിപ്പിക്കാറുണ്ട്. ഗോപിയാശാനും വരാറുണ്ട്.
ഇരിങ്ങാലക്കുട എന്റെ നാടേ......
വിശദമായ ഇങ്ങനെ ഒരു കുറിപ്പ് എന്തു കൊണ്ടും ഉചിതമായി.
ആശംസകള്‍!
ഗോപിയെന്ന മഹാനടന്റെ
ഗോപ്യമായ രീതികള്‍ പലതും
പ്രാപ്യമാക്കിത്തന്ന മഹാമതേ
കൂപ്പിടുന്നു കൈകള്‍ രണ്ടുമിവിടെ
അഭിനന്ദനങ്ങള്‍ വികടശിരോമണി....
ഒരു അനുഗ്രഹീത കലാകാരന് ആസ്വാദകന് നല്കുന്ന ഏറ്റവും വലിയ പുരസ്കാരമായി ഈ ലേഖനത്തെ വിലയിരുത്താം....
ഗോപിയാശാനെപ്പറ്റിപറയുമ്പോല് അദ്ദേഹത്തിന്റെ കണ്ണുകളാണ് ആദ്യം മുന്നില്‍ തെളിയുന്നത്....
എഴുതിയത് മുഴുവന്‍ തലയില്‍ കേറാന്‍ രണ്ടു മൂന്നു തവണയിരുന്നു വായിച്ചു പഠിക്കട്ടെ....നന്ദി
ഗോപിയാശാന്റെ നളനെ ഒന്നു കാണാൻ ഇതു വരെ സാധിച്ചില്ല :-(
കുറിപ്പ് വളരെ നന്നായി
നല്ല കുറിപ്പ്, വി.ശി.
കഥകളി കാണാനായില്ലെങ്കിലും പ്രഗത്ഭരായ കളിക്കാരെ പരിചയപ്പെടുന്നതില്‍ സന്തോഷമുണ്ട്.
ഒരു കഥകളി നേരില്‍ കണ്ട സുഖം. ഒരു ചിത്രവും കൂടി ഉണ്ടായിരുന്നെങ്കില്‍. അതും പോര, ഒരത്യാഗ്രഹം കൂടി. ഗോപിയാശാന്റെ കഥകളിയുടേ ഒരു വീഡിയോ കൂടി പോസ്റ്റിയെങ്കില്‍...
vikata siromani,
sorry for this comment in english.
first, i dont have malayalam at home pc.
just because it was about gopi asn, i took the unnecessary strain of reading it. my fault.
you have a brilliant language..no doubt..and i had enjoyed most of ur posts. but now u seem intent to make ur language an unreadable one..maybe u r excited..someone seeing gopi asans performance would become excited..especially one who enjoys that great art form and that great artist.
and the first para, do u think that it conveys anything except ur own prejudice...and it makes the reading a strain..and hence, i didnt read the whole thing..
but why, why, u take such an ornamental language..just to reflect ur own excitement..of course u have taken a bail..'amithavesham'
but for a sharp art critic, it is always good to take the performance into urself, and ponder it for a day or two..and then start writing with the most sensible and sharp-shooting words..
krithrimamaaya bhasha poley thonni..for the first time..at least when u write about gopi asan, make it more readable, and understandable..those who havent had the experience of seeing gopi asan's performance also should know about it..if ur writings are meant only for those kathakali rasikas and pundits like you..continue with this sort of writing..but there are many more who like to read u, with their own short experience, but enough enthusiasm to know more about it.
nothing more..would write in malayalam tomorrow..
salute
വന്നവർക്കെല്ലാം നന്ദി,വിശദമായി പിന്നീടു കമന്റാം.ഇപ്പോൾ രാജീവ് ചേലനാട്ടിന്റെ വിമർശനകമന്റ് കണ്ടതുകൊണ്ട് വന്നതാണ്.
രാജീവ്ജീ,
അങ്ങയുടെ വിമർശനം ശരിക്കും ഞാൻ ഉൾക്കൊള്ളുന്നു.ഭാഷയിലെ ചന്തം ചാർത്തലുകളിലേക്ക് എവിടെയൊക്കെയോ പോയില്ലേ എന്നെനിക്കു തന്നെ സംശയം തോന്നായ്കയില്ല.കൃത്രിമം എന്നൊന്നും തോന്നിയില്ലെങ്കിലും.എന്റെ തോന്നലുകളെ,അതേപടി പകർത്താനാണ് ഒന്നു ശ്രമിച്ചുനോക്കിയത്.വാക്യഘടനയ്ക്കായുള്ള ചില കൃത്രിമങ്ങളൊഴിച്ചാൽ.ഗോപിആശാനെയൊക്കെപ്പറ്റി എന്നും ഭ്രാന്തമെന്നു സ്വയം തന്നെ തോന്നുന്ന കൽപ്പനകളിലൂടെ മനസ്സുകൊണ്ടു സഞ്ചരിക്കുന്ന ഒരാളാണു ഞാൻ.
പിന്നെ,ആദ്യഭാഗമൊഴിച്ചാൽ,ഒരു വിധമെല്ലാം പതിവുവഴിയിലൂടെ,വിശകലനത്തിൽ ഞാൻ ഉപയോഗിക്കുന്ന പതിവുമാർഗങ്ങളിൽ കൂടി തന്നെയല്ലേ സഞ്ചരിച്ചത്?അവയിലും ഭാഷയുടെ അതിവൽക്കരണം അനുഭവപ്പെടുന്നുണ്ടോ?
അങ്ങയുടെ ക്രിയാത്മകമായ വിമർശനം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്,
വികടശിരോമണി.
വി.ശി
വായിച്ചു. ആശാന്റെ വേഷം കാണുമ്പോള്‍ അത് എങ്ങനെ വാക്കാല്‍ പ്രകടിപ്പിക്കും എന്ന ചിന്ത ഇതുപോലുള്ള ലേഖനങ്ങള്‍ വായിച്ചാലാണ് തീരുക.
