Sunday, May 3, 2009

നൃത്താത്മകാസ്വാദനവും കളിയരങ്ങും

നൃത്തം-നൃത്യം-നാട്യം തുടങ്ങിയ പരികൽ‌പ്പനകൾ പലപ്പോഴും ഈ ബ്ലോഗിൽ സംവാദത്തിലെത്തിയിട്ടുണ്ട്.കഥകളിചർച്ചകളിൽ അനിവാര്യമായ സംജ്ഞകളാണ് അവ എന്നതിൽ സംശയമൊന്നുമില്ല.കഥകളി നൃത്യമോ നാട്യമോ (നൃത്യാത്മകനാട്യമോ നാട്യാത്മകനൃത്യമോ)തുടങ്ങിയ തർക്കവിതർക്കങ്ങളും ദീർഘകാലമായി തുടരുന്നു.ആ തർക്കഭൂമിയിലേക്ക് കയറാനല്ല,‘നൃത്താത്മകാസ്വാദനം’എന്ന പാതകം ചെയ്യുന്ന ഒരാളെന്ന നിലയിൽ അതു വിശദീകരിക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.അതിനർത്ഥം,ഞാൻ നൃത്തത്തെ കഥകളിയുടെ പരമകോടിയിൽ പ്രതിഷ്ഠിക്കുന്നു എന്നോ,നൃത്യനാട്യതലങ്ങളെ ആസ്വദിക്കുന്നില്ല എന്നോ,അവ നൃത്താസ്വാദനത്തിനു തുല്യമല്ല എന്നോ അല്ല.ഏതുകലയും പലതരത്തിൽ ഒരാൾക്കു തന്നെ കാണാം.ഇതൊരു ജനാധിപത്യരാഷ്ട്രമായിരിക്കുന്നിടത്തോളം അതിനുള്ള അവകാശമുണ്ട്.നൃത്താത്മകാസ്വാദനം അതുകൊണ്ടുതന്നെ സർവ്വശ്രേഷ്ഠമോ,നിന്ദാർഹമോ ആണെന്നു ധരിക്കേണ്ട.ഇനി നിന്ദാർഹമാണെന്ന് ആർക്കുതോന്നിയാലും ഞാനിങ്ങനെ ആസ്വദിക്കാൻ തന്നെയാണു നിശ്ചയം.
“ഭാഷാവേഷ വപുഃ ക്രിയാഗുണകൃതാ‍നാശ്രിത്യഭേദാൻ ഗതം
ഭാവാവേശവശാദനേകരസതാം ത്രൈലോക്യയാത്രാമയം
നൃത്തം നിഷ്പ്രതിബദ്ധബോധമഹിമായഃപ്രേക്ഷകശ്ചസ്വയം
സവ്യാപ്താവനിഭാജനം ദിശതുവോദിവ്യഃകപാലീയശഃ”
എന്ന മത്തവിലാസശ്ലോകത്തിലെ,നൃത്തോപാസകനായ ശിവൻ നടിക്കുമ്പോൾ തന്നെ സ്വയം പ്രേക്ഷകനായും ചമഞ്ഞു എന്നതിൽ,പ്രേക്ഷകരെക്കുറിച്ചുള്ള സൂക്ഷ്മതത്വമുണ്ട്.നടൻ തന്നെ പ്രേക്ഷകനും,പ്രേക്ഷകൻ തന്നെ നടനുമാണ് എന്നതാണു പ്രധാനം.പ്രേക്ഷകദൃഷ്ടി ഉൾക്കൊള്ളാത്ത നടൻ നല്ല നടനോ,നടദൃഷ്ടിയെ സ്വാംശീകരിക്കാത്ത പ്രേക്ഷകൻ നല്ല പ്രേക്ഷകനോ അല്ല.അഥവാ,നടന്റെ പരഭാഗമാണ് പ്രേക്ഷകൻ.ഈ പരിപ്രേക്ഷ്യത്തിൽ നിന്നുവേണം നൃത്താംശങ്ങളുടെ ആസ്വാദനസ്ഥലത്തേക്കു പ്രവേശിക്കേണ്ടത്.
ആദ്യമായി,നൃത്തം-നൃത്യം എന്നീ ഭാരതീയപരികൽ‌പ്പനകളെ ഒന്നു വിശദമാക്കാൻ ശ്രമിക്കട്ടെ.സമഗ്രമായിട്ടല്ല,തുടർചിന്തകൾക്കനിവാര്യമായ പശ്ചാത്തലസൃഷ്ടിക്കേ മുതിരുന്നുള്ളൂ.
നൃത്തം
---------
നൃത്തത്തിന് ദശരൂപകാരനായ ധനഞ്ജയൻ നൽകുന്ന നിർവ്വചനം “നൃത്തം താളലയാശ്രയം”എന്നാണ്.താളലയസമന്വിതമായ ഗാത്രവിക്ഷേപമാണ് നൃത്തം.നാട്യശാസ്ത്രത്തിന്റെ നാലാമദ്ധ്യായം നൃത്തത്തിന്റെ ലക്ഷണനിർദ്ദേശങ്ങളും,സവിശേഷതകളും,പരിമിതികളും ചർച്ചചെയ്യുന്നു.
“ഹസ്തപാദസമായോഗ”മായ കരണങ്ങൾ ചേർന്നുണ്ടാകുന്ന അംഗഹാരങ്ങളാണ് നൃത്തത്തിലെ പ്രധാനഘടകം.കരവർത്തനങ്ങൾ ഉൾപ്പെടെയുള്ള രേചകങ്ങളോടുകൂടി കരണമൂലകമായ അംഗഹാരങ്ങൾ പ്രയോഗിക്കപ്പെട്ടാൽ നൃത്തമായി.രേചകം എന്നത് പദം,കടി,കണ്ഠം,കരം എന്നിവയുടെ വലനമാണ്.ഇവയുടെ സഞ്ചാലനയോഗം-ഒരു സ്ഥാനം വിട്ട് അന്യസ്ഥാനം പ്രാപിക്കുന്നതു വരെയുള്ള ക്രിയ-ആണ് കരണം.നൃത്തം മൌലികമായും പ്രാദേശികസ്വഭാവമുള്ളതാണ്.‌“നൃത്തം ച ദേശീതി”എന്നു ദശരൂപകവ്യാഖ്യാതാവായ ധനികൻ.പൊതുസ്വഭാവത്തിലേക്കു സമന്വയിപ്പിക്കപ്പെടാത്ത വൈവിധ്യസമ്പന്നമായ ദേശിയാണ് നൃത്തം.അർത്ഥഭാവങ്ങളെ പ്രത്യക്ഷേണ പ്രകടമാക്കാത്തതാണ് ശാസ്ത്രദൃഷ്ടിയിൽ നൃത്തസ്വഭാവം.‌“ഗാത്രവിക്ഷേപമാത്രംതു സർവ്വാഭിനയവർജ്ജിതം”എന്നാണ് നൃത്തത്തെ സംഗീതരത്നാകാരൻ വിലയിരുത്തുന്നത്.
നൃത്യം
-------
“ഭാവാശ്രയം നൃത്യം” എന്നാണ് ധനഞ്ജയൻ നൃത്യത്തിനു നൽകുന്ന നിർവ്വചനം.ഭാവാശ്രിതമായ ഗാത്രവിക്ഷേപമാണ് നൃത്യം.‌“നൃത്യം പദാർത്ഥാഭിനയാത്മകം മാർഗമിതി പ്രസിദ്ധം”എന്നു ധനികൻ.പദാർത്ഥാഭിനയപ്രധാനമായ നൃത്യം ശാസ്ത്രീയപദ്ധതിബദ്ധവും,മാർഗിയെന്നു പ്രസിദ്ധിയുള്ളതുമാണ്.‌“ആംഗികാഭിനയം”കൊണ്ട് ഭാവത്തെ വ്യഞ്ജിപ്പിക്കുന്ന നർത്തനം ആണു നൃത്യമെന്നു സംഗീതരത്നാകരം.ചുരുക്കത്തിൽ അഭിനയനിഷ്ഠമായ നൃത്യം നൃത്തത്തേയും സംവഹിക്കുന്നു.
നൃത്തം കഥകളിയിൽ
-----------------------

താളലയാശ്രിതമായ ഗാത്രവിക്ഷേപത്തിന്റെ ലാവണ്യമാണ് കഥകളിയുടെ പ്രാഥമികവും പ്രധാനവുമായ സൌന്ദര്യതലമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.പലകാലങ്ങളിലും പ്രകാരങ്ങളിലുമുള്ള കലാശങ്ങൾ,അടക്കം,തോങ്കാരം,ഇരട്ടി തുടങ്ങി പലപ്രകാരത്തിലുള്ള നൃത്തവിശേഷങ്ങൾ കഥകളിയിലുണ്ട്.എന്നാൽ അവമാത്രമല്ല കഥകളിയിലെ നൃത്തത്തിന്റെ സാനിദ്ധ്യം.ഓരോ മുദ്രയുടേയും തദനുസാരിയായ ശരീരത്തിന്റെയും സഞ്ചാലനയോഗം താളലയാശ്രിതമായി നിർവ്വഹിക്കുന്നിടത്താണ് കഥകളിനൃത്തത്തിന്റെ സാഫല്യം കുടികൊള്ളുന്നത്.ആ ധർമ്മംനിന്നുകൊണ്ടു വേണമെന്നുപോലുമില്ല.‌കലാ.ഗോപിയുടെ ബാലി “ബാധിതസ്യ സായകേന”എന്ന പദം ഇരുന്നഭിനയിക്കുന്നതുകണ്ടപ്പോൾ,ഞാനത്ഭുതത്തോടെ നോക്കിനിന്ന ഒരുകാര്യമാണ്,ആ അഭിനയസ്വാതന്ത്യത്തിലും ഗോപിയാശാന്റെ മുദ്രകൾ 16 മാത്രയിലുള്ള ചെമ്പടയുടെ സവിശേഷസ്ഥാനങ്ങളിൽ തുടങ്ങിയുമൊടുങ്ങിയും ലയാത്മകമാകുന്നത്.(ഇതു “കുണ്ഡിനനായക”യിലും “വിജനേബത”യിലുമെല്ലാം കാണാം)നൃത്തത്തെ ഈ വിശാലമായ പശ്ചാത്തലത്തിൽ ചിന്തിച്ചുകണ്ടിട്ടുള്ളത് കുമ്മിണി വാസുദേവൻ നമ്പൂതിരിപ്പാടാണ്.
“ശുദ്ധനൃത്തം”എന്ന ഒന്ന് കഥകളിയിലില്ല എന്ന് പറയാറുണ്ട്.ഏതു നൃത്താംശത്തേയും സ്ഥായീഭാവത്തിലേക്കു സമന്വയിപ്പിക്കുക എന്നതാണ് കഥകളിയുടെ രീതി.മോഹിനിയാട്ടത്തിലെപ്പോലെ,ഏതു നിലവിളിപ്പദത്തിനിടക്കും ജതികൾ വരുമ്പോൾ ചിരിച്ചു പുരികമിളക്കിച്ചെയ്യുന്ന പരിപാടി കഥകളി അനുവദിക്കുന്നില്ല.സ്ഥായീഭാവത്തിലേക്ക് തുടർന്നു വരുന്ന ശുദ്ധനൃത്തങ്ങളേയും സമന്വയിപ്പിക്കുന്നതിനാൽ തന്നെ അവ ഭാവാശ്രിതങ്ങളായ നൃത്യങ്ങളായി രൂപാന്തരപ്പെടുന്നു.അതിനാൽ തന്നെ,നൃത്തം ഒരു അന്യവൽക്കരണോപാധിയായി ഉപയോഗിക്കപ്പെടുന്നു എന്ന മാധവൻ കുട്ടിയേട്ടനടക്കമുന്നയിക്കുന്ന വാദം എനിക്കു മനസ്സിലായിട്ടില്ല.കീഴ്പ്പടം കുമാരൻ നായരായിരുന്നു ഭാവതലത്തെ കേവലനൃത്തങ്ങളേപ്പോലും ഇഴചേർത്ത രാസവിദ്യയിലെ ചക്രവർത്തി.
നൃത്താത്മകാസ്വാദനം
------------------------
തുടർച്ചയായി കേൾക്കുന്നതാണ്,കഥകളിയിലെ നൃത്തങ്ങൾ മാത്രമാസ്വദിക്കുന്നവരോടുള്ള പരാതികൾ. നൃത്തമെന്ന സംജ്ഞയുടെ കേവലാർത്ഥമേ അവർ കണക്കിലെടുക്കാറുള്ളൂ,മുൻപ് സൂചിപ്പിച്ച നൃത്തബോധത്തിലേക്ക് പലരും ശ്രദ്ധാലുക്കളാകാറുമില്ല.വാസ്തവത്തിൽ “നൃത്താത്മകാസ്വാദനം”എന്നൊരു സംജ്ഞക്കു തന്നെ പ്രസക്തിയുണ്ടെന്നു തോന്നുന്നു.താളലയാശ്രിതമായ ഗാത്രവിക്ഷേപത്തിന്റെ ലാവണ്യത്തിൽ വ്യാമുഗ്ദ്ധനാവുന്ന അവസ്ഥ പലപ്പോഴും എന്നിലുണ്ട്.പ്രസ്തുതസന്ദർഭത്തിന്റെ ഔചിത്യചിന്തകളെപ്പോലും വകഞ്ഞുമാറ്റിക്കൊണ്ട്,മറ്റൊരു കലയുടേയും ശരീരഭാഷക്കു സ്വായത്തമാക്കാനാവാത്ത നർത്തനചാരുതയിൽ കണ്ണുടക്കുന്നത് ഒരു വലിയ പാതകമെങ്കിൽ,ഞാനാ പാതകത്തെ സ്നേഹിക്കുന്നു.രാമൻ‌കുട്ടിനായരാശാന്റെ തോരണയുദ്ധം ഹനുമാൻ,സമുദ്രദർശനസമയത്ത് മീൻ പിടിക്കുന്നതും നക്രങ്ങളെ കാണുന്നതും എന്റെ ഔചിത്യചിന്തയെ തട്ടിയുണർത്താറില്ല,താളസമീചീനതയുടെ ലയഭംഗിയിൽ വീണുപോയ ആ മുഹൂർത്തത്തിൽ ദർശിക്കുന്നത് അർത്ഥനിരപേക്ഷവും,താളലയാശ്രിതവുമായ നൃത്തത്തെത്തന്നെയാണ്.കൈലാസോദ്ധാരണസമയത്ത്(ബാലിവിജയത്തിലെ)ഞാൻ ആസ്വദിക്കുന്നത് മുഖത്തുവിരിയുന്ന അഭിനയത്തെയോ ഔചിത്യത്തെയോ അല്ല,‘പർവ്വതം’എന്ന മുദ്ര ചവിട്ടിമാറി വിട്ടശേഷം നിർമ്മിക്കപ്പെടുന്ന താളാനുസാരിയായ സൂക്ഷ്മമായ അംഗസഞ്ചാലനയോഗത്തിന്റെ ചതുരശ്രശോഭയെത്തന്നെയാണ്.
ചൊല്ലിയാട്ടത്തിൽ,ഈ ആസ്വാദനശീലം കുറേക്കൂടി പ്രയുക്തമാം വിധം അബോധതലങ്ങളിൽ പ്രവർത്തിക്കുന്നു.കിർമീരവധം കൃഷ്ണന്റെ “കഷ്ടമഹോ”എന്ന പദമാണ് എനിക്കു നൽകാവുന്ന ഒരു മികച്ച ഉദാഹരണം. മുറിയടന്തതാളത്തിന്റെ കൃത്യമായ സ്ഥാനങ്ങളിൽ വിന്യസിച്ചിരിക്കുന്ന ആ അനുപമശിൽ‌പ്പത്തിൽ മറ്റെന്താണ് ആസ്വദിച്ചിരിക്കാനാവുക?പഞ്ചാരിയിൽ കാൽകുടഞ്ഞുള്ള ആ വട്ടം വെച്ചുകലാശവും,വലത്തോട്ട് കെട്ടിച്ചാടിക്കലാശിക്കുന്ന ആ മുറിക്കലാശവുമെല്ലാം ആ സമഗ്രനൃത്തത്തിന്റെ പൂരകങ്ങൾ മാത്രമായാണ് അനുഭവപ്പെടുക.
രാമൻ‌കുട്ടിയാശാനെപ്പറ്റിയുള്ള മനോജ് കുറൂരിന്റെ ലേഖനത്തിൽ വിവരിക്കുന്ന സവിശേഷമായ മിക്ക സന്ദർഭങ്ങളും(ക്ഷത്രിയവംശത്തിലെ “പിടിക്കുക,വെട്ടുക….”പർവ്വതങ്ങളുടെ ചിറകരിയൽ….)ആസ്വദിക്കുന്നത് നൃത്താത്മകാസ്വാദനത്തിന്റെ തലത്തിൽ നിന്നു തന്നെയാണ്.രാമൻ‌കുട്ടിയാശാന്റെ സഹജശീലമാണ് ഈ “ഏറ്റിച്ചുരുക്കൽ”പ്രക്രിയ.നക്രതുണ്ഡിയോട് “വാ”എന്നു പറഞ്ഞ് തിരിഞ്ഞോടുന്ന നരകാസുരനെ നോക്കുക-“വാ‍ാ‍ാ‍ാ”,“വാ‍ാ‍ാ‍”,“വാ‍ാ”,“വാ”എന്നിങ്ങനെ ചുരുക്കാതെ,ആശാന്റെ നരകാസുരനെ കാണുകയില്ല.
നൃത്താത്മകസ്വാദനത്തിന്റെ കാര്യത്തിൽ,നമ്മുടെ മുൻ‌ധാരണയെ സാർത്ഥകമാക്കുന്ന ആവിഷ്കാരമാണ് നമുക്കു രസിക്കുന്നത് എന്നതു മറ്റൊരു വസ്തുതയാണ്.(ഇവയൊക്കെ എഴുതിഫലിപ്പിക്കൽ അത്യന്തം ദുഷ്കരമാണ്.)താളത്തിന്റെ ഇന്ന മാത്രയിൽ ഇന്ന ആംഗികപ്രയോഗത്തിന്റെ പൂർത്തീകരണമുണ്ടാകുമെന്ന മുൻ‌ധാരണയുടെ സാഫല്യം അനുഭൂതിദായകമാകുന്നു.“ശൃംഖല മോചിച്ചൂ ഞാൻ”എന്നു തുടങ്ങിയാൽ നമുക്കറിയാം,അടന്തയുടെ അഞ്ചാം മാത്രയിൽ പരത്തിച്ചവിട്ടുമെന്ന്,അവസാനമാത്രയിൽ നിലത്തേക്ക് നോക്കുമെന്ന്….ഈ ധാരണയുടെ സൂക്ഷ്മവും ലയാത്മകവുമായ പൂർത്തീകരണം നൃത്താത്മകാസ്വാദനത്തിന് സന്തോഷപ്രദമാണ്.അപ്പോൾ ആണ് “ബലേ!”എന്നു പറയുക.ഇനി മറ്റൊന്നുണ്ട്,നമ്മുടെ മുൻ‌ധാരണയെ ഉല്ലംഘിച്ചുകൊണ്ട്,എന്നാൽ സവിശേഷമാം വിധം ലയാത്മകമായിത്തീർന്നുകൊണ്ട് സൃഷ്ടിക്കുന്ന നൃത്തതലം.അപ്പോഴാണ് “അടിബലേ!”എന്നു പറഞ്ഞുപോവുക.ഗോപിയാശാൻ “ഉചിതമപരവരണോദ്യമം”എന്നതിലെ “ഉചിതം”എന്നു ചെമ്പടയുടെ ആദ്യമാത്രയിൽ ഘടിപ്പിക്കുന്നത് മനോജ് സൂചിപ്പിച്ചിട്ടുണ്ടല്ലോ.ഗോപിയാശാന്റെ ബാഹുകൻ കാണാത്ത,എന്നാൽ കഥകളിയുടെ നൃത്താംശത്തെപ്പറ്റി സൂക്ഷ്മബോധമുള്ള ഒരു ആസ്വാദകനെ സങ്കൽ‌പ്പിക്കുക.അത്തരമൊരു സഹൃദയൻ ഒരിക്കലും ആ മുദ്രാവിന്യാസം പ്രതീക്ഷിക്കുകയില്ല.അപ്രതീക്ഷിതമായ ആ “ഗോപിമാന്ത്രികസ്പർശം”അയാളെക്കൊണ്ട് “അടിബലേ!”എന്നു പറയിപ്പിക്കും എന്നതു തീർച്ചയാണ്.ഇനി മൂന്നാമതൊന്നുണ്ട്,മുൻ‌കൂട്ടിപ്രതീക്ഷിക്കാനാവും എന്ന നൃത്താത്മകാസ്വാദകന്റെ അഹങ്കാരത്തിലടിക്കുന്ന പ്രകടനം.അത് അത്രയെളുപ്പം ദഹിക്കില്ല.വേവാത്ത ഭക്ഷണം പോലെയായിരിക്കും,അത്.മെല്ലെ….വളരെമെല്ലെ വേണം ദഹിക്കാൻ.ദഹിക്കണമെങ്കിൽ പുതിയവക്കുനേരെ കണ്ണടക്കാത്ത ഭാവുകത്വം അനിവാര്യവുമാണ്.കീഴ്പ്പടം ആണ് ഈ അഹങ്കാരഫണങ്ങൾക്കു മുകളിൽ നർത്തനമാടിയ ഒരു കണ്ണൻ.ചമ്പ താളത്തിൽ സന്താനഗോപാലം ബ്രാഹ്മണന് “എട്ടുബാലന്മാർ”എന്നെണ്ണാൻ ലളിതവും അയത്നസുന്ദരവുമായ ഒരു മാർഗമുണ്ട്,അതു സുന്ദ‌രവുമാണ്.പക്ഷേ,കീഴ്പ്പടത്തിന്റെ ബ്രാഹ്മണന് പല നടകളിലൂടെ എണ്ണി,നമ്മുടെ അഹങ്കാരങ്ങളെ പരിഹസിച്ചാലേ തൃപ്തിയായിരുന്നുള്ളൂ.അതു ദഹിക്കാതെ,ഇന്നും നമുക്കുള്ളിൽ കിടപ്പുണ്ടുതാനും.പക്കിൽ മുദ്രവിടുക എന്നത് സഹജശീലമായിരുന്നുവല്ലോ അദ്ദേഹത്തിന്.
മറ്റൊന്നുള്ളത്.ഈ ബോധമേ ഇല്ലാത്ത മന്ദബുദ്ധിയായി അരങ്ങത്തു തോന്നിയതു കാണിക്കുക എന്നതാണ്.അതു തെക്കുവടക്കുഭേദമില്ലാതെ നാമിപ്പോൾ നിരന്തരം കണ്ടുസഹിക്കുന്നതായതുകൊണ്ട്,ഉദാഹരിക്കുന്നില്ല.
ചൊല്ലിയാട്ടം കാണുക,കണ്ടുശീലിക്കുക എന്നതാവും ഒരാസ്വാദകന് കഥകളിയുടെ നൃത്താത്മകാസ്വാദകനാവാൻ(അതു വേണമെന്നുണ്ടെങ്കിൽ)ഏറ്റവും നല്ല മാർഗം.അതു പണ്ടുമുതലേ കഥ‌കളിയാചാര്യർ പറയുന്ന കാര്യമാണ്.പുതിയ മാറിയ സാഹചര്യത്തിൽ,മറ്റെന്തു മാർഗമാണ് അതിനുള്ളത് എന്നാലോചിക്കേണ്ടതാണ്.ഏതായാലും പത്മനാഭനാശാന്റെ പുസ്തകം കാണാതെപഠിച്ചാലോ,നിവർത്തിവെച്ചുകളികണ്ടാലോ ആ ലാവണ്യശീലം ഉരുവംകൊള്ളില്ലെന്നുതീർച്ചയാണ്.ഏച്ചുകെട്ടിയ മുഴപ്പ് അതിനുണ്ടാകും.അത്തരം ‘കഥകളിപണ്ഡിതരു’ടെ വിലയിരുത്തലുകളിലും അതു പ്രതിഫലിക്കും.(ആ പുസ്തകങ്ങൾ തുറന്നുവെച്ചു കുട്ടികളെ ചൊല്ലിയാടിക്കുന്ന മഹാരഥികളായ കഥകളിയാചാര്യന്മാരും ഉണ്ടെന്നു കേൾക്കുന്നു-അപ്പോപ്പിന്നെ മറ്റേതു സഹിക്കാം,അതുവേറെക്കാര്യം)
നൃത്തത്തിന്റെ വിശാലമായ അർത്ഥതലത്തെ ഉൾക്കൊള്ളാതെ കഥകളിയാസ്വദിക്കാനാവില്ല എന്നൊന്നുമില്ല.നൃത്താത്മകാസ്വാദനമായാൽ എല്ലാമായി എന്നുമില്ല.പക്ഷേ,കഥകളിയുടെ ശൈലീകൃതസ്വരൂപത്തെ ആഴത്തിൽ മനസ്സിലാക്കാനും ആസ്വദിക്കാ‍നും അതനിവാര്യമാണ്.
എല്ലാ കലാംശവും രൂപവൽക്കരിക്കപ്പെടുന്നത് സവിശേഷമായ സാംസ്കാരികാവസ്ഥകളിലാണ്.ശരീരം,ശരീരചര്യകൾ(bodily practices),ജ്ഞാ‍നം,അധികാരം,വാഹകം(agency),എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങൾ,ഈ ബന്ധങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശരീരത്തിന്റെ വ്യവഹാരങ്ങൾ എന്നിവയുടെയെല്ലാം പങ്ക് നൃത്തത്തിന്റെ രൂപീകരണത്തിലുമുണ്ട്.ചര്യയിലൂടെയാണ്(practice)വ്യത്യസ്തമായ ഈ മേഖലകൾ നൃത്തത്തിലേക്കു സമന്വയിക്കപ്പെടുന്നത്.യൂജിനോ ബാർബയുടെ “എക്സ്ട്രാ ഡൈയ്‌ലി”എന്ന നാട്യധർമ്മികൽ‌പ്പന നോക്കുക.സാധാരണീകൃതമായ ചര്യകളിൽ നിന്നു വിഭിന്നമായി,ഉത്കൃഷ്ടവൽക്കരിക്കപ്പെട്ട വൃത്തികളാണ് കഥകളിനൃത്തത്തിലും നാം ദർശിക്കുന്നത്.നൃത്തത്തിന്റെ ശൈലീകൃതതലം അങ്ങനെയാണ് കഥകളിയുടെ ജീവനാകുന്നത്.ശൈലീകൃതമായ നൃത്തത്തെ അവഗണിക്കുകയോ,ഒട്ടും ശൈലീകൃതമല്ലാത്ത,നൂറ്റാണ്ടുകളുടെ കർമ്മകാ‍ണ്ഡങ്ങളിലൂടെ കഥകളി ആർജ്ജിച്ച നൃത്തബോധത്തെ കീറിക്കളയുകയോ ചെയ്യുന്ന നൃത്തം ആസ്വാദകരിൽ വൈരൂപ്യമാണുളവാക്കുന്നത്.ദുര്യോധനവധത്തിലെ സഭായാത്രക്കായുള്ള ഒരുക്കങ്ങളുടെ കൂട്ടത്തിൽ,ശിങ്കാരിമേളത്തിനു ആധുനികദുശ്ശാസനന്മാർ ‘നൃത്തം’വെക്കുമ്പോൾ ഓക്കാനം വരുന്നത് വെറുതേയല്ല.
സവിശേഷസ്ഥാനങ്ങളിലെ പല നൃത്താംശങ്ങളും എടുത്തുപോവുകയോ രൂപം മാറുകയോ ചെയ്തിട്ടുണ്ട്.കിരാതത്തിലെ കാട്ടാളനും കാട്ടാളസ്ത്രീയുമായി തിരശ്ശീലക്കുപിന്നിലേക്കുപോകുന്നസമയത്തെ ഹ്രസ്വവും ചേതോഹരവുമായ നൃത്തത്തെ ശിവതാണ്ഡവമാ‍ക്കി മാറ്റിയത് കീഴ്പ്പടമായിരുന്നു.ഇപ്പോൾ നോക്കിയാൽ പഴയ,വില്ലു പിന്നിലേക്ക് പിടിച്ചുകൊണ്ടുള്ള ആ നൃത്തമേ കാണാനില്ലാതായിരിക്കുന്നു.(പുതിയ കാട്ടാളന്മാർ പലതും ഇതൊന്നുമല്ല കാണിക്കുന്നത്.ആ പരിണാമങ്ങളുടെയൊന്നും അർത്ഥമേ എനിക്കു മനസ്സിലായിട്ടില്ല)സന്താനഗോപാലം അർജ്ജുനൻ പത്താമത്തെ കുട്ടിയെ കൊടുക്കുമ്പോൾ അർജ്ജുനനും ബ്രാഹ്മണനും കൂടിയും,“തൊട്ടേനേ ഞാൻ കൈകൾ കൊണ്ടു”എന്നിടത്ത് ഹംസവും ദമയന്തിയും കൂടിയും കളിക്കുന്ന ഹ്രസ്വനൃത്തം,തോരണയുദ്ധത്തിലെ രാവണന് ഹനൂമാൻ പന്തം കാണിച്ചശേഷം പിന്മാറുമ്പോൾ കാണിച്ചിരുന്നിടത്തുനിന്ന് പകർന്നുവന്നതാവാമെന്നു തോന്നുന്നു.എന്നാൽ പ്രസ്തുതസ്ഥാനത്തുനിന്ന് അതെടുത്തു പോവുകയും ചെയ്തു.(കവളപ്പാറയും പട്ടിക്കാംതൊടിയും ചേർന്ന് ചെയ്തിരുന്നു എന്ന് കീഴ്പ്പടം പറഞ്ഞുകേട്ടിട്ടുണ്ട്.കീഴ്പ്പടവും പത്മനാഭനാശാനുമായും അപൂർവ്വം വേദികളിൽ അതുചെയ്തിരുന്നു)സാരിനൃത്തത്തിന്റെ ഘടന ആകെ പുതുക്കി,കഥക്കിന്റെയോ മറ്റോ പ്രയോഗങ്ങൾ ചേർത്ത് സദനം ഭാസിയെപ്പോലുള്ളവർ അവതരിപ്പിക്കുന്നതുകാണാം.‌“ദാസിയാവുമുർവ്വശി”യിലെ അദ്ദേഹത്തിന്റെ ആശാന്റെ കഥക്കുപോലെ,അതു ദഹിക്കാത്ത വസ്തുവാകുന്നില്ല.പുതിയ പല നടന്മാരും ചില സവിശേഷമായ നാടകീയ പോസ്റ്ററുകൾ നിർമ്മിക്കാനുള്ള ആഗ്രഹം കൊണ്ടോ എന്തോ,നൃത്താംശങ്ങളെ പലപ്പോഴും വ്യത്യസ്തമായി ഉപയോഗിക്കുന്നതു കാണാം.അതു ചിലപ്പോഴൊക്കെ അത്യന്തം ഹൃദയഹാരികളാവുകയും ചെയ്യുന്നു.കലാ.ഷണ്മുഖന്റെ ഉത്തരാസ്വയംവരം ഭാനുമതി,“സുന്ദരാ ശൃണു കാന്താ”എന്ന പദത്തിൽ,“സജ്ജശരാസിജഗജ്ജയി മന്മഥൻ”എന്നിടത്തുനൽകുന്ന ഒരു പ്രത്യേകനൃത്തവിശേഷവും,പോസും കണ്ട് എനിക്കു കൊതി തീർന്നിട്ടില്ല.കുമ്മി പോലുള്ള പല നൃത്താംശങ്ങളും ഗായകന്മാർക്കു സംഗതികൾ നിറച്ചുപാടാനുള്ള സൌകര്യമൊരുക്കിക്കൊടുക്കാനായി പതിഞ്ഞുവരുന്നതോടെ,ജൈവമായ ചാരുത നഷ്ടപ്പെട്ട ശരീരക്രിയകളാകുന്നതും ശ്രദ്ധേയമാണ്.പകുതിപ്പുറപ്പാടുപോലെ താരത‌മ്യേന പുതിയ നൃത്തസൃഷ്ടികൾക്കുവരെ വേണ്ടത്ര അരങ്ങുകൾ ലഭിക്കുന്നുമില്ല.
ശരീരത്തിന്റെ നിരന്തരവും,ശാസ്ത്രീയവുമായ പരിശീലനപ്രക്രിയയിലൂടെയാണ് മികച്ച അനുഭവം സൃഷ്ടിക്കാനാവുന്ന നൃത്തത്തിലേക്ക് ഒരു കഥകളിനടനെത്തിപ്പെടാനാവുന്നത്.ജന്മസിദ്ധമായ പ്രതിഭാവിലാസത്തിനൊപ്പം പരിശീലനചര്യയിലൂടെ,സ്വന്തം ശരീരത്തിന്റെ സാദ്ധ്യതകളേയും പരിമിതികളേയും തിരിച്ചറിയുന്ന നടനാണ് മികച്ച നൃത്താവതാരകനാവുന്നത്.ആ പരിശീലനപ്രക്രിയ ആധുനികകാലഘട്ടത്തിൽ എങ്ങനെ പരിഷ്കരിക്കപ്പെടണം എന്നത് മറ്റൊരു വിപുലവിഷയമാണ്.
അവലംബം:നാട്യശാസ്ത്രം:ഭരതൻ,ദശരൂപകം:ധനഞ്ജയൻ,അവലോകം:ധനികൻ,സംഗീതരത്നാകരം:ശാർങ്ഗദേവൻ,ഭാരതീയകാവ്യശാസ്ത്രസാരം:വേദബന്ധു.

