Monday, May 18, 2009

വീണ്ടും ജ്വലിക്കുന്നു!

മങ്ങിയെരിഞ്ഞ ഒരു കളിവിളക്കിന്റെ തിരി വീണ്ടും ജ്വലിച്ചുതുടങ്ങിയിരിക്കുന്നു!വീണ്ടും കലാമണ്ഡലം വാസുപ്പിഷാരടിയുടെ കാലം ആരംഭിക്കുകയാണ്.ഇക്കഴിഞ്ഞ മെയ് 14ന് ഗുരുവായൂർ നടയ്ക്കൽ നടന്ന നാലാംദിവസത്തിലെ ബാഹുകൻ,വേദനകളുടെ ഇരുൾക്കാലത്തെ തന്റെ പ്രിയവേഷമായ ഉൽഭവം രാവണനെപ്പോലെ മനസ്ഥൈര്യം കൊണ്ടു കുടഞ്ഞെറിഞ്ഞ വിജിഗീഷുവിന്റെ പ്രത്യായനമായിരുന്നു.കലയോടു സമർപ്പിതചേതസ്സായ മനുഷ്യനു മുന്നിൽ തോൽക്കാത്ത പ്രതിസന്ധികളില്ല എന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു!




സത്യത്തിൽ,വാസുവാശാൻ കഥകളിയെ എന്നതിനേക്കാളും,കഥകളി വാസുവാശാനെയാണ് ആവശ്യപ്പെട്ടിരുന്നത് എന്നു തോന്നുന്നു.പട്ടിയ്ക്കാംതൊടിക്കളരിയുടെ ധൈഷണികതാവഴിയായ വാഴേങ്കടമാർഗം,അത്രമേൽ സഞ്ചാരശൂന്യമായിപ്പോയിരുന്നു.ആവർത്തനം കൊണ്ടു സൃഷ്ടിക്കപ്പെടേണ്ട കലാപരമായ ആവൃത്തിയെപ്പറ്റി ബോധമില്ലാതായ സമകാലകഥകളി,വാസുവാശാന്റെ തിരിച്ചുവരവിനായി ഉള്ളുരുകി പ്രാർത്ഥിച്ചിരിക്കണം.ആ ചരിത്രത്തിന്റെ പ്രാർത്ഥനയാണ് വാസുവാശാനെ തിരിച്ചെത്തിച്ചത്.വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനുശേഷം ലഭിച്ച ഈ ആഹ്ലാദനിമിഷത്തിൽ,അദ്ദേഹത്തെ തിരിച്ചെത്തിച്ച സകല ചികിത്സകർക്കും കഥകളിലോകം നന്ദിപറയണം.
ഗുരുവായൂർ നടയ്ക്കലെ നാലാം ദിവസം
---------------------------------------------------


കോങ്ങാടുവെച്ച് ദക്ഷയാഗത്തിലെ ഒരു പദം ചെയ്തിരുന്നെങ്കിലും,നളചരിതം നാലാംദിവസത്തിലെ ബാഹുകനേപ്പോലെ ഒരു മുഴുനീള ആദ്യാവസാനവേഷം വാസുവാശാന് ചെയ്തു പൂർത്തിയാക്കാനാവുമോ എന്ന ആശങ്ക ഗുരുവായൂരിൽ നിന്നു പരിഹരിക്കപ്പെട്ടു.ഊർജ്ജത്തെ കലാത്മകമായി വിനിയോഗിക്കുന്ന വാസുപ്പിഷാരടിയുടെ രംഗതന്ത്രം അന്ത്യരംഗത്തിൽ വരെ വാസുവാശാനെ ഉന്മിഷിത്തായി നിലനിർത്തി.കഥകളിയുടെ ശൈലീകൃതസൌന്ദര്യതലത്തെ നിരസിക്കാത്ത,അമിതവൈകാരികതകളുടെ വേലിയേറ്റമില്ലാത്ത വാസുവാശാൻ ബാഹുകന്റെ തനതുലാവണ്യത്തിന്റെ തിരിച്ചുവരവായിരുന്നു ഗുരുവായൂരിൽ കണ്ടത്.വർഷങ്ങളോളം കഥകളിയിൽ നിന്നകന്ന ശരീരത്തിലേക്ക് മനസ്സിലെന്നും സമീപസ്ഥമായിരുന്ന രംഗബോധം ഊർജ്ജം പകരുകയായിരുന്നുവെന്നു തോന്നുന്നു.കേശിനിയുമൊത്തുള്ള രംഗത്തിൽ,ഇടയ്ക്കിടെ കുതിരകളെ നോക്കുന്ന തനതുശൈലിപോലും വിട്ടുകളയാതെ ചെയ്തു.പാചകത്തിന്റെ ദൈർഘ്യം പരമാവധി ഒതുക്കി,ആവശ്യമായ സൂചകങ്ങളൊന്നും വിട്ടുകളയാതെ പൂർത്തീകരിക്കുന്നത് പുതിയ ബാഹുകന്മാർ കണ്ടുമനസ്സിലാക്കേണ്ടതായിരുന്നു.
“ആനന്ദതുന്ദിലനായ്”എന്ന പദത്തിൽ,സർവ്വാനന്ദദായകമായ ആ പ്രത്യായനത്തിന്റെ മുഴുവൻ ഭാവലയവും നിറഞ്ഞുനിന്നു.“ഉയിർവേരറവോ”ളം കഥകളിയെന്ന പ്രേയസിയുമായി ചേർന്നുവാഴാൻ കൊതിക്കുന്ന ചേതനക്കൊപ്പം,ചിലങ്കകൾ കരഞ്ഞു.“നാഥാ നിന്നെക്കാണാഞ്ഞൂ”എന്ന പദത്തിൽ ദമയന്തി നളനെ സംബോധന ചെയ്യുമ്പോൾ,“ഇങ്ങോട്ടല്ല;അങ്ങോട്ട്”എന്ന അർത്ഥത്തിൽ ശ്രീകോവിലിലേക്ക് ആശാൻ ചൂണ്ടിക്കാണിച്ചത് ഏതു കഥകളിപ്രേമിയുടെ കണ്ണുകളേയും ഈറനണിയിച്ചിരിക്കണം.
ഈ തിരിച്ചുവരവ് കാലത്തിന്റെ ആവശ്യമാണ്.കഥകളിയുടെ തനതുസൌന്ദര്യത്തിന്റെ വിജയം.വർഷങ്ങളോളം നടന്ന ഔഷധപ്രയോഗങ്ങൾ പുനരുജ്ജീവിപ്പിച്ചത് ഇന്നു കഥകളിക്കേറ്റവും അത്യാവശ്യമായ ഔഷധിയേയാണ്.സന്താനഗോപാലം ബ്രാഹ്മണനും,കീചകനുമെല്ലാം ഇനിയും നമ്മെ കാത്തിരിക്കുന്നു എന്ന ഗുരുവായൂരിലെ ഈ അറിയിപ്പിനു മുന്നിൽ മനംനിറഞ്ഞ ആഹ്ലാദത്തോടെ നമസ്കരിക്കുന്നു.
“ മന്ദപവനൻ തഴുകവേ,കൂരിരുൾ-
ഗ്രന്ഥി ഭേദിച്ചു വിരിയുന്നു കോരകം
ദേവൻ ദിനേശൻ തൊടുമ്പോൾ തമിസ്രമാം
രാവു വെളിച്ചം വിതറും പ്രഭാതമാം!”