ഭാഷ കരിങ്കല്ലായതിനാല്‍ അടുക്കാന്‍ ആരും ഒന്നു മടിക്കും. :-) നേരത്തേയും കുറേപേര്‍ പറഞ്ഞിട്ടുള്ളതാണല്ലോ. എനിക്ക് ഇത് കൃത്രിമമായല്ല നൈസര്‍ഗ്ഗികമായ ഒന്നാണെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്.
നന്ദി
നെടുനാളത്തെ സാധനയുടേയും അരങ്ങുപരിചയത്തിന്റേയും കൂടു തുറന്നുവിട്ട ആവിഷ്കാരനുശീലനത്തിന്റേയും പരിണിതിയാൽ തന്നെയാണ് കലാ. ഗോപി കഥകളിയുടെ ആത്മാവ് കണ്ടെത്തുകയും കഥകളി ഗോപിയുടെ കലാത്മാവു കണ്ടെത്തുകയും ചെയ്യുന്ന ഒരു ബിന്ദുവിൽ എത്തിപ്പെടുന്നത്. വികടശിരോമണിയ്ക്ക് ആവേശഭരിതനാകാൻ വകുപ്പുണ്ട്.
ഇടക്കാലത്തെ ‘മാന്ദ്യം’ (മദ്യം എന്നൊന്നും ഞാൻ എഴുതിയില്ല കേട്ടൊ) ഏശിയില്ല എന്നത് കഥകളിയുടെ നേട്ടം തന്നെ.
വി.ശി,
ഗോപിയാശാനെക്കുറിച്ചുള്ള ലേഖനം. എഴുതുന്നത് കൃതഹസ്തനായ താങ്കള്‍. പോസ്റ്റ് കാണുന്നത് നാട്ടിലെ കഥകളി രാവുകള്‍ പുലരുന്ന ഇവിടുത്തെ രാത്രിയിലും.കസറി എന്നു കരുതി വായിക്കാന്‍ ഇരുന്നു. കാണാത്ത അരങ്ങ് മനസ്സു നിറയെ കണ്ട് ഉറങ്ങാന്‍ കഴിയുമല്ലോ എന്നും കരുതി.
ആദ്യത്തെ രണ്ടു ഖണ്ഡികകളില്‍ തപ്പിത്തടഞ്ഞു. ആ സങ്കടവും രോഷവും കൊണ്ടുള്ള കത്തിപ്രകടനമായിരുന്നു എന്റെ ആ കമന്റിനു പിന്നില്‍.
നല്ല കളിയെയും, ഗോപിയാശാനെപ്പോലെയുള്ള കലാകാരന്മാരെയുമൊക്കെപ്പറ്റി വായിക്കുകയും ഓര്‍ക്കുകയും ചെയ്യുമ്പോള്‍ എനിക്കും നൊസ്സ് ജാസ്തിതന്നെയാണ്.
മുഴുവന്‍ ഇന്നു വായിക്കുന്നുണ്ട്.
‘ഒന്നും നിനക്കൊല്ലേ..” എന്ന് താങ്കളോട് ഞാനും, ആ ബ്രാഹ്മണനെപ്പോലെ..
അഭിവാദ്യങ്ങളോടെ
Very glad to note that the number of people critically viewing Kathakali is increasing. And, more to it, such enthusiasts are using the latestIT to share their views with several others. Excitement and over-flow of flowery language are a part of appreciation. If such attempts include personalized statements, it's just a part of appreciation. Let's all accept and enjoy them.
ഗംഭീരം. പ്രയോഗം ഒന്നു ലഘുവാക്കാമയിരുന്നു.
ഗോപിയാശനെ കുറിച്ച് എത്ര പറഞ്ഞാലും കേട്ടാലും മതി വരില്ല. നളനും രുഗ്മാന്ഗദനും കചനും അവതരിപ്പിക്കുന്ന ഒരേ ലാഘവത്തോടെ ആശാന് കിര്മ്മീര്വധം ധര്‍മ്മപുത്രരും കാലകേയവധം അര്‍ജ്ജുനനും സുഭദ്രാഹരണം അര്‍ജ്ജുനനും അവതരിപ്പിക്കും. ഇത് വേറെ ആരാലും സാദ്ധ്യമല്ല.
കുറച്ച് കാലം മുന്‍പ് വേദിക നടത്തിയ ബകവധം കളി തന്നെ ഉദാഹരണം. അന്നത്തെ ഭീമന് ഇന്നും മറക്കാന്‍ കഴിയുന്നില്ല്. അന്നത്തെ “താപസകുല തിലക” പിന്നെ “ചെന്താര് ബാണ മണി ചെപ്പ്” കഴിഞ്ഞുള്ള ഇരട്ടി എന്നിവ പ്രത്യേകിച്ചും. അന്നു കളി കണ്ടിരുന്ന പദ്മാശാന്‍ കളി കഴിഞ്ഞ് ഗോപിയാശനെ കെട്ടിപിടിച്ച് അഭിനന്ദിച്ചതും മറക്കാനാവില്ല.
ആശാനെ കുറിച്ച് പലതും പറയാനുണ്ട്. ഇവിടെ അതിനു മുതിരുന്നില്ല.
എന്തായാലും വികടാ ഈ പോസ്റ്റ് നന്നായി. അതിനു നന്ദി പറയേണ്ടതു ഇരിഞ്ഞാലക്കുടയിലെ ആശാന്റെ പ്രകടനത്തോടാണ്. :)
The article on Gopi asaan was very good. I could not see the Kali. Still I could feel it through you.
regards
ananthan
വന്നവരോടെല്ലാം നന്ദിയുണ്ട്.
ചാണക്യാ,
താൻ ഇവിടെ എപ്പൊ തേങ്ങയടിച്ചോ,അതു നന്നായി ഏറ്റിട്ടുണ്ട്,പറയൂ,എല്ലാ പോസ്റ്റിനും തന്റെ തേങ്ങ കിട്ടാൻ എന്തു വേണം?:)
കുറുമാൻ,
വരവിനും വായനക്കും നന്ദി.തിരനോട്ടം അവിടെ നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ട്.
ശ്രീ,
നന്ദി.