64 comments:

വികടശിരോമണി said...

നൃത്താത്മകാസ്വാദനം എന്ന പാതകം....

Dr Ganesh Iyer said...

Thank you for such a detailed post.

അനില്‍@ബ്ലൊഗ് said...

നൃത്തം നൃത്യം എന്നിവയുടെ വിശദീകരണങ്ങള്‍ക്ക് നന്ദി.
നൃത്താ‍സ്വാദനം മാത്രമായി കഥകളിയെ കണക്കാക്കവയ്യ തന്നെ.
നല്ല കുറിപ്പ്.

Anonymous said...

"മത്തവിശാസശ്ലോകത്തിലെ"-അക്ഷരത്തെറ്റ്. വിലാസമല്ലേ?

വായിച്ചു, അഭിപ്രായം പിന്നെ.
സോയ

മനോജ് കുറൂര്‍ said...

പ്രിയ വി.ശീ., അസ്സലായി. പ്രത്യേകിച്ച് ഈ സാങ്കേതികവാക്കുകള്‍ ആവര്‍ത്തിച്ചു പ്രയോഗിക്കുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍‌ ഉള്ളവര്‍ക്കുപോലും ഉണ്ടാവുന്ന സംശയങ്ങള്‍ തീര്‍ക്കാന്‍ ഇതുപകരിക്കും.

നൃത്തംകൂടിയുള്ളടങ്ങുന്നതാണ് നൃത്യമെന്നു വിശദീകരിച്ചതും നന്നായി. നാട്യത്തിലായാലും അതുണ്ടെന്നുകൂടി കൂട്ടിച്ചേര്‍ക്കാം. ഏകലോചനാഭിനയം നല്ല ഉദാഹരണം. അവിടെ ശോകവും ഭാവവും അഭിനയിക്കുമ്പോള്‍ മുഖാംഗങ്ങള്‍‌പോലും താളബദ്ധമായേ ചലിക്കൂ. മാത്രമല്ല ഭാവത്തിലുള്ള ഒരുതരം ‘കൊട്ടിക്കൂര്‍പ്പിക്കലും’(ഭാവം മാറിമാറി അഭിനയിക്കുന്ന മാത്രാദൈര്‍ഘ്യം ക്രമമായി കുറച്ചുകൊണ്ടുവരിക) കാണാം. ഇത്രയ്ക്കു വ്യക്തമല്ലാത്ത മറ്റു സ്ഥലങ്ങളിലും (ഭാവത്തെ നിര്‍ണയിക്കുന്ന നോക്കിക്കാണലില്‍‌പ്പോലും)ചലനങ്ങളെല്ലാം താളബദ്ധംതന്നെ. താളാശ്രിതമോ ലയാശ്രിതമോ അല്ലാത്ത ഘടകങ്ങള്‍ കഥകളിയില്‍ ഇല്ലെന്നുതന്നെ പറയാം.

പിന്നെ ഇരട്ടി, ഇടക്കലാശം, തോങ്കാരം തുടങ്ങിയ കഥകളിയിലെ പ്രകടമായ നൃത്താംശങ്ങളുടെ ഘടനയും വിശദീകരിക്കാമായിരുന്നു. ല്ലേ? :)

അന്യവത്കരണത്തെപ്പറ്റി ഒരു വാക്ക്: രസാശ്രിതമായി കഥകളിയെ വീക്ഷിക്കുമ്പോള്‍ നൃത്തത്തെ പലപ്പോഴും അന്യവത്കരണസങ്കേതമായിത്തന്നെ കാണേണ്ടിവരും. കാരണം വാക്യാര്‍ഥാഭിനയം എന്ന നാട്യനിര്‍വചനവും പ്രബന്ധരസം പോലുള്ള സങ്കല്പങ്ങളും പര്‍ഗണിച്ചാല്‍ സമഗ്രമായ ഒരു രസത്തെ സംവേദനംചെയ്യുന്ന എല്ലാ ഘടകങ്ങളും തമ്മിലുള്ള അവയവപ്പൊരുത്തത്തില്‍ അത് ഊന്നുന്നതുകാണാം. ആ സമഗ്രതയില്‍ പലപ്പോഴും പ്രത്യേകിച്ച് അര്‍ഥമെന്തെന്നുപോലും തിരിച്ചറിയാനാവാത്ത നൃത്തഘടകങ്ങള്‍ ഒരുതരം അന്യവത്കരണസ്വഭാവംതന്നെ പുലര്‍ത്തുന്നു. കേകി നോക്കുക. വിഭാവാനുഭാവവ്യഭിചാരികളുടെ അനുപാതങ്ങളെ പൊളിച്ചുകൊണ്ട്, ചലനത്തിനും നൃത്തത്തിനുമുള്ള സാധ്യത മുതലാക്കിക്കൊണ്ട് ഉദ്ദീപനവിഭാവമെന്നൊക്കെ പറയാവുന്ന ഒരു കാഴ്ചയിലേക്ക് കേന്ദ്രീകരിക്കുകയാണല്ലൊ അവിടെ. ആ കേകിയില്‍ ഇരട്ടിയുടെ ഖണ്ഡങ്ങള്‍ വിപുലമായി വിന്യസിക്കുന്നതിനുപുറമേയാണു പദാവസാനത്തിലുള്ള ഇരട്ടി. കാലം മുറുകിയ പദങ്ങളില്‍ വീര-രൌദ്ര-ഹാസ്യ-ബീഭത്സരസങ്ങള്‍ക്കൊക്കെ വട്ടംവച്ചുകലാശമുണ്ട്. പൊതുഘടനയില്‍ അവയ്ക്കു വ്യത്യാസവുമില്ല. പതികാലത്തിലാണെങ്കില്‍ ശോകസ്ഥായിയിലുള്ള പദത്തിനുവരെ വട്ടംവച്ചുകലാശം(ബാലേ കേള്‍ നീ)! പതികാലത്തിലും രണ്ടാം കാലത്തിലുമുള്ള പദങ്ങളില്‍ നൃത്തസങ്കേതങ്ങള്‍ signifier without signified എന്ന അവസ്ഥയില്‍ കാണാനേ എനിക്കു പറ്റുന്നുള്ളൂ. കീഴ്പടം നൃത്തത്തെ ഭാവാശ്രിതമാക്കാന്‍ ശ്രമിച്ചത് വിസ്മരിക്കുന്നില്ല. എന്നാല്‍ അതൊരു അധികമാനമായാണ് അനുഭവപ്പെടുന്നത്. ശോകസ്ഥായിയിലുള്ള ഒരു പദത്തിന് ഇരട്ടിയെടുക്കുമ്പോള്‍ അതിന്റെ അവസാനകാലം (മേളം മാത്രമുള്ള ഖണ്ഡം) പോലും ഒഴിവാക്കപ്പെടുന്നില്ലല്ലൊ. കുഞ്ജരസമാനഗമനത്തില്‍ നാട്യപദ്ധതിയനുസരിച്ചാണെങ്കില്‍ വിശേഷ്യത്തിനാവേണ്ട പ്രാധാന്യം വിശേഷ്യമായ കുഞ്ജരത്തിനു വന്നുചേര്‍ന്നതും വെറുതെയാവില്ല.(ഇന്നു ഗോപിയാശാന്റെ സുഭദ്രാഹരണം അര്‍ജുനന്‍ കണ്ടു. കോട്ടയത്ത് :) )
ചുരുക്കത്തില്‍ ഇത്രയേയുള്ളൂ. നൃത്തത്തിനോ ശൈലീവത്കൃതമായ ശരീരവിന്യാസത്തിനോ ദൃശ്യവത്കരണത്തിനോ ഉള്ള ഒരവസരവും കഥകളി പാഴാക്കുകയില്ല. അവിടെ രസഭാവങ്ങളോട് കുറച്ചു സമയം മാറി നില്‍ക്കാനോ അതു പറ്റിയില്ലെങ്കില്‍ പറ്റിക്കൂടി എവിടെയെങ്കിലും ഒതുങ്ങിനില്‍‌ക്കാനോ‍ പറയും :) (പിന്നൊരു സ്വകാര്യം: നളന്‍ രാവിലെ കുളിച്ചിട്ടാണോ നാരദനെക്കണ്ടത്, സാമ്യമകന്നോരുദ്യാനം ഉച്ചയ്ക്കാണൊ വൈകുന്നേരമാണോ നടക്കുന്നത് എന്നൊന്നും ആലോചിക്കാന്‍ തോന്നാറില്ലാത്തത് ഇപ്പറഞ്ഞ നൃത്ത-ശരീരവിന്യാസഘടകങ്ങളില്‍ ഭ്രമിക്കുന്നതുകൊണ്ടാവാം. നേരത്തെ പറഞ്ഞ ജനാധിപത്യസ്വാതന്ത്ര്യം ഞാനും പങ്കു വയ്ക്കുന്നു. )

മറ്റൊരു പശ്ചാത്തലത്തില്‍, ആന്ദ്രേ ബസീന്റെ ‘മിസ് എന്‍‌ ‍സീന്‍ (mis en scene)പോലൊരു സമഗ്രതാസങ്കല്പത്തെ ഗൊദാര്‍ദിനെപ്പോലുള്ളവര്‍ കുളിപ്പിച്ചുകിടത്തിയതും ഓര്‍ക്കാം :)

താളത്തിനെപ്പറ്റി പറഞ്ഞപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയെ അപ്രതീക്ഷിതത്വത്തിലൂടെ അമ്പരപ്പിക്കുന്നതിനെക്കുറിച്ചു പറഞ്ഞല്ലൊ. rhythmic syncopation എന്നു വിളിക്കപ്പെടുന്ന ഈ സ്വഭാവം Jazz സംഗീതത്തില്‍ സര്‍വസാധാരണമാണ്. പിന്നെ നമ്മുടെ തായമ്പകയിലും. ല്ലേ?

എന്തായാലും സന്തോഷായി! സമാനഹൃദയ!

മനോജ് കുറൂര്‍ said...

ചെറിയൊരു തിരുത്ത്: ‘വിശേഷ്യത്തിനാവേണ്ട പ്രാധാന്യം വിശേഷണമായ കുഞ്ജരത്തിനു വന്നുചേര്‍ന്നതും’ എന്നു വായിക്കാനപേക്ഷ.

Anonymous said...

അനന്യസാധാരണം എന്നു നിസ്സംശയം വിളിക്കാവുന്ന ലേഖനം.ഇത്രക്ക് സൂക്ഷ്മമായ കാര്യങ്ങൾ കഥകളിയുടെ നൃത്തത്തിലുണ്ടെന്നു കരുതിയതേയില്ല.കുറേക്കാലം കഥകളി കണ്ടുനടന്ന ആളാണു ഞാൻ എന്നു പറയാൻ ഇപ്പോൾ ലജ്ജ തോന്നുന്നു.സത്യത്തിൽ “അഹങ്കാരക്കൊടുമുടികൾക്കുമേലെ നർത്തനം ചെയ്യുന്ന കണ്ണൻ”എന്ന വികടശിരോമണിയുടെ കീഴ്പ്പടത്തെക്കുറിച്ചുള്ള നിരീക്ഷണം വികടശിരോമണിക്കും ചേരും:)
വിശ്വനാഥൻ,കൊല്ലം.

haridas said...

nannayi. ottum mushiyatha kandethal.thutaruka ee padanam.

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.
അനിൽ,
നൃത്താസ്വാദനം മാത്രമായി കഥകളിയെ കണക്കിയിട്ടേ ഇല്ല.
(നൃത്തം അത്ര മോശം കാര്യമല്ല,ട്ടൊ.മോളെ നൃത്തം പഠിക്കാൻ മോഹമുണ്ടായിട്ടും പഠിപ്പിക്കാൻ വിടാത്ത ദുഷ്ടനച്ഛനെ ഞാൻ മറന്നിട്ടില്ല:)
സോയ,
തിരുത്തിനു നന്ദി.മത്തവിലാസം തന്നെ.ശ്രദ്ധിക്കാതെ വന്ന പിശകാണ്.
മനോജ്,
അന്യവൽക്കരണത്തെപ്പറ്റിയുള്ള വീക്ഷണം ഒരു പരിധി വരെ ശരിയാണ്.(ഒരു പരിധി വരെ മാത്രം)
മുറുകിയ കാലത്തിലുള്ള വട്ടം വെച്ചുകലാശങ്ങളിലും ഭാവത്തെ അന്യവൽക്കരിക്കുക എന്ന ധർമ്മമല്ല,ഭാവത്തെ പ്രോജ്വലിപ്പിക്കുക എന്ന ധർമ്മം തന്നെയല്ലേ വട്ടം വെച്ചുകലാശങ്ങൾ നിർവ്വഹിക്കുന്നത്?കീഴ്പ്പടത്തെ വെച്ചല്ല,കഥകളിയുടെ പൊതുഘടനയിൽ തന്നെ അങ്ങനെയല്ലേ?രൌദ്രരസപ്രധാനമായ ഒരു പദത്തിനും ചൊല്ലിവട്ടം തട്ടിയാൽ കലാശമെടുക്കേണ്ടത് ചിരിച്ചുപുരികമിളക്കിയാണ് എന്നായിരുന്നു എങ്കിൽ സമ്മതിക്കാം.(പോരിനുവിളിവരെ ചിരിച്ചുപുരികമിളക്കി ചെയ്തിരുന്ന കാലത്തെപ്പറ്റി പത്മനാഭനാശാൻ പറയും)നിലവിലെ കഥകളിയുടെ രീതി അതല്ല.ഭാവത്തിന്റെ പ്രോജ്ജ്വലനമാണ്,അന്യവൽക്കരണമല്ല നടക്കുന്നത്.അങ്ങനെ നടക്കണം എന്നിടത്താണല്ലോ പട്ടിക്കാംതൊടിക്കളരി ഊന്നിയതും.അതിനുമു‌ൻപും അത്തരത്തിൽ ഭാവതലവുമായുള്ള കലാശങ്ങളുടെ പൊരുത്തത്തെപ്പറ്റിയുള്ള സങ്കൽ‌പ്പമൊക്കെ കഥകളിയിലുണ്ടായിരുന്നു എന്നാണെനിക്കുതോന്നുന്നത്.‌“തവസഹജനമിതബല”ചൊല്ലിവട്ടം തട്ടിയാൽ ബാലിയും,“യുദ്ധം കഴിഞ്ഞു”ചൊല്ലിവട്ടം തട്ടിയാൽ ബകനും വട്ടംവെച്ചുകലാശമെടുക്കുന്ന അപൂർവ്വതകൾ എന്തിനാണ് കളരിപാഠത്തിലുണ്ടായത്?സവിശേഷമായ ഭാവതലത്തിന്റെ തീവ്രപ്രകാശനോപാധിയായി നൃത്തത്തെ ഉപയോഗിക്കാം എന്ന സങ്കൽ‌പ്പം മുൻപേ ഉണ്ട്.അതു രാവുണ്ണിമേനോനിലെത്തുമ്പോൾ,നാട്യസങ്കൽ‌പ്പവുമായി കലർന്ന് കൂടുതൽ തെളിഞ്ഞു എന്നേയുള്ളൂ.
സവിശേഷമായ അർത്ഥോൽ‌പ്പാദനധർമ്മം നിർവ്വഹിക്കുന്നില്ല എന്നതുകൊണ്ട് അവ വേറിട്ടു നിൽക്കുന്നു എന്നർത്ഥമാക്കാമോ?കേകി ഒരു വ്യത്യസ്തതയാണ്,സമ്മതിക്കുന്നു.പതിഞ്ഞ ഇരട്ടിയും വ്യതിരിക്തമായ വിധത്തിൽ സ്ഥായീഭാവത്തെ പരിപോഷിപ്പിക്കുന്ന അവസ്ഥയുണ്ട്.‌“പാഞ്ചാലരാജതനയേ”യിലെയും “പാണ്ഡവന്റെ രൂപത്തിലേയും ഇരട്ടികളിൽ അതു കൂടുതൽ വ്യക്തമാണ്.
കുഞ്ജരസമാനഗമനത്തിന്റെ കാര്യം ശരിയാവണം.എനിക്കുതോന്നുന്നത്,രാവുണ്ണിമേനോന്റെ കൈകൾ അധികം പതിയാതെ പോയ രംഗപാഠമാണ് സുഭദ്രാഹരണത്തിന്റേത് എന്നാണ്.‌“കേട്ടാലും വചനം”എന്ന പദത്തിൽ തന്നെ,നോക്കൂ-“ദേവരാജാവ്”,“ദേവ മാമുനിവൃന്ദം”,“ദേവവൃന്ദം”---എല്ലായിടത്തും ദേവമുദ്രയിൽ ചവിട്ടിമാറുന്നതിന്റെ ഏകതാനത നോക്കൂ.രാവുണ്ണിമേനോന്റെ കൈകൾ,കോട്ടയം കഥകളിൽ പതിച്ചപോലെ പതിച്ചിരുന്നെങ്കിൽ,അതിങ്ങനെയാവുമോ?തോന്നുന്നില്ല.അങ്ങനെ നിരവധി ഉദാഹരണങ്ങൾ കണ്ടെത്താം,പ്രാകൃതമായ(നല്ല അർത്ഥത്തിൽ)കല്ലുവഴിക്കളരിയുടെ ഏകദേശരൂപം സുഭദ്രാഹരണത്തിലുണ്ടെന്നു തോന്നുന്നു.
(അഭ്യൂഹമാണേ,മനോജിന് മൂന്നുവഴിയിലുള്ള കലാവിമർശനത്തോടൊപ്പം ഇതു വേണമെങ്കിൽ കൂട്ടാം.അഭ്യൂഹശാസ്ത്രം:):)
“മിസ് എൻ സീന്റെ”കാര്യം ഓർത്തതു കലക്കി.
അന്യവൽക്കരണം കഥകളിയിൽ നടക്കുന്നില്ല എന്നല്ല ഞാൻ പറഞ്ഞത്.അതു മുഖ്യമായും നൃത്തം കൊണ്ടാണെന്ന അഭിപ്രായം ശരിയെന്നു തോന്നുന്നില്ല.ഘടകകലകളുടെ വിന്യാസം,ആവിഷ്കാരരീതിശാസ്ത്രം,ഉപകരണസമുച്ചയത്തിന്റെ ഉപയോഗം....ഇതൊക്കെയാണ് എലിനേഷൻ കഥകളിയിൽ അതിലും നന്നായി നിർവ്വഹിക്കുന്നു എന്നു തോന്നുന്നു.പിന്നീട് ഒരു പോസ്റ്റിൽ വിശദമാക്കാൻ ശ്രമിക്കാം.
അപ്പോൾ സമാനഹൃദയ,നാമത്രമേൽ സമാനഹൃദയരായാൽ പിന്നെന്തു ഗുണം?അതുകൊണ്ടാണ് ഇത്രയും വിയോജിച്ചത്.ബാക്കിയെല്ലാം നമ്മുടെ വഴി ഒന്നാണെന്ന് കൃത്യമായി ബോധമുണ്ട്:)

മനോജ് കുറൂര്‍ said...

പ്രിയ വി. ശീ.,
സമാനഹൃദയത്വമെന്നാല്‍ അഭിപ്രായസമന്വയമുള്ളവര്‍ എന്നു സമീകരിക്കണോ? പരസ്പരം സംവദിച്ചാല്‍ മനസ്സിലാവുന്നവര്‍ എന്നേ ഉദ്ദേശിച്ചുള്ളൂ. ഞാന്‍ എന്റെ അഭിപ്രായവ്യത്യാസവും പ്രകടിപ്പിച്ചിട്ടാണല്ലൊ അങ്ങനെ വിളിച്ചത്. വേവ് ലെങ്ത് എന്നും മലയാളത്തില്‍ പറയാം :)അതിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പിന്‍‌വലിച്ചേക്കാം :)

അന്യവത്ക്കരണത്തിന്റെ മുഖ്യസങ്കേതം നൃത്തമാണെന്നല്ല, ‘രസാശ്രിതമായി കഥകളിയെ വീക്ഷിക്കുമ്പോള്‍ നൃത്തത്തെ പലപ്പോഴും അന്യവത്കരണസങ്കേതമായിത്തന്നെ കാണേണ്ടിവരും’ എന്നല്ലേ ഞാന്‍ പറഞ്ഞത്? മുഖ്യസങ്കേതം നൃത്തമാണെന്നുണ്ടെങ്കില്‍ നാട്യത്തിലും നൃത്തമുണ്ടെന്നു ഞാന്‍തന്നെ പറയുമോ? അതു പോട്ടെ. വട്ടംവച്ചുകലാശങ്ങളുടെ അടിസ്ഥാനഘടനയില്‍ത്തന്നെ ഊന്നുന്ന ‘ദൂതന്റെ കലാശങ്ങള്‍’ നോക്കുക. ഒരു വിവരമറിയിക്കുക എന്നതില്‍ക്കവിഞ്ഞ രസപ്രാധാന്യമൊന്നുമില്ലാത്ത ആ പദങ്ങളിലാണു മധ്യമകാലത്തിലുള്ള വട്ടംവച്ചുകലാശങ്ങള്‍കണ്ടു ഞാന്‍ മോഹിച്ചുപോയിട്ടുള്ളത് (ഈ ‘ഞാന്‍’ സംഗതി വ്യക്തിപരമാണെന്നു സൂചിപ്പിക്കാന്‍ മാത്രമാണേ!)പിന്നൊന്ന് ഇരട്ടിയെത്തുടര്‍ന്നുള്ള വട്ടംവച്ചുകലാശം, ഇടക്കലാശം, തോങ്കാരം. ബകവധത്തില്‍ ആശാരിയും കല്യാണസൌഗന്ധികത്തില്‍ കൃഷ്ണനും ആ ഘടനയുണ്ട്. മറ്റൊന്നു ചൊല്ലി അടക്കമെടുക്കല്‍. ഇതിന്റെയൊക്കെ ഭാവപരമായ യുക്തി ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. താളം, കാലപ്രമാണം, പദഘടന എന്നിവയെ അടിസ്ഥാനമാക്കി ആലോചിച്ചാല്‍
കുറച്ചൊക്കെ (മുഴുവനുമല്ല) കിട്ടുകയും ചെയ്യും. രസസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണു കഥകളിവിചാരം നടത്തുന്നതെങ്കില്‍ അര്‍ഥോല്പാദനം പോലും സാധ്യമാകാത്ത ഘടകങ്ങളെ അന്യവത്ക്കരണസങ്കേതങ്ങളായിത്തന്നെ കാണേണ്ടിവരും എന്നാണു പറഞ്ഞത്. (അതിനു നാട്യകേന്ദ്രിതമായ രസസിദ്ധാന്തത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ താങ്കളോടായതുകൊണ്ടുതന്നെ വിശദീകരിക്കേണ്ടതില്ലല്ലൊ.)മുറുകിയ കാലത്തിലുള്ള പദങ്ങളിലെ അപവാദങ്ങള്‍ (‘തവസഹജനമിതബല’, ‘യുദ്ധം കഴിഞ്ഞിട്ടു’ എന്നിവയുള്‍പ്പെടെ-അവിടെയും ഭാവതലവുമായി ബന്ധിപ്പിച്ചും ബന്ധിപ്പിക്കാതെയും അവയെ കാണാം. എന്നാലും അക്കാര്യത്തില്‍ തര്‍ക്കിക്കുന്നില്ല. കാരണം ഭാവവുമായി ബന്ധിപ്പിക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള സാധ്യതയും ആ ഭാഗം നല്‍കുന്നുണ്ട്.) ഒഴിവാക്കിക്കൊണ്ടാണ് പതികാലത്തിലെയും രണ്ടാം കാലത്തിലെയും എന്ന് എടുത്തുപറഞ്ഞത്.

