Monday, December 22, 2008

കഥകളിസംഗീതത്തിന്റെ സമയസന്ധികളും കാലിക പ്രശ്നവിചാരങ്ങളും

ഥകളിയുടെ ഏറ്റവും വിസ്മയകരമായ വ്യതിരിക്തതകളിലൊന്ന്,സംഗീതം തന്നെയാണ്.മറ്റേതെങ്കിലും ഒരു തീയറ്റർ കലാരൂപത്തിന് ഇത്രമാത്രം വിപുലവും ഭാവവൈചിത്ര്യം നിറഞ്ഞതുമായ ഒരു സംഗീതപദ്ധതി രൂപപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.ഒരുപക്ഷേ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ കേരളത്തിനെടുത്തു വെക്കാവുന്ന തനതുസംഗീതജ്ഞന്മാരിൽ ഒരുവലിയപങ്കും കഥകളിസംഗീജ്ഞരായിരിക്കുകയും ചെയ്യും.ഒരു പ്രയുക്തസംഗീതത്തിനു കിട്ടാവുന്നതിലും പലമടങ്ങ് അംഗീകാരം കഥകളിസംഗീതത്തിനു ലഭിച്ചിട്ടുണ്ട്.ഒരു പ്രയുക്തസംഗീതത്തിന്റെ ചട്ടവട്ടങ്ങൾക്കപ്പുറം അതുവളർന്നിട്ടുമുണ്ട്.കഥകളിയിൽ നിന്നകന്നാൽ കഥകളിസംഗീതമുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നെങ്കിലും.
കഥകളിസംഗീതത്തിന്റെ ചരിത്രം,ഏറെ ഭാവനാത്മകമായ പരീക്ഷണങ്ങളുടെ ചരിത്രമാണ്.കഥകളിയുടെ ആദ്യകാലത്ത് ‘പിൻ‌പാട്ട്’എന്ന സമ്പ്രദായമുണ്ടായിരുന്നോ എന്ന വിഷയത്തിൽ ചരിത്രകാരന്മാർ ഭിന്നാഭിപ്രായക്കാരാണ്.ഏതായാലും ആദ്യകഥകളായ രാമനാട്ടകഥകളിൽ തന്നെ,‘സാരിപ്പദം’പോലുള്ള,രംഗത്ത് മുദ്രാഭിനയമില്ലാത്ത സങ്കേതങ്ങളുണ്ടായിരുന്നു എന്ന് സ്പഷ്ടം.(സീതാസ്വയം വരത്തിലെ സീത,വരണമാല്യവുമായി പ്രവേശിക്കുന്നത് ഒരു സാരിപ്പദത്തിന്റെ അകമ്പടിയോടെയാണ്)വാചികം സംഗീതത്തിലേക്കു നിജപ്പെട്ടതോടെയാണ്,കഥകളിയിൽ ആംഗികം കൂടുതൽ നാട്യധർമ്മിയായത്.കഥകളിക്കാവശ്യമായ അലൌകികപശ്ചാത്തലം സൃഷ്ടിക്കാൻ സംഗീതം ഏറെ സഹായിക്കുകയും ചെയ്തു.
കേരളീയർ പൊതുവേ ‘നാദ’ത്തേക്കാൾ ‘ഒച്ച’ക്ക് പ്രാധാ‍ന്യം കൊടുത്തവരാണ്, സ്വാതിയുടെ ഉദയവും,തുടർന്ന് തിരുവനന്തപുരവും സമീപപ്രദേശങ്ങളിൽ നിന്നു വികസിച്ചതുമായ ആ നാദപ്രവാഹത്തെ ഒഴിച്ചാൽ.ശക്തമായ ഒച്ചകളുടെ സാനിധ്യത്തെ സ്നേഹിച്ച ജനത. അനുപമമായ ശംഖമദ്ദളമംഗലധ്വനികളുടെ നിർമ്മിതി അങ്ങനെയാണു സാധ്യമായതും.സോപാനമാർഗത്തിന് വിപുലമായ രാഗവൈവിധ്യം സ്വന്തമല്ല.സ്വാഭാവികമായും സോപാനസംഗീതമാർഗത്തെ പിൻ‌പറ്റിയ കഥകളിസംഗീതം,പരിമിതികളുടെ തടവറയിൽ തന്നെയായിരുന്നു.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെയാണ് കഥകളിയുടെ ഘടകകലകൾ നിർവ്വഹിക്കേണ്ട ധർമ്മങ്ങളെപ്പറ്റി വ്യക്തമായ രൂപമുണ്ടാകുന്നത്.അദ്ദേഹം കളിയരങ്ങിന്റെ ഊടും പാവും മാറ്റിനെയ്തു. അപ്പോഴും കഥകളിസംഗീതത്തിൽ സമൂലമായ പരിണാമങ്ങൾ സംഭവിച്ചിരുന്നില്ല.അതുസംഭവിക്കുന്നത് വെങ്കിടകൃഷ്ണഭാഗവതരുടെ ആഗമനത്തോടെയാണ്.പട്ടിക്കാംതൊടിക്കളരിയുടെ പരീക്ഷണശാലയിൽ ഉണ്ടായിരുന്നവരെല്ലാം അവരവരുടെ മേഖലകളെ പുതുക്കിപ്പണിത പ്രസ്ഥാനങ്ങളായിരുന്നു എന്നതൊരു അത്ഭുതമാണ്.വേഷത്തിൽ പട്ടിക്കാംതൊടി,സംഗീതത്തിൽ വെങ്കിടകൃഷ്ണഭാഗവതർ,ചെണ്ടയിൽ മൂത്തമന,മദ്ദളത്തിൽ വെങ്കിച്ചസ്വാമി.ആ സമഗ്രമായ ഉദ്ഗ്രഥനത്തിന്റെ കളരിയിൽ നിന്നാണ് സോപാനമാർഗത്തിന്റെ തനതുവാർപ്പുകളെ കർണ്ണാടകസംഗീതത്തിന്റെ വിശാലസമുദ്രജലം കൊണ്ട് നവീകരിക്കാനുള്ള ബലം വെങ്കിടകൃഷ്ണഭാഗവതർ ആർജ്ജിക്കുന്നത്.ഓരോ ഭാവവൈചിത്ര്യത്തിനും അനുസാരിയായി അനുരൂപമായ രാഗവൈവിധ്യങ്ങൾ,ആവർത്തിച്ചുപാടേണ്ടിവരുമ്പോൾ വ്യത്യസ്തമായ സംഗതികൾ,ഭൃഗകളും ഗമകങ്ങളുമടങ്ങുന്ന ആലങ്കാരികമായ സംഗീതരീതിശാസ്ത്രം-കഥകളിയുടെ അമൂലാഗ്രം നടന്ന പൊളിച്ചെഴുത്തുകളിലേക്ക് സംഗീതവും ഉൾച്ചേരുകയായിരുന്നു.
വേഷത്തിനനുസരിച്ച പാട്ട്,കൊട്ട്-ഈ അലിഖിതനിയമം പട്ടിക്കാംതൊടിക്കളരിയുടെ മുഖമുദ്രയായതിനാൽ തന്നെ,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതവും ആ വൃത്തനകത്തുനിന്നു.ഭാവസംഗീതമായിരുന്നു അദ്ദേഹത്തിന്റേത് എന്നാണു കേട്ടറിവ്.ഘനശാരീരവും,അനതിസാധാരണമായ രംഗബോധവും സമന്വയിക്കുന്ന വെങ്കിടകൃഷ്ണഭാഗവതരുടെ പ്രവർത്തനമാണ് തുടർന്നുള്ള സംഗീതത്തിന്റെ ദിശാസൂചകമായി വർത്തിച്ചത്.
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ-തലമുറകളുടെ പ്രമാണി
----------------------------------------------------------------
കഥകളിസംഗീതത്തിന്റെ ശ്രവ്യസൌകുമാര്യത്തിലേക്ക് സഹൃദയസമൂഹത്തിന്റെ കണ്ണുമിഴിയുന്നത് നമ്പീശന്റെ സംഗീതജീവിതത്തോടെയാണ്.കേരളമാകെ ആദരിച്ച,ആദരിക്കുന്ന, പിന്നീടുണ്ടായ മിക്ക ഗായകരും നടന്നവഴിത്താരകൾ നമ്പീശന്റെ മാർഗേണയാണ്.മൂത്താൻ ഭാഗവതരുടെ (പുലാപ്പറ്റ കുട്ടൻ ഭാഗവതർ) ശിഷ്യനായി ആരംഭിച്ച ആ സംഗീതജീവിതം അദ്വിതീയമായ ഒരു യുഗത്തിന്റെ ചരിത്രമാണ്.ആലാപനവഴിയിൽ,വെങ്കിടകൃഷ്ണഭാഗവതർ തുടങ്ങിവെച്ച ശാസ്ത്രീയപരിഷ്കരണം നമ്പീശൻ അവിടെനിന്നും മുന്നോട്ടുനയിച്ചു.ആരെയും വ്യാമുഗ്ധരാക്കുന്ന ശ്രവണസുഖദമായ ശാരീരം,അടിയുറച്ച താളം,വിപുലമായ ജ്ഞാനം-നമ്പീശന്റെ സംഗീതത്തിന്റെ സവിശേഷചാരുത വേറിട്ട അദ്ധ്യായമായി.ഒരിക്കലും ജ്ഞാനം കസർത്തുകൾക്കുപയോഗിക്കാതെ,കളിയരങ്ങ് ആവശ്യപ്പെടുന്ന ഭാവതലത്തെ ഉന്മിഷിത്താക്കുന്ന നമ്പീശന്റെ കാൽ‌പ്പാടുകൾ കഥകളിസംഗീതമുള്ള കാലത്തോളം മാഞ്ഞുപോവില്ല.
ഉണ്ണികൃഷ്ണക്കുറുപ്പ്-തീഷ്ണപ്രതിഭയുടെ അവധൂതജന്മം
----------------------------------------------------