32 comments:

വികടശിരോമണി said...

2009മെയ്14ന്,ഗുരുവാരൂരിൽ വെച്ച് കലാമണ്ഡലം വാസുപ്പിഷാരടി നളചരിതം നാലാംദിവസം ബാഹുകനായി വീണ്ടും അരങ്ങിലെത്തിയിരിക്കുന്നു.ഹരിപ്രിയ നമ്പൂതിരി ദമയന്തിയായും,കലാ.അരുൺ വാര്യർ കേശിനിയായും വേഷമിട്ടു.കോട്ടക്കൽ മധു,നെടുമ്പള്ളി രാം മോഹൻ എന്നിവർ സംഗീതവും,സദനം രാമകൃഷ്ണൻ,കലാ.രാജ്നാരായണൻ എന്നിവർ ചെണ്ട-മദ്ദളങ്ങളും നിർവ്വഹിച്ചു.

arupuru said...

Vikatashiromani,

This is a good news!! As you said, we need to see those Ulbhavam ravanans', Keechakan and Of course the brahmanas' etc of Vasu Ashan. I still remember the Ulbhavam ravanan in Kalamandalam way back in late 80s'. Ohhh!! let god bless him with his "randamoozham"

SunilKumar Elamkulam Muthukurussi said...

അസുഖം ഭേദമായി എന്നു കേട്ടിരുന്നു. പക്ഷെ കളിച്ചു എന്നറിഞ്ഞിരുന്നില്ല. എന്തായാലും ഭാഗ്യം!
ന്നാളും കൂടെ പഴയ ഒരു മൂന്നാം ദിവസം നളനെ വീഡിയോയിൽ കണ്ടതേ ഉള്ളൂ. (വൈദ്യമഠത്തിൽ നടന്ന ഒരു കളീ)അപ്പോഴും വിചാരിച്ചു എന്തായി ആശാന്റെ കാര്യം ന്ന്.

ഭാഗ്യം!
-സു-

മനോജ് കുറൂര്‍ said...

പ്രിയ വി.ശീ., വളരെ സന്തോഷമുണ്ടാക്കുന്ന വാര്‍ത്ത. ആ അഭാവം കഥകളിയരങ്ങുകളെ അത്രമേല്‍ അപൂര്‍ണമാക്കിയിരുന്നു. കഥകളിയരങ്ങത്ത് ആട്ടങ്ങള്‍ വെറും കഥപറച്ചിലല്ല എന്നും ദൃശ്യവിന്യാസത്തിലൂന്നിയ ഔചിത്യമാണ് അതിന്റെ ആധാരമെന്നുമുള്ള തന്റെ കലാസങ്കല്പം അദ്ദേഹം സഫലമായി പ്രാവര്‍ത്തികമാക്കിയ അരങ്ങുകള്‍ മനസ്സില്‍നിന്നു മായുകയില്ല.വാസുവാശാന് അദ്ദേഹത്തിന്റെ പൂര്‍ണപ്രഭാവത്തോടെ തിരിച്ചെത്താനാകട്ടെ :)

Dr.T.S.Madhavankutty said...

ശ്രീ വ്വികടശിരോമണി,
ഹാ!!! ഏന്തൊരു വാർത്ത,
നന്ദി ആരോടു നാം ചൊല്ലേണ്ടു. വാസുആശാന്റെ നിശ്ചയദാർഠ്യത്തിനോടോ അദ്ദേഹത്തേ ചികിത്സിച്ച വൈദ്യശ്രേഷ്ഠന്മാരോടോ, അദ്ദേഹത്തേ പരിചരിച്ച കുടുംബാംഗങ്ങളോടോ, സർവശക്തനായ ഗുരുവായൂരപ്പനോടോ
എല്ലവരോടും കൃതകേതരമായ കൃതജ്ഞത ആത്മാർത്ഥതയോടെ രേഖപ്പെടുത്തികൊള്ളുന്നു.
മാധവൻ കുട്ടി

ramanika said...

a most welcome news!

Unknown said...

