Thursday, October 23, 2008

ബുദ്ധിപൂർവ്വമായ തീരുമാനം(ഹൃദയപൂർവ്വമല്ലാത്തത്)




കാലം:1948 സെപ്‌റ്റമ്പർ 17
കഥകളിയുടെ നാട്യചക്രവർത്തിയായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോൻ മരണാസന്നനായി കിടക്കുന്നു.കാൽ‌പ്പാദത്തിലെ നീര് ശരീരം മുഴുവൻ വ്യാപിച്ചു.കിതപ്പും ക്ഷീണവും വർദ്ധിച്ചു.വൈദ്യർ പരിശോധിക്കാനായി വീട്ടിൽ വന്നപ്പോൾ വികാരാധീനനായി മേനോൻ പറഞ്ഞു:
“എന്റെ കിരീടവും മെയ്ക്കോപ്പുകളും നന്നായി പണിയിപ്പിച്ചിരിക്കുന്നു.അവ ഉപയോഗിച്ച് എനിക്കു നാലുവേഷം കൂടികെട്ടണം.ഓണത്തിന് ഒളപ്പമണ്ണ മനക്കൽ പോയി ഒന്നൂണു കഴിക്കണം.വൈദ്യർ ഇതെനിക്കു സാധിപ്പിച്ചു തരണം”
മുഴുവൻ പറഞ്ഞുതീരും‌മുമ്പേ അദ്ദേഹം കൊച്ചുകുട്ടികളെപ്പോലെ ഏങ്ങലടിച്ചുകരയാൻ തുടങ്ങി.കിടക്കുമ്പോൾ കൂടി കാണാൻ തക്ക വിധമായിരുന്നു കിരീടം തൂക്കിയിട്ടിരുന്നത്!
(അവലംബം:നാട്യാചാര്യന്റെ ജീവിതമുദ്രകൾ,ജീവചരിത്രം)
പക്ഷേ,വൈദ്യർക്കോ അദ്ദേഹത്തിന്റെ ഔഷധികൾക്കോ മേനോന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാനായില്ല.പിറ്റേന്ന് ഉച്ചക്ക് 1:20ന് മരണത്തിന്റെ പ്രത്യായനമില്ലാത്ത കോപ്പറയിലേക്ക് പട്ടിക്കാംതൊടി യാത്രയായി.
കല ,മൃത്യുഞ്ജയമാകുന്നു.പട്ടിക്കാംതൊടിയുടെ ആ കരച്ചിൽ മൃത്യുദേവതകൾ കേട്ടില്ലായിരിക്കാം.മൃതിയെ ജയിക്കുന്ന കല അതുകേട്ടു.
പട്ടിക്കാംതൊടിയുടെ പ്രിയശിഷ്യൻ,കീഴ്പ്പടം കുമാരൻ നായർ,കിടപ്പിലാവുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ്,തൊണ്ണൂറ്റിരണ്ടാംവയസ്സിൽ ഒരു കളിയരങ്ങിനു മുന്നിൽ പുലരും വരെയിരുന്നു കളികാണുന്ന അത്ഭുതം ഞാൻ നേരിട്ടുകണ്ടു.പുലരാനായ നേരത്ത്,അവസാനകഥയായ ദക്ഷയാഗവും കാണാനൊരുങ്ങിയിരിക്കുന്ന കീഴ്പ്പടത്തെ ശിഷ്യർ നിർബ്ബന്ധിച്ച് എണീപ്പിക്കുകയായിരുന്നു.പിറ്റെന്ന്,അദ്ദേഹത്തിനെ വീട്ടിലെത്തിക്കണ്ട എന്നോട് സംസാരമധ്യേ അദ്ദേഹം പറഞ്ഞു:
“കുട്ടീ,ഒരു കുചേലൻ കെട്ടണംന്ന്ണ്ട്.ചില പുത്യേ കാര്യങ്ങളൊക്കെ തോന്ന്ണ്ണ്ട്.”
ഇല്ല,അതിനും മൃത്യു കാത്തുനിന്നില്ല.കൊണ്ടുപോയി.എന്തായിരുന്നുവോ ആ നിത്യനവോന്മേഷിയുടെ പുതിയകാര്യങ്ങൾ!
ഭാവമെന്നാൽ മുഖത്തുവിരിയുന്നവികാരം മാത്രമല്ല,കഥകളിക്ക്.അതു ശരീരമാകെനിറയുന്ന ഉത്സവമാണ്.എല്ലാ നൃത്തവും,എല്ലാ മുദ്രയും അതിനുള്ള ഉപാധിയാണ്.മരണത്തിന്റെ ഉമ്മറക്കോലായിൽനിന്നും ഈ നാട്യപ്രഭുക്കൾ സ്വപ്നം കണ്ട ഭാവത്തിന്റെ ശരീരവൽക്കരണം, അവസാനകാലത്തും ജീവന്റെ ഓരോ അംശത്തിലും തുടിക്കുന്ന കഥകളിയുമായി മരണത്തെ നേരിട്ട അവരുടെ ജീവോന്മാദം, എന്നെ എന്നും അസ്വസ്ഥനാക്കി.