രസസിദ്ധാന്തം ലക്ഷ്യമോ മാര്‍ഗമോ ആക്കാത്ത കഥകളിയെ (ആട്ടക്കഥയില്‍ത്തുടങ്ങുന്ന സമഗ്രതയ്ക്കുള്ള ശ്രമം കാണുന്നത് നളചരിതത്തിലും കര്‍ണശപഥത്തിലുമൊക്കെയാണ്. കോട്ടയം കഥകളില്‍ ഓരോന്നിനെയും സ്വയം‌പൂര്‍ണമായ ഖണ്ഡങ്ങളായി തിരിക്കാം എന്ന സാധ്യതയാണ് പ്രമേയപരമായ സമഗ്രതയ്ക്ക്, അങ്ങനെ വേണമെന്നുള്ളവര്‍ ഉപയോഗിക്കുന്നത്) രസകേന്ദ്രിതമാക്കാന്‍ പട്ടിക്കാന്തൊടി ബോധപൂര്‍വം നടത്തിയ ചില പരിഷ്കരണങ്ങളുണ്ടല്ലൊ. ആ പരിഷ്കരണങ്ങള്‍ എനിക്ക് (ഇവിടെ ഭാവപരമായി വിനയമുള്ള മുദ്ര- തമാശയ്ക്കാണേ!) സമ്മതമാകുന്നത് രസഭാവകേന്ദിതമാകുന്നതുകൊണ്ടല്ല, കൈക്കും മെയ്ക്കും കൂടുതല്‍ വൃത്തിയും ശൈലീഭദ്രതയും നല്‍കിയതുകൊണ്ടാണ്. ഒരു രാഗാലാപനമോ മേളമോ ഒക്കെ കേള്‍ക്കുന്നതുപോലെ ശരീരംകൊണ്ടു ചെയ്യുന്ന സംഗീതത്തെയും ഞാന്‍ ആസ്വദിക്കുന്നു. ‘പാഞ്ചാലരാജതനയേ’ ആയാലും മറ്റു പദാവതരണങ്ങളായാലും അത്തരത്തിലേ എനിക്കു കാണാന്‍ പറ്റുന്നുള്ളൂ :( (താങ്കളുടെ മുന്‍‌പോസ്റ്റുകളിലുള്ള ചര്‍ച്ചകളില്‍ ഞാന്‍ പറഞ്ഞത് ആവര്‍ത്തിച്ചെന്നേയുള്ളൂ. ഇപ്പോഴത്തെ ആവശ്യത്തിന് ‘കു’തര്‍ക്കങ്ങള്‍ കണ്ടുപിടിച്ചതല്ല) ബാക്കിയെല്ലാവരും അങ്ങനെതന്നെ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും എടുത്തുപറയട്ടെ. ഓരോരുത്തര്‍ക്കും കഥകളി അവര്‍ക്കിഷ്ടമുള്ളതുപോലെ കാണാനുള്ള അവകാശത്തെ ഒരുതരത്തിലും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. സ്വന്തം കാഴ്ചാശീലത്തിനെ ന്യായീകരിക്കാന്‍ ചില യുക്തികള്‍ പറയുന്നെന്നു മാത്രം. ‘ആരൊക്കെയെതിര്‍ത്താലും, യെന്തൊക്കെ സംഭവിച്ചാലും’ അങ്ങനെ കളികാണാനാണ് ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്. അതുകൂടിയില്ലെങ്കില്‍ പിന്നെ കളികാണല്‍തന്നെ ഇല്ലാതായേനെ. അതുകൊണ്ടാണേ :)
പോരിനുവിളി ചിരിച്ചു പുരികമിളക്കി ചെയ്യണമെന്നല്ല പറഞ്ഞത്. ഭാവം പ്രമേയത്തിനു വിരുദ്ധമാക്കണമെന്ന വാശിയൊന്നുമില്ല. ഊന്നലില്‍ വ്യത്യാസമുണ്ടെന്നു മാത്രം :)
കഴിഞ്ഞ കമന്റില്‍‌പ്പറഞ്ഞത് ആവര്‍ത്തിക്കട്ടെ: ‘ചുരുക്കത്തില്‍ ഇത്രയേയുള്ളൂ. നൃത്തത്തിനോ ശൈലീവത്കൃതമായ ശരീരവിന്യാസത്തിനോ ദൃശ്യവത്കരണത്തിനോ ഉള്ള ഒരവസരവും കഥകളി പാഴാക്കുകയില്ല. അവിടെ രസഭാവങ്ങളോട് കുറച്ചു സമയം മാറി നില്‍ക്കാനോ അതു പറ്റിയില്ലെങ്കില്‍ പറ്റിക്കൂടി എവിടെയെങ്കിലും ഒതുങ്ങിനില്‍‌ക്കാനോ‍ പറയും :)’

അന്യവത്കരണസങ്കേതങ്ങളെക്കുറിച്ചുള്ള പോസ്റ്റ് വരുമ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാം. എന്റെ മറുപടിയും ‘അഭ്യൂഹശാസ്ത്ര’ത്തില്‍ പെടുത്തിയാല്‍ മതി :)

വികടശിരോമണി said...

ഞാനാദ്യമേ “അഭ്യൂഹിച്ച”ചേലിൽ തന്നെ മറുപടി വന്നു.വേണമെങ്കിൽ അഭിപ്രായസമന്വയമുള്ളവർ എന്ന അർത്ഥത്തിലെടുത്താലും അതു കളവാവില്ല എന്ന വിശ്വാസമുള്ളതുകൊണ്ടാണെന്റെ ചങ്ങാതീ അങ്ങനെ വിശദീകരിച്ചത്.ഊന്നലിൽ വലിയ വ്യത്യാസമൊന്നും നമ്മൾ തമ്മിലില്ല.മനോജ് ഉദാഹരിച്ച ഉദാഹരണങ്ങൾ തന്നെ,അപ്പോഴും തിരിച്ചും വ്യാഖ്യാനിക്കാനുള്ള സാധ്യത കിടക്കുന്നു എന്നറിയാമല്ലോ.ദൂതന്റെ കാര്യത്തിൽ എന്തിനാണ് ഉത്തരാസ്വയംവരം ദൂതൻ ഇരട്ടിവട്ടം വെച്ചും,രാവണവിജയം ദൂതൻ കിടതകിധീം,താം വെച്ചും പ്രവേശിക്കുന്ന മാറ്റം എന്നു ചിന്തിക്കാനിരുന്നാൽ....പോട്ടെ,ഇങ്ങനെ പോയിട്ട് ഒരുകാര്യവുമില്ല.ഈ പ്രശ്നങ്ങളെ ഒന്നു കൂടി പെട്രോളൊഴിച്ചു കത്തിക്കാനറിയാവുന്ന,കഥക്കപ്പുറത്തുള്ള,ഒരാളുടെ പൊടി പോലും കാണാനില്ല.അതാണു സങ്കടം:)
കാഴ്ച്ചശീലങ്ങളാണു കാര്യം.ഈ നാട്ടിലെ ആസ്വാദനത്തിന്റെ സവിശേഷതയാവാം,എനിക്കൊരിക്കലും തായമ്പക പോലെ,പഞ്ചവാദ്യം പോലെ ഒരു അടുപ്പം മേളങ്ങളോടില്ല എന്നതാണു സത്യം.വാസുദേവൻ മാഷുടെ ഒപ്പം പൂരത്തിനു പോയാൽ മാ‍ഷ് പറയും:“ആ പൂമരം പൂത്തു നിൽക്കുന്നതു നോക്കൂ...പൂരം ആ മരത്തിലും ത്രസിക്കുന്നതുകണ്ടോ...”----ഞാനൊരരസികനായതുകൊണ്ട്,എനിക്ക് മാഷതു പറയുമ്പോൾ കാര്യായിട്ടൊന്നും തോന്നില്ല. “ആ,മരം പൂത്തുനിൽ‌ക്കുന്നു,അതും പൂരവുമായി എന്തു ബന്ധം?മാഷിന്റെ ഓരോ വട്ടുകൾ”എന്നേ തോന്നൂ:)(ഞാനേറ്റവും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണേ,തമാശയാണേ:)
അതുപോലെത്തന്നെ,ഇത്തരം ആസ്വാദനങ്ങളും.ഇങ്ങനെയേ എനിക്കും,മനോജിനും കാണാനാവൂ എന്നതാണു സത്യം.ബാ‍ക്കി എഴുതിയത് വിശകലനത്തിനാണല്ലോ.അങ്ങനെയേ കാണാനാവൂ എന്നത് അതേ സമയം ഒരു കുരുക്കുമാണോ എന്ന സംശയം എന്നിലുണ്ട് എന്നു മാത്രം.
അസമാന തില്ലാന:)

അരുണ്‍ കരിമുട്ടം said...

ഇമ്മാതിരി വിവരണങ്ങള്‍ ഞാന്‍ കൂടുതലും കണ്ടിരിക്കുന്നത് ഈ ബ്ലോഗില്‍ നിന്നാണ്.
വിശദമായ ഈ വിവരണത്തിനു ആദ്യമേ നന്ദി പറയട്ടെ,
കൂടെ എല്ലാവിധ ആശംസകളും

ഗായത്രി.ടി.കെ said...

കുറച്ചുകാലം നൃത്തം പഠിച്ചിട്ടുള്ളതുകൊണ്ട് വന്നതാണ്.പക്ഷേ വന്നപ്പോൾ നിരാശയായി കഥകളിയാണുവിഷയം;എനിക്കറിയാത്തത്.പക്ഷേ വായിച്ചുതുടങ്ങിയപ്പോൾ അവസാനിച്ചതറിഞ്ഞില്ല.അതിഗംഭീരമായിരിക്കുന്നു.ഇങ്ങനെയും ചിലർ ബ്ലോഗിലുണ്ടെന്നറിയില്ലായിരുന്നു.
അഭിനന്ദനങ്ങൾ.

Anonymous said...

ഓഹോ,പ്രൊഫൈലാകെ മാറിയല്ലോ?കണ്ണം,പേരുമൊഴിച്ച്.
എന്നിട്ടും ആരാന്ന് ഒരു സൂചന പോലും ഇല്ല.
കള്ളനു കഞ്ഞി വെച്ചവൻ തന്നെ!

മനോജ് കുറൂര്‍ said...

കുരുക്കുമാവാം വി. ശീ., ചില കുരുക്കുകള്‍ അങ്ങനെതന്നെ ഇരിക്കട്ടെ :)

കളികാണുന്നതിന് എനിക്കും എന്തെങ്കിലും ചില കാരണങ്ങള്‍ വേണ്ടേ?

അതിരിക്കട്ടെ. ശിവരാമാശാനെ കണ്ടിരുന്നോ? ഇപ്പൊ എങ്ങനെ?

വികടശിരോമണി said...

മനോജ്,
പോയി കണ്ടിരുന്നു.മോശമാണ്,സ്ഥിതി.മുഖം ഒരു വശത്തേക്കു കോടിയിരിക്കുന്നു.കോട്ടക്കലാണ്.മാധവൻകുട്ടിയേട്ടനെ വിളിച്ചാൽ കൂടുതലറിയാം.
ആ കോട്ടകൽ ഉത്സവത്തിലെ അവസാന അരങ്ങിന്.മൂന്നാം ദിവസം ദമയന്തിക്ക് സാക്ഷിയാവേണ്ട ദുർഗതിയും(?)ഉണ്ടായി.

S.K.Mannadiyar said...

ഇത്രക്ക് സൂക്ഷ്മമായ കാര്യങ്ങൾ കഥകളിയുടെ നൃത്തത്തിലുണ്ടെന്നു കരുതിയതേയില്ല.കുറേക്കാലം കഥകളി കണ്ടുനടന്ന ആളാണു ഞാൻ എന്നു പറയാൻ ഇപ്പോൾ ലജ്ജ തോന്നുന്നു.
െകാല്ലത്തുകാർ കഥകളി കാണുന്നത് എങ്ങിെന എന്ന്
മനസിലാക്കുവാ൯ െകാല്ലം വിശ്വനാഥെന്റ അഭിപ്രായം ശ്രദ്ധിക്കൂ.

ചന്ദ്രേശഖരവാര്യെര െകാല്ലത്തുകാർ ആരാധിക്കുന്നു. വാര്യർക്ക് പട്ടാമ്പിക്കാരുെട മനസിൽ
േപാലും സ്ഥാനം ഇല്ല.
ആസ്വാദനത്തിെന്റ വ്യത്യാസം.

Anonymous said...

ഈ കഥകളി blog കമന്റുകളിൽ അടക്കം, തോങ്കാരം, “തേങ്ങാക്കുല” എന്നുള്ള മൂന്നു പദപ്രയോഗങ്ങൾ കേൾക്കുമ്പോൾ ആസ്വാദകരായ നാം ഇതെന്താണെന്ന് അറിയാതെ മിഴിച്ചു പോകാറുണ്ട്.
വട്ടം വെച്ചു കലാശത്തോടൊപ്പം എടുക്കുന്ന ഒരു കലാശമാണ് അടക്കം. തൃപുടയിലുള്ള വട്ടം വെച്ചു കലാശത്തോടെ അടക്കം പതിവുണ്ട്. എന്നാൽ പതിഞ്ഞ ചെമ്പടയിലുള്ള വട്ടം വെച്ചു കലാശത്തോടൊപ്പം അടക്കം പതിവില്ലതാനും. ഇടമട്ടിലുള്ള , ചൊല്ലി വട്ടംതട്ടേണ്ടുന്ന, ചെമ്പടയിലെ വട്ടം വെച്ചു കലാശങ്ങൾക്ക് ശേഷം വീണ്ടും അടുത്ത ഖണ്ഡം പാടിത്തുടങ്ങി ഒരു താളവട്ടത്തിനു ശേഷമാണ് അടക്കം എടുക്കുന്നത്.
തോങ്കാരമോ, ചരണങ്ങളിലെ അന്ത്യത്തിലുള്ള സാധാരണ കലാശങ്ങൾക്കു ശേഷം പല്ലവി എടുത്തു പാടാൻ വേണ്ടി എടുക്കുന്ന ഒരു കലാശമാണ്. ഇതു മിക്കവാറും എല്ലാ താളങ്ങളിലുമുണ്ട്. ഇടമട്ടിലും മുറുകിയുമുള്ള കാലങ്ങളിലും ഈ കലാശമുണ്ട്. കൃമ്മീരവധത്തിൽ സൂര്യനോടുള്ള ധർമ്മപുത്രരുടെ പദത്തിൽ ചെമ്പടതാളത്തിൽ ചേർത്തിട്ടുണ്ട്. കാലകേയവധത്തിൽ ഇന്ദ്രന്റെ അർജ്ജുനനോടുള്ള പദത്തിൽ പഞ്ചാരിയുടെ ഇടമട്ടിലാണ് തോങ്കാരം.

ഇനിയുള്ളത് “തേങ്ങാക്കുല” യാണ്.
എന്താണ് കഥകളിയിലെ തേങ്ങാക്കുല ?

കപ്ലിങ്ങാട്‌ said...

പ്രിയ വി.ശി., മനോജേട്ടാ (പ്രൊഫൈലിൽ നിന്നു വയസ്സറിയാൻ കഴിഞ്ഞതിനാൽ ഇങ്ങിനെ വിളിക്കുന്നു :-), കഥകളിയിലെ നൃത്യം പദങ്ങളിലുള്ള ഭാവം, ചിട്ടപ്പെടുത്തിയിരിക്കുന്ന രീതി, കലാകാരന്റെ വൈദഗ്ധ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു എന്നുതോന്നുന്നു. ഉദാഹരണത്തിന്‌, "ബാലേ കേൾ നീ"യിലെ പതിഞ്ഞ വട്ടംവെച്ചുകലാശം നൃത്യത്തിന്റെ ഒരു നല്ല ഉദാഹരണമായി തോന്നാറുണ്ടെങ്കിലും, "ജയജയ നാഗകേതന"യിൽ അത്ര തോന്നാറില്ല. കഥകളിയിലെ നൃത്തത്തിലെ ഏറിയും കുറഞ്ഞുമുള്ള അന്യവൽകരണത്തിന്റെ അവസ്ഥയും അതു പോലെ തന്നെ. മേൽപറഞ്ഞ ഘടകങ്ങൾ കൂടാതെ ആസ്വാദകന്റെ നിലയും ഇവിടെ പ്രധാനമാണെന്നുമാത്രം. കഥകളിയിലെ ശൈലീകൃതമായ സങ്കേതങ്ങൾ കണ്ടുശീലിച്ച ഒരാൾ, അവയെ സങ്കേതങ്ങളായി കാണാതെ, രസപോഷണത്തിനുള്ള ഉപകരണമായി കാണുകയാണെങ്കിൽ അന്യവൽകരണം അത്ര തന്നെ അനുഭവപ്പെടുകയില്ലല്ലൊ. എന്നിരുന്നാലും ഏച്ചുകൂട്ടിയ മുഴപ്പ്‌ കുറച്ചെങ്കിലും ഇവിടെയും അനുഭവപ്പെടും, ചുരുക്കത്തിൽ "ഇല്ലത്തു നിന്നു പുറപ്പെട്ടു, അമ്മാത്തെത്തിയില്ല" എന്നവസ്ഥ ഇവിടെയുമുണ്ടെന്നു തോന്നുന്നു.

മനസ്സിനെ മഥിക്കുന്ന നൃത്തവിശേഷം രാമൻകുട്ടിയാശാനെപ്പോലെ ആർക്കാണ്‌ സ്വന്തമായിട്ടുള്ളത്‌? ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒന്നാണ്‌ "ആരിഹവരുന്നതിവനി"ലെ ആരംഭം. അതൊരിക്കൽ കണ്ടവർക്ക്‌ വേറാരുടെ കണ്ടാലും ബോധിക്കില്ല!

പ്രേക്ഷക-പ്രേക്ഷ്യ പരസ്പര തന്മയീഭാവം (empathy) വളരെ പ്രധാനപ്പെട്ടതു തന്നെ. ഇതുകൊണ്ടുണ്ടാകുന്ന മറ്റു ഗുണങ്ങൾ കൂടാതെ ചെറിയ കാര്യങ്ങളെ വരെ സ്വാധീനിക്കും എന്ന് മറ്റൊരു ബ്ലോഗിൽ ഒരു കലാകാരൻ-ആസ്വാദക തർക്കം വായിച്ചപ്പോൾ തോന്നി:-) കലാകാരന്റെ നൈസർഗ്ഗികമായ ഗുണദോഷങ്ങൾ, സമ്പ്രദായ-ശൈലീ ഭേദങ്ങൾ, ആ ദിവസത്തെ പ്രത്യേകസാഹചര്യങ്ങൾ തുടങ്ങിയവ ആസ്വാദകൻ അറിഞ്ഞിരിക്കണം, നേരെ മറിച്ച്‌ ആസ്വാദകന്റെ പ്രതീക്ഷകളും മറ്റും കലാകാരനും.

"കഞ്ജദളലോചന"യിലും നാട്യാചാര്യൻ കൈവെച്ചിട്ടുണ്ട്‌. ഇട്ടിരാരിശ്ശമേനോൻ താമര മൂന്നുതവണ വ്യത്യസ്താർഥത്തിൽ കാണിച്ചിരുന്നുവെങ്കിൽ, രാമുണ്ണിമേനോൻ അത്‌ ഒന്നാക്കിച്ചുരുക്കിയത്രെ! വിശേഷണത്തിനുള്ള പ്രാധാന്യം അപ്പോഴും പോയിട്ടുണ്ടാവില്ല - അതോ സങ്കേതങ്ങളിൽ മാത്രം കണ്ണുടക്കിയതുകൊണ്ട്‌ അങ്ങനെ തോന്നുന്നതോ?:-) (ഗോപിയാശാന്റെ കാണാൻ ഞാനും വന്നതാണ്‌, ഭാരതീയ റെയിൽവേ ചതിച്ചു, രണ്ടാമത്തെ കഥ കണ്ടു തൃപ്തിപ്പെടേണ്ടി വന്നു :-(

നൃത്തസൗന്ദര്യത്തിൽ അഭിരമിക്കുന്നത്‌ നല്ല കാര്യം തന്നെ, പക്ഷേയീനൃത്തസൗന്ദര്യം ഒരു "side effect" ആയി മാത്രമേ എനിക്കു തോന്നിയിട്ടുള്ളു. എങ്ങനെ വേണമെങ്കിലും ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമൊക്കെയുണ്ടെങ്കിലും, കഥകളി പോകേണ്ട വഴി അതല്ല എന്നാണെന്റെ വിനീതാഭിപ്രായം. ഉപാംഗാഭിനയം കൊണ്ട്‌ കൃഷ്ണൻ നായരും, നൃത്ത സൗന്ദര്യം കൊണ്ട്‌ രാമൻകുട്ടിനായരും നമ്മെ അതിശയിപ്പിച്ചു എങ്കിലും, ഇവയെ ഇതിവൃത്ത രസ പോഷണത്തിനുള്ള ഉപാധികളായി മാത്രം കണ്ട രാമുണ്ണിമേനോന്റെയും കുഞ്ചുനായരുടെയും വഴിയാണ്‌ കഥകളി പോകേണ്ട രാജപാത എന്നാണീയുള്ളവന്റെ വിനീതാഭിപ്രായം.

വികടശിരോമണി said...

കപ്ലിങ്ങാട്,
രാവുണ്ണിമേനോന്റെ കഞ്ജദളത്തിലെ ഇടപെടൽ കേൾക്കായ്കയില്ല.അതു പക്ഷേ.വലിയ വിശ്വാസം പോര.പഴയ അത്തരം പല കഥകളും വസ്തുനിഷ്ഠമെന്നു കരുതുന്നത് അബദ്ധമാവും.രാവുണ്ണിമേനോനാശാന്റെ ജീവചരിത്രനിർമ്മിതി പോലും(കെ.പി.എസ്.മേനോനായാലും,ബാലൻ മാഷായാലും.)അതിശയോക്തികളുടേയും അഭ്യൂഹ:)ങ്ങളുടേയും പുറത്താണു നിർമ്മിച്ചിരിക്കുന്നത്,പലയിടത്തും.(മനോജ് പറയും പോലെ,വ്യക്തിപരമായ അഭിപ്രായമാണേ:)സുഭദ്രാഹരണത്തിന്റെ ചൊല്ലിയാട്ടം നിരവധി തവണ കണ്ടുശീലിക്കാൻ ഭാഗ്യമുണ്ടായ ഒരാസ്വാദകനെന്ന നിലയിൽ,അതിലെ ഓരോ പദത്തിലും കല്ലുവഴിക്കളരിയുടെ പ്രാക്തനസൌന്ദര്യം നിറയുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്.അതിന് മുകളിലെ കമന്റിൽ കൊടുത്തപോലെ,ആദ്യാവസാനം ഉദാഹരണങ്ങൾ നിരത്താനാവും.പഴയ കേട്ടറിവുകളെ വിഴുങ്ങുന്നതിനേക്കാളും ഉചിതമായി എനിക്കുതോന്നുന്ന വഴി,നാം നേരിട്ടനുഭവിക്കുന്ന സൌന്ദര്യത്തെ വ്യവച്ഛേദിച്ചു മനസ്സിലാ‍ക്കുന്ന അനുമാനങ്ങളുമായി കേട്ടറിവുകളെ അപഗ്രഥിക്കുന്നതാണ് എന്നാണെന്റെ അഭിപ്രായം.
കഥകളിയുടെ സങ്കേതങ്ങൾ നൈസർഗികമായി ശീലിച്ച(കണ്ടോ,അനുഭവിച്ചോ)ശീലിച്ച,അതോടൊപ്പം ഉത്തരാധുനികമെന്നോ ആഗോളീകൃതമെന്നോ വിളിക്കാവുന്ന കാലത്തിലെ പ്രമേയപരിസരങ്ങളോട് തീവ്രമായി പ്രതിസ്പന്ദിക്കുകയും ചെയ്യുന്ന ഒരു ആസ്വാദകനെ വ്യാമുഗ്ധനാക്കാൻ മാത്രം എന്താണ് കഥകളിയുടെ പ്രമേയത്തിനും ഭാവശിൽ‌പ്പത്തിനും നൽകാനാവുക എന്നതാണു പ്രശ്നം.കപ്ലിങ്ങാടിന്റെ കഥകളി‌ക്കാഴ്ച്ചയുടെ പശ്ചാത്തലം,ആസ്വാദനരീതി എന്നിവയെപ്പറ്റി ഈ ബ്ലോഗിലുള്ള അറിവേ എനിക്കുള്ളൂ.പക്ഷേ,മനോജിനെപ്പറ്റി കുറേക്കൂടി അറിയാവുന്നതുകൊണ്ട്,അതുപറയാം.(മനോജ് ഒരുഗ്രൻ സ്പെസിമെനാണ്:)
കഥകളിയുടെ പൈതൃകം,ബാല്യം മുതൽ കഥകളീയമായ ചുറ്റുപാട് എന്നിവയുടെ സ്വാധീനവും സഹായവുമുണ്ടായിരുന്നു എങ്കിലും അതോടൊപ്പം നൈസർഗികമായ കലാബോധമുണ്ടായിരുന്നതുകൊണ്ട് മനോജ് നല്ലൊരു ചെണ്ടക്കാരനായി.അതു മാത്രമായി നിന്നിരുന്നെങ്കിൽ ഈ സംഘർഷമൊന്നുമില്ലായിരുന്നു.പക്ഷേ ഭാഗ്യത്തിന് അവിടെ അദ്ദേഹം തളച്ചിടപ്പെട്ടില്ല.സാഹിത്യത്തിന്റെ പുതിയ പ്രവണതകൾക്കും ലോകമെമ്പാടുമുള്ള പുതിയ പശ്ചാത്തലങ്ങൾക്കൊപ്പവും സഞ്ചരിച്ചു.പാശ്ചാത്യവും പൌരസ്ത്യവുമായ സംഗീതാവഗാഹം,സാഹിത്യാവഗാഹം,അതിവിപുലമായ താളബോധം എന്നിവ നേടി.ഇതൊക്കെക്കഴിഞ്ഞ് വീണ്ടും കളിയരങ്ങിനു മുന്നിൽ വന്നിരിക്കുമ്പോൾ എന്താണ് ആസ്വാദ്യകരമായി ബാ‍ക്കിയുണ്ടാവുക?സംശയമില്ല,കഥകളിയുടെ ക്രാഫ്റ്റ് തന്നെയായിരിക്കും നീക്കുബാ‍ക്കി.ഇതാണ് അടിസ്ഥാനപരമായി മനോജിന്റെ ആസ്വാദനശൈലിയുടെ വേര് എന്നാണെന്റെ ധാരണ(അതു തെറ്റാം,ശരിയാകാം:)
{എല്ലാർക്കും മനസ്സിലാവുന്ന ഒരു ഉദാഹരണത്തിനെടുത്തതാട്ടോ മനോജ്.തല്ലരുത്}
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും,മനോജടക്കമുള്ളവർ ഭാവശിൽ‌പ്പത്തെ തീർത്തും അവഗണിക്കുന്നു എന്നൊന്നും ഞാൻ കരുതുന്നില്ല(ചില വാചകങ്ങൾ,{കളികാണുന്നതിന് എനിക്കും എന്തെങ്കിലും ചില കാരണങ്ങള്‍ വേണ്ടേ?}അങ്ങനെ വ്യാഖ്യാനിക്കാമെങ്കിലും}
അത്രക്കൊന്നും വൈപുല്യമില്ലെങ്കിലും,കഥകളിക്കുപുറത്തുള്ള ലോകത്ത് ജീവിക്കുകയും,മറ്റു കലകളേയും ആശയങ്ങളേയും മനസ്സിലായിട്ടില്ലെങ്കിലും അതിനു ശ്രമിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ,എന്റെ(ഇവിടെ “എന്റെ”വിനയപൂർവ്വമുള്ള മുദ്ര:)ഭാവുകത്വത്തോടും തീഷ്ണമായി സംവദിക്കുന്നത് കഥകളിയുടെ ഘടനതന്നെയാണ്,സംശയമില്ല.തൃത്താല കേശവപ്പൊതുവാളിന്റെയോ,പല്ലാവൂർ കുഞ്ഞുകുട്ടന്റെയോ തായമ്പക കേട്ട പോലെ ഞാൻ രാമൻ‌കുട്ടിയാശാന്റെ വേഷവും കാണുന്നു-അർത്ഥനിരപേക്ഷമായി.
അതിനർത്ഥം പ്രമേയതലത്തെ ആസ്വാദനമേ നടക്കുന്നില്ലെന്നല്ല എന്നു മാത്രം.