മന്ദാക്രാന്ത,
ഇയാളുടെ ശ്ലോകം മുഴുവൻ കൂട്ടി ഞാൻ അവസാനം ഒരു പോസ്റ്റ് ഇടുന്നുണ്ട്.ഇനീം വരട്ടെ:)
{അപ്പൊഴേക്കും ഞാൻ അഹങ്കാരം മൂത്ത് ചാവാതിരുന്നാൽ മതി}
ചാണൂ,
തേങ്ങ കഴിഞ്ഞു വായന കഴിഞ്ഞു,ല്ലേ?താങ്ക്യൂ:)
പ്രയാൺ,
ആശാനെപ്പറ്റിയുള്ള ആരുടെ സ്മരണകളിലും ആ കണ്ണുകൾ ഉണ്ടാകുമായിരിക്കണം.
കാൽവിൻ,
ഇനീം സാധിക്കാവുന്നതേയുള്ളൂ,വൈകാതെ കാണൂ.
അനിൽ,
സന്തോഷം…
ഗീത്,
ഫോട്ടോകൾ ഹരീയുടേയും മണിയുടേയുമൊക്കെ ബ്ലോഗിൽ സുലഭമാണല്ലോ.ഗോപിയാശാനായതുകൊണ്ട് അത്തരമൊരു മുഖവുരയുടേയും ആവശ്യമില്ലല്ലോ എന്നു കരുതി.യൂട്യൂബിൽ വീഡിയോകളും യഥേഷ്ടം.
നിഷ്കൂ,
ഭാഷയെപ്പറ്റിയുള്ള എന്റെ സമീപനം പലപ്പോഴും മദ്ധ്യമാർഗത്തിലാണ്:)
നന്ദി.
നാട്ടുരാജാവേ,
ഇടക്കാലത്തെ എന്തോന്ന്?
ഞാൻ ആവേശഭരിതനാവുന്നത്….ഹേയ് ഒന്നൂല്യ,നന്ദി:)
രാജീവ് ചേലനാട്ട്,
‘കൃതഹസ്തത’എന്നൊന്നും പറഞ്ഞു ഭയപ്പെടുത്തല്ലേ,മാഷേ:)
ഓരോ ഭ്രാന്തുകളിങ്ങനെ എഴുതുന്നൂന്നല്ലാണ്ടെ.
കൃത്യമായി ആരെല്ലാം കളിച്ചു,പാടി,കൊട്ടി എന്നു നോട്ട് ചെയ്ത് റിവ്യൂ എഴുതാനൊന്നും വയ്യ.എന്തെങ്കിലും എഴുതാതിരിക്കാനും വയ്യ,ഇതൊന്നും കാണുമ്പോൾ.അപ്പൊപ്പിന്നെ ഇങ്ങനെ ഒരൂട്ടം എഴുതുന്നു,അത്രേള്ളൂ.:)
മുഴുവൻ വായിച്ച്,അഭിപ്രായമറിയിക്കൂ.
ഭരതമുനി,
അൽപ്പമെങ്കിലും വ്യക്തിപരമല്ലാതെ കഥകളി പോലൊരു കലയെ എങ്ങനെ സമീപിക്കാൻ…വീണ്ടും വീണ്ടും നുണയുമ്പോഴും നാവുമുറിക്കുന്ന ചിലത് കലയിൽ വേണമെന്നുള്ള അഭിപ്രായം എനിക്കുണ്ട്.അത് കഥകളിയിൽ അപൂർവ്വം.വീണ്ടും വീണ്ടും മധുരിക്കുകയാണു കഥകളിയുടെ പൊതുമാർഗം.ബദലുകൾ ഉണ്ടാകുമായിരിക്കാം,ഇനിയും….
ശ്രീകാന്ത്,
താങ്കളും അന്ന് കളിക്കുണ്ടായിരുന്നല്ലോ.കളിവെട്ടത്തിൽ എഴുതൂ.
ആശാനെപ്പറ്റിയുള്ള കഥകൾ,ആശാന്റെ കഥകൾ ഒന്നും പറഞ്ഞാൽ തീരില്ല.തലമുറകളിലൂടെ കഥകളിപ്പാണന്മാർ അതു പാടിനടക്കുമായിരിക്കും:)
ആ ബകവധം അവിസ്മരണീയം തന്നെ….നന്ദി.
അനന്തൻ,
വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി.
വി. ശി.
ലേഖനം വായിച്ചില്ല, പതുക്കെ വായിച്ച് അഭിപ്രായം രേഖപ്പെടുത്താം കേട്ടോ :-) ഗോപിയാശനെ പറ്റി ആയതുകൊണ്ട് ശരിക്കും മനസ്സിരുത്തി വായിക്കണം :-)
എന്റെ പുതിയ പെയിന്റിംഗ് ബ്ലോഗില്‍ ഇട്ടിട്ടുണ്ട്, കണ്ടിട്ട് പറയു എങ്ങിനെയുണ്ട് എന്ന് :-)
-സജീഷ്
കലാമണ്ഡലം ഗോപി എനിക്ക് ഒരു കലാകാരനല്ല.ആമൂലാഗ്രം ഒരു കലാസൃഷ്ടിയാണത്.
Kathakali enikkariyilla, athinte vishamamundenkilum, oru amoollya kalakaranau enteyum pranamangal...!
Ashamsakal...!!!
അദ്ദേഹം കലാമണ്ഡലത്തിൽ പഠിക്കുമ്പോഴാണ് അവിടെ മൈനർ കഥകളി തുടങ്ങിയത് എന്ന് വായിച്ചിട്ടുണ്ട്. കഥകളി കണ്ടിട്ട് കുറച്ചുകാലമായി. :)
അതി മനോഹരം. വികടശിരോമണി എന്ന പേരു മാറ്റീട്ട് വെറും “ശിരോമണി” എന്ന് വിളിക്കാൻ തോന്നുന്നു. ഗോപിആശാന്റെ വേഷം കാണുമ്പോള്‍ അതിന്റെ ഭംഗി എങ്ങനെ അക്ഷരങ്ങളിൽ കൂടി അവതരിപ്പിക്കും എന്ന ഞങ്ങളുടെ ചിന്ത ഇതുപോലുള്ള ലേഖനങ്ങള്‍ വായിച്ചാലാണ് തീരുക.
