കേരളത്തിൽ ഫലിതപാരമ്പര്യത്തിന് കരുത്തുറ്റ അടിവേരുകളുണ്ട്.ദശാവതാരങ്ങളിലൊന്ന് ഒരു മഴുവെറിഞ്ഞാണ് കേരളമുണ്ടായത് എന്ന ഐതിഹ്യത്തിൽ പോലും,ആ ഫലിതത്തിന്റെ മിന്നൽത്തിളക്കമുണ്ട്.മറ്റെങ്ങും കണ്ടുകിട്ടാത്ത ഒരു സവിശേഷതയാണ്,ഭക്തികേന്ദ്രമായ ക്ഷേത്രത്തിനകത്ത് ഫലിതം പറയാൻ ഒരു കൂത്തമ്പലവും(അതും അമ്പലം തന്നെ!)അതിനായി പ്രത്യേകമൊരു വർഗവും.ഭക്തിരസം പ്രസരിപ്പിക്കേണ്ട അമ്പലമതിൽക്കെട്ടിൽ ഫലിതദുർഗങ്ങൾ തീർത്തുവെക്കുകയും,പ്രജകളെ,രാജാവിനെ,ദൈവങ്ങളെപ്പോലും ഹാസ്യമയമാക്കുന്ന ഒരു കലയെ അതിനകത്തു പ്രതിഷ്ഠിക്കുകയും ചെയ്ത കേരളചരിത്രത്തിലെ ഈ അതിഫലിതം,ഭാരതത്തിന്റെ ഭക്തിപാരമ്പര്യത്തിലെ തികച്ചും വേറിട്ട അദ്ധ്യായമാണ്.കൂത്തിലും,കൂടിയാട്ടത്തിലും,പാങ്കളിയിലും,കാക്കരശ്ശിയിലും,പാനേങ്കളിയിലും,പൊറാട്ടുനാടകത്തിലും,വടക്കൻപൊറാട്ടിലും,പാവക്കൂത്തിലും,ചെറുമക്കളിയിലും,തീയ്യാട്ടിലും,തെയ്യത്തിലും,മുടിയേറ്റിലും,വേലകളിയിലും,കുമ്മാട്ടിയിലും,തുള്ളലിലും എന്നുവേണ്ട,മലയാളമനസ്സ് രൂപം കൊടുത്ത സകലകലാസങ്കൽപ്പങ്ങളിലും ഫലിതപ്രവാഹമുണ്ട്.കണ്ണീരിനെ ആനന്ദബാഷ്പമാക്കി മാറ്റുന്ന രസവിദ്യയാണു കല എന്നു മലയാളി എന്നേതിരിച്ചറിഞ്ഞു.പ്രതിഷേധവും,നിലവിളിയും,പ്രതിരോധവുമെല്ലാം
ഫലിതസാദ്ധ്യമാണ് എന്നു തെളിയിച്ചതാണു നമ്മുടെ ചരിത്രം.
ശതാബ്ദങ്ങളിലൂടെ നാമാർജ്ജിച്ച കലാസംസ്കൃതിയുടെ ഉദ്ഗ്രഥിതതലത്തിലുള്ള സമന്വയം ആണു കഥകളിയിലൂടെ നടന്നത്.സ്വാഭാവികമായും,ഏറ്റവും ശൈലീകൃതമായ അളവിൽ ഓരോ കലയുടെയും ഉപാംശങ്ങളെ ഏറ്റുവാങ്ങിയപ്പോൾ കളിയരങ്ങ് അവയുടെ ഉപരിതലസ്പർശികളായ വിശദാംശങ്ങളെ തിരസ്കരിച്ചു,ആ കൂട്ടത്തിൽ ഫലിതവും പെട്ടു.കൂടിയാട്ടത്തിൽ നിന്നു വിദൂഷകനേയോ,കാക്കരശ്ശിയിൽ നിന്നു കാക്കാലനേയോ,സംഘക്കളിയിൽ നിന്ന് ഇട്ടിക്കണ്ടപ്പനേയോ വേണമെന്ന് കഥകളിക്കൊരിക്കലും തോന്നിയില്ല.എന്നാൽ,കണ്ടിരുന്നവർ,ഭാരതത്തിലങ്ങോളമിങ്ങോളമുള്ള ബ്രാഹ്മണവർഗ്ഗത്തിൽ ഏറ്റവും ഫലിതപ്രിയരായ കേരളീയ നമ്പൂതിരിമാരായതുകൊണ്ട്,ഭീരുവും ആശാരിയും മണ്ണാനും മണ്ണാത്തിയും ആനക്കാരനും ഒന്നും കൂടാതെ കഴിയുമായിരുന്നില്ല.അവയിൽ മിക്കതും കഥകളിയുടെ സമഗ്രരൂപത്തോടു കലഹിച്ചുതന്നെ നിലകൊണ്ടു,അന്നും,ഇന്നും.
കഥകളിയുടെ ഹാസ്യം അതുകൊണ്ടുതന്നെ,അരങ്ങിലൊതുങ്ങുന്ന ഒരു ക്രിയാപദ്ധതിയായില്ല.കഥകളിയെക്കുറിച്ചുള്ള ഫലിതവും,കഥകളിക്കാരുടെ ഫലിതവുംആയി,അതു പടർന്നു കിടക്കുന്നു.അവയുടെ ഉള്ളറകളിലേക്കു കടക്കാനുള്ള ഒരു ശ്രമം നടത്തിനോക്കട്ടെ.കഥകളിഫലിതത്തിന്റെ ഈ വീഥികളിൽ കളിയരങ്ങിന്റെ ചരിത്രവും,മനസ്സും ഇഴചേരുന്നു.
സൌകര്യാർത്ഥം,ചില വിഭജനങ്ങൾ നടത്തട്ടെ.ഇനി നമുക്കൊന്നിച്ചു ചിരിച്ചുചിന്തിക്കാം…:
വാമൊഴിഫലിതങ്ങളുടെ ആഘോഷം
-------------------------------------------
കഥകളിയെക്കുറിച്ചു പരന്ന വാമൊഴിഫലിതങ്ങളിൽ ഭൂരിഭാഗവും നമ്പൂതിരി വർഗ്ഗവുമായി ബന്ധപ്പെട്ടുനിൽക്കുന്നത് സ്വാഭാവികമാണ്.ഏറ്റവും ചിരിക്കാനറിയുന്ന ബ്രാഹ്മണൻ കേരളീയബ്രാഹ്മണൻ തന്നെയായിരുന്നു,തമിഴ് പട്ടർക്കു പോലും ഇത്രമേൽ ഫലിതമില്ലല്ലോ.കഠിനമായ അന്യവൽക്കരണം,കേരളീയനമ്പൂതിരിക്ക് ഒരു തരം നിസ്സംഗത പ്രദാനം ചെയ്തിരുന്നു;എന്തു വലിയ കാര്യം കണ്ടാലും “ദാപ്പൊ വല്യ കാര്യം”എന്നൊരു മട്ട്.കുടുംബബന്ധങ്ങളിലും സമൂഹബന്ധങ്ങളിലുമുള്ള അന്യഥാബോധമായിരിക്കണം ഈ നിർമമത്വം നമ്പൂതിരിക്കു നൽകിയത്.ഒരു തരം വിരക്തി.മൂത്തയാൾക്കു മാത്രം വിവാഹം,ബാക്കിയുള്ളവർക്കു സംബന്ധം.എല്ലാം,സംബന്ധവും ബാന്ധവവും വെടിവട്ടവും ഭക്ഷണവും വിസർജ്ജനവും വരെ എല്ലാം, ഒരു ‘നേരംപോക്ക്’ആയി കാണാൻ നമ്പൂതിരി ശീലിച്ചു.കഥകളിയും അവർക്കൊരു ‘നേരമ്പോക്ക്’ തന്നെയായിരുന്നു.“രസായി കാണുക”എന്നതിലപ്പുറം ഒന്നും നമ്പൂരി നിരീച്ചിട്ടില്ല.എന്തെല്ലാം അനുഭവിക്കാം എന്നതു തന്നെ കാര്യം,അതിനു പറ്റിയില്ലെങ്കിൽ “രാമന്റെ വേഷം ഒരനുഭവായില്യ”എന്നു പറയും.ഈ വിരക്തിയുടേയും നിസ്സംഗതയുടെയും മേച്ചിൽപ്പുറങ്ങളിൽ വിരിഞ്ഞ രസാനുഭൂതികൾ സൃഷ്ടിച്ച ഏറ്റവും ഉജ്വലമായ ഒരു കഥയിൽ നിന്നു തന്നെ തുടങ്ങാം:
ഒരിക്കലൊരാൾ നമ്പൂരിയോടു ചോയ്ച്ചു;
“നമ്പൂരിക്കേറ്റവും രസായിട്ടുള്ളതെന്താ?”
“ഇരിങ്ങാലക്കുട ഉത്സവത്തിങ്ങട് പൂവ്വാ”
“നല്ല രസാണേയ്!”