കഥകളി സംഗീതത്തിൽ മുൻപോ പിൻപോ കാണാത്ത പ്രതിഭാവിലാസത്തിന്റെ ഹിമാലയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പ്.സമാനതകളില്ലാത്ത അവധൂതജന്മം.ആർക്കുമുമ്പിലും തലകുനിക്കാതെ,ആ ബൊഹീമിയൻ ജീവിതം സംഗീതം കൊണ്ടലഞ്ഞ ഘോരവിപിനങ്ങളിലൂടെ മറ്റാരും എത്തിനോക്കിയിട്ടില്ല.ഏതെല്ലാം സംഗീതത്തിന്റെ സമവായമായിരുന്നു കുറുപ്പിലൂടെ പ്രവഹിച്ചതെന്നു പറയാൻ പ്രയാസം.പാരമ്പര്യമായി കിട്ടിയ കളമെഴുത്തുപാട്ടുമുതൽ,ഹിന്ദുസ്ഥാനിസംഗീതം വരെയുള്ള നാദഗോപുരങ്ങളിലൂടെ കഥകളിസംഗീതം കുറുപ്പിലൂടെ നടന്നു.ഏറെക്കാലം കേരളത്തിനുപുറത്ത്,ബംഗാളിൽ ശാന്തിനികേതനത്തിലെ ജോലിയുമായി കഴിഞ്ഞപ്പോഴും അവധിക്കു വരുമ്പോൾ കുറുപ്പുപാടുന്ന ഏതാനും അരങ്ങുകൾക്കായി ആസ്വാദകലോകം കാതോർത്തുകാത്തിരുന്നു.പിന്നീട് കുറുപ്പു നാട്ടിലെത്തിയതോടെ,ഓരോ അരങ്ങും സംഗീതത്തിന്റെ ഉത്സവങ്ങളായി.കഥ ചിട്ടപ്രധാനമോ,ഭാവപ്രധാനമോ ആകട്ടെ,കുറുപ്പിന് എല്ലാം സമമായിരുന്നു.ഓരോ രാഗങ്ങളും കുറുപ്പിന്റെ കണ്ഠത്തിലൂടെ സവിശേഷമായ വ്യക്തിത്വമാർജ്ജിക്കുന്നതുകണ്ട് കഥകളിലോകം വിസ്മയസ്തബ്ധരായി.എന്നാൽ അവയൊന്നും കഥകളിയുടെ സമഗ്രശിൽ‌പ്പത്തിൽ നിന്നു തെറ്റിപ്പോയതുമില്ല.ഇന്നും കുറുപ്പിനേപ്പോലെ സഹൃദയഹൃദയത്തിൽ ജീവിക്കുന്ന മറ്റൊരു കഥകളിസംഗീതജ്ഞനുണ്ടാകുമെന്നു തോന്നുന്നില്ല.വളരെ ചെറിയ ശിഷ്യസഞ്ചയമായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പിന്റേതെങ്കിലും,ഇന്നു കഥകളിലോകത്തിന്റെ തുഞ്ചത്തുള്ള ഒരുപിടി പാട്ടുകാർ-കോട്ടക്കൽ നാരായണനും,പാലനാട് ദിവാകരനും,കലാനിലയം ഉണ്ണികൃഷ്ണനും,കോട്ടക്കൽ മധുവുമെല്ലാം-അദ്ദേഹത്തിന്റെ ശിഷ്യരാണെന്നത് കാലം ആ ജീനിയസ്സിനു നൽകിയ സമാദരണമാവാം.
എമ്പ്രാന്തിരി-ഹൈദരാലിമാർ-ജനകീയതയുടെ പൊന്നാനിപ്പാട്ട്
-----------------------------------------------------------------
കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയും കലാമണ്ഡലം ഹൈദരാലിയുമാണ് കഥകളിസംഗീതത്തിന്റെ പ്രയുക്താവസ്ഥക്കു മുകളിൽ ജനകീയമായ ഒരു സ്ഥാനം അതിനു നിർമ്മിച്ചത്.താരത‌മ്യേന ലളിതവും,ശ്രവണസുഖദവുമായ എമ്പ്രാന്തിരി സംഗീതത്തിന്,ഒരു വലിയ കൂട്ടം സംഗീതപ്രേമികളെ അരങ്ങിനു മുന്നിലെത്തിക്കാനായി.എമ്പ്രാന്തിരിയുടെ “കിം കിം അഹോ സഖിയും”,“കരുണാവാരിധേ കൃഷ്ണാ”യും കേൾക്കാനായി മാത്രം കഥകളിക്കുവന്നിരുന്ന ആസ്വാദകരെ അന്നു സുലഭമായി കാണാമായിരുന്നു.അതുകഥകളിയുടെ ആകമാനീയതയെ,ഇഴപ്പൊരുത്തത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്.ശിങ്കിടിക്കു ഒറ്റക്കുപാടാനവസരം നൽകാതെ,അനുസ്യൂതം പാടുന്ന ആ ശൈലിയും ഏറെ വിമർശനങ്ങൾ വരുത്തിവെച്ചു.ഭാവതലത്തിൽ എമ്പ്രാന്തിരി സൃഷ്ടിച്ച വ്യതിരിക്തമായ പരിസരം കൊണ്ടു മയങ്ങിയ ഒരു സമൂഹത്തിന്റെ സൃഷ്ടി അദ്ദേഹത്തിന്റെ മാത്രം വിജയമായിരുന്നു,കഥകളിയുടെ വിജയമായിരുന്നില്ല.
ഹൈദരാലിയുടെ ജീവിതം ഒരു പോരാട്ടത്തിന്റെ കഥയാണ്.ഫ്യൂഡൽ കാലഘട്ടത്തിന്റെ നിയമാവലികളെ മറികടന്ന്,കറുത്തുമെലിഞ്ഞ ആ മാപ്ലച്ചെക്കൻ സൃഷ്ടിച്ച വിപ്ലവം കേരളകലാചരിത്രത്തിലെ ഒരു വീരചരിതമായിത്തന്നെ അടയാളപ്പെടുത്തപ്പെടണം.‘അഹിന്ദുക്കൾക്ക് പ്രവേശനമില്ലെ’ന്നു തിട്ടൂരമിറക്കിയവർക്കും ആ സംഗീതധാരക്കുമുന്നിൽ കീഴ്‌പ്പെടേണ്ടിവന്നത് ചരിത്രം.ഏതു പദത്തിനും ഹൈദരാലിക്ക് സ്വകീയമായ പ്രകാശനരീതിയുണ്ടായിരുന്നു,മികച്ച രംഗബോധവും.പ്രഗത്ഭരെല്ലാം ഒഴിഞ്ഞപ്പോൾ ‘ഇനി ഹൈദരാലിയുടെ കാലം’എന്നു കരുതിയിരിക്കുമ്പോഴാണ് ഒരു ടിപ്പർലോറിയുടെ രൂപത്തിൽ വന്ന മരണം അദ്ദേഹത്തെ കാലത്തിന്റെ കോപ്പറയിലേക്കു പിൻ‌വിളിച്ചത്.മധുരമായ ശബ്ദവും,അനുപമമായ ഭാവസൌന്ദര്യവും ഒത്തിണങ്ങിയ ആ വിപ്ലവകാരി അകാലത്തിൽ നമ്മോടുവിടവാങ്ങി.
വെണ്മണി ഹരിദാസ് കഥകളിലോകത്തിനു സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്.നല്ലകാലം മുഴുവൻ ശിങ്കിടിയായി പാടിത്തീർത്ത ആ ഗായകന്റെ തൊണ്ടയിലൊളിച്ചിരുന്ന ശാരീരഭൂമികൾ ആർക്കും വേണ്ടപോലെ കേട്ടുകൊതിതീരാനായില്ല.കുറുപ്പിനും എമ്പ്രാന്തിരിക്കും ശിങ്കിടിയായി ഹരിദാസ് പാടിത്തീർത്ത ഗീതധാരകൾക്കിടക്ക് എല്ലാവരും അതുമറന്നും പോയി.കുറുപ്പിനേപ്പോലെ,അപ്രവചനീയമായിരുന്നു ഹരിദാസിന്റേയും സംഗീതം.ചിലപ്പോൾ നന്നായെന്നു വരികയില്ല,ചിലപ്പോഴങ്ങുനന്നാവും,നന്നായാൽ പിന്നെ ആർക്കും ഒപ്പമെത്താനുമാവില്ല.അനായാസതയായിരുന്നു വെണ്മണിസംഗീതത്തിന്റെ മുഖമുദ്ര.ചെറിയ പദങ്ങൾ പലതും അദ്ദേഹത്തിന്റെ ശബ്ദലാളനം കൊണ്ട് അവിസ്മരണീയമായിട്ടുണ്ട്.കുന്തളവരാളിയിൽ അദ്ദേഹം പാടാറുള്ള സന്താനഗോപാലത്തിലെ “കല്യാണാലയേ ചെറ്റും”എത്രകേട്ടാലും മതിവരാത്ത ഒരുദാഹരണം.കുറുപ്പിനേപ്പോലെത്തന്നെ,സ്വയംകൃതാനർത്ഥങ്ങൾ നിശ്ചയിച്ച മരണവുമായി പിൻ‌വാങ്ങിയ ആ പ്രതിഭയേ ഓർക്കുമ്പോഴെല്ലാം നഷ്ടബോധമാണ് മുന്നിൽ നിൽക്കുക.
വേറിട്ട് തങ്ങളുടെയൊച്ച കേൾപ്പിച്ച ഒരുപറ്റം സംഗീതജ്ഞർ ഇക്കാലത്തുതന്നെ കളിയരങ്ങുകണ്ടിട്ടുണ്ട്.രാമുവാരിയരും,വാസുനെടുങ്ങാടിയും, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും,പരമേശ്വരൻ നമ്പൂതിരിയുമടക്കം പലരുടേയും പ്രവത്തനങ്ങൾ ചേർന്നാലാണ് കഥകളിസംഗീതത്തിന്റെ ചിത്രം പൂർത്തിയാകുന്നത്.കലാ.ഗംഗാധരനേപ്പോലെ കർണ്ണാടകസംഗീതത്തിന്റെ ഗമകപ്രധാനങ്ങളായ സഞ്ചാരങ്ങളെ തികച്ചും ക്ലാസിക്കലായിത്തന്നെ കളിയരങ്ങിലെത്തിച്ച ഗായകരുടെ കൂടി കൈയൊപ്പുകൾ ഇന്നത്തെ കഥകളിസംഗീതത്തിലുണ്ട്.
സമഗ്രശിൽ‌പ്പത്തിൽ നിന്നടരുന്ന സംഗീതം
---------------------------------------------
സാർത്ഥകമാകുന്ന അരങ്ങിന്റെ അടിസ്ഥാനഗുണം,അതിന്റെ തൌര്യത്രികചാരുതയാണ്.ഒരു സംഘകലയായ കഥകളിയിൽ വേഷത്തിനിണങ്ങിയ ഗീതവാദ്യങ്ങളുടെ മേളനം അനിവാര്യമാണ്.അവയുടെ പരസ്പരമുള്ള ഇഴപ്പൊരുത്തമാണ് രംഗത്തെ സർഗാത്മകമാക്കുന്നത്.ഘടകകലകളുടെ ഈ സമന്വയത്തിലെ ഏതെങ്കിലുമിഴകൾ വിട്ടുപോകുന്നതോടെ,രംഗശിൽ‌പ്പം ശിഥിലമാകുന്നു.കഥകളിസംഗീതത്തിന്റെ വളർച്ച നൽകുന്ന പ്രതീക്ഷകൾക്കൊപ്പം ഉണരുന്ന ആശങ്കയും അതാണ്.അരങ്ങിന്റെ ആകമാനീയതയിൽ നിന്നടർന്ന് സ്വച്ഛഗതിയായി വിഹരിക്കുന്ന കഥകളിസംഗീതം മറ്റെന്തോ ആയിത്തീരുന്നു,അതു കഥകളിയിൽ നിന്നു വേർപെടുന്നു.എന്നാൽ പ്രയുക്തതയിൽ നിന്നടരുന്ന കഥകളിസംഗീതത്തിന് മുഖം നഷ്ടമാവുകയല്ലാതെ,ഒന്നും ലഭിക്കുന്നുമില്ല.സോപാനസംഗീതത്തിന്റെ ചാരുത മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെപ്പോലുള്ള അപൂർവ്വം ഗായകരിൽ ശേഷിക്കുന്ന പുരാവസ്തുവായി.
പാട്ടുകേൾക്കാൻ വേണ്ടി കഥകളിക്കുവരുന്നവരുണ്ടായതോടെ,പാടാൻ വകയുള്ള കഥകൾ വെക്കുന്ന പ്രവണത സംഘാടകരിലും പടർന്നു.പിന്നെപ്പിന്നെ,പാട്ടുകാരനു വിസ്തരിക്കാൻ സാധ്യതയുള്ള ഭാഗം വേഷകാരൻ വിസ്തരിച്ച് ചെയ്യലിൽ വരെയെത്തി.ഇങ്ങനെ പരസ്പരമുള്ള ഇഴപ്പൊരുത്തം നഷ്ടപ്പെട്ട്,ആനുപാതികമല്ലാത്ത ഘടകകലകളുടെ അവയവഭാരവും പേറി കഥകളി യാത്രതുടരുന്നു.സമഗ്രതലത്തിലുള്ള ഉദ്ഗ്രഥനസാധ്യതകൾ ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു.
പ്രസ്ഥാനങ്ങൾ അസ്തമിച്ചെന്നേയുള്ളൂ. പുതിയ പാട്ടുകാരിൽ മികച്ച നിരവധി ശബ്ദങ്ങളുണ്ട്.പക്ഷേ,രാഗമാറ്റത്തിന്റെ കസർത്തുകൾക്കും ലളിതസംഗീതത്തിന്റെ ഉപരിതലത്തിനും മുകളിൽ പുതിയ അന്വേഷണവഴികൾ അവർ കണ്ടെത്തേണ്ടിയിരിക്കുന്നു.കോട്ടക്കൽ മധുവും,പത്തിയൂർ ശങ്കരൻ കുട്ടിയും,കലാമണ്ഡലം ബാബു നമ്പൂതിരിയും,കലാനിലയം രാജീവും,കലാമണ്ഡലം വിനോദും,ജയപ്രകാശും,ഹരീഷും,നെടുമ്പള്ളി രാം മോഹനും,വേങ്ങേരി നാരായണനുമെല്ലാമടങ്ങുന്ന ആ തലമുറയാണ് ഇനി തങ്ങൾക്കെന്തുചെയ്യാനാവുമെന്ന് തെളിയിക്കേണ്ടത്.