നമുക്കേവർക്കും ആഹ്ലാദകരമായ വാർത്ത . അദ്ദേഹത്തിനു 'മുന്നെപ്പോലെ' കഥകളിയുടെ കമനീയ മന്ദിരത്തിൽ പരിലസിക്കുവാൻ വേണ്ട എല്ലാ കരുത്തും ശ്രീ ഗുരുവായൂരപ്പൻ നൽകെട്ടേ ; അതിനായി പ്രാർത്ഥിച്ചു കൊണ്ട്‌:

രാജശേഖർ.പി

Lathika subhash said...

ആദരണീയനായ കലാമണ്ഡലം വാസുപ്പിഷാരടിയുടെ ഈ തിരിച്ചു വരവില്‍ ഞാനും സന്തോഷിക്കുന്നു.
ഈ ദീപം ഇനി ജ്വലിച്ചുകൊണ്ടേയിരിക്കട്ടെ.ആശംസകള്‍.

‘തൌര്യത്രിക’ത്തിലൂടെ ഇത്തരം വര്‍ത്തകളും അറിവുകളും പങ്കു വയ്ക്കുന്ന വികടശിരോമണിയ്ക്കു നന്ദി.

എതിരന്‍ കതിരവന്‍ said...

ശ്രീ വാസുപ്പിഷാരടിയെപ്പോലുള്ളവർ കഥകളിയിൽ അന്യം നിന്നു പോകുന്ന കാലമാണ്. അദ്ദെഹം തുടർന്നും കളിയ്ക്കുക എന്നത് കാലത്തിന്റെ ആവശ്യം തന്നെ. അതിനുള്ള ആരോഗ്യവും ദൃഢനിശ്ചയചേതനയും മനസ്സിനും ശരീരത്തിനും ഊർജ്ജവും വന്നു ഭവിക്കുമാറാകട്ടെ.

Anonymous said...

Hello,
Very happy to know about the good news,Sri.Sharody Vasu is performing Kathakali.

I am eagerly waiting for your article regarding " thengakkula".

Anonymous said...

കല്ലുവഴി വിചാരസ്ഥലിയുടെ ശ്രദ്ധക്ക്,

വാഴേങ്കട ശൈലിയിലെ അതികായനായ കലാകാരൻ കലാമണ്ഡലം വാസുപിഷാരടിയുടെ
തിരിച്ചു വരവിനെ സസന്തോഷം തെക്കൻ കേരളത്തിലെ ആസ്വാദകർ സ്വീകരിക്കുന്നു.

(തെക്കൻ കഥകളി ആസ്വാദകർ)

വികടശിരോമണി said...

ഈ സന്തോഷത്തിൽ പങ്കുചേർന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു.
അവസാനകമന്റിൽ കാണുന്ന ഈ തെക്കൻ ആസ്വാദകർ എന്താണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല.എന്തായാലും എന്റെ അഭിപ്രായങ്ങൾ വൈകാതെ പോസ്റ്റ് ചെയ്യാം.
നന്ദി.

ഹന്‍ല്ലലത്ത് Hanllalath said...

വികടശിരോമണി,
നന്ദി..

...അദ്ധേഹത്തിന് ...ആശംസകള്‍...

മനോജ് കുറൂര്‍ said...

വി. ശീ. വിട്ടുകളയൂ. താങ്കള്‍ പറയാറുള്ളതുപോലെ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു പോരേ മറുപടി? കേരളത്തിന്റെ തെക്കന്‍‌ പ്രദേശത്തുള്ളവര്‍ എന്ന അര്‍ഥത്തിലാണെങ്കില്‍ പക്വതയും വിവേകവുമുള്ള എത്ര പേരേ എനിക്കറിയാം! അതല്ല തെക്കന്‍ ചിട്ടയുടെ ആസ്വാദകരെന്നാണെങ്കില്‍ അതിന്റെ സ്വഭാവമെന്തെന്നും സൌന്ദര്യശാസ്ത്രപരമോ സാംസ്കാരികമോ ആയ പദ്ധതിയെന്തെന്നും ഒക്കെയുള്ള സംഗതികള്‍ ചര്‍ച്ചയ്ക്കു വരുന്നതില്‍ സന്തോഷമല്ലേ തോന്നേണ്ടതുള്ളൂ? അതൊന്നുമില്ലാതെ, ഊരും പേരുമില്ലാതെ, വെറുതേ എന്തെങ്കിലും പറയുന്നതിനൊക്കെ എന്തു മറുപടി? അതിനുവേണ്ടി എന്തിനു താങ്കളുടെ സമയം കളയണം? അനോണിമസ് കമന്റ്സ് അത്ര അസ്വസ്ഥതയുണ്ടാക്കുന്നെങ്കില്‍ ബ്ലോഗില്‍നിന്ന് ആ ഓപ്ഷന്‍ അങ്ങെടുത്തു കളഞ്ഞാല്‍ പോരേ? :)

Unknown said...

aa vartha kettu anantha thunthilanayi njan. iniyum anekam arangukale sampannam akkan GURUVAYURAPPAN anugrahikkatte.

Haree said...

തീര്‍ച്ചയായും അതൊരു നല്ല വാര്‍ത്ത തന്നെ. :-) അദ്ദേഹത്തിന്റെ വേഷങ്ങള്‍ കാണുവാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആരോഗ്യത്തോടു കൂടി അരങ്ങുകളില്‍ സജീവമാകുവാന്‍ അദ്ദേഹത്തിനു കഴിയട്ടെ...