ഞങ്ങൾ തമ്മിൽ പറയുക ആയിരുന്നു...... “കൂട്ട്” അങ്ങിനെ അല്ലേ! അപ്പോ ഭാഷ കരിങ്കല്ലായീല്ലെങ്കിലെ അതിശയം ഒള്ളൂ! നേരത്തേയും കുറേപേര്‍ പറഞ്ഞിട്ടുള്ളതാണല്ലോ. എനിക്ക് ഇത് നൈസര്‍ഗ്ഗികമായ ഒന്നാണെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. നന്ദി. വിശദമായി അഭിപ്രായം അറിയിക്കാം. (മൊത്തം ഒരു 10 പ്രാവശ്യമെങ്കിലും വായിക്കേണ്ടേ! ഹ ഹ ഹ).
വി.ശി.
ഇനിയൊന്നും പറയാനില്ല. സമസ്താപരാധം പറഞ്ഞ്, അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.
ഗോപിയാശാന്റെ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍, എന്നും ഓര്‍മ്മവരുന്ന ആ കുറേ നല്ല ചല-നിശ്ചലചിത്രങ്ങള്‍ ഇതിലും ഭംഗിയായി ഇതുവരെ ആരും എഴുതിക്കണ്ടില്ല (ചുരുങ്ങിയത്, എന്റെ വായനയിലെങ്കിലും) ഇനി ആര്‍ക്കും എഴുതാനുമാവില്ല എന്നു പറഞ്ഞ്, തന്നെ ‘സലജ്ജോഹി‘പ്പിക്കുന്നുമില്ല..
എങ്കിലും എടുത്തെഴുതാതിരിക്കാന്‍ ആവില്ല, ആ ചിത്രങ്ങളുടെ സംര്^ദ്ധി. എങ്ങാനും ചെരിഞ്ഞാല്‍, കിരീടത്തെ സ്വസ്ഥാനത്തുകൊണ്ടുവരുന്ന ആ ശിരസ്സുവെട്ടിക്കല്‍, സ്റ്റേജില്‍ ചെരിഞ്ഞുനിന്ന് നിര്‍മ്മിക്കുന്ന വാങ്മയ ചിത്രങ്ങള്‍, മങ്ങിയ പൂനിരകളെ മുദ്രകളിലൂടെ ജ്വലിപ്പിക്കുന്നത്, വാക്ക് ഉച്ചരിക്കുന്ന മാത്രയില്‍ തന്നെ പൂര്‍ത്തിയാവുന്ന മുദ്രകള്‍, ലജ്ജയില്‍നിന്ന് അതുവരെ ഉണ്ടായിരുന്ന വീരത്തിലേക്കുള്ള നൊടിയിടകൊണ്ടുള്ള മടക്കം...അങ്ങനെ, പറയാന്‍ തുടങ്ങിയാല്‍ അവസാനമില്ലാത്ത ആ രംഗസ്മരണകള്‍..തീര്‍ന്നില്ല, ഒന്നുകൂടി..ദേവന്മാരെ കണ്ട് വണങ്ങി,“പൊയ്ക്കൊള്ളട്ടയോ”എന്നു കണ്ണുകള്‍ കൊണ്ടു മാത്രം അഭിനയിക്കുന്നതിന്റെ ആ, ആ ഒരു സിദ്ധി..കണ്ണുകൊണ്ടുള്ള അനുവാദം ചോദിക്കല്‍... എങ്ങിനെ ഇതെല്ലാം താന്‍ ഒപ്പിയെടുത്തു ഇത്ര ഭംഗിയായി എന്ന അത്ഭുതമാണ് ഇപ്പോള്‍ ഉള്ളില്‍.
മന:ശ്ശാസ്ത്രം എന്തുവന്നാലും വിടില്ല, അല്ലേ?
ആശാന്റെ പ്രസിദ്ധമായ ആ ശുണ്ഠിയുടെയും പിടിവാശികളുടെയും, കളി കഴിഞ്ഞിട്ടുള്ള ചിരപരിചിതമായ പ്രസന്നവദനത്തിന്റെയും മന:ശ്ശാസ്ത്രത്തോട് (നേരിട്ട് അനുഭവമുള്ളതുകൊണ്ട്) അത്രകണ്ട് യോജിക്കാനാവില്ലെങ്കിലും, ഒരു നല്ല കലാകാരനു ഇതും, ഇതിലും വലിയ സൌജന്യങ്ങളുമൊക്കെ അനുവദിച്ചുകൊടുക്കാനുള്ള ബാധ്യത കലാസ്വാദകര്ക്കുണ്ട് എന്നുതന്നെയാണ് എന്റെ പക്ഷം.
അഭിവാദ്യങ്ങളോടെ
ഗോപിയാശാനെ കുറിച്ച് കേട്ടിട്ടേ ഉള്ളു
25 കൊല്ലം മുമ്പു തൃശ്ശൂര്‍ ക്ലബ്ബില്‍ ഒരു മൂന്നാം ദിവസം ഉണ്ടായി, ഞാനന്ന് കൊച്ചുകുട്ടി. റീജണല്‍ തിയറ്ററില്‍ അച്ഛന്റേയും അമ്മയുടെയും ഒപ്പം പോയാല്‍ കാല്ക്കല് ഉറങ്ങുകയാണ് പതിവ്. സാക്ഷാല്‍ നമ്പീശനായിരുന്നു പാട്ട്, ഗോപിയാശാന്റെ ബാഹുകനും. ആശാന് വേഷം കഴിഞ്ഞ് ഒരു ചെറിയ ഉപഹാരം കൊടുത്തു. അതിനു മറുപടി പ്രസംഗം ആശാന് പറയുമ്പോള്‍ അപ്പോഴേക്കും ഉണര്‍ന്ന ഞാന്‍ ഉറക്കെ ചോദിച്ചുവത്രെ 'ഇതെന്താ വേഷം സംസാരിക്കുന്നത്?' എന്ന്. അടുത്തിരിക്കുന്നവരിലൊക്കെ ചിരി പൊട്ടി.