Sunday, December 14, 2008

തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്

വാസ്തവത്തിൽ,എല്ലാ കഥകളിക്കാർക്കും കളിക്കമ്പക്കാർക്കും ഇഷ്ടമുള്ള ഒരു കഥയാണ് ഉള്ളത്; ‘തെക്കുവടക്കുയുദ്ധം’.കഥകളിയുടെ അവതരണ-ആസ്വാദന-സംവാദ സ്ഥലികളിലെല്ലാം പടർന്നുപിടിച്ച കാൻസറാണ് തെക്കുവടക്കു വഴക്കുകൾ.അങ്ങോട്ടുമിങ്ങോട്ടും പുച്ഛിച്ചും,പാരപണിതും,മേനിനടിച്ചും,പരദൂഷണം പറഞ്ഞും ഇവർ നടത്തുന്ന ചക്കളത്തിപ്പോരാട്ടങ്ങൾ ആർക്കാണു ഗുണം ചെയ്യുന്നത്?ലോകം മുഴുവൻ വിസ്മിതനേത്രങ്ങളുമായി നോക്കുന്ന കളിയരങ്ങിന്റെ അകത്ത് ചീഞ്ഞുനാറുന്ന ഈ മാലിന്യങ്ങളെ പുറന്തള്ളിയാലേ ഇനി കഥകളിക്കു മുന്നോട്ടുപോക്കുള്ളൂ.ഉറക്കമില്ലാത്തവർ,ഉറങ്ങുന്നവർ,ഉറക്കം നടിക്കുന്നവർ,കതിന പൊട്ടിയാലും ഉണരാത്തവർ-ഇങ്ങനെ ഭിന്നരുചികളുടെ ആവാസഭൂമിയായ കഥകളിലോകത്ത് ‘ജനാധിപത്യം’എന്നുള്ള വാക്കിന് നേരിയ അംഗീകാരമേ ഉള്ളൂ.ഞാൻ കാണുന്ന രീതി മാത്രമാണ് ആത്യന്തികമായ ശരി,എന്റെ കാഴ്ച്ചവട്ടത്തിൽ ഒതുങ്ങാത്തതും ഇഷ്ടപ്പെടാത്തതും കളിയരങ്ങിലെ ചീത്തത്തങ്ങളാണ്-ഇതാണ് കഥകളി ഫാസിസ്റ്റുകളുടെ ഒരു മട്ട്.ഈ ലോകത്തിലെ ഏറ്റവും ഗംഭീര കലാരൂപം കഥകളിയാണെന്നും,(ലോകത്തിലെ എല്ലാ കലാരൂപങ്ങളും ആരു കണ്ടിരിക്കുന്നു?)കഥകളിയെപ്പറ്റി വിവരമുണ്ടാവലാണ് ഏറ്റവും വലിയ വിവരമെന്നും,ആ വിവരമില്ലാത്തവർ എത്ര മഹാന്മാരാണെങ്കിലും അവജ്ഞാർഹരാണെന്നും ധരിച്ചിരിക്കുന്ന കൂപമണ്ഡൂകങ്ങളും കുറവല്ല.ഈ തെക്കുവടക്കുതൊഴുത്തിൽ‌കുത്തുകൾക്ക് വേണ്ട അടിസ്ഥാനയോഗ്യത,സങ്കുചിതമായ മനസ്സാണ്.കഥകളിയുടെ നാശത്തിനായി പിറന്ന ഈ ദുര്യോഗികളെ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.
തെക്കൻ‌വാ‍ദം-ഉപരിതലസ്പർശിയായ ബോധതലം.
--------------------------------------------------------

