Saturday, September 27, 2008

കഥകളിയിലെ നൃത്തം അർത്ഥഭരിതമോ അർത്ഥരഹിതമോ?


സമകാലീനരോ,പിൻ‌ഗാമികളോ ആയ കഥകളിക്കാരിൽ നിന്നും വേറിട്ട നൃത്തസങ്കൽ‌പ്പമുള്ള കീഴ്പ്പടം കുമാരൻ‌നായരെക്കുറിച്ചുള്ള ലേഖനശേഷം,എന്നെ മഥിച്ചുകൊണ്ടിരുന്ന ഒരുപ്രശ്നമാണ് കഥകളിയിലെ നൃത്തത്തിന്റെ അർത്ഥസങ്കൽ‌പ്പങ്ങൾ.കതിരവനെപ്പോലുള്ളവരുടെ കമന്റുകൾ കൂടി വന്നതോടെ,പ്രശ്നം കൂടുതൽ ചിന്തയിൽ നിറയുന്നു.സംവാദങ്ങൾക്കായി അവ നിങ്ങളുമായി പങ്കുവെക്കട്ടെ.അൽ‌പ്പം ചരിത്രം പറയാതെ ഇവിടെ നിവൃത്തിയില്ല.ക്ഷമിക്കൂ.
ചരിത്രവും നൃത്തപരിണാമവും
കഥകളിയുടെ ഉൽഭവം,വേഷ-വാദ്യ-ഗായകരുടെ ഏകോപനം-തുടങ്ങിയവയിലെല്ലാം
നിരവധി അഭിപ്രായഗതികളുണ്ട്.അങ്ങോട്ടു തൽക്കാലമില്ല.ഒരു കാര്യമുറപ്പ്,ഇന്നു നാം കഥകളിയിൽ കാണുന്ന നൃത്തഘടനക്ക് അനേകരുടെ സർഗ്ഗവിചാരങ്ങളുടേയും കഠിനാധ്വാനത്തിന്റെയും കഥപറയാനുണ്ട്.രാമായണകഥകളുടെ അനുക്രമമായ കഥാഖ്യാനത്തിലൂടെ കൊട്ടാരക്കരതമ്പുരാൻ കണ്ട ലക്ഷ്യം വൈഷ്ണവപ്രസ്ഥാനത്തിന്റെ പ്രചരണമോ,ക്ഷീണിതരായ സൈനികർക്ക് ‘കളി’ കലർന്ന അഭ്യാസമോ ,മറ്റെന്തെങ്കിലുമോ ആകട്ടെ,ആ ലക്ഷ്യത്തിൽനിന്ന് ,കേവലമായ കഥാഖ്യാനത്തിന്റെ പരിമിതവൃത്തത്തിൽ നിന്ന്,കഥകളിയെ പുറത്തുകടത്തിയത് കോട്ടയത്തുതമ്പുരാനായിരുന്നു.നാലുകഥകൾ,അല്ല,നാലു ശക്തിദുർഗ്ഗങ്ങൾ-ബകവധം,കല്യാണസൌഗന്ധികം,കാലകേയവധം,കിർമ്മീരവധം.കോട്ടയംതമ്പുരാൻ നൂറ്റാണ്ടുകളുടെ കഥകളിനൃത്തത്തിനാണ് അസ്ഥിവാരമിട്ടത്.തെക്കും വടക്കുമുള്ള കഥകളിക്കളരികളുടെ നൃത്തകൽ‌പ്പനകളുടെ ആധാരം കോട്ടയം കഥകളുടെ ആവിഷ്കാരരീതിശാസ്ത്രത്തിലുറച്ചു.പന്നിശ്ശേരി നാണുപിള്ളയുടെ ‘കഥകളിപ്രകാരം’നോക്കുക,തെക്കൻ കളരിയിൽ പണ്ടുണ്ടായിരുന്ന സലജ്ജോഹത്തിന്റെയും ഭീമന്റെ വനയാത്രയുടെയും നർത്തനശിൽ‌പ്പം എഴുതിവെച്ചിരിക്കുന്നതുകാണാം.കപ്ലിങ്ങാടിന്റെ പരിഷ്കരണം പ്രധാനമായും കഥകളിയുടെ സങ്കേതത്തിലായിരുന്നു.ആധുനികകഥകളിയുടെ ഉരുവം കപ്ലിങ്ങാടിന്റെ അടിമുടിയുള്ള പരിഷ്കരണത്തോടെയാണ്.കൂടിയാട്ടത്തിന്റെ ക്ലാസിക്കൽ ചാരുതയും,അനവധി ഫോൿലോർ കലാസൌന്ദര്യങ്ങളും സമന്വയിക്കപ്പെട്ട,ആ ആധുനികകഥകളിയാണ് ഒളപ്പമണ്ണമനക്കൽ ചിത്രഭാനു നമ്പൂതിരിപ്പാടും കുത്തനൂർ ശങ്കുപ്പണിക്കരും കരുമനശ്ശേരി കൃഷ്ണൻ‌കുട്ടിഭാഗവതരും ചേർന്ന കല്ലുവഴിക്കളരിയിലെത്തിയത്.കഥകളിയുടെ നൃത്തം ,ഒതുക്കിച്ചെയ്യുന്ന ക്രിയാഘടനയിലേക്ക് മാറ്റിയത് ശങ്കുപ്പണിക്കരും അദ്ദേഹത്തിന്റെ ശിഷ്യൻ ഇട്ടിരാരിച്ചമേനോനും കൂടിയാണ്.ആ ഒതുക്കം,കഥകളിക്ക് ഒരു പുതിയ ലാവണ്യവും പുതുദർശനവുമാണ് നൽകിയത്.ഒരു പറ നെല്ല് ഉണങ്ങാൻ ചിക്കിയിടുന്ന സ്ഥലത്തു നിന്ന് കളിക്കണം-ഇതായിരുന്നു കല്ലുവഴിയുടെനൃത്തനിയമം-‘പറവട്ടം’.എടുത്തും ചുഴിച്ചുമുള്ള കലാശങ്ങൾ,ഇരട്ടികൾ,അടക്ക-തോങ്കാരങ്ങൾ,എന്തിന്,ചൊല്ലിയാട്ടത്തിന്റെ സമസ്തമേഖലകളിലും പാലിക്കേണ്ട ഈ നിയമം,കളിവിളക്കിന്റെ ഇത്തിരിവെട്ടത്തിലുള്ള അന്നത്തെ കളിയരങ്ങിനെ കൂടുതൽ ദർശിതമാക്കിയെന്നു മാത്രമല്ല,മിതത്വമാർന്ന ഒരു അനുപമ ചാരുത കഥകളിക്കു സമ്മാനിക്കുകയും ചെയ്തു.