അതിനു ശേഷം ഇക്കൊല്ലം ക്ലബ്ബ് വാര്‍ഷികത്തിന് അതേ സ്ഥലത്ത് ആശാന്റെ മൂന്നാം ദിവസം ബാഹുകന് ഉണ്ടായി. വളരെ പ്രതീക്ഷയോടെ, nostalgia നിറഞ്ഞ മനസ്സുമായാണ് കളി കാണാന്‍ പോയത്. ആശാന്റെ ശുണ്ഠിയുള്ള ദിവസമായിരുന്നു അന്ന്, അണിയറയില്‍ വെച്ചു തന്നെ :-) അത് കളിയേയും ബാധിച്ചു എന്നു തോന്നുന്നു, കളി വിചാരിച്ചത്ര നന്നായുമില്ല. ഇപ്രാവശ്യവും പദ്മശ്രീ കിട്ടിയത് പ്രമാണിച്ച് ഒരു ഉപഹാരം കൊടുത്തിരുന്നു.
പണ്ടൊരിക്കല്‍ എന്റെ പിതൃസഹോദരനോടു ചോദിച്ചു - "അപ്ഫാ, ഗോപിയേക്കാളും കേമനായ വേഷക്കാരനുണ്ടോ?". അദ്ദേഹം തെല്ലൊന്നാലോചിച്ചു പറഞ്ഞു - "ഉവ്വു. കൃഷ്ണന് നായര്‍". ഗോപിയേക്കാളും കേമനായ വേഷക്കാരനോ ! ഞാന്‍ ശരിക്കും അല്‍ഭുതം കൂറി (അപ്പോഴാണ് കൃഷ്ണന് നായരാശാനെപ്പറ്റി കേള്‍ക്കുന്നത്).
1990-1991 കാലം. ഞാന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി. ഗോപിയാശാന്റെ കളി കണ്ടിട്ട് കാലം കുറച്ചായി. എനിക്കാണെങ്കില്‍ ആശാന്റെ വേഷം കാണാന്‍ വല്ലാതെ വൈകിയിരിക്കുന്നു. അപ്പോഴാണ് അറിയുന്നത് ആശാന് ദീര്‍ഘകാലം ചികില്‍സക്കു ശേഷം തിരിച്ചു വന്നിരിക്കുന്നു എന്ന്. ഉടന്‍ തന്നെ ക്ലബ്ബില്‍ ഒന്നാം ദിവസം വെച്ചു. ഞാന്‍ അമ്മയോട് നിര്‍ബന്ധിച്ചു, എന്നെ കളിക്കു കൊണ്ടുപോകാന്‍. ഹൈദരാലിയുടെ പാട്ട്. അന്നത്തെ കുണ്ഡിനനായക കണ്ട് ശരിക്കും കോരിത്തരിച്ചു.
വി.ശി.യുടെ ഹൃദയാവര്‍ജകമായ ലേഖനം കണ്ടപ്പോള്‍ ചില ബാല്യകാലസ്മരണകള്‍ പങ്കുവെക്കാന്‍ തോന്നി.
ദൊക്കെ ആയാലും വിസിയുടെ ലേഖനം വായിക്കാന്‍ ത്തിരി ബുദ്ധിമുട്ടന്യാneയ്! ചിലപ്പോള്‍ മാത്രേ ള്ളൂ അത, അതെന്താ അങ്ങനെ?
ആശാന്റെ കത്തി കാണാന്‍ വയ്യ, കാരണം നമ്മള് കൂടെ അലറാന്‍ ഒന്ന് സഹായിക്കും (അറിയാതെ) :):):)
ന്നാലും ആ മണ് മാന്തല്‍ മാത്രം നിക്ക് പിടിക്കില്യ (കന്തര്പ്പന് വേണമല്ലോ..) അതിന്~ ആസാനേ പറഞ്ഞിട്ടും കാര്യല്ല്യാല്ലേ? ഉനായി വാരിയരെ പറയണം.
ന്നാലും ൨ കയ്യും വിരിച്ച് രൌദ്രഭീമന് പാഞ്ചാലിയെ നോക്കുന്നാ ആ പോസ് ഉണ്ടല്ലോ അത് എവിറെയെങ്ക്ല്ിയം എഴുതിയിട്ടുണ്ടോ? അല്ലെങ്കില്‍ ആ വേര്പാട്ട്?
അക്ഷരതെടിന് ഗൂഗിളിനെ പഴി പറയും ഞാന്‍.
രാജീവ്ജി, ഞാനും ആ പക്ഷക്കാരന്‍ തന്നെ ആണ്~. പിന്നെ സമസ്താപരാധം പറയാന്തോക്കന്നം ഒന്നും എഴുതിയിട്ടില്ല രാജീവ് എന്ന എനിക്ക് തോന്നി :):):)
കാല്_വിനെ പോയി കളി കാണൂ, അമേരിക്കയിലാനെന്കിലും. വീഡിയോ ഒക്കെ ധാരാളം അല്ലെ?
സ്വാമീ ഇതാ ആ കൂട്ട്?
ഇതാ പറയുന്നത്, കമന്റുകള്‍ വരുന്നതിനു മുന്‍പുതന്നെ പോസ്റ്റ് വായിക്കനംണ്ണ്. :):)
ലേഖനം എനിക്കത്ര ദുഷ്കരമായി തോന്നിയില്ല. വി.ശിയുടെ എഴുത്തുശൈലി ശീലമായി വരുന്നതു കൊണ്ടാകാം. ഒന്നു-രണ്ട് വാചകങ്ങളില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല:
"സാധാരണേതരമായ യാഥാര്‍ത്ഥ്യത്തിന്റെ സ്വപവേഗമാര്‍ന്ന ഒരു പ്രതലത്തിലേക്ക്,സ്ഥലകാലങ്ങളുടെ കെട്ടുകളില്‍ നിന്നു മുന്നോട്ടായുന്ന കലാസ്വാദകന്റെ മനസ്സിലേക്ക് കുടിയേറിയ ആ സിംഫണിയെ വിശകലനം ചെയ്യുന്ന ശ്രമകരമായ കര്‍ത്തവ്യം..." - ആസ്വാദകന് മുന്നോട്ടായുകയാണോ, ഗോപിയാശാന് മുന്നോട്ടു ചുഴറ്റിയെറിയുകയാണോ?