“ഹേയ്,അതല്ല.ന്നിട്ട്,ആ പുളിങ്കറീം കൂട്ടി സദ്യങ്ങട് കേമാവ്വാ”
“ങാ,ശര്യാ കൂടൽമാണിക്യത്തെ പുളിങ്കറി നല്ല രസന്യാ”
“ഹേയ് അദൊന്ന്വല്ല രസം.എഴുന്നള്ളത്തും,പഞ്ചാരീം,ഓട്ടന്തുള്ളലും,കൊറത്ത്യാട്ടോം,ചാകാര്‌കൂത്തും,രാത്ര്യെഴ്ന്നള്ളിപ്പും ങ്ങ്ട് കാണ്വാ”
“അതു തന്ന്യാ അവിടുത്തെ രസം”
“അദൊന്ന്വല്ല കൊശവാ,രാത്രി ഇട്ട്യാരിശ്ശന്റെ ഹരണം അർജ്ജുനൻ വിസ്തരിച്ചിരുന്നങ്ങ്ട് കാണ്വാ”
“ഇട്ട്യാരിശ്ശന്റെ അർജ്ജുനനാ രസം?”
“ഹേയ്,ന്നാലും രസംങ്ങ്ട് മുഴ്വോനെ ആവില്യ,രാവിലെ ഇല്ലത്തേങ്ങ്ട് മടങ്ങി,തലനെറച്ചെണ്ണങ്ങട് തേച്ചുകുളിച്ച്,സന്ധ്യാവന്ദനോം തേവാരോംക്കെ കഴ്‌ച്ചൂന്ന്വര്ത്തി,ചെന്നിരുന്ന് പഴമാങ്ങക്കൂട്ടാനും കൂട്ടി,വയറുനെറച്ചങ്ങ്ട് ഉണ്വാ”
“പഴമാങ്ങാക്കൂട്ടാനാണല്ലേ അപ്പൊ രസം”
“ഹേയ്,ന്നിട്ട് കാക്കൂട്ടില് കയ്യും തിര്കി,ഒരൊറങ്ങ്ട് ഒറങ്ങ്യാ”
“ഹാവൂ!ഒറക്കായ്യ്യോലോ!അദെന്നെ രസം,സംശല്യ”
“ഹേയ്,ന്നിട്ട് അങ്ങനെ കെടക്കുമ്പൊ മൂത്രം മുത്താൻ ചുടും.അദു കണക്കാക്കാതെങ്ങനെ ഒറങ്ങ്യാ”
“ആയായ്യ്യേ!മൂത്രം മുത്താൻ ചുടലാപ്പൊ രസം?”
“അല്ല കൊശവാ,തീരെ നിവൃത്തില്യാണ്ടാവുമ്പൊ ,പ്പൊപ്പൂവും കെടക്കേല് ന്നായാൽ ഓടി ഓവകത്ത് ചെന്ന്,ഇരിക്കാനും കൂടി ഒഴിവില്യാണ്ട്,നിന്നിട്ടങ്ങനെ ചൂടുള്ള മൂത്രം ശർർർർർന്ന് ഒഴിക്യാ!അപ്പൊണ്ടലോ ഒരു രസം!അദെന്നെ പരമാനന്ദരസം!”
രസനിഷ്പ്പത്തി എവിടെ എന്ന് ഈ ബ്ലോഗിൽ നാം പലവട്ടം പങ്കുവെച്ച ആശങ്ക,എന്റെ വായനക്കാർക്കു തീർന്നു കാണുംന്ന് പ്രതീക്ഷിക്കട്ടെ:)
ഏറ്റവും സാരവത്തായതിനെയടക്കം നിസ്സാരവൽക്കരിക്കുന്ന ഒരു പ്രത്യയശാസ്ത്രം ഈ കഥ സംവഹിക്കുന്നു.വൈയക്തിയമായ രസാന്വേഷണത്തിന്റെ ഏറ്റവും സൂക്ഷ്മതയിലേക്കു ചുരുങ്ങുന്ന കഥകളിയുടെ സൌന്ദര്യതലത്തെ,ഇതിലും തീക്ഷ്ണമായി പങ്കുവെക്കുന്ന ഒരു കഥയും എന്റെ അറിവിലില്ല.ശൈലീകരണം ഒരു ആയുധമായി പരുവപ്പെടുന്ന സ്ഥിതിവിശേഷം,ഈ ‘പരമാനന്ദരസം’തള്ളിക്കളയുന്നു.കഴിയുന്നത്ര ശൈലീകരിച്ച്,ഏറ്റവും രസവത്താക്കി ഹരണം അർജ്ജുനനെ നിർമ്മിച്ചാൽ,അതിനെ ലംഘിച്ച് ഒരു രസനിർമ്മിതി വൈയക്തികത സാദ്ധ്യമാക്കുന്നു.ഓരോ ശൈലീകൃതാവിഷ്കരണത്തിന്റേയും അരങ്ങിൽ നിന്ന് അടുത്ത അതേ അരങ്ങിലേക്ക് ഓടുന്ന ‘കളിഭ്രാന്ത്’ അങ്ങനെയാണു സാഫല്യമടയുന്നത്.
കഥകളിയെപ്പറ്റിയുള്ള ഗ്രാഹ്യം വളരെ പ്രധാനപ്പെട്ട കാര്യമായി കണ്ട ഒരു സാമൂഹ്യസാഹചര്യം ആണ് സൂരിനമ്പൂരിയെക്കൊണ്ട് ഇന്ദുലേഖയോട് “ഭ്രാന്തുണ്ടോ”എന്നു ചോദിപ്പിക്കുന്നത്. ‘ഇങ്കിരിയസ്സു’പഠിക്കുന്നതിലും വലുതാണ് “കളിഭ്രാന്ത്”എന്നു കണ്ട ആ സമൂഹത്തിന്,സ്വാഭാവികമായും അതിലുള്ള അജ്ഞത ഫലിതമായി മാറി.ഒരു കഥ ഇങ്ങനെയാണ്:
“ഒരു കഥകളിരങ്ങിനു മുന്നിൽ നമ്പൂരി ഇരുന്നു കളി കാണുകയാണ്.അരങ്ങിൽ ഒരു കത്തിവേഷം.സൂക്ഷ്മമായി കണ്ടുകൊണ്ടിരിക്കുന്ന നമ്പൂതിരി,ഇടക്ക് “ഛെ!”“തെറ്റി!”എന്നൊക്കെ പറയുന്നുണ്ട്.വേഷക്കാരൻ അതു ശ്രദ്ധിച്ചു.കളി കഴിഞ്ഞു മുഖം തുടക്കുമ്പോൾ വേഷക്കാരൻ ഒരാളെ വിട്ട് നമ്പൂരിയെ വരുത്തിച്ചു പറഞ്ഞു:
“അങ്ങ് വലിയ ഗ്രഹിതക്കാരനാണെന്നു മനസ്സിലായി.അടിയന്റെ വേഷം കണ്ടിട്ട് ഇടക്ക് “ഛെ!” “തെറ്റി!” എന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ.എന്താ തെറ്റിയത് എന്നു പറഞ്ഞുതന്നാൽ അടുത്ത അരങ്ങിൽ മനസ്സിരുത്താമായിരുന്നു”
നമ്പൂരിയുടെ മറുപടി:
“ഹേയ്,നോമിനങ്ങനെ ഈ ഊമക്കളിയായിട്ട് ഗന്ധോന്നൂല്യ.നീ ഇങ്ങനെ അനങ്ങാതിരിക്കുമ്പൊ,മുഷിച്ചിലു മാറ്റാൻ നോം നെന്റെ കിരീടത്തിലെ അലുക്കുകൾ ഒരര്ക്ക്ന്ന് ങ്ങനെ എണ്ണിത്തുടങ്ങും.ഒന്ന്,രണ്ട്,മൂന്ന്,നാല്…അപ്പൊഴ്ക്കും നീ തല വെട്ടിക്കും.അതോടെ ന്റെ എണ്ണാകെ പെഴക്കും.പിന്നീം അദ്യത്ത്ന്ന് തൊടങ്ങും.പിന്നീം നീ തലവെട്ടിക്കും.അതാ നോം “ഛെ!” “തെറ്റി!” ന്നൊക്കെ പറഞ്ഞീര്‌ന്നേ”
ഈ ഹാസ്യോൽപ്പാദകമായ അജ്ഞതയും മുൻചൊന്ന ‘രസബോധ’വും സമന്വയിക്കുന്ന കഥകളും ഉണ്ട്.ഒന്ന് ഇങ്ങനെ:
“നമ്പൂരി എല്ലാ കളിക്കും മുന്നിലിരിക്കുന്നുണ്ടാവും.കളി കഴിയും വരെ എഴുന്നേൽക്കില്ല.കഥകളി കഴിഞ്ഞ്,വിളക്കും കെടുത്തിക്കഴിഞ്ഞേ ഇല്ലത്തേക്കു മടങ്ങൂ.നാട്ടിലെ അമ്പലത്തിൽ കഥകളിക്കു കഥ നിശ്ചയിക്കാൻ തർക്കമായി.അവസാനം അമ്പലക്കമ്മറ്റിക്കാർ എന്നും മുന്നിലിരുന്ന് കളി കാണുന്ന നമ്പൂരിയോടു ചോദിച്ച് നിശ്ചയിക്കാം എന്നു വെച്ചു.അവർ ചെന്നു ചോദിച്ചു:
“ഏതാ തിരുമേനീ നല്ല കഥ?ഉത്താരാസ്വയംവരോ കീചകവധോ?”
“അദൊന്നും നോമിനശേഷം നിശ്ശല്യ.നേരം വെളുപ്പിക്കണ പാട് നോമിനേ അറിയൂ”
“പിന്നെന്തിനാ തിരുമേനി എല്ലാ കളിയും കാണണത്?”