ഇട്ടിരാരിച്ചമേനോന്റെ അവസാനകാലശിഷ്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോനാണ് കഥകളിയുടെ സമഗ്രശിൽ‌പ്പത്തെ ഇന്നു കാണും വിധം ഉന്മിഷിത്താക്കിയത്.കൊടുങ്ങല്ലുർകളരിയിൽ നിന്നും ആർജ്ജിച്ച നാട്യശാസ്ത്രവെളിച്ചത്തിന്റെ പിൻബലത്തോടെ, കഥകളിയുടെ രൂപശിൽ‌പ്പത്തെയാകമാനം സ്ഥായീഭാവത്തിലൂന്നിയ രസോന്മീലനത്തിലേക്ക് അദ്ദേഹം സമന്വയിപ്പിച്ചു.രാവുണ്ണിമേനോൻ കളരിയുടെ സദ്ഫലങ്ങളിലാണ് ഇന്നും കഥകളിയുടെ സൌന്ദര്യം പുലരുന്നത്.
കല്ലുവഴിനൃത്തത്തിന്റെ കനകഭാവങ്ങൾ
കല്ലുവഴിക്കളരി നൃത്തത്തെ അനുഭവത്തിന്റെ സമഗ്രരൂപമായിക്കണ്ടു.കഥകളിയിൽ കഥ പ്രധാനമല്ലാതായി.കാലകേയവധത്തിന്റെ പൂർവ്വഭാഗത്തിന്റെ രംഗരൂ‍പം നോക്കുക,ഒരു ചെറിയ കഥയേ ഉള്ളൂ.അർജ്ജുനൻ ഒരു വിശേഷപ്പെട്ട അസ്ത്രവും വാങ്ങിയിരിക്കുമ്പോൾ ഇന്ദ്രന് അർജ്ജുനെ കാണണമെന്നു തോന്നി,തേരാളിയായ മാതലിയെ അയക്കുന്നു,മാതലിയോടൊപ്പം അർജ്ജുനൻ ദേവലോകത്തെത്തി മാതാപിതാക്കളെ കണ്ടു വന്ദിക്കുന്നു,പിന്നീട് അദ്ദേഹം ദേവലോകം ചുറ്റിക്കാണുന്നു-ഇത്രയേ ഉള്ളൂ! പക്ഷേ,അതിന്റെ അവതരണശിൽ‌പ്പമോ?അത്യന്തം സങ്കീർണ്ണവും,ലാവണ്യാത്മകവുമായ കളരിപാഠങ്ങളിലൂടെയാണ് ‘മാതലേ നിശമയ’യും,‘ഭവദീയനിയോഗ’വും,‘സലജ്ജോഹ’വും,‘ജനകതവദർശനാ’ലും കടന്നു പോകുന്നത്.അതായത്,കഥയേക്കാൾ പ്രാധാന്യം കഥാഖ്യാനസങ്കേതത്തിനു വരുന്നു.നമുക്കിതിനെ വേണമെങ്കിൽ ലാവണ്യവാദമെന്നു വിളിക്കാം.അപായകരമായ ഈ ലാവണ്യവാദത്തെ,കഥാപാത്രത്തിന്റെ സ്ഥായീഭാവദീക്ഷയിലൂന്നിയ നൃത്തബോധം കൊണ്ടാണ് പട്ടിക്കാംതൊടി ചെറുത്തുനിന്നത്.സവിശേഷമായ അർത്ഥോൽ‌പ്പാദനം സാധ്യമാകുന്ന നൃത്തശിൽ‌പ്പമാണ് കഥകളിക്കാവശ്യം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ആധുനികശൈലീവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ സാർത്ഥകമായ ഉദ്ഗ്രഥനം തുടർന്നുള്ള കഥകളി ആവശ്യപ്പെടുന്നു.എന്നാൽ,നിരാശയോടെ പറയട്ടെ,ഇന്നും നമ്മുടെ കളിയരങ്ങ് പട്ടിക്കാംതൊടിയിൽ തന്നെ നൃത്തമാടുന്നു,ആവർത്തനത്തിൽ മുങ്ങിക്കിടക്കുന്നു!എന്നെ കണ്ണാടിക്കാഴ്ച്ച പോലെ ആവർത്തിക്കൂ എന്നല്ല പട്ടിക്കാംതൊടി അദ്ദേഹത്തിന്റെ ജീവിതം കൊണ്ടു കഥകളിക്കാരോടു പറഞ്ഞത്,നിത്യനവോന്മേഷശാലികളാവൂ എന്നാണ്.നാം അദ്ദേഹത്തെ കണ്ണടച്ചു പിൻപറ്റിയാൽ അതദ്ദേഹത്തോടുള്ള ആദരവോ അനാദരവോ?
(തുടരും)