സജീഷ്,
സമയം പോലെ വായിക്കൂ,അഭിപ്രായമറിയിക്കൂ.
ചിത്രം കണ്ടൂട്ടോ,കമന്റീട്ടുണ്ട്.
സുരേഷ്കുമാർ,
നന്ദി.
സു,
അതെ,അദ്ദേഹത്തിന്റെ പഠനകാലത്തായിരുന്നു മൈനർ സെറ്റിന്റെ തുടക്കം.അന്ന് മൈനർ സെറ്റിനു ഗോപിയാശാനെക്കൊണ്ടുണ്ടായ പ്രചാരം പല മുതിർന്ന കളിയാസ്വാദകരും പറഞ്ഞുകേട്ടിട്ടുണ്ട്.
വൈദ്യനാഥൻ,
അങ്ങയെപ്പോലുള്ളവർ ഇങ്ങനെ പറഞ്ഞാൽ അതുതന്നെയാ എനിക്കുള്ള അവാർഡ്:)
ആരാ ഈ “കൂട്ട്”എന്നു എന്നോടു ചിലർ മൈയിൽ ആയും ചോദിച്ചു.ആരാണെന്നുവെച്ചാൽ അങ്ങുതന്നെ പറഞ്ഞോളൂ:)
രാജീവ് ചേലനാട്ട്,
അയ്യോ!അപരാധം പറയാനെന്തുണ്ടായി?ആ വിമർശനം ഞാൻ നേരായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു.ചിലപ്പോൾ ഭാഷയുടെ ഒരുതരം ബാഹ്യാലങ്കാരങ്ങളിലേക്ക് ഞാനറിയാതെ സഞ്ചരിക്കുന്നു എന്ന യാഥാർത്ഥ്യം ഞാനും അറിയുന്നുണ്ട്.തിരുത്തുകൾ ആവശ്യമാണെന്നും.പക്ഷേ,ഓരോരുത്തർക്കും ഓരോ ഭാഷാസ്വത്വമുണ്ടല്ലോ.അതു നിരസിച്ചാൽ,ഞാൻ ഞാനല്ലാതായിപ്പോവും.
“സലജ്ജോഹി”ക്കുന്നില്ല.ആകെ ബോധ്യമുള്ളത് നമ്മുടെ ബോധമില്ലായ്മയെക്കുറിച്ചാണ്.
ആശാന്റെ ശാഠ്യങ്ങളുടെയും ശുണ്ഠികളുടേയും മറുപുറം ഞാൻ അറിയുന്നില്ലെന്നു കരുതുന്നുവോ?അതെല്ലാവർക്കും അറിയാവുന്നത്,പറയുന്നത്.ഞാനതിന്റെ പോസിറ്റീവ് വശം പറഞ്ഞു എന്നു മാത്രം.
അരുൺ,
കേട്ടിരിക്കണ്ട,കണ്ടിരിക്കാലോ,ആഗ്രഹമുണ്ടെങ്കിൽ:)
കപ്ലിങ്ങാട്,
“ശൈലിയാണു മനുഷ്യൻ”എന്നൊരു പ്രസിദ്ധവാചകമുണ്ടല്ലോ.ഞാൻ തന്നെയാണ് എന്റെ ശൈലി.എന്റെ ശൈലിയെ അറിയുന്നു എന്നു പറഞ്ഞാൽ,അത് എന്നെ അറിയുന്നു എന്നുതന്നെ.നന്ദി പറഞ്ഞുചുരുക്കുന്നില്ല,ഈ അടുത്തിരിപ്പിന്.
നിഖിൽ എന്റെ പോസ്റ്റുകൾ വായിക്കുന്നതിലെ ശ്രദ്ധ,പലപ്പോഴും എന്നെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ട്.
ആ സൂചിപ്പിച്ച വാചകത്തിൽ,ഗോപിയാശാൻ നമ്മെ എടുത്തെറിയുന്നു എന്നാണുകെട്ടോ ഉദ്ദേശിച്ചത്.ഇരുതലകളിലേക്കും അതിനു സാദ്ധ്യതയുണ്ടെന്നു ഇപ്പൊഴാ തോന്നിയത്.
ആ ബാല്യകാലസ്മരണകൾക്കു മുന്നിൽ നാം അത്രമേൽ സമീപസ്ഥരാകുന്നു.അതാണ് ഞാൻ ആദ്യഖണ്ഡികയിൽ സൂചിപ്പിക്കാൻ ശ്രമിച്ചത്,ഏതെല്ലാം സ്പർശ-ഗന്ധ-ദൃശ്യസ്മരണകളിൽ നിന്നാണ് ഗോപിയാശാൻ എന്ന അനുഭവഭൂപടത്തെ പായനിവർത്തേണ്ടത് എന്ന കൺഫ്യൂഷൻ എനിക്കു തീരുന്നില്ല എന്ന്.
സുനിൽ,
എന്റെ ഭാഷ വായിക്കാനുള്ള പ്രയാസം ശരിയാണ്.പക്ഷേ,അങ്ങയുടെ ഭാഷ പലതും എനിക്ക് ഒന്നും മനസ്സിലാവുന്നതു തന്നെയില്ലല്ലോ!ഗൂഗുളിനെ കുറ്റം പറഞ്ഞാൽ തീരുമോ മനസ്സിലാവായ്ക:)
എല്ലാവർക്കും നന്ദി.