“അതോ,കളി കഴിഞ്ഞാൽ ആ ആട്ടവെളക്ക് കെടുത്തുമ്പൊ ആ കരിഞ്ഞ എണ്ണത്തിരീടെ ഒരു മണം വരാന്ണ്ട്.സഹിക്കില്യ.നിയ്ക്കത് വല്യഷ്ടാ.അതിനാ ഞാൻ ഇരിക്കണേ”
ആട്ടവിളക്കിന്റെ എണ്ണത്തിരിഗന്ധത്തിലേക്കും മൂത്രച്ചൂടിലേക്കും പിൻമടങ്ങിയ നമ്പൂരിയുടെ ജീവിതത്തിൽ ചിലപ്പോൾ കഥകളി വലിയ സ്വാധീനശക്തിയായിരുന്നു താനും.
“രാവിലെ കുളക്കടവിൽ കോണകം അലക്കി,ഒണങ്ങാനിടുന്ന നമ്പൂരിയോട് ഒരാൾ “എന്താ തിരുമേനീ കാട്ടണേ”എന്നു ചോദിച്ചപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു:
“സാക്ഷാൽ തോരണയുദ്ധം”
കഥകളിയിലെ തോരണയുദ്ധകഥയെ തന്റെ കോണകപരിഭ്രമങ്ങളിലേക്കൊതുക്കുന്ന നമ്പൂതിരി,കളിയോഗങ്ങൾ കൊണ്ടു മുടിഞ്ഞതാണു ചരിത്രം.കലാമണ്ഡലമെന്ന സ്ഥാപനത്തിനു മുൻപ്,ശേഷം എന്നിങ്ങനെ കഥകളിചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി തിരിക്കാം.പൊതുസമൂഹത്തിന്റെ ഉടമസ്ഥതയിലേക്കു മാറുന്നതിനു മുൻപുവരെ മനകളുടെ വക കളിയോഗങ്ങളിൽ പുലർന്ന കഥകളി,ധനാഢ്യരായ ഏതാനും അപൂർവ്വം മനകളുടെ ഒഴിച്ചാൽ,മുഴുവൻ ഇടങ്ങളിലും ദാരിദ്യം വിളമ്പിയ കല കൂടിയാണ്.ഈ കഥ ഈ ചരിത്രസന്ദർഭത്തെ സമർത്ഥമായി പ്രതിപാദിക്കുന്നു.
“മനയിൽ പുതിയ കളിയോഗം തുടങ്ങുകയാണ്.അതിഥിയായി വന്ന നമ്പൂരിക്ക്,വലിയ അഭിമാനത്തോടെ കളിക്കോപ്പുകൾ കാണിച്ചുകൊടുക്കുകയാണ് കളിയോഗം ഉടമസ്ഥൻ.കിരീടം എണ്ണിക്കാണിക്കുകയാണ്,
“മുടി ദാ തെകച്ചൂണ്ട്.ഒന്ന്,രണ്ട്,മൂന്ന്,നാൽ,അഞ്ച്,ആറ്.”(കഥകളിക്കിരീടത്തിന് മുടി എന്നും പറയും.ഒരു കളിയോഗത്തിൽ ആറു മുടി വേണം എന്നാണു പഴയ ചിട്ട)
ഉടനേ നമ്പൂരിയുടെ മറുപടി:
“അപ്പൊ,മുടിയാറായി,ല്ലേ!”
കളിയോഗം തുടങ്ങിയാൽ മുടിയാറായി എന്നിങ്ങനെ,വാക്കുകളുടെ അർത്ഥാപത്തിയിൽ തൂങ്ങി സൃഷ്ടിക്കുന്ന ഫലിതങ്ങൾക്ക് കയ്യും കണക്കുമില്ല.
“ബാർബർ നമ്പൂരിടെ താടിവടിച്ചുകൊണ്ടിരിക്കുകയാണ്.കത്തിക്ക് തീരെ മൂർച്ചയില്ലാത്തതുകൊണ്ട് നമ്പൂരിക്ക് അസാരം വേദനിക്കുന്നുണ്ട്.നമ്പൂരി ഉടനേ ബാർബറോട്:
“രാമൂ,നിന്റെ കത്തീം ന്റെ താടീം കൂടി ആയാൽ നിണംണ്ടാവും നാ തോന്നണേ”
വാക്കുകളുടെ അർത്ഥത്തിന്റെ നിർത്ഥമാനം വരെയും ചിലപ്പോൾ അതു സഞ്ചരിച്ചെന്നിരിക്കും.ഒന്ന്,ഇങ്ങനെ:
“കാമദേവന്റെ വേഷം എന്താവണം എന്നു ചർച്ച നടക്കുകയാണ്.നിലവിൽ ഒരു കഥയിലും ആ കഥപാത്രം വരാത്തതുകൊണ്ട് പല അഭിപ്രായവും വരുന്നു.ഒരു നമ്പൂരി പറഞ്ഞു:
“പച്ചക്കാമദേവൻന്നല്ലേ പറയ്യ്യാ.അപ്പൊ പച്ചെന്നെ.നിശ്ശം.”
ഉടനേ വേറൊരു നമ്പൂരി:
“ശിവൻ തൃക്കണ്ണു തുറന്നപ്പോൾ കാമദേവൻ കത്തീന്നാണലോ.അപ്പൊ കത്ത്യല്ലേ വേണ്ടത്?”
അടുത്ത ആൾ ഒട്ടും വൈകിയില്ല:
“കത്തിക്കഴിഞ്ഞാപ്പിന്നെ കര്യല്ലേ ബാക്കീണ്ടാവൂ.അപ്പൊ കര്യാക്കണംന്നാ ന്റെ പക്ഷം”
വെടിവട്ടങ്ങളിൽ വീണ ഈ ഫലിതോക്തികൾ അപൂർവ്വം ചിലതേ കാലത്തെ അതിജീവിച്ചുള്ളൂ.ഒന്ന് ഇങ്ങനെയാണ്:
“സീതാസ്വയംവരത്തിലെ പരശുരാമന്റെ രംഗപ്രവേശം,ഒരു സമയത്ത് കഥകളിലോകം ഏറെ ചർച്ച ചെയ്തതാണ്.തപസ്സിനിടയിൽ സ്വയംവരശേഷമുള്ള മടങ്ങിവരവിന്റെ ശബ്ദഘോഷം കേട്ടു ക്രുദ്ധനാവുന്ന നിലയിലും,സ്വയംവരയാത്രയിലേക്കു രൌദ്രത്തോടെ ചാടിവീഴുന്ന നിലയിലുമെല്ലാം പല ആചാര്യന്മാർ പരശുരാമപ്രവേശത്തെ വ്യത്യസ്തമായി അവതരിപ്പിച്ചു.ഇതിനെപ്പറ്റി ഒരു വെടിവട്ടത്തിൽ ചർച്ച നടക്കുകയാണ്.
“തപസ്സു ചെയ്ത്,മെല്ലെ രൌദ്രത്തിലെത്തണതാ മാധവന്റെ വഴി”
“രൌദ്രത്തിലെന്നെ യാത്രടെടേക്ക് ചാടിവീഴ്ണതാ കൃഷ്ണന്റെ വഴി”
“ആദ്യം ന്തായാലും രൌദ്രം തൊടങ്ങണത് തപസ്സുചെയ്തു പ്രവേശിക്കണ മാധവനെന്നെ ആണലോ?”
“ആദ്യം രൌദ്രത്തിലാവണതാ കേമച്ചാൽ ദൊന്ന്വല്ല,നാരായണന്റെയാ കേമം.താനാ പരശുരാമൻ കെട്ടണേന്ന് അറിഞ്ഞാ മതി,അപ്പൊത്തോടങ്ങ്വായി രൌദ്രം.”
കലയുടെ ധർമ്മത്തെ ഇത്രമേൽ സുഖവാഹിയായി കണ്ട ആസ്വാദനശീലത്തിൽ നിന്നും നാമിപ്പോഴും പൂർണ്ണമുക്തരല്ലല്ലോ.ജീവിതമൊന്നടങ്കം ഉപരിതലസ്പർശിയായ ഒരു വിരക്തിപർവ്വമാകുമ്പോൾ രൂപപ്പെട്ട ഈ ഫലിതങ്ങളുടെ ലോകം നമ്മുടെ കലാബോധത്തിന്റെ നവീകരണത്തിനു കൂടി വെളിച്ചം നൽകുന്നുണ്ട്.നാവുമുറിക്കുന്ന ഫലിതമാണോ,മധുരിക്കുന്ന ഫലിതമാണോ കല നൽകുന്നത് എന്ന ചോദ്യമേ ഇല്ലാത്ത ആ ലോകം അസ്തമിച്ചിരിക്കുന്നു.ആ ലോകത്തിന്റെ ഗൃഹാതുരവിഷങ്ങളെ ചെറുക്കാനുള്ള പ്രതിവിഷം കൂടി ആയി,ഈ ഫലിതങ്ങൾ കാണാമെന്നു തോന്നുന്നു.