തെക്കൻ വാദികളുടെ പൊതുസവിശേഷതകളിലൊന്ന്,കഥകളിയുടെ സങ്കേതഘടനയോടുള്ള ഉപരിതലസ്പർശിയായ ബോധമാണ്.പൂർണ്ണമായും ശാസ്ത്രീയവും,വ്യക്തിത്വമുള്ളതുമായ ചിട്ടപ്രകാരം നിലവിലില്ലാത്തതിനാൽ,സുനിയതമായ ശിൽ‌പ്പഘടന തെക്കൻ‌കളരിക്കു കുറവാണ്.കഥകളി എന്നാൽ കുറേ മനോധർമ്മങ്ങളുടെ സംഘാതമാണെന്നാണ് ധാരണ.“-----ആശാനും-------ആശാനും കൂടി സീതാസ്വയംവരം നാലുമണിക്കൂർ നിന്ന് ആടി.എന്നാ കളിയായിരുന്നു” ഇതാണ് അഭിപ്രായരീതി.ഏതു കഥയാണെങ്കിലും ശൈലീകൃതമായ അഭിനയപ്രകരണത്തിൽ സുനിയതമായ സങ്കേതഘടന അനിവാര്യമാണെന്നും,സ്ഥായീഭാവത്തിലൂന്നിയ നാട്യമാണ് കഥകളിയുടെ ജീവൻ എന്നും,ഒരുപാട് നേരം ഒരുപാട് കഥകൾ ആടലല്ല,ഒരു നിമിഷത്തിലേക്ക് ഭാവകോടികളെ ഒതുക്കുന്ന മിതത്വവും ഔചിത്യവുമാണ് കളിയരങ്ങിന്റെ ജീവനെന്നും ,നാലുമണിക്കൂർ എങ്ങനെ ആടിയാലും രംഗശിൽ‌പ്പം ശിഥിലമാവുകയാണ് ഫലം എന്നും ഇവർക്കു മനസ്സിലാവില്ല,മനസ്സിലായാലും സമ്മതിക്കില്ല.
അത്യന്തം ശാസ്ത്രീയവും,രസാധിഷ്ഠിതവുമായ നൃത്തമാണ് കഥകളിയുടെ ജീവൻ.ആ വസ്തുത തെക്കൻ‌കളരിക്കുതന്നെ ഇന്നന്യമാണ്.ചൊല്ലിയാട്ടത്തിലെ ഓരോ വാക്കിനും ഓരോ ഭാവശരീരം നൽകുകയും,അനുരൂപമായ താള-ഗീതങ്ങളുടെ സമന്വയമായി അതാവിഷ്കരിക്കുകയും ചെയ്യുന്നതിലാണ് കഥകളിയുടെ മർമ്മമിരിക്കുന്നത്.ഇത്തരം കഥകളിയുടെ അന്തര്യാമിയായ തലങ്ങളിലേക്കൊന്നും ഒരു തെക്കൻ ഫാസിസ്റ്റിന് ഒന്നും പറയാനില്ല. ‘ഭാവം’എന്നാൽ ‘മുഖത്തുവിരിയുന്നഭാവം’എന്നാണ് അവരർത്ഥമാക്കുന്നതുതന്നെ.ശരീരത്തിന്റെ സമഗ്രമായ ഭാവാവിഷ്കരണമാണ് കഥകളിയുടെ രീതി എന്ന തിരിച്ചറിവില്ല.
വിശാലമനസ്കതയുടെ മനുഷ്യരൂപങ്ങളാണ് ഞങ്ങൾ തെക്കുള്ളവർ-ഇതാണ് മറ്റൊരു നാട്യം.ഏതു നല്ല കളി കണ്ടാലും സ്വീകരിക്കുമെന്നും.വടക്കുള്ളവർ എത്ര മിടുക്കരാണെങ്കിലും തെക്കു വന്ന് കഴിവുതെളിയിക്കണം,കാരണം “ഞങ്ങളാ”ണല്ലോ കളിക്കാഴ്ച്ചയിലെ വിശാലഹൃദയർ.എന്തു കൊണ്ട് തെക്കൻ‌കളരിയിൽ വടക്കുനിർമ്മിക്കപ്പെട്ട പോലുള്ള വിസ്മയങ്ങൾ ഉരുവം കൊള്ളുന്നില്ല?അതാലോചിക്കുന്നില്ല.ആകെ ഭംഗിയായറിയാവുന്നത്,‘സ്തുതി‘കൾ പാടി നടക്കാനാണ്.ഇന്നും കേൾക്കാം,“കൃഷ്ണൻ നായർ ജയജയ” എന്ന കീർത്തനാലാപനം.ആ മഹാനടൻ എന്തു പാപം ചെയ്തുവോ?ആരും സമ്പൂർണ്ണരല്ല എന്ന ബോധമില്ലായ്മയാണ് ഈ സ്തുതികൾക്കു പിന്നിലുള്ളത്.ഉപാംഗങ്ങളുടെ ഭാവാവിഷ്കാരത്തിലും,രംഗനിറവിലും,നാടകീയരംഗങ്ങളുടെ അവതരണത്തിലും കൃഷ്ണൻ‌നായരെ മറികടക്കുന്ന ഒരാൾ ഇനിയും ജനിച്ചിട്ടില്ല.എന്നാൽ,അദ്ദേഹത്തിന് അതുപോലെത്തന്നെ ദോഷവശങ്ങളും ധാരാളമുണ്ടായിരുന്നു.അമിതമായ ലോകധർമ്മികൾ,കഥകളിയുടെ ഘടനക്ക് ഒട്ടും അനുയോജ്യമല്ലാത്ത,സദസ്സിലെ കഥകളിയെക്കുറിച്ചറിയാതെ വന്നിരിക്കുന്ന ആസ്വാദകരെ കയ്യിലെടുക്കാനുള്ള സ്ഥായീഭാവത്തെ വിട്ടുള്ള അപഥസഞ്ചാരം-ഇങ്ങനെ പലതും.ഈ ദോഷവശങ്ങളെല്ലാം ചേർത്ത് സ്തുതിപാടുന്നവർ,കഥകളിയുടെ വിനാശത്തിനായി വഴിയൊരുക്കുകയാണ്.കഥകളി കാണാൻ ഒരു സങ്കേതവും,കളരിപ്രകാരവും മനസ്സിലാക്കണമെന്നില്ല.പക്ഷേ ഇത്തരം സ്തുതിഗീതങ്ങൾക്കും ആധികാരിക അഭിപ്രായപ്രകടനങ്ങൾക്കും മുമ്പ് എന്താണ് കഥകളിയുടെ ഘടനാശിൽ‌പ്പം എന്ന് തിരിച്ചറിയേണ്ടതുണ്ട്.
വടക്കൻ‌വാദം-സങ്കുചിതമനസ്സിന്റെ ഇത്തിരിവട്ടം
---------------------------------------------------