• പച്ച തേച്ചു കഴിഞ്ഞു മാത്രമേ മുഖത്തിനത്രയും ഭംഗിവരുന്നുള്ളൂവെന്നുമുണ്ട്. വേഷമില്ലാതെ കണ്ടാല്‍ ഒരു സാധാരണക്കാരന് എന്നതിനപ്പുറം ഒരു സൌന്ദര്യം അദ്ദേഹത്തിന്റെ മുഖത്തിനുണ്ടോ? (ഗോപിയാശാനോടുള്ള സ്നേഹം കൊണ്ട് വേഷമില്ലാതെയും അദ്ദേഹം നമുക്കേവര്‍ക്കും സുന്ദരനാണ്, അതോര്‍ക്കാതെയല്ല...) കണ്ണുകള്‍; ഒന്നു വലുതും ഒന്നു ചെറുതും. വേദിയില്‍ കണ്ടാലറിയില്ല, സൂം ചെയ്തുള്ള ഫോട്ടോകളില്‍ വ്യക്തമാണ്. പറഞ്ഞതുപോലെ പച്ചവേഷത്തിനായി നിര്‍മ്മിച്ചെടുത്തതു പോലെയാണ്...
• ഏറ്റവും കുറവ് കിരീടം അഡ്ജസ്റ്റ് ചെയ്തു കണ്ടിട്ടുള്ളത് ഗോപിയാശാനാണ്. കിരീടത്തിന്റെ കാര്യത്തില്‍ നല്ല ആത്മവിശ്വാസമാണ് അദ്ദേഹത്തിന്.
• എനിക്കേറെയിഷ്ടം അദ്ദേഹത്തിന്റെ നള/ബാഹുകന്മാര്‍ തന്നെ!
• :-) ‘അരങ്ങി’ലെ കളി കണ്ടതുപോലെയായി! ആശാന്റെ ശുണ്ഠികളെ പോസിറ്റീവായി കാണുവാനാണ് എനിക്കുമിഷ്ടം. എന്നിരുന്നാലും പാവം പിടിച്ച തിരശീലക്കാരോടും മറ്റും ശുണ്ഠികാട്ടുന്നതു കാണുമ്പോള്‍ വിഷമവും തോന്നാറുണ്ട്. (വളരെ പ്രായം ചെന്നവരാവും ചിലര്‍, പ്രായത്തിന്റെ ക്ഷീണത്തിലും തിരശീല പിടിക്കുവാനൊരു രാത്രി നില്‍ക്കേണ്ടി വരുന്നവരുടെ ഗതികേട്, അതോര്‍ക്കുമ്പോളാണ് അവര്‍ മാനുഷിക പരിഗണന കലാകാരന്മാരില് നിന്നും അര്‍ഹിക്കുന്നുവെന്നു തോന്നുക.)
• രാജീവ് ചേലനാട്ടിന്റെ വിമര്‍ശനത്തെക്കുറിച്ച്; പറഞ്ഞതില്‍ ഒരു വാസ്തവമുണ്ട്. കഥകളിയെപ്പറ്റി കാര്യമായെന്തെങ്കിലും അറിയാത്തവര്‍ക്ക് രംഗഭാഷ മനസിലാവണമെന്നില്ല. സാമാന്യജനങ്ങളെക്കൂടി വായനക്കാരായി കണ്ടെഴുതിയാല്‍ കൂടുതല്‍ പേര്‍ക്ക് വായിച്ചാസ്വദിക്കുവാന്‍ കഴിയും. അങ്ങിനെ വായിക്കപ്പെടണമോ വേണ്ടിയോ എന്നത് ലേഖകന്റെ ഇഷ്ടം. :-) തുടക്കത്തിലെ രണ്ടു പാരഗ്രാഫ് എഴുതി രമിക്കുകയായിരുന്നെങ്കിലും എനിക്കിഷ്ടമായി. അതും വേണമെന്നേ ഇടയ്ക്കിടെ. :-) ഒരു കൃത്രിമത്വവും തോന്നിയില്ല എന്നു കൂടി പറയുന്നു. (കപ്ലിങ്ങാട് പറഞ്ഞതുപോലെ ശൈലി ശീലമാവുന്നതിന്റെയാവാം... :-)
ഓഫ്: ഇന്നലെ പോസ്റ്റ് കണ്ടെങ്കിലും വായിച്ചെന്തെങ്കിലും എഴുതുവാന്‍ സാധിച്ചത് ഇന്നാണ്... ദേ, ഒരരമണിക്കൂറിലധികമായി ഇപ്പോള്‍ തന്നെ... അപ്പോള്‍ ഓടട്ടെ... പോസ്റ്റിനു പെരുത്തു നന്ദ്രി. :-)
--
വി.ശി,
ഇപ്പോഴേ വിശദമായി വായിക്കുവാനും കമ്ന്റുവാനും സാധിച്ചുള്ളു. ഗോപിയാശാന്റെ കളിപോലെതന്നെ ഗോപിയാശാനേക്കുറിച്ചുള്ള ഈ ലേഘനവും കേമം ആയിട്ടുണ്ട്. ഭാഷ പതിവുപോലെ ഗഹനം. എന്നാല്‍ ചിലര്‍ പറയും പോലെ കൃത്രിമത്വം ഒന്നും തോന്നിയില്ല.
ഗോപിആശാന്റെ വേഷം കാണുമ്പോള്‍ മനസ്സില്‍ പതിയുന്ന അതിന്റെ ഭംഗി ഇങ്ങനെ അക്ഷരങ്ങളിൽ കൂടി അവതരിപ്പിക്കുക എന്നത് എല്ലാവരാലും സാധ്യമായ കാര്യമല്ല.“സ്വപ്നത്തിന്റെ ഞരമ്പുകളിൽ പ്രവഹിക്കുന്ന ഈ രക്തത്തിനെ” നല്ലൊരൂ അളവില്‍ തന്നെ വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ചൊരിയാൻ വി.ശിക്ക് സാധിച്ചിട്ടുണ്ട്.
ഗോപിയാശാന്റെ ശരീരഭാഷയേയും പ്രവൃത്തിഘടനയേയും നന്നായി വിശകലം ചെയ്തിരിക്കുന്നു.
മുദ്രകാണിക്കുന്നതില്‍ അഴകുതോന്നുവാനുള്ള മുഖ്യകാരണം അദ്ദേഹത്തിന്റെ നീണ്ടുമനോഹരമായ വിരളുകള്‍ തന്നെയെന്ന് തോന്നിയിട്ടുണ്ട്.