ചരിത്രവും ചരിത്രഭാവനകളും
-------------------------------
കഥകളിചരിത്രത്തിന്റെ മിക്ക സന്ദർഭങ്ങളും ഫലിതസ്പർശമില്ലാതെ കടന്നുപോയിട്ടില്ല.കൊട്ടാരക്കരയിലും,വെട്ടത്തും,അമ്പലപ്പുഴയിലും,വെള്ളിനേഴിയിലും-അങ്ങനെ കഥകളി ചെന്നിടത്തെല്ലാം ഫലിതങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.അവിശ്വസനീയമായ ഐതിഹ്യങ്ങളുടെ നർമ്മസ്പർശമുള്ള ഒരു പരമ്പര തന്നെ രാമനാട്ടകാലത്തു കാണാം,ഒട്ടു മിക്കതും ‘കഥകളിരംഗ’ത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്.ബാലിയുടെ അരങ്ങിലെ അലർച്ചയിൽ രജസ്വലയായ സുഗ്രീവവേഷക്കാരിയും,അമ്പലക്കൊടിമരത്തിനു മുകളിലൂടെ ചാടിയ ബാലിയും അടങ്ങുന്ന ആ കഥാലോകത്തേക്ക് ഇപ്പോൾ കടക്കുന്നില്ല.അധികാരലോകത്തിനു മുന്നിൽ ഓച്ഛാനിച്ചു നിന്ന കഥകളികലാകാരന്മാരുടെ ഇടയിൽ രൂപപ്പെട്ട ഫലിതത്തിനും അധികാരവ്യവസ്ഥിതിയോടുള്ള സമരസപ്പെടൽ സ്വാഭാവികമായിരുന്നു.അപൂർവ്വമായി,ചിലർ ഫലിതത്തിലൂടെ കലഹിക്കുകയും ചെയ്തു. മറക്കാനാവാത്ത ഒരു കഥയാണ് അമ്പാട്ട് ശങ്കരമേനോൻ എന്ന കല്ലടിക്കോടുശാഖയിലെ വേഷക്കാരന്റേത്.
“ഏറാൾപ്പാടു തമ്പുരാൻ ഒരിക്കൽ ശങ്കരമേനോന്റെ ഉത്തരാസ്വയംവരം ദുര്യോധനൻ കാണാൻ വരാൻ വൈകി.പതിഞ്ഞപദം കഴിഞ്ഞാണ് എത്തിയത്.വന്നപ്പോൾ “ഗാന്ധാരകർണ്ണസുരസിന്ധുജസിന്ധുരാജ”എന്ന അടുത്തരംഗത്തിന്റെ ശ്ലോകം ചൊല്ലുകയാണ് ഒരു ദൂതൻ വശം തമ്പുരാൻ ശങ്കരമേനോന് അണിയറയിലേക്ക് ഒരു സന്ദേശം പറഞ്ഞയച്ചു,
“ഞാൻ വരാനൽപ്പം വൈകി.ശങ്കരൻ ആദ്യം മുതൽ,പതിഞ്ഞപദം ഒന്നൂടി ചെയ്യുക”എന്നായിരുന്നു സന്ദേശം.എന്നാൽ ശങ്കരമേനോൻ കേട്ട ഭാവം നടിച്ചില്ല.ബാക്കി ഭാഗം നേരെ ചെയ്ത് മുഴുമിപ്പിച്ചു.തമ്പുരാൻ ശരിക്കും കോപാകുലനായി.തന്റെ ആജ്ഞയെ ധിക്കരിച്ച ശങ്കരനെ പിറ്റേന്ന് ആളയച്ചുവരുത്തി.എല്ലാവരും ശങ്കരനു ശിക്ഷകിട്ടും എന്നുകരുതി നിൽക്കയാണ്.
“എന്തേ ഇന്നലെ ശങ്കരൻ പതിഞ്ഞ പദം ആടാതിരുന്നത്?”
“പതിഞ്ഞ പദം അടിയൻ ആടിയിരുന്നു.ഒരിക്കൽ ആടിയത് വീണ്ടും ആടുക പതിവില്ല”
“ഞാൻ പറഞ്ഞാൽ ശങ്കരൻ കേൾക്കണ്ടേ?”
“തീർച്ചയായും അടിയൻ കേൾക്കണം.”
“എന്നിട്ടെന്തേ കേൾക്കാഞ്ഞത്?”
“അടിയൻ അപ്പോൾ ശങ്കരനായിരുന്നില്ലല്ലോ.ദുര്യോധനമഹാരാജാവായിരുന്നല്ലോ.ദുര്യോധനമഹാരാജാവിന് തമ്പുരാൻ പറഞ്ഞതു കേൾക്കണം എന്നില്ലല്ലോ”
ഏറാൾപ്പാട് അറിയാതെ ചിരിച്ചുപോയി.
ഫലിതം സ്വത്വപ്രകാശനത്തിനുള്ള ഉപാധിയായി ഉപയോഗിക്കേണ്ടിവരുന്ന നിവൃത്തികേടിന്റെ അന്തരീക്ഷം,അത്തരം നിരവധി നർമ്മങ്ങളെ ഉണ്ടാക്കിക്കാണണം.തിരുമാന്ധാംകുന്നിലമ്പലത്തിൽ നടന്നിരുന്ന ചതുശ്ശതത്തിന്റെ പകർച്ചയ്ക്ക് അവകാശികളായ കൂട്ടിൽ കുടുംബത്തിനു മാത്രം പകർച്ച കിട്ടാതിരുന്നപ്പോൾ,ഒരിക്കൽ വലിയ തമ്പുരാനെക്കണ്ടപ്പോൾ കൂട്ടിൽ കുഞ്ഞൻമേനോൻ പറഞ്ഞത് “അടിയനു പകർച്ചല്യാന്നു പറഞ്ഞത് കാര്യത്തിലായി”എന്നാണ്.ഇത്തരം പരിഭവഹാസ്യങ്ങളുടെ ശക്തിയാണ് അൽപ്പമെങ്കിലും അവരെ നിലനിർത്തിയതെന്നും പറയാം.
മറ്റൊരു ഹാസ്യതലം കഥകളിചരിത്രത്തിൽ സുപ്രധാനമായ ഇടമാണ്.ധനാഢ്യരായ മനകളുടെ പത്തായപ്പുരകളിൽ ജീവിതം കഴിച്ചുകൂട്ടിയ ഒരു വലിയ നമ്പൂതിരി സമൂഹമുണ്ടായിരുന്നു.മൂന്നുനേരം ശാപ്പാട്,രാവിലെ കുളിക്കാൻ എണ്ണ,കൊല്ലത്തിൽ രണ്ടു മുണ്ടും കോണകവും,കുളത്തിൽ വിസ്തരിച്ചകുളി,അക്ഷരശ്ലോകം,രാത്രി കഥകളി,ഇടക്കു സമ്മന്തവും-ഇങ്ങനെ തീരുന്ന കുറേ അഭിശപ്തജന്മങ്ങൾ.ഒളപ്പമണ്ണ മനയുടെ പത്തായപ്പുരയിൽ താമസിച്ചു കഥകളി കണ്ടിരുന്നവരൊക്കെംവാസ്തവത്തിൽ ഒരു ഫോർത്ത് എസ്റ്റേറ്റിന്റെ,പ്രസ്സിന്റെ ധർമ്മം കഥകളിയിൽ നിറവേറ്റുകയായിരുന്നു.കലാസ്വാദനത്തിൽ പലപ്പോഴും,ഒളപ്പമണ്ണ തിരുമനസ്സിനെ വരെ വിമർശിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല.ഒരു ശ്ലോകകഥ രസകരമാണ്:

“ഒളപ്പമണ്ണമനക്കലെ ചെറിയപ്‌ഫൻ നമ്പൂതിരിപ്പാടിന് ഇട്ടീണാൻ പണിക്കർ എന്ന കഥകളി നടനെ വലിയ കാര്യമായിരുന്നു.ഈച്ചരപിള്ളവിചാരിപ്പുകാർ എന്ന വലിയ നടൻ പോലും വന്നാൽ കളികാണാതെ തിരിഞ്ഞിരിക്കുകയും,ഇട്ടീണാൻ പണിക്കർക്ക് കിരീടം സമ്മാനിക്കുകയും ചെയ്യുന്ന നമ്പൂതിരിപ്പാടിന്റെ ഈ പക്ഷപാതം,എല്ലാവർക്കും അറിയാമായിരുന്നു.ആയിടെ പ്രസിദ്ധതായമ്പകക്കാരായിരുന്ന കൊടിക്കുന്നത്ത് ശങ്കുണ്ണിമാരാരും പനങ്കുർശി ഗോവിന്ദപ്പൊതുവാളും തമ്മിൽ ആരാണു കേമൻ എന്ന മത്സരം കൊടുമ്പിരിക്കൊണ്ട സമയമാണ്.അക്കൊല്ലത്തെ വെള്ളിനേഴി ഉത്സവത്തിന് നന്നായി കൊട്ടിയ ചെണ്ടക്കാരന് ചെറിയപ്ഫൻ നമ്പൂതിരിപ്പാടിന്റെ വക ഒരു ചെണ്ട സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.മാരാരും പൊതുവാളും ഉത്സവത്തിനു കൊട്ടി.പൊതുവാൾക്കാണ് നമ്പൂതിരിപ്പാട് ചെണ്ട സമ്മാനമായി കൊടുത്തത്.അവിടെ ഉണ്ടായിരുന്ന ഒരു മാരാർ പക്ഷക്കാരനായ നമ്പൂതിരി,ഇതൊട്ടും രസിയ്ക്കാതെ,ഒരു ‘തായമ്പകാഷ്ടകം’ഉണ്ടാക്കിയത്രേ.അതിലെ ഒരു ശ്ലോകം:
“പെറ്റുണ്ടായവരൊക്കെ നന്ദി പറയും സാക്ഷാൽ വിചാരിപ്പുകാ-
രാട്ടക്കാരനു ചന്തിയും,വഷളറപ്പോക്കാനാദാനജ്ഞനാം
ഇട്ടീണാനു കിരീടവും,പതിവുറച്ചാതോതിലിന്നേ വരെ-
ക്കാട്ടിപ്പോന്നവിടുന്നു ചെണ്ട പൊതുവാൾക്കല്ലേ കൊടുക്കേണ്ടത്!”