അടുത്ത കളി എവിടെയാണ്? എന്തെങ്കിലും വിവരം?
--

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.
ഹരീ,
വാസുവാശാന്റെ സന്താനഗോപാലം ബ്രാഹ്മണൻ 17ന് തൃപ്പൂണിത്തറ ഉണ്ടായി എന്നാണറിവ്.കൂടുതൽ വിവരങ്ങളറിഞ്ഞില്ല.
അറിയുന്നത് അറിയിക്കാം:)
മനോജ്,
അതു തോന്നാഞ്ഞിട്ടല്ല.സമയം തീരെ ഉണ്ടായിട്ടുമല്ല.പക്ഷേ,ഈയിടെ നടക്കുന്ന തുടർച്ചയായുള്ള ആക്രമണങ്ങൾ കാണുമ്പോൾ....കഴിഞ്ഞ മൂന്നു പോസ്റ്റുകളിലായി ഇതു തുടരുകയാണ്.മറ്റുള്ളവരെ ചീത്ത വിളിക്കാൻ വരെയുള്ള സ്ഥലമായി ആണ് ഇപ്പോൾ ഇവിടം ഉപയോഗിക്കപ്പെടുന്നത് എന്നു മനസ്സിലാവുന്നുണ്ടല്ലോ.അനോനി ഒപ്ഷൻ അടക്കുക എന്നത് എന്തായാലും എന്റെ ബോധ്യങ്ങളോടു ചേരുന്നില്ല.അതൊരിക്കലും ചെയ്യുകയുമില്ല.(ദയവായി വൈറസുകളെ കയറ്റി അയക്കല്ലേ:)സമകാലകഥകളിലോകത്തിന്റെ ഒരു പരിച്ഛേദമായി ബൂലോകം മാറുന്നത് ഇങ്ങനെയൊക്കെയാണെന്നു തോന്നുന്നു.എത്രമേൽ സാംസ്കാരികസമ്പന്നരാണ് കഥകളി കാണുന്നത് എന്നു വ്യക്തമാകുന്നുണ്ടല്ലോ:)പക്ഷേ,മറുപടി ഇല്ലാഞ്ഞിട്ടാണ് കോമഡി പറഞ്ഞു പോകുന്നതെന്നാണ് കരുതുന്നതെങ്കിൽ,അതു നന്നല്ലല്ലോ.അതുകൊണ്ടാണ് എഴുതിയാലോ എന്നാലോചിച്ചത്.ഒരു കഥകളി നടന്റെ തിരിച്ചുവരവിനേപ്പറ്റിയുള്ള ഈ പോസ്റ്റിൽ പോലും ആ വികാരം കണ്ടപ്പോൾ,സത്യമായും സങ്കടം തോന്നി.
പറയൂ,ഈ സ്ഥിതിയിൽ മനോജാണെങ്കിൽ എന്തു ചെയ്യും?:)

മനോജ് കുറൂര്‍ said...

താങ്കളുടെ വികാരത്തോടു പൂര്‍ണമായും യോജിക്കുന്നു. എനിക്കു സംശയമേയില്ല. ദുരുപയോഗം ചെയ്താല്‍ അനോണിമസ് പോസ്റ്റ് ഓപ്ഷന്‍‌ എടുത്തു കളയും. എന്നിട്ടും തീരുന്നില്ലെങ്കില്‍ കമന്റ് മോഡറേറ്റ് ചെയ്യും. അത്രതന്നെ! ബ്ലോഗ് എഴുതുന്നതിന്റെ പേരില്‍ എല്ലാം സഹിക്കേണ്ട ബാധ്യതയൊന്നുമില്ലല്ലൊ!

Haree said...

:-)

"അനോനി ഒപ്ഷന്‍ അടക്കുക എന്നത് എന്തായാലും എന്റെ ബോധ്യങ്ങളോടു ചേരുന്നില്ല." - അതെന്താണ് അങ്ങിനെ? ഓരോ ബ്ലോഗിലേയും പോസ്റ്റുകളുടേയും കമന്റുകളുടേയും ഉത്തരവാദിത്തം പൂര്‍ണ്ണമായും ബ്ലോഗ് ഉടമയ്ക്കാണെന്നിരിക്കെ അനോണി ഓപ്ഷന്‍ ആവശ്യമെങ്കില്‍ ഒഴിവാക്കുന്നതില്‍ തെറ്റില്ല. OpenID ഉള്‍പ്പടെയുള്ള മറ്റ് ഓപ്ഷനുകള്‍ ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാമല്ലോ! (Google Account തന്നെ വേണമെന്നില്ലെന്നു സാരം.)

അനോണി ഓപ്ഷന്‍ സംബന്ധിച്ച ബോധ്യങ്ങളെക്കുറിച്ച് വികടശിരോമണിയില്‍ ഒരു പോസ്റ്റിടുമോ? ഇവിടെ ഓഫ് ടോപ്പിക്കായി ഒരു ചര്‍ച്ച വേണ്ടല്ലോ! :-)
--

വികടശിരോമണി said...

ഹരീ പറഞ്ഞപോലെ,മറ്റൊരു പോസ്റ്റിനുള്ള വിഷയമുണ്ട്,അനോനി ഒപ്ഷന്റെ കാര്യം.അതു നോക്കാം.
ഇതിനു പുറമേ,അനോനിമസ്സായ മെയിൽ അഡ്രസിൽ നിന്നും എനിക്കു ലാവിഷായി തെറിവിളികൾ കിട്ടുന്നുണ്ട്. “ആരെടാ നീ കല്ലുവഴിക്കളരിയുടെ മൂടുതാങ്ങിയോ” “നിർത്തിപ്പൊയ്ക്കൂടെടോ”-ഈ ലൈനിൽ.
ഒരു കഥകളിബ്ലോഗ് എന്നത് ഇത്രയും വലിയ സാംസ്കാരികപ്രശ്നമാണെന്ന് എനിക്കു സത്യമായും അറിയില്ലായിരുന്നു.ഞാനെഴുതുന്ന ഉഡായിപ്പുകൾ ഇത്രമേൽ ആളുകളെ വൈകാരികമായി പ്രശ്നകാരികളാകുന്നെന്നും.
മനോജ് പറഞ്ഞ പോലെ,എല്ലാം സഹിക്കണമെന്നില്ല.

എതിരന്‍ കതിരവന്‍ said...

കഥകളി ബ്ലോഗ് സാംസ്കാരികപ്രശ്നമായിരിക്കുന്നു. കഥകളിയെ സംബന്ധിച്ചിടത്തോളം ഇത് വള്രെ ആശാവഹമാണ്. ഇത്രയും തീക്ഷ്നമായ വിചാരങ്ങൽ കഥകളിയ്ക്കു വേണ്ടി മലയാളി നീക്കി വച്ചിട്ടുണ്ടെന്ന് ഇപ്പോഴണ് അറിഞ്ഞത്. വികടശിരോമണിയുടെ ചെലവിൽ.
കഥകളിയെക്കുറിച്ചുള്ള ആകുലതകൾ പുറത്തെടുക്കുകയാണ് നമ്മൾ. ഇത്രയും ജൈവമായ ചർച്ചകൾ ഒരു മീഡിയയിലും നടക്കാറില്ല, നടന്നിട്ടുമില്ല. തുറന്ന ചിന്തകൾ പലർക്കും അലോസരമുണ്ടാക്കുന്നുണ്ട്. പലരുടേയും ചിന്താഗതികളെ സ്പർശിച്ചു തുടങ്ങിയപ്പോഴുള്ള സംഘർഷമാണ് അനോണി കമന്റിലൂടെ പുറത്തു വരുന്നത്. പരസ്യമായി ചർച്ച ചെയ്യപ്പെടത്ത പലതും പുറത്താകുന്നതിലുള്ള പേടിയാണ് വികടശിരോമണിയോടുള്ള്ല ദേഷ്യമായി പുറത്തു വരുന്നത്. കുഴപ്പമില്ല.എല്ല ദുഷ്ടും (അങ്ങനെ ആണേങ്കിൽ) പുറത്തു വരട്ടെ. വികടൻ ഇനിയും തെറി സഹിക്കേണ്ടി വരും കുറച്ചു കൂടെ. പിന്നെ താനെ നിൽക്കും.
“നിറുത്തിപ്പൊയ്ക്കൂടെ” എന്നു ചോദിക്കുന്നവർക്ക് മനസ്സാക്ഷിക്കുത്തുണ്ട്. അതു ന്യായം.

കഥകളിയെക്കുറിച്ചുള്ള എല്ലാ നിരീക്ഷണങ്ങളും ബ്ലോഗിൽ വരട്ടെ. അങ്ങനെയെങ്കിലും ഒരു ഉണർവ്വ്
കാത്തുസൂക്ഷിക്കപ്പെടട്ടെ.

വികടശിരോമണിയ്ക്ക് എല്ലാ പിന്തുണയും.

Anandan, Pallam said...

മനോജ് കുറൂരിനെ ഈ മെയിലിൽ കൂടി ചീത്ത
വിളിച്ചെന്നോ ? വിടരുതവനെ.
ങെ.
മൺമറഞ്ഞ, ശൈലി ഇല്ലാത്ത ( Kathakali Handi capped actors from kottayam District ) കോട്ടയം നടന്മാർ മനോജിന്റെ നിലപാടിനെ എതിർത്ത് യമപുരിയിൽ നിന്ന് അയച്ചതാണെന്നോ ?

(മിടുമിടുക്കനാണ് പയ്യൻ. കഥകളി സമൂഹത്തിൽ മര്യാദ വേണമെങ്കിൽ ഈ കല്ലുവഴി വേഷമാണ് ഉത്തമമെന്ന് മനസിലാക്കിയിരിക്കുന്നു. കപ്ളിങ്ങാട് നമ്പൂതിരി ആട്ടക്കാരെ ഓടിച്ചിട്ടു പിടിച്ച് ആധുനീകരണം നടത്തി. ഒരു കഥകളിക്കാരൻ മനയിലെ അന്തേവാസിയായി വസിച്ച് മനയിലൂടെ വികസിപ്പിച്ചെടുത്തു ആധുനീകരണം. ഒരു യഥാർത്ഥ ബ്രാഹ്മണന് തൃപ്തി സേവകനോടും സേവകശൈലിയോടും തോന്നുക സഹജമെന്ന് പലരും മനസിലാക്കുന്നില്ല.)

Sethunath UN said...

ഒരു രോമാഞ്ചത്തോടെയാണ് ഇത് വായിച്ചത്. വാസുവാശാന്റെ തിരിച്ചുവരവ് അറിഞ്ഞിട്ടുള്ള സ‌ന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. ദീര്‍ഘായുസ്സായിരിക്കട്ടെ.

പിന്നെ .. കൊതുകക‌ള്‍ പാറിപ്പറന്നുകൊള്ളട്ടെ. കുത്താനും അല്പ്പം ര‌ക്തം കുടിക്കാനുമ‌ല്ലാതെ കൊല്ലാന്‍ കഴിയില്ലല്ലോ അവറ്റക‌ള്‍ക്ക്. ഈ ക്ഷീര‌ധാര അന‌സ്യൂതം അവിരാമം തുടര‌ട്ടെയെന്ന് ആഗ്രഹിക്കുന്നു. ആശംസിക്കുന്നു.

എതിരന്റെ കമ‌ന്റിനോട് 100% യോജിക്കുന്നു. താങ്ക‌ള്‍ക്ക് എല്ലാ പിന്തുണ‌യും.

Rare Rose said...

കളിയരങ്ങില്‍ അണയാതെ വീണ്ടും ജ്വലിച്ചുയരുന്ന കലാമണ്ഡലം വാസുപ്പിഷാരടിയെ പോലുള്ള കഥകളിയാചാര്യന്മാരെ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി..

ചീര I Cheera said...

വി.ശീ
വാസുവാശാന്റെ തിരിച്ചുവരവറിയിച്ചു കൊണ്ടുള്ള, ഉള്ളു തുറന്നു സന്തോഷിയ്ക്കേണ്ട ഈ പോസ്റ്റ്‌ തന്നെ, ഈ ബ്ലോഗ്‌ കഥകളിയ്ക്കു നെറ്റിൽ കൂടി നൽകുന്ന ഊർജ്ജവും ആവേശവും എത്ര എന്നു പറയുന്നുണ്ട്‌.

അതുമാത്രമോ, എന്തും ഇപ്പൊ ഒന്നു സർച്ച്‌ ചെയ്താൽ വിരൽത്തുമ്പത്ത്‌ കിട്ടുകയല്ലേ, പല കഥകളി ബ്ലോഗുകളിൽ നിന്നുമുള്ള വിവരങ്ങൾ, അതിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ചർച്ചകൾ, റിവ്യൂകൾ. ഭാവിയിലേയ്ക്ക്‌ എടുത്തുവെയ്ക്കാനുള്ള വകയായി. എനിയ്ക്കേറ്റവും സന്തോഷം തോന്നുന്നത് അതിലാണ്.
അതുകൊണ്ടുതന്നെ അനോണിമസ്‌ ഓപ്ഷൻ ഒന്നടയ്ക്കുന്നു എന്നതിൽ-സ്വാതന്ത്ര്യം നിഷേധിയ്ക്കൽ എന്നതിലുപരി, (ഇവിടെ അത്‌ ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ട്‌, അത്‌ നിഷേധിയ്ക്കൽ എന്നു പറ്യാന്‍ പറ്റില്ലല്ലോ) വേറെ പ്രശ്നമൊന്നുമില്ലെന്നു തോന്നി.
ഈ പ്രശ്നം കൊണ്ട്‌, തുടർന്നുള്ള പോസ്റ്റുകൾക്കോ, ചർച്ചകൾക്കോ കുറവു വരണ്ട എന്നേ ഉദ്ദേശിച്ചുള്ളു.

എന്റെ തോന്നൽ പറഞ്ഞുവെന്നേയുള്ളു,ട്ടൊ. ശ്രീ. ഹരി പറഞ്ഞപോലെ നല്ലൊരു പോസ്റ്റിൽ ഓഫ്‌ടോപിക്‌ ആക്കുന്നില്ല.
തുടർച്ചയായി കഥകളി-ബ്ലോഗുകൾ വായിയ്ക്കാറുള്ളതുകൊണ്ട്‌ ഒന്നു പറഞ്ഞുവെന്നു മാത്രം.

മനോജ് കുറൂര്‍ said...

ആനന്ദന്‍ പള്ളം,
എന്താണാവോ താങ്കള്‍ ഉദ്ദേശിച്ചത്? എന്നെ ആരും ഇ. മെയ്‌ലിലൂടെ തെറി വിളിച്ചിട്ടില്ല. വിളിച്ചാല്‍ ഞാന്‍ ബാക്കി നോക്കിക്കൊള്ളാം. പിന്നെ ഈ പറഞ്ഞതൊന്നും എനിക്കു മനസ്സിലായതുമില്ല. പള്ളം നല്ല സഹൃദയരുള്ള സ്ഥലമാണ്. വായില്‍‌വരുന്നതൊക്കെ വിളിച്ചുപറഞ്ഞ് ആ സ്ഥലത്തെ നല്ല സഹൃദയരെ അവമാനിക്കാതിരുന്നാല്‍ കൊള്ളാം.

വികടശിരോമണി said...
This comment has been removed by the author.
വികടശിരോമണി said...

ഇനിയും മറുപടിയെഴുതാതിരുന്നാൽ ചിലപ്പോൾ ഞാൻ എന്നെ മറന്നോ എന്നു തോന്നും.അതുകൊണ്ടിനി എഴുതിയേ തീരൂ.
കുറച്ചായി ഈ ബ്ലോഗിൽ അനോനികളായി വന്ന് ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും,അറിയാത്ത മെയിൽ അഡ്രസിൽ നിന്ന് ചീത്തവിളിക്കുകയും ചെയ്യുന്നവരോട് മറുപടി അർഹിക്കാത്തവർ എന്ന അവഗണനയോടെ മിണ്ടാതിരിക്കുകയായിരുന്നു.ഒത്ത തണ്ടികളോടേ മല്ലയുദ്ധം പാടൂ എന്നു വിധിയുണ്ട്:)
ഐ.പി.ട്രാക്ക് ചെയ്യുക,ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുക,ഇതൊന്നുമല്ലെങ്കിൽ അനോനി ഒപ്ഷൻ ഒഴിവാക്കുകയോ കമന്റുകൾ മോഡറേറ്റ് ചെയ്യുകയോ ചെയ്യുക തുടങ്ങിയ സുകുമാരകലകളൊന്നും അറിയാഞ്ഞിട്ടല്ല.കമന്റിന്റെ ഉത്തരവാദിത്തം കൂടി ബ്ലോഗർക്കാണെന്ന ബോധമില്ലാഞ്ഞിട്ടുമല്ല.ചെയ്യാതിരുന്നത്,ഇത്തരം ജീർണ്ണമനസ്സുകളുടേയും വിഹാരഭൂമിയായി കഥകളിലോകം മാറിയിരിക്കുന്നു എന്ന സത്യത്തിന്റെ കണ്ണാടിയായി ഈ ബ്ലോഗ് മാറുന്നെങ്കിൽ അത് അഭിമാനകരമേ ആകൂ എന്ന ബോധം കൊണ്ടാണ്.പക്ഷേ,ക്രമേണ നിയന്ത്രണരേഖകൾ ലംഘിക്കപ്പെടുകയാണെന്നു തോന്നുന്നു.
മാത്രമല്ല,മികച്ച അനോനിക്കമന്റുകൾ പലപ്പോഴും എനിക്ക് ഈ ബ്ലോഗിൽ തന്ന ഊർജ്ജത്തെയും മറക്കുന്നില്ല.കഴിയുന്നത്ര ശ്രദ്ധിച്ച് അടുത്ത പോസ്റ്റുകൾ തയ്യാറാക്കാൻ വരെ പ്രേരിപ്പിച്ച അനോനികളുണ്ട്.അവരുടെ അവസരത്തെ ഹനിക്കാനും മനസ്സുവന്നില്ല.സ്വന്തം ബ്ലോഗ് തുടങ്ങും മുൻപ്,ഞാനും പലയിടത്തും പോയി അനോനിയാ‍യിരുന്നത് മറക്കുന്നില്ല. ആരു പറയുന്നു എന്നതല്ല,എന്തുപറയുന്നു എന്നതാണു പ്രധാനം എന്ന ബോധം സുപ്രധാനമാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.സത്യത്തിൽ,പലരും അനോനി ഒപ്ഷൻ അടച്ചപ്പോഴാണ്,ഇവരോടൊക്കെ സംസാരിക്കാൻ ഒരു ബ്ലോഗ് അഡ്രസ് വേണമല്ലോ എന്ന നിലയിൽ,ഈ അഡ്രസ് എടുക്കുന്നതു തന്നെ.പിന്നെ,ചില സുഹൃത്തുക്കളുടെ നിർബ്ബന്ധത്തിൽ ക്രമേണ ബ്ലോഗിൽ ചിലതിടാൻ തുടങ്ങുകയായിരുന്നു.
വികടശിരോമണിക്കു നേരെയുള്ള ആക്രമണങ്ങളിൽ പരാതിയില്ല.പക്ഷേ,ബ്ലോഗുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത രാജ് ആനന്ദിനെ വരെ പരിധിവിട്ട ഭാഷയിൽ ആക്രമിക്കുന്നത് സഹിച്ചിരിക്കാനാവില്ല.
രാജ് അനന്ദിന്റെ എന്നല്ല,ആരുടേയും കഥകളിദർശനങ്ങളെ വിലയിരുത്തുകയോ,വിമർശിക്കുകയോ ചെയ്യുന്നതിന് എതിരല്ല.പക്ഷേ,“കഥകളിദ്രോഹി”തുടങ്ങിയ പേരുകൾ നൽകി,ആളുകളെ ചീത്തവിളിക്കുന്നത് സംവാദമല്ലല്ലോ.രാജ് ആനന്ദിന്റെ നിലപാടുകളിൽ വിയോജിപ്പുള്ളവർ,കാര്യകാരണസഹിതം അവ സമർത്ഥിക്കുകയാണ് വേണ്ടത്.കഥകളിയിൽ രാജ് ആനന്ദിന് എത്രത്തോളം വിവരമുണ്ട് എന്നളവെടുക്കുകയല്ല.
തെക്ക്-വടക്ക് തുടങ്ങിയ വിഭജനങ്ങൾക്കെതിരെ ആകാവുന്നത്ര ശക്തമായ ഭാഷയിൽ വിമർശിച്ച,കല്ലുവഴിച്ചിട്ടയുടെ ഡോഗ്മയിൽ മുഖം പൂഴ്ത്തുന്നത് അതിലും വലിയ ദുരന്തമാണെന്ന് നിരന്തരം ഇവിടെ പറഞ്ഞുകൊണ്ടിരുന്ന,എന്റെ ബ്ലോഗിന് “കല്ലുവഴി വിചാരസ്ഥലി”എന്ന പേര് ഇണങ്ങുമെന്ന് എനിക്കുതോന്നുന്നില്ല.സ്വന്തം കുട്ടിക്ക് എന്തു പേരിടണമെന്ന് തന്തയും തള്ളയും കൂടി തീരുമാനിക്കും.ആരും അതിനു കഷ്ടപ്പെടണമെന്നില്ല.നിരവധി മഹാപ്രതിഭകളുടെ മനസ്സിലൂടെയും മെയ്യിലൂടെയും ശൈലീകരിക്കപ്പെട്ട കഥകളിയുടെ ആധുനികമായ ഘടന രൂപപ്പെട്ടത് കല്ലുവഴിച്ചിട്ട എന്ന പേരിലായിപ്പോയി.അതു സംഭവിച്ചത് കന്യാകുമാരിയിലായിരുന്നെങ്കിൽ കന്യാകുമാരിച്ചിട്ടയോ,കാഞ്ഞങ്ങാടായിരുന്നെങ്കിൽ കാഞ്ഞങ്ങാടു ചിട്ടയോ ആകുമായിരുന്നു.അതിലേതു സംഭവിച്ചാലും,അതാണ് ആധുനീകരിക്കപ്പെട്ട കഥകളി എന്നു ഞാൻ പറയുമായിരുന്നു.വെള്ളിനേഴിയിൽ സംഭവിച്ചു എന്നതല്ല കല്ലുവഴിച്ചിട്ടയുടെ മഹത്വം.കല്ലുവഴിച്ചിട്ട അവിടെ ഉരുവം കൊണ്ടു എന്നത് വെള്ളിനേഴിയുടെ മഹത്വമാണ്.
‘തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്’എന്ന പേരിൽ ഞാൻ മുൻപൊരു പോസ്റ്റിട്ടിട്ടുണ്ട്.ആവശ്യമുള്ളവർക്ക് അതെടുത്ത് വായിക്കാവുന്നതാണ്.
എന്റെ ബ്ലോഗിൽ കല്ലുവഴിക്കളരിയിലെ കലാകാരന്മാരെപ്പറ്റി എഴുതണോ,അതോ തേങ്ങാക്കുലയെപ്പറ്റിയോ മാങ്ങാത്തൊലിയെപ്പറ്റിയോ എഴുതണോ തുടങ്ങിയവ തീരുമാനിക്കുന്നത് ഞാനാണ്.ആരും എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാനുള്ള മാറ്ററുകളും ഫോട്ടോകളും എനിക്ക് മെയിലായി അയച്ചുതന്നു കഷ്ടപ്പെടണമെന്നില്ല.അവ നെറ്റിൽ പ്രസിദ്ധീകരിക്കണമെന്നുള്ളവർ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി പ്രസിദ്ധീകരിച്ചുകൊള്ളുക.ബ്ലോഗ് എന്റെ തറവാട്ടുസ്വത്തല്ല.
മനോജ് കുറൂരിന്റെ അഭിപ്രായങ്ങളോടു യോജിക്കുകയോ വിയോജിക്കുകയോ ആർക്കും ചെയ്യാം.അദ്ദേഹത്തിന്റെ അച്ഛന്റേയും മുത്തച്ഛന്റേയും കാര്യം ഇവിടെ ചർച്ച ചെയ്യണമെന്നില്ല.അതിനുള്ള സ്ഥലം ഇതല്ല.
ചുരുക്കത്തിൽ,ഇത്രയേ പറയാനുള്ളൂ,ഇതൊരു മൂത്രപ്പുരച്ചുമരല്ല.ഓരോരുത്തരുടേയും അപകർഷതാബോധവിസർജ്ജനത്തിന് സ്വന്തമായി ഇടങ്ങൾ കണ്ടെത്തിക്കൊള്ളുക.

വികടശിരോമണി said...

കഥകളിയെപ്പറ്റി സംസാരിക്കാൻ ഞാനാരുമല്ല എന്ന ഉറച്ചബോധത്തോടെ ഇരുന്ന എന്നെ ഇത്രയെങ്കിലും സംസാരിക്കാനായി പ്രേരിപ്പിച്ച നോനികളും അനോനികളുമായ മുഴുവൻ സുഹൃത്തുക്കൾക്കും നന്ദിയുണ്ട്.കൾച്ചറൽ ഫാസിസം കണ്ടും കേട്ടും മടുത്താണ് ജീവിക്കുന്നത്.അതുകൊണ്ടുതന്നെ,ആരുടെ അഭിപ്രായങ്ങളേയും മുഖം നോക്കാതെ പരമാവധി പരിഗണിക്കാൻ ശ്രമിക്കാറുണ്ട്.പക്ഷേ,എല്ലാ പരിധികളും കടന്നുകൊണ്ടുള്ള ഈ ദുരുപയോഗം കലാപ്രവർത്തനമല്ല.ഇനിയും ഇതു തുടരുകയാണെങ്കിൽ,ബഹുമാന്യരും പ്രിയപ്പെട്ടവരുമായ അനോനിസുഹൃത്തുകളോടു മാപ്പുപറഞ്ഞുകൊണ്ട്,ഈ ഒപ്ഷൻ അടക്കുകയല്ലാതെ മറ്റു നിവൃത്തിയുണ്ടാവില്ല.അതിലും കടന്നാൽ കമന്റ് മോഡറേഷനും.
നന്ദി.

കപ്ലിങ്ങാട്‌ said...

വാസുവാശാൻ വേഷം കെട്ടിയപ്പോൾ സാക്ഷാൽ ഗുരുവായൂരപ്പനും ഒന്നു മന്ദഹസിച്ചുകാണും. അദ്ദേഹത്തിന്‌ എല്ലാ ആശംസകളും നേരുന്നു.

വർഷങ്ങൾക്കുമുൻപു കണ്ട ഒരു നാലാംദിവസം ഓർമ്മവരുന്നു-ഒറ്റപ്പാലത്ത്‌ വേങ്ങേരി ക്ഷേത്രത്തിൽ പട്ടിക്കാംതൊടിശിഷ്യനായ കലാമണ്ഡലം ബാലകൃഷ്ണൻ നായരുടെ ദമയന്തിക്കൊപ്പം.

Anonymous said...

It is heard that Sri Vasuppisharody is performing Arjuna in Subhadraharan at Kalamandalam on 28/5/09.

I think it is the first time he is performing this role on the stage. We all have a very beautiful memories of Gopi Asaan as Arjunan. Now let us see how beautiful it is with Vasu Asaan :)I am sure it will be different experience.

Dear Vee.See, will you be coming to see that as you said that you have stopped seeing Subhadraharanam of Gopi Assan :)

Dr. Evoor Mohandas said...

Hi VS,

After a long gap I just visited the blog. baapre! what's going on in this blog? It's unfortunate that time and energy are wasted on such meaningless issues. I have a suggestion to this war of nerves. Let all, including Vikatasiromani, reveal their proper identitity in the blog. The blogger has the right and responsibility to discard those posts, which are not in line with the subject of discussion.

I have seen Shri. Vasu Pisharody's 'Santhanagopalabrahmanan' at Thrippoonothura 'kalikkotta'on 17th May. Considering his physical limitations, the vesham can be rated as 'just good'. This was the opinion of many of the spectators sitting over there. He has a strong desire to comeback and that fire will sure make it happen in the near future. And that will be good for kathakali. Let's pray for that.

Dr. Mohandas