പ്രിയരേ,
കഥകളിയെക്കുറിച്ചുള്ള ഒരു സമഗ്ര വിജ്ഞാനശേഖരം ഇന്റർനെറ്റിന്റെ സാദ്ധ്യതകളുപയോഗിച്ച് നിർമ്മിക്കുന്ന പ്രവർത്തനത്തിൽ ഞാനും പങ്കാളിയാവുകയാണ്.
കളിക്കാഴ്ച്ചകളുടേയും കളിയനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടെയും താരതമ്യേന വിപുലമായ പ്ലാറ്റ്ഫോം ഇന്റർനെറ്റിൽ നിലവിലുണ്ട്. എന്നാൽ, സമഗ്രമായി കഥകളിയെ പരിചയപ്പെടാനും, കഥകളിയുടെ സങ്കീർണ്ണമായ സങ്കേതശാസ്ത്രത്തെ മനസ്സിലാക്കാനും, ആവശ്യമായ കഥകളി റഫറൻസുകൾക്കായി സമീപിക്കാനും, കളിയരങ്ങിന്റെ സമഗ്രാനുഭവത്തെ പങ്കുവെയ്ക്കാനും ഉതകും വിധത്തിലുള്ള ഒരു വെബ്‌സെറ്റ് ഇന്നുവരെ രൂപം കൊണ്ടിട്ടില്ല. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന, നമ്മിലോരോരുത്തരുടേയും പങ്കാളിത്തത്തോടെ വികസിക്കപ്പെടുന്ന അത്തരമൊരു വെബ് സെറ്റ് കഥകളിയും സൈബർ ലോകവും ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമോ സ്ഥാപനവൽകൃതമോ ആയ ഒരു വിധ പക്ഷപാതങ്ങളുമില്ലാതെ, കഥകളിയെ സമഗ്രമായി സമീപിക്കുന്ന ഒരു വിസ്തൃതകഥകളിവിജ്ഞാനശേഖരം ഉള്ളടങ്ങുന്ന ഒരു വെബ്സെറ്റ്.
അനിവാര്യമായ അത്തരമൊരു വെബ്സെറ്റിന്റെ നിർമ്മാണത്തിലേക്ക് കടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. കഥകളിയിലെ പുരോഗമനോന്മുഖമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റിന്റെ പേരിലാണ് വെബ്സെറ്റ് തയ്യാറാവുന്നത്. ഈ വരുന്ന മെയ്‌മാസം 7 ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വെച്ച് പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ വെബ്സെറ്റ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് നളചരിതം ഒന്നാം ദിവസവും നിണത്തോടുകൂടിയുള്ള നരകാസുരവധവും നടക്കുന്നുണ്ട്. എല്ലാവരേയും ഉദ്ഘാടനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഉദ്ഘാടന പരിപാടിയുടെ വിശദവിവരങ്ങളും, വെബ്‌സെറ്റിന്റെ പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ബ്രോഷർ താഴെച്ചേർക്കുന്നു.
എല്ലാ കലാസ്നേഹികളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.