ഈ കീറിമുറിക്കുന്ന പരിഹാസ-വിമർശബുദ്ധി,കഥകളിയുടെ ഉദ്ഗ്രഥനത്തെ ഏറെ സഹായിച്ചിരിക്കാനേ വഴിയുള്ളൂ.ഒരു കോടീരിനമ്പൂതിരി,“ഇട്ടീണാൻ പുരികമിളക്കിയാൽ ഞാൻ ഛർദ്ദിക്കും”എന്നു പ്രസ്താവിച്ച്,ഇട്ടീണാന്റെ വേഷത്തിനു മുന്നിൽ വന്ന് സ്ഥിരം പച്ചക്കായ വായിൽ ചവച്ചുനിറച്ചുവെച്ച് ഛർദ്ദിച്ചവഹേളിക്കുന്ന ക്രൂരഫലിതവും അവിടെ കാണാം.കഥകളിരംഗകാരൻ ആ പ്രശ്നം ഇട്ടീണാൻ തീർത്തത് ഇങ്ങനെയാണു പറയുന്നത്:“ഗത്യന്തരമില്ലാതെ പണിക്കർ നമ്പൂതിരിയോട് ക്ഷമായാചനം ചെയ്തു”
ഇതായിരുന്നു അന്തരീക്ഷം.ഗത്യന്തരമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ദയനീയത പേറിയ കലാകാരനും,പരിഹാസവും വിരക്തിയും കലർന്ന ഒരു ജീവിതവ്യവസ്ഥയിൽ വീണ കലാസ്വാദനവും-ഇവയുടെ സംഘർഷമായിരുന്നു അന്നത്തെ ചരിത്രം.അതുകൊണ്ടു തന്നെ,നളനുണ്ണിക്കും ഇട്ടിരാരിശ്ശനും സാഹചര്യം പോലെ പ്രകീർത്തനശ്ലോകമെഴുതിയവരും കുറവായില്ല.
ആധുനികകാലം,കഥകളിക്കാരന്റെ ജീവിതത്തെ മാറ്റിപ്പണിതതോടെ സ്വാഭാവികമായും ഫലിതബോധവും പൊളിച്ചെഴുതപ്പെട്ടു.അടുത്തകാലം വരെ,കടുത്ത അച്ചടക്കത്തോടെ മാത്രം സമീപിച്ചിക്കാമായിരുന്ന അണിയറ,ഇപ്പോൾ പലയിടത്തും തമാശയും വെടിവട്ടവുമായി ഇരിക്കുന്നവരുടെ കൂടി ഇടമായി മാറിയവരെ എത്തുന്നു,അത്.കലാകാരൻ കൂടുതൽ സ്വതന്ത്രനായതോടെ,ഫലിതവും പുതിയ തലത്തിലേക്കു വികസിച്ചു.കൃഷ്ണൻ നായർ മരിച്ച വിവരമറിഞ്ഞ് കൃഷ്ണൻകുട്ടിപ്പൊതുവാൾ പറഞ്ഞ ഒരു വാചകം പ്രസിദ്ധമാണല്ലോ, “ഇനി പച്ചവേഷം ഗോപി”എന്ന്-(ഇനി പച്ചവേഷം ഗോപിയായി-ഇനി പച്ചവേഷം ഇല്ലാതായി എന്നും,ഇനി പച്ചവേഷത്തിന് ഗോപിയേ(കലാമണ്ഡലം ഗോപി)ഉള്ളൂ എന്നും ആ വാചകത്തെ വായിക്കാം)ഇത്തരം ഫലിതങ്ങളുടെ സ്വതന്ത്രവായുവിലേക്ക് കഥകളി എത്തിച്ചേർന്നു.കീഴ്പ്പടത്തെപ്പോലുള്ളവർ സ്വാംശീകരിച്ച അപാരമായ ഫലിത-പരിഹാസബോധം അനുഭവമുള്ളവർ ഇന്നും ധാരാളമുണ്ടാകും.വെള്ളിനേഴി നാണുനായരെപ്പോലെ തികഞ്ഞ ഗ്രാമീണർ കാത്തുവെച്ച നർമ്മവും നൈസർഗികമായിരുന്നു.
സാഹിത്യത്തിലെ കഥകളിനർമ്മലോകം
--------------------------------------------
നമ്പ്യാരുടെ തൂള്ളൽകൃതികളിലെ വരികളിൽ തന്നെ,കേരളസാഹിത്യം കഥകളിയെ പരിചയപ്പെടുന്നുണ്ട്.കഥകളിചരിത്രത്തിന്റെ തന്നെ ഗവേഷണങ്ങളിലും നിഗമനങ്ങളിലും ആ വരികൾ സ്ഥാനം നേടിയിട്ടുണ്ട്.ഹരിണീസ്വയംവരം തുള്ളലിലും കൃഷ്ണലീലയിലും ആവർത്തിച്ചുവരുന്ന ഈ കഥകളിക്കാരെ പരിഹസിക്കുന്ന വരികൾ തന്നെയാവും കിട്ടാവുന്നതിൽ ഏറ്റവും പഴയ സാഹിത്യത്തിലെ കഥകളിനർമ്മം.കഥകളിക്കാരന്റെ അന്നത്തെ ദയനീയതയും പരിഹാസ്യതയും ഈ വരികളിൽ സ്പഷ്ടമാണ്.
“പെട്ടിവരുന്നതു കണ്ടാൽ ചില ജനം
കൊട്ടിക്കതങ്ങടച്ചിതെന്നും വരും;
അഷ്ടിമാത്രം കൊടുത്തങ്ങയക്കും ചിലർ
കഷ്ടിച്ചുകേളികൊട്ടിച്ചിതെന്നും വരും.
ചുട്ടിയും കുത്തി ദശഗ്രീവവേഷവും
കെട്ടിപ്പുറപ്പെട്ടു പൊട്ടിച്ചിരിച്ചങ്ങു
കൊട്ടിക്കലാശം ചവിട്ടിത്തകർത്തുടൻ
ചട്ടിച്ച മുഞ്ഞി വിയർത്തു വലകയും
കെട്ടിച്ചമഞ്ഞു ജടായു പുറപ്പെട്ടു
വട്ടത്തിലോടിപ്പറന്നു കളിക്കയും
“ഇന്നു നീ സീതയെക്കൈവിടൂ രാവണാ
പിന്നെ ഞാൻ നിന്നെ കൊല്ലുകയില്ല”
ഇത്ഥം പദങ്ങളിൽ തങ്ങളിൽ ഘോഷിച്ചു
യുദ്ധം തുടങ്ങിപ്പിടിച്ചും പറിച്ചുമ-
ങ്ങെത്രയും പാരം ബലക്ഷയം വന്നുടൻ
ഛത്രമെടുക്കും വെളിച്ചം തുടങ്ങിയാൽ”
സാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടവുമായി അടുത്ത ബന്ധം പുലർത്തിയ കഥകളിയുടെ അനുഭവലോകം,സാഹിത്യഫലിതത്തിനു നിരവധി മൂലകങ്ങൾ നൽകി.അക്ഷരശ്ലോകവും കവനനിർമ്മാണവുമായി കഴിഞ്ഞ സാഹിത്യാന്തരീക്ഷത്തിൽ,കഥകളിയ്ക്കും സ്ഥാനം ഉണ്ടാവുന്നതു സ്വാഭാവികം.പരസ്പരമുള്ള കളിയനുഭവങ്ങളെ വരെ ശ്ലോകരൂപേണ അയച്ചിരുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും നടുവത്തിന്റേയും ഭാഷാപ്രപഞ്ചം നിരന്തരം കഥകളിയെ സ്പശിക്കാതെ കടന്നുപോയിട്ടില്ല.കവികളെയും നടന്മാരെയുമൊക്കെ,മൃഗങ്ങളോടും പക്ഷികളോടും കോർത്തു കാവ്യമുണ്ടാക്കുന്ന അഭ്യാസത്തിൽ പലപ്പോഴും കഥകളി കടന്നുവന്നിരിക്കുന്നതു കാണാം.കൊച്ചുപിള്ളപ്പണിക്കരെ ‘നടമൃഗമാല’യിൽ മൂലൂർ എസ്.പത്മനാഭപ്പണിക്കർ വർണ്ണിക്കുന്നതു നോക്കുക:
അപ്പൂർവ്വജനു കിടയാകിയ കൊച്ചുപിള്ള-
യൽപ്പേതരപ്രഥ കലർന്ന നടേന്ദ്രരത്നം
കൽപ്പിച്ചുകൊൾക,സുഷമാവലി തൂകിടുന്ന
നൽപ്പുള്ളിമാനിതി വിശാചലമൂരുനേത്ര!