പ്രത്യേകമായ താളക്രമം അനുവര്‍ത്തിക്കുന്ന ഗോപിയാശാന്റെ മുദ്രാരീതിയുടെ ലാവണ്യം തന്നെയാണ് നമ്മെയൊക്കെ വല്ലാതെ ആകര്‍ഷിക്കുന്നതും അത്ഭുതപ്പെടുത്തുന്നതും.ഇതിനെ വിശദമായി വിശകലം ചെയ്ത് മനോജ്,കുറൂര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയിരുന്നല്ലൊ.
“ജളന്മാർ”,“അരുണനോ”,“ജനനം സഫലമായി വന്നു” തുടങ്ങിയ ഭാഗങ്ങളൊക്കെ തന്നെ ആശാന് അവതരിപ്പിക്കുമ്പോള്‍ അസാധ്യ ദൃശ്യസൌന്ദര്യം തന്നെയാണ് തോന്നിയിട്ടുള്ളത്. “ചാരുതരുണീമണിയെ പാണിഗ്രഹണം ചെയ്തൊരു വീരാ” എന്നഭാഗത്ത് ‘ലജ്ജ’ നടിക്കുന്നതുപോലെ തന്നെ, അര്‍ദ്ധാസനം നല്കി ഇന്ദ്രന് അജ്ജുനനെ ഇരുത്തുന്നഭാഗത്ത് ‘സുകൃതികളില്‍ മുന്പനായിതീര്ന്ന’ അര്‍ജ്ജുനന്റെ ഭാവം ഗോപിയാശാന് നടിക്കുന്നത് കഥയില്‍ ജയന്തനില്‍ എന്ന പോലെ കളിയില്‍ ഇതര നടന്മാരിലൂം അസൂയജനിപ്പിക്കുവാന് പോന്നതാണ്.
തന്റെ 70കളില്‍ സഞ്ചരിക്കുന്ന ആശാന് ഇപ്പോഴും യുവനടന്മാരേക്കൂടി അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നത്. ഇരിങ്ങാലക്കുടയിലെ അരങ്ങ് ഇതിനൊരു ഉദാഹരണം മാത്രം. ഇനിയും അനവധി അരങ്ങുകളില്‍ അദ്ദേഹത്തിന്റെ ദൃശ്യനാട്ട്യവൈഭവം ആസ്വദിക്കുവാന്‍ നമുക്കെല്ലാം സാധിക്കട്ടെ. അതിനായ് ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
“പിന്നെ എത്രമേൽ നന്നായിട്ടും ഫലമില്ല,കഥകളിയാസ്വാദകന്റെ കണ്ണ്,ആ ചെരിഞ്ഞ കിരീടത്തിന്റെ അസമവൈരൂപ്യത്തിൽ നിന്നു പിരിഞ്ഞുപോരില്ല.ഈ പ്രതിസന്ധി കഥകളിയുടെ ആഹാര്യത്തിലെ പ്രധാനമായ ഒരു പ്രശ്നമാണ്.”
വി.ശി.പറഞ്ഞതു വളരെ ശരിയാണ്.
വില്ലുമമ്പും താഴെക്കിടുമ്പോഴുണ്ടാകുന്ന ശബ്ദം ഇത്ര കല്ലുകടിയാണോ? ഇതൊക്കെ കളിയുടെ ഭാഗമല്ലെ.....
ആശാനെപറ്റിയുള്ള ലേഘനങ്ങള് ഇനിയും വി.ശി.യുടെ തൂലികതിമ്പില്നിന്നും വിരിയും എന്ന് പ്രതീക്ഷിക്കുന്നു....
Undoubtedly, Gopi aasaan is a feast to any 'kathakali rasika's mind.' This is well attested by the large number of comments on this arist.
I have been observing aasaan's performances for the last 47 years, ie. Gopi aasaan's most robust days, by virtue of also the bubbling dynamic youth . These were days of the active stalwarts like Vazhenkada Kunju Nair, Krishnan Nair, Ramankuuty Nair (still on stage), Keezhppadam Kmaran Nair, Vellinezhi Nanu Nair, Padmanabhan Nair, Mangualm Vishnu Nambootiri, Harippad Ramakrishna Pilla, Chengannur Raman Pilla, Chembakkulam Pachupilla, Kurichi Kunjan Panicker, Kudamaalur Karunakar Nair, MadavurVasudevan Nair ( still on stage). Others like Guru Kunju Kurup were in thier days as Gopi aasan is in now.
Although one gets excited by experiencing what one likes, it may be better to be factual rather than being uduly poetic, if technical excellence is discussed. Of course, in appreciation, which is highly subjective, techical excellence may not be very signifcant & comments are personal views of individuals over which others have no rights. However, if technical aspects are taken into consideration to underline the reasons for appreciation, one need to be more careful. Like any other stylized art, Katkali also has its own specificity - precison in mudras, the kinesics associated with them, postures, parameters deciding the character status, permissible deviations & variations etc. The comments on aassaan's mudras and some of the parameters which he adopts need discussion, if the technology involved in Kathakali are taken into consideration.
I fully agree with all humility, we have none at present to excel Gopi aasaan's ways of being attractive and live on the stgae(God-given and aquired), ignoring many of the rigidities imposed by the technical parameters. And, in subjective subjects like aesthetics, that's how performers find place in any rasika's mind.
If Kathakali is our subject, let us also discuss other still sufficiently active arists like Sadanam Krishnankutty, Kottakkal Nandakumaran Nair, Kottakkal Chandraekharan, Kottakkal Devadas, Kalamandalam R Unnithan, Margi Madhu, Kalamandalm Balasubrahmanyan, Kalamandalm Shanmukhan, and their second generation of younger artists who are worthy of being studied.
If possible, invite rasiaks from older generations to give their comparative comments. All these would enrich this or similar blogs as resouces even for future research students. Such documetations were not possible few years ago. We are lucky in thie world of IT, that can take in large volumes of such worthy information sources with easy access, to provide the new generation of performers, observers, journalists and researchers with first-hand authentic information.
Post a Comment