മൌലികവാദമാണ് വടക്കൻഫാസിസത്തിന്റെ സ്വഭാവം.കല്ലുവഴിക്കളരി പട്ടിക്കാംതൊടിയുടെ പരിഷ്കരണങ്ങളോടെ ആർജ്ജിച്ച അനന്യസാധാരണമായ കളരിയും,അത്യന്തം ശാസ്ത്രീയമായ സങ്കേതശിൽ‌പ്പവും വടക്കൻ‌കളരിക്കു സ്വന്തം.അതാണ് തുടർന്നുള്ള മൂന്നു തലമുറയിലെ കളിയരങ്ങിന്റെ സദ്ഫലങ്ങളെ സൃഷ്ടിച്ചതും. സൂചകങ്ങൾ സൂച്യങ്ങളാകുന്ന അവസ്ഥയാണ് വടക്ക് മൌലികവാദത്തെ നിർമ്മിച്ചത്.ആട്ടക്കഥയുടെ നാട്യവത്തായ ആവിഷ്കാരത്തിനു വേണ്ടി ഉപയോഗിച്ച ആയുധങ്ങളെ മാത്രം പ്രത്യേകമായെടുത്ത് ആ‍സ്വദിച്ച് സംതൃപ്തിയടയുന്ന ഒരുതരം ലാവണ്യവാദം വടക്ക് പടർന്നുപിടിച്ചു.കഥാപാത്രത്തിന്റെ സ്ഥായീഭാവത്തിലൂന്നി പട്ടിക്കാംതൊടി വളർത്തിയെടുത്ത നാട്യപ്രകരണത്തെ വികലമായി വായിച്ചുണ്ടാക്കിയ,കഥയെ കളഞ്ഞ് ആസ്വദിക്കുന്ന ഈ അപായകരമായ വ്യാകരണവാദം തീരെ ചുരുങ്ങിയ മനസ്സുകളുടെ നിർമ്മാണമാണ് വടക്ക് നടത്തിയത്.
വൃത്തിയുള്ള ചൊല്ലിയാട്ടത്തിന്റെ ആവർത്തനങ്ങളിൽ അഭിരമിക്കുന്ന ഒരുതരം യാന്ത്രികകലാസ്വാദനത്തിന്റെ മനസ്സ് അങ്ങനെ വടക്ക് നിർമിക്കപ്പെട്ടു.ആ യാന്ത്രികമനസ്സിനെ തൃപ്തിപ്പെടുത്തുന്നവർ മഹാചാര്യന്മാരായി.കല്ലുവഴിക്കളരിയുടെ മുഴുവൻ സങ്കേതസൌന്ദര്യവുമുൾക്കൊണ്ട്,ഈ ആവർത്തനത്തെ വെല്ലുവിളിച്ച കീഴ്പ്പടത്തെപ്പോലുള്ള പ്രതിഭകൾ അനഭിമതരുമായി. “എന്താ മുദ്രയുടെ വൃത്തി” എന്നു പാടിക്കൊണ്ടിരുന്ന വടക്കൻ‌പക്ഷപാതികൾ,ഈ വൃത്തികൾ രൂപപ്പെടുത്തേണ്ട രംഗപരമായ ആവൃത്തിയെപ്പറ്റി അജ്ഞരായി.സ്വാഭാവികമായി,ചിട്ടയെപ്പറ്റിയുള്ള അറിവ് അഭിനയിക്കുകയാണ് കഥകളിവിജ്ഞാനിയാവാനുള്ള വഴി എന്നു വന്നു.
തെക്കുവടക്കുവഴക്കു കൊണ്ട് ക്രിയാത്മകമായ പൊതുസംവാദത്തിന്റെയും ആദാനപ്രദാനങ്ങളുടെയും സാധ്യതകളാണ് ഇല്ലാതാവുന്നത്.തെക്കൻ‌കളരി എന്ന ഒന്ന് ഇനിയും നിലനിൽക്കുമെന്നുതന്നെ തോന്നുന്നില്ല.കഥകളിയുടെ ബഹുസ്വരതകളിൽ നിന്ന് പലതും നഷ്ടമാകുന്നു.അപ്പോഴും ഈ ജുഗുപ്സാവഹമായ ചേരിപ്പോര് തുടരുകയും ചെയ്യുന്നു.കലയുടെ വളർച്ചക്ക് അത്യന്താപേക്ഷിതമായി വേണ്ടത് ജനാധിപത്യബോധമുള്ള മനസ്സാണ് എന്ന് ഇനിയെങ്കിലും ഈ നിഴൽയുദ്ധക്കാർ തിരിച്ചറിഞ്ഞാൽ കൊള്ളാം.