സൂക്ഷ്‌മമായി നടശരീരത്തിന്റെ പ്രത്യേകതകളെ തിരിച്ചറിഞ്ഞ്,അവ രസകരമായി ശ്ലോകത്തിലാക്കുന്നതിനു നിരവധി ഉദാഹരണങ്ങൾ കാണാം.ഈ ശരീരവർണ്ണനയുടെ സ്വഭാവോക്തികളിൽ ശരീരഭാഷയെ നിരീക്ഷിക്കുന്ന കലാമർമ്മജ്ഞത വ്യക്തമാണ്.ദൃശ്യമാണു കഥകളിയരങ്ങിന്റെ കവിത എന്ന പ്രഖ്യാപനം അത്തരം ശ്ലോകങ്ങളുടെ ഒരു പൊതുപ്രകൃതിയാണ്.
സി.വി.രാമൻപിള്ളയിലെത്തുമ്പോഴാണ്,നാം കഥകളിയുടെ ലാവണ്യലോകത്തെ സമർത്ഥമായി തന്റെ സാഹിത്യത്തിൽ ഉപയോഗിക്കുന്ന സാഹിത്യകാരനെ പരിചയപ്പെടുന്നതെന്നു തോന്നുന്നു.കഥകളിൽ കടന്നു വരുന്ന നിരന്തരമായ കളിയരങ്ങിന്റെ പരാമർശങ്ങൾ,മാമാവെങ്കിടൻ പോലെ അടിമുടി കഥകളി നിറഞ്ഞ ഒരു കഥാപാത്രം,ആ കഥാപാത്രത്തിലാകമാനം നിറയുന്ന ഹാസ്യം-ഇതുപോലെ അതിനു മുൻപൊരിക്കലും സാഹിത്യത്തിൽ കഥകളീയത ഒരു സമഗ്രവും തീക്ഷ്ണവുമായ അനുഭവമായിട്ടില്ല.
എന്നാൽ,കഥകളിയുടെ ആശയലോകവും അനുഭവലോകവും ഒരു മാജിക്കൽ റിയലിസത്തിനു വിധേയമാക്കിയ സാഹിത്യകാരൻ മറ്റാരുമായിരുന്നില്ല-മലയാളത്തിന്റെ മാർക്കേസ്-വി.കെ.എൻ.ഭാഷയുടെ വ്യവസ്ഥാപിത പാഠങ്ങളെ പാരഡി ചെയ്തും,തലകുത്തനെ നിർത്തിയും,അന്യവൽക്കരിച്ചും നിർമ്മിക്കുന്ന സ്വതഃസിദ്ധമായ “വി.കെ.എൻ പിച്ചി”ൽ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി മാറി,കഥകളി.വി.കെ.എൻ നിർമ്മിച്ച ആസക്തികളുടെ മറുലോകത്ത്,കഥകളി പോലെ അനുയോജ്യമായ മറ്റൊരു കലയുണ്ടാവുക അസാദ്ധ്യമാണ്.
“ഇരവുപകലുകൾ പിന്നെയും വേനൽക്കാലകൊട്ടാരത്തെ കടന്നുപോയി.ഒന്നിനൊന്ന് എന്നായിരുന്നു പൊതുവേ അനുപാതം.ഇതിന് അപവാദമായി ചിലപ്പോൾ രണ്ടു രാവിന് ഒരു പകൽ എന്ന നിലയിലും കാലചക്രഭ്രമണമുണ്ടായി.അൽപ്പം ചില ദിവസങ്ങളിൽ തിരുമനസ്സുകൊണ്ട് രാവും പകലും കിടന്നുറങ്ങിയതാണ് ഇതിനു കാരണം.”
(അത്തം പെരുനാൾ)
ഇരവുപകലുകളുടെ ചാക്രികതയെ കീഴ്‌മേൽ മറിക്കുന്ന ഈ സാഹിത്യതിരുമനസ്സിന്റെ കൊട്ടാരക്കെട്ടുകളിൽ കഥകളിയുടെ സമ്പ്രദായങ്ങൾ കീഴ്‌മേൽ മറിയുന്നു.നളചരിതത്തിനു ശേഷം നടത്തേണ്ട ദുര്യോധനവധം,ആദ്യം നടത്താൻ നിശ്ചയിക്കുന്ന തിരുമനസ്സിന്റെ മനസ്സ്, “പഴഞ്ചൻ സമ്പ്രദായങ്ങൾക്ക് എതിരാ”ണല്ലോ.
“ദുര്യോധനവധം കഥ ആരംഭിച്ചപ്പോൾ സദസ്സിൽ ഒരു കലാപം തന്നെ ഉണ്ടായെന്നു പറയാം.എല്ലാ നമ്പൂതിരികളുടെ മുഖവും തിരുമനസ്സിലെ ബോക്സിനു നേരെ.ഈ വിഡ്‌ഢിത്തം മഹാരാജാവു കാണിക്കുകയോ?അവസാനം കളിക്കേണ്ട കഥ ആദ്യമോ?
അതെയെടാ,തിരുമനസ്സു വിചാരിച്ചു.നിന്റെയെല്ലാം കുത്തകയാണു കഥകളി ആസ്വാദനം.പട പേടിച്ചോടുന്ന വഹകൾ.ഊണിനും സംബന്ധത്തിനും മാത്രം മുമ്പന്മാർ.പോയിനെടാ,പോയീൻ.നിന്നെയെല്ലാം നാം വകവരുത്തുന്നുണ്ട്.”
സമൃദ്ധമായ വി.കെ.എൻ കഥകളിക്കാഴ്ച്ചകളിൽ നിന്ന് ഇതെടുത്തത്,അദ്ദേഹത്തിന്റെ ദർശനത്തെ ഇതു സമർത്ഥമായി തെളിയിച്ചുതരുന്നതുകൊണ്ടാണ്.കാലൻ മുന്നിൽ വന്നാൽ “അവിടെയും പ്രാതലിന് ഇഡ്ഡലിയും ഇഡ്ഡലിപ്പൊടീം വറുത്തിട്ട ചമ്മന്തീം തന്നെ തരാവൂലോ,ല്ലെ?”എന്നു ചോദിച്ചുറപ്പുവരുത്തുന്ന ‘താൽപ്പരീയ’ത്തിന് കളിയരങ്ങിന്റെ ലാവണ്യലോകവും ഒരു മാദ്ധ്യമമായി.
‘നളചരിതം മൂലം’എന്ന വി.കെ.എന്നു മാത്രം എഴുതാനാവുന്ന നളോപാഖ്യാനം,രംഗം,പാഠം എന്നിവയുടെ വാഗ്പ്രപഞ്ചത്തിനെ അതിതീവ്രമായി ചേർത്തു നിർമ്മിച്ച ഒരു മിശ്രിതമാണ്.
“എടവപ്പാതിക്കും വേനൽക്കും ഭാരതവർഷത്തിൽ എക്കാലവും ധാരാളം രാജാക്കന്മാരുണ്ടായിരുന്നു.പുറമേ നളനും.ഇയാളാണ് പിന്നീടു കലിയായത്”
എന്നാ ആദ്യവരിയിൽ തുടങ്ങുന്ന ഈ മാസ്മരികമായ അപനിർമ്മാണം,അവസാനം വരെ തുടർന്നുകൊണ്ടിരിക്കുന്നു.“കലാമണ്ഡലത്തിന്റെ രൌദ്രഭീമനേയും പാഞ്ചാലിയുടെ ഭീമനേയും കവച്ചു വെക്കുന്ന ഭീമരാജാവിന്റെ”യും,“സൌന്ദര്യം,സത്സ്വഭാവം,മൂലധനം,സ്വകാര്യസ്വത്ത്,കുതിര,മുതിരവിള എന്നിവയിൽ വെല്ലാൻ ആരും ഇല്ലാത്ത നളന്റേ”യും,“സാമ്യമകന്നോൾ,അനുപമ,അഴക് തുടങ്ങിയ പാട്ടിലെ പഴയ പേരുകാരി ദമയന്തിയും”…ഇങ്ങനെ തുടങ്ങുന്ന പാത്രപ്രകൃതികളുടെ തനതുവായനകൾ സമൃദ്ധം.ഒരു വൈകുന്നേരം അശ്വത്തിനാശാനായ നളരാജാവ് രാജാപ്പാർട്ടിൽ ഉദ്യാനത്തിൽ ഉലാത്തുമ്പോൾ മുന്നിൽ ചില സൈബീരിയൻഅരയന്നങ്ങൾ വന്നു പെടുന്നു.രാജാവിന്റെ നാവിൽ സസ്യേതരത്തിന്റെ ഗന്ധമൂറുന്നു.അദ്ദേഹം പാടുന്നത് ഇങ്ങനെ:
“കറിയോ വറവോ കുറവോ മറവോ…”
ആട്ടക്കഥയിലെ സമസ്ത വൈകാരികനിമിഷങ്ങളേയും സൂക്ഷ്മശ്രദ്ധയോടെ,തീവ്രമായ ഹാസ്യം കൊണ്ട് വി.കെ.എൻ. ചിതറിച്ചുകളയുന്നു.ദമയന്തീസവിധത്തിൽ ദേവന്മാരുടെ ദൂതിനായെത്തുന്ന നള-ദമയന്തീ ദർശനത്തിന്റെ ഭാഗം നോക്കുക.ദമയന്തിയുടെ ഡയലോഗ്:(ഹേ…മഹാനുഭാവ!)
“അഭിനയം ലോ കീയിൽ മതി എന്നർത്ഥം,അവന്മാരെ ഞാൻ കെട്ടത്തില്ല.തന്നെയാണ് ഭാവം.ഹംസമായി അവിടെ വന്ന അമ്പുനമ്പൂരി പറഞ്ഞില്ലേ?തനിക്ക് ഒഴിവില്ലെങ്കിൽ ഞാൻ വല്ല ടീച്ചറോ സ്പിസ്റ്ററോ ആയി കാലഹരണപ്പെട്ടോളാം.ഇല്ലെങ്കിൽ ആകാശവാണിയുണ്ട്.”
മീനും കപ്പയും അന്നഹാരവുമില്ലാതെ,കാട്ടിലൂടെ അലഞ്ഞ്,അവസാനം ദമയന്തി ഉറങ്ങുമ്പോൾ അവിടെ ഉറയൂരിയ പോസിൽ കണ്ട ഒരു ഫിഷ് നൈഫ് കൊണ്ട് ഹാഫ് സാരി കീറി,നളൻ ദമയന്തിയെ രക്ഷിക്കുന്ന ചുമതല ആദിത്യരെ,വസുക്കളെ,പസുക്കളെ,മരുത്തുക്കളെ ചുമതലപ്പെടുത്തി ഇറങ്ങിപ്പോയി.ഇനി,വികാരതീവ്രമായ രംഗമാണ് (അലസതാവിലസിതം…)
“പുലർന്ന നേരത്ത് ദമയന്തി എഴുന്നേറ്റ് കോട്ടുവായിട്ടു.നളനെ കണ്ടില്ല.എന്നാൽ പോടോ എന്നു പറഞ്ഞ്.”
വൈകാരികതയുടെയും അതിഭാവുകത്വത്തിന്റെയും മുഴുവൻ ചെളിയും കഴുകിക്കളയാൻ പറ്റിയ ഉപായമാണ് ‘നളചരിതം മൂലം’.വി.കെ,എൻ.മറ്റൊരിടത്തു പറഞ്ഞപോലെ,നാടകം എവിടെ അവസാനിക്കുന്നു,കഥകളി കുത്ര തുടങ്ങുന്നു എന്നിടത്താരംഭിക്കുന്നു സമസ്ത ദൃശ്യകോലാഹലവും.
ഒളപ്പമണ്ണ മുതൽ ബാലചന്ദ്രൻ വരെയുള്ളവരുടെ കാവ്യബിംബങ്ങളിൽ കഥകളിയുടെ ദൃശ്യസമൃദ്ധി കാണാം.‘കാർമെൻ’എന്ന എൻ.എസ്.മാധവന്റെ കഥയെപ്പോലുള്ള കഥകളിസംബന്ധിയായ കഥകളിലും ഈ ഹാസ്യത്തിന്റെ ഒരു തരം നീറുന്ന പരിസരം ഉണ്ട്.കഥകളിക്കായി ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച,കഥകളിയിൽ ഉണ്ടുമുറങ്ങിയും ജീവിച്ച മഹാകവിയുടെ കവിതയിൽ വളരെ കുറച്ചേ കഥകളിബിംബങ്ങളെ ഉള്ളൂ എന്നത് മറ്റൊരു ഫലിതം.
കളിയരങ്ങിലെ ഫലിതാംശങ്ങൾ
-----------------------------------
കേരളത്തിലെ മിക്ക കലകളിലും ഫലിതം സ്പഷ്ടമായ സാനിദ്ധ്യമാകുമ്പോൾ,കഥകളിയിൽ അതു നാമമാത്രമായി ചുരുങ്ങിയത് എന്തുകൊണ്ടാവാം?നാട്യധർമ്മിതയിലേക്കുള്ള പാതയിൽ,സ്വാംശീകരിക്കപ്പെട്ട ഫലിതാംശങ്ങൾ കൂടി ക്രമേണ ദുർബലമായിപ്പോയിക്കാണണം.സുപ്രധാനവേഷങ്ങളിൽ നിന്ന് നർമ്മത്തിന്റെ സൂക്ഷ്മമായ സ്പർശം പോലും എടുത്തുകളയും വിധമായിരുന്നു ശൈലീകരണത്തിന്റെ വഴി.എന്നാൽ,മറ്റൊരു ആസ്വാദനബോധത്തെ തൃപ്തിപ്പെടുത്തിക്കൊണ്ട്,ചില ഹാസ്യകഥാപാത്രങ്ങൾ നിലനിൽക്കുകയും ചെയ്തു.ആശാരി,മാപ്പിള,ആനക്കാരൻ,ഭീരു,മണ്ണാൻ,മണ്ണാത്തി തുടങ്ങിയ വേഷങ്ങളുടെ അസ്തിത്വം കഥകളിയുടെ ചട്ടങ്ങൾക്കു പുറത്തായിരുന്നു,അതുകൊണ്ടു തന്നെ അവ കാലക്രമേണ ദുർബലപ്പെടുകയും ചെയ്തു.
സമകാലത്തോടുള്ള ഏറ്റവും തീവ്രമായ സംവേദനമാണ് നർമ്മം.ചരിത്രപരമായ ബോധമില്ലാതെ,ഒരു ഫലിതവും നിലനിൽക്കുന്നില്ല.സവിശേഷമായ ചരിത്രസാഹചര്യത്തിൽ നിന്നടർത്തിയെടുത്താൽ നർമ്മത്തിന്റെ അസ്തിത്വവും അവസാനിക്കും.ഭീരു പോലുള്ള കഥാപാത്രങ്ങൾക്ക് സംഭവിച്ചത് അതാണ്.പഴത്തൊലി ചവിട്ടി വീഴുമ്പോൾ പൊട്ടിച്ചിരിക്കുന്ന സംസ്കൃതനാടകപാരമ്പര്യത്തോളം പഴക്കമുള്ള ഹാസ്യത്തിന്റെ ശൈലി,നമ്മുടെ കാലവുമായി ഒരു തരത്തിലും സംവദിക്കുന്നില്ല.അതുകൊണ്ടു തന്നെ ഇന്ന് ഒരു ഭീരുവും പുതിയ ആസ്വാദകനെ പഴയപോലെ ചിരിപ്പിക്കുന്നുമില്ല.ഗൌരവമായ ഒരു യുദ്ധരംഗത്തിന്റെ ഭാവപ്രതലത്തെ അന്യവൽക്കരിക്കുന്ന നിലയിൽ,കാലകേയവധത്തിലെ ഭീരുവിന്റെ സാനിധ്യത്തെ ഉപയോഗിക്കുന്ന ക്രമം കഥകളി വളർത്തിയെടുക്കുകയും ചെയ്തില്ല.അഥവാ,അന്യവൽക്കരണത്തിന് അതിലും ശക്തമായ ഉപാധികൾ കളിയരങ്ങിനു സ്വായത്തമായിരുന്നു താനും.സമാനമായ ആഹാര്യവുമായി ചില വേഷങ്ങൾ ഹാസ്യോൽപ്പാദനത്തിനായി കഥകളിയുടെ മുക്കിലും മൂലയിലും നിന്ന് കിണഞ്ഞു ശ്രമിക്കുന്നുണ്ട്.തോരണയുദ്ധത്തിലെ പ്രഹസ്തനും(നിസ്തുല്യഹസ്തബലവാനാം പ്രഹസ്താ എന്നാണു പാഠം!!)കിങ്കരന്മാരും,സന്താനഗോപാലത്തിലേയും കുചേലവൃത്തത്തിലെയും വൃദ്ധ(ഇത്രമേൽ വൃത്തികെട്ട ഒരു കഥകളിവേഷവും എനിക്കറിയില്ല),ദക്ഷയാഗത്തിലെ ഭൂതഗണങ്ങളും പൂജാബ്രാഹ്മണരും,കിരാതത്തിലെ കുട്ടിക്കാട്ടാളന്മാർ-എന്നിങ്ങനെ.ഇവയുടെ നർമ്മത്തിന്റെ ഉപരിതലം കാലം കൂടുതൽ ഇനിയും ദുർബലമാക്കുകയേ ഉള്ളൂ.
വേറിട്ട ഒരു കഥാപാത്രമാണ് ആശാരി.വിദുരർ അരക്കില്ലത്തിൽ നിന്നു പാണ്ഡവരെ രക്ഷിക്കനായി തുരങ്കം നിർമ്മിക്കാൻ പറഞ്ഞയക്കുന്ന ഖനകനെ ഒരു ആശാരിയായി വ്യാഖ്യാനിച്ച ആ രംഗബോധത്തിനു മുന്നിൽ പ്രണമിക്കാതെ വയ്യ.ഒരു തനതുകേരളീയ ആശാരിയുടെ രംഗഭാഷയെ ഖനകനിലേക്കു യോജിപ്പിച്ചതിൽ അത്രമേൽ സൂക്ഷ്മമായ ലാവണ്യബോധമുണ്ട്.അഞ്ചുകിടതകിധീം,താമിലുള്ള സവിശേഷമായ പ്രവേശം,ഒരു കൈ ഓഛാനിച്ചുള്ള പ്രത്യേക മുദ്രാവ്യവഹാരം,പ്രത്യേകമായ വികൃതികളോടു കൂടിയുള്ള കലാശങ്ങളും ഇരട്ടികളും,“ഞാനൊരു ഗഹ്വരം”പോലുള്ള ഭാഗങ്ങളിൽ ചെയ്യുന്ന ഇടക്കലാശങ്ങളുടെ വ്യത്യസ്തചാരുത,മരം മുറിച്ച്,തൂൺ നാട്ടി,ഗുഹ നിർമ്മിക്കുന്ന ആട്ടത്തിന്റെ മനോഹാരിത-അത്യന്തം ചേതോഹരമായ ഒരു രംഗരചനയാണ് ആശാരിയുടേത്.ആമൂലാഗ്രമുള്ള ഫലിതസ്പർശം കൈയ്യടക്കത്തൊടെ അവതരിപ്പിക്കാൻ നല്ല പ്രതിഭാശേഷി തന്നെ വേണം.
ആശാരിയുടെ ഹാസ്യത്തിൽ ‘ഫോക്ക്’അംശങ്ങളെ കാണുന്ന വായനകൾക്ക് അർത്ഥമുണ്ടെന്നു തോന്നുന്നില്ല.വാസ്തവത്തിൽ,നമ്പൂതിരിയുടെ മനസ്സിനനുസരിച്ചു ചെയ്ത ഒരു മിമിക്സ് ആണത്.അധഃകൃതന്റെ ശരീരഭാഷയെ പരിഹസിക്കുമ്പോൾ സവർണ്ണനു ലഭിക്കുന്ന ഒരു നർമ്മസുഖം.ആശാരി അരങ്ങത്തു മുറുക്കുന്നത് നോക്കുക;ആദ്യം നൂറു തേച്ച വെറ്റില മടക്കി വായിലേക്കു തിരുകുന്നു,പിന്നെ അടക്കയുടെ തെരങ്ങ്(ഉള്ളിലെ തൊലി)ഉളി വെച്ച് കളയുന്നു,പിന്നെ ഉളികൊണ്ടു തന്നെ അടക്ക വെട്ടുന്നു,പിന്നെ ഓരോ കഷ്ണങ്ങളായി വായിലേക്ക് എറിയുന്നു,പൊകല പൊട്ടിച്ച്,അകത്തേക്കു വികൃതമായി തിരുകുന്നു,അവസാനം ഒരു പ്രത്യേക കൈമറവിൽ നീട്ടിത്തുപ്പുന്നു...ഇതു കാണുന്ന നമ്പൂരിയുടെ മനസ്സിനു സുഖമായി ഇങ്ങനെ ചിന്തിക്കാം:“അയ്യേ!ങ്ങന്യാ മുറുക്ക്വാ!?ആദ്യം തളിർ വെറ്റിലട്ത്ത് രണ്ടു വശത്തേം ഞെട്ടി പൊട്ടിച്ച് നെറ്റിൽ വെച്ച്,ഞരമ്പു നഖം കൊണ്ടു ചെരണ്ടി,തലയിലെ എണ്ണയിൽ ഒന്നു തുടച്ച്,ഓരോ ഇഞ്ചിലും നന്നായി നൂറുതേച്ച്,പിന്നെ ചെരണ്ടിയോ വൃത്തിയായി മുറിച്ചോ വെച്ച അടക്ക എടുത്ത് അകത്തു വെച്ച് ഭംഗ്യായി മടക്കി വായിലേക്കു വെച്ചിട്ടല്ലേ മുറുക്യാ?”ഈ പരിഹാസസാദ്ധ്യതയിലാണ് ആ ഉളിപ്രയോഗം നിൽക്കുന്നത്.അതാണ് ആശാരിഹാസ്യത്തിന്റെ കാതൽ.പാനേങ്കളിയിലെ ഇട്ടിക്കണ്ടപ്പന്റെ ഹാസ്യത്തിന്റെ മറ്റൊരു വായന.
മണ്ണാനും മണ്ണാത്തിയും നമ്മുടെ നാടോടി കലാരൂപങ്ങളിൽ നിരന്തരം കടന്നു വരുന്ന നിരവധി ജാതിദമ്പതികളെ ഓർമ്മിപ്പിക്കും.കാക്കരശ്ശിയിലെ കാക്കാലനും കാക്കാലത്തിയും,പൊറാട്ടുനാടകത്തിലെ ചെറുമനും ചെറുമിയും എല്ലാം.സമാനമാണ് രംഗപ്രയോഗവും.തമ്മിൽ കഠിനമായ വഴക്ക്.അവസാനം ഒത്തുതീർപ്പ്,സ്നേഹം.വേഷത്തിൽ പോലും കഥകളീയത കുറവാണ്.സമാനമാണ് നിഴൽക്കുത്തിലെ മലയത്തിയുടെ അവസ്ഥയും.
വ്യത്യസ്തമായ നർമ്മം ഉൾക്കൊള്ളുന്ന മറ്റൊരു വേഷം നിഴൽക്കുത്തിലെ മന്ത്രവാദിയാണ്.വേദിയിൽ ഒരുക്കുന്ന ഒരു മന്ത്രവാദത്തിന്റെ അന്തരീക്ഷം,ഭയം കൊണ്ട് സ്വാഭിപ്രായത്തെ ബലികഴിച്ചു നടത്തുന്ന ദുശ്ചൈയ്തിയെപ്പറ്റിയുള്ള പാപബോധം,ഇവയെല്ലാം നർമ്മത്തിലേക്കു ചേർക്കുന്ന കഥാപാത്രമാണ് മന്ത്രവാദി.
ഇങ്ങനെ,ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ കഥകളിയിൽ പലയിടത്തും ഇല്ലെന്നില്ല.ദുര്യോധനവധത്തിലെ ശകുനി മുതൽ,ബാലിവിജയത്തിലെ നാരദൻ വരെയുള്ള കഥാപാത്രങ്ങളിൽ നർമ്മത്തിന്റെ പ്രകാശം കാണിച്ചുതന്ന കലാകാരന്മാർ പണ്ടും ഇന്നും ഉണ്ട്.
അവസാനമായി,എന്നെ ചിരിപ്പിക്കുന്ന കഥകളിയിലെ ഒരു ഹാസ്യത്തെക്കൂടി പറയട്ടെ.അത് ഈ മണ്ഡലത്തിൽ ആരും അംഗീകരിക്കുന്ന പേരാണോ എന്നു സംശയം;കലാമണ്ഡലം രാമൻകുട്ടിനായർ!
അത്യന്തം ഗൌരവപ്രകൃതിയായ ആ മഹാചാര്യന്റെ രംഗഭാഷ്യങ്ങളിൽ ഇടയ്ക്കു വെളിച്ചം കാണുന്ന ചില നർമ്മങ്ങളുണ്ട്…പാർവ്വതീവിരഹം ആടുമ്പോൾ,പാർവ്വതിയെ കുളിയ്ക്കാനായി പറഞ്ഞുവിട്ടിട്ട്,ശിരസ്സിൽ നിന്നു രണ്ടാം ഭാര്യയായ ഗംഗയെ എടുത്തുലാളിക്കുമ്പോൾ എന്തെങ്കിലും ഒരു ശബ്ദം കേട്ടയുടനെ,പെട്ടെന്ന് ഗംഗയെ പൂർവ്വസ്ഥിതിയിലാക്കി,അവതാളം പിടിച്ചുകൊണ്ട് പാട്ടുപാടുന്ന ശിവൻ…ലങ്കാലക്ഷ്മിക്കരികിലേക്കു നീങ്ങിനിന്ന്,“തൊട്ടു കണ്ണെഴുതാം,അത്ര കറുപ്പ്”എന്നു കാണിക്കുന്ന ഹനുമാൻ….”വസിക്കനീയെന്നംസേ താങ്ങി”എന്നിടത്ത് ചുമൽ കാണിച്ച്,ഒരു സവിശേഷനിലയിൽ ഇരുന്നു കാണിക്കുന്ന കാട്ടാളൻ….അവ കണ്ടു ചിരിച്ചത്ര,ഞാൻ കഥകളിയിൽ മറ്റൊന്നും കണ്ടു ചിരിച്ചിട്ടില്ല.
വിഭിന്നാസ്തിത്വങ്ങളെ തട്ടിനിരപ്പാക്കുന്ന നമ്മുടെ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ ഫലിതത്തിന്റെ ബഹുസ്വരതകൾ നഷ്ടമാകുന്നു.കലയുടെ ഫലിതവും നൈസർഗികമായി ചരിത്രസന്ധികളെ അതിജീവിക്കുന്നവയുടെ മാത്രം നർമ്മമാകുന്നു,ഇന്നും-എന്നും.
-------------------------------
റഫറൻസ്:കഥകളിരംഗം:കെ.പി.എസ്.മേനോൻ
തുള്ളൽ കൃതികൾ
വി.കെ.എൻ.കൃതികൾ
ധർമ്മരാജ:സി.വി.രാമൻ പിള്ള,മറ്റു സി.വി.കൃതികൾ
മലയാളത്തിന്റെ മാർകേസ് എന്ന പ്രയോഗത്തിന് എ.എസ്.മാധവനോട് കടപ്പാട്.
തുള്ളൽ കൃതികൾ
വി.കെ.എൻ.കൃതികൾ
ധർമ്മരാജ:സി.വി.രാമൻ പിള്ള,മറ്റു സി.വി.കൃതികൾ
മലയാളത്തിന്റെ മാർകേസ് എന്ന പ്രയോഗത്തിന് എ.എസ്.മാധവനോട് കടപ്പാട്.