Tuesday, September 23, 2008

കീഴ്പ്പടം-വിശകലനവും ചില കാലികചിന്തകളും-ഭാഗം:3

വിയോജനത്തെ, സർഗ്ഗാത്മകമായ ഒരു ആദരവായാണ് ഞാൻ കാണുന്നത്.വിയോജിക്കാൻ എന്തെങ്കിലുമുള്ളതുകൊണ്ടാണല്ലോ വിയോജിക്കാനാവുന്നത്!ഒരു വിയോജിപ്പുമില്ലാത്തതായി വിയോജിക്കുക എന്ന നിലപാടുപോലുമില്ല.
നൃത്തഭാഷ്യങ്ങളിലെ വിയോജനങ്ങൾ
കീഴ്പ്പടത്തിന്റെ നൃത്തധാരണകൾ,ഇത്തിരിവട്ടം കണ്ടും അനുഭവിച്ചും ജീവിക്കുന്ന സാധാരണകഥകളിക്കാരന്റെയായിരുന്നില്ല.നീണ്ടകാലത്തെ പ്രവാസം,കുമാരൻ നായരിൽ ബഹുസ്വരതയാർന്ന നൃത്താനുഭവങ്ങൾ നിറച്ചു.ഭതനാട്യവും കുച്ചിപ്പുടിയും മുതൽ,കഥക്കും മണിപ്പുരിയും വരെ കീഴ്പ്പടത്തിലൂടെ കയറിയിറങ്ങിയിട്ടുണ്ട്.കൊടുങ്ങല്ലൂർ കളരിയിലേക്കു പോയ പട്ടിക്കാംതൊടിയും തിരിച്ചുവന്ന പട്ടിക്കാംതൊടിയും പോലെ,പ്രവാസത്തിനുമുൻപുള്ള കീഴ്പ്പടവും ശേഷമുള്ള കീഴ്പ്പടവും രണ്ടുപേരായിരുന്നിരിക്കണം.കഥകളിയുടെ നൃത്തഭാഷയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾക്കിടക്ക്,കീഴ്പ്പടത്തിന് പിശകുകളും സംഭവിച്ചിട്ടുണ്ട്.ഉദാഹരണത്തിന്,കാർത്തവീര്യാർജ്ജുനവിജയത്തിലെ ‘കമലദളം’എന്ന പതിഞ്ഞ ശൃംഗാരപ്പദത്തിനു ശേഷമുള്ള,“അദ്ഭുതമിതോർത്താലേവം”എന്ന പദത്തിൽ,“ദാസിയാകുമുർവ്വശിയിൽ”എന്ന ഭാഗത്തിൽ കീഴ്പ്പടം കൊണ്ടുവന്ന നൃത്തവിശേഷം.അത്യന്തം നാട്യധർമ്മിയായ ആ സന്ദർഭത്തിന്റെ മുഴുവൻ ചാരുതയേയും ചീന്തിക്കളയുന്ന ഒരു സാഹസമായിരുന്നു അത് എന്നാണ് എന്റെ അഭിപ്രായം.കഥകളിയുടെ സങ്കേതശിൽ‌പ്പത്തിനോട് ആവശ്യമില്ലാത്ത ഒരു ‘കീഴ്പ്പടംയുദ്ധ’മായിരുന്നു അത്.
താളത്തെ അനുസരിക്കാനും,താളത്തോടിടഞ്ഞുനിൽക്കാനും മികച്ച താളബോധമുള്ള ഒരു കഥകളിനടനു പറ്റും.കീഴ്പ്പടം പലപ്പോഴും രണ്ടാമത്തെ മാർഗം പിന്തുടർന്നു,അതിൽ വിസ്മയങ്ങളും സൃഷ്ടിച്ചു.എന്നാൽ ചിലപ്പോൾ,താളത്തിന്റെ അനുസരണത്തിൽ തന്നെ കഥകളിയുടെ അനുപമസൌന്ദര്യം ഇതൾ വിരിയുന്ന ചില സന്ദർഭങ്ങളിൽ,കീഴ്പ്പടം പുതുവഴികൾ തേടി നിറം മങ്ങി.നല്ലൊരുദാഹരണമാണ് തോരണയുദ്ധത്തിലെ ‘സമുദ്രലംഘനം’ആട്ടം.ലങ്കയിലേക്കു ഹനുമാൻ ചാടുന്നതോടെ ആരംഭിക്കുന്ന മുറിയടന്തമേളത്തോടൊപ്പം,താളത്തിനനുസരിച്ച് കാൽ വെച്ചുകൊണ്ട് മുമ്പിലേക്കുതിരിഞ്ഞ് പുറപ്പാടിലെ നാലാംനോക്കിന്റെ ക്രമത്തിൽ കാൽകുടഞ്ഞ്,അതിന്റെ ഒടുവിലത്തെ പത്തുകാലുകൾ ഇരട്ടിച്ച കാലത്തിൽ കുടഞ്ഞ്…ആ സമുദ്രലംഘനത്തിന്റെ സൌന്ദര്യം അനിർവ്വചനീയമാണ്.എന്നാൽ കീഴ്പ്പടം കണ്ടെത്തിയ സമുദ്രലംഘനരീതിയിലില്ലാത്തത് ഈ മനോഹാരിതയാണ്.
നൃത്തം അരങ്ങുനിറയുന്ന ഒരനുഭവമായി കീഴ്പ്പടം എതിർവായിച്ചപ്പോൾ,കല്ലുവഴിക്കളരിയുടെ ആധാരശിലകളിലൊന്നായി കെ.പി.എസ്.മേനോൻ നിർവ്വചിച്ച ‘ഒതുക്കം’ നഷ്ടമായോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
കഥകളിയെ കാണാത്ത കാവ്യാത്മകത
അടിമുടി കവിത നിറഞ്ഞ കീഴ്പ്പടത്തിന് ചിലപ്പോൾ ശാപവുമായി.ത്രിപുടയുടെ നാലുകാലങ്ങളിലൂടെയും ക്രമാനുഗതമായി വളർന്ന്,ഉജ്വലമായ രാജസദീപ്തി സൃഷ്ടിക്കുന്ന രാവണോൽഭവത്തിലെ ‘തപസ്സാട്ട’ത്തിനിടക്ക്,അമ്മയുടെ കണ്ണുനീർമുത്തുകൾ കോർത്തെടുക്കുന്ന കണ്ണുനീർ മാല്യമെന്നു ഉപമിക്കുന്നതിന്റെ ഔചിത്യമെന്താണ്?നളദമയന്തിമാരെ കൂട്ടിയിണക്കാനായി ബ്രഹ്മാവയച്ച ഹംസം എന്ന വായന കൊള്ളാം,അതിന് ഹംസം ഇത്രക്കൊക്കെ തന്റേടാട്ടമാടിയാലോ?...അങ്ങനെ പലതും.
ബുദ്ധിമുട്ടിപ്പിക്കലുകൾ
കളിയരങ്ങ് ആർക്കും തർക്കിച്ചു ജയിക്കാനുള്ള ഇടമല്ല.പാത്രസ്ഥായിക്കും,കഥാസന്ദർഭത്തിനുമനുഗുണമായേ കഥകളിയിൽ മനോധർമ്മങ്ങൾ പാടൂ.കീഴ്പ്പടം പലയരങ്ങിലും ഇതു മറന്നു.ആ മറവികൾ,കഥകളിയുടെ വളർച്ചക്കൊരു സഹായവും ചെയ്യുന്നില്ല-കൂട്ടുവേഷക്കാരനെ വെള്ളം കുടിപ്പിക്കുകയല്ലാതെ.താളത്തിലിടഞ്ഞു കൊട്ടുകാരനെ,പുരാണജ്ഞാനം കൊണ്ടു വേഷക്കാരനെ… ഈ ബുദ്ധിമുട്ടിപ്പിക്കലുകൾക്ക് എന്തർത്ഥമാണുള്ളത്?
വിയോജിപ്പുകൾ നീട്ടുന്നില്ല.മഹാനായ ഒരു കലാകാരനെ സത്യസന്ധമായി വായിക്കാനുള്ള ഒരു ശ്രമം മാത്രമായി ഈ നിരീക്ഷണങ്ങളെ കാണുക.
പഴയ ഓർമ്മയും പുതിയ വെളിച്ചവും
കളിയരങ്ങിലെ പ്രകാശഗോപുരങ്ങൾ ഓരോന്നായി അണയുകയാണ്.പുതിയ നാമ്പുകൾ മുളപൊട്ടുന്നു..അരങ്ങുശാഠ്യങ്ങളുടെയും,സങ്കുചിതകലാദർശനത്തിന്റെയും,വരേണ്യവാദത്തിന്റെയും കാലവും അസ്തമിക്കുകയാണ്. കീഴ്പ്പടത്തെ മറന്ന് ഇനി കഥകളിക്കു മുന്നോട്ടു പോകാനാവുമെന്നു തോന്നുന്നില്ല.കഥകളിയുടെ ഉദ്ഗ്രഥനത്തിനായി ജന്മം നീക്കിവെച്ച ആ മഹാപ്രതിഭക്കു കോടി നമസ്കാരം.കളിവിളക്കുകളിരുളുന്ന ഈ കെട്ടകാലത്ത്,ആ ഓർമ്മകൾ നമുക്കു വാജീകരണമാകട്ടെ…
(അവസാനിച്ചു)