Tuesday, December 9, 2008

കലാകാരന്റെ നട്ടെല്ലും വാഴേങ്കട കുഞ്ചുനായരുടെ കത്തുകളും

ചിത്യവിചാരത്തിന്റെ പ്രകാശധാരയിൽ കളിയരങ്ങിനെയാകമാനം നവീകരിച്ച മഹാനടനാണ് പത്മശ്രീ വാഴേങ്കട കുഞ്ചുനായർ.സമൂഹത്തിലും കലാവിമർശനസ്ഥലികളിലും എങ്ങനെയാണ് ഒരു കലാകാരൻ സക്രിയമായി ഇടപെടേണ്ടത് എന്നതിന് കഥകളിയിൽ കുഞ്ചുനായരേക്കാളും മികച്ച മറ്റൊരു മാതൃക ഇന്നുമുണ്ടെന്നു തോന്നുന്നില്ല.ഏതു സിംഹങ്ങളോടും നേർക്കുനേരെ നിന്നു ഗർജ്ജിക്കാനുള്ള ആർജ്ജവം കുഞ്ചുനായരുടെ രക്തത്തിലുണ്ടായിരുന്നു.കഥകളി എന്തെന്നറിയാതെ,കഥകളിക്കുമേൽ കുതിരകയറുന്നത് ആരായാലും കുഞ്ചുനായർക്ക് സമമായിരുന്നു.കേരളം കണ്ട എക്കാലത്തെയും വലിയ രണ്ട് പ്രതിഭാശാലികളോട് കുഞ്ചുനായരെഴുതിയ മറുപടിക്കത്തുകൾ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘കഥകളിവെട്ടം’എന്ന പുസ്തകത്തിലുണ്ട്.കലാചർച്ചകളുടെ പാത കൂടുതൽ മൂർച്ചയുള്ളതാകേണ്ട ഈ കാലികാന്തരീക്ഷത്തിൽ,ആ ആത്മാഭിമാനം തുളുമ്പുന്ന കത്തുകൾ വായിക്കൂ:
1)പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിക്ക്: കോട്ടക്കൽ
----------------------------------------------------- 2-11-1950
‘മംഗളോദയത്തിൽ വെച്ച് ബ്രഹ്മശ്രീ ദേശമംഗലത്തു തമ്പുരാന്റെ സാന്നിദ്ധ്യത്തിൽ നമ്മൾ തമ്മിൽ നടന്ന സംഭാഷണം ഓർമ്മിക്കാൻ അപേക്ഷ.അന്നു താങ്കളുടെ അഭിപ്രായങ്ങളൊന്നും(നളചരിതം ആട്ടക്കഥ നാടകമാക്കുന്നതു സംബന്ധിച്ച്)ഞാൻ എത്ര തൊള്ളതുറന്നിട്ടും ഒട്ടും മാറിയില്ല എന്നു കത്തുകണ്ടപ്പോൾ തോന്നി.തമ്പുരാൻ എനിക്കു ബഹുമാനമുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് ബഹളം വേണ്ട എന്നുവെച്ചാണ് ഞാനിറങ്ങിപ്പോന്നത്.
ഞാൻ പാവപ്പെട്ട ഒരു കഥകളിവേഷക്കാരനാണ്.കളിയരങ്ങിൽ വിവിധവേഷങ്ങൾ കെട്ടിയും കളരിയിൽ കുട്ടികളെ അഭ്യസിപ്പിച്ചും കഴിഞ്ഞുകൂടുന്നു.കഥകളി എന്റെ ഉപജീവനമാർഗം ആകുന്നു.ആ കലയില്ലെങ്കിൽ ഞാനില്ല.
കഥകളിയെ ബാലേയാക്കണം,അതാക്കണം,ഇതാക്കണം എന്നൊക്കെപ്പറയാൻ താങ്കൾക്കുള്ള യോഗ്യത കഥകളിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായ്മയാകുന്നു.
മുണ്ടശ്ശേരി ഗംഭീരനായ ഒരദ്ധ്യാപകനാകുന്നു,ശരി.മികച്ച സാഹിത്യതത്വവേദിയാകുന്നു,സമ്മതം.ആവക രംഗങ്ങളെപ്പറ്റി എന്തെങ്കിലും നിങ്ങൾ പറയുകയാണെങ്കിൽ അതു ശ്രദ്ധിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്.
പക്ഷേ,നളചരിതത്തെ നാടകമാക്കണം എന്നുപറയാൻ അങ്ങേക്കു കഥകളിയുടേയും നാടകത്തിന്റെയും അവതരണശിൽ‌പ്പത്തെക്കുറിച്ച് എന്തെങ്കിലും ബോധം വേണം.നിങ്ങൾക്ക് ആവക കാര്യങ്ങളൊന്നും അറിഞ്ഞുകൂടെന്ന് നിങ്ങളൊഴികെ എല്ലാവർക്കും അറിയാം.
കേരളത്തിൽ കൂടിയാട്ടമുണ്ട്,കൃഷ്ണനാട്ടമുണ്ട്,കഥകളിയുമുണ്ട്.വിശാലമായ അർത്ഥപശ്ചാത്തലത്തിൽ ഇവയൊക്കെ നാടകം തന്നെ.എന്നാ‍ൽ അവതരണശിൽ‌പ്പത്തിലെ വ്യത്യാസങ്ങൾ കൊണ്ട് അവ വ്യത്യസ്തകലാരൂപങ്ങളായിനിൽക്കുന്നു.ഇതു കാണാൻ സാമാന്യബുദ്ധിമതി.അതു വേണം താനും.
നളചരിതം കളിയരങ്ങത്തവതരിപ്പിക്കാനാണ് അതെഴുതിയ ആൾ ഉദ്ദേശിച്ചത്.ഇതു വരെ അങ്ങനെ അവതരിപ്പിച്ചുപോരികയും ചെയ്തു.എത്രയോ ആളുകൾ അതാസ്വദിച്ചിരിക്കുന്നു.ഇനിയും വളരെയാളുകൾ അതാസ്വദിക്കുകയും ചെയ്യും.ഓട്ടത്തിൽ കേമനെപ്പിടിച്ച് ചാട്ടത്തിൽ പൊട്ടനാക്കണോ?
മുണ്ടശ്ശേരി നല്ലൊരു നിരൂപകനാണ്.അങ്ങ് അതിനുവേണ്ടി സമയം വിനിയോഗിക്കുകയാണെങ്കിൽ അതു കൈരളിക്കു നേട്ടമാകുന്നു.കഥകളിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ.ഞാനറിഞ്ഞിടത്തോളം,എന്തെങ്കിലും മനസ്സിലാക്കാൻ നിങ്ങൾക്കു താല്പര്യവുമില്ല.നമ്മൾ തമ്മിൽ ചേരില്ല.
സ്വന്തം
കുഞ്ചുനായർ.
---------------------------------------------------------
2) മഹാകവി ജി.ശങ്കരക്കുറുപ്പിന്: കോട്ടക്കൽ
19-11-50
നായത്തോട്ടമ്പലത്തിൽ വെച്ച് കിർമീരവധം ധർമ്മപുത്രരെ കളിയരങ്ങത്തു കണ്ടുകൊണ്ടിരിപ്പാൻ താങ്കൾക്കു പ്രയാസം നേരിട്ടതിന് ഒന്നേ അർത്ഥമുള്ളൂ;ശങ്കരക്കുറുപ്പിന് കളികാണാറായിട്ടില്ല.
നൃത്തഗീതമേളങ്ങളുടെ സമീചീനമായ സമ്മേളനസ്ഥലമാണ് കളിയരങ്ങ്.അവതരണശിൽ‌പ്പത്തിലാണ് കഥകളിയുടെ അപൂർവ്വത കുടികൊള്ളുന്നത്.അതിന്റെ സാങ്കേതികസങ്കീർണ്ണതകളിൽ താല്പര്യവും വിവരവുമുള്ളവർ പിന്നെയും പിന്നെയും കാണാൻ കൊതിക്കുന്ന വേഷമാണ് കിർമീരവധം ധർമ്മപുത്രർ.
രുഗ്മാംഗദനും നളനും ബാഹുകനുമൊക്കെയാണ് അരങ്ങത്തു വേണ്ടത്,കോട്ടയം കഥകൾ കളരിയിൽ ഒതുങ്ങട്ടെ എന്ന അഭിപ്രായം ഒരിക്കലും സ്വീകരിക്കവയ്യ.കഥകളിയുടെ ശിൽ‌പ്പബന്ധം നടന് മന:പാഠമാവണമെങ്കിൽ സങ്കേതസങ്കീർണ്ണങ്ങളായ കോട്ടയം കഥകൾ ആടിയാടി തഴക്കം വരണം.കാണികൾക്കും അതേ; അവ കണ്ടു പഴകിയാലേ കളി കാണാനാവൂ.
പിന്നീടാണ് നളനും ബാഹുകനും കെട്ടേണ്ടതും കാണേണ്ടതും.എന്റെ ആത്മാർത്ഥമായ അഭിപ്രായത്തിൽ നളചരിതം കഥകളിയിലെ ഒഅനന്വയമാകുന്നു.അതിനു കൃത്യമായ ചിട്ടയും നിശ്ചയിച്ചിട്ടില്ല,താരതമ്യേന വൈകി മാത്രം പ്രചാരത്തിൽ വന്നതുകൊണ്ട്.അതുകൊണ്ട് ആർക്കും ആ വേഷം കെട്ടാമെന്നും,ആ വേഷം കെട്ടിയാൽ എന്തും കാട്ടാമെന്നും ആയിത്തീർന്നിട്ടുണ്ട് ഇപ്പോൾ.വിദഗ്ധരായ കലാകാരന്മാരും ആസ്വാദകപണ്ഡിതന്മാരും ഒരുമിച്ചിരുന്ന് നളചരിതത്തിന് ഒരവതരണശിൽ‌പ്പം നിശ്ചയിക്കേണ്ടതാണ്.
എനിക്ക് നളചരിതത്തോട് പ്രത്യേക താല്പര്യമുണ്ട്.എന്നാൽ കോട്ടയം കഥകളോട് അതിരുകവിഞ്ഞ ആദരവുമുണ്ട്.
സ്വന്തം
കുഞ്ചുനായർ.
-------------------------------------------------------
കേരളം കണ്ട എക്കാലത്തെയും വലിയ രണ്ടു പ്രതിഭകളോടാണ് കുഞ്ചുനായരുടെ ഈ ചുട്ട മറുപടികൾ!ഒരാളോട് “താങ്കൾക്ക് കഥകളിയെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ”,അപരനോട് “ശങ്കരക്കുറുപ്പിന് കളി കാണാറായിട്ടില്ല”! കഥകളി പോകട്ടെ,ഇന്ന് ഏതു കലയിൽ പ്രവർത്തിക്കുന്ന,ഏതു കലാകാരന്/കാരിക്ക് ധൈര്യമുണ്ട് ഇങ്ങനെ നിവർന്നുനിൽക്കാൻ?ചതുരശ്രശോഭിയായ ഒരു ഫലകവും തിരുവെഴുത്തുകളും വീരശൃംഖലയും സ്വപ്നം കണ്ടു കഴിയുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിനുള്ള പരിധി അറിയാവുന്നതിനാൽ അധികം അങ്ങോട്ടുപോകുന്നില്ല.
ശങ്കരക്കുറുപ്പിനുള്ള മറുപടിയിൽ കുഞ്ചുനായർ നളചരിതത്തെക്കുറിച്ചുള്ള നിലപാട് അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.കലാകാരന്മാരും ആസ്വാദകരും കൂടിയിരുന്ന് തീരുമാനിക്കേണ്ടതായി കുഞ്ചുനായർ പറയുന്നത് നളചരിതത്തിന്റെ ‘അവതരണശിൽ‌പ്പ’ത്തെക്കുറിച്ചാണ് എന്നോർക്കുക.നളചരിതമടക്കമുള്ള കഥകളുടെ വൈവിധ്യത്തെയും അതിന്റെ ചാരുതയേയും തിരിച്ചറിയാത്തയാളല്ല കുഞ്ചുനായർ.അവതരണം മേൽക്കുമേൽ ശിഥിലമാകുന്ന അവസ്ഥയിൽ,കൃത്യമായ ഒരു ശിൽ‌പ്പഘടന നളചരിതത്തിനു നിർണ്ണയിക്കുന്നതു നന്നായിരിക്കും എന്നാണ് കുഞ്ചുനായരുടെ നിരീക്ഷണം.അല്ലാതെ,എല്ലാ കഥാപാത്രങ്ങളുടെയും പ്രകൃതി ‘നിർവ്വചിച്ച്’ശവപ്പെട്ടിയിലാക്കണം എന്നല്ല.കുഞ്ചുനായർക്കേറ്റവും ഇഷ്ടപ്പെട്ടവേഷമായിരുന്നു മൂന്നാംദിവസത്തിലെ ബാഹുകൻ.നാലാം ദിവസം ബാഹുകനിലടക്കം,പല പരീക്ഷണങ്ങളുടെ ബഹുസ്വരതകളിലൂടെ കുഞ്ചുനായർ സഞ്ചരിച്ചതിനു രേഖകളുമുണ്ട്.
പഴയ പ്രഭുഭരണകാലത്തിലും പതിവില്ലാത്തവിധം കുനിഞ്ഞൊടിഞ്ഞ നട്ടെല്ലുമായി,അധികാരികളുടെ പ്രഖ്യാപനങ്ങളും കിനാവുകണ്ട് ജിവിക്കുന്ന കലാപണ്ഡിതരുടെയും ആചാര്യന്മാരുടെയും ഈ കറുത്തകാലത്ത് ഈ കത്തുകളുടെ പുനർവായനക്കും സംവാദത്തിനും പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു.
-----------------------------------------

കടപ്പാട്:കഥകളിവെട്ടം-വാഴേങ്കട കുഞ്ചുനായർ.
വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ്.

