ഒരു കളിവിളക്കിന്റെ തിരി വീണ്ടും ജ്വലിച്ചുതുടങ്ങിയിരിക്കുന്നു!വീണ്ടും കലാമണ്ഡലം വാസുപ്പിഷാരടിയുടെ കാലം ആരംഭിക്കുകയാണ്.ഇക്കഴിഞ്ഞ മെയ് 14ന് ഗുരുവായൂർ നടയ്ക്കൽ നടന്ന നാലാംദിവസത്തിലെ ബാഹുകൻ,വേദനകളുടെ ഇരുൾക്കാലത്തെ തന്റെ പ്രിയവേഷമായ ഉൽഭവം രാവണനെപ്പോലെ മനസ്ഥൈര്യം കൊണ്ടു കുടഞ്ഞെറിഞ്ഞ വിജിഗീഷുവിന്റെ പ്രത്യായനമായിരുന്നു.കലയോടു സമർപ്പിതചേതസ്സായ മനുഷ്യനു മുന്നിൽ തോൽക്കാത്ത പ്രതിസന്ധികളില്ല എന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു!സത്യത്തിൽ,വാസുവാശാൻ കഥകളിയെ എന്നതിനേക്കാളും,കഥകളി വാസുവാശാനെയാണ് ആവശ്യപ്പെട്ടിരുന്നത് എന്നു തോന്നുന്നു.പട്ടിയ്ക്കാംതൊടിക്കളരിയുടെ ധൈഷണികതാവഴിയായ വാഴേങ്കടമാർഗം,അത്രമേൽ സഞ്ചാരശൂന്യമായിപ്പോയിരുന്നു.ആവർത്തനം കൊണ്ടു സൃഷ്ടിക്കപ്പെടേണ്ട കലാപരമായ ആവൃത്തിയെപ്പറ്റി ബോധമില്ലാതായ സമകാലകഥകളി,വാസുവാശാന്റെ തിരിച്ചുവരവിനായി ഉള്ളുരുകി പ്രാർത്ഥിച്ചിരിക്കണം.ആ ചരിത്രത്തിന്റെ പ്രാർത്ഥനയാണ് വാസുവാശാനെ തിരിച്ചെത്തിച്ചത്.വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനുശേഷം ലഭിച്ച ഈ ആഹ്ലാദനിമിഷത്തിൽ,അദ്ദേഹത്തെ തിരിച്ചെത്തിച്ച സകല ചികിത്സകർക്കും കഥകളിലോകം നന്ദിപറയണം.
ഗുരുവായൂർ നടയ്ക്കലെ നാലാം ദിവസം
---------------------------------------------------

കോങ്ങാടുവെച്ച് ദക്ഷയാഗത്തിലെ ഒരു പദം ചെയ്തിരുന്നെങ്കിലും,നളചരിതം നാലാംദിവസത്തിലെ ബാഹുകനേപ്പോലെ ഒരു മുഴുനീള ആദ്യാവസാനവേഷം വാസുവാശാന് ചെയ്തു പൂർത്തിയാക്കാനാവുമോ എന്ന ആശങ്ക ഗുരുവായൂരിൽ നിന്നു പരിഹരിക്കപ്പെട്ടു.ഊർജ്ജത്തെ കലാത്മകമായി വിനിയോഗിക്കുന്ന വാസുപ്പിഷാരടിയുടെ രംഗതന്ത്രം അന്ത്യരംഗത്തിൽ വരെ വാസുവാശാനെ ഉന്മിഷിത്തായി നിലനിർത്തി.കഥകളിയുടെ ശൈലീകൃതസൌന്ദര്യതലത്തെ നിരസിക്കാത്ത,അമിതവൈകാരികതകളുടെ വേലിയേറ്റമില്ലാത്ത വാസുവാശാൻ ബാഹുകന്റെ തനതുലാവണ്യത്തിന്റെ തിരിച്ചുവരവായിരുന്നു ഗുരുവായൂരിൽ കണ്ടത്.വർഷങ്ങളോളം കഥകളിയിൽ നിന്നകന്ന ശരീരത്തിലേക്ക് മനസ്സിലെന്നും സമീപസ്ഥമായിരുന്ന രംഗബോധം ഊർജ്ജം പകരുകയായിരുന്നുവെന്നു തോന്നുന്നു.കേശിനിയുമൊത്തുള്ള രംഗത്തിൽ,ഇടയ്ക്കിടെ കുതിരകളെ നോക്കുന്ന തനതുശൈലിപോലും വിട്ടുകളയാതെ ചെയ്തു.പാചകത്തിന്റെ ദൈർഘ്യം പരമാവധി ഒതുക്കി,ആവശ്യമായ സൂചകങ്ങളൊന്നും വിട്ടുകളയാതെ പൂർത്തീകരിക്കുന്നത് പുതിയ ബാഹുകന്മാർ കണ്ടുമനസ്സിലാക്കേണ്ടതായിരുന്നു.
“ആനന്ദതുന്ദിലനായ്”എന്ന പദത്തിൽ,സർവ്വാനന്ദദായകമായ ആ പ്രത്യായനത്തിന്റെ മുഴുവൻ ഭാവലയവും നിറഞ്ഞുനിന്നു.“ഉയിർവേരറവോ”ളം കഥകളിയെന്ന പ്രേയസിയുമായി ചേർന്നുവാഴാൻ കൊതിക്കുന്ന ചേതനക്കൊപ്പം,ചിലങ്കകൾ കരഞ്ഞു.“നാഥാ നിന്നെക്കാണാഞ്ഞൂ”എന്ന പദത്തിൽ ദമയന്തി നളനെ സംബോധന ചെയ്യുമ്പോൾ,“ഇങ്ങോട്ടല്ല;അങ്ങോട്ട്”എന്ന അർത്ഥത്തിൽ ശ്രീകോവിലിലേക്ക് ആശാൻ ചൂണ്ടിക്കാണിച്ചത് ഏതു കഥകളിപ്രേമിയുടെ കണ്ണുകളേയും ഈറനണിയിച്ചിരിക്കണം.
ഈ തിരിച്ചുവരവ് കാലത്തിന്റെ ആവശ്യമാണ്.കഥകളിയുടെ തനതുസൌന്ദര്യത്തിന്റെ വിജയം.വർഷങ്ങളോളം നടന്ന ഔഷധപ്രയോഗങ്ങൾ പുനരുജ്ജീവിപ്പിച്ചത് ഇന്നു കഥകളിക്കേറ്റവും അത്യാവശ്യമായ ഔഷധിയേയാണ്.സന്താനഗോപാലം ബ്രാഹ്മണനും,കീചകനുമെല്ലാം ഇനിയും നമ്മെ കാത്തിരിക്കുന്നു എന്ന ഗുരുവായൂരിലെ ഈ അറിയിപ്പിനു മുന്നിൽ മനംനിറഞ്ഞ ആഹ്ലാദത്തോടെ നമസ്കരിക്കുന്നു.
“ മന്ദപവനൻ തഴുകവേ,കൂരിരുൾ-
ഗ്രന്ഥി ഭേദിച്ചു വിരിയുന്നു കോരകം
ദേവൻ ദിനേശൻ തൊടുമ്പോൾ തമിസ്രമാം
രാവു വെളിച്ചം വിതറും പ്രഭാതമാം!”