രംഗജീവിതമവസാനിച്ചുവെന്ന വരമ്പിൽനിന്ന്,ഉജ്വലമായി തിരിച്ചുവന്ന കലാമണ്ഡലം രാമൻ‌കുട്ടിനായരും കലാമണ്ഡലം ഗോപിയും ഇന്നും കളിരങ്ങിനെ അനുഗ്രഹിക്കുന്നു.രോഗങ്ങളോട് തന്റെ പ്രിയവേഷമായ ഉൽഭവം രാവണനെപ്പോലെ കൊടുംതപസ്സുചെയ്തുജയിച്ച്,കലാമണ്ഡലം വാസുപ്പിഷാരടിയും തിരിച്ചുവരവിന്റെ പാതയിലാണ്.
അപ്പോഴിതാ,വാർത്ത:
കോട്ടക്കൽ ശിവരാമൻ സ്വേച്ഛയാ രംഗജീവിതമവസാനിപ്പിക്കുന്നു!
“ശിവരാമന്റെ വേഷം മോശാവ്‌ണൂന്ന് എനിക്കെന്നെ ബോധ്യായിത്തുടങ്ങി.അപ്പൊ,നി നിർത്ത്വാ നല്ലത്”
ശിവരാമന്റെ വാക്കുകൾ ടി.വി.യിൽ…
ഒരു സുഹൃത്ത് ഉടനെ ഫോണിൽ വിളിക്കുന്നു:
“ശിവരാമാശാന്റെ കാര്യം അറിഞ്ഞില്ലേ”
“അറിഞ്ഞു”
“സ്വരം നന്നാവുമ്പൊത്തന്നെ പാട്ടുനിർത്ത്‌ണു.നല്ലകാര്യം-ല്ലെ?”
ഒന്നും പറയാൻ തോന്നിയില്ല.എന്റെ രാവുകളെ പിടിച്ചുലച്ച അസ്വസ്ഥതകളോട്,ഭാവപ്രപഞ്ചങ്ങളോട്, അതുനല്ലകാര്യമാണെന്ന് പറഞ്ഞാലും മനസ്സിലാവില്ല.കാരണം ശിവരാമൻ സംസാരിച്ചിരുന്നത് എന്റെ ബുദ്ധിയോടല്ലല്ലോ,ഹൃദയത്തോടാണല്ലോ.
ബുദ്ധികൊണ്ട്,കഥകളിയുടെ സങ്കേതത്തെപ്പറ്റിയുള്ള എന്റെ ധാരണകൾ കൊണ്ട് ശിവരാമന്റെ സ്ത്രീവേഷങ്ങളെ ഞാനളന്നപ്പോഴെല്ലാം ശിവരാമൻ പരാജയപ്പെട്ടിട്ടേയുള്ളൂ. മര്യാദക്കൊരു കലാശം പോലും അപൂർവ്വം.ഇടക്കിടക്ക് പിഴക്കുന്ന താളം.ഒട്ടും കഥകളീയമല്ലാത്ത നിലകൾ,പോസ്റ്ററുകൾ.
പക്ഷേ….
ശിവരാമന്റെ സർഗ്ഗതൂലിക അതല്ലായിരുന്നു.ഖേദാഹ്ലാദങ്ങളുടെ പിരിമുറുകിയ മനുഷ്യജീവിതമായിരുന്നു ശിവരാമന്റെ കളരി.സ്ത്രീവേഷത്തിന്റെ സ്ഥാനത്ത് ഉരൽ വെച്ചു കളിച്ചിരുന്ന കാലത്തുനിന്ന് കളിയരങ്ങിന്റെ സ്ത്രീത്വം ശിവരാമനിലൂടെ വളർന്നതും അതുകൊണ്ടുതന്നെ.
എന്റെ ഹൃദയം ഓർക്കുന്ന ചില രംഗങ്ങൾ:
ദൂരെ നിന്ന് ,ബാഹുകവേഷധാരിയായ നളനോടിക്കുന്ന തേരിൽ,ഋതുപർണ്ണൻ കുണ്ഡിനത്തിലേക്ക് വരുന്നതിന്റെ കുതിരക്കുളമ്പടിയൊച്ച കേൾക്കുന്ന ശിവരാമന്റെ നളചരിതം നാലാം ദിവസത്തിലെ ദമയന്തി…ചിന്താധീനമായ നിലയിൽ നിന്നെഴുന്നേറ്റ്,പ്രണയപ്രതീക്ഷ പൂത്തുനിൽക്കുന്ന മുഖവുമായി ദൂരേക്ക് നോക്കി,പെട്ടെന്ന് തേരിന്റെ ശബ്ദം കേൾക്കുന്നതോടെ വർഷങ്ങൾനീണ്ട വിരഹതപസ്സിനവസാനമായെന്ന തിരിച്ചറിവിന്റെ ആഹ്ലാദാതിരേകത്തിൽ ശരീരമാകെ തുളുമ്പുന്ന ആനന്ദമാകുന്ന ശിവരാമൻ…
തന്റെ ഭർത്താവായ ശാർദ്ദൂലനെ അർജ്ജുനൻ കൊന്നതിനു പ്രതികാരമായി,പാഞ്ചാലിയെ കൊന്നുതിന്നാൻ സുന്ദരീരൂപം ധരിച്ചുവരുന്ന ഒരു രാക്ഷസിയുണ്ട്,കിർമ്മീരവധത്തിൽ.സൂത്രത്തിൻ വനാന്തരത്തിലേക്ക് പാഞ്ചാലിയെ കൂട്ടിക്കൊണ്ടുപോകുന്ന ആ രാക്ഷസിയുടെ സുന്ദരീരൂപം-ലളിത- കാടിന്റെ ഭംഗി പാഞ്ചാലിക്കു വിവരിച്ചുകൊടുക്കുന്ന പദമാണ് “കണ്ടാലതിമോദം”.ശിവരാമന്റെ ലളിത ആ പദത്തിനിടക്കുള്ള കലാശത്തിൽ പാഞ്ചാലികാണാതെ ചിരിക്കുന്ന പഴുത്ത ഒരു ചിരിയുണ്ട്!പൈശാചികമായ ആ ചിരി ഏതുലോകത്തുനിന്നു വരുന്നുവോ എന്തോ?
മുമ്പു പറഞ്ഞ കീഴ്പ്പടത്തിന്റെ കീചകൻ,ശിവരാമന്റെ പാഞ്ചാലിയെ പൂവിറുക്കുന്നതായി കാണുമ്പോൾ,പുഷ്പനിബിഡമായ ഒരുചില്ല പാഞ്ചാലിയുടെ ശിരസ്സിനുമുകളിൽ പിടിച്ച് ഒരു കുലുക്കുണ്ട്.ശിവരാമന്റെ സൈരന്ധ്രി ആ നിമിഷത്തിലണിയുന്ന ഒരു ഭാവം!എത്ര വ്യാഖ്യാനിച്ചാലും അതുപിന്നെയും ബാക്കിയാകും.
ഗോകുലത്തിലെത്തി ഉണ്ണിക്കണ്ണനെ കൊല്ലാൻ ഒരുങ്ങുന്ന ശിവരാമന്റെ പൂതന,ഏതു സ്ത്രീയിലുമുറങ്ങുന്ന മാതൃഭാവത്തിന്റെ തീഷ്ണതയാലനുഭവിക്കുന്ന കഠിനവ്യഥ…അതു കാണുകതന്നെ വേണം.ഒരു വശത്ത് കംസനോടുള്ള കർമ്മബന്ധം,മറുവശത്ത് കണ്ണനുണ്ണിയുടെ പുഞ്ചിരിതൂകുന്ന മുഖം….
ഇല്ല ആ ഭാവസുഷമകൾ എണ്ണിയാലവസാനിക്കില്ല…
ഒരു ചിട്ടയും ശിവരാമനെ വഴിനടത്തിയില്ല.ശിവരാമൻ ഒറ്റക്കു വഴിവെട്ടിത്തെളിച്ചു.ഗുരു കുഞ്ചുക്കുറുപ്പിനു മുതൽ, കലാമണ്ഡലം ബാലസുബ്രഹ്മണ്യനുവരെ അഞ്ചുതലമുറക്കൊപ്പം നായികയായി.പ്രായമായപ്പോൾ,പഴയ വേഷഭംഗി കുറഞ്ഞിരിക്കാം,ആദ്യാവസാനസ്ത്രീവേഷങ്ങൾ മുഴുവൻ നിന്നു ചെയ്യാൻ ശരീരമനുവദിക്കുന്നുണ്ടാവില്ല,പണ്ടും ശിവരാമന്റെ വേഷം എന്നും നന്നായിട്ടില്ലല്ലോ!
മനസ്സിൽ വിശ്വാസമില്ലാതെ തുടരുന്നതിലർത്ഥമെന്ത് എന്നും എന്റെ സുഹൃത്ത് ചോദിച്ചു.ശരിയായിരിക്കാം,പക്ഷേ ശിവരാമനെ ഇന്നും കളിയരങ്ങാവശ്യപ്പെടുന്നു.പകരം പറയാൻ ഇന്നും ആരുമില്ല.അത്രകണ്ട് വേഷംകെട്ടാൻ ശിവരാമനു വയ്യാതായിട്ടുമില്ല.
കളിയരങ്ങ് വിളിക്കുമ്പോൾ മനയോലതേക്കാതിരിക്കാൻ ശിവരാമന് കഴിയുമോ?
മൃത്യു കൈയ്യാട്ടി വിളിക്കുമ്പോഴും എനിക്കുകെട്ടാൻ വേഷങ്ങൾ ബാക്കിയുണ്ടെന്നു പറഞ്ഞ പട്ടിക്കാംതൊടിയുടെ പ്രശിഷ്യനും ആജീവനാന്തം ഊണിലുമുറക്കത്തിലും കഥകളിയെ ശ്വസിച്ച വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനുമായ കോട്ടക്കൽ ശിവരാമാ,
അങ്ങയോടുള്ള സർവ്വ ആദരവോടുംകൂടെ പറയട്ടെ;
അങ്ങയുടെ ഈ തീരുമാനം ബുദ്ധിപൂർവ്വമായിരിക്കാം,പക്ഷേ ഹൃദയപൂർവ്വമല്ല.

Monday, October 20, 2008

കഥകളിയിലെ യുക്തിബോധം-2

കഥകളിയുടെ ആഹാര്യം തന്നെ,യഥാതഥപരിസരത്തെ തീവ്രമായി നിരസിച്ചുകൊണ്ടാ‍ണ് രൂപകൽ‌പ്പന ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണമല്ലാത്ത വർണ്ണസങ്കലനങ്ങൾ,മനുഷ്യ-ദേവ-അസുരവ്യത്യാസമില്ലാതെ ചുട്ടിയും ഉടുത്തുകെട്ടും അടക്കമുള്ള അമാനുഷിക അലങ്കാരങ്ങൾ-അങ്ങനെ ലൌകികാന്തരീക്ഷത്തിൽ നിന്നു വേറിട്ട, നാട്യധർമ്മിയായ കഥകളിയുടെ ആഹാര്യപദ്ധതി റിയലിസത്തിൽനിന്നു വേറിട്ട ആവിഷ്കാരപരിസരത്തെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.ലൌകികത്തിൽ നിന്നു ലോകധർമ്മിയിലേക്കുള്ളതിലും ദൂരമുണ്ട് ലോകധർമ്മിയിൽ നിന്നു നാട്യധർമ്മിയിലേക്ക് എന്ന കാവാലം നാരായണപ്പണിക്കരുടെ നിരീക്ഷണം അർത്ഥഗർഭമാണ്.കാക്കരശ്ശിനാടകവും പാങ്കളിയും മുതൽ കൂടിയാട്ടം വരെയുള്ള ഈ പരിണാമപ്രക്രിയയുടെ ഫലമാണ് കഥകളി.
“അതിവാക്യക്രിയാപേത”മായ ,അതിവാക്യത്തോടുകൂടിയ അഭിനയമായി ഭരതൻ നാട്യധർമ്മിയെ നിർവ്വചിക്കുന്നതിന്റെ കൃത്യമായ അവതരണസ്വരൂപം കഥകളിയിലാണ് കാണാനാവുക.നിയോക്ലാസിക്കൽ ബിംബാവലികളും,ക്ലാസിക്കൽ കാവ്യകൽ‌പ്പനകളും നിറയുന്ന കളിയരങ്ങിന്റെ പരിപ്രേക്ഷ്യം കേവലയുക്തികൾക്ക് വഴങ്ങുന്നതല്ല.തോരണയുദ്ധം രാവണന്റെ “ഹിമകരഹിമഗർഭാ”എന്ന ശ്ലോകമോ,സുഭദ്രാഹരണം അർജ്ജുനന്റെ “ഈയം ഗേഹേ”എന്ന ശ്ലോകമോ ആടുന്നതുനോക്കുക,ലോകസാധാരണമായ യുക്തികളിൽ അവ പൂർണ്ണമായ അസംബന്ധമാണ്.എന്നാൽ പ്രസ്തുത സാഹചര്യങ്ങളിലെ നാട്യധർമ്മിയായ അന്തരീക്ഷവുമായി അവക്കുള്ള ചേർച്ച അനുപമമാണ്.ഇവിടെയാണ് കഥകളി യുക്തികളേക്കാൾ ഔചിത്യത്തിന് നൽകിയിരിക്കുന്ന പ്രാധാന്യം വ്യക്തമാവുക.
ഒരു കലയും ഇങ്ങനെയെല്ലാം ആസ്വദിക്കണമെന്ന് ശഠിക്കാനാവില്ല,ആ ശാഠ്യം വിഡ്ഡിത്തവുമാണ്.ക്ലാസിക്കൽ കലാസ്വാദകർ ആർജ്ജിക്കേണ്ട സംസ്കൃതിയെ ഒന്നോമ്മിപ്പിച്ചുവെന്നു മാത്രം

Tuesday, October 14, 2008

കഥകളിയിലെ യുക്തിബോധം

കളിയരങ്ങ് ഭിന്നരുചികളുള്ള ആസ്വാദകരുടെ മേളനസ്ഥലമാണ്,മറ്റേതൊരു കലയേയും പോലെ.അതിനാൽ പൊതുവായ ഔചിത്യധാരണകൾ എല്ലാവരും പുലർത്തണമെന്ന വാശിപിടിക്കുന്നത് ബാലിശമാണുതാനും.ബഹുസ്വരതയാർന്ന ആവിഷ്കാരശൈലികളും ആസ്വാദനബോധങ്ങളുമാണ് കഥകളിയുടെ എന്നത്തേയും സത്വവും.പക്ഷേ,കഥകളിക്ക് അതിന്റേതായ ചില രംഗക്രമങ്ങളും,ഭാവനാരീതികളുമുണ്ട്,അവയെ തിരിച്ചറിയാതെ ധാരണകളിലെത്തുന്നത് അബദ്ധമാകും.പണ്ടത്തെ കഥകളിക്കാരിൽ രൂക്ഷമായിരുന്നതെന്ന് കേട്ടറിവുള്ളതും,പുതിയ പല കലാകാരന്മാരിലും ആസ്വാദകരിലും മുളപൊട്ടിയിരിക്കുന്നതുമായ കേവലയുക്തികൾ,കഥകളിയുടെ മാർഗ്ഗമല്ല.
പുതിയ ആസ്വാദകനിര കഥകളിയിൽ വളർന്നു വരുന്നുണ്ട്,നിശ്ചയം.കഥകളികാണാനെത്തുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലെ വളർച്ച ശുഭോദർക്കമാണ്.കഥകളിയുടെ സാങ്കേതികവശങ്ങളെപ്പോലും ഇഴപേർത്തു പരിശോധിക്കുന്ന കുറച്ചു യുവാക്കളെയെങ്കിലും ഇന്നു കളിയരങ്ങിനു മുന്നിൽ കാണാം.നൂറ്റാണ്ടുകളിലൂടെ കഥകളി വളർത്തിയ മൂല്യബോധം,രാഷ്ട്രീയം,ലാവണ്യവിചാരം,ഔചിത്യനിയമങ്ങൾ-എല്ലാം തിരുത്തപ്പെട്ടുതുടങ്ങുന്നു.ഒരു വശത്ത് വിപണിവിഴുങ്ങുമ്പോൾ മറുവശത്ത് നടക്കുന്ന ഈ ചെറുതെങ്കിലും സാർത്ഥകമായ പ്രതിരോധം എനിക്കാഹ്ലാദമാണുണ്ടാക്കുന്നത്.പക്ഷേ,സാമാന്യയുക്തി കൊണ്ട് കഥകളിയിലെ രംഗകൽ‌പ്പനകളെ അളക്കുന്ന,പഴയ ചില കഥകളിക്കാരുടെ സ്വഭാവം ഇവരെ ബാധിക്കുന്നതിൽ ഞാൻ ആശങ്കാകുലനാണ്.അടുത്തിടെയുണ്ടായ ഒരു സംഭവം ഞാൻ പങ്കുവെക്കട്ടെ:
നളചരിതം ഒന്നാം ദിവസത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ,ഒരു യുവ കഥകളിയാസ്വാദകൻ അഭിപ്രായപ്പെടുകയാണ്;“ “അറിക ഹംസമേ” എന്ന പദം സത്യത്തിൽ ഒറ്റക്കൈ കൊണ്ടാണ് മുദ്ര കാണിക്കേണ്ടത്.ഹംസത്തെ നളൻ പിടിച്ചിരിക്കയാണല്ലോ.രണ്ടുകൈകളും മുദ്ര കാണിക്കാനായി എടുത്താൽ പിന്നെ ഹംസം പറന്നു പോവില്ലേ?” എത്ര ബാലിശമായ ചോദ്യമാണിതെന്ന് കരുതിയിരിക്കുമ്പോഴാണൽഭുതം,ഇതൊരു പുതിയ വാദമാണെന്ന നിലയിൽ വേദിയിലെ പ്രമുഖ കഥകളിക്കാർ പ്രതികരിക്കുന്നു!
കഥകളിയരങ്ങിനെ യഥാതഥബോധവുമായി വ്യാഖ്യാനിക്കുന്ന സ്വഭാവം പുതിയകാര്യമൊന്നുമല്ല.നളചരിതം ഒന്നാം ദിവസത്തിൽ നളൻ ഇരുന്നിരുന്ന സിഹാസനം നാരദനു നൽകുന്നതിലെ ‘അനൌചിത്യം’ചൂണ്ടിക്കാണിച്ചത് ഹൈദരാലിമാഷായിരുന്നല്ലോ!അടിസ്ഥാനപരമായി അതൊരു സ്റ്റൂളാണെന്നും,കഥകളിയുടെ സാധാരണരംഗക്രമമാണ് അരങ്ങിലെ ബഹുമാന്യർക്ക് മാന്യസ്ഥാനമായ വലതുവശം നൽകൽ എന്നും മാഷിന് അറിയാഞ്ഞിട്ടല്ല,മനസ്സിലെ റിയലിസ്റ്റിക് ധാരണകളുടെ അധിനിവേശമായിരുന്നു വാസ്തവത്തിൽ പ്രശ്നം.
ഉന്നതോഷ്മാവിലുള്ള ഒരു ഭാവനാശാലിയാണ് നല്ല കഥകളിയാസ്വാദകനാവുന്നത്.പരിമിതമായ രംഗോപകരണങ്ങൾ കൊണ്ട് കഥകളി സൃഷ്ടിക്കുന്ന ഭാവനാലോകങ്ങളിലേക്ക് പറക്കാനുള്ള കണ്ണുള്ളവർ.വെറും ‘തിരശ്ശീല’എന്ന ഒറ്റ രംഗോപകരണത്തെ നോക്കൂ,ഓരോ രംഗങ്ങളുടെയും ആരംഭത്തിലും അന്ത്യത്തിലും പിടിക്കുന്ന ഒരു ‘കർട്ടൻ’മാത്രമല്ല കഥകളിയിലെ തിരശ്ശീല.അത് ബാലിസുഗ്രീവന്മാർക്ക് അപ്പുറവുമിപ്പുറവും നിന്ന് യുദ്ധം ചെയ്യാനുള്ള പർവ്വതമാകും,കീചകനെ കാത്ത് നൃത്തശാലയിൽ കിടക്കുന്ന വലലനുള്ള പുതപ്പാകും,“ക്രൂരയാകുന്ന നക്രതുണ്ഡി”ക്ക് പ്രവേശപദത്തിന് ഒളിഞ്ഞു നോക്കാനുള്ള ഉപാ‍ധിയാകും,ക്രുദ്ധനായ ശിവന് തന്റെ ജടയടിച്ച് ഭൂതങ്ങളെ സൃഷ്ടിക്കാനുള്ള കൈലാസഗിരിശൃംഗമാകും….അങ്ങനെ പലതുമാകും.ഇതെല്ലാം സന്ദർഭാനുസാരിയായി കഥകളി കണ്ടുപരിചയമുള്ളവർ ഉൾക്കൊള്ളുന്നു.അവർക്കതിൽ ഒരൌചിത്യഭംഗവും തോന്നില്ല.കഥകളിയിലെ ഗദ,അതൊരു ഗദയാണോ?ആറിഞ്ചു നീളം കഷ്ടിച്ചുവരുന്ന ആ ഉപകരണത്തെ രൌദ്രഭീമനെടുക്കുമ്പോൾ,കഥകളിപ്രേമിക്ക് ഒരസ്വസ്ഥതയുമില്ല. അതിനു പകരം,ശരിയായ ഗദ വേണമെന്നു പറഞ്ഞാൽ,അതു പിന്നെ കഥകളിയാവില്ല.
കഥകളി നൂറ്റാണ്ടുകളിലൂടെ സമാർജ്ജിച്ച പല അരങ്ങുവഴക്കങ്ങളുമുണ്ട്.അവയെ നമുക്കു പൊളിച്ചുപണിയാം,പക്ഷേ നാമാദ്യം അവയെന്താണെന്ന് ശരിക്കും അറിയേണ്ടിയിരിക്കുന്നു.റിയലിസത്തിന്റെ പതിവുകലാശീലങ്ങൾ കൊണ്ട് കഥകളിയെ അളക്കാൻ ചെല്ലുന്നത് അപായകരമാ‍കും.
(തുടരും)

Wednesday, October 1, 2008

കഥകളിയിലെ നൃത്തം അർത്ഥഭരിതമോ അർത്ഥരഹിതമോ?ഭാഗം-2

വാഗർത്ഥങ്ങളുടെ സം‌പൃക്തത പോലെ,കഥകളിയിലെ നൃത്തവും അർത്ഥവും സമന്വയിക്കപ്പെട്ട അവസ്ഥയാണ് കല്ലുവഴിക്കളരി സൃഷ്ടിച്ചെടുത്തത്.സർഗ്ഗാത്മക രചനയിൽ ‘വാക്ക്’ ചെയ്യുന്നതെന്തോ,അതുതന്നെയാണ് നൃത്തം കല്ലുവഴിക്കഥകളിയിലും ചെയ്യുന്നതെന്നർത്ഥം.ഞാനേറ്റവും സ്നേഹിക്കുന്ന ഉദാഹരണം:
വാത്സല്യവാഹിയായ കാറ്റ്

കല്യാണസൌഗന്ധികം ഭീമന്റെ ശൃംഗാരപ്പദമായ “പാഞ്ചാലരാജതനയേ”അവസാനിക്കുന്ന ഇരട്ടിനൃത്തം ചെയ്യുന്ന അർത്ഥോൽ‌പ്പാദനം അനുപമമാണ്.കാമികൾക്കനുകൂലമായ സമയത്ത്,ചന്ദനക്കുളിർകാറ്റിലാടുന്ന പിച്ചകവള്ളികളോടുകൂടിയ വനത്തിൽ ഭീമൻ പാഞ്ചാലിയോടു പറയുന്ന പ്രണയോക്തികളാണ് പദം.*സൌഗന്ധികത്തിൽ രംഗത്ത് മൂന്നു കഥാപാത്രങ്ങളേ ആകെയുള്ളൂ-ഭീമൻ,പാഞ്ചാലി,ഹനുമാൻ.എന്നാൽ രംഗത്തു പ്രത്യക്ഷമാകാതിരിക്കുകയും കഥാഗതിയെ മുഴുവൻ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നാലാം കഥാപാത്രം കൂടി സത്യത്തിൽ സൌഗന്ധികത്തിലുണ്ട്-കാറ്റ്.രണ്ടുയുഗങ്ങളുടെ വിദൂരതയിൽ കിടക്കുന്ന തന്റെ മക്കളെ കൂട്ടിയിണക്കാനായി വീശുന്ന കാറ്റ്.ഭീമന്റെ പ്രണയോക്തികൾക്കിടക്ക് ,ആദ്യശ്ലോകത്തിൽ പറയുന്ന,പിച്ചകവള്ളികളാടുന്ന കുളിർകാറ്റ് ക്രമികമായി വർദ്ധിക്കുന്നു.പദമവസാനിക്കുന്ന നിമിഷത്തിൽ,വാത്സല്യത്തോടെ വായുദേവൻ അരികിലെത്തിച്ചതെന്നപോലെ,*ഒരു ദിവ്യപുഷ്പം-സൌഗന്ധികം,അവർക്കിടയിൽ വന്നു വീഴുകയാണ്.കളിയരങ്ങിന്റെ സാധ്യതകളുപയോഗിച്ച് കാറ്റിന്റെ വരവ്,പ്രണയസല്ലാപത്തിനിടയിൽ വന്നു വീഴുന്ന പുഷ്പം എന്ന ധ്വനി,അനുക്രമമായി താരസ്ഥായിയിലെത്തുന്ന കാറ്റ് എന്നിവയെല്ലാം രംഗത്തുകൊണ്ടുവരണം.ഒരു ഇരട്ടിനൃത്തം കൊണ്ട് ഈ പ്രശ്നങ്ങൾക്കു കല്ലുവഴിക്കളരി പരിഹാരം കണ്ടതു കാണുക.സാധാരണ പതിഞ്ഞ‌ഇരട്ടികളിൽ നിന്നു വ്യത്യസ്തമായി,ഇവിടെ പദത്തിനു പകുതിയിൽ നിന്നേ ഇരട്ടിനൃത്തം തുടങ്ങുന്നു.‘പഞ്ചമകൂജിത’എന്ന രണ്ടാം ചരണം മുതൽ ഇരട്ടിയാണ്.32മാത്രക്കു പതിഞ്ഞചെമ്പടയിൽ നിന്ന്,8താളവട്ടമുള്ള മൂന്നു ഘട്ടങ്ങൾ പിന്നിട്ട്,അവസാനിക്കുന്ന നൃത്തശിൽ‌പ്പത്തിന്റെ തന്ത്രം,കഥകളിപ്രേക്ഷകന്റെ മനസ്സിൽ വീശിയടുക്കുന്ന ഒരു കാറ്റിനെ പ്രത്യക്ഷമാക്കുന്നു.ഇരട്ടിയുടെ അവസാനം നോക്കുക,മാൻ മുദ്ര പിടിച്ച് ,ഇടതുകാൽ പൊക്കി,കഴുത്തിളക്കി നിൽക്കുന്ന ആ പോസ്റ്റർ കഥകളിലോകമാ‍സകലം തപ്പിയാൽ കിട്ടില്ല.പകുതിയിൽ നിന്നു പോയ ഭീമസല്ലാപത്തെ ആ ‘നില’ അനുഭവിപ്പിക്കുന്നു.‘ചന്ദനശിഖരിചരം’എന്ന അടുത്ത ചരണം വേണ്ടെന്നുവെച്ച്,ആ അർത്ഥവത്തായ അവസാനം സംവിധാനം ചെയ്ത കലാമർമ്മജ്ഞത ആലോചിച്ചുനോക്കൂ!
നൃത്തം ഇവിടെ അർത്ഥോൽ‌പ്പാദനത്തിനുള്ള സമർത്ഥമായ ഉപാധിയാകുന്നു,ആദ്യം പ്രസ്താവിച്ച വാഗർഥങ്ങളെപ്പോലെ.
നൃത്യഘടനയുടെ വേറിട്ട മാനങ്ങൾ

കേവലനൃത്തമല്ല,നാട്യം കലർന്ന നൃത്തമാണ് കഥകളിയുടെ വഴി.ഇതിനെ ഭരതൻ നൃത്യമെന്നു പറഞ്ഞു.നാട്യധർമ്മിയാണ് കഥകളിനൃത്തത്തിന്റെ സത്വം.നൃത്തകലകളിൽ ഒരു ഭാവത്തിന്റെ വികാരപൂർത്തിയിൽ നിന്ന്,ഒരു നൃത്തം കൊണ്ട് രംഗത്തെ അന്യവൽക്കരിക്കുന്നതു സാധാരണമാണ്.എത്ര ശോകതീവ്രമായ രചനയുമായിക്കൊള്ളട്ടെ,ഒരു ജതി വന്നാൽ ചിരിച്ചുപുരികമിളക്കി ചെയ്യുക എന്നത് വിദഗ്ധമായ ഒരു അന്യവൽക്കരണതന്ത്രമാണ്.പക്ഷേ,കഥകളിയിലതു നടപ്പില്ല.പദത്തിന്റെ ഭാവാനുസാരിയായി നൃത്തത്തെ ഉപയോഗിക്കലാണ് കഥകളിയുടെ മാർഗം.അതിനാൽത്തന്നെ കഥകളിനൃത്തം ഒരന്യവൽക്കരണതന്ത്രവുമല്ല.രംഗത്തില്ലാത്ത വസ്തുക്കളെ അനുഭവവേദ്യമാക്കുക കൂടി കഥകളിയിലെ നൃത്തധർമ്മമാണ്.കാലകേയവധത്തിലെ മാതലിയുടെ തേരുകൂട്ടിക്കെട്ടൽ,അരങ്ങിലില്ലാത്ത തേരിനെ പ്രകാശിപ്പിക്കുന്ന തന്ത്രമാണെന്ന് കെ.ബി.രാജാനന്ദ് പറഞ്ഞതോർക്കുന്നു.അരങ്ങിലില്ലാത്ത ശസ്ത്രജാലത്തെ മുഴുവൻ നരകാസുരൻ പടപ്പുറപ്പാടെടുക്കുന്നതോടെ നമുക്കു കാണാനാവുന്നുണ്ടല്ലോ.
കഥകളി ഒരു സങ്കരകലയാണെന്നതിനാൽത്തന്നെ,നിരവധി ഫോൿലോർ അംശങ്ങൾ അരങ്ങിലിന്നുമുണ്ട്.പല മനോഹരനൃത്തങ്ങളുടെയും രൂപശിൽ‌പ്പം,ലോകധർമ്മിയോ ലൌകികമോ ആയ പരിതസ്ഥിതികളിൽ നിന്നെടുത്തതെന്നു വ്യക്തം.അവ കൂടി ചേരുമ്പോഴാണ് കഥകളി പൂർണ്ണമാകുന്നത്.നക്രതുണ്ഡിയുടെ പഞ്ചാരിവട്ടം,കിരാതം കാട്ടാളന്റെ പിൻ‌വാങ്ങൽ…അതൊന്നുമില്ലെങ്കിൽ പിന്നെന്തുകഥകളി?
നവീകരണം‌-ഇത്തിരിവട്ടത്തിന്റെ മതിലുകൾ

കഥകളിയുടെ നൃത്തത്തിൽ തൊടരുത്,അതു പാവനവും പരിശുദ്ധവുമാണ്,പരമാവധി സമ്പൂർണ്ണമായിക്കഴിഞ്ഞു…ഇങ്ങനെ വങ്കത്തം വിളമ്പുന്ന ഫോസിലുകൾ ഇന്നും കഥകളിലോകത്തു ഭൂരിപക്ഷമാണ്.വലിയ തമാശ,ഇവരിൽ ഭൂരിപക്ഷത്തിനും എന്താണീ നൃത്തചാരുതയെന്ന ബോധ്യം തന്നെയില്ല എന്നതാണ്.കഥകളിയുടെ വളർച്ചാകാലത്തുണ്ടായിരുന്ന സാമൂഹ്യഘടനയും,രാഷ്ടീയസാഹചര്യവുമെല്ലാം മാഞ്ഞുപോയത് ഇവരറിയാഞ്ഞിട്ടൊന്നുമല്ല.മാറ്റമില്ലാതെ ഒന്നിനെ നിലനിർത്താൻ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്.കഥകളിയിൽ നിന്നുദിക്കുന്നൂ ലോകം കഥകളിയാൽ വൃദ്ധിതേടുന്നു എന്നു വിശ്വസിച്ചിരിക്കുന്ന കഥകളിക്കാർക്കു കാഴ്ച്ചക്കുറവാണ്,എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാക്കപ്പെടുന്നതു നേരിട്ടനുഭവിച്ചു ജീവിക്കുന്ന കളിഭ്രാന്തർക്കോ?
(അവസാനിച്ചു)