Sunday, September 21, 2008

കീഴ്പ്പടം-വിശകലനവും ചില കാലികചിന്തകളും-ഭാഗം:2

ബ്ലോഗുഭൂമിയിലെ എന്റെ പരിചയക്കുറവിനാൽ,എതിരൻ കതിരവന്റെ കീഴ്പ്പടം-അരങ്ങിലെ ധിഷണ എന്ന ലേഖനം ഏറെ വൈകിയാണ് കണ്ടത്.കീഴ്പ്പടത്തിന്റെ രംഗജീവിതത്തെ കതിരവൻ സമർത്ഥമായി അടയാളപ്പെടുത്തിയിരിക്കുന്നു.കീഴ്പ്പടത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളോട് ഞാൻ സർവ്വാത്മനാ യോജിക്കുന്നു.കതിരവൻ വിശദീകരിച്ച കാര്യങ്ങൾ,കീഴ്പ്പടസ്മരണക്കും എന്റെ നിലപാടുകളുടെ പ്രതിപാദനത്തിനും അത്യന്താപേക്ഷിതമല്ലാത്ത ഒരിടത്തും ഞാനിനി വിശദീകരിച്ചു സമയം കളയുന്നില്ല.കതിരവലേഖനം വായിക്കാത്തവരുണ്ടെങ്കിൽ,അത്രടം വരെയൊന്നു പോയി വായിച്ചു മടങ്ങിവരൂ.
നവനവോല്ലേഖിയായ,അരങ്ങിൽ നിന്നരങ്ങിലേക്കു നടക്കുന്ന കളിഭ്രാന്തരെ മുന്നിൽക്കണ്ട കീഴ്പ്പടത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞു നിർത്തിയത്.ആശയങ്ങളുടെ വിവരണസ്ഥലം മാത്രമായിരുന്നില്ല കീഴ്പ്പടത്തിനു മനോധർമ്മസ്ഥലികൾ.കാവ്യാത്മകമായ മനസ്സിന്റെ ഉത്സവം കൂടിയായിരുന്നു.
കവിതയുടെ മുദ്രീകരണം
കുശലവന്മാരുടെ അസ്ത്രവർഷത്തിൽ,ഭൂമീദേവിയുടെ മാതൃവാത്സല്യം മുലപ്പാലായി ചുരന്നുവരുന്നതറിഞ്ഞു പുളകിതനാകുന്ന ലവണാസുരവധം ഹനുമാൻ,മാലിനിക്കു പൂവിറുക്കാൻ ചില്ല താഴ്ത്തിക്കൊടുക്കുന്ന കീചകൻ,മലങ്കള്ളുകുടിച്ച് ഉന്മത്തനാകുന്ന കാട്ടാളൻ,കൈകസിയുടെ കണ്ണുനീർമാല്യങ്ങൾ വീണു പൊള്ളി,എഴുന്നേൽക്കുന്ന ഉൽഭവം രാവണൻ,അസ്തമനഗിരിശൃംഗങ്ങളിൽ,സൂര്യചന്ദ്രന്മാർ ഒളിച്ചുകളിക്കുന്നതുകണ്ട് ഏതുപകലിനും രാത്രിയുണ്ടാകുമെന്നു തപ്തനാകുന്ന സൌഗന്ധികം ഭീമൻ…അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാ‍വ്യാത്മകകൽ‌പ്പനകളാണ് കുമാരൻ നായരിൽ വിരിഞ്ഞത്.കഥകളിക്കനുയോജ്യമായ നിയോക്ലാസിക്കൽ ബിംബാവലികളെ ഭാവനചെയ്യുകയും,അതേ ഊഷ്മാവിൽ അരങ്ങിലെത്തിക്കുകയും ചെയ്ത കാര്യത്തിൽ കീഴ്പ്പടം അനന്യനായിരുന്നു.ആ ധർമ്മത്തിനായി,അനുസ്യൂതം കീഴ്പ്പടം പുരാണവൈഖരികളിലൂടെയലഞ്ഞു.
ഭാവം-നൃത്തം-നാടകീയത
കേവലനൃത്തങ്ങളെ ഭാവവുമായിണക്കുന്ന കലാസിദ്ധിയെപ്പറ്റി മുൻപു പറഞ്ഞല്ലോ.നൃത്തവും ഭാവവും നാടകീയതയും സമന്വയിക്കുന്ന പരീക്ഷണങ്ങളിലും കീഴ്പ്പടം വ്യാപൃതനായിരുന്നു.ഒറ്റ ഉദാഹരണം:സന്താനഗോപാലം ബ്രാഹ്മണൻ “മൂഢാ!അതിപ്രൌഡമാം നിന്നുടെ” എന്ന പദത്തിനു ശേഷം,ഇതികർത്തവ്യതാമൂഡനായി നിൽക്കുന്ന അർജ്ജുനനോട് വലതുവശത്തേക്കു തിരിഞ്ഞുള്ള ഒരു സവിശേഷനൃത്തത്തിനു ശേഷം,“കുട്ടിയെ താ”എന്നു ദു:ഖത്തോടെയും,പെട്ടെന്ന് ഇടത്തോട്ടുതിരിഞ്ഞുനൃത്തമാവർത്തിച്ച്,“അല്ലെങ്കിൽ അഗ്നിയിൽ ചാട്”എന്നു ക്രോധത്തോടെയും കാണിക്കുന്നു.അനുക്രമമായി താളം മുനകൂർത്തുവരുംവിധത്തിൽ,ഇതാവർത്തിക്കുന്നു.അപൂർവ്വമായ ഒരു രംഗാനുഭവമാണത്.ബ്രാഹ്മണന്റെ കോപതാപങ്ങൾ സമന്വയിക്കുന്ന,ഭാവ-നൃത്ത-നാടകീയതലങ്ങളെ ഏകീഭവിപ്പിക്കുന്ന അരങ്ങനുഭവം.
ഭാവമെന്നാൽ കേവലഭാവമല്ല,നൃത്താംശത്തോടും പാത്രസ്വഭാവത്തോടും ചേർന്നുപോകുന്ന ഭാവം.നൃത്തമെന്നാൽ കേവലനൃത്തമല്ല,അരങ്ങുസാധ്യതകളോടും ചൊല്ലിയാട്ടത്തിന്റെ ഘടനയോടും ചേർന്നുപോകുന്ന നൃത്തം.നാടകീയതയെന്നാൽ കേവലനാടകീയതയല്ല,പാത്രസ്ഥായിക്കും കഥകളീയതക്കുമനുയോജ്യമായ നാടകീയത.ഇങ്ങനെ കീഴ്പ്പടം രംഗദർശനത്തെ ചുരുക്കിപ്പറയാം.
കീഴ്പ്പടത്തിന്റെ ദർശനങ്ങളിലും രംഗപരിചരണത്തിലും പല കാര്യങ്ങളോടും എനിക്കു വിയോജിപ്പുമുണ്ട്.വിയോജിക്കാനുള്ള സാധ്യതകൾ കൂടി തരുന്നിടത്താണ് ഒരാൾ മഹാനായ കലാകാരനാകുന്നത്.ഇനി ഞാൻ പറയാൻ പോകുന്ന വിയോജിപ്പുകൾ,അതിനാൽ ആ യുഗപ്രഭാവന്റെ ന്യൂനതകളെയല്ല,മഹത്വത്തെയാണുൽഘോഷിക്കുന്നത്.
(തുടരും)