Friday, December 5, 2008

പുഴയൊഴുകും വഴി

രു നദിയുടെ ഉൽഭവം തിരഞ്ഞുപോകുകയാണ് ഒരു കലാരൂപത്തിന്റെ ഉൽഭവം തിരഞ്ഞുപോകുന്നതിനേക്കാൾ കരണീയം.വനാന്തരത്തിലെ നീരുറവയായി പുറപ്പെട്ട്,ചുരങ്ങളിൽ കാട്ടാറായി കലമ്പിയൊഴുകി, സമതലങ്ങളെ നനക്കുന്ന പയസ്വിനിയായി മാറുന്നതിനിടക്ക് അവ നേരിട്ട അനുഭവലോകങ്ങൾ ഇഴപേർക്കുക അതിലും ദുഷ്കരം.ഏതെല്ലാം പോഷകനദികളെ ഉള്ളിലൊതുക്കിയെന്ന് ആർക്കറിയാം?എനിക്കെന്താണോ പുഴ,അതുതന്നെയാവണമെന്നില്ല താങ്കൾക്ക്.അഥവാ,നിത്യവും ഉള്ളടക്കം മാറുന്ന പുഴയും കലയും ഒരോ മനസ്സിലും ഓരോ രൂപമാർജ്ജിക്കുന്നു.അപ്പോൾ പുഴയൊഴുകും വഴിയും നമുക്കുമുന്നിലെ സമസ്യയാകുന്നു,ഭൂമിയിലോ മനസ്സിലോ-വിചാ‍രത്തിലോ വികാരത്തിലോ പുഴയൊഴുകുന്നത്?
കഥകളി പോലുള്ള സങ്കരകലകളെ വാസ്തവത്തിൽ ഒരു കലാസമുച്ചയ വ്യവസ്ഥയെന്നു പറയാം.പ്രധാ‍നമായും അതിന് മൂന്നുഘടകങ്ങളുണ്ട്:
1)ആട്ടക്കഥാരൂപത്തിലുള്ള പാഠ്യം.
2)രംഗാവിഷ്കാരരൂപം.
3)ആസ്വാദനപാഠം.
രംഗാവിഷ്കാര പാഠത്തെ അപേക്ഷിച്ച് മന്ദഗതിയിലേ ആട്ടക്കഥയിൽ,പാഠ്യത്തിൽ ചരിത്രപരമായ മാറ്റങ്ങൾ കാണുന്നുള്ളൂ.എന്നാൽ രംഗ-ആസ്വാദന ഘടകങ്ങളാകട്ടെ,പരസ്പരസ്വാധീനത്തിനും സാമൂഹികമാറ്റങ്ങൾക്കും വിധേയമായി നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു.ഈ പരിണാമചരിത്രമാണ് കഥകളിസങ്കേതചരിത്രത്തിന്റെയും ഉള്ളടക്കം.ഇക്കാര്യം കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് മുമ്പേ മനോഹരമായി ചർച്ച ചെയ്തിട്ടുണ്ട്.
ഗീതാഭിനയവാദിത്രങ്ങളുടെ കലാത്മകമായ സംയോഗമാണല്ലോ കളിയരങ്ങ്.ഈ ഘടകങ്ങളുടെ(ആട്ടം,പാട്ട്,കൊട്ട്) ബന്ധങ്ങളും വിബന്ധങ്ങളുമാണ് പലപ്പോഴും രംഗാവിഷ്കരണത്തെ നിർണ്ണയിക്കുന്നത്.ഈ ഓരോ ഘടകത്തിനും സ്വതന്ത്രമായ ഒരു നിലയും മറ്റുള്ള ഘടകങ്ങളുടെ സംബന്ധി എന്ന മറ്റൊരു നിലയും ഉണ്ട്.മറ്റുള്ളവയോട് ചേർന്നാണ് തന്റെ നിലയെന്ന അവസ്ഥയെ അവഗണിച്ച് ഒറ്റക്കു വളരാനുള്ള പ്രവണത പലകാലത്തും ഇതിലോരോ ഘടകവും പ്രകടിപ്പിച്ചിട്ടുണ്ട്.അപ്പോഴാണ് ഇവക്കുണ്ടായിരുന്ന സമ്യക്കായ ഇണക്കം അവസാനിക്കുകയും,ദൃശ്യ-ശ്രാവ്യ പൊരുത്തങ്ങൾ ശിഥിലമാവുകയും,ശിൽ‌പ്പബന്ധം വിഘടിച്ച് ആസ്വാദകർക്ക് അരോചകമാവുകയും ചെയ്യുന്നത്.അത്തരം പ്രതിസന്ധിഘട്ടങ്ങളിലാണ് ഘടകകലകളിലെല്ലാം പ്രവീണനായ ഒരു ഉദ്ഗ്രഥാവ് ഇടപെടുന്നതും പലമട്ടിൽ വിഘടിച്ചുനിൽക്കുന്ന കലാഘടകങ്ങളെ ആ കലാംശങ്ങളാർജ്ജിച്ച എല്ലാ മേന്മകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ ഉദാത്തമായ ഒരു തലത്തിൽ അവയെ കൂട്ടിയിണക്കുന്നതും.മുമ്പൊരിക്കലുമില്ലാത്തവിധം,ഇത്തരത്തിലുള്ള ഒരു മഹാസംയോജനദൌത്യം നിർവ്വഹിച്ച ഉദ്ഗ്രഥാവായിരുന്നു കപ്ലിങ്ങാട്.പാ‍ട്ടും കൊട്ടും ആട്ടവും തമ്മിലുള്ള ലാവണ്യാത്മകമായ സംയോഗത്തിന് കാരണം ആ ഉദ്ഗ്രഥനമായിരുന്നു.
സമാനമായ സംയോജനധർമ്മമാണ് പട്ടിക്കാംതൊടി രാവുണ്ണിമേനോനും നിറവേറ്റിയത്.അദ്ദേഹത്തിന്റെ തന്നെ പ്രയോഗത്തിലൂടെയും,ശിഷ്യരുടെ നിരന്തരസൃഷ്ടിയിലൂടെയും ആ ഉദ്ഗ്രഥനം കഥകളിയിൽ സുപ്രതിഷ്ഠിതമാവുകയും ചെയ്തു.കുയിൽത്തൊടി ഇട്ടിരാരിച്ചമേനോന്റെ കീഴിൽ കല്ലുവഴിസമ്പ്രദായത്തിന്റെ അനുപമമായ ചൊല്ലിയാട്ടം ആർജ്ജിച്ച ശേഷം,കൊടുങ്ങല്ലൂർ കളരിയിൽ നിന്ന് നാട്യശാസ്ത്രത്തിലൂന്നിയ രസാഭിനയപദ്ധതിയും സ്വാംശീകരിച്ചാണ് പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനം കഥകളിയെ പുതുക്കിപ്പണിതത്.മൂത്തമനയുടെ ചെണ്ട,വെങ്കിച്ചൻസ്വാ‍മിയുടെ മദ്ദളം,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതം എന്നിങ്ങനെ അന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച ഘടകകലാകാരന്മാരുടെ സംയോജനമാണ് പട്ടിക്കാംതൊടിയെ അതിനു പ്രാപ്തനാക്കിയത്.പദാർത്ഥാഭിനയപ്രധാനമായ നൃത്യാവിഷ്കരണത്തിന് അനുരൂപമായ നിലയിലായിരുന്നു നളചരിതമൊഴിച്ചുള്ള ആട്ടക്കഥകളുടെയും അവയുടെ രംഗാവിഷ്കൃതിയുടെയും അവസ്ഥ,പട്ടിക്കാംതൊടി അവയെ വാക്യാർത്ഥപ്രധാനവും രസാഭിനയനിഷ്ഠവുമായ നാട്യത്തിന്റെ പദവിയിലേക്ക് ഉയർത്തി.
ആംഗികാഭിനയത്തിന്റെ വ്യാകരണം,അതിനെ ക്രമികമാക്കുന്ന താളവ്യവസ്ഥ,ഒരു താളവട്ടത്തിൽ ഇത്ര മുദ്രയെന്ന കണക്ക്,ഭാവാനുസാരിയായ കാലപ്രമാണം എന്നിവയെല്ലാം ഒത്തുചേരുന്ന പദരചനകളിലാണ് രാവുണ്ണിമേനോന്റെ പരിഷ്കരണഫലം സുവ്യക്തമാകുക.മുൻപുള്ള പോസ്റ്റിൽ നാം ചർച്ച ചെയ്ത നാട്യധർമ്മിതയുടെ പ്രത്യക്ഷരൂപമായി കഥകളി മാറുന്നത് അപ്പോഴാണ്.കിർമീരവധം ധർമ്മപുത്രരുടെ “ബാലേ കേൾ നീ” എന്ന പതിഞ്ഞപദമെടുത്താൽ,ശൃംഗാരം കലരുന്ന ശോകസ്ഥായിയിൽ ആദ്യന്തം ആവിഷ്കരിക്കേണ്ട രൂപഘടനയിലാണ് ആ പദത്തിന്റെ ചൊല്ലിയാട്ടം തന്നെ എന്നു കാണാം.വനവാസസമയത്ത് വേനലിലെ നഖം പോലും ചുട്ടുപൊള്ളുന്ന ചൂടിൽ,പൊടിനിറഞ്ഞ കാട്ടുവഴിയിലൂടെ നടക്കുമ്പോൾ പാഞ്ചാലിയെ ആശ്വസിപ്പിച്ചുകൊണ്ട് ധർമ്മപുത്രർ പറയുന്ന വാക്കുകളാണ് ആ പദം.തദനുരൂപമായ ചൊല്ലിയാട്ടശരീരം പദം ആർജ്ജിച്ചിരിക്കുന്നതു നോക്കുക-“ബാലേ കേൾ നീ മാമകവാണി കല്യേ കല്യാണീ” എന്നു നാലുതാളവട്ടത്തിൽ പാഞ്ചാലിയുടെ ദൈന്യാവസ്ഥ നോക്കിക്കണ്ട ശേഷം,ഒന്നരതാളവട്ടത്തിൽ(32+16)‘ബാലിക’എന്ന ഒറ്റ മുദ്ര പ്രത്യക്ഷമാകുന്നത് കാണുക-48മാത്ര നീളുന്ന ഒറ്റ മുദ്ര എന്നത് അത്യപൂർവ്വമാണ്.ആ ഒരൊറ്റ ‘ബാലിക’മുദ്രയിൽ തൽക്കാലത്തിന്റെ മുഴുവൻ ദൈന്യവും നിറയും.ഈ മുദ്രാവിഷ്കാരത്തെ “ദയനീയേ” എന്ന ഭാവതലത്തിൽ വേണം ആവിഷ്കരിക്കാൻ എന്ന രാവുണ്ണിമേനോന്റെ ദർശനം,സ്ഥായീഭാവത്തിലൂന്നിയ,വാക്യാർത്ഥപ്രധാനമായ നാട്യത്തെയാണ് കളിയരങ്ങിലേക്കാവാഹിച്ചത്.