മനോജ് കുറൂര്‍ said...

അയ്യോ വി. ശീ... താങ്കള്‍തന്നെ മറ്റൊരു മനോജിനു നല്‍കിയ മറുപടി പകര്‍ത്തട്ടെ:
‘സാധാരണ ഇപ്പോള്‍ ചിലരെയൊക്കെ ജ്ഞാനികളാക്കുന്നത് അവരെ കുഴിയില്‍ ചാടിക്കാനാണ്.ഇവിടെ അതിന്റെ ആവശ്യമെന്താ?:)’

താങ്കള്‍ കുഴിയില്‍ച്ചാടിക്കുകയില്ല എന്നെനിക്കറിയാം. എന്നാലും ‘നല്ല’ ചെണ്ടക്കാരന്‍, പിന്നെ ‘അവഗാഹങ്ങള്‍‌’‍ എന്നീ അതിശയോക്തികള്‍, സ്വയം അറിയാവുന്നതുകൊണ്ട് സ്നേഹത്തോടെ തിരസ്കരിക്കട്ടെ.
താങ്കളുടെ വാചകംതന്നെ ഞാനും കടമെടുക്കുന്നു:
‘അത്രക്കൊന്നും വൈപുല്യമില്ലെങ്കിലും,കഥകളിക്കുപുറത്തുള്ള ലോകത്ത് ജീവിക്കുകയും,മറ്റു കലകളേയും ആശയങ്ങളേയും മനസ്സിലായിട്ടില്ലെങ്കിലും അതിനു ശ്രമിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍,എന്റെ(ഇവിടെ “എന്റെ”വിനയപൂർവ്വമുള്ള മുദ്ര:)ഭാവുകത്വത്തോടും തീഷ്ണമായി സംവദിക്കുന്നത് കഥകളിയുടെ ഘടനതന്നെയാണ്,സംശയമില്ല.തൃത്താല കേശവപ്പൊതുവാളിന്റെയോ,പല്ലാവൂര്‍ കുഞ്ഞുകുട്ടന്റെയോ തായമ്പക കേട്ട പോലെ ഞാന്‍ രാമൻ‌കുട്ടിയാശാന്റെ വേഷവും കാണുന്നു-’

കഥകളിയെ അതായി മാത്രം കാണുന്നതിനു പകരം സമകാലികമായ കലാ-സാംസ്കാരികപരിസരത്തില്‍ സമീപിക്കുമ്പോള്‍ ചില സംഘര്‍ഷങ്ങളുണ്ട്. അവയെയെല്ലാം ചേര്‍ത്ത് ഒരു അനോണി പറഞ്ഞതുപോലെ ‘തേങ്ങാക്കുല’ എന്നു പറയാം. ഈ തേങ്ങാക്കുലയില്‍ പിടിച്ചൊന്നു കുലുക്കിനോക്കുകയെങ്കിലും ചെയ്യാന്‍ പുതിയൊരു ‘പോസ്റ്റ്’ ഇടാന്‍ പറ്റുമോ എന്നു നോക്കാം.

കപ്ലിങ്ങാട്, കോട്ടയത്തു വന്നിട്ടും, ഒരേ സ്ഥലത്തുണ്ടായിട്ടും കാണാന്‍ പറ്റിയില്ലല്ലൊ. വീണ്ടും വരുമ്പോള്‍ അറിയിക്കുമല്ലൊ. :)

വികടശിരോമണി said...

അതാണ്,അതാണു വേണ്ടത്.തേങ്ങാക്കുലയെപ്പറ്റിയുള്ള പോസ്റ്റ് പെട്ടെന്നാവട്ടെ:)
വേറൊന്ന്,
ഗോപിയാശാന്റെ സുഭദ്രാഹരണം ഞാനിപ്പോൾ കാണാറില്ല.എവിടെയുണ്ടെന്നറിഞ്ഞാലും പോകാറില്ല.അത്മീയഭാഷ(വലിയ പരിചയം പോരെങ്കിലും)കടമെടുത്താൽ,എനിക്കും ഗോപിയാശാനും ഇനിയും കാഴ്ച്ചക്കാരനും നടനുമായി ഒരു ജന്മമുണ്ടെങ്കിൽ അപ്പോൾ കണ്ടാൽ മതി എന്നൊരു നിലപാടിലാണ്.കാറൽ‌മണ്ണയിലെ ആ ആദ്യ സുഭദ്രാഹരണം,കോട്ടക്കലെ ഒന്ന്,പിന്നെ സമാരോഹത്തിന്റെ ഷൂട്ടിങ്ങിലെ ഒന്ന്...പിന്നെ,ആ സമയത്ത് കണ്ട മറ്റ് രണ്ടുമൂന്നെണ്ണവും.അത്രയും മതി.
ഇതും കൂടി കൂട്ടി എന്നെ യാഥാസ്ഥിതികനാക്കാം:)

Rajkumar, Pattazhi said...

Hello,
I am very much happy to know about the " Thengakkula" in kathakali.

Anonymous said...

എന്തെല്ലാം നല്ലകാര്യങ്ങൾ ഈ പോസ്റ്റിലും അനുബന്ധചർച്ചയിലും വന്നിരിക്കുന്നു!അതൊന്നും രാജ്‌കുമാറിനെ ഹാപ്പിയാക്കിയില്ല. “തേങ്ങാക്കുല”മാത്രമാണ് അദ്ദേഹത്തിനു സന്തോഷം നൽകുന്നത്!
എങ്ങനെ കഥകളിക്കു നല്ല ഭാവിയുണ്ടാകും?

Rajkumar, Pattazhi said...

Dear Anoni,
A few aswadakas mostly interested in kathakali music, few likes melam, few likes kathakali that also in different styles depents upon their culture and taste. Some one like face expressions, some one not like it. I dont want to know about Adakkam,Thonkaram, idakalasam, vattakkalasam , eduthu kalasam and all.

Anonymous said...

Gopi asante subhadraharanathinu enthu patti. 1.5 hrs- il kali theerkkunna, mithathwam ulla Balaraman alle Gopi asantethu.
Appol Thankal ishtappedunna Balaraman Ethu.

വികടശിരോമണി said...

അനോനിച്ചാ,
ഗോപിയാശാന്റെ സുഭദ്രാഹരണം ബലഭദ്രന്റെ കാര്യമല്ല,അർജ്ജുനന്റെ കാര്യമാണ് ഞാൻ പറഞ്ഞത്.
ഗോപിയാശാന്റെ ആ വേഷത്തോളം എനിക്കിഷ്ടമുള്ളതായി കഥകളിയിൽ തന്നെ വേറെ വേഷമില്ല.അതുകൊണ്ടാണ് ഇനി കാണുന്നില്ലെന്നു വെച്ചത്:)

Anonymous said...

പോരിനുവിളിവരെ ചിരിച്ചുപുരികമിളക്കി ചെയ്തിരുന്ന കാലത്തെപ്പറ്റി പത്മനാഭനാശാൻ പറയും.

It was the of Kalladikkodan style,the great Chandu panikker Asan's style. Krishnan Nair done it for Raudrabhiman.
For Raudra Bhavam it is very very effective.
( Gopi Nair, Payyannur)

മണി,പുത്തൂർ said...

അയ്യോ! ഈ വികടശിരോമണിയുടെ ആസ്വാദനവഴി മനസ്സിലാവുന്നതേയില്ല.ഗോപിയാശാന്റെ സുഭദ്രാഹരണത്തിലെ അർജ്ജുനനാണ് കഥകളിയിലെ ഏറ്റവും നല്ല വേഷം എന്നു പറയുന്നു.എന്നിട്ട്,അതു കാണാൻ ഇനി പോവില്ല എന്നും പറയുന്നു.അതെന്താണ്?
ആർക്കെങ്കിലും വികടശിരോമണൊയുടെ ഈ അത്യന്താധുനികത മനസ്സിലായെങ്കിൽ ദയവായി പറഞ്ഞുതരൂ.

Anonymous said...

Mr. Mani, Puthur.
Mr.Vikadasiromani is a real fan of Kizhpadam. But he left for ever. Now Sri. Sadanam Bhasi and Peesappalli Rajeevan were only in his heart. Gopi, Ramankutty Nair and all a show only.

Anonymous said...

കീഴ്പ്പടത്തിന്റെ ഫാനാണ് വികടശിരോമണി എന്ന് തോന്നുന്നില്ല.അഭിനന്ദിക്കുന്നപോലെ,കീഴ്പ്പടത്തോടുള്ള വിമർശനങ്ങളും ഇഷ്ടം പോലെ വികടശിരോമണി പറഞ്ഞിട്ടുണ്ട്.
ആരുടെയെങ്കിലും ഫാനാക്കണം വി.ശിയെ എന്നു നിർബ്ബന്ധമാണേൽ ഗോപിയുടെ ഫാനാക്കുകയാവും എളുപ്പം.ഇതുവരെ ഗോപിയാശാന്റെ ഒന്നും വിമർശിച്ചുകേട്ടിട്ടില്ല.
ഭാസിയെപ്പറ്റി വി.ശി.പ്രശംസിച്ചെഴുതിയത് കണ്ടിട്ടുണ്ട്.പീശപ്പിള്ളിയെപ്പറ്റി എവിടെയെഴുതി>ആ നിഗമനത്തിന്റെ അടിസ്ഥാനമെന്താണെന്നു വിശദീകരിക്കണം,അനോനി.ലിങ്ക് തന്നാൽ കൂടുതൽ ഉപകാരപ്രദം.

വികടശിരോമണി said...

ചില തോന്നലുകൾ പങ്കുവെക്കാം എന്നു കരുതി,വികടശിരോമണി എന്ന ബ്ലോഗിൽ ഒരു പോസ്റ്റിട്ടു.
സ്വാഗതം...
http://vikatasiromani.blogspot.com/2009/05/blog-post.html

Dr.T.S.Madhavankutty said...

പ്രിയപ്പെട്ട ശീ വികടശിരോമണി,
ഞാൻ സമ്മതിച്ചു. തൊറ്റിരിയ്ക്കുന്നു. നിങ്ങളുടെ ഒപ്പമെത്താൻ ഞാൻ വിചാരിച്ചാൽ ആവില്ല. തീർച്ച.പഴയൊരു സിനിമയിലെ ഒരു വാചകം കടമെടുത്തു പറഞ്ഞാൽ നിങ്ങൾക്കൊക്കെ "എൻതൊരു സ്പീടാ". താങ്കളും മനോജും ഓടുന്ന വേഗത്തിൽ ഓടാൻ ഞാൻ ആളല്ല. അതിനാൽ പലപ്പോഴും സമയത്തിന്ന് പ്രതികരിച്ചു എന്ന് വരില്ല ക്ഷമിയ്ക്കുമല്ലൊ.
പല വിഷയങ്ങളുണ്ട്‌ ചർച്ചചെയ്യാൻ. നൃത്തനൃത്യങ്ങൾ, ഔചിത്യം, അന്യവൽക്കരണം മുതലായവ.
ഒന്നു ഞാൻ പറയാം. ഞാൻ താങ്കളുടെ ഒപ്പമാണു. കഥകളിയരങ്ങത്തെ പ്രമേയ സംബന്ധിയായ ആവിഷകരങ്ങൾ കാണുന്നതിനല്ല, ഞാൻ ആ വിളക്കിന്നു ചുവട്ടിൽ ഇരുന്നിരുന്നത്‌. മറിച്ച്‌ വേറെ ആരുടേയോ സൃഷ്ടിയായ പ്രമേയത്തേ ആധാരമക്കി കഥകളികലാകാരന്മാർ ആവിഷ്കരിയ്ക്കുന്ന പ്രയോഗസംബന്ധിയായ ആവിഷ്കരം കാണുന്നതിന്നാണു. അതായത്‌, വേഷക്കാരൻ സ്ഥല(space)ത്തേയും, സമയ(time)ത്തേയും ഉപജീവിച്ച്‌ സ്വൻതം ശരീരംകൊണ്ടു ആവിഷ്കരിയ്ക്കുന്ന പ്രതിസാമ്യത്തെ(symetry) സംരക്ഷിച്ചുകൊണ്ടുള്ള സൃഷ്ടിയും (ചുരുക്കത്തിൽ "മെയ്യ്‌"എന്ന് പറയുന്ന സാധനം), അതുപോലെ പാട്ടുകാർ തന്റെ ശൈലീവൽകൃതമയ(stylised)നാദംകൊണ്ട്‌ നടത്തുന്ന സൃഷ്ടിയും, മേളക്കർ ഉദാത്തമയ യൻത്രബോധത്തോടുകൂടി നടത്തുന്ന സൃഷ്ടിയും, ഈ മൂന്നിൽനിന്നും അന്യമയ, ഇവ മൂന്നും കൂടി ചേർന്നുണ്ടാകുന്ന നാലാമതൊരു സൃഷ്ടിയും ആസ്വദിയ്ക്കാനാണു ഞാനവിടെ ഇരിയ്ക്കുന്നത്‌. (വല്ലാത്തൊരു വാചകം അല്ലേ.)
കഥകളിയരങ്ങത്ത്‌ നടക്കുന്നത്‌ അത്തരത്തിലുള്ള ആവിഷ്കരമാണു എന്നാണു എന്റെ അഭിപ്രായം. എന്റെ ഒരനുഭവം പറയട്ടെ. വർഷങ്ങൾക്കുമുമ്പ്‌ WHOവിന്റെ നിർദ്ദേശപ്രകരം ഒരു ജർമ്മൻ സായ്പ്‌ ഞങ്ങളുടെ സ്ഥാപനത്തിൽ അതിഥിയയി വന്നു. അദ്ദേഹം ഒരു neurologist ആയിരുന്നു. ആയുർവ്വേദത്തിലേ പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്നതെങ്ങിനേയെന്ന് പഠിയ്ക്കാൻ വന്നതണു. അദ്ദെഹം ഇവിടെ അറുപത്‌ ദിവസം താമസിച്ചു. അദ്ദേഹത്തേ കൊണ്ടുനടക്കേണ്ട ഭാരം എനിയ്ക്കായിരുന്നു. അദ്ദേഹമാകട്ടെ ചിട്ടയോടെ പാശ്ചാത്യ ശാസ്ത്രീയ വയലിൻ പഠിച്ച ആളായിരുന്നു. മാത്രമല്ല നമ്മുടെ പുരാണങ്ങൾ, സാഹിത്യം, സംസ്കാരം, ജീവിതരീതി മുതലായയവയെ കുറിച്ച്‌ വ്യക്തമായ ധാരണയുള്ള ആളുമായിരുന്നു. ആ സമയത്താണു ഇവിടെ വിശ്വംഭര ക്ഷേത്രത്തിലെ ഉത്സവം വന്നത്‌. ഒരു ദിവസം വാസുപിഷരോടിയും, രാമുട്ട്യാശനും കൂടിയ ക്കല്യാണസൗഗന്ധികം ക്കഥകളിയുമുണ്ടായിരുന്നു. അദ്ദേഹം ഇതിന്ന് മുമ്പ്‌ കഥകളീ കണ്ടിട്ടില്ല. നേർത്തേത്തന്നെ കഥകളിയെപറ്റിയും, കല്യാണസൗഗന്ധികത്തേപറ്റിയും വേഷ്ക്കറെപറ്റിയും ഒക്കെ ഒരു ചെരിയ വിവരണം കൊടുത്തിരുന്നു. അതിന്നുശേഷം കളി തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പിന്നിലിരുന്ന് മുദ്രകൾക്ക്‌ അർത്ഥം പറഞ്ഞുതുടങ്ങി. അദ്ദേഹത്തിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ "running commentry" അധികം താമസിയതെ അദ്ദേഹം അത്‌ നിർത്തൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു," നിങ്ങൾ പറയുന്നത്‌ ശ്രദ്ധിയ്ക്കുകയാണെങ്കിൽ മനസ്സിലാകുന്നതും ആസ്വദിയ്ക്കാവുന്നതും ആയ ചിലത്‌ അരങ്ങത്ത്‌ ഉണ്ടെന്നുള്ളത്‌ ശരിതന്നെ. എന്നൽ അതിനെക്കാൾ ആസ്വദ്യമായ മറ്റുചിലത്‌ ഞാൻ കണുന്നുണ്ട്‌. നിങ്ങളുടെ ഈ running cdommentry എന്റെ ആ ആസ്വാദനത്തിന്ന് താടസ്ഥമാകുന്നു. അതിന്നാൽ അതു നിർത്താവുന്നതണു." അവിടംകൊണ്ട്‌ തീരുന്നില്ല. ആ കഥകഴിഞ്ഞപ്പോൾ അദ്ദേഹ ഭീമൻ കെട്ടിയ ആളേ കാണണമെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്ന് വാസുപിഷരൊടിയേ പരിചയപ്പെടുത്തിയപ്പോൾ, അദ്ദേഹം ആദ്യ പദത്തിന്റെ അവസ്സാനഭഗം enact ചെയ്തതിന്ന് പ്രത്യേകം ഹസ്തദനം ചെയ്യുകയുണ്ടായി. പാഞ്ചാലരാജതനയേയുടെ ഇരട്ടിയെടുത്തതിന്ന് എന്നർത്ഥം. അതുതന്നേയല്ലേയെന്ന് ഞാൻ പ്രത്യേകം ചോദിച്ച്‌ വ്യക്തത വരുത്തുകയുണ്ടായി.
നോക്കു കഥകളിയിലെ ഏറ്റവും സങ്കേതജടിലമായ ആ ഇരട്ടിപോലും ഒരു പുതിയ അസ്വദകന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നല്ലേ ഇവിടത്തെ സൂചന. മാത്രമല്ല അദ്ദേഹം പ്രമേയത്തെ നിരകരിച്ച്‌, പ്രയോഗത്തേ സ്വീകരിയ്ക്കുകയും ചയ്തു. കഥകളിയുടെ ഈ ഒരു ഗുണത്തെ നിസ്സരമക്കിക്കളയാൻ പറ്റില്ല എന്നതാണു എന്റെ അഭിപ്രയം. അത്‌ സ്വരൂപിച്ചെടുക്കുവാൻ ഈ ഒരനുഭവവും കരണമയി എന്നുമത്രം.
മാധവൻ കുട്ടി

വികടശിരോമണി said...

ഹാവൂ!എത്തിപ്പോയ്!
സ്പീഡിന്റെ കാര്യമൊക്കെ നിസ്സാരം.മനോജിന്റെ ഒരു പ്രതികരണവും കണ്ടാൽ കമന്റെഴുതാതെ പോരാനാവുന്നില്ല.അതുകൊണ്ട് എഴുതിപ്പോണതാണ്:)
ആ സങ്കീർണ്ണവാക്യത്തോടൊപ്പം ചേരുന്നു.നാലാമതൊന്ന്,അതാണു കഥകളിയെന്നതാണു പ്രധാനം.ഞാൻ സ്ഥിരം പറഞ്ഞിരുന്ന ഒന്നാണ്;മേളമാസ്വദിക്കാൻ കഥകളിക്കു വരണംന്ന് തോന്നുന്നില്ല,അതിനു തായമ്പകേം പഞ്ചവാദ്യം ഒക്കെണ്ട്.സംഗീതാസ്വദിക്കാൻ കഥകളികാണാൻ വരണംന്ന് തോന്നുന്നില്ല;അതിനു ക്ലാസിക്കലും ഫോക്കും റോക്കും ഒക്കെയായി കുറേ കേൾക്കാനുണ്ട്.ആഹാര്യശോഭകാണാൻ കഥകളി കാണാൻ വരണംന്ന് തോന്നുന്നില്ല;അതിനു രവിവർമ്മച്ചിത്രം വരെയുണ്ട്&.....(അങ്ങനെ നീട്ടാം)
പക്ഷേ;ഇതൊന്നും അല്ലാത്ത ഒരു സാധനംണ്ട്,അതാണു കഥകളീന്നു പറയണ സാധനം.അതിന് ഇവിടെത്തന്നെ വരണം:)
ജർമ്മൻ സായിപ്പിന്റെ കഥ എന്നോട് നേരിൽ പറഞ്ഞതാണല്ലോ.ഏതായാലും ഇവിടെ പങ്കുവെച്ചത് ഉചിതായി.
നന്ദി.

മനോജ് കുറൂര്‍ said...

സായ്‌വിന്റെ കാര്യം പറഞ്ഞപ്പോഴാണ് യൂജിനോ ബാര്‍ബയെ ഓര്‍ത്തത്. 1963 ല്‍ കേരളം സന്ദര്‍ശിച്ച് കലാമണ്ഡലത്തില്‍ താമസിച്ച് അദ്ദേഹമെഴുതിയ ‘കഥകളി തീയെറ്റര്‍‌’ എന്ന ലേഖനം ഇറ്റാലിയന്‍ ഭാഷയില്‍നിന്ന് ‘യന്ത്രസഹായ’ത്തോടെ ഇംഗ്ലീഷിലേക്ക് ഒന്നു മൊഴി മാറ്റാന്‍ ശ്രമിച്ചു. (ഇംഗ്ലീഷില്‍ ഈ ലേഖനം ഇതുവരെ കണ്ടിട്ടില്ലാത്തതുകൊണ്ടാണേ ഈ സാഹസം!) ചില സാങ്കേതികവാക്കുകളുടെ സംശയം‌മൂലം പുറത്തെടുക്കാതിരിക്കയായിരുന്നു. ഇന്ന് നാം വായിക്കുമ്പോള്‍ ചിലയിടത്തൊക്കെ അഭിപ്രായവ്യത്യാസം തോന്നാമെങ്കിലും ‍30 വര്‍ഷം കളി കണ്ടിട്ടും നമ്മുടെ പല പ്രൊഫസര്‍ നിരൂപകര്‍ക്കും മനസ്സിലാവാതെപോയത് ആറു മാസംമാത്രം കളികണ്ട ബാര്‍ബ വിശദീകരിക്കുന്നതു നോക്കുക:

കഥകളി തീയെറ്റര്‍: യൂജിനോ ബാര്‍ബആരെങ്കിലും സമയം‌പോലെ മലയാളത്തിലും ആക്കുമെന്നു പ്രതീക്ഷിക്കട്ടെ. ഇല്ലെങ്കിലും ചര്‍ച്ചചെയ്യാനുള്ള വക ഇഷ്ടം‌പോലെ!

Sureshkumar Punjhayil said...

Ariyathathu paranju tharunnathinu pranamangal...!!!

എതിരന്‍ കതിരവന്‍ said...

ഭാവത്തോട് ചേർന്നല്ലാതെ നൃത്തത്തിനു നിലനിൽ‌പ്പില്ല എന്നാണ് സൂക്ഷ്മാപഗ്രഥനം വെളിവാക്കുന്നത്. വേദബന്ധുവിന്റെ ‘താണ്ഡവലക്ഷണം’ എന്ന പുസ്തകത്തിലെ ഒരു ഖണ്ഡിക ഇവിട പകർത്തട്ടെ:
“നൃത്തം കേവലം താളലയാശ്രയവും അഭിനയരഹിതവുമാണെന്ന ധാരണ ഇന്നത്തെ ജനരുചിയ്ക്കു ചേർന്നതല്ല. ഗീതപ്രധാനമായ കാവ്യരൂപത്തെ നൃത്തത്തിലൂടെ വെളിപ്പെടുത്തുവാൻ കഴിയണമെങ്കിൽ അഭിനയം അപരിഹാര്യമാണ്. വാദ്യങ്ങളും തദ്വാരാ സമ്പന്നമാകുന്ന താളലയങ്ങളും കൊണ്ടു ശോഭ മാത്രം ഗീതത്തിലെ ഭാവവ്യഞ്ജന നിർവഹിക്കുകയില്ല. അവ ശ്രവണ വിഷയമാണ്. നൃത്തം കൊണ്ട്ശ്ര വണവിഷയത്തെ നയനവിഷയമാക്കുകയാണ് നൃത്താഭിനയം. ആ നിലയ്ക്ക് നൃത്തം വ്യഞ്ജകം തന്നെ. വ്യഞ്ജിപ്പിക്കുന്നത് ഭാവത്തെയാകുന്നു, അർത്ഥത്തെ ആകുന്നു. പ്രതാപരുദ്രീയകാരൻ നൃത്തം ഭാവാശ്രയമാണെന്നും ഭാവപ്രകാശകാരൻ നൃത്തം രസാശ്രയമാണെന്നും പറയുമ്പോൾ ഈ വ്യഞ്ജകതയാണു അവർ അർത്ഥമാക്കിയത്.പ്രതാപരുദ്രീയകാരൻ നൃത്യം താളലയാശ്രയമാണെന്നു പറഞ്ഞത് നൃത്തത്തിന്റേയും നൃത്യത്തിന്റേയും ഭേദകൽ‌പ്പന ശരിയല്ലെന്നു പ്രഖ്യാപിക്കാനായിരുന്നുവോ എന്നു സംശയിക്കുന്നു. എങ്ങനെ ആയാലും നൃത്തം ഭാവവ്യ്ഞ്ജകമല്ലെന്നു ഖണ്ഡിതമായി പറയാനാവില്ല. അഭിനയരഹിതമെന്നതിനർത്ഥം അഭിനയപ്രധാനമല്ലെന്നു മാത്രമായിരിക്കാനേ തരമുള്ളു. തോട്ടം ശങ്കരൻ പോറ്റിയിൽ നിന്നു നൃത്തമഭ്യസിച്ച ഉദയശങ്കരന്റെ മതമനുസരിച്ച് നൃത്തം ഭാവവ്യഞ്ജകമാണ്. അതിനാൽ അദ്ദെഹം തന്റെ കലയ്ക്ക് “ഭാവനൃത്തം” എന്ന പേരാണു നൽകിയത്. താളലയങ്ങൾക്ക് നൃത്തത്തിൽ പ്രധാനതയുണ്ടെന്ന മതത്തിനു വാട്ടം തട്ടാതെ തന്നെ ഭാവവ്യഞ്ജന സംരക്ഷിയ്ക്കാമെന്നതാണ് തോട്ടം ശങ്കരഗുരുവിന്റെ സുചിന്തിതാഭിപ്രായം. ഇതാണ് ഉദയശങ്കറിന്റെ സിദ്ധാന്തം.”

വേറൊടിത്ത്:
“ചാരി, താളം ചവിട്ടുക, നൃത്തഹസ്തങ്ങൾ, സ്ഥാനകങ്ങൾ, മണ്ഡലങ്ങൾ ഇത്യാദിയായ പല പ്രക്രിയകളും വിധിയ്ക്കുന്നുണ്ടെന്നുള്ളതു കൊണ്ട് വ്യ്ഞ്ജിതം അഭിനയം തന്നെയാകുന്നു. അഭിനയം ഭാവവ്യഞ്ജനമല്ലാതെ മറ്റെന്താണ്?തലപുഷ്പപുടമെന്ന കരണം കൊണ്ട് പുഷ്പാഞ്ജലി എന്ന അർത്ഥമാണ് അഭിനയിക്കുക. അതിനാൽ നൃത്തം അഭിനയശൂന്യമാണെന്ന സർവാംശത്തിലും ശരിയാണെന്നു പറയാവുന്നതല്ല. നാലാമദ്ധ്യാത്തിന്റെ അവസാനം (ശ്ലോകം 328) നൃത്തം മഹേശ്വരന്റെ ചരിതം പ്രയോഗിക്കുന്ന ക്രിയ ആണെന്നു ഭരതൻ തന്നെ സമ്മതിക്കുന്നു. ചരിതം=ചേഷ്ടിതം (അഭിനവഗുപ്തൻ) . ചേഷ്ടയുടെ ഉന്നം ശോഭയാണെന്നു പറഞ്ഞ്തുകൊണ്ട് ഭാവവ്യഞ്ജന നിരാകൃതമാകുന്നില്ല. ചേഷ്ട നർത്തകന്റെ ക്രിയ ആണ്. പ്രേക്ഷകന്റെ അനുഭവം ഭാവമാകുന്നു- ചേഷ്ടയിൽ നിന്നു സ്ഫുരിക്കുന്ന അർത്ഥത്തിന്റെ പ്രകാശം തന്നെയാണത്. അത് താളലയങ്ങളുടെ ആർഭാടം കൊണ്ട് മങ്ങുമെന്നിരുന്നാൽ തന്നെയും കലയുടെ പ്രാണനായ ചവർണാനുഭൂതിയിൽ നിന്നു പ്രേക്ഷകനെ നിതാന്തം വഞ്ചിയ്ക്കുനുവെന്നു വരികയില്ല. ഭാവാഭിനയം നൃത്തം, നൃത്യം, നാട്യം എന്ന ക്രമത്തിൽ ഫലീഭൂതമാകുന്ന ദൃശ്യകലയാണെന്നു വരുമ്പോൾ കിട്ടുന്ന സമന്വയദൃഷ്ടി ഭരതനും അഭിനവഗുപ്തനും അവലംബിച്ചതായി അനുമാനിക്കാം.”

കഥകളി നൃത്തം കൊണ്ടുള്ള കഥപറച്ചിലാണ്-കഥ കളിയ്ക്കുക തന്നെ. എന്നാൽ കഥ ശില്പഘടനാനിബന്ധിതമായി പറയുകയല്ലെന്നുള്ളതു വേറേ കാര്യം.. നൃത്തനാടകങ്ങളിലെ നൃത്തപ്രകരണ ഔചിത്യം ഇവിടെ ഇല്ല. എതു കഥാപാത്രവും എതു സന്ദർഭങ്ങളിലും നൃത്തം ചെയ്യും. കഥകളിയിലെ നൃത്താംശങ്ങൽ സ്വരൂക്കൂട്ടി ‘കേരളനടനം’ ആവിഷ്കരിച്ച ഗുരു ഗോപിനാഥ് തന്നെ ഭാരതീയ കലാകേന്ദ്രത്തിനു വേണ്ടി സംവിധാനം ചെയ്ത രാമായണത്തിൽ സീതയുടെ വേഷം എടുക്കുന്ന പ്രധാന നർത്തകി ആദ്യം രംഗത്തു വരുമ്പോൾ മാത്രമേ നൃത്തം ചെയ്യുന്നുള്ളു. ദുരിതത്തിൽ നീങ്ങുന്ന സീതയ്ക്ക് അവിടെ പിന്നീട് നൃത്തമില്ല. പക്ഷെ കത്തി വേഷക്കാരനായ നിഷ്ഠൂരനായ വില്ലന് കഥകളിയിൽ മയിലായി നൃത്തം ചെയ്യാം. പ്രണയതരളിതനായി (ആഭാസനായല്ല)) ശൃംഗാരം നൃത്തത്തിൽ ഉന്മീലനം ചെയ്യാം. ഏതു സ്ഥായീഭാവത്തിലേക്കും നൃത്തത്തെ ആവാഹിക്കാം. സ്ഥായീഭാവത്തിൽ നിന്നും വിട്ടുമാറിക്കളിച്ചു തിരിച്ചുമെത്താം.പദങ്ങളോട് അനുബന്ധിച്ച കലാശങ്ങൾക്ക് അനുസൃതമായ ഭാവം വന്നു ചേരും, വന്നു ചേരേണ്ടതാണ്. പദങ്ങളും കലാശങ്ങളും ഇഴചേർന്ന് പ്രമേയവിക്ഷേപണവും സാദ്ധ്യമാക്കാം. “കേളയി മേ മൊഴി……… “കോളേ .രഥമാളാനകുതിരയോ…..” ഗോപി ആടുമ്പോൾ കലാശങ്ങളും കഥ പറയാൻ കൂടുന്നതായിട്ടാണ് അനുഭവഭേദ്യമാവുന്നത്.


കഥകളിയിലെ നൃത്തം അനുസ്യൂതവും നിരന്തരമായതും ചലനാത്മകവുമാണ്. മറ്റു നൃത്തങ്ങളിലെ ‘ഫ്രീസ് ഷോട്”’ ആയ കരണങ്ങൾ തെളിഞ്ഞ്മിഴിയുന്നില്ല. എന്നാൽ നൃത്താംശത്തെ മാത്രം വേർപെടുത്തിയെടുത്താൽ (കേരളനടനം) ഇവ പ്രകടമാവുന്നു. പകുതിപ്പുറപ്പാടിലും ഇത് ദൃശ്യമാണ്. പ്രമേയത്തിൽ നൃത്തം ലയിക്കുന്നോ നൃത്തത്തിൽ പ്രമേയം ലയിക്കുന്നോ എന്ന ചോദ്യമൊ സംശയമോ ഉളവാകുന്നെങ്കിൽ അത് യുക്തിസഹമാണ്. ആസ്വാദനക്ഷമതയുടെ ബലാബലങ്ങളും സന്തുലനങ്ങളും ബാക്കി കാര്യങ്ങൾ ഏറ്റെടുത്തു നടത്തിക്കൊള്ളും. കഥകളിയ്ക്ക് ഒരു നൃത്തഭാഷ ഉണ്ടെന്നിരിക്കെത്തന്നെ കഥകളിയുടെ ഭാഷ ഇതു മാത്രമല്ല താനും എന്നത് സങ്കീർണ്ണമാണ്.

ഭാവനിബദ്ധമായ നൃത്തം അതിന്റെ പൂർണ്ണസമഗ്രതയിൽ വിക്ഷേപിക്കപ്പെടുന്നത് പ്രമേയ-പ്രയോഗത്തിൽ നിന്നും വേറിട്ട ഒരു പ്രതലത്തിലേക്ക് ആകാനും മതി.
ധാർത്തരാഷ്ട്രന്മാരുടെ അതിക്രമങ്ങളോർത്തുകൊണ്ട് കോപാവേശത്തോടെ ശ്രീകൃഷ്ണൻ ചെയ്യുന്ന“കഷ്ടമഹോ” സമ്മോഹനമായ നൃത്തമായി അനുഭവിക്കുന്നത് ഈ യുക്തിബലത്തിലാണ്.
കഥപറയാനോ അല്ലാതെയോ കഥകളിയിൽ നൃത്തങ്ങൾ സന്നിവേശിക്കപ്പെട്ടപ്പോൾ അതു വിപ്ലവാത്മകമായിരുന്നോ എന്നതിനു ചരിത്രരേഖകൾ ഉണ്ടോ എന്നു സംശയം. കത്തിവേഷത്തിനെക്കൊണ്ട് മയിലാട്ടം ചെയ്യിച്ച് സ്വീകാര്യത പിടിച്ചു പറ്റാൻ എളുപ്പമായിരുന്നുവോ? ഗതാനുഗതികത്വത്തിൽ കാലുറച്ചുപോയ ഇന്നത്തെ പ്രേക്ഷകർ ഇത്തരം പരീക്ഷണങ്ങൾക്ക് വഴിതടസ്സമാവുന്നുണ്ട്. വൈക്കം രാജശേഖറിന്റെ മോഹിനീവിജയത്തിൽ ഭസ്മാസുരന് പ്രമേയപരമായി നൃത്തസാധുത ഉണ്ടെങ്കിലും അതേക്കുറിച്ച് ഉൽക്കണ്ഠാകുലരാകുന്നവരാണ് ക ളിക്കമ്പക്കാർ..

നൃത്തസ്വാംശീകരണത്തിൽ ഉടലെടുത്ത ഉദാരത പക്ഷേ പുരുഷ വേഷങ്ങളിൽ ഒതുങ്ങിപ്പോയി. സ്ത്രീവേഷത്തിന്റെ കലാശങ്ങൾ പ്രാഗ് രൂപത്തിൽ നിന്നും അധികം മുന്നോട്ടു പൊയെന്നു പറയാൻ വയ്യ. ഇതിന്റെ സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങൾ അന്വെഷിക്കപ്പെടേണ്ടതാണ്. മദ്ദളത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടില്ല, മൃദംഗത്തിന്റെ സങ്കീർണ്ണജതികൾ ഭരതനാട്യത്തിൽ സന്നിവേശിക്കപ്പെട്ടപോലെ.

വികടശിരോമണി said...

നാട്ടുരാജാവിന്റെ മുന്നിൽ തൊഴുതു കുമ്പിടുന്നു.
നൃത്തത്തിന് ഭാവാശ്രിതത്വമുണ്ട് എന്നുള്ളത് ഭരതനിൽ തന്നെ തുടങ്ങുന്ന ഭാരതീയവിചാരമാണല്ലോ.ശാഖ,അങ്കുരം,നൃത്തം എന്നിങ്ങനെ മൂന്നു വസ്തുക്കൾ ഭരതൻ അഭിനയത്തിനു പറയുന്നു.കരണമൂലകമായ അംഗഹാരപ്രയോഗം നൃത്തം,ആംഗികാഭിനയം ശാഖ,അഭിനയസൂചന അങ്കുരം.നൃത്യമെന്ന വാക്കു നാട്യശാസ്ത്രത്തിലില്ല താനും.നാട്യം ആദ്യം ശിവനെ കാണിച്ചു എന്നും,ശിവൻ പൂർവ്വരംഗത്തിലും ഗീതങ്ങളിലും ചൊല്ലുകളിലും ‘നൃത്തം’ഇണക്കാൻ ഭരതനോടു പറഞ്ഞു എന്നതും നോക്കുക.ശിവന്റെ നൃത്തം വെറും ഗാത്രവിക്ഷേപമല്ല,“നാനാകരണാംഗഹാരവിഭൂഷിതമായ” സന്ധ്യാകാലീനനൃത്തമാണ്.ഈ നൃത്തം അഭിനയരഹിതമായ നൃത്തമല്ലെന്ന് പിന്നീട് അഭിനവഗുപ്തൻ വിശദീകരിക്കുന്നുണ്ടെന്നാണോർമ്മ.നാട്യത്തിലേക്കു നൃത്തം സമന്വയിക്കപ്പെട്ടു,അഥവാ,അഭിനയത്തിലേക്കു താളലയാശ്രിതമായ ഗാത്രവിക്ഷേപസ്വരൂപം ഇഴചേർക്കപ്പെട്ടു;മറിച്ചല്ല എന്നതാണു പ്രധാനം.അഷ്ടതത്വരൂപമായ ശിവന്റെ നൃത്യമായിട്ടാണല്ലോ സൃഷ്ടിസ്ഥിതികളെത്തന്നെ കൽ‌പ്പിക്കുന്നത്.“യദ്ദേവാ അദഃ സലിലേ സുസംരബ്ദാ അതിഷ്ഠത;അത്രാ വോ നൃത്യതാമിവ…-ഋഗ്വേദം10.72.6(നൃത്യതാമിവ വഃ അതിഷ്ഠത)എന്ന വേദമന്ത്രമാണ് ശിവനൃത്യത്തിന്റെ മൂലം.ഭരതൻ തുടർന്ന് വ്യായാമവിധികളോടാണല്ലോ നൃത്തത്തെ സമീകരിക്കുന്നത്:
“യാനിസ്ഥാനാനിയാശ്ചര്യോ
വ്യായാമേ ഗദിതാനിതു
പാദപ്രചാരസ്‌ത്വേഷാംതു
കരണനാമയം ഭവേത്”
അഭ്യാസ-വ്യായാമ നിലയിൽ നിന്നു സ്വാംശീകരിക്കപ്പെട്ടതാണ് കാൽ‌വെപ്പുകളുടെ കരണനിയമങ്ങൾ.അഭിനയദർപ്പണത്തിൽ കൂടി,വിശദമായ കരണാംഗഹാരചർച്ച കാണാനില്ല;മണ്ഡലം,ഉപപ്ലവനം,ഭ്രമരി,ചാരി എന്നിങ്ങനെ നാലു പാഠഭേദങ്ങളും,മയൂരി,മൃഗി തുടങ്ങിയ പാഠഭേദങ്ങളുമേ കാണാനുള്ളൂ,പലതിനും ലക്ഷണം മാത്രമേയുള്ളൂ,ബാക്കി ശാസ്ത്രസമ്പ്രദായാനുഗ്രഹങ്ങളാൽ അറിയണമെന്നാണു നിർദ്ദേശം. താളലയാശ്രിതമായ ഗാത്രവിക്ഷേപമെന്ന ധനജ്ഞയദർശനത്തിന്റെ അർത്ഥം തീർച്ചയായും ഭാവവ്യജ്ഞനസ്വരൂപം നൃത്തത്തിനില്ല എന്നായിരിക്കുകയില്ല .ദേശഭേദങ്ങൾക്കും സമ്പ്രദായഭേദങ്ങൾക്കുമനുസരിച്ച് നൃത്തത്തിന്റെ സ്ഥാനത്തിനും പ്രയോഗത്തിനും മാറ്റങ്ങൾ വന്നു.ആ മാറ്റങ്ങളുടെ ഗതിവേഗത്തെ നിർണ്ണയിച്ചതിൽ സ്വാഭാവികമായും ചരിത്രത്തിന്(കാലത്തിന്)വലിയ പങ്കുണ്ടാവണം.ഈ ചരിത്രഗതികളെക്കൂടി കണക്കിലെടുത്തേ നാം ചിന്തിക്കാവൂ എന്നിടത്താണ് ഞാൻ ഊന്നിയത്. വേദബന്ധുവിൽ നിന്നു കതിവരനുദ്ധരിച്ച ശാരദാതനയന്റെ നൃത്തവീക്ഷണത്തെയും അങ്ങനെയേ നിർദ്ധാരണം ചെയ്യാനാവൂ.പദാർത്ഥാഭിനയം മാത്രമായ നടകർമ്മത്തിനുള്ള രണ്ടു ഭേദങ്ങളായി നൃത്തനൃത്യങ്ങളെ കണക്കാക്കുകയും,ഭാവരഹിതവും താളലയാശ്രിതവുമായതു ദേശിയും ഭാവാശ്രിതമായതു മാർഗിയും ആണെന്നു കണക്കാക്കുകയും ചെയ്യുന്ന ശാരദാതനയന്റെ ദർശനത്തെ വേദബന്ധു കണ്ട വീക്ഷണത്തെ ആദരവോടെ ഞാൻ തിരസ്കരിക്കുന്നു.മാർഗിദേശീസങ്കലനങ്ങളിലൂടെ പ്രകാശിതമായവക്കും ഭാവപ്രകാശകാരൻ അർഹമായ സ്ഥാനം നൽകുന്നുണ്ടല്ലോ.മാർഗസംജ്ഞക്ക് അദ്ദേഹം ഉദ്ദേശിച്ച അർത്ഥം അഭിനയമെന്നാണെന്നു തോന്നുന്നു.“സമാർഗ സംജ്ഞാം ലഭതേ സർവ്വാതോദ്യസമന്വിതഃ”എന്നാണല്ലോ ഭാവപ്രകാശവിധി.നൃത്യങ്ങളേയും രൂപകങ്ങളായി കണക്കാക്കുന്ന കോഹളപാരമ്പര്യത്തെ സ്വീകരിക്കുമ്പോഴും,നൃത്തനൃത്യങ്ങളുടെ മാർഗി-ദേശീ ഭേദങ്ങളിലൂന്നിയ വൈജാത്യത്തെ അദ്ദേഹം കണക്കിലെടുക്കുന്നുണ്ട്.പ്രതാപരുദ്രീയകാരന്റെ പ്രസ്താവത്തെ വേദബന്ധു കണക്കാക്കിയ അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നതിൽ അതിവായനയുണ്ടു താനും.ദേശീരീതി,ദേശീക്രിയ,ദേശഭാഷ എന്നിവ കലർത്തിയാണ് നാടകത്തിന്റെ അവതരണസ്വരൂപം നിർമ്മിക്കേണ്ടത് എന്ന ഭാവപ്രകാശനവിധി ഭാരതത്തിന്റെ ഏതെല്ലാം സ്ഥലങ്ങളിൽ നിലനിന്നിരുന്നു എന്നു പറയാനാവില്ല.പക്ഷേ,വിസ്മയകരമെന്നോണം,ഈ വിധിയുടെ പ്രയുക്തവും സമഗ്രവുമായ സംസ്കൃതനാടകാഭിനയ പാരമ്പര്യം നമ്മുടെ കൂത്തമ്പലങ്ങളിൽ നിലനിന്നിട്ടുണ്ടല്ലോ.പക്ഷേ,ചരിത്രം അവിടെയും ഇടപെടാതെ വയ്യ.
കഥകളിയുടെ ഉദ്ഗ്രഥനകാലം,ലോകത്തിന്റെ അതിവേഗത്തിലുള്ള പരിണാമങ്ങളുടെ കാലം കൂടിയായിരുന്നു.ഭാവത്തെ അന്യവൽക്കരിക്കുന്ന ക്ലാസിക്കൽ സങ്കേതങ്ങളുടെ പാരമ്പര്യമാതൃകകൾ ചോദ്യം ചെയ്യപ്പെടുന്ന,ഭാവശിൽ‌പ്പത്തെക്കുറിച്ചുള്ള ദർശനം തന്നെ പൊളിച്ചെഴുതപ്പെടുന്ന കാലം.സ്വാഭാവികമായും നൃത്തത്തിന്റെ ധർമ്മവും പൊളിച്ചെഴുതപ്പെടുകയാണുണ്ടായത്.നരകാസുരന്റെയും ഉൽഭവം രാവണന്റേയും കാലമായപ്പോഴേക്കും,നൃത്തത്തിന്റെ ഉപയോഗത്തെപ്പറ്റി കഥകളി വിപുലമായ പരിപ്രേക്ഷ്യത്തിലെത്തിക്കഴിഞ്ഞിരുന്നു. ഉന്മീലനത്തേയും അന്യവൽക്കരണത്തേയും സാധൂകരിക്കുന്ന ആ വൈപുല്യമാണ് കഥകളിയെ ആധുനികകലാരൂപമാക്കിയത്.ചരിത്രസന്ധികൾ,ദേശരുചികൾ-എല്ലാം ഉന്മീലനത്തിലേക്കോ അന്യമാനത്തിലേക്കോ പ്രേക്ഷകനെ ഉപനയിക്കുന്ന വിപുലമായ പ്ലാറ്റ്‌ഫോം.അതിനാലാണ് വളരെ സ്വാഭാവികമായി ആധുനികാനന്തരജീവിതത്തിൽ നിന്നു കളികാണാനെത്തുന്ന മനോജിനും മാധവൻ കുട്ടിയേട്ടനും എനിക്കും എല്ലാം ഉന്മീലനത്തേക്കാൾ അന്യമാനത്തിലേക്കു തിരിയുന്ന കണ്ണ് നിർമ്മിതമാവുന്നത്.
കഥകളിനൃത്തത്തിന്റെ അനുസ്യൂതമായ പ്രവാഹം ഒരു സാമാന്യനിയമല്ലെങ്കിലും,സവിശേഷത തന്നെയാണ്.ഫ്രീസ് ചെയ്യുന്ന കരണങ്ങളുടെ പ്രയോഗം അധികമായി,ഇന്നു നൃത്തങ്ങൾ ഫോട്ടോഗ്രാഫർമാർക്കുള്ളതായിത്തീർന്നുകൊണ്ടിരിക്കയാണല്ലോ.കഥകളിയിലും ആ വഴി ശക്തമാകുന്നുണ്ട് താനും.ഭാവപരമായി നൃത്തം അന്യമാനത്തിലേക്കു പ്രക്ഷേപിക്കപ്പെടുക എന്നതിന് “കഷ്ടമഹോ”യെ ഉദാഹരിച്ചാൽ…സംശയമാണ്.കെ.വി.രാമകൃഷ്ണൻ നായരുടെ കഷ്ടമഹോ ഇന്നു നാം കാണുന്ന വഴിയായിരുന്നില്ല.ഇന്നു നാം കാണുന്ന ഇഞ്ചോടിഞ്ച് മുറിയടന്തക്കു ചേർന്ന കഷ്ടമഹോ രാവുണ്ണിമേനോനാശാൻ കളരിയുടെ പ്രൊഡക്ടാവാനാണു സാദ്ധ്യത.ഭാവതലത്തിലേക്കുള്ള പ്രക്ഷേപണം എന്ന ധർമ്മമാണോ ഉദ്ദേശിച്ചതും നിറവേറ്റപ്പെട്ടതും?
പുരുഷാധിപത്യസമൂഹം പുരുഷന്മാരഭിനയിച്ച് പുരുഷന്മാർക്കു കാണാനായി നിർമ്മിച്ച കലയായതിനാൽ തന്നെ,സ്ത്രീവേഷത്തിന്റെ കൂടി നൃത്തത്തിന് ലാസ്യമാനമൊന്നും കഥകളി നൽകുന്നില്ല.മോഹിനിയാട്ടത്തിൽ കാണുന്ന പല സ്‌ത്രൈണമായ പോസ്റ്ററുകളും നോക്കുക;മഷിയിട്ടുനോക്കിയാലും അങ്ങിനെയൊന്ന് കഥകളിയുടെ സ്ത്രീവേഷഘടനയിൽ കാണാനില്ല.“പാണ്ഡവന്റെ രൂപ”ത്തിലെ ഇരട്ടിതന്നെ,“പാഞ്ചാലരാജതനയേ”യിലെ ഭീമന്റെ ഇരട്ടിയുടെ ഒരു ‘കുട്ടി’യാണല്ലോ.മദ്ദളത്തിന്റെ സാധ്യതകൾ-അതൊരു വിപുലവിഷയാണ്.പ്രതിനായകനൃത്തം,പ്രതിനായകസങ്കൽ‌പ്പനം-തുടങ്ങിയവയും(ഓണറബിൾ ജപ്പാൻ!അങ്ങേക്കു സ്തുതി:)
നൃത്തത്തിന്റെ സാധ്യതകളെ അംഗീകരിക്കാനാവാത്ത ഗതാനുഗതിത്വത്തിലേക്ക് പുതിയ ആസ്വാദകർ എത്തിച്ചേർന്നതിൽ ആധുനികമായ സാമൂഹ്യഭാവുകത്വപരിണാമം മാത്രമല്ല കാരണമായത്.എന്തോ വലിയ കാര്യങ്ങൾ പറയുന്നു എന്ന ഭാവേന നടന്ന-(എന്തിനു പേരുകൾ പറയാതിരിക്കണം?)അയ്യപ്പപ്പണിക്കരും,എസ്.ഗുപ്തൻ നായരും,പന്മനയും,അയ്മനം കൃഷ്ണക്കൈമളും പോലുള്ള പല പണ്ഡിതരുടേയും പ്രമേയമാത്രമായ അധ്യാരോപണങ്ങളുടെ കൂടി ഫലമാണിത്.ശിവരാമന്റെ നെടുവീർപ്പുകളിൽ ദമയന്തിയുടെ ദുഃഖവും,കൃഷ്ണൻ നായരുടെയോ ഗോപിയുടേയോ നളനിൽ ഉണ്ണായിയുടെ മൌനങ്ങളുടെ വ്യാഖ്യാനങ്ങളോ കണ്ടാൽ കഥകളിജ്ഞാനിയാവുന്ന ആ ഉപരിപ്ലവമായ അന്തരീക്ഷത്തിന്റെ കൂടി ദുരിതമാണിത്.
ഹൊ!ഇതൊരു ഭീകരകമന്റായിപ്പോയി.മാപ്പ്.നേരല്യാനേരത്ത് ഇങ്ങനെയൊരു കമന്റ് എന്നേക്കൊണ്ടെഴുതിച്ച കതിരവന്റെ തലയിലാവും ഖിയാമം നാളിൽ ആദ്യ ഇടിത്തീ വീഴുക എന്ന പ്രവചനത്തോടെ,
വികടശിരോമണി.

Dr.T.S.Madhavankutty said...

ബലെ കതിരവൻ,
എൻതൊരു കമന്റ്‌. മറുകമന്റ്‌ എഴുതാൻ ഞാനാളല്ല. എന്നാലും ചില അഭിപ്രയങ്ങൾ പറയട്ടെ.
അങ്ങ്‌ പറഞ്ഞത്‌ വളരേ ശരിയാണു. നൃത്തത്തിൽ ഭാവം കുറച്ചേങ്കിലും ഉണ്ടാവുന്നതാണു. നമ്മുടെ സൗൻതര്യശാസ്ത്രം അങ്ങിനേയാണു നിഷ്കർഷിയ്ക്കുന്നത്‌. എന്നാൽ ഇവിടെ ഒരു പ്രശ്നമുണ്ടു. "തത്ര വിഭാവാനുഭാവവ്യഭിചാരിസംയോഗാദ്രസനിഷ്പത്തിഃ" എന്ന സൂത്രം അടിസ്ഥനമാക്കിയണല്ലൊ ഭാരിതീയ രസസിദ്ധാൻതത്തിന്റെ ചർച്ചകൾ മുഴുവൻ നടക്കുന്നത്‌. ഇവിടെ "സംയോഗം", "നിഷ്പത്തി" എന്ന രണ്ട്‌ വാക്കുകളേ വേണ്ടതുപാലെ നിർവ്വചിയ്ക്കാൻ ഭരതൻ വിട്ടുപോയി. അപ്പോൾ ശേഷം വന്നവർ സർവ്വതൻത്രസ്വതൻത്രരായി വ്യഖ്യാനിച്ചുതുടങ്ങി. ശ്രീശങ്കുകൻ, ലോല്ലടഭട്ടൻ, ഭട്ടനായകൻ, അഭിനവഗുപ്തൻ എന്നീ നലുപേരുടെ അഭിപ്രയങ്ങൾ മാത്രമെടുത്ത്‌ താരതമ്യം ചെയ്താൽ ഇത്‌ വ്യക്തമാകുന്നതണു. ആതുകൊണ്ടുതന്നെ കർത്താവിന്റേയും, വ്യാഖ്യാതാവിന്റേയും, അനുവാചകന്റേയും സ്വൻതമായ പ്രതിഭയ്ക്കനുസരിച്ച്‌ അർത്ഥഭേതങ്ങൾ വന്നുകൊണ്ടിരിയ്ക്കും. മാത്രമല്ല സംസ്കൃതഭാഷയുടെ സ്വഭവവും അങ്ങിനെയാണു. ഇഷ്ടമ്പോലെ അർത്ഥം പറയാം. (സംസ്കൃതത്തിലെ താതശബ്ദത്തിന്ന് അച്ഛനെന്നും മകനെന്നും അർത്ഥം പറയാമല്ലൊ) അതിനാൽ അങ്ങു പറഞ്ഞുവന്ന കാര്യങ്ങൾ ആരെങ്കിലും അർത്ഥവ്യത്യസത്തോടെ വ്യഖ്യാനിച്ചാൽ അതിലത്ഭുതപ്പെടാനില്ല. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ വികടശിരോമണിയും അങ്ങും പറഞ്ഞതിന്റെ സാരം ഏകദേശം ഒന്നുതന്നേയാണെന്നാണു എനിയ്ക്കു തോന്നുന്നത്‌.
അതായത്‌ അഭിനയിയ്ക്കുനതിന്റെ ഒരു ഭഗംതന്നെയാണു നൃത്തം. മെയ്യിനെ ശൈലീകരിച്ചുപയോഗിയ്ക്കുകയല്ലേ അവിടെ നടക്കുന്നത്‌. അതുതന്നെയല്ലേ നൃത്തവും. ഉദാഹരണത്തിന്ന് ശൃംഗരരസമെടുക്കുക. "തസ്യ നയനചാതുരീഭ്രൂക്ഷേപകടാക്ഷസഞ്ചര-ണലളിതമധുരാംഗഹാരവാക്യാദിഭിരനുഭാവൈ-
രഭിനയഃ പ്രയോക്തവ്യഃ" എന്നാണു ആ രസത്തിന്റെ അനുഭാവങ്ങളായി ഭരതൻ നിർദ്ദേശിയ്ക്കുന്നത്‌. ഇതിലെ സഞ്ചരണലളിതമധുരാംഗഹാരങ്ങൾ നൃത്തം തന്നെയാണെന്ന് എനിയ്ക്ക്‌ തോന്നുന്നു.
കുറച്ചുകൂടി: ആലസ്യം, ഉഗ്രത, ജുഗുപ്സ എന്നീ മൂന്നെണ്ണം ഒഴിവാക്കി ബാക്കി മുപ്പത്‌ വ്യഭിചരിഭാവങ്ങളും ശൃംഗാരത്തിൽ പ്രയോഗിയ്ക്കാം എന്നും ഭരതൻ തുടർന്ന് പറയുന്നുണ്ട്‌.(ശാസ്ത്രഭാഗങ്ങൾ തോന്നുന്നില്ല. അതിനാൽ ഉദ്ധരിയ്ക്കുന്നില്ല. ക്ഷമിയ്ക്കണം) അതിൽ "ഗ്ലാനി" അഭിനയിയ്ക്കാൻ ചെയ്യേണ്ട ഒന്ന്, മെല്ലേ നടക്കുകയണു. അതുപോലെ "മദ"മെന്ന ഭാവത്തിന്ന് മൂന്നവസ്ഥ പറയുന്നുണ്ട്‌. അതിൽ അധമമെന്ന അവസ്ഥയേ "ഛർദ്ദിച്ച്‌, എക്കിട്ടോടുകൂടിയും, ഓർമ്മ നഷ്ടപ്പെട്ടും, നാക്ക്‌ കനത്തതിനാൽ സംസാരം വ്യക്തമകതേയും, വറുതെ തുപ്പിയും ഇടക്കിടയ്ക്ക്‌ മറിഞ്ഞുവീണും" വേണം ആവിഷ്കരിയ്ക്കാൻ. ഇനിയും ഉദാഹരണങ്ങൾ ഉണ്ട്‌. നോക്കൂ ഈ ആവിഷ്ക്കാരങ്ങളെല്ലാം stylise ചെയ്താൽ നൃത്തമായില്ലേ. അപ്പൊൾ നൃത്തത്തിൽ സ്വൽപം അഭിനയം ഉണ്ട്‌. എന്നാൽ അതാത്‌ കലകൾക്ക്‌ പറയുന്ന stylisation വേണ്ടതുപോലെ blend ചെയ്യണമെന്നുമാത്രം. അപ്രകരമുള്ള ദേഹമുപയോഗിച്ചുകൊണ്ടുള്ള ആ ആഭിനയത്തെയാണു ഞാൻ "പ്രയോഗ"മെന്ന് പറയുമ്പോൾ ഉദ്ദേശിയ്ക്കുന്നത്‌. അത്‌ ആസ്വതിക്കുന്നതിനാണു ഞാൻ ശ്രമിയ്ക്കുന്നതും.
മാധവൻ കുട്ടി

വികടശിരോമണി said...

അതാണ്!ഇതുപോലത്തെ കമന്റുകൾ വന്നാൽ ഏത് ഇളകാതിരിക്കുന്നവരും ഇളകും,നല്ല സ്പീഡിൽ ഓടിത്തുടങ്ങും:)
തൊപ്പിയൂരി സലാം,എതിരേന കതിരവ.

Dr. Evoor Mohandas said...

Good discussion, but unable to participate for want of knowledge.

ഗതാനുഗതിത്വത്തിലേക്ക് പുതിയ ആസ്വാദകർ എത്തിച്ചേർന്നതിൽ ആധുനികമായ സാമൂഹ്യഭാവുകത്വപരിണാമം മാത്രമല്ല കാരണമായത്.എന്തോ വലിയ കാര്യങ്ങൾ പറയുന്നു എന്ന ഭാവേന നടന്ന-(എന്തിനു പേരുകൾ പറയാതിരിക്കണം?)അയ്യപ്പപ്പണിക്കരും,എസ്.ഗുപ്തൻ നായരും,പന്മനയും,അയ്മനം കൃഷ്ണക്കൈമളും പോലുള്ള പല പണ്ഡിതരുടേയും പ്രമേയമാത്രമായ അധ്യാരോപണങ്ങളുടെ കൂടി ഫലമാണിത്.ശിവരാമന്റെ നെടുവീർപ്പുകളിൽ ദമയന്തിയുടെ ദുഃഖവും,കൃഷ്ണൻ നായരുടെയോ ഗോപിയുടേയോ നളനിൽ ഉണ്ണായിയുടെ മൌനങ്ങളുടെ വ്യാഖ്യാനങ്ങളോ കണ്ടാൽ കഥകളിജ്ഞാനിയാവുന്ന ആ ഉപരിപ്ലവമായ അന്തരീക്ഷത്തിന്റെ കൂടി ദുരിതമാണിത്

Bold comment vee see!In one stroke you killed many a kathakali pandits!

If society influences an arform, then everything associated with it, be the artists, writers, critics or cannoissuers, all are influenced by the societal changes. We cannot turn a blind eye to this fact. An intelligent mind never feels satisfied in just mundane and ordinary things. Similarly, the ordinary mortals cannot understand an appreciate higher levels of thiking. This is the law of nature. Kathakali is no exception. The preservance of kathakali in its pristine beauty (well this 'beauty' is again subjective and varies with place, people and their culture)is the wish of a handful of people who can think in that intelligent level.But the majority of those who sit in front of this art doesn't belong to this group. The fundamental question is; is this an art for keeping in a glass cage with all its fundamental parts well preserved or is it to be employed as an instrument of happiness to a larger section of people. I feel that both are necessary, but we need to tilt our balance more towards the latter, for there is no art without its aswadaks. May be that the above professors were more interested in making more people attracted towards this art than using their 'pandithyam' in alienating people from this classical art. Defenitely, then the puritan's and orthodox will rate such works as sub-standard.This is a contadiction of life; it is alive in anything and everything and we need to accept it. The orthodox say that Jesudas destroyed Carnatic music, but when looking from the other side Jesudas did a yeoman service to carnatic music by popularising it. Again the question is; is popularity a ncecessity for an art? won't it dilute its standards? yes, it's the compromise, and that compromise should be done with utmost balance.

I feel the above professors have created good awareness of kathakali in Kerala and help attract many fence sitters to this art through their writing, which in turn helped many artists to make a livelyhood. we can't forget that. The fundamental writings on kathakali's 'soundaryasasthram' is defenitely necessary, but those work will remain as guiding light to those handfullof men who think seriously on this art, but otherwise will have very little to do with the majority of kathakali presentations in our times.

Dr. Mohandas

Dr.T.S.Madhavankutty said...

പ്രിയപ്പെട്ട ഡൊ. മോഹൻദാസ്‌,
അങ്ങ്‌ പറഞ്ഞത്‌ വളരെശരിയാണു. നാട്ടിലും, മറുനട്ടിലും കഥകളിയ്ക്ക്‌ കര്യമായ പ്രചാരം ഉണ്ടാക്കിയതിൽ അയ്യപ്പപണിയ്ക്കർ മുതലയവരുടെ പങ്ക്‌ വളരെ വലുതാണു. വികടശിരോമണിയോ, മനോജൊ, ഞാനോ പറഞ്ഞാലുള്ളതുപോലേയല്ല അവർ പറഞ്ഞാൽ. അത്‌ ശ്രദ്ധിയ്ക്കാനും, വേണ്ടതുപോലെ ഉൾക്കൊള്ളാനും ധാരാളം ആളുകളുണ്ടാകും. അതുതന്നേയാണു പ്രശ്നവും. അവർ ആ അവസ്ഥ കണക്കിലെടുത്തുവേണ്ടേ എൻതെങ്കിലും പറയാൻ. ആ സാമന്യമര്യാദ അവർ പ്രകടിപ്പിച്ചില്ല എന്ന വികടശിരോമണിയുടെ ആക്ഷേപത്തിൽ ഞാനും കക്ഷിചേരുകയാണു. "ഉണ്ണായിവരിയരുടെ വാക്കുകൾക്കിടയിൽ മൗനമുണ്ട്‌. അതാണു കലാമ്മണ്ഡലം ഗോപി ആവിഷ്കരിയ്ക്കുന്നത്‌", എന്നും, "മുമ്പിലെ വിളക്ക്‌ ജ്ഞാനത്തിന്റേയും, പിന്നിലേ ഇരുട്ട്‌ അജ്ഞാനത്തിന്റേയും പ്രതീകങ്ങളാണു. അവ രണ്ടിനും ഇടയ്ക്കുള്ള മനുഷ്യന്റെ 'strugle' ആണു 'കഥകളി'" (ഞാൻ നേരിട്ട് കേട്ട വാചകങ്ങളാണു ഇതു രണ്ടും.)എന്നും മറ്റും ഈ വഹക്കാർ ഉറക്കെ വിളിച്ചു പറയുന്നത്‌ കണുമ്പോൾ, വികടശിരോമണിയുടെ കയ്യിൽനിന്ന് അങ്ങ്‌ ഉദ്ധരിച്ചതുപോലുള്ളൊരു വചകം പുറത്തുവന്നത്‌ തികച്ചും സ്വാഭവികമാണു എന്നാണു എന്റെ അഭിപ്രായം
മാധവൻ കുട്ടി

Ramadasan, Thiruvanathapuram said...

അഭിനയത്തിൽ ആവിഷ്ക്കരിക്കുന്ന സുഖ
ദുഃഖ ജന്യങ്ങളായ ഭാവങ്ങൾ നടൻ
മനസിൽ ഉൾക്കൊണ്ടാൽ മാത്രമേ
ശരിയായ നാട്യമാവുകയുള്ളൂ. കണ്ണീർ
വാർക്കൽ തന്നെയാണല്ലോ ദഃഖത്തിന്റെ
ഭാവം. ദുഖം ഉൾക്കൊള്ളുവാൻ ആവാത്ത
നടന് ഇതെങ്ങിനെ സാധ്യമാകും. പ്രസന്നതയും സന്തോഷവും സുഖഭാവങ്ങളല്ലോ. സുഖം ഉൾക്കൊള്ളുവാൻ ആവാത്ത നടന് ഇതും അസാധ്യമാകും. ഇതു തന്നെയാണ് അതിന്റെ സാത്വീകത്വം എന്ന് നാട്യശാസ്ത്രത്തിൽ പറയുന്നത്. ഈ നാട്യശാസ്ത്രത്തിന് കടകവിരുദ്ധമാണ് കഥകളി. കഥകളിയിലെ പകർന്നാട്ടങ്ങൾക്ക് വിവിധ പാത്രങ്ങളുടെ വിവിധ സ്തോഭങ്ങൾ, അവസ്ഥകൾ അനുനിമിഷം മാറിമാറി അഭിനയിക്കുമ്പോൾ
നടന് ഒരേ സ്ഥായീഭാവം നിലനിർത്തുക സാദ്ധ്യമാണോ? കഥാപാത്രത്തിന്റെ ഭാവങ്ങൾ മനസിൽ തട്ടി അഭിനയിക്കുക എന്നത് കഥകളിക്കു വിധിച്ചിട്ടുള്ളതല്ല. “തതോ ദൃഷ്ടിഃതതോ മനഃ” എന്ന വാക്ക്യം കഥകളി വേഷക്കാരന് യോജിച്ചതല്ല. കഥകളിയുടെ വേഷവിധാനങ്ങൾ മുഖത്തെ മനയോല, കടലാസുചുട്ടി തുടങ്ങിയവ അശ്രു, രോമാഞ്ചം, വൈവർണ്ണ്യം എന്നിവ നാട്യശാസ്ത്രത്തിലെ മുഖാ അഭിനയത്തിനായി
ഇണക്കിയിട്ടുള്ളതല്ല. ഇതെല്ലാം പഠിച്ചും മനസിലാക്കിയുമാണ് അഞ്ചു മഹാരഥന്മാർ കല്ലുവഴി സമ്പ്രദായത്തിന് രൂപം നൽകിയത്.

തെക്കൻ സമ്പ്രദായം ഇത്തരത്തിൽ രൂപം കൊണ്ടതല്ല. അവിടെ അനവധി സ്വാതന്ത്ര്യങ്ങൾ അനുവദനീയമാണ്. കണ്ണീർ വാർക്കലും, സുഖഭാവങ്ങളും കഥാപാത്രങ്ങൾക്ക് നാടകീയത, ഭക്തി, കഥാപാത്രങ്ങൾക്ക് ഇണങ്ങിയ അവതരണം, പാത്രബന്ധമുള്ള കഥകൾ, ഉപകഥകൾ എല്ലാം അവർക്കാകാം. നാം അവരെ വിമർശിക്കേണ്ടതില്ല. അവരുടെ സംഭാവനകളായ നളചരിതവും, ഹരിശ്ചന്ദ്രനും, രുഗ്മാംഗദചരിതവും, കുചേലവൃത്തവും, കചദേവയാനിയും, നിഴൽകുത്തും, കർണ്ണശപഥവും എല്ലാം സാധാരണ ആസ്വാദകരിൽ സ്ഥാനം ഉറപ്പിക്കാനാവും. കോട്ടം കൂടാതെ കോട്ടയം കഥകൾ അവതരിപ്പിക്കാൻ കല്ലുവഴി കളരിയിലെ ഓരോ നടന്മാരും
നിയോഗിക്കപ്പെട്ടവരാണ്. മഹാനായ നമ്മുടെ ഗുരുനാഥൻ പകർന്നു നൽകിയ
സമ്പ്രദായ ശുദ്ധിയെ കോട്ടം കൂടാതെ നിലനിർത്താൻ ഓരോ കല്ലുവഴി നടനും, ആസ്വാദകനും ബാദ്ധ്യസ്ഥനാണ്. വ്യക്തവും ശുദ്ധവുമായ കളരി പാഠങ്ങൾ
അഭ്യസിച്ച നടന്മാർ, കൃത്യബോധത്തോടെ ചെയ്യേണ്ട രംഗ
ക്രിയകൾക്ക്
മുൻതൂക്കം നൽകാതെ, തെക്കരുടെ രംഗസ്വാതന്ത്ര്യം കണ്ടു മോഹിച്ച്, പ്രവർത്തിച്ച് കഥകളിയെ വേറൊരു പുതിയ വഴിയിലേക്കു തിരിച്ചുവിടുകയാണ് ചെയ്യുന്നത്. കഥകളിയിൽ കൂട്ടുവേഷക്കാർ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുമ്പോൾ അഭിമുഖമായി നിന്നല്ലാ സംഭാഷണം. കളരീ പാഠങ്ങൾ വിട്ടു സഞ്ചരിക്കുന്നവർക്ക് ഇത് പാലിക്കുക അസാദ്ധ്യമാണ്.

ആംഗീകാഭിനയം എന്ന കഥകളിത്തം രാമൻകുട്ടി നായരിൽ അവസാനിച്ചു പോകുമോ എന്ന ഖേദവും ഭയവും മാത്രമാണ് ആസ്വാദകന് ഇന്നു കൈമുതലായുള്ളത്. കലാമണ്ഡലം ഗോപിയും, കോട്ടക്കൽ ശിവരാമനും, ചന്ദ്രശേഖരവാര്യരും മറ്റും സമ്പ്രദായ ശുദ്ധിയിലൂടെ കഥകളി അവതരിപ്പിക്കുന്നു എന്നു നാം ധരിച്ചാൽ, കഥകളിത്തം വിട്ട് നാമും വളരെയേറെ അകന്നിരിക്കുന്നു എന്നാണ് സാരം. സമ്പ്രദായ ശുദ്ധി നടന്മാർ അരങ്ങിൽ കാട്ടാതെ, പ്രസംഗത്തിലും അണിയറയുടെ മൂലകളിൽ വീരവാദം മുഴക്കുന്നതിലും മാത്രമാണ് നിലനിർത്തുന്നത്. കഥകളി എന്നാൽ “കലാമണ്ഡലം ഗോപി” എന്ന ഒരു അവസ്ഥ വന്നു കൊണ്ടിരിക്കുകയാണ്. കഥകളി “ഗോപി”യിൽ ഒതുങ്ങിയാൽ വരും നാളത്തെ ജനം ആസ്വദിക്കുക യഥാർത്ഥ കല്ലുവഴി സമ്പ്രദായമായിരിക്കില്ല, മറിച്ച് “കല്ലുതെക്കൻ” എന്ന പുതിയ സമ്പ്രദായം ആയിരിക്കും.

(രാമദാസൻ, TVM)

വെട്ടിക്കൽ,
വേങ്ങശേരി po, പാലക്കാട്.

മനോജ് കുറൂര്‍ said...

വി. ശീ., ആകെ തെക്കു-വടക്കു തിരിഞ്ഞ മട്ടാണല്ലൊ! കിഴക്കും പടിഞ്ഞാറും ചിട്ടകളുണ്ടാക്കാത്തവര്‍ ഇടിവെട്ടിപ്പോകട്ടെ!
ബ്ലോഗിലായതുകൊണ്ട് ശാരീരികമര്‍ദ്ദനമുണ്ടാവില്ലെന്ന ആശ്വാസത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞേ തീരൂ.

തെക്കു-വടക്കു തിരിയുന്നവര്‍ കഥകളിയുടെ ചരിത്രമെങ്കിലും ഒന്നോര്‍ക്കുക. ഇവിടെ രാമദാസന്‍ പാലക്കാട്/തിരുവനന്തപുരം പറഞ്ഞ കാര്യങ്ങളോടും പ്രതികരിക്കാതെ വയ്യ.

നാട്യശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും പ്രാചീനശാസ്ത്രത്തിന്റെയോ സൈദ്ധാന്തികസാമാന്യവത്കരണങ്ങളില്‍നിന്നു മാറിയുള്ള കഥകളിയുടെ കലാപദ്ധതി തിരിച്ചറിയാനുള്ള ശ്രമമെന്ന നിലയില്‍ രാമദാസനോടു യോജിക്കുന്നു. ആ യോജിപ്പ് അവിടെത്തന്നെ തീരുകയും ചെയ്യുന്നു.

കഥകളിയുടെ ചരിത്രമെങ്കിലും ഒന്നാലോചിക്കുക. കേരളത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആട്ടക്കഥകളുണ്ടായി. കളരികളുണ്ടായിടത്തൊക്കെ പ്രാദേശികമായ സമ്പ്രദായവ്യത്യാസങ്ങളോടെയും എന്നാല്‍ മറ്റു കലകളില്‍നിന്നു വ്യത്യസ്തമായി കഥകളിയെ അതാക്കുന്ന ഘടകങ്ങള്‍ പങ്കുവച്ചുകൊണ്ടും നിരവധി സമ്പ്രദായഭേദങ്ങളുണ്ടായി. ഇതിന്റെയൊക്കെ അവശിഷ്ടങ്ങള്‍ ചില നടീനടന്മാരിലൂടെ ഇപ്പോഴും കണ്ടെന്നും വരാം. അല്ലാത്തവ കഥകളിയുടെ പൊതുവായ ഘടനയിലും ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പട്ടിക്കാന്തൊടി രാവുണ്ണിമേനോന്‍ ചെയ്തതെന്താണ്? അതുവരെയുള്ള ശൈലീഭേദങ്ങളില്‍നിന്നു തന്റെ കലാസങ്കല്പത്തിനനുസരിച്ചുള്ള ഘടകങ്ങള്‍ സ്വീകരിക്കുകയും അല്ലാത്തവയെ എഡിറ്റ് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്തുകൊണ്ട് ഒരു ആധുനികകഥകളി തീയെറ്ററിനു രൂപംകൊടുക്കുകയാണ് അദ്ദേഹം ചെയ്തത് എന്നാണ് അദ്ദേഹത്തെക്കുറിച്ചു പിന്നീടുവന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാനാവുന്നത്. അത്തരത്തില്‍ അന്നത്തെ ‘തെക്കന്‍‌’‍ സമ്പ്രദായങ്ങളുടെ ഘടകങ്ങളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ടാവാം. (തെക്കന്‍ എന്നത് ഒരു സമ്പ്രദായമല്ല. കുറിച്ചി, തകഴി, മാത്തൂര്‍ തുടങ്ങി പലയിടത്തും ശൈലീഭേദങ്ങളോടെ അവതരിപ്പിച്ചിരുന്ന സമ്പ്രദായങ്ങളെല്ലാം അതില്‍പ്പെടുന്നതിനാല്‍ വളരെ ആപേക്ഷികമായ ഒരു വേര്‍തിരിവാണത്.അതില്‍ വടക്കുനിന്നു കഥകളി പഠിച്ചവരും, കഥകളിപരിഷ്കര്‍ത്താക്കളും എല്ലാം ഉള്‍പ്പെടുന്നു)അതായത് അതുവരെയുണ്ടായിരുന്ന ശൈലീഭേദങ്ങളുടെയെല്ലാം കലര്‍പ്പുകള്‍ തിരിച്ചറിയാനാവാത്ത തരത്തില്‍ ഇണക്കിച്ചേര്‍ത്തുകൊണ്ട് ആധുനികമായ കഥകളിക്ക് രൂപം കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. തെക്കന്‍ ചിട്ടകളോ കടത്തനാടന്‍ സമ്പ്രദായമോ ഒന്നും അതിനു ബദലല്ല. കല്ലുവഴിക്കളരിയുടെ രൂപവത്ക്കരണത്തില്‍ മറ്റു സമ്പ്രദായങ്ങള്‍ പോലെ അവയ്ക്കും പങ്കുണ്ട്.

പട്ടിക്കാന്തൊടിയുടെ ശൈലി അദ്ദേഹംതന്നെ നിരന്തരം നവീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിശ്ചലമായ ഒരു ശൈലിയായല്ല, നിരന്തരം നവീകരണക്ഷമമായ, ചലനാത്മകമായ രംഗകലയെന്ന നിലയിലാണ് അദ്ദേഹം കഥകളിയെ കണ്ടത്. രാമന്‍കുട്ടി നായരിലൂടെ, ഗോപിയിലൂടെ ഇനിയും അതു സഞ്ചരിച്ചേ തീരൂ. അതിനു സമ്മതമല്ലാത്തവര്‍ക്ക് തങ്ങള്‍ക്കിണങ്ങിയ ഏതെങ്കിലും ഘട്ടത്തില്‍‌വച്ച് കളി കാണുന്നത് നിര്‍ത്തേണ്ടിവന്നേക്കും. (അങ്ങനെ വരാതിരിക്കട്ടെ)

തെക്കന്‍‌കഥകള്‍ എന്നും മറ്റുമുള്ള ഇവിടെക്കണ്ട വിഭജനം ഏത് അടിസ്ഥാനത്തിലാണ്? തെക്കും വടക്കും കൃത്യമായി വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖ എവിടെയാണ്? ഇനി പഴയ നമ്പൂരാരുടെ ചാലക്കുടിപ്പുഴയോ മറ്റോ ആണ് അതിര്‍ത്തിയെന്നാണോ? (പാവം പുഴ!)എങ്കില്‍, ആട്ടക്കഥകള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ രാമനാട്ടകഥകള്‍, നരകാസുരവധം, തമ്പിയുടെ കഥകള്‍ എന്നിവയൊക്കെ ആ പരിധിയില്‍പ്പെടും. കോട്ടയം കഥകളാകട്ടെ വടക്കിനുമപ്പുറത്തുള്ള വെടക്കോ മറ്റോ ആണുണ്ടായത്. പക്ഷേ എന്തിനീ വിഭജനം? രാമദാസന്‍ പറഞ്ഞ കഥകളുള്‍പ്പെടെ എല്ലാ സമ്പ്രദായക്കാരും അവതരിപ്പിക്കാറുണ്ട്. കല്ലുവഴിക്കളരിയുടെതന്നെ സമ്പ്രദായവികാസത്തില്‍ തെക്കു വടക്കു ഭേദമില്ലാതെ, അതു മുന്നോട്ടുവയ്ക്കുന്ന കഥകളിസങ്കല്പത്തിനിണങ്ങുന്ന കഥകള്‍, സവിശേഷമായി ചില പ്രധാനരംഗങ്ങള്‍ കഥകളിയുടെതന്നെ മാതൃകയെന്ന നിലയില്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. സാങ്കല്പികമായ ഒരു കലാപദ്ധതി സങ്കല്പിച്ചിട്ട്, തെക്കന്‍ ചിട്ട എന്തും അനുവദനീയമായ ശൈലിയാണെന്നൊക്കെപ്പറഞ്ഞാല്‍.. ഇതിനൊക്കെ എന്താ പറയുക!

കഥകളിയുടെ ചരിത്രത്തില്‍ ഇതുവരെയുള്ള ഓരോ സമ്പ്രദായങ്ങള്‍ക്കും ചെയ്യാനായ സംഭാവനകള്‍ വിലയിരുത്തേണ്ടതുണ്ട്. ഓരോ നടീനടന്മാരുടെയും വൈയക്തികമായ കഴിവുകളും അംഗീകരിക്കേണ്ടതുണ്ട്. അപ്പോഴും ഒരു ഘട്ടത്തില്‍ കല്ലുവഴിക്കളരിയില്‍, സംഭവിച്ച വികാസത്തെ അംഗീകരിക്കാത്ത ഒരു പ്രാദേശികവാദത്തിനും ഞാന്‍ പുല്ലുവില പോലും കല്പിക്കുന്നില്ല. പട്ടിക്കാന്തൊടിയിലൂടെ വികസിച്ച സമ്പ്രദായത്തെ ‘വടക്കന്‍ ചിട്ട’ എന്നു ന്യൂനീകരിക്കുന്നതിനു പകരം ‘ആധുനികവത്ക്കരിക്കപ്പെട്ട കഥകളി’ എന്ന രീതിയിലാണ് ഞാന്‍ കാണുന്നത്. അതു സമകാലികഘട്ടത്തിലേക്കു വളര്‍ന്നപ്പോഴും‍ സൂക്ഷ്മമായ പരിണാമഭേദങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ട്. ഈ കഥകളിബ്ലോഗുകളില്‍ അത്തരം പരിണാമങ്ങളും അവയുടെ സൌന്ദര്യശാസ്ത്രപരമായ ഊന്നലുകളും ചര്‍ച്ച ചെയ്യുന്നതിനെ ഞാന്‍ സഫലമായ ഉദ്യമങ്ങളായിത്തന്നെ കാണുന്നു. അതിനൊക്കെ വികടശിരോമണിയുടെ ബ്ലോഗ് നല്‍കിയ ഊര്‍ജ്ജം വളരെ പ്രധാനമാണ്.

കഴിഞ്ഞ പോസ്റ്റിന്റെയും ഈ പോസ്റ്റിന്റെയും കമന്റുകളില്‍ക്കണ്ട പല അഭിപ്രായങ്ങളുമാണ് ഇങ്ങനെയൊക്കെ പറയാന്‍ പ്രേരിപ്പിക്കുന്നത്. എന്റെ ‘ഹ്യൂമര്‍ സെന്‍സ്’ കുറഞ്ഞുപോയതിനു പോയതിനു മാപ്പ്!

വികടശിരോമണി said...

ഗൂഗുൾ ശാരീരികമർദ്ദനത്തിനുള്ള ഒപ്ഷൻ ബ്ലോഗിങ്ങിലനുവദിക്കാത്ത ധൈര്യം കൊണ്ടു തന്നെ,ഞാനും മനോജിനോടൊപ്പം ചേരുന്നു:)
ഒന്നുകിൽ ആശാന്റെ ചെസ്റ്റിൽ,അല്ലെങ്കിൽ കളരിയുടെ ഔട്ടിൽ എന്ന ഈ സ്ഥിതി മാറാതെ പറഞ്ഞിട്ടു കാര്യമില്ല.
വാസുവാശാന്റെ തിരിച്ചുവരവിന്റെ സന്തോഷത്തിൽ,ഒരു പോസ്റ്റിടുന്നു:
http://chengila.blogspot.com/2009/05/blog-post_18.html
സ്വാഗതം.

Anonymous said...

Mr. മനോജ് കുറൂർ,

(മനോജ് കുറൂർ: കഥകളിയുടെ ചരിത്രത്തില് ഇതുവരെയുള്ള ഓരോ സമ്പ്രദായങ്ങള്‍ക്കും ചെയ്യാനായ സംഭാവനകള് വിലയിരുത്തേണ്ടതുണ്ട്.)

കല്ലുവഴി ഒഴിച്ചുള്ളതൊന്നും സമ്പ്രദായമേ അല്ല എന്നു വിശ്വസിക്കുന്ന മനോജ് കുറൂർ, ഇതാരോടാണ് പറയുന്നതെന്ന് മനസിലാകുന്നില്ല. താങ്കളുടെ മുത്തച്ഛൻ ഒരു കഥകളി നടനെന്ന ധാരണ വെച്ചുകൊണ്ടു ചോദിക്കട്ടെ?
താങ്കളുടെ മുത്തച്ഛൻ കല്ലുവഴി നടനാണോ?
ഉത്തരം അല്ലാ എങ്കിൽ അദ്ദേഹത്തിന്റെ
ശൈലിയിലുള്ള കഥകളിയോട് താങ്കൾക്ക് പുശ്ചം ആയിരുന്നുവോ?

കലാമണ്ഡലം ഗോപി ദുര്യോധനനും, താങ്കളുടെ മുത്തച്ഛൻ ദുശാസനനും, മാങ്കുളം കൃഷ്ണനും, മാത്തൂർ പാഞ്ചാലിയുമായി ദുര്യോധനവധം കഥകളി
ഏറ്റുമാനൂരിൽ കണ്ട വ്യക്തി എന്ന നിലയിൽ ചോദിക്കട്ടെ ?
കലാമണ്ഡലം ഗോപിയുടെ ശൈലി മാത്രമാണ് ആസ്വാദനത്തിന് യോജിച്ചത് എന്ന നിലപാടിനോട് അനുകൂലിക്കാൻ ഒരു കഥകളി സ്നേഹിക്കു കഴിയുമോ? ഒരു കല്ലുവഴി സ്നേഹിക്കു മാത്രമേ അതിനു കഴിയൂ.
താങ്കളുടെ പിതാവിന്റെ ചോരയും നീരുമെല്ലാം
അദ്ദേഹം എത്രയോ രാത്രികൾ തെക്കന്മാരുടെ കൂടെ തുള്ളി സംപാദിച്ചു വലുതാക്കിയതെന്ന് മനസിലാക്കുക.
തികഞ്ഞ കല്ലുവഴി സ്നേഹിയായ താങ്കൾ, താങ്കളുടെ മുത്തച്ഛന് ലഭിച്ച പുരസ്ക്കാരങ്ങൾ എല്ലാം കുമരകം തോട്ടിൽ വീശുകയല്ലേ ആദ്യം ചെയ്യേണ്ട കടമ.
(V.S. Kaimal, Aymanam)

കപ്ലിങ്ങാട്‌ said...

പ്രിയ വി.ശി., ഇത്രയധികം വൈകിയതിൽ ക്ഷമിക്കണം. നാട്യാചാര്യന്റെ ജീവിതമുദ്രകളിൽ കണ്ടതാണല്ലൊ ഞാൻ പറഞ്ഞത്‌. അത്‌ പദ്മനാഭനാശാന്റെ കയ്യും പതിഞ്ഞിരിക്കുന്നതിനാൽ കുറച്ചൊക്കെ ആധികാരികത കൂടും, അതുകൊണ്ടു കഞ്ജദളലോചനയെപ്പറ്റി ആചാര്യൻ പറഞ്ഞിരിക്കുന്നതിനെ secondary evidence ആയിട്ടെങ്കിലും എടുക്കണം എന്ന് തോന്നുന്നു. ഞാനീ കാര്യം ആനുഷംഗികമായി പറഞ്ഞുവെന്നുമാത്രം. അല്ലാതെ ആചാര്യൻ കോട്ടയം കഥകൾ കൈവച്ചതു പോലെ സുഭദ്രാഹരണവും കൈ വെച്ചു എന്നർത്ഥമാക്കിയില്ല. സുഭദ്രാഹരണം കഥ തന്നെ 2 തവണയെ കണ്ടിട്ടുള്ളു, അതുകൊണ്ടു അങ്ങയെപ്പോലെ സൂക്ഷ്മമായി മനസ്സിലാക്കാനും താരതമ്യം ചെയ്യാനും അവസരം കിട്ടിയിട്ടില്ല.

മനോജേട്ടൻ എന്ന അപൂർവ്വ 'സ്പെസിമ'നെ കാണാനുള്ള ഭാഗ്യം ഇപ്രാവശ്യം നാട്ടിൽ വന്നപ്പോൾ എനിക്കു ലഭിച്ചു. അതിൽ ഹൃദയം നിറഞ്ഞ സന്തോഷമുണ്ട്‌:-) കഥകളി ആസ്വദിക്കുമ്പോൽ സങ്കേതത്തിൽ ഊന്നുന്നത്‌ തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശ്യം. അത്‌ തികച്ചും വ്യക്തിപരമായ ആസ്വാദനവഴി. നമ്മളെല്ലാം (ഞാനടക്കം) ഏറിയും കുറഞ്ഞും കഥകളി സങ്കേതങ്ങളിൽ വ്യാമുഗ്ധരാണ്‌ - എമ്പ്രാന്തിരിയുടെ "കിംകിമഹോസഖി" കേൾക്കാൻ വരുന്ന ആസ്വാദകനും സൗന്ദര്യശാസ്ത്രത്തെ അപഗ്രഥിക്കുന്ന വി.ശി.യുമൊക്കെ അതിൽപെടും.

ഞാൻ പറഞ്ഞതിന്റെ ഉദ്ദേശ്യം, എത്രയൊക്കെ സങ്കേതങ്ങൾക്ക്‌ പ്രാധാന്യമുണ്ടായാലും, എത്രയൊക്കെ സങ്കേതങ്ങൾ പരിഷ്കരിച്ച്‌ പൊലിപ്പിച്ചെടുത്താലും, കഥകളി മുന്നോട്ട്‌ പോകേണ്ട "വഴി" (അങ്ങനെ ഒന്നുണ്ടെങ്കിൽ) എന്താണെന്ന്‌ കഥകളിയെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയ്ക്ക്‌ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുക എന്നതായിരുന്നു. സങ്കേതങ്ങൾ പ്രമേയത്തിനു "ശിങ്കിടി" പാടണം, പ്രമേയം മനസ്സിൽ ധ്യാനിച്ചുകൊണ്ടു വേണം എപ്പോഴും സങ്കേതത്തെ സമീപിക്കാൻ, ചുരുക്കത്തിൽ സങ്കേതം സങ്കേതത്തിനു വേണ്ടി എന്നവസ്ഥ ഉണ്ടാകരുത്‌ (അല്ലെങ്കിൽ പരമാവധി കുറക്കണം) എന്നതേ ഉദ്ദേശിച്ചുള്ളു. ഉദാഹരണത്തിനു ആചാര്യന്റേതെന്ന് കരുതപ്പെടുന്ന പരിഷ്കാരമായ, നില കൈവിടും എന്ന ഭയത്താൽ നാലാക്കി ചുരുക്കപ്പെട്ട അഷ്ടകലാശം. കഥകളി സങ്കേതങ്ങളാണ്‌ കഥകളിയെ കഥകളിയാക്കുന്നത്‌. പ്രമേയത്തെ കഥകളീയമായ, കഥകളിക്കു മാത്രം പറ്റുന്ന രീതിയിൽ സംവേദനം ചെയ്യുക എന്നതായിരിക്കണം പരമമായ സങ്കേതധർമ്മം.

മനോജേട്ടന്റെയും വി.ശിയുടേയും സംഘർഷം അത്ര തീവ്രമായിട്ടായിരിക്കില്ലെങ്കിലും കുറച്ച്‌ ഞാനും അനുഭവിച്ചിട്ടുണ്ട്‌. അത്‌ പ്രമേയത്തിൽ മാത്രം ഒതുങ്ങുന്നില്ല. ആധുനിക മനുഷ്യന്റെ വിഭ്രാന്തികളും വ്യാകുലതകളും നാട്യശാസ്ത്രത്തിലെ രസസിദ്ധാന്തത്തിനു എത്ര വഴങ്ങും എന്നതിൽ നിന്നും തുടങ്ങുന്നു കഥകളിയുടെ സമകാലിക പ്രസക്തിയെക്കുറിച്ചുള്ള വ്യാകുലതകൾ. അതുപോലെ തന്നെ തൗര്യത്രികത്തിലെ മറ്റു ഘടകങ്ങളും. പുതിയ ആസ്വദകരെ കഥകളിയിലേയ്ക്കു പരിചയപ്പെടുത്തുമ്പോൾ നേരിടേണ്ടിവന്ന പ്രശ്നങ്ങളും ഇതിനു മാറ്റ്‌ കൂട്ടിയിട്ടുണ്ട്‌.

എന്തായാലും പ്രമേയത്തിനു നല്ല ഉദ്ഗ്രഥന സാധ്യത കാണുന്നുണ്ട്‌ - ഇതുവരെയുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതെന്തുകൊണ്ടെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കഥകളിയിലെ സങ്കേതങ്ങൾ കൊണ്ട്‌ ആധുനിക മനുഷ്യന്റെ മനോസഞ്ചാരങ്ങൾ സവിശേഷമായ രീതിയിൽ സംവേദനം ചെയ്യപ്പെടാൻ സാധിക്കുമെന്നു തന്നെ വിശ്വസിക്കുന്നു, അവിടെയാണെന്റെ ശുഭാപ്തിവിശ്വാസവും.

വി.ശി., ഇത്രനീണ്ടുപോയതിൽ ക്ഷമിക്കുമല്ലൊ. വി.ശിയും മനോജേട്ടനും മധവൻകുട്ടിയേട്ടനുമൊക്കെ നല്ല സ്പീഡിൽ ഓടാൻ തുടങ്ങിയല്ലൊ. എത്ര പുതിയ പോസ്റ്റുകൾ. എന്നെപ്പോലുള്ളവരൊക്കെ ഓടിയോടി കിതച്ചു തുടങ്ങി:-)

വികടശിരോമണി said...

കപ്ലിങ്ങാട്,
മനോജിനെ പരിചയപ്പെട്ടു,ല്ലേ? ആ കംസവധത്തിന്റെ സ്ഥലത്തുവെച്ചല്ലേ?താങ്കൾ രണ്ടാംദിവസമുപേക്ഷിച്ച് കംസവധത്തിനു പോവുകയാണല്ലോ അന്നുചെയ്തത്.അത് ഇങ്ങനേയും ലാഭമായി.മനോജിനെ പരിചയപ്പെട്ടല്ലോ:)
ഭാരതീയസിദ്ധാന്തങ്ങളെ അനുസരിക്കുന്നതിലും എത്രയോ കൂടുതൽ തിരസ്കരിക്കുന്ന കലയാണ് കഥകളി.അതുകൊണ്ടുതന്നെ,കാലികശ്രമങ്ങൾ ദുഷ്കരമാണുതാനും,
ശ്രമങ്ങൾ വരട്ടെ:)
ഇയാളെവിടെപ്പോയി എന്നാലോചിച്ചതേയുള്ളൂ.വന്നുവല്ലോ.സന്തോഷം:)

മനോജ് കുറൂര്‍ said...

പ്രിയപ്പെട്ട വി. എസ്. കൈമള്‍, ഇതുവരെ പറഞ്ഞതൊന്നും താങ്കള്‍ക്കു വ്യക്തമായിട്ടില്ല എന്നുതന്നെ കരുതട്ടെ. കല്ലുവഴി ഒഴിച്ചുള്ളതൊന്നും സമ്പ്രദായമേ അല്ലെന്നു ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒന്നു ചൂണ്ടിക്കാണിച്ചുതരാമോ? അന്ധമായ പ്രാദേശികവാദം തെക്കനാണെങ്കിലും വടക്കനാണെങ്കിലും ഞാന്‍ അതിനെ എതിര്‍ത്തിട്ടേ ഉള്ളൂ. അല്ലാതെ എവിടെയെങ്കിലും പറഞ്ഞതായി കാണിച്ചുതരുമോ? എന്റെ കമന്റുകളും പോസ്റ്റുകളും അതാതിടങ്ങളില്‍ത്തന്നെയുണ്ട്.

എന്റെ മുത്തച്ഛന്റെ കാര്യം പറഞ്ഞല്ലൊ. ആദ്യം കുറിച്ചി കൃഷ്ണപിള്ള, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ എന്നിവരില്‍നിന്നു കഥകളിയഭ്യസിച്ച മുത്തച്ഛന്‍ കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാളാശാനെ ഇവിടെ താമസിപ്പിച്ച് ആ ശൈലിയിലും പ്രധാനവേഷങ്ങളെല്ലാം ചൊല്ലിയാടിയിട്ടുണ്ട്. പിന്നീടു തുടര്‍ന്നു വന്ന രീതി ആ ശൈലിയാണെന്ന് താങ്കള്‍ക്കു പറഞ്ഞുതരേണ്ടതില്ലെന്നു കരുതുന്നു.

പിന്നെ അച്ഛന്റെ കാര്യം. കൃഷ്ണന്‍‌കുട്ടി പൊതുവാളാശാനാണ് അച്ഛനെയും ചെണ്ട അഭ്യസിപ്പിക്കാന്‍ ആരംഭിച്ചത്. പിന്നെ പൊതുവാളാശാന്റെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ആയാംകുടി കുട്ടപ്പമാരാരാശാന്‍ ഇവിടെ താമസിപ്പിച്ച് അച്ഛനെ ചെണ്ട പഠിപ്പിച്ചത്. പിന്നെ കലാമണ്ഡലത്തില്‍ രാമന്‍‌കുട്ടിയാശാന്റെ കളരിയില്‍ ചൊല്ലിയാട്ടപരിശീലനത്തിനു പോയി. പൊതുവാളാശാനും ആയാംകുടി ആശാനും പിന്നെ പല്ലശ്ശന ചന്ദ്രമന്നാടിയാരാശാനുമാണ് അച്ഛനെ ചെണ്ടക്കാരനാക്കിയതെന്ന് അച്ഛന്‍തന്നെ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്!

അന്ധമായ പ്രാദേശികവികാരമല്ല എന്റെ അച്ഛനില്‍നിന്നും മുത്തച്ഛനില്‍നിന്നും ഞാന്‍ പഠിച്ചത്. തെക്കനും വടക്കനുമൊക്കെയപ്പുറം കഥകളിയെ സ്നേഹിക്കുന്നവര്‍ അവര്‍ക്കു നല്‍കിയ പുരസ്കാരങ്ങള്‍ ഭദ്രമായി ഇവിടെത്തന്നെയിരിക്കും. താങ്കള്‍ അതോര്‍ത്തു വിഷമിക്കണമെന്നില്ല.

പിന്നെ എന്റെ ആസ്വാദനശീലം. അതു ഞാനുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. അതില്‍ അച്ഛന്റെയും മുത്തച്ഛന്റെയും അഭിപ്രായമെന്തെന്നു ഞാന്‍ അന്വേഷിച്ചിട്ടില്ല. അതിന്റെ ഗുണവും ദോഷവും ഞാന്‍ അനുഭവിച്ചുകൊള്ളാം.
ഞാന്‍ ഈ കമന്റുകളിലാകെ സംസാരിച്ചതെന്തെന്ന് താളുകള്‍ പിന്നോട്ടു മറിച്ചാല്‍ കിട്ടും. നിര്‍ബന്ധിക്കുകയല്ല. കുറ്റാരോപണം നടത്തുന്നുവെങ്കില്‍ അതു തെളിയിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട് എന്നു കരുതട്ടെ.

മനോജ് കുറൂര്‍ said...

പ്രിയപ്പെട്ട കപ്ലിങ്ങാട്, കംസവധം കഴിഞ്ഞു താങ്കള്‍ എന്നോടു പിണങ്ങി ബ്ലോഗില്‍‌വരാത്തതാണെന്നാണു ഞാന്‍ കരുതിയത്. :) പരിചയപ്പെടാനായല്ലൊ. വലിയ സന്തോഷം. ഇനി ഈ ഭാഗത്തെത്തുമ്പോള്‍ അറിയിക്കുമല്ലൊ :)

വികടശിരോമണി said...

ഇനിയും മറുപടിയെഴുതാതിരുന്നാൽ ചിലപ്പോൾ ഞാൻ എന്നെ മറന്നോ എന്നു തോന്നും.അതുകൊണ്ടിനി എഴുതിയേ തീരൂ.
കുറച്ചായി ഈ ബ്ലോഗിൽ അനോനികളായി വന്ന് ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും,അറിയാത്ത മെയിൽ അഡ്രസിൽ നിന്ന് ചീത്തവിളിക്കുകയും ചെയ്യുന്നവരോട് മറുപടി അർഹിക്കാത്തവർ എന്ന അവഗണനയോടെ മിണ്ടാതിരിക്കുകയായിരുന്നു.ഒത്ത തണ്ടികളോടേ മല്ലയുദ്ധം പാടൂ എന്നു വിധിയുണ്ട്:)
ഐ.പി.ട്രാക്ക് ചെയ്യുക,ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുക,ഇതൊന്നുമല്ലെങ്കിൽ അനോനി ഒപ്ഷൻ ഒഴിവാക്കുകയോ കമന്റുകൾ മോഡറേറ്റ് ചെയ്യുകയോ ചെയ്യുക തുടങ്ങിയ സുകുമാരകലകളൊന്നും അറിയാഞ്ഞിട്ടല്ല.കമന്റിന്റെ ഉത്തരവാദിത്തം കൂടി ബ്ലോഗർക്കാണെന്ന ബോധമില്ലാഞ്ഞിട്ടുമല്ല.ചെയ്യാതിരുന്നത്,ഇത്തരം ജീർണ്ണമനസ്സുകളുടേയും വിഹാരഭൂമിയായി കഥകളിലോകം മാറിയിരിക്കുന്നു എന്ന സത്യത്തിന്റെ കണ്ണാടിയായി ഈ ബ്ലോഗ് മാറുന്നെങ്കിൽ അത് അഭിമാനകരമേ ആകൂ എന്ന ബോധം കൊണ്ടാണ്.പക്ഷേ,ക്രമേണ നിയന്ത്രണരേഖകൾ ലംഘിക്കപ്പെടുകയാണെന്നു തോന്നുന്നു.
മാത്രമല്ല,മികച്ച അനോനിക്കമന്റുകൾ പലപ്പോഴും എനിക്ക് ഈ ബ്ലോഗിൽ തന്ന ഊർജ്ജത്തെയും മറക്കുന്നില്ല.കഴിയുന്നത്ര ശ്രദ്ധിച്ച് അടുത്ത പോസ്റ്റുകൾ തയ്യാറാക്കാൻ വരെ പ്രേരിപ്പിച്ച അനോനികളുണ്ട്.അവരുടെ അവസരത്തെ ഹനിക്കാനും മനസ്സുവന്നില്ല.സ്വന്തം ബ്ലോഗ് തുടങ്ങും മുൻപ്,ഞാനും പലയിടത്തും പോയി അനോനിയാ‍യിരുന്നത് മറക്കുന്നില്ല. ആരു പറയുന്നു എന്നതല്ല,എന്തുപറയുന്നു എന്നതാണു പ്രധാനം എന്ന ബോധം സുപ്രധാനമാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.സത്യത്തിൽ,പലരും അനോനി ഒപ്ഷൻ അടച്ചപ്പോഴാണ്,ഇവരോടൊക്കെ സംസാരിക്കാൻ ഒരു ബ്ലോഗ് അഡ്രസ് വേണമല്ലോ എന്ന നിലയിൽ,ഈ അഡ്രസ് എടുക്കുന്നതു തന്നെ.പിന്നെ,ചില സുഹൃത്തുക്കളുടെ നിർബ്ബന്ധത്തിൽ ക്രമേണ ബ്ലോഗിൽ ചിലതിടാൻ തുടങ്ങുകയായിരുന്നു.
വികടശിരോമണിക്കു നേരെയുള്ള ആക്രമണങ്ങളിൽ പരാതിയില്ല.പക്ഷേ,ബ്ലോഗുമായി ഒരുതരത്തിലും ബന്ധപ്പെടാത്ത രാജ് ആനന്ദിനെ വരെ പരിധിവിട്ട ഭാഷയിൽ ആക്രമിക്കുന്നത് സഹിച്ചിരിക്കാനാവില്ല.
രാജ് അനന്ദിന്റെ എന്നല്ല,ആരുടേയും കഥകളിദർശനങ്ങളെ വിലയിരുത്തുകയോ,വിമർശിക്കുകയോ ചെയ്യുന്നതിന് എതിരല്ല.പക്ഷേ,“കഥകളിദ്രോഹി”തുടങ്ങിയ പേരുകൾ നൽകി,ആളുകളെ ചീത്തവിളിക്കുന്നത് സംവാദമല്ലല്ലോ.രാജ് ആനന്ദിന്റെ നിലപാടുകളിൽ വിയോജിപ്പുള്ളവർ,കാര്യകാരണസഹിതം അവ സമർത്ഥിക്കുകയാണ് വേണ്ടത്.കഥകളിയിൽ രാജ് ആനന്ദിന് എത്രത്തോളം വിവരമുണ്ട് എന്നളവെടുക്കുകയല്ല.
തെക്ക്-വടക്ക് തുടങ്ങിയ വിഭജനങ്ങൾക്കെതിരെ ആകാവുന്നത്ര ശക്തമായ ഭാഷയിൽ വിമർശിച്ച,കല്ലുവഴിച്ചിട്ടയുടെ ഡോഗ്മയിൽ മുഖം പൂഴ്ത്തുന്നത് അതിലും വലിയ ദുരന്തമാണെന്ന് നിരന്തരം ഇവിടെ പറഞ്ഞുകൊണ്ടിരുന്ന,എന്റെ ബ്ലോഗിന് “കല്ലുവഴി വിചാരസ്ഥലി”എന്ന പേര് ഇണങ്ങുമെന്ന് എനിക്കുതോന്നുന്നില്ല.സ്വന്തം കുട്ടിക്ക് എന്തു പേരിടണമെന്ന് തന്തയും തള്ളയും കൂടി തീരുമാനിക്കും.ആരും അതിനു കഷ്ടപ്പെടണമെന്നില്ല.നിരവധി മഹാപ്രതിഭകളുടെ മനസ്സിലൂടെയും മെയ്യിലൂടെയും ശൈലീകരിക്കപ്പെട്ട കഥകളിയുടെ ആധുനികമായ ഘടന രൂപപ്പെട്ടത് കല്ലുവഴിച്ചിട്ട എന്ന പേരിലായിപ്പോയി.അതു സംഭവിച്ചത് കന്യാകുമാരിയിലായിരുന്നെങ്കിൽ കന്യാകുമാരിച്ചിട്ടയോ,കാഞ്ഞങ്ങാടായിരുന്നെങ്കിൽ കാഞ്ഞങ്ങാടു ചിട്ടയോ ആകുമായിരുന്നു.അതിലേതു സംഭവിച്ചാലും,അതാണ് ആധുനീകരിക്കപ്പെട്ട കഥകളി എന്നു ഞാൻ പറയുമായിരുന്നു.വെള്ളിനേഴിയിൽ സംഭവിച്ചു എന്നതല്ല കല്ലുവഴിച്ചിട്ടയുടെ മഹത്വം.കല്ലുവഴിച്ചിട്ട അവിടെ ഉരുവം കൊണ്ടു എന്നത് വെള്ളിനേഴിയുടെ മഹത്വമാണ്.
‘തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്’എന്ന പേരിൽ ഞാൻ മുൻപൊരു പോസ്റ്റിട്ടിട്ടുണ്ട്.ആവശ്യമുള്ളവർക്ക് അതെടുത്ത് വായിക്കാവുന്നതാണ്.
എന്റെ ബ്ലോഗിൽ കല്ലുവഴിക്കളരിയിലെ കലാകാരന്മാരെപ്പറ്റി എഴുതണോ,അതോ തേങ്ങാക്കുലയെപ്പറ്റിയോ മാങ്ങാത്തൊലിയെപ്പറ്റിയോ എഴുതണോ തുടങ്ങിയവ തീരുമാനിക്കുന്നത് ഞാനാണ്.ആരും എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാനുള്ള മാറ്ററുകളും ഫോട്ടോകളും എനിക്ക് മെയിലായി അയച്ചുതന്നു കഷ്ടപ്പെടണമെന്നില്ല.അവ നെറ്റിൽ പ്രസിദ്ധീകരിക്കണമെന്നുള്ളവർ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി പ്രസിദ്ധീകരിച്ചുകൊള്ളുക.ബ്ലോഗ് എന്റെ തറവാട്ടുസ്വത്തല്ല.
മനോജ് കുറൂരിന്റെ അഭിപ്രായങ്ങളോടു യോജിക്കുകയോ വിയോജിക്കുകയോ ആർക്കും ചെയ്യാം.അദ്ദേഹത്തിന്റെ അച്ഛന്റേയും മുത്തച്ഛന്റേയും കാര്യം ഇവിടെ ചർച്ച ചെയ്യണമെന്നില്ല.അതിനുള്ള സ്ഥലം ഇതല്ല.
ചുരുക്കത്തിൽ,ഇത്രയേ പറയാനുള്ളൂ,ഇതൊരു മൂത്രപ്പുരച്ചുമരല്ല.ഓരോരുത്തരുടേയും അപകർഷതാബോധവിസർജ്ജനത്തിന് സ്വന്തമായി ഇടങ്ങൾ കണ്ടെത്തിക്കൊള്ളുക.

വികടശിരോമണി said...

കഥകളിയെപ്പറ്റി സംസാരിക്കാൻ ഞാനാരുമല്ല എന്ന ഉറച്ചബോധത്തോടെ ഇരുന്ന എന്നെ ഇത്രയെങ്കിലും സംസാരിക്കാനായി പ്രേരിപ്പിച്ച നോനികളും അനോനികളുമായ മുഴുവൻ സുഹൃത്തുക്കൾക്കും നന്ദിയുണ്ട്.കൾച്ചറൽ ഫാസിസം കണ്ടും കേട്ടും മടുത്താണ് ജീവിക്കുന്നത്.അതുകൊണ്ടുതന്നെ,ആരുടെ അഭിപ്രായങ്ങളേയും മുഖം നോക്കാതെ പരമാവധി പരിഗണിക്കാൻ ശ്രമിക്കാറുണ്ട്.പക്ഷേ,എല്ലാ പരിധികളും കടന്നുകൊണ്ടുള്ള ഈ ദുരുപയോഗം കലാപ്രവർത്തനമല്ല.ഇനിയും ഇതു തുടരുകയാണെങ്കിൽ,ബഹുമാന്യരും പ്രിയപ്പെട്ടവരുമായ അനോനിസുഹൃത്തുകളോടു മാപ്പുപറഞ്ഞുകൊണ്ട്,ഈ ഒപ്ഷൻ അടക്കുകയല്ലാതെ മറ്റു നിവൃത്തിയുണ്ടാവില്ല.അതിലും കടന്നാൽ കമന്റ് മോഡറേഷനും.
നന്ദി.

കപ്ലിങ്ങാട്‌ said...

വി.ശി. എല്ലാം അറിഞ്ഞിരിക്കുന്നുവല്ലൊ!ശ്ശൊ! ഇതെങ്ങിനെ സംഭവിച്ചു??ആലോചിച്ചിട്ടൊട്ടും പിടികിട്ടുന്നില്ലല്ലൊ.അന്ന് കണ്ടവരാടൊക്കെ ഞാൻ ചോദിച്ചു വി.ശി. ആരാണെന്ന്, വി.ശി. രാജ്‌ ആനന്ദാണോ, മുദ്രാഖ്യ ശശിയാണോ അങ്ങിനെ പോയി പലരുടേയും ചിന്തകൾ:-)

രണ്ടാംദിവസത്തിൽ ആദ്യരംഗം മാത്രമെ ഗോപിയാശാന്റെ ഉണ്ടാവുള്ളുവെന്നും കംസവധത്തിൽ കേകി ഉണ്ടാകുമെന്നും കണക്കുകൂട്ടിയാണ്‌ പോയത്‌.ആദ്യത്തേത്‌ ശരിയായി, രണ്ടാമത്തേത്‌ തെറ്റി.പക്ഷെ മനോജേട്ടനേയും വേറെ സുഹൃത്തുക്കളേയും പരിചയപ്പെടാൻ പറ്റി:-)

വികടശിരോമണി said...

ഹഹഹ...
മോഹൻ‌ലാലു പറയും പോലെ,
“എല്ലാമറിയുന്നവൻ ഞാൻ”എന്നു കേട്ടിട്ടില്ലേ കപ്ലിങ്ങാടേ?
ഇപ്പൊ രാജ് ആനന്ദിന്റെ ലേഖനമിട്ടതോടെ,ഞാൻ രാജ് ആനന്ദല്ല എന്നുറപ്പായല്ലോ.
പിന്നെ,ശശി.അതും,എന്റെ അറിവിൽ പെട്ടിടത്തോളം സാദ്ധ്യതയില്ല:)

കപ്ലിങ്ങാട്‌ said...

ഉം..വി.ശി., വരട്ടെ, കാണാം..

നൃത്ത-നൃത്യങ്ങളെപ്പറ്റിയുള്ള ചർച്ച വിജ്ഞാനപ്രദമായി. മൂലശാസ്ത്രഗ്രന്ഥങ്ങൾ വായിച്ച പരിചയമില്ലെങ്കിലും ചില സംശയങ്ങൾ ഇവിടെ എഴുതിവെയ്ക്കാൻ ധൈര്യപ്പെടട്ടെ.

കേവലം താളലയാശ്രിതമായ ഗാത്രവിക്ഷേപത്തെ ഒരു അടിസ്ഥാന ഘടകം ആയി വിചാരിക്കാം. ഭരതന്റെ കാലത്ത്‌ നൃത്തശബ്ദത്തിന്റെ അർത്ഥവ്യാപ്തി വലുതായിരുന്നു-നൃത്യവും അതിൽ അടങ്ങിയിരുന്നു എന്നു പറയാം. ദശരൂപകകാലം ആയപ്പോഴേക്കും ഈ അടിസ്ഥാനഘടകത്തെ നൃത്തം എന്നും ഭാവാശ്രിതമായതിനെ നൃത്യമെന്നുമുള്ള നിർവ്വചനം രൂപപ്പെട്ടു വന്നു. ഇങ്ങനെ മനസ്സിലാക്കുന്നത്‌ അബദ്ധമാണോ?

വേറൊരു (അടിസ്ഥാനപരമായ) സംശയം ഭാവവും രസവും തമ്മിലുള്ള വ്യത്യാസമെന്തെന്നാണ്‌. ഭാവം എപ്പോൾ/എങ്ങനെ രസമായി ഭവിക്കുന്നു?

വികടശിരോമണി said...

കപ്ലിങ്ങാട്,
അങ്ങനെ മനസ്സിലാക്കുന്നതിൽ പൂർണ്ണമായ തെറ്റില്ല എന്നേ പറയാനാവൂ.ധനജ്ഞയനു മുൻപുതന്നെ,നൃത്ത-നൃത്യപദങ്ങളൊക്കെ ഭാരതീയ മീമാംസയിൽ വന്നിട്ടുണ്ട്.
“വിഭാവാനുഭാവസംയോഗാദ്‌രസനിഷ്പത്തി”എന്നു ഭരതൻ.വിഭാവം,അനുഭാവം എന്നിവയുടെ സംയോഗത്താലാണ് രസം ഉണ്ടാകുന്നത്.
വലിയൊരു വിഷയാണത്,ഇവിടെ തീരില്ല.കപ്ലിങ്ങാടിനെപ്പോലെ സീരിയസ്സായി കഥകളിയെ സമീപിക്കുന്നവർ എന്തായാലും ശാസ്ത്രഗ്രന്ഥങ്ങൾ വായിക്കണം.അതിൽ പറഞ്ഞതൊന്നും അല്ല കഥകളി എന്നു മനസ്സിലാക്കാനെങ്കിലും:)
ഉപദേശിച്ചതല്ല,ട്ടോ:)
പിന്നീടെപ്പോഴെങ്കിലും ഭാവം-രസം എന്നിവയെക്കുറിച്ച് പോസ്റ്റാൻ ശ്രമിക്കാം.
അതിലൊക്കെയുള്ള പ്രശ്നം,എന്നേക്കാൾ അക്കാര്യത്തിൽ യോഗ്യരായവർ ഇവിടെ ധാരാളണ്ട് എന്നതാണ്:)

മനോജ് കുറൂര്‍ said...

ഹഹ! കപ്ലിങ്ങാട്, അതുകൊണ്ടല്ലേ പുള്ളി ‘വികടശിരോമണി’യായത്! പിന്നെ ഞാനൊരു സംശയം ചോദിക്കട്ടേ? (ഒന്നാമത് തല്ലാന്‍ വരെ ആളു നില്‍ക്കുന്നു! ഇനി ഇതുംകൂടിയായാല്‍!)എപ്പോഴും നാമെന്തിന് ഈ പ്രാചീനശാസ്ത്രഗ്രന്ഥങ്ങളിലേക്കു പോകണം? കഥകളിയുടെ ഘടന മുന്നില്‍നിര്‍ത്തുകയും അതു വിശദീകരിക്കാനുതകുന്ന സാങ്കേതികഘടകങ്ങള്‍ പ്രാചീനമോ നവീനമോ ആയ ശാസ്ത്രഗ്രന്ഥങ്ങളില്‍നിന്നു സ്വീകരിച്ചാല്‍ പോരേ? ഒരുദാഹരണം പറഞ്ഞാല്‍ ‘കാലോ ലഘ്വാദിമിതയാ ക്രിയയാ സം‌മിതോമിതി ഗീതാദേര്‍ വിദധ: താള:’ എന്ന താളനിര്‍വചനവുമായി തായമ്പക കേള്‍ക്കാന്‍ ചെന്നാല്‍ ശാസ്ത്രസമ്മതമാവില്ല. അവിടെ ‘താള: കാലക്രിയാമാനം’ എന്ന നിര്‍വചനം ധാരാളം മതിയാവുകയും ചെയ്യും. പ്രാചീനരോ നവീനരോ ആയ ശാസ്ത്രകാരന്മാര്‍ തങ്ങള്‍ക്കു പരിചയമുള്ള കലകള്‍ക്കിണങ്ങുന്ന തരത്തില്‍ രൂപപ്പെടുത്തിയ കലാസങ്കല്പങ്ങളാണല്ലോ അവ. അവയില്‍ ചിലതൊക്കെ പിന്നീടുവന്ന കലകള്‍ക്കു യോജിച്ചേക്കും. ചിലതു യോജിക്കുകയില്ല താനും. അപ്പോള്‍ നാം വിലയിരുത്തുന്ന കലയ്ക്ക് ഇണങ്ങുന്ന ശാസ്ത്രസങ്കേതങ്ങളേ സ്വീകരിക്കാവൂ എന്നതാണ് എന്റെ പക്ഷം. അതു സ്വീകരിക്കുകതന്നെ ചെയ്യണം. കാരണം അത് അപഗ്രഥനത്തെ കൂടുതല്‍ കൃത്യവും സുഗമവുമാക്കും എന്നു തോന്നുന്നു. അഭിപ്രായം മാത്രമാണു കേട്ടോ :)

കപ്ലിങ്ങാട്‌ said...

മനോജേട്ടാ, അങ്ങയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. ശാസ്ത്രവും കലാവിഷ്കാരവും പരസ്പരസ്വാധീനകങ്ങളാകണം എന്ന് ഞാൻ ഇതിനുമുമ്പ്പു പറഞ്ഞിട്ടുണ്ട്‌. കഥകളിചർച്ചകളിൽ ശാസ്ത്രചർച്ചകൾ പലപ്പോഴും അതിരുകടക്കുന്നു എന്നാണ്‌ എന്റെയഭിപ്രായം. ശാസ്ത്രചർച്ച അപഗ്രഥനത്തിന്റെ ഒരു വഴി മാത്രമാണ്‌. ഇവിടെ നൃത്ത-നൃത്യ ചർച്ചയുണ്ടായപ്പോൾ ഞാൻ കൂട്ടത്തിൽ കൂടി എന്നുമാത്രം.

കലയെ ശാസ്ത്രത്തിന്റെ ചട്ടക്കൂടിൽ നിർത്തുന്നതിൽ ചെറിയ ഒരു വൈരുദ്ധ്യമുണ്ട്‌-കലയുടെ അനർഗ്ഗളപ്രവാഹത്തിനു തടയണകെട്ടുകയാണ്‌ ശാസ്ത്രം ചെയ്യുന്നത്‌ എന്ന് തോന്നിയിട്ടുണ്ട്‌. കഥകളിയെ ശാസ്ത്രസങ്കേതങ്ങൾ കൊണ്ട്‌ നിർവചിക്കാൻ ശ്രമിക്കുന്നതിനേക്കാളും എനിക്ക്‌ താൽപര്യം ശാസ്ത്രം(പ്രാചീനവും നവീനവും) കഥകളിയും മറ്റു കലാരൂപങ്ങളും നിർവ്വചിക്കുന്നതിൽ എത്ര വിജയിച്ചു എന്നന്വേഷിക്കുന്നതിലാണ്‌.

വികടശിരോമണി said...

എന്റെ മനോജേ,അതല്ലേ ഞാൻ പറഞ്ഞേ,അതിൽ പറയണതൊന്നുമല്ല കഥകളിന്ന് മനസ്സിലാക്കാൻ ശാസ്ത്രഗ്രന്ഥങ്ങൾ വായിക്കണംന്ന്:)
പക്ഷേ,കപ്ലിങ്ങാട് പറഞ്ഞ പോലെ,അതിരുകടക്കലിന്റേയൊന്നും പ്രശ്നമുണ്ടെന്നു തോന്നുന്നില്ല.
പ്രാചീനശാസ്ത്രഗ്രന്ഥങ്ങൾ വായിക്കുന്നത്,കഥകളിയെ അതുവെച്ച് വെട്ടിമാറ്റിയും വലിച്ചുനീട്ടിയും ശരിയാക്കാനുള്ള പ്രോക്രസ്റ്റസിന്റെ കട്ടിലുണ്ടാക്കാനല്ല.കലാദർശനങ്ങളിൽ നാം കടന്നുപോന്ന പാതകളെ തിരിച്ചറിയാനാണ്.അതിൽ തെറ്റുണ്ടെന്നു തോന്നിയിട്ടില്ല.പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അവക്ക്,ഒരു അക്കാദമിക്ക് സ്വഭാവം പോലുമില്ല.പക്ഷേ,അവ പഠിക്കുന്നത് പലനിലക്കും സഹായകമാണെന്നാണെന്റെ പക്ഷം.വൃത്തബോധത്തോടെ വൃത്തത്തെ തിരസ്കരിക്കുക,മുദ്രാബോധത്തോടെ മുദ്രയെ തിരസ്കരിക്കുക എന്നൊക്കെ പറയും‌പോലെ:)
{കഥകളിയിലും അതുണ്ടല്ലോ.മുദ്രയിലൊക്കെ കണ്ണുടക്കി നിൽക്കുന്ന ഒരു ഘട്ടം പിന്നിട്ടാൽ,നാം മുദ്രയുടെയപ്പുറത്തുള്ള മറ്റേതെല്ലാമോ ലാവണ്യമാനങ്ങളിലെക്കു യാത്രചെയ്യാനാവും.അതിനാദ്യം മുദ്രകൾ അറിഞ്ഞേ പറ്റൂ.അറിയാത്ത ഒന്നിനെ ഭംഗിയായി തിരസ്കരിക്കാനാവില്ല:)
ഒരുകാര്യത്തെപ്പറ്റി പഠിക്കാതെ,അതിനേപ്പറ്റി അഭിപ്രായങ്ങൾ പറയുന്നത് നന്നോ കപ്ലിങ്ങാട്?അറിയില്ല.
ഒരു കേരളീയകലയും(ഒരു പരിധി വരെ,കൂടിയാട്ടമൊഴിച്ചാൽ)ഭാരതീയസിദ്ധാന്തങ്ങളെ പ്രത്യക്ഷവത്കരിക്കുന്ന കലാപ്രകടനങ്ങളല്ല.പക്ഷേ,ഈ വാചകം ഇങ്ങനെ കേട്ടു മനസ്സിലാക്കുന്നതിലും നന്ന്,എന്താണ് ഭാരതീയ നാട്യവിചാരങ്ങളെന്ന് സാമാന്യജ്ഞാനമാർജ്ജിക്കുകയും,എന്നിട്ട് അതിനെ തിരസ്കരിക്കയും ചെയ്യുന്നതിൽ എന്നാണെന്റെ വിശ്വാസം.
എന്നാൽ,ചരിത്രപരമായി പഠനങ്ങളിലേർപ്പെടുമ്പോൾ,ഇവയിൽ പലതും ഉപയുക്തമാവുകയും ചെയ്യും.കൊട്ടാരക്കരത്തമ്പുരാനെപ്പറ്റി കൃത്യമായ ഒരു പഠനം നടക്കുമ്പോൾ,ശക്തിഭദ്രനേയും ഭാസനേയും അഭിഷേകത്തെയും ഒക്കെ അറിയാതിരിക്കുന്നത് ന്യൂനതയാണെന്നേ ഞാൻ പറയൂ.
കലയുടെ അനർഗ്ഗളപ്രവാഹത്തെ ഒന്നും ചെയ്യാൻ പഠനങ്ങൾക്കാവില്ലെന്നേ.
വഴക്കില്ല,കെട്ടോ.ഞാനും മനോജുമൊക്കെ ഇക്കാര്യത്തിൽ ഒരേ തോണിയിലാണെന്നറിയാം.മനോജിന് ഇക്കാര്യങ്ങളിൽ എന്നേക്കാളറിവുണ്ടെന്നും:)

Anonymous said...

Even though I couldn’t able to understand the contents fully, I can feel the geniuses of the author and the commanders like Mr. Manoj, Mr. Kapplingadu and Mr.Madhavankutty etc.

My god…what a discussion is this. Really brain storming.

It is true that if you want to rebuff something first you need to be master in it. It is said that an atheist is the one who knows everything about god.

I used to see lot of Kathakali performances in the past and “retired hurt” some 5 years back. My appreciation of the Kathakali was never grown beyond the understanding of padams and mudras. So there is a limitation. Once you can able to understand the mudras and familiar with the padams then it is more like seeing a movie or a drama. It is not possible for one (at least for me) to continue seeing Kathakali like that. So in that situation one need to be upgraded to the next level, which is the technicalities mentioned in this blog. Since it is not easy to do that most of the appreciations will ends there. I really had (still have) a desire to know more about the technicalities of the Kathakali and what the veterans like Bharathamauni, Abhinavaguptan, Dhanjayan etc were written. But mainly the laziness and slightly the situations of me don’t allow me to do that. It is true that if you want to know more about the Kathakali, you need to see the Cholliyaattam for a long period. By seeing Cholliyaattam only one can be familiar with these technicalities. For these you need to dedicate lot of time. There the practical difficulties are arising.

Dear Vee.See if you can inform me from where we can get these scientific text of Abinavagupta, Dhananjaya etc. I have a copy of Natyasastra translated by K.P.Narayana Pisharody. It has only the word by word meaning of the Slokas and doesn’t has much explanations.

വികടശിരോമണി said...

വികടശിരോമണിയിൽ ഒരു പുതിയ പോസ്റ്റിട്ടു.
ഇവിടത്തെ കാര്യങ്ങളുമായി ചെറിയ ബന്ധം ആരോപിക്കാം:)
http://vikatasiromani.blogspot.com/2009/05/blog-post_25.html
സ്വാഗതം....

കപ്ലിങ്ങാട്‌ said...

പ്രിയ വി.ശി., ഉത്തരങ്ങൾക്ക്‌ വളരെയധികം നന്ദി. ദശരൂപകകാലത്ത്‌ എന്നല്ല, ദശരൂപകകാലമായപ്പോഴേക്കും എന്നാണ്‌ ഞാൻ പറഞ്ഞത്‌. നൃത്യശബ്ദം മഹാഭാരതത്തിലുണ്ടെന്ന് വായിച്ചിട്ടുണ്ട്‌.

ഭാവ-രസത്തെക്കുറിച്ച്‌ സമയവും തരവും കിട്ടുമ്പോൾ ലേഖനമിടൂ. ഭരതന്റേയും അതിനു ശേഷം വന്ന നിർവ്വചനങ്ങളും ഞാൻ കണ്ടിട്ടുണ്ട്‌. പക്ഷേ പലകാര്യങ്ങളും ദഹിക്കാതെ കിടക്കുന്നു. ബൗദ്ധ, ശൈവ സംസ്കാരങ്ങളുടെ വീക്ഷണവും മറ്റും വരുമ്പോളും സംശയങ്ങളാണ്‌. കൂടുതൽ ലേഖനമിടുമ്പോൾ ചർച്ച ചെയ്യാം.

വി.ശി., ശാസ്ത്രഗ്രന്ഥങ്ങളുടെ വ്യാഖാനങ്ങളും, അതിന്റെ വ്യാഖ്യാനങ്ങളും, പഠനങ്ങളും മറ്റും വായിച്ച്‌ സ്വരുക്കൂട്ടിയ അറിവ്‌ തുണ്ടുകഷ്ണങ്ങളും, കുറച്ച്‌ ഇന്റ്യൂഷനും കൂട്ടിച്ചേർത്ത്‌ സ്വൽപനേരത്തേയ്ക്ക്‌ അറിവില്ലായ്മയുടെ അപകർഷതാബോധം മാറ്റി വെച്ച്‌ പടച്ചുവിടുന്ന തോന്നലുകൾ മാത്രമല്ലേ ഇതൊക്കെ? ശാസ്ത്രത്തെയോ, ശാസ്ത്രചർച്ചയേയോ ഞാൻ തിരസ്കരിച്ചു എന്നൊന്നും പറയരുതേ. ശാസ്ത്രാവബോധം, ചരിത്രപശ്ചാത്തലം പഠിക്കുക ഇതൊക്കെ വളരെ ആവശ്യകരം തന്നെ. അതിരു കടന്നു എന്നു പറഞ്ഞപ്പോൾ (മോശമായ അർത്ഥത്തിലല്ല) കഥകളിയുടെ പരിസരം മറന്ന്, ശാസ്ത്രചർച്ച പലപ്പോഴും കേവലം ബൗദ്ധികവ്യായാമമായി പരിണമിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌, ഉദാഹരണത്തിനു അധികമൊന്നും പോകണ്ട, കഴിഞ്ഞ 20 വർഷത്തെ സോവനീറുകളിലൂടെയും മറ്റും ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. അത്തരം ചർച്ചകളും വളരെ വിജ്ഞാനപ്രദം തന്നെ. എന്നാൽ പോലും ഇവിടുത്തെ ചർച്ചയിൽ അങ്ങനെ സംഭവിച്ചു എന്നൊന്നും ഞാൻ അർത്ഥമാക്കിയില്ല, അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കൂ. അതേസമയം എന്റെ അന്വേഷണവഴി കുറച്ച്‌ വ്യത്യസ്തമാണ്‌ എന്നുമാത്രം വിനീതമായി പറയട്ടെ.

മൂലശാസ്ത്രഗ്രന്ഥങ്ങളുമായി നേരിട്ടുള്ള പരിചയം സംസ്കൃത വ്യുൽപത്തി കുറവായതുകാരണം കുറവാണ്‌. അതുണ്ടെങ്കിൽ തന്നെ ശാസ്ത്രം മനസ്സിലാക്കാൻ കലയുടെ വഴിയിലൂടെ കുറച്ചെങ്കിലും സഞ്ചരിക്കണം എന്നാണെന്റെ അഭിപ്രായം (നേരത്തെ ചോദിച്ച ഭാവ-രസത്തെക്കുറിച്ചുള്ള സംശയവുമൊക്കെ ഇക്കാരണം കൊണ്ടാണ്‌ എന്നുതോന്നുന്നു). ഈ തോന്നലുകൾ പക്ഷെ പെട്ടെന്നുണ്ടായതല്ല, ഏറെക്കാലമായി മനസ്സിലുള്ളതും അനുദിനം പ്രബലപ്പെട്ടുവന്നവയുമാണ്‌. നാട്യശാസ്ത്രത്തിൽനിന്നും വേറിട്ട കഥകളിയുടെ അപഥസഞ്ചാരങ്ങളുടെ കാര്യവും അതുപോലെ തന്നെ. കഥകളി തികച്ചും ശാസ്ത്രസമ്മതമാണെന്നൊന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല, മറിച്ചാണെന്റേയും തോന്നൽ.

പഠനങ്ങൾ കലയുടെ പ്രവാഹം തടയും എന്നല്ലല്ലോ ഞാൻ പറഞ്ഞത്‌. അവിടെയും നല്ല അർത്ഥത്തിൽ ശാസ്ത്രം തടയണ പോലെ കലയ്ക്ക്‌ അടുക്കും ചിട്ടയും ദിശാബോധവും നൽകുമെന്നാണ്‌ ഉദ്ദേശിച്ചതു. പക്ഷേ അപ്പോഴുണ്ടാകുന്ന ഒരു ചെറിയ വൈരുദ്ധ്യം സൂചിപ്പിച്ചുവെന്നു മാത്രം.

പിന്നെ തോണിയുടെ കാര്യം പറഞ്ഞതുകൊണ്ട്‌ ഒരു രഹസ്യം പറയട്ടെ. എനിക്കു ഒറ്റയ്ക്ക്‌ തോണിയിൽ സഞ്ചരിക്കാനാണിഷ്ടം:-) ഇടക്ക്‌ ഒപ്പം തോണികളെ കൂട്ടാം, പിന്നെ വഴിമാറിയും അങ്ങനെ സഞ്ചരിക്കാനാണിഷ്ടം. ഒപ്പം ആളുണ്ടെങ്കിൽ എങ്ങാനും വഴക്കുകൂടി ഉന്തിത്തള്ളി വെള്ളത്തിലേക്കിട്ടാലോ !:-)

വികടശിരോമണി said...

paradooshanan,
വരവിനും വായനക്കും അഭിപ്രായങ്ങൾക്കും നന്ദി.വീണ്ടും വരൂ.
കപ്ലിങ്ങാട്,
സശയമില്ല,അസംബന്ധമാണ് കഥകളിയെ നാട്യശാസ്ത്രം തുറന്നുവെച്ചു ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്.കലയിലൂടെയുള്ള നടത്തം തന്നെയാ പ്രധാനം.
ഞാൻ ചിലപ്പോഴൊക്കെ ചിലരുടെ തോണിയിൽ കയറും,ചിലപ്പൊ രണ്ടുതോണീൽ കാലുവെച്ചെന്നിരിക്കും,ചിലപ്പൊ തോണികളൊക്കെ ഉപേക്ഷിച്ച് നീന്താൻ നോക്കും,അങ്ങനെയൊക്കെ പോകുന്നു:)
കപ്ലിങ്ങാടിനേപ്പോലുള്ളവർ വ്യത്യസ്തായി കാണുന്നു എന്നറിഞ്ഞതിൽ സന്തോഷം.ഞാനും അതിനു ശ്രമിക്കുന്നൂന്നേ പറയാനാവൂ.എന്തെങ്കിലും എന്റെ കാഴ്ച്ചകളിൽ വ്യത്യസ്തയുണ്ടെന്നു തോന്നിയിട്ടില്ല.കണ്ടതിനേപ്പറ്റിയുള്ള ചില തോന്നലുകൾ നിങ്ങളൊക്കെയുമായി പങ്കുവെക്കാനായതിൽ സന്തോഷമുണ്ട്.
നന്ദി.

Anonymous said...

വികടശിരോമണീടെ ഇങ്ങനൊരു വികൃതി ലക്ഷ്മി പബ്ലിഷ് ചെയ്തതു കണ്ടുവോ കൂട്ടരേ?
http://lakzkumar.blogspot.com/2009/05/blog-post.html