Thursday, September 18, 2008

കീഴ്പ്പടം- വിശകലനവും ചില കാലികചിന്തകളും

പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്,പല മുഖങ്ങളുണ്ടായിരുന്നു.അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്.നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്.സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്.പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു.അരങ്ങിനെ നിത്യവും പരീക്ഷണശാലയായിക്കണ്ട,യാഥാസ്ഥിതികവും സങ്കുചിതവുമായ കഥകളിദർശനങ്ങളോടു മുട്ടുമടക്കാത്ത,പ്രാർത്ഥനാനിർഭരമായ മനസ്സും നിത്യനവീകരണക്ഷമമായ ധിഷണയും കാത്തുസൂക്ഷിച്ച ഒരു മുൻപേ പറന്ന പക്ഷിയുടെ മുഖം.അതു കൈമാറിയത് ഒരു വികൃതിക്കായിരുന്നു-കീഴ്പ്പടത്തിലെ കുമാരന്.
ആ വികൃതിയാകട്ടെ,,മരണം വരെ തന്റെ കുറുമ്പുകൾ മാറ്റിയില്ല.പാരമ്പര്യവാദികളുടെ ജൽ‌പ്പനങ്ങൾക്ക് തരിമ്പുവില കൽ‌പ്പിക്കാത്ത ആ കലാപം,ചെയ്തു വെച്ചതെന്തെല്ലാമെന്ന് ഇനിയും കഥകളിലോകം പഠിക്കേണ്ടിയിരിക്കുന്നു.
എന്തുകൊണ്ട് കുമാരൻ നായർ?
-------------------------------
കളിയരങ്ങിന്റെ വർത്തമാനം,രാവുണ്ണിമേനോന്റെ മുൻപുള്ള കല്ലുവഴിക്കളരിയുടെ ദർശനങ്ങളിലേക്ക്,ഒരുതരം ലാവണ്യൈകവാദത്തിലേക്ക്,പിന്മടങ്ങുകയാണോ എന്നു ഞാൻ സംശയിക്കുന്നു.ചിട്ടക്കുവേണ്ടിയുള്ളചിട്ട,ഫോമിലും പോസ്റ്ററിലും മാത്രമുള്ള അഭിരമണം-ഇതു സങ്കേതരാഹിത്യം പോലെത്തന്നെ അപായകരമായ ഒന്നാണ്.ഒരു പുതിയ ചലനത്തിനും ഒരു കല ശ്രമിക്കുന്നില്ലെങ്കിൽ അതിനർത്ഥം,ആ കല രോഗാതുരമാണ് എന്നാണ്.ഔദ്യോഗികവും അനൌദ്യോഗികവുമായ പുരസ്കാരങ്ങളിലാണ് കലാകാരന്റെ പ്രധാനശ്രദ്ധ.വാസ്തവത്തിൽ, സമ്മാനം വളരെ പഴയ ഏർപ്പാട് തന്നെയാണ്.അതു പട്ടായും വളയായും വീരശൃംഖലയായും പണ്ടുമുതലേ നൽകപ്പെട്ടുപോന്നിട്ടുണ്ട്.അവയെ പിന്നെപ്പിന്നെ പുച്ഛിച്ചു തള്ളിയ നാം,അവ തന്നെ കൂടുതൽ ആപൽകരമാം വണ്ണം എടുത്തണിയുകയാണുണ്ടായത്. നിരന്തരമായ സംവാദാത്മകതയാണ് കലയുടെ പരമമായ സാഫല്യം എന്ന സത്യത്തിൽ നിന്ന് കലാകാരനെ അപനയിക്കുന്നിടത്തെത്തിയിരിക്കുന്നു ഈ വീരശൃഖലകളും രാജസമ്മാനങ്ങളുമൊക്കെ!തീയിനെ ജയിച്ചതാണ് സ്വപ്നവാസവദത്തത്തിന്റെ വിജയമെന്ന് പണ്ഡിതർ പറയുമെങ്കിലും സാമാജികരുടെ പരിതോഷമാണ് എന്റെ ആവിഷ്കാരത്തിന്റെ വിജയമെന്ന ബോധം ഭാസനും കാളിദാസനുമൊക്കെയുണ്ടായിരുന്നു.ചതുരശ്രശോഭിയായ പ്രശസ്തിപത്രങ്ങളിലെ വാക്യങ്ങളാണ് ഇന്ന് കലാകാരന്മാരെ വ്യാമുഗ്ധരാക്കുന്നത്.ഇത്തരമൊരു പരിത്സ്ഥിതിയിൽ,പ്രശസ്തിപത്രങ്ങളിലും അജ്ഞാനികളിലും മുഖം പൂഴ്ത്താത്ത ഒരു ആചാര്യന്റെ ഓർമ്മയും ഔഷധമാണ്.
കീഴ്പ്പടത്തിന്റെ രംഗസുഷമകൾ
--------------------------------
കീഴ്പ്പടത്തിന്റെ അരങ്ങുചരിത്രവും വ്യതിരിക്തതകളും വിശാലമാണ്.ഒരു പോസ്റ്റിലൊതുക്കാനാവാത്ത ജന്മസത്യങ്ങൾ.എങ്കിലും,സൌകര്യാർത്ഥം ഞാൻ കീഴ്പ്പടവഴികളെ രണ്ടു കൈവഴികളാക്കട്ടെ:
നൃത്തചാരുതകളുടെ രംഗനിറവ്
------------------------------
ജന്മസിദ്ധമായിത്തന്നെ,താളമൂർത്തിയായിരുന്നു കുമാരൻ നായർ.ഏതുകാലത്തിലും താളം പിഴക്കാത്ത മനീഷ.ചിലപ്പോഴൊക്കെ,ആ താളബോധം കുസൃതികൾക്കു വഴിമാറിയിരുന്നു.സന്താനഗോപാലം ബ്രാഹ്മണന്റെ ചമ്പ താളത്തിലുള്ള “ആഹാ! കരോമി കിമി” എന്ന പദത്തിൽ,‘എട്ടു ബാലന്മാരീവണ്ണം’ എന്നിടത്ത് കീഴ്പ്പടം കാണിച്ചിരുന്ന താളക്കെട്ട്, കണ്ടവരും മറക്കില്ല,കൊട്ടിയവരും മറക്കില്ല.നിലവിളക്കിന്റെ ഇത്തിരിവെട്ടത്തിലേ പറവട്ടത്തിനു സമ്പൂർണ്ണസാധുതയുള്ളൂ.വൈദ്യുതപ്രകാശത്തിന്റെ ഉജ്വലപ്രഭയിൽ,രംഗം നിറഞ്ഞാടുന്ന രീതിശാസ്ത്രമാണ് കീഴ്പ്പടം നിർമ്മിച്ചെടുത്തത്.അടക്കം,തോങ്കാരം തുടങ്ങിയ കേവലനൃത്തങ്ങളെക്കൂടി,കഥകളിയുടെ ഭാവതലത്തിലെക്കു സമന്വയിപ്പിക്കുന്ന രാസവിദ്യ അദ്ദേഹത്തിനു വശമായിരുന്നു.പട്ടിക്കാംതൊടി എഴുതിവെച്ച ആട്ടക്കുറിപ്പുകളിൽ “ബാലേ കേൾ നീ” എന്ന പതിഞ്ഞപദത്തിന്റെ പല്ലവിക്കു ശേഷമെടുക്കുന്ന വട്ടം വെച്ചു കലാശത്തിന്റെ ഭാവോന്മീലനശ്രദ്ധയെക്കുറിച്ചു പറഞ്ഞിരിക്കുന്ന കലാതത്വം വ്യക്തമാകാൻ കീഴ്പ്പടത്തിന്റെ കിർമീരവധം ധർമ്മപുത്രർ കാണണം.
വടക്കുള്ളവർക്കു മുഴുവൻ കലാശവുമെടുക്കാനറിയില്ല എന്ന വിമർശനത്തിനു മറുപടിയായി,കീഴ്പ്പടം രൂപം നൽകിയ അഷ്ടകലാശം,സവിശേഷമായ ഒരു നൃത്തശിൽ‌പ്പമാണ്.അനുക്രമവികാസസ്വഭാവമള്ള അഷ്ടകലാശശിൽ‌പ്പത്തെ വ്യത്യസ്തഘടനാബോധത്തോടെയാണ് കുമാരൻ നായർ സമീപിച്ചതെന്നു വ്യക്തം.എട്ടുകലാശവുമെടുക്കുന്ന തെക്കൻ അഷ്ടകലാശവുമായി രംഗപരിചരണസ്വഭാവത്തിൽ കീഴ്പ്പടം കലാശം പൂർണ്ണമായി വേറിട്ടുനിൽക്കുന്നു.അഷ്ടകലാശമെടുക്കേണ്ട സന്ദർഭങ്ങളെക്കുറിചുള്ള സമീപനമാകട്ടെ,കല്ലുവഴിക്കളരിയുടെ ശാഠ്യങ്ങളോട് അദ്ദേഹം സന്ധി ചെയ്തതുമില്ല.കല്ലുവഴിക്കളരി പാടില്ലെന്നു നിഷ്കർഷിച്ച സൌഗന്ധികം ഹനുമാനും,ലവണാസുരവധം ഹനുമാനും കീഴ്പ്പടം അഷ്ടകലാശമെടുത്തു.
തന്റെ പ്രവാസജീവിതം തനിക്കു സമ്മാനിച്ച മറ്റു നൃത്തരൂപങ്ങളുടെ അറിവ്,സമഞ്ജസമായി കീഴ്പ്പടം വിനിയോഗിച്ചിട്ടുണ്ട്.കഥകളിയുടെ മൌലികഘടനക്കു ക്ഷതമേൽ‌പ്പിക്കാത്ത ഏതു പറീക്ഷണത്തിനും ആ മനസ്സ് സജ്ജമായിരുന്നു.

അരങ്ങ് എന്ന പരീക്ഷണശാല
------------------------------
അരങ്ങ് എന്നാൽ ആവർത്തനസൌന്ദര്യം എന്നു നിർവ്വചിച്ച ആസ്വാദകനു മുന്നിലേക്കാണ് നിത്യവും പുനർനിർണ്ണയിക്കുന്ന ആട്ടക്രമങ്ങളുമ്മായി കീഴ്പ്പടം എത്തിച്ചേർന്നത്. ഓരോ അരങ്ങിലും ഓരോ പുതുമകൾ...തോരണയുദ്ധം ഹനുമാൻ,ലങ്കയിലെത്തിയശേഷം അസ്തമനസൂര്യന്റെ പൊൻപ്രഭയേറ്റു തിളങ്ങുന്ന മണ്ണ് കയ്യിലെടുത്താലോചിക്കും,എനിക്കീ മണ്ണിനോട് മമത തോന്നുന്നുവല്ലോ എന്ന്.“മനസ്സിലായി.പണ്ട് എന്റെ അച്ഛനും നാഗരാജാവായ അനന്തനും തമ്മിൽ ഒരു മത്സരം നടന്നു.ആർക്കാണ് കൂടുതൽ ശക്തി എന്നായിരുന്നു മത്സരം.അനന്തൻ മാഹേന്ദ്രപർവ്വതത്തിന്റെ ഓരോ കൊടുമുടികളിലും തന്റെ ഓരോ ശിരസ്സുകളമർത്തിക്കിടന്നു.അച്ഛനോട് ഒരു ശിരസ്സെങ്കിലും പൊക്കിക്കാണിക്കാനാവശ്യപ്പെട്ടു.എന്റെ പിതാവായ വായുദേവൻ ആഞ്ഞടിച്ചു.അനന്തന്റെ ഒരു ശിരസ്സു പോലും അനങ്ങിയില്ല.സൂത്രശാലിയായ അച്ഛൻ,പെട്ടെന്ന് അനങ്ങാതെ നിന്നു.എങ്ങും നിശ്ശബ്ദത... ഒരിലയനക്കം പോലുമില്ല.എന്താണ് സംഭവിച്ചതെന്നറിയാൻ അനന്തൻ മെല്ലെ ഒരു ശിരസ്സ് പൊക്കിനോക്കി.അച്ഛൻ ആ തക്കം നോക്കി ആഞ്ഞടിച്ചു.അനന്തന്റെ ആ ശിരസ്സ് കൊടുമുടിയോടുകൂടി ചെന്നു കടലിൽ വീണു.അതാണു ലങ്ക. അതായത്, എന്റെ അച്ഛന്റെ ഭൂമി.പിതൃസ്വത്ത്.അതാണെനിക്കീ മണ്ണിനോടു മമത തോന്നുന്നത്” എന്തൊരു അനന്യസാധാരണമായ ആട്ടം! ഇനി, അടുത്ത അരങ്ങിൽ ചെന്നാൽ,ലങ്കയിലെ മണ്ണ് കൈയ്യിലെടുത്ത്,ഒരോർമ്മ... “ആ, മനസ്സിലായി,എന്റെ അച്ഛൻ പണ്ട്...” അത്രയേ ഉള്ളൂ!
കളിയരങ്ങിൽനിന്ന് കളിയരങ്ങിലേക്ക് നടന്നവർക്കു പൂർവ്വകഥ മനസ്സിലാക്കാം,അല്ലാത്തവർക്കു മിഴിച്ചിരിക്കാം!
(തുടരും)

Wednesday, September 17, 2008

ഗുണികളൂഴിയിൽ നീണ്ടുവാഴാ...

കഥകളിവിചാരങ്ങളുടെ തുടക്കം ഇങ്ങനെ വേണമെന്നല്ല കരുതിയത്.പക്ഷെ,ഇന്നിതല്ലാതെ മറ്റൊന്നും കഥകളിയെപ്പറ്റി എനിക്കെഴുതാനാവില്ല.വെണ്മണി ഹരിദാസ് കാലത്തിന്റെ കോപ്പറയിലേക്കു വിടവാങ്ങിയിട്ടു ഇന്നേക്ക് മൂന്നുവർഷം തികയുന്നു...ഓർമ്മകളുടെ തിരമാലകൾ...ഭാവപൂർണ്ണിമയുടെ ഉത്സവമായിരുന്നു വെണ്മണി ഹരിദാസ്.ഉണ്ണികൃഷ്ണക്കുറുപ്പിനു ശേഷം കഥകളിസംഗീതം കണ്ട അൽഭുതം.
വെങ്കിടകൃഷ്ണഭാഗവതർക്കുശേഷം കഥകളിസംഗീതത്തിലുണ്ടായ ദിശാപരിണാമങ്ങൾ, കഥകളിയുടെ സമഗ്രതയെ ഗുണകരമായും ദോഷകരമായും ബാധിച്ചിട്ടുണ്ട്.കർണ്ണാ‍ടകസംഗീതത്തിന്റെ ചാരുതകളെ സോപാനമട്ടിലായിരുന്ന കഥകളിസംഗീതത്തിലേക്കു സമന്വയിപ്പിക്കാനള്ള വെങ്കിടകൃഷ്ണഭാഗവതരുടെ ശ്രമങ്ങളേയും ശൈലീവഴക്കങ്ങളേയും വ്യത്യസ്തരീതിയിലാണ് ശിഷ്യർ ഉൾക്കൊണ്ടത്.അതിലേറ്റവും ശാസ്ത്രീയവും ജനപ്രിയവുമായ മാർഗം,കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റേതായിരുന്നു.സോപാനസംഗീതത്തിന്റെ ശാലീനത,കർണ്ണാടകസംഗീതത്തിന്റെ സങ്കേതസൌന്ദര്യം,കഥകളിയുടെ തൌര്യത്രികഘടനയെക്കുറിച്ച് ആഴത്തിലുള്ള അവബോധംഎന്നിവയോടൊപ്പം അനുപമമായ പ്രതിഭാവിലാസവും ചേർന്ന ജന്മമായിരുന്നു നമ്പീശന്റേത്.
കലാമണ്ഡലത്തിലെ ഈ നമ്പീശൻ കളരിയിലാണ് ഹരിദാസ് രൂപമെടുത്തത്.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയോടൊപ്പം ഭാവാത്മകതയുടേയും ലാളീത്യത്തിന്റെയും സംഗീതത്തിനു രൂപം നൽകുമ്പോഴും കഥകളിയുടെ സംഗീതമെന്തെന്നുള്ള തിരിച്ചറിവോടെ പൊന്നാനി പാടാൻ ഹരിദാസിനു കഴിഞ്ഞത് ഈ കളരിയുടെ അഭ്യാസബലം കൊണ്ടുതന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു.
‘കുറുപ്പിനുശേഷം’ എന്നു പറഞ്ഞത് മനപ്പൂർവ്വമാണ്. രണ്ടുപേരും സമാനരാകുന്ന അനേകം ഘടകങ്ങളുണ്ട്. ഞാനതിലേറ്റവും സ്നേഹിക്കുന്ന ഘടകം,രണ്ടുപേർക്കുമുള്ള അപ്രവചനീയതയാണ്.ചിലപ്പോൾ ഒട്ടും നന്നാവില്ല.ചിലപ്പോഴങ്ങുനന്നാവും,നന്നായാലോ-പിന്നെ ആർക്കുമൊപ്പമെത്താനാവില്ല.ജീവിതത്തിന്റെ സാമ്പ്രദായികതകളെ വലിച്ചെറിഞ്ഞ രണ്ടു ഗന്ധർവ്വജന്മങ്ങൾ.
ഇനിയുമെന്തെഴുതാൻ! ‘മറിമാങ്കണ്ണിമൌലിയുടെ മറിവാക്കിതാർക്കറിയാം?’ എന്നുകഴിഞ്ഞ്, മലർത്തിപ്പിടിച്ച ചേങ്ങിലയുമായി,വിദൂരങ്ങളിലേക്കു കണ്ണുനട്ടുനിൽക്കുന്ന വെണ്മണിയുടെ മുഖം ഓർമ്മ വരുന്നു.ഹരിദാസ്, ഇന്നും അങ്ങയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു.
സ്മരണാഞ്ജലികൾ...