എന്നാൽ,പദാർത്ഥാഭിനയസാധ്യതകളെ അതിശക്തമാം വിധം പ്രോജ്വലിപ്പിക്കുക കൂടി ഈ പരിണാമസന്ധിയുടെ അനിവാര്യതയായിരുന്നു,കഥകളിയിൽ ഒരേ ഭാവതലത്തിന്റെ തുടർച്ചകളല്ലല്ലോ ഉള്ളത്.ഏറ്റവും കഥകളീയം എന്ന് ഞാനാവർത്തിച്ചുപറയാനിഷ്ടപ്പെടുന്ന ഒരു പദം,കിർമീരവധത്തിലെത്തന്നെ കൃഷ്ണന്റെ പദമായ “കഷ്ടമഹോ” ആണ്.ദ്രുതകാലത്തിലുള്ള മുറിയടന്തയിൽ, ഓരോ വാക്കും കൃത്യമായി താളവ്യവസ്ഥയോടു ഘടിച്ച്,കലാശത്തിനു പഞ്ചാരിയിലേക്കു വീണ്…അനുപമമായ ശിൽ‌പ്പമാണത്.
അത്രമേൽ ശാസ്ത്രീയമായ ആ പരിഷ്കരണപ്രക്രിയയുടെ സദ്ഫലങ്ങളാണ് എന്നു നാം പ്രകീർത്തിക്കുന്ന ‘താര’ങ്ങളുടെയെല്ലാം നിർമ്മിതി എന്നു നിസ്സംശയം പറയാം.ഇളകിയാട്ടം,നൃത്തപ്രകരണം,അരങ്ങിലെ നില,ആഹാര്യം,ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങി എല്ലാ മണ്ഡലങ്ങളേയും ആ പരിഷ്കരണം ഉടച്ചുവാർത്തിട്ടുണ്ട്.ഈ ഉദ്ഗ്രഥനത്തിന്റെ ബലത്തിലാണ് കഥകളിവ്യാകരണത്തിൽ അത്രമേൽ കൃതകൃത്യമല്ലാത്ത രചനകളുടെ രംഗാവിഷ്കരണത്തിലും കഥകളിക്കാർ ശ്രമങ്ങൾ നടത്തിയത്.നളചരിതം,ദേവയാനീചരിതം,നിഴൽക്കുത്ത് തുടങ്ങിയ പാഠ്യങ്ങൾക്ക് കോട്ടയം കഥകളും രാവണോൽഭവം,നരകാസുരവധം തുടങ്ങിയ ശിൽ‌പ്പമാതൃകകളും നൽകിയ ഘടനാസവിശേഷതകളുടെ പിൻബലത്തിലാണ് രംഗരൂപമുണ്ടാക്കിയത് എന്നു സാരം.രസാഭിനയപ്രധാനവും വാക്യാർത്ഥപ്രധാനവുമായ നളചരിതത്തിന്റെ പ്രകൃതിക്ക് ജീവൻ ലഭിക്കുന്നതും അങ്ങനെയാണ്.അതുകൊണ്ടാണല്ലോ കലാമണ്ഡലം കൃഷ്ണൻ‌നായരുടേയും ഗോപിയുടേയും നളബാഹുകന്മാർ മറ്റാരെക്കാളും മുന്നിലെത്തിയത്.വാക്യാർത്ഥപരമായ സമീപനം അനിവാര്യമായിരുന്നു-“അതിചണ്ഡരിപുഷണ്ഡ ഗളഖണ്ഡനപണ്ഡിത ഭുജദണ്ഡ” എന്ന പദശകലം അതിചണ്ഡം,രിപുഷണ്ഡം,ഗളഖണ്ഡനം,പണ്ഡിതം,ഭുജം,ദണ്ഡം എന്നീ മുദ്രകളും ഒരു സംബോധനാമുദ്രയും കാണിച്ചാൽ സംവദിക്കപ്പെടില്ലല്ലോ. “അതിക്രൂരന്മാരായ ശത്രുക്കളുടെ സമൂഹത്തിന്റെ കഴുത്തറുക്കുന്നതിൽ സമർത്ഥങ്ങളായിരിക്കുന്ന ഭുജദണ്ഡങ്ങളോടു കൂടിയവനേ” എന്നു തന്നെ കാണിക്കണം.അപ്പോൾ മുദ്രക്കും പദാർത്ഥത്തിനും താളവ്യവസ്ഥക്കും തമ്മിൽ സമീചീനമായ യോജിപ്പിന് പ്രയാസം നേരിടുന്നു.പിന്നെ ഒരു വഴിയേ ഉള്ളൂ,ഒരു താളവട്ടം അനേകം തവണ ആവർത്തിക്കുക-നടൻ മുദ്രീകരണം പൂർത്തിയാക്കുന്നവരെ.ഈ സ്വാതന്ത്ര്യം ദുരുപയോഗിക്കുന്ന നടൻ,‘പലപാട് അഭിനയസിദ്ധികൾ’ കാണിക്കാനുള്ള ഇടമാക്കി ഇത്തരം സ്ഥലങ്ങളെ മാറ്റുന്നു.ഗായകനു ലഭിക്കുന്ന അവസരം ‘രാഗജ്ഞാനപ്രദർശന’ത്തിനുള്ള ഇടമാക്കി ദുരുപയോഗം ചെയ്യപ്പെടുന്നു.വാദകർ,ഇവരുടെ പ്രകടനങ്ങൾക്കൊപ്പം ഒരു അനുസാരിയാകുന്നു.അമിതമായ ചില വൈകാരികതകൾ,ഒട്ടിപ്പിടിക്കുന്ന പൈങ്കിളിത്തങ്ങൾ ഉൽ‌പ്പാദിപ്പിക്കപ്പെടുന്നു.അതോടെ ഘടകകലകൾ തമ്മിലുള്ള മുൻപരാമർശിച്ച ബന്ധം ഗുരുതരമാം വിധം ശിഥിലമാകുകയും,എന്നേപ്പോലുള്ള വിഡ്ഡികൾ ‘ഇതു കഥകളീയമല്ല’ എന്നു പറഞ്ഞു പോവുകയും,മോഹനെപ്പോലുള്ള ശാസ്ത്രജ്ഞാനമുള്ളവർ കഥകളിയെ നിർവ്വചിക്കാനാവശ്യപ്പെടുകയും ചെയ്യുന്നു.
ഈ സങ്കേതവ്യവസ്ഥകളെല്ലാം ഹിമാലയം പൊടിഞ്ഞുപോകും വരെ ഇങ്ങനെത്തന്നെ നിൽക്കണമെന്ന് ഒരു നിർബന്ധവുമില്ല.പരിണാമം അനിവാര്യമാണുതാനും.നളചരിതം പോലുള്ള കഥകളുടെ ധ്വന്യാത്മകമായ ഭാഷയുടെ സമർത്ഥമായ സംവേദനത്തിന് നിലവിലുള്ള കളരിപ്രകാരം മതിയാവില്ല. “അവടങ്ങൾ സങ്കടങ്ങൾ,അകമേ ദുഷ്ടമൃഗങ്ങൾ”-എങ്ങനെയാണ് ഉണ്ണായി ഉദ്ദേശിച്ച അർത്ഥതലം രംഗത്ത് സംവദിക്കേണ്ടത്?ഗോപിയെയും ശിവരാമനേയും പോലുള്ള മഹാപ്രതിഭകൾ അത്തരം പ്രതിസന്ധികളെ ഭാവപ്രകർഷങ്ങൾ കൊണ്ട് മറികടക്കുകയാണ്,അതു കളരിയുടെ വഴിയല്ല.കോട്ടയം കഥകളിലൂടെ നടന്ന് ശിൽ‌പ്പബന്ധം ശരീരത്തിനും മനസ്സിനും മന:പാഠമായിട്ടുവേണം നളചരിതത്തിലെത്താൻ എന്ന രാവുണ്ണിമേനോന്റെ നിരീക്ഷണം ഈ വെളിച്ചത്തിൽ വേണം നോക്കിക്കാണാൻ.പുതിയ പരീക്ഷണങ്ങൾ ഘടനാശിൽ‌പ്പവുമായി ബന്ധപ്പെട്ടുതന്നെ ഉയർന്നുവരേണ്ടിയിരിക്കുന്നു.കഥകളിക്കു പുറത്തുള്ള വിശാലമായ കലാപരിസരങ്ങളുമായും ആരോഗ്യകരമായ ആദാനപ്രദാനങ്ങളും ചർച്ചകളും അതിനാവശ്യമാണ്.ഒരു ചിട്ടയും കണ്ണാടിക്കാഴ്ച്ചകളായി ആവർത്തിക്കപ്പെടാനുള്ളതല്ല,ഇട്ടിരാരിച്ചമേനോൻ പഠിപ്പിച്ചതേ ഞാനരങ്ങത്തു ചെയ്യൂ എന്ന് വാശിപിടിച്ച് ഇത്തിരിവട്ടത്തിൽ പട്ടിക്കാംതൊടി ഇരുന്നിരുന്നെങ്കിൽ ഇന്നത്തെ കഥകളി ഉണ്ടാകുമായിരുന